സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, July 16, 2011

പ്രധാനമന്ത്രി പരിധിക്ക് പുറത്താണ്‌

ഇന്ദ്രന്‍


അഴിമതിയുടെ കാര്യത്തിലുണ്ടായ വന്‍പുരോഗതി കണക്കിലെടുത്ത്, പുതിയൊരു ലോക്പാല്‍ നിയമമുണ്ടാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ആഘോഷമായി ചര്‍ച്ച ചെയ്തുവരികയാണല്ലോ. പല തലത്തിലും തട്ടിലും പൊരിഞ്ഞ ചര്‍ച്ചയാണ് നടക്കുന്നത്. ലോക്പാല്‍ എന്നൊരു സംവിധാനത്തിലൂടെ അഴിമതിയുടെ ആപ്പീസ് പൂട്ടിക്കാനാണ് പരിപാടി. ലോക്പാല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതാണ് ഒടുവിലത്തെ കീറാമുട്ടി. പ്രധാനമന്ത്രിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ എന്നാണ് കേട്ടാല്‍ തോന്നുക. എന്തായാലും ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാതെ പറ്റില്ല എന്ന നില എത്തിയിട്ടുണ്ട്. നിവൃത്തിയില്ല.
ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ തനിക്ക് ഒട്ടും വിരോധമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും മറ്റുള്ളവരുടെ വേവലാതി തീര്‍ന്നിട്ടില്ല. പ്രധാനമന്ത്രിയെ ഇങ്ങനെയൊരു നിയമത്തിന്റെ പരിധിയില്‍ പെടുത്തിയാല്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചൊരു വിവരവുമില്ലാത്ത ആളാണ് മന്‍മോഹന്‍സിങ് എന്ന് കരുതാന്‍ ന്യായമില്ല. എനിക്ക് വിരോധമില്ല, പക്ഷേ, മന്ത്രിസഭയില്‍ പലര്‍ക്കും വിരോധമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ആറേഴുവര്‍ഷമായി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന ആളേക്കാള്‍ ഇക്കാര്യത്തില്‍ അറിവുള്ള ആരാണ് മന്ത്രിസഭയിലുള്ളതെന്ന് പറഞ്ഞിട്ടില്ല അദ്ദേഹം.
ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെയോ മുമ്പ് പ്രധാനമന്ത്രിമാരായിരുന്ന ആളുകളുടെയോ അഭിപ്രായത്തേക്കാള്‍ വില മതിക്കേണ്ടത് നാളെ പ്രധാനമന്ത്രിയാകാനിടയുള്ളവരുടെ അഭിപ്രായത്തിനാണെന്ന ഒരു ചിന്ത ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ കാര്യമുണ്ട്. അവരാണല്ലോ ഇതിന്റെ കഷ്ടപ്പാട് അനുഭവിക്കേണ്ടിവരിക. ബഹു. രാഹുല്‍ജി ഇനി പ്രധാനമന്ത്രിയാകാനിടയുള്ളവരുടെ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണുള്ളത്. അതുകൊണ്ടുതന്നെ തര്‍ക്കത്തെക്കുറിച്ച് തന്റെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചുകഴിഞ്ഞു. മന്‍മോഹന്‍ജി എന്തുപറഞ്ഞാലും ശരി, പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തരുത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്താണ് കാര്യമെന്നോ ? കാര്യമുണ്ട്. പ്രധാനമന്ത്രിയുടെ നടപടികളില്‍ അഴിമതി ആരോപിക്കാനും ലോക്പാല്‍ ചെന്ന് അത് അന്വേഷിക്കാനും തുടങ്ങിയാല്‍ പ്രധാനമന്ത്രിക്ക് പിന്നെ ഇരിക്കപ്പൊറുതി കിട്ടില്ല. ഭരിക്കാന്‍ നേരമുണ്ടാകില്ല, അതാണ് പ്രശ്‌നം.
ഇത് കേട്ടപ്പോള്‍ രാഹുല്‍ജിയോളം രാജ്യകാര്യങ്ങളില്‍ അനുഭവജ്ഞാനമില്ലാത്ത സാദാപൗരന്മാര്‍ക്ക് പല സംശയങ്ങളും തികട്ടിവരികയുണ്ടായി. ലോക്പാല്‍ സംവിധാനമെന്ന ശല്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടാണോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എതിരെ പത്തുരൂപയുടെ അഴിമതിയാരോപണം പോലും ആരും ഉന്നയിക്കാതെ പോയത്? കേന്ദ്രമന്ത്രിസഭയില്‍ നല്ലൊരു പങ്ക് തിഹാര്‍ ജയിലിലെത്തിയിട്ടും മന്‍മോഹന്‍ജിയുടെ നേരെ ആരും വിരല്‍ചൂണ്ടിയിട്ടില്ല. ലോക്പാല്‍ വന്നാലും തനിക്കൊരു കുന്തവുമില്ലെന്ന് അദ്ദേഹം ധൈര്യമായി പറഞ്ഞത് അതുകൊണ്ടാവണം. നമ്മുടെ മുന്‍ പ്രധാനമന്ത്രിമാരില്‍ ബഹുഭൂരിപക്ഷം പേരുടെയും നില അതുതന്നെയാണ്; എല്ലാവരുടേയുമല്ല. ഒരു ലോക്പാലും ഇല്ലാഞ്ഞിട്ടും ചിലര്‍ക്ക് അഴിമതിയാരോപണം കൊണ്ട് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല, വാലിന് തീപിടിച്ചതുപോലെ അവര്‍ തെക്കോട്ടും വടക്കോട്ടും പാഞ്ഞിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. ലോക്പാല്‍ ഉണ്ടായിരുന്നെങ്കില്‍ രാജീവ് ഗാന്ധിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമായിരുന്നു എന്ന് കരുതുന്നവരും കാണും. ലോക്പാല്‍ സമിതിയിലുള്ള ഏഴെട്ട് സമുന്നത വ്യക്തികള്‍ക്ക് കേസ്സുണ്ടെന്ന് തോന്നിയാലേ പ്രധാനമന്ത്രിയുടെ മേല്‍ അന്വേഷണം ഏര്‍പ്പെടുത്താനാവൂ. പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഭരണഘടന അമാനുഷികരുടെ പട്ടികയിലൊന്നും പെടുത്തിയിട്ടില്ല. എല്ലാവരും തുല്യര്‍, ചിലര്‍ കുറച്ചുകൂടി തുല്യര്‍ എന്ന ഭാവമേ പ്രധാനമന്ത്രിക്കും വേണ്ടൂ എന്ന് ധ്വനിപ്പിച്ചിട്ടുമുണ്ട്.
പ്രധാനമന്ത്രി കേന്ദ്രത്തില്‍ വകുപ്പില്ലാ മന്ത്രിയൊന്നുമല്ല. കീഴില്‍ വകുപ്പുകള്‍ പലതുണ്ട്. അതിലെല്ലാം അവസാന തീരുമാനത്തില്‍ ഒപ്പുവെക്കുന്നത് അദ്ദേഹമാവും. പ്രധാനമന്ത്രിയെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുക എന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ ചുമതലയിലുള്ള വകുപ്പുകളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുക എന്നാവും അര്‍ഥം. അതെന്തൊരു അഴിമതിവിരുദ്ധ നിയമമാണ്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിക്ക് പുറത്തല്ല പ്രധാനമന്ത്രി. ഇപ്പോഴുള്ളതുപോലും ഇല്ലാതാക്കലാണോ ലോക്പാലിന്റെ ലക്ഷ്യം ? ഭരണഘടന രാഷ്ട്രപതിക്ക് കല്പിച്ചു നല്‍കിയ തൊപ്പിയില്‍ പ്രധാനമന്ത്രിയുടെ തല കൂടി കുത്തിക്കയറ്റിവെക്കുന്നതെങ്ങനെ?
പ്രധാനമന്ത്രി എന്ന് പറയുമ്പോള്‍ ആളുകളുടെ മനസ്സില്‍ വരുന്നത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെയും ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും മറ്റും മുഖങ്ങളാണ്. മന്‍മോഹനന്റേതും മോശമല്ല. എന്നുവെച്ച് ഇനിയുള്ള കാലത്തും അത്തരക്കാരാവും വരുന്നതെന്നതിന് എന്താണ് ഗാരണ്ടി ? കോണ്‍ഗ്രസ്സുകാര്‍ക്ക് അതിനെക്കുറിച്ച് വലിയ സങ്കല്പമൊന്നുമില്ലെങ്കിലും ജയലളിതമാഡത്തെപ്പോലുള്ളവര്‍ക്ക് പല സങ്കല്പങ്ങളുമുണ്ട്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ പെടുത്താനേ പാടില്ലെന്ന് മാഡം തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിനും ബി.ജെ.പി. ക്കും സീറ്റ് തീരെ മോശമായാല്‍ മൂന്നാം പക്ഷം അധികാരത്തില്‍ വരില്ലെന്നതിന് എന്താണുറപ്പ്? ജയലളിതയ്ക്കും മായാവതിക്കും മുലായത്തിനും ലാലുവിനും എല്ലാം ഉണ്ട് ചാന്‍സ്.
പ്രധാനമന്ത്രിയെ പരിധിക്ക് പുറത്താക്കുന്നത് ഒന്നുകൂടി ആലോചിച്ചുപോരേ?

** ** **

പ്രധാനമന്ത്രിയെ ലോക്പാലില്‍ നിന്നൊഴിവാക്കിക്കിട്ടാന്‍ പാടുപെടുന്ന കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍നിന്ന് പലതും പഠിക്കേണ്ടതുണ്ട്. സീനിയര്‍ സിറ്റിസണ്‍സിനെ സാമൂഹികനീതിയുടെ ഭാഗമായി ലോക്പാലില്‍ നിന്നൊഴിവാക്കും എന്നൊരുവാദം കൊണ്ടുവന്നാല്‍ പോരേ? അന്ന ഹസാരെ പോലും പിന്നെ മിണ്ടില്ല. സുപ്രീംകോടതി അഴിമതിക്കേസ്സില്‍ ശിക്ഷിച്ച ആര്‍. ബാലകൃഷ്ണണപ്പിള്ളയെ ജയിലില്‍ നിന്നിറക്കാന്‍ കേരളം ചെയ്യാന്‍ പോകുന്നത് അതാണ്. എഴുപത്തഞ്ച് പിന്നിട്ടവരെ ജയിലില്‍ അടയ്ക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടാക്കുന്നു. കേന്ദ്രത്തില്‍ വേണമെങ്കില്‍ പ്രായപരിധി അറുപതാക്കാം. എങ്കില്‍ പ്രധാനമന്ത്രി മാത്രമല്ല ഒരുവിധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കൊന്നും പിന്നെ ലോക്പാലിനെയും ഒരു പാലനെയും പേടിക്കേണ്ടിവരില്ല. പിന്നെ അവശേഷിക്കുന്നത് രാഹുല്‍ജിയുടെ കാര്യം മാത്രം. മുന്‍പ്രധാനമന്ത്രിയുടെ മകന് ലോക്പാല്‍ ബാധകമല്ലെന്നൊരു ഉപവകുപ്പോ മറ്റോ സംഘടിപ്പിച്ചാല്‍ ആ കേസ്സും ക്ലോസാകും.
കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, കരുണാനിധിമാരും കല്‍മാഡിമാരുമൊക്കെയും കേരളത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. വളരെ ചെറിയ ഒരു ജനറല്‍നോളജ് ചോദ്യം ചോദിക്കട്ടെ. കേന്ദ്രമന്ത്രിയായിരുന്ന എ. രാജയെ ഫിബ്രവരിയില്‍ ജയിലിലടച്ചത് ഏതെങ്കിലും കേസ്സില്‍ ശിക്ഷിക്കപ്പെട്ടിട്ടാണോ ? അല്ല എന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും അറിയാം. കല്‍മാഡിയെയും കനിമൊഴിയെയും പിടിച്ചകത്താക്കിയത് കുറ്റവാളികള്‍ എന്ന് തെളിഞ്ഞിട്ടാണോ ? അല്ലേയല്ല. റിമാന്‍ഡ് തടവുകാര്‍ മാത്രമാണവര്‍. കോടതിവിധി വരുംവരെ അവര്‍ നിരപരാധികളാണ്. കോടതിയില്‍ കുറ്റപത്രംതന്നെ എത്തിയിട്ടില്ല. അതേ ഫിബ്രവരിയില്‍ ആര്‍.ബാലകൃഷ്ണപ്പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചിട്ടാണ് ജയിലിലടച്ചത്. ഇനിയൊരു കോടതിയില്ല പിള്ളയുടെ അപ്പീല്‍ പരിശോധിക്കാന്‍. കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ആര്‍. ബാലകൃഷ്ണപ്പിള്ള എത്ര നാള്‍ ജയിലില്‍ കിടന്നു? രാജ-കനിമൊഴി-കല്‍മാഡിമാര്‍ കിടന്നതിന്റെ പാതിദിവസം പോലും കിടന്നിട്ടില്ല. ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധികളെന്ന് നിയമവ്യവസ്ഥ കരുതുന്ന രാജയ്ക്കും കല്‍മാഡിക്കും കനിമൊഴിക്കും ഒരൊറ്റ ദിവസമോ ഒരു മണിക്കൂറെങ്കിലുമോ പുറത്തിറങ്ങാനായിട്ടില്ല. പിള്ളച്ചേട്ടന്‍ പല വട്ടം പുറത്തിറങ്ങിക്കറങ്ങി നടന്നു. രാജകീയമായി ചാനലുകളില്‍ വിലസി.കോടതിക്കുതന്നെ നാണക്കേട് തോന്നിയിരിക്കണം.
അഴിമതിക്കെതിരായ പോരാട്ടമാണ് കേട്ടോ കേരളത്തില്‍ യു.ഡി.എഫും നടത്തുന്നത്. അതിലൊരു വിട്ടുവീഴ്ചക്കും നമ്മളില്ല.

No comments:

Followers