സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, July 25, 2011

രാഹുല്‍, കേള്‍ക്കുക ഞങ്ങളുടെ കൈയ്യടികള്‍...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നൊരു മനുഷ്യന്‍ ഈ ലോകത്ത് ജനിച്ചിട്ടേയില്ലായിരുന്നുവെങ്കില്‍- വെറുതെ ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ക്രിക്കറ്റ് എന്ന ഗെയ്മിന് ഇത്ര ശോഭയുണ്ടാവില്ല. നമ്മള്‍ ഇന്ത്യക്കാര്‍ ഇങ്ങനെ സര്‍വവും മറന്ന് ഈ കളിക്കു പിന്നാലെ ഓടുകയും ഇല്ലാതിരുന്നേനേ. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങളിലും ക്രിക്കറ്റ് ആരാധകരിലും നിന്ന് രാഹുല്‍ ദ്രാവിഡ് എന്ന ബാറ്റ്‌സ്മാന് കുറേകൂടി നീതി ലഭിച്ചേനേ. കഴിഞ്ഞ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് കാണുമായിരുന്നു. ' പോണ്ടിങ്ങിനെ പിന്തള്ളി, റണ്‍വേട്ടയില്‍ രാഹുലിന് ലോക റെക്കോര്‍ഡ്.' സുനില്‍ ഗാവസ്‌കറേയും രാഹുലിനേയും താരതമ്യം ചെയ്ത് ഒരു സ്‌പെഷ്യല്‍ സ്റ്റോറിയും പ്രതീക്ഷിക്കാമായിരുന്നു.

സച്ചിന്‍ എന്ന ക്രിക്കറ്റ് ലജന്റിന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നു എന്നതാണ് രാഹുലിന്റെ നിയോഗം. ഒരു 'കര്‍ണ്ണന്‍ സ്റ്റാറ്റസ്' പോലും നമ്മള്‍ അദ്ദേഹത്തിന് നല്‍കുന്നുമില്ല. സുനില്‍ ഗാവസ്‌കറേയും അലന്‍ ബോര്‍ഡറേയും ബ്രയാന്‍ ലാറയേയും റിക്കി പോണ്ടിങ്ങിനേയും ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ റണ്ണുകളുടെ എണ്ണത്തില്‍ ദ്രാവിഡ് പിന്നിലാക്കി. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ ലാറക്കും ഗാവസ്‌കറിനും ഒപ്പമെത്താന്‍ ഒരു സെഞ്ച്വറി കൂടിമതി. പക്ഷെ സമകാലികരും അല്ലാത്തവരുമായ ക്രിക്കറ്റ് താരങ്ങളെ താരതമ്യം ചെയ്യാനും മാര്‍ക്കിടാനും മല്‍സരിക്കുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളും ലേഖകരും രാഹുലിനെ ലാറയോ ഗാവസ്‌കറോ പോണ്ടിങ്ങോ ആയി താരതമ്യം ചെയ്തു കാണുന്നില്ല. സച്ചിനേയും ലാറയേയും പോണ്ടിങ്ങിനേയും കാലിസിനേയും താരതമ്യം ചെയ്തു മാര്‍ക്കിടുന്ന ലേഖനങ്ങള്‍ ഏറെ വായിച്ചിട്ടുണ്ട്. ഈ പണ്ഡിറ്റുകള്‍ക്കൊന്നും രാഹുലിനെ കണ്ണില്‍ പിടിക്കാറില്ല ! സച്ചിന്റെ സമകാലികനായി ഇന്ത്യയില്‍ തന്നെ ജനിച്ചുപോയി എന്നത് രാഹുലിന്റെ കുറ്റമല്ലല്ലോ?എങ്ങനയേയും റണ്ണടിക്കുക എന്നതാണ് ടി-20 യുഗത്തിന്റെ ബാറ്റിങ് തിയറി. പക്ഷെ ആരൊക്കെ അതുമായി പൊരുത്തപ്പെട്ടാലും രാഹുലിന് അതിനു കഴിയില്ല. സമകാലീന ക്രിക്കറ്റില്‍ അവശേഷിക്കുന്ന അപൂര്‍വം ക്ലാസിക് സ്‌റ്റൈല്‍ ബാറ്റ്‌സ്മാന്‍മാരില്‍ രാഹുല്‍ മുന്നില്‍ നില്‍ക്കുന്നു. കോപ്പീബുക്ക് ഷോട്ടുകള്‍ അവയുടെ തനിമയില്‍ തന്നെ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ 32000-ല്‍ അധികം വരുന്ന റണ്‍ സമ്പാദ്യമുണ്ടാക്കിയത്. അവസാനമായി കളിച്ച ഏകദിന അന്താരാഷ്ട്ര ഏകദിന മാച്ചുകളിലും ചില ഐ പി എല്‍ മല്‍സരങ്ങളിലും ചില 'ജഗപൊക' ഷോട്ടുകള്‍ക്ക് രാഹുലും തുനിഞ്ഞു കണ്ടിട്ടുണ്ട്. സാഹചര്യത്തിന്റെ സമര്‍ദ്ധത്തില്‍ ഇങ്ങനെ കളിക്കാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ആത്മനിന്ദയോട, അര്‍ദ്ധമനസ്സോടെയാണ് അങ്ങിനെചെയ്യുന്നത് എന്ന തോന്നിപ്പോവാറുണ്ട്. അതുകൊണ്ടു തന്നെയാവാം അത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ മറ്റുള്ളവരെ പോലെ വിജയം കാണാറുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പാരമ്പര്യമുള്ള ക്ലാസിക്കല്‍ ബാറ്റിങ് സ്‌കൂളുകള്‍ മുംബൈയും ബാംഗ്ലൂരുമാണ്. സുനില്‍ ഗാവസ്‌കറും ദിലീപ് വെങ്‌സര്‍ക്കാറും സഞ്ജയ് മഞ്ചരേക്കറും മുംബൈ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു. ബാംഗ്ലൂര്‍ സ്‌കൂളിന്റെ ഏറ്റവും വിലകൂടിയ പ്രൊഡക്റ്റ് ഗുണ്ടപ്പ വിശ്വനാഥും. വിശ്വനാഥിന്റെ പിന്‍ഗാമിയായ രാഹുല്‍, കേകി താരാപ്പൂര്‍ എന്ന പരിശുദ്ധ ക്ലാസിക്കല്‍ ഗുരുവിന്റെ ശിക്ഷണത്തിലാണ് ഉരുവം കൊണ്ടത്. ചെറുപ്പംതൊട്ടേ നിരവധി തവണ പരിശീലിച്ചും പിഴവുകള്‍ തീര്‍ത്ത് വീണ്ടും കളിച്ചും മൂര്‍ച്ചകൂട്ടിയെടുത്തതാണ് രാഹുലിന്റെ ഷോട്ടുകള്‍. അവയില്‍ പിഴവുകള്‍ ഉണ്ടാവുക പ്രായേണ വിരളമാവും. ഷോട്ടുകളിലെ കൃത്യതയും ക്ഷമാശീലവുമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാഹുലിന്റെ പ്രധാന ആയുധങ്ങള്‍. എത്രതന്നെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ശ്രമിച്ചാലും രാഹുലിനെ പ്രകോപിപ്പിക്കാനോ ഏകാഗ്രത നഷ്ടമാക്കാനോ സാധിക്കാറില്ല. കംഗാരുകള്‍ക്കെതിരെ കൊല്‍ക്കത്തയിലും അഡ്‌ലെയ്ഡിലും കളിച്ചതുപോലുള്ള ഇന്നിങ്‌സുകള്‍ക്ക് രാഹുലിനെ ഇന്നും പ്രാപ്തനാക്കുന്നത്് ഇതുകൊണ്ടെക്കെ തന്നെ.പിഴവുകള്‍ തിരുത്താനുള്ള ശേഷിയിലും രാഹുല്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. രാഹുലിനെ പോലെ ബാറ്റിങ് ഏകാഗ്രമായ തപസ്യയാക്കി മാറ്റിയ ഒരു ബാറ്റ്‌സ്മാനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി നിയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ക്രിക്കറ്റ് പരിശീലകരും പഴയ കളിക്കാരുമെല്ലാം അന്നേ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ മനസ്സോടെയല്ലെങ്കിലും ടീമിനും തന്റെ സുഹൃത്തായ ക്യാപ്റ്റനും വേണ്ടി രാഹുല്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ സമയത്ത് മേല്‍പ്പറഞ്ഞ വിപല്‍സൂചനകള്‍ ശരിയാകാമെന്ന് തോന്നിക്കുന്ന ചില തകരാറുകള്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ കണ്ടുതുടങ്ങിയിരുന്നു. പ്ലെയ്ഡ് ഓണായി പുറത്താവുന്ന പ്രവണതയായിരുന്നു അതില്‍ മുന്നില്‍ നിന്നത്. ഏറെ അധ്വാനിച്ച് അടിത്തറയിട്ട് വളര്‍ത്തിക്കൊണ്ടുവന്ന പല ഇന്നിങ്‌സുകളും ഇങ്ങനെ അവസാനിപ്പിച്ച് നിരാശനായി ബാറ്റുകൊണ്ട് സ്വന്തം പാഡില്‍ ആഞ്ഞടിച്ച് പവലിയനിലേക്ക് മടങ്ങുന്ന രാഹുലിനെ പലതവണ കണ്ട് നമ്മള്‍ അദ്ഭുതപ്പെട്ടു.-എന്തുപറ്റി, രാഹുലിന് ? ഓഫ് സ്റ്റംപിന് പുറത്തുകൂടിയുള്ള പന്തുകള്‍ ഫ്രണ്ട്ഫൂട്ട് വേണ്ടവിധത്തില്‍ ചലിപ്പിക്കാതെ കളിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടായിരുന്നു ഈ കുഴപ്പം.ഓഫ് സ്റ്റംപിന് പുറത്തുകൂടി പോവുന്ന പന്തുകളില്‍ സ്ലിപ്പില്‍ ക്യാച്ചു നല്‍കുന്ന പ്രവണതയും ഈ സമയത്ത് അധികമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിഞ്ഞുവെന്നതാണ് രാഹുലിന്റെ മിടുക്ക്. വിക്കറ്റ്കീപ്പിങ് ഇങ്ങനെയെല്ലാം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമയപരിധി വെച്ച് കീപ്പിങ് കരിയര്‍ അവസാനിപ്പിക്കാനും രാഹുല്‍ തീരുമാനിച്ചു. അതിന്റെ പേരില്‍ രാഹുലിന് ബലി നല്‍കേണ്ടി വന്നത് ഏകദിന കരിയര്‍ തന്നെയാണ്.

സച്ചിന്‍ കളിയവസാനിപ്പിക്കുമ്പോള്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. സച്ചിന്റെ ബാറ്റിങ്ങിന്റെ അനുപമ സൗന്ദര്യത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ പകരം വെക്കാവുന്ന അനുഭവമാണ്, രാഹുലും വി വി എസ് ലക്ഷ്മണും ചേര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ കളിക്കുന്ന കൂട്ടുകെട്ടുകളും. മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന അത്തരം കുറേ പാര്‍ട്ണര്‍ഷിപ്പുകള്‍ അയവിറക്കി കൊണ്ട് പ്രാര്‍ഥിക്കാം... ഈ കാഴ്ചകള്‍ അവസാനിക്കാതിരിക്കട്ടെ.രാഹുലിനെ ഒരു ഏകദിന ബാറ്റ്‌സ്മാനായി സെലക്റ്റര്‍മാര്‍ പോയിട്ട് ആരാധകര്‍ പോലും ഇന്ന് പരിഗണിക്കുന്നില്ല. സച്ചിനേയും പോണ്ടിങ്ങിനേയും പോലെ ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനാണ് രാഹുല്‍ എന്നത് പോലും ഓര്‍ക്കപ്പെടുന്നില്ല. 2003-ലെ ലോകകപ്പില്‍ ഉള്‍പ്പെടെ നൂറിലധികം ഏകദിന മാച്ചുകളില്‍ അന്നത്തെ ക്യാപ്റ്റന്‍ സൗരവിന്റെ താല്‍പര്യപ്രകാരം വിക്കറ്റ്കീപ്പറുടെ എക്‌സ്ട്രാ ഡ്യൂട്ടി കൂടി രാഹുല്‍ നിര്‍വഹിച്ചിരുന്നു. ആ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയെന്നതും ഓര്‍ക്കണം. ടീമിനു വേണ്ടി ഇങ്ങനെ എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറാവുന്ന എന്ത് ജോലിയും ഏറ്റെടുക്കുന്ന രാഹുലിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രാഹുല്‍ അവസാനമോയി ഒരു ഏകദിന മല്‍സരം കളിച്ചിട്ട് രണ്ടുവര്‍ഷം തികയാറായി. പക്ഷെ തനിക്കു അനുവദിക്കപ്പട്ട രണാങ്കണത്തില്‍ രാഹുല്‍ ഇന്നും വിയര്‍പ്പൊഴുക്കിക്കൊണ്ടിരിക്കുന്നു, യുദ്ധങ്ങള്‍ ജയിച്ചുകൊണ്ടേയിരിക്കുന്നു. അതും ഏറ്റവും മാന്യനായ പോരാളിയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ടു തന്നെ. രാഹുല്‍ അധികമാരും കേള്‍ക്കുന്നില്ലെങ്കിലും താങ്കള്‍ക്കു വേണ്ടി ഞങ്ങള്‍ ഇപ്പോഴും കൈയ്യടിക്കുന്നുണ്ട്.


No comments:

Followers