സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, May 4, 2010

വിശാല ഗ്രൂപ്പിസം

കെ. കരുണാകരനെക്കുറിച്ച് പല കഥകള്‍ പ്രചാരത്തിലുണ്ട്. ആരാധകരാണോ എ ഗ്രൂപ്പുകാരാണോ കഥയുണ്ടാക്കിയത് എന്ന് മിക്ക കഥ കേട്ടാലും മനസ്സിലാകും. അങ്ങനെ എളുപ്പം മനസ്സിലാക്കാനാവാത്ത ഒരു കഥയുണ്ട്. കരുണാകരന്റെ സുവര്‍ണകാലത്തുള്ളതാണ്. അദ്ദേഹം കുടുംബസമേതം ഏതോ സുഖവാസകേന്ദ്രത്തില്‍ വിശ്രമത്തിനുപോയത്രെ. കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയതാവണം. വിശ്രമസ്ഥലത്ത് കുടുംബം ആഹ്ലാദിച്ച് നടക്കുമ്പോളെല്ലാം ലീഡര്‍ മൗനിയും പിന്നെ മ്ലാനവദനനും കുറെക്കഴിഞ്ഞപ്പോള്‍ ഏറെ അസ്വസ്ഥനുമായി. ഇത് കണ്ട് കുടുംബാംഗങ്ങള്‍ വിഷമിച്ചു. വൈകിട്ടായതോടെ കേരളത്തിലെവിടെയോ വെടിവെപ്പോ ലഹളയോ കൊലയോ എന്തോ നടന്നതായി വിവരം ലഭിച്ചുവെന്നും അതോടെ ആള്‍ ഉഷാറായി കുടുംബത്തോടൊപ്പം ഉല്ലാസങ്ങളില്‍ പങ്കുകൊണ്ടെന്നുമാണ് കഥ. 'എ' ഗ്രൂപ്പുകാര്‍ ഉണ്ടാക്കിയതാവണം കഥ, സത്യമാവില്ല.

അതെന്തായാലും 2007 ഡിസംബറിനുശേഷം ലീഡര്‍ മനസ്സറിഞ്ഞ് ആഹ്ലാദിച്ചത് ഇപ്പോഴാവണം. കോണ്‍ഗ്രസ്സില്‍ രണ്ടുമൂന്നുവര്‍ഷമായി നിലനില്‍ക്കുന്ന ശ്മശാനമൂകത ഭഞ്ജിക്കപ്പെട്ടതാണ് കാരണം. പാര്‍ട്ടിയില്‍ പൊരിഞ്ഞ അടി പുനരാരംഭിച്ചിരിക്കുന്നു. മൂന്നുപതിറ്റാണ്ട് നീണ്ടുനിന്ന ആന്റണി-കരുണാകരന്‍ രാഷ്ട്രീയ ചവിട്ടുനാടകത്തിന്റെ അന്ത്യത്തിലാണ് ലീഡര്‍ പാര്‍ട്ടിവിട്ടത്. അകത്തുനിന്ന് ചെയ്തതിന്റെ പതിന്മടങ്ങ് ദ്രോഹം പുറത്തുപോയി ചെയ്യുമെന്നാണ് പ്രതിജ്ഞയെടുത്തതെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. പ്രധാനമന്ത്രിയാക്കാമെന്ന് പറഞ്ഞാലും ഇനി കോണ്‍ഗ്രസ്സിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞ ലീഡര്‍ പഞ്ചപാവമായി പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ടി.വി. കാണാന്‍ സമ്മതിക്കാത്തതിന് നാടുവിട്ടുപോകുന്ന കൊച്ചുപിള്ളാര് പിറ്റേന്ന് റിയാലിറ്റി ഷോയുടെ സമയമാകുമ്പോഴേക്ക് മടങ്ങിവരുന്നപോലെയാണ് ലീഡര്‍ മടങ്ങിവന്നത്. ലീഡര്‍ മടങ്ങിവന്നാല്‍ കോണ്‍ഗ്രസ്സിന്റെ കഥ കഴിയുമെന്ന് പേടിപ്പിച്ച് ലീഡറുടെ വഴിമുടക്കാന്‍ നോക്കിയിരുന്നു കുറെ 'എ' ഗ്രൂപ്പുകാര്‍. കുറ്റംപറയരുതല്ലൊ ലീഡര്‍ വന്നിട്ടും കാര്യമായി ഗ്രൂപ്പുപോരുണ്ടായില്ല. ഇപ്പോഴിതാ സ്ഥിതി സമൂലം മാറിയിരിക്കുന്നു. ഇനി ആശ്വസിക്കാം, ആനന്ദിക്കാം, ആഹ്ലാദിക്കാം. മൂര്‍ച്ഛിച്ചേ മൂര്‍ച്ഛിച്ചേ കോണ്‍ഗ്രസ് ഗ്രൂപ്പിസം മൂര്‍ച്ഛിച്ചേ.....

രണ്ട് പ്രകോപനങ്ങളാണ് ഇപ്പോഴത്തെ ഇളക്കത്തിന് കാരണമായി പറഞ്ഞുകേള്‍ക്കുന്നത്. ഒന്ന് കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. രണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലൊച്ച അതിവേഗം അടുത്തെത്തുന്നു. ചിരങ്ങുചൊറി ഭേദമാകുമ്പോഴേക്ക് ശ്വാസംമുട്ട്, അത് തീരുമ്പോഴേക്ക് പിന്നെയും ചൊറിശല്യം എന്നുപറഞ്ഞതുപോലെ, ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറിയാണല്ലോ ജനത്തെ ഭരിച്ച് സുഖിപ്പിക്കാറുള്ളത്. അടുത്തത് ശ്വാസംമുട്ടാണ്. യു.ഡി.എഫ്. ഭരണം വരുമെന്നാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശീട്ടും ടിക്കറ്റും കിട്ടണമെങ്കില്‍ പാര്‍ട്ടിയില്‍ നമ്മുടെ ഗ്രൂപ്പിന്റെ സ്വാധീനമുറപ്പിക്കണം. ഗ്രൂപ്പുതിരിച്ചാവും സാധനത്തിന്റെ വിതരണം. പോരാത്തതിന് ഇതാ സംഘടനാ തിരഞ്ഞെടുപ്പും വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പേടിക്കേണ്ട സംഗതിയാണത്. മറ്റേത് അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ വന്നുകൊണ്ടേ ഇരിക്കും. സംഘടനാ തിരഞ്ഞെടുപ്പ് അങ്ങനെയൊന്നും വരില്ല. ഒന്ന് കൊല്ലംതോറും വരുന്ന തിറയാട്ടമാണെങ്കില്‍ മറ്റേത് വ്യാഴവട്ടത്തില്‍ ഒരിക്കല്‍ വരുന്ന പെരുങ്കളിയാട്ടമാണ്. അതും നടന്നാലേ നടന്നൂഎന്നുപറയാന്‍ പറ്റൂ.

ഇത്തവണത്തെ ഗ്രൂപ്പിസ വ്യാധിയുടെ ഒരു പ്രത്യേകത ആര്‍ക്കും നിശ്ചിതമായ ഒരു ഗ്രൂപ്പും ഇല്ല എന്നുള്ളതാണ്. ആന്റണി ഇപ്പോള്‍ ആന്റണിഗ്രൂപ്പിലാണോ പുറത്താണോ എന്ന് ആന്റണിക്കുപോലും അറിയില്ല. കരുണാകരന്‍ 'ഐ' ഗ്രൂപ്പിലാണോ അതോ 'എ' ഗ്രൂപ്പിലോ? ചെന്നിത്തലയും കരുണാകരനും ഒരു ഗ്രൂപ്പിലാവുകയാണോ? ഉമ്മന്‍ചാണ്ടി വിശാല ഐ ഗ്രൂപ്പില്‍ ചേര്‍ന്നുവോ? കാക്ക മലര്‍ന്നുപറക്കുകയാണോ? രാഷ്ട്രീയം ഉപേക്ഷിച്ച് ദുബായ്ക്ക് പോയ മഹിള ഇപ്പോള്‍ ഗ്രൂപ്പ് നേതാവായി നടക്കുന്നത് എന്തിനു വേണ്ടിയാണ്? ഐ ഗ്രൂപ്പ്തന്നെ ഇല്ലാതായ പാര്‍ട്ടിയിലെങ്ങനെയാണ് വിശാല ഐ ഗ്രൂപ്പ് ഉണ്ടാക്കുക? ഒരെത്തും പിടിയുമില്ല. എല്ലായിടത്തും രഹസ്യയോഗങ്ങള്‍ പരസ്യമായി നടക്കുന്നുണ്ട്. പത്മജ ഗ്രൂപ്പിന്റെ രഹസ്യയോഗം ടാഗോര്‍ ഹാളില്‍ നടക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്കും പോസ്റ്ററും ഉണ്ടാകും. ഇതൊന്നും ഗ്രൂപ്പ് യോഗമല്ല കേട്ടോ. ഗ്രൂപ്പ് സംസ്‌കാരത്തിനും ഗ്രൂപ്പ് വികാരത്തിനും സോണിയാജിയും രാഹുല്‍ജിയും എതിരാണ്. അതുകൊണ്ട് ഈ രഹസ്യയോഗങ്ങളെല്ലാം ആശയവിനിമയയോഗങ്ങളാണ്. ഐ.പി.എല്‍. ക്രിക്കറ്റിനെക്കുറിച്ചും സുനന്ദ പുഷ്‌കറിനെക്കുറിച്ചുമാണ് ആശയങ്ങള്‍ കൈമാറുക. രഹസ്യയോഗം നടത്തുന്ന സംസ്‌കാരമേ കോണ്‍ഗ്രസ്സിലില്ലായിരുന്നുവെന്നാണ് കെ.കെ. രാമചന്ദ്രന്‍പോലും പറഞ്ഞത് : സത്യം. പരസ്യമായ ഗ്രൂപ്പ് പ്രകടനവും റാലിയുമൊക്കെയേ നടത്താറുള്ളൂ.

'എ' ഗ്രൂപ്പ് എല്ലാം പിടിച്ചെടുത്തേക്കുമെന്ന ഭീതി നിലനില്‍ക്കുന്നതുകൊണ്ട് അവിടെ കേറാന്‍ പാങ്ങില്ലാത്തവരെല്ലാം ചേര്‍ന്നാണ് വിശാല ഐ ഗ്രൂപ്പ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഒന്നിച്ചുനിന്ന് നേട്ടം കൊയ്യാനാണ് തീരുമാനിച്ചതെന്ന് പറയാന്‍ അവര്‍ക്ക് മടിയില്ല. നേട്ടം കൊയ്തുകഴിഞ്ഞാല്‍പിന്നെ ഭിന്നിച്ചുനിന്ന് നേട്ടം കൊയ്യാമല്ലോ. കൊയ്യാനല്ലാതെ വിതയ്ക്കാനൊന്നും വയ്യ. അനുഗൃഹീത കൊയ്ത്തുകാരനായ കെ. മുരളീധരന്റെ അസാന്നിധ്യം പ്രകടമാണ്. സൂപ്പര്‍താരമില്ലാത്ത മലയാള സിനിമപോലെ കൊഴുപ്പില്ല ഇത്തവണത്തെ തമ്മില്‍തല്ലിന്. മുരളീധരനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ വിശാലമായ ഒരു സമവായം ഉണ്ടാക്കിയെടുക്കാന്‍ ഗ്രൂപ്പുകാര്‍ യത്‌നിക്കേണ്ടതാണ്. പൂരം നടക്കുമ്പോള്‍ ആസ്​പത്രിയില്‍ കിടക്കേണ്ടിവന്ന ചെണ്ടവാദ്യക്കാരനെപ്പോലെ, അദ്ദേഹത്തിന്റെ കൈകള്‍ കൊട്ടാന്‍ തരിക്കുന്നുണ്ട്.

ഗ്രൂപ്പിസം ഇങ്ങനെ മൂര്‍ച്ഛിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം എല്‍.ഡി.എഫിനെത്തന്നെ ജയിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ്സുകാരെ നിരുത്സാഹപ്പെടുത്താന്‍ ചില അരസികന്മാര്‍ ശ്രമിക്കുന്നുണ്ടെന്നത് നേരാണ്. ഇതൊന്നും കോണ്‍ഗ്രസ്സുകാരെ ഒട്ടും പിറകോട്ട് വലിക്കില്ല. 2001-ലെ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിവസംപോലും തൊഴുത്തില്‍കുത്ത് നിര്‍ത്തിവെച്ചിട്ടില്ല. എന്നിട്ടും ജനം 99 സീറ്റില്‍ ജയിപ്പിച്ചില്ലേ? ജനത്തിന് വേറെന്ത് ഗതി?

Followers