സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, February 24, 2010

അഫ്ഗാന്‍ യുദ്ധത്തില്‍ ഇന്ത്യ ചെയ്യേണ്ടത്‌

എന്‍.ഹരിദാസ്‌
ഭീകരാക്രമണം ഇന്ത്യയില്‍ തുടര്‍ക്കഥയാവുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയെ മാറ്റുകയും രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര പോലീസ്‌ സംവിധാനവും അഴിച്ചുണി നടക്കുകയും ചെയ്യുന്നു. മാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും ഭീകരാക്രമണത്തെ അമേരിക്ക ചെയ്തപോലെ മുഴുവനായി ചെറുക്കുവാന്‍ എന്തുകൊണ്ട്‌ ഇന്ത്യക്ക്‌ സാധിക്കുന്നില്ലായെന്ന്‌ നാം അടിയന്തരമായ ആലോചിക്കണം. ഭീകരപ്രവര്‍ത്തനത്തിന്റെ വേരറുക്കുവാനുള്ള നടപടിയാണാവശ്യം. ഭീകരന്മാരുടെ താവളം ഭാരതത്തിനകത്ത്‌ മാത്രമായിരുന്നെങ്കില്‍ നമുക്ക്‌ പ്രതികാര-പരിഹാരനടപടികള്‍ വളരെ എളുപ്പമാകുമായിരുന്നു-സിക്കു ഭീകരവാദത്തെ ഉരുക്കുമുഷ്ടികൊണ്ട്‌ അടിച്ചമര്‍ത്തിയതുപോലെ.

അഫ്ഗാന്‍ യുദ്ധത്തില്‍ ഭീകരരെ തോല്‍പ്പിക്കുവാന്‍ സാധിച്ചാല്‍ ഭാരതത്തിനകത്തുള്ള ഭീകരപ്രവര്‍ത്തനം ഉടനെതന്നെ തകരുന്നത്‌ നമുക്ക്‌ കാണുവാന്‍ കഴിയും. ഭീകരപ്രവര്‍ത്തനം ഇന്ന്‌ ത്യാഗത്തിന്റെ പ്രതിരൂപമല്ലാതായി. അത്‌ വലിയൊരു ബിസിനസ്സാണ്‌. ഒരു മനുഷ്യബോംബ്‌ പൊട്ടിത്തെറിച്ച്‌ സ്വയം ആത്മഹത്യചെയ്താല്‍ അവന്റെ കുടുംബാംഗങ്ങള്‍ അതുകാരണം സമ്പന്നരാകുന്ന സമ്മാനപദ്ധതിയാണ്‌ ഭീകരപ്രവര്‍ത്തനത്തിന്റെ ശക്തിയും ഉറവിടവും. പണ്ട്‌ തിരുവിതാംകൂറില്‍ ഒരു കുബേര കുമാരനായ കൊലയാളിയെ തൂക്കുമരത്തില്‍നിന്ന്‌ രക്ഷിക്കുവാന്‍വേണ്ടി ഒരു പകരക്കാരനെ അന്വേഷിച്ചുവെന്നും ഒരുലക്ഷം രൂപ കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ ഒരുവന്‍ പകരം തൂങ്ങുവാന്‍ തയ്യാറായിയെന്നും കഥ പറഞ്ഞുകേട്ടിട്ടുണ്ട്‌. പക്ഷെ രാജഭരണത്തിന്‍കീഴില്‍ ആ കളി നടക്കാതെപോയി. മധ്യപൂര്‍വദേശത്തെ പെട്രോ ഡോളറാണ്‌ ഇന്നത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ശക്തി. ഭീകരവിരുദ്ധ രാഷ്ട്രങ്ങള്‍പോലും ചടമ്പിപ്പിസായിവന്‍ തുക നല്‍കണം.

ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ ശക്തിദുര്‍ഗ്ഗം പാക്‌ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വസീകിസ്ഥാന്‍ തന്നെയാണ്‌. പഞ്ചാബിലെ ഭീകരര്‍ക്ക്‌ ഒരുപാട്‌ മനുഷ്യാവകാശ ലംഘനദുഃഖങ്ങളും വര്‍ഗ്ഗവിവേചന ദുഃഖങ്ങളുമുണ്ടെന്ന്‌ നമ്മുടെ ബുദ്ധിജീവികളും മാധ്യമങ്ങളും വീറോടെ വാദിച്ചിരുന്നു.

എന്നാല്‍ ഭരണകൂട ഭീകരനെ അടിച്ചമര്‍ത്തിയപ്പോള്‍ ഈ ബുദ്ധിജീവികള്‍ക്കൊന്നും മിണ്ടാട്ടമില്ല. അഫ്ഗാനിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ തകര്‍ക്കുവാനുള്ള നാറ്റോ സേനയുടെ നടപടികള്‍ പലപ്പോഴും അര്‍ദ്ധമനസ്സോടെയായതിനാല്‍ വിജയം കാണുക പ്രയാസം. മാത്രമല്ല, പല സൈനികരുടേയും മടക്കയാത്രാവിമാനങ്ങള്‍ സ്റ്റാര്‍ട്ടാക്കി നിറുത്തിയിട്ടാണ്‌ യുദ്ധത്തിനു പോകുന്നത്‌. അങ്ങനെ യാത്രയ്ക്കുള്ള പെട്ടികള്‍ അടുക്കിവെച്ചിട്ട്‌ ആ സൈനികര്‍ എത്ര യുദ്ധം ചെയ്യും? എത്ര വിജയിക്കും?

അഫ്ഗാന്‍ യുദ്ധം തുടങ്ങുന്ന കാലത്ത്‌ ഇന്ത്യയെ കൂടി പങ്കാളിയാക്കുവാന്‍ പ്രസിഡന്റ്‌ ബുഷ്‌ കിണഞ്ഞു ശ്രമിച്ചതാണ്‌. എന്നാല്‍ ഭാരതം അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍മാത്രം പങ്കാളിയായി സൈനിക നടപടിയില്‍നിന്നും വിട്ടുനിന്നു. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയും വോട്ടുപിടുത്ത നയങ്ങളും വച്ചുനോക്കുമ്പോള്‍ പാശ്ചാത്യരാജ്യങ്ങളുടെ സൈനികനടപടിയില്‍ ഭാരതം പങ്കുചേരുക അസാധ്യംതന്നെ. ഇവിടെ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം രാജ്യസുരക്ഷയാണോ? വോട്ടുപിടിത്തമാണോ? ഒരു ഭരണകൂടത്തിന്റെ പ്രധാന കടമയെന്നതാണ്‌. ഇന്നത്തെ ഭീകരാക്രമണ സാധ്യതയില്‍ അതുമൂലം ഭാരതവും പാക്കിസ്ഥാനും ചെന്നുചാടുന്ന വമ്പിച്ച അത്യാപത്കരമായ സൈനിക സംഘട്ടന സാധ്യതയും വച്ചുനോക്കുമ്പോള്‍ ഇന്ത്യ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കുചേരുന്നത്‌ എത്രയോ അപകടം കുറഞ്ഞ നടപടിയാണ്‌. ഇന്ത്യ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്‌ മറ്റൊരു ഇന്ത്യ-പാക്‌ യുദ്ധത്തിന്‌ കാരണമാവുകയല്ല; മറിച്ച്‌ അതില്ലാതാവുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഭാരതം ചെയ്യുന്നത്‌ എന്താണ്‌? ഭീകരന്മാരെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ അനുവദിക്കരുതെന്ന്‌ നിരന്തരം പാക്കിസ്ഥാനോട്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുക, യുദ്ധ, കേസ്ഡയറിയും ടേപ്പുകളും മുദ്രവെച്ച്‌ അയച്ചുകൊടുക്കുക, പ്രതികളെ ശിക്ഷിക്കുവാനുള്ള നിയമോപദേശം പറഞ്ഞുകൊടുക്കുക-ഒരു വന്‍ശക്തിയാവുന്ന ഭാരതം ഒരു ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടറുടെ നിലയിലേക്ക്‌ തരംതാഴുന്നു.

ഭീകരരുമായി എപ്പോഴും ഒളിച്ചുകളി നടത്തുന്ന ഒരു സര്‍ക്കാരാണ്‌ വളരെക്കാലമായി പാക്കിസ്ഥാന്‍ ഭരിക്കുന്നത്‌. മുഷറഫിന്റെ ഭരണകൂടമായിരുന്നെങ്കില്‍ ഇന്നത്തെ സര്‍ദാരി ജനാധിപത്യത്തേക്കാള്‍ കുറേക്കൂടി ശക്തമായി ഭീകരരെ നേരിടുമായിരുന്നു, മനസ്സുവെച്ചാല്‍. സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയെന്നു പറഞ്ഞതുപോലെയാണ്‌ പാക്‌ ഭരണകൂടം ഇന്ന്‌. പട്ടാളം പറയുന്നത്‌ കേള്‍ക്കുമോ ജനങ്ങള്‍ പറയുന്നത്‌ കേള്‍ക്കുമോ, അതോ അമേരിക്ക പറയുന്നത്‌ കേള്‍ക്കുമോ? ഒരേസമയം അമേരിക്കയേയും മതമൗലികവാദികളേയും സാധാരണ ജനങ്ങളേയും ഭീകരരേയും സാന്ത്വനപ്പെടുത്തുന്ന രാഷ്ട്രീയപ്രക്രിയയാണ്‌ ഇന്ന്‌ പാക്കിസ്ഥാനില്‍. ഭീകരരെ പിടിച്ചുതരണമെന്ന്‌ ആ വാതിലില്‍ചെന്ന്‌ മുട്ടിയിട്ടെന്തുകാര്യം? ഭീകരര്‍ അതിര്‍ത്തികടന്നുവന്നാല്‍ അവരെ വകവരുത്തുവാന്‍ ശ്രമിക്കാതെ നാണംകെട്ട അഭ്യര്‍ത്ഥനകളുമായി പാക്കിസ്ഥാന്റെ വാതിലില്‍ നമ്മുടെ ഭരണാധികാരികള്‍ വീണ്ടുംവീണ്ടും മുട്ടുന്നു. പുച്ഛത്തില്‍ അവര്‍ മുഖം തിരിക്കുന്നു. ഇത്തരം അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ഇരുരാജ്യങ്ങളുംതമ്മില്‍ സംഘര്‍ഷം കൊടുമ്പിരികൊള്ളുന്നു.

സെപ്തംബര്‍ 26 ലെ ഭീകരാക്രമണം ഒരു ഇന്തോ-പാക്‌ യുദ്ധത്തിന്‌ കാരണമാവുമെന്ന്‌ നമ്മളൊക്കെ ഭയന്നില്ലേ. ഇരുരാജ്യങ്ങളും അണ്വൊയുധ ശക്തികള്‍. അടുത്ത ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തേക്കാള്‍ എത്രയോ ചെറിയ അപകടമാണ്‌ ഇന്ത്യ-അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കാളിയാവുന്നത്‌. ഇന്നത്തെ പരിതസ്ഥിതിയില്‍ തനിയെ അഫ്ഗാനിസ്ഥാനില്‍പ്പോയി ഒരു യുദ്ധം നടത്തുക ഇന്ത്യക്ക്‌ അസാധ്യവുമാണ്‌. അങ്ങനെ ചെയ്താല്‍ മുസ്ലീം രാഷ്ട്രങ്ങളും പാശ്ചാത്യരാജ്യങ്ങള്‍പോലും അതിനെഎതിര്‍ക്കും. അത്‌ ഉടനെതന്നെ ഒരു ഇന്ത്യ-പാക്‌ യുദ്ധത്തില്‍ കലാശിക്കുകയുംചെയ്യും. എന്നാല്‍ ഇന്ന്‌ അഫ്ഗാനിസ്ഥാനിലെ സ്ഥിതി എന്താണ്‌? അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും സഖ്യസേന ഭീകരരെ നേരിടുകയാണ്‌. അവര്‍ക്ക്‌ കൂട്ടായി പുനഃസംഘടിപ്പിച്ച അഫ്ഗാന്‍ സേനയും ഉണ്ട്‌. കുറ്റം മുഴുവനേല്‍ക്കുവാനും പഴികേള്‍ക്കുവാനും അമേരിക്കയുമുണ്ട്‌. അഫ്ഗാന്‍ ഭീകരരേയും വസീറിസ്ഥാന്‍ ഭീകരരേയും അടിച്ചമര്‍ത്തിയാല്‍ അതിന്റെ സത്വര ഭവിഷ്യത്ത്‌ കാശ്മീരിലെ ഭീകരന്മാര്‍ ഒറ്റപ്പെട്ട്‌ ശക്തിക്ഷയിക്കുകയാണ്‌. ഇന്ത്യയെ പ്രസിഡന്റ്‌ ബുഷ്‌ കൂട്ടിനുവിളിച്ചത്‌ ഇന്ത്യന്‍ സാന്നിധ്യം വെള്ളക്കാരന്‍ പട്ടാളത്തിന്‌ ഒരു നല്ല പരിവേഷം നല്‍കുമെന്നതുകൊണ്ടുകൂടിയാണ്‌. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ഭീകരവേട്ടയ്ക്കുപോകുന്നതു കാരണം ഒരു ഇന്ത്യ-പാക്‌ യുദ്ധമാണ്‌ ഒഴിവാകുന്നത്‌. അമേരിക്കയോട്‌ ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യക്കെതിരെ ഒരു പാക്‌ സൈനിക നടപടി അസാധ്യമാണ്‌. എന്നാല്‍ എന്നും ചേരിചേരാ നയമെന്ന പരാജയ വാദത്തിന്റെ ചെളിയില്‍ കിടന്നുരുളുന്ന ഇന്ത്യക്ക്‌ ഇത്തരം ധീരമായ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കഴിയുന്നില്ല.

ഇന്ത്യ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്‌ പാക്കിസ്ഥാനില്‍നിന്നല്ല, ചൈനയില്‍നിന്നാണെന്നുള്ള വസ്തുത 1962 ലെ നഗ്നമായ ആക്രമണത്തിനുശേഷവും നമ്മുടെ ബുദ്ധിജീവികളും വിദേശകാര്യ വിദഗ്ദ്ധരും അംഗീകരിക്കുന്നില്ല. അവര്‍ക്ക്‌ യാഥാര്‍ത്ഥ്യങ്ങളിലല്ല, മുന്‍വിധികളിലാണ്‌ പ്രാധാന്യം. അഫ്ഗാനിസ്ഥാനിലെ ഭീകരരെ അടിച്ചമര്‍ത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന താല്‍പര്യക്കാരാണ്‌ ഈജിപ്ത്‌, ടര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ അറബി രാജ്യങ്ങള്‍. പക്ഷെ, ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആലോചിക്കുന്നത്‌ അഫ്ഗാന്‍ യുദ്ധത്തിലെ ഇന്ത്യന്‍ പങ്കാളിത്തം ഇന്നാട്ടിലെ വോട്ടര്‍മാരെ എങ്ങനെ ബാധിക്കുമെന്നതാണ്‌.

ഇന്ത്യ-പാക്‌ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുസ്ലീം വോട്ടിനെ പേടിച്ച്‌ ഇന്ത്യ യുദ്ധം ചെയ്യാതിരുന്നില്ല. എന്നുമാത്രമല്ല, അവര്‍ ഭാരതത്തിന്റെ വിജയത്തിന്‌ സമ്പൂര്‍ണമായ സഹകരണം നല്‍കുകയാണുണ്ടായത്‌. അഫ്ഗാന്‍ യുദ്ധം അഫ്ഗാന്‍ ജനതക്കെതിരെ അല്ലല്ലോ. അത്‌ നിരപരാധികളെ കൊന്നൊടുക്കുന്ന ഒരുപിടി ഭീകരര്‍ക്കെതിരെ മാത്രമല്ലേ. അഫ്ഗാന്‍ യുദ്ധത്തില്‍ ഇന്ത്യ പങ്കെടുത്താല്‍ ഇരട്ടനേട്ടം; ഭീകരാക്രമണംമൂലംപൊട്ടിപ്പുറപ്പെടാവുന്ന ഇന്ത്യ-പാക്‌ യുദ്ധം ഒഴിവാകും. പിന്നെ ഭീകരന്റെ വേര്‌ പിഴുതെറിയുന്നതുകാരണം വന്നുചേരുന്ന സമാധാനം ഇതിനേക്കാള്‍ പ്രധാനം. പാശ്ചാത്യ രാജ്യങ്ങളില്‍ പൊടുന്നനെ പൊങ്ങിവരുന്ന ഇന്ത്യ അനുകൂല വികാരം.

പാശ്ചാത്യരാജ്യങ്ങളുമായി സൈനികസഖ്യം ഉണ്ടാവുമ്പോള്‍ ഇന്ത്യക്കെതിരെ കണ്ണുരുട്ടുന്ന ചൈനീസ്‌ ഹുങ്ക്‌ താനെ നിലച്ചുകൊള്ളുകയും ചെയ്യും. എന്നാല്‍ ധീരമായ മാറ്റങ്ങള്‍ക്ക്‌ ഭാരതം എന്നാണ്‌ തയ്യാറാവുക.

Saturday, February 13, 2010

അഫ്ഗാന്‍ അമേരിക്കയ്ക്ക് തലയൂരണം

പി.എം. നാരായണന്‍


കാബൂള്‍ ചിക്കന്‍ സ്ട്രീറ്റിലെ ചെറിയ ഹോട്ടല്‍. പത്തിരുപത് പേര്‍കാണും. ലണ്ടനില്‍ 60 ലധികം ലോകനേതാക്കള്‍ പങ്കെടുക്കുന്ന അഫ്ഗാന്‍ കോണ്‍ഫറന്‍സ് ടി.വി.യില്‍ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണവര്‍. പ്രസിഡന്റ് കര്‍സായി, വടിവൊത്ത ഇംഗ്ലീഷില്‍ മിതവാദികളായ താലിബാനെ അഫ്ഗാനിസ്താന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ചര്‍ച്ചയ്ക്ക് നേതൃത്വംനല്‍കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഇതിനായി വലിയൊരു തുക വകയിരുത്തിയതായി മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.

ചര്‍ച്ച ടെലിവിഷനില്‍ നിന്നും ഹോട്ടലിലേക്ക് പടരവെ ഒരാള്‍ ചോദിച്ചു. താലിബാനും വിദേശസൈന്യവും തമ്മിലെന്താണ് വ്യത്യാസം? ഇരുവരും കൊല്ലുന്നത് സാധാരണ ജനങ്ങളെയാണ്. ഇരുവരും തടയിടുന്നത് അഫ്ഗാനിസ്താന്റെ വികസനത്തിനാണ്. അന്താരാഷ്ട്ര സമൂഹം എത്രതന്നെ പണം ഇവിടേക്ക് ഒഴുക്കിയാലും അതെല്ലാം ഒടുവില്‍ ഒഴുകിഎത്തുക ഒരുകൂട്ടം അഴിമതിക്കാരുടെ കൈകളിലാണ്. അതുകൊണ്ടെല്ലാമാണ് ഈ തണുപ്പില്‍, ഞങ്ങള്‍ പണിയൊന്നുമില്ലാതെ, ടി.വി.യും കണ്ടിങ്ങനെ ചടഞ്ഞിരിക്കുന്നത്. ഈസ്ഥിതി പെട്ടെന്ന് മാറുമെന്ന് കരുതാനും വയ്യ. വിരസമായ ചിരിയില്‍ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ അഫ്ഗാനിസ്താനിക്കിന്ന് എല്ലാറ്റിനോടും മടുപ്പാണ്. തിരഞ്ഞെടുപ്പായാലും താലിബാന്‍ ചര്‍ച്ചയായാലും സ്വന്തംജീവിതമാണ് അവര്‍ക്ക് പ്രശ്‌നം. പോയ മുപ്പതുവര്‍ഷത്തെ അനുഭവമാണ് അവരെ ഇങ്ങനെ ആക്കിയത്. ഭാവി തീര്‍ത്തും അനിശ്ചിതമാവുമ്പോള്‍ വര്‍ത്തമാനം വിരസമാവുന്നത് സ്വാഭാവികം മാത്രം.

ഹോട്ടല്‍ ചര്‍ച്ച തുടരവെ ഒരുകാര്യം വ്യക്തമായി. 2001-ല്‍ കാബൂള്‍ വിട്ടോടിയ താലിബാന്‍ 2010-ല്‍ കര്‍സായിയുടെ കൈപിടിച്ച് കാബൂളില്‍ തിരിച്ചെത്തുന്നതിനോട് അധികമാര്‍ക്കും താത്പര്യമില്ല. കാരണം പ്രാകൃതമായ നിയമങ്ങള്‍ സമൂഹത്തിന് മേലെ അക്ഷരാര്‍ഥത്തില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഓര്‍മകള്‍ അവര്‍ക്കിന്നും വ്യക്തമാണ്. മകളെ സ്‌കൂളിലയച്ചതിനും ഷേവ് ചെയ്തതിനും എന്തിന് പാട്ട് കേട്ടതിനുപോലും പൊതുജനമധ്യത്തില്‍ താലിബാന്റെ പ്രഹരം ഏറ്റുവാങ്ങിയ പലരും ഇന്ന് കാബൂളില്‍ ജീവിച്ചിരിപ്പുണ്ട്. കറയറ്റ വിശ്വാസികളാണവര്‍. അഞ്ചുനേരം പ്രാര്‍ഥിക്കുന്നവര്‍. എന്നാലും താലിബാനെ അവര്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ 'നല്ല താലിബാനു'മായുള്ള ചര്‍ച്ചകളെ സംശയത്തോടെ അതിലേറെ ആശങ്കയോടെ നോക്കിക്കാണുന്നവരാണ് ഇവരിലധികവും.

ശരാശരി അഫ്ഗാനിയുടെ ഇത്തരം വിഹ്വലതകളോ ചോദ്യങ്ങളോ ഒരു കോണ്‍ഫറന്‍സിലും ഉയര്‍ന്ന് കേള്‍ക്കാറില്ല. കാരണം; അഫ്ഗാനിയല്ല, അഫ്ഗാനിസ്താനാണ് ഇത്തരം കോണ്‍ഫറന്‍സുകളുടെ മുഖ്യഅജന്‍ഡ.

നല്ല താലിബാനെ അരിച്ചെടുത്ത് കൂടെക്കൂട്ടി, ചീത്ത താലിബാനെ വലിച്ചെറിയുക, അടുത്തവര്‍ഷം പകുതിയോടെ സേനയെ പിന്‍വലിക്കുക, അഫ്ഗാന്‍ പോലീസിനെയും സൈന്യത്തെയും ശക്തമാക്കി രാജ്യസുരക്ഷ അവരെ ഏല്പിക്കുക എന്നിവയാണ് ലണ്ടന്‍ കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം വന്‍വിജയമാണെന്ന് വരുത്തി, അതിപ്പോള്‍ ശുഭപര്യവസായിയായിമാറുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ ഈ കോണ്‍ഫറന്‍സ് ശ്രമിച്ചിട്ടുണ്ട്.

''എന്നാല്‍ അഫ്ഗാന്‍ ജനതയോടുള്ള സ്നേഹം കൊണ്ടല്ല അമേരിക്ക താലിബാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.'' കാബൂളിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഹരുണ്‍മീര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളസാമ്പത്തിക മാന്ദ്യവും ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച സമയമാണിത്. അതുകൊണ്ട് തന്നെ വര്‍ധിച്ച യുദ്ധച്ചെലവിനെ അമേരിക്കയ്ക്ക് സ്വന്തം ജനങ്ങള്‍ക്ക് മുമ്പില്‍ ന്യായീകരിക്കാനാവില്ല. അഫ്ഗാനിസ്താനിലെത്തുന്ന ഓരോ അമേരിക്കന്‍ പട്ടാളക്കാരനു വേണ്ടി ശരാശരി ഒരുവര്‍ഷം ഒരു ദശലക്ഷം ഡോളറാണ് അമേരിക്ക ചെലവിടുന്നത്. ഇതു ഇന്നത്തെ സാഹചര്യത്തില്‍ സഹിക്കാവുന്നതല്ല. അമേരിക്കയില്‍ മാത്രമല്ല, അഫ്ഗാനിസ്താനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന 40 ലധികം രാജ്യങ്ങളിലെല്ലാം തന്നെ ഈ യുദ്ധത്തിനുള്ള ജനപിന്തുണ കുറഞ്ഞുവരികയാണ്. ഈ പ്രതിസന്ധിയിലാണ് ലണ്ടന്‍ കോണ്‍ഫറന്‍സിന്റെ വേരുകള്‍ കിടക്കുന്നത്- ഹരുണ്‍മീര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു മാത്രമല്ല, ഇറാനെതിരെ ഇപ്പോഴുള്ള ഉപരോധം ഒരു തുറന്ന യുദ്ധമായി പരിണമിച്ചാല്‍ - അതിനുള്ള സാധ്യത ഏറെയാണ് - അമേരിക്കയുടെ യുദ്ധഫണ്ട് വീണ്ടും വിപുലീകരിക്കേണ്ടിവരും.

പഴയ താലിബാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അര്‍ബാലാ റഹ്മാനിയും അമേരിക്കയുടെ പുതിയനീക്കത്തില്‍ കഴമ്പ് കാണുന്നില്ല. 2001-ല്‍ ഒരു കൊടുങ്കാറ്റായി അഫ്ഗാനിസ്താനിലെത്തിയ അമേരിക്ക അന്ന് 140 ഓളം താലിബാന്‍ നേതാക്കളെ യു.എന്‍. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരിലൊരാളാണ് റഹ്മാനി. കാബൂളിന് പുറത്ത് ഒരു ബംഗ്ലാവിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. വിദേശമാധ്യമങ്ങളോട് വിരോധമില്ലാത്ത അപൂര്‍വം താലിബാന്‍ നേതാക്കളില്‍ ഒരാള്‍. അദ്ദേഹം പറയുന്നു: ''താലിബാന്‍ എന്നത് ഒരു ഐഡിയോളജിയാണ്. അതിനെ വിലയ്ക്ക് വാങ്ങാമെന്ന മോഹം വിഡ്ഢിത്തമാണ്. താലിബാന്റെ ഉന്നതനേതൃത്വം അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് കരുതുന്നത് തന്നെ അസംബന്ധമാണ്. താലിബാനിപ്പോള്‍ അമേരിക്കയുമായി ചര്‍ച്ചനടത്തേണ്ട ഒരാവശ്യവുമില്ല. കാരണം, അവര്‍ മുമ്പെന്നത്തേക്കാളും ശക്തമാണിന്ന്. അവര്‍ക്ക് ഈ യുദ്ധം വേണമെങ്കില്‍ അടുത്ത 50 വര്‍ഷം ഇതേരീതിയില്‍ തുടരാനുള്ള കരുത്തും സാമ്പത്തികശേഷിയും ഉണ്ട്. അമേരിക്കയ്ക്ക് അത് സാധ്യമല്ലല്ലോ.

'നല്ല താലിബാനുമായുള്ള' ചര്‍ച്ച എന്നത് യു.എസ്. - അഫ്ഗാന്‍ യുദ്ധ ദല്ലാള്‍മാര്‍ ചേര്‍ന്നുനടത്തുന്ന ഒരുതരം ഒത്തുകളിയാണ്. കച്ചവടമാണിത്. പണമാണിവിടെ പ്രധാനം, അധികാരവും. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകള്‍ അഫ്ഗാനിസ്താന്‍ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ പോവുന്നില്ല. അമേരിക്ക ഇന്ന് അഫ്ഗാനിസ്താനില്‍ അകപ്പെട്ട അവസ്ഥയിലാണ്-റഹ്മാനി വിലയിരുത്തുന്നു.

അഫ്ഗാനിസ്താനിലെ യു.എന്‍. മുഖ്യമേധാവി കായ് ഐഡിയാണ് താലിബാനുമായുള്ള സന്ധിസംഭാഷണത്തിന്റെ പ്രധാന സൂത്രധാരന്‍. കര്‍സായിയുടെ വലംകൈയാണദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കര്‍സായിയുടെ വോട്ട് 50 ശതമാനത്തില്‍ താഴെയായി കുറഞ്ഞപ്പോള്‍, ചട്ടങ്ങള്‍ മറികടന്ന് അദ്ദേഹത്തെ കൈപിടിച്ച് കരകയറ്റിയത് കായ് ഐഡിയായിരുന്നു. അദ്ദേഹമാണിപ്പോള്‍ കര്‍സായിയുടെ സമ്മതത്തോടെ സൗദിഅറേബ്യയിലും മാലിദ്വീപിലും മറ്റും മറ്റും പറന്നിറങ്ങി താലിബാനുമായുള്ള ഒത്തുതീര്‍പ്പ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പ്രസിഡന്റ് കര്‍സായി മുമ്പത്തേക്കാളും അശക്തനാണ്. അധികാരം നിലനിര്‍ത്താന്‍ താലിബാനെ പങ്കാളിയാക്കുക എന്ന തന്ത്രത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ പാശ്ചാത്യ ജനാധിപത്യമാതൃകയിലൂന്നിയ ഭരണവ്യവസ്ഥ അംഗീകരിക്കാന്‍ യഥാര്‍ഥ താലിബാനാവുമോഎന്നതാണ് പ്രസക്തമായ ചോദ്യം. താലിബാനെ അറിയുന്ന ആരും ഇത് സാധ്യമാണെന്ന് പറയില്ല. താലിബാന്‍ സഹായമില്ലാതെ കാബൂളില്‍ ഭരണം അസാധ്യമാവുന്ന സാഹചര്യമാണ് അഫ്ഗാനിസ്താനില്‍ ഉരുത്തിരിയുന്നത് എന്ന് അന്താരാഷ്ട്ര സമൂഹത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ താലിബാന് സാധിച്ചു എന്നതാണ് അവരുടെ രാഷ്ട്രീയ വിജയം. ഇതുതന്നെയാണ് അമേരിക്കയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ രാഷ്ട്രീയ പരാജയവും.

അഫ്ഗാനിസ്താനല്ല പാകിസ്താനാണ് താലിബാനുമായുള്ള ചര്‍ച്ചയെ അതിരുകടന്ന ആവേശത്തോടെ നോക്കിക്കാണുന്നത് എന്നതും ശ്രദ്ധേയമാണ്. താലിബാന്റെ ജനിതകമറിയുന്നവര്‍ ഇതില്‍ അത്ഭുതപ്പെടില്ല. വടക്കന്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഫൗസിയ കോഫി പറയുന്നു. ''താലിബാന്റെ വേരുകള്‍ കിടക്കുന്നത് പാകിസ്താനിലാണ്. അതുകൊണ്ടുതന്നെ താലിബാന് നിയമസാധുത നല്‍കുന്ന ഏതൊരു നീക്കവും പാകിസ്താനെ പുളകം കൊള്ളിക്കും. ഈ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കി അഫ്ഗാനിസ്താനില്‍ താലിബാന് ശക്തി പകരുന്നവര്‍ക്ക് മേലെ സമ്മര്‍ദം ശക്തമാക്കുകയാണ് അമേരിക്ക ആദ്യം ചെയ്യേണ്ടത്.''

താലിബാനെ പണവും അധികാരവും നല്‍കി കാബൂളിലേക്ക് അടുപ്പിക്കുമ്പോള്‍ മറ്റുപലരും കാബൂളില്‍ നിന്ന് അകന്നുപോവുമെന്നും ഫൗസിയ കോഫി ഓര്‍മിപ്പിക്കുന്നു. താലിബാനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം തുറന്നടിക്കാനും അവര്‍ മടിച്ചില്ല. ''ഒരു വനിത എന്ന നിലയില്‍ ഏറെ ഭീതിയോടെയാണ് ഞാനീ നീക്കത്തെ നോക്കിക്കാണുന്നത്. ഒരുപക്ഷേ, അടുത്തതവണ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരമൊരു അഭിമുഖം സാധിച്ചെന്നുവരില്ല. കാരണം താലിബാന്‍ ഭരണഘടനയില്‍ പൊതുരംഗത്ത് സ്ത്രീകള്‍ക്ക് സ്ഥാനമില്ലല്ലോ! ഫൗസിയാ കോഫിയുടെ ഭീതി കാബൂളില്‍ മറ്റ് പലരിലും പ്രകടമാണ്.

ഒറ്റമൂലികള്‍ കൊണ്ട് മാറ്റാവുന്ന അസുഖമല്ല ഇന്ന് അഫ്ഗാനിസ്താനെ ഗ്രസിച്ചിരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെ രോഗിയെ അറിഞ്ഞ്, ഇടതടവില്ലാത്ത ചികിത്സയാണിവിടെ ആവശ്യം. താത്കാലികലാഭം ലക്ഷ്യംവെച്ചുള്ള വിദേശശക്തികളുടെ ഒറ്റമൂലി പ്രയോഗങ്ങളാണ് അഫ്ഗാനിസ്താനെ ഇന്നത്തെ നിലയിലെത്തിച്ചത്.

Tuesday, February 2, 2010

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌

കെ.എം. ഷാജി
പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ാം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ാം നൂറ്റാണ്ടില്‍ നിന്ന് 16-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.

Followers