സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 2, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്ത്‌ എന്തുചെയ്യും?


കെ.എം. റോയ്‌

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ പതിനായിരക്കണക്കിനു കോടി രൂപ വിലവരുന്ന സമ്പദ്‌ശേഖരം എന്തുചെയ്യണമെന്നതാണ്‌ ഇന്നു രാജ്യത്താകെയുള്ള പ്രധാന ചര്‍ച്ചാവിഷയം. പണ്ഡിതന്മാരും സാമ്പത്തികവിദഗ്‌ധരും ഹൈന്ദവ നേതാക്കളും രാഷ്‌ട്രീയ നേതാക്കളും ദേശീയ മാധ്യമങ്ങളുമെല്ലാം ആ സമ്പത്തിന്റെ സംരക്ഷണത്തേപ്പറ്റിയും വിനിയോഗത്തേപ്പറ്റിയും വ്യത്യസ്‌തമായ അഭിപ്രായപ്രകടനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ സമ്പദ്‌ശേഖരത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ അതു സംരക്ഷിച്ചുനിര്‍ത്തുന്നതിന്റെ വമ്പിച്ച സാമ്പത്തികബാധ്യതയും സുരക്ഷാ ബാധ്യതയും ഏറ്റെടുക്കാന്‍ ഇപ്പോള്‍ത്തന്നെ 78,000 ല്‍പരം കോടി രൂപയുടെ കടബാധ്യതയുള്ള കേരള സംസ്‌ഥാന സര്‍ക്കാരിനു കഴിയുമോ എന്നതാണ്‌ ആദ്യത്തെ പ്രശ്‌നം. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തെ ഈ സമ്പത്തിന്റെ ഉടമാവകാശം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ ചെലവുവരുന്ന അതിന്റെ സംരക്ഷണച്ചുമതല നിര്‍വഹിക്കാന്‍ രാജകുടുംബത്തിനു സാധിക്കുമോ എന്നതു മറ്റൊരു ഗുരുതര പ്രശ്‌നം.

കടല്‍ത്തീരത്തിന്റെ സമീപത്തു സ്‌ഥിതിചെയ്യുന്നതാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതുകൊണ്ടുതന്നെ കരവഴിയും കടല്‍വഴിയുമുള്ള ഭീഷണി സദാ ഉയര്‍ന്നുനില്‍ക്കും. ഇപ്പോഴത്തെ ഏകദേശ കണക്കനുസരിച്ചുതന്നെ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപ വില വരുന്നതാണ്‌ ഈ സുവര്‍ണ-വജ്രശേഖരം. എത്രവലിയ രക്ഷാസംവിധാനം ഏര്‍പ്പെടുത്തിയാലും തിരുവിതാംകൂര്‍ രാജാവിനെയോ എന്തിന്‌, സംസ്‌ഥാന മുഖ്യമന്ത്രിയെയോ ബന്ദികളാക്കിക്കൊണ്ട്‌ ഈ ക്ഷേത്രസമ്പത്തിന്റെ കാര്യത്തില്‍ വിലപേശാന്‍ കഴിവുള്ള ഭീകരസംഘങ്ങളും പ്രസ്‌ഥാനങ്ങളുമാണ്‌ ഇന്നു ലോകത്തിലുള്ളത്‌. എല്ലാ ആധുനിക സംരക്ഷണ സംവിധാനമേര്‍പ്പെടുത്തിയിട്ടും കപ്പലുകള്‍ വരെ റാഞ്ചിക്കൊണ്ടുപോയി വിലപേശല്‍ നടത്തുന്ന കടല്‍ക്കൊള്ള സംഘങ്ങളും പാര്‍ലമെന്റ്‌ മന്ദിരം വരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്‌ നാം ഇന്നു കാണുന്നുണ്ട്‌. ചാവേര്‍ ഭടന്മാരാകാന്‍ മടിയില്ലാത്ത നൂറുകണക്കിനു മനുഷ്യരുള്ള ഇന്നത്തെ ലോകത്തില്‍ അതൊക്കെ സംഭവിക്കുകയെന്നതു വലിയ കാര്യമൊന്നുമല്ല. ആ നിലയില്‍ ഏതു പട്ടാളത്തിനും പോലീസിനും സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൂടായ്‌കയില്ല. ഈ പശ്‌ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനു വളരെ ബൃഹത്തായ പരിപാടികള്‍തന്നെ ആവിഷ്‌കരിക്കാന്‍ ഒടുവില്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകും. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ സമ്പദ്‌ശേഖരത്തില്‍ ഗണ്യമായ ഭാഗം സ്വര്‍ണക്കട്ടികളും മറ്റുമാണ്‌. സ്വര്‍ണക്കട്ടികള്‍ക്കു ചരിത്രപരമായ പ്രാധാന്യമില്ല. അതുപോലെ, ചരിത്രപ്രാധാന്യമുള്ള മറ്റു സാമഗ്രികളും ഉണ്ട്‌. അത്തരം വസ്‌തുക്കള്‍ അവിടെനിന്നു കൂടുതല്‍ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറ്റി സംരക്ഷിച്ചു നിര്‍ത്തേണ്ടതായിവരും. അല്ലെങ്കില്‍ ആ സമ്പത്ത്‌ ജനക്ഷേമപരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ കഴിയുമോ എന്നും സുചിന്തിതമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതായിവരും.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും വലിയ നിധിശേഖരം എങ്ങനെയാണ്‌ എത്തിച്ചേര്‍ന്നത്‌? അതിനു ചരിത്രകാരന്മാര്‍ ഏറെ കാരണങ്ങള്‍ പറയുന്നുണ്ട്‌. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വേണാട്‌ എന്ന ചെറിയ നാട്ടുരാജ്യത്തിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. വേണാടില്‍നിന്നു കയറ്റി അയച്ചിരുന്ന ചുക്ക്‌, കുരുമുളക്‌ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ക്കു വിലയായി കിട്ടിയ സ്വര്‍ണവും സ്വര്‍ണനാണയങ്ങളും സൂക്ഷിക്കാന്‍ കണ്ടെത്തിയ സുരക്ഷിതമായ ഇടം ഈ നിലവറകളായിരുന്നു. അത്‌ ഈ വലിയ ശേഖരത്തിന്റെ നിസാരഭാഗമേ ആകുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒരുലക്ഷത്തോളം കോടി രൂപ വിലമതിക്കുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗവും വേണാടിലേയും പിന്നീടു രൂപമെടുത്ത തിരുവിതാംകൂര്‍ രാജ്യത്തേയും രാജാക്കന്മാര്‍ അതിന്റെ പ്രാന്തപ്രദേശങ്ങളിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വത്തുക്കളായിരുന്നു. മാര്‍ത്താണ്ഡവര്‍മ രാജാവിന്റെയും രാമയ്യര്‍ ദളവയുടെയും നേതൃത്വത്തില്‍ ആറ്റിങ്ങല്‍, ദേശിംഗനാട്‌, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശേരി എന്നീ കൊച്ചു നാട്ടുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കൊണ്ടുവന്നതാണ്‌ ഈ സമ്പത്തിന്റെ ഗണ്യമായ ഭാഗവുമെന്നു ചരിത്രരേഖകള്‍ പറയുന്നു. അയല്‍ രാജ്യങ്ങളില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്കിടയില്‍ അവിടത്തെ പട്ടാളക്കാരേയും ഒട്ടനവധി പ്രജകളേയും കൊലപ്പെടുത്തിയതിനുശേഷമാണ്‌ അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ സ്വത്തു മുഴുവന്‍ കവര്‍ന്നെടുത്തത്‌. അതിന്റെ പാപഭാരത്തില്‍നിന്നു വിമുക്‌തി നേടുന്നതിനുവേണ്ടി രാജാക്കന്മാര്‍ ആ സ്വത്തു സമ്പത്തുക്കളുടെ ഗണ്യമായ ഭാഗവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഈ നാട്ടുരാജ്യങ്ങളില്‍ ചെമ്പകശേരി രാജ്യത്തിന്റെ ഭരണം ബ്രാഹ്‌മണരായ രാജാക്കന്മാരാണു നടത്തിയത്‌. തിരുവിതാംകൂറിന്റെ നെല്ലറയായ കുട്ടനാട്‌, തീരദേശപ്രദേശമായ പുറക്കാട്‌ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ചെമ്പകശേരി രാജ്യം. രാജാവിനേയും ഭടന്മാരേയും കൊലപ്പെടുത്തിയായിരുന്നു ആ രാജ്യം കീഴടക്കിയത്‌. ബ്രാഹ്‌മണഹത്യയെന്നതു കൊടുംപാതകമായിരുന്നതുകൊണ്ട്‌ അതിന്റെ പാപപരിഹാരമെന്ന നിലയില്‍, അവിടെനിന്നു കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വര്‍ണവും രത്നവുമടങ്ങിയ വമ്പിച്ച സമ്പത്തു മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണുണ്ടായത്‌.

അതുപോലെതന്നെ, മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത്‌ വമ്പിച്ച സ്വത്തുക്കള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കുകയുണ്ടായി. ടിപ്പുവിന്റെ പടയോട്ടവേളയില്‍ വടക്കന്‍ കേരളത്തില്‍നിന്നു സമ്പന്നമായ ഒട്ടനവധി നമ്പൂതിരി കുടുംബങ്ങളിലെ അംഗങ്ങള്‍ തെക്കോട്ടു പലായനം ചെയ്യുകയാണുണ്ടായത്‌. കൈയില്‍ എടുക്കാവുന്നത്ര സ്വര്‍ണവും രത്നങ്ങളുമായി ഓടി രക്ഷപ്പെട്ട ഈ നമ്പൂതിരിമാര്‍ക്കു തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മരാജാവാണ്‌ അഭയം നല്‍കിയത്‌. അവര്‍ കൊണ്ടുവന്ന സ്വര്‍ണസമ്പത്തത്രയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനാണു സമര്‍പ്പിച്ചത്‌. അതോടൊപ്പംതന്നെ ടിപ്പുവിന്റെ ആക്രമണം തിരുവിതാംകൂര്‍ രാജ്യത്തുമുണ്ടാകുമെന്ന ഭയത്താല്‍ രാജവംശത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണസമ്പത്തും ക്ഷേത്രത്തിന്റെ നിലവറകളിലേക്കു മഹാരാജാവ്‌ മാറ്റുകയുണ്ടായിയത്രേ. പക്ഷേ, ടിപ്പു തന്റെ പടയോട്ടം നിര്‍ത്തിയതുകൊണ്ട്‌ തിരുവിതാംകൂറും മറ്റും അതിനു വിധേയമായില്ല.

അതുകൊണ്ടാണ്‌ കൊടുംപാപത്തിന്റേയും തീരാദുഃഖത്തിന്റേയും കറപുരണ്ടതാണ്‌ ഈ നിധിയുടെ അധികഭാഗവുമെന്ന വിമര്‍ശനമുണ്ടായിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം ജനക്ഷേമകരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കേണ്ടതു കാലോചിതമായിരിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒന്നുകില്‍ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ആകാശത്തിലൂടെ പോകുന്ന ഒരു സൂപ്പര്‍ ഹൈവേ നിര്‍മിക്കാം, അല്ലെങ്കില്‍ ഗുജറാത്തില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതുപോലെ സൂര്യപ്രകാശം ഉപയോഗിച്ചുള്ള ഒരു വന്‍കിട വിദ്യുച്‌ഛക്‌തിനിലയം സ്‌ഥാപിക്കാം. എന്നുവച്ചാല്‍ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ വിദ്യുച്‌ഛക്‌തി ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം. അങ്ങനെ പലേ പലേ ജനക്ഷേമകരമായ പദ്ധതികള്‍ ഉണ്ടല്ലോ?

ഇതിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നിരിക്കുന്നത്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വമ്പിച്ച സമ്പത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരിക്കും. ചരിത്രപ്രാധാന്യമുള്ളത്‌ ഒഴിച്ചുള്ള സ്വര്‍ണക്കട്ടികളുടെ ഒരു ഭാഗം വാസ്‌തവത്തില്‍ ഇതിനു ചെലവഴിച്ചുകളയേണ്ടിവരികയുമില്ല. കാരണം, അവ സര്‍ക്കാര്‍ ഉടമയിലുള്ള ധനകാര്യ സ്‌ഥാപനങ്ങളില്‍ പണയപ്പെടുത്തിത്തന്നെ ഇതിനുള്ള തുകയുണ്ടാക്കാവുന്നതേയുള്ളൂ. അത്തരം പദ്ധതികളില്‍നിന്നുള്ള വരുമാനംകൊണ്ട്‌ കാലക്രമത്തില്‍ ആ പണയബാധ്യത നിറവേറ്റുവാനും കഴിയും. അതോടൊപ്പംതന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഹിന്ദുരാജാക്കന്മാരാണു തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്നതെന്ന ചരിത്ര യാഥാര്‍ഥ്യം കണക്കിലെടുത്ത്‌ സനാതനധര്‍മപഠനത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വവിദ്യാപീഠം എന്ന ബൃഹത്തായ ഒരു അന്തര്‍ദേശീയ സര്‍വകലാശാല, മറ്റു ധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുന്നതിനും ഈ സമ്പത്ത്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. അതിനെല്ലാം ഈ സമ്പത്തിന്റെ ഒരംശം മാത്രമേ വേണ്ടിവരൂ എന്നതു മറ്റൊരുകാര്യം.

ഈ കാര്യങ്ങളിലെല്ലാം അനാവശ്യ തര്‍ക്കങ്ങളും മറ്റുമുണ്ടാക്കി കാലവിളംബം വരുത്തുന്നത്‌ ഒടുവില്‍ പുരാവസ്‌തു സംരക്ഷണത്തിന്റേയും പൈതൃക സംരക്ഷണത്തിന്റേയുമെല്ലാം പേരില്‍ ഈ അമൂല്യ സമ്പത്ത്‌ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേ അവസാനം ചെന്നെത്തുകയുള്ളൂ. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരങ്ങള്‍ നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ രാജ്യത്തു നിലവിലുണ്ട്‌ എന്ന വസ്‌തുത തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ വിസ്‌മരിക്കുകയും അരുത്‌.

ഇന്ത്യ നടത്തേണ്ടത്‌ പ്രത്യാക്രമണം

കാഞ്ചന്‍ഗുപ്ത: ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണിയും വെല്ലുവിളിയും ഒരുപോലെ നേരിടുന്ന രണ്ട്‌ രാജ്യങ്ങളാണ്‌. ഈ ഭീഷണിയെ നേരിടുന്നതില്‍ ഇസ്രായേല്‍ “ഉന്നമിട്ട കൊലപാതക”ങ്ങളും ചൂടന്‍ പിന്തുടരലുകളും നടത്തി അസാമാന്യമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പാക്കിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ കഴിഞ്ഞ ഒസാമ ബിന്‍ലാദനെ വധിക്കുകവഴി “ഉന്നമിട്ട്‌ കൊലപ്പെടുത്തുക” എന്ന മാര്‍ഗം അമേരിക്കയും അനുകരിച്ചിരിക്കയാണ്‌. ഭീകരതയെ നേരിടുന്നതില്‍ അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ പലരും എതിര്‍ക്കുന്നുണ്ട്‌. നിരായുധരായ ശത്രുക്കളെ കൊലപ്പെടുത്തുന്നതിന്റെ നിയമസാധുതയെയും ധാര്‍മികതയെയും അവര്‍ ചോദ്യം ചെയ്യുന്നു. യുഎന്‍ മനുഷ്യാവകാശസമിതി ഒസാമ കൊല്ലപ്പെടുമ്പോള്‍ അയാള്‍ നിരായുധനായിരുന്നുവെന്ന്‌…..

മാര്‍ക്ക്സോഫര്‍: വേള്‍ഡ്ട്രേഡ്‌ സെന്ററില്‍ കൊല്ലപ്പെട്ട 1700 പേര്‍, മാഡ്രിഡ്‌ റെയില്‍വേ സ്റ്റേഷനിലെ നൂറുകണക്കിനാളുകള്‍, മൊറോക്കോക്കാര്‍ ഇവരൊക്കെ ഒസാമയേക്കാള്‍ കൂടുതല്‍ നിരായുധരായിരുന്നു. ഒസാമ ബിന്‍ലാദന്‍ മറ്റുള്ളവരുടെ പക്കല്‍ ആയുധമുണ്ടോ ഇല്ലയോ എന്ന്‌ ചിന്തിച്ച്‌ വിഷമിച്ചിരുന്നുവെന്ന്‌ ഞാന്‍ കരുതുന്നില്ല. അയാള്‍ വെറുതേയങ്ങ്‌ കൊല്ലുക മാത്രമായിരുന്നു. ഒസാമയുടെ കൈയില്‍ കത്തിയുണ്ടായിരുന്നോ, അയാള്‍ക്ക്‌ ശരിയായ ശവസംസ്ക്കാരം കിട്ടിയോ, എന്തിനയാളെ കടലില്‍ സംസ്ക്കരിച്ചു ഈവക ചോദ്യങ്ങള്‍ കേട്ട്‌ ഞാന്‍ അന്തംവിട്ടുപോയി. അയാള്‍ ലോകത്തിലെ ഏറ്റവും ഹീനമായ കൊലപാതകിയായിരുന്നു. ജനങ്ങളെ കൂട്ടക്കൊല നടത്താന്‍ സ്വജീവിതം സമര്‍പ്പിച്ചവന്‍ ആണയാള്‍. ഒന്നാംനമ്പര്‍ അന്തര്‍ദേശീയ കൊലയാളി. ഇന്ന്‌ അയാള്‍ നമ്മോടൊപ്പമില്ല, സത്യം പറഞ്ഞാല്‍ ഇന്ന്‌ ലോകം അല്‍പ്പംകൂടി മികച്ച ഒരു സ്ഥലമാണ്‌. നിഷേധാത്മകമായി അതില്‍ എന്തെങ്കിലും കാണുവാന്‍ പ്രയാസമുണ്ട്‌.

കാഞ്ചന്‍ ഗുപ്ത: എങ്കിലും, ഭീകരതയെ പരാജയപ്പെടുത്താന്‍ ഉന്നംവെച്ചുള്ള കൊലപാതകങ്ങള്‍ നടത്തുന്നതിന്റെ ധാര്‍മിക-നിയമപ്രശ്നങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച്‌?
മാര്‍ക്ക്‌ സോഫര്‍: ഉന്നംവെച്ചുള്ള കൊലപാതകങ്ങളുടെ നിയമപരതയെക്കുറിച്ച്‌ ഇസ്രായേലില്‍ തുറന്ന ചര്‍ച്ച വര്‍ഷങ്ങളോളം നടന്നിട്ടുണ്ട്‌. അത്‌ യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുമോ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്‌. ഭീകരതയെ തടുക്കാനുള്ള വിവിധ മാര്‍ഗങ്ങളിലൊന്ന്‌ മാത്രമാണ്‌. ഭീകരതക്കെതിരെയുള്ള യുദ്ധം ബഹുമുഖമാകണം. അതിന്‌ ഒരു ആക്രമികഭാവവും വേണം. കാരണം, ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളാണ്‌ അവന്മാര്‍ മുതലെടുക്കുന്നത്‌. സുരക്ഷാ പാളിച്ചകളിലാണ്‌ അവന്മാരുടെ കണ്ണ്‌. നിങ്ങളുടെ ജാഗ്രതാ സംവിധാനം അയവുള്ളതാകാന്‍ അവര്‍ കാത്തിരിക്കയാണ്‌- കൂട്ടക്കൊല നടത്താന്‍!

കാഞ്ചന്‍ ഗുപ്ത: പ്രതിരോധവും പ്രത്യാക്രമണവും കൂടാതെ മറ്റുചില വശങ്ങളും ഭീകരവിരുദ്ധ പോരാട്ടത്തിനില്ലേ?
മാര്‍ക്ക്‌ സോഫര്‍: തീര്‍ച്ചയായും, അവരുടെ സാമ്പത്തികസ്രോതസുകളും രാഷ്ട്രീയ പിന്തുണയും തടയേണ്ടതുണ്ട്‌. ഇസ്രായേലികളെ കൊല്ലുന്ന ഹമാസിന്‌ സഹായം കിട്ടുന്നത്‌ എവിടെ നിന്നെന്ന്‌ ഞാന്‍ പറയാം. ഇറാനില്‍നിന്നും സിറിയയില്‍നിന്നും ഹമാസ്‌ ഒസാമയുടെ വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്‌. ലഷ്കറെ തൊയ്ബയും.

കാഞ്ചന്‍ ഗുപ്ത: ലഷ്കറെ തൊയ്ബ ഞങ്ങളുടെ അയലത്തെ ഹമാസാണ്‌.
മാര്‍ക്ക്‌ സോഫര്‍: ഈ സംഘടനകള്‍ തമ്മില്‍ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. ഹമാസ്‌, ലഷ്കര്‍, അല്‍ഖ്വയ്ദ ഇവക്കൊക്കെ തീവ്ര രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്‌, ആ ലക്ഷ്യങ്ങള്‍ നേടാന്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ അവര്‍ തല്‍പ്പരരുമാണ്‌. ഈ മൂന്നിനുമെതിരെ സംയുകമായ ആക്രമണം ആവശ്യമാണ്‌. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക്‌ ആരാണ്‌ പണം നല്‍കിയത്‌? ആരാണവര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കിയത്‌? അവര്‍ക്ക്‌ ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നതാണ്‌? ഹമാസിന്‌ പണം നല്‍കുന്നത്‌ സിറിയ ആണെന്ന്‌ ഞങ്ങള്‍ക്കറിയാം.

കാഞ്ചന്‍ ഗുപ്ത: ഇസ്രായേലിനെ പഠിക്കണമെന്നും, ഭീകരര്‍ രാജ്യത്തെ ആക്രമിക്കുന്നത്‌ തടയാന്‍ ‘ഉന്നമിട്ടുള്ള കൊലപാതകങ്ങള്‍’ നടത്തണമെന്നും പറയുന്ന ഒരുപാടുപേര്‍ ഇന്ത്യയിലുണ്ട്‌.
മാര്‍ക്ക്‌ സോഫര്‍: അത്‌ ചിന്തിച്ച്‌ ചെയ്യേണ്ട കാര്യമാണ്‌. മധ്യപൂര്‍വ ദേശത്ത്‌ ഈ മാര്‍ഗം വിജയിച്ചിട്ടുണ്ട്‌. ഇവിടെയും അത്‌ ഫലപ്രദമാകും.
കാഞ്ചന്‍ ഗുപ്ത: എവിടെയും ഏത്‌ ഗ്രൂപ്പിലും ഭീകരതക്ക്‌ പൊതുവായ ചില ഘടകങ്ങളുണ്ട്‌….
മാര്‍ക്ക്‌ സോഫര്‍: ഇസ്ലാമിക്‌ ഭീകരതക്ക്‌ ഞാന്‍ എടുത്തുപറയട്ടെ, ഇസ്ലാമിക്‌ അല്ല ഇസ്ലാമിസ്റ്റ്‌ പൊതുവായ ചില തത്വങ്ങളുണ്ട്‌, ഏത്‌ ഗ്രൂപ്പായാലും; ഉദാഹരണത്തിന്‌ നിരപരാധികളായ ബഹുജനങ്ങളെ വിവേചനരഹിതമായി കൊന്നൊടുക്കല്‍, അവരുടെ തീവ്രവാദപരമായ നിലപാടുകളോട്‌ യോജിക്കാത്ത സകലരെയും കൊന്നൊടുക്കാന്‍- അല്ലാഹുവിന്റെ നാമം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്ത്‌- തങ്ങള്‍ക്ക്‌ ദൈവദത്തമായ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കല്‍.

കാഞ്ചന്‍ ഗുപ്ത: ഇസ്രായേലിന്‌ ഇത്ര കാര്യക്ഷമമായി ഭീകരതയെ തളയ്ക്കുവാന്‍ കഴിയുമ്പോള്‍ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ അത്‌ സാധിക്കാത്തതെന്ത്‌ എന്ന്‌ ഞാന്‍ അതിശയിക്കാറുണ്ട്‌.

മാര്‍ക്ക്‌ സോഫര്‍: അത്‌ നല്ലൊരു ചോദ്യമാണ്‌. പക്ഷേ ദക്ഷിണേഷ്യന്‍ സംഘര്‍ഷവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. ഇന്ത്യക്ക്‌ സ്വതന്ത്രവും ധീരവുമായ തീരുമാനങ്ങളെടുക്കാന്‍ തടസങ്ങളുണ്ട്‌.

കാഞ്ചന്‍ ഗുപ്ത: ഭീകരതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയും ഇസ്രായേലും പങ്കുവെക്കുന്നുണ്ടോ?
മാര്‍ക്ക്‌ സോഫര്‍: ദൈനംദിന വ്യവസ്ഥയില്ല. എങ്കിലും പൊതുവായ തലത്തിലുണ്ട്‌. ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങള്‍ 1992-ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം അതിവേഗം പുരോഗമിച്ചിട്ടുണ്ട്‌. മാധ്യമങ്ങള്‍ സൈനിക-പ്രതിരോധതലത്തിലുള്ള ഇടപാടുകള്‍ക്ക്‌ ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നു. ഇതിലും വളരെ വിപുലമാണ്‌ ഇസ്രായേല്‍-ഇന്ത്യാ ബന്ധങ്ങള്‍. ഞാന്‍ ഇവിടെ വരുമ്പോള്‍ പരസ്പര വ്യാപാരം 3.2 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത്‌ അഞ്ച്‌ ബില്യണ്‍ ഡോളറിലേക്ക്‌ കുതിച്ചിരിക്കുന്നു. അത്‌ സൈനികേതര ഇടപാടുകളാണ്‌. പ്രതിരോധ ഇടപാടുകളെക്കുറിച്ച്‌ ഞാന്‍ പറയില്ല. സിവിലിയന്‍ വ്യാപാരത്തില്‍ ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ്‌ ഇന്ത്യ. അടുത്തുതന്നെ ഇന്ത്യയുമായി ഞങ്ങള്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുന്നുണ്ട്‌. അതോടെ, കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപാരം പതിനഞ്ചോ ഇരുപതോ ബില്യണ്‍ ഡോളറാകും.

കാഞ്ചന്‍ ഗുപ്ത: വ്യാപാരത്തിന്‌ പുറമെ, കാര്‍ഷിക രംഗത്തെ സഹകരണം….
മാര്‍ക്ക്‌ സോഫര്‍: അതെ, അത്‌ വളരെ പ്രധാനമെന്ന്‌ ഞാന്‍ കരുതുന്നു. മൂന്നില്‍ രണ്ട്‌ ഇന്ത്യക്കാര്‍ കാര്‍ഷികരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിതയ്ക്കുന്നതിന്‌ മുമ്പുതൊട്ട്‌ കൊയ്ത്തിനുശേഷം വരെയുള്ള കാര്‍ഷികവൃത്തിയുടെ സകല വശങ്ങളെക്കുറിച്ചും നമുക്ക്‌ പരസ്പരം പഠിക്കാനുണ്ട്‌. ഇസ്രായേലിന്റെ, ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക സഹകരണ പദ്ധതികള്‍ ഇവിടെ ഇന്ത്യയിലാണ്‌. പക്ഷേ അത്‌ വാര്‍ത്തയാകുന്നില്ല. ഹരിയാനയില്‍ ആരംഭിച്ചിരിക്കുന്ന വൈശിഷ്ട്യ കേന്ദ്രത്തില്‍, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുരൂപമാക്കിയ ഇസ്രായേലി കാര്‍ഷിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ കര്‍ഷകര്‍ അഹമഹമികയാ എത്തുന്നു: ജലസേചനവിദ്യകള്‍, വിളകള്‍ കൃഷി ചെയ്യാനുള്ള പുതിയ രീതികള്‍, വിളകള്‍ മാറിമാറി കൃഷി ചെയ്യല്‍, ഗ്രീന്‍ ഹൗസുകളില്‍ ചെടികള്‍ വളര്‍ത്തുന്നത്‌ അങ്ങനെയങ്ങനെ. ഇതുപോലുള്ള ഇസ്രായേലി കാര്‍ഷികകേന്ദ്രങ്ങള്‍ രാജസ്ഥാനിലും മഹാരാഷ്ട്രയിലുമുണ്ട്‌. തമിഴ്‌നാട്ടില്‍ ഉടനെ ആരംഭിക്കും. അനന്തമായ സാധ്യതകളാണ്‌ കാര്‍ഷികമേഖലയില്‍.

കാഞ്ചന്‍ ഗുപ്ത: കാര്‍ഷികരംഗത്തെ സഹകരണത്തിനപ്പുറം:
മാര്‍ക്ക്‌ സോഫര്‍: ക്ഷീരവികസനരംഗത്തെ ഇസ്രായേലില്‍ ഇന്ത്യ സഹകരണം ശ്രദ്ധിക്കൂ. ചൂടുള്ള കാലാവസ്ഥയിലും ഒരു ഇസ്രായേലി പശു 36 ലിറ്റര്‍ പാല്‍ ചുരത്തും. ഒരു ഇന്ത്യന്‍ പശുവിന്‌ അത്രയും ഉല്‍പ്പാദനശേഷി കൈവരിക്കാനാകുമോ? അതത്ര പ്രയാസമുള്ള കാര്യമല്ല. ക്ഷീരവികസനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക്‌ കൈമാറാന്‍ ഞങ്ങള്‍ക്ക്‌ മടിയില്ല.
സ്വകാര്യ ഇസ്രായേല്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കയാണ്‌, ചെറിയ രീതിയില്‍ അല്ല, ഭീമമായ പദ്ധതികളാണവയ്ക്ക്‌. അതാണ്‌ ഏറ്റവും നല്ലതും. ഇന്ത്യയില്‍ ക്ഷീരോല്‍പ്പാദന സാങ്കേതികവിദ്യക്ക്‌ ആവശ്യക്കാരേറെ. ഒരു പശുവോ രണ്ട്‌ എരുമകളോ ഉള്ള ചെറുകിട കര്‍ഷകര്‍ ഇന്ത്യയില്‍ ധാരാളം. ഇന്ന്‌ ലഭിക്കുന്നതിനേക്കാന്‍ മൂന്നിരട്ടി പാല്‍ ദിനവും അവര്‍ക്ക്‌ ലഭിച്ചാല്‍ അവര്‍ ഇന്നത്തേക്കാള്‍ മൂന്നിരട്ടി സമ്പന്നരാകും. ഇത്തരം കാര്യങ്ങളാണ്‌ എന്നെ ആവേശഭരിതനാക്കുന്നത്‌.

കാഞ്ചന്‍ ഗുപ്ത: ഞങ്ങള്‍ക്ക്‌ ഇസ്രായേലില്‍നിന്നും ജലവിനിയോഗം, മലിനജലത്തിന്റെ ശുദ്ധീകരണം എന്നിവയില്‍ ഏറെ പഠിക്കാനുണ്ട്‌….
മാര്‍ക്ക്‌ സോഫര്‍: ലോകത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വെള്ളം മാറുകയാണ്‌. കേക്ക്‌, സാന്‍ഡ്‌വിച്ച്‌, ബിസ്ക്കറ്റ്‌ ഇത്യാദികളില്ലാതെ നിങ്ങള്‍ക്ക്‌ കഴിയാനാകും. പക്ഷേ വെള്ളമില്ലാതെ പറ്റില്ല. ജലവിഭവത്തെ കാര്യക്ഷമമായി വിനിയോഗിക്കല്‍, ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവയാണ്‌ നിര്‍ണായകമാകുന്നത്‌. ഇസ്രായേലില്‍ ഞങ്ങള്‍ മലിനജലത്തിന്റെ 70 ശതമാനം കൃഷിക്ക്‌ ഉപയോഗിക്കുന്നു. മലിനജലത്തെ ശുദ്ധീകരിക്കാനുള്ള പുത്തന്‍ സാങ്കേതികവിദ്യ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. മലിനജലം റീസൈക്കിള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ ലോകത്ത്‌ ഒന്നാമതാണ്‌. ഇത്‌ മലിനജലം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കുവാന്‍ സഹായിക്കുകയും കാര്‍ഷികോല്‍പ്പാദനത്തിന്‌ സംഭാവന നല്‍കുകയും ചെയ്യും. ഇന്ത്യയുമായി ഇക്കാര്യത്തിലുള്ള സഹകരണം വളരെ സാധ്യതകള്‍ നിറഞ്ഞതാണ്‌.

കാഞ്ചന്‍ ഗുപ്ത: ഈ നല്ല സംഭാഷണത്തിന്‌ നന്ദി. മിസ്റ്റര്‍ സോഫര്‍ അങ്ങേയ്ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.
മാര്‍ക്ക്‌ സോഫര്‍: നന്ദി, എന്റെ ഇന്ത്യാ വാസകാലത്തെ ഒരുപിടി നല്ല ഓര്‍മകളുമായാണ്‌ ഞാന്‍ സ്വരാജ്യത്തേക്ക്‌ തിരികെ പോകുന്നത്‌.

Sunday, July 31, 2011

ഘട്ടം ഘട്ടമായി...

ഇന്ദ്രന്‍

വര്‍ഷാവര്‍ഷം നടക്കുന്ന ആഘോഷമാണ് മദ്യനയപ്രഖ്യാപനം. പോലീസ് വകുപ്പിലോ വിദ്യാഭ്യാസ വകുപ്പിലോ ഒന്നുമില്ലാത്ത ഈ പ്രഖ്യാപനം എന്തിനാണ് മദ്യവകുപ്പില്‍ മാത്രം എന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ പിടിപാടൊന്നുമില്ല. അഞ്ചാറുപേജേ നയരേഖ കാണൂ. ഷാപ്പിന്റെ എണ്ണം കുറയ്ക്കും അല്ലെങ്കില്‍ കൂട്ടും, കിസ്ത് കൂട്ടും എന്നുതുടങ്ങിയ ചില അല്ലറചില്ലറ കാര്യങ്ങളേ അതിലുണ്ടാവാറുള്ളൂ. നയത്തിന് മീതെ പറക്കുന്ന അബ്കാരി പരുന്തുകളുടെ ആവശ്യാര്‍ഥം നിയമത്തില്‍ മാറ്റംവരുത്താന്‍ എകൈ്‌സസ് മന്ത്രിക്ക് കിട്ടുന്ന ചാന്‍സാണ് മദ്യനയപ്രഖ്യാപനം.

മദ്യനയം പ്രഖ്യാപിച്ചാല്‍ ഉടനെ മാധ്യമങ്ങള്‍, മതമേധാവികള്‍, സാമൂഹികസംഘടനകള്‍, മദ്യവര്‍ജനസംഘടനക്കാര്‍, വി.എം. സുധീരന്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും അതില്‍ ഇടപെടണമെന്നാണ് വ്യവസ്ഥ. വിവാദങ്ങളുടെ പുകിലാവും കുറച്ചുനാള്‍. പ്രമേയങ്ങള്‍, ഉപവാസങ്ങള്‍, ചില്ലറ ജാഥകള്‍ തുടങ്ങിയവയുമുണ്ടാകും. ഹര്‍ത്താലൊന്നും ഉണ്ടാകില്ല. അബ്കാരികളുടെ ജനസേവനത്തിന് തടസ്സമാകുന്ന വ്യവസ്ഥകള്‍ വല്ലതും നയരേഖയില്‍ അബദ്ധത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അവ മാറ്റും. കുറച്ച് പണച്ചെലവുള്ള സംഗതിയാണത്. എന്തായാലും കോലാഹലം അധികനാള്‍ തുടരില്ല. വികലാംഗനായ ഭിക്ഷക്കാരന്‍ വടിയും കുത്തി നടന്നുപോകുമ്പോള്‍ ബഹളംവെച്ച് തെരുവുനായ്ക്കള്‍ പിറകെ പോകുമല്ലോ. ഭിക്ഷക്കാരന്‍ അവറ്റകളെ മൈന്‍ഡ് ചെയ്യില്ല. ഇങ്ങനെ എത്ര നായ്ക്കളെ കണ്ടിരിക്കുന്നു എന്ന ഭാവം. കുറച്ചുദൂരം ചെന്ന് നായ്ക്കള്‍ നിശ്ശബ്ദം മടങ്ങും. അടുത്ത ഭിക്ഷക്കാരന്‍ വരുംവരെ മിണ്ടാതിരിക്കും. വാര്‍ത്താബഹളങ്ങളും അത്തരമാണ്. ഒന്നുമടുത്താല്‍ അടുത്തത് വരാന്‍ കാത്തുനില്‍ക്കും. ഒന്നിനെയും അത് കടിക്കില്ല.

ഒടുവില്‍ കേട്ട പുകിലേറിയ മദ്യനയവിവാദം എ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ വക്കം പുരുഷോത്തമന്‍ എകൈ്‌സസ് മന്ത്രിയായപ്പോഴായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണേ എന്ന് ഒരുപാടുപേര്‍ അലറിവിളിക്കുകയും നെഞ്ചത്തടിക്കുകയുമെല്ലാം ചെയ്‌തെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മദ്യലഭ്യത വര്‍ധിച്ചാല്‍ മദ്യപാനം വര്‍ധിക്കും എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു ഉത്തമപുരുഷന്റെ ഉദ്ദേശ്യം. മദ്യവില്പന പതിവുപോലെ ഇരട്ടിച്ചു. എങ്കിലും ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന മഹനീയാദര്‍ശത്തില്‍ അവര്‍ ലവലേശം വെള്ളം ചേര്‍ക്കുകയുണ്ടായില്ല.സ്വാശ്രയ വിദ്യാഭ്യാസത്തിലെ ഫിഫ്റ്റി ഫിഫ്റ്റി പോലെയാണ് മദ്യനയത്തിലെ ഘട്ടം ഘട്ടം. ഇതും എ.കെ. ആന്റണിയുടെ സംഭാവനയാണ്. 2001-ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ''സമ്പൂര്‍ണ മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കും'' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ ശൈലി ലേശമൊന്നുമാറ്റി, പടി പടിയായി എന്നു ലഘുവാക്കും. അത്രമാത്രം. എന്താണ് പ്രായോഗിക ബുദ്ധിമുട്ടെന്നോ? വ്യാജന്‍ കൊഴുക്കും, അതന്നെ പ്രശ്‌നം. വ്യാജന്‍ തടയാന്‍ എകൈ്‌സസ് വകുപ്പുണ്ടല്ലോ എന്ന് ചോദിച്ചേക്കും. നടപ്പില്ല. നമ്മുടെ എകൈ്‌സസിന്റെ ഏട്ടന്‍ എകൈ്‌സസുകാരാണ് അമേരിക്കയിലേത്. അവര്‍ക്ക് കഴിഞ്ഞിട്ടില്ല ഇത് സാധിച്ചെടുക്കാന്‍. 1920 കാലത്ത് അമേരിക്ക പരീക്ഷിച്ചതാണ് സമ്പൂര്‍ണ മദ്യനിരോധനം. വൈനും ബിയറും പോലും അനുവദനീയമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകാതെ അതിനുള്ള പ്രതിവിധി കണ്ടെത്തി. മുന്തിരിച്ചാറുകുപ്പികളില്‍ മുന്നറിയിപ്പായി എഴുതിവെച്ചു - ഇന്നയിന്ന കാര്യങ്ങളൊന്നും അബദ്ധത്തില്‍ ചെയ്തുപോകരുത് - ചെയ്താല്‍ സംഗതി ലഹരിയാകും, കേസ്സാകും. ജനം അത് കൃത്യമായി ചെയ്യുകയും കാല് കുഴയുംവരെ കുടിക്കുകയും ചെയ്തുപോന്നു. വൈന്‍കുടി പഴയതിന്റെ മൂന്നിരട്ടിയായി. കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവിസ്തൃതി ഒരു ലക്ഷം ഏക്കര്‍ ആയിരുന്നത് ഏഴുലക്ഷമായി. നിരോധനത്തിന് മുമ്പ് ന്യൂയോര്‍ക്കില്‍ 15,000 മദ്യവില്പന ശാലകള്‍ ഉണ്ടായിരുന്നത് അതിനുശേഷം ഇരട്ടിയായി - അനധികൃതമദ്യശാലകളായിരുന്നു എന്ന വ്യത്യാസമേ ഉള്ളൂ. വിഷവാറ്റല്ല വിറ്റത് എന്നുമാത്രം. ആരും മരിച്ചില്ല. എന്നിട്ടും സംഗതി അവര്‍ വൈകാതെ ഉപേക്ഷിച്ചു. നിരോധിച്ച കാലത്ത് ഉണ്ടായിരുന്നത്ര മദ്യാസക്തിയൊന്നും ഇപ്പോള്‍ ആ രാജ്യത്തില്ലത്രെ. നമ്മുടെ ചാരായനിരോധനവും ഇതുപോലൊരു പരീക്ഷണമായിരുന്നു. നിരോധനം കൊണ്ട് മദ്യവില്പനയും വരുമാനവും കൂടി. ചാരായത്തില്‍ ഒരു വിഷമേ ഉള്ളൂ. വില കുറഞ്ഞ വിദേശമദ്യത്തില്‍ ലഹരി, നിറം, മണം എന്നിവയ്ക്ക് വേണ്ടി വേറെ വേറെ വിഷങ്ങള്‍ ചേര്‍ക്കണം.

ഘട്ടം ഘട്ടം എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കലാണ് നമുക്ക് സൗകര്യപ്രദം. എത്ര ഘട്ടമെന്ന് ഇപ്പോള്‍ പറയേണ്ടതില്ല. നൂറുഘട്ടമാകാം, ആയിരമാകാം, ലക്ഷം ലക്ഷമാകാം. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന താളത്തില്‍ ശാസ്ത്രീയമായാണ് സംഗതി പോകുന്നത്. അതുകൊണ്ട് ലക്ഷണമനുസരിച്ച് പതിനായിരം കൊല്ലം കൊണ്ടെങ്കിലും സമ്പൂര്‍ണമദ്യനിരോധനം നേടിയെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. വ്യാജനെ എന്തുചെയ്യും? എന്തായാലും അതിന് ഇനി കാലം കുറെ പോവണമല്ലോ. ദൈവം എന്തെങ്കിലും വഴികാട്ടുമായിരിക്കും. ജനാധിപത്യമായതുകൊണ്ട് വേറൊരു സാധ്യതയുണ്ട്. മദ്യ ഉപഭോക്താക്കളുടെ എണ്ണം നാല്പത് അമ്പത് ശതമാനമെത്തിയാല്‍ അവര്‍ക്ക് ഭൂരിപക്ഷമാകും. വല്ല ഹിതപരിശോധനയോ മറ്റോ നടത്തി ഈ ഘട്ടം ഘട്ടത്തിന്റെയും മദ്യനിരോധനത്തിന്റെയും ഏര്‍പ്പാട് എന്നെന്നേക്കുമായി അവസാനിപ്പിക്കാം.

പുതിയ സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ വെടിക്കെട്ടുകളൊന്നും കാര്യമായി ഉണ്ടായില്ല. പ്രസ്താവനകള്‍ക്ക് കുറവുണ്ടായില്ലെന്നത് ശരി. എകൈ്‌സസ് മന്ത്രിമാരുടെ പതിവ് ടെക്‌നിക്കുകള്‍ പുറത്തെടുക്കാനുള്ള സാമര്‍ഥ്യവും സാവകാശവുമൊന്നും മന്ത്രി ബാബു ആര്‍ജിച്ചുകഴിഞ്ഞിരിക്കില്ല. അല്പം കടുത്ത പ്രയോഗം അദ്ദേഹത്തിന്റെ വകയായി മദ്യനയത്തിലുണ്ട്. വര്‍ധിച്ചുവരുന്ന മദ്യാസക്തി എന്ന ഗുരുതരമായ സാമൂഹിക വിപത്തിനെതിരെ ശക്തമായ വികാരം പൊതുസമൂഹത്തിലുണ്ടെന്നാണ് നയരേഖയിലെ ആദ്യവാചകം തന്നെ. ആ വികാരം ഉള്‍ക്കൊണ്ട് കര്‍ക്കശമായ മദ്യനയം രൂപവത്കരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ ഈ കാര്യത്തില്‍ നയം പ്രഖ്യാപിക്കേണ്ടത് എകൈ്‌സസ് മന്ത്രി തനിച്ചല്ല. മദ്യാസക്തി മൂലമുള്ള രോഗങ്ങളെ നേരിടാന്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെക്കാളേറെ തുക ചികിത്സയ്ക്കായി കേരളം ചെലവഴിക്കുന്നുണ്ട്. എങ്കില്‍ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ എകൈ്‌സസ് മന്ത്രിയുടെ അടുത്ത് ആരോഗ്യമന്ത്രിയും വേണം. ആളുകള്‍ പായസം പോലെ വല്ലപ്പോഴും അരഗ്ലാസ് മദ്യം കഴിക്കുന്നു എന്നതല്ല കേരളത്തിന്റെ പ്രശ്‌നം. ആളുകള്‍ രാവും പകലും കഴിക്കുന്നു എന്നതാണ്. മദ്യത്തിന്റെ ഉപയോഗമല്ല ദുരുപയോഗമാണ് പ്രശ്‌നം. കേരളത്തില്‍ മാത്രം എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് പറയാന്‍ ആരോഗ്യമന്ത്രി മനഃശാസ്ത്രജ്ഞരെക്കൂടി വിളിക്കണം. വര്‍ഷത്തില്‍ ട്രാഫിക് അപകടങ്ങളില്‍ മരിക്കുന്നത് 3300- 3800 പേരാണെങ്കില്‍, അതില്‍ നല്ലൊരുപങ്ക് മദ്യപിച്ചുള്ള ഡ്രൈവിങ് കൊണ്ടാണെങ്കില്‍ മദ്യനയപ്രഖ്യാപനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ മിക്കതും മദ്യപാനത്തില്‍നിന്നുള്ളതാണെന്നുമിരിക്കെ നയപ്രഖ്യാപനത്തിന് നിര്‍ബന്ധമായും ആഭ്യന്തരമന്ത്രി ഉണ്ടായിരിക്കണം. മദ്യാസക്തിയുടെ ദുരന്തവശങ്ങള്‍ വരുംതലമുറയെ എങ്കിലും ബോധവത്കരിച്ചേ തീരൂ എങ്കില്‍, നയപ്രഖ്യാപനത്തില്‍ വിദ്യാഭ്യാസമന്ത്രിയും ഉണ്ടായല്ലേ പറ്റൂ. കുടുംബജീവിതം അപ്പടി തകിടം മറിക്കുന്നത് മദ്യാസക്തിയാണെങ്കില്‍ സാമൂഹികക്ഷേമ മന്ത്രിയും അത് നേരിടുന്നതിനുള്ള പദ്ധതികളുമായി നയപ്രഖ്യാപനത്തിനെത്തണം. ഏതാണ്ടെല്ലാ മന്ത്രിമാര്‍ക്കും ബാധ്യതയുള്ള പ്രശ്‌നം പറയാനാണ് എല്ലാവരും ചേര്‍ന്ന് ഒരു പാവപ്പെട്ട ബാബുമന്ത്രിയെ പറഞ്ഞയച്ചിരിക്കുന്നത്. മഹാപാപം.
 
മദ്യവിരുദ്ധ ബോധവത്കരണത്തിന് രണ്ട് കോടിയാണ് മന്ത്രി വകയിരുത്തിയിരിക്കുന്നത്. നേരത്തേ ഇത് 20 ലക്ഷം മാത്രമായിരുന്നു എന്നത് നേര്. രണ്ട് കോടി രൂപകൊണ്ട് ബോധവത്കരണവും മദ്യനിരോധനം പോലെ ഘട്ടം ഘട്ടമായങ്ങനെ അനന്ത കോടി കാലത്തേക്ക് ഇഴഞ്ഞുപോകുകയേ ഉള്ളൂ. മൂവായിരം കോടി രൂപ കുടിയന്മാരില്‍ നിന്ന് പിരിച്ചിട്ട് ബോധവത്കരണത്തിന് ചെലവാക്കുന്നത് അതിന്റെ 0.067 ശതമാനം മാത്രം !

Wednesday, July 27, 2011

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍

ഡോ. വി.കെ. വിജയകുമാര്‍


 
ഉദാരീകരണ നടപടികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച ബജറ്റിന് 20 വര്‍ഷം തികഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലാണ് അന്നു ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അവതരിപ്പിച്ച ആ ബജറ്റ്


''സാമ്പത്തികശാസ്ത്രത്തില്‍ അത്ഭുതങ്ങളില്ല; ഫലങ്ങള്‍ മാത്രം'' - ജെ.എം. കെയ്ന്‍സ്

1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച പ്രസിദ്ധമായ ബജറ്റ് അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് സര്‍ക്കാറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തിലെ ഒരുഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയം വെക്കുകയും ചെയ്ത 1991-ലെ ഇന്ത്യയല്ല, 2011-ലെ ഇന്ത്യ. പോരായ്മകളേറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന സാമ്പത്തിക വന്‍ശക്തിയായാണ് ഇന്ത്യയെ ഇന്ന് ലോകം കാണുന്നത്. 2030-ഓടെ 20 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (ഇപ്പോള്‍ 1.7 ട്രില്യണ്‍ ഡോളര്‍) കൂറ്റന്‍ സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെട്ട് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ ആ മാറ്റത്തിന് നാന്ദികുറിച്ച നയമാറ്റത്തിലെ നാഴികക്കല്ലായി 20 കൊല്ലം മുമ്പ് അവതരിപ്പിച്ച ആ പ്രസിദ്ധ ബജറ്റിനെ സാമ്പത്തിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.

1930-കളിലെ വന്‍തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും ഇന്ത്യയെ പ്രാപ്തമാക്കിയത് 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു എന്നത് ഇന്ന് ലോകസാമ്പത്തിക മണ്ഡലങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. രാഷ്ട്രീയ-സാമൂഹിക സ്വീകാര്യത വലിയൊരു പരിധിവരെ ഉറപ്പുവരുത്തി ഘട്ടംഘട്ടമായി സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ സമീപനത്തിന് ആഗോളതലത്തില്‍ ഇന്ന് വലിയ അംഗീകാരമുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചതും മുന്നോട്ട് കൊണ്ടുപോയതും പ്രഗല്ഭരായിരുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന വൈ.വി. റെഡ്ഡിയുടെ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ്' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ പ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിസ് എഴുതിയ ഒരു വാചകം, ഇന്ത്യയുടെ ധനകാര്യ മാനേജ്‌മെന്റിന്റെ മേന്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്റ്റിഗ്ലിസ് എഴുതി: ''ഡോ. റെഡ്ഡിയെപ്പോലൊരു കേന്ദ്രബാങ്ക് തലവന്‍ അമേരിക്കയ്ക്കുണ്ടായിരുന്നെങ്കില്‍ നാം ഇത്ര വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നു.''

ഇന്ന് ഗ്രീസിന്റെയും പോര്‍ച്ചുഗലിന്റെയും അയര്‍ലന്‍ഡിന്റെയും സ്‌പെയിനിന്റെയും ദുരവസ്ഥ ലോകമാകെ ചര്‍ച്ചാവിഷയമാണ്. 1991-ല്‍ ഇന്ത്യയും സമാനമായൊരു പ്രതിസന്ധിയിലായിരുന്നു. 1991-ലെ പ്രതിസന്ധിയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് നയിച്ചത്. അല്പം പശ്ചാത്തലം:

1990 ആഗസ്തില്‍ സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വിദേശവിനിമയശേഖരം നന്നെ കുറവായിരുന്ന ഇന്ത്യയെ ഇത് ഗുരുതരമായി ബാധിച്ചു. 1990 സപ്തംബറില്‍ ഐ.എം.എഫിലെ ഇന്ത്യയുടെ റിസര്‍വില്‍ നിന്ന് നാം 660 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചു. സ്ഥൂലസാമ്പത്തിക സൂചികകള്‍ വഷളായതിനെത്തുടര്‍ന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡിയും സ്റ്റാന്‍ഡേര്‍ഡ് പുവറും ഒക്ടോബറില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഊഹക്കച്ചവട നിലവാരത്തിലേക്ക് (സ്‌പെക്യുലേറ്റീവ് ഗ്രേഡ്) താഴ്ത്തി. ഇത് ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിനെ ബാധിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ ഇന്ത്യന്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും രൂപയിലും നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. 1991 മെയില്‍ വിദേശവിനിമയക്കമ്മി രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ 20 ടണ്‍ സ്വര്‍ണം (കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്ത ശേഖരം) വിറ്റ് 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഇത് തികയാതെ വന്നപ്പോള്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍ നിന്ന് 47 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയംവെച്ച് 405 ദശലക്ഷം ഡോളര്‍ കടം വാങ്ങി. സമ്പദ് വ്യവസ്ഥ രക്ഷപ്പെടുമോ എന്നുറപ്പില്ലാത്തതിനാല്‍ വായ്പയ്ക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി പോരാ, സ്വര്‍ണശേഖരം ഇംഗ്ലണ്ടിലേക്ക് മാറ്റുക തന്നെ വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശഠിച്ചു. 1991 ജൂണില്‍ ഇന്ത്യയുടെ വിദേശവിനിമയ ശേഖരം കേവലം 1 ബില്യണ്‍ ഡോളറായി ചുരുങ്ങി. രണ്ടാമത്തെ ഇറക്കുമതിക്ക് മാത്രം തികയുന്ന പണം. രൂക്ഷമായ വിദേശവിനിമയ പ്രതിസന്ധിയും 16 ശതമാനത്തിലധികമായ വിലക്കയറ്റവും ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള മൂലധന പലായനവും... എല്ലാംകൂടി സമ്പദ്‌വ്യവസ്ഥ അതിഗുരുതരാവസ്ഥയിലായി. ഇതിനകം ഇന്ത്യ ഐ.എം.എഫിനെ സമീപിച്ച് രണ്ട് വ്യത്യസ്ത സ്‌കീമുകളിലായി 1.03 ബില്യണ്‍ ഡോളറും 789 മില്യണ്‍ ഡോളറും വായ്പയായി വാങ്ങി.

വഷളായ ഈ സാമ്പത്തികസാഹചര്യത്തിലാണ് രാജീവ്ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. സാമ്പത്തിക, ഭരണരംഗങ്ങളിലും അക്കാദമിക രംഗത്തും മികവ് പ്രകടിപ്പിച്ച മന്‍മോഹന്‍ സിങ്ങിനെ റാവു ധനമന്ത്രിയാക്കി. അതുവരെ തുടര്‍ന്നുവന്ന സാമ്പത്തികനയങ്ങളുടെ അലകും പിടിയും മാറ്റിയ ധീരമായ പരിഷ്‌കാരങ്ങള്‍ ഘട്ടം ഘട്ടമായി സൗമ്യനായ ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങി. 1991 ജൂണ്‍ ഒന്നിനും മൂന്നിനും രൂപയുടെ മൂല്യം യഥാക്രമം ഒന്‍പത് ശതമാനവും 11 ശതമാനവും കുറച്ചു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്താനും അതുവഴി കൂടുതല്‍ കടം വാങ്ങാനും സഹായമാവുന്ന തരത്തിലുള്ള വ്യാപാര, ഉദാരീകരണ നയങ്ങള്‍ പ്രഖ്യാപിച്ചു. 1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ധീരമായ ബജറ്റ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. വ്യാവസായിക ലൈസന്‍സിങ് ഇല്ലാതാക്കിയും വിദേശവിനിമയ നിയന്ത്രണങ്ങള്‍ കുറച്ചും വ്യാപാരമേഖലയെ ഉദാരീകരിച്ചും സ്വദേശ നിക്ഷേപത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചും പ്രത്യക്ഷ, പരോക്ഷ നികുതികള്‍ യുക്തിസഹമാക്കിയും ധനകാര്യ മേഖലയിലും മൂലധന വിപണിയിലും ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വരുത്തിയും ദൂരവ്യാപകമായ ഫലങ്ങള്‍സൃഷ്ടിക്കാനുതകുന്ന ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉദാരീകരണ നയം മുന്നോട്ട് പോയി. റാവു സര്‍ക്കാറിന് ശേഷം അധികാരത്തില്‍ വന്ന ദേവഗൗഡ, ഗുജ്‌റാള്‍, വാജ്‌പേയി സര്‍ക്കാറുകളും പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിമര്‍ശിച്ചിരുന്നെങ്കിലും അധികാരത്തില്‍ വന്നപ്പോള്‍ ഉദാരീകരണ പ്രക്രിയ തുടര്‍ന്നു എന്ന് മാത്രമല്ല, അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്ക് അനുയോജ്യമായ രാഷ്ട്രീയപശ്ചാത്തലവും ഇക്കാലയളവില്‍ പതുക്കെ രൂപപ്പെട്ട് വരികയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ടതും ചൈനയുടെ നയംമാറ്റവും സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയാവുകയും വിപണിയിലധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അനുകൂല ബൗദ്ധിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍ക്കു ശേഷം എന്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? ഒരു ലേഖനത്തില്‍ വിശദമായ വിശകലനത്തിന് പരിമിതികളുണ്ട്. അതുകൊണ്ട് ചില സൂചനകള്‍ മാത്രം: 1950-'80 കാലയളവില്‍ 3.5 ശതമാനം മാത്രമായിരുന്ന ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് '90-കളില്‍ ആറ് ശതമാനത്തിലധികമായി വര്‍ധിച്ചു. 2000-'10 കാലയളവില്‍ 7.3 ശതമാനം വളര്‍ച്ചയോടെ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നമുക്ക് കൈവരിക്കാനായി. (1979-ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളാരംഭിച്ച ചൈനയാണ് ഒന്നാം സ്ഥാനത്ത്). 2005-'11 കാലയളവ് മാത്രമെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 8.4 ശതമാനമാണ്. കഴിഞ്ഞ 30 കൊല്ലക്കാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയും ആഗോള സാമ്പത്തികമാന്ദ്യത്തെയും അതിജീവിച്ചാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ നാം ഈ വളര്‍ച്ച നേടിയത് എന്നത് ശ്രദ്ധേയമാണ്.

1950-'80 കാലയളവില്‍ 3.5 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഉയര്‍ന്ന ജനസംഖ്യാവര്‍ധന (2.3 ശതമാനം) കാരണം, ആളോഹരി വരുമാനത്തില്‍ ഉദ്ദേശം 1.2 ശതമാനം വര്‍ധന മാത്രമേ ഉണ്ടായുള്ളൂ. ഇക്കാലയളവില്‍ ആളോഹരി വരുമാനവും ജീവിതനിലവാരവും ഇരട്ടിക്കാന്‍ 70 വര്‍ഷം വേണമെന്ന അവസ്ഥയായിരുന്നു. (1.2 ശതമാനം വളര്‍ച്ചയില്‍ ഇരട്ടിക്കാന്‍ 70 വര്‍ഷം വേണം). അതായത്, പ്രതീക്ഷിതായുസ്സ് ശരാശരി 50-ല്‍ താഴെയായിരുന്ന ആ കാലഘട്ടത്തില്‍ വരുമാനവും ജീവിതനിലവാരവും ഇരട്ടിയാകുന്ന അനുഭവം ആ കാലഘട്ടത്തിലെ ഇന്ത്യക്കാര്‍ക്ക് അവരുടെ ആയുഷ്‌കാലത്തില്‍ അനുഭവിക്കാനായില്ല എന്നര്‍ഥം. എന്നാല്‍, ഇന്നത്തെ അവസ്ഥയോ ? വളര്‍ച്ചനിരക്ക് കുതിച്ചുയരുകയും ജനസംഖ്യാനിരക്ക് കുറയുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആളോഹരി വരുമാനം ഏഴ് ശതമാനം കണ്ട് വര്‍ധിച്ച് 10 വര്‍ഷംകൊണ്ട് ഇരട്ടിക്കുന്നു. ആളോഹരി വരുമാനത്തിലുണ്ടാകുന്ന ഈ കുതിപ്പാണ് ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ചയുടെ ചാലക ശക്തി. ശതകോടീശ്വരന്മാരും കൂലിപ്പണിക്കാരും അടങ്ങുന്നവരുടെ വരുമാനത്തിന്റെ ശരാശരിയാണ് ആളോഹരിവരുമാനമെന്നത് സ്ഥിതിവിവരക്കണക്കിന്റെ കാഴ്ചപ്പാടില്‍ ശരിയാണെങ്കിലും കോടിക്കണക്കിന് സാധാരണക്കാരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും ഉണ്ടായിട്ടുള്ള പുരോഗതിയെ വിസ്മരിക്കരുത്.

സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഒരു പ്രധാന ഫലം വിപണികളിലുണ്ടായ പരിവര്‍ത്തനമാണ്. ഒരു സ്‌കൂട്ടര്‍ കിട്ടാന്‍ അഡ്വാന്‍സ് പണമടച്ച് 10 കൊല്ലം കാത്തിരിക്കേണ്ടിയിരുന്ന വില്പനക്കാരന്റെ വിപണി (ടവാാവിയ്ത്തീ ൗമിക്ഷവറ) യില്‍നിന്ന് പണം കൊടുത്ത് ഉടനടി വാങ്ങാനാകുന്ന വാങ്ങുന്നവന്റെ വിപണി (ഏുള്‍വിയ്ത്തീ ൗമിക്ഷവറ)യിലേക്കുള്ള മാറ്റം ഉപഭോക്താവിന് ഏറെ ഗുണം ചെയ്തു. 1951-'91 കാലയളവില്‍ മൊത്തം 62 ലക്ഷം ടെലിഫോണ്‍ കണക്ഷന്‍ കൊടുത്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ മാസവും ശരാശരി 165 ലക്ഷം കണക്ഷനുകളാണ് നല്കിയത്. ടെലിഫോണില്‍ പൊതുമേഖലയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യമേഖലയ്ക്ക് മത്സരത്തിന് തുറന്ന് കൊടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം നല്കുന്ന കമ്പനിയായി (ഇപ്പോള്‍ 18 രാജ്യങ്ങളില്‍ സേവനം നല്‍കുന്ന ഇന്ത്യന്‍ എം.എന്‍.സി.) ഇന്ത്യയുടെ ഭാരതി എയര്‍ട്ടെല്‍ വളര്‍ന്നു. 1970-കളില്‍ ഒരു വര്‍ഷം ശരാശരി 15,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 33,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം 1,17,90,305. ഇതില്‍ പകുതിയിലധികം വില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഇന്ത്യയിലെ ചില പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ രണ്ട് പ്രധാനവിമര്‍ശങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഒന്ന്: വിദേശ നിക്ഷേപം ഉദാരീകരിക്കുന്നതിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളെ വിഴുങ്ങും. രണ്ട്: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഉപഭോഗ സംസ്‌കാരം വളരുകയും സമ്പാദ്യനിരക്ക് കുറയുകയും സാമ്പത്തിക വളര്‍ച്ചനിരക്ക് ഇടിയുകയും ചെയ്യും. ഈ രണ്ട് വിമര്‍ശങ്ങളും അപ്പാടെ തെറ്റി എന്ന് മാത്രമല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഇന്ന് ഒരു വിദേശ കമ്പനി ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ നാല് വിദേശ കമ്പനികളെ ഏറ്റെടുക്കുന്നു. തങ്ങളേക്കാള്‍ നാലിരട്ടി വലിപ്പമുള്ള കോറസ് സ്റ്റീല്‍ *്ിുീ ടറവവാ എന്ന യൂറോപ്യന്‍ കമ്പനിയെയാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലിന് വേണ്ടിവന്ന 12 ബില്യണ്‍ ഡോളര്‍(56,000 കോടി രൂപ) അന്തര്‍ദേശീയ മൂലധന വിപണിയില്‍ നിന്നാണ് ടാറ്റാ സ്റ്റീല്‍ സമാഹരിച്ചത്. സായ്പിന്റെ പണമുയോഗിച്ച് സായ്പിന്റെ കമ്പനിയെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തരാക്കിയത് സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന് ഓര്‍ക്കുക. ഭാരതി എയര്‍ടെല്‍ എന്ന ഇന്ത്യന്‍ കമ്പനി 10 ബില്യണ്‍ ഡോളറിനാണ് ബഹുരാഷ്ട്ര ഭീമനായ സെയിനിനെ ദമഹൃവ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തത്. ഇതും വിദേശത്തുനിന്ന് സമാഹരിച്ച മൂലധനം ഉപയോഗിച്ചായിരുന്നു.

1991-ലെ സമ്പാദ്യനിരക്ക് (22 ശതമാനം) കുത്തനെ ഇടിഞ്ഞ് സാമ്പത്തിക വളര്‍ച്ചനിരക്ക് കൂപ്പുകുത്തും എന്ന ആശങ്കയും പാടെ അസ്ഥാനത്തായി. ഇപ്പോള്‍ ഇന്ത്യയിലെ സമ്പാദ്യനിരക്ക് 34.7 ശതമാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച നിരക്കുകളിലൊന്നാണിത്. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുടെ അടിസ്ഥാന കാരണവും ഇതുതന്നെ.

സാമ്പത്തിക വളര്‍ച്ചയില്‍ നാം കൈവരിച്ച നേട്ടം അംഗീകരിക്കുന്നതിനൊപ്പം ഇത് സര്‍വാശ്ലേഷകമായ വളര്‍ച്ചയല്ല എന്ന വലിയ ന്യൂനതയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കഠിനദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും ഭാരം പേറുന്ന ഒരു സമൂഹത്തില്‍ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവരിലെത്താന്‍ സമയമെടുക്കും. എന്നാല്‍, ഈ വെല്ലുവിളിയെ നേരിടാനുള്ള കെല്പ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി നികുതിവരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 1991-ല്‍ എട്ടു ശതമാനമായിരുന്ന ടാക്‌സ്-ജി.ഡി.പി. അനുപാതം, 2008-ല്‍ 11.9 ശതമാനമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നികുതിവരുമാനം 1989-'90-ല്‍ 38,349 കോടി രൂപയായിരുന്നത്, 2010-'11-ല്‍ 5,34,094 കോടി രൂപയായി കുതിച്ചുയര്‍ന്നത് ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായാണ്. 1989-'90 കാലത്തെ മൊത്തം നികുതിവരുമാനത്തേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ നാം ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി മാത്രം ചെലവിടുന്നു. തൊഴിലുറപ്പ് പദ്ധതിക്കും വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിക്കും വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാവും.

പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് വിരല്‍ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കട്ടെ. 1947 ആഗസ്ത് 14-ാം തീയതി രാത്രി ത്രിവര്‍ണപതാക ഉയര്‍ത്താന്‍ ജവാഹര്‍ലാല്‍ നെഹ്രു യാത്ര ചെയ്തത് ഇംഗ്ലണ്ടില്‍ നിര്‍മിച്ച ഓസ്റ്റിന്‍ കാറിലായിരുന്നു. 2010 മെയില്‍ തന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് നിയുക്ത പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യാത്ര ചെയ്തത് ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌റോവര്‍ കാറിലായിരുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനി റിവേഴ്‌സ് ഗിയറിലാണ് !
ഇന്ത്യ അതിവേഗം മുന്നോട്ടും !

http://www.mathrubhumi.com/article.php?id=1074938

Monday, July 25, 2011

രാഹുല്‍, കേള്‍ക്കുക ഞങ്ങളുടെ കൈയ്യടികള്‍...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നൊരു മനുഷ്യന്‍ ഈ ലോകത്ത് ജനിച്ചിട്ടേയില്ലായിരുന്നുവെങ്കില്‍- വെറുതെ ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ക്രിക്കറ്റ് എന്ന ഗെയ്മിന് ഇത്ര ശോഭയുണ്ടാവില്ല. നമ്മള്‍ ഇന്ത്യക്കാര്‍ ഇങ്ങനെ സര്‍വവും മറന്ന് ഈ കളിക്കു പിന്നാലെ ഓടുകയും ഇല്ലാതിരുന്നേനേ. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങളിലും ക്രിക്കറ്റ് ആരാധകരിലും നിന്ന് രാഹുല്‍ ദ്രാവിഡ് എന്ന ബാറ്റ്‌സ്മാന് കുറേകൂടി നീതി ലഭിച്ചേനേ. കഴിഞ്ഞ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് കാണുമായിരുന്നു. ' പോണ്ടിങ്ങിനെ പിന്തള്ളി, റണ്‍വേട്ടയില്‍ രാഹുലിന് ലോക റെക്കോര്‍ഡ്.' സുനില്‍ ഗാവസ്‌കറേയും രാഹുലിനേയും താരതമ്യം ചെയ്ത് ഒരു സ്‌പെഷ്യല്‍ സ്റ്റോറിയും പ്രതീക്ഷിക്കാമായിരുന്നു.

സച്ചിന്‍ എന്ന ക്രിക്കറ്റ് ലജന്റിന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നു എന്നതാണ് രാഹുലിന്റെ നിയോഗം. ഒരു 'കര്‍ണ്ണന്‍ സ്റ്റാറ്റസ്' പോലും നമ്മള്‍ അദ്ദേഹത്തിന് നല്‍കുന്നുമില്ല. സുനില്‍ ഗാവസ്‌കറേയും അലന്‍ ബോര്‍ഡറേയും ബ്രയാന്‍ ലാറയേയും റിക്കി പോണ്ടിങ്ങിനേയും ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ റണ്ണുകളുടെ എണ്ണത്തില്‍ ദ്രാവിഡ് പിന്നിലാക്കി. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ ലാറക്കും ഗാവസ്‌കറിനും ഒപ്പമെത്താന്‍ ഒരു സെഞ്ച്വറി കൂടിമതി. പക്ഷെ സമകാലികരും അല്ലാത്തവരുമായ ക്രിക്കറ്റ് താരങ്ങളെ താരതമ്യം ചെയ്യാനും മാര്‍ക്കിടാനും മല്‍സരിക്കുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളും ലേഖകരും രാഹുലിനെ ലാറയോ ഗാവസ്‌കറോ പോണ്ടിങ്ങോ ആയി താരതമ്യം ചെയ്തു കാണുന്നില്ല. സച്ചിനേയും ലാറയേയും പോണ്ടിങ്ങിനേയും കാലിസിനേയും താരതമ്യം ചെയ്തു മാര്‍ക്കിടുന്ന ലേഖനങ്ങള്‍ ഏറെ വായിച്ചിട്ടുണ്ട്. ഈ പണ്ഡിറ്റുകള്‍ക്കൊന്നും രാഹുലിനെ കണ്ണില്‍ പിടിക്കാറില്ല ! സച്ചിന്റെ സമകാലികനായി ഇന്ത്യയില്‍ തന്നെ ജനിച്ചുപോയി എന്നത് രാഹുലിന്റെ കുറ്റമല്ലല്ലോ?



എങ്ങനയേയും റണ്ണടിക്കുക എന്നതാണ് ടി-20 യുഗത്തിന്റെ ബാറ്റിങ് തിയറി. പക്ഷെ ആരൊക്കെ അതുമായി പൊരുത്തപ്പെട്ടാലും രാഹുലിന് അതിനു കഴിയില്ല. സമകാലീന ക്രിക്കറ്റില്‍ അവശേഷിക്കുന്ന അപൂര്‍വം ക്ലാസിക് സ്‌റ്റൈല്‍ ബാറ്റ്‌സ്മാന്‍മാരില്‍ രാഹുല്‍ മുന്നില്‍ നില്‍ക്കുന്നു. കോപ്പീബുക്ക് ഷോട്ടുകള്‍ അവയുടെ തനിമയില്‍ തന്നെ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ 32000-ല്‍ അധികം വരുന്ന റണ്‍ സമ്പാദ്യമുണ്ടാക്കിയത്. അവസാനമായി കളിച്ച ഏകദിന അന്താരാഷ്ട്ര ഏകദിന മാച്ചുകളിലും ചില ഐ പി എല്‍ മല്‍സരങ്ങളിലും ചില 'ജഗപൊക' ഷോട്ടുകള്‍ക്ക് രാഹുലും തുനിഞ്ഞു കണ്ടിട്ടുണ്ട്. സാഹചര്യത്തിന്റെ സമര്‍ദ്ധത്തില്‍ ഇങ്ങനെ കളിക്കാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ആത്മനിന്ദയോട, അര്‍ദ്ധമനസ്സോടെയാണ് അങ്ങിനെചെയ്യുന്നത് എന്ന തോന്നിപ്പോവാറുണ്ട്. അതുകൊണ്ടു തന്നെയാവാം അത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ മറ്റുള്ളവരെ പോലെ വിജയം കാണാറുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പാരമ്പര്യമുള്ള ക്ലാസിക്കല്‍ ബാറ്റിങ് സ്‌കൂളുകള്‍ മുംബൈയും ബാംഗ്ലൂരുമാണ്. സുനില്‍ ഗാവസ്‌കറും ദിലീപ് വെങ്‌സര്‍ക്കാറും സഞ്ജയ് മഞ്ചരേക്കറും മുംബൈ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു. ബാംഗ്ലൂര്‍ സ്‌കൂളിന്റെ ഏറ്റവും വിലകൂടിയ പ്രൊഡക്റ്റ് ഗുണ്ടപ്പ വിശ്വനാഥും. വിശ്വനാഥിന്റെ പിന്‍ഗാമിയായ രാഹുല്‍, കേകി താരാപ്പൂര്‍ എന്ന പരിശുദ്ധ ക്ലാസിക്കല്‍ ഗുരുവിന്റെ ശിക്ഷണത്തിലാണ് ഉരുവം കൊണ്ടത്. ചെറുപ്പംതൊട്ടേ നിരവധി തവണ പരിശീലിച്ചും പിഴവുകള്‍ തീര്‍ത്ത് വീണ്ടും കളിച്ചും മൂര്‍ച്ചകൂട്ടിയെടുത്തതാണ് രാഹുലിന്റെ ഷോട്ടുകള്‍. അവയില്‍ പിഴവുകള്‍ ഉണ്ടാവുക പ്രായേണ വിരളമാവും. ഷോട്ടുകളിലെ കൃത്യതയും ക്ഷമാശീലവുമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാഹുലിന്റെ പ്രധാന ആയുധങ്ങള്‍. എത്രതന്നെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ശ്രമിച്ചാലും രാഹുലിനെ പ്രകോപിപ്പിക്കാനോ ഏകാഗ്രത നഷ്ടമാക്കാനോ സാധിക്കാറില്ല. കംഗാരുകള്‍ക്കെതിരെ കൊല്‍ക്കത്തയിലും അഡ്‌ലെയ്ഡിലും കളിച്ചതുപോലുള്ള ഇന്നിങ്‌സുകള്‍ക്ക് രാഹുലിനെ ഇന്നും പ്രാപ്തനാക്കുന്നത്് ഇതുകൊണ്ടെക്കെ തന്നെ.



പിഴവുകള്‍ തിരുത്താനുള്ള ശേഷിയിലും രാഹുല്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. രാഹുലിനെ പോലെ ബാറ്റിങ് ഏകാഗ്രമായ തപസ്യയാക്കി മാറ്റിയ ഒരു ബാറ്റ്‌സ്മാനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി നിയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ക്രിക്കറ്റ് പരിശീലകരും പഴയ കളിക്കാരുമെല്ലാം അന്നേ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ മനസ്സോടെയല്ലെങ്കിലും ടീമിനും തന്റെ സുഹൃത്തായ ക്യാപ്റ്റനും വേണ്ടി രാഹുല്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ സമയത്ത് മേല്‍പ്പറഞ്ഞ വിപല്‍സൂചനകള്‍ ശരിയാകാമെന്ന് തോന്നിക്കുന്ന ചില തകരാറുകള്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ കണ്ടുതുടങ്ങിയിരുന്നു. പ്ലെയ്ഡ് ഓണായി പുറത്താവുന്ന പ്രവണതയായിരുന്നു അതില്‍ മുന്നില്‍ നിന്നത്. ഏറെ അധ്വാനിച്ച് അടിത്തറയിട്ട് വളര്‍ത്തിക്കൊണ്ടുവന്ന പല ഇന്നിങ്‌സുകളും ഇങ്ങനെ അവസാനിപ്പിച്ച് നിരാശനായി ബാറ്റുകൊണ്ട് സ്വന്തം പാഡില്‍ ആഞ്ഞടിച്ച് പവലിയനിലേക്ക് മടങ്ങുന്ന രാഹുലിനെ പലതവണ കണ്ട് നമ്മള്‍ അദ്ഭുതപ്പെട്ടു.-എന്തുപറ്റി, രാഹുലിന് ? ഓഫ് സ്റ്റംപിന് പുറത്തുകൂടിയുള്ള പന്തുകള്‍ ഫ്രണ്ട്ഫൂട്ട് വേണ്ടവിധത്തില്‍ ചലിപ്പിക്കാതെ കളിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടായിരുന്നു ഈ കുഴപ്പം.



ഓഫ് സ്റ്റംപിന് പുറത്തുകൂടി പോവുന്ന പന്തുകളില്‍ സ്ലിപ്പില്‍ ക്യാച്ചു നല്‍കുന്ന പ്രവണതയും ഈ സമയത്ത് അധികമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിഞ്ഞുവെന്നതാണ് രാഹുലിന്റെ മിടുക്ക്. വിക്കറ്റ്കീപ്പിങ് ഇങ്ങനെയെല്ലാം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമയപരിധി വെച്ച് കീപ്പിങ് കരിയര്‍ അവസാനിപ്പിക്കാനും രാഹുല്‍ തീരുമാനിച്ചു. അതിന്റെ പേരില്‍ രാഹുലിന് ബലി നല്‍കേണ്ടി വന്നത് ഏകദിന കരിയര്‍ തന്നെയാണ്.

സച്ചിന്‍ കളിയവസാനിപ്പിക്കുമ്പോള്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. സച്ചിന്റെ ബാറ്റിങ്ങിന്റെ അനുപമ സൗന്ദര്യത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ പകരം വെക്കാവുന്ന അനുഭവമാണ്, രാഹുലും വി വി എസ് ലക്ഷ്മണും ചേര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ കളിക്കുന്ന കൂട്ടുകെട്ടുകളും. മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന അത്തരം കുറേ പാര്‍ട്ണര്‍ഷിപ്പുകള്‍ അയവിറക്കി കൊണ്ട് പ്രാര്‍ഥിക്കാം... ഈ കാഴ്ചകള്‍ അവസാനിക്കാതിരിക്കട്ടെ.



രാഹുലിനെ ഒരു ഏകദിന ബാറ്റ്‌സ്മാനായി സെലക്റ്റര്‍മാര്‍ പോയിട്ട് ആരാധകര്‍ പോലും ഇന്ന് പരിഗണിക്കുന്നില്ല. സച്ചിനേയും പോണ്ടിങ്ങിനേയും പോലെ ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനാണ് രാഹുല്‍ എന്നത് പോലും ഓര്‍ക്കപ്പെടുന്നില്ല. 2003-ലെ ലോകകപ്പില്‍ ഉള്‍പ്പെടെ നൂറിലധികം ഏകദിന മാച്ചുകളില്‍ അന്നത്തെ ക്യാപ്റ്റന്‍ സൗരവിന്റെ താല്‍പര്യപ്രകാരം വിക്കറ്റ്കീപ്പറുടെ എക്‌സ്ട്രാ ഡ്യൂട്ടി കൂടി രാഹുല്‍ നിര്‍വഹിച്ചിരുന്നു. ആ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയെന്നതും ഓര്‍ക്കണം. ടീമിനു വേണ്ടി ഇങ്ങനെ എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറാവുന്ന എന്ത് ജോലിയും ഏറ്റെടുക്കുന്ന രാഹുലിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രാഹുല്‍ അവസാനമോയി ഒരു ഏകദിന മല്‍സരം കളിച്ചിട്ട് രണ്ടുവര്‍ഷം തികയാറായി. പക്ഷെ തനിക്കു അനുവദിക്കപ്പട്ട രണാങ്കണത്തില്‍ രാഹുല്‍ ഇന്നും വിയര്‍പ്പൊഴുക്കിക്കൊണ്ടിരിക്കുന്നു, യുദ്ധങ്ങള്‍ ജയിച്ചുകൊണ്ടേയിരിക്കുന്നു. അതും ഏറ്റവും മാന്യനായ പോരാളിയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ടു തന്നെ. രാഹുല്‍ അധികമാരും കേള്‍ക്കുന്നില്ലെങ്കിലും താങ്കള്‍ക്കു വേണ്ടി ഞങ്ങള്‍ ഇപ്പോഴും കൈയ്യടിക്കുന്നുണ്ട്.


മാരീചന്റെ മാന്‍പേടയെപ്പോലെ അകന്നകന്നുപോകുന്ന രാഹുല്‍

ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പണ്ഡിതന്മാരും മാധ്യമ പ്രമാണികളും പ്രതിപക്ഷനേതാക്കളും ഏറ്റവും കുറഞ്ഞത്‌ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിക്കൊണ്ടിരുന്ന പ്രവചനങ്ങളും വിലയിരുത്തലുകളും യാഥാര്‍ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തതായിരുന്നു എന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ഇക്കാലമത്രയും പറയാനുണ്ടായിരുന്നത്‌ അധികാര രാഷ്‌ട്രീയത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആരോഹണത്തെക്കുറിച്ചു മാത്രമായിരുന്നു.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന മട്ടിലാണ്‌ എല്ലാവരും പ്രവചിച്ചുകൊണ്ടിരുന്നത്‌. അവര്‍ പറഞ്ഞുകൊണ്ടിരുന്നത്‌ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പിന്നീട്‌ പ്രധാനമന്ത്രിയാക്കാനാണു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു.

പക്ഷേ, ഈയിടെ കേന്ദ്രമന്ത്രിസഭ അഴിച്ചുവാര്‍ത്ത അവസരത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചത്‌ അടുത്ത തെരഞ്ഞെടുപ്പുവരെ ഇനിയൊരു മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്നാണ്‌. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധി മന്ത്രിസഭാരാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കാന്‍ തയാറെടുത്തുകഴിഞ്ഞു എന്ന വാദത്തിന്‌ അടുത്ത മൂന്നുവര്‍ഷത്തേക്കെങ്കിലും പ്രസക്‌തി നഷ്‌ടപ്പെട്ടുകഴിഞ്ഞു.

നമ്മില്‍ പലര്‍ക്കും എന്ത്‌ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ശരി, കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയ്‌ക്ക് സോണിയാ ഗാന്ധിക്കും അവരുടെ പുത്രന്‍ രാഹുല്‍ ഗാന്ധിക്കും ഏതുനിമിഷവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയും ഭരണമുന്നണിയിലെ സഖ്യകക്ഷികളും അതിനെ പിന്താങ്ങുകയും ചെയ്യുമായിരുന്നു. വേണമെങ്കില്‍ പുത്രി പ്രിയങ്കാ ഗാന്ധിയെയും കേന്ദ്രമന്ത്രിയോ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയോ ആക്കുകയും ചെയ്യാമായിരുന്നു. വെള്ളിത്തളികയില്‍ രജതചഷകം പോലെയാണ്‌ ഈ അധികാരസ്‌ഥാനങ്ങള്‍ ഗാന്ധികുടുംബത്തിന്റെ നേരേ കോണ്‍ഗ്രസ്‌ പാര്‍ട്ടി വച്ചുനീട്ടിയത്‌. അതൊന്നുംതന്നെ അവര്‍ സ്വീകരിച്ചില്ല എന്നതാണ്‌ വാസ്‌തവത്തില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും കൗതുകകരമായ കാര്യം.

അതേപോലെതന്നെ, കേരളത്തില്‍ ഇടതുപക്ഷമുന്നണിയിലും ഭാരതീയ ജനതാപാര്‍ട്ടിയിലുമുള്ള നേതാക്കള്‍, പ്രത്യേകിച്ച്‌ യുവജന നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നതു രാഷ്‌ട്രീയക്കാരനല്ലാത്ത പ്രധാനമന്ത്രിയെന്നാണ്‌. എന്നുവച്ചാല്‍ അതിന്റെ അര്‍ഥം അദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തകനായല്ല പിറന്നുവീണതെന്നാണ്‌. അല്ലെങ്കില്‍ രാഷ്‌ട്രീയം അറിയാത്ത വ്യക്‌തി എന്നാണ്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കക്ഷത്തില്‍ രശീതുതുണ്ടുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയയാളല്ല സിംഗ്‌. അദ്ദേഹം ലോകബാങ്കിലായിരുന്നു. പിന്നീട്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഗവര്‍ണറായിരുന്നു. അതിനുശേഷം ആസൂത്രണ കമ്മിഷന്റെ വൈസ്‌ ചെയര്‍മാനുമായിരുന്നു. അതിനെല്ലാം ശേഷമാണ്‌ 1991-ല്‍ അധികാരമേറ്റ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ അഭ്യര്‍ഥനയനുസരിച്ച്‌ അദ്ദേഹം ഇന്ത്യയുടെ ധനമന്ത്രിപദം ഏറ്റെടുത്തത്‌. പിന്നീട്‌ 2004-ല്‍ കോണ്‍ഗ്രസിന്‌ അധികാരം കിട്ടിയപ്പോള്‍ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. ഇക്കാലമത്രയും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. എന്നുമാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ നിര്‍ണായക രാഷ്‌ട്രീയസമിതികളിലും അദ്ദേഹം സജീവാംഗമായിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രാഥമികാംഗങ്ങള്‍ക്കുവരെ മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രീയം അറിയാത്ത ഒരാളാണ്‌. ഈ വികലമായ കാഴ്‌ചപ്പാടുകളൊക്കെയാണ്‌ ഒരുപക്ഷേ രാഷ്‌ട്രീയം ഉപജീവനമാര്‍ഗമായെടുത്തിട്ടുള്ള ഇന്ത്യയിലെ പൊതുപ്രവര്‍ത്തകരുടെ ഏറ്റവും വലിയ ബലഹീനത.

ഇന്ത്യയിലെ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയം കുടുംബാധിപത്യമാണ്‌. അതിന്റെ കേന്ദ്രബിന്ദു നെഹ്‌റു കുടുംബമായിരുന്നു. ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു വളരെ ആസൂത്രിതമായാണു മകള്‍ ഇന്ദിരാ ഗാന്ധിയെ വളര്‍ത്തിയെടുത്തത്‌. അതിനുശേഷം പ്രധാനമന്ത്രിപദത്തിലെത്തിയ ഇന്ദിരാഗാന്ധി തന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത്‌ ഇളയ പുത്രന്‍ സഞ്‌ജയ്‌ ഗാന്ധിയെയാണ്‌. സഞ്‌ജയ്‌ ഗാന്ധിയുടെ ആകസ്‌മികമായ അപമൃത്യു രാജീവ്‌ ഗാന്ധിയെ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിച്ചു. രാജീവ്‌ഗാന്ധിയുടെ അപമൃത്യുവിനുശേഷം പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായെങ്കിലും പിന്നീടു രാജീവിന്റെ വിധവ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കു പാര്‍ട്ടിനേതാക്കള്‍തന്നെ കൊണ്ടുവരികയായിരുന്നു.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ പ്രധാനമന്ത്രിപദത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണക്കുകൂട്ടല്‍. അനായാസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സോണിയാ ഗാന്ധിക്കു കഴിയുമായിരുന്നു. അവരതിനു തയാറായില്ല. വെള്ളിത്തളികയിലെന്നവണ്ണം പ്രധാനമന്ത്രിപദം മുമ്പില്‍ നീട്ടിയിട്ടും സോണിയാ ഗാന്ധി അതു നിരസിച്ചപ്പോള്‍ അവരോടു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ്‌ മഞ്ഞുപോലെ ഉരുകിപ്പോവുകയും ചെയ്‌തു.പക്ഷേ, അപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ ഭാരതീയ ജനതാപാര്‍ട്ടി ഉയര്‍ത്തിയ ആരോപണം കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി പുത്രന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുന്നതിന്‌ സോണിയാ ഗാന്ധി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.

പുത്രി പ്രിയങ്ക വാധ്രയെ പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ടുവരുന്നതിനു സോണിയ കരുനീക്കങ്ങള്‍ നടത്തുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. അതെന്തായാലും താല്‍ക്കാലികമായിട്ടാണെങ്കിലും പ്രിയങ്ക ഇപ്പോള്‍ ഇന്ത്യയിലേതാണ്ടു വിസ്‌മരിക്കപ്പെട്ട നിലയിലാണ്‌. ഒരു ഘട്ടത്തില്‍ നാടകീയമായി പ്രിയങ്കയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്നുകൂടായ്‌കയില്ല. അതാണല്ലോ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നാടകീയത.

എന്തായാലും ഏറ്റവും ഒടുവിലത്തെ സംഭവവികാസം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യത്തെപ്പറ്റി ആരോപണമുന്നയിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്‌ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ്‌. ഭാര്യയേയും മക്കളേയും രാഷ്‌ട്രീയത്തിലും അധികാരത്തിലും ഉയര്‍ത്തിക്കൊണ്ടുവരാത്ത എത്ര നേതാക്കളാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌! ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ എല്ലാ സംസ്‌ഥാനങ്ങളിലും മിക്കവാറും എല്ലാ നേതാക്കളുടെയും മക്കള്‍ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിക്കഴിഞ്ഞു. അതും പിതാക്കന്മാരുടെ പരസ്യമായ പിന്തുണയോടെതന്നെ. അതില്‍ കക്ഷിവ്യത്യാസം കാണാന്‍ കഴിയില്ല.

ജമ്മുകാശ്‌മീരില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഫറൂഖ്‌ അബ്‌ദുള്ളയുടെ പുത്രന്‍ ഒമര്‍ അബ്‌ദുള്ളയാണു മുഖ്യമന്ത്രി. പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി. സഖ്യം മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്റെ പുത്രന്‍, ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ പുത്രന്‍ ചൗതാല, മഹാരാഷ്‌ട്രയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ പുത്രി, ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പുത്രന്‍, കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ പുത്രന്‍, മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ പുത്രന്‍, തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മക്കള്‍, ആന്‌ധ്രാപ്രദേശില്‍ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ പുത്രന്‍, ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായംസിംഗിന്റെ പുത്രന്‍, ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ ഭാര്യ അങ്ങനെപോകുന്നു ഈ നീണ്ട പട്ടിക. ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയില്‍നിന്നുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ മിലിന്ദ്‌ ദേവ്‌റ കേന്ദ്രമന്ത്രിസഭയിലെത്തി.

രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യത്തെ ഏറ്റവുംകൂടുതല്‍ എതിര്‍ത്തിരുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്)യിലുമായി കുടുംബാധിപത്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോടൊപ്പം ഭാര്യ വൃന്ദാ കാരാട്ടും പാര്‍ട്ടിയുടെ പരമാധികാര സമിതിയായ പോളിറ്റ്‌ ബ്യൂറോയില്‍ അംഗങ്ങളായി. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്‌ഥയായിരുന്ന വൃന്ദാ കാരാട്ട്‌ പോളിറ്റ്‌ ബ്യൂറോയിലെത്തിയതു സമരപാരമ്പര്യത്തിന്റെ അടിസ്‌ഥാനത്തിലാണെന്നു പാര്‍ട്ടി സഖാക്കള്‍ വാദിക്കും. പക്ഷേ, പാര്‍ട്ടിയിലെ എല്ലാ സമരമുഖങ്ങളിലും നേതൃത്വം നല്‍കിയ സുഭാഷിണി അലിക്ക്‌ ആ പദവിയിലെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള സുഭാഷിണി യു.പി.യിലെ കാണ്‍പുര്‍ നിയോജകമണ്ഡലത്തില്‍നിന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ലോക്‌സഭയിലേക്കു വിജയിച്ച സി.പി.എം. നേതാവാണെന്നോര്‍ക്കണം. അങ്ങനെനോക്കുമ്പോള്‍ ഏതു പാര്‍ട്ടിയിലാണ്‌ കുടുംബാധിപത്യം ഇല്ലാത്തതെന്ന കാര്യത്തില്‍ ഗവേഷണം നടത്തേണ്ടിവരും.

ഒരുപക്ഷേ, കുടുംബാധിപത്യം സ്‌ഥാപിക്കാത്ത മുഖ്യമന്ത്രിമാര്‍ ഉത്തര്‍പ്രദേശിലെ മായാവതിയും ബംഗാളിലെ മമതാ ബാനര്‍ജിയും തമിഴ്‌നാട്ടിലെ ജയലളിതയും മറ്റുമായിരിക്കും. അവര്‍ അവിവാഹിതരായതുകൊണ്ട്‌ ആ പഴി ഏതായാലും കേള്‍ക്കേണ്ടിവരില്ല.

ഒന്നു തീര്‍ച്ച, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യമെന്നത്‌ ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞതുകൊണ്ട്‌ ഇനി രാഹുല്‍ ഗാന്ധിയെ ഓര്‍ത്ത്‌ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നതിലും അര്‍ഥമില്ല.

Sunday, July 24, 2011

സച്ചാറിന്‌ ജയ്‌ പാടുന്നവരോട്‌

അഡ്വ. പി. എസ്‌. ശ്രീധരന്‍പിള്ള
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പരിരക്ഷിക്കാനുള്ള പ്രതിബദ്ധത ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്‌. നാടിനെ ശിഥിലമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുമായി സഹകരിച്ച്‌ നടത്തുന്ന ഏതുതരം പ്രവൃത്തിയും കുറ്റവും രാജ്യദ്രോഹവുമാകുന്നു. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യക്ഷവും പരോക്ഷവുമായ കര്‍മ്മപദ്ധതികള്‍ പരിശോധിച്ചാല്‍ എക്കാലത്തും മുഴച്ചുനില്‍ക്കുന്നത്‌ ഇന്ത്യയെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത ശ്രമങ്ങളാണ്‌. രാജ്യത്തിനകത്തും പുറത്തും നമ്മുടെ നാട്‌ നേരിടേണ്ടിവന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മിക്ക യുദ്ധങ്ങളും ദുരന്തങ്ങളും ഇക്കൂട്ടരുടെ മസ്തിഷ്കത്തില്‍ രൂപം കൊണ്ടവയാണ്‌. കാശ്മീരിന്റെ പേരിലുള്ള വിഘടനവാദ ശ്രമങ്ങളും ഇന്ത്യാവിരുദ്ധ കോലാഹലങ്ങളും പാക്കിസ്ഥാന്റെ സൃഷ്ടിയാണെന്നകാര്യം പരക്കെ അറിയാവുന്നതാണ്‌.

കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പരസ്യ നിലപാടുകളുമായി ഒരു പറ്റം ബുദ്ധിജീവികള്‍ മുന്നോട്ടുവന്നത്‌ അടുത്ത കാലത്താണ്‌. അവരെ നേരിടാന്‍ കപടമതേതരക്കാര്‍ക്കോ ഭരണകൂടത്തിനോ കഴിയുന്നുമില്ല. ബിജെപി ഭരണത്തിന്‍ കീഴില്‍ പാക്‌ അനുകൂല അട്ടിമറിക്കാരും അവരുടെ കുഴലൂത്തുകാരായ ബുദ്ധിജീവികളും പ്രായേണ ഉള്‍വലിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ഒന്നാം യുപിഎ അധികാരമേറ്റതിനേ തുടര്‍ന്ന്‌ ഭീകര വിരുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ഇന്ത്യയില്‍ പലപ്രദേശങ്ങളും ഭീകരവാദികള്‍ക്ക്‌ തഴച്ചുവളരാനും തണലേകാനും പാകമായ അന്തരീക്ഷം സംജാതമാകുകയും ചെയ്തു. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ രാജ്യദ്രോഹശക്തികള്‍ അരങ്ങും അണിയറയും തീര്‍ത്ത്‌ തിമിര്‍ത്താടുന്ന സ്ഥിതിയാണിപ്പോഴുള്ളത്‌. രാജ്യദ്രോഹികളെ തളയ്ക്കാന്‍ ആരുണ്ടിവിടെ എന്നതാണ്‌ പ്രസക്തമായ കാലിക ചോദ്യം!

അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ നാലുദിവസം മുമ്പ്‌ അറസ്റ്റുചെയ്ത ഗുലാം നബിഫൈയുടെ വെളിപ്പെടുത്തല്‍ മുഴുവന്‍ ഇന്ത്യാക്കാരുടെയും കണ്ണുതുറപ്പിക്കേണ്ട വാര്‍ത്തയാണ്‌. അമേരിക്കന്‍ പൗരനും കാശ്മീരി വംശജനുമായ ഗുലാം നബിയെ അറസ്റ്റുചെയ്തത്‌ ഐഎസ്‌ഐയുടെ പ്രതിഫലം കൈപ്പറ്റി കാശ്മീര്‍ കാര്യത്തില്‍ അമേരിക്കന്‍ സംവിധാനത്തെയും മറ്റും വശത്താക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ്‌. പാക്കിസ്ഥാനുവേണ്ടി കാശ്മീര്‍ പ്രശ്നത്തില്‍ പ്രമുഖരെ സ്വാധീനിക്കുക എന്ന കൃത്യമാണ്‌ ഗുലാം ചെയ്തു വന്നിരുന്നത്‌. കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്നത്‌ അമേരിക്കയില്‍ നിയമപ്രകാരം കുറ്റകരമല്ല. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പാക്‌ അനുകൂലമാക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്‌. വാഷിങ്ങ്ടണ്‍ ടൈംസ്‌ 2011 ജൂലൈ 19ന്‌ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയനുസരിച്ച്‌ ഗുലാം എന്ന പ്രതി പാക്കിസ്ഥാനിലെ മേലാളന്മാര്‍ക്കുവേണ്ടി അവരില്‍നിന്ന്‌ പണം വാങ്ങി ആ പണം ചെലവഴിച്ച്‌ ചാരപ്പണി ചെയ്തു എന്നാണ്‌ ആരോപിക്കപ്പെട്ടിട്ടുള്ളത്‌.

പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസ്‌ ഇന്റലിജന്‍സില്‍ നിന്നും പ്രതിവര്‍ഷം ഗുലാം നബി ഫായിക്ക്‌ കിട്ടിയിരുന്ന തുകയില്‍ 5 ലക്ഷം ഡോളര്‍ മുതല്‍ 7 ലക്ഷം ഡോളര്‍ വരെ ഇയാള്‍ ഉപയോഗിച്ചിരുന്നത്‌ കാശ്മീര്‍ ചര്‍ച്ചകള്‍ പാക്കിസ്ഥാന്‌ അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു. ഇതിനായി അയാള്‍ സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയെ കാശ്മീരില്‍ നിന്നും പുറത്താക്കുക എന്നതായിരുന്നു ഐഎസ്‌ഐയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഫായി നടത്തിവന്ന സെമിനാറുകളുടെയും പ്രചരണത്തിന്റെയും ലക്ഷ്യം അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി എല്ലാവിധ തെളിവുകളും ശേഖരിച്ച ശേഷമാണ്‌ ഈ വന്‍സ്രാവിനെ നിയമത്തിന്റെ വലയിലാക്കിയിട്ടുള്ളത്‌. ഇന്ത്യയിലെപ്പോലെ വന്‍ മീനുകള്‍ക്ക്‌ അമേരിക്കയില്‍ വലമുറിക്കാനാവില്ല. ഇയാള്‍ ചെയ്ത കുറ്റത്തിന്റെ ദോഷഫലം കൂടുതല്‍ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണെങ്കിലും നമുക്കിതൊന്നും ഒരു വന്‍ വാര്‍ത്തപോലുമാകുന്നില്ല എന്നതാണ്‌ ആശങ്കയുണര്‍ത്തുന്ന സത്യം.

പാക്‌ ചാര സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ നിന്നു പിടികൂടിയ വിഘടനവാദി ഗുലാം നബി ഫായിക്കൊപ്പം പ്രവര്‍ത്തിച്ചവരിലും വേദി പങ്കിട്ടവരിലും നിരവധി പ്രമുഖ ഇന്ത്യാക്കാര്‍ ഉള്‍പ്പെടുന്നു. കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ പേരില്‍ ഫായി സംഘടിപ്പിച്ച ചര്‍ച്ചകളും സെമിനാറുകളും ഇന്ത്യയില്‍ നിന്നും കാശ്മീരിനേ വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഫായിക്കൊപ്പം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ വേദി പങ്കിട്ട പ്രമുഖരില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍, മാധ്യമപ്രവര്‍ത്തകരായ കുല്‍ദീപ്‌ നയ്യാര്‍, പ്രഫുല്‍ ബിദ്വായ്‌, പ്രൊഫ.കമല്‍മിത്ര ഷിനോയ്‌, കാശ്മീര്‍ ചര്‍ച്ചയ്ക്ക്‌ ഭരണകൂടം നിയോഗിച്ച ദിലീപ്‌ പട്ഗോങ്കര്‍ തുടങ്ങിയവരുള്‍പ്പെടുന്നു. മാധ്യമങ്ങളെ വ്യാപകമായി ഈ ചാരന്‍ സ്വാധീനിച്ചിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. കുല്‍ദീപ്‌ നയ്യാര്‍ തനിക്ക്‌ ഫായിയുമായി കുറേ കൊല്ലത്തെ അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്‌. ജ.രജിന്ദര്‍ സച്ചാര്‍ കുറ്റകരമായ മൗനത്തിലാണുള്ളത്‌.

ജ.രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും മറ്റും പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും വേണമെന്ന മുറവിളി ഇന്ത്യയില്‍ വ്യാപകമായത്‌. ഇത്തരം കുത്സിത ശ്രമങ്ങളില്‍ സംതൃപ്തി ലഭിക്കുന്ന രാജ്യം പാക്കിസ്ഥാനാണ്‌. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ ഇന്ത്യന്‍ വ്യവസ്ഥയില്‍ മുസ്ലീങ്ങളുള്‍പ്പെടെ എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്താന്‍വേണ്ട സക്രിയ നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവിലൂടെ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത്‌ രാജ്യതാല്‍പര്യത്തിന്‌ ഹാനികരമാണ്‌. സച്ചാര്‍ റിപ്പോര്‍ട്ട്‌ ജനങ്ങളെ പലതട്ടുകളിലാക്കി ഹിന്ദു- മുസ്ലീം വേറിടലിനും നാടിന്റെ അഖണ്ഡത തകര്‍ക്കാനും ഇടയാക്കുമെന്ന്‌ ദേശസ്നേഹികള്‍ ഭയപ്പെടുന്നു. പാക്കിസ്ഥാന്‍ വാദത്തിലേക്ക്‌ അവിഭക്ത ഇന്ത്യയെ കൊണ്ടെത്തിച്ച വാദങ്ങളുടെ ആവര്‍ത്തനം സച്ചാര്‍ റിപ്പോര്‍ട്ടില്‍ പതിയിരിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ജ.സച്ചാര്‍ ഗുലാംനബിഫായിബന്ധം ആഴത്തിലുള്ള അന്വേഷണത്തിന്‌ വിധേയമാക്കുകയാണ്‌ വേണ്ടത്‌.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ഹരീഷ്ഖരേ, കാശ്മീര്‍ കാര്യത്തില്‍ സര്‍ക്കാര്‍ഭാഗം നിയോഗിച്ച മദ്ധ്യസ്ഥന്‍ ദിലീപ്‌ എന്നിവരും ഗുലാം നബിയുടെ വലയില്‍ കുടുങ്ങിയ പ്രമുഖരുടെ പട്ടികയില്‍പ്പെടുന്നു. അഭിമാനത്തോടെ നാം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യന്‍ ഇന്റലിജന്‍സിന്‌ ഗുലാമിന്റെ കുത്സിത ശ്രമങ്ങളും അയാളുടെ ബന്ധങ്ങളും അറിയാനോ അറിയിക്കോനോ തടയാനോ കഴിയാതെ പോയതില്‍ നിന്നുതന്നെ വര്‍ത്തമാന ഇന്ത്യന്‍ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും പ്രകടമാണ്‌. മതേതരത്വത്തിന്റെയും മനുഷ്യാവകാശപ്രശ്നങ്ങളുടെയും പേരില്‍ കാടിളക്കി കയ്യടി വാങ്ങുന്ന നമ്മുടെ ബുദ്ധിജീവി- മാധ്യമ ഉദരപൂരണക്കാരുടെ അപഹാസ്യതയും അപകടവും ഒരിക്കല്‍കൂടി ഗുലാംനബി സംഭവം വിളിച്ചോതുന്നു. ഈ പ്രശ്നത്തെ അടിസ്ഥാനമാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. നിയമം ചിലന്തിവലയല്ലെന്നും വന്‍ സ്രാവുകളെ കുടുക്കാന്‍ കെല്‍പുള്ളവയാണെന്നും തെളിയിക്കേണ്ട സന്ദര്‍ഭമാണിത്‌. രാജ്യസുരക്ഷയ്ക്ക്‌ വേണ്ടി ഇനിയെങ്കിലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

Followers