സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, October 23, 2010

ഇന്ത്യ സങ്കീര്‍ണമാക്കുന്ന കാശ്മീര്‍ പ്രശ്നം

എന്‍.ഹരിദാസ്‌


തന്റെ വോട്ടുബാങ്ക്‌ നിലനിറുത്തുവാനായി ഇപ്പോള്‍ ഒമര്‍ അബ്ദുള്ള പറയുന്നു. കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയില്‍ ലയിച്ചിട്ടില്ലെന്ന്‌. വീണ്‍വാക്കായാല്‍പ്പോലും വളരെ അപകടം പിടിച്ച ഒരു പ്രസ്താവനയാണിത്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ദൃഷ്ടിയില്‍ ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക്‌ അബ്ദുള്ള സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിന്റെ വിശ്വസ്ഥനും കാശ്മീരിന്റെ അനിഷേധ്യനേതാവുമായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു ചാഞ്ചാട്ടം കണ്ടപ്പോള്‍ അദ്ദേഹത്തെ ഉടനടി തുറുങ്കിലടക്കുവാന്‍ ഒരു സമാധാന വാദിയായ നെഹ്‌റുപോലും മടിച്ചില്ല. അന്നത്തെ ഒരു പ്രത്യേകത കാശ്മീരില്‍ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലായിരുന്നുവെന്നതാണ്‌. ഇന്നാണെങ്കില്‍ നിലമറിച്ചും. ഇന്ന്‌ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചെറിയ വീഴ്ചകളെപ്പോലും വലുതാക്കി മുതലെടുക്കുവാന്‍ കച്ചകെട്ടി, ബല്ലും ബ്രേക്കുമില്ലാത്ത ഒരു പ്രതിപക്ഷമാണ്‌ കാശ്മീരില്‍ ഉള്ളത്‌. പ്രതിപക്ഷകക്ഷിയായ പിഡിപിയുടെ നേതാവ്‌ മെഹബൂബമുക്തിയുടെ രാഷ്ട്രീയ സര്‍ക്കസ്സുകള്‍ പലപ്പോഴും വിചിത്രമാണെന്ന്‌ പറയാതെവയ്യ. കലങ്ങിയവെള്ളത്തില്‍ മീന്‍ പിടിക്കുകയാണവര്‍.


വോട്ടുനഷ്ടമാകുമെന്ന പേടിയില്‍ അപകടപ്രസ്താവനകള്‍ക്ക്‌ മുതിരുകയാണ്‌ ഒമര്‍ അബ്ദുള്ളയും. സര്‍വ്വതന്ത്രസ്വതന്ത്രവും നിരുത്തരവാദപരവുമായ പരസ്യപ്രസ്താവനകള്‍ക്ക്‌ പറ്റിയ അന്തരിക്ഷമാണോ ഇന്ന്‌ കാശ്മീരില്‍ ഉള്ളത്‌. ഭൂരിപക്ഷം വോട്ടുപിടിക്കുന്നതിനായി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തുവാന്‍ പാര്‍ട്ടികളെ അനുവദിയ്ക്കാമോ? എന്താണ്‌ കാശ്മീരില്‍ കല്ലെറിയുന്ന പ്രക്ഷോഭകരുടെ ലക്ഷ്യം. കാശ്മീര്‍ ഒരു യുദ്ധഭൂമിയാണെന്ന സത്യാവസ്ഥയെ അവര്‍ എന്തിന്‌ കണ്ടില്ലെന്നുനടിയ്ക്കുന്നു? ഇന്ത്യയിലെ ഇടതുപക്ഷം പോലും കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുരിശിലേറ്റുകയല്ലേ?

ഒരു ഭാഗത്ത്‌ ചൈനയും മറുഭാഗത്ത്‌ പാക്കിസ്ഥാനും ഭാരതത്തിനെതിരെ വാളോങ്ങിനില്‍ക്കുകയാണ്‌. കാശ്മീരില്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയാണ്‌. യുദ്ധം എന്നതുതന്നെ സംപൂര്‍ണമായ മനുഷ്യാവകാശ ലംഘനമാണല്ലോ, യുദ്ധാവസ്ഥ തീരാതെ അവിടെ മുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധ്യമല്ലായെന്ന വസ്തുത മറച്ചു പിടിച്ചുകൊണ്ട്‌ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിമാത്രം മനുഷ്യാവകാശ ലംഘനമെന്ന്‌ വിഘടനവാദികള്‍ പ്രഛന്നവേഷം ധരിച്ചുവന്ന്‌ ബഹളം കൂട്ടുകയല്ലേ? ഇതിനെ വകവെച്ചുകൊടുക്കുവാന്‍ ഒരു ഇന്ത്യന്‍ സര്‍ക്കാരും! കാശ്മീര്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ വകവച്ചുകൊടുത്താല്‍ അതിന്റെയര്‍ത്ഥം കാശ്മീര്‍ മുഴുവനായും കൈടക്കുവാന്‍ പാക്കിസ്ഥാന്‌ (ചിലപ്പോള്‍ ചൈനക്കും) വിഴയൊരുക്കുകയെന്നതല്ലേ അതിന്റെ അര്‍ത്ഥം? ഇതൊക്കെക്കേട്ട്‌ പകച്ച്‌ ഒരു സര്‍വ്വകക്ഷിസംഘത്തേയും നാം കാശ്മീരിലേക്കയച്ചു. സര്‍വകക്ഷിസംഘം ചെന്നാല്‍ കാശ്മീരില്‍ നിന്നു പാകിസ്ഥാന്‍ പിന്മാറുമോ? അവിടെയും ഇടതുപക്ഷനയം ചൈനയുടെ സുഹൃത്തായ പാക്കിസ്ഥാന്‌ അനുകൂലമാകാതെ വയ്യല്ലോ!
 
കാശ്മീര്‍കത്തിയെരിയുന്നു വീണ്ടും എന്നൊരു വ്യാജ ചിത്രം ലോകത്തിനുമുന്നില് അവതരിപ്പിക്കുവാന്‍ അവിടത്തെ വിഘടനവാദികള്‍ക്കും ഭീകരന്മാര്‍ക്കും സാധിച്ചിരിക്കുന്നു. ശക്തമായ കൃത്യമായ പോലീസ്‌ നടപടികളിലൂടെ തടയുവാനും അമര്‍ച്ചചെയ്യുവാനും സാധിക്കുന്ന ഒരു പ്രക്ഷോഭത്തെയും അക്രമത്തെയും, മനുഷ്യാവകാശനിഷേധത്തിനും കിരാതവാഴ്ചക്കുമെതിരെ പൊതുജനമുന്നേറ്റമായി നമ്മുടെ മാധ്യമങ്ങളും വിഘടനവാദികളും ചിത്രീകരിക്കുന്നു. ഒരു മധ്യ മസംവാദത്തില്‍ ഒരു കാശ്മീരി വിദ്യാര്‍ത്ഥി പ്രകടിപ്പിച്ച അഭിപ്രായം ഇതിനുപുറകിലുള്ള അട്ടിമറിയിലേയ്ക്കും വൈദേശിക ഇടപെടലുകളിലേയ്ക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കാശ്മീരിന്റെ സ്വയം ഭരണമെവിടെ, കാശ്മീരില്‍ എവിടെയും എന്തിനാണ്‌ പട്ടാളം, കാശ്മീരുകാരുടെ മനുഷ്യാവകാശങ്ങളെവിടെ- ഇങ്ങിനെ പോകുന്ന ചോദ്യങ്ങള്‍. കേള്‍ക്കുന്നയാളിന്‌ ഒറ്റനോട്ടത്തില്‍ ന്യായമെന്നും മനുഷ്യാവകാശവാദമെന്നും മാത്രം തോന്നുന്ന ചോദ്യങ്ങള്‍. കാശ്മീരിന്‌ സ്വയം ഭരണമെന്നു പറഞ്ഞാല്‍ പച്ചമലയാളത്തില്‍ ഇന്ത്യ ആ സംസ്ഥാനത്തുനിന്നും പിന്മാറുകയെന്നല്ലാതെ മേറ്റ്ന്താണ്‌? കാശ്മീരില്‍ നിന്നും പട്ടാളത്തെപിന്‍വലിച്ചാല്‍ സംജാതമാവുന്ന അവസ്ഥയെന്താണ്‌. കാശ്മീര്‍ പ്രദേശം മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൈവശത്തിലാവുകയല്ലേ അപ്പോള്‍ ആ വിദ്യാര്‍ത്ഥി മനുഷ്യാവകാശത്തിന്റെയും സ്വയംഭരണത്തിന്റെയും മൂടുപടമണിഞ്ഞു വരുന്നത്‌ ഇന്ത്യ കാശ്മീരില്‍ നിന്നും വിട്ടുപോകണമെന്നവാദവുമായല്ലേ? ആ വിദ്യാര്‍ത്ഥിയോട്‌ ഒരു മറുചോദ്യം- പാക്‌ അധിനിവേശകാശ്മീരിലെ ആളുകള്‍ക്ക്‌ ഈ അവകാശം വല്ലതുമുണ്ടോ?


കാശ്മീര്‍ ഒരു യുദ്ധ ഭൂമിയായത്‌ ഇന്ത്യകാരണമല്ല- പാക്‌ സൊക്കന്മാര്‍ അവിടെ അതിക്രമിച്ചുകയറിയതുകൊണ്ടുണ്ടായ സ്ഥിതിവിശേഷം. തിരുകൊച്ചിയും മൈസൂറും ഹൈദ്രബാദുമൊക്കെ, വിഭജനശേഷം ഇന്ത്യന്‍ യൂണിയനില്‍ച്ചേര്‍ത്ത്‌-അതുപോലെ കാശ്മീര്‍ ഭരിച്ച രാജാവ്‌ ഹരിസിംഗ്‌ ഇന്ത്യയില്‍ ചേരുവാന്‍ തീരുമാനിച്ചു. അങ്ങനെ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി ഈ ചരിത്രം പാക്‌ ഭരണാധികാരികള്‍ കഴിഞ്ഞകൂടാത്തതല്ല.

1948 മുതല്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയായി നിലകൊള്ളുന്നു. അനേകം ഇന്ത്യാ-പാക്‌ യുദ്ധങ്ങള്‍ കാശ്മീരിനു വേണ്ടി നടന്നു. പാക്കിസ്ഥാന്‍ മാത്രമല്ല, ചൈനയും കാശ്മീര്‍ പ്രദേശം കയ്യേറി അക്ബായ്‌-ചിന്‍പ്രദേശത്ത്‌ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കയ്യേറി കൈവശം വച്ചിരിക്കുകയാണ്‌ ചൈന. അതുമാത്രമോ? പാക്‌ അധിനിവേശ കാശ്മീരില്‍നിന്നും 6000ത്തോളം ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക്‌ ദാനമായി നല്‍കി. എതിരാളിയെ തോല്‍പ്പിക്കുവാനായി തര്‍ക്കവസ്തുവെ, ഒരു കവലച്ചട്ടമ്പിയെ വിളിച്ചുകൊണ്ടുവന്ന്‌ അവന്‌ പാട്ടത്തിന്‌ കൊടുക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ നാട്ടിലുണ്ടായിരുന്നു.

അതുപോലെയാണ്‌ പാക്കിസ്ഥാന്‍ 6000 ചതുരശ്ര കിലോമീറ്റര്‍ ചൈനാ ചട്ടമ്പിയ്ക്ക്‌ പാട്ടത്തിന്‌ കൊടുത്തിരിക്കുന്നത്‌- ഇന്ത്യയെ പാഠം പഠിപ്പിക്കുവാനായിട്ട്‌. ഇതിനിടയിലാണ്‌ ഭീകരന്മാര്‍ കൂട്ടത്തോടെ പാക്‌-അഫ്ഗാന്‍ അതിര്‍ത്തികടന്ന്‌ ജിഹാദിനായി കാശ്മീരിലെത്തുന്നത്‌. എന്നും കാശ്മീര്‍ ഒരു യുദ്ധഭൂമിയും ഭീകരഭൂമിയുമായിരിക്കുമ്പോള്‍ അവിടെ സമാധാനകാ��ത്തെപ്പോലെ ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പറയുന്നത്‌, ആ പുകമറയില്‍ പാക്കിസ്ഥാനും ഭീകരന്മാര്‍ക്കും വേദിയൊരുക്കുവാന്‍ വേണ്ടി മാത്രമാണ്‌. ഇന്ത്യന്‍ സൈന്യവും പോലീസും അവിടെ ജനങ്ങള്‍ക്കെതിരെയല്ലല്ലോ യുദ്ധം ചെയ്യുന്നത്‌- പാക്‌ പട്ടാളത്തിനും ഭീകരന്മാര്‍ക്കുമെതിരെയല്ലേ! ശത്രുപട്ടാളങ്ങളുടെ പീരങ്കിയുണ്ടകളും ബോംബുകളും ചീറിപ്പായുന്നതിന്റെ നടുവില്‍ ചെന്നുനിന്ന്‌ എന്റെ മനുഷ്യാവകാശങ്ങളും ജീവനും അപകടത്തിലെന്ന്‌ വിളിച്ചു കൂവുന്നതിന്റെ അര്‍ത്ഥമെന്താണ്‌? കാശ്മീരില്‍ അരങ്ങേറുന്ന പ്രകടനങ്ങളും അക്രമങ്ങളും പാക്‌ പ്രേരിതമായ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമല്ലാതെ മറ്റൊന്നുമല്ല. യുദ്ധഭൂമിയില്‍ ശത്രുപക്ഷത്തെ തകര്‍ത്തില്ലെങ്കില്‍ രാജ്യം നഷ്ടമാകും-യുദ്ധകാലത്ത്‌ മനുഷ്യാവകാശത്തെപ്പറ്റി ഉത്കണ്ഠപ്പെട്ടാല്‍ പരാജയം തീര്‍ച്ച- മോക്ഷയുദ്ധത്തിനിടയില്‍പ്പെട്ടുകിടക്കുകയാണ്‌ കാശ്മീരിലെ സാധാരണ ജനത. ഒരിയ്ക്കലും നിലയ്ക്കാത്ത വെടിയുണ്ടകളുടെ നടുവിലെ സാധാരണക്കാരന്റെ ജീവിതം ദൗര്‍ഭാഗ്യകരമാണ്‌- പക്ഷേ യുദ്ധം തീരാതെ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി തിരിച്ചെത്തുകയില്ല.


ഒരു യുദ്ധഭൂമിയായ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ കുറെയെങ്കിലും സംരക്ഷിക്കപ്പെടുന്നെങ്കില്‍ അതിന്‌ അവിടത്തെ ജനങ്ങള്‍ ന്യൂദല്‍ഹിയോട്‌ നന്ദി പറയണം. കാശ്മീരില്‍ തെരഞ്ഞെടുപ്പും ജനകീയ ഭരണവും വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നു. പഞ്ചാബിനെപ്പോലെ കാശ്മീര്‍ ഭീകരരെയും അമര്‍ച്ച ചെയ്ത്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ നരസിംഹറാവുവിന്റെ ശക്തമായ നടപടികളായിരുന്നു. ഭൂരിപക്ഷം ജനങ്ങളും ഉത്സാഹത്തോടെ പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പിലൂടെയാണ്‌ തികച്ചും അപ്രാപ്തനായ ഒമര്‍ അബ്ദുള്ളയെ അദ്ദേഹത്തിന്റെ പിതാവ്‌ കിരീടധാരിയായി വാഴിച്ചത്‌. ഒരു ചെറുസംസ്ഥാനമായ കേരളത്തിലെ പോലീസിന്‌ ഏതാനും മണിക്കൂറും ഒരു ഡസന്‍ ജലപീരങ്കികളും നല്‍കിയാല്‍ വിരട്ടിയോടിക്കുവാന്‍ കഴിയുന്ന ഒരു ജനക്കൂട്ടത്തെ, ഒരു മഹാ വിപ്ലവമാക്കി ചിത്രീകരിക്കുന്ന ഇന്ത്യാ വിരുദ്ധരും ചില മാധ്യമങ്ങളും മാപ്പര്‍ഹിക്കാത്ത ദേശവിരുദ്ധപ്രവര്‍ത്തിയാണ്‌ ചെയ്യുന്നത്‌. പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിച്ചാല്‍ അത്‌ ഇന്ത്യ കാശ്മീര്‍ കയ്യൊഴിയുന്നതിന്‌ തുല്ല്യമല്ലേ?

ലിങ്കന്‍ പറഞ്ഞു "യുദ്ധഭൂമിയില്‍ നിയമത്തിനല്ല പ്രസക്തി-ശത്രുവിനെ തകര്‍ക്കുന്നതിലാണ്‌" ഒരു യുദ്ധഭൂമിയാണെങ്കിലും ജനകീയാവകാശങ്ങളെയും ജനാഭിപ്രായത്തെയും കഴിവതും മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും പ്രതിബദ്ധതയെയും ഒരു ബലഹീനതയായി കണ്ട്‌ "ഇടകണ്ട്‌-പടവെട്ടുക"യാണ്‌ പാക്‌ ചട്ടുകങ്ങളായ കാശ്മീരിലെ പ്രക്ഷോഭകാരികള്‍. ഇൌ‍ അവസരത്തില്‍ ഭാരത ഭരണാധികാരികളുടെ ചിന്താക്കുഴപ്പവും ചാഞ്ചാട്ടവും കാശ്മീര്‍ വിഘടനവാദികള്‍ക്ക്‌ ഹരം പകരുകയാണ്‌. കാശ്മീരിലെ പ്രതിപക്ഷം തികച്ചും ഇന്ത്യാ വിരുദ്ധ നിലപാടിലാണ്‌ പ്രക്ഷോഭം ആളിക്കത്തിക്കുവാന്‍ ഏത്‌ നിരുത്തരവാദ നടപടിക്കും തയ്യാറായി നില്‍ക്കുകയാണ്‌ അവിടത്തെ പ്രതിപക്ഷനേതാവ്‌. നേപ്പാള്‍ ്രശ്നത്തിലെന്നപോലെ കാശ്മിരിലെ കല്ലേറുകാരെക്കണ്ട്‌ പകച്ചുനില്‍ക്കുകയാണ്‌ മന്‍മോഹന്‍സിംഗും സംഘവും. ഈ പ്രക്ഷോഭം ഒമര്‍ അബ്ദുള്ളയെന്ന ഒന്നിനും കൊള്ളാത്ത ഭരണാധികാരിയുടെ കഴിവില്ലായ്മകൊണ്ട്‌ മാത്രം പൊട്ടിപ്പുറപ്പെട്ടതാണ്‌. കാശ്മീരില്‍ പ്രതി വിപ്ലവകാരികള്‍ ഇന്ത്യയെത്തന്നെ പരാജയപ്പെടുത്തിക്കളയുമെന്നും ഇന്ത്യ അവിടെ വമ്പിച്ച മനുഷ്യാവകാശലംഘനം നടത്തുമെന്നും വരുത്തിക്കൂട്ടുവാന്‍ നമ്മുടെ മാധ്യമങ്ങളും ശ്രമിക്കുന്നു. അങ്ങനെ അവരും അറിയാതെ വിഘടനവാദികളെ സഹായിക്കുന്നു.

Wednesday, October 20, 2010

ചൈനയിലെ സാഹിത്യകാരനായ തെമ്മാടി പയ്യന്‍

ലോകത്തിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ചൈന നാഷണല്‍ ടുബാക്കോ കോര്‍പറേഷന്റെ ഡയരക്റ്ററും ഗ്വാങ്ക്‌സി പ്രവിശ്യയിലെ വലിയ കമ്യൂണിസ്റ്റ് നേതാവുമായ ഹാന്‍ ഫെങ്ങ് കുടുങ്ങിയത് അദ്ദേഹം ഓണ്‍ലൈന്‍ ആയി എഴുതി സൂക്ഷിച്ചിരുന്ന ഡയറി ലീക്ക് ചെയ്ത് ചൈനയിലെ സൈബര്‍സ്‌പേസില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. സ്വന്തം അഴിമതികളും അസാന്മാര്‍ഗിക പരാക്രമങ്ങളുടെയും വര്‍ണശബളമായ വിവരണങ്ങള്‍ നിറഞ്ഞ ആ ഡയറി കുറിപ്പുകള്‍ നെറ്റില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറി. തുടര്‍ന്നുണ്ടായ കോലഹാലങ്ങളില്‍ ഫെങ്ങിന് ജോലിയും നഷ്ടപ്പെട്ടു, ആള്‍ അറസ്റ്റിലുമായി.




ഇതിനിടയിലാണ് 'ഫെങ്ങ് നല്ല നേതാവാണ്' എന്ന് അയാളെ ന്യായീകരിക്കുന്ന പോസ്റ്റ് ഒരു ചൈനീസ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. ഫെങ്ങിനെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തിലെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു:

1. ഫെങ്ങ് ഒരു വര്‍ഷം കൊണ്ട് വാങ്ങിയ ആകെ കൈക്കൂലി 60,000 റിംനിമ്പി (ഏതാണ്ട് നാല് ലക്ഷം രൂപ) മാത്രമാണ്. ചൈനയില്‍ ഇത്ര കുറച്ച് കൈക്കൂലി വാങ്ങിയ മറ്റൊരു നേതാവുണ്ടാവില്ല.

2. സ്വയം കൈക്കൂലി വാങ്ങുകയല്ലാതെ ഒരു നേതാവിനും ആപ്പീസര്‍ക്കും ഇയാള്‍ പത്ത് റിംനിമ്പി കൈക്കൂലി കൊടുക്കുകയോ അവിഹിത സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ല. സ്വയം ഒരു ഫോണ്‍ കാര്‍ഡിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാവരേയും പോലെ ഫെങ്ങും രണ്ട് മണിക്കൂര്‍ ക്യൂ നിന്നു. അയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ക്കൊന്നും പിന്‍വാതില്‍ നിയമനം വാങ്ങിക്കൊടുത്തിട്ടുമില്ല.

3. ഫെങ്ങ് തന്റെ കാമുകിമാര്‍ക്ക് ഉപഹാരമായി നല്‍കിയത് മൊബൈല്‍ ഫോണും എംപി4 പ്ലേയറുമൊക്കെയാണ്, ബാക്കി നേതാക്കന്മാരൊക്കെ ബെന്‍സ് കാറും ലക്ഷ്വറി അപാര്‍ട്ട്‌മെന്റുകളുമൊക്കെയാണ് വെപ്പാട്ടിമാര്‍ക്ക് നല്‍കുന്നത്. ഇത്രയും മിതവ്യയശീലമുള്ള ഒരു സ്ത്രീലമ്പടനെ എവിടെ കിട്ടും!

4. ഇത്ര സ്ത്രീലമ്പടനായിട്ടുപോലും അയാള്‍ സ്വന്തം ഭാര്യയോടൊപ്പം 25 ദിവസം ചിലവഴിച്ചു, അവര്‍ക്കും ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തു. എന്തൊരു നല്ല ഭര്‍ത്താവ്!

5. ഒരു വര്‍ഷം അയാള്‍ 89 സ്വകാര്യവിരുന്നുകളിലാണ് ആകെ പങ്കെടുത്ത് സൗജന്യമായി മദ്യപിച്ചത്, നാട്ടിലെ ലോക്കല്‍ നേതാക്കന്മാര്‍ വരെ വര്‍ഷത്തില്‍ 365 തവണയില്‍ കൂടുതല്‍ ഇത് ചെയ്യുന്നുണ്ട്.

6. ഫെങ്ങിന് സ്വന്തമായി കമ്പ്യൂട്ടറില്‍ സോഫ്റ്റ്-വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനറിയാം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനറിയാം, ഫോട്ടോ എടുക്കാനറിയാം, ഫോട്ടോഗ്രഫി ആസ്വദിക്കും... ഇതൊക്കെ നോക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ നിലവാരം വെച്ച് ആള്‍ ഐടി വിദഗ്ധനാണ്. ഇത്തരം ഒരു പ്രതിഭാശാലിയെ ഉപദ്രവിക്കുന്നത് ശരിയല്ല.

ഫെങ്ങിനെതിരെ കുറ്റമായി ചൂണ്ടിക്കാട്ടാവുന്ന കാര്യം അയാള്‍ക്ക് പെട്ടന്ന് മദ്യം തലക്ക് പിടിക്കുമെന്നതായിരുന്നു. അതിനാല്‍ പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് നേതാവാകാനുള്ള യോഗ്യത അയാള്‍ക്കില്ല. മാത്രമല്ല, രാജ്യത്തെല്ലാമുള്ള പാര്‍ട്ടി സഖാക്കളുടെ പ്രതിച്ഛായക്ക് ഇത് കളങ്കമേല്‍പ്പിക്കുകയും ചെയ്യും. എങ്കില്‍പ്പോലും ഫെങ്ങിനെ വെറുതെ വിടണം, കാരണം പകരക്കാരനായി വരുന്ന പിന്‍ഗാമി ഇതിലും ചെറ്റയായിരിക്കും, അയാള്‍ ഓണ്‍ലൈന്‍ ഡയറി എഴുതണമെന്നുമില്ല.

ഇതാണ് ഹാന്‍ ഹാന്‍ - ചൈനയിലെ ഏറ്റവും ജനപ്രിയ ബ്ലോഗറായ 27-കാരന്‍ , ബെസ്റ്റ് സെല്ലര്‍ നോവലെഴുത്തുകാരന്‍ , റാലി ഡ്രൈവര്‍ , ഗായകന്‍ . 2006-ല്‍ തുടങ്ങിയെ ഹാനിന്റെ ബ്ലോഗ് വിക്കിപീഡിയ പറയുന്നത് വിശ്വസിക്കാമെങ്കില്‍ 42 കോടി പേര്‍ ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. (ലോകത്തിലെ കൂടിയ ബ്ലോഗര്‍മാര്‍ വരെ ഒന്നോ രണ്ടോ ലക്ഷം ഹിറ്റ് എന്നാല്‍ സ്വര്‍ഗമെന്ന് വിചാരിക്കുന്ന ലോകമാണിത്.) ചൈനയിലെ സര്‍വാധികാരികളായ കമ്യൂണിസ്റ്റ് നേതാക്കളെ കളിയാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഹാനിന്റെ ബ്ലോഗില്‍ പുതുമയല്ല. അഭിപ്രയാസ്വാതന്ത്ര്യത്തിനുമേല്‍ അത്രയ്ക്ക് കൂച്ചുവിലങ്ങിടുന്ന ചൈനയില്‍ ഹാനിന്റെ കളി അല്‍പം കൈവിട്ടുള്ള കളിയല്ലേ എന്ന് തോന്നും. എന്നാല്‍ ഈ വര്‍ഷാരംഭത്തില്‍ ചൈനയില്‍ പലയിടത്തും നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായ സമയത്ത് ഇയാള്‍ എഴുതിയ പോസ്റ്റ് വായിച്ചു നോക്കൂ:

രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരെയെല്ലാം നഴ്‌സറി സ്‌കൂള്‍ പാറാവിനയക്കണമെന്നാണ് എന്റെ അഭിപ്രായം. കുട്ടികളെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് സ്വയം രക്ഷയ്ക്ക് ഇത്ര ആളുകള്‍ വേണ്ട.

ഷാങ്ഹായ് എക്‌സ്‌പോ എന്ന ചൈനയുടെ അഭിമാന പ്രശ്‌നമായ അന്തര്‍ദേശീയ വാണിജ്യമേളയുടെ തിരശ്ശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രമുള്ള അന്ന് ഈ കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ സര്‍ക്കാരിന് ന്യായങ്ങള്‍ ഏറെയായിരുന്നു. അനുസരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഏറെ കുറ്റബോധവമുണ്ടായിരുന്നില്ല. എന്നാലും കഴിഞ്ഞ മെയ് മാസത്തെ ആ പോസ്റ്റിങ്ങില്‍ ഹാന്‍ ഹാന്‍ ഇങ്ങനെ തുടര്‍ന്നു:

ഷാങ്ഹായ് എക്‌സ്‌പോയുടെ ആഘോഷങ്ങളുടെ ഈ ഉത്സവവേളയില്‍ ബന്ധപ്പെട്ട ഗവണ്മന്റ് അധികൃതര്‍ക്ക് ഇതൊരു അപശബ്ദമാണ്. ഗവണ്മന്റ് പറയുന്നതനുസരിച്ച് തയ്‌ഴൂ കിന്‍ഡര്‍ഗാര്‍ട്ടന്‍ സംഭവത്തില്‍ 32 പേര്‍ക്ക് പരിക്ക് പറ്റിയെന്നും ആരും മരിച്ചിട്ടില്ലെന്നും മാത്രമേ നമുക്കറിയൂ, പക്ഷേ എത്രയോ കുട്ടികള്‍ കൊല്ലപ്പെട്ടന്ന് തെരുവില്‍ അഭ്യൂഹങ്ങളുണ്ട്. നമ്മള്‍ ആരെ വിശ്വസിക്കണം? ഗവണ്മന്റ് സത്യമാണ് പറയുന്നതെങ്കില്‍ അവരെന്താണ് മക്കളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കാത്തത്? ...ഒരു കൊലയാളി കറിക്കത്തി കൊണ്ട് 32 പേരെ വെട്ടിയിട്ട് ആരും മരിച്ചില്ലെന്നോ? അയാള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നോ? ...സ്വന്തം ശീലങ്ങളനുസരിച്ച് സാഹചര്യങ്ങളെ നേരിടുന്ന ഗവണ്മന്‍ിന്റെ രീതിയാണിത്. ഇതാണവരുടെ സ്ഥിരം പ്രക്രിയ: എന്തെങ്കിലും സംഭവിക്കുന്നത് വരെ തിന്നുക, കുടിക്കുക, രാത്രി മുഴുവന്‍ കൂത്താടുക - എന്നിട്ട് പ്രശ്‌നം ഉണ്ടായ ഉണ്ടായ ഉടന്‍ ഒളിക്കുക, ഒറ്റപ്പെടുത്തുക, മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക, നിരോധനങ്ങള്‍ കൊണ്ടുവരിക,, പത്രക്കുറിപ്പുകള്‍ ഇറക്കുക, നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ശവസംസ്‌കാരം നടത്തുക -പിന്നെ വീണ്ടും തിന്നാനും കുടിക്കാനും കൂത്താടാനും മടങ്ങുക. അവരുടെ രീതി കൊലയാളികളേക്കാള്‍ കഷ്ടമാണ്… ഒരു മാസത്തിനുള്ളില്‍ അഞ്ച് സ്‌കൂള്‍ കൂട്ടക്കൊലകള്‍. കൂട്ടക്കൊലയുടെ സാമൂഹ്യ കാരണങ്ങളെ പറ്റിയൊന്നും എനിക്ക് സംസാരിക്കണമെന്നില്ല.. എനിക്ക് ഒറ്റ കാര്യം പറഞ്ഞാല്‍ മതി. കൊലക്കത്തിയുമായി ഒരുവന്‍ നഴ്‌സറി സ്‌കൂളിലേക്ക് പാഞ്ഞുകയറി കുട്ടികളെ കുത്തിക്കൊല്ലുകയാണ്. എന്നാലും അത് വാര്‍ത്തയല്ല. എല്ലാവരുടെയും വയസ്സ് ഒന്നിച്ചുകൂട്ടിയാല്‍ 100 തികയുന്ന 32 കൊച്ചുകുട്ടികളെ, നിങ്ങളെയെല്ലാം കുത്തി പരിക്കേല്‍പ്പിച്ചിരിക്കുന്നു, എന്നാലും നിങ്ങളൊന്നും പത്രത്തില്‍ വരില്ല, കാരണം 100 കിലോമീറ്ററപ്പുറത്ത് വലിയ വെടിക്കെട്ടോടെ ഭയങ്കര സമ്മേളനം നടക്കാന്‍ പോവുകയാണ്. ഒപ്പം തന്നെ നിങ്ങളുടെ നാട്ടിലെ തയ്‌ഴൂവില്‍ ജനങ്ങള്‍ 'മൂന്ന് സന്തോഷങ്ങള്‍' -ദേശീയ വിനോദസഞ്ചാരദിനങ്ങള്‍, സാമ്പത്തിക സംഭാഷണങ്ങള്‍, പ്രവാസി ചൈനക്കാര്‍ ബിസിനസ് തുടങ്ങുന്നതിന്റെ ആഘോഷം - ആസ്വദിക്കുകയാണ്. ആ വയസ്സന്മാരുടെയൊക്കെ കണ്ണില്‍ നിങ്ങള്‍ കുട്ടികള്‍ രസംകൊല്ലികളാണ്. ... നശിച്ച കുട്ടികളേ, നിങ്ങള്‍ക്കാണ് ഞങ്ങള്‍ പാല്‍പ്പൊടിയിലൂടെ വിഷം തരുന്നത്, നിങ്ങളെയാണ് വാക്‌സിന്‍ കുത്തിവെച്ച് രോഗികളാക്കുന്നത്, നിങ്ങളാണ് ഭൂമി കുലുക്കങ്ങളില്‍ ചതഞ്ഞുമരിക്കുന്നത്. മുതിര്‍ന്നവരുടെ ലോകത്തെന്തെങ്കിലും പ്രശ്‌നമുണ്ടായാലും അവര്‍ കത്തികൊണ്ട് കുത്തുന്നതും നിങ്ങളെയാണ്. തയ്‌ഴൂ സര്‍ക്കാര്‍ പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോവുകയാണ്, ആരും മരിച്ചിട്ടില്ലെന്ന്, ചിലര്‍ക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളുവെന്ന്. ഞങ്ങള്‍ മുതിര്‍ന്നവര്‍ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്.. നിങ്ങള്‍ വലുതാവുമ്പോള്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കുക മാത്രമല്ല, അന്യരുടെ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക കൂടി ചെയ്യുമെന്ന് ഞാന്‍ ആശിക്കുകയാണ.്

കഴിഞ്ഞ മാസം ചൈന തങ്ങളുടേതെന്നും ജപ്പാന്‍ അവരുടേതെന്നും അവകാശപ്പെടുന്ന സെങ്കാക ദ്വീപിനടുത്ത് വെച്ച് ഒരു ജാപ്പനീസ് നാവികസേന ചൈനീസ് മീന്‍പിടുത്ത ബോട്ട് പിടിച്ചെടുത്ത് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനയില്‍ പരക്കെ ജപ്പാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 'രാജ്യസ്‌നേഹം എല്ലാ തെമ്മാടിയുടേയും അവസാനത്തെ അത്താണിയാണ്' (അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം) എന്ന് പറയുന്ന ഹാന്‍ ഹാന്‍ മാത്രം ഇതെപ്പറ്റി ഒന്നും പറഞ്ഞില്ല. എന്താണെന്ന് ചോദിച്ചപ്പോള്‍ ചൈനീസ് സര്‍ക്കാരും ജപ്പാനും തമ്മില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്ത സാധാരണ ചൈനക്കാരന്‍ എന്തിന് ഇടപെടണം എന്നായിരുന്നു അയാളുടെ മറു ചോദ്യം.

ഞാനും നിങ്ങളും മാതൃഭൂമിയുടെ പ്രശ്‌നത്തില്‍ ഒരേ പോലെ ദുഃഖിതരാണെന്നുമാത്രം പറയരുത്. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ല, എല്ലാ ഭൂമിയും, നിങ്ങള്‍ക്കറിയാവുന്നത് പോലെ, നിങ്ങള്‍ വാടകയ്ക്ക് തന്നതാണ്. നോക്കുമ്പോള്‍ ഈ പ്രശ്‌നം മുഴുവന്‍ കാറ്റില്‍ പറന്നുപോയി തറയില്‍ വീണ ഒരു ഓടിനെ ചൊല്ലി എന്റെ വീട്ടുടമസ്ഥനും അയല്‍വാസിയും തമ്മിലുള്ള കശപിശ പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ വീട്ടുടമസ്ഥന്റെ മച്ചില്‍ നിന്നും കാറ്റത്ത് പറന്നുപോയി അയല്‍വാസിയുടെ മുറ്റത്ത് വീണതാണ് ഓട് എന്ന് എനിക്കറിയാം. അയല്‍വാസിയെ വീട്ടുടമയ്ക്ക് പേടിയാണെന്നും എനിക്കറിയാം - ഓട് ചോദിക്കാന്‍ ആ മുറ്റത്തേക്കയാള്‍ കയറില്ല. ഇതില്‍ വാടകക്കാരനായ എനിക്കെന്താണ് കാര്യം? സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്തവന്‍ വേറെ വല്ലവന്റെയും ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതെന്തിനാണ്? സ്വന്തമായി ഒരന്തസ്സും ഇല്ലാത്ത കുടിയാന്‍ ജന്മിയുടെ അന്തസ്സിന് വേണ്ടി പൊരുതുന്നതെന്തിനാണ്? അത്തരക്കാര്‍ക്ക് നാട്ടിലെന്താണ്‌വില, റാത്തലിന്? അല്ലെങ്കില്‍, അത്തരക്കാര്‍ എത്ര പേര്‍ വേണം ഒരു റാത്തല്‍ തികയാന്‍?

ചൈനക്കുള്ളിലെ ഒരു പ്രശ്‌നത്തിന്റെ പേരിലും ജനം പ്രതിഷേധപ്രകടനം നടത്തുന്നത് പൊറുക്കാത്ത ഭരണകൂടം ജപ്പാനെതിരെ ഇപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെ പ്രോത്സാപ്പിക്കുന്നതിനും ഹാന്‍ ഹാന്‍ കാരണം നല്‍കുന്നുണ്ട്:

ചൈനയുടെ വേദിയില്‍ ഇന്നുള്ളത് മൂന്ന് വേഷങ്ങളാണ്: യജമാനന്‍, ശിങ്കിടി, പിന്നെ ഒരു നായയും. നമ്മളില്‍ മിക്കവരും ആ മൂന്ന് വേഷങ്ങളില്‍ രണ്ടെണ്ണം മാറിമാറി കെട്ടി ജീവിച്ചു പോകുന്നവരാണ്. (ഏത് രണ്ട് എന്നോ? ആരെങ്കിലും സ്വയം ഞാന്‍ യജമാനനാണെന്ന് പറയുമോ, ഏത്!) ശിങ്കിടിയില്‍ നിന്ന് യജമാനന്‍ പ്രതീക്ഷിക്കുന്നത് ചുണകെട്ട വിധേയത്വമാണ്, പക്ഷേ ഇപ്പോള്‍ വേണ്ടത് കുറച്ച് കുരക്കുന്ന പട്ടികളെയാണ്. ഒരു പ്രശ്‌നവുമില്ല. കാരണം യജമാനന്‍ എങ്ങനെയൊക്കെ പെരുമാറിയാലും വീട് കാക്കേണ്ടത് നായയുടെ ജോലിയാണ്. ... നേതാക്കന്മാരുടെ മുഖങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ലാത്തപ്പോള്‍ അവര്‍ നമ്മുടെ മുഖത്തടിക്കും, അവര്‍ക്ക് മുഖം നഷ്ടപ്പെടുമ്പോഴോ, നമ്മള്‍ അത് അവര്‍ക്കുവേണ്ടി നേടിക്കൊടുക്കണം, എങ്ങനെയുണ്ട്!

ഹാന്‍ തന്നെ വേറൊരിക്കല്‍ പറഞ്ഞതുപോലെ ചൈനീസ് ഭരണഘടന ജനങ്ങള്‍ക്ക് പത്രസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പക്ഷേ ജനം ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് തടയാനുള്ള സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്കും നല്‍കുന്നുണ്ട്. മാധ്യമങ്ങളുടെ റഫറന്‍സിനായി നിരോധിക്കപ്പെട്ട വാക്കുകളുടെ പട്ടികയുള്ള പദാവലി തന്നെ ഗവണ്മന്റ് ഇറക്കുന്നുണ്ട്. എന്നിട്ടും ഈ ചെറുപ്പക്കാരന്‍ മാത്രം ഈ ആപല്‍ക്കരമായ സര്‍ക്കസ് കളിച്ചുകൊണ്ട് അവിടെ ജീവിക്കുന്നു എന്നറിയണമെങ്കില്‍ ഹാന്‍ ഹാന്‍ ആരാണെന്ന് മനസ്സിലാക്കണം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹാന്‍ ഹാന്‍ ചൈനയിലെ 1980-കള്‍ക്ക് ശേഷം പിറന്ന തലമുറയില്‍പെട്ടവനാണെന്നതാണ്. 1980-കളിലാണ് ചൈനയില്‍ ദമ്പതിമാര്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളുവെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ഈ തലമുറയില്‍പ്പെട്ടവര്‍ വളരുന്ന കാലത്താണ് 'ദാരിദ്ര്യം പങ്കിടലല്ല സോഷ്യലിസം' എന്ന വിശദീകരണത്തോടെ മാര്‍ക്കറ്റ് സോഷ്യലിസം എന്ന ലേബലില്‍ വിപണി സമ്പദ്‌വ്യവസ്ഥ ചൈനയില്‍ നിലവില്‍ വന്നതും. അന്നാട്ടിന്റെ ഉത്പാദനമേഖലയിലും സമ്പദ് വ്യവസ്ഥയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നെറ്റിസന്‍മാരില്‍ മിക്കവരും ഈ തലമുറക്കാരാണ്. ചൈനീസ് മാധ്യമങ്ങള്‍ തന്നെ ഹാന്‍ ഹാനിനെ വിശേഷിപ്പിക്കുന്നത് ആ തലമുറയുടെ ശബ്ദമായിട്ടാണ്.

ഹൈസ്‌കൂള്‍ പരീക്ഷയില്‍ ചൈനീസ് അടക്കം ഏഴ് വിഷയങ്ങളില്‍ തോറ്റ് വീണ്ടും പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്താണ് 1999-ല്‍ ദേശീയാടിസ്ഥാത്തില്‍ നടത്തിയ 'നവ സങ്കല്‍പ രചനാ മത്സര'ത്തില്‍ എഴുതിയ പ്രബന്ധത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ട് ഹാന്‍ ഹാന്‍ വെള്ളിവെളിച്ചത്തിലേക്ക് വന്നത്. ഈ എസ്സേയുടെ വിഷയം നോവലാക്കി എഴുതുമെന്നും ആ നോവലിന്റെ റോയല്‍റ്റി വഴി താന്‍ സമ്പന്നനാകുമെന്നും ആ ബാലന്‍ അധ്യാപകരോട് പറഞ്ഞപ്പോള്‍ അവര്‍ 'പാവം പൊട്ടന്‍' എന്ന് സഹതപിച്ചു. പക്ഷേ ഹാന്‍ പറഞ്ഞത് തമാശയായിരുന്നില്ല. പറഞ്ഞതുപോലെ പയ്യന്‍ പരീക്ഷയെഴുതാതെ പകരം ട്രിപ്പിള്‍ ഗേറ്റ് എന്ന നോവലെഴുതുക തന്നെ ചെയ്തു. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കപ്പെടുന്ന നോവല്‍ ചൈനീസ് വിദ്യാഭ്യാസ സമ്പ്രദായത്തിന് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടിയത്. അധ്യാപകരെ വേശ്യകളോട് ഉപമിക്കുന്ന ഹാന്‍ നോവലില്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെയാണ്: അധ്യാപകര്‍ വേശ്യകളേക്കാള്‍ കാര്യപ്രാപ്തി ഉള്ളവരാണ്. വേശ്യകള്‍ പണമുണ്ടാക്കുന്നത് ആനന്ദം നല്‍കിക്കൊണ്ടാണ്. യാതന മാത്രം വിളമ്പിക്കൊണ്ടാണ് അധ്യാപകര്‍ പണമുണ്ടാക്കുന്നത്.


ട്രിപ്പിള്‍ ഗേറ്റ്‌

എന്തൊക്കെ പറഞ്ഞാലും ട്രിപ്പിള്‍ ഗേറ്റ് 20 ലക്ഷം കോപ്പികള്‍ വിറ്റു, ചൈനയുടെ ചരിത്രത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലര്‍. ഹാന്‍ ഹാന്‍ അങ്ങനെ ലക്ഷപ്രഭുവുമായി. കൂടതല്‍ ബെസ്റ്റ്‌സെല്ലറുകള്‍ എഴുതുന്നതിനിടയില്‍ ഹാന്‍ ആനുകാലികങ്ങള്‍ക്ക് വേണ്ടി ലേഖനങ്ങളെഴുതി, സ്വന്തമായി ബ്ലോഗും തുടങ്ങി - ന്യൂയോര്‍ക്ക് ടൈംസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'വൈല്‍ഡ്‌ലി പോപ്പുലര്‍ ബ്ലോഗ്.' നര്‍മത്തിലും പരിഹാസത്തിലും മുക്കിയ, വ്യവസ്ഥിതിക്കെതിരായ ഒളിയമ്പുകള്‍ തന്നെയാണ് ആ പോപുലാരിറ്റിയുടെ രഹസ്യവും.

അതിനിടയിലാണ് ഡ്രൈവിങ്ങ് ഭ്രമം ഹാനിനെ കാര്‍ റാലിയില്‍ കൊണ്ടെത്തിച്ചത്. കുറഞ്ഞ വാക്കില്‍ പറഞ്ഞാല്‍ അവിടെയും ഫലം നാടകീയമായിരുന്നു. അഭിജാതമായ 2007 ചൈന സര്‍കീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹാന്‍ ജേതാവായി, റേസിങ്ങ് ട്രാക്കിലും ഹാനിന്ന് യുവാക്കളുടെ ഹരമാണ്. റേസിങ്ങില്‍ ഹാനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്‍ കമ്പനികള്‍ തന്നെ തയ്യാറായി. ഇതേ കാലത്തിനിടയില്‍ ഹാന്‍ രചിച്ച് ആലപിച്ച ഗാനങ്ങളും ബോക്‌സോഫീസ് പട്ടികകളില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു.

'80കള്‍ക്ക് ശേഷമുണ്ടായവരാണ് 21-ാം നൂറ്റാണ്ടിലെ യുവതലമുറ. അല്‍പമെങ്കിലും അഭ്യസ്തവിദ്യരായ, അണുകുടുംബങ്ങളില്‍ നിന്നും വരുന്ന രാഷ്ട്രീയ/സാമൂഹ്യ പ്രതിബദ്ധതകളൊന്നുമില്ലാത്ത തലമുറ. അവര്‍ക്ക് മനസ്സിലാകുന്ന 'കൂള്‍' ഭാഷയില്‍ കാര്യം പറയുന്ന ജനപ്രീതി തന്നെയാണ് അയാളുടെ സുരക്ഷയും. ഹാനിന്റെ ബ്ലോഗ് വിലക്കിയാല്‍ ചൈനയുടെ സൈബര്‍സ്‌പേസില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്.

ഹാന്‍ ഹാന്റെ ബ്ലോഗ് വലിയ വിലക്കുകളില്ലാതെ തുടരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയാളുടെ അര്‍ഷ പ്രകടനങ്ങളെല്ലാം നമ്മുടെ നാട്ടില്‍ പറയുന്ന അരാഷ്ട്രീയ ബുദ്ധിജീവിയുടെ പ്രതികരണങ്ങളാണ്. ഹാനിന് യാതൊരു രാഷ്ട്രീയ അജന്‍ഡകളുമില്ല. അയാള്‍ ഒരു സംഘടിത രാഷ്ട്രീയ വിഭാഗത്തിന്റെയോ വക്താവോ പ്രവര്‍ത്തകനോ അല്ല. ടിബറ്റ്, ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ഉയാഘുര്‍ വംശീയ കലാപങ്ങള്‍ ഇതൊന്നും ഹാനിന്റെ ബ്ലോഗില്‍ വിഷയങ്ങളല്ല ('ഹാവൂ ഭാഗ്യം!' എന്ന് അധികൃതര്‍). ഔദ്യോഗികമായ വിലക്കുകളുള്ള വിഷയങ്ങളിലൊന്നും ഹാന്‍ കൈ വെക്കുന്നില്ല. എന്നാലും ചിലപ്പോഴൊക്കെ അതിര് വിടുന്നു എന്ന് തോന്നുന്നുമ്പോള്‍ ചില പോസ്റ്റിങ്ങുകള്‍ ഗവണ്മന്റ് മായ്ച്ചുകളയാറുണ്ട്. പക്ഷേ അതിനും മുമ്പ് തന്നെ ആരാധകര്‍ ഇത് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പേസ്റ്റ് ചെയ്യുന്നതിനാല്‍ ഒന്നും 1984-ലെ മിനിട്രൂത്ത് ചെയ്യുംപോലെ എന്നേന്നേക്കുമായി ബാഷ്പീകരിക്കപ്പെടുന്നില്ല.

അന്തര്‍ദേശീയ വാര്‍ത്താ വാരികയായ ടൈം ഇക്കൊല്ലം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയുണ്ടാക്കിയപ്പോള്‍ കൂട്ടത്തില്‍ ബരാക്ക് ഒബാമയുടെയും ബില്‍ ഗേറ്റ്‌സിനുമെല്ലാം കൂട്ടത്തില്‍ ഹാന്‍ ഹാനുമുണ്ടായിരുന്നു. ഇതിന് വേണ്ടി ടൈം ലേഖകന്‍ ഹാനിനെ ഇന്റര്‍വ്യൂ ചെയതപ്പോഴും അയാളുടെ മറുപടികള്‍ ഈ നിഷേധിയുടെ രസികത്വത്തോടെ തന്നെയായിരുന്നു. ചൈനീസ് സാഹിത്യത്തില്‍ സ്വന്തം സ്ഥാനമെന്താണെന്ന് ചോദിച്ചപ്പോള്‍ തന്നെ ഹാന്‍ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വായനക്കാര്‍ക്ക് ചൈനീസ് സാഹിത്യത്തില്‍ വലിയ താല്‍പര്യമുണ്ടാകുമെന്ന് തോന്നുന്നില്ല...'പിന്നെ സ്വന്തം സ്ഥാനം നിര്‍ണയിക്കല്‍ വിവരം കെട്ട പരിപാടിയാണ്, അധികം വിനയം കാണിച്ചാല്‍ ആരും മൈന്റ് ചെയ്യില്ല, ഞാന്‍ ഭയങ്കരനാണ് എന്ന് വിചാരിച്ചാലും കാര്യമില്ല.'

ചൈനയില്‍ ജനാധിപത്യം വരാനുള്ള സാധ്യതയെ പറ്റി ചോദിച്ചപ്പോഴാണ് ഹാന്‍ കോമണ്‍സെന്‍സോടെ മറുപടി നല്‍കിയത്...'സമീപ ഭാവിയിലൊന്നും ഈ രാജ്യത്ത്് ബഹുകക്ഷി ജനാധിപത്യം വരാനിടയില്ല എന്ന വസ്തുത എനിക്ക് അംഗീകരിക്കാനാകും. പക്ഷേ ഇവിടെ അതിലും അടിയന്തരമായ, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രശ്‌നങ്ങളുണ്ട് - പത്രസ്വാതന്ത്ര്യവും സാസ്‌കാരിക സ്വാതന്ത്ര്യവും പോലുള്ള കാര്യങ്ങള്‍. കുറഞ്ഞത് അതൊന്നും അത്ര ആശയറ്റ കാര്യങ്ങളല്ല. ആശയറ്റതല്ലാത്ത കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നതാണെനിക്കിഷ്ടം. '

പുരുഷന്മാരുടെ അമേരിക്കന്‍ മാസികയായ എസ്‌ക്വയറിന്റെ ചൈനീസ് എഡിഷന്‍ പത്രാധിപരായ മായിമു പറയുന്നത് ഹാന്‍ ഹാന്‍ ഒരു നോര്‍മല്‍ ചെറുപ്പക്കാരനാണെന്നാണ്. ''അവന് സുന്ദരികളെ ഇഷ്ടമാണ്, ശരിയല്ലെന്ന് തോന്നുന്ന കാര്യം പറഞ്ഞാല്‍ 'നോ' എന്ന് പറയും. ചൈനയില്‍ കൂടുതല്‍ ഹാന്‍ ഹാന്‍മാരുണ്ടായിരുന്നെങ്കില്‍ ഈ രാജ്യം എത്രയോ നോര്‍മലായി പോയേനെ.'

Saturday, October 16, 2010

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍

myna umaiban


'ആരെതിര്‍ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ്. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു. പക്ഷേ, പര്‍ദ ധരിക്കാന്‍ എനിക്കിഷ്ടമല്ല. പര്‍ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ അവകാശ പ്രഖ്യാപനമായാണ് ഞാനിതിനെ കാണുന്നത്'


പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ തളരാതെ നില്ക്കുന്ന റെയ്ഹാന ഖാസിയുടേതാണീ വാക്കുകള്‍.

പര്‍ദയും മഫ്തയും ധരിക്കാത്തതിന്റെ പേരില്‍ അപവാദപ്രചരണം മുതല്‍ വധഭീഷണി വരെ നേരിടേണ്ടി വന്നപ്പോഴാണ് ഇഷ്ടവസ്ത്രം ധരിക്കുന്നതിനുളള അവകാശത്തിനുവേണ്ടി റെയ്്ഹാന കോടതിയെ സമീപിച്ചത്. ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ് ഇവരുടെ കുടുംബം.

കഴിഞ്ഞ ആറു വര്‍ഷമായി റെയ്ഹാനയും കുടുംബവും കാസര്‍ഗോഡ് വിദ്യാനഗറിലാണ് താമസം. മുമ്പ് ഇവര്‍ കര്‍ണടകത്തിലായിരുന്നു. മുഖാവരണമണിയുന്ന മുസ്ലീം സ്ത്രീകള്‍ സാധാരണമാണ് കര്‍ണാടകത്തില്‍....പക്ഷേ, അവര്‍ എല്ലായ്‌പ്പോഴും പര്‍ദയും മുഖാവരണവും ധരിക്കുന്നില്ല. റംസാനില്‍ അതേപോലെ ചില പ്രത്യേക അവസരങ്ങളിലെല്ലാമാണ് മുഖാവരണമണിഞ്ഞിരുന്നത്. അല്ലാത്തപ്പോള്‍ ഏതു വേഷവും ധരിക്കുമായിരുന്നു. അവിടെ സ്ത്രീകള്‍ വേഷം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ആരുടേയും സമ്മര്‍ദ്ദത്തിലോ പ്രേരണയിലോ ആയിരുന്നില്ല.

മദ്രസിയില്‍ പഠിക്കുമ്പോള്‍ പര്‍ദ്ദ നിര്‍ബന്ധമായിരുന്നില്ല. പക്ഷേ, കാസര്‍ഗോഡു വന്നപ്പോള്‍ തന്റെ അനിയത്തിമാര്‍ക്ക് മദ്രസയില്‍ പ്രവേശനം കിട്ടണമെങ്കില്‍ പര്‍ദ നിര്‍ബന്ധമായിരുന്നെന്ന് റെയ്ഹാന പറയുന്നു.

പല പുരുഷന്മാരും പറയുന്നത് പര്‍ദ സ്ത്രീയില്‍ അടിച്ചേല്പിക്കുകയല്ല. അവര്‍ സ്വന്തമിഷ്ടപ്രകാരം തീരുമാനിക്കുന്നതാണെന്നാണ് പറയുന്നത് . പക്ഷേ, യാഥാര്‍ത്ഥ്യം മറിച്ചാണ്്. ഈ ഇരുപത്തിരണ്ടുകാരിയുടെ തീരുമാനത്തെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ മനസ്സാല്‍ സ്വാഗതം ചെയ്യുന്നു. നിനക്കിതിനായല്ലോ എന്നാണ് അവര്‍ പറയുന്നതെന്ന് പലര്‍ക്കും ധൈര്യമില്ലാത്തതാണ് പ്രശ്‌നമെന്നും റെയ്ഹാന പറയുന്നു.

'പര്‍ദ ധരിക്കാത്തതുകൊണ്ട് മത നിന്ദ കാണിച്ചുവെന്നാണ് പലരും പറയുന്നത്. വയസ്സന്മാരു പറഞ്ഞാല്‍ അതു മനസ്സിലാക്കാമായിരുന്നു...ഇതു പക്ഷേ, ചെക്കന്മാരാ...'

ഇതു കേട്ടപ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ഡോ. ഖദീജ മുംതാസിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവര്‍ യുവതലമുറയെക്കുറിച്ച് പറഞ്ഞ കാര്യമോര്‍ത്തത്.

'വല്ലാതെ ഭയം തോന്നുന്നു. ഗൈഡ് സംസ്‌ക്കാരവും ഒരു ശരിയുത്തരം മാത്രമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യപേപ്പര്‍ രീതികളും കുട്ടികളുടെ ചിന്താശക്തിയെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള കഴിവിനെ മരവിപ്പിക്കുന്നതായുളള ആകുലത, കുറച്ചുകാലമായി അധ്യാപകര്‍ക്കിടയിലുള്ളതാണ്. ഇത് അവരുടെ സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നോ എന്ന ആശങ്ക തോന്നുന്നു എനിക്ക്. മതത്തെയും ഇവര്‍ ഗൈഡുപുസ്തകങ്ങളില്‍ കൂടി, ഗുളിക രൂപത്തിലാണ് മനസ്സിലാക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു ശരിയുത്തരമേയുള്ളു. അതിനിടയിലൊരു മേഖല അഞ്ജാതമാണ്. ശരിക്കും തെറ്റിനുമിടയിലെ തെറ്റും, തെറ്റിലെ ശരികളും ഇവര്‍ ചിന്തിക്കാതെ പോകുന്നു'

ദൈവശിക്ഷയെപ്പറ്റി ഓര്‍മിപ്പിച്ചതും പുതിയ തലമുറയായിരുന്നല്ലോ? ദൈവശിക്ഷയെ ഭയമില്ലെന്നാണോ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

'എന്തിനു ഭയക്കണം? എന്റെ ഈശ്വരന്‍ ആത്മാവാണ് നോക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുടി തട്ടത്തിനു പുറത്തേക്കു നീങ്ങികിടപ്പുണ്ടോ സാരിയുടെ ഞൊറിമാറികിടപ്പുണ്ടോ എന്നൊക്കെ നോക്കിയിരിക്കുന്ന പോലീസുകാരനല്ല എന്റെ പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്. എന്റെ മനസ്സാക്ഷിയായി എന്നില്‍ തന്നെ നിറയുന്നവനാണ്....

റെയ്ഹാനയും ഏതാണ്ടിതേപോലെ പ്രതികരിക്കുന്നു. ആള്‍ക്കാര്‍ക്കു വേണ്ടിയാണോ ഞാന്‍ വസ്ത്രം ധരിക്കേണ്ടത്? ദൈവത്തിനു മുന്നില്‍ എനിക്കു ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നു.

പുരുഷന്റെ കാമക്കണ്ണുകള്‍ ശരീരത്ത് പതിയരുതെന്നു പറഞ്ഞാണ് പര്‍ദ ധരിക്കാന്‍ പറയുന്നത്. പുരുഷന്റെ മാനസിക വിഭ്രാന്തിക്ക് സ്ത്രീയെന്തു പിഴച്ചു? ചികിത്സ വേണ്ടത് കാമക്കണ്ണുകള്‍ക്കാണ്. ആ കണ്ണുകൊണ്ടെന്തിനാണ് സ്ത്രീയെ നോക്കുന്നത്?

മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങുകയാണ്. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ് ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി, ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്.

മുസ്ലീം സ്ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട് ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്ത്രമല്ല സ്ത്രീയുടെ പ്രശ്‌നമെന്ന് ഏതുകാലത്ത് ഇവര്‍ തിരിച്ചറിയും?

തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ് സ്ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ് മറ്റു സമൂഹങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എല്ലാ സംഘടനകളുടേയും ലക്ഷ്യമെന്ന് തമിഴ്‌നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി പള്ളി പണിയുകയും ചെയത ഷെരീഫാ ഖാനം പറയുന്നു.

കാല്‍ നൂറ്റാണ്ട് മുമ്പ് വരെ കേരള മുസ്ലീം സ്ത്രീയുടെ വേഷം പര്‍ദ്ദയായിരുന്നില്ല. അപൂര്‍വ്വമായിരുന്നു. എന്‍ പി ഹാഫിസ് മുഹമ്മദ് 'കാച്ചിയില്‍ നിന്നും പര്‍ദയിലേക്കുള്ള ദൂരം' എന്നൊരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

'കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പൊതുവേഷം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും ഒരൊറ്റ വേഷമായിരുന്നില്ല; ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും. നിര്‍ബന്ധമല്ലാത്ത, എന്നാല്‍ മതപരമായി പ്രതിഫലം കിട്ടിയേക്കാവുന്ന, താടിപോലും ലോകത്തെ എല്ലാ മുസ്ലിം പുരുഷന്മാരും ഏകതാനവേഷമായി സ്വീകരിച്ചിരുന്നില്ല. സ്വീകരിക്കാതെ പോയതിനെ വിമര്‍ശിക്കുകയോ വിലക്കുകയോ ചെയ്തിട്ടുമില്ല. ഇങ്ങനെ ഉസ്ബക്കിസ്ഥാനിലെയും സുഡാനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും സൌദി അറേബ്യയിലെയും മുസ്ലിങ്ങള്‍, സ്ത്രീപുരുഷന്മാര്‍ വേഷംകൊണ്ട് മാത്രമല്ല ജീവിത രീതികള്‍കൊണ്ടും ഇണങ്ങിയും പിണങ്ങിയും കിടന്നു. ഏകദൈവത്തിലുള്ള വിശ്വാസം, അന്ത്യപ്രവാചകന്‍ മുഹമ്മദിലുള്ള വിശ്വാസം, ഖുര്‍ആന്‍ വേദഗ്രന്ഥമാണെന്നതിലുള്ള വിശ്വാസം, അഞ്ചുനേര നമസ്‌കാരത്തിലുള്ള ആചരണം, ഹജ്ജ്കര്‍മത്തിലുള്ള വിശ്വാസം, റമദാന്‍ വ്രതത്തിലും രണ്ടു പെരുന്നാളുകളിലുമുള്ള ആഘോഷം തുടങ്ങിയവയിലെ സമാനതകള്‍ക്കപ്പുറം, ലോകത്തുള്ള മുസ്ലിം സമൂഹങ്ങളൊക്കെയും സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ വേര്‍പെട്ടുകഴിഞ്ഞു. ഇപ്പോഴും അങ്ങനെതന്നെ കഴിഞ്ഞുപോരുന്നു.

ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പലതാണ്: പ്രവാചക കാലത്തുതന്നെ കേരളത്തില്‍ വേരോടിയ മുസ്ലിങ്ങള്‍ താടിയും തൊപ്പിയും വേഷത്തിന്റെ ഭാഗമാക്കാത്തതിന്റെ പേരില്‍ അനിസ്ലാമിക വേഷമാണോ ധരിച്ചിരുന്നത്? പര്‍ദയണിയാത്ത കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് സ്വര്‍ഗം നിരാകരിക്കപ്പെടുമെന്നാണോ മുസ്ലിം തീവ്രപക്ഷം കരുതുന്നത്? സന്ധ്യാനേരം ദീപംകത്തിച്ച് നഫീസത്തുമാല പാടിയതുകൊണ്ട് അത് നടന്ന മുസ്ലിം വീടുകളിലന്ന് രാപ്പാര്‍ത്തവരെല്ലാം നരകത്തിലേക്ക് പാസ്‌പോര്‍ട്ട് ലഭിച്ചവരാണെന്നാണോ തീവ്രപക്ഷം വിധിയെഴുതുന്നത്? ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നിലനിന്ന കാലത്തും മുസ്ലിം പണ്ഡിതന്മാരും മതനേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് കേരളീയ മുസ്ലിങ്ങളെ ഏകമുഖ സാമൂഹികതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കടുത്ത വാദം പിന്‍പറ്റുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പ്പര്യം കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ സാംസ്‌കാരിക തലങ്ങളെ വിശ്വാസ സംഹിതയുടെ പേരില്‍ ഏകമുഖതലത്തിലെത്തിച്ച് ജീവിതത്തെ രണ്ടറ്റങ്ങളില്‍ തളച്ചിടാനാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവാദങ്ങളുടേയോ ആദാനപ്രദാന പ്രക്രിയയുടേയോ സാധ്യതകളെയും യാഥാര്‍ഥ്യങ്ങളെയും അക്കൂട്ടര്‍ നിരാകരിക്കുന്നു. വലിയ സാമൂഹിക ദുരന്തങ്ങളിലേക്കായിരിക്കും ഇത് കൊണ്ടുചെന്നെത്തിക്കുക.

ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ രണ്ടുതരം അടിമത്തം അനുഭവിക്കുന്നു. സ്ത്രീ എന്ന നിലയിലും മുസ്ലീം സ്ത്രീ എന്ന നിലയിലും.

ഡോ.ഷംഷാദ് ഹുസൈന്റെ ന്യൂനപക്ഷത്തിനും ലിംഗനീതിക്കും ഇടയില്‍ എന്ന പുസത്കം മുസ്ലീം സമുദായത്തിന്റെ ഭാഗമെന്ന നിലയ്‌ക്കോ സ്ത്രീയെന്ന പൊതു വീഭാഗത്തിനകത്തോ ഉള്‍ച്ചേര്‍ത്ത് നിര്‍വീര്യമാക്കപ്പെട്ട മുസ്ലീം സ്ത്രീകളുടെ ചരിത്രം കണ്ടെത്താനുള്ള ശ്രമമാണ്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ അവര്‍ പറയുന്നു.

മുസ്ലീം സ്ത്രീ എന്ന പരികല്‍പ്പന ചില സ്റ്റീരിയോടൈപ്പുകളെ ഇവിടെ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. പര്‍ദക്കുളളിലൂടെ മാത്രം ലോകം കാണാന്‍ വിധിക്കപ്പെട്ടവള്‍. അക്ഷരാഭ്യാസമില്ലാത്തവരും വിവാഹം കഴിക്കുന്ന പുരുഷനും വഴങ്ങുന്നവരും പുരുഷന്റെ അനിയന്ത്രിതമായ വിവാഹമോചനാവകാശത്തിന്റെ ഇരകളാകുന്നവരുമാണ് സ്ത്രീകള്‍.. സിനിമ, സാഹിത്യം, സാമൂഹികപ്രസ്ഥാനങ്ങള്‍ എല്ലാം ഇത്തരം ഇമേജ് ഉണ്ടാക്കിയെടുക്കന്നതില്‍ പങ്കു വഹിച്ചതായി കാണാം.

മുസ്ലീം സ്ത്രീ ഇതൊന്നുമല്ല എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നു. എന്നാല്‍ അടുത്തിടെ വായിച്ച ഇസ്ലാമിലെ സ്ത്രീയും മുന്‍വിധികളും എന്ന ബി എസ് ഷെറിന്റെ ലേഖനത്തില്‍ വസ്ത്രസ്വാതന്ത്ര്യം , തിരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങള്‍ ഒരു ആഗോളവത്കൃത സമൂഹത്തിന്റെ ആശങ്കകളായി പുറത്തു വരുന്നു എന്നും, പര്‍ദ ഫെമിനിസ്റ്റ് അവബോധത്തെ നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡമല്ലെന്നതുമായിരുന്നു തന്റെ വാദം എന്നു പറയുന്നു. വിഭിന്ന സാംസ്‌ക്കാരിക, സാമൂഹിക പശ്ചാത്തലത്തില്‍ അതിന് പല മാനദണ്ഡങ്ങളുണ്ടെന്നും അവര്‍ ഒരു സെമിനാറില്‍ വ്യക്തമാക്കിയതായി പറയുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഒരു അക്കാദമീഷ്യന്‍ ചോദിച്ചുപോലും 'കേരളത്തില്‍ ഇപ്പോള്‍ പൊതുവേ പര്‍ദയുടെ ഉപയോഗം കൂടി വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?' 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം' എന്നോ മറ്റോ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം തന്നെ മറുപടി പറഞ്ഞുപോലും. ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാനായി ഭാര്യമാരെ പര്‍ദയില്‍ പൊതിഞ്ഞു വെക്കുന്നതാണെന്ന്.

ബി എസ് ഷെറിന്‍ പറയാന്‍ ഉദ്ദേശിച്ച 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം 'എന്ന വാക്കിനെ നോക്കൂ...എന്തുകൊണ്ട് പര്‍ദ ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധത്തിന്റെ ഉപാധിയാവുന്നു? ന്യൂനപക്ഷം എന്നുദ്ദേശിച്ചത് മുസ്ലീം വിഭാഗം എന്നാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മേധാവികളായ പുരുഷന്റെ പ്രതിരോധ ചിഹ്നമെന്താണ്?

പുരുഷന് ഏതു വേഷം ധരിക്കുന്നതിനും പ്രശ്‌നമില്ല. ഏതു സാങ്കേതികവിദ്യയുമുപയോഗിക്കാം...പക്ഷേ, സ്ത്രീക്ക് പാടില്ല. സ്ത്രീയുടെ പ്രശ്‌നം വരുമ്പോള്‍ പ്രതിരോധത്തിന്റെ അളവുകോല്‍ പര്‍ദയാണെന്നു കാണിക്കലല്ല വേണ്ടത്. ഷെറിനെപ്പോലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറില്‍ നിന്ന് ഇത്തരം വാക്ക് പ്രതീക്ഷിക്കുന്നില്ല. പകരം മുസ്ലീം സ്ത്രീയുടെ സ്വത്വം എന്താണെന്ന് കാണിക്കേണ്ടത് വിദ്യാഭ്യാസം നേടി ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും പുരുഷമേല്‌ക്കോയ്്മയെ തകര്‍ക്കുകയാണ്, സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ്.... പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങാതിരിക്കുകയാണ്. പുറത്തേക്കിറങ്ങാന്‍ പര്‍ദ വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍പ്പെടാതെ ധൈര്യമായി മുന്നോട്ടിറങ്ങുകയാണ് വേണ്ടത്. പര്‍ദയിലല്ല മുസ്ലീം സ്ത്രീയുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന് തിരിച്ചറികയാണ് വേണ്ടത്.

ഉചിതമായ വസ്ത്രധാരണത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ് സ്ത്രീകള്‍ക്ക് നല്ലതെന്ന് ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്. അവനോട് മറുത്തൊന്നും പറയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍ക്കും കഴിഞ്ഞില്ലെന്നതാണ് ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത് ഇതായിരുന്നു.' നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരുഷന്റേതുപോലെ മുടി ക്രോപ്പു ചെയ്യാം.'

ഏതായാലും മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിസയുടെ പ്രവര്‍ത്തകരടക്കം സ്ത്രീ സംഘടനകള്‍ റെയ്ഹാനക്കും കുടുംബത്തിനും പിന്തുണ നല്കിക്കഴിഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന റെയ്ഹാനയ്ക്ക് സമൂഹത്തിന് വേണ്ടി പലതും ചെയ്യാനാവും. ധൈര്യമായി മുന്നോട്ടുപോവുക

മത തീവ്രവാദികളില്‍ നിന്ന്് നിരന്തരം വധഭീഷണി കിട്ടിക്കൊണ്ടിരിക്കുന്ന ഷെരീഫാ ഖാനം പറഞ്ഞതോര്‍ക്കുന്നു..... 'മരിക്കാനെനിക്ക് പേടിയില്ല. കൊല്ലും കൊല്ലും എന്നു പറഞ്ഞ് പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?

Thursday, October 14, 2010

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?

എം.എന്‍ .കാരശ്ശേരി 




സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.



നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ

ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'



ആര്‍.എസ്.എസ്സിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി: 'ഇല്ല.'

അദ്ദേഹം വിശദീകരിക്കുന്നു: 'പിന്നെ സോളിഡാരിറ്റിയുമായി സമരത്തിനില്ല എന്ന നിലപാടൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അമരാവതിയില്‍ വിമോചനസമരക്കാരനായ ഫാ.വടക്കന്‍ നടത്തിയ സമരത്തിലാണ് എ.കെ.ജി. ഇടപെട്ടത്.'



ഒപ്പം സമരം ചെയ്യുന്നവരുടെ പ്രേരണ പ്രധാനമല്ലേ? അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടോ എന്നതും അങ്ങനെയുണ്ടെങ്കില്‍ അത് ഏത് ഉദ്ദേശ്യത്തിന്, ആര് കൊടുക്കുന്നു എന്നതും അന്വേഷിക്കേണ്ടതല്ലേ? അതൊന്നും തന്റെ വിഷയമല്ല എന്ന് നീലകണ്ഠനെപ്പോലുള്ള പൊതുപ്രവര്‍ത്തകന് ഉദാസീനനാവാന്‍ കഴിയുമോ?



എങ്കില്‍പ്പിന്നെ, കുത്തകമുതലാളിമാരോ സാമ്രാജ്യത്വശക്തികളോ കൊടുക്കുന്ന ഫണ്ടു വാങ്ങി ഒരു പണിയും എടുക്കാന്‍ പാടില്ല എന്ന് നീലകണ്ഠനെപ്പോലുള്ളവര്‍ നിലപാടെടുക്കുന്നതിന്റെ യുക്തിയെന്താണ്? 'ദൈവികഭരണ' (ഹുകൂമത്തെ ഇലാഹി) സ്ഥാപനം സ്വന്തം ലക്ഷ്യമായി അംഗീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. അവരുടെ യുവജനവേദിയാണ് സോളിഡാരിറ്റി (2003). അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടെങ്കില്‍ അത് ഈയൊരു ഉദ്ദേശത്തിനുവേണ്ടി വല്ലവരും കൊടുക്കുന്നതാവും. മുഖ്യധാരയിലേക്ക് പ്രവേശനം കിട്ടുന്നതിനുവേണ്ടിയും മുസ്‌ലിം ചെറുപ്പക്കാരെ സ്വന്തം അണികളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയും ആണ് പരിസ്ഥിതി- ദളിത്-ആദിവാസി സമരങ്ങളിലും മറ്റു പൗരാവകാശപ്രസ്ഥാനങ്ങളിലും സോളിഡാരിറ്റിക്കാര്‍ അണിചേരുന്നത്. സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കുക എന്നതാണ് അവരുടെ ആദ്യത്തെ പദ്ധതി. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനവും മാന്യതയും ഉണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ നീലകണ്ഠനെപ്പോലുള്ളവര്‍ പെരുമാറുന്നത് ആലോചനക്കുറവാണ്.



സാമ്രാജ്യത്വത്തിനോ കുത്തകമുതലാളിത്തത്തിനോ ഫ്യൂഡലിസത്തിനു തന്നെയോ ഉണ്ടാക്കാന്‍ കഴിയുന്നതിനെക്കാള്‍ എത്രയോ വലുതാണ് മതരാഷ്ട്രവാദികളുടെ വിഭാഗീയതയ്ക്ക് ഉണ്ടാക്കാന്‍കഴിയുന്ന സാമൂഹികവിപത്തുകള്‍.

അഴിമതിയെക്കാള്‍ എത്രയോ വലിയ ആപത്താണ് വര്‍ഗീയത. ഒരാളോ ഒരുകൂട്ടം ആളുകളോ സ്ഥാനത്തുനിന്നു പോയാല്‍ അഴിമതിയുടെ പ്രശ്‌നം തീരും. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തലമുറകളിലേക്ക് നീണ്ടുചെല്ലും. ആയിരം കൊല്ലംമുന്‍പു നടന്ന കുരിശുയുദ്ധങ്ങളുടെ ഓര്‍മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ത്യരെയും വേട്ടയാടുന്നത് ഉദാഹരണം. ഈയിടെ ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം നീങ്ങുമ്പോള്‍പോലും അതിന്റെ ഓര്‍മ ഉണര്‍ന്നു. മറ്റെന്തിനും എന്തെങ്കിലും പരിഹാരമുണ്ട്; മതവര്‍ഗീയത സൃഷ്ടിക്കുന്ന കൊടൂരതകള്‍ക്ക് അതില്ലതന്നെ.



മറ്റൊരുദാഹരണത്തിലൂടെ ഇതൊന്നുകൂടി വിശദമാക്കാം:

കേരളത്തില്‍ മതവര്‍ഗീയത തീരെ ഇല്ലാത്ത ഒരവസ്ഥ ഇന്നത്തെ കേരളീയരെല്ലാം ഒരു പ്രത്യേക പാനീയം കുടിക്കുന്നതുകൊണ്ടുമാത്രം ഉണ്ടായിത്തീരും എന്നുറപ്പുണ്ടെങ്കില്‍ അതു കുടിക്കാം എന്ന് ഞാന്‍ പറയും. ആ പണിയുണ്ടാക്കുന്ന നാശം ഒന്നോ രണ്ടോ തലമുറ കൊണ്ടുതീരും. വര്‍ഗീയതയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന നാശം ഇത്രയെന്ന്, ഇത്ര കാലത്തേക്കെന്ന് ആര്‍ക്കു പറയാം?

പാനീയം പ്രവര്‍ത്തിക്കുന്നത് ശരീരത്തിലാണ്. മനസ്സിനെയും വ്യക്തിബോധത്തെയുമൊക്കെ അതിന് ചെറുതായി സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. എന്നാലും എത്ര കാലത്തേക്ക്? വര്‍ഗീയതയുടെ പ്രവര്‍ത്തനമെല്ലാം വികാരത്തിലാണ്. അത് വിവേകം നശിപ്പിച്ച് ശരീരത്തെ ഒരായുധമാക്കി രൂപാന്തരപ്പെടുത്തുന്നു; പിന്നെ ഓര്‍മയായും ചരിത്രമായും കോലം മറിഞ്ഞ് അനന്തര തലമുറകളുടെ ബോധത്തില്‍ പ്രതികാരാഗ്‌നിയായി കുടിപാര്‍ക്കുന്നു... ഉത്തരേന്ത്യയില്‍ വിഭജനകാലത്തെ ഒരു വെട്ട് എത്രയോ വേഗം ബോധത്തിലേക്ക് ഉണര്‍ന്നെത്തി ആറുപതിറ്റാണ്ടിനുശേഷവും പുതിയ വെട്ടുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു...



സമരം ചെയ്യുന്നവര്‍ ഒപ്പമുള്ളവന്റെ സ്വഭാവവും ലക്ഷ്യവും ശ്രദ്ധിക്കാതിരുന്നാല്‍ വരുന്ന ആപത്തിന് നമ്മുടെ സമീപകാലചരിത്രത്തില്‍നിന്ന് തെളിവ് തരാം.

1. തുര്‍ക്കി ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി മുസ്‌ലിങ്ങള്‍ ആരംഭിച്ചതും ഗാന്ധിജി, അബുല്‍ക്കലാം ആസാദ് മുതലായ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണകൊടുത്തതുമായ ഖിലാഫത്ത്്പ്രസ്ഥാന(1919)ത്തിന്റെ കഥയെടുക്കാം: ബ്രിട്ടീഷ്‌വിരുദ്ധസമരത്തിന് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സഹകരണം നേടുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുവേണ്ടി വാദിച്ച കോണ്‍ഗ്രസ്സാണ് രാജാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തിന് പിന്തുണ കൊടുത്തത്! മലബാറില്‍ അത് വലിയ പൊട്ടിത്തെറിക്ക് (1921) വഴിവെച്ചു. തുര്‍ക്കി ജനകീയ റിപ്പബ്ലിക്കാവുകയും അതിന്റെ പ്രസിഡന്റ് കമാല്‍പാഷ ഖിലാഫത്ത് റദ്ദാക്കുകയും (1924) ചെയ്തതോടെ ആ സമരം എന്തായിത്തീര്‍ന്നു എന്നാലോചിച്ചുനോക്കുക! ദേശീയപ്രസ്ഥാനത്തിലെ വര്‍ഗീയവിഘടനത്തിന് പശ്ചാത്തലമൊരുക്കിയതില്‍ ഖിലാഫത്ത്പ്രസ്ഥാനത്തിനും പങ്കില്ലേ? ആ സമരത്തിന് പിന്തുണകൊടുക്കുന്നതിലൂടെ മതവിഭാഗീയത വളരുമെന്ന് അന്ന് മുഹമ്മദലി ജിന്ന നല്കിയ താക്കീത് സത്യമായി പുലര്‍ന്നില്ലേ?



2. ഇതേ ജിന്നയുടെ നേതൃത്വത്തില്‍ 1940-കളില്‍ മതദേശീയതാവാദം ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ പിന്തുണയ്ക്കുകയുണ്ടായി. ദ്വിരാഷ്ട്രവാദത്തെ 'പാകിസ്താന്റെ സ്വയം നിര്‍ണായകാവകാശം' എന്ന കണക്കിലാണ് കമ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചത്. ഉത്തരേന്ത്യയില്‍ മുസ്‌ലിം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന പല കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകപോലും ഉണ്ടായി. മുസ്‌ലിങ്ങളുടെ അനുഭാവം നേടി പാര്‍ട്ടി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പാകിസ്താന്‍ രൂപംകൊണ്ട് അഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. ലീഗുകാരായി കോലംമാറിയ കമ്യൂണിസ്റ്റുകാര്‍ ലീഗുകാരായിത്തന്നെ തുടര്‍ന്നു! അങ്ങനെയാണ് ആ 'സ്വയംനിര്‍ണായകാവകാശം' കലാശിച്ചത്.



3. അടിയന്തിരാവസ്ഥക്കാലത്ത്(1975-1977) പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ആര്‍.എസ്.എസ്. രംഗത്തുണ്ട്. അവരുമായി കൂട്ടുകൂടുന്നതിനെപ്പറ്റി പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ആര്‍.എസ്.എസ്സിന് പ്രകടമായ സ്വാധീനമുള്ള ജനസംഘം എന്ന പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ജയപ്രകാശ് നാരായണ്‍ മടിച്ചില്ല. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ രൂപംകൊണ്ടതും നിജലിംഗപ്പകോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി, ജനസംഘം മുതലായ പാര്‍ട്ടികളുടെ സമുച്ചയവും ആയ ജനതാപാര്‍ട്ടി(1977) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. അന്നുണ്ടായ മൊറാര്‍ജിമന്ത്രിസഭയില്‍ എ.ബി.വാജ്‌പേയി വിദേശകാര്യ

മന്ത്രിയും എല്‍.കെ.അദ്വാനി വാര്‍ത്താവിതരണവകുപ്പ് മന്ത്രിയും ആയിരുന്നു. അങ്ങനെയാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ ഹിന്ദുവര്‍ഗീയരാഷ്ട്രീയത്തിന് മാന്യത കിട്ടുന്നത്. ജനതാപാര്‍ട്ടി ആഭ്യന്തര കലഹത്തിലൂടെ വഴിപിരിഞ്ഞപ്പോള്‍ ജനസംഘക്കാര്‍ രൂപം കൊടുത്ത ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സൃഷ്ടിക്കുവാന്‍ പിന്നീട് എത്ര കുറച്ച് കാലമേ വേണ്ടിവന്നുള്ളൂ എന്ന് ആലോചിച്ചുനോക്കുക.

ഇത്തരം ചരിത്രാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്: വിവേകംകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വികാരംകൊണ്ടു പ്രവര്‍ത്തിക്കുന്ന കൂട്ടരെ ഒപ്പംകൂട്ടുന്നത് ബുദ്ധിയാവില്ല.



ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആശയങ്ങളെ എതിര്‍ത്തിട്ടുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അവയെല്ലാം അംഗീകരിക്കുന്നുണ്ട്. പിന്നെ എന്തിന് അവരെ അകറ്റിനിര്‍ത്തണം എന്നൊരു ചോദ്യമുണ്ട്.

മറുപടി: കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തത്കാലത്തെ മുഖംമൂടി മാത്രമാണ്.

സാഹചര്യത്തെളിവുകള്‍:



1. വോട്ട് ചെയ്യുന്നത് നിഷിദ്ധം(ഹറാം) ആണ് എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്(1941). അടിയന്തിരാവസ്ഥയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ്(1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ്‌വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടുചെയ്യും എന്നായി. കുറച്ചുകഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുതുടങ്ങി. ജമാഅത്തെ ഇസ്‌ലാമി സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന സത്യം തുറന്നുപറഞ്ഞത് ഇപ്പോള്‍ മാത്രമാണ്(2009). നീണ്ട ആറുപതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം!

2. പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്രവാദത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ട്. 1977-ല്‍ അധികാരത്തില്‍ വന്ന പട്ടാളഭരണാധികാരി സിയാവുല്‍ഹഖ് പാകിസ്താനില്‍ മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അവിടെ എന്നപോലെ ഇവിടെയും കൊടുത്ത പിന്തുണ ഉദാഹരണം.

3. മൗദൂദിയെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും ആശയത്തെയോ ഇവര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ അപകടം പിടിച്ച ആശയങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അവരിപ്പോഴും ധാരാളമായി വില്ക്കുന്നുണ്ട്.

ഇതില്‍നിന്ന് അനുമാനിക്കാവുന്നത്: പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ അവരുടെ യഥാര്‍ഥ ഫാസിസ്റ്റുദംഷ്ട്ര പുറത്തുവരും.



ഇനി, സ്വന്തം നിലപാട് ന്യായീകരിക്കാന്‍ സി.ആര്‍.നീലകണ്ഠന്‍ കൊണ്ടുവന്ന എ.കെ.ജി.യുടെ ഉദാഹരണത്തിലേക്ക് വരാം. എന്താണ് എ.കെ.ജി. ചെയ്തത്? കുടിയിറക്കിനെതിരായ ഫാ. വടക്കന്റെ (1919-2002)സമരത്തില്‍ സഹകരിച്ചു. വടക്കന്‍ ഒരു വ്യക്തിയാണ്; ആശയമല്ല. അദ്ദേഹത്തിന്റെ സംഘത്തില്‍ ഉള്ളത് തൊഴിലാളികളാണ്; ആശയപ്പോരാളികളല്ല. അവരുടെ ലക്ഷ്യം സ്വന്തം കുടികിടപ്പ് എന്ന ജനാധിപത്യാവകാശം വീണ്ടുകിട്ടലാണ്; അല്ലാതെ ക്രൈസ്തവരാഷ്ട്രസ്ഥാപനമല്ല. അദ്ദേഹം കൊണ്ടുനടന്ന സംഘടനയുടെ പേര്: കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി: 1962) ഇ.എം.എസ്സിന്റെ ഒന്നാമത്തെ മന്ത്രിസഭ(1957) യെ മറിച്ചിടാന്‍ വിദേശധനത്തിന്റെ സഹായത്തോടെ നടന്ന വിമോചനസമരത്തിന്റെ (1959) മുന്നണിപ്പോരാളികളില്‍പ്പെടുന്ന അച്ചനെ ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭ (1967)യെ കാര്യമായി പിന്തുണച്ചവരുടെ കൂട്ടത്തിലും കാണാം. ആ മന്ത്രിസഭ തകര്‍ന്നുപോകാനുള്ള (1969) മുഖ്യകാരണം അച്ചന്റെ പ്രധാന അനുയായിയും മന്ത്രിയുമായ ബി. വെല്ലിംഗ്ടനെതിരായ അഴിമതി ആരോപണം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഇ.എം.എസ്സ്. വിസമ്മതിച്ചതാണ്.

ഒന്നാലോചിച്ചു പറയൂ: ഇമ്മട്ടിലുള്ള ഒരു രാഷ്ട്രീയനേതാവിന്റെ തൊഴിലാളിസമരത്തോട് സഹകരിക്കുന്നതും മതരാഷ്ട്രവാദികള്‍ക്ക് പൊതുമണ്ഡലത്തില്‍ മാന്യത നേടിക്കൊടുക്കുന്നതും തുല്യമാണോ?

ആര്‍.എസ്.എസ്. ഇത്തരം സമരങ്ങള്‍ക്ക് വരില്ലെന്ന് നീലകണ്ഠന്‍ പറയുന്നു. വന്നാല്‍ എന്തു ചെയ്യും? ഒപ്പം കൂട്ടേണ്ടി വരില്ലേ? എന്ത് യുക്തി പറഞ്ഞ് അവരെ മാറ്റി നിര്‍ത്തും?

അപ്പോള്‍ 'ഭൂരിപക്ഷവര്‍ഗീയത, ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ ആപത്താണ്' എന്ന പഴയ പല്ലവി പാടുമോ? അത്തരം വാദങ്ങളൊക്കെ ആകാവുന്നതിലേറെ അബദ്ധമാണ് എന്ന് ഈയിടെ നടന്ന മുംബൈ ഭീകരാക്രമണത്തിലൂടെ (26/11/2008) തെളിഞ്ഞുകഴിഞ്ഞതാണ്- നൂറുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ വെറും പത്തുപേരാണ് മൂന്നുദിവസം വിറപ്പിച്ചുനിര്‍ത്തിയത്!



സോളിഡാരിറ്റിക്കാര്‍ക്ക് കേരളത്തിലെ പ്രകൃതിയുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങളില്‍ ഉണ്ടെന്ന് ഭാവിക്കുന്ന തരം താത്പര്യം മതപാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉണ്ടോ? സംശയമാണ്. അവരുടെ പ്രഥമ പരിഗണനയിലുള്ള മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍ പലതരം വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ആ അന്യായങ്ങള്‍ക്കു നേരെ മൗനം പാലിക്കുന്ന കൂട്ടരാണിവര്‍.

ചില ഉദാഹരണങ്ങള്‍:

1. മുസ്‌ലിങ്ങളുടെ മതനിയമം (ശരീഅത്ത്) അനുസരിച്ച് പിതാവിന്റെ അനന്തരാവകാശസ്വത്തില്‍ ആണിന് കിട്ടുന്നതിന്റെ നേര്‍പകുതിയേ പെണ്ണിന് കിട്ടൂ. അതായത് മകന് 100 ഉറുപ്പിക കിട്ടുമ്പോള്‍ മകള്‍ക്ക് 50 ഉറുപ്പിക മാത്രം. ഈ കൊള്ളരുതായ്മയ്‌ക്കെതിരെ സോളിഡാരിറ്റി നാളിതുവരെ വല്ല വിരോധവും പ്രകടിപ്പിച്ചിട്ടുണ്ടോ?



2. ബഹുഭാര്യത്വം വഴി നമ്മുടെ നാട്ടില്‍ മുസ്‌ലിം സ്ത്രീകള്‍ പലതരം അനീതികള്‍ക്ക് വിധേയരാവുന്നുണ്ട്. ഇവിടത്തെ ബഹുഭാര്യത്വസമ്പ്രദായത്തില്‍ മുസ്‌ലിങ്ങളുടെ മതനിയമങ്ങള്‍തന്നെ ലംഘിക്കപ്പെടുന്നു! ഇതിനെതിരെ ഇവര്‍ എന്തു ചെയ്തിട്ടുണ്ട്?



3. പുരുഷന്റെ ഏകപക്ഷീയമായ വിവാഹമോചനാധികാരം (തലാഖ്) ഇവിടത്തെ മുസ്‌ലിം സ്ത്രീയുടെ തലയ്ക്കു മുകളില്‍ വാളുപോലെ തൂങ്ങിനില്പുണ്ട്. അത് നിരുപാധികം ഉപയോഗിച്ചതിന്റെ ഇരകളെ ഏതു പട്ടണത്തിലും ഏതു ഗ്രാമത്തിലും കാണാം. ഈ നിസ്സഹായകള്‍ക്കുവേണ്ടി ഈ യുവജനസേന എന്തുസമരമാണ് നടത്തിയിട്ടുള്ളത്? ഇവിടത്തെ മറ്റു പുരുഷന്മാരെപ്പോലെ, കോടതിയുടെ അറിവോടും അനുവാദത്തോടും കൂടിയേ മുസ്‌ലിം പുരുഷന്‍ വിവാഹമോചനം നടത്താവൂ എന്ന നിലപാട് പ്രഖ്യാപിക്കാനുള്ള ജനാധിപത്യബോധം ഈ 'പൗരാവകാശസമരക്കാര്‍'ക്ക് ഉണ്ടോ?



4. ഇസ്‌ലാമികനിയമങ്ങളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രബന്ധങ്ങളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി നടന്നതിന്റെ പേരില്‍ ചേകനൂര്‍ മൗലവിയെ മതഭീകരവാദികള്‍ ശ്വാസം മുട്ടിച്ച് കൊന്നതി(29 ജൂലായ് 1993)നെപ്പറ്റി ഈ സംഘത്തിന്റെ അഭിപ്രായമെന്താണ്? ആ കൊലപാതകത്തില്‍ ഉള്ളടങ്ങിക്കിടക്കുന്ന പൗരാവകാശപ്രശ്‌നം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി കഴിഞ്ഞ പതിനാറു കൊല്ലക്കാലത്തിനിടയില്‍ എന്തൊക്കെ പണികളാണ് ഈ 'ജനാധിപത്യപ്രവര്‍ത്തകര്‍' എടുത്തിട്ടുള്ളത്?



5. പലസ്തീനിലും കശ്മീരിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ അന്യായങ്ങള്‍ക്കെതിരെ ധാര്‍മികരോഷം വളര്‍ത്തുന്ന പലതും സോളിഡാരിറ്റി ചെയ്തിട്ടുണ്ട്. വളരെ നല്ല കാര്യം. അക്കൂട്ടത്തില്‍ ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം: ജനാധിപത്യവിരുദ്ധമായി നിരന്തരം പെരുമാറുന്ന താലിബാനെപ്പറ്റി ഇവര്‍ക്കെന്താണ് അഭിപ്രായം? ആ സംഘം സ്വന്തം ഭരണകാലത്ത് ബാമിയാന്‍കുന്നിലെ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും നിഷേധിച്ചപ്പോഴും ഈയിടെ അവര്‍ പാകിസ്താനിലെ സ്വാത്ത് താഴ്‌വാരത്തില്‍ സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ടു തകര്‍ത്തപ്പോഴും സോളിഡാരിറ്റിയുടെ പ്രതികരണം എന്തായിരുന്നു? 'സര്‍വലോകര്‍ക്കും അനുഗ്രഹമായി അയയ്ക്കപ്പെട്ട പ്രവാചകന്റെ' പേരില്‍ നടത്തിയ ആ ക്രൂരതകള്‍ക്കെതിരെ എന്ത് അഭിപ്രായരൂപീകരണമാണ് ഈ വിഭാഗം സംഘടിപ്പിച്ചിട്ടുള്ളത്? ബാബരിപ്പള്ളി തകര്‍ത്തത് അന്യായവും ബുദ്ധപ്രതിമ തകര്‍ത്തത് ന്യായവും ആയിത്തീരുന്നത് എവിടത്തെ ജനാധിപത്യമാണ്?



6. ചര്‍ച്ചയ്ക്ക് വളരെ അസൗകര്യം ഉണ്ടാക്കുന്ന മറ്റൊരു വിഷയം: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിരന്തരം, നിരന്തരം പ്രവര്‍ത്തിക്കുന്ന കൂട്ടരാണ് സോളിഡാരിറ്റിക്കാര്‍. അവര്‍ അമേരിക്ക താങ്ങിനിര്‍ത്തുന്ന സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. മുതലായ അറബ്‌നാടുകളിലെ ഭരണകൂടങ്ങളെപ്പറ്റി എന്തുപറയുന്നു? രാജാധിപത്യമായതിനാല്‍ അവയൊന്നും ജനാധിപത്യത്തിന്റെ കണക്കില്‍പ്പെടാന്‍ വയ്യ. രാജാവിന്റെ മകന്‍ രാജാവ് എന്ന് അനന്തരാവകാശം കിട്ടുന്ന ഭരണത്തിന് ഇസ്‌ലാമില്‍ വകുപ്പില്ലാത്തതിനാല്‍ അവ ഇസ്‌ലാമികമാവാനും വയ്യ. ആ ജനവിരുദ്ധ ഭരണകൂടങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. എല്ലാ കച്ചവടത്തിലും കാണുന്നതിനു വിരുദ്ധമായി, വില്ക്കുന്നവര്‍ ചരക്കിന്റെ വില നിശ്ചയിക്കുന്നതിനു പകരം, ഗള്‍ഫുനാടുകളിലെ എണ്ണവില വാങ്ങുന്ന അമേരിക്ക നിശ്ചയിക്കുന്നു എന്നത് താത്പര്യസംരക്ഷണത്തിന് ഒരു ഉദാഹരണം. ഇറാഖിലേക്കുള്ള കടന്നുകയറ്റത്തിന് ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു എന്നത് വേറെ ഉദാഹരണം. ദാസ്യംകൊണ്ട് സാമ്രാജ്യത്വത്തിന്റെ ഭാഗം തന്നെയായ ഈ രാജഭരണകൂടങ്ങളെ സോളിഡാരിറ്റി അംഗീകരിക്കുന്നുണ്ടോ? ഇവിടത്തെ 'സാംസ്‌കാരികപ്രവര്‍ത്തന'ത്തിന് ആ കൂട്ടരില്‍നിന്ന് വല്ല ഫണ്ടും സ്വീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനകത്തെ ജനാധിപത്യമൂല്യവും ഇസ്‌ലാമികധാര്‍മികതയും എന്താണ്?



ഇവിടെ വരാവുന്ന ഒരെതിര്‍വാദം: സോളിഡാരിറ്റി മുസ്‌ലിംസമുദായത്തിന്റെ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതി, പൊതുപ്രശ്‌നങ്ങളില്‍ ഇടപെടേണ്ട എന്നു പറയുന്നത് ശരിയാണോ?

മറുപടി: ശരിയല്ല. ഞാന്‍ അങ്ങനെ പറയുന്നില്ല. മനുഷ്യസമൂഹത്തിന്റെ ഏതു പ്രശ്‌നത്തിലും പൊതുപ്രവര്‍ത്തകര്‍ ഇടപെടേണ്ടതുതന്നെ. പക്ഷേ, ചില പ്രത്യേകപ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്നത് നീതിയല്ല എന്നെനിക്കു വാദമുണ്ട്. ആ പ്രശ്‌നങ്ങളില്‍ അനീതിക്കു വിധേയരാവുന്നവരെ അതില്‍ത്തന്നെ തളച്ചിടാന്‍ ഇപ്പറഞ്ഞ മൗനം ഉപകാരപ്പെടും. അതിനെ എതിര്‍ക്കേണ്ടതല്ലയോ?



ഇതൊക്കെ നീലകണ്ഠനെപ്പോലുള്ളവര്‍ സ്വയം ചോദിക്കുന്നത് നന്ന്; സമരപ്പന്തലില്‍ ഒപ്പം ഇരിക്കുന്ന 'സോളിഡാരിറ്റിസഖാവി'നോടു ചോദിക്കുന്നതും കൊള്ളാം.

മതപാരമ്പര്യവുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ഇല്ലാത്ത ബേജാറിനാല്‍ മറ്റു സംഗതികള്‍ വരുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും ഉള്ളറകള്‍ ഇങ്ങനെ കത്തിയാളുന്നത് എന്തുകൊണ്ടാണ് എന്ന സംശയത്തിനു മറുപടി കിട്ടാന്‍ കേരളത്തിലെ പൊതുമണ്ഡലത്തിന് അവകാശമുണ്ട്. അവരോടും കൂടെയുള്ളവരോടും ഞങ്ങള്‍ അതു

ചോദിച്ചുകൊണ്ടേയിരിക്കും...

- മാതൃഭൂമി ആഴ്ചപ്പതിപ്പ്: 18-24 ഒക്‌ടോബര്‍ 2009



(മാതൃഭൂമി പ്രസിദ്ധീകരിച്ച ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന പുസത്കത്തില്‍ നിന്ന് )

Monday, October 11, 2010

വസ്ത്രധാരണത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കു പിന്നില്‍

ബി.എം. സുഹറ

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അവരവരുടെ വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. അവരവര്‍ക്ക് ഇണങ്ങുന്നതും അതേസമയം കാണുന്നവര്‍ക്ക് അരോചകമായിത്തോന്നാത്തതുമാകണം മാന്യമായ വേഷധാരണം. നാം ജീവിക്കുന്ന ചുറ്റുപാടിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുകൂടിയായിരിക്കണം. പക്ഷേ, ഇതൊക്കെ സ്വയം തീരുമാനിക്കാനുള്ള അവകാശം ഈ രാജ്യത്തെ ഏതൊരാണിനും പെണ്ണിനുമുണ്ട്. എന്നിരിക്കേ, കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെമേല്‍ ചില മതമൗലികവാദികള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന ഡ്രസ്‌കോഡ് വ്യക്തിസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യധ്വംസനം കൂടിയാണെന്നു പറയാതെ നിവൃത്തിയില്ല. കേരളത്തിലെ മുസ്‌ലിംസ്ത്രീകള്‍ ഇവിടത്തെ കാലാവസ്ഥയ്ക്കും സംസ്‌കാരത്തിനും യോജിച്ച വസ്ത്രങ്ങളായിരുന്നു പണ്ടുമുതലേ ധരിച്ചിരുന്നത്. മലബാറില്‍ കാച്ചിയും പെങ്കുപ്പായവുമായിരുന്നു പണ്ടുമുതലേ വേഷം. തലയില്‍ കസവുതട്ടംകൊണ്ട് മറച്ചാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. ഏറനാട്ടില്‍ കാച്ചിയുണ്ടായിരുന്നില്ല. വെള്ള സൂരിത്തുണിയും പുള്ളിക്കുപ്പായവും. തലയില്‍ പുള്ളിത്തട്ടം. പുറത്തിറങ്ങുമ്പോള്‍ വെള്ള മല്‍മലുകൊണ്ടുള്ള മേലാപ്പ്. ഇങ്ങനെ ഓരോ നാട്ടിലും വ്യത്യസ്തമായിരുന്നു വേഷം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള വിവിധ മതസ്ഥരായ സ്ത്രീകളെ വേഷംകൊണ്ടും ഭാഷകൊണ്ടും തിരിച്ചറിയാന്‍ സാധിച്ചിരുന്നു. അക്കാലത്ത് മുസ്‌ലിം സ്ത്രീകളുടെ ജീവിതം അകത്തളത്തില്‍ തളച്ചിട്ടതായിരുന്നു. കാലം മാറിയപ്പോള്‍ സ്‌കൂളുകളിലും കോളേജിലും ചെന്നുപഠിക്കാനും പുറത്തിറങ്ങി പ്രവര്‍ത്തിക്കാനും മുസ്‌ലിം സ്ത്രീകള്‍ക്കും അവസരം ലഭിച്ചുതുടങ്ങി. ഇത് അവരുടെ വേഷത്തിലും മാറ്റങ്ങളുണ്ടാക്കി. പുതിയ തലമുറ പാവാട, ചുരിദാര്‍, സാരി തുടങ്ങിയ സൗകര്യപ്രദമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി.




ഈയടുത്ത കാലത്തായാണ് കേരളത്തിലെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ പരസ്​പരം നോക്കിത്തുടങ്ങിയത്. അജ്ഞാതമായൊരു ഭീതിയും സുരക്ഷിതത്വമില്ലായ്മയും ഇന്ന് എല്ലാവരുടെയും ഉള്ളിലുണ്ട്. ജാതിയും മതവും നോക്കി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി പണ്ട് കേരളത്തിലുണ്ടായിരുന്നില്ല. അതുപോലെത്തന്നെ ജാതിതിരിച്ചുള്ള ഗ്രാമങ്ങളും നമുക്കന്യമായിരുന്നു. വേഷത്തിന്റെ കാര്യത്തില്‍ മതം കലര്‍ത്തുന്നത് ഇതിന്റെ മുന്നോടിയായിട്ടല്ലേ എന്നു സാധാരണക്കാര്‍ സംശയിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. സ്വന്തം കാര്യലാഭത്തിനുവേണ്ടി ഒരു ചെറിയ വിഭാഗം ആളുകള്‍ ബോധപൂര്‍വം ഇവിടെ വര്‍ഗീയലഹളകളുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. ഈ അക്രമത്തെയാണ് ചിന്താശീലരായ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്ത് തോല്പിക്കേണ്ടത്.



ഓരോ രാജ്യത്തെയും കാലാവസ്ഥ, ജീവിതസാഹചര്യങ്ങള്‍, ധരിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളാണ് വസ്ത്രധാരണത്തെ നിശ്ചയിക്കുന്നത്. അറബിനാടുകളിലെ ചുഴറ്റിയടിക്കുന്ന കാറ്റും കാലാവസ്ഥയില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളുമാണ് അവരുടെ വസ്ത്രധാരണത്തിന്റെ മാനദണ്ഡം. അത് അവരുടെ സംസ്‌കാരത്തിനും ആരോഗ്യത്തിനും യോജിക്കുന്നതായിരുന്നു. ആ വേഷം എങ്ങനെ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പൊതുവേഷമാവും? കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് വേഷധാരണത്തില്‍ സ്വന്തമായൊരു സംസ്‌കാരമുണ്ടായിരുന്നു. അറബികളെ അന്ധമായി അനുകരിക്കല്‍ പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതിനു തുല്യവും അപലപനീയവുമാണ്. കാലാകാലമായി കേരളത്തിലെ പുരുഷന്മാര്‍ കേരളീയവേഷം തന്നെയാണ് ധരിക്കുന്നത്. അതിലാര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. പിന്നെന്തിനാണ് സ്ത്രീകളുടെമേല്‍ കുതിരകേറ്റം? ചാഞ്ഞ മരമാവുമ്പോള്‍ ആര്‍ക്കും പാഞ്ഞുകേറാമല്ലോ. സ്ത്രീകള്‍ ജനിക്കുന്നതും ജീവിക്കുന്നതും വേഷം ധരിക്കുന്നതും പുരുഷന്മാരെ ആകര്‍ഷിക്കാനാണ് എന്ന അബദ്ധധാരണയാണ് ആദ്യം തിരുത്തിക്കുറിക്കേണ്ടത്. സ്വന്തം വസ്ത്രം നിശ്ചയിക്കാനും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം പുരുഷന്റേതെന്നതുപോലെ സ്ത്രീയുടെയും മൗലികാവകാശമാണ്. അവനവന്റെ ശരീരത്തിനും സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്കുമിണങ്ങുന്ന വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരാള്‍ക്കുമുണ്ട്. സ്വന്തം ശരീരം പ്രദര്‍ശനവസ്തുവാക്കുന്ന രീതിയിലുള്ള വേഷം ധരിക്കാതിരിക്കലാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷ. കാരണം സ്ത്രീശരീരം കണ്ടാല്‍ വികാരംകൊള്ളുന്ന പുരുഷന്മാരാണ് ഇന്നും കേരളത്തിലേറെയുള്ളത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടെ പുരുഷമനസ്സുകള്‍ എന്തേ ഇങ്ങനെ വികലമാകാന്‍ എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനുപകരം സ്ത്രീകളുടെമേല്‍ പെരുമാറ്റച്ചട്ടം അടിച്ചേല്പിക്കുന്നത് ചിന്താശക്തിയുള്ളവര്‍ക്ക് ന്യായീകരിക്കാനാവില്ല. സ്ത്രീകള്‍ ഇന്ന വേഷമേ ധരിക്കാവൂ എന്നുള്ള ശാഠ്യം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല അധര്‍മം കൂടിയാണ്.





ആഗോളീകരണത്തിന്റെ ഭാഗമായി സ്ത്രീ എന്നാല്‍ ശരീരം എന്ന സമവാക്യം അറിഞ്ഞോ അറിയാതെയോ ഇവിടെ വേരുപിടിച്ചിരിക്കുന്നു. സ്ത്രീശരീരം കച്ചവടച്ചരക്കായി മാറ്റിയതില്‍ ഇവിടത്തെ കച്ചവടക്കാര്‍ക്കു മാത്രമല്ല പത്ര, ടി.വി., സിനിമാ മാധ്യമങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. ഉദാരീകരണവും ആഗോളീകരണവുമൊക്കെ അതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിത രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമാണ് ഇന്ന് ഇന്ത്യ. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്നു വരേണ്ടത് അവരുടെ ആവശ്യമാണ്. കോടിക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളാണ് ഇന്ന് ഇന്ത്യയില്‍ വിറ്റഴിയുന്നത്. ഇങ്ങനെയൊരു കച്ചവടതന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് പര്‍ദയും കേരളത്തിലെത്തിയത്. ആഗോളതലത്തില്‍ വേരുകളുള്ള ഒരു കമ്പനിയുടെ പരസ്യപ്രചാരണമാണ് കേരളത്തില്‍ പര്‍ദയെ ഇസ്‌ലാമിക വേഷമാക്കിയത്. ഫാഷന്റെ പിന്നാലെ പരക്കം പായാനുള്ള വ്യഗ്രതയ്ക്കിടയില്‍ അതില്‍ ഒളിച്ചിരിക്കുന്ന ഹിഡന്‍ അജന്‍ഡ ഇവിടത്തെ സ്ത്രീകള്‍ മനസ്സിലാക്കിയതുമില്ല.



വേഷം മതചിഹ്നമായതോടെയാണ് കേരളത്തില്‍ മനുഷ്യമനസ്സുകള്‍ അകലാന്‍ തുടങ്ങിയതും ഇവിടെ മതസ്​പര്‍ധകള്‍ക്ക് തുടക്കമിട്ടതും. ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സുകള്‍ അടുക്കാനാകാത്തവിധം അകന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകന്റെ കൈവെട്ടുകേസും ഇസ്‌ലാമികവേഷം ധരിക്കാത്തതിന് ഒരു പെണ്‍കുട്ടിയെ വേട്ടയാടിയതുമൊക്കെ ഇതിന്റെ ദുരന്തഫലങ്ങളാണ്. ഇതിനു തടയിട്ടില്ലെങ്കില്‍ നമ്മുടെ ഭാവിതലമുറ നമുക്ക് മാപ്പുതരില്ല. വേഷത്തിലൂടെ താന്‍ മതവിശ്വാസിയാണെന്നു ബോധ്യപ്പെടുത്തുക എന്ന സാഹചര്യം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. വേഷമല്ല ഒരാളെ അളക്കാനുള്ള അളവുകോല്‍. അറബിവേഷം ധരിച്ചതുകൊണ്ടുമാത്രം ആരും യഥാര്‍ഥ ഇസ്‌ലാമാവുന്നില്ല. വാക്കിലും പ്രവൃത്തിയിലുമാണ് ഇസ്‌ലാമികത വേണ്ടത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഇസ്‌ലാം മതം. ഒരു ഇസ്‌ലാംമത വിശ്വാസി എങ്ങനെ ജീവിക്കണമെന്ന് ഖുര്‍ആനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റുചെയ്യുന്ന സ്ത്രീയും പുരുഷനും ഒരുപോലെ ശിക്ഷ അനുഭവിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. സ്ത്രീ തെറ്റു ചെയ്താല്‍ ശിക്ഷ കൂടുമെന്നോ പുരുഷനാണെങ്കില്‍ ശിക്ഷ കുറയുമെന്നോ എവിടെയും പറഞ്ഞതായി വായിച്ചിട്ടില്ല. ''ദുര്‍ന്നടപ്പുകാരനായ പുരുഷനെയും ദുര്‍ന്നടപ്പുകാരിയായ സ്ത്രീയെയും നൂറടിവീതം അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവരുടെ ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. അവരെ ശിക്ഷിക്കുന്നതിനു സത്യവിശ്വാസികളില്‍ ഒരു സംഘം സാക്ഷികളാവുകയും ചെയ്യട്ടെ'' (അന്നൂര്‍, അധ്യായം 24,2) - കുറ്റവാളി സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ശിക്ഷ തുല്യമായിരിക്കണമെന്നാണ് ഈ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചാരിത്ര്യവതികളായ സ്ത്രീകളെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും തെളിയിക്കാതിരിക്കുകയും ചെയ്യുന്ന ആണിനെയും പെണ്ണിനെയും ഒരുപോലെ ശിക്ഷിക്കണമെന്നും അല്ലാഹു കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ സ്വന്തം ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കും ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷയുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അപവാദപ്രചാരണം നിന്ദ്യമായ കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് വേഷത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം താറുമാറാക്കുന്നത് എവിടത്തെ ന്യായമാണ്? പെണ്‍കുട്ടികള്‍ സ്വന്തംകാലില്‍ നില്‍ക്കേണ്ടത് സമൂഹത്തിന്റെകൂടി ആവശ്യമാണ്. തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നതുപോലെ വേഷം തിരഞ്ഞെടുക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനും അവരെ തിരുത്താനുമുള്ള അവകാശം അവരുടെ മാതാപിതാക്കള്‍ക്കുണ്ട്. വിവാഹിതയാണെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഇടപെടാം. നാട്ടുകാരും മതമൗലികവാദികളും വ്യക്തിജീവിതത്തില്‍ ഇടപെടുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവതല്ല.



സ്വന്തം ശരീരം പ്രദര്‍ശനവസ്തുവാക്കരുതെന്ന് സ്ത്രീകളോട് അല്ലാഹു കല്പിച്ചത് അവരുടെ സുരക്ഷയ്ക്കുവേണ്ടിക്കൂടിയാണ്. അതോടൊപ്പംതന്നെ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും സദാചാരം കാത്തുസൂക്ഷിക്കാനും വിശ്വാസികളോടും വിശ്വാസിനികളോടും ഒരുപോലെ കല്പിച്ചിട്ടുമുണ്ട്. സദാചാരബോധം കാത്തുസൂക്ഷിക്കുക സ്ത്രീകളുടെ മാത്രം ചുമതലയല്ല. സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും ബാധ്യതയുണ്ട്. വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. സ്ത്രീത്വത്തെ അവഹേളിക്കുന്ന, സദാചാരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം യുവതലമുറ അറിഞ്ഞോ അറിയാതെയോ ഇവിടെ വളര്‍ന്നുവരുന്നുണ്ട്.



കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ സമൂഹദ്രോഹികളായ ചില പുരുഷന്മാരുടെ കാമക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുമ്പുകവചം അണിഞ്ഞാലോ എന്നുപോലും തോന്നാറുണ്ടെന്ന് പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്ന വിവിധ മതസ്ഥരായ പല സ്ത്രീകളും എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്റെ ദേഹം ഒട്ടാകെ മറയ്ക്കുന്ന പര്‍ദപോലുള്ള മേലാട അണിയാന്‍ സ്ത്രീ സ്വയം തീരുമാനിക്കുകയാണെങ്കില്‍ അതിലൊരു തെറ്റുമില്ല.



പര്‍ദ മോശപ്പെട്ട വേഷമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. പര്‍ദ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അത് ധരിക്കട്ടെ. പക്ഷേ, അതില്‍ മതത്തിന്റെ പരിവേഷം ചാര്‍ത്തുന്നത് നീതിയല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പഠിക്കുകയും അതിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരാള്‍ക്കും അനീതിക്കോ അക്രമത്തിനോ കൂട്ടുനില്ക്കാനാവില്ല എന്നത്, ഇസ്‌ലാം വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് കാണിച്ചുകൊടുക്കേണ്ടത്. അങ്ങനെ പ്രവൃത്തികൊണ്ട് കാണിച്ചുകൊടുക്കാന്‍പോന്ന ഒരു ആധ്യാത്മികപണ്ഡിതനില്ല എന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ.

Followers