സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Sunday, November 28, 2010

കര്‍ണാടക നാടകം

കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിനു മുമ്പത്തെ ബി.ജെ.പി.യുടെ പരസ്യവാചകം വ്യത്യസ്തമായ പാര്‍ട്ടി-പാര്‍ട്ടി വിത് എ ഡിഫറന്‍സ്-എന്നായിരുന്നു. അഞ്ചുകൊല്ലം ഭരിച്ചുകഴിഞ്ഞപ്പോഴേക്ക് ഡിഫറന്‍സൊന്നും കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. വെയിലത്ത് വെച്ച വെണ്ണപോലെ അധികാരത്തിന്റെ ചൂടില്‍ ഉരുകിപ്പോയി. പിന്നീട് ആ ലേബല്‍ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴൊരു സംശയം തോന്നുന്നുണ്ട്. വ്യത്യസ്തം തന്നെയല്ലേ ആ പാര്‍ട്ടി? ദേശീയനേതൃത്വം സംസ്ഥാനനേതൃത്വത്തിനു മുന്നില്‍ സാഷ്ടാംഗനമസ്‌കാരം നടത്തുന്ന വിദ്യ വേറെ ഏതു പാര്‍ട്ടിയിലാണ് കാണാന്‍ കഴിയുക. മുസ്‌ലിംലീഗിലല്ലാതെ വേറെ പാര്‍ട്ടിയിലൊന്നും ഇത് മുമ്പ് കണ്ടിട്ടില്ല. ആ പാര്‍ട്ടിക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം, ഒരു സംസ്ഥാനനേതൃത്വവും ഒരഖിലേന്ത്യാനേതൃത്വവുമേ ഉള്ളൂ. അനായാസം നമസ്‌കരിക്കാം. അതല്ല ബി.ജെ.പി.യുടെ സ്ഥിതി. കുനിഞ്ഞുതുടങ്ങിയാല്‍ ഒരു ഡസന്‍ സംസ്ഥാനനേതൃത്വങ്ങളെയെങ്കിലും കുനിഞ്ഞുനമസ്‌കരിക്കേണ്ടിവരും. നടുവൊടിഞ്ഞതുതന്നെ.


ആര്‍ഷഭാരതസംസ്‌കാരത്തിനൊത്ത് ആട്ടിന്‍പാല്‍ മാത്രം കുടിച്ച് ഒ.പി. ത്യാഗികളായി ജീവിക്കുന്നവരും ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളുമാണ് ബി.ജെ.പി. നേതാക്കള്‍ എന്നാണ് പണ്ട് കേട്ടിരുന്നത്. ജനസംഘമെന്ന ഒറിജിനല്‍ അവതാരത്തില്‍ ദേവപരിവേഷമായിരുന്നു നേതാക്കള്‍ക്ക്. സ്ഥാനത്തിനും അധികാരത്തിനുമൊക്കെ അവര്‍ പുല്ലുവിലയേ കല്പിച്ചിരുന്നുള്ളൂ. കിട്ടില്ലെന്ന് ഉറപ്പുള്ള കാലത്ത് ആ സാധനത്തിന് പുല്ലുവിലയല്ലാതെ എന്ത് കല്പിക്കാനാണ്. ഒരു സംസ്ഥാനത്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുന്ന കാര്യം ആദ്യകാലത്തൊന്നും ആലോചിക്കാനേ പറ്റുമായിരുന്നില്ല. അതുകൊണ്ട് ആദര്‍ശം കൊണ്ടുനടക്കാന്‍ ഒട്ടും ചെലവുണ്ടായിരുന്നില്ല. മുന്തിരങ്ങയ്ക്ക് അക്കാലത്ത് വലിയ പുളിപ്പായിരുന്നതുകൊണ്ട് ചാടിനോക്കാറേ ഇല്ല. കാര്‍സേവയോടെയാണ് സ്ഥിതി ആകെ മാറിയത്. പിന്നെ വെച്ചടി കേറ്റമായിരുന്നു. വ്യാജമതേതരക്കാരെയും കപടസോഷ്യലിസ്റ്റുകളെയും മാത്രമല്ല ചെറുകിട ദേശവിരുദ്ധരെ വരെ മന്ത്രിസഭയിലെടുത്താണ് ഭൂരിപക്ഷം ഒപ്പിച്ചതെങ്കിലും അഞ്ചുകൊല്ലം രാജ്യഭരണംതന്നെ തരായി. ഒപ്പം സംസ്ഥാനങ്ങളിലും പരക്കെ കളിച്ചു.

ആദര്‍ശത്തിന്റെ ലേബലൊക്കെ അതിനും കുറെ മുമ്പുതന്നെ കീറിക്കളഞ്ഞതാണ്. അദ്വാനി, വാജ്‌പേയി എന്നീ രണ്ടുവിഗ്രഹങ്ങളെ തൊഴുത് കയറണമെന്നേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ക്രിയകള്‍ അതിവേഗം കോണ്‍ഗ്രസ് നിലവാരത്തിലും താഴെയായി. അധികാരത്തിനുവേണ്ടി ഏതറ്റംവരെ പോകാമെന്ന് കണ്ടെത്തുന്നതിന് ഒരഖിലേന്ത്യാതല ചാമ്പ്യന്‍ഷിപ്പ് ഏര്‍പ്പെടുത്തിയതില്‍ ഉത്തരദേശത്തെ കല്യാണ സിംഹത്തിനായിരുന്നു ദേശീയകിരീടം. ആദ്യം വാജ്‌പേയി 13 ദിവസം രാജ്യഭരണം നടത്തിയപ്പോള്‍ പത്തുപേരെ കാലുമാറ്റാന്‍ ചില്ലറ കോടികള്‍ ഇറക്കാന്‍ മെനക്കെടാത്തതുകൊണ്ടാണ് രാജിവെച്ചൊഴിയേണ്ടിവന്നത്. അന്നേ കല്യാണസിംഹത്തെ പോലെ ദീര്‍ഘവീക്ഷണമുള്ളവര്‍ പറഞ്ഞതാണ് ഈ തരത്തില്‍ അധികകാലം പോകാന്‍ കഴിയില്ലെന്ന്. ഉത്തരദേശത്ത് തരം കിട്ടിയപ്പോള്‍ സിംഹം കാട്ടിക്കൊടുത്തു പ്രായോഗികബുദ്ധി എന്ന വാക്കിന്റെ അര്‍ഥം. ആദര്‍ശം പറഞ്ഞിരുന്നാല്‍ അടുപ്പ് പുകയില്ല. ആദര്‍ശവും പ്രായോഗികബുദ്ധിയും ഒപ്പംപോകില്ല. കീരിയും പാമ്പും പോലെയാണ്. ഒന്നിനെ കൈവിട്ടേ പറ്റൂ. ഉത്തരപ്രദേശത്തെ ഓപ്പണ്‍ ടു ഓള്‍ കോമ്പറ്റീഷന്‍ ആദ്യം കാലുമാറുന്നവര്‍ക്കെല്ലാം മന്ത്രിസ്ഥാനം എന്നായിരുന്നു ഓഫര്‍. 1997 ഒക്ടോബറിലായിരുന്നു ചരിത്രസംഭവം. 93 യോഗ്യന്മാരെയാണ് മന്ത്രിമാരാക്കിയത്. ദേശീയ റെക്കോഡ് ആയിരുന്നു അത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ ഓഫീസ്, മേശ, കസേര, മുന്തിയ കാര്‍ തുടങ്ങിയവ കൈവശപ്പെടുത്താന്‍ മന്ത്രിക്കൂട്ടം നടത്തിയ കുതിപ്പില്‍ തട്ടിയും തടഞ്ഞും വീണും പരിക്കേറ്റ നിരവധി സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ജീവനക്കാരെയും ആസ്​പത്രിയിലാക്കേണ്ടിവന്നതായാണ് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

കര്‍ണാടകത്തിലേക്ക് മടങ്ങാം. ദക്ഷിണദേശത്തെ ആദ്യത്തെ ഹിന്ദുത്വ മന്ത്രിസഭയാണ്. കാലെടുത്തുവെച്ചതു മുതല്‍ വാര്‍ത്ത സൃഷ്ടിക്കാത്ത ഒറ്റ ദിവസവുമുണ്ടായിരുന്നില്ല. ആദര്‍ശത്തിന്റെ മുഖംമൂടിയും വേഷവുമെല്ലാം അഴിച്ചുവെച്ചായിരുന്നു കളി. ഗ്രൂപ്പിസം, കാലുവാരല്‍, പിളര്‍പ്പ്, മറിച്ചിടല്‍, പരക്കംപാച്ചില്‍ തുടങ്ങിയവ ദേവഗൗഡയെപ്പോലും നാണിപ്പിച്ചു. കോടിയില്‍ കുറഞ്ഞ തുകയൊന്നും അവിടെ ആര്‍ക്കും വേണ്ട. മക്കള്‍ക്കും മരുമക്കള്‍ക്കും അപ്പന്‍ ഭൂമിയോ മറ്റെന്തെല്ലാമോ എടുത്തുകൊടുത്തത് കുറച്ചേറിപ്പോയത് പൊല്ലാപ്പായി. പുറത്തറിഞ്ഞ് നാണക്കേടായാല്‍ ആരെയെങ്കിലും ബലിയാടാക്കി മാനംരക്ഷിക്കുന്ന വഷളന്‍ കീഴ്‌വഴക്കം നാട്ടിലുണ്ട്. കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിവെച്ചതാണ്. ആ ലൈനില്‍ ചിന്തിച്ചാണ് യെദ്യൂരപ്പയെ ഉപേക്ഷിക്കാന്‍ കേന്ദ്രന്‍ തീരുമാനിച്ചതെങ്കിലും സംഗതി നടന്നില്ല. പോയി വേറെ പണിനോക്കിക്കൊള്ളാനാണ് യെദ്യു നേതൃത്വത്തോട് പറഞ്ഞത്. അത്ര വാശിയാണെങ്കില്‍ പിന്നെ യെദ്യു തന്നെ ഭരിച്ചോട്ടെ എന്നു ധീരമായി തീരുമാനിക്കുകയും ചെയ്തു. അതോടെ പ്രശ്‌നംതീര്‍ന്നു.

സംഭവത്തിന്റെ ടൈമിങ് കുറച്ചുമോശമായിപ്പോയോ എന്നൊരു ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സുകാരുടെ കൂട്ടുകക്ഷി അഴിമതി എടുത്താല്‍ പൊങ്ങാത്ത വിധത്തിലായതുകൊണ്ട് നാല് അലക്ക് അലക്കി നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമായിരുന്നു. കരുണാനിധി അണ്ണന്‍ പിണങ്ങിയാല്‍ മന്ത്രിസഭ താഴെ പോകും എന്നായിട്ടും കുംഭകോണം രാജയെ ഒരുവിധം ഇറക്കി വിടാനായി. ഇവിടെ അതുപോലും കഴിയുന്നില്ല. ആരുടെ കാലിലെ മന്താണ് വലുത് എന്നതുസംബന്ധിച്ച മത്സരമാണ് യു.പി.എ-എന്‍.ഡി.എ. കക്ഷികള്‍ തമ്മില്‍ പാര്‍ലമെന്റില്‍ നടക്കുന്നത്.

അഞ്ചാറുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരമില്ലാത്തതുകൊണ്ട് ആര്‍ഷഭാരത പാര്‍ട്ടി വിഷമിച്ചാണ് കഴിഞ്ഞുകൂടുന്നത്. യെദ്യുവിന്റെയൊക്കെ ചെലവിലായിരിക്കും കേന്ദ്രഓഫീസിന്റെ കറന്റ് ബില്‍ അടയ്ക്കുന്നതുപോലും. യെദ്യുവിനെ വേണമെങ്കില്‍ അനുസരണക്കേടിന് പാര്‍ട്ടിയില്‍നിന്നുപുറത്താക്കാം. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാന്‍ കഴിയുമെന്ന് ഒരുറപ്പുമില്ല. യെദ്യുവിന്റെ ചേട്ടന്മാരാവും അവിടത്തെ പാര്‍ട്ടി എം.എല്‍.എ.മാര്‍. കോടി കിട്ടുന്ന ഭാഗത്തേക്ക് മാറാനല്ലാതെ കൊടിയും താമരയും പിടിച്ചിരിക്കാന്‍ ഇക്കാലത്ത് അധികം പേരെയൊന്നും കിട്ടില്ലെന്നേ. ഭൂരിപക്ഷമുണ്ടാക്കാന്‍ പ്രയാസവുമുണ്ടാകില്ല. പിന്നെ ബി.ജെ.പി. എന്നും പറഞ്ഞ് ആ വഴിക്ക് പോകേണ്ടിവരില്ല. ആദര്‍ശമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍മാത്രം മതി. കണ്ടില്ല, കേട്ടില്ല എന്ന് നടിച്ച് നീചജന്മങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക തന്നെയാണ് ബുദ്ധി.

Thursday, November 11, 2010

അരുന്ധതി റോയിയുടെ കുഴലൂത്ത്‌

"ജമ്മുകാശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നത്‌ ചരിത്രസത്യമാണ്‌. കേന്ദ്ര സര്‍ക്കാര്‍ ഈ വസ്തുത അംഗീകരിക്കണം." എഴുത്തുകാരിയായ അരുനധ്തി റോയി വിഘടനവാദത്തെ പിന്താങ്ങിക്കൊണ്ട്‌ അഭിപ്രായപ്പെട്ടതായി വായിച്ചു. ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയശേഷം സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.


ജമ്മുകാശ്മീരിലെ വിഘടനവാദത്തെ പിന്തുണക്കുന്ന ശക്തികളെ നോക്കുകുത്തി കണക്കെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദമാണ്‌ അരുന്ധതിറോയിക്ക്‌ നിരന്തരം ഇത്തരം ഒരു പ്രസ്താവനയിറക്കാന്‍ പ്രേരകമാകുന്നത്‌. ഇവരുടെ അഭിപ്രായം കണക്കിലെടുക്കുന്നതിന്‌ മുമ്പ്‌ വിഭജനകാലഘട്ടത്തിലെ ഇന്ത്യന്‍ ചരിത്ര പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്‌.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച ഹൈദരാബാദ്‌, കാശ്മീര്‍, ജുഗനഢ്‌ എന്നിവയെല്ലാംതന്നെ അന്ന്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെട്ട പാക്കിസ്ഥാനില്‍പ്പെടുന്നതായിരുന്നില്ല. കാശ്മീര്‍ ഭരിച്ചിരുന്ന ഹരിസിംഗ്‌ രാജാവ്‌, പാക്കിസ്ഥാനിലും ഇന്ത്യയിലും ചേരാതെ നില്‍ക്കാനായിരുന്നു താല്‍പര്യപ്പെട്ടത്‌. പക്ഷേ കാശ്മീരില്‍ ഷേക്ക്‌ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും സ്വയംഭരണത്തിനുവേണ്ടി വാദിച്ചിരുന്നെങ്കിലും, വിഭജനം ആസന്നമായപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനാണ്‌ താല്‍പര്യപ്പെട്ടത്‌.

വിഭജനത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ പാക്‌ സൈനികോദ്യോഗസ്ഥരുടെ പിന്തുണയോടെ പത്താന്‍ ഗോത്രവര്‍ഗക്കാര്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ രാജാവ്‌ ഇന്ത്യയുടെ സഹായം തേടുകയും 1947 ഒക്ടോബര്‍ 26 ന്‌ കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചുകൊണ്ടുള്ള സമ്മതപത്രത്തില്‍ രാജാവ്‌ ഒപ്പിടുകയും ചെയ്തതാണ്‌ ചരിത്രം. അപ്പോഴേക്കും കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാക്‌ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ്‌ ഇപ്പോഴത്തെ പാക്കധീന കാശ്മീര്‍.

ഇന്ത്യ, ഷേക്ക്‌ അബ്ദുള്ളയെ കാശ്മീരിലെ ഭരണത്തലവനാക്കുകയും ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ പ്രവേശിക്കുകയും ശ്രീനഗര്‍ മോചിപ്പിക്കുകയും ചെയ്തു. പ്രശ്നം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്ക്‌ വിട്ടെങ്കിലും കടന്നുകയറ്റം നടത്തിയത്‌ പാക്കിസ്ഥാനാണെന്നുള്ള കാര്യം മുഖവിലക്കെടുക്കാതെ രക്ഷാസമിതി വെടിനിര്‍ത്തലിന്‌ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഇരുരാജ്യങ്ങളുടെയും കൈവശത്തിലിരുന്ന ഭൂപ്രദേശങ്ങളെ അവലംബിച്ചുകൊണ്ട്‌ നിയന്ത്രണരേഖ നിശ്ചയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കയ്യേറിയ സ്ഥലം ഇന്നല്ലെങ്കില്‍ നാളെ തിരികെ പിടിക്കുമെന്ന അര്‍ത്ഥത്തില്‍ പാക്കധീന കാശ്മീര്‍ ഉള്‍പ്പെട്ട ഭൂപടമാണ്‌ ഇന്ന്‌ ഇന്ത്യയുടേത്‌.

നിയതമായ ചില അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്നത്തെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ചരിത്ര പശ്ചാത്തലങ്ങള്‍ക്കും അനുസരിച്ച്‌ അതിര്‍ത്തി പനര്‍നിര്‍ണയവും പുനരേകീകരണവും നടന്നിട്ടുണ്ട്‌.


ചരിത്രപരമായി, മധ്യകാലഘട്ടത്തിനുശേഷം ജമ്മുകാശ്മീര്‍ മതസാഹോദര്യത്തിന്റെയും സൂഫി ആശയത്തിന്റെയും സിരാകേന്ദ്രമായിരുന്നു. എന്നാല്‍ 1990 നുശേഷം അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കധീന കാശ്മീരില്‍നിന്നും നുഴഞ്ഞുകയറിയ മതതീവ്രവാദികള്‍ ജമ്മുകാശ്മീരില്‍ മതസ്പര്‍ധയുടെയും ഇന്ത്യാ വിരുദ്ധ മനോഭാവത്തിന്റെയും വിഷവിത്തുകള്‍ വിതച്ചു. തദ്ദേശീയരായ പണ്ഡിറ്റുകള്‍ മതതീവ്രവാദികളുടെ ഭീഷണിക്ക്‌ വിധേയരാകുകയും ന്യൂദല്‍ഹിയിലേക്കും മറ്റും ചേക്കേറേണ്ട ഗതികേട്‌ ഇവര്‍ക്കുണ്ടാകുകയും ചെയ്തു. സ്വന്തം രാജ്യത്ത്‌ തന്നെ അഭയാര്‍ത്ഥികളായി മാറിയ ഒരു വിഭാഗം ആളുകളുടെ ജീവിക്കാനുള്ള അവകാശത്തെ കാണാതെ പോകുന്ന അരുന്ധതി റോയി ആര്‍ക്കുവേണ്ടിയാണ്‌ കുഴലൂതുന്നത്‌?

മതതീവ്രവാദികളുടെയും കപട പൗരാവകാശ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്താല്‍ കലുഷിതമായ കാശ്മീരില്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഏതെങ്കിലും മൗലികാവകാശങ്ങള്‍ നിഷേധിച്ചിട്ടുണ്ടോ എന്ന്‌ വിലയിരുത്തണം. അതേ അവസരത്തില്‍ ലീഗ്‌ ആവശ്യപ്പെട്ട പ്രദേശമായിരുന്ന കിഴക്കന്‍ പാക്കിസ്ഥാനെ ദേശീയധാരയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പാക്‌ ദേശീയ ഗവണ്‍മെന്റ്‌ ദയനീയമായി പരാജയപ്പെട്ടു. ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാതിരുന്ന പശ്ചിമ പാക്കിസ്ഥാന്‍ അതിന്റെ സിരാകേന്ദ്രത്തില്‍നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ചു പോയത്‌ എന്തെന്ന്‌ വിലയിരുത്തിയിട്ടുണ്ടാകുമോ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യ സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരുന്നെങ്കില്‍ 1965 ല്‍ ഇന്ത്യന്‍ പട്ടാളം പിടിച്ചെടുത്ത സ്ഥലം താഷ്കെന്റ്‌ കരാറിലൂടെ പാക്കിസ്ഥാന്‌ തിരിച്ചുകൊടുക്കുമായിരുന്നില്ല. 1971 ല്‍ ബംഗ്ലാദേശ്‌ വിമോചന കാലഘട്ടത്തില്‍ ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്‌ വരികയുണ്ടായി. ഇതുമൂലം ഇന്ത്യക്ക്‌ വന്‍ സാമ്പത്തികബാധ്യതയുണ്ടായി. സാമ്രാജ്യത്വശക്തിയാകാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കില്‍, ഏതെങ്കിലും ഒരു കരാറിലൂടെ ഇന്ത്യക്ക്‌ ബംഗ്ലാദേശിനുമേല്‍ അന്നേ ഒരു മേല്‍ക്കൈ നേടാമായിരുന്നു.

അതുപോലെ ശ്രീലങ്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ തമിഴ്‌ വംശജരാണ്‌. അവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌, ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട്‌ ഒരു വലിയ രാജ്യമായ ഇന്ത്യക്ക്‌ പല ഘട്ടങ്ങളിലും അധീശത്വം പുലര്‍ത്താമായിരുന്നു.

ശ്രീബുദ്ധന്റെയും ജൈനമഹാവീരന്റെയും മഹാത്മാഗാന്ധിയുടെയും ആശയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയെ സാമ്രാജ്യത്വശക്തിയായി കാണുന്ന അരുന്ധതി റോയി ഏതോ കുബുദ്ധികളുടെ പ്രേരണയാല്‍ ജല്‍പനങ്ങള്‍ നടത്തുകയാണ്‌.

ഇന്ത്യ, സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ പ്രഖ്യാപിക്കുന്ന അരുന്ധതി റോയി, "കമ്മ്യൂണിസം" എന്ന പേര്‌ മുമ്പിലുള്ളതുകൊണ്ട്‌, 'ചൈന' അതിരുകള്‍ വിസ്തൃതപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുന്നു. മുമ്പേതന്നെ ഒരു സ്വയംഭരണ പ്രദേശമായിരുന്ന 'ലാമകളുടെ തിബത്ത്‌' 1950 ല്‍ ചൈനയുടെ കടന്നുകയറ്റത്തിനും 1959 ല്‍ ചെമ്പടയുടെ അടിച്ചമര്‍ത്തലിനും വിധേയമായത്‌ ആധുനിക ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്‌. മാത്രവുമല്ല, ഒരിക്കലും ചൈനയുടെ ഭാഗമാകാതിരുന്ന അരുണാചല്‍ പ്രദേശിലും കൂടി കമ്മ്യൂണിസ്റ്റ്‌ ചൈന അവകാശവാദമുന്നയിക്കുന്നു. അരുണാചല്‍ പ്രദേശ്‌ ഉള്‍പ്പെട്ട ചൈനീസ്‌ ഭൂപടം അവര്‍ നിര്‍മിച്ചുകഴിഞ്ഞു.


ആയിരക്കണക്കിന്‌ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം കാശ്മീരിലെ മഞ്ഞുമലകളില്‍വെച്ച്‌ ഹോമിക്കപ്പെടുന്നു. സൈനികരുടെയും അര്‍ധസൈനികരുടെയും ജീവന്‍ മതതീവ്രവാദികളുടെ കൈകളാല്‍ ഹോമിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള ജീവിക്കാനുള്ള അവകാശം രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നവര്‍ക്ക്‌ ഇല്ലെന്നാണോ അരുന്ധതി റോയി പറയുന്നത്‌!

അരുന്ധതിറോയിയുടെ പിച്ചും പേയും കേട്ട്‌ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്ന ഇന്ത്യ, ഈ മേഖലയില്‍നിന്നും സൈനികരുടെ പിന്മാറ്റം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ എന്ത്‌ അഭിപ്രായമാണ്‌ പറയാനുള്ളതെന്ന്‌ അറിയാന്‍ താല്‍പര്യമുണ്ട്‌.

ജമ്മുകാശ്മീരിന്റെ ചുമതലയുള്ള കരസേനാ മേധാവിക്ക്‌ ചൈന സന്ദര്‍ശനം നിഷേധിച്ചത്‌ ഈയിടെയാണ്‌. പാക്കധീന കാശ്മീരില്‍ ചൈന ഇപ്പോള്‍തന്നെ റോഡ്‌ വെട്ടുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്‌. ഏകദേശം 3800 ച.കി.മീറ്റര്‍ കാശ്മീരില്‍ ചൈനയുടെ കൈവശമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ അക്സായിചീന്‍ പ്രദേശവും ചൈനയുടേതാണെന്ന്‌ അവകാശവാദമുന്നയിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയിലേക്ക്‌ വന്ന സന്ദര്‍ഭത്തില്‍തന്നെ, അരുന്ധതി റോയിയുടെ പ്രസ്താവന പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക്‌ കൊണ്ടാടാനുള്ള അവസരം സൃഷ്ടിച്ചു. പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാനും അതുവഴി ഇന്ത്യയെ കലുഷിതമാക്കാനുമുള്ള ശ്രമത്തിന്‌ വഴിമരുന്നിടുന്നതിനും മാത്രമേ ഈ ബുദ്ധിജീവിയുടെ പ്രസ്താവന ഉതകുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടന രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്‌ നല്‍കുന്ന ശിക്ഷ അരുന്ധതി റോയിയുടെ മേല്‍ പ്രയോഗിക്കേണ്ടതാണ്‌. ഇന്ത്യന്‍ ഭരണകൂടത്തിന്‌ നട്ടെല്ലില്ലാത്തതുകൊണ്ട്‌ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതിരുകളില്ലാതായിരിക്കുന്നു

Monday, November 8, 2010

മനുഷ്യാവകാശ നിഷേധം: കാണുന്നതും കാണാത്തതും

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ചില മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുകയും വേറെ ചിലത്‌ കാണാതിരിക്കുകയും ചെയ്യുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല. അമേരിക്ക ഇറാഖ്‌ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനം ഇവിടെ നിശിതമായി വിമര്‍ശിക്കപ്പെടുകയുണ്ടായി. മുന്‍സോവിയറ്റ്‌ യൂനിയന്‍, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും നമ്മുടെ മാധ്യമങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും വിമര്‍ശനത്തിന്‌ പാത്രീഭവിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ജമ്മു – കാശ്‌മീരിലും ഗുജറാത്തിലും മറ്റുമുണ്ടായ മനുഷ്യാവകാശ ലംഘനപരമായ ചെയ്‌തികള്‍ തുറന്നു കാട്ടുന്നതിലും നമ്മുടെ പല രാഷ്‌ട്രീയ പാര്‍ട്ടികളും അച്ചടി – ഇലക്ട്രോണിക്‌ മാധ്യമങ്ങളും മുന്‍പന്തിയില്‍ നിന്നു. അക്കാര്യത്തില്‍ തീര്‍ച്ചയായും അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.


എന്നാല്‍ മനുഷ്യാവകാശധ്വംസനം എവിടെയുണ്ടായാലും അത്‌ ജനശ്രദ്ധയില്‍ കൊണ്ടുവരികയും വിമര്‍ശനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്ന തത്ത്വം മലയാളക്കരയിലെ മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. ഉദാഹരണത്തിന്‌, നിലവിലുള്ള ശിക്ഷാനിയമം ഭേദഗതി ചെയ്യാനുള്ള ഒരു ബില്‍ ഇറാനിയന്‍ പാര്‍ലമെന്റിന്‌ മുമ്പാകെയുണ്ട്‌. മുസ്‌ലിം പിതാവിനോ മാതാവിനോ ജനിച്ച ഒരാള്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചാല്‍ അയാളെ വധിക്കണമെന്ന്‌ അനുശാസിക്കുന്നതാണ്‌ നിര്‍ദിഷ്‌ട നിയമഭേദഗതി. ഒരു മുസ്‌ലിം മറ്റൊരു മതത്തിലേയ്‌ക്ക്‌ മാറുകയോ മതമേ വേണ്ടെന്നു വെക്കുകയോ ചെയ്‌താല്‍ അയാള്‍ വധിക്കപ്പെടും. ഇതിനേക്കാള്‍ ക്രൂരമായ മറ്റെന്ത്‌ മനുഷ്യാവകാശലംഘനമാണുള്ളത്‌? മതവിഷയത്തില്‍ പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യവും വിയോജനാവകാശവുമാണ്‌ ഇവിടെ ഗളഹസ്‌തം ചെയ്യപ്പെടുന്നത്‌. താന്‍ ഏത്‌ മതത്തിന്‍റെ ഭാഗമാകണം / ഭാഗമാകാതിരിക്കണം എന്നു തീരുമനിക്കേണ്ടത്‌ വ്യക്തിയാണ്‌, ഭരണകൂടമല്ല. രാഷ്‌ട്രത്തിന്‍റെ ഔദ്യോഗികമതമായ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോകുന്നവനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറയുന്ന പ്രാകൃത നിയമവുമായി ഇറാന്‍ ഭരണകൂടം മുന്നോട്ടുപോകുമ്പോഴും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളോ രാഷ്‌ട്രീയ പാര്‍ട്ടികളോ അതിനെതിരില്‍ ചെറുവിരല്‍ പോലുമനക്കിക്കാണുന്നില്ല.

നിര്‍ദിഷ്‌ട ഇറാനിയന്‍ നിയമം ഇറാനിലെ ഒരു പ്രത്യേക മതവിഭാഗമായ ബഹായികളെയാണ്‌ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. പതിനെട്ടാം നൂറ്റാണ്ടിലാണ്‌ ബഹായിമതം നിലവില്‍ വന്നത്‌. പ്രധാനമായും ഇസ്‌ലാമില്‍ നിന്ന്‌ പോയവരാണ്‌ ബഹായികള്‍. പില്‍ക്കാലത്ത്‌ അവര്‍ ഇറാനില്‍ പലമട്ടില്‍ പീഡിപ്പിക്കപ്പെട്ടു. മുമ്പ്‌ പാര്‍സികള്‍ (സൊരാഷ്‌ട്രീയര്‍) എന്ന പോലെ അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടി. ഇപ്പോഴും മൂന്നുലക്ഷത്തോളം ബഹായികള്‍ ഇറാനില്‍ അവശേഷിക്കുന്നു. അവരെ ഇസ്‌ലാംമതം ത്യജിച്ചവരും അതിനാല്‍ തന്നെ വധാര്‍ഹരുമായാണ്‌ ഇറാനിലെ യാഥാസ്ഥിതിക മുസ്‌ലിം പൗരോഹിത്യം കാണുന്നത്‌. പുതിയ നിയമഭേദഗതി പാസ്സാക്കുന്നതോടെ ബഹായികളെ വധിക്കാനുള്ള ലൈസന്‍സാണ്‌ ഇറാനിയന്‍ ഭരണകൂടത്തിന്‌ കൈവരാന്‍ പോകുന്നത്‌. എന്നിട്ടും ഉദ്‌ബുദ്ധം എന്നു അവകാശപ്പെടുന്ന മലയാള മണ്ണിലെ മാധ്യമ – രാഷ്‌ട്രീയ വിശാരദര്‍ ആരും അതിനിന്ദ്യമായ ഈ നീക്കം കണ്ട ഭാവമേയില്ല.

ആയത്തുല്ലാ ഖൊമെയ്‌നിയുടെ കാര്‍മികത്വത്തില്‍ 1979ല്‍ നടന്ന `ഇസ്‌ലാമിക വിപ്ലവ’ത്തിനു ശേഷം പലപ്പോഴായി ഇരുനൂറിലേറെ ബഹായി പുരോഹിതര്‍ ഇറാനില്‍ ഭരണകൂടത്താല്‍ വധിക്കപ്പെട്ടിട്ടുണ്ട്‌. ബഹായികള്‍ക്കു ആത്മീയ നേതൃത്വം നല്‍കുന്നു എന്നത്‌ മാത്രമായിരുന്നു അവര്‍ ചെയ്‌ത `അപരാധം?’ നികൃഷ്‌ടമായ ഈ ഭരണകൂട ഹിംസയും കേരളത്തില്‍ ചര്‍ച്ചാ വിഷയമായില്ല. മനുഷ്യാവകാശങ്ങളുടെ പേരില്‍ ബഹളം വെക്കുന്ന സംഘങ്ങളോ വ്യക്തികളോ ഒന്നും ഇറാനിലെ ബഹായി ഉന്മൂലനം തുറന്നു കാട്ടാന്‍ സമയം കണ്ടെത്തിയില്ല.

ഇന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നത്‌ ഇവിടെ ന്യായമായി വിമര്‍ശിക്കപ്പെട്ടു. മതപരിവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം പൗരന്മാരുടെ മൗലികാവകാശത്തില്‍ പെടുന്നതാണ്‌ എന്നു ചൂണ്ടിക്കാട്ടാനും നമ്മുടെ നാട്ടില്‍ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മുന്നോട്ടുവന്നു. അത്രയും നല്ല കാര്യം. എന്നാല്‍, ഇറാനില്‍ ഇപ്പോള്‍ മതപരിവര്‍ത്തനം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച്‌ തടയാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. മതംമാറ്റ സ്വാതന്ത്ര്യം മുസ്‌ലീങ്ങള്‍ക്കു മാത്രമാണ്‌ അവിടെ നിഷേധിക്കപ്പെടുന്നത്‌ എന്നതും ശ്രദ്ധിക്കണം. അമുസ്‌ലിം ഇസ്‌ലാമിലേയ്‌ക്ക്‌ മാറിയാല്‍ അത്‌ സ്വാഗതം ചെയ്യുന്ന ഭരണകൂടം മുസ്‌ലിം ഇസ്‌ലാം വിട്ടാല്‍ അയാളെ കൊല്ലുമെന്നാണ്‌ വെളിപ്പെടുത്തുന്നത്‌. ഇസ്‌ലാമിനെ മാത്രം വളരാന്‍ അനുവദിക്കുകയും മറ്റുമതങ്ങളെ തകര്‍ക്കുകയും ചെയ്യുക എന്ന ഹീനലക്ഷ്യമാണ്‌ ഇറാനിയന്‍ പൗരോഹിത്യത്തിനുള്ളത്‌.

മതപരവും വിശ്വാസപരവുമായ വൈവിധ്യം ഭരണഘടനാതലത്തില്‍ ഉറപ്പുവരുത്തിയ രാജ്യമാണ്‌ ഇന്ത്യ. എല്ലാമതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യം ഇവിടെയുണ്ട്‌. അത്‌ കൂടുതല്‍ ബലപ്പെടുത്തണമെന്നാണ്‌ പലപ്പോഴും ഇവിടെ ന്യൂനപക്ഷമതക്കാര്‍ ആവശ്യപ്പെട്ടുപോന്നത്‌. മുസ്‌ലിം മത – സാമുദായിക – രാഷ്‌ട്രീയ സംഘടനകള്‍ ഈ ആവശ്യം നിരന്തരം ഉന്നയിച്ചുപോന്നിട്ടുണ്ട്‌. ഇവിടെ മതപരവും സാംസ്‌കാരികവുമായ ബഹുസ്വരത ഒട്ടും ഉടവുതട്ടാതെ നിലനിര്‍ത്തണമെന്ന്‌ ആവശ്യപ്പെടുന്ന മുസ്‌ലിം സംഘടനകളൊന്നും ഇറാനില്‍ മതബഹുസ്വരത തല്ലിത്തകര്‍ക്കപ്പെടുന്നതില്‍ ഉല്‍ക്കണ്‌ഠപ്പെടുന്നില്ലെന്നത്‌ വിസ്‌മയകരമാണ്‌. മുസ്‌ലീങ്ങള്‍ ഭൂരിപക്ഷമായിടത്ത്‌ ബഹുസ്വരത അനുവദിക്കേണ്ടതില്ലെന്നും മുസ്‌ലീങ്ങള്‍ ന്യൂനപക്ഷമായിടത്ത്‌ മാത്രം മതി ബഹുസ്വരത എന്നുമാണോ അവരുടെ നിലപാട്‌? ജനസംഖ്യാതലത്തില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ന്യൂനപക്ഷങ്ങളുടെ മത-സാംസ്‌കാരിക സ്വാതന്ത്ര്യം തങ്ങളുടെ അജണ്ടയിലുണ്ടാവില്ല എന്നല്ലേ ഇറാന്‍ വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ പുലര്‍ത്തുന്ന മൗനം നല്‍കുന്ന സൂചന?

കേരളത്തിലെ മതേതര രാഷ്‌ട്രീയക്കാരും സെക്യുലര്‍ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പും ഭര്‍ത്സിക്കപ്പെടേണ്ടതാണ്‌. ഇന്ത്യയില്‍ ബഹുസ്വരതയുടെ ശക്തരായ വക്താക്കളാണവര്‍. ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ ഇറാന്‍ പോലുള്ള മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ ബഹുസ്വരതയ്‌ക്കും മനുഷ്യാവകാശങ്ങള്‍ക്കും നേരെ ഭരണകൂടം വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ `ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന ഭാവമാണവര്‍ക്ക്‌. അവര്‍ ഭയക്കുന്നത്‌ ആരെയെന്ന്‌ വ്യക്തം. രാഷ്‌ട്രീയക്കാര്‍ `വോട്ടുബേങ്കു’കളെ ഭയക്കുമ്പോള്‍ പത്രമുതലാളിമാര്‍ `സര്‍ക്കുലേഷന്‍ ബേങ്കു’കളെ പേടിക്കുന്നു. ഇറാനിലോ മറ്റെവിടെയെങ്കിലുമോ മതംമാറ്റുന്നവരെ കൊന്നാലെന്ത്‌, നമുക്ക്‌ വോട്ടും കാശും തന്നെ മുഖ്യം!

സ്വാത്‌ താഴ്‌വരയിലെ ആ പെണ്‍കുട്ടി

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കോലാഹലങ്ങള്‍ക്കിടയില്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. മാര്‍ച്ച്‌ മാസത്തില്‍ പാകിസ്‌താനിലെ സ്വാത്‌ മേഖലയിലെ ഒരു ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. അവിടെ ചാന്ദ്‌ബീവി എന്ന പതിനേഴുകാരിയെ താലിബാന്‍ കിങ്കരന്മാര്‍ കൈയും കാലും കെട്ടി ജനമദ്ധ്യത്തില്‍ ചാട്ടവാറടിയ്‌ക്ക്‌ വിധേയയാക്കി. യുവതിയുടെ പിടച്ചിലും കരച്ചിലുമൊന്നും മതപോലീസുകാരായ താലിബാന്‍ മുല്ലമാരെ പിന്തിരിപ്പിച്ചില്ല. ബന്ധുവല്ലാത്ത ഒരു പുരുഷന്റെ കൂടെ തെരുവിലൂടെ നടന്നു എന്നതായിരുന്നു ചാന്ദ്‌ബീവിയില്‍ ആരോപിക്കപ്പെട്ട കുറ്റം. ഭര്‍ത്താവോ ഏറ്റവും അടുത്ത ബന്ധുക്കളോ അല്ലാത്തവരോടൊപ്പം സ്‌ത്രീകള്‍ പുറത്തിറങ്ങുന്നത്‌ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്തിന്‌ വിരുദ്ധമാണ്‌ എന്നതായിരുന്നു സ്വാത്‌ താഴ്‌വരയില്‍ ഇസ്ലാമിക കോടതി സ്ഥാപിച്ച താലിബാന്‍ പ്രതിനിധിയുടെ വാദം. ഏതായാലും നടുറോഡിലിട്ട്‌ അവര്‍ `കുറ്റവാളി’യെ പൊതിരെ തല്ലി.


`സദാചാരലംഘനം’ ആരോപിച്ച്‌ ശിക്ഷിക്കപ്പെട്ടത്‌ പെണ്‍വര്‍ഗത്തില്‍ പെട്ട വ്യക്തിയാണ്‌ എന്നതാണ്‌ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ചാന്ദ്‌ബീവിയോടൊപ്പം തെരുവിലൂടെ നടന്ന പുരുഷനെ ആരും പിടിച്ചുകെട്ടുകയോ മര്‍ദ്ദിക്കുകയോ ചെയ്‌തില്ല. സദാചാരം ഉറപ്പാക്കേണ്ടത്‌ സ്‌ത്രീകളാണ്‌ എന്നതത്രേ മതാന്ധരായ താലിബാന്‍ പ്രഭൃതികളുടെ കാഴ്‌ചപ്പാട്‌. അതുകൊണ്ടാണല്ലോ അവര്‍ സ്‌ത്രീകള്‍ക്ക്‌ കണ്ണൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുക്കെ ആവൃതമാക്കുന്ന പര്‍ദ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. സ്‌ത്രീയെ മൂടിവെച്ചാല്‍ സദാചാരം കെങ്കേമമാകുമെന്ന്‌ അവര്‍ കരുതുന്നു. ലൈംഗിക അപഭ്രംശങ്ങളില്‍ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യപങ്കാണുള്ളതെന്ന വസ്‌തുത അവരുടെ വിചാരങ്ങളിലേയ്‌ക്ക്‌ കടന്നുവരുന്നതേയില്ല. പുരുഷമേധാവിത്വപരമായ മൂല്യവ്യവസ്ഥയുടെ തടവുകാരായ ഇത്തരക്കാരാണ്‌ പാകിസ്‌താനും അഫ്‌ഗാനിസ്‌താനുമുള്‍പ്പെടെയുള്ള പല മുസ്ലിം ഭൂരിപക്ഷദേശങ്ങളിലും ശരീഅത്തിന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുന്നത്‌. അവരുടെ വീക്ഷണത്തില്‍ സ്‌ത്രീകളുടെ സമ്പൂര്‍ണമായ അടിമത്തത്തിന്റെ ദൈവികരേഖയാണ്‌ ശരീഅത്ത്‌.

സ്വാത്‌ മേഖല പുകയാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. പാകിസ്‌താനിലെ സുഖവാസ കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശം കുറച്ചുകാലമായി താലിബാന്റെ പിടിയിലാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിന്റെ പേരില്‍ അവിടത്തെ സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു. സ്‌ത്രീകള്‍ ജോലിക്കു പോകുന്നതിനെതിരെയും മതാന്ധര്‍ അവിടെ രംഗത്ത്‌ വരികയുണ്ടായി. ഒടുവില്‍ പാക്‌ ഭരണകൂടം താലിബാനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. രാജ്യത്തെ ഇതരപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്‌തമായി സ്വാതില്‍ ശരീഅത്ത്‌ നിയമവ്യവസ്ഥ നടപ്പാക്കാന്‍ ഭരണകൂടം മതാന്ധര്‍ക്ക്‌ അനുമതി നല്‍കി.

തൊണ്ണൂറുകളില്‍ അഫ്‌ഗാനിസ്‌താനില്‍ ശക്തിപ്രാപിച്ച താലിബാന്‍ പാകിസ്‌താനിലേക്കു കൂടി നുഴഞ്ഞുകയറിയിരിക്കുന്നു എന്നാണ്‌ സ്വാത്‌ താഴ്‌ വരയിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ഇസ്ലാമാബാദാണ്‌ തങ്ങളുടെ അടുത്ത ലക്ഷ്യമെന്നു പാക്‌ താലിബാന്‍ നേതാവ്‌ ഒബയ്‌ത്തുല്ല മഹ്‌സൂദ്‌ വ്യക്തമാക്കുകയും ചെയ്‌തിരിക്കുന്നു. അതായത്‌, അഫ്‌ഗാനിസ്‌താനില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുല്ല ഉമറിന്റെയും മറ്റും കാര്‍മികത്വത്തില്‍ അരങ്ങേറിയ കിരാതത്വം പാകിസ്‌താനിലും ആവര്‍ത്തിക്കാനാണ്‌ താലിബാന്‍ പദ്ധതിയിടുന്നത്‌.

ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ രാജ്യത്തെ കൊണ്ടെത്തിച്ചതില്‍ പാക്‌ ഭരണകൂടം വഹിച്ച പങ്ക്‌ ചെറുതല്ല. എണ്‍പതുകളില്‍ അഫ്‌ഗാനിസ്‌താനില്‍ മതതീവ്രവാദികളെ വളര്‍ത്തുന്നതില്‍ അമേരിക്കയുടെ സി ഐ എ എന്ന പോലെ പാകിസ്‌താനിലെ ഐ എസ്‌ ഐയും മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ്ലാമിന്റെ പേരില്‍ എന്ത്‌ ക്രൂരതകള്‍ നടത്തുന്നതിനെയും അക്കാലത്ത്‌ പാക്‌ അധികൃതര്‍ പിന്താങ്ങി. പാക്‌ – അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന മതപാഠശാലകളിലൂടെ അധ്യേതാക്കളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ മതാന്ധതയാണെന്നറിഞ്ഞിട്ടും ഭരണാധികാരികള്‍ അനങ്ങിയില്ല. താലിബാന്റെ സ്വാധീനം അഫ്‌ഗാനിസ്‌താനില്‍ ഒതുങ്ങിക്കൊള്ളും എന്നാണ്‌ ഒരുപക്ഷേ അവര്‍ കണക്ക്‌ കൂട്ടിയത്‌.


ആ കണക്കുകളാണ്‌ ഇപ്പോള്‍ തെറ്റിയിരിക്കുന്നത്‌. തൊണ്ണൂറുകളുടെ മധ്യത്തില്‍ അഫ്‌ഗാനിസ്‌താനില്‍ ആഞ്ഞടിച്ച താലിബാന്‍ പ്രത്യയശാസ്‌ത്രം ഒരു ദശകത്തിനുശേഷം പാകിസ്‌താന്റെ പല മേഖലകളെയും കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. തത്‌കാലം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ഏതാനും ജില്ലകളിലാണ്‌ മതാന്ധര്‍ സ്വാധീനം നേടിയിരിക്കുന്നത്‌ എന്നത്‌ ശരിയാണെങ്കിലും മറ്റു പ്രദേശങ്ങള്‍ അവരുടെ ഭീഷണിയില്‍ നിന്നു മുക്തമാണെന്നു കരുതാന്‍ ന്യായമില്ല. പാക്‌ സൈന്യത്തില്‍ തന്നെ താലിബാനോട്‌ മൃദുസമീപനം സ്വീകരിക്കുന്നവര്‍ ഉണ്ടെന്നിരിക്കെ രാജ്യത്ത്‌ അവരുടെ സ്വാധീനമേഖല വിപലുപ്പെടാനുള്ള സാധ്യത ഏറെയാണ്‌.

രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ മതതീവ്രവാദികളെ ഒളിഞ്ഞോ തെളിഞ്ഞോ പ്രോത്സാഹിപ്പിക്കുന്നത്‌ പില്‍ക്കാലത്ത്‌ വന്‍വിപത്തിനിടവരുത്തുമെന്നതാണ്‌ സ്വാത്‌ മേഖലയിലെ അനുഭവങ്ങള്‍ നല്‍കുന്ന പാഠം. എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തില്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ ശരീഅത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ നടന്ന പ്രചാരണം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. സ്‌ത്രീകള്‍ക്കു നീതിനിഷേധിക്കുന്ന മതാന്ധര്‍ക്കെതിരെയായിരുന്നു അന്ന്‌ സി പി ഐ എം രംഗത്തിറങ്ങിയിരുന്നത്‌. അത്‌ ഏറെ ഗുണം ചെയ്‌തു. മതവികാരമിളക്കി ലിംഗനീതി തടയുന്നവരെ തുറന്നുകാണിക്കാന്‍ ആ പ്രചാരണം സഹായിച്ചു. മതവിഷയങ്ങളില്‍ ഉദാരസമീപനം സ്വീകരിക്കുന്നവരാണ്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന സന്ദേശം അത്‌ നല്‍കുകയും ചെയ്‌തു.

എണ്‍പതുകളുടെ മധ്യത്തില്‍ നിന്ന്‌ 2009 ല്‍ എത്തുമ്പോള്‍ കേരളത്തില്‍ സി പി ഐ എമ്മിന്റെ മുഖം ഏറെ വ്യത്യസ്‌തമാണ്‌. പണ്ട്‌ മതയാഥാസ്ഥിതികതയെയും മതതീവ്രവാദത്തെയും എതിര്‍ത്ത ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ മതതീവ്രവാദികളെ തോളിലേറ്റി നടക്കുന്നു. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനുകളില്‍ ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത പി ഡി പിയുടെ അമരക്കാരെ പങ്കെടുപ്പിക്കുകയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അവരോട്‌ വേദി പങ്കിടുകയും ചെയ്‌തത്‌ കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.


മതതീവ്രവാദികളില്‍ കുരുത്ത പാര്‍ട്ടിക്കും അതിന്റെ ചെയര്‍മാനും സി പി ഐ എം നല്‍കുന്ന അംഗീകാരം പണ്ട്‌ പാക്‌ ഭരണാധികാരികള്‍ അഫ്‌ഗാനിലെ താലിബാന്‍ മുല്ലമാര്‍ക്കു നല്‍കിയ അംഗീകാരവുമായി വേണം തുലനം ചെയ്യാന്‍. പാകിസ്‌താന്‍ നല്‍കിയ പിന്തുണമൂലം താലിബാന്‍ വളര്‍ന്നു. അത്‌ പാകിസ്‌താനിലേയ്‌ക്ക്‌ കൂടി അതിന്റെ വേരുകള്‍ പടര്‍ത്തി. ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന്‌ ഭീഷണി മുഴക്കാന്‍ മാത്രം അവിടെ താലിബാന്‍ ശക്തി പ്രാപിച്ചിരിക്കുന്നു. കേരളത്തില്‍ പി ഡി പിക്ക്‌ മതേതര സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അവര്‍ക്ക്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിന്റെ നടുത്തളങ്ങളിലേക്ക്‌ പ്രവേശനം നല്‍കിയവരുടെ ചെയ്‌തികളുടെ ഫലവും മറ്റൊന്നാവില്ല. സി പി ഐ എമ്മിന്റെ തണലില്‍ ഹിംസാത്മക വര്‍ഗീയത ഇവിടെ വേരുകളാഴ്‌ത്തും. മതനിരപേക്ഷതയുടെ ഭാഗം ചേരേണ്ട മുസ്ലിംയുവാക്കളില്‍ ഗണ്യമായ ഒരു വിഭാഗത്തെ തീവ്രവാദത്തിന്റെ പന്ഥാവില്‍ അതെത്തിക്കും. ന്യൂനപക്ഷസമുദായത്തില്‍ മതാന്ധതയും വര്‍ഗീയതയും വര്‍ധിക്കുന്ന തോതില്‍ ഭൂരിപക്ഷസമുദായത്തിലും അതിന്റെ അനുരണനങ്ങളുണ്ടാവും. സ്വാത്‌ താഴ്‌വരയിലെ ചാന്ദ്‌ബീവിയുടെ രോദനം കേള്‍ക്കാനെങ്കിലും സി പി ഐ എം നേതൃത്വത്തിന്‌ സാധിക്കേണ്ടതുണ്ട്‌.

അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക്‌ വിലയില്ലേ?

ഇക്കഴിഞ്ഞ മെയ്‌ 28ന്‌ പാകിസ്‌താനിലെ ലാഹോറില്‍ അഹമ്മദിയ്യാ മുസ്‌ലീങ്ങളുടെ രണ്ടു പള്ളികളില്‍ പാക്‌ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. അഹമ്മദിയ്യാ വിഭാഗത്തിനു നേരെ പാകിസ്‌താനില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്‌. 1953ല്‍ ഒരു വന്‍കലാപം തന്നെ അവര്‍ക്കെതിരെ നടന്നു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഖ്യധാരാ മുസ്‌ലീം സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തിയ ആ ലഹളയില്‍ രണ്ടായിരത്തിലേറെ അഹമ്മദി മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്‌.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഞ്ചാബിലെ ഖാദിയാനില്‍ മിര്‍സാ ഗുലാം അഹമ്മദാണ്‌ പ്രവാചക പരമ്പര അവസാനിച്ചിട്ടില്ലെന്ന ആശയം അവതരിപ്പിച്ചുകൊണ്ട്‌ പുതിയ മുസ്‌ലീം വിഭാഗത്തിനു രൂപം നല്‍കിയത്‌. മുഹമ്മദ്‌ അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്ന മുഖ്യധാരാ മുസ്‌ലീങ്ങള്‍ അന്നു തൊട്ടേ അഹമ്മദിയ മുസ്‌ലീങ്ങളെ ശത്രുക്കളായാണ്‌ വീക്ഷിച്ചുപോന്നത്‌. പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ പഞ്ചാബിലെ അഹമ്മദി മുസ്‌ലീങ്ങളിലെ ഭൂരിപക്ഷം നവരാഷ്‌ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. പാകിസ്‌താന്റെ പ്രഥമവിദേശകാര്യമന്ത്രി ചൗധരി സഫറുള്ളാഖാന്‍ അഹമ്മദി മുസ്‌ലീമായിരുന്നു. അദ്ദേഹത്തെപ്പോലെ വേറെ ചില അഹമ്മദികളും ആദ്യകാലത്ത്‌ പാകിസ്‌താനില്‍ ഉന്നതസ്ഥാനങ്ങളിലുണ്ടായിരുന്നു. അവരെയെല്ലാം നീക്കം ചെയ്യണമെന്നും അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു 1953ല്‍ മുഖ്യധാരക്കാരുടെ പ്രക്ഷോഭം.തങ്ങളുടെ ലക്ഷ്യം നേടാന്‍ പ്രക്ഷോഭകര്‍ക്ക്‌ തത്‌കാലം സാധിച്ചില്ലെങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. മറ്റുള്ളവരുടെ മതവിശ്വാസ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന അവര്‍ അഹമ്മദിമുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആക്രാമകപ്രചാരണങ്ങള്‍ തുടര്‍ന്നു. മതഫാഷിസത്തില്‍ അഭിരമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി അഹമ്മദികള്‍ മൂര്‍ത്തദ്ദൂകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി. രണ്ടുദശാബ്‌ദത്തിലേറെക്കാലം തുടര്‍ന്ന ഈ യക്ഷിവേട്ട 1974ല്‍ ചെന്നെത്തിയത്‌ ഭരണഘടനാ ഭേദഗതിയിലാണ്‌. മൗദൂദിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണയുദ്ധത്തിനു മുന്‍പില്‍ മുട്ടുമടക്കി സുല്‍ഫിക്കര്‍ അലിഭൂട്ടോയുടെ സര്‍ക്കാര്‍ അഹമ്മദികളെ ഇസ്‌ലാം മതത്തില്‍നിന്നു പുറന്തള്ളാന്‍ പാകത്തിലുള്ള ഭേദഗതി ഭരണഘടനയില്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്നവരെ മാത്രമെ മുസ്‌ലീങ്ങളായി പരിഗണിക്കൂ എന്നതായിരുന്നു ഭേദഗതിയുടെ പൊരുള്‍. അതനുസരിച്ച്‌ അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കുകയും ചെയ്‌തു.

അതുകൊണ്ടും തൃപ്‌തരായിരുന്നില്ല മൗദൂദിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരക്കാര്‍. കൂടുതല്‍ കടുത്ത നിയമങ്ങള്‍ വഴി അഹമ്മദികളെ സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ അവര്‍ നടത്തി. മതമൗലികവാദികളെ വഴിവിട്ട്‌ പ്രീണിപ്പിക്കുന്ന ജനറല്‍ സിയാവുല്‍ ഹഖ്‌ പ്രസിഡന്റായപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 1984 ഏപ്രിലില്‍ ഓര്‍ഡിനന്‍സ്‌ മുഖേന ജനറല്‍ഹഖ്‌ അഹമ്മദികളെ അക്ഷരാര്‍ത്ഥത്തില്‍ ഗളച്ഛേദം നടത്തി. മുസ്‌ലീങ്ങള്‍ എന്നവകാശപ്പെടാനോ തങ്ങളുടെ മതാശയങ്ങള്‍ പ്രചരിപ്പിക്കാനോ തങ്ങളുടെ മസ്‌ജിദുകളെ മസ്‌ജിദുകള്‍ എന്നു വിശേഷിപ്പിക്കാനോ ബാങ്ക്‌ വിളിക്കാനോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാനോ ഉള്ള അവകാശംപോലും അഹമ്മദികള്‍ക്കു നിഷേധിക്കപ്പെട്ടു.


ഇന്നു പാകിസ്‌താനില്‍ നാല്‌പതുലക്ഷം അഹമ്മദി മുസ്‌ലീങ്ങളുണ്ട്‌. പക്ഷേ മുസ്‌ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്‌ടിക്കപ്പെട്ട രാഷ്‌ട്രത്തില്‍ അവര്‍ അമുസ്‌ലീം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനപോലും അവര്‍ക്ക്‌ `പവിത്രതയുടെ നാട്‌’ എന്നര്‍ത്ഥമുള്ള പാകിസ്‌താനില്‍ ലഭിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കാരും ലശ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്‌, ലശ്‌കറെ ജംഗ്‌വി, സിപാഹെ സഹാബ, പാക്‌ താലിബാന്‍ തുടങ്ങിയ ഭീകരവാദസംഘങ്ങളും അവരെ വീക്ഷിക്കുന്നത്‌ വധിക്കപ്പെടേണ്ടവര്‍ എന്ന നിലയ്‌ക്കാണ്‌. മതവിശ്വാസികളുടെ പേരില്‍ ഒരു ജാതിവിഭാഗത്തെ ഉന്‍മൂലനം ചെയ്യേണ്ടതുണ്ടെന്നു പ്രചരിപ്പിക്കുകയും അവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ പാക്‌ ഭരണകൂടം മുന്നോട്ടുവരുന്നില്ല എന്നത്‌ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇന്നു ലോകത്തിലെ ഏറ്റവും അരക്ഷിതരായ ജനവിഭാഗമാണ്‌ പാകിസ്‌താനിലെ അഹമ്മദിയാ മുസ്‌ലീങ്ങള്‍. മനുഷ്യാവകാശങ്ങള്‍ ഇത്രത്തോളം നിഷേധിക്കപ്പെട്ട മറ്റൊരു ജനവിഭാഗത്തെ കണ്ടെത്തുക പ്രയാസം.

വിചിത്രമായ കാര്യം, അഹമ്മദിയ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവയര്‍ഹിക്കുന്ന വിധം തുറന്നുകാട്ടാന്‍ നമ്മുടെ നാട്ടില്‍ പലരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌. പലസ്‌തീന്‍ മേഖലയിലെയും ചെച്‌നിയയിലെയും സിംഗിയാങ്കിലെയും കാശ്‌മീരിലെയും ബോസ്‌നിയയിലെയും ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും ഗ്വാണ്ടനാമോയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തികച്ചും ന്യായമായി ഇവിടെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. അവയ്‌ക്കെതിരെ ഉച്ചത്തില്‍ ശബ്‌ദിക്കാന്‍ നമ്മുടെ സംസ്ഥാനത്തും പുറത്തും പല കൂട്ടായ്‌മകളും മുന്നോട്ടു വന്നിട്ടുമുണ്ട്‌. തീര്‍ച്ചയായും അത്‌ വേണ്ടത്‌ തന്നെ. പക്ഷേ അത്രതന്നെ ഗൗരവത്തില്‍ വീക്ഷിക്കപ്പെടേണ്ടതാണ്‌ പാകിസ്‌താനില്‍ ദശാബ്‌ദങ്ങളായി അഹമ്മദികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യാവകാശലംഘനങ്ങളും. ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

Tuesday, November 2, 2010

Black Sheep, by Italo Calvino

There was a country where they were all thieves.


At night everybody would leave home with skeleton keys and shaded lanterns and go and burgle a neighbour’s house. They’d get back at dawn, loaded, to find their own house had been robbed.

So everybody lived happily together, nobody lost out, since each stole from the other, and that other from another again, and so on and on until you got to a last person who stole from the first. Trade in the country inevitably involved cheating on the parts both of the buyer and the seller. The government was a criminal organization that stole from its subjects, and the subjects for their part were only interested in defrauding the government. Thus life went on smoothly, nobody was rich and nobody was poor.

One day, how we don’t know, it so happened that an honest man came to live in the place. At night, instead of going out with his sack and his lantern, he stayed home to smoke and read novels.

The thieves came, saw the light on and didn’t go in.

This went on for a while: then they were obliged to explain to him that even if he wanted to live without doing anything, it was no reason to stop others from doing things. Every night he spent at home meant a family would have nothing to eat the following day.

The honest man could hardly object to such reasoning. He took to going out in the evening and coming back the following morning like they did, but he didn’t steal. He was honest, there was nothing you could do about it. He went as far as the bridge and watched the water flow by beneath. When he got home he found he had been robbed.

In less than a week the honest man found himself penniless, he had nothing to eat and his house was empty. But this was hardly a problem, since it was his own fault; no, the problem was that his behaviour upset everything else. Because he let the others steal everything he had without stealing anything from anybody; so there was always someone who came home at dawn to find their house untouched: the house he should have robbed. In any event after a while the ones who weren’t being robbed found themselves richer than the others and didn’t want to steal any more. To make matters worse, the ones who came to steal from the honest man’s house found it was always empty; so they became poor.

Meanwhile, the ones who had become rich got into the honest man’s habit of going to the bridge at night to watch the water flow by beneath. This increased the confusion because it meant lots of others became rich and lots of others became poor.

Now, the rich people saw that if they went to the bridge every night they’d soon be poor. And they thought: ‘Let’s pay some of the poor to go and rob for us.’ They made contracts, fixed salaries, percentages: they were still thieves of course, and they still tried to swindle each other. But, as tends to happen, the rich got richer and the poor got poorer and poorer.

Some of the rich people got so rich that they didn’t need to steal or have others steal for them so as to stay rich. But if they stopped stealing they would get poor because the poor stole from them. So they paid the very poorest of the poor to defend their property from the other poor, and that meant setting up a police force and building prisons.

So it was that only a few years after the appearance of the honest man, people no longer spoke of robbing and being robbed, but only of the rich and the poor; but they were still all thieves.

The only honest man had been the one at the beginning, and he died in very short order, of hunger.

Monday, November 1, 2010

മുസ്ലീം തീവ്രവാദത്തിന്റെ കേരളവഴികള്‍ : എം.എന്‍ .കാരശ്ശേരി

ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര(1959)ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും(1969): ജില്ലാരൂപീകരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.


കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.

1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു. 'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന്നു യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എമ്പസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന് സര്‍വസന്നാഹങ്ങളോടുംകൂടി അമേരിക്കയില്‍നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!

കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തുള്ള ഖൊമൈനി അന്നു പറഞ്ഞു: 'ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.'

ശിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ശിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാരിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമൈനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ പുറപ്പെട്ടു.

ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപ്പിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിസംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി:1977))യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു. ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമികവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി. ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിനു വഴിവെച്ചതിന് സമാനമാണിത്.

2. ഈ വര്‍ഷത്തില്‍ത്തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിംസമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം. സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.

ഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്തുവാന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു. മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു. ആ വഴിക്കാണ് സഊദി അറേബ്യക്കാരനായ ഉസാമാ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ 'അല്‍ഖാഇദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പടുന്നത്.

ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലംതന്നെ!

കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...

അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!

സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിനു തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ.' ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ.' മുഖാമുഖം നില്ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.

ഇന്ത്യയുടെ സ്വാതന്ത്ര്യലാഭം(1947)തൊട്ട് ആരംഭിച്ച കശ്മീര്‍ പ്രശ്‌നവും ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നവും കത്തിയാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സത്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡണ്ട് അന്‍വര്‍ സാദാത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.

1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷാബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം, സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി. അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടുവാന്‍ അത് ഇടയാക്കുകയും ചെയ്തു. മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കുവാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പതിനൊന്നുകൊല്ലത്തെ പിണക്കത്തിനുശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.

മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷാബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്കു വന്നുചേര്‍ന്ന ബാധ്യതയില്‍നിന്ന് അവരെ 'രക്ഷി'ക്കുന്നതിനുവേണ്ടി ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.

ഷാബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. രാമജന്മഭൂമി പ്രസ്ഥാനം ഇതോടെ ഉഷാറായി. ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി ബാബരിപ്പള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.

ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് തിരുവിതാംകൂറിലെ കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅ്ദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്. ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅ്ദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്.പോലെ സന്നദ്ധസംഘമായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅ്ദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: 'മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.' 1991-92 കാലത്ത് മഅ്ദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയുവാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ടത് (6 ആഗസ്ത് 1992) മഅ്ദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.

മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില രാഷ്ട്രീയ നേതാക്കളും ചില കക്ഷികളും മഅ്ദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅ്ദനിയില്‍ ആകൃഷ്ടരായി.

1992-ല്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ അയോധ്യയിലെ ബാബരിപ്പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്രഗവണ്‍മെന്റ് തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅ്ദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബരിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാനപ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരു തരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപീകരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992) മതപരിഷ്‌കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993) പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യ സമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബരിപ്പള്ളിയുടെ തകര്‍ച്ച കേരളത്തിലെ മുസ്‌ലിംലീഗില്‍ ചെറിയൊരു ഭൂകമ്പം സൃഷ്ടിക്കുകയുണ്ടായി. പള്ളി പൊളിച്ചതില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന് ഉത്തരവാദിത്വമുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫില്‍നിന്ന് ലീഗ് പുറത്തുവരണമെന്നും വാദിച്ച് രംഗത്തിറങ്ങിയത് മറ്റാരുമല്ല, അതിന്റെ ദേശീയ സമിതി അധ്യക്ഷന്‍ സുലൈമാന്‍ സേട്ടുവാണ്. ജീവിതത്തിലുടനീളം ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്നു സേട്ടു. യു.ഡി.എഫ്.കേരളത്തില്‍ അധികാരത്തിലിരിക്കുന്ന കാലമാണ്. അധികാര പങ്കാളിത്തം കൈവിടാന്‍ ലീഗിന് താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല, അത്തരമൊരു നിലപാട് മുസ്‌ലിം സമുദായത്തില്‍ തീവ്രവാദം വളര്‍ത്തും എന്ന തിരിച്ചറിവും ലീഗിന്റെ സംസ്ഥാനസമിതി അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ലീഗ് പിളര്‍ന്നു. സേട്ടുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ ലീഗിനു(ഐ.എന്‍.എല്‍: 1994) ചെറിയൊരു വിഭാഗത്തെ ആകര്‍ഷിക്കാനേ സാധിച്ചിള്ളൂ. ഈ കക്ഷി എന്നും എല്‍.ഡി.എഫിന് ഒപ്പമുണ്ട്.

ബാബരിപ്പള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് (ദേശീയവികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയപ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആള്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ...

കേരളത്തിലെ മുന്‍ സിമി നേതാക്കളായ പി. കോയ, ഇ. അബൂബക്കര്‍ മുതലായവരാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും, ഇസ്‌ലാമികരാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖാഇദ, ലഷ്‌ക്കര്‍ എ-തൊയ്യിബ, ജയ്ഷ് എ-മുഹമ്മദ് മുതലായി അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സുഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്; അവര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്. ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ 'ഇരകളാ'ണെന്നും ചെറുത്തുനില്പിനു വേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ(2007)ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നുവന്ന ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്(1997) രണ്ടുവഴിക്ക് തീവ്രവാദത്തിനു സഹായകമായി:

1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടന

യിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.

ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ(1995) പ്രതി എന്ന നിലയില്‍ മഅ്ദനിയെ അറസ്റ്റു ചെയ്തത്(1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലക്കാലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ തടവിലിട്ട രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅ്ദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅ്ദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്(2007). ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍(2009) ഇടതു മുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിന് അനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച(2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം(2003), സദ്ദാം വധം(2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.

മതവര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം, ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

മതസമുദായങ്ങള്‍ക്കകത്ത് എന്തു നടക്കുന്നു എന്ന് പഠിച്ചറിയുവാനോ അറിഞ്ഞാല്‍ത്തന്നെ ആദര്‍ശനിഷ്ഠമായ നിലപാട് എടുക്കുവാനോ നമ്മുടെ പാര്‍ട്ടികള്‍ മിനക്കെടാറില്ല. മുസ്‌ലിംലീഗ് വര്‍ഗീയകക്ഷിയാണോ എന്ന ചോദ്യത്തിന് ഇവിടത്തെ ഓരോ പാര്‍ട്ടിയും മാറിമാറി അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കുക: സ്വന്തം മുന്നണിയിലാവുമ്പോള്‍ മതേതരവും എതിര്‍മുന്നണിയിലാവുമ്പോള്‍ വര്‍ഗീയവും!

മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(community politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (religious politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനുംവേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കയ്യാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ് പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാംവധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു! 'അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെകൂടെ നില്ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ(2009) സി.പി.എം- പി.ഡി.പി. ബാന്ധവം.

സ്വന്തം താത്പര്യത്തിനുവേണ്ടി മതരാഷ്ട്രവാദികളെയും മതതീവ്രവാദികളെയും പ്രീണിപ്പിക്കുന്ന പണിയെടുക്കാന്‍ മുസ്‌ലിം ലീഗിനോ അതുള്‍പ്പെടുന്ന യു.ഡി.എഫിനോ യാതൊരു പ്രയാസവും തോന്നിയിട്ടില്ല. അവര്‍ മഅ്ദനിയെയും പി.ഡി.പി.യെയും രഹസ്യമായും പരസ്യമായും കൂടെ നിര്‍ത്തിയ സന്ദര്‍ഭങ്ങള്‍ പലതുണ്ട്. ഒരുദാഹരണം: 2001-ലെ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.വോട്ടുചെയ്തത് യു.ഡി.എഫിനാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയും 18 മണ്ഡലങ്ങളില്‍ എന്‍.ഡി.എഫും വോട്ടു ചെയ്തത് യു.ഡി.എഫിനാണ്.

കഷ്ടം! സാമ്രാജ്യത്വത്തെക്കാളും കുത്തകമുതലാളിത്തത്തെക്കാളും അപകടംപിടിച്ച മതതീവ്രവാദത്തിന് പൊതുമണ്ഡലത്തിന്റെ സമ്മതി നേടിക്കൊടുക്കുന്ന പണി ഈ കൂട്ടത്തില്‍ നടക്കുന്നുണ്ട് എന്ന ഗുരുതരമായ കാര്യത്തെ കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ അവഗണിച്ചുകളഞ്ഞു...

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടു മുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമസിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

Saturday, October 23, 2010

ഇന്ത്യ സങ്കീര്‍ണമാക്കുന്ന കാശ്മീര്‍ പ്രശ്നം

എന്‍.ഹരിദാസ്‌


തന്റെ വോട്ടുബാങ്ക്‌ നിലനിറുത്തുവാനായി ഇപ്പോള്‍ ഒമര്‍ അബ്ദുള്ള പറയുന്നു. കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയില്‍ ലയിച്ചിട്ടില്ലെന്ന്‌. വീണ്‍വാക്കായാല്‍പ്പോലും വളരെ അപകടം പിടിച്ച ഒരു പ്രസ്താവനയാണിത്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ദൃഷ്ടിയില്‍ ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക്‌ അബ്ദുള്ള സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിന്റെ വിശ്വസ്ഥനും കാശ്മീരിന്റെ അനിഷേധ്യനേതാവുമായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു ചാഞ്ചാട്ടം കണ്ടപ്പോള്‍ അദ്ദേഹത്തെ ഉടനടി തുറുങ്കിലടക്കുവാന്‍ ഒരു സമാധാന വാദിയായ നെഹ്‌റുപോലും മടിച്ചില്ല. അന്നത്തെ ഒരു പ്രത്യേകത കാശ്മീരില്‍ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലായിരുന്നുവെന്നതാണ്‌. ഇന്നാണെങ്കില്‍ നിലമറിച്ചും. ഇന്ന്‌ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചെറിയ വീഴ്ചകളെപ്പോലും വലുതാക്കി മുതലെടുക്കുവാന്‍ കച്ചകെട്ടി, ബല്ലും ബ്രേക്കുമില്ലാത്ത ഒരു പ്രതിപക്ഷമാണ്‌ കാശ്മീരില്‍ ഉള്ളത്‌. പ്രതിപക്ഷകക്ഷിയായ പിഡിപിയുടെ നേതാവ്‌ മെഹബൂബമുക്തിയുടെ രാഷ്ട്രീയ സര്‍ക്കസ്സുകള്‍ പലപ്പോഴും വിചിത്രമാണെന്ന്‌ പറയാതെവയ്യ. കലങ്ങിയവെള്ളത്തില്‍ മീന്‍ പിടിക്കുകയാണവര്‍.


വോട്ടുനഷ്ടമാകുമെന്ന പേടിയില്‍ അപകടപ്രസ്താവനകള്‍ക്ക്‌ മുതിരുകയാണ്‌ ഒമര്‍ അബ്ദുള്ളയും. സര്‍വ്വതന്ത്രസ്വതന്ത്രവും നിരുത്തരവാദപരവുമായ പരസ്യപ്രസ്താവനകള്‍ക്ക്‌ പറ്റിയ അന്തരിക്ഷമാണോ ഇന്ന്‌ കാശ്മീരില്‍ ഉള്ളത്‌. ഭൂരിപക്ഷം വോട്ടുപിടിക്കുന്നതിനായി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തുവാന്‍ പാര്‍ട്ടികളെ അനുവദിയ്ക്കാമോ? എന്താണ്‌ കാശ്മീരില്‍ കല്ലെറിയുന്ന പ്രക്ഷോഭകരുടെ ലക്ഷ്യം. കാശ്മീര്‍ ഒരു യുദ്ധഭൂമിയാണെന്ന സത്യാവസ്ഥയെ അവര്‍ എന്തിന്‌ കണ്ടില്ലെന്നുനടിയ്ക്കുന്നു? ഇന്ത്യയിലെ ഇടതുപക്ഷം പോലും കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുരിശിലേറ്റുകയല്ലേ?

ഒരു ഭാഗത്ത്‌ ചൈനയും മറുഭാഗത്ത്‌ പാക്കിസ്ഥാനും ഭാരതത്തിനെതിരെ വാളോങ്ങിനില്‍ക്കുകയാണ്‌. കാശ്മീരില്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയാണ്‌. യുദ്ധം എന്നതുതന്നെ സംപൂര്‍ണമായ മനുഷ്യാവകാശ ലംഘനമാണല്ലോ, യുദ്ധാവസ്ഥ തീരാതെ അവിടെ മുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധ്യമല്ലായെന്ന വസ്തുത മറച്ചു പിടിച്ചുകൊണ്ട്‌ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിമാത്രം മനുഷ്യാവകാശ ലംഘനമെന്ന്‌ വിഘടനവാദികള്‍ പ്രഛന്നവേഷം ധരിച്ചുവന്ന്‌ ബഹളം കൂട്ടുകയല്ലേ? ഇതിനെ വകവെച്ചുകൊടുക്കുവാന്‍ ഒരു ഇന്ത്യന്‍ സര്‍ക്കാരും! കാശ്മീര്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ വകവച്ചുകൊടുത്താല്‍ അതിന്റെയര്‍ത്ഥം കാശ്മീര്‍ മുഴുവനായും കൈടക്കുവാന്‍ പാക്കിസ്ഥാന്‌ (ചിലപ്പോള്‍ ചൈനക്കും) വിഴയൊരുക്കുകയെന്നതല്ലേ അതിന്റെ അര്‍ത്ഥം? ഇതൊക്കെക്കേട്ട്‌ പകച്ച്‌ ഒരു സര്‍വ്വകക്ഷിസംഘത്തേയും നാം കാശ്മീരിലേക്കയച്ചു. സര്‍വകക്ഷിസംഘം ചെന്നാല്‍ കാശ്മീരില്‍ നിന്നു പാകിസ്ഥാന്‍ പിന്മാറുമോ? അവിടെയും ഇടതുപക്ഷനയം ചൈനയുടെ സുഹൃത്തായ പാക്കിസ്ഥാന്‌ അനുകൂലമാകാതെ വയ്യല്ലോ!
 
കാശ്മീര്‍കത്തിയെരിയുന്നു വീണ്ടും എന്നൊരു വ്യാജ ചിത്രം ലോകത്തിനുമുന്നില് അവതരിപ്പിക്കുവാന്‍ അവിടത്തെ വിഘടനവാദികള്‍ക്കും ഭീകരന്മാര്‍ക്കും സാധിച്ചിരിക്കുന്നു. ശക്തമായ കൃത്യമായ പോലീസ്‌ നടപടികളിലൂടെ തടയുവാനും അമര്‍ച്ചചെയ്യുവാനും സാധിക്കുന്ന ഒരു പ്രക്ഷോഭത്തെയും അക്രമത്തെയും, മനുഷ്യാവകാശനിഷേധത്തിനും കിരാതവാഴ്ചക്കുമെതിരെ പൊതുജനമുന്നേറ്റമായി നമ്മുടെ മാധ്യമങ്ങളും വിഘടനവാദികളും ചിത്രീകരിക്കുന്നു. ഒരു മധ്യ മസംവാദത്തില്‍ ഒരു കാശ്മീരി വിദ്യാര്‍ത്ഥി പ്രകടിപ്പിച്ച അഭിപ്രായം ഇതിനുപുറകിലുള്ള അട്ടിമറിയിലേയ്ക്കും വൈദേശിക ഇടപെടലുകളിലേയ്ക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കാശ്മീരിന്റെ സ്വയം ഭരണമെവിടെ, കാശ്മീരില്‍ എവിടെയും എന്തിനാണ്‌ പട്ടാളം, കാശ്മീരുകാരുടെ മനുഷ്യാവകാശങ്ങളെവിടെ- ഇങ്ങിനെ പോകുന്ന ചോദ്യങ്ങള്‍. കേള്‍ക്കുന്നയാളിന്‌ ഒറ്റനോട്ടത്തില്‍ ന്യായമെന്നും മനുഷ്യാവകാശവാദമെന്നും മാത്രം തോന്നുന്ന ചോദ്യങ്ങള്‍. കാശ്മീരിന്‌ സ്വയം ഭരണമെന്നു പറഞ്ഞാല്‍ പച്ചമലയാളത്തില്‍ ഇന്ത്യ ആ സംസ്ഥാനത്തുനിന്നും പിന്മാറുകയെന്നല്ലാതെ മേറ്റ്ന്താണ്‌? കാശ്മീരില്‍ നിന്നും പട്ടാളത്തെപിന്‍വലിച്ചാല്‍ സംജാതമാവുന്ന അവസ്ഥയെന്താണ്‌. കാശ്മീര്‍ പ്രദേശം മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൈവശത്തിലാവുകയല്ലേ അപ്പോള്‍ ആ വിദ്യാര്‍ത്ഥി മനുഷ്യാവകാശത്തിന്റെയും സ്വയംഭരണത്തിന്റെയും മൂടുപടമണിഞ്ഞു വരുന്നത്‌ ഇന്ത്യ കാശ്മീരില്‍ നിന്നും വിട്ടുപോകണമെന്നവാദവുമായല്ലേ? ആ വിദ്യാര്‍ത്ഥിയോട്‌ ഒരു മറുചോദ്യം- പാക്‌ അധിനിവേശകാശ്മീരിലെ ആളുകള്‍ക്ക്‌ ഈ അവകാശം വല്ലതുമുണ്ടോ?


കാശ്മീര്‍ ഒരു യുദ്ധ ഭൂമിയായത്‌ ഇന്ത്യകാരണമല്ല- പാക്‌ സൊക്കന്മാര്‍ അവിടെ അതിക്രമിച്ചുകയറിയതുകൊണ്ടുണ്ടായ സ്ഥിതിവിശേഷം. തിരുകൊച്ചിയും മൈസൂറും ഹൈദ്രബാദുമൊക്കെ, വിഭജനശേഷം ഇന്ത്യന്‍ യൂണിയനില്‍ച്ചേര്‍ത്ത്‌-അതുപോലെ കാശ്മീര്‍ ഭരിച്ച രാജാവ്‌ ഹരിസിംഗ്‌ ഇന്ത്യയില്‍ ചേരുവാന്‍ തീരുമാനിച്ചു. അങ്ങനെ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി ഈ ചരിത്രം പാക്‌ ഭരണാധികാരികള്‍ കഴിഞ്ഞകൂടാത്തതല്ല.

1948 മുതല്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയായി നിലകൊള്ളുന്നു. അനേകം ഇന്ത്യാ-പാക്‌ യുദ്ധങ്ങള്‍ കാശ്മീരിനു വേണ്ടി നടന്നു. പാക്കിസ്ഥാന്‍ മാത്രമല്ല, ചൈനയും കാശ്മീര്‍ പ്രദേശം കയ്യേറി അക്ബായ്‌-ചിന്‍പ്രദേശത്ത്‌ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കയ്യേറി കൈവശം വച്ചിരിക്കുകയാണ്‌ ചൈന. അതുമാത്രമോ? പാക്‌ അധിനിവേശ കാശ്മീരില്‍നിന്നും 6000ത്തോളം ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക്‌ ദാനമായി നല്‍കി. എതിരാളിയെ തോല്‍പ്പിക്കുവാനായി തര്‍ക്കവസ്തുവെ, ഒരു കവലച്ചട്ടമ്പിയെ വിളിച്ചുകൊണ്ടുവന്ന്‌ അവന്‌ പാട്ടത്തിന്‌ കൊടുക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ നാട്ടിലുണ്ടായിരുന്നു.

അതുപോലെയാണ്‌ പാക്കിസ്ഥാന്‍ 6000 ചതുരശ്ര കിലോമീറ്റര്‍ ചൈനാ ചട്ടമ്പിയ്ക്ക്‌ പാട്ടത്തിന്‌ കൊടുത്തിരിക്കുന്നത്‌- ഇന്ത്യയെ പാഠം പഠിപ്പിക്കുവാനായിട്ട്‌. ഇതിനിടയിലാണ്‌ ഭീകരന്മാര്‍ കൂട്ടത്തോടെ പാക്‌-അഫ്ഗാന്‍ അതിര്‍ത്തികടന്ന്‌ ജിഹാദിനായി കാശ്മീരിലെത്തുന്നത്‌. എന്നും കാശ്മീര്‍ ഒരു യുദ്ധഭൂമിയും ഭീകരഭൂമിയുമായിരിക്കുമ്പോള്‍ അവിടെ സമാധാനകാ��ത്തെപ്പോലെ ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പറയുന്നത്‌, ആ പുകമറയില്‍ പാക്കിസ്ഥാനും ഭീകരന്മാര്‍ക്കും വേദിയൊരുക്കുവാന്‍ വേണ്ടി മാത്രമാണ്‌. ഇന്ത്യന്‍ സൈന്യവും പോലീസും അവിടെ ജനങ്ങള്‍ക്കെതിരെയല്ലല്ലോ യുദ്ധം ചെയ്യുന്നത്‌- പാക്‌ പട്ടാളത്തിനും ഭീകരന്മാര്‍ക്കുമെതിരെയല്ലേ! ശത്രുപട്ടാളങ്ങളുടെ പീരങ്കിയുണ്ടകളും ബോംബുകളും ചീറിപ്പായുന്നതിന്റെ നടുവില്‍ ചെന്നുനിന്ന്‌ എന്റെ മനുഷ്യാവകാശങ്ങളും ജീവനും അപകടത്തിലെന്ന്‌ വിളിച്ചു കൂവുന്നതിന്റെ അര്‍ത്ഥമെന്താണ്‌? കാശ്മീരില്‍ അരങ്ങേറുന്ന പ്രകടനങ്ങളും അക്രമങ്ങളും പാക്‌ പ്രേരിതമായ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമല്ലാതെ മറ്റൊന്നുമല്ല. യുദ്ധഭൂമിയില്‍ ശത്രുപക്ഷത്തെ തകര്‍ത്തില്ലെങ്കില്‍ രാജ്യം നഷ്ടമാകും-യുദ്ധകാലത്ത്‌ മനുഷ്യാവകാശത്തെപ്പറ്റി ഉത്കണ്ഠപ്പെട്ടാല്‍ പരാജയം തീര്‍ച്ച- മോക്ഷയുദ്ധത്തിനിടയില്‍പ്പെട്ടുകിടക്കുകയാണ്‌ കാശ്മീരിലെ സാധാരണ ജനത. ഒരിയ്ക്കലും നിലയ്ക്കാത്ത വെടിയുണ്ടകളുടെ നടുവിലെ സാധാരണക്കാരന്റെ ജീവിതം ദൗര്‍ഭാഗ്യകരമാണ്‌- പക്ഷേ യുദ്ധം തീരാതെ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി തിരിച്ചെത്തുകയില്ല.


ഒരു യുദ്ധഭൂമിയായ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ കുറെയെങ്കിലും സംരക്ഷിക്കപ്പെടുന്നെങ്കില്‍ അതിന്‌ അവിടത്തെ ജനങ്ങള്‍ ന്യൂദല്‍ഹിയോട്‌ നന്ദി പറയണം. കാശ്മീരില്‍ തെരഞ്ഞെടുപ്പും ജനകീയ ഭരണവും വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നു. പഞ്ചാബിനെപ്പോലെ കാശ്മീര്‍ ഭീകരരെയും അമര്‍ച്ച ചെയ്ത്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ നരസിംഹറാവുവിന്റെ ശക്തമായ നടപടികളായിരുന്നു. ഭൂരിപക്ഷം ജനങ്ങളും ഉത്സാഹത്തോടെ പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പിലൂടെയാണ്‌ തികച്ചും അപ്രാപ്തനായ ഒമര്‍ അബ്ദുള്ളയെ അദ്ദേഹത്തിന്റെ പിതാവ്‌ കിരീടധാരിയായി വാഴിച്ചത്‌. ഒരു ചെറുസംസ്ഥാനമായ കേരളത്തിലെ പോലീസിന്‌ ഏതാനും മണിക്കൂറും ഒരു ഡസന്‍ ജലപീരങ്കികളും നല്‍കിയാല്‍ വിരട്ടിയോടിക്കുവാന്‍ കഴിയുന്ന ഒരു ജനക്കൂട്ടത്തെ, ഒരു മഹാ വിപ്ലവമാക്കി ചിത്രീകരിക്കുന്ന ഇന്ത്യാ വിരുദ്ധരും ചില മാധ്യമങ്ങളും മാപ്പര്‍ഹിക്കാത്ത ദേശവിരുദ്ധപ്രവര്‍ത്തിയാണ്‌ ചെയ്യുന്നത്‌. പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിച്ചാല്‍ അത്‌ ഇന്ത്യ കാശ്മീര്‍ കയ്യൊഴിയുന്നതിന്‌ തുല്ല്യമല്ലേ?

ലിങ്കന്‍ പറഞ്ഞു "യുദ്ധഭൂമിയില്‍ നിയമത്തിനല്ല പ്രസക്തി-ശത്രുവിനെ തകര്‍ക്കുന്നതിലാണ്‌" ഒരു യുദ്ധഭൂമിയാണെങ്കിലും ജനകീയാവകാശങ്ങളെയും ജനാഭിപ്രായത്തെയും കഴിവതും മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും പ്രതിബദ്ധതയെയും ഒരു ബലഹീനതയായി കണ്ട്‌ "ഇടകണ്ട്‌-പടവെട്ടുക"യാണ്‌ പാക്‌ ചട്ടുകങ്ങളായ കാശ്മീരിലെ പ്രക്ഷോഭകാരികള്‍. ഇൌ‍ അവസരത്തില്‍ ഭാരത ഭരണാധികാരികളുടെ ചിന്താക്കുഴപ്പവും ചാഞ്ചാട്ടവും കാശ്മീര്‍ വിഘടനവാദികള്‍ക്ക്‌ ഹരം പകരുകയാണ്‌. കാശ്മീരിലെ പ്രതിപക്ഷം തികച്ചും ഇന്ത്യാ വിരുദ്ധ നിലപാടിലാണ്‌ പ്രക്ഷോഭം ആളിക്കത്തിക്കുവാന്‍ ഏത്‌ നിരുത്തരവാദ നടപടിക്കും തയ്യാറായി നില്‍ക്കുകയാണ്‌ അവിടത്തെ പ്രതിപക്ഷനേതാവ്‌. നേപ്പാള്‍ ്രശ്നത്തിലെന്നപോലെ കാശ്മിരിലെ കല്ലേറുകാരെക്കണ്ട്‌ പകച്ചുനില്‍ക്കുകയാണ്‌ മന്‍മോഹന്‍സിംഗും സംഘവും. ഈ പ്രക്ഷോഭം ഒമര്‍ അബ്ദുള്ളയെന്ന ഒന്നിനും കൊള്ളാത്ത ഭരണാധികാരിയുടെ കഴിവില്ലായ്മകൊണ്ട്‌ മാത്രം പൊട്ടിപ്പുറപ്പെട്ടതാണ്‌. കാശ്മീരില്‍ പ്രതി വിപ്ലവകാരികള്‍ ഇന്ത്യയെത്തന്നെ പരാജയപ്പെടുത്തിക്കളയുമെന്നും ഇന്ത്യ അവിടെ വമ്പിച്ച മനുഷ്യാവകാശലംഘനം നടത്തുമെന്നും വരുത്തിക്കൂട്ടുവാന്‍ നമ്മുടെ മാധ്യമങ്ങളും ശ്രമിക്കുന്നു. അങ്ങനെ അവരും അറിയാതെ വിഘടനവാദികളെ സഹായിക്കുന്നു.

Wednesday, October 20, 2010

ചൈനയിലെ സാഹിത്യകാരനായ തെമ്മാടി പയ്യന്‍

ലോകത്തിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ചൈന നാഷണല്‍ ടുബാക്കോ കോര്‍പറേഷന്റെ ഡയരക്റ്ററും ഗ്വാങ്ക്‌സി പ്രവിശ്യയിലെ വലിയ കമ്യൂണിസ്റ്റ് നേതാവുമായ ഹാന്‍ ഫെങ്ങ് കുടുങ്ങിയത് അദ്ദേഹം ഓണ്‍ലൈന്‍ ആയി എഴുതി സൂക്ഷിച്ചിരുന്ന ഡയറി ലീക്ക് ചെയ്ത് ചൈനയിലെ സൈബര്‍സ്‌പേസില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. സ്വന്തം അഴിമതികളും അസാന്മാര്‍ഗിക പരാക്രമങ്ങളുടെയും വര്‍ണശബളമായ വിവരണങ്ങള്‍ നിറഞ്ഞ ആ ഡയറി കുറിപ്പുകള്‍ നെറ്റില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറി. തുടര്‍ന്നുണ്ടായ കോലഹാലങ്ങളില്‍ ഫെങ്ങിന് ജോലിയും നഷ്ടപ്പെട്ടു, ആള്‍ അറസ്റ്റിലുമായി.
ഇതിനിടയിലാണ് 'ഫെങ്ങ് നല്ല നേതാവാണ്' എന്ന് അയാളെ ന്യായീകരിക്കുന്ന പോസ്റ്റ് ഒരു ചൈനീസ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. ഫെങ്ങിനെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തിലെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു:

1. ഫെങ്ങ് ഒരു വര്‍ഷം കൊണ്ട് വാങ്ങിയ ആകെ കൈക്കൂലി 60,000 റിംനിമ്പി (ഏതാണ്ട് നാല് ലക്ഷം രൂപ) മാത്രമാണ്. ചൈനയില്‍ ഇത്ര കുറച്ച് കൈക്കൂലി വാങ്ങിയ മറ്റൊരു നേതാവുണ്ടാവില്ല.

2. സ്വയം കൈക്കൂലി വാങ്ങുകയല്ലാതെ ഒരു നേതാവിനും ആപ്പീസര്‍ക്കും ഇയാള്‍ പത്ത് റിംനിമ്പി കൈക്കൂലി കൊടുക്കുകയോ അവിഹിത സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ല. സ്വയം ഒരു ഫോണ്‍ കാര്‍ഡിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാവരേയും പോലെ ഫെങ്ങും രണ്ട് മണിക്കൂര്‍ ക്യൂ നിന്നു. അയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ക്കൊന്നും പിന്‍വാതില്‍ നിയമനം വാങ്ങിക്കൊടുത്തിട്ടുമില്ല.

3. ഫെങ്ങ് തന്റെ കാമുകിമാര്‍ക്ക് ഉപഹാരമായി നല്‍കിയത് മൊബൈല്‍ ഫോണും എംപി4 പ്ലേയറുമൊക്കെയാണ്, ബാക്കി നേതാക്കന്മാരൊക്കെ ബെന്‍സ് കാറും ലക്ഷ്വറി അപാര്‍ട്ട്‌മെന്റുകളുമൊക്കെയാണ് വെപ്പാട്ടിമാര്‍ക്ക് നല്‍കുന്നത്. ഇത്രയും മിതവ്യയശീലമുള്ള ഒരു സ്ത്രീലമ്പടനെ എവിടെ കിട്ടും!

4. ഇത്ര സ്ത്രീലമ്പടനായിട്ടുപോലും അയാള്‍ സ്വന്തം ഭാര്യയോടൊപ്പം 25 ദിവസം ചിലവഴിച്ചു, അവര്‍ക്കും ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തു. എന്തൊരു നല്ല ഭര്‍ത്താവ്!

5. ഒരു വര്‍ഷം അയാള്‍ 89 സ്വകാര്യവിരുന്നുകളിലാണ് ആകെ പങ്കെടുത്ത് സൗജന്യമായി മദ്യപിച്ചത്, നാട്ടിലെ ലോക്കല്‍ നേതാക്കന്മാര്‍ വരെ വര്‍ഷത്തില്‍ 365 തവണയില്‍ കൂടുതല്‍ ഇത് ചെയ്യുന്നുണ്ട്.

6. ഫെങ്ങിന് സ്വന്തമായി കമ്പ്യൂട്ടറില്‍ സോഫ്റ്റ്-വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനറിയാം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനറിയാം, ഫോട്ടോ എടുക്കാനറിയാം, ഫോട്ടോഗ്രഫി ആസ്വദിക്കും... ഇതൊക്കെ നോക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ നിലവാരം വെച്ച് ആള്‍ ഐടി വിദഗ്ധനാണ്. ഇത്തരം ഒരു പ്രതിഭാശാലിയെ ഉപദ്രവിക്കുന്നത് ശരിയല്ല.

ഫെങ്ങിനെതിരെ കുറ്റമായി ചൂണ്ടിക്കാട്ടാവുന്ന കാര്യം അയാള്‍ക്ക് പെട്ടന്ന് മദ്യം തലക്ക് പിടിക്കുമെന്നതായിരുന്നു. അതിനാല്‍ പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് നേതാവാകാനുള്ള യോഗ്യത അയാള്‍ക്കില്ല. മാത്രമല്ല, രാജ്യത്തെല്ലാമുള്ള പാര്‍ട്ടി സഖാക്കളുടെ പ്രതിച്ഛായക്ക് ഇത് കളങ്കമേല്‍പ്പിക്കുകയും ചെയ്യും. എങ്കില്‍പ്പോലും ഫെങ്ങിനെ വെറുതെ വിടണം, കാരണം പകരക്കാരനായി വരുന്ന പിന്‍ഗാമി ഇതിലും ചെറ്റയായിരിക്കും, അയാള്‍ ഓണ്‍ലൈന്‍ ഡയറി എഴുതണമെന്നുമില്ല.

ഇതാണ് ഹാന്‍ ഹാന്‍ - ചൈനയിലെ ഏറ്റവും ജനപ്രിയ ബ്ലോഗറായ 27-കാരന്‍ , ബെസ്റ്റ് സെല്ലര്‍ നോവലെഴുത്തുകാരന്‍ , റാലി ഡ്രൈവര്‍ , ഗായകന്‍ . 2006-ല്‍ തുടങ്ങിയെ ഹാനിന്റെ ബ്ലോഗ് വിക്കിപീഡിയ പറയുന്നത് വിശ്വസിക്കാമെങ്കില്‍ 42 കോടി പേര്‍ ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. (ലോകത്തിലെ കൂടിയ ബ്ലോഗര്‍മാര്‍ വരെ ഒന്നോ രണ്ടോ ലക്ഷം ഹിറ്റ് എന്നാല്‍ സ്വര്‍ഗമെന്ന് വിചാരിക്കുന്ന ലോകമാണിത്.) ചൈനയിലെ സര്‍വാധികാരികളായ കമ്യൂണിസ്റ്റ് നേതാക്കളെ കളിയാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഹാനിന്റെ ബ്ലോഗില്‍ പുതുമയല്ല. അഭിപ്രയാസ്വാതന്ത്ര്യത്തിനുമേല്‍ അത്രയ്ക്ക് കൂച്ചുവിലങ്ങിടുന്ന ചൈനയില്‍ ഹാനിന്റെ കളി അല്‍പം കൈവിട്ടുള്ള കളിയല്ലേ എന്ന് തോന്നും. എന്നാല്‍ ഈ വര്‍ഷാരംഭത്തില്‍ ചൈനയില്‍ പലയിടത്തും നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായ സമയത്ത് ഇയാള്‍ എഴുതിയ പോസ്റ്റ് വായിച്ചു നോക്കൂ:

രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരെയെല്ലാം നഴ്‌സറി സ്‌കൂള്‍ പാറാവിനയക്കണമെന്നാണ് എന്റെ അഭിപ്രായം. കുട്ടികളെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് സ്വയം രക്ഷയ്ക്ക് ഇത്ര ആളുകള്‍ വേണ്ട.

ഷാങ്ഹായ് എക്‌സ്‌പോ എന്ന ചൈനയുടെ അഭിമാന പ്രശ്‌നമായ അന്തര്‍ദേശീയ വാണിജ്യമേളയുടെ തിരശ്ശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രമുള്ള അന്ന് ഈ കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ സര്‍ക്കാരിന് ന്യായങ്ങള്‍ ഏറെയായിരുന്നു. അനുസരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഏറെ കുറ്റബോധവമുണ്ടായിരുന്നില്ല. എന്നാലും കഴിഞ്ഞ മെയ് മാസത്തെ ആ പോസ്റ്റിങ്ങില്‍ ഹാന്‍ ഹാന്‍ ഇങ്ങനെ തുടര്‍ന്നു:

ഷാങ്ഹായ് എക്‌സ്‌പോയുടെ ആഘോഷങ്ങളുടെ ഈ ഉത്സവവേളയില്‍ ബന്ധപ്പെട്ട ഗവണ്മന്റ് അധികൃതര്‍ക്ക് ഇതൊരു അപശബ്ദമാണ്. ഗവണ്മന്റ് പറയുന്നതനുസരിച്ച് തയ്‌ഴൂ കിന്‍ഡര്‍ഗാര്‍ട്ടന്‍ സംഭവത്തില്‍ 32 പേര്‍ക്ക് പരിക്ക് പറ്റിയെന്നും ആരും മരിച്ചിട്ടില്ലെന്നും മാത്രമേ നമുക്കറിയൂ, പക്ഷേ എത്രയോ കുട്ടികള്‍ കൊല്ലപ്പെട്ടന്ന് തെരുവില്‍ അഭ്യൂഹങ്ങളുണ്ട്. നമ്മള്‍ ആരെ വിശ്വസിക്കണം? ഗവണ്മന്റ് സത്യമാണ് പറയുന്നതെങ്കില്‍ അവരെന്താണ് മക്കളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കാത്തത്? ...ഒരു കൊലയാളി കറിക്കത്തി കൊണ്ട് 32 പേരെ വെട്ടിയിട്ട് ആരും മരിച്ചില്ലെന്നോ? അയാള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നോ? ...സ്വന്തം ശീലങ്ങളനുസരിച്ച് സാഹചര്യങ്ങളെ നേരിടുന്ന ഗവണ്മന്‍ിന്റെ രീതിയാണിത്. ഇതാണവരുടെ സ്ഥിരം പ്രക്രിയ: എന്തെങ്കിലും സംഭവിക്കുന്നത് വരെ തിന്നുക, കുടിക്കുക, രാത്രി മുഴുവന്‍ കൂത്താടുക - എന്നിട്ട് പ്രശ്‌നം ഉണ്ടായ ഉണ്ടായ ഉടന്‍ ഒളിക്കുക, ഒറ്റപ്പെടുത്തുക, മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക, നിരോധനങ്ങള്‍ കൊണ്ടുവരിക,, പത്രക്കുറിപ്പുകള്‍ ഇറക്കുക, നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ശവസംസ്‌കാരം നടത്തുക -പിന്നെ വീണ്ടും തിന്നാനും കുടിക്കാനും കൂത്താടാനും മടങ്ങുക. അവരുടെ രീതി കൊലയാളികളേക്കാള്‍ കഷ്ടമാണ്… ഒരു മാസത്തിനുള്ളില്‍ അഞ്ച് സ്‌കൂള്‍ കൂട്ടക്കൊലകള്‍. കൂട്ടക്കൊലയുടെ സാമൂഹ്യ കാരണങ്ങളെ പറ്റിയൊന്നും എനിക്ക് സംസാരിക്കണമെന്നില്ല.. എനിക്ക് ഒറ്റ കാര്യം പറഞ്ഞാല്‍ മതി. കൊലക്കത്തിയുമായി ഒരുവന്‍ നഴ്‌സറി സ്‌കൂളിലേക്ക് പാഞ്ഞുകയറി കുട്ടികളെ കുത്തിക്കൊല്ലുകയാണ്. എന്നാലും അത് വാര്‍ത്തയല്ല. എല്ലാവരുടെയും വയസ്സ് ഒന്നിച്ചുകൂട്ടിയാല്‍ 100 തികയുന്ന 32 കൊച്ചുകുട്ടികളെ, നിങ്ങളെയെല്ലാം കുത്തി പരിക്കേല്‍പ്പിച്ചിരിക്കുന്നു, എന്നാലും നിങ്ങളൊന്നും പത്രത്തില്‍ വരില്ല, കാരണം 100 കിലോമീറ്ററപ്പുറത്ത് വലിയ വെടിക്കെട്ടോടെ ഭയങ്കര സമ്മേളനം നടക്കാന്‍ പോവുകയാണ്. ഒപ്പം തന്നെ നിങ്ങളുടെ നാട്ടിലെ തയ്‌ഴൂവില്‍ ജനങ്ങള്‍ 'മൂന്ന് സന്തോഷങ്ങള്‍' -ദേശീയ വിനോദസഞ്ചാരദിനങ്ങള്‍, സാമ്പത്തിക സംഭാഷണങ്ങള്‍, പ്രവാസി ചൈനക്കാര്‍ ബിസിനസ് തുടങ്ങുന്നതിന്റെ ആഘോഷം - ആസ്വദിക്കുകയാണ്. ആ വയസ്സന്മാരുടെയൊക്കെ കണ്ണില്‍ നിങ്ങള്‍ കുട്ടികള്‍ രസംകൊല്ലികളാണ്. ... നശിച്ച കുട്ടികളേ, നിങ്ങള്‍ക്കാണ് ഞങ്ങള്‍ പാല്‍പ്പൊടിയിലൂടെ വിഷം തരുന്നത്, നിങ്ങളെയാണ് വാക്‌സിന്‍ കുത്തിവെച്ച് രോഗികളാക്കുന്നത്, നിങ്ങളാണ് ഭൂമി കുലുക്കങ്ങളില്‍ ചതഞ്ഞുമരിക്കുന്നത്. മുതിര്‍ന്നവരുടെ ലോകത്തെന്തെങ്കിലും പ്രശ്‌നമുണ്ടായാലും അവര്‍ കത്തികൊണ്ട് കുത്തുന്നതും നിങ്ങളെയാണ്. തയ്‌ഴൂ സര്‍ക്കാര്‍ പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോവുകയാണ്, ആരും മരിച്ചിട്ടില്ലെന്ന്, ചിലര്‍ക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളുവെന്ന്. ഞങ്ങള്‍ മുതിര്‍ന്നവര്‍ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്.. നിങ്ങള്‍ വലുതാവുമ്പോള്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കുക മാത്രമല്ല, അന്യരുടെ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക കൂടി ചെയ്യുമെന്ന് ഞാന്‍ ആശിക്കുകയാണ.്

കഴിഞ്ഞ മാസം ചൈന തങ്ങളുടേതെന്നും ജപ്പാന്‍ അവരുടേതെന്നും അവകാശപ്പെടുന്ന സെങ്കാക ദ്വീപിനടുത്ത് വെച്ച് ഒരു ജാപ്പനീസ് നാവികസേന ചൈനീസ് മീന്‍പിടുത്ത ബോട്ട് പിടിച്ചെടുത്ത് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനയില്‍ പരക്കെ ജപ്പാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 'രാജ്യസ്‌നേഹം എല്ലാ തെമ്മാടിയുടേയും അവസാനത്തെ അത്താണിയാണ്' (അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം) എന്ന് പറയുന്ന ഹാന്‍ ഹാന്‍ മാത്രം ഇതെപ്പറ്റി ഒന്നും പറഞ്ഞില്ല. എന്താണെന്ന് ചോദിച്ചപ്പോള്‍ ചൈനീസ് സര്‍ക്കാരും ജപ്പാനും തമ്മില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്ത സാധാരണ ചൈനക്കാരന്‍ എന്തിന് ഇടപെടണം എന്നായിരുന്നു അയാളുടെ മറു ചോദ്യം.

ഞാനും നിങ്ങളും മാതൃഭൂമിയുടെ പ്രശ്‌നത്തില്‍ ഒരേ പോലെ ദുഃഖിതരാണെന്നുമാത്രം പറയരുത്. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ല, എല്ലാ ഭൂമിയും, നിങ്ങള്‍ക്കറിയാവുന്നത് പോലെ, നിങ്ങള്‍ വാടകയ്ക്ക് തന്നതാണ്. നോക്കുമ്പോള്‍ ഈ പ്രശ്‌നം മുഴുവന്‍ കാറ്റില്‍ പറന്നുപോയി തറയില്‍ വീണ ഒരു ഓടിനെ ചൊല്ലി എന്റെ വീട്ടുടമസ്ഥനും അയല്‍വാസിയും തമ്മിലുള്ള കശപിശ പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ വീട്ടുടമസ്ഥന്റെ മച്ചില്‍ നിന്നും കാറ്റത്ത് പറന്നുപോയി അയല്‍വാസിയുടെ മുറ്റത്ത് വീണതാണ് ഓട് എന്ന് എനിക്കറിയാം. അയല്‍വാസിയെ വീട്ടുടമയ്ക്ക് പേടിയാണെന്നും എനിക്കറിയാം - ഓട് ചോദിക്കാന്‍ ആ മുറ്റത്തേക്കയാള്‍ കയറില്ല. ഇതില്‍ വാടകക്കാരനായ എനിക്കെന്താണ് കാര്യം? സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്തവന്‍ വേറെ വല്ലവന്റെയും ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതെന്തിനാണ്? സ്വന്തമായി ഒരന്തസ്സും ഇല്ലാത്ത കുടിയാന്‍ ജന്മിയുടെ അന്തസ്സിന് വേണ്ടി പൊരുതുന്നതെന്തിനാണ്? അത്തരക്കാര്‍ക്ക് നാട്ടിലെന്താണ്‌വില, റാത്തലിന്? അല്ലെങ്കില്‍, അത്തരക്കാര്‍ എത്ര പേര്‍ വേണം ഒരു റാത്തല്‍ തികയാന്‍?

ചൈനക്കുള്ളിലെ ഒരു പ്രശ്‌നത്തിന്റെ പേരിലും ജനം പ്രതിഷേധപ്രകടനം നടത്തുന്നത് പൊറുക്കാത്ത ഭരണകൂടം ജപ്പാനെതിരെ ഇപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെ പ്രോത്സാപ്പിക്കുന്നതിനും ഹാന്‍ ഹാന്‍ കാരണം നല്‍കുന്നുണ്ട്:

ചൈനയുടെ വേദിയില്‍ ഇന്നുള്ളത് മൂന്ന് വേഷങ്ങളാണ്: യജമാനന്‍, ശിങ്കിടി, പിന്നെ ഒരു നായയും. നമ്മളില്‍ മിക്കവരും ആ മൂന്ന് വേഷങ്ങളില്‍ രണ്ടെണ്ണം മാറിമാറി കെട്ടി ജീവിച്ചു പോകുന്നവരാണ്. (ഏത് രണ്ട് എന്നോ? ആരെങ്കിലും സ്വയം ഞാന്‍ യജമാനനാണെന്ന് പറയുമോ, ഏത്!) ശിങ്കിടിയില്‍ നിന്ന് യജമാനന്‍ പ്രതീക്ഷിക്കുന്നത് ചുണകെട്ട വിധേയത്വമാണ്, പക്ഷേ ഇപ്പോള്‍ വേണ്ടത് കുറച്ച് കുരക്കുന്ന പട്ടികളെയാണ്. ഒരു പ്രശ്‌നവുമില്ല. കാരണം യജമാനന്‍ എങ്ങനെയൊക്കെ പെരുമാറിയാലും വീട് കാക്കേണ്ടത് നായയുടെ ജോലിയാണ്. ... നേതാക്കന്മാരുടെ മുഖങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ലാത്തപ്പോള്‍ അവര്‍ നമ്മുടെ മുഖത്തടിക്കും, അവര്‍ക്ക് മുഖം നഷ്ടപ്പെടുമ്പോഴോ, നമ്മള്‍ അത് അവര്‍ക്കുവേണ്ടി നേടിക്കൊടുക്കണം, എങ്ങനെയുണ്ട്!

ഹാന്‍ തന്നെ വേറൊരിക്കല്‍ പറഞ്ഞതുപോലെ ചൈനീസ് ഭരണഘടന ജനങ്ങള്‍ക്ക് പത്രസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പക്ഷേ ജനം ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് തടയാനുള്ള സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്കും നല്‍കുന്നുണ്ട്. മാധ്യമങ്ങളുടെ റഫറന്‍സിനായി നിരോധിക്കപ്പെട്ട വാക്കുകളുടെ പട്ടികയുള്ള പദാവലി തന്നെ ഗവണ്മന്റ് ഇറക്കുന്നുണ്ട്. എന്നിട്ടും ഈ ചെറുപ്പക്കാരന്‍ മാത്രം ഈ ആപല്‍ക്കരമായ സര്‍ക്കസ് കളിച്ചുകൊണ്ട് അവിടെ ജീവിക്കുന്നു എന്നറിയണമെങ്കില്‍ ഹാന്‍ ഹാന്‍ ആരാണെന്ന് മനസ്സിലാക്കണം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹാന്‍ ഹാന്‍ ചൈനയിലെ 1980-കള്‍ക്ക് ശേഷം പിറന്ന തലമുറയില്‍പെട്ടവനാണെന്നതാണ്. 1980-കളിലാണ് ചൈനയില്‍ ദമ്പതിമാര്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളുവെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ഈ തലമുറയില്‍പ്പെട്ടവര്‍ വളരുന്ന കാലത്താണ് 'ദാരിദ്ര്യം പങ്കിടലല്ല സോഷ്യലിസം' എന്ന വിശദീകരണത്തോടെ മാര്‍ക്കറ്റ് സോഷ്യലിസം എന്ന ലേബലില്‍ വിപണി സമ്പദ്‌വ്യവസ്ഥ ചൈനയില്‍ നിലവില്‍ വന്നതും. അന്നാട്ടിന്റെ ഉത്പാദനമേഖലയിലും സമ്പദ് വ്യവസ്ഥയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നെറ്റിസന്‍മാരില്‍ മിക്കവരും ഈ തലമുറക്കാരാണ്. ചൈനീസ് മാധ്യമങ്ങള്‍ തന്നെ ഹാന്‍ ഹാനിനെ വിശേഷിപ്പിക്കുന്നത് ആ തലമുറയുടെ ശബ്ദമായിട്ടാണ്.

ഹൈസ്‌കൂള്‍ പരീക്ഷയില്‍ ചൈനീസ് അടക്കം ഏഴ് വിഷയങ്ങളില്‍ തോറ്റ് വീണ്ടും പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്താണ് 1999-ല്‍ ദേശീയാടിസ്ഥാത്തില്‍ നടത്തിയ 'നവ സങ്കല്‍പ രചനാ മത്സര'ത്തില്‍ എഴുതിയ പ്രബന്ധത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ട് ഹാന്‍ ഹാന്‍ വെള്ളിവെളിച്ചത്തിലേക്ക് വന്നത്. ഈ എസ്സേയുടെ വിഷയം നോവലാക്കി എഴുതുമെന്നും ആ നോവലിന്റെ റോയല്‍റ്റി വഴി താന്‍ സമ്പന്നനാകുമെന്നും ആ ബാലന്‍ അധ്യാപകരോട് പറഞ്ഞപ്പോള്‍ അവര്‍ 'പാവം പൊട്ടന്‍' എന്ന് സഹതപിച്ചു. പക്ഷേ ഹാന്‍ പറഞ്ഞത് തമാശയായിരുന്നില്ല. പറഞ്ഞതുപോലെ പയ്യന്‍ പരീക്ഷയെഴുതാതെ പകരം ട്രിപ്പിള്‍ ഗേറ്റ് എന്ന നോവലെഴുതുക തന്നെ ചെയ്തു. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കപ്പെടുന്ന നോവല്‍ ചൈനീസ് വിദ്യാഭ്യാസ സമ്പ്രദായത്തിന് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടിയത്. അധ്യാപകരെ വേശ്യകളോട് ഉപമിക്കുന്ന ഹാന്‍ നോവലില്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെയാണ്: അധ്യാപകര്‍ വേശ്യകളേക്കാള്‍ കാര്യപ്രാപ്തി ഉള്ളവരാണ്. വേശ്യകള്‍ പണമുണ്ടാക്കുന്നത് ആനന്ദം നല്‍കിക്കൊണ്ടാണ്. യാതന മാത്രം വിളമ്പിക്കൊണ്ടാണ് അധ്യാപകര്‍ പണമുണ്ടാക്കുന്നത്.


ട്രിപ്പിള്‍ ഗേറ്റ്‌

എന്തൊക്കെ പറഞ്ഞാലും ട്രിപ്പിള്‍ ഗേറ്റ് 20 ലക്ഷം കോപ്പികള്‍ വിറ്റു, ചൈനയുടെ ചരിത്രത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലര്‍. ഹാന്‍ ഹാന്‍ അങ്ങനെ ലക്ഷപ്രഭുവുമായി. കൂടതല്‍ ബെസ്റ്റ്‌സെല്ലറുകള്‍ എഴുതുന്നതിനിടയില്‍ ഹാന്‍ ആനുകാലികങ്ങള്‍ക്ക് വേണ്ടി ലേഖനങ്ങളെഴുതി, സ്വന്തമായി ബ്ലോഗും തുടങ്ങി - ന്യൂയോര്‍ക്ക് ടൈംസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'വൈല്‍ഡ്‌ലി പോപ്പുലര്‍ ബ്ലോഗ്.' നര്‍മത്തിലും പരിഹാസത്തിലും മുക്കിയ, വ്യവസ്ഥിതിക്കെതിരായ ഒളിയമ്പുകള്‍ തന്നെയാണ് ആ പോപുലാരിറ്റിയുടെ രഹസ്യവും.

അതിനിടയിലാണ് ഡ്രൈവിങ്ങ് ഭ്രമം ഹാനിനെ കാര്‍ റാലിയില്‍ കൊണ്ടെത്തിച്ചത്. കുറഞ്ഞ വാക്കില്‍ പറഞ്ഞാല്‍ അവിടെയും ഫലം നാടകീയമായിരുന്നു. അഭിജാതമായ 2007 ചൈന സര്‍കീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹാന്‍ ജേതാവായി, റേസിങ്ങ് ട്രാക്കിലും ഹാനിന്ന് യുവാക്കളുടെ ഹരമാണ്. റേസിങ്ങില്‍ ഹാനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്‍ കമ്പനികള്‍ തന്നെ തയ്യാറായി. ഇതേ കാലത്തിനിടയില്‍ ഹാന്‍ രചിച്ച് ആലപിച്ച ഗാനങ്ങളും ബോക്‌സോഫീസ് പട്ടികകളില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു.

'80കള്‍ക്ക് ശേഷമുണ്ടായവരാണ് 21-ാം നൂറ്റാണ്ടിലെ യുവതലമുറ. അല്‍പമെങ്കിലും അഭ്യസ്തവിദ്യരായ, അണുകുടുംബങ്ങളില്‍ നിന്നും വരുന്ന രാഷ്ട്രീയ/സാമൂഹ്യ പ്രതിബദ്ധതകളൊന്നുമില്ലാത്ത തലമുറ. അവര്‍ക്ക് മനസ്സിലാകുന്ന 'കൂള്‍' ഭാഷയില്‍ കാര്യം പറയുന്ന ജനപ്രീതി തന്നെയാണ് അയാളുടെ സുരക്ഷയും. ഹാനിന്റെ ബ്ലോഗ് വിലക്കിയാല്‍ ചൈനയുടെ സൈബര്‍സ്‌പേസില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്.

ഹാന്‍ ഹാന്റെ ബ്ലോഗ് വലിയ വിലക്കുകളില്ലാതെ തുടരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയാളുടെ അര്‍ഷ പ്രകടനങ്ങളെല്ലാം നമ്മുടെ നാട്ടില്‍ പറയുന്ന അരാഷ്ട്രീയ ബുദ്ധിജീവിയുടെ പ്രതികരണങ്ങളാണ്. ഹാനിന് യാതൊരു രാഷ്ട്രീയ അജന്‍ഡകളുമില്ല. അയാള്‍ ഒരു സംഘടിത രാഷ്ട്രീയ വിഭാഗത്തിന്റെയോ വക്താവോ പ്രവര്‍ത്തകനോ അല്ല. ടിബറ്റ്, ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ഉയാഘുര്‍ വംശീയ കലാപങ്ങള്‍ ഇതൊന്നും ഹാനിന്റെ ബ്ലോഗില്‍ വിഷയങ്ങളല്ല ('ഹാവൂ ഭാഗ്യം!' എന്ന് അധികൃതര്‍). ഔദ്യോഗികമായ വിലക്കുകളുള്ള വിഷയങ്ങളിലൊന്നും ഹാന്‍ കൈ വെക്കുന്നില്ല. എന്നാലും ചിലപ്പോഴൊക്കെ അതിര് വിടുന്നു എന്ന് തോന്നുന്നുമ്പോള്‍ ചില പോസ്റ്റിങ്ങുകള്‍ ഗവണ്മന്റ് മായ്ച്ചുകളയാറുണ്ട്. പക്ഷേ അതിനും മുമ്പ് തന്നെ ആരാധകര്‍ ഇത് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പേസ്റ്റ് ചെയ്യുന്നതിനാല്‍ ഒന്നും 1984-ലെ മിനിട്രൂത്ത് ചെയ്യുംപോലെ എന്നേന്നേക്കുമായി ബാഷ്പീകരിക്കപ്പെടുന്നില്ല.

അന്തര്‍ദേശീയ വാര്‍ത്താ വാരികയായ ടൈം ഇക്കൊല്ലം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയുണ്ടാക്കിയപ്പോള്‍ കൂട്ടത്തില്‍ ബരാക്ക് ഒബാമയുടെയും ബില്‍ ഗേറ്റ്‌സിനുമെല്ലാം കൂട്ടത്തില്‍ ഹാന്‍ ഹാനുമുണ്ടായിരുന്നു. ഇതിന് വേണ്ടി ടൈം ലേഖകന്‍ ഹാനിനെ ഇന്റര്‍വ്യൂ ചെയതപ്പോഴും അയാളുടെ മറുപടികള്‍ ഈ നിഷേധിയുടെ രസികത്വത്തോടെ തന്നെയായിരുന്നു. ചൈനീസ് സാഹിത്യത്തില്‍ സ്വന്തം സ്ഥാനമെന്താണെന്ന് ചോദിച്ചപ്പോള്‍ തന്നെ ഹാന്‍ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വായനക്കാര്‍ക്ക് ചൈനീസ് സാഹിത്യത്തില്‍ വലിയ താല്‍പര്യമുണ്ടാകുമെന്ന് തോന്നുന്നില്ല...'പിന്നെ സ്വന്തം സ്ഥാനം നിര്‍ണയിക്കല്‍ വിവരം കെട്ട പരിപാടിയാണ്, അധികം വിനയം കാണിച്ചാല്‍ ആരും മൈന്റ് ചെയ്യില്ല, ഞാന്‍ ഭയങ്കരനാണ് എന്ന് വിചാരിച്ചാലും കാര്യമില്ല.'

ചൈനയില്‍ ജനാധിപത്യം വരാനുള്ള സാധ്യതയെ പറ്റി ചോദിച്ചപ്പോഴാണ് ഹാന്‍ കോമണ്‍സെന്‍സോടെ മറുപടി നല്‍കിയത്...'സമീപ ഭാവിയിലൊന്നും ഈ രാജ്യത്ത്് ബഹുകക്ഷി ജനാധിപത്യം വരാനിടയില്ല എന്ന വസ്തുത എനിക്ക് അംഗീകരിക്കാനാകും. പക്ഷേ ഇവിടെ അതിലും അടിയന്തരമായ, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രശ്‌നങ്ങളുണ്ട് - പത്രസ്വാതന്ത്ര്യവും സാസ്‌കാരിക സ്വാതന്ത്ര്യവും പോലുള്ള കാര്യങ്ങള്‍. കുറഞ്ഞത് അതൊന്നും അത്ര ആശയറ്റ കാര്യങ്ങളല്ല. ആശയറ്റതല്ലാത്ത കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നതാണെനിക്കിഷ്ടം. '

പുരുഷന്മാരുടെ അമേരിക്കന്‍ മാസികയായ എസ്‌ക്വയറിന്റെ ചൈനീസ് എഡിഷന്‍ പത്രാധിപരായ മായിമു പറയുന്നത് ഹാന്‍ ഹാന്‍ ഒരു നോര്‍മല്‍ ചെറുപ്പക്കാരനാണെന്നാണ്. ''അവന് സുന്ദരികളെ ഇഷ്ടമാണ്, ശരിയല്ലെന്ന് തോന്നുന്ന കാര്യം പറഞ്ഞാല്‍ 'നോ' എന്ന് പറയും. ചൈനയില്‍ കൂടുതല്‍ ഹാന്‍ ഹാന്‍മാരുണ്ടായിരുന്നെങ്കില്‍ ഈ രാജ്യം എത്രയോ നോര്‍മലായി പോയേനെ.'

Saturday, October 16, 2010

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍

myna umaiban


'ആരെതിര്‍ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ്. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു. പക്ഷേ, പര്‍ദ ധരിക്കാന്‍ എനിക്കിഷ്ടമല്ല. പര്‍ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ അവകാശ പ്രഖ്യാപനമായാണ് ഞാനിതിനെ കാണുന്നത്'


പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ തളരാതെ നില്ക്കുന്ന റെയ്ഹാന ഖാസിയുടേതാണീ വാക്കുകള്‍.

പര്‍ദയും മഫ്തയും ധരിക്കാത്തതിന്റെ പേരില്‍ അപവാദപ്രചരണം മുതല്‍ വധഭീഷണി വരെ നേരിടേണ്ടി വന്നപ്പോഴാണ് ഇഷ്ടവസ്ത്രം ധരിക്കുന്നതിനുളള അവകാശത്തിനുവേണ്ടി റെയ്്ഹാന കോടതിയെ സമീപിച്ചത്. ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ് ഇവരുടെ കുടുംബം.

കഴിഞ്ഞ ആറു വര്‍ഷമായി റെയ്ഹാനയും കുടുംബവും കാസര്‍ഗോഡ് വിദ്യാനഗറിലാണ് താമസം. മുമ്പ് ഇവര്‍ കര്‍ണടകത്തിലായിരുന്നു. മുഖാവരണമണിയുന്ന മുസ്ലീം സ്ത്രീകള്‍ സാധാരണമാണ് കര്‍ണാടകത്തില്‍....പക്ഷേ, അവര്‍ എല്ലായ്‌പ്പോഴും പര്‍ദയും മുഖാവരണവും ധരിക്കുന്നില്ല. റംസാനില്‍ അതേപോലെ ചില പ്രത്യേക അവസരങ്ങളിലെല്ലാമാണ് മുഖാവരണമണിഞ്ഞിരുന്നത്. അല്ലാത്തപ്പോള്‍ ഏതു വേഷവും ധരിക്കുമായിരുന്നു. അവിടെ സ്ത്രീകള്‍ വേഷം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ആരുടേയും സമ്മര്‍ദ്ദത്തിലോ പ്രേരണയിലോ ആയിരുന്നില്ല.

മദ്രസിയില്‍ പഠിക്കുമ്പോള്‍ പര്‍ദ്ദ നിര്‍ബന്ധമായിരുന്നില്ല. പക്ഷേ, കാസര്‍ഗോഡു വന്നപ്പോള്‍ തന്റെ അനിയത്തിമാര്‍ക്ക് മദ്രസയില്‍ പ്രവേശനം കിട്ടണമെങ്കില്‍ പര്‍ദ നിര്‍ബന്ധമായിരുന്നെന്ന് റെയ്ഹാന പറയുന്നു.

പല പുരുഷന്മാരും പറയുന്നത് പര്‍ദ സ്ത്രീയില്‍ അടിച്ചേല്പിക്കുകയല്ല. അവര്‍ സ്വന്തമിഷ്ടപ്രകാരം തീരുമാനിക്കുന്നതാണെന്നാണ് പറയുന്നത് . പക്ഷേ, യാഥാര്‍ത്ഥ്യം മറിച്ചാണ്്. ഈ ഇരുപത്തിരണ്ടുകാരിയുടെ തീരുമാനത്തെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ മനസ്സാല്‍ സ്വാഗതം ചെയ്യുന്നു. നിനക്കിതിനായല്ലോ എന്നാണ് അവര്‍ പറയുന്നതെന്ന് പലര്‍ക്കും ധൈര്യമില്ലാത്തതാണ് പ്രശ്‌നമെന്നും റെയ്ഹാന പറയുന്നു.

'പര്‍ദ ധരിക്കാത്തതുകൊണ്ട് മത നിന്ദ കാണിച്ചുവെന്നാണ് പലരും പറയുന്നത്. വയസ്സന്മാരു പറഞ്ഞാല്‍ അതു മനസ്സിലാക്കാമായിരുന്നു...ഇതു പക്ഷേ, ചെക്കന്മാരാ...'

ഇതു കേട്ടപ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ഡോ. ഖദീജ മുംതാസിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവര്‍ യുവതലമുറയെക്കുറിച്ച് പറഞ്ഞ കാര്യമോര്‍ത്തത്.

'വല്ലാതെ ഭയം തോന്നുന്നു. ഗൈഡ് സംസ്‌ക്കാരവും ഒരു ശരിയുത്തരം മാത്രമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യപേപ്പര്‍ രീതികളും കുട്ടികളുടെ ചിന്താശക്തിയെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള കഴിവിനെ മരവിപ്പിക്കുന്നതായുളള ആകുലത, കുറച്ചുകാലമായി അധ്യാപകര്‍ക്കിടയിലുള്ളതാണ്. ഇത് അവരുടെ സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നോ എന്ന ആശങ്ക തോന്നുന്നു എനിക്ക്. മതത്തെയും ഇവര്‍ ഗൈഡുപുസ്തകങ്ങളില്‍ കൂടി, ഗുളിക രൂപത്തിലാണ് മനസ്സിലാക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു ശരിയുത്തരമേയുള്ളു. അതിനിടയിലൊരു മേഖല അഞ്ജാതമാണ്. ശരിക്കും തെറ്റിനുമിടയിലെ തെറ്റും, തെറ്റിലെ ശരികളും ഇവര്‍ ചിന്തിക്കാതെ പോകുന്നു'

ദൈവശിക്ഷയെപ്പറ്റി ഓര്‍മിപ്പിച്ചതും പുതിയ തലമുറയായിരുന്നല്ലോ? ദൈവശിക്ഷയെ ഭയമില്ലെന്നാണോ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

'എന്തിനു ഭയക്കണം? എന്റെ ഈശ്വരന്‍ ആത്മാവാണ് നോക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുടി തട്ടത്തിനു പുറത്തേക്കു നീങ്ങികിടപ്പുണ്ടോ സാരിയുടെ ഞൊറിമാറികിടപ്പുണ്ടോ എന്നൊക്കെ നോക്കിയിരിക്കുന്ന പോലീസുകാരനല്ല എന്റെ പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്. എന്റെ മനസ്സാക്ഷിയായി എന്നില്‍ തന്നെ നിറയുന്നവനാണ്....

റെയ്ഹാനയും ഏതാണ്ടിതേപോലെ പ്രതികരിക്കുന്നു. ആള്‍ക്കാര്‍ക്കു വേണ്ടിയാണോ ഞാന്‍ വസ്ത്രം ധരിക്കേണ്ടത്? ദൈവത്തിനു മുന്നില്‍ എനിക്കു ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നു.

പുരുഷന്റെ കാമക്കണ്ണുകള്‍ ശരീരത്ത് പതിയരുതെന്നു പറഞ്ഞാണ് പര്‍ദ ധരിക്കാന്‍ പറയുന്നത്. പുരുഷന്റെ മാനസിക വിഭ്രാന്തിക്ക് സ്ത്രീയെന്തു പിഴച്ചു? ചികിത്സ വേണ്ടത് കാമക്കണ്ണുകള്‍ക്കാണ്. ആ കണ്ണുകൊണ്ടെന്തിനാണ് സ്ത്രീയെ നോക്കുന്നത്?

മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങുകയാണ്. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ് ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി, ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്.

മുസ്ലീം സ്ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട് ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്ത്രമല്ല സ്ത്രീയുടെ പ്രശ്‌നമെന്ന് ഏതുകാലത്ത് ഇവര്‍ തിരിച്ചറിയും?

തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ് സ്ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ് മറ്റു സമൂഹങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എല്ലാ സംഘടനകളുടേയും ലക്ഷ്യമെന്ന് തമിഴ്‌നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി പള്ളി പണിയുകയും ചെയത ഷെരീഫാ ഖാനം പറയുന്നു.

കാല്‍ നൂറ്റാണ്ട് മുമ്പ് വരെ കേരള മുസ്ലീം സ്ത്രീയുടെ വേഷം പര്‍ദ്ദയായിരുന്നില്ല. അപൂര്‍വ്വമായിരുന്നു. എന്‍ പി ഹാഫിസ് മുഹമ്മദ് 'കാച്ചിയില്‍ നിന്നും പര്‍ദയിലേക്കുള്ള ദൂരം' എന്നൊരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

'കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പൊതുവേഷം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും ഒരൊറ്റ വേഷമായിരുന്നില്ല; ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും. നിര്‍ബന്ധമല്ലാത്ത, എന്നാല്‍ മതപരമായി പ്രതിഫലം കിട്ടിയേക്കാവുന്ന, താടിപോലും ലോകത്തെ എല്ലാ മുസ്ലിം പുരുഷന്മാരും ഏകതാനവേഷമായി സ്വീകരിച്ചിരുന്നില്ല. സ്വീകരിക്കാതെ പോയതിനെ വിമര്‍ശിക്കുകയോ വിലക്കുകയോ ചെയ്തിട്ടുമില്ല. ഇങ്ങനെ ഉസ്ബക്കിസ്ഥാനിലെയും സുഡാനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും സൌദി അറേബ്യയിലെയും മുസ്ലിങ്ങള്‍, സ്ത്രീപുരുഷന്മാര്‍ വേഷംകൊണ്ട് മാത്രമല്ല ജീവിത രീതികള്‍കൊണ്ടും ഇണങ്ങിയും പിണങ്ങിയും കിടന്നു. ഏകദൈവത്തിലുള്ള വിശ്വാസം, അന്ത്യപ്രവാചകന്‍ മുഹമ്മദിലുള്ള വിശ്വാസം, ഖുര്‍ആന്‍ വേദഗ്രന്ഥമാണെന്നതിലുള്ള വിശ്വാസം, അഞ്ചുനേര നമസ്‌കാരത്തിലുള്ള ആചരണം, ഹജ്ജ്കര്‍മത്തിലുള്ള വിശ്വാസം, റമദാന്‍ വ്രതത്തിലും രണ്ടു പെരുന്നാളുകളിലുമുള്ള ആഘോഷം തുടങ്ങിയവയിലെ സമാനതകള്‍ക്കപ്പുറം, ലോകത്തുള്ള മുസ്ലിം സമൂഹങ്ങളൊക്കെയും സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ വേര്‍പെട്ടുകഴിഞ്ഞു. ഇപ്പോഴും അങ്ങനെതന്നെ കഴിഞ്ഞുപോരുന്നു.

ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പലതാണ്: പ്രവാചക കാലത്തുതന്നെ കേരളത്തില്‍ വേരോടിയ മുസ്ലിങ്ങള്‍ താടിയും തൊപ്പിയും വേഷത്തിന്റെ ഭാഗമാക്കാത്തതിന്റെ പേരില്‍ അനിസ്ലാമിക വേഷമാണോ ധരിച്ചിരുന്നത്? പര്‍ദയണിയാത്ത കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് സ്വര്‍ഗം നിരാകരിക്കപ്പെടുമെന്നാണോ മുസ്ലിം തീവ്രപക്ഷം കരുതുന്നത്? സന്ധ്യാനേരം ദീപംകത്തിച്ച് നഫീസത്തുമാല പാടിയതുകൊണ്ട് അത് നടന്ന മുസ്ലിം വീടുകളിലന്ന് രാപ്പാര്‍ത്തവരെല്ലാം നരകത്തിലേക്ക് പാസ്‌പോര്‍ട്ട് ലഭിച്ചവരാണെന്നാണോ തീവ്രപക്ഷം വിധിയെഴുതുന്നത്? ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നിലനിന്ന കാലത്തും മുസ്ലിം പണ്ഡിതന്മാരും മതനേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് കേരളീയ മുസ്ലിങ്ങളെ ഏകമുഖ സാമൂഹികതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കടുത്ത വാദം പിന്‍പറ്റുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പ്പര്യം കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ സാംസ്‌കാരിക തലങ്ങളെ വിശ്വാസ സംഹിതയുടെ പേരില്‍ ഏകമുഖതലത്തിലെത്തിച്ച് ജീവിതത്തെ രണ്ടറ്റങ്ങളില്‍ തളച്ചിടാനാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവാദങ്ങളുടേയോ ആദാനപ്രദാന പ്രക്രിയയുടേയോ സാധ്യതകളെയും യാഥാര്‍ഥ്യങ്ങളെയും അക്കൂട്ടര്‍ നിരാകരിക്കുന്നു. വലിയ സാമൂഹിക ദുരന്തങ്ങളിലേക്കായിരിക്കും ഇത് കൊണ്ടുചെന്നെത്തിക്കുക.

ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ രണ്ടുതരം അടിമത്തം അനുഭവിക്കുന്നു. സ്ത്രീ എന്ന നിലയിലും മുസ്ലീം സ്ത്രീ എന്ന നിലയിലും.

ഡോ.ഷംഷാദ് ഹുസൈന്റെ ന്യൂനപക്ഷത്തിനും ലിംഗനീതിക്കും ഇടയില്‍ എന്ന പുസത്കം മുസ്ലീം സമുദായത്തിന്റെ ഭാഗമെന്ന നിലയ്‌ക്കോ സ്ത്രീയെന്ന പൊതു വീഭാഗത്തിനകത്തോ ഉള്‍ച്ചേര്‍ത്ത് നിര്‍വീര്യമാക്കപ്പെട്ട മുസ്ലീം സ്ത്രീകളുടെ ചരിത്രം കണ്ടെത്താനുള്ള ശ്രമമാണ്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ അവര്‍ പറയുന്നു.

മുസ്ലീം സ്ത്രീ എന്ന പരികല്‍പ്പന ചില സ്റ്റീരിയോടൈപ്പുകളെ ഇവിടെ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. പര്‍ദക്കുളളിലൂടെ മാത്രം ലോകം കാണാന്‍ വിധിക്കപ്പെട്ടവള്‍. അക്ഷരാഭ്യാസമില്ലാത്തവരും വിവാഹം കഴിക്കുന്ന പുരുഷനും വഴങ്ങുന്നവരും പുരുഷന്റെ അനിയന്ത്രിതമായ വിവാഹമോചനാവകാശത്തിന്റെ ഇരകളാകുന്നവരുമാണ് സ്ത്രീകള്‍.. സിനിമ, സാഹിത്യം, സാമൂഹികപ്രസ്ഥാനങ്ങള്‍ എല്ലാം ഇത്തരം ഇമേജ് ഉണ്ടാക്കിയെടുക്കന്നതില്‍ പങ്കു വഹിച്ചതായി കാണാം.

മുസ്ലീം സ്ത്രീ ഇതൊന്നുമല്ല എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നു. എന്നാല്‍ അടുത്തിടെ വായിച്ച ഇസ്ലാമിലെ സ്ത്രീയും മുന്‍വിധികളും എന്ന ബി എസ് ഷെറിന്റെ ലേഖനത്തില്‍ വസ്ത്രസ്വാതന്ത്ര്യം , തിരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങള്‍ ഒരു ആഗോളവത്കൃത സമൂഹത്തിന്റെ ആശങ്കകളായി പുറത്തു വരുന്നു എന്നും, പര്‍ദ ഫെമിനിസ്റ്റ് അവബോധത്തെ നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡമല്ലെന്നതുമായിരുന്നു തന്റെ വാദം എന്നു പറയുന്നു. വിഭിന്ന സാംസ്‌ക്കാരിക, സാമൂഹിക പശ്ചാത്തലത്തില്‍ അതിന് പല മാനദണ്ഡങ്ങളുണ്ടെന്നും അവര്‍ ഒരു സെമിനാറില്‍ വ്യക്തമാക്കിയതായി പറയുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഒരു അക്കാദമീഷ്യന്‍ ചോദിച്ചുപോലും 'കേരളത്തില്‍ ഇപ്പോള്‍ പൊതുവേ പര്‍ദയുടെ ഉപയോഗം കൂടി വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?' 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം' എന്നോ മറ്റോ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം തന്നെ മറുപടി പറഞ്ഞുപോലും. ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാനായി ഭാര്യമാരെ പര്‍ദയില്‍ പൊതിഞ്ഞു വെക്കുന്നതാണെന്ന്.

ബി എസ് ഷെറിന്‍ പറയാന്‍ ഉദ്ദേശിച്ച 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം 'എന്ന വാക്കിനെ നോക്കൂ...എന്തുകൊണ്ട് പര്‍ദ ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധത്തിന്റെ ഉപാധിയാവുന്നു? ന്യൂനപക്ഷം എന്നുദ്ദേശിച്ചത് മുസ്ലീം വിഭാഗം എന്നാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മേധാവികളായ പുരുഷന്റെ പ്രതിരോധ ചിഹ്നമെന്താണ്?

പുരുഷന് ഏതു വേഷം ധരിക്കുന്നതിനും പ്രശ്‌നമില്ല. ഏതു സാങ്കേതികവിദ്യയുമുപയോഗിക്കാം...പക്ഷേ, സ്ത്രീക്ക് പാടില്ല. സ്ത്രീയുടെ പ്രശ്‌നം വരുമ്പോള്‍ പ്രതിരോധത്തിന്റെ അളവുകോല്‍ പര്‍ദയാണെന്നു കാണിക്കലല്ല വേണ്ടത്. ഷെറിനെപ്പോലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറില്‍ നിന്ന് ഇത്തരം വാക്ക് പ്രതീക്ഷിക്കുന്നില്ല. പകരം മുസ്ലീം സ്ത്രീയുടെ സ്വത്വം എന്താണെന്ന് കാണിക്കേണ്ടത് വിദ്യാഭ്യാസം നേടി ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും പുരുഷമേല്‌ക്കോയ്്മയെ തകര്‍ക്കുകയാണ്, സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ്.... പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങാതിരിക്കുകയാണ്. പുറത്തേക്കിറങ്ങാന്‍ പര്‍ദ വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍പ്പെടാതെ ധൈര്യമായി മുന്നോട്ടിറങ്ങുകയാണ് വേണ്ടത്. പര്‍ദയിലല്ല മുസ്ലീം സ്ത്രീയുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന് തിരിച്ചറികയാണ് വേണ്ടത്.

ഉചിതമായ വസ്ത്രധാരണത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ് സ്ത്രീകള്‍ക്ക് നല്ലതെന്ന് ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്. അവനോട് മറുത്തൊന്നും പറയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍ക്കും കഴിഞ്ഞില്ലെന്നതാണ് ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത് ഇതായിരുന്നു.' നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരുഷന്റേതുപോലെ മുടി ക്രോപ്പു ചെയ്യാം.'

ഏതായാലും മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിസയുടെ പ്രവര്‍ത്തകരടക്കം സ്ത്രീ സംഘടനകള്‍ റെയ്ഹാനക്കും കുടുംബത്തിനും പിന്തുണ നല്കിക്കഴിഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന റെയ്ഹാനയ്ക്ക് സമൂഹത്തിന് വേണ്ടി പലതും ചെയ്യാനാവും. ധൈര്യമായി മുന്നോട്ടുപോവുക

മത തീവ്രവാദികളില്‍ നിന്ന്് നിരന്തരം വധഭീഷണി കിട്ടിക്കൊണ്ടിരിക്കുന്ന ഷെരീഫാ ഖാനം പറഞ്ഞതോര്‍ക്കുന്നു..... 'മരിക്കാനെനിക്ക് പേടിയില്ല. കൊല്ലും കൊല്ലും എന്നു പറഞ്ഞ് പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?

Thursday, October 14, 2010

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?

എം.എന്‍ .കാരശ്ശേരി 
സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ

ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'ആര്‍.എസ്.എസ്സിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി: 'ഇല്ല.'

അദ്ദേഹം വിശദീകരിക്കുന്നു: 'പിന്നെ സോളിഡാരിറ്റിയുമായി സമരത്തിനില്ല എന്ന നിലപാടൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അമരാവതിയില്‍ വിമോചനസമരക്കാരനായ ഫാ.വടക്കന്‍ നടത്തിയ സമരത്തിലാണ് എ.കെ.ജി. ഇടപെട്ടത്.'ഒപ്പം സമരം ചെയ്യുന്നവരുടെ പ്രേരണ പ്രധാനമല്ലേ? അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടോ എന്നതും അങ്ങനെയുണ്ടെങ്കില്‍ അത് ഏത് ഉദ്ദേശ്യത്തിന്, ആര് കൊടുക്കുന്നു എന്നതും അന്വേഷിക്കേണ്ടതല്ലേ? അതൊന്നും തന്റെ വിഷയമല്ല എന്ന് നീലകണ്ഠനെപ്പോലുള്ള പൊതുപ്രവര്‍ത്തകന് ഉദാസീനനാവാന്‍ കഴിയുമോ?എങ്കില്‍പ്പിന്നെ, കുത്തകമുതലാളിമാരോ സാമ്രാജ്യത്വശക്തികളോ കൊടുക്കുന്ന ഫണ്ടു വാങ്ങി ഒരു പണിയും എടുക്കാന്‍ പാടില്ല എന്ന് നീലകണ്ഠനെപ്പോലുള്ളവര്‍ നിലപാടെടുക്കുന്നതിന്റെ യുക്തിയെന്താണ്? 'ദൈവികഭരണ' (ഹുകൂമത്തെ ഇലാഹി) സ്ഥാപനം സ്വന്തം ലക്ഷ്യമായി അംഗീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. അവരുടെ യുവജനവേദിയാണ് സോളിഡാരിറ്റി (2003). അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടെങ്കില്‍ അത് ഈയൊരു ഉദ്ദേശത്തിനുവേണ്ടി വല്ലവരും കൊടുക്കുന്നതാവും. മുഖ്യധാരയിലേക്ക് പ്രവേശനം കിട്ടുന്നതിനുവേണ്ടിയും മുസ്‌ലിം ചെറുപ്പക്കാരെ സ്വന്തം അണികളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയും ആണ് പരിസ്ഥിതി- ദളിത്-ആദിവാസി സമരങ്ങളിലും മറ്റു പൗരാവകാശപ്രസ്ഥാനങ്ങളിലും സോളിഡാരിറ്റിക്കാര്‍ അണിചേരുന്നത്. സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കുക എന്നതാണ് അവരുടെ ആദ്യത്തെ പദ്ധതി. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനവും മാന്യതയും ഉണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ നീലകണ്ഠനെപ്പോലുള്ളവര്‍ പെരുമാറുന്നത് ആലോചനക്കുറവാണ്.സാമ്രാജ്യത്വത്തിനോ കുത്തകമുതലാളിത്തത്തിനോ ഫ്യൂഡലിസത്തിനു തന്നെയോ ഉണ്ടാക്കാന്‍ കഴിയുന്നതിനെക്കാള്‍ എത്രയോ വലുതാണ് മതരാഷ്ട്രവാദികളുടെ വിഭാഗീയതയ്ക്ക് ഉണ്ടാക്കാന്‍കഴിയുന്ന സാമൂഹികവിപത്തുകള്‍.

അഴിമതിയെക്കാള്‍ എത്രയോ വലിയ ആപത്താണ് വര്‍ഗീയത. ഒരാളോ ഒരുകൂട്ടം ആളുകളോ സ്ഥാനത്തുനിന്നു പോയാല്‍ അഴിമതിയുടെ പ്രശ്‌നം തീരും. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തലമുറകളിലേക്ക് നീണ്ടുചെല്ലും. ആയിരം കൊല്ലംമുന്‍പു നടന്ന കുരിശുയുദ്ധങ്ങളുടെ ഓര്‍മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ത്യരെയും വേട്ടയാടുന്നത് ഉദാഹരണം. ഈയിടെ ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം നീങ്ങുമ്പോള്‍പോലും അതിന്റെ ഓര്‍മ ഉണര്‍ന്നു. മറ്റെന്തിനും എന്തെങ്കിലും പരിഹാരമുണ്ട്; മതവര്‍ഗീയത സൃഷ്ടിക്കുന്ന കൊടൂരതകള്‍ക്ക് അതില്ലതന്നെ.മറ്റൊരുദാഹരണത്തിലൂടെ ഇതൊന്നുകൂടി വിശദമാക്കാം:

കേരളത്തില്‍ മതവര്‍ഗീയത തീരെ ഇല്ലാത്ത ഒരവസ്ഥ ഇന്നത്തെ കേരളീയരെല്ലാം ഒരു പ്രത്യേക പാനീയം കുടിക്കുന്നതുകൊണ്ടുമാത്രം ഉണ്ടായിത്തീരും എന്നുറപ്പുണ്ടെങ്കില്‍ അതു കുടിക്കാം എന്ന് ഞാന്‍ പറയും. ആ പണിയുണ്ടാക്കുന്ന നാശം ഒന്നോ രണ്ടോ തലമുറ കൊണ്ടുതീരും. വര്‍ഗീയതയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന നാശം ഇത്രയെന്ന്, ഇത്ര കാലത്തേക്കെന്ന് ആര്‍ക്കു പറയാം?

പാനീയം പ്രവര്‍ത്തിക്കുന്നത് ശരീരത്തിലാണ്. മനസ്സിനെയും വ്യക്തിബോധത്തെയുമൊക്കെ അതിന് ചെറുതായി സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. എന്നാലും എത്ര കാലത്തേക്ക്? വര്‍ഗീയതയുടെ പ്രവര്‍ത്തനമെല്ലാം വികാരത്തിലാണ്. അത് വിവേകം നശിപ്പിച്ച് ശരീരത്തെ ഒരായുധമാക്കി രൂപാന്തരപ്പെടുത്തുന്നു; പിന്നെ ഓര്‍മയായും ചരിത്രമായും കോലം മറിഞ്ഞ് അനന്തര തലമുറകളുടെ ബോധത്തില്‍ പ്രതികാരാഗ്‌നിയായി കുടിപാര്‍ക്കുന്നു... ഉത്തരേന്ത്യയില്‍ വിഭജനകാലത്തെ ഒരു വെട്ട് എത്രയോ വേഗം ബോധത്തിലേക്ക് ഉണര്‍ന്നെത്തി ആറുപതിറ്റാണ്ടിനുശേഷവും പുതിയ വെട്ടുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു...സമരം ചെയ്യുന്നവര്‍ ഒപ്പമുള്ളവന്റെ സ്വഭാവവും ലക്ഷ്യവും ശ്രദ്ധിക്കാതിരുന്നാല്‍ വരുന്ന ആപത്തിന് നമ്മുടെ സമീപകാലചരിത്രത്തില്‍നിന്ന് തെളിവ് തരാം.

1. തുര്‍ക്കി ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി മുസ്‌ലിങ്ങള്‍ ആരംഭിച്ചതും ഗാന്ധിജി, അബുല്‍ക്കലാം ആസാദ് മുതലായ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണകൊടുത്തതുമായ ഖിലാഫത്ത്്പ്രസ്ഥാന(1919)ത്തിന്റെ കഥയെടുക്കാം: ബ്രിട്ടീഷ്‌വിരുദ്ധസമരത്തിന് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സഹകരണം നേടുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുവേണ്ടി വാദിച്ച കോണ്‍ഗ്രസ്സാണ് രാജാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തിന് പിന്തുണ കൊടുത്തത്! മലബാറില്‍ അത് വലിയ പൊട്ടിത്തെറിക്ക് (1921) വഴിവെച്ചു. തുര്‍ക്കി ജനകീയ റിപ്പബ്ലിക്കാവുകയും അതിന്റെ പ്രസിഡന്റ് കമാല്‍പാഷ ഖിലാഫത്ത് റദ്ദാക്കുകയും (1924) ചെയ്തതോടെ ആ സമരം എന്തായിത്തീര്‍ന്നു എന്നാലോചിച്ചുനോക്കുക! ദേശീയപ്രസ്ഥാനത്തിലെ വര്‍ഗീയവിഘടനത്തിന് പശ്ചാത്തലമൊരുക്കിയതില്‍ ഖിലാഫത്ത്പ്രസ്ഥാനത്തിനും പങ്കില്ലേ? ആ സമരത്തിന് പിന്തുണകൊടുക്കുന്നതിലൂടെ മതവിഭാഗീയത വളരുമെന്ന് അന്ന് മുഹമ്മദലി ജിന്ന നല്കിയ താക്കീത് സത്യമായി പുലര്‍ന്നില്ലേ?2. ഇതേ ജിന്നയുടെ നേതൃത്വത്തില്‍ 1940-കളില്‍ മതദേശീയതാവാദം ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ പിന്തുണയ്ക്കുകയുണ്ടായി. ദ്വിരാഷ്ട്രവാദത്തെ 'പാകിസ്താന്റെ സ്വയം നിര്‍ണായകാവകാശം' എന്ന കണക്കിലാണ് കമ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചത്. ഉത്തരേന്ത്യയില്‍ മുസ്‌ലിം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന പല കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകപോലും ഉണ്ടായി. മുസ്‌ലിങ്ങളുടെ അനുഭാവം നേടി പാര്‍ട്ടി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പാകിസ്താന്‍ രൂപംകൊണ്ട് അഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. ലീഗുകാരായി കോലംമാറിയ കമ്യൂണിസ്റ്റുകാര്‍ ലീഗുകാരായിത്തന്നെ തുടര്‍ന്നു! അങ്ങനെയാണ് ആ 'സ്വയംനിര്‍ണായകാവകാശം' കലാശിച്ചത്.3. അടിയന്തിരാവസ്ഥക്കാലത്ത്(1975-1977) പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ആര്‍.എസ്.എസ്. രംഗത്തുണ്ട്. അവരുമായി കൂട്ടുകൂടുന്നതിനെപ്പറ്റി പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ആര്‍.എസ്.എസ്സിന് പ്രകടമായ സ്വാധീനമുള്ള ജനസംഘം എന്ന പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ജയപ്രകാശ് നാരായണ്‍ മടിച്ചില്ല. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ രൂപംകൊണ്ടതും നിജലിംഗപ്പകോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി, ജനസംഘം മുതലായ പാര്‍ട്ടികളുടെ സമുച്ചയവും ആയ ജനതാപാര്‍ട്ടി(1977) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. അന്നുണ്ടായ മൊറാര്‍ജിമന്ത്രിസഭയില്‍ എ.ബി.വാജ്‌പേയി വിദേശകാര്യ

മന്ത്രിയും എല്‍.കെ.അദ്വാനി വാര്‍ത്താവിതരണവകുപ്പ് മന്ത്രിയും ആയിരുന്നു. അങ്ങനെയാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ ഹിന്ദുവര്‍ഗീയരാഷ്ട്രീയത്തിന് മാന്യത കിട്ടുന്നത്. ജനതാപാര്‍ട്ടി ആഭ്യന്തര കലഹത്തിലൂടെ വഴിപിരിഞ്ഞപ്പോള്‍ ജനസംഘക്കാര്‍ രൂപം കൊടുത്ത ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സൃഷ്ടിക്കുവാന്‍ പിന്നീട് എത്ര കുറച്ച് കാലമേ വേണ്ടിവന്നുള്ളൂ എന്ന് ആലോചിച്ചുനോക്കുക.

ഇത്തരം ചരിത്രാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്: വിവേകംകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വികാരംകൊണ്ടു പ്രവര്‍ത്തിക്കുന്ന കൂട്ടരെ ഒപ്പംകൂട്ടുന്നത് ബുദ്ധിയാവില്ല.ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആശയങ്ങളെ എതിര്‍ത്തിട്ടുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അവയെല്ലാം അംഗീകരിക്കുന്നുണ്ട്. പിന്നെ എന്തിന് അവരെ അകറ്റിനിര്‍ത്തണം എന്നൊരു ചോദ്യമുണ്ട്.

മറുപടി: കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തത്കാലത്തെ മുഖംമൂടി മാത്രമാണ്.

സാഹചര്യത്തെളിവുകള്‍:1. വോട്ട് ചെയ്യുന്നത് നിഷിദ്ധം(ഹറാം) ആണ് എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്(1941). അടിയന്തിരാവസ്ഥയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ്(1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ്‌വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടുചെയ്യും എന്നായി. കുറച്ചുകഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുതുടങ്ങി. ജമാഅത്തെ ഇസ്‌ലാമി സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന സത്യം തുറന്നുപറഞ്ഞത് ഇപ്പോള്‍ മാത്രമാണ്(2009). നീണ്ട ആറുപതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം!

2. പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്രവാദത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ട്. 1977-ല്‍ അധികാരത്തില്‍ വന്ന പട്ടാളഭരണാധികാരി സിയാവുല്‍ഹഖ് പാകിസ്താനില്‍ മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അവിടെ എന്നപോലെ ഇവിടെയും കൊടുത്ത പിന്തുണ ഉദാഹരണം.

3. മൗദൂദിയെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും ആശയത്തെയോ ഇവര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ അപകടം പിടിച്ച ആശയങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അവരിപ്പോഴും ധാരാളമായി വില്ക്കുന്നുണ്ട്.

ഇതില്‍നിന്ന് അനുമാനിക്കാവുന്നത്: പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ അവരുടെ യഥാര്‍ഥ ഫാസിസ്റ്റുദംഷ്ട്ര പുറത്തുവരും.ഇനി, സ്വന്തം നിലപാട് ന്യായീകരിക്കാന്‍ സി.ആര്‍.നീലകണ്ഠന്‍ കൊണ്ടുവന്ന എ.കെ.ജി.യുടെ ഉദാഹരണത്തിലേക്ക് വരാം. എന്താണ് എ.കെ.ജി. ചെയ്തത്? കുടിയിറക്കിനെതിരായ ഫാ. വടക്കന്റെ (1919-2002)സമരത്തില്‍ സഹകരിച്ചു. വടക്കന്‍ ഒരു വ്യക്തിയാണ്; ആശയമല്ല. അദ്ദേഹത്തിന്റെ സംഘത്തില്‍ ഉള്ളത് തൊഴിലാളികളാണ്; ആശയപ്പോരാളികളല്ല. അവരുടെ ലക്ഷ്യം സ്വന്തം കുടികിടപ്പ് എന്ന ജനാധിപത്യാവകാശം വീണ്ടുകിട്ടലാണ്; അല്ലാതെ ക്രൈസ്തവരാഷ്ട്രസ്ഥാപനമല്ല. അദ്ദേഹം കൊണ്ടുനടന്ന സംഘടനയുടെ പേര്: കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി: 1962) ഇ.എം.എസ്സിന്റെ ഒന്നാമത്തെ മന്ത്രിസഭ(1957) യെ മറിച്ചിടാന്‍ വിദേശധനത്തിന്റെ സഹായത്തോടെ നടന്ന വിമോചനസമരത്തിന്റെ (1959) മുന്നണിപ്പോരാളികളില്‍പ്പെടുന്ന അച്ചനെ ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭ (1967)യെ കാര്യമായി പിന്തുണച്ചവരുടെ കൂട്ടത്തിലും കാണാം. ആ മന്ത്രിസഭ തകര്‍ന്നുപോകാനുള്ള (1969) മുഖ്യകാരണം അച്ചന്റെ പ്രധാന അനുയായിയും മന്ത്രിയുമായ ബി. വെല്ലിംഗ്ടനെതിരായ അഴിമതി ആരോപണം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഇ.എം.എസ്സ്. വിസമ്മതിച്ചതാണ്.

ഒന്നാലോചിച്ചു പറയൂ: ഇമ്മട്ടിലുള്ള ഒരു രാഷ്ട്രീയനേതാവിന്റെ തൊഴിലാളിസമരത്തോട് സഹകരിക്കുന്നതും മതരാഷ്ട്രവാദികള്‍ക്ക് പൊതുമണ്ഡലത്തില്‍ മാന്യത നേടിക്കൊടുക്കുന്നതും തുല്യമാണോ?

ആര്‍.എസ്.എസ്. ഇത്തരം സമരങ്ങള്‍ക്ക് വരില്ലെന്ന് നീലകണ്ഠന്‍ പറയുന്നു. വന്നാല്‍ എന്തു ചെയ്യും? ഒപ്പം കൂട്ടേണ്ടി വരില്ലേ? എന്ത് യുക്തി പറഞ്ഞ് അവരെ മാറ്റി നിര്‍ത്തും?

അപ്പോള്‍ 'ഭൂരിപക്ഷവര്‍ഗീയത, ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ ആപത്താണ്' എന്ന പഴയ പല്ലവി പാടുമോ? അത്തരം വാദങ്ങളൊക്കെ ആകാവുന്നതിലേറെ അബദ്ധമാണ് എന്ന് ഈയിടെ നടന്ന മുംബൈ ഭീകരാക്രമണത്തിലൂടെ (26/11/2008) തെളിഞ്ഞുകഴിഞ്ഞതാണ്- നൂറുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ വെറും പത്തുപേരാണ് മൂന്നുദിവസം വിറപ്പിച്ചുനിര്‍ത്തിയത്!സോളിഡാരിറ്റിക്കാര്‍ക്ക് കേരളത്തിലെ പ്രകൃതിയുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങളില്‍ ഉണ്ടെന്ന് ഭാവിക്കുന്ന തരം താത്പര്യം മതപാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉണ്ടോ? സംശയമാണ്. അവരുടെ പ്രഥമ പരിഗണനയിലുള്ള മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍ പലതരം വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ആ അന്യായങ്ങള്‍ക്കു നേരെ മൗനം പാലിക്കുന്ന കൂട്ടരാണിവര്‍.

ചില ഉദാഹരണങ്ങള്‍:

1. മുസ്‌ലിങ്ങളുടെ മതനിയമം (ശരീഅത്ത്) അനുസരിച്ച് പിതാവിന്റെ അനന്തരാവകാശസ്വത്തില്‍ ആണിന് കിട്ടുന്നതിന്റെ നേര്‍പകുതിയേ പെണ്ണിന് കിട്ടൂ. അതായത് മകന് 100 ഉറുപ്പിക കിട്ടുമ്പോള്‍ മകള്‍ക്ക് 50 ഉറുപ്പിക മാത്രം. ഈ കൊള്ളരുതായ്മയ്‌ക്കെതിരെ സോളിഡാരിറ്റി നാളിതുവരെ വല്ല വിരോധവും പ്രകടിപ്പിച്ചിട്ടുണ്ടോ?2. ബഹുഭാര്യത്വം വഴി നമ്മുടെ നാട്ടില്‍ മുസ്‌ലിം സ്ത്രീകള്‍ പലതരം അനീതികള്‍ക്ക് വിധേയരാവുന്നുണ്ട്. ഇവിടത്തെ ബഹുഭാര്യത്വസമ്പ്രദായത്തില്‍ മുസ്‌ലിങ്ങളുടെ മതനിയമങ്ങള്‍തന്നെ ലംഘിക്കപ്പെടുന്നു! ഇതിനെതിരെ ഇവര്‍ എന്തു ചെയ്തിട്ടുണ്ട്?3. പുരുഷന്റെ ഏകപക്ഷീയമായ വിവാഹമോചനാധികാരം (തലാഖ്) ഇവിടത്തെ മുസ്‌ലിം സ്ത്രീയുടെ തലയ്ക്കു മുകളില്‍ വാളുപോലെ തൂങ്ങിനില്പുണ്ട്. അത് നിരുപാധികം ഉപയോഗിച്ചതിന്റെ ഇരകളെ ഏതു പട്ടണത്തിലും ഏതു ഗ്രാമത്തിലും കാണാം. ഈ നിസ്സഹായകള്‍ക്കുവേണ്ടി ഈ യുവജനസേന എന്തുസമരമാണ് നടത്തിയിട്ടുള്ളത്? ഇവിടത്തെ മറ്റു പുരുഷന്മാരെപ്പോലെ, കോടതിയുടെ അറിവോടും അനുവാദത്തോടും കൂടിയേ മുസ്‌ലിം പുരുഷന്‍ വിവാഹമോചനം നടത്താവൂ എന്ന നിലപാട് പ്രഖ്യാപിക്കാനുള്ള ജനാധിപത്യബോധം ഈ 'പൗരാവകാശസമരക്കാര്‍'ക്ക് ഉണ്ടോ?4. ഇസ്‌ലാമികനിയമങ്ങളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രബന്ധങ്ങളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി നടന്നതിന്റെ പേരില്‍ ചേകനൂര്‍ മൗലവിയെ മതഭീകരവാദികള്‍ ശ്വാസം മുട്ടിച്ച് കൊന്നതി(29 ജൂലായ് 1993)നെപ്പറ്റി ഈ സംഘത്തിന്റെ അഭിപ്രായമെന്താണ്? ആ കൊലപാതകത്തില്‍ ഉള്ളടങ്ങിക്കിടക്കുന്ന പൗരാവകാശപ്രശ്‌നം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി കഴിഞ്ഞ പതിനാറു കൊല്ലക്കാലത്തിനിടയില്‍ എന്തൊക്കെ പണികളാണ് ഈ 'ജനാധിപത്യപ്രവര്‍ത്തകര്‍' എടുത്തിട്ടുള്ളത്?5. പലസ്തീനിലും കശ്മീരിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ അന്യായങ്ങള്‍ക്കെതിരെ ധാര്‍മികരോഷം വളര്‍ത്തുന്ന പലതും സോളിഡാരിറ്റി ചെയ്തിട്ടുണ്ട്. വളരെ നല്ല കാര്യം. അക്കൂട്ടത്തില്‍ ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം: ജനാധിപത്യവിരുദ്ധമായി നിരന്തരം പെരുമാറുന്ന താലിബാനെപ്പറ്റി ഇവര്‍ക്കെന്താണ് അഭിപ്രായം? ആ സംഘം സ്വന്തം ഭരണകാലത്ത് ബാമിയാന്‍കുന്നിലെ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും നിഷേധിച്ചപ്പോഴും ഈയിടെ അവര്‍ പാകിസ്താനിലെ സ്വാത്ത് താഴ്‌വാരത്തില്‍ സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ടു തകര്‍ത്തപ്പോഴും സോളിഡാരിറ്റിയുടെ പ്രതികരണം എന്തായിരുന്നു? 'സര്‍വലോകര്‍ക്കും അനുഗ്രഹമായി അയയ്ക്കപ്പെട്ട പ്രവാചകന്റെ' പേരില്‍ നടത്തിയ ആ ക്രൂരതകള്‍ക്കെതിരെ എന്ത് അഭിപ്രായരൂപീകരണമാണ് ഈ വിഭാഗം സംഘടിപ്പിച്ചിട്ടുള്ളത്? ബാബരിപ്പള്ളി തകര്‍ത്തത് അന്യായവും ബുദ്ധപ്രതിമ തകര്‍ത്തത് ന്യായവും ആയിത്തീരുന്നത് എവിടത്തെ ജനാധിപത്യമാണ്?6. ചര്‍ച്ചയ്ക്ക് വളരെ അസൗകര്യം ഉണ്ടാക്കുന്ന മറ്റൊരു വിഷയം: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിരന്തരം, നിരന്തരം പ്രവര്‍ത്തിക്കുന്ന കൂട്ടരാണ് സോളിഡാരിറ്റിക്കാര്‍. അവര്‍ അമേരിക്ക താങ്ങിനിര്‍ത്തുന്ന സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. മുതലായ അറബ്‌നാടുകളിലെ ഭരണകൂടങ്ങളെപ്പറ്റി എന്തുപറയുന്നു? രാജാധിപത്യമായതിനാല്‍ അവയൊന്നും ജനാധിപത്യത്തിന്റെ കണക്കില്‍പ്പെടാന്‍ വയ്യ. രാജാവിന്റെ മകന്‍ രാജാവ് എന്ന് അനന്തരാവകാശം കിട്ടുന്ന ഭരണത്തിന് ഇസ്‌ലാമില്‍ വകുപ്പില്ലാത്തതിനാല്‍ അവ ഇസ്‌ലാമികമാവാനും വയ്യ. ആ ജനവിരുദ്ധ ഭരണകൂടങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. എല്ലാ കച്ചവടത്തിലും കാണുന്നതിനു വിരുദ്ധമായി, വില്ക്കുന്നവര്‍ ചരക്കിന്റെ വില നിശ്ചയിക്കുന്നതിനു പകരം, ഗള്‍ഫുനാടുകളിലെ എണ്ണവില വാങ്ങുന്ന അമേരിക്ക നിശ്ചയിക്കുന്നു എന്നത് താത്പര്യസംരക്ഷണത്തിന് ഒരു ഉദാഹരണം. ഇറാഖിലേക്കുള്ള കടന്നുകയറ്റത്തിന് ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു എന്നത് വേറെ ഉദാഹരണം. ദാസ്യംകൊണ്ട് സാമ്രാജ്യത്വത്തിന്റെ ഭാഗം തന്നെയായ ഈ രാജഭരണകൂടങ്ങളെ സോളിഡാരിറ്റി അംഗീകരിക്കുന്നുണ്ടോ? ഇവിടത്തെ 'സാംസ്‌കാരികപ്രവര്‍ത്തന'ത്തിന് ആ കൂട്ടരില്‍നിന്ന് വല്ല ഫണ്ടും സ്വീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനകത്തെ ജനാധിപത്യമൂല്യവും ഇസ്‌ലാമികധാര്‍മികതയും എന്താണ്?ഇവിടെ വരാവുന്ന ഒരെതിര്‍വാദം: സോളിഡാരിറ്റി മുസ്‌ലിംസമുദായത്തിന്റെ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതി, പൊതുപ്രശ്‌നങ്ങളില്‍ ഇടപെടേണ്ട എന്നു പറയുന്നത് ശരിയാണോ?

മറുപടി: ശരിയല്ല. ഞാന്‍ അങ്ങനെ പറയുന്നില്ല. മനുഷ്യസമൂഹത്തിന്റെ ഏതു പ്രശ്‌നത്തിലും പൊതുപ്രവര്‍ത്തകര്‍ ഇടപെടേണ്ടതുതന്നെ. പക്ഷേ, ചില പ്രത്യേകപ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്നത് നീതിയല്ല എന്നെനിക്കു വാദമുണ്ട്. ആ പ്രശ്‌നങ്ങളില്‍ അനീതിക്കു വിധേയരാവുന്നവരെ അതില്‍ത്തന്നെ തളച്ചിടാന്‍ ഇപ്പറഞ്ഞ മൗനം ഉപകാരപ്പെടും. അതിനെ എതിര്‍ക്കേണ്ടതല്ലയോ?ഇതൊക്കെ നീലകണ്ഠനെപ്പോലുള്ളവര്‍ സ്വയം ചോദിക്കുന്നത് നന്ന്; സമരപ്പന്തലില്‍ ഒപ്പം ഇരിക്കുന്ന 'സോളിഡാരിറ്റിസഖാവി'നോടു ചോദിക്കുന്നതും കൊള്ളാം.

മതപാരമ്പര്യവുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ഇല്ലാത്ത ബേജാറിനാല്‍ മറ്റു സംഗതികള്‍ വരുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും ഉള്ളറകള്‍ ഇങ്ങനെ കത്തിയാളുന്നത് എന്തുകൊണ്ടാണ് എന്ന സംശയത്തിനു മറുപടി കിട്ടാന്‍ കേരളത്തിലെ പൊതുമണ്ഡലത്തിന് അവകാശമുണ്ട്. അവരോടും കൂടെയുള്ളവരോടും ഞങ്ങള്‍ അതു

ചോദിച്ചുകൊണ്ടേയിരിക്കും...

- മാതൃഭൂമി ആഴ്ചപ്പതിപ്പ്: 18-24 ഒക്‌ടോബര്‍ 2009(മാതൃഭൂമി പ്രസിദ്ധീകരിച്ച ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന പുസത്കത്തില്‍ നിന്ന് )

Followers