സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, July 25, 2011

മാരീചന്റെ മാന്‍പേടയെപ്പോലെ അകന്നകന്നുപോകുന്ന രാഹുല്‍

ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പണ്ഡിതന്മാരും മാധ്യമ പ്രമാണികളും പ്രതിപക്ഷനേതാക്കളും ഏറ്റവും കുറഞ്ഞത്‌ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിക്കൊണ്ടിരുന്ന പ്രവചനങ്ങളും വിലയിരുത്തലുകളും യാഥാര്‍ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തതായിരുന്നു എന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ഇക്കാലമത്രയും പറയാനുണ്ടായിരുന്നത്‌ അധികാര രാഷ്‌ട്രീയത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആരോഹണത്തെക്കുറിച്ചു മാത്രമായിരുന്നു.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന മട്ടിലാണ്‌ എല്ലാവരും പ്രവചിച്ചുകൊണ്ടിരുന്നത്‌. അവര്‍ പറഞ്ഞുകൊണ്ടിരുന്നത്‌ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പിന്നീട്‌ പ്രധാനമന്ത്രിയാക്കാനാണു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു.

പക്ഷേ, ഈയിടെ കേന്ദ്രമന്ത്രിസഭ അഴിച്ചുവാര്‍ത്ത അവസരത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചത്‌ അടുത്ത തെരഞ്ഞെടുപ്പുവരെ ഇനിയൊരു മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്നാണ്‌. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധി മന്ത്രിസഭാരാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കാന്‍ തയാറെടുത്തുകഴിഞ്ഞു എന്ന വാദത്തിന്‌ അടുത്ത മൂന്നുവര്‍ഷത്തേക്കെങ്കിലും പ്രസക്‌തി നഷ്‌ടപ്പെട്ടുകഴിഞ്ഞു.

നമ്മില്‍ പലര്‍ക്കും എന്ത്‌ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ശരി, കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയ്‌ക്ക് സോണിയാ ഗാന്ധിക്കും അവരുടെ പുത്രന്‍ രാഹുല്‍ ഗാന്ധിക്കും ഏതുനിമിഷവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയും ഭരണമുന്നണിയിലെ സഖ്യകക്ഷികളും അതിനെ പിന്താങ്ങുകയും ചെയ്യുമായിരുന്നു. വേണമെങ്കില്‍ പുത്രി പ്രിയങ്കാ ഗാന്ധിയെയും കേന്ദ്രമന്ത്രിയോ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയോ ആക്കുകയും ചെയ്യാമായിരുന്നു. വെള്ളിത്തളികയില്‍ രജതചഷകം പോലെയാണ്‌ ഈ അധികാരസ്‌ഥാനങ്ങള്‍ ഗാന്ധികുടുംബത്തിന്റെ നേരേ കോണ്‍ഗ്രസ്‌ പാര്‍ട്ടി വച്ചുനീട്ടിയത്‌. അതൊന്നുംതന്നെ അവര്‍ സ്വീകരിച്ചില്ല എന്നതാണ്‌ വാസ്‌തവത്തില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും കൗതുകകരമായ കാര്യം.

അതേപോലെതന്നെ, കേരളത്തില്‍ ഇടതുപക്ഷമുന്നണിയിലും ഭാരതീയ ജനതാപാര്‍ട്ടിയിലുമുള്ള നേതാക്കള്‍, പ്രത്യേകിച്ച്‌ യുവജന നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നതു രാഷ്‌ട്രീയക്കാരനല്ലാത്ത പ്രധാനമന്ത്രിയെന്നാണ്‌. എന്നുവച്ചാല്‍ അതിന്റെ അര്‍ഥം അദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തകനായല്ല പിറന്നുവീണതെന്നാണ്‌. അല്ലെങ്കില്‍ രാഷ്‌ട്രീയം അറിയാത്ത വ്യക്‌തി എന്നാണ്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കക്ഷത്തില്‍ രശീതുതുണ്ടുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയയാളല്ല സിംഗ്‌. അദ്ദേഹം ലോകബാങ്കിലായിരുന്നു. പിന്നീട്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഗവര്‍ണറായിരുന്നു. അതിനുശേഷം ആസൂത്രണ കമ്മിഷന്റെ വൈസ്‌ ചെയര്‍മാനുമായിരുന്നു. അതിനെല്ലാം ശേഷമാണ്‌ 1991-ല്‍ അധികാരമേറ്റ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ അഭ്യര്‍ഥനയനുസരിച്ച്‌ അദ്ദേഹം ഇന്ത്യയുടെ ധനമന്ത്രിപദം ഏറ്റെടുത്തത്‌. പിന്നീട്‌ 2004-ല്‍ കോണ്‍ഗ്രസിന്‌ അധികാരം കിട്ടിയപ്പോള്‍ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. ഇക്കാലമത്രയും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. എന്നുമാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ നിര്‍ണായക രാഷ്‌ട്രീയസമിതികളിലും അദ്ദേഹം സജീവാംഗമായിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രാഥമികാംഗങ്ങള്‍ക്കുവരെ മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രീയം അറിയാത്ത ഒരാളാണ്‌. ഈ വികലമായ കാഴ്‌ചപ്പാടുകളൊക്കെയാണ്‌ ഒരുപക്ഷേ രാഷ്‌ട്രീയം ഉപജീവനമാര്‍ഗമായെടുത്തിട്ടുള്ള ഇന്ത്യയിലെ പൊതുപ്രവര്‍ത്തകരുടെ ഏറ്റവും വലിയ ബലഹീനത.

ഇന്ത്യയിലെ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയം കുടുംബാധിപത്യമാണ്‌. അതിന്റെ കേന്ദ്രബിന്ദു നെഹ്‌റു കുടുംബമായിരുന്നു. ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു വളരെ ആസൂത്രിതമായാണു മകള്‍ ഇന്ദിരാ ഗാന്ധിയെ വളര്‍ത്തിയെടുത്തത്‌. അതിനുശേഷം പ്രധാനമന്ത്രിപദത്തിലെത്തിയ ഇന്ദിരാഗാന്ധി തന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത്‌ ഇളയ പുത്രന്‍ സഞ്‌ജയ്‌ ഗാന്ധിയെയാണ്‌. സഞ്‌ജയ്‌ ഗാന്ധിയുടെ ആകസ്‌മികമായ അപമൃത്യു രാജീവ്‌ ഗാന്ധിയെ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിച്ചു. രാജീവ്‌ഗാന്ധിയുടെ അപമൃത്യുവിനുശേഷം പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായെങ്കിലും പിന്നീടു രാജീവിന്റെ വിധവ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കു പാര്‍ട്ടിനേതാക്കള്‍തന്നെ കൊണ്ടുവരികയായിരുന്നു.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ പ്രധാനമന്ത്രിപദത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണക്കുകൂട്ടല്‍. അനായാസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സോണിയാ ഗാന്ധിക്കു കഴിയുമായിരുന്നു. അവരതിനു തയാറായില്ല. വെള്ളിത്തളികയിലെന്നവണ്ണം പ്രധാനമന്ത്രിപദം മുമ്പില്‍ നീട്ടിയിട്ടും സോണിയാ ഗാന്ധി അതു നിരസിച്ചപ്പോള്‍ അവരോടു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ്‌ മഞ്ഞുപോലെ ഉരുകിപ്പോവുകയും ചെയ്‌തു.പക്ഷേ, അപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ ഭാരതീയ ജനതാപാര്‍ട്ടി ഉയര്‍ത്തിയ ആരോപണം കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി പുത്രന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുന്നതിന്‌ സോണിയാ ഗാന്ധി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.

പുത്രി പ്രിയങ്ക വാധ്രയെ പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ടുവരുന്നതിനു സോണിയ കരുനീക്കങ്ങള്‍ നടത്തുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. അതെന്തായാലും താല്‍ക്കാലികമായിട്ടാണെങ്കിലും പ്രിയങ്ക ഇപ്പോള്‍ ഇന്ത്യയിലേതാണ്ടു വിസ്‌മരിക്കപ്പെട്ട നിലയിലാണ്‌. ഒരു ഘട്ടത്തില്‍ നാടകീയമായി പ്രിയങ്കയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്നുകൂടായ്‌കയില്ല. അതാണല്ലോ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നാടകീയത.

എന്തായാലും ഏറ്റവും ഒടുവിലത്തെ സംഭവവികാസം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യത്തെപ്പറ്റി ആരോപണമുന്നയിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്‌ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ്‌. ഭാര്യയേയും മക്കളേയും രാഷ്‌ട്രീയത്തിലും അധികാരത്തിലും ഉയര്‍ത്തിക്കൊണ്ടുവരാത്ത എത്ര നേതാക്കളാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌! ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ എല്ലാ സംസ്‌ഥാനങ്ങളിലും മിക്കവാറും എല്ലാ നേതാക്കളുടെയും മക്കള്‍ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിക്കഴിഞ്ഞു. അതും പിതാക്കന്മാരുടെ പരസ്യമായ പിന്തുണയോടെതന്നെ. അതില്‍ കക്ഷിവ്യത്യാസം കാണാന്‍ കഴിയില്ല.

ജമ്മുകാശ്‌മീരില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഫറൂഖ്‌ അബ്‌ദുള്ളയുടെ പുത്രന്‍ ഒമര്‍ അബ്‌ദുള്ളയാണു മുഖ്യമന്ത്രി. പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി. സഖ്യം മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്റെ പുത്രന്‍, ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ പുത്രന്‍ ചൗതാല, മഹാരാഷ്‌ട്രയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ പുത്രി, ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പുത്രന്‍, കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ പുത്രന്‍, മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ പുത്രന്‍, തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മക്കള്‍, ആന്‌ധ്രാപ്രദേശില്‍ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ പുത്രന്‍, ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായംസിംഗിന്റെ പുത്രന്‍, ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ ഭാര്യ അങ്ങനെപോകുന്നു ഈ നീണ്ട പട്ടിക. ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയില്‍നിന്നുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ മിലിന്ദ്‌ ദേവ്‌റ കേന്ദ്രമന്ത്രിസഭയിലെത്തി.

രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യത്തെ ഏറ്റവുംകൂടുതല്‍ എതിര്‍ത്തിരുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്)യിലുമായി കുടുംബാധിപത്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോടൊപ്പം ഭാര്യ വൃന്ദാ കാരാട്ടും പാര്‍ട്ടിയുടെ പരമാധികാര സമിതിയായ പോളിറ്റ്‌ ബ്യൂറോയില്‍ അംഗങ്ങളായി. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്‌ഥയായിരുന്ന വൃന്ദാ കാരാട്ട്‌ പോളിറ്റ്‌ ബ്യൂറോയിലെത്തിയതു സമരപാരമ്പര്യത്തിന്റെ അടിസ്‌ഥാനത്തിലാണെന്നു പാര്‍ട്ടി സഖാക്കള്‍ വാദിക്കും. പക്ഷേ, പാര്‍ട്ടിയിലെ എല്ലാ സമരമുഖങ്ങളിലും നേതൃത്വം നല്‍കിയ സുഭാഷിണി അലിക്ക്‌ ആ പദവിയിലെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള സുഭാഷിണി യു.പി.യിലെ കാണ്‍പുര്‍ നിയോജകമണ്ഡലത്തില്‍നിന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ലോക്‌സഭയിലേക്കു വിജയിച്ച സി.പി.എം. നേതാവാണെന്നോര്‍ക്കണം. അങ്ങനെനോക്കുമ്പോള്‍ ഏതു പാര്‍ട്ടിയിലാണ്‌ കുടുംബാധിപത്യം ഇല്ലാത്തതെന്ന കാര്യത്തില്‍ ഗവേഷണം നടത്തേണ്ടിവരും.

ഒരുപക്ഷേ, കുടുംബാധിപത്യം സ്‌ഥാപിക്കാത്ത മുഖ്യമന്ത്രിമാര്‍ ഉത്തര്‍പ്രദേശിലെ മായാവതിയും ബംഗാളിലെ മമതാ ബാനര്‍ജിയും തമിഴ്‌നാട്ടിലെ ജയലളിതയും മറ്റുമായിരിക്കും. അവര്‍ അവിവാഹിതരായതുകൊണ്ട്‌ ആ പഴി ഏതായാലും കേള്‍ക്കേണ്ടിവരില്ല.

ഒന്നു തീര്‍ച്ച, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യമെന്നത്‌ ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞതുകൊണ്ട്‌ ഇനി രാഹുല്‍ ഗാന്ധിയെ ഓര്‍ത്ത്‌ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നതിലും അര്‍ഥമില്ല.

No comments:

Followers