സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Thursday, February 24, 2011

നിയമസഭയുടെ പ്രമേയം ലജ്‌ജാകരം, അപമാനകരം

കേരളത്തെ പല കാര്യങ്ങളിലും കേന്ദ്രം അവഗണിക്കുന്നുണ്ടെന്നത്‌ യാഥാര്‍ഥ്യമാണ്‌. പക്ഷേ, ആ അവഗണനയ്‌ക്കെതിരേ കേരള നിയമസഭ പ്രമേയത്തിലൂടെ പ്രതിഷേധിച്ചിട്ടില്ല. പക്ഷേ, ഇക്കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ചു സംസ്‌ഥാന നിയമസഭ പ്രമേയം പാസാക്കി. സത്യസന്ധമായി പറഞ്ഞാല്‍ ആ നിയമസഭാ പ്രമേയം അജ്‌ഞതയുടേയും മന്ത്രിമാരുടെ അല്‍പത്തത്തിന്റേയും പരസ്യ വിളംബരമായിരുന്നു.

എന്തെല്ലാമായിരുന്നു കേന്ദ്ര അവഹേളനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോടൊപ്പം മുഖ്യമന്ത്രി അച്യുതാനന്ദനെ വെല്ലിംഗ്‌ഡണ്‍ ഐലന്‍ഡിലെ ടാറ്റയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചില്ല, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്‌ഘാടനച്ചടങ്ങിനോട്‌ അനുബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കൊടുത്തില്ല, ചടങ്ങില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ എസ്‌. ശര്‍മയേയും ജോസ്‌ തെറ്റയിലിനേയും സ്‌റ്റേജില്‍ കയറ്റിയിരുത്തിയില്ല, തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ ബ്രഹ്‌മോസ്‌ മിസൈല്‍ അസംബ്ലി കോംപ്ലക്‌സ് പ്രധാനമന്ത്രി സന്ദര്‍ശിച്ച അവസരത്തില്‍ മന്ത്രിമാരായ എളമരം കരീം, എം. വിജയകുമാര്‍, സി. ദിവാകരന്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരെ കൂടെ കൊണ്ടുപോയില്ല എന്നിവയാണത്രേ കേരളത്തോടു കേന്ദ്രം നടത്തിയ അവഹേളനം. ഇതേച്ചൊല്ലി ഒരു പ്രമേയം നിയമസഭയേക്കൊണ്ടു പാസാക്കിക്കാന്‍ ഇടനല്‍കിയ കാര്യത്തില്‍ സംസ്‌ഥാനത്തെ പോലീസ്‌ മേധാവികളും ഉയര്‍ന്ന ഗവണ്‍മെന്റ്‌ സെക്രട്ടറിമാരും നിരുത്തരവാദിത്തം കാണിച്ചുവെന്നാണ്‌ എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയേയും മറ്റും വേണ്ട സമയത്ത്‌ ഉദ്യോഗസ്‌ഥ മേധാവികള്‍ ഉപദേശിക്കാതിരുന്നതു മന്ത്രിമാരെ അവഹേളിക്കാനായിരുന്നോ എന്നു ഞാന്‍ സംശയിക്കാതിരിക്കുന്നില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു ബോധവാന്മാരല്ല എന്നാണു നമുക്കു മനസിലാക്കേണ്ടി വരുന്നത്‌. വിധ്വംസക പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്‌ട്രപതിയുടേയും സുരക്ഷയ്‌ക്ക് ഏറ്റവും വലിയ പ്രാധാന്യമാണുള്ളത്‌. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടേയും മറ്റും യാത്രയും ചടങ്ങുകളും ദിവസങ്ങള്‍ക്കു മുമ്പുതന്നെ രഹസ്യാന്വേഷണ വിഭാഗവും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ മേധാവികളും മറ്റും ചേര്‍ന്നു ഡല്‍ഹിയിലാണു തീരുമാനിക്കുന്നത്‌.

വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരിലും നേതാക്കളിലും ആര്‍ക്കെല്ലാം സമീപത്തു ചെല്ലാം, ആര്‍ക്കെല്ലാം പൂച്ചെണ്ടുകള്‍ കൊടുക്കാം, ആര്‍ക്കെല്ലാം സ്‌റ്റേജില്‍ കയറാം തുടങ്ങിയ കാര്യങ്ങള്‍. ആ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ 'ബ്ലൂബുക്ക്‌' പ്രധാനമന്ത്രി ചെല്ലുന്ന സംസ്‌ഥാനത്തെ പോലീസ്‌ മേധാവിക്കു ലഭിക്കും. ആ നിര്‍ദേശങ്ങളില്‍നിന്ന്‌ അണുവിട മാറാന്‍ സംസ്‌ഥാന മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പറഞ്ഞാല്‍ പോലും പോലീസ്‌ മേധാവികള്‍ സമ്മതിക്കുകയില്ല. കാരണം, പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചുമതലപ്പെട്ട പോലീസ്‌ മേധാവികള്‍ക്കു മാത്രമായിരിക്കും. ആ സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചു മുഖ്യമന്ത്രിമാര്‍ പരാജയപ്പെട്ടിട്ടുള്ള എത്രയോ സംഭവമുണ്ടായിട്ടുണ്ട്‌.

ഒരു ഉദാഹരണം. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1987-ല്‍ കൊച്ചി സന്ദര്‍ശിച്ചു. ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ്‌ കെ. കരുണാകരന്‍, കെ.പി.സി.സി. പ്രസിഡന്റ്‌ എ.കെ. ആന്റണി തുടങ്ങിയവര്‍ക്കും മാത്രമാണു പ്രധാനമന്ത്രി ഇറങ്ങിവരുന്ന വിമാന ഗോവണിയുടെ സമീപത്തു പോകാന്‍ അന്നു പോലീസ്‌ അനുവാദം നല്‍കിയത്‌. പത്രലേഖകരേയും പ്രസ്‌ ഫോട്ടോഗ്രാഫര്‍മാരേയും അനുവദിച്ചില്ല. കേന്ദ്ര ചാരസംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗി(റോ)ല്‍ വരെ സേവനമനുഷ്‌ഠിച്ചിട്ടുള്ള സീനിയര്‍ പോലീസ്‌ സൂപ്രണ്ട്‌ എം.സി. ഗീവര്‍ഗീസിനായിരുന്നു സുരക്ഷയുടെ ചുമതല. പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ക്കെല്ലാം വിമാനത്തിനു സമീപത്തേക്കു പോകാന്‍ അനുമതി നല്‍കണമെന്നു കെ. കരുണാകരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുവാദം വേണം എന്നതായിരുന്നു കരുണാകരന്റെ നിലപാട്‌. അതേ സമീപനമായിരുന്നു പത്രലേഖക സംഘത്തിനും. പക്ഷേ, ഗീവര്‍ഗീസ്‌ അനുമതി നല്‍കിയില്ല.

പ്രധാനമന്ത്രിയുടെ വിമാനം വന്നിറങ്ങിയപ്പോള്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളോടും തന്നോടൊപ്പം വരാന്‍ കരുണാകരന്‍ ആംഗ്യം കാണിച്ചു. അവരോടൊപ്പം പത്രലേഖക സംഘവും കൂടി. ഉടനെ പ്ലാസ്‌റ്റിക്‌ ചരടു വലിച്ചുകെട്ടി പോലീസ്‌ അവരെയെല്ലാം തടഞ്ഞുനിര്‍ത്തി. സ്വീകരണച്ചടങ്ങു കഴിഞ്ഞപ്പോള്‍ പത്രക്കാരുടേയും കോണ്‍ഗ്രസ്‌ നേതാക്കളുടേയും വലിയ പ്രതിഷേധമുയര്‍ന്നു. നേതാക്കളേയും പത്രക്കാരേയും പ്ലാസ്‌റ്റിക്‌ ചരടിട്ടു പിടിച്ച ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥന്റെ പേരില്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി നായനാര്‍ തിരുവനന്തപുരത്തു ചെന്നപ്പോള്‍ പ്രസ്‌താവിച്ചു.

ഇതേത്തുടര്‍ന്ന്‌ ഉടനടി തിരുവനന്തപുരത്തു ചെല്ലാന്‍ പോലീസ്‌ സൂപ്രണ്ട്‌ ഗീവര്‍ഗീസിനോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെത്തിയ ഗീവര്‍ഗീസ്‌ ബ്ലൂബുക്കും മറ്റു രേഖകളും കൂടാതെ ഒരു ഫോട്ടോയും കൂടെ കൊണ്ടുപോയിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുന്നവരെ പ്ലാസ്‌റ്റിക്‌ ചരടിട്ടു തടയണമെന്നും മറ്റുമുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും നിര്‍ദേശങ്ങളെല്ലാം വിവരിച്ച ശേഷം തന്റെ കൈവശമുള്ള ഫോട്ടോഗ്രാഫ്‌ മുഖ്യമന്ത്രിയെ ഗീവര്‍ഗീസ്‌ കാണിച്ചു.ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിക്കുന്നതായിരുന്നു ചിത്രം.

ഇന്ദിരാഗാന്ധി മാത്രം വിമാനത്തിനരികില്‍. മറ്റുള്ളവരെയെല്ലാം വളരെ ദൂരെ പ്ലാസ്‌റ്റിക്‌ ചരടിട്ടു തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. തടഞ്ഞുനിര്‍ത്തപ്പെട്ട കേന്ദ്രമന്ത്രിമാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സ്വരണ്‍സിംഗുമുണ്ടായിരുന്നു എന്നതാണു സവിശേഷത. കൊച്ചിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമായിരിക്കും ഉത്തരം പറയേണ്ടി വരികയെന്നു ഗീവര്‍ഗീസ്‌ വിശദീകരിച്ചു കൊടുത്തു.

പത്രങ്ങളായ പത്രങ്ങളെല്ലാം സംസ്‌ഥാന സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അപ്പാടെ പാളിപ്പോയി എന്ന ആരോപണം ഉന്നയിക്കുമെന്ന കാര്യം എസ്‌.പി. ചൂണ്ടിക്കാട്ടി. ഉടനെ പത്രക്കാരെ വിളിച്ചുവരുത്താനാണു മുഖ്യമന്ത്രി പറഞ്ഞത്‌. പത്രക്കാര്‍ വന്നപ്പോള്‍ നായനാര്‍ പറഞ്ഞു. ''വേണ്ടിവന്നാല്‍ ഇനിയും പത്രക്കാരേയും നേതാക്കളേയും പ്ലാസ്‌റ്റിക്‌ ചരടിട്ടു പിടിക്കും. പോലീസ്‌ വരയ്‌ക്കുന്ന വരയ്‌ക്കു പുറത്തു പോകാന്‍ ആരും ശ്രമിക്കേണ്ട.'' നായനാരുടെ വാക്കുകള്‍ കേട്ടു പത്രക്കാര്‍ക്കു തല കുനിക്കേണ്ടിവന്നു.

രാജ്യത്താകെ വലിയ പ്രത്യാഘാതമുണ്ടാക്കുമായിരുന്ന ഒരു ദുരന്തം 1991 മേയ്‌ മാസം കൊച്ചിയില്‍ വച്ച്‌ ഒഴിവാക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാജീവ്‌ഗാന്ധി അന്ന്‌ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തിന്റെ വേദിയിലേക്കു കടക്കാന്‍ കെ. കരുണാകരനേയും മറ്റുചില നേതാക്കളേയും മാത്രമേ പോലീസ്‌ അനുവദിച്ചുള്ളൂ.

അന്നും ഇ.കെ. നായനാര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. തങ്ങള്‍ അനുവദിക്കുന്ന നേതാക്കളെ മാത്രമേ രാജീവ്‌്ഗാന്ധിയെ ഹാരമണിയിക്കാന്‍ അനുവദിക്കൂ എന്നു ബന്ധപ്പെട്ട പോലീസ്‌ മേധാവി കര്‍ശന നിര്‍ദേശം നല്‍കി. ഞങ്ങളുടെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവരെയൊന്നും പോലീസ്‌ നിയന്ത്രിക്കാന്‍ നോക്കേണ്ട എന്നു പറഞ്ഞു കരുണാകരന്‍ ക്ഷുഭിതനായി. പക്ഷേ, പോലീസ്‌ മേധാവി കുലുങ്ങിയില്ല. രാജീവ്‌ഗാന്ധിക്ക്‌ എല്‍.ടി.ടി.ഇയില്‍നിന്നു വധഭീഷണിയുണ്ട്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കേണ്ടതു ഞങ്ങളുടെ കടമയാണ്‌, വ്യക്‌തമായ ബ്ലൂബുക്ക്‌ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്കുണ്ട്‌. പോലീസ്‌ മേധാവി വിശദീകരിച്ചു. പോലീസ്‌ കര്‍ശനമായി നിര്‍ദേശിച്ചതു കരുണാകരനും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

അതുകഴിഞ്ഞ്‌ നവംബര്‍ 21-നു ശ്രീപെരുമ്പത്തൂരില്‍ വച്ചു പൂച്ചെണ്ടു സ്വീകരിക്കുമ്പോള്‍ എല്‍.ടി.ടി.ഇയുടെ ബോംബു സ്‌ഫോടനത്തില്‍ രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടു. അതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ കൂടുതല്‍ വിവരം പുറത്തു വന്നപ്പോള്‍ കേരളാ പോലീസ്‌ ഞെട്ടി. കൊച്ചിയില്‍ വച്ചു രാജീവ്‌ഗാന്ധിയെ വധിക്കാനായിരുന്നു എല്‍.ടി.ടി.ഇയുടെ പരിപാടി. രാജീവ്‌ കൊച്ചിയിലെത്തുമ്പോള്‍ ശുഭയടക്കമുള്ള എല്‍.ടി.ടി.ഇ. നേതാക്കള്‍ എറണാകുളത്ത്‌ ചിറ്റൂര്‍ റോഡിലെ ലോഡ്‌ജില്‍ പത്തുദിവസമായി ഇതിനുവേണ്ടി തങ്ങുകയായിരുന്നു.

ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പോലീസിന്റെ സുരക്ഷാസംവിധാനം കാരണം അതു നടപ്പാക്കാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ വച്ചായിരുന്നു രാജീവിന്റെ വധമെങ്കില്‍ എന്താകുമായിരുന്നു കരുണാകരന്റേയും മറ്റും ആക്രോശം? ഇന്നത്തെ ഗുരുതരമായ സ്‌ഥിതിയില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഏതു കര്‍ശന നിയന്ത്രണത്തിനും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നേതാക്കളുമെല്ലാം വഴങ്ങിയേ മതിയാകൂ.

മുഖ്യമന്ത്രി അച്യുതാനന്ദനു ടാജ്‌ നക്ഷത്ര ഹോട്ടലില്‍ മന്‍മോഹന്‍ സിംഗുമൊത്തു താമസിക്കാനുള്ള മോഹത്തിനു ഭംഗം വരുത്തിയതും ഈ ബ്ലൂബുക്ക്‌ നിര്‍ദേശങ്ങള്‍തന്നെയാണ്‌. പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറിയുടെ രണ്ടു ഭാഗത്തുമുള്ള മുറികള്‍ ഒഴിച്ചിടണം. ആ മുറിയുടെ മുകള്‍ നിലയിലും താഴത്തെ നിലയിലുമുള്ള മുറികള്‍ ഒഴിച്ചിടണം. മറ്റു മുറികളില്‍ എസ്‌.പി.ജി. ഭടന്മാരാണു താമസിക്കുക. അവരുടെ ശ്രദ്ധ പ്രധാനമന്ത്രിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മാത്രമാണ്‌. അല്ലെങ്കില്‍തന്നെ ഇന്ത്യയിലെ നക്ഷത്രസൗകര്യങ്ങളുള്ള മികച്ച സര്‍ക്കാര്‍ ഗസ്‌റ്റ് ഹൗസ്‌ സമുച്ചയം കൊച്ചിയിലുള്ളപ്പോള്‍ മുതലാളിത്ത ബൂര്‍ഷ്വയും തന്റെ പ്രഖ്യാപിത ശത്രുവുമായ ടാറ്റായുടെ നക്ഷത്രഹോട്ടലില്‍ പോകണമെന്നു തൊഴിലാളിവര്‍ഗ നേതാവായ അച്യുതാനന്ദന്‍ ആഗ്രഹിക്കുന്നതു ശരിയല്ലല്ലോ?

വല്ലാര്‍പാടത്തെ ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി ശര്‍മയ്‌ക്കും ജോസ്‌ തെറ്റയിലിനും സ്‌റ്റേജില്‍ ഇടം കിട്ടാതിരുന്നതിന്റെ രഹസ്യവും ഡല്‍ഹിയില്‍ വച്ചു നേരത്തെ തീരുമാനിക്കപ്പെട്ട രക്ഷാസംവിധാനത്തിന്റെ ഭാഗമാണെന്ന്‌ അവര്‍ക്കു മനസിലാക്കാന്‍ കഴിയാതെപോയി. പിന്നെ ബ്രഹ്‌മോസ്‌ മിസൈല്‍ കേന്ദ്രത്തില്‍ നാലു മന്ത്രിമാരെ തടഞ്ഞ കാര്യം. ഈ നാലു മന്ത്രിമാരും അന്നു നേരത്തേ അവിടെയെത്തി ആ കേന്ദ്രമെല്ലാം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയോടൊപ്പം വീണ്ടും കയറണമെന്ന്‌ അവര്‍ക്കു മോഹമുണ്ടായി.

പക്ഷേ, എസ്‌.പി.ജി. അനുവദിച്ചില്ല. പ്രധാനമന്ത്രിയോടൊപ്പംവീണ്ടും കയറുമ്പോള്‍ ടെലിവിഷനിലും പത്രങ്ങളിലുംമന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുമല്ലോ? പത്രത്തിലും ടെലിവിഷനിലും മുഖം കാണിക്കാനുള്ള കേരളത്തിലെ മന്ത്രിമാരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ആര്‍ത്തി അസഹനീയമായി മാറുകയാണ്‌.

അതുതന്നെ കേന്ദ്രസര്‍ക്കാരിന്റെ പത്രപരസ്യത്തില്‍ ഫോട്ടോ വരാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും. അതിന്റെ പേരില്‍ നിയമസഭ പ്രമേയം പാസാക്കുന്നതിനു പകരം കേന്ദ്രത്തിനു മുഖ്യമന്ത്രി പ്രതിഷേധക്കത്തയയ്‌ക്കുകയാണു ചെയ്യേണ്ടിയിരുന്നത്‌. അല്ലെങ്കില്‍ത്തന്നെ കുറേ നാളായി തുടര്‍ച്ചയായി എല്ലാ ദിവസവും സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മുഖം കണ്ടുകണ്ടു കേരളീയരുടെ കണ്ണു പുളിക്കുകയാണെന്നുള്ളതാണു ലജ്‌ജാകരമായ സത്യം. സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിസഭ ഇത്രയധികം പത്രപ്പരസ്യം നല്‍കിയ കാലഘട്ടമുണ്ടയിട്ടുണ്ടോ?

പലപ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിലയിടിക്കുന്നതിനു മനഃപൂര്‍വം ചില ഉന്നത ഉദ്യോഗസ്‌ഥ മേധാവികള്‍ വഴിയൊരുക്കുകയാണെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. കഴിഞ്ഞ പഞ്ചായത്ത്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്തു മന്ത്രിസഭ ഒരു തീരുമാനമെടുത്തു. അതു മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. ആ ദിവസങ്ങളില്‍ വലിയ വെള്ളപ്പൊക്കക്കെടുതികളെ നേരിട്ടുകൊണ്ടിരുന്ന പാകിസ്‌താന്‌ അഞ്ചുകോടി രൂപ ദുരിതാശ്വാസം നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനമായിരുന്നു അത്‌. സംസ്‌ഥാനത്തെ മുസ്ലിംകളുടെ വോട്ട്‌ ഇടതുമുന്നണിക്ക്‌ അനുകൂലമാക്കി തിരിക്കാന്‍ കഴിയുമെന്ന തെറ്റായ കണക്കുകൂട്ടലായിരുന്നു അതിന്റെ പിന്നില്‍. സംസ്‌ഥാനത്തെ മുസ്ലിംകള്‍ പാകിസ്‌താനോട്‌ അത്ര കൂറു കാണിക്കുന്നവരാണെന്നാണോ ഇടതുമുന്നണി കണക്കുകൂട്ടിയിരിക്കുന്നത്‌?

അങ്ങനെയൊരു തീരുമാനമെടുക്കരുതെന്നു കാര്യവിവരമുള്ള ചീഫ്‌ സെക്രട്ടറി തീര്‍ച്ചയായും മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നു. അതിനു രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്‌ പാകിസ്‌താന്‌ അന്‍പതു കോടി രൂപയുടെ ദുരിതാശ്വാസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നു. ഇന്ത്യയുടെ സഹായം നിരസിക്കുകയാണു പാകിസ്‌താന്‍ ചെയ്‌തത്‌.

അതു മനസിലാക്കിക്കൊണ്ടുതന്നെ പാകിസ്‌താനു സംഭാവന നല്‍കുന്നതിനു കേരള മന്ത്രിസഭ തീരുമാനിക്കാന്‍ പാടില്ലായിരുന്നു. ഒരു സംസ്‌ഥാന സര്‍ക്കാരിനു നേരിട്ട്‌ ഒരു വിദേശരാജ്യത്തിനു സംഭാവന നല്‍കാന്‍ കഴിയില്ല. അതിനു കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ്‌ ബാങ്കിന്റേയും മറ്റും അനുമതി കൂടിയേ തീരൂയെന്നു മന്ത്രിമാര്‍ക്കറിയില്ലെങ്കിലും ഐ.എ.എസ്‌ ഉദ്യോഗസ്‌ഥര്‍ക്കറിയാം. അതുകൊണ്ടു മന്ത്രിസഭയുടെ തീരുമാനത്തിലെ വിഡ്‌ഢിത്തരം അവര്‍ക്കറിയാമായിരുന്നു. പക്ഷേ, അവര്‍ മനഃപൂര്‍വം കണ്ണടച്ചതാവണം.

എന്തായാലും അഞ്ചുകോടി രൂപ പാകിസ്‌താനു നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ആ ലജ്‌ജാകരമായ അധ്യായം ജനങ്ങളായ നമുക്കു മനഃപൂര്‍വം മറന്നുകളയാം.

കെ.എം. റോയ്‌

Saturday, February 19, 2011

എന്തൊരു തലവിധി

ഇന്ദ്രന്‍


അഴിമതിക്കേസ്സില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ മന്ത്രി എന്ന പേരിലാവില്ല ആര്‍. ബാലകൃഷ്ണപ്പിള്ള ഗിന്നസ് ബുക്കില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ സ്വീകരണം ലഭിച്ച ആദ്യത്തെ മന്ത്രി എന്ന പേരിലാവും. അത് വലിയ യോഗ്യത തന്നെയാണ്. കഷ്ടകാലത്തിന് അദ്ദേഹത്തെ കോടതി വെറുതെ വിടുകയാണ് ചെയ്തിരുന്നതെങ്കില്‍ യു.ഡി.എഫുകാര്‍ കൊട്ടാരക്കരയില്‍ സ്വീകരണമൊന്നും സംഘടിപ്പിക്കുമായിരുന്നില്ല. ബാലകൃഷ്ണപ്പിള്ള കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് കോടതി പറഞ്ഞിരുന്നതെങ്കില്‍ അതിലെന്താണ് ആവേശം കൊള്ളാനും വികാരം കൊള്ളാനുമുള്ളത്? ഒന്നുമില്ല. ശല്യമായി, ഇനി ഈ പിള്ളയ്ക്ക് സീറ്റും കൊടുക്കണം ജയിച്ചാല്‍ മന്ത്രിസ്ഥാനവും കൊടുക്കണം... എന്ന് തമ്മില്‍ പറയുകയേ ചെയ്യുമായിരുന്നുള്ളൂ യു.ഡി.എഫുകാര്‍.അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട നേതാവിന്റെ കഴുത്തില്‍ ഖദര്‍മാലയും ഖാദിത്തോര്‍ത്തും തന്നെയാവും കോണ്‍ഗ്രസ് നേതാക്കള്‍ അണിയിച്ചിരിക്കുക. സ്വര്‍ഗത്തിലുള്ള ഗാന്ധിജിക്ക് രോമാഞ്ചമുണ്ടാകാന്‍ ഖദര്‍തോര്‍ത്തുതന്നെ വേണം. സ്വീകരണം കിട്ടിയ ആള്‍ക്കും അതുകൊണ്ട് പ്രയോജനമുണ്ടാകും. റോഡിലിറങ്ങുമ്പോള്‍ തലയിലൂടെ ഇട്ടാല്‍ ആളറിയാതങ്ങ് പോവുകയും ചെയ്യാം. പണ്ടൊക്കെ നാട്ടുകാര്‍ക്കുവേണ്ടി സമരം ചെയ്തതിനും ജയിലില്‍ പോയതിനുമെല്ലാമാണ് സ്വീകരണം നല്‍കാറുള്ളത്. ഇപ്പോള്‍ അതൊന്നും വയ്യെന്നേ..... കൊലക്കേസ്സില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കാണ് സി.പി.എമ്മുകാര്‍ സ്വീകരണം നല്‍കാറുള്ളത്. പക്ഷേ, കൊലക്കേസ്സില്‍ ശിക്ഷിച്ചതിന്റെ പേരിലൊന്നും അവര്‍, പണ്ടൊരു സഹൃദയന്‍ പറഞ്ഞതുപോലെ, പൊതുയോഗം വിളിച്ച് ജഡ്ജിയുടെ പിതാവിനെ അനുസ്മരിക്കാറില്ല. അഴിമതിക്കാര്‍ക്ക് അതിനുള്ള ചാന്‍സ് അധികം കിട്ടാറില്ല. പത്ത് കൊലയുണ്ടായാല്‍ പത്ത് കൊലക്കേസ് എന്തായാലും ഉണ്ടാകും, രണ്ടിലെങ്കിലും ശിക്ഷയും ഉണ്ടാകും. അഴിമതി അങ്ങനെയല്ല. നൂറ് അഴിമതിയുണ്ടായാല്‍ അഞ്ച് അഴിമതിക്കേസ്സേ ഉണ്ടാകാറുള്ളൂ. അതിലൊന്നിലും ശിക്ഷയുണ്ടാകാറുമില്ല. അഴിമതി നടത്താത്തതുകൊണ്ടാണോ നേതാക്കന്മാരൊന്നും ജയിലില്‍ പോകാത്തത്. അല്ല, അതുകൊണ്ടാണ് കിട്ടിയ ആദ്യത്തെ ചാന്‍സ് ഉപയോഗപ്പെടുത്തിയത്. പേടിക്കാനില്ല. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ഒരു യു.ഡി.എഫ്. മന്ത്രിയും കേന്ദ്രത്തിലെയൊരു യു.പി.എ.മന്ത്രിയും ജയിലിലായിക്കഴിഞ്ഞു. അവരുടെ പരമ്പര പെരുകുന്ന എല്ലാ ലക്ഷണവും കാണാനുണ്ട്. സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നാടുനീളെ തുടങ്ങാം.

സി.പി.എമ്മിന്റെ നേതാക്കന്മാര്‍ മാത്രമേ കണ്ണൂരുകാര്‍ക്ക് അഭിമാനിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നുള്ളൂ എന്നൊരു പരാതി നേരത്തേ ഉണ്ടായിരുന്നതാണ്. അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് കയറിവന്നതാണ് കെ. സുധാകരന്‍. അടിപിടി, കുത്തുകൊല, ബോംബേറ്, വെടിവെപ്പ് തുടങ്ങിയവയില്‍ ജയരാജത്രയത്തെ വെല്ലുവിളിച്ച നേതാവാണ് സുധാകരന്‍. അപ്പോഴും നാലാളുകള്‍ കേട്ടാല്‍ അയ്യയ്യേ എന്നുപറയിപ്പിക്കുന്ന ഡയലോഗുകള്‍ വെച്ചുകാച്ചുന്നതില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നില്ല. കൊട്ടാരക്കര പ്രസംഗത്തോടെ അക്കാര്യത്തിലും സി.പി.എം. തോറ്റിരിക്കുന്നു. കോടതിവിധിയില്‍ ശുംഭത്തരം ആരോപിച്ച കണ്ണൂരുകാരനെ വീഴ്ത്തിയിരിക്കുകയാണ് ഈ കണ്ണൂരുകാരന്‍. കുത്തും കൊലയും കൊണ്ട് കണ്ണൂരില്‍ നേതാവാകാന്‍ പറ്റുമായിരിക്കാം. എക്കാലത്തും കണ്ണൂരിലെ പൊട്ടക്കിണറ്റില്‍ കഴിഞ്ഞുകൂടിയാല്‍ പോരല്ലേ. സംസ്ഥാനം മുഴുക്കെ ശ്രദ്ധിക്കപ്പെടുന്ന നേതാവാകണമെങ്കില്‍വേറെ വഴിയില്ല. ഇന്നലെ വന്ന എ.പി.അബ്ദുള്ളക്കുട്ടി പോലും വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയെന്നതും പരിഗണിക്കേണ്ടതുണ്ട്.

ഏതെല്ലാം കോടതികളില്‍ നിന്ന് എന്തെല്ലാം വിധികള്‍ വന്നിരിക്കുന്നു. ജുഡീഷ്യറിയുടെ മേല്‍ തങ്കത്തൂവലുകള്‍ ചാര്‍ത്തുന്നവയല്ല എല്ലാമൊന്നും. വിധി അസ്വീകാര്യമായാല്‍ മേല്‍ക്കോടതിയില്‍ പോകും. അവസാന കോടതി വരെ പോയിട്ടും നീതി കിട്ടിയില്ലെന്ന് വരാം. ബാലകൃഷ്ണപ്പിള്ള പറഞ്ഞേടത്തോളം പരിഭവം ആര്‍ക്കും പറയാം. ഇതെന്റെ തലവിധിയാണ് എന്ന് സമാശ്വസിക്കാം. ദൈവത്തെ വിളിച്ചുകേഴാം. ദൈവത്തിനുപോലും തെറ്റുപറ്റുന്നു, പിന്നെയല്ലേ കോടതിയിലെ മനുഷ്യര്‍ക്ക് തെറ്റാതിരിക്കുന്നത് എന്നോര്‍ത്ത് സമാധാനിക്കാം. ബാലകൃഷ്ണപ്പിള്ള തങ്കപ്പെട്ട മനുഷ്യനാണ്, കാല്‍ക്കാശ് കൈക്കൂലി വാങ്ങുകയോ കള്ളം പറയുകയോ ആരെയെങ്കിലും ചതിക്കുകയോ കാലുവാരുകപോലുമോ ചെയ്യാറില്ല എന്നുവേണമെങ്കില്‍ ഗണേഷ്‌കുമാര്‍ പറയുന്നതുപോലെ പറയാം. എതിരഭിപ്രായമുള്ളവരും എതിര്‍ക്കാനൊന്നും പോകില്ല. എഴുപത്താറാം വയസ്സില്‍ ഒരാള്‍ ജയിലില്‍ പോകേണ്ടിവരുന്നതില്‍ സങ്കടപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ജഡ്ജിക്ക് നിയമമറിയില്ലെന്നുപോലും അറ്റകൈക്ക് പറയാം. ഇതിനൊക്കെ പുറമെ അടുത്ത കാലത്ത് പാര്‍ലമെന്റ് തന്നെ പുതിയൊരു സാധ്യത ഉണ്ടാക്കിയിട്ടുണ്ട്. സത്യമാണെന്ന് തെളിയിക്കാനാകുമെങ്കില്‍ ജഡ്ജിക്കെതിരെ എന്ത് ആക്ഷേപവും ഉന്നയിക്കാം, കോടതിയലക്ഷ്യമാവില്ല. വി.എസ്. അച്യുതാനന്ദനില്‍ നിന്ന് കോഴ വാങ്ങിയിട്ടാണ് ജഡ്ജിമാര്‍ ബാലകൃഷ്ണപ്പിള്ളക്കെതിരായ വിധി പറഞ്ഞതെന്ന് തെളിയിക്കാനാവുമെങ്കില്‍ കെ. സുധാകരന് അങ്ങനെ പ്രസംഗിക്കാം.

അതത്ര എളുപ്പമല്ല. ബാര്‍ ഉടമകള്‍ കോഴ കൊടുക്കുമ്പോള്‍ സുധാകരനെ സാക്ഷിയായി നിറുത്തുമ്പോലെ അച്യുതാനന്ദന്‍ സുധാകരനെ വിളിക്കില്ലല്ലോ. അതുകൊണ്ട് സാക്ഷിപറയാനൊന്നും ആവില്ല. അപ്പോള്‍ പിന്നെ സാധിക്കുന്നത് ഒരു കാര്യം മാത്രം. പണ്ടൊരു കേസ്സില്‍ കോഴ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതുകൊണ്ട് ഈ കേസ്സിലും കോഴ കൊടുത്തിട്ടുണ്ട് എന്ന് തട്ടിയേക്കുക. കൈയടി കേമമായി കിട്ടും. കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ റൗഫില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന് പറഞ്ഞതും ഇത്തരമൊരു ദൃക്‌സാക്ഷി തന്നെയായിരുന്നു. ആ സാക്ഷി താന്‍തന്നെയാണ് കോഴ കൊടുത്തതെന്ന് തെളിച്ചുപറഞ്ഞു. നമ്മള്‍ ഗാന്ധിയനായതുകൊണ്ട് കോഴ കൊടുക്കാന്‍ ഏര്‍പ്പാടുചെയ്തു എന്നു പറയാന്‍ പറ്റില്ല. കോഴ കൊടുക്കുന്നതിന് സാക്ഷിയായി എന്നേ പറയാനാവൂ. കോഴ കിട്ടിയില്ലെന്നോ മറ്റോ നാളെ ജഡ്ജി പറയാതിരിക്കാനാവും സത്യമുള്ള ഒരു സാക്ഷിയെ കൊണ്ടുപോയത്. മുദ്രക്കടലാസ്സില്‍ ഒപ്പുവെച്ചിരുന്നോ എന്തോ.

ജുഡീഷ്യറിയെ താന്‍ ആക്ഷേപിച്ചിട്ടില്ല, ജഡ്ജിയെ മാത്രമേ ആക്ഷേപിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം സമാധാനിക്കുന്നത്. ജഡ്ജിയും ജുഡീഷ്യറിയും രണ്ടാണെന്ന തിയറിയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ജഡ്ജിയല്ലത്രെ ജുഡീഷ്യറി. ജുഡീഷ്യറിയെ നന്നാക്കാന്‍ വേണ്ടിയാവണം അദ്ദേഹം ഇത്ര ബുദ്ധിമുട്ടി പണ്ടത്തെ കോഴക്കാര്യം ഇപ്പോഴെടുത്തു പുറത്തിട്ടത്. അന്ന് കോഴ വാങ്ങുന്നതുകണ്ടപ്പോഴുണ്ടായ ധാര്‍മികരോഷം പതിനെട്ടുകൊല്ലം കഴിഞ്ഞ് ഇപ്പോള്‍ പിള്ളയെ ശിക്ഷിച്ചപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് പുറത്തുചാടിയത്.

ഏതാണ് അഴിമതിയുള്ള ജഡ്ജി, ഏതാണ് അഴിമതിയില്ലാത്ത ജഡ്ജി എന്നറിയുക എളുപ്പമാണ്. പിള്ളയെ ജയിലിലയച്ച ജഡ്ജി അഴിമതിക്കാരനാണ്. കെ. സുധാകരനെയും അനേകം കോണ്‍ഗ്രസ് നേതാക്കളെയും അനേകം അഴിമതി-അടിപിടി-കുത്തുകൊല കേസ്സുകളില്‍ വിട്ടയച്ച ജഡ്ജിമാരെല്ലാം സത്യസന്ധരാണ്. സി.പി.എമ്മുകാരെ വെറുതെ വിടുന്ന ജഡ്ജിമാര്‍ അഴിമതിക്കാര്‍, യു.ഡി.എഫ്. നേതാക്കളെ ശിക്ഷിച്ച ജഡ്ജിമാരും അഴിമതിക്കാര്‍. വേറൊരു തെളിവും വേണ്ട. എല്ലാം ക്ലിയര്‍.

ഒരു കുടക്കീഴിലെ ക്രിമിനലുകള്‍

സാമൂഹ്യപാഠം/പി. സുരേന്ദ്രന്‍

കുഞ്ഞാലിക്കുട്ടിക്കും പി. ശശിക്കും വേണ്ടി ഒരുപോലെ യു.ഡി.എഫ്‌. രംഗത്തുവരുമ്പോള്‍ വി.എസ്‌. പറഞ്ഞ കുട ഏതാണെന്നു പൊതുജനത്തിനു മനസിലാകും. ഇനി പോളിംഗ്‌ ബൂത്തിലേക്കു പോകുമ്പോള്‍ ഇത്തരം കുടകള്‍ ആരാണു നിവര്‍ത്തിയത്‌ എന്നറിഞ്ഞ്‌ അവര്‍ വോട്ട്‌ ചെയ്‌തോളും. ഇത്രയ്‌ക്കു നിര്‍ജീവമായ ഒരു പ്രതിപക്ഷം കേരളത്തിന്‌ ഉണ്ടായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല വി.എസ്‌. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും അദ്ദേഹംതന്നെയാണ്‌. ഉമ്മന്‍ചാണ്ടി ദൈവവിശ്വാസിയല്ലേ? ഏതെങ്കിലുമൊരു ജന്മത്തില്‍ വി.എസിനെപ്പോലെ ഒരു പ്രതിപക്ഷ നേതാവാകാന്‍ കഴിയണേയെന്നു കര്‍ത്താവിനോടു പ്രാര്‍ഥിക്കട്ടെ അദ്ദേഹം

സ്‌ത്രീകള്‍ക്കു നേരേയുള്ള കൈയേറ്റശ്രമങ്ങളും ലൈംഗിക പീഡനങ്ങളും വീണ്ടും മാധ്യമങ്ങളില്‍ സ്‌ഥാനംപിടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ വിലയിരുത്തുന്നതില്‍ പൊതുസമൂഹത്തിനു പിഴവു പറ്റുന്നു. പരിഹാര നിര്‍ദേശങ്ങള്‍ പലപ്പോഴും വികലവും പരിഹാസ്യവുമാവുന്നു. ഷൊര്‍ണൂരിലെ സൗമ്യയുടെ കാര്യത്തില്‍, റെയില്‍വേയെ പ്രതിസ്‌ഥാനത്തു നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തിട്ട്‌ എന്തു പ്രയോജനം?

കിളിരൂരിലെ പെണ്‍കുട്ടിയുടെ പ്രശ്‌നം തീവണ്ടി യാത്രയുടേതായിരുന്നില്ലല്ലോ. റെയില്‍വേയുടെ സുരക്ഷാവീഴ്‌ചകൊണ്ടു മരണപ്പെട്ടതല്ല സൗമ്യ. കാമഭ്രാന്തനായ ഒരു ക്രിമിനല്‍ ആ പെണ്‍കുട്ടിയെ പുറത്തേക്കു വലിച്ചുവീഴ്‌ത്തി തലയ്‌ക്കടിച്ചു ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്‌തതാണ്‌. സൗമ്യ ട്രെയിന്‍ യാത്രക്കാരിയായതിനാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ റെയില്‍വേ നഷ്‌ടപരിഹാരം നല്‍കണം. ആ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം റെയില്‍വേ ഏറ്റെടുക്കണം. അക്കാര്യത്തിലൊന്നും തര്‍ക്കമില്ല.

പക്ഷേ, പൊതുസമൂഹത്തില്‍ സ്‌ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തീവണ്ടിമുറികള്‍ക്കും തീവണ്ടിപ്പാളങ്ങള്‍ക്കും അപ്പുറത്താണ്‌. പുരുഷന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന കൈയേറ്റങ്ങളില്‍നിന്നും അവമതികളില്‍നിന്നും സ്‌ത്രീകളെ രക്ഷിക്കാനുണ്ടാക്കുന്ന അവരുടേതു മാത്രമായ ഇടങ്ങളിലും സ്‌ത്രീകള്‍ സുരക്ഷിതരാവുമോ? ആവില്ല എന്നതിനു ഷൊര്‍ണൂര്‍ സംഭവം അടക്കം ഉദാഹരണങ്ങള്‍ നിരത്താം. സ്‌ത്രീകളുടെ മാത്രം കമ്പാര്‍ട്ട്‌മെന്റ്‌ എന്നത്‌ ഒരുതരത്തില്‍ ലെസ്‌ബിയന്‍ കാഴ്‌ചപ്പാടു പോലെയാണ്‌. സ്‌ത്രീകളുടെ കോച്ചില്‍ സഞ്ചരിക്കുന്നവരൊക്കെ ലെസ്‌ബിയന്‍ സമീപനമുള്ളവരാണ്‌ എന്നൊന്നുമല്ല പറയുന്നത്‌. തീര്‍ച്ചയായും സ്‌ത്രീകളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഇതിലുണ്ട്‌.

പക്ഷേ, പുരുഷവര്‍ഗം മൊത്തത്തില്‍ ശരിയല്ലെന്നും സ്‌ത്രീയുടെ യഥാര്‍ഥ കൂട്ട്‌ സ്‌ത്രീയാണെന്നും സ്‌ത്രീക്ക്‌ ആഹ്‌ളാദം പകരേണ്ടതു സ്‌ത്രീയാണെന്നുമൊക്കെയുള്ള തീവ്രവാദത്തിലേക്കു നീങ്ങിയാല്‍ ലെസ്‌ബിയനാവാതെ വയ്യ. ലൈംഗിക ബഹുസ്വരതയുടെ കാലത്ത്‌ ലെസ്‌ബിയനാവുക എന്നതും ഒരു സാധ്യതയാണ്‌. സ്‌ത്രീകള്‍ക്കു മാത്രമായുള്ള ലോകത്തും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടാം. ലേഡീസ്‌ ഹോസ്‌റ്റലില്‍ ലെസ്‌ബിയനായ വാര്‍ഡന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയയാകേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. പുരുഷന്മാരാല്‍ ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്‌. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട അരശതമാനംപോലും വാര്‍ത്തകള്‍ പൊതുസമൂഹം അറിയാറില്ല. പുതിയകാലത്തു വളരെ സുരക്ഷിതമായ ഒരിടവും ഇല്ലെന്നര്‍ഥം.

പുരുഷന്മാര്‍ക്കൊപ്പമാണു സൗമ്യ യാത്ര ചെയ്‌തിരുന്നത്‌ എന്നു സങ്കല്‍പ്പിക്കുക. ഒരുപക്ഷേ, ആ ഒറ്റക്കൈയന്റെ ബലത്തെ മറികടന്നു ബോഗിയില്‍നിന്ന്‌ ആ പെണ്‍കുട്ടിയെ വീഴാതെ കാക്കുന്ന പുരുഷകരങ്ങളെക്കുറിച്ചും സങ്കല്‍പ്പിക്കുക. ഇത്തരത്തിലുള്ള ഇടങ്ങളാണ്‌ യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ടത്‌. സ്‌ത്രീ പുരുഷ പാരമ്പര്യത്തില്‍ ആഹ്‌ളാദപൂര്‍ണമാവേണ്ട ഒരു ലോകം. അത്തരമൊരു സര്‍ഗാത്മകതയിലേക്കു വളരേണ്ടതിനു പകരം ഹീനജന്മങ്ങളായി മാറാനാണു പുരുഷന്മാരും യത്നിക്കുന്നത്‌. കാമപ്പേക്കൂത്തില്‍നിന്നു ലൈംഗികതയുടെ പൂന്തോട്ടങ്ങള്‍ പിറക്കുകയില്ല. സ്‌ത്രീക്കു യഥാര്‍ഥ തുണയാവുന്ന പുരുഷനെയാണു സമൂഹം ആവശ്യപ്പെടുന്നത്‌. ആണും പെണ്ണും ഒരുപോലെ പൂത്തുനില്‍ക്കണം.

പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്‌ത്രീകള്‍ക്കുനേരേയുള്ള പുരുഷന്റെ അതിക്രമങ്ങള്‍ കൂടുന്നു. പൊതുസ്‌ഥലത്തുവച്ചു സ്‌ത്രീകളെക്കൊണ്ടു കല്ലെറിയിച്ചുകൊല്ലേണ്ട ഹീനജന്മങ്ങളാണ്‌ ഇപ്പോള്‍ പുരുഷസമൂഹത്തില്‍ വര്‍ധിച്ചുവരുന്നത്‌.

എന്നാല്‍, ക്രിമിനലുകള്‍ക്കുനേരേ സംസാരിക്കുമ്പോള്‍ സമൂഹത്തില്‍ ഇരട്ടത്താപ്പു പ്രകടമാവുന്നു. ക്രിമിനലിനു മുമ്പില്‍ അധികാരമുണ്ടെങ്കില്‍, മതത്തിന്റേയും ജാതിയുടേയും പിന്തുണയുണ്ടെങ്കില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലമുണ്ടെങ്കില്‍, പരമോന്നത നീതിപീഠത്തെ അഭിമുഖീകരിക്കേണ്ടിവരില്ല. എത്രയോ ക്രിമിനലുകള്‍ എം.പിമാരും എം.എല്‍.എമാരും ഒക്കെയായി സമൂഹത്തില്‍ ആരാധ്യരായിമാറുന്നു എന്നതു നിയമവ്യവസ്‌ഥയുടേയും സാമൂഹികവും രാഷ്‌ട്രീയവുമായ ജീര്‍ണതയുടെയും പ്രകടനമാണ്‌. ഷൊര്‍ണൂര്‍ സംഭവത്തേയും പാലക്കാട്‌ സംഭവത്തേയും താരതമ്യംചെയ്‌തു നോക്കിയാലറിയാം നമ്മുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഒക്കെ എത്ര സുരക്ഷിതമായ വഴിക്കാണു നീങ്ങുന്നതെന്ന്‌.

ഷൊര്‍ണൂരില്‍ കുറ്റകൃത്യം ചെയ്‌തവന്‍ ആളുകള്‍ കാര്‍ക്കിച്ചുതുപ്പുന്ന തെരുവുതെണ്ടിയായ ഒരു തമിഴനാണ്‌. അവനെതിരേ ശബ്‌ദിക്കുമ്പോള്‍ ആരേയും ഭയപ്പെടേണ്ടതില്ലല്ലോ. അവന്‍ ചെയ്‌ത കുറ്റകൃത്യത്തിന്റെ പേരില്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുപൊളിക്കാനും ട്രെയിന്‍ തടയാനുമൊക്കെ ആളുകളുണ്ടായി. കേന്ദ്രസര്‍ക്കാരിനെ പ്രതിസ്‌ഥാനത്തു നിര്‍ത്താന്‍വരെ കേന്ദ്രത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ സാധ്യത തിരയുന്നു. ഇവരുടെ വീര്യം വാശിയും ധാര്‍മികബോധവും (?) ഒന്നും പാലക്കാട്‌ കണ്ടില്ലല്ലോ. മാഫിയകളോട്‌, അവരുടെ നേതൃത്വത്തില്‍ പൊതുമുതല്‍ കൊള്ളയടിക്കപ്പെടുന്നതിനോടു പ്രതികരിച്ചതിന്റെ പേരില്‍ നീതിമാനായ ഒരു ഉദ്യോഗസ്‌ഥന്‍ എത്ര ഭയാനകമായാണു വേട്ടയാടപ്പെട്ടത്‌.

തന്റെ സ്വപ്‌നഭവനത്തിന്റെ മേല്‍ക്കൂരയില്‍ ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും മൃതശരീരങ്ങള്‍ തൂങ്ങിയാടി. കണ്ണില്‍നിന്നു ചോര പൊടിയുന്ന ഒരു വിധവ ഇപ്പോള്‍ പൊതുസമൂഹത്തോടു സംസാരിക്കുന്നു. തന്റെ ഭര്‍ത്താവും കുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ടതാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ അത്‌ ആത്മഹത്യയാക്കാന്‍ ശ്രമം നടത്തുകയാണെന്നും ആ വിധവ പറയുന്നു. ഭാവി കേരളത്തില്‍ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ജീവിക്കാന്‍പോലും അനുവദിക്കാത്തവിധം വളര്‍ന്നുകഴിഞ്ഞ മാഫിയയെക്കുറിച്ച്‌ ആ വിധവ സംസാരിക്കുമ്പോഴും പൊതുസമൂഹവും ബുദ്ധിജീവികളും എഴുത്തുകാരും സ്‌ത്രീസംഘടനകളുമൊക്കെ കുറ്റകരമാംവിധം മൗനത്തിലാണ്‌. മാഫിയകള്‍ക്കുപിന്നില്‍ സമ്പത്തും അധികാരവുമുണ്ടെങ്കില്‍ അവര്‍ക്കുനേരേ വിരല്‍ചൂണ്ടാന്‍ പൊതുസമൂഹം ഭയക്കുന്നു. ബലാല്‍സംഗം ശീതീകരിച്ച മുറിയിലാവുമ്പോള്‍ അതു മാന്യമാവുകയാണ്‌.

സ്‌ത്രീകളെ ക്രൂരമായി പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു രാഷ്‌ട്രീയ പാര്‍ട്ടികളുടെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന നേതാക്കള്‍ കേരളത്തിലുണ്ടല്ലോ. ഏതു വിശുദ്ധതീര്‍ഥത്തില്‍ കഴുകിയാലാണ്‌ ഇവരുടെയാക്കെ കൈകളിലെ പാപക്കറ മായുക! പ്രായപൂര്‍ത്തിയാകുംമുമ്പു മോഹവലയത്തില്‍ കുടുങ്ങി രാഷ്‌ട്രീയ നേതാക്കളുടെ കിടപ്പറകളിലേക്ക്‌ ആനയിക്കപ്പെട്ടവര്‍, ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍, തീരാത്ത അപമാനഭാരത്താല്‍ തൂങ്ങിമരിച്ചവര്‍, റെയില്‍പ്പാളത്തില്‍ തലവച്ചു ജീവിതം അവസാനിപ്പിച്ച പെണ്‍കുട്ടികള്‍. ഇങ്ങനെ മരണപ്പെട്ട സ്വന്തം പെണ്‍മക്കളെയോര്‍ത്തു വര്‍ഷങ്ങളായി കണ്ണീര്‍ വാര്‍ക്കുന്ന ഒരു പിതാവുണ്ടു കോഴിക്കോട്‌. ആ മരണത്തിനു കാരണക്കാരായവര്‍ അവരുടെ രാഷ്‌ട്രീയസ്‌ഥാനങ്ങളിലുണ്ട്‌. അവരൊക്കെ ഇനിയും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടേക്കും. മന്ത്രിമാരുമാവും. അവരുടെ കിടപ്പറകളില്‍ ഭാവിയിലും പെണ്‍ബലികള്‍ നടക്കും. തെരുവോരങ്ങളില്‍ വിചാരണ ചെയ്യപ്പെടേണ്ടവരാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സുരക്ഷിതരായി ജീവിക്കുന്നത്‌.

പെണ്‍വാണിഭക്കാരും സ്‌ത്രീപീഡകരും ഒരേ കുടക്കീഴില്‍ ഒന്നിക്കുന്നുവെന്നു പറയാന്‍ ഒരു വി.എസ്‌. അച്യുതാനന്ദനെങ്കിലും ബാക്കിയുണ്ട്‌ ഇടതുപക്ഷത്തിന്‌. പി. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്തുനിര്‍ത്തി ഇടതുപക്ഷം മാനം കാക്കുകയും ചെയ്യും. പക്ഷേ, യു.ഡി.എഫോ? അവര്‍ ശശിയെ പിന്തുണച്ചുകൊണ്ടു രംഗത്തുവരുന്നു. വി.എസ്‌. രാജിവയ്‌ക്കണമെന്നു മുറവിളികൂട്ടുന്നു. തീര്‍ച്ചയായും പി. ശശിക്കുവേണ്ടി യു.ഡി.എഫ്‌. രംഗത്തുവരട്ടെ. വി.എസ്‌. രാജിവയ്‌ക്കണമെന്നു പ്രഖ്യാപിക്കട്ടെ. എങ്കില്‍ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടി എന്തു ചെയ്യണമെന്നാണാവോ ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്‌?

കുഞ്ഞാലിക്കുട്ടിക്കും പി. ശശിക്കും വേണ്ടി ഒരുപോലെ യു.ഡി.എഫ്‌. രംഗത്തുവരുമ്പോള്‍ വി.എസ്‌. പറഞ്ഞ കുട ഏതാണെന്നു പൊതുജനത്തിനു മനസിലാകും. ഇനി പോളിംഗ്‌ ബൂത്തിലേക്കു പോകുമ്പോള്‍ ഇത്തരം കുടകള്‍ ആരാണു നിവര്‍ത്തിയത്‌ എന്നറിഞ്ഞ്‌ അവര്‍ വോട്ട്‌ ചെയ്‌തോളും. ഇത്രയ്‌ക്കു നിര്‍ജീവമായ ഒരു പ്രതിപക്ഷം കേരളത്തിന്‌ ഉണ്ടായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല വി.എസ്‌. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും അദ്ദേഹംതന്നെയാണ്‌. ഉമ്മന്‍ചാണ്ടി ദൈവവിശ്വാസിയല്ലേ? ഏതെങ്കിലുമൊരു ജന്മത്തില്‍ വി.എസിനെപ്പോലെ ഒരു പ്രതിപക്ഷ നേതാവാകാന്‍ കഴിയണേയെന്നു കര്‍ത്താവിനോടു പ്രാര്‍ഥിക്കട്ടെ അദ്ദേഹം.

പുരുഷന്മാരുടെ അന്തസിനു നിരന്തരമായി കളങ്കംചാര്‍ത്തുന്ന സംഭവങ്ങളാണ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത്‌. പുരുഷന്മാരെ ആഴത്തില്‍ വെറുക്കാന്‍ ഇത്തരം സംഭവങ്ങള്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റംപറഞ്ഞുകൂടാ. സ്‌ത്രീകളുടെ വിശ്വാസം ആര്‍ജിക്കാനാണ്‌ ഇനി കേരളത്തിലെ പുരുഷസമൂഹം ശ്രദ്ധിക്കേണ്ടത്‌. പൊതുഇടങ്ങളില്‍ സ്‌ത്രീകളെ സ്‌നേഹിച്ചും ആദരിച്ചും സ്‌ത്രീപീഡനക്കാരെ പ്രതിരോധിച്ചും പുരുഷന്റെ അന്തസ്‌ വീണ്ടെടുത്തേ പറ്റൂ. യാഥാസ്‌ഥിതിക സമൂഹം സ്‌ത്രീകള്‍ക്കുമേല്‍ കൂടുതല്‍ വിലക്കുകള്‍ കൊണ്ടുവരാന്‍ പുതിയ സംഭവവികാസങ്ങള്‍ കാരണമാവും.

പി. ശശിയുടെ കാര്യമാണു കഷ്‌ടം. ഇ.കെ. നായനാരുടെ ഓഫീസ്‌ പോലെയാക്കാം വി.എസിന്റെ ഓഫീസിനേയുമെന്നു ശശി സഖാവ്‌ വെറുതേ കിനാവു കണ്ടു. ഈ പാര്‍ട്ടിയോടു പോയി പണിനോക്കാന്‍ പറയണം സഖാവേ. അത്ഭുതക്കുട്ടിയുടെ വഴി തെരഞ്ഞെടുക്കണം. പോകേണ്ടതു കോണ്‍ഗ്രസിലേക്കല്ല, ലീഗിലേക്കാണ്‌. ആ കുടക്കീഴിലാവുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സുരക്ഷിതമായിരിക്കും. ശശി സഖാവ്‌ കഴുതപ്പുലിയാണ്‌, ചെന്നായയാണ്‌, കരടിയാണ്‌, ആനയാണ്‌, ചേനയാണ്‌, കുറുക്കനാണ്‌, കോഴിയാണ്‌ എന്നൊക്കെ വിശേഷിപ്പിച്ചു പാവപ്പെട്ട ലീഗ്‌ കുഞ്ഞാടുകള്‍ തെരുവുകള്‍ തോറും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിക്കൊള്ളും.

Sunday, February 6, 2011

ഐസ്‌ക്രീം സിനിമ രണ്ടാംഭാഗം- ഇന്ദ്രന്‍

വിവാദപ്രശ്‌നങ്ങളുമായി മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് ഒരു ബന്ധവുമില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു ഒന്നാം അങ്കത്തിന്റെ തുടക്കം. ആരാണത് പറഞ്ഞത്? മറ്റാരുമല്ല, മുസ്‌ലിംലീഗ് നേതാക്കള്‍തന്നെ-പതിന്നാലുകൊല്ലം മുമ്പ്. എന്തായിരുന്നു സംഭവം? പറയാന്‍ കൊള്ളാത്ത സംഗതിയാണ്, നാവ് ചീത്തയാകും. ലീഗിന് ഒരു ബന്ധവുമില്ലെങ്കില്‍പ്പിന്നെ അച്ഛന്‍ പത്തായത്തിലില്ല എന്നു പറഞ്ഞതെന്തിന്? അച്ഛന്‍ പത്തായത്തിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു സാര്‍.... അതുകൊണ്ടുതന്നെ.

അന്ന് കൊരമ്പയില്‍ അഹമ്മദ്ഹാജി എന്നൊരു മാന്യനേതാവായിരുന്നു ലീഗിന്റെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, ഹൈപ്പവര്‍ കമ്മിറ്റി ആദിയായ ബിരിയാണിക്കമ്മിറ്റികള്‍ക്കു ശേഷം പത്രക്കാരോട് സംസാരിക്കാറുള്ളത്. എന്തോ ഒരു ദുഷിച്ച സംഗതി കോഴിക്കോട്ട് സംഭവിക്കുകയും അതിന്റെ ദുര്‍ഗന്ധം കേരളം മുഴുവന്‍ പരക്കുകയും ചെയ്തപ്പോഴാണ് ലീഗ് നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്. ഏത് വിവാദപ്രശ്‌നം എന്ന് അജ്ഞനായ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചുകാണണം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാദപ്രശ്‌നം എന്നായിരുന്നു മറുപടി. മുമ്പ് ചില വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പേര് പറയാന്‍ മടിക്കുമായിരുന്നു. അതുപോലെയല്ല ഈ പ്രശ്‌നം. പേരു പറയാന്‍ കൊള്ളാത്ത നിലവാരത്തില്‍ ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇന്ന് ആ പ്രശ്‌നമില്ല. നഴ്‌സറി കുട്ടികള്‍ക്കും അതു പറയാനാവും. അത്രത്തോളം പുരോഗതിയാണ് ധാര്‍മികരംഗത്ത് ഉണ്ടായത്.

ലീഗിനെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് സംഭവം എന്ന് അക്കാലത്തുതന്നെ ലീഗ് നേതൃത്വം കണ്ടെത്തിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അനാശാസ്യമായി യാതൊന്നും സംഭവിച്ചിട്ടില്ല. ആകപ്പാടെ കണ്ടെത്താന്‍ കഴിഞ്ഞത് ബഹുമാന്യ ലീഗ് നേതാവ് കുറെ യുവതികള്‍ക്ക് പണം കൊടുത്തു എന്നതുമാത്രമായിരുന്നു. ലോലഹൃദയനും ദീനദയാലുവുമായതുകൊണ്ടാണ് അങ്ങനെ അറിയാതെ പണം കൊടുത്തുപോയത് എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തുകാണണം. കമ്മിറ്റിയത് അപ്പടി സ്വീകരിച്ച് റെക്കോഡാക്കി. നാനാജാതിമതക്കാരായ പെണ്‍കുട്ടികള്‍ക്കാണ് സംഭാവന ലഭിച്ചതെന്നത് താരത്തിന്റെ മതേതരമഹത്ത്വം ഉയര്‍ത്തിയെങ്കിലും ശത്രുക്കള്‍ പിടിവിടുകയുണ്ടായില്ല. അന്നുതുടങ്ങിയതാണ് പീഡനവും അഗ്‌നിപരീക്ഷയും. ആരും ബലപ്രയോഗമോ പ്രകൃതിവിരുദ്ധമോ വിശ്വാസവഞ്ചനയോ ആരോപിച്ചിട്ടില്ലെന്നും ഒരു പെണ്‍കുട്ടിയോട് ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ല എന്നൊരു അബദ്ധമേ പറ്റിയുള്ളൂ എന്നുമാകണം ലീഗ് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടാവുക. ധൃതികൊണ്ടാകാമെങ്കിലും ഡേറ്റ് ഓഫ് ബെര്‍ത്ത് ചോദിക്കാഞ്ഞത് വലിയ കുറ്റംതന്നെ. മറ്റേതെല്ലാം പ്യുവര്‍ ആന്‍ഡ് സിംപിള്‍ ലൈംഗികത്തൊഴില്‍ മാത്രം. വ്യഭിചാരം, ലൈംഗികചൂഷണം, സ്ത്രീപീഡനം തുടങ്ങിയ വാക്കുകള്‍ അതിപുരോഗമനവാദികള്‍ അവരുടെ നിഘണ്ടുക്കളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം അതിപുരോഗമനവാദികളുടെ കൈയിലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തായാലും പരീക്ഷണം തീര്‍ന്നിട്ടില്ല. പ്രവാചകനല്ലാതെ മുമ്പാരും ഇങ്ങനെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കഥാനായകന്‍ തന്നെ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ഓരോ ഘട്ടത്തിലും കടുപ്പം കൂടിയ ചോദ്യങ്ങളാണ് വരുന്നത്. സിലബസ് പതിന്നാലു വര്‍ഷം പഴക്കമുള്ളതാണ്; പറഞ്ഞിട്ടെന്തുകാര്യം. സിലബസ്സിലില്ലാത്ത ചോദ്യങ്ങളല്ലേ ഓരോ തവണയും ചോദിക്കുന്നത്? എങ്ങനെ പാസ്സാകാനാണ്.

ലീഗിനെ തകര്‍ക്കാന്‍ സി.പി.എമ്മുകാരോ സംഘപരിവാറുകാരോ പി.ഡി.പി.ക്കാരോ ഒക്കെ ഇറങ്ങിത്തിരിക്കുന്നത് മനസ്സിലാക്കാം. കോഴിക്കോട്ടെ അരഡസന്‍ പെണ്ണുങ്ങള്‍ക്ക് എന്തിനായിരുന്നു ലീഗ് വിരോധം എന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഇതുവരെ വിശദീകരിച്ചുകണ്ടില്ല. അതുപോകട്ടെ, അതിനേക്കാള്‍ വലിയ ലീഗ്‌വിരോധമാണല്ലോ അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന് കുഞ്ഞാലിക്കുട്ടി ആക്ഷേപിക്കാതിരുന്നത് ഭാവിയില്‍ അത് പിണറായി വിജയന് ഉപയോഗിക്കേണ്ടിവരുമെന്ന് കരുതി മാത്രമാകണം. ഒരേ കഥയാണ് സകല മാധ്യമങ്ങളും ദിവസങ്ങളോളം പുറത്തുവിട്ടത്. കേസും കേസിന്മേല്‍ കേസും തല്ലും പിടിയും കുറച്ചുകാലം നീണ്ടുനിന്നു. നമ്മുടെ മന്ത്രിപ്പണി തെറിച്ചെന്നു മാത്രം പറഞ്ഞാല്‍മതിയല്ലോ.

ഒരു സ്ത്രീയുടെ നെഞ്ചത്തുതട്ടി എന്നൊരു പരാതി ഉണ്ടായാല്‍ മതി ലോക്കപ്പിലെത്താന്‍. അര ഡസന്‍ പെണ്ണുങ്ങള്‍ ചാനലിലും പോലീസ്‌സ്റ്റേഷനിലും കോടതിയിലുമെല്ലാം കയറി പീഡനം ആരോപിച്ചിട്ടും ഒരു കേസിലും പ്രതിയായില്ല കുഞ്ഞാലിക്കുട്ടി. ഇത്രയും കേസുകളില്‍നിന്ന് ഈ വിധം തടിയൂരിയ മറ്റൊരാള്‍ ചരിത്രത്തിലില്ല. മന്ത്രിസ്ഥാനവും അധികാരവും പണവും ഒന്നിനും മടിക്കാത്ത കിങ്കരന്മാരും ഉള്ളതുകൊണ്ടാണെല്ലാം സാധിച്ചിട്ടുണ്ടാവുക. എന്നിട്ടും പൊല്ലാപ്പുകള്‍ പിറകെ വരുന്നു. ആദ്യത്തെ പൊല്ലാപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ചെലവാക്കിയ പണവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടും ഉണ്ടായ നഷ്ടവും മതി ഒരാളെ ശിഷ്ടകാലം മുഴുവന്‍ സമ്പൂര്‍ണ ബ്രഹ്മചാരിയാക്കാന്‍. വഴിയെ പോകുന്നവരൊക്കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ എന്ന മട്ടില്‍ കൊടുക്കുന്ന പല കേസും കുഞ്ഞാലിക്കുട്ടി തന്നെ ഒരു തന്ത്രത്തിന്റെ ഭാഗമായി കൊടുപ്പിച്ചതാണെന്നും കഥയുണ്ട്. കേസ് കൊടുപ്പിക്കുന്നതിനേക്കാള്‍ ചെലവാണ് പിന്‍വലിപ്പിക്കാന്‍. വക്കീലുമാര്‍ക്ക് മുടിഞ്ഞ ഫീസുമാണ്. സുപ്രീംകോടതിയില്‍ത്തന്നെ ഉണ്ടായിരുന്നു ഒരു ഡസന്‍ കേസ്. ഇത്രയും പണം വല്ല വ്യവസായത്തിലും നിക്ഷേപിച്ചിരുന്നെങ്കില്‍ വലിയ മുതലാളിയാകാമായിരുന്നു. എല്ലാറ്റിനുംശേഷം തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാനുള്ള ബുദ്ധിയെങ്കിലും പടച്ചോന്‍ തോന്നിച്ചിരുന്നെങ്കില്‍ ആ വകയിലെ ചെലവും നാണക്കേടും ഒഴിവാക്കാമായിരുന്നു. അതിനും മനസ്സുവന്നില്ല. കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒന്നിച്ചുവരുമല്ലോ. തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി. ചാനല്‍ തലവനും പൊട്ടി എന്നതുമാത്രമാണ് ഏക സമാധാനം.

തിരശ്ശീല വീണ സെക്‌സ്, സ്റ്റണ്ട്, സസ്‌പെന്‍സ് സിനിമയുടെ സീക്വല്‍ ഇത്രവേഗം വരുമെന്നാരും പ്രതീക്ഷിച്ചതല്ല. ആദ്യഭാഗത്തെ സഹനടനാണ് രണ്ടാംഭാഗത്ത് കൊടുംവില്ലനായി നായകനെതിരെ തിരിഞ്ഞിരിക്കുന്നത്. പതിന്നാലു വര്‍ഷം തിരശ്ശീലയ്ക്കു പിന്നിലായിരുന്നു അഭിനയം. പക്ഷേ, സഹനടന്റെ ഇപ്പോഴത്തെ ഭാവാഭിനയത്തിനു മുന്നില്‍ നായകന്‍ മുട്ടുകുത്തുകയേ ഉള്ളൂ. ആളൊരു ബഹുമുഖപ്രതിഭയാണ്. ഇന്നതേ ചെയ്യൂ എന്നോ ചെയ്യില്ലെന്നോ പറയാനാവില്ല. എന്തും ചെയ്യും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാഞ്ഞുനടന്ന സമയം ലീഗില്‍ ചെലവഴിച്ചിരുന്നെങ്കില്‍ മിനിമം സംസ്ഥാന സെക്രട്ടറിയെങ്കിലും ആകാമായിരുന്നു. വീരകഥകള്‍ ഇനിയും വരാനിരിക്കുന്നേ ഉള്ളൂ. ഒരു കാര്യം മനസ്സിലായി-റൗഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി വെറും കുഞ്ഞ്, അലിയും കുട്ടി. ക്വട്ടേഷന്‍ ടീമിനെ അയച്ചുകൊല്ലാന്‍ നോക്കിയെന്നതെല്ലാം പേടിസ്വപ്നമാകാനേ വഴിയുള്ളൂ. അങ്ങനെ ആലോചിച്ചിരുന്നെങ്കില്‍ കുഞ്ഞാലി എന്നോ സുവര്‍ക്കത്തിലോ നരകത്തിലോ എത്തിയിട്ടുണ്ടാകുമായിരുന്നു. ഏതെങ്കിലും ഐസ്‌ക്രീം പെണ്ണുങ്ങള്‍ ജയിലിലുമാകുമായിരുന്നു.

എം.കെ. മുനീറിന്റെ ചാനല്‍ രഹസ്യക്യാമറ ഓപ്പറേഷനിലൂടെ കുഞ്ഞാലിക്കുട്ടിയെ തുറന്നുകാട്ടിയെന്നത് വെറും തോന്നല്‍ മാത്രമാണ്. തുറന്നുകാട്ടാനെന്തെങ്കിലും ബാക്കിയുണ്ടായിട്ടുവേണ്ടേ ? ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല, പ്രതികാരജ്ജ്വരം മൂത്ത ചില ബന്ധുക്കളും ഫോര്‍ത്ത് എസ്റ്റേറ്റുകാരും ഏതറ്റംവരെ പോകും എന്നും തുറന്നുകാട്ടപ്പെട്ടു. രഹസ്യവീഡിയോ കാസറ്റുകള്‍ ദൃശ്യമാധ്യമത്തിന്റെയും മുഖ്യമന്ത്രിയുടെയും റൗഫിന്റെയും കൈയില്‍ ഇരിക്കുന്നേടത്തോളം കാലം ഇനിയെന്തെല്ലാം കാണാനും കേള്‍ക്കാനും ബാക്കിനില്‍ക്കുന്നു. റൗഫ്‌വീഡിയോകള്‍, പി. ശശിവീഡിയോകള്‍, ലീഗ്‌വീഡിയോകള്‍ എന്നിങ്ങനെ നോണ്‍സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റാണ് വരുന്നത്. തുടക്കത്തില്‍ മാത്രമേ അല്പം ഉളുപ്പും ലജ്ജയുമൊക്കെ തോന്നൂ. ശീലമാക്കിയാല്‍പ്പിന്നെ ഒരു പ്രശ്‌നവുമില്ല.

Saturday, February 5, 2011

വിപ്ലവം ഒരിക്കലും കള്ളം പറയില്ല

വിവര്‍ത്തനം: ബാലരാമന്‍
ഫിദെല്‍ കാസ്‌ട്രോയുമായുള്ള അപൂര്‍വ്വമായ അഭിമുഖം
ക്യൂബന്‍ ഇതിഹാസനായകന്‍ ഫിദെല്‍ കാസ്‌ട്രോ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാശ്ചാത്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാളരൂപം. ചരിത്രത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരി, അമേരിക്കയുടെ മൂക്കിന് താഴെ ഇപ്പോഴും ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം കാസ്‌ട്രോ തന്നെ. ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ആവേശവും ആത്മവിശ്വാസവും. ഷാവേസ് തൊട്ട് മറഡോണ വരെയുള്ള ആരാധകര്‍. പ്ലേബോയ് മാഗസിന് ഈ അഭിമുഖം ലഭിച്ചത് 1985ലായിരുന്നു.പ്ലേബോയ്: ഫിദല്‍ കാസ്‌ട്രോ എന്ന പൊതുജീവിതത്തിലെ വ്യക്തിത്വത്തെ ആളുകള്‍ക്കറിയാം, പക്ഷെ ആ മനുഷ്യനെ കുറച്ചുപേര്‍ക്കേ അറിയൂ. ഇവിടെ നമ്മള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യും, പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, ചില വ്യക്തിപരമായ ചോദ്യങ്ങളുമായി തുടങ്ങാം. ചരിത്രത്തിന്റേയും വിവാദങ്ങളുടേയും മധ്യത്തില്‍ 26 വര്‍ഷം ചിലവഴിച്ച ശേഷവും ഫിദല്‍ കാസ്‌ട്രോയെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്താണ്?

കാസ്‌ട്രോ : അതൊരു ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണ്. എന്നെ പ്രചോദിപ്പിക്കാത്ത കാര്യങ്ങളെന്താണെന്ന് പറഞ്ഞുതുടങ്ങാം. പണം എന്നെ പ്രചോദിപ്പിക്കുന്നില്ല, ഭൗതിക സമ്പത്തും. അതുപോലെ, പ്രശസ്തിക്കും മഹത്വത്തിനും വേണ്ടിയുള്ള കാമവും എന്നെ പ്രചോദിപ്പിക്കുന്നില്ല. സത്യത്തില്‍ ആശയങ്ങളാണെന്നെ പ്രചോദിപ്പിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ആശയങ്ങളും വിശ്വാസങ്ങളുമാണ് മനുഷ്യനെ പൊരുതാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. ശരിക്കും ഒരു ആശയത്തോട് നിങ്ങള്‍ക്ക് അര്‍പ്പണമുണ്ടെങ്കില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും നിങ്ങള്‍ക്കതില്‍ കൂടുതല്‍ വിശ്വാസവും പ്രതിബദ്ധതയും ഉണ്ടാകും. വ്യക്തിപരമായി അഹംബോധരാഹിത്യം വളരുമെന്നാണെനിക്ക് തോന്നുന്നത്; ത്യാഗത്തിന്റെ ഉത്സാഹം വളരും; വ്യക്തിപരമായ അഹന്തയും പൊങ്ങച്ചവും, ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ എല്ലാവരിലുമുള്ള ആ ഘടകങ്ങള്‍, ക്രമേണ നിങ്ങളുപേക്ഷിക്കും. ഈ പൊങ്ങച്ചങ്ങള്‍ക്കെതിരെ കരുതിയിരുന്നില്ലെങ്കില്‍, സ്വയം മിഥ്യാഭിമാനം വളരാന്‍ അനുവദിക്കുകയോ, പകരക്കാരനില്ലാത്തവനും അനിവാര്യനും ആണെന്ന് വിചാരിക്കുകയോ ആണെങ്കില്‍ നിങ്ങളാ സമ്പത്തിലും മഹത്വത്തിലും ആസക്തനാവും. ഞാനവക്കെതിരെ കരുതിയിരുന്നിട്ടുണ്ട്; ഒരു പക്ഷെ, ഞാന്‍ വ്യക്തികളുടെ ആപേക്ഷികപ്രാധാന്യത്തെപ്പറ്റി ഒരു ദര്‍ശനം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, വ്യക്തികളല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന വിശ്വാസം. ഒരു ജനതയുടെ മുഴുവന്‍ യോഗ്യതകള്‍ക്കും മുകളില്‍ എനിക്ക് അവകാശം സ്ഥാപിക്കാനാവില്ല എന്ന ആശയം. ഹോസി മാര്‍ട്ടിയുടെ ഒരു പ്രയോഗം എന്നില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ട്: ''ലോകത്തിലെ മഹത്വം മുഴുവന്‍ ഒരു ഉമിത്തുണ്ടില്‍ ഉള്‍ക്കൊള്ളിക്കാം.''

പ്ലേബോയ്: അപ്പോള്‍, വ്യക്തിപരമായി മഹത്വം ആര്‍ജിക്കാന്‍ ചിലര്‍ക്ക് നിയോഗമുണ്ടെന്ന് താങ്കള്‍ കരുതുന്നില്ലേ, എല്ലാം സമയത്തിന്റേയും സാഹചര്യങ്ങളുടേയും മാത്രം കാര്യമാണോ?

കാസ്‌ട്രോ: അതെ, അങ്ങിനെത്തന്നെ. ഞാനൊരുദാഹരണം പറയാം. ലിങ്കണ്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം വെറുമൊരു യു എസ് കര്‍ഷകന്‍ മാത്രമായിരിക്കും ആരുമദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടാവുകയുമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലമാണ്, ആ ലോകമാണ് ഒരു ലിങ്കണെ സാദ്ധ്യമാക്കിയത്. സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷം കഴിഞ്ഞാണ് ജോര്‍ജ് വാഷിങ്ടണ്‍ ജനിച്ചതെങ്കില്‍ അദ്ദേഹവും അജ്ഞാതനായിരുന്നേനെ. 50 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നതെങ്കിലും കഥ അതുതന്നെ. മറ്റൊരു കാലത്തായിരുന്നെങ്കില്‍ ലെനിനും തന്റെ എല്ലാ അസാധാരണമായ ശേഷികളോടെ അജ്ഞാതനായിരുന്നേക്കാമായിരുന്നു.

ഉദാഹരണത്തിന് എന്റെ തന്നെ കാര്യമെടുക്കാം. ഞാന്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ചില്ലായിരുന്നെങ്കില്‍ എന്റെ നാടിന്റെ ചരിത്രത്തില്‍, വിപ്ലവത്തില്‍ ഞാനെന്ത് പങ്കാണ് വഹിച്ചിട്ടുണ്ടാവുക? ഞാന്‍ പിറന്നിടത്തുള്ള നൂറ് കണക്കിന് കുട്ടികളില്‍ എന്റെ സഹോദരങ്ങള്‍ക്കും എനിക്കും മാത്രമേ ആദ്യത്തെ ഏതാനും ക്ലാസ്സുകള്‍ക്കപ്പുറത്തേക്ക് പഠിക്കാന്‍ അവസരം കിട്ടിയുള്ളു. ആ നൂറ് കണക്കിന് കുട്ടികളില്‍ പഠിക്കാനവസരം നല്‍കിയിരുന്നെങ്കില്‍ ഞാന്‍ ചെയ്തത് ചെയ്യാന്‍ ഇത്രയോ ഇതിലധികമോ യോഗ്യതയോ ഉള്ള എത്ര പേരുണ്ടാകുമായിരുന്നു?

സ്​പാനിഷ് ഭാഷയിലെ ഏറ്റവും മികച്ച 100 കവിതകളിലൊന്ന് പ്രതിഭ പലപ്പോഴും, 'ഉണര്‍ന്നെഴുന്നേല്‍ക്കൂ, നടക്കൂ!' എന്ന് വിളിച്ചുപറയുന്ന ശബ്ദത്തിന് കാതോര്‍ത്ത് ആത്മാവിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്ങിനെയാണെന്നതിനെപ്പറ്റിയാണ്. അത് സത്യമാണ്, ഞാനത് ആഴത്തില്‍ വിശ്വസിക്കുന്നു. നേതാവാകുന്നതിന് വേണ്ട യോഗ്യതകള്‍ അപൂര്‍വമല്ലെന്നും അത് ആളുകള്‍ക്കിടയില്‍ കണ്ടെത്താനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്.

ഞാനെന്തിനാണിത് പറയുന്നത്? കാരണം, ചരിത്രസംഭവങ്ങളെ വ്യക്തികളുമായി ബന്ധപ്പെടുത്താനുള്ള പ്രവണത - പ്രത്യേകിച്ചും പാശ്ചാത്യര്‍ക്കിടയില്‍ - ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന പഴയ സിദ്ധാന്തമാണത്. ഏത് മൂന്നാം ലോക രാജ്യത്തലവനേയും ഒരു ഗോത്രമുഖ്യനായി കാണാനുള്ള പ്രവണതയും പടിഞ്ഞാറുണ്ട്. അതൊരു തരം വാര്‍പ്പുമാതൃകയാണ്. നേതാവ് സമം മുഖ്യന്‍. അവിടെ നിന്നും വ്യക്തിയുടെ പങ്കിനെ വിപുലീകരിച്ചു കാണാനുള്ള പ്രവണതയായി. ഞങ്ങളെപ്പറ്റി നിങ്ങള്‍ പറയുന്നതില്‍ അതനിക്ക് തന്നെ കാണാനാവും. കാസ്‌ട്രോയുടെ ക്യൂബ, കാസ്‌ട്രോ അതു ചെയ്തു, കാസ്‌ട്രോ അതു ചെയ്തില്ല...ഈ നാട്ടിലെ എല്ലാം കാസ്‌ട്രോയില്‍ ആരോപിക്കപ്പെടുകയാണ്, കാസ്‌ട്രോയുടെ ചെയ്തികളില്‍, കാസ്‌ട്രോയുടെ വൈകൃതങ്ങളില്‍. പാശ്ചാത്യലോകത്ത് ഈ മനോഭാവം സുലഭമാണ്, നിര്‍ഭാഗ്യവശാല്‍ വളരെ വ്യാപകമാണ്. ചരിത്രപരവും രാഷ്ട്രീയവുമായ സംഭവങ്ങളോട് ഇത് തെറ്റായ സമീപനമാണെന്നാണെനിക്ക് തോന്നുന്നത്.

പ്ലേബോയ്: പാശ്ചാത്യലോകം വ്യക്തിയുടെ പ്രാധാന്യം പൊലിപ്പിക്കുന്നെന്ന് താങ്കള്‍ക്ക് തോന്നാം, പക്ഷെ ക്യൂബയില്‍ താങ്കള്‍ തീവ്രമായ സൂക്ഷ്മനിരീക്ഷണത്തിന്‍ കീഴിലല്ലേ? ഒരു അക്വേറിയത്തില്‍ ജീവിക്കുന്നത് പോലെ തോന്നുന്നില്ലേ?

കാസ്‌ട്രോ: സത്യത്തില്‍ ഞാനതിനെപ്പറ്റി ഒരിക്കലും ബോധവാന്‍ പോലുമല്ല. ചിലപ്പോളതിന് എന്തെങ്കിലും വിശദീകരണം കാണും. എന്റെ പ്രവൃത്തികള്‍ മിക്കവാറുമൊരിക്കലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. 15 ദിവസം ഞാനെന്തെങ്കിലുമായി വളരെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകും, എന്നാലുമതിലൊന്നും പത്രങ്ങളില്‍ വരില്ല. എല്ലാ രാജ്യങ്ങള്‍ക്കും പ്രസ്സ് ഓഫീസെന്ന് വിളിക്കുന്ന കാര്യമുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നേതാവ് ദിവസം മുഴുവന്‍ ചെയ്യുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ടീവിയിലും റേഡിയോവിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്ക് ചുറ്റുമാണ് ദന്തഗോപുരങ്ങളും മത്സ്യക്കൂടുകളും പണിയപ്പെടുന്നത്. ഞാനെനിക്കായി മത്സ്യക്കൂട് പണിഞ്ഞിട്ടില്ല. ഞാന്‍ പുറത്തിറങ്ങി ഫാക്റ്ററികളും പാഠശാലകളും പ്രവിശ്യകളും പട്ടണങ്ങളും സന്ദര്‍ശിക്കാറുണ്ട്. മുമ്പ് ഞാന്‍ കൂടുതല്‍ തവണ ഞാനവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് നേര്, പക്ഷെ അന്നെനിക്ക് കൂടുതല്‍ സമയമുണ്ടായിരുന്നു. പക്ഷെ പല രാജ്യങ്ങളിലെയും തലവന്മാര്‍ക്കുള്ളത് പോലെ പ്രോട്ടോക്കോളും സ്വീകരണച്ചടങ്ങുകളും എനിക്കില്ല.

എങ്കിലും ഞാന്‍ പോകുന്നിടത്തെല്ലാം ജനക്കൂട്ടമെത്തും. എത്ര കാലമായി ഞാന്‍ അവസാനമായി ഒരു റസ്‌റ്റോറന്റില്‍ പോയിട്ട്? പഴയ ഹവാനയില്‍ അടുത്ത കാലത്തായി ഒരു ചൈനീസ് റസ്‌റ്റോറന്റ് തുറന്നിട്ടുണ്ട്, അത് നവീകരിക്കുകയാണ്. പഴയ കെട്ടിടത്തില്‍ സുഖകരമായ ചെറുഹോട്ടലാണത്. കുറച്ചു കാലമായി ഞാനൊന്ന് പോകണമെന്ന് വിചാരിക്കുന്നു. പക്ഷെ ഞാനവിടെ പോയാല്‍ എന്നെക്കാണാന്‍ പുറത്ത് തെരുവില്‍ ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കേണ്ടിവരും. ഇതൊക്കെ എന്റെ തൊഴിലിന്റെ ചെറു അസൗകര്യങ്ങളാണ്. ഇതൊക്കെ മറികടക്കാന്‍ എനിക്ക് വിദ്യകളുണ്ട്എനിക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ കടലിലേക്ക് പോകും. ഞാന്‍ സ്‌കൂബ(Scuba) ഡൈവിങ്ങിനായി പവിഴപ്പുറ്റുകളുടെ ഒരു ചെറിയ ദ്വീപിലേക്ക് പോകും.

പ്ലേബോയ്: ക്യൂബയിലൂടെ നടത്തിയ ഇത്രയും യാത്രകളുടെ അടിസ്ഥാനത്തില്‍ ഫിദല്‍ കാസ്‌ട്രോയും ജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങിനെയാണ് വിവരിക്കുക?

കാസ്‌ട്രോ: പരിചിതത്വത്തിന്റേയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റേയും ചേതോവികാരമാണ് ജനങ്ങളുടേതെന്നാണെനിക്ക് തോന്നുന്നത്. അത് വളരെ അടുത്ത ബന്ധമാണ്. ജനങ്ങളെന്നെ അയല്‍വാസിയായി, മറ്റൊരു വ്യക്തിയായി മാത്രമേ കാണുന്നുള്ളു. പൊതു രൂപങ്ങളെക്കണ്ട്, സ്ഥാനമാനങ്ങള്‍ കണ്ട് അവര്‍ വിവശരാകില്ല. ആരുമെന്നെ കാസ്‌ട്രോയെന്ന് വിളിക്കില്ല, ഫിദല്‍ എന്ന് മാത്രം. ആ പരിചിതത്വത്തിന് കാരണം, മറ്റു പലതിനുമൊപ്പം, ജനങ്ങളോട് ഞങ്ങളൊരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടേത് സത്യസന്ധമായ വിപ്ലവമായിരുന്നു. ഞങ്ങള്‍ വാക്കുപാലിക്കുമെന്ന് ജനങ്ങള്‍ക്കറിയാം, ക്യൂബയിലുള്ള ക്യൂബക്കാര്‍ക്ക് മാത്രമല്ല മിയാമി(അമേരിക്കയിലേക്ക് കുടിയേറിയ കാസ്‌ട്രോ വിരുദ്ധര്‍)യില്‍ ഉള്ളവര്‍ക്കും - ഞങ്ങളോട് ഒരു സ്‌നേഹവുമില്ലാത്തവരും ഞങ്ങളുടെ വാക്ക് വിശ്വസിക്കും. വിപ്‌ളവം മുതല്‍ അവര്‍ക്കെല്ലാമറിയാമായിരുന്നു - തന്ത്രങ്ങളുണ്ടാവില്ല, ഒറ്റിക്കൊടുപ്പുണ്ടാവില്ല, കെണിയില്‍പ്പെടുത്തലുണ്ടാവില്ല എന്ന്. മാരിയെലില്‍ നിന്ന് വിട്ടുപോകാമെന്നവരോട് പറഞ്ഞപ്പോള്‍ , അവര്‍ക്കത് ചെയ്യാമായിരുന്നു - അവര്‍ ഞങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായിട്ടുപോലും, ഭീകരവാദികളായിട്ടുപോലും. സ്വന്തം ശത്രുവിനെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുകയും അയാളിറങ്ങുമ്പോള്‍ ഏതുവഴിക്കാണ് പോകുന്നതെന്ന് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന, മരുഭൂമിയിലെ അറബിയെപ്പോലെയാണ് ഞങ്ങള്‍.

തീര്‍ച്ചയായും, വിപ്ലവം ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണത്. ഒരിക്കലുമില്ല! ഇത് യുദ്ധം വരെ നീണ്ടുപോകുന്ന പാരമ്പര്യമാണ്. യുദ്ധകാലത്ത് മുഴുവന്‍ യുദ്ധത്തെപ്പറ്റി ഞങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍, മരണസംഖ്യ, പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്ക്് എല്ലാം തന്നെ കര്‍ശനമായും കൃത്യമായിരുന്നു. ഞങ്ങളൊരു റൈഫിളോ ബുള്ളറ്റോ അധികമാക്കിപ്പറഞ്ഞിട്ടില്ല. യുദ്ധം പോലും കളവിനേയും വിജയം പൊലിപ്പിക്കുന്നതിനേയും ന്യായീകരിക്കുന്നില്ല. ഞങ്ങളുടെ വിപഌവത്തിലെ സുപ്രധാനമായ ഘടകമായിരുന്നു അത്.

പ്ലേബോയ്: താങ്കള്‍ക്ക് ഉറ്റമിത്രങ്ങളേറെയുണ്ടോ? താങ്കളുടെ സ്ഥിതിയിലുള്ളവര്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ?

കാസ്‌ട്രോ: വെല്‍, എനിക്ക് ക്യൂബക്കാരല്ലാത്ത പല സുഹൃത്തുക്കളുമുണ്ട്. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ടവര്‍ അവരില്‍ പലരും വിശിഷ്ടവ്യക്തിത്വങ്ങളാണ്, ഡോക്റ്റര്‍മാര്‍, എഴുത്തുകാര്‍, ചലചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, വിദേശസുഹൃത്തുക്കള്‍. പക്ഷെ വിപ്ലവത്തിലെ എന്റെ സുഹൃത്തുക്കളൊക്കെ എന്റെ വിപ്ലവസഖാക്കളാണ്, എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരെല്ലാം, രാജ്യത്ത് സുപ്രധാനസ്ഥാനങ്ങള്‍ വഹിക്കുന്നവരെല്ലാം. ഞങ്ങള്‍ തമ്മിലൊരു സുഹൃദ്ബന്ധമാണ്.

സുഹൃദ്‌വൃന്ദം എന്ന് നിങ്ങള്‍ വിളിക്കുന്ന ഒന്ന് എനിക്കില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം സുഹൃദ്‌വൃന്ദം എന്നാല്‍ വിശാലമായൊരു സങ്കല്‍പമാണ്. സ്ഥിരമായി എട്ടോ പത്തോ കൂട്ടുകാരുമായി ഒത്തുചേരുന്ന ശീലമെനിക്കില്ല. ഒരു ദിവസം ഞാന്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കും മറ്റൊരാളെ മറ്റൊരു ദിവസം. ജോലി ബന്ധങ്ങള്‍ മൂലം ചിലരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും - അത് യുക്തിയാണ്. എങ്കിലും ഞാനത് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്, കാരണം ഉത്തരവാദിത്തത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടനുസരിച്ച് അതൊരു നല്ല സ്വഭാവമല്ല - സ്ഥിരമായി ഒരു സംഘം സുഹൃത്തക്കളെത്തന്നെ ഞായറാഴ്ചകളില്‍ കാണുന്ന രീതി.

പ്ലേബോയ്: ജനങ്ങള്‍ ഭയപ്പെടുന്നവരായി തോന്നുന്നുണ്ടോ, അവര്‍ക്ക് താങ്കളോട് തര്‍ക്കിക്കാന്‍ കഴിയുമോ എന്നാണ് ഞങ്ങള്‍ നസ്സിലാക്കാന്‍ ശ്രമിക്കുന്നത്

കാസ്‌ട്രോ : ഒരു ചട്ടമെന്ന നിലയില്‍ രാജ്യഭരണത്തിലോ പാര്‍ട്ടിയിലോ ഉള്ള എന്റെ സഖാക്കള്‍ക്ക് പൂര്‍ണമായ പരിചിതത്വത്തോടെ എന്റെയടുത്ത് വന്ന് അയാള്‍ നേരിടുന്ന പ്രശ്‌നത്തെയോ ആശങ്കയേയോ പറ്റി സംസാരിക്കാം. പൊതുവേ സഖാക്കളുമായുള്ള എന്റെ ബന്ധം ഗംഭീരമാണ്. എങ്കിലും നിങ്ങള്‍ ചോദിച്ച സ്ഥിതിക്ക് പറയാം, എന്നോടടുത്ത് പെരുമാറുന്ന രണ്ടുമൂന്ന് പേര്‍ ഞാന്‍ വലിയ തലവേദനയാണെന്ന് പറയും. നമ്മുടെ ഒപ്പം ഇവിടെ ഇരിക്കുന്ന സഖാവ് ചോമി ഒരു മുഖ്യ ഉദാഹരണമാണ്. ഞാന്‍ കാണേണ്ട, കൂടിക്കാഴ്ച ആവശ്യപ്പെട്ട മനുഷ്യരുടെ പട്ടിക എന്നെ കാണിക്കുക എന്ന പ്രതിഫലമില്ലാത്ത കര്‍ത്തവ്യമാണദ്ദേഹത്തിന്. അയാളാണ് എനിക്ക് മുറുമുറുക്കാനും പരാതിപ്പെടാനുമുള്ള മനുഷ്യന്‍ (കാസ്‌ട്രോയും ചോമിയും പൊട്ടിച്ചിരിക്കുന്നു). പ്രശ്‌നങ്ങള്‍ ഒഴിയാച്ചിന്തകളായി മാറാനും അതുമൂലം ക്ഷുഭിതനാകാനും ഞാന്‍ പൊതുവേ സ്വയം അനുവദിക്കാറില്ല. എനിക്കൊരു നര്‍മബോധമില്ലെങ്കില്‍, മറ്റുള്ളവരോടും എന്നോടുതന്നെയും തമാശ പറയാന്‍ കഴിയില്ലെങ്കില്‍ എനിക്കീ ജോലി കൈകാര്യം ചെയ്യാനാവില്ല. മറ്റുള്ളവര്‍ ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഞാനും ചോദിക്കാറുണ്ട്: എന്റെ രക്തസമ്മര്‍ദം എങ്ങിനെ? എന്റെ ഹൃദയം എങ്ങിനെയുണ്ട്? ഇത്രയും കാലം ഞാനിതൊക്കെ എങ്ങിനെ താങ്ങി?

പ്ലേബോയ്: വിവാഹം, കുടുംബം, സ്വസ്ഥമായ വിശ്രമ ജീവിതം എന്നിവയെപ്പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കാസ്‌ട്രോ: പൊതുജീവിതത്തിലെ വ്യക്തികളുടെ സ്വകാര്യജീവിതത്തെപ്പറ്റിയുള്ള പരദൂഷണ കോളം പബ്ലിസിറ്റിയോടെനിക്ക് എന്നും വെറുപ്പായിരുന്നു. അതൊരാളുടെ സ്വകാര്യതയുടെ ഭാഗമാണ്. അതുകൊണ്ടാണ് ഞാനതെപ്പറ്റി വിവേചനം പുലര്‍ത്തുന്നുത് - ഒരു നാള്‍ വരെ. ഒരു നാള്‍ നിങ്ങളന്വേഷിക്കുന്ന വിവരങ്ങളും അറിയപ്പെടും, പക്ഷെ എന്റെ സഹകരണത്തോടെയാവില്ലെന്നു മാത്രം. എന്റെ സ്വകാര്യജീവിതത്തിലെല്ലാം ശരിയാണെന്ന് ഞാന്‍ പറഞ്ഞുതരാം (ചിരിക്കുന്നു)..

പ്ലേബോയ്: സ്വകാര്യമായ ഒരു ചോദ്യം കൂടി. അവസാനത്തെ മഹാപ്രഭാഷകന്‍മാരിലൊരാളാണ് താങ്കള്‍ . സ്റ്റേഡിയങ്ങള്‍ നിറയുന്ന ജനക്കൂട്ടവും താങ്കളുടെ മുഴങ്ങുന്ന ശബ്ദവുമെല്ലാം വെച്ച് ഫലശേഷിയുള്ള ആശയവിനിമയകാരനാണ് താങ്കളെന്നാണ് കണക്കാക്കപ്പടുന്നത്. ആ പൊതു രൂപവും സ്വകാര്യമനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ?

കാസ്‌ട്രോ: (പൊട്ടിച്ചിരിക്കുന്നു) ആശയവിനിമയകാരന്‍ എന്ന നിലയില്‍ എനിക്കൊരു വലിയ എതിരാളിയുണ്ട് - അത് റേയ്ഗനാണ്. ആരും വിശ്വസിക്കാത്ത ഒരു കാര്യം കൂടി പറയാം എനിക്ക് സഭാകമ്പമുണ്ട്. പൊതുവേദിയില്‍ പ്രസംഗിക്കാനൊരുങ്ങുന്നതിന് മുമ്പ് പിരിമുറുക്കത്തിന്റെ ഒരു നിമിഷത്തിലൂടെ ഞാന്‍ കടന്നുപോകും. സത്യത്തിലെനിക്ക് പ്രസംഗങ്ങള്‍ നടത്തുന്നതേ ഇഷ്ടമല്ല. ഞാനതൊരു ചുമതലയായിട്ടാണ് ഏറ്റെടുക്കുന്നത്, ലോലമായ ഒരു ദൗത്യം, നേടാനുള്ള ലക്ഷ്യം. ഈ വമ്പന്‍ റാലികളൊക്കെ ദുഷ്‌കരമാണ്. എന്റെ പക്കല്‍ അടിസ്ഥാനമായ ഒരു ഐഡിയ ഉണ്ടാകും - മാനസികമായ ഒരു സ്‌ക്രിപ്റ്റ്. പക്ഷെ ഞാന്‍ അദ്ധ്വാനിച്ച് ആശയങ്ങള്‍ - വാക്കുകള്‍ , പ്രയോഗങ്ങള്‍ എല്ലാം പ്രസംഗത്തിനിടയില്‍ വികസപ്പിച്ചെടുക്കും. എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളേക്കാള്‍ ജനങ്ങള്‍ക്കിഷ്ടം അതാണ്. ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരുവന്‍ അധ്വാനിക്കുന്നത് കാണാനവര്‍ക്കിഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.

പ്ലേബോയ്: പ്രസിഡന്റ് റേയ്ഗന്‍ താങ്കളെ നിഷ്ഠൂരനായ സൈനിക സ്വേച്ഛാധിപതിയെന്നാണ് വിശേഷിപ്പിക്കുന്നത് - ഉരുക്കുമുഷ്ടിയുമയി ക്യൂബ ഭരിക്കുന്ന മനുഷ്യനെന്ന്. പല അമേരിക്കക്കാരും അത് അംഗീകരിക്കുന്നുമുണ്ട്. ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?

കാസ്‌ട്രോ: നിങ്ങളുടെ ചോദ്യത്തെപ്പറ്റി ചിന്തിക്കാം. ഏകാധിപതിയെന്നാല്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നവനാണ്, എല്ലാ സ്ഥാപനങ്ങള്‍ക്കും അതീതനായവന്‍ , നിയമത്തിനതീതനായവന്‍ . സ്വന്തം ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊരധികാരത്തിനും വിധേയനല്ലാത്തവന്‍ . ഉത്തരവുകള്‍ കൊണ്ടു ഭരിക്കുന്നതാണ് ഏകാധിപതിയെങ്കില്‍ മാര്‍പാപ്പ ഏകാധിപതിയാണെന്ന് ആരോപിക്കാം. വത്തിക്കാനും കത്തോലിക്ക സഭയും ഭരിക്കാനുള്ള അദ്ദേഹത്തിന്റെ വിശാലമായ അധികാരങ്ങള്‍ പ്രസിദ്ധമാണ്. എനിക്കത്തരം അധികാരങ്ങളില്ല. എന്നലും ആരും മാര്‍പാപ്പ ഏകാധിപതിയാണെന്ന് പറയില്ല. ആരോടുമൊന്നു ചോദിക്കാതെ പ്രസിഡന്റ് റേയ്ഗന് ഭീകരമായ തീരുമാനങ്ങളെടുക്കാം. ഒരു അംബാസ്സഡറെ നിയമിക്കാന്‍ അദ്ദേഹത്തിന് സെനറ്റിന്റെ അനുമതി വേണമായിരിക്കാം, പക്ഷെ ഗ്രെനാഡക്കെതിരെ ചെയ്തതുപോലെ അധിനിവേശത്തിന് ഉത്തരവിടാം. അല്ലെങ്കില്‍ നികാരഗ്വക്കെതിരെ ചെയ്യുന്നതുപോലെ ഹീനയുദ്ധത്തിന് ഉത്തരവിടാം, എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുന്ന ആ ബ്രീഫ്‌കേസിലെ കോഡുകളുപയോഗിച്ച് മനുഷ്യരാശിയുടെ തന്നെ അന്ത്യം കുറിക്കുന്ന ആണവയുദ്ധം അഴിച്ചുവിടാം. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്രയും അധികാരമുണ്ടായിട്ടില്ല.

പ്ലേബോയ്: പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, സത്യത്തില്‍ താങ്കളും വ്യക്തിപരമായ ഉത്തരവുകളിലൂടെ ഭരിക്കുന്നില്ലേ?

കാസ്‌ട്രോ: ഇല്ല, ഞാന്‍ പൂര്‍ണമായും എന്റേതായ തീരുമാനങ്ങളെടുക്കാറില്ല. സംഘത്തിനുള്ളിലെ നേതാവിന്റെ പങ്കാണ് ഞാന്‍ വഹിക്കാറുള്ളത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്‍സിക്ക് തുല്യമായതൊന്നും ഞങ്ങളുടെ രാജ്യത്തില്ല.ഇവിടെ ഓരോ തീരുമാനങ്ങളും - പ്രധാന തീരുമാനങ്ങള്‍ - വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കൂട്ടായെടുക്കുന്നതാണ്. ഞാന്‍ മന്ത്രിമാരേയും അംബാസ്സഡര്‍മരെയും താഴെക്കിടയിലുള്ള ഗവണ്മന്റ് ഉദ്യോഗസ്ഥന്മാരെപ്പോലും നിയമിക്കുന്നില്ല. കാരണം അവരെയൊക്കെ നാമനിര്‍ദേശം ചെയ്യാനും തിരഞ്ഞെടുക്കാനും നിയമിക്കാനും ഇവിടെ ഒരു വ്യവസ്ഥയുണ്ട്. സത്യത്തില്‍ എനിക്ക് ചില അധികാരങ്ങളുണ്ട്. എനിക്ക് സ്വാധീനമുണ്ട്. പക്ഷെ എന്റെ യഥാര്‍ത്ഥ അവകാശം സെന്‍ട്രല്‍ കമ്മിറ്റിക്ക് മുമ്പാകെ, നാഷണല്‍ അസംബ്ലിക്ക് മുമ്പാകെ പൊതുജനാഭിപ്രായത്തിന് മുമ്പാകെ സംസാരിക്കാമെന്നതാണ്. അതാണെന്റെ മുഖ്യശക്തി, അതിലുമേറെയൊന്നും ഞാന്‍ കാംഷിക്കുന്നുമില്ല എനിക്കാവശ്യവുമില്ല.

ഇതൊന്നും ഏകാധിപതിയെന്ന വിശേഷണത്തിന് ചേരുമെന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ ഉത്തരവുകള്‍ കൊണ്ട് ഭരിക്കുന്നവനല്ല. എനിക്കതിനാവില്ല. ഞാന്‍ ഉത്തരവുകള്‍ നല്‍കില്ല, ഞാന്‍ യുക്തി ഉപയോഗിക്കുകയേ ഉള്ളു.

യുദ്ധത്തിനിടയില്‍ ഞാനൊരു സൈന്യത്തെ നയിച്ചിട്ടുണ്ട് - അതങ്ങിനെയേ പറ്റൂ, അത്തരമൊരു ഉത്തരവാദിത്വമുണ്ടായേ പറ്റൂ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഐസന്നോവറിന് ചുമതലയുണ്ടായിരുന്നു, തീരുമാനങ്ങളെടുക്കാനുള്ള അധികാരവും. പക്ഷെ, ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍, 1953 ജൂലായ് 26-ന് മൊങ്കാടാ ജയില്‍ ആക്രമിക്കുന്നതിനും വളരെ മുമ്പ് ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധകാലത്ത് മുഴുവന്‍ ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ ഉടന്‍ ഞങ്ങള്‍ രാജ്യത്തിനായി സമഷ്ടിയുള്ള നേതൃത്വം രൂപീകരിച്ചു. വര്‍ഷങ്ങളായി ഈ തത്വങ്ങളൊക്കെ മാറ്റമില്ലാതെ തുടരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റിന് പ്രത്യക്ഷമായ, ഏകപക്ഷീയമായ ഉത്തരവുകള്‍ കൊടുക്കാന്‍ ഇതിനേക്കാള്‍ അധികാരവും ശേഷിയുമുണ്ടെന്നാണ് ഞാന്‍ സത്യമായും വിശ്വസിക്കുന്നത്. ഒരു ആണവയുദ്ധത്തിന് ഉത്തരവിടുന്നത് പോലെ പൈശാചികമാം വിധം ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ഈ അധികാരത്തില്‍ ഉള്‍പ്പെടുമെങ്കില്‍ ഞാന്‍ ചോദിക്കട്ടെ, ആരാണ് കൂടുതല്‍ ഏകാധിപതി?

പ്ലേബോയ്: എങ്കിലും, ക്യൂബയിലും പാശ്ചാത്യരാജ്യങ്ങലിലും അനുവദിക്കുന്ന വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് അമേരിക്കക്കാര്‍ പൊതുവെ കണക്കാക്കുന്ന
ത്.
കാസ്‌ട്രോ:സ്വാതന്ത്ര്യത്തെപ്പറ്റി യു എസ്സിന്റേയും ക്യൂബയുടേയും സങ്കല്‍പങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ഉദാഹരണത്തിന്, യു എസ്സില്‍ പത്തു ലക്ഷം കൂട്ടികള്‍ അപ്രത്യക്ഷരായിട്ടുണ്ട്, കോടീശ്വരന്മാര്‍ക്കൊപ്പം നിങ്ങള്‍ക്ക് ഭിക്ഷക്കാരുമുണ്ട്. ഞങ്ങള്‍ക്കത് രണ്ടുമില്ല - ഉപേക്ഷിക്കപ്പെട്ട കുട്ടികളും, ഭിക്ഷക്കാരും. നിങ്ങളെപ്പോഴും സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നു. നിങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം മുതല്‍ നിങ്ങള്‍ സ്വാതന്ത്ര്യങ്ങളെപ്പറ്റി സംസാരിക്കുന്നു, നിങ്ങള്‍ അടിമകളെ മോചിപ്പിച്ചില്ല, ഏറെ മുമ്പെയല്ല, നിങ്ങളുടെ കറുത്ത താരങ്ങള്‍ക്ക് മേജര്‍ ലീഗ് ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ സ്വയം ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യമെന്ന് വിളിച്ചു. ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യം റെഡ് ഇന്ത്യക്കാരെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ബഫാളോ ബില്‍ കൊന്നൊടുക്കിയ കാട്ടുപോത്തുകളേക്കാള്‍ ഇന്ത്യക്കാരെ നിങ്ങള്‍ കൊന്നൊടുക്കി. അതിന് ശേഷം നിങ്ങള്‍ അര്‍ജന്റീനയിലേയും ചിലിയിലേയും ഏറ്റവും ഭീകരരായ ഏകാധിപതികളുമായി സഖ്യമുണ്ടാക്കി, നിങ്ങള്‍ ദക്ഷിണാഫ്രിക്കയെ സംരക്ഷിച്ചു, കോണ്‍ട്രാ വിപ്‌ളവം സംഘടിപ്പിക്കാന്‍ ഏറ്റവും വലിയ കൊലയാളികളെ കൂട്ടുപിടിച്ചു - എന്നിട്ട് നിങ്ങളാണോ സ്വാതന്ത്ര്യത്തിന്റെ ലോകം? യു എസ് സംരക്ഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ എന്താണ്? എവിടെയാണ് നിങ്ങളുടെ സ്വാതന്ത്ര്യം? ഞങ്ങളുടെ വ്യവസ്ഥ നിങ്ങളേക്കാള്‍ ഭേദമാണ്. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും നല്ല സ്വതന്ത്രരാണ്് എന്നവകാശപ്പെടുന്നില്ല.
പ്ലേബോയ്: സത്യത്തില്‍ യു എസ്സില്‍ ഒരു കമ്മ്യൂണിസ്റ്റിന് തുറന്ന് സംസാരിക്കാം. യു എസ്സില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.കാസ്‌ട്രോ: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാം, പക്ഷെ അത് ചെയ്യാനുള്ള സ്ഥലമില്ല - അല്ലെങ്കില്‍ അത് ചെയ്യാനുള്ള ശേഷിയുണ്ടാകണം. നിങ്ങള്‍ക്കൊരു പത്രമോ മാധ്യമ സാമ്രാജ്യമോ ഇല്ലെങ്കില്‍ നിങ്ങള്‍ അവഗണിക്കപ്പെടും. ഡാന്‍ റാതറിനെ പുറത്താക്കാന്‍ വേണ്ടി ഒരു വലതുപക്ഷ സെനറ്റര്‍ സി ബി എസ് വാങ്ങിക്കാന്‍ ശ്രമിച്ചതിനെപ്പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്. റാതര്‍ കമ്മ്യൂണിസ്റ്റല്ല, എങ്കിലും അവര്‍ക്കദ്ദേഹത്തിന്റെ വായ മൂടണം. മുതലാളിത്തത്തിനെതിരായും അനുകൂലമായും എഴുതുന്ന പ്രഗത്ഭരായ എഴുത്തുകാരുണ്ട്, അവര്‍ക്ക് ടി വി യിലും സംസാരിക്കാം. പക്ഷെ കമ്മ്യൂണിസം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന, നിങ്ങളുടെ വ്യവസ്ഥ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ വലിയ പത്രങ്ങളിലോ ടിവികളിലോ പ്രത്യക്ഷപ്പെടുന്നില്ല.

പ്ലേബോയ്:ക്യൂബയിലെ സ്ഥിതിയോ? ഈ വ്യവസ്ഥക്കെതിരെ ആര്‍ക്കെങ്കിലും ഇവിടെ എഴുതാനാവുമോ?കാസ്‌ട്രോ ഇല്ല. ഒരു പ്രതിവിപഌവകാരിക്ക് ഞങ്ങളുടെ പത്രങ്ങളില്‍ എഴുതാനാവില്ല. ഞങ്ങളുടെ വ്യവസ്ഥക്കെതിരെ അയാള്‍ക്കെഴുതാനാവില്ല. പക്ഷെ അതു തന്നെയാണ് യു എസ്സിലും നടക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിലും വാഷിങ്ടണ്‍ പോസ്റ്റിലും ഒരു കമ്മ്യൂണിസ്റ്റ് എഴുതുന്നത് കാണുമ്പോള്‍, സിബിഎസ്സില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ എല്ലാ പ്രതിവിപ്ലവകാരികള്‍ക്കും പത്രങ്ങളിലെഴുതാന്‍ ഞാന്‍ കവാടങ്ങള്‍ തുറന്നുകൊടുക്കാമെന്ന് വാക്ക് തരുന്നു.

പ്ലേബോയ് : പക്ഷെ സ്വതന്ത്രമായി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ യു എസ്സിലുണ്ടെന്ന് താങ്കള്‍ക്കറിയാംകാസ്‌ട്രോ:അതെ, അവരെ പ്രസംഗിക്കാനും ലഘുലേഖ വിതരണം ചെയ്യാനുമെല്ലാം അനുവദിക്കും, പക്ഷെ അവരെ ചര്‍ച്ചകളില്‍ പങ്കെടുക്കാനനുവദിക്കില്ല, പത്രങ്ങള്‍ അവരെ കവര്‍ ചെയ്യില്ല.

പ്ലേബോയ്: ഞങ്ങള്‍ക്കിപ്പോള്‍ ഹവാനയിലെ പ്രധാന മൈതാനത്ത് പോയി ക്യൂബയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കാമോ?കാസ്‌ട്രോ: ജനങ്ങള്‍ക്ക് ഏറ്റവും വിമര്‍ശനസ്വഭാവമുള്ള സ്ഥലങ്ങളിലൊന്നാണ് ക്യൂബ. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കൊക്കെ അറിയാം ക്യൂബക്കാര്‍ തുറന്നു സംസാരിക്കുന്നവരാണെന്ന്. നേരം പലര്‍ന്നാല്‍ രാത്രി വരെ അവര്‍ എല്ലാം വിമര്‍ശിച്ചുകൊണ്ടിരിക്കും. തുറന്നു സംസാരിക്കുന്നതിന് ഇവിടെ ആരെയും അറസ്റ്റ് ചെയ്യാറില്ല. കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. പോരെങ്കില്‍ ജനങ്ങള്‍ക്ക് വേറൊരു പാര്‍ട്ടി വേണ്ട. ജനങ്ങള്‍ക്ക് അഭിപ്രായം പറയാം, പക്ഷെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റില്ല.

പ്ലേബോയ്: അപ്പോള്‍ ഞങ്ങളിപ്പോള്‍ പുറത്തുപോയി പാര്‍ട്ടിക്കെതിരെ സംസാരിച്ചാലോ?കാസ്‌ട്രോ: ചെയ്തുനോക്കൂ. ചിലപ്പോള്‍ കുഴപ്പത്തിലാകും (ചിരിക്കുന്നു)

പ്ലേബോയ് :ക്യൂബയും യു എസ്സും തമ്മിലുളള ബന്ധങ്ങളുടെ ചരിത്രം വരെ മോശമാണ്. റേയ്ഗന്‍ സ്ഥാനമേറ്റ ശേഷം അതെത്രമാത്രം വഷളായി?കാസ്‌ട്രോ: ഗണ്യമാം വിധം. തീര്‍ച്ചയായും അദ്ദേഹം ഞങ്ങള്‍ക്കെതിരായ ഉപരോധം ശക്തമാക്കി. പിന്നെ കുറച്ചുകാലമായി പുനഃസ്ഥാപിച്ചിരുന്ന, സ്വകാര്യ പൗരന്മാരുടെ ക്യൂബന്‍യാത്രകള്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക,വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പാതയില്‍ പ്രതിബന്ധങ്ങള്‍ നിരത്തുകയെന്ന നിരന്തരമായ ശാഠ്യബുദ്ധിയും അദ്ദേഹം പ്രയോഗിച്ചു. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഞങ്ങളുടെ സാമ്പത്തിക വാണിജ്യ വ്യാപാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യു എസ്സില്‍ എത്ര മനുഷ്യര്‍ വ്യാപൃതരാണെന്നെനിക്കറിയില്ല, ഞങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയാന്‍, ഏതെങ്കിലും പാശ്ചാത്യരാജ്യത്തിന് ക്യൂബയുടെ നിക്കല്‍ വില്‍ക്കുന്നത് തടയാന്‍, ക്യൂബയ്ക്കുള്ള വായ്പകള്‍ തടയാന്‍ - വായ്പകള്‍ പുനക്രമീകരിക്കുന്നത് പോലും തടയാന്‍. വിവിധ ബാങ്കുകളുമായി ഞങ്ങള്‍ ഓരോ വട്ടം വായ്പകള്‍ പുനക്രമീകരിക്കുമ്പോഴും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് രേഖകള്‍ ചമച്ച് ഗവണ്മന്റുകള്‍ക്കും ബാങ്കുകള്‍ക്കും അയക്കും. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സും ക്യൂബയും തമ്മിലുള്ള വ്യാപാരം തടയുന്നതില്‍മാത്രം ഒതുക്കുന്നില്ല - അവര്‍ ഔഷധവ്യാരം പോലും തടഞ്ഞു, നാണം കെട്ട പണി! മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ അതിടപെടാത്തത് അതിന് കഴിയാത്തതുകൊണ്ടാണ്. അതാണ് സത്യം.

പ്ലേബോയ് : ഈ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍, മുന്‍കൂട്ടി തയ്യാറാക്കിയ കാര്യപരിപാടിയില്ലാതെ പ്രസിഡന്റ് റേയ്ഗനുമായൊരി കൂടിക്കാഴ്ചയ്ക്ക് താങ്കള്‍ക്ക് സമ്മതമാണോ?കാസ്‌ട്രോ: (വളരെ ശ്രദ്ധാപുര്‍വം) ആദ്യം നിങ്ങളിത് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റിനോട് ചോദിക്കണം. ഞാനൊരു കൂടിക്കാഴ്ചക്ക് നിര്‍ദേശം വെക്കുകയാണെന്ന് എനിക്ക് പറയണമെന്നില്ല. പിന്നെ നിങ്ങള്‍ക്കെന്റെ അഭിപ്രായമറിയണമെങ്കില്‍, അത് നടക്കുമെന്നെനിക്ക് തോന്നുന്നില്ല. പക്ഷെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗവണ്മന്റ് അത്തരം കൂടിക്കാഴ്ചക്ക്, അത്തരം ഒരു ബന്ധത്തിന് ഒരു നിര്‍ദേശം വെക്കുകയാണെങ്കില്‍ ഞങ്ങള്‍ തടസ്സങ്ങള്‍ വെക്കില്ല.

പ്ലേബോയ് : യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ കോണ്‍ഗ്രഷണല്‍ ബ്ലാക്ക് കോക്കസ്സോ ഒരു ക്ഷണം മുന്നോട്ടുവെക്കുകയാണെങ്കിലോ? അത്തരമൊരു ക്ഷണം താങ്കള്‍ സ്വീകരിക്കുമോ?കാസ്‌ട്രോ : വെല്‍, എനിക്ക് ബ്ലാക്ക് കോക്കസ്സുമായി നല്ല ബന്ധമാണുള്ളത്, അതിന്റെ പലഅംഗങ്ങളേയും എനിക്കറിയാം. ക്യൂബയിലോ യു എസ്സിലോ വെച്ച് അവരുമായൊരു കൂടിക്കാഴ്ച ഞാന്‍ ഒരു ബഹുമതിയായെടുക്കും. പക്ഷെ എനിക്ക് യു എസ്സ് ഗവണ്മന്റിന്റെ നിലപാടറിയണം. കാരണം യു എസ്സിലേക്കൊരു യാത്രക്ക് യു എസ്സ് ഗവണ്മന്റിന്റെ വിസ വേണം. അത് സാദ്ധ്യമാണെങ്കില്‍, അത് യു എസ്സ് സാമാജികരുമായി വിശാലമായൊരു സമ്മേളനത്തിന് വഴി വെക്കുമെങ്കില്‍, കോണ്‍ഗ്രസ് അംഗങ്ങളുടെ സംഘങ്ങളോടോ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളോടോ സംസാരിക്കാനുള്ള വാദങ്ങളെന്റെ പക്കലുണ്ട്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ഉത്തരം നല്‍കാം, കേട്ടാലവര്‍ക്ക് ഗുണകരമായ പലതുമെനിക്ക് പറയാനുണ്ട്. പക്ഷെ യു എസ് പ്രസിഡന്റ് സമ്മതിക്കാതെ ഇതൊന്നും നടക്കില്ല.

പ്ലേബോയ് : ഇപ്പോഴത്തെ ഭരണത്തിലെ ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് വെച്ച് അതു നടക്കുന്ന മട്ടില്ല. ക്യൂബയും കൊളംബിയയും തമ്മില്‍ മയക്കുമരുന്ന് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോര്‍ജ് ഷുള്‍സ് നടത്തുന്ന ആരോപണമാണ് ഇതിലേറ്റവും പ്രതികൂലം. അതിനോടെങ്ങെനെയാണ് പ്രതികരിച്ചത്?കാസ്‌ട്രോ: 'നിന്റെ അയല്‍ക്കാരനെതിരെ കള്ളസാക്ഷി പറയരുത് ' ഏന്നാണ് പത്തു കല്‍പ്പനകളിലൊന്ന്. റേയ്ഗന്‍ ഭരണകൂടത്തിനെ അത് നിരന്തമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. പോരെങ്കില്‍ അമേരിക്കന്‍ ജനതയും യു എസ് കോണ്‍ഗ്രസ്സും ഇതിനേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനോ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട ്‌മെന്റിനോ ഇക്കാര്യത്തില്‍ ഒരു തുണ്ട് തെളിവുപോലും കാണിക്കാന്‍ സാധിക്കില്ല! (ചാടിയെഴുന്നേറ്റ് ക്ഷുഭിതനായി ഉലാത്തുന്നു). ഇതൊക്കെ വൃത്തികെട്ട ഹീനമായ ആരോപണങ്ങളാണ്. വിദേശനയം കൊണ്ടുനടക്കാനുള്ള സത്യസന്ധമല്ലാത്ത മാര്‍ഗങ്ങളാണ്. കഴിഞ്ഞ 26 വര്‍ഷമായി ഇക്കാര്യത്തില്‍ ക്യൂബയുടെ റിക്കോഡ് കളങ്കരഹിതമാണ്, കാരണം മയക്കുമരുന്നുകള്‍ സ്വതന്ത്രമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ഞങ്ങളുടെ രാജ്യത്ത് വിപ്‌ളവം ആദ്യം ചെയ്തത് ആ പ്രശ്‌നം ഉന്മൂലനം ചെയ്യുകയായിരുന്നു. മരിയുവാന തോട്ടങ്ങള്‍ നശിപ്പിക്കാനും എല്ലാ തരം മയക്കുമരുന്ന് വ്യാപാരത്തെ കര്‍ശനമായി ശിക്ഷിക്കാനും നടപടികളെടുക്കുകയായിരുന്നു. 26 വര്‍ത്തെ വിപഌവകാലത്ത് ഒരിക്കല്‍പ്പോലും ഒരുദ്യോഗസ്ഥന്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പട്ട കേസ് ഞാന്‍ കേട്ടിട്ടില്ല - ഒരിക്കല്‍പ്പോലും. യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനെപ്പറ്റി ഇങ്ങനെ പറയാനാവുമോ എന്ന് ഞാന്‍ ചോദിക്കുകയാണ്.

പ്ലേബോയ്: കള്ളക്കടത്തുകാരുടെ ചെറുവിമാനങ്ങള്‍ മുകളിലൂടെ പറക്കാനനുവദിച്ചുകൊണ്ട് ക്യൂബ അതിന് നിശബ്ദമായി കൂട്ടുനില്‍ക്കുന്നുവെന്നാണ് ഷുള്‍സ് പറഞ്ഞത്കാസ്‌ട്രോ : നോക്കൂ, മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ ഏറ്റവും ഭയപ്പെടുന്ന സ്ഥലമാണ് ഞങ്ങളുടെ രാജ്യം. ക്യൂബയില്‍ ലാന്റ് ചെയ്യുന്നതും ഞങ്ങളുടെ തീരത്ത് നിര്‍ത്തുന്നതും അവര്‍ ഒഴിവാക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ധാരാളം അനുഭവങ്ങളുണ്ട്. യു എസ് ഉപരോധത്തിലാണെങ്കിലും ഇക്കാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനോട് സഹകരിക്കാന്‍ ബാധ്യതയൊന്നുമില്ലെങ്കിലും ക്യൂബ കരീബിയനിലെ മയക്കുമരുന്ന് കടത്തിനെതിരെ കാവല്‍ നിന്നിട്ടുണ്ട്, ഒരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമെന്ന നിലയില്‍. അന്തസ്സിന്റേയും ധാര്‍മികശക്തിയുടേയും ലളിതമായ ചേദ്യങ്ങളുടെ പേരില്‍. ഇതിന് പകരമായി ക്യൂബ മയക്കുമരുന്ന് കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന നാണംകെട്ട ആരോപണം ശരിയാണോ?

പ്ലേബോയ് : ഇത്തരം പരുഷമായ ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതിന്റെ കാരണമെന്താണെന്നാണ് കരുതുന്നത്? ക്യൂബയേയും താങ്കളേയും പറ്റി അമേരിക്കന്‍ നേതാക്കള്‍ക്കും ഒരു പരിധി വരെ അമേരിക്കന്‍ ജനതയ്ക്കും നിരന്തരമായി ഇത്തരം നിഷേധാത്മകമായ കീഴ്ചപ്പാടുണ്ടാകാന്‍ കാരണമെന്താണ്?കാസ്‌ട്രോ: ഒന്നാതായി, അടിസ്ഥാനപരമായും, ഇത് ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും എതിരായ നിഷേധാത്മക നിലപാടല്ല. മൗലികമായും ഇത് സോഷ്യലിസ്റ്റ് വിരുദ്ധ, വിപഌവവിരുദ്ധ, കമ്മ്യൂണസറ്റ് വിരുദ്ധ നിലപാടാണ്. വസ്തുയെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ 100 വര്‍ഷങ്ങളായി അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സാധ്യമായ എല്ലാ രീതിയിലും കമ്മ്യൂണിസ്റ്റ് വിരുദ്ധവികാരങ്ങള്‍ ജനങ്ങളില്‍ കുത്തിനിറക്കുകയായിരുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിദ്ധാന്തോപദേശം ആരംഭിക്കുകയായി. ഞങ്ങളുടെ നാട്ടിലും ഇതു തന്നെയാണ് നടന്നുകൊണ്ടിരുന്നത്. പത്രങ്ങളിലും മാഗസിനുകളിലും ടിവിയിലും റേഡിയോവിലൂം എന്തിന് കൂട്ടികളുടെ കാര്‍ട്ടൂണുകളിലൂടെപ്പോലും സ്ഥിരമായി ഈ ദിശയില്‍ പ്രചരണമുണ്ട്. സോഷ്യലിസത്തെപ്പറ്റി ശത്രുതാപരമായ മുന്‍വിധികളുണ്ടാക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഞാനുദ്ദേശിക്കുന്നത് സോഷ്യലിസ്റ്റ് വിപ്ലവത്തെപ്പറ്റിയാണ്, പഴഞ്ചന്‍ മട്ടിലുള്ള മുതലാളിത്തത്തിനെ സുഭഗമായ വേഷമണിയിക്കാന്‍ പല ബൂര്‍ഷ്വാ പാര്‍ട്ടികളും ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്ത സോഷ്യലിസം എന്ന വാക്കല്ല.

പ്ലേബോയ് : താങ്കളുടെ മാതിരിയുള്ള സോഷ്യലിസ്്റ്റ് വ്യവസ്ഥ ക്യൂബയില്‍ നടപ്പാക്കാന്‍ ക്രൂരവും ശിക്ഷാപരവുമായ നടപടികള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് റേയ്ഗന്‍ ഭരണകൂടത്തിലെ വിമര്‍ശകര്‍ വാദിക്കും.കാസ്‌ട്രോ: ക്രൂരതയെന്ന ആരോപണത്തെപ്പറ്റിയാണെങ്കില്‍, സാമൂഹ്യാനീതിയോടും വിവേചനത്തിനോടും അസമത്വത്തോടും ചൂഷണത്തോടും നിസ്സംഗത പുലര്‍ത്തുവരാണ് ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ മനുഷ്യര്‍. പാദരക്ഷകളില്ലാതെ ഒരു കുഞ്ഞിനെ കാണുമ്പോള്‍, തെരുവിലൊരു ഭിക്ഷക്കാരനെ കാണുമ്പോള്‍, വിശക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കാണുമ്പോള്‍ പ്രതികരിക്കാത്ത മനുഷ്യര്‍. അനീതിക്കെതിരെയും അടിച്ചമര്‍ത്തലിനുമെതിരെയും പോരാടാന്‍, മറ്റുള്ളവരെ സേവിക്കാന്‍ സ്വയം ഉഴിഞ്ഞുവെച്ച മനുഷ്യര്‍ക്ക്, ഐക്യത്തിനായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് ക്രൂരന്മാരാകാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വയം ക്രൂരമാണെന്ന് മാത്രമല്ല മറ്റുള്ളവരെ ക്രൂരരാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം - ഉദാഹരണത്തിന് മുതലാളിത്ത സമൂഹം - ആണ് ശരിക്കും ക്രൂരമെന്നാണ് ഞാന്‍ പറയുക. സോഷ്യലിസം അതിന് നേര്‍വിപരീതമാണ്. നിര്‍വചനമനുസരിച്ച് അത് മനുഷ്യനില്‍, മനുഷ്യന്റെ ഐക്യത്തില്‍, മനുഷ്യന്റെ സാഹോദര്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു - സ്വാര്‍ത്ഥതയിലും ദുരയിലും മത്സരത്തിലുമല്ല. സ്വാര്‍ത്ഥത, ദുര, മത്സരം, അനീതി എന്നിവയില്‍ നിന്നാണ് ക്രൂരത പിറക്കുന്നതന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പ്ലേബോയ്: യു എസ്സ് ക്യൂബയെ ചിത്രീകരിക്കുന്നതിലേക്ക് മടങ്ങിവരുകയാണെങ്കില്‍ കാസ്‌ട്രോ: എത്ര സ്ഥലം, എത്ര കടലാസ് എത്ര മാധ്യമങ്ങള്‍ ക്യൂബക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു പഠനം നടത്താം. അവരുടെ ഭീമമായ സാങ്കേതിക വിഭവങ്ങളും മാധ്യമങ്ങളുമുണ്ടായിട്ടും, ഞാന്‍ ദുഃഖത്തോടെ പറയുകയാണ്, അമേരിക്കക്കാരാണ് ഏറ്റവും കുറച്ച് രാഷ്ട്രീയവിദ്യാഭ്യാസം ലഭിച്ചവര്‍, മൂന്നാം ലോകത്തിലെ, ഏഷ്യയിലെ, ആഫ്രിക്കയിലെ, ലാറ്റിന്‍ അമേരിക്കയിലെ മനുഷ്യരേയും യാഥാര്‍ത്ഥ്യങ്ങളേയും പറ്റി ഏറ്റവും മോശമായി വിവരം ധരിപ്പിക്കപ്പെട്ടവര്‍. ഇതെല്ലാമാണ് ഈ ആന്റി ക്യൂബ, ആന്റി കാസ്‌ട്രോ വികാരങ്ങളുടെയെല്ലാം മൂലകാരണം. ചിന്തിക്കുകയും രാഷ്ട്രീയവും സാംസ്‌കാരികവുമായി ഉന്നതനിലവാരം പുലര്‍ത്തുകയും ലോകകാര്യങ്ങള്‍ അറിയുന്നവരുമായ വിശാലമായ ന്യൂനപക്ഷവും അവിടെയുണ്ടെന്ന് പകരം പറയാനും ഞാനാഗ്രഹിക്കുന്നു. പക്ഷെ അവര്‍ക്ക് ശരാശരി പൗരന്‍മാരുടെ പ്രാതിനിധ്യമില്ല. ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കണമെന്നുണ്ട് , ചൈനയെപ്പറ്റിയും മാവോയെപ്പറ്റിയും ചൈനീസ് കമ്മ്യൂണിസത്തെപ്പറ്റിയും ഭീകരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. പത്രങ്ങള്‍ ചൈനയെപ്പറ്റി ഭീകരമായ കാര്യങ്ങള്‍ ദിവസവും എഴുതുമായിരുന്നു. ഇന്നതല്ല സ്ഥിതി. വലരെ നല്ല നയതന്ത്രബന്ധങ്ങളുണ്ട്, നിക്ഷേപവും വര്‍ദ്ധിക്കുന്ന വ്യാപാരവുമുണ്ട്. ഇതൊന്നും ഇന്നത്തെ ചൈനയുമായി തുടങ്ങിയതല്ല, മാവോ സേതുങ്ങിന്റെ ചൈനയുമായിട്ട് - സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്തെ, തീവ്ര കമ്മ്യൂണിസം പ്രചരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത കാലത്തെ ചൈനയുമായിട്ട് തുടങ്ങിയതാണ്. ഇപ്പോള്‍ റേയ്ഗന്‍ പോലും വന്‍മതില്‍ സന്ദര്‍ശിച്ചിരിക്കുന്നു. എല്ലാം എത്ര മാറിയെന്നു നോക്കൂ. എന്തുകൊണ്ട്? എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ? ഇപ്പോള്‍ രണ്ടുതരം കമ്മ്യൂണിസ്റ്റുകളായി, നല്ല കമ്മ്യൂണിസ്റ്റും ചീത്ത കമ്മ്യൂണിസ്റ്റും. ഞാനതില്‍ ചീത്ത കൂട്ടത്തിലാണ് നിസ്സംശയം പെട്ടിരിക്കുന്നത്. ഞാനാണതിന്റെ മാതൃക. വെല്‍ , മാവോ സേതുങ്ങും കുറേക്കാലം ആ വകുപ്പിലായിരുന്നല്ലോ.
പ്ലേബോയ്: പ്രതിച്ഛായ ചീത്ത കമ്മ്യൂണിസ്റ്റിന്റേതില്‍ നിന്ന് നല്ല കമ്മ്യൂണിസ്റ്റിന്റേതാക്കാന്‍ എന്താണ് വേണ്ടത്?കാസ്‌ട്രോ: നിര്‍ഭാഗ്യവശാല്‍, യുനൈറ്റഡ് സ്റ്റേറ്റ്‌സിന്‍െ അംഗീകാരത്തിനും അനുമോദനത്തിനും വേണ്ടി, ചീത്ത കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ നിന്ന് നല്ല കമ്മ്യൂണിസ്റ്റ് ആകാന്‍ വേണ്ടി ഞങ്ങള്‍ ശരിയല്ലെന്ന് കരുതുന്നതിനെ തളളിപ്പറയുന്നത് അവസാനിപ്പിക്കണം എന്നാണുദ്ദേശിക്കുന്നതെങ്കില്‍, ഞങ്ങള്‍ ന്യായമെന്ന് തീരുമാനിച്ച പ്രസ്ഥാനങ്ങളെ സഹായിക്കുന്നത് അവസാനിപ്പിക്കണം എന്നാണുദ്ദേശിക്കുന്നതെങ്കില്‍, സോവിയറ്റുകളുമായുള്ള സൗഹൃദം ഉപേക്ഷിച്ച് സോവിയറ്റ് വിരുദ്ധരാകണമെന്നാണുദ്ദേശിക്കുന്നതെങ്കില്‍, അതൊരിക്കലും നടക്കില്ല. ഒരിക്കല്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ക്യൂബയെപ്പറ്റിയുള്ള ധാരണ മാറ്റുകയാണെങ്കില്‍, പൊതുജനാഭിപ്രായത്തിന് സത്യമറിയാന്‍ അവസരമുണ്ടാവുകയും ചെയ്താല്‍ അത്, കാസ്‌ട്രോയോ ക്യൂബക്കാരോ അവസരവാദികളോ കാലുമാറികളോ വിലക്ക് വാങ്ങാവുന്നവരോ അല്ല എന്ന് തിരിച്ചറിയാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലായിരിക്കും.

പ്ലേബോയ്: ബാക്കി ലാറ്റിനമേരിക്ക മുഴുവന്‍ വിലക്കുവാങ്ങാമെന്ന രീതിയിലാണ് യു എസ്സ് പെരുമാറുന്നതെന്ന് തോന്നുന്നുണ്ടോ

കാസ്‌ട്രോ: ലാറ്റിനമേരിക്കയോടുള്ള ഈ യു എസ്സ് നയം, ഈ ഗോളാര്‍ദ്ധത്തിലെ മുഴുവന്‍ മനുഷ്യരോടും അവജ്ഞയോടെ തങ്ങളീ ഗോളാര്‍ദ്ധത്തിന്റെ ഉടമകളാണെന്ന മട്ടില്‍ പെരുമാറുന്നത് എവിടേയും സ്​പഷ്ടമാണെന്നെനിക്കുറപ്പുണ്ട്. നിസ്സാര കാര്യങ്ങളില്‍, പ്രസംഗങ്ങളില്‍, കഥകളിലും ഫലിതങ്ങളിലും, ലാറ്റിനമേരിക്കന്‍ നേതാക്കളുമായുള്ള സമ്പര്‍ക്കങ്ങളില്‍ എല്ലാം പ്രകടമാണ്. കൊളംബസ്സും മറ്റ് യൂേേറാപ്യന്‍ കോണ്‍ക്വിസ്റ്റാഡോര്‍മാരും ഇന്നാട്ടിലെ റെഡ് ഇന്ത്യക്കാരെ ഇതേ രീതിയിലും തത്വശാസത്രത്തിലുമാണ് കണ്ടതെന്ന് എനിക്ക് തോന്നുന്നുണ്ട് - കണ്ണാടിയും ചീര്‍പ്പും നല്‍കി സ്വര്‍ണം വാങ്ങുന്ന രീതി. അതാണ് അമേരിക്കയുടെ മനോഭാവമെെന്നനിക്ക് തോന്നുന്നു. ഞാനത് ശ്രദ്ധിക്കാറുണ്ട്, എനിക്കത്് അനുഭവപ്പെടാറുണ്ട്. എന്നോട് സംസാരിക്കുമ്പോളല്ല. ഒരു സന്ദര്‍ശകനും എന്നോട് അങ്ങിനെ സംസാരിക്കില്ല - പോരെങ്കില്‍ ഞാന്‍ സ്വീകരിക്കുന്ന സന്ദര്‍ശകര്‍ വേറെ തരക്കാരുമാണ്.

ലാറ്റിനമേരിക്കയോടുള്ള യു എസ്സ് പ്രസിഡന്റുമാരുടെ ബന്ധങ്ങള്‍ കാണുമ്പോള്‍ അവരുടെ അവജ്ഞ, ലാറ്റിനമേരിക്കന്‍ ജനങ്ങളെപ്പറ്റിയുള്ള മതിപ്പുകുറവ് അനുഭവപ്പെടാതിരിക്കാന്‍ കഴിയില്ല. ഈ ജനവിഭാഗത്തിന് യാതൊരു പരിഗണനയോ ബഹുമാനമോ ഇല്ല. ഈ നയം-ലാറ്റിനമേരിക്കയിലെ എല്ലാ കാര്യങ്ങളിലും ഇടപെടുക, അവിടെ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുക എന്നിങ്ങനെയുള്ള നയം - ഒരിക്കല്‍ പ്രതിസന്ധിയില്‍ കലാശിക്കും. ആ നിമിഷം അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതേ വരെ ഈ പ്രശ്‌നങ്ങള്‍ ക്യൂബയോ നികരാഗ്വയോ ഗ്രെനാഡയോ പോലുള്ള ചെറിയ ഒറ്റപ്പെട്ട രാജ്യങ്ങളിലേ നടന്നുളളുവെന്നത് യു എസ്സിന്റെ ഭാഗ്യം. അതിനിപ്പോഴും അധിനിവേശത്തെപ്പറ്റിയും ഇടപെടലിനേപ്പറ്റിയും സംസാരിക്കാം. ദക്ഷിണാര്‍ദ്ധഗോളത്തിലാകമാനമോ തെക്കേ അമേരിക്കയിലെ വലുതോ ഇടത്തരം വലുപ്പമുള്ളതോ ആയ രാജ്യത്തിലോ അതിന് ഇടപെടലിലൂടെയോ അധിനിവേശത്തിലൂടെയോ പ്രശ്‌നപരിഹാരം സാധിക്കില്ല. അത് അത്യാഹിതമായിരിക്കും.

ചിലപ്പോള്‍ ആവേശത്തോടെ വിയറ്റ്‌നാം യുദ്ധം തുടങ്ങിവെച്ചപ്പോള്‍ അവിടെ എന്തു സംഭവിക്കുമെന്ന് ആരെങ്കിലും ജനങ്ങളോട് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ അയാള്‍ അമേരിക്കന്‍ ജനതയ്ക്ക് വലിയൊരു സേവനമായിരിക്കും ചെയ്തത്. ബേ ഓഫ് പിഗ്‌സ് ആക്രമണത്തിന് മുമ്പ് ന്യൂയോര്‍ക്ക് ടൈംസിന്റെ പക്കലുണ്ടായിരുന്ന വിവരങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഒരു തെറ്റ് ഒഴിവാക്കാന്‍ അത് കെന്നഡിയെ സഹായിക്കുമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

പ്ലേബോയ്: ഒരു മാര്‍ക്‌സിസ്റ്റ് ഗവണ്മന്റ് അധികാരത്തിലെത്തുമ്പോള്‍ അനിവാര്യമായും അടിച്ചമര്‍ത്തലും മനുഷ്യാവകാശധ്വംസനവും വിമതരെ തടവിലിടലുമെല്ലാം തുടര്‍ന്നുണ്ടാകുമെന്ന് പൊതുവെ ഒരു ധാരണയുണ്ട്.

കാസ്‌ട്രോ: വിപഌവത്തിന് വിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുനടക്കുന്നതിന്റെ പേരില്‍ ക്യൂബയിലാരെങ്കിലും തടവില്‍ കിടക്കുന്നണ്ട് എന്നത് അസംബന്ധമാണ്. ഒരു പൗരനെ എന്തൊക്കെ കൃത്യങ്ങള്‍ക്ക് ശിക്ഷിക്കാമെന്ന് പീനല്‍ കോഡില്‍ കൃത്യമായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ട്, ചെറുത്തുനില്‍ക്കുകയും ചെയ്യും. ശിക്ഷ നടപ്പാക്കണമെങ്കില്‍ - കടുത്ത ശിക്ഷകള്‍ പോലും -ഞങ്ങളത് നടപ്പാക്കും. പക്ഷെ ഞങ്ങളുടെ ശത്രുക്കള്‍ എന്തു പറഞ്ഞാലും അവരെത്ര കളളം പറഞ്ഞാലും വിപഌവത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ശാരീരികമായ ഭേദ്യം ചെയ്യലിന്റെ കഥകളില്ല. ഈ രാജ്യത്തിലെ എല്ലാ പൗരന്മാര്‍ക്കും ഇതറിയാം.

പ്ലേബോയ്: നിങ്ങള്‍ രാഷ്ട്രീയ വിമതരെ കൈകാര്യം ചെയ്യുന്ന രീതി മൂലം അമേരിക്കക്കാരനുഭവിക്കുന്നതിലുമേറെ സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നാണോ അവകാശപ്പെടുന്നത്?

കാസ്‌ട്രോ: ഓരോ ദിവസവും എനിക്കതിനെപ്പറ്റി ഉറപ്പുണ്ട്. ഇവിടെ ഒരിക്കലും കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ യു എസ്സ് പൗരന്മാര്‍ അവരുടെ നാട്ടില്‍ കാണുന്നുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെപ്പോലൊരു മനുഷ്യാവകാശപ്പോരാളി കൊല ചെയ്യപ്പെടുന്നത്് ഇവിടെ ആരും കണ്ടിട്ടില്ല - ഇനിയൊട്ട് കാണുകയുമില്ല. ഇത്തരം കൃത്യങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല, എന്നിട്ടും വിപഌവത്തിന്റെ മാനുഷിക ചേതനയെപ്പറ്റി ഞങ്ങള്‍ വീമ്പു പറഞ്ഞ് നടക്കുന്നുമില്ല.

പ്ലേബോയ് : വിപ്ലവത്തിന് മുമ്പ് താങ്കളും ജയിലില്‍ കിടന്നിട്ടുണ്ടല്ലോ - എങ്ങിനെയാണതെപ്പറ്റി ഓര്‍ക്കുന്നത്്

കാസ്‌ട്രോ: വളരെക്കാലം ഞാനേകാന്തത്തടവിലായിരുന്നു. ഞാനത്രക്ക് വാചാലനായതിനാല്‍ ബാറ്റിസ്റ്റയുടെ ആളുകള്‍ക്ക് എന്നെ വിചാരണ ചെയ്യണമെന്നില്ലായിരുന്നു. നടക്കുന്ന കുറ്റകൃത്യങ്ങളെയെല്ലാം ഞാന്‍ അപലപിച്ചിരുന്നു. അതിനാല്‍ അത് വ്യക്തമായും രാഷ്ട്രീയമായിരുന്നു. ജയിലില്‍ വെച്ചുപോലും ചരിത്രം, തത്വശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ പാഠശാലകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിരുന്നു.

പ്ലേബോയ് : ഏത് വര്‍ഷങ്ങളിലാണ് താങ്കള്‍ മാര്‍ക്‌സിസ്റ്റായതെന്നതിനെപ്പറ്റി ഊഹാപോഹങ്ങളുണ്ട്്. അധികാരമേറ്റ ശേഷം വാഷിങ്ടണിന്റെ ശത്രുത മൂലം മാര്‍ക്‌സിസം ആലിംഗനം ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിതനായി എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ താങ്കള്‍ അര്‍പണബോധമുള്ള കമ്മ്യൂണിസ്റ്റായിക്കഴിഞ്ഞുവെന്നാണ് തോന്നുന്നത്.

കാസ്‌ട്രോ അല്ല, ഞാന്‍ ജയിലില്‍ പോകുന്നതിനും മുമ്പ് തന്നെ കമ്മ്യൂണിസ്റ്റായിരുന്നു. എന്നെ ജയിലിലെത്തിച്ച മൊങ്കാഡ പരാജയത്തിനും മുമ്പ് തന്നെ എനിക്ക് ആഴത്തിലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. അതിനകം തന്നെ ഞാന്‍ ഒരു ഉട്ടോപ്യന്‍ കമ്മ്യൂണിസ്റ്റായിരുന്നു. മുതലാളിത്തത്തിന്റെ യുക്തിരാഹിത്യത്തെപ്പറ്റി, അതിന്റെ ഭ്രാന്തിനെപ്പറ്റി അതിന്റെ സാമ്പത്തികശാസ്ത്രം പഠിക്കുന്നതിലൂടെയാണനിക്ക് മനസ്സിലായത്. ഞാന്‍ രണ്ടാം വര്‍ഷ നിയമം പഠിക്കുമ്പോഴാണ് മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളോട് ആഭിമുഖ്യം തോന്നിയത്. ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട് ഇല്ലായിരുന്നെങ്കില്‍ ബാറ്റിസ്റ്റക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാവുമായിരുന്നില്ല.

പ്ലേബോയ്: ക്യൂബ അതിന്റെ പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്ന്്് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷങ്ങള്‍ക്കെല്ലാം ശേഷവും യു എസ്സ് ഒരു ആക്രമണമോ അധിനിവേശമോ നടത്തുമെന്ന് ഭയപ്പെടുന്നുണ്ടോ അതൊരു യഥാര്‍ത്ഥ സാധ്യതയാണെന്ന് കരുതുന്നുണ്ടോ?

കാസ്‌ട്രോ: ഞങ്ങളുടെ പ്രതിരോധശേഷി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കാര്യമായി വര്‍ദ്ധിപ്പിച്ചുവെന്നത് രഹസ്യമല്ല. അതു മാത്രമല്ല, പ്രതിരോധത്തെപ്പറ്റി ഞങ്ങളുടെ ചിന്താഗതി തന്നെ വിപഌവാത്മകമായി നവീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സ്ഥിരം സൈന്യത്തിന് പുറമെ 15 ലക്ഷം സ്ത്രീപുരുഷന്മാരെക്കൂടി പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. പതിനായിരക്കണക്കിന് അണികളേയും ഞങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്്. ക്യൂബക്കെതിരായ എല്ലാ ആക്രമണസാധ്യതകളും പരിഗണിച്ചിട്ടുണ്ട്. ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍പ്പോലും ജനങ്ങള്‍ സംഘടിതമായിരിക്കും. എന്തിനാണിതൊക്കെ ചെയ്യുന്നത്? തമാശ കൊണ്ടോ ആയുധപ്രേമം കൊണ്ടോ അല്ല, അതിലും എനിക്കിഷ്ടം ഹെമിങ്‌വേയെപ്പോലെ 'ഫേര്‍വെല്‍ റ്റു ആംസ്'' പറയാനാണ്. ക്യൂബക്കെതിരെ യു എസ്സ്് ഗവണ്മന്റ് സ്വീകരിച്ച ബലപ്രയോഗത്തിന്റേയും ഭീഷണിയുടേയും നയത്തോടുള്ള പ്രതികരണമാണിത്.

പ്ലേബോയ്: താങ്കള്‍ ഗ്രെനാഡയെപ്പറ്റി പറഞ്ഞു. അന്നാട്ടിലെ സേഷ്യലിസറ്റ് വിപഌവത്തിന്റെ പരാജയം എങ്ങിനെയാണ് വിശദീകരിക്കുക?

കാസ്‌ട്രോ: യുനൈറ്റഡ് സ്റ്റേറ്റ്‌സിനെപ്പോലെ ശക്തമായ രാജ്യത്തിന് ഒരു ചെറു രാജ്യത്തിനെതിരെ നടത്താവുന്ന ഏറ്റവും ലജ്ജാകരമായ കാര്യമായിരുന്നു യു എസ്സ് ഗ്രെനാഡക്കെതിരെ നടത്തിയ അധിനിവേശം. അവിടെ നടന്നതിന് സോഷ്യലിസത്തിന്റെ പരാജയവുമായി ഒരു ബന്ധവുമില്ല. ഗ്രെനാഡയില്‍ നടന്നുകൊണ്ടിരുന്നത്് സാമൂഹ്യമാറ്റത്തിന്റെ പ്രക്രിയയായിരുന്നു, സോഷ്യലിസ്റ്റ് വിപഌവമായിരുന്നില്ല. അതിമോഹമുള്ള ഒരു വിഭാഗീയ സംഘത്തിന്റെ പ്രവര്‍ത്തികളാണ് അധിനിവേശത്തിനായി വാതില്‍ തുറന്നുകൊടുത്തതെന്ന്, യു എസ്സ് തേടിക്കൊണ്ടിരുന്ന കപടന്യായം ഒരു വെള്ളിത്താലത്തില്‍ കൊണ്ടുക്കൊടുത്തതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആഭ്യന്തരസ്ഥിതിഗതികളുടെ ഉത്തരവാദി ജനപ്രിയ നേതാവായ മൗറീസ് ബിഷപ്പിനെതിരെ ഗൂഢാലോചന ബെര്‍ണാഡ് കോര്‍ഡ് എന്ന വിപ്‌ളവസൈദ്ധാന്തികനാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

പ്ലേബോയ് : ''ലജ്ജാകരമായ'' ഗ്രെനാഡ അധിനിവേശത്തെ താങ്കള്‍ നാസി ജര്‍മനിയുടെ പ്രവര്‍ത്തികളോടാണ് ഉപമിക്കുന്നത്്. സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനില്‍ ചെയ്തതിനോടാണ് അതിന് കൂടുതല്‍ സാമ്യമെന്ന് ചിലര്‍ പറയും. അഫ്ഗാനിസ്താനില്‍ നടന്ന സോവിയറ്റ് അധിനിവേശം സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ജാള്യതയുണ്ടാക്കിയില്ലേ?

കാസ്‌ട്രോ: അഫ്ഗാനിസ്താന്‍ ലോകത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള രാജ്യമാണ്. 1978 ഏപ്രില്‍ വരെ അവിടെ ഫ്യൂഡല്‍ വ്യവസ്ഥയാണ് നിലനിന്നത്. നിരക്ഷരതാ നിരക്ക് 90 ശതമാനമായിരുന്നു, പിറന്നുവീഴുന്ന 1000 കുട്ടികളില്‍ 235 പേര്‍ ശിശുമരണത്തിനിരയാവുമായിരുന്നു. 2000 കുടുംബങ്ങളാണ് ഭൂമിയുയെ 70 ശതമാനവും കൈവശം വെച്ചത്, ജനസംഖ്യയെന്നാല്‍ 1500 ഗോത്രങ്ങളും. വിപഌം കൂടുതല്‍ കൂടുതല്‍ അനിവാര്യമായിക്കൊണ്ടിരുന്ന ഒരു സ്ഥലമായിരുന്നു അഫ്ഗാനിസ്താന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വിപ്‌ളവം നടന്ന ഉടന്‍ നികരാഗ്വയില്‍ ചെയ്യുന്നത്‌പോലെ സി. ഐ. എ. അട്ടിമറി പ്രവര്‍ത്തനങ്ങളും തുടങ്ങി. വിപഌവം തുടങ്ങിയതു മുതല്‍ പ്രതിവിപഌവ സംഘങ്ങള്‍ക്കായി യു എസ്സ് 100 കോടി ഡോളര്‍ മുതലിറക്കി.

അഫ്ഗാന്‍ വിപഌവം ആ മേഖലയില്‍ സംഘര്‍ഷങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. 1979-ല്‍ ഹവാനയില്‍ ചേരിചേരാ ഉച്ചകോടി സംഘടിപ്പിക്കുന്നതടക്കം പ്രശ്‌നപരിഹാരങ്ങള്‍ക്കായി ക്യൂബയും ശ്രമിച്ചു. അവിടെ വെച്ച് ഞാന്‍ അഫ്ഗാന്‍ പ്രസിഡന്റ് തരാക്കിയെ പരിചയപ്പെട്ടു. അദ്ദേഹത്തെ അട്ടിമറിക്കുകയും കൊല ചെയ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്ത മനുഷ്യന്‍ അമീനെയും അവിടെ വെച്ച് ഞാന്‍ പരിചയപ്പെട്ടു. കംബോഡിയയില്‍ വംശഹത്യ നടത്തിയ പോള്‍പോട്ടിനെപ്പോലെയായിത്തീര്‍ന്നു അദ്ദേഹം. അദ്ദേഹം എന്തൊരു സരസനായ മനുഷ്യനാണെന്ന് സങ്കല്‍പ്പിക്കാനാവില്ല!

കണ്ടാല്‍ വളരെ ഉപചാരമുള്ളവരും വിദ്യാസമ്പന്നരും യൂറോപ്പിലും യു എസ്സിലുമൊക്കെ പഠിക്കുകയും ചെയ്ത വ്യക്തകളെ പരിചയപ്പെടാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. പിന്നീടാണ് അവര്‍ ചെയ്ത ദാരുണകൃത്യങ്ങളെപ്പറ്രി നിങ്ങളറിയുക! ഒരു നിമിഷത്തില്‍ മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയാണ്. അവരുടെ തലച്ചോറിലെ ന്യൂറോണുകള്‍ വിപ്ലവരാഷ്ട്രീയപ്രശ്‌നങ്ങളുടെ സങ്കീര്‍ണതകള്‍ക്കൊത്തുപോകാന്‍ കഴിയാത്തവയാണെന്ന് തോന്നുന്നു, അതാണവര്‍ തികച്ചും വിചിത്രമായ ഭ്രാന്തുകള്‍ കാണിക്കരുന്നത്.

എന്തായാലും 1979-ന്റെ ഒടുവില്‍ നടന്ന സംഭവങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. സോവിയറ്റുകള്‍ അഫ്ഗാന്‍കാരെ സഹായിക്കുകയായിരുന്നുവെന്നത് നേര് - കാരണം തരാക്കി അവരുടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. അമീനും പിന്നീട് സോവിയറ്റുകളുടെ സഹായം തേടി, അവിടെ ധാരാളം സോവിയറ്റുകള്‍ ഉണ്ടായിരുന്നു, സൈനിക, സാമ്പത്തിക, സാങ്കേതിക മേഖലകളിലൊക്കെ ഉണ്ടായിരുന്നു...വന്‍തോതില്‍ സൈനികരെ അങ്ങോട്ടയക്കുന്നത് വരെ.

പ്ലേബോയ്:അതായത് അവര്‍ അധിനിവേശം നടത്തുന്നത് വരെ. അതെന്ത് പ്രകോപനത്തെത്തുടര്‍ന്നാണെന്നാണ് താങ്കള്‍ പറയുന്നത്?

കാസ്‌ട്രോ :അവശ്യമായും, വിദേശത്ത്‌നിന്ന് വളര്‍ത്തിയ പ്രതിവിപഌവ പ്രവര്‍ത്തനങ്ങള്‍ മൂലം. വിപഌവത്തെത്തുടര്‍ന്ന് എപ്പോഴും കുറെ സങ്കീര്‍ണതകളും തലവേദനകളും ഉണ്ടാകും. ഒരു വിപഌവവും അതൊഴിവാക്കിയിട്ടില്ല. 1798-ലെ ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ല, 1917-ലെ റഷ്യന്‍ റവലൂഷനില്‍ ഇല്ല, ചൈനീസ് വിപ്ലവത്തില്‍, വിയറ്റ്‌നാം വിപ്ലവത്തില്‍, ക്യൂബന്‍ വിപ്ലവത്തില്‍, നികരാഗ്വന്‍ വിപ്ലവത്തില്‍... അതിന് അപവാദങ്ങളില്ല. എല്ലാ പ്രശ്‌നങ്ങളും ഉദിക്കുന്നത് വിപഌത്തെ അട്ടിമറിക്കാന്‍ വിദേശത്ത് നിന്ന് ശ്രമങ്ങളുണ്ടാകുന്നത് കൊണ്ടും. അഫ്ഗാന്‍ വിപഌവത്തിലും നടന്നതിതാണ്.

പ്ലേബോയ് :അധിനിവേശത്തിന് താങ്കള്‍ സി ഐ എ യെ ആണോ പഴിചാരുന്നത്?

കാസ്‌ട്രോ: അഫ്ഗാന്‍ ഗവണ്മന്റിനും സോവിയറ്റുകള്‍ക്കും തങ്ങളെക്കൊണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കാന്‍ സി ഐ എ ശ്രമിക്കുന്നുണ്ടായിരുന്നു, ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. പലായനം ചെയ്തവരെ ഉപയോഗിച്ച് അവര്‍ വന്‍തോതില്‍ ആയുധങ്ങളും പണവും അങ്ങോട്ടൊഴുക്കുകയാണ്. അഫ്ഗാന്‍ ജനതയിലൊരു വിഭാഗത്തിന്റെ രാഷ്ട്രീയ പിന്നാക്കാവസ്ഥ മുതലെടുത്ത് മതം ഉപയോഗിച്ച് അഫ്ഗാന്‍ വിപഌവകാരികള്‍ക്കും സോവിയറ്റുകള്‍ക്കും പ്രശ്‌നമുണ്ടാക്കാന്‍ ഓരോ ഉപകരണവും അവരുപയോഗിക്കുകയാണ്. ആ മേഖലയില്‍ സമാധാനമുണ്ടാകുന്നതില്‍ സി ഐ എ ക്ക് വലിയ താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നില്ല.

പ്ലേബോയ്: കഴിഞ്ഞ 26 വര്‍ഷത്തെ യു എസ്സ് വാണിജ്യ ഉപരോധത്തെപ്പറ്റി താങ്കള്‍ എരിവോടെ സംസാരിച്ചു. അതിന്റെ ഫലമായി -പിന്നെ നിങ്ങളുടെ തന്നെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലവും - താങ്കളുടെ വിപ്ലവം അതിന്റെ ആദ്യകാലത്ത് വാഗ്ദാനം ചെയ്ത പല പദ്ധതികളും സേവനങ്ങളും വെട്ടിക്കുറക്കേണ്ടി വന്നിട്ടില്ലേ?കാസ്‌ട്രോ: ഇല്ലേയില്ല. എല്ലാ സാമ്പത്തിക, സാമൂഹ്യ മേഖലകളിലും വികസനത്തിനായി അടുത്ത 15 വര്‍ഷത്തേക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ ഉപരോധമുണ്ടായിട്ടും പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിന്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ യു എസ്സിനേക്കാള്‍ ഞങ്ങള്‍ മുന്നിലായിരിക്കും. ജനങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം സുസ്ഥിരമായ സാമ്പത്തിക വികസനം നേടാന്‍ ഞങ്ങള്‍ വിഭവങ്ങള്‍ യുക്തിസഹമായി ഉപയോഗിക്കുകയാണ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ചെയ്യുന്നത് പോലെ ലോകം വെറുക്കുന്ന വിമാന വാഹിനികളും എം എക്‌സ് മിസ്സൈലുകളും നിര്‍മിക്കാനായി ഞങ്ങള്‍ സാമൂഹ്യപദ്ധതികളെ ബലിയര്‍പ്പിക്കില്ല.

പ്ലേബോയ്: അഭിമുഖത്തിനിടയില്‍ താങ്കള്‍ സാഹിത്യസംബന്ധിയായ പരാമര്‍ശങ്ങള്‍ കുറെ നടത്തി. വ്യക്തിപരമായ വിഷയത്തിലേക്ക് ഒന്നുകൂടി മാറിക്കൊണ്ട് ചോദിക്കട്ടെ, താങ്കളിപ്പോഴും ആര്‍ത്തിപിടിച്ച വായനക്കാരനാണോ?

കാസ്‌ട്രോ: യെസ്, കാലത്തിനൊത്ത് അഭിരുചികള്‍ മാറിയിട്ടുണ്ടെങ്കിലും. ചെറുപ്പത്തില്‍ സാഹിത്യകൃതികളും നോവലുകളുമാണെന്നെ ആകര്‍ഷിച്ചത്. ഞാന്‍ ജയിലിലായിരുന്ന കാലത്ത് ദിവസവും വായനക്കുണ്ടായിരുന്ന 15 -16 മണിക്കൂര്‍ വായിക്കാന്‍ മാത്രം പുസ്തകങ്ങളുണ്ടായിരുന്നില്ല. സാഹിത്യ, സാമ്പത്തിക, രാഷ്ട്രീയ ചരിത്ര കൃതികളെല്ലാം ഞാന്‍ വായിക്കും. ചര്‍ച്ചില്‍ മുതല്‍ ഡി ഗോള്‍ വരെയുള്ളവരുടെ ഓര്‍മക്കുറിപ്പുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ലോകമഹായുദ്ധത്തെയും അക്കാലത്തെ സംഭവങ്ങളെയും പറ്റിയും ഞാന്‍ വായിച്ചിട്ടുണ്ട്. ഇടക്കൊക്കെ ഭാഷയിലേക്ക് ആണ്ടിറങ്ങി, എക്കാലത്തേയും മികച്ച കൃതികളിലൊന്നായ സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിസോട്ടും പുനര്‍വായിക്കാറുണ്ട്. ഹെമിങ് വേയുടെ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം കൂടുതല്‍ എഴുതിയില്ല എന്നതില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്. ഗാര്‍ഷ്യ മാര്‍കേസിന്റെ മിക്കപുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. സുഹൃത്തുക്കളായതിനാല്‍ അതിനെപ്പറിയുള്ള സ്തുതി ഒഴിവാക്കിയേക്കാം.

പ്ലേബോയ്: താങ്കള്‍ ഡോണ്‍ ക്വിക്‌സോട്ടി (Don-Quixote)നെക്കുറിച്ച് പറഞ്ഞു. ആ കഥാപാത്രത്തില്‍ നിന്ന് താങ്കള്‍ തിരിച്ചറിയുന്ന എന്തെങ്കിലുമുണ്ടോ?

കാസ്‌ട്രോ: ഒരു വിപ്ലവകാരിയോടാണ് ഡോണ്‍ ക്വിക്‌സോട്ടിന് സാദൃശ്യമെന്നെനിക്ക് തോന്നുന്നു - പ്രത്യേകിച്ചും നീതിക്ക് വേണ്ടിയുള്ള അയാളുടെ ആഗ്രഹത്തില്‍, അശ്വസേനാനിയെപ്പോലെ എല്ലായിടത്തും തെറ്റ് ശരിയാക്കുവാന്‍, ഭീമന്മാരോടേറ്റുമുട്ടാനുള്ള ആവേശത്തില്‍. ഡോണ്‍ ക്വിക്‌സോട്ടിന്റെ ഭ്രാന്തും വിപ്ലവകാരികളുടെ ഭ്രാന്തും സമാനമാണ്, ആവേശം സമാനമാണ്. വടക്കുള്ള ഭീമനെ എതിര്‍ക്കാന്‍ ഡോണ്‍ ഡോണ്‍ ക്വിക്‌സോട്ട് മടിക്കുകയില്ലെന്നെനിക്ക് ഉറപ്പുണ്ട്.

പ്ലേബോയ് : എന്നെങ്കിലും സ്വയം സംശയം തോന്നിയിട്ടുണ്ടോ?

കാസ്‌ട്രോ: എനിക്കൊരിക്കലും വ്യക്തിപരമായ സംശയങ്ങളോ ആത്മവിശ്വാസക്കുറവോ അനുഭവപ്പെട്ടിട്ടില്ലെന്ന് തുറന്നു പറയാം. അത് നല്ലതോ ചീത്തയോ ആകാം. പക്ഷെ, വസ്തുനിഷ്ടമായി നിങ്ങളുടെ പ്രവൃത്തികള്‍ ശരിയാണെന്ന് കാണുകയാണെങ്കില്‍ സംശയങ്ങള്‍ ഇല്ലാതിരിക്കുന്നത് നല്ലതാണ്. ചിലപ്പോഴെല്ലാം അഹങ്കാരം എന്റെ നിലപാടുകളെ സ്വാധീനിച്ചിരിക്കാം. പക്ഷെ ഒരിക്കല്‍ ശരിയെന്തെന്നതിനെപ്പറ്റി തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ എനിക്ക് വ്യക്തിപരമായി ആ ആശയങ്ങളില്‍ വലിയ വിശ്വാസമാണ്.

പ്ലേബോയ്: താങ്കള്‍ക്ക് എക്കാലവും ജീവിച്ചിരിക്കാനാവില്ലെന്ന് വ്യക്തം. അധികാര പിന്‍തുടര്‍ച്ചക്കെന്തെങ്കിലും പദ്ധതികളുണ്ടോ? വ്യക്തമായും ഒരു പിന്‍ഗാമിയുണ്ടോ?

കാസ്‌ട്രോ: വെല്‍, എനിക്കെന്തായാലും മരിക്കാന്‍ പദ്ധതികളൊന്നുമില്ല. ഇത് ഞാന്‍ പറയാം വിപഌവത്തിന്റെ ആരംഭം മുതല്‍, എന്റെ ആയുസ്സ് കുറയ്ക്കാന്‍ സി ഐ എ ക്ക് പരിപാടികളുണ്ട് എന്ന് മനസ്സിലാക്കിയതുമുതല്‍, ഉടന്‍ അധികാരമേല്‍ക്കാന്‍ മറ്റൊരു സഖാവിനെ - ഇന്ന് പാര്‍ട്ടിയുടെ സെക്കന്റ് സെക്രട്ടറിയായ റാവുള്‍ കാസ്‌ട്രോയെ - മുന്‍കൂട്ടി നാമനിര്‍ദേശം ചെയ്യണമെന്നൊരു അഭിപ്രയമുണ്ടായി. എന്റെ അഭിപ്രായത്തില്‍ തിരഞ്ഞടുക്കപ്പെട്ട സഖാവ് ഏറ്റവും യോഗ്യനണ് - എന്റെ സഹോദരനായതുകൊണ്ടല്ല, അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വിപളവഗുണങ്ങളും കൊണ്ട്.

പ്ലേബോയ് : നാളെ താങ്കള്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ ക്യൂബയിലെന്ത് സംഭവിക്കും?

കാസ്‌ട്രോ: ഈ ചോദ്യത്തില്‍ ഞാന്‍ മരിച്ചിട്ടില്ലല്ലോ? (ചിരിക്കുന്നു) ഒരു കാര്യം ഞാന്‍ പറയട്ടെ. ഞാന്‍ നാളെ എന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നെല്ലാം രാജി വെക്കുകയാണെങ്കില്‍, ആദ്യമായും ജനങ്ങള്‍ക്കതിന് വിശ്വസനീയമായ ഒരു കാരണം വേണം. അത് സ്വാഭാവികവും യുക്തിസഹവും ന്യായവുമായിരിക്കണം. 'ഞാനിതൊക്കെ ഉപേക്ഷിക്കാന്‍ പോവുകയാണ്, എനിക്ക് മടുത്തു, അല്ലെങ്കില്‍ ഞാന്‍ സ്വകാര്യജീവിതം നയിക്കാന്‍ പോവുകയാണ്' എന്ന് പറയാനാവില്ല. ഇത് വിശദീകരിക്കാനും ജനങ്ങള്‍ക്ക് മനസ്സിലാകാനും പ്രയാസമായിരിക്കും. നമുക്ക് സാധ്യമായതെല്ലാം ചെയ്യണമെന്നും വിപ്ലവ ബാധ്യതകള്‍ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കണമെന്നും ജനങ്ങളേയും ബോധവല്‍ക്കരിച്ചിട്ടുണ്ടല്ലോ.

വിപ്ലവത്തിന് ഇനിയും സംഭാവനകള്‍ നല്‍കാന്‍ എനിക്ക് കഴിയുമെന്നതിനെപ്പറ്റി എനിക്ക് സംശയങ്ങളൊന്നുമില്ലെങ്കിലും നാളെ ഞാന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ വിപ്ലവത്തില്‍ എന്റെ പങ്കിനെപ്പറ്റി ജനങ്ങളുടെ അഭിപ്രായം ഉന്നതമായിരിക്കുമെന്നെനിക്ക് ഉറപ്പുണ്ട്. അതെപ്പറ്റി എനിക്ക് സംശയമേ ഇല്ല.

പ്ലേബോയ് : നമുക്കൊരു ഭാവനയുടെ ചിറകില്‍ ഇതവസാനിപ്പിക്കാം. താങ്കളുടെ കാഴ്ചപ്പാടില്‍ ശരിക്കും അത്ഭുതകരമായ ഒരു കാര്യം. താങ്കള്‍ നിര്‍ദേശിച്ചതുപോലെ ലാറ്റിനമേരിക്കന്‍ കടങ്ങള്‍ മുഴുവന്‍ യു എസ്സ് റദ്ദ് ചെയ്‌തെന്നു വിചാരിക്കുക, കൂടാതെ കുറെ ധനസഹായം വേറെയും. ഈ ഗോളാര്‍ദ്ധം അര്‍ഹിക്കുന്നതെന്ന് താങ്കള്‍ കരുതുന്ന മാന്യതയോടെ പെരുമാറാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അപ്പോള്‍ താങ്കളെന്ത് ചെയ്യും? കാഴ്ചപ്പാടുകള്‍ പുനപ്പരിശോധിക്കുമോ?

കാസ്‌ട്രോ: യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്വമേധയാ നിങ്ങള്‍ പറഞ്ഞത് ചെയ്യുകയാണെങ്കില്‍ - സഹജമായ സ്വാര്‍ത്ഥതയുള്ള ഒരു നവകൊളോണിയല്‍ വ്യവസ്ഥക്ക് അത്തരമൊരു മഹാമനസ്‌കത സാധ്യമാണെങ്കില്‍ - ഒരു മഹാത്ഭുതം സംഭവിച്ചിരിക്കണം. ആ പ്രതിഭാസത്തെപ്പറ്റി ഞാന്‍ ധ്യാനനിരതനാവേണ്ടി വരും. ആ മേഖലയിലെ എന്റെ അഭിപ്രായം പരിഷ്‌കരിക്കാന്‍ ഞാന്‍ വല്ല ദൈവശാസ്ത്രജ്ഞനേയും കാണുമായിരിക്കും. ഒരു പക്ഷെ, ഞാന്‍ വല്ല സന്യാസി മഠത്തിലും ചേരുകയും ചെയ്യും.

പ്ലേബോയ്: ഈ അഭിമുഖത്തിന്റെ ആരംഭത്തില്‍ താങ്കള്‍ സ്വയം ഓരു ഏകാധിപതിയായി കാണുന്നുണ്ടോ എന്ന് ചോദിച്ചു. ആ ആരോപണം താങ്കള്‍ ഇനിയും നിഷേധിക്കുമോ?

കാസ്‌ട്രോ: ഞാന്‍ എന്റേതായ രീതിയില്‍പ്പെട്ട ഏകാധിപതിയാമെന്ന് ഞാന്‍ പറയും - ഏതു വിഷയവും തുറന്ന്, ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധതയും കാട്ടി ഒരു പത്രപ്രവര്‍ത്തകനും യു എസ്സ് സാമാജികനും ചേര്‍ന്ന് നടത്തിയ ഭേദ്യം ചെയ്യലിനും അടിച്ചമര്‍ത്തലിനും ഒക്കെ വിധേയനായ ഒരുവന്‍.

Tuesday, February 1, 2011

അഴിമതി കൊടികുത്തും നേരം ആര്‍ക്കുവേണം ദേശീയക്കൊടി?

K.M Roy


രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിക്ക്‌ എന്തുപറ്റി? രാജ്യമാണു പരമപ്രധാനമെന്നു കരുതുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടി തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ധിയാണിത്‌. വലിയ അഴിമതിയാരോപണങ്ങളില്‍ മുങ്ങിയിരിക്കുകയാണ്‌ ഇന്ത്യാ രാജ്യം. അഴിമതിയുടെ കരാളഹസ്‌തങ്ങളില്‍ രാജ്യം അമരാന്‍ തുടങ്ങിയിരിക്കുന്നെന്ന ഭീതി ജനങ്ങളില്‍ വളരുകയാണ്‌.

സാധാരണ ജനങ്ങളുടെ അവസാന ആശ്രയമായ ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസം പോലും നഷ്‌ടപ്പെട്ടുപോകുന്ന സ്‌ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതിയിലെ ചീഫ്‌ ജസ്‌റ്റിസുമാരേയും ജഡ്‌ജിമാരേയും അഴിമതിയുടെ പ്രതിക്കൂട്ടിലേക്കു കയറ്റിനിര്‍ത്തേണ്ട ആരോപണങ്ങള്‍ കൂടി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ താങ്ങാനാവാത്ത വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്‌. എണ്ണവില വീണ്ടും വീണ്ടും കൂടുന്നു. സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായിത്തീരുകയാണ്‌. എല്ലാത്തിനും പിന്നില്‍ അഴിമതിയാണെന്ന ധാരണയാണു ജനങ്ങളില്‍ പൊതുവേ വളര്‍ന്നിരിക്കുന്നത്‌. അഴിമതിക്കു കടിഞ്ഞാണിടണമെങ്കില്‍ നിയമത്തിന്റെ ഉരുക്കുചക്രങ്ങള്‍ നിര്‍ദാക്ഷിണ്യം അഴിമതിക്കാരുടെമേല്‍ ഉരുണ്ടുകയറിയേ മതിയാകൂ. അതിനു കരുത്തുള്ള ഭരണാധികാരി ഇന്നു രാജ്യത്തുണ്ടോ? പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അഴിമതിക്കാരനല്ലെന്നു ബി.ജെ.പിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ സമ്മതിക്കുന്നു. പക്ഷേ, അഴിമതിക്കെതിരായി കര്‍ശന നടപടികളെടുക്കാന്‍ പ്രധാനമന്ത്രിക്കു ധൈര്യമില്ലെന്നു ചില പ്രതിപക്ഷ നേതാക്കള്‍ പറയുമ്പോള്‍ മറ്റുചില നേതാക്കള്‍ പറയുന്നതു ശക്‌തമായ നടപടികള്‍ കൈക്കൊള്ളാന്‍ നട്ടെല്ലില്ലായ്‌മകൊണ്ട്‌ അദ്ദേഹത്തിനു കഴിയുന്നില്ല എന്നാണ്‌.

ഇത്തരമൊരു നിര്‍ണായക ഘട്ടത്തിലാണു പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി. ഏറ്റവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഈ കഴിവുകേടിനെതിരേ ജനങ്ങളില്‍ അഭിപ്രായം വളര്‍ത്തിക്കൊണ്ട്‌ അവരെ ദേശവ്യാപകമായി അണിനിരത്തുക എന്ന ഉത്തരവാദിത്തമാണു പ്രതിപക്ഷപാര്‍ട്ടി ഈ ഘട്ടത്തില്‍ പ്രകടിപ്പിക്കേണ്ടത്‌. പക്ഷേ, ബി.ജെ.പി. എന്താണു ചെയ്യുന്നത്‌?

ബി.ജെ.പി. അതിന്റെ പരമപ്രധാനമായ ലക്ഷ്യമായി കണ്ടത്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ എന്തു ബലികഴിച്ചും റിപ്പബ്ലിക്‌ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുക എന്നതാണ്‌. അതിനുവേണ്ടി കൊട്ടിഘോഷങ്ങളോടെ ദിവസങ്ങള്‍ കൊണ്ടു ബി.ജെ.പി. നേതാക്കള്‍ നടത്തിയ ശ്രമം അലസിപ്പോയതോടെ അവരുടെ പാര്‍ട്ടിയും നേതാക്കളും ഇന്ത്യന്‍ ജനസമൂഹത്തില്‍ അപഹാസ്യ പാത്രങ്ങളായി. ഈവര്‍ഷത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ ഹാസ്യനാടകമായി ചരിത്രത്തില്‍ ഈ പതാകയുയര്‍ത്തല്‍ സംഭവം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ജനങ്ങളില്‍ ദേശാഭിമാനം വളര്‍ത്തുന്നതിനു വേണ്ടിയാണ്‌ ഈ പതാകയുയര്‍ത്തല്‍ പ്രയാണം സംഘടിപ്പിച്ചതെന്നാണു ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടത്‌. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനത്തിനുവേണ്ടി പ്രകടിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളിലോ ദേശാഭിമാന വിളംബരങ്ങളിലോ അല്ല താല്‍പര്യം. മറിച്ച്‌, രാജ്യത്തെത്തന്നെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന അഴിമതിയില്‍നിന്നു രാജ്യത്തെ രക്ഷിക്കുകയെന്ന കാര്യത്തിലാണ്‌. ലാല്‍ചൗക്കില്‍ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ചെന്ന്‌ ഒരു ദേശീയപതാകയുയര്‍ത്തിയാല്‍ ഉടനെ വിജൃംഭിതമാകുന്നതല്ലല്ലോ ഇന്ത്യക്കാരന്റെ ദേശാഭിമാനം?

റിപ്പബ്ലിക്‌ ദിനത്തില്‍ സ്വന്തം വീടിനു മുന്നിലോ സ്വകാര്യ ഭൂമിയിലോ ദേശീയപതാക ഉയര്‍ത്താന്‍ ഏത്‌ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്‌. അതുകൊണ്ട്‌ കാശ്‌മീരിലോ ശ്രീനഗറിലോ എവിടേയും സ്വകാര്യ ഭൂമിയില്‍ ബി.ജെ.പി. നേതാക്കള്‍ക്കു പതാക ഉയര്‍ത്തുകയും ചെയ്യാമായിരുന്നു. പക്ഷേ, കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള പതാകയുയര്‍ത്തുന്ന ബക്ഷി ഗുലാം സ്‌റ്റേഡിയത്തിനു മീറ്ററുകള്‍ മാത്രം അകലെയുള്ള ലാല്‍ചൗക്ക്‌ എന്ന സര്‍ക്കാര്‍ മൈതാനത്തുതന്നെ പതാക ഉയര്‍ത്തണമെന്ന വാശിയായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്ക്‌. അവിടെ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ പതാകയുയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങുമുണ്ടായിരുന്നു.

പക്ഷേ, തങ്ങള്‍ക്കവിടെ പതാകയുയര്‍ത്തണമെന്ന നിര്‍ബന്ധമായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്ക്‌. കഴിഞ്ഞവര്‍ഷം ഏതോ ഭീകരവാദികള്‍ അവിടെ പാകിസ്‌താനി പതാക ഉയര്‍ത്തിയത്രേ! കാശ്‌മീരില്‍ വ്യാപകമായി യാത്ര ചെയ്‌തിട്ടുള്ളയാളാണു ഞാന്‍. അവിടെ പാകിസ്‌താന്‍ പതാക പിടിച്ചു പ്രകടനം നടത്തുന്നവരെപ്പോലും ചിലപ്പോള്‍ കണ്ടെന്നുവരാം. വീടിനു മുകളില്‍ പാകിസ്‌താനി പതാക ഉയര്‍ത്തപ്പെടുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്‌. അതൊക്കെ കാശ്‌മീരിന്റെ ആപല്‍ക്കരമായ ചില പ്രത്യേകതകളായാണു രാജ്യം കാണുന്നത്‌. അതിനുള്ള പരിഹാരം കൂടുതല്‍ സംഘര്‍ഷത്തിന്‌ ഇടവരുത്തിക്കൊണ്ടു ലാല്‍ചൗക്കില്‍ ബി.ജെ.പിക്കാര്‍ പതാക ഉയര്‍ത്തുന്നതല്ല.

ബക്ഷി സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഒമര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങിലേക്ക്‌ അദ്ദേഹം തന്നെ ബി.ജെ.പി. നേതാക്കളെ ക്ഷണിച്ചതാണ്‌. കഴിഞ്ഞ കുറേ നാളായി കലാപകലുഷമായ ശ്രീനഗറില്‍ സമാധാനം സ്‌ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഒമര്‍ അബ്‌ദുള്ളയുടെ ഭരണകൂടവും ഇന്ത്യന്‍ സേനാവിഭാഗവും. ലാല്‍ചൗക്കിലെ ബി.ജെ.പി.യുടെ പതാകയുയര്‍ത്തല്‍ നാടകം കാശ്‌മീരിനെ കൂടുതല്‍ കലാപകലുഷമാക്കുമായിരുന്നു എന്നതാണു യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുടെ ക്ഷണം സ്വീകരിച്ച്‌ ബക്ഷി ഗുലാം സ്‌റ്റേഡിയത്തില്‍ ഔദ്യോഗിക പാതകയുയര്‍ത്തല്‍ ചടങ്ങില്‍ ബി.ജെ.പി. പങ്കെടുത്തിരുന്നുവെങ്കില്‍ അതു പാര്‍ട്ടിക്ക്‌ ഏറെ അഭിമാനം നല്‍കുമായിരുന്നു. ഒമര്‍ അബ്‌ദുള്ളയുടെ ദേശാഭിമാനത്തെ അങ്ങനെ നിഷ്‌പ്രയാസം ചോദ്യംചെയ്യാന്‍ ബി.ജെ.പി. നേതാക്കള്‍ക്കു കഴിയുമോ? അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കേന്ദ്ര സര്‍ക്കാരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ജമ്മു കാശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്നും ആ മന്ത്രിസഭയില്‍ ഒമര്‍ അബ്‌ദുള്ള അംഗമായിരുന്നു എന്നുമുള്ള വസ്‌തുത ബി.ജെ.പി. നേതൃത്വത്തിനു വിസ്‌മരിക്കാനാവുമോ?

ഹിന്ദുത്വാവേശം പ്രകടിപ്പിക്കാന്‍ ജയ്‌ ശ്രീറാം വിളികള്‍ക്കിടയില്‍ ലാല്‍ചൗക്കില്‍ ബി.ജെ.പി. നേതാക്കള്‍ ബലപ്രയോഗത്തിലൂടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നുവെങ്കില്‍ തീവ്രവാദികള്‍ നൂറുകണക്കിനു ത്രിവര്‍ണ പതാകകള്‍ ശ്രീനഗറില്‍ ഉടനീളം കത്തിക്കുമായിരുന്നു എന്ന്‌ അവിടെനിന്നുള്ള ചില പത്രറിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഒരു ത്രിവര്‍ണപതാക ലാല്‍ചൗക്കില്‍ ഉയര്‍ത്തുമ്പോള്‍ നൂറുകണക്കിനു ദേശീയപതാകകള്‍ ശ്രീനഗറില്‍ കത്തിച്ചാമ്പലായാല്‍ ഇന്ത്യയ്‌ക്കത്‌ എത്രയോ അപമാനമുണ്ടാക്കുമായിരുന്നു എന്ന്‌ ആലോചിക്കാമല്ലോ?

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ദിവസങ്ങളോളം പതാകയുയര്‍ത്തല്‍ നാടകത്തിലേക്കു ബി.ജെ.പി. നേതൃത്വം കേന്ദ്രീകരിച്ചതു മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിനും കോണ്‍ഗ്രസിനും ആശ്വാസം നല്‍കാന്‍ മാത്രമേ സഹായകമായുള്ളൂ എന്നതാണു യാഥാര്‍ഥ്യം. ലാല്‍ചൗക്ക്‌ പതാകയുയര്‍ത്തല്‍ നാടകം അനാവശ്യമായിരുന്നു എന്നു ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംയുക്‌ത ജനതാദളിന്റെ ബിഹാറിലെ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പരസ്യമായി പറഞ്ഞത്‌ ആ നേതാക്കള്‍ക്കു വലിയ അപമാനവുമായിപ്പോയി.

കോടിക്കണക്കിനു രൂപയുടെ ഭൂമി തട്ടിപ്പു കേസുകളില്‍ മുങ്ങിനില്‍ക്കുന്ന കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ അഴിമതികളില്‍നിന്നു രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയായിരുന്നോ ബി.ജെ.പിയുടെ പതാക നാടകമെന്ന ഈ പാതകം? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തില്‍ അഭിമാനിക്കാം. ഇതേപോലെ മുംബൈയിലെ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കാര്യത്തില്‍ തട്ടിപ്പുണ്ടായെന്ന്‌ ആരോപണമുണ്ടായപ്പോള്‍ പാര്‍ട്ടിയുടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പിക്കാനുള്ള അന്തസ്‌ കോണ്‍ഗ്രസ്‌ നേതൃത്വം കാണിച്ചു. ഓരോ ദിവസവും നൂറുകണക്കിനു കോടി രൂപയുടെ ഭൂമി തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളുയരുമ്പോഴും യെദിയൂരപ്പയെ ഒരു പോറലുമേല്‍പ്പിക്കാതെ നിലനിര്‍ത്താന്‍ ബി.ജെ.പി. വ്യഗ്രത കാണിക്കുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

അല്ലെങ്കില്‍ത്തന്നെ 2ജി സ്‌പെക്‌ട്രം ഇടപാടില്‍ കമ്യൂണിക്കേഷന്‍ മന്ത്രി കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നതു ബി.ജെ.പി. നേതൃത്വം രാജ്യസഭാംഗമാക്കിയ പാര്‍ട്ടി സഹയാത്രികന്‍ ചന്ദന്‍ മിത്രയുടെ 'ദി പയനീര്‍' എന്ന പത്രമാണ്‌. ആ പത്രം ഏതാണ്ടു രണ്ടുവര്‍ഷം തുടര്‍ച്ചയായി സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടും അതു റിപ്പോര്‍ട്ട്‌ ചെയ്‌ത ജെ. ഗോപീകൃഷ്‌ണന്‍ എന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ഇതുസംബന്ധിച്ചു ബി.ജെ.പി. നേതാക്കളെ സമീപിച്ചിട്ടും ഇക്കാര്യം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ ഒരു ബി.ജെ.പി. നേതാവും തയാറായില്ല. ഒടുവില്‍ ഇതുസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ ഗതികേടുകൊണ്ടാണു മറ്റു പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ബി.ജെ.പിയും ശബ്‌ദമുയര്‍ത്താന്‍ നിര്‍ബന്ധിതമായത്‌. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്‌. അതാണു ജനങ്ങള്‍ക്കു മനസിലാകാത്തത്‌.

Followers