സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Sunday, July 31, 2011

ഘട്ടം ഘട്ടമായി...

ഇന്ദ്രന്‍

വര്‍ഷാവര്‍ഷം നടക്കുന്ന ആഘോഷമാണ് മദ്യനയപ്രഖ്യാപനം. പോലീസ് വകുപ്പിലോ വിദ്യാഭ്യാസ വകുപ്പിലോ ഒന്നുമില്ലാത്ത ഈ പ്രഖ്യാപനം എന്തിനാണ് മദ്യവകുപ്പില്‍ മാത്രം എന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ പിടിപാടൊന്നുമില്ല. അഞ്ചാറുപേജേ നയരേഖ കാണൂ. ഷാപ്പിന്റെ എണ്ണം കുറയ്ക്കും അല്ലെങ്കില്‍ കൂട്ടും, കിസ്ത് കൂട്ടും എന്നുതുടങ്ങിയ ചില അല്ലറചില്ലറ കാര്യങ്ങളേ അതിലുണ്ടാവാറുള്ളൂ. നയത്തിന് മീതെ പറക്കുന്ന അബ്കാരി പരുന്തുകളുടെ ആവശ്യാര്‍ഥം നിയമത്തില്‍ മാറ്റംവരുത്താന്‍ എകൈ്‌സസ് മന്ത്രിക്ക് കിട്ടുന്ന ചാന്‍സാണ് മദ്യനയപ്രഖ്യാപനം.

മദ്യനയം പ്രഖ്യാപിച്ചാല്‍ ഉടനെ മാധ്യമങ്ങള്‍, മതമേധാവികള്‍, സാമൂഹികസംഘടനകള്‍, മദ്യവര്‍ജനസംഘടനക്കാര്‍, വി.എം. സുധീരന്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും അതില്‍ ഇടപെടണമെന്നാണ് വ്യവസ്ഥ. വിവാദങ്ങളുടെ പുകിലാവും കുറച്ചുനാള്‍. പ്രമേയങ്ങള്‍, ഉപവാസങ്ങള്‍, ചില്ലറ ജാഥകള്‍ തുടങ്ങിയവയുമുണ്ടാകും. ഹര്‍ത്താലൊന്നും ഉണ്ടാകില്ല. അബ്കാരികളുടെ ജനസേവനത്തിന് തടസ്സമാകുന്ന വ്യവസ്ഥകള്‍ വല്ലതും നയരേഖയില്‍ അബദ്ധത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അവ മാറ്റും. കുറച്ച് പണച്ചെലവുള്ള സംഗതിയാണത്. എന്തായാലും കോലാഹലം അധികനാള്‍ തുടരില്ല. വികലാംഗനായ ഭിക്ഷക്കാരന്‍ വടിയും കുത്തി നടന്നുപോകുമ്പോള്‍ ബഹളംവെച്ച് തെരുവുനായ്ക്കള്‍ പിറകെ പോകുമല്ലോ. ഭിക്ഷക്കാരന്‍ അവറ്റകളെ മൈന്‍ഡ് ചെയ്യില്ല. ഇങ്ങനെ എത്ര നായ്ക്കളെ കണ്ടിരിക്കുന്നു എന്ന ഭാവം. കുറച്ചുദൂരം ചെന്ന് നായ്ക്കള്‍ നിശ്ശബ്ദം മടങ്ങും. അടുത്ത ഭിക്ഷക്കാരന്‍ വരുംവരെ മിണ്ടാതിരിക്കും. വാര്‍ത്താബഹളങ്ങളും അത്തരമാണ്. ഒന്നുമടുത്താല്‍ അടുത്തത് വരാന്‍ കാത്തുനില്‍ക്കും. ഒന്നിനെയും അത് കടിക്കില്ല.

ഒടുവില്‍ കേട്ട പുകിലേറിയ മദ്യനയവിവാദം എ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ വക്കം പുരുഷോത്തമന്‍ എകൈ്‌സസ് മന്ത്രിയായപ്പോഴായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണേ എന്ന് ഒരുപാടുപേര്‍ അലറിവിളിക്കുകയും നെഞ്ചത്തടിക്കുകയുമെല്ലാം ചെയ്‌തെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മദ്യലഭ്യത വര്‍ധിച്ചാല്‍ മദ്യപാനം വര്‍ധിക്കും എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു ഉത്തമപുരുഷന്റെ ഉദ്ദേശ്യം. മദ്യവില്പന പതിവുപോലെ ഇരട്ടിച്ചു. എങ്കിലും ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന മഹനീയാദര്‍ശത്തില്‍ അവര്‍ ലവലേശം വെള്ളം ചേര്‍ക്കുകയുണ്ടായില്ല.സ്വാശ്രയ വിദ്യാഭ്യാസത്തിലെ ഫിഫ്റ്റി ഫിഫ്റ്റി പോലെയാണ് മദ്യനയത്തിലെ ഘട്ടം ഘട്ടം. ഇതും എ.കെ. ആന്റണിയുടെ സംഭാവനയാണ്. 2001-ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ''സമ്പൂര്‍ണ മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കും'' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ ശൈലി ലേശമൊന്നുമാറ്റി, പടി പടിയായി എന്നു ലഘുവാക്കും. അത്രമാത്രം. എന്താണ് പ്രായോഗിക ബുദ്ധിമുട്ടെന്നോ? വ്യാജന്‍ കൊഴുക്കും, അതന്നെ പ്രശ്‌നം. വ്യാജന്‍ തടയാന്‍ എകൈ്‌സസ് വകുപ്പുണ്ടല്ലോ എന്ന് ചോദിച്ചേക്കും. നടപ്പില്ല. നമ്മുടെ എകൈ്‌സസിന്റെ ഏട്ടന്‍ എകൈ്‌സസുകാരാണ് അമേരിക്കയിലേത്. അവര്‍ക്ക് കഴിഞ്ഞിട്ടില്ല ഇത് സാധിച്ചെടുക്കാന്‍. 1920 കാലത്ത് അമേരിക്ക പരീക്ഷിച്ചതാണ് സമ്പൂര്‍ണ മദ്യനിരോധനം. വൈനും ബിയറും പോലും അനുവദനീയമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകാതെ അതിനുള്ള പ്രതിവിധി കണ്ടെത്തി. മുന്തിരിച്ചാറുകുപ്പികളില്‍ മുന്നറിയിപ്പായി എഴുതിവെച്ചു - ഇന്നയിന്ന കാര്യങ്ങളൊന്നും അബദ്ധത്തില്‍ ചെയ്തുപോകരുത് - ചെയ്താല്‍ സംഗതി ലഹരിയാകും, കേസ്സാകും. ജനം അത് കൃത്യമായി ചെയ്യുകയും കാല് കുഴയുംവരെ കുടിക്കുകയും ചെയ്തുപോന്നു. വൈന്‍കുടി പഴയതിന്റെ മൂന്നിരട്ടിയായി. കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവിസ്തൃതി ഒരു ലക്ഷം ഏക്കര്‍ ആയിരുന്നത് ഏഴുലക്ഷമായി. നിരോധനത്തിന് മുമ്പ് ന്യൂയോര്‍ക്കില്‍ 15,000 മദ്യവില്പന ശാലകള്‍ ഉണ്ടായിരുന്നത് അതിനുശേഷം ഇരട്ടിയായി - അനധികൃതമദ്യശാലകളായിരുന്നു എന്ന വ്യത്യാസമേ ഉള്ളൂ. വിഷവാറ്റല്ല വിറ്റത് എന്നുമാത്രം. ആരും മരിച്ചില്ല. എന്നിട്ടും സംഗതി അവര്‍ വൈകാതെ ഉപേക്ഷിച്ചു. നിരോധിച്ച കാലത്ത് ഉണ്ടായിരുന്നത്ര മദ്യാസക്തിയൊന്നും ഇപ്പോള്‍ ആ രാജ്യത്തില്ലത്രെ. നമ്മുടെ ചാരായനിരോധനവും ഇതുപോലൊരു പരീക്ഷണമായിരുന്നു. നിരോധനം കൊണ്ട് മദ്യവില്പനയും വരുമാനവും കൂടി. ചാരായത്തില്‍ ഒരു വിഷമേ ഉള്ളൂ. വില കുറഞ്ഞ വിദേശമദ്യത്തില്‍ ലഹരി, നിറം, മണം എന്നിവയ്ക്ക് വേണ്ടി വേറെ വേറെ വിഷങ്ങള്‍ ചേര്‍ക്കണം.

ഘട്ടം ഘട്ടം എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കലാണ് നമുക്ക് സൗകര്യപ്രദം. എത്ര ഘട്ടമെന്ന് ഇപ്പോള്‍ പറയേണ്ടതില്ല. നൂറുഘട്ടമാകാം, ആയിരമാകാം, ലക്ഷം ലക്ഷമാകാം. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന താളത്തില്‍ ശാസ്ത്രീയമായാണ് സംഗതി പോകുന്നത്. അതുകൊണ്ട് ലക്ഷണമനുസരിച്ച് പതിനായിരം കൊല്ലം കൊണ്ടെങ്കിലും സമ്പൂര്‍ണമദ്യനിരോധനം നേടിയെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. വ്യാജനെ എന്തുചെയ്യും? എന്തായാലും അതിന് ഇനി കാലം കുറെ പോവണമല്ലോ. ദൈവം എന്തെങ്കിലും വഴികാട്ടുമായിരിക്കും. ജനാധിപത്യമായതുകൊണ്ട് വേറൊരു സാധ്യതയുണ്ട്. മദ്യ ഉപഭോക്താക്കളുടെ എണ്ണം നാല്പത് അമ്പത് ശതമാനമെത്തിയാല്‍ അവര്‍ക്ക് ഭൂരിപക്ഷമാകും. വല്ല ഹിതപരിശോധനയോ മറ്റോ നടത്തി ഈ ഘട്ടം ഘട്ടത്തിന്റെയും മദ്യനിരോധനത്തിന്റെയും ഏര്‍പ്പാട് എന്നെന്നേക്കുമായി അവസാനിപ്പിക്കാം.

പുതിയ സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ വെടിക്കെട്ടുകളൊന്നും കാര്യമായി ഉണ്ടായില്ല. പ്രസ്താവനകള്‍ക്ക് കുറവുണ്ടായില്ലെന്നത് ശരി. എകൈ്‌സസ് മന്ത്രിമാരുടെ പതിവ് ടെക്‌നിക്കുകള്‍ പുറത്തെടുക്കാനുള്ള സാമര്‍ഥ്യവും സാവകാശവുമൊന്നും മന്ത്രി ബാബു ആര്‍ജിച്ചുകഴിഞ്ഞിരിക്കില്ല. അല്പം കടുത്ത പ്രയോഗം അദ്ദേഹത്തിന്റെ വകയായി മദ്യനയത്തിലുണ്ട്. വര്‍ധിച്ചുവരുന്ന മദ്യാസക്തി എന്ന ഗുരുതരമായ സാമൂഹിക വിപത്തിനെതിരെ ശക്തമായ വികാരം പൊതുസമൂഹത്തിലുണ്ടെന്നാണ് നയരേഖയിലെ ആദ്യവാചകം തന്നെ. ആ വികാരം ഉള്‍ക്കൊണ്ട് കര്‍ക്കശമായ മദ്യനയം രൂപവത്കരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ ഈ കാര്യത്തില്‍ നയം പ്രഖ്യാപിക്കേണ്ടത് എകൈ്‌സസ് മന്ത്രി തനിച്ചല്ല. മദ്യാസക്തി മൂലമുള്ള രോഗങ്ങളെ നേരിടാന്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെക്കാളേറെ തുക ചികിത്സയ്ക്കായി കേരളം ചെലവഴിക്കുന്നുണ്ട്. എങ്കില്‍ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ എകൈ്‌സസ് മന്ത്രിയുടെ അടുത്ത് ആരോഗ്യമന്ത്രിയും വേണം. ആളുകള്‍ പായസം പോലെ വല്ലപ്പോഴും അരഗ്ലാസ് മദ്യം കഴിക്കുന്നു എന്നതല്ല കേരളത്തിന്റെ പ്രശ്‌നം. ആളുകള്‍ രാവും പകലും കഴിക്കുന്നു എന്നതാണ്. മദ്യത്തിന്റെ ഉപയോഗമല്ല ദുരുപയോഗമാണ് പ്രശ്‌നം. കേരളത്തില്‍ മാത്രം എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് പറയാന്‍ ആരോഗ്യമന്ത്രി മനഃശാസ്ത്രജ്ഞരെക്കൂടി വിളിക്കണം. വര്‍ഷത്തില്‍ ട്രാഫിക് അപകടങ്ങളില്‍ മരിക്കുന്നത് 3300- 3800 പേരാണെങ്കില്‍, അതില്‍ നല്ലൊരുപങ്ക് മദ്യപിച്ചുള്ള ഡ്രൈവിങ് കൊണ്ടാണെങ്കില്‍ മദ്യനയപ്രഖ്യാപനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ മിക്കതും മദ്യപാനത്തില്‍നിന്നുള്ളതാണെന്നുമിരിക്കെ നയപ്രഖ്യാപനത്തിന് നിര്‍ബന്ധമായും ആഭ്യന്തരമന്ത്രി ഉണ്ടായിരിക്കണം. മദ്യാസക്തിയുടെ ദുരന്തവശങ്ങള്‍ വരുംതലമുറയെ എങ്കിലും ബോധവത്കരിച്ചേ തീരൂ എങ്കില്‍, നയപ്രഖ്യാപനത്തില്‍ വിദ്യാഭ്യാസമന്ത്രിയും ഉണ്ടായല്ലേ പറ്റൂ. കുടുംബജീവിതം അപ്പടി തകിടം മറിക്കുന്നത് മദ്യാസക്തിയാണെങ്കില്‍ സാമൂഹികക്ഷേമ മന്ത്രിയും അത് നേരിടുന്നതിനുള്ള പദ്ധതികളുമായി നയപ്രഖ്യാപനത്തിനെത്തണം. ഏതാണ്ടെല്ലാ മന്ത്രിമാര്‍ക്കും ബാധ്യതയുള്ള പ്രശ്‌നം പറയാനാണ് എല്ലാവരും ചേര്‍ന്ന് ഒരു പാവപ്പെട്ട ബാബുമന്ത്രിയെ പറഞ്ഞയച്ചിരിക്കുന്നത്. മഹാപാപം.
 
മദ്യവിരുദ്ധ ബോധവത്കരണത്തിന് രണ്ട് കോടിയാണ് മന്ത്രി വകയിരുത്തിയിരിക്കുന്നത്. നേരത്തേ ഇത് 20 ലക്ഷം മാത്രമായിരുന്നു എന്നത് നേര്. രണ്ട് കോടി രൂപകൊണ്ട് ബോധവത്കരണവും മദ്യനിരോധനം പോലെ ഘട്ടം ഘട്ടമായങ്ങനെ അനന്ത കോടി കാലത്തേക്ക് ഇഴഞ്ഞുപോകുകയേ ഉള്ളൂ. മൂവായിരം കോടി രൂപ കുടിയന്മാരില്‍ നിന്ന് പിരിച്ചിട്ട് ബോധവത്കരണത്തിന് ചെലവാക്കുന്നത് അതിന്റെ 0.067 ശതമാനം മാത്രം !

Wednesday, July 27, 2011

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍

ഡോ. വി.കെ. വിജയകുമാര്‍


 
ഉദാരീകരണ നടപടികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച ബജറ്റിന് 20 വര്‍ഷം തികഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലാണ് അന്നു ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അവതരിപ്പിച്ച ആ ബജറ്റ്


''സാമ്പത്തികശാസ്ത്രത്തില്‍ അത്ഭുതങ്ങളില്ല; ഫലങ്ങള്‍ മാത്രം'' - ജെ.എം. കെയ്ന്‍സ്

1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച പ്രസിദ്ധമായ ബജറ്റ് അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് സര്‍ക്കാറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തിലെ ഒരുഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയം വെക്കുകയും ചെയ്ത 1991-ലെ ഇന്ത്യയല്ല, 2011-ലെ ഇന്ത്യ. പോരായ്മകളേറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന സാമ്പത്തിക വന്‍ശക്തിയായാണ് ഇന്ത്യയെ ഇന്ന് ലോകം കാണുന്നത്. 2030-ഓടെ 20 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (ഇപ്പോള്‍ 1.7 ട്രില്യണ്‍ ഡോളര്‍) കൂറ്റന്‍ സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെട്ട് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ ആ മാറ്റത്തിന് നാന്ദികുറിച്ച നയമാറ്റത്തിലെ നാഴികക്കല്ലായി 20 കൊല്ലം മുമ്പ് അവതരിപ്പിച്ച ആ പ്രസിദ്ധ ബജറ്റിനെ സാമ്പത്തിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.

1930-കളിലെ വന്‍തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും ഇന്ത്യയെ പ്രാപ്തമാക്കിയത് 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു എന്നത് ഇന്ന് ലോകസാമ്പത്തിക മണ്ഡലങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. രാഷ്ട്രീയ-സാമൂഹിക സ്വീകാര്യത വലിയൊരു പരിധിവരെ ഉറപ്പുവരുത്തി ഘട്ടംഘട്ടമായി സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ സമീപനത്തിന് ആഗോളതലത്തില്‍ ഇന്ന് വലിയ അംഗീകാരമുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചതും മുന്നോട്ട് കൊണ്ടുപോയതും പ്രഗല്ഭരായിരുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന വൈ.വി. റെഡ്ഡിയുടെ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ്' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ പ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിസ് എഴുതിയ ഒരു വാചകം, ഇന്ത്യയുടെ ധനകാര്യ മാനേജ്‌മെന്റിന്റെ മേന്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്റ്റിഗ്ലിസ് എഴുതി: ''ഡോ. റെഡ്ഡിയെപ്പോലൊരു കേന്ദ്രബാങ്ക് തലവന്‍ അമേരിക്കയ്ക്കുണ്ടായിരുന്നെങ്കില്‍ നാം ഇത്ര വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നു.''

ഇന്ന് ഗ്രീസിന്റെയും പോര്‍ച്ചുഗലിന്റെയും അയര്‍ലന്‍ഡിന്റെയും സ്‌പെയിനിന്റെയും ദുരവസ്ഥ ലോകമാകെ ചര്‍ച്ചാവിഷയമാണ്. 1991-ല്‍ ഇന്ത്യയും സമാനമായൊരു പ്രതിസന്ധിയിലായിരുന്നു. 1991-ലെ പ്രതിസന്ധിയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് നയിച്ചത്. അല്പം പശ്ചാത്തലം:

1990 ആഗസ്തില്‍ സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വിദേശവിനിമയശേഖരം നന്നെ കുറവായിരുന്ന ഇന്ത്യയെ ഇത് ഗുരുതരമായി ബാധിച്ചു. 1990 സപ്തംബറില്‍ ഐ.എം.എഫിലെ ഇന്ത്യയുടെ റിസര്‍വില്‍ നിന്ന് നാം 660 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചു. സ്ഥൂലസാമ്പത്തിക സൂചികകള്‍ വഷളായതിനെത്തുടര്‍ന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡിയും സ്റ്റാന്‍ഡേര്‍ഡ് പുവറും ഒക്ടോബറില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഊഹക്കച്ചവട നിലവാരത്തിലേക്ക് (സ്‌പെക്യുലേറ്റീവ് ഗ്രേഡ്) താഴ്ത്തി. ഇത് ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിനെ ബാധിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ ഇന്ത്യന്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും രൂപയിലും നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. 1991 മെയില്‍ വിദേശവിനിമയക്കമ്മി രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ 20 ടണ്‍ സ്വര്‍ണം (കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്ത ശേഖരം) വിറ്റ് 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഇത് തികയാതെ വന്നപ്പോള്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍ നിന്ന് 47 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയംവെച്ച് 405 ദശലക്ഷം ഡോളര്‍ കടം വാങ്ങി. സമ്പദ് വ്യവസ്ഥ രക്ഷപ്പെടുമോ എന്നുറപ്പില്ലാത്തതിനാല്‍ വായ്പയ്ക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി പോരാ, സ്വര്‍ണശേഖരം ഇംഗ്ലണ്ടിലേക്ക് മാറ്റുക തന്നെ വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശഠിച്ചു. 1991 ജൂണില്‍ ഇന്ത്യയുടെ വിദേശവിനിമയ ശേഖരം കേവലം 1 ബില്യണ്‍ ഡോളറായി ചുരുങ്ങി. രണ്ടാമത്തെ ഇറക്കുമതിക്ക് മാത്രം തികയുന്ന പണം. രൂക്ഷമായ വിദേശവിനിമയ പ്രതിസന്ധിയും 16 ശതമാനത്തിലധികമായ വിലക്കയറ്റവും ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള മൂലധന പലായനവും... എല്ലാംകൂടി സമ്പദ്‌വ്യവസ്ഥ അതിഗുരുതരാവസ്ഥയിലായി. ഇതിനകം ഇന്ത്യ ഐ.എം.എഫിനെ സമീപിച്ച് രണ്ട് വ്യത്യസ്ത സ്‌കീമുകളിലായി 1.03 ബില്യണ്‍ ഡോളറും 789 മില്യണ്‍ ഡോളറും വായ്പയായി വാങ്ങി.

വഷളായ ഈ സാമ്പത്തികസാഹചര്യത്തിലാണ് രാജീവ്ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. സാമ്പത്തിക, ഭരണരംഗങ്ങളിലും അക്കാദമിക രംഗത്തും മികവ് പ്രകടിപ്പിച്ച മന്‍മോഹന്‍ സിങ്ങിനെ റാവു ധനമന്ത്രിയാക്കി. അതുവരെ തുടര്‍ന്നുവന്ന സാമ്പത്തികനയങ്ങളുടെ അലകും പിടിയും മാറ്റിയ ധീരമായ പരിഷ്‌കാരങ്ങള്‍ ഘട്ടം ഘട്ടമായി സൗമ്യനായ ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങി. 1991 ജൂണ്‍ ഒന്നിനും മൂന്നിനും രൂപയുടെ മൂല്യം യഥാക്രമം ഒന്‍പത് ശതമാനവും 11 ശതമാനവും കുറച്ചു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്താനും അതുവഴി കൂടുതല്‍ കടം വാങ്ങാനും സഹായമാവുന്ന തരത്തിലുള്ള വ്യാപാര, ഉദാരീകരണ നയങ്ങള്‍ പ്രഖ്യാപിച്ചു. 1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ധീരമായ ബജറ്റ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. വ്യാവസായിക ലൈസന്‍സിങ് ഇല്ലാതാക്കിയും വിദേശവിനിമയ നിയന്ത്രണങ്ങള്‍ കുറച്ചും വ്യാപാരമേഖലയെ ഉദാരീകരിച്ചും സ്വദേശ നിക്ഷേപത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചും പ്രത്യക്ഷ, പരോക്ഷ നികുതികള്‍ യുക്തിസഹമാക്കിയും ധനകാര്യ മേഖലയിലും മൂലധന വിപണിയിലും ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വരുത്തിയും ദൂരവ്യാപകമായ ഫലങ്ങള്‍സൃഷ്ടിക്കാനുതകുന്ന ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉദാരീകരണ നയം മുന്നോട്ട് പോയി. റാവു സര്‍ക്കാറിന് ശേഷം അധികാരത്തില്‍ വന്ന ദേവഗൗഡ, ഗുജ്‌റാള്‍, വാജ്‌പേയി സര്‍ക്കാറുകളും പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിമര്‍ശിച്ചിരുന്നെങ്കിലും അധികാരത്തില്‍ വന്നപ്പോള്‍ ഉദാരീകരണ പ്രക്രിയ തുടര്‍ന്നു എന്ന് മാത്രമല്ല, അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്ക് അനുയോജ്യമായ രാഷ്ട്രീയപശ്ചാത്തലവും ഇക്കാലയളവില്‍ പതുക്കെ രൂപപ്പെട്ട് വരികയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ടതും ചൈനയുടെ നയംമാറ്റവും സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയാവുകയും വിപണിയിലധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അനുകൂല ബൗദ്ധിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍ക്കു ശേഷം എന്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? ഒരു ലേഖനത്തില്‍ വിശദമായ വിശകലനത്തിന് പരിമിതികളുണ്ട്. അതുകൊണ്ട് ചില സൂചനകള്‍ മാത്രം: 1950-'80 കാലയളവില്‍ 3.5 ശതമാനം മാത്രമായിരുന്ന ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് '90-കളില്‍ ആറ് ശതമാനത്തിലധികമായി വര്‍ധിച്ചു. 2000-'10 കാലയളവില്‍ 7.3 ശതമാനം വളര്‍ച്ചയോടെ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നമുക്ക് കൈവരിക്കാനായി. (1979-ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളാരംഭിച്ച ചൈനയാണ് ഒന്നാം സ്ഥാനത്ത്). 2005-'11 കാലയളവ് മാത്രമെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 8.4 ശതമാനമാണ്. കഴിഞ്ഞ 30 കൊല്ലക്കാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയും ആഗോള സാമ്പത്തികമാന്ദ്യത്തെയും അതിജീവിച്ചാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ നാം ഈ വളര്‍ച്ച നേടിയത് എന്നത് ശ്രദ്ധേയമാണ്.

1950-'80 കാലയളവില്‍ 3.5 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഉയര്‍ന്ന ജനസംഖ്യാവര്‍ധന (2.3 ശതമാനം) കാരണം, ആളോഹരി വരുമാനത്തില്‍ ഉദ്ദേശം 1.2 ശതമാനം വര്‍ധന മാത്രമേ ഉണ്ടായുള്ളൂ. ഇക്കാലയളവില്‍ ആളോഹരി വരുമാനവും ജീവിതനിലവാരവും ഇരട്ടിക്കാന്‍ 70 വര്‍ഷം വേണമെന്ന അവസ്ഥയായിരുന്നു. (1.2 ശതമാനം വളര്‍ച്ചയില്‍ ഇരട്ടിക്കാന്‍ 70 വര്‍ഷം വേണം). അതായത്, പ്രതീക്ഷിതായുസ്സ് ശരാശരി 50-ല്‍ താഴെയായിരുന്ന ആ കാലഘട്ടത്തില്‍ വരുമാനവും ജീവിതനിലവാരവും ഇരട്ടിയാകുന്ന അനുഭവം ആ കാലഘട്ടത്തിലെ ഇന്ത്യക്കാര്‍ക്ക് അവരുടെ ആയുഷ്‌കാലത്തില്‍ അനുഭവിക്കാനായില്ല എന്നര്‍ഥം. എന്നാല്‍, ഇന്നത്തെ അവസ്ഥയോ ? വളര്‍ച്ചനിരക്ക് കുതിച്ചുയരുകയും ജനസംഖ്യാനിരക്ക് കുറയുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആളോഹരി വരുമാനം ഏഴ് ശതമാനം കണ്ട് വര്‍ധിച്ച് 10 വര്‍ഷംകൊണ്ട് ഇരട്ടിക്കുന്നു. ആളോഹരി വരുമാനത്തിലുണ്ടാകുന്ന ഈ കുതിപ്പാണ് ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ചയുടെ ചാലക ശക്തി. ശതകോടീശ്വരന്മാരും കൂലിപ്പണിക്കാരും അടങ്ങുന്നവരുടെ വരുമാനത്തിന്റെ ശരാശരിയാണ് ആളോഹരിവരുമാനമെന്നത് സ്ഥിതിവിവരക്കണക്കിന്റെ കാഴ്ചപ്പാടില്‍ ശരിയാണെങ്കിലും കോടിക്കണക്കിന് സാധാരണക്കാരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും ഉണ്ടായിട്ടുള്ള പുരോഗതിയെ വിസ്മരിക്കരുത്.

സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഒരു പ്രധാന ഫലം വിപണികളിലുണ്ടായ പരിവര്‍ത്തനമാണ്. ഒരു സ്‌കൂട്ടര്‍ കിട്ടാന്‍ അഡ്വാന്‍സ് പണമടച്ച് 10 കൊല്ലം കാത്തിരിക്കേണ്ടിയിരുന്ന വില്പനക്കാരന്റെ വിപണി (ടവാാവിയ്ത്തീ ൗമിക്ഷവറ) യില്‍നിന്ന് പണം കൊടുത്ത് ഉടനടി വാങ്ങാനാകുന്ന വാങ്ങുന്നവന്റെ വിപണി (ഏുള്‍വിയ്ത്തീ ൗമിക്ഷവറ)യിലേക്കുള്ള മാറ്റം ഉപഭോക്താവിന് ഏറെ ഗുണം ചെയ്തു. 1951-'91 കാലയളവില്‍ മൊത്തം 62 ലക്ഷം ടെലിഫോണ്‍ കണക്ഷന്‍ കൊടുത്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ മാസവും ശരാശരി 165 ലക്ഷം കണക്ഷനുകളാണ് നല്കിയത്. ടെലിഫോണില്‍ പൊതുമേഖലയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യമേഖലയ്ക്ക് മത്സരത്തിന് തുറന്ന് കൊടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം നല്കുന്ന കമ്പനിയായി (ഇപ്പോള്‍ 18 രാജ്യങ്ങളില്‍ സേവനം നല്‍കുന്ന ഇന്ത്യന്‍ എം.എന്‍.സി.) ഇന്ത്യയുടെ ഭാരതി എയര്‍ട്ടെല്‍ വളര്‍ന്നു. 1970-കളില്‍ ഒരു വര്‍ഷം ശരാശരി 15,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 33,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം 1,17,90,305. ഇതില്‍ പകുതിയിലധികം വില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഇന്ത്യയിലെ ചില പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ രണ്ട് പ്രധാനവിമര്‍ശങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഒന്ന്: വിദേശ നിക്ഷേപം ഉദാരീകരിക്കുന്നതിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളെ വിഴുങ്ങും. രണ്ട്: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഉപഭോഗ സംസ്‌കാരം വളരുകയും സമ്പാദ്യനിരക്ക് കുറയുകയും സാമ്പത്തിക വളര്‍ച്ചനിരക്ക് ഇടിയുകയും ചെയ്യും. ഈ രണ്ട് വിമര്‍ശങ്ങളും അപ്പാടെ തെറ്റി എന്ന് മാത്രമല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഇന്ന് ഒരു വിദേശ കമ്പനി ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ നാല് വിദേശ കമ്പനികളെ ഏറ്റെടുക്കുന്നു. തങ്ങളേക്കാള്‍ നാലിരട്ടി വലിപ്പമുള്ള കോറസ് സ്റ്റീല്‍ *്ിുീ ടറവവാ എന്ന യൂറോപ്യന്‍ കമ്പനിയെയാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലിന് വേണ്ടിവന്ന 12 ബില്യണ്‍ ഡോളര്‍(56,000 കോടി രൂപ) അന്തര്‍ദേശീയ മൂലധന വിപണിയില്‍ നിന്നാണ് ടാറ്റാ സ്റ്റീല്‍ സമാഹരിച്ചത്. സായ്പിന്റെ പണമുയോഗിച്ച് സായ്പിന്റെ കമ്പനിയെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തരാക്കിയത് സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന് ഓര്‍ക്കുക. ഭാരതി എയര്‍ടെല്‍ എന്ന ഇന്ത്യന്‍ കമ്പനി 10 ബില്യണ്‍ ഡോളറിനാണ് ബഹുരാഷ്ട്ര ഭീമനായ സെയിനിനെ ദമഹൃവ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തത്. ഇതും വിദേശത്തുനിന്ന് സമാഹരിച്ച മൂലധനം ഉപയോഗിച്ചായിരുന്നു.

1991-ലെ സമ്പാദ്യനിരക്ക് (22 ശതമാനം) കുത്തനെ ഇടിഞ്ഞ് സാമ്പത്തിക വളര്‍ച്ചനിരക്ക് കൂപ്പുകുത്തും എന്ന ആശങ്കയും പാടെ അസ്ഥാനത്തായി. ഇപ്പോള്‍ ഇന്ത്യയിലെ സമ്പാദ്യനിരക്ക് 34.7 ശതമാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച നിരക്കുകളിലൊന്നാണിത്. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുടെ അടിസ്ഥാന കാരണവും ഇതുതന്നെ.

സാമ്പത്തിക വളര്‍ച്ചയില്‍ നാം കൈവരിച്ച നേട്ടം അംഗീകരിക്കുന്നതിനൊപ്പം ഇത് സര്‍വാശ്ലേഷകമായ വളര്‍ച്ചയല്ല എന്ന വലിയ ന്യൂനതയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കഠിനദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും ഭാരം പേറുന്ന ഒരു സമൂഹത്തില്‍ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവരിലെത്താന്‍ സമയമെടുക്കും. എന്നാല്‍, ഈ വെല്ലുവിളിയെ നേരിടാനുള്ള കെല്പ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി നികുതിവരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 1991-ല്‍ എട്ടു ശതമാനമായിരുന്ന ടാക്‌സ്-ജി.ഡി.പി. അനുപാതം, 2008-ല്‍ 11.9 ശതമാനമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നികുതിവരുമാനം 1989-'90-ല്‍ 38,349 കോടി രൂപയായിരുന്നത്, 2010-'11-ല്‍ 5,34,094 കോടി രൂപയായി കുതിച്ചുയര്‍ന്നത് ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായാണ്. 1989-'90 കാലത്തെ മൊത്തം നികുതിവരുമാനത്തേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ നാം ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി മാത്രം ചെലവിടുന്നു. തൊഴിലുറപ്പ് പദ്ധതിക്കും വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിക്കും വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാവും.

പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് വിരല്‍ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കട്ടെ. 1947 ആഗസ്ത് 14-ാം തീയതി രാത്രി ത്രിവര്‍ണപതാക ഉയര്‍ത്താന്‍ ജവാഹര്‍ലാല്‍ നെഹ്രു യാത്ര ചെയ്തത് ഇംഗ്ലണ്ടില്‍ നിര്‍മിച്ച ഓസ്റ്റിന്‍ കാറിലായിരുന്നു. 2010 മെയില്‍ തന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് നിയുക്ത പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യാത്ര ചെയ്തത് ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌റോവര്‍ കാറിലായിരുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനി റിവേഴ്‌സ് ഗിയറിലാണ് !
ഇന്ത്യ അതിവേഗം മുന്നോട്ടും !

http://www.mathrubhumi.com/article.php?id=1074938

Monday, July 25, 2011

രാഹുല്‍, കേള്‍ക്കുക ഞങ്ങളുടെ കൈയ്യടികള്‍...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നൊരു മനുഷ്യന്‍ ഈ ലോകത്ത് ജനിച്ചിട്ടേയില്ലായിരുന്നുവെങ്കില്‍- വെറുതെ ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ക്രിക്കറ്റ് എന്ന ഗെയ്മിന് ഇത്ര ശോഭയുണ്ടാവില്ല. നമ്മള്‍ ഇന്ത്യക്കാര്‍ ഇങ്ങനെ സര്‍വവും മറന്ന് ഈ കളിക്കു പിന്നാലെ ഓടുകയും ഇല്ലാതിരുന്നേനേ. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങളിലും ക്രിക്കറ്റ് ആരാധകരിലും നിന്ന് രാഹുല്‍ ദ്രാവിഡ് എന്ന ബാറ്റ്‌സ്മാന് കുറേകൂടി നീതി ലഭിച്ചേനേ. കഴിഞ്ഞ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് കാണുമായിരുന്നു. ' പോണ്ടിങ്ങിനെ പിന്തള്ളി, റണ്‍വേട്ടയില്‍ രാഹുലിന് ലോക റെക്കോര്‍ഡ്.' സുനില്‍ ഗാവസ്‌കറേയും രാഹുലിനേയും താരതമ്യം ചെയ്ത് ഒരു സ്‌പെഷ്യല്‍ സ്റ്റോറിയും പ്രതീക്ഷിക്കാമായിരുന്നു.

സച്ചിന്‍ എന്ന ക്രിക്കറ്റ് ലജന്റിന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നു എന്നതാണ് രാഹുലിന്റെ നിയോഗം. ഒരു 'കര്‍ണ്ണന്‍ സ്റ്റാറ്റസ്' പോലും നമ്മള്‍ അദ്ദേഹത്തിന് നല്‍കുന്നുമില്ല. സുനില്‍ ഗാവസ്‌കറേയും അലന്‍ ബോര്‍ഡറേയും ബ്രയാന്‍ ലാറയേയും റിക്കി പോണ്ടിങ്ങിനേയും ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ റണ്ണുകളുടെ എണ്ണത്തില്‍ ദ്രാവിഡ് പിന്നിലാക്കി. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ ലാറക്കും ഗാവസ്‌കറിനും ഒപ്പമെത്താന്‍ ഒരു സെഞ്ച്വറി കൂടിമതി. പക്ഷെ സമകാലികരും അല്ലാത്തവരുമായ ക്രിക്കറ്റ് താരങ്ങളെ താരതമ്യം ചെയ്യാനും മാര്‍ക്കിടാനും മല്‍സരിക്കുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളും ലേഖകരും രാഹുലിനെ ലാറയോ ഗാവസ്‌കറോ പോണ്ടിങ്ങോ ആയി താരതമ്യം ചെയ്തു കാണുന്നില്ല. സച്ചിനേയും ലാറയേയും പോണ്ടിങ്ങിനേയും കാലിസിനേയും താരതമ്യം ചെയ്തു മാര്‍ക്കിടുന്ന ലേഖനങ്ങള്‍ ഏറെ വായിച്ചിട്ടുണ്ട്. ഈ പണ്ഡിറ്റുകള്‍ക്കൊന്നും രാഹുലിനെ കണ്ണില്‍ പിടിക്കാറില്ല ! സച്ചിന്റെ സമകാലികനായി ഇന്ത്യയില്‍ തന്നെ ജനിച്ചുപോയി എന്നത് രാഹുലിന്റെ കുറ്റമല്ലല്ലോ?എങ്ങനയേയും റണ്ണടിക്കുക എന്നതാണ് ടി-20 യുഗത്തിന്റെ ബാറ്റിങ് തിയറി. പക്ഷെ ആരൊക്കെ അതുമായി പൊരുത്തപ്പെട്ടാലും രാഹുലിന് അതിനു കഴിയില്ല. സമകാലീന ക്രിക്കറ്റില്‍ അവശേഷിക്കുന്ന അപൂര്‍വം ക്ലാസിക് സ്‌റ്റൈല്‍ ബാറ്റ്‌സ്മാന്‍മാരില്‍ രാഹുല്‍ മുന്നില്‍ നില്‍ക്കുന്നു. കോപ്പീബുക്ക് ഷോട്ടുകള്‍ അവയുടെ തനിമയില്‍ തന്നെ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ 32000-ല്‍ അധികം വരുന്ന റണ്‍ സമ്പാദ്യമുണ്ടാക്കിയത്. അവസാനമായി കളിച്ച ഏകദിന അന്താരാഷ്ട്ര ഏകദിന മാച്ചുകളിലും ചില ഐ പി എല്‍ മല്‍സരങ്ങളിലും ചില 'ജഗപൊക' ഷോട്ടുകള്‍ക്ക് രാഹുലും തുനിഞ്ഞു കണ്ടിട്ടുണ്ട്. സാഹചര്യത്തിന്റെ സമര്‍ദ്ധത്തില്‍ ഇങ്ങനെ കളിക്കാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ആത്മനിന്ദയോട, അര്‍ദ്ധമനസ്സോടെയാണ് അങ്ങിനെചെയ്യുന്നത് എന്ന തോന്നിപ്പോവാറുണ്ട്. അതുകൊണ്ടു തന്നെയാവാം അത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ മറ്റുള്ളവരെ പോലെ വിജയം കാണാറുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പാരമ്പര്യമുള്ള ക്ലാസിക്കല്‍ ബാറ്റിങ് സ്‌കൂളുകള്‍ മുംബൈയും ബാംഗ്ലൂരുമാണ്. സുനില്‍ ഗാവസ്‌കറും ദിലീപ് വെങ്‌സര്‍ക്കാറും സഞ്ജയ് മഞ്ചരേക്കറും മുംബൈ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു. ബാംഗ്ലൂര്‍ സ്‌കൂളിന്റെ ഏറ്റവും വിലകൂടിയ പ്രൊഡക്റ്റ് ഗുണ്ടപ്പ വിശ്വനാഥും. വിശ്വനാഥിന്റെ പിന്‍ഗാമിയായ രാഹുല്‍, കേകി താരാപ്പൂര്‍ എന്ന പരിശുദ്ധ ക്ലാസിക്കല്‍ ഗുരുവിന്റെ ശിക്ഷണത്തിലാണ് ഉരുവം കൊണ്ടത്. ചെറുപ്പംതൊട്ടേ നിരവധി തവണ പരിശീലിച്ചും പിഴവുകള്‍ തീര്‍ത്ത് വീണ്ടും കളിച്ചും മൂര്‍ച്ചകൂട്ടിയെടുത്തതാണ് രാഹുലിന്റെ ഷോട്ടുകള്‍. അവയില്‍ പിഴവുകള്‍ ഉണ്ടാവുക പ്രായേണ വിരളമാവും. ഷോട്ടുകളിലെ കൃത്യതയും ക്ഷമാശീലവുമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാഹുലിന്റെ പ്രധാന ആയുധങ്ങള്‍. എത്രതന്നെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ശ്രമിച്ചാലും രാഹുലിനെ പ്രകോപിപ്പിക്കാനോ ഏകാഗ്രത നഷ്ടമാക്കാനോ സാധിക്കാറില്ല. കംഗാരുകള്‍ക്കെതിരെ കൊല്‍ക്കത്തയിലും അഡ്‌ലെയ്ഡിലും കളിച്ചതുപോലുള്ള ഇന്നിങ്‌സുകള്‍ക്ക് രാഹുലിനെ ഇന്നും പ്രാപ്തനാക്കുന്നത്് ഇതുകൊണ്ടെക്കെ തന്നെ.പിഴവുകള്‍ തിരുത്താനുള്ള ശേഷിയിലും രാഹുല്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. രാഹുലിനെ പോലെ ബാറ്റിങ് ഏകാഗ്രമായ തപസ്യയാക്കി മാറ്റിയ ഒരു ബാറ്റ്‌സ്മാനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി നിയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ക്രിക്കറ്റ് പരിശീലകരും പഴയ കളിക്കാരുമെല്ലാം അന്നേ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ മനസ്സോടെയല്ലെങ്കിലും ടീമിനും തന്റെ സുഹൃത്തായ ക്യാപ്റ്റനും വേണ്ടി രാഹുല്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ സമയത്ത് മേല്‍പ്പറഞ്ഞ വിപല്‍സൂചനകള്‍ ശരിയാകാമെന്ന് തോന്നിക്കുന്ന ചില തകരാറുകള്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ കണ്ടുതുടങ്ങിയിരുന്നു. പ്ലെയ്ഡ് ഓണായി പുറത്താവുന്ന പ്രവണതയായിരുന്നു അതില്‍ മുന്നില്‍ നിന്നത്. ഏറെ അധ്വാനിച്ച് അടിത്തറയിട്ട് വളര്‍ത്തിക്കൊണ്ടുവന്ന പല ഇന്നിങ്‌സുകളും ഇങ്ങനെ അവസാനിപ്പിച്ച് നിരാശനായി ബാറ്റുകൊണ്ട് സ്വന്തം പാഡില്‍ ആഞ്ഞടിച്ച് പവലിയനിലേക്ക് മടങ്ങുന്ന രാഹുലിനെ പലതവണ കണ്ട് നമ്മള്‍ അദ്ഭുതപ്പെട്ടു.-എന്തുപറ്റി, രാഹുലിന് ? ഓഫ് സ്റ്റംപിന് പുറത്തുകൂടിയുള്ള പന്തുകള്‍ ഫ്രണ്ട്ഫൂട്ട് വേണ്ടവിധത്തില്‍ ചലിപ്പിക്കാതെ കളിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടായിരുന്നു ഈ കുഴപ്പം.ഓഫ് സ്റ്റംപിന് പുറത്തുകൂടി പോവുന്ന പന്തുകളില്‍ സ്ലിപ്പില്‍ ക്യാച്ചു നല്‍കുന്ന പ്രവണതയും ഈ സമയത്ത് അധികമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിഞ്ഞുവെന്നതാണ് രാഹുലിന്റെ മിടുക്ക്. വിക്കറ്റ്കീപ്പിങ് ഇങ്ങനെയെല്ലാം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമയപരിധി വെച്ച് കീപ്പിങ് കരിയര്‍ അവസാനിപ്പിക്കാനും രാഹുല്‍ തീരുമാനിച്ചു. അതിന്റെ പേരില്‍ രാഹുലിന് ബലി നല്‍കേണ്ടി വന്നത് ഏകദിന കരിയര്‍ തന്നെയാണ്.

സച്ചിന്‍ കളിയവസാനിപ്പിക്കുമ്പോള്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. സച്ചിന്റെ ബാറ്റിങ്ങിന്റെ അനുപമ സൗന്ദര്യത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ പകരം വെക്കാവുന്ന അനുഭവമാണ്, രാഹുലും വി വി എസ് ലക്ഷ്മണും ചേര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ കളിക്കുന്ന കൂട്ടുകെട്ടുകളും. മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന അത്തരം കുറേ പാര്‍ട്ണര്‍ഷിപ്പുകള്‍ അയവിറക്കി കൊണ്ട് പ്രാര്‍ഥിക്കാം... ഈ കാഴ്ചകള്‍ അവസാനിക്കാതിരിക്കട്ടെ.രാഹുലിനെ ഒരു ഏകദിന ബാറ്റ്‌സ്മാനായി സെലക്റ്റര്‍മാര്‍ പോയിട്ട് ആരാധകര്‍ പോലും ഇന്ന് പരിഗണിക്കുന്നില്ല. സച്ചിനേയും പോണ്ടിങ്ങിനേയും പോലെ ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനാണ് രാഹുല്‍ എന്നത് പോലും ഓര്‍ക്കപ്പെടുന്നില്ല. 2003-ലെ ലോകകപ്പില്‍ ഉള്‍പ്പെടെ നൂറിലധികം ഏകദിന മാച്ചുകളില്‍ അന്നത്തെ ക്യാപ്റ്റന്‍ സൗരവിന്റെ താല്‍പര്യപ്രകാരം വിക്കറ്റ്കീപ്പറുടെ എക്‌സ്ട്രാ ഡ്യൂട്ടി കൂടി രാഹുല്‍ നിര്‍വഹിച്ചിരുന്നു. ആ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയെന്നതും ഓര്‍ക്കണം. ടീമിനു വേണ്ടി ഇങ്ങനെ എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറാവുന്ന എന്ത് ജോലിയും ഏറ്റെടുക്കുന്ന രാഹുലിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രാഹുല്‍ അവസാനമോയി ഒരു ഏകദിന മല്‍സരം കളിച്ചിട്ട് രണ്ടുവര്‍ഷം തികയാറായി. പക്ഷെ തനിക്കു അനുവദിക്കപ്പട്ട രണാങ്കണത്തില്‍ രാഹുല്‍ ഇന്നും വിയര്‍പ്പൊഴുക്കിക്കൊണ്ടിരിക്കുന്നു, യുദ്ധങ്ങള്‍ ജയിച്ചുകൊണ്ടേയിരിക്കുന്നു. അതും ഏറ്റവും മാന്യനായ പോരാളിയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ടു തന്നെ. രാഹുല്‍ അധികമാരും കേള്‍ക്കുന്നില്ലെങ്കിലും താങ്കള്‍ക്കു വേണ്ടി ഞങ്ങള്‍ ഇപ്പോഴും കൈയ്യടിക്കുന്നുണ്ട്.


മാരീചന്റെ മാന്‍പേടയെപ്പോലെ അകന്നകന്നുപോകുന്ന രാഹുല്‍

ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പണ്ഡിതന്മാരും മാധ്യമ പ്രമാണികളും പ്രതിപക്ഷനേതാക്കളും ഏറ്റവും കുറഞ്ഞത്‌ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിക്കൊണ്ടിരുന്ന പ്രവചനങ്ങളും വിലയിരുത്തലുകളും യാഥാര്‍ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തതായിരുന്നു എന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ഇക്കാലമത്രയും പറയാനുണ്ടായിരുന്നത്‌ അധികാര രാഷ്‌ട്രീയത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആരോഹണത്തെക്കുറിച്ചു മാത്രമായിരുന്നു.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന മട്ടിലാണ്‌ എല്ലാവരും പ്രവചിച്ചുകൊണ്ടിരുന്നത്‌. അവര്‍ പറഞ്ഞുകൊണ്ടിരുന്നത്‌ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പിന്നീട്‌ പ്രധാനമന്ത്രിയാക്കാനാണു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു.

പക്ഷേ, ഈയിടെ കേന്ദ്രമന്ത്രിസഭ അഴിച്ചുവാര്‍ത്ത അവസരത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചത്‌ അടുത്ത തെരഞ്ഞെടുപ്പുവരെ ഇനിയൊരു മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്നാണ്‌. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധി മന്ത്രിസഭാരാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കാന്‍ തയാറെടുത്തുകഴിഞ്ഞു എന്ന വാദത്തിന്‌ അടുത്ത മൂന്നുവര്‍ഷത്തേക്കെങ്കിലും പ്രസക്‌തി നഷ്‌ടപ്പെട്ടുകഴിഞ്ഞു.

നമ്മില്‍ പലര്‍ക്കും എന്ത്‌ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ശരി, കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയ്‌ക്ക് സോണിയാ ഗാന്ധിക്കും അവരുടെ പുത്രന്‍ രാഹുല്‍ ഗാന്ധിക്കും ഏതുനിമിഷവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയും ഭരണമുന്നണിയിലെ സഖ്യകക്ഷികളും അതിനെ പിന്താങ്ങുകയും ചെയ്യുമായിരുന്നു. വേണമെങ്കില്‍ പുത്രി പ്രിയങ്കാ ഗാന്ധിയെയും കേന്ദ്രമന്ത്രിയോ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയോ ആക്കുകയും ചെയ്യാമായിരുന്നു. വെള്ളിത്തളികയില്‍ രജതചഷകം പോലെയാണ്‌ ഈ അധികാരസ്‌ഥാനങ്ങള്‍ ഗാന്ധികുടുംബത്തിന്റെ നേരേ കോണ്‍ഗ്രസ്‌ പാര്‍ട്ടി വച്ചുനീട്ടിയത്‌. അതൊന്നുംതന്നെ അവര്‍ സ്വീകരിച്ചില്ല എന്നതാണ്‌ വാസ്‌തവത്തില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും കൗതുകകരമായ കാര്യം.

അതേപോലെതന്നെ, കേരളത്തില്‍ ഇടതുപക്ഷമുന്നണിയിലും ഭാരതീയ ജനതാപാര്‍ട്ടിയിലുമുള്ള നേതാക്കള്‍, പ്രത്യേകിച്ച്‌ യുവജന നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നതു രാഷ്‌ട്രീയക്കാരനല്ലാത്ത പ്രധാനമന്ത്രിയെന്നാണ്‌. എന്നുവച്ചാല്‍ അതിന്റെ അര്‍ഥം അദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തകനായല്ല പിറന്നുവീണതെന്നാണ്‌. അല്ലെങ്കില്‍ രാഷ്‌ട്രീയം അറിയാത്ത വ്യക്‌തി എന്നാണ്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കക്ഷത്തില്‍ രശീതുതുണ്ടുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയയാളല്ല സിംഗ്‌. അദ്ദേഹം ലോകബാങ്കിലായിരുന്നു. പിന്നീട്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഗവര്‍ണറായിരുന്നു. അതിനുശേഷം ആസൂത്രണ കമ്മിഷന്റെ വൈസ്‌ ചെയര്‍മാനുമായിരുന്നു. അതിനെല്ലാം ശേഷമാണ്‌ 1991-ല്‍ അധികാരമേറ്റ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ അഭ്യര്‍ഥനയനുസരിച്ച്‌ അദ്ദേഹം ഇന്ത്യയുടെ ധനമന്ത്രിപദം ഏറ്റെടുത്തത്‌. പിന്നീട്‌ 2004-ല്‍ കോണ്‍ഗ്രസിന്‌ അധികാരം കിട്ടിയപ്പോള്‍ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. ഇക്കാലമത്രയും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. എന്നുമാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ നിര്‍ണായക രാഷ്‌ട്രീയസമിതികളിലും അദ്ദേഹം സജീവാംഗമായിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രാഥമികാംഗങ്ങള്‍ക്കുവരെ മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രീയം അറിയാത്ത ഒരാളാണ്‌. ഈ വികലമായ കാഴ്‌ചപ്പാടുകളൊക്കെയാണ്‌ ഒരുപക്ഷേ രാഷ്‌ട്രീയം ഉപജീവനമാര്‍ഗമായെടുത്തിട്ടുള്ള ഇന്ത്യയിലെ പൊതുപ്രവര്‍ത്തകരുടെ ഏറ്റവും വലിയ ബലഹീനത.

ഇന്ത്യയിലെ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയം കുടുംബാധിപത്യമാണ്‌. അതിന്റെ കേന്ദ്രബിന്ദു നെഹ്‌റു കുടുംബമായിരുന്നു. ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു വളരെ ആസൂത്രിതമായാണു മകള്‍ ഇന്ദിരാ ഗാന്ധിയെ വളര്‍ത്തിയെടുത്തത്‌. അതിനുശേഷം പ്രധാനമന്ത്രിപദത്തിലെത്തിയ ഇന്ദിരാഗാന്ധി തന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത്‌ ഇളയ പുത്രന്‍ സഞ്‌ജയ്‌ ഗാന്ധിയെയാണ്‌. സഞ്‌ജയ്‌ ഗാന്ധിയുടെ ആകസ്‌മികമായ അപമൃത്യു രാജീവ്‌ ഗാന്ധിയെ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിച്ചു. രാജീവ്‌ഗാന്ധിയുടെ അപമൃത്യുവിനുശേഷം പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായെങ്കിലും പിന്നീടു രാജീവിന്റെ വിധവ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കു പാര്‍ട്ടിനേതാക്കള്‍തന്നെ കൊണ്ടുവരികയായിരുന്നു.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ പ്രധാനമന്ത്രിപദത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണക്കുകൂട്ടല്‍. അനായാസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സോണിയാ ഗാന്ധിക്കു കഴിയുമായിരുന്നു. അവരതിനു തയാറായില്ല. വെള്ളിത്തളികയിലെന്നവണ്ണം പ്രധാനമന്ത്രിപദം മുമ്പില്‍ നീട്ടിയിട്ടും സോണിയാ ഗാന്ധി അതു നിരസിച്ചപ്പോള്‍ അവരോടു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ്‌ മഞ്ഞുപോലെ ഉരുകിപ്പോവുകയും ചെയ്‌തു.പക്ഷേ, അപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ ഭാരതീയ ജനതാപാര്‍ട്ടി ഉയര്‍ത്തിയ ആരോപണം കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി പുത്രന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുന്നതിന്‌ സോണിയാ ഗാന്ധി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.

പുത്രി പ്രിയങ്ക വാധ്രയെ പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ടുവരുന്നതിനു സോണിയ കരുനീക്കങ്ങള്‍ നടത്തുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. അതെന്തായാലും താല്‍ക്കാലികമായിട്ടാണെങ്കിലും പ്രിയങ്ക ഇപ്പോള്‍ ഇന്ത്യയിലേതാണ്ടു വിസ്‌മരിക്കപ്പെട്ട നിലയിലാണ്‌. ഒരു ഘട്ടത്തില്‍ നാടകീയമായി പ്രിയങ്കയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്നുകൂടായ്‌കയില്ല. അതാണല്ലോ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നാടകീയത.

എന്തായാലും ഏറ്റവും ഒടുവിലത്തെ സംഭവവികാസം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യത്തെപ്പറ്റി ആരോപണമുന്നയിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്‌ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ്‌. ഭാര്യയേയും മക്കളേയും രാഷ്‌ട്രീയത്തിലും അധികാരത്തിലും ഉയര്‍ത്തിക്കൊണ്ടുവരാത്ത എത്ര നേതാക്കളാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌! ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ എല്ലാ സംസ്‌ഥാനങ്ങളിലും മിക്കവാറും എല്ലാ നേതാക്കളുടെയും മക്കള്‍ രാഷ്‌ട്രീയ നേതൃത്വത്തിലെത്തിക്കഴിഞ്ഞു. അതും പിതാക്കന്മാരുടെ പരസ്യമായ പിന്തുണയോടെതന്നെ. അതില്‍ കക്ഷിവ്യത്യാസം കാണാന്‍ കഴിയില്ല.

ജമ്മുകാശ്‌മീരില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഫറൂഖ്‌ അബ്‌ദുള്ളയുടെ പുത്രന്‍ ഒമര്‍ അബ്‌ദുള്ളയാണു മുഖ്യമന്ത്രി. പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി. സഖ്യം മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്റെ പുത്രന്‍, ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ പുത്രന്‍ ചൗതാല, മഹാരാഷ്‌ട്രയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ പുത്രി, ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പുത്രന്‍, കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ പുത്രന്‍, മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ പുത്രന്‍, തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മക്കള്‍, ആന്‌ധ്രാപ്രദേശില്‍ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ പുത്രന്‍, ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായംസിംഗിന്റെ പുത്രന്‍, ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ ഭാര്യ അങ്ങനെപോകുന്നു ഈ നീണ്ട പട്ടിക. ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയില്‍നിന്നുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ മിലിന്ദ്‌ ദേവ്‌റ കേന്ദ്രമന്ത്രിസഭയിലെത്തി.

രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യത്തെ ഏറ്റവുംകൂടുതല്‍ എതിര്‍ത്തിരുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്)യിലുമായി കുടുംബാധിപത്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോടൊപ്പം ഭാര്യ വൃന്ദാ കാരാട്ടും പാര്‍ട്ടിയുടെ പരമാധികാര സമിതിയായ പോളിറ്റ്‌ ബ്യൂറോയില്‍ അംഗങ്ങളായി. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്‌ഥയായിരുന്ന വൃന്ദാ കാരാട്ട്‌ പോളിറ്റ്‌ ബ്യൂറോയിലെത്തിയതു സമരപാരമ്പര്യത്തിന്റെ അടിസ്‌ഥാനത്തിലാണെന്നു പാര്‍ട്ടി സഖാക്കള്‍ വാദിക്കും. പക്ഷേ, പാര്‍ട്ടിയിലെ എല്ലാ സമരമുഖങ്ങളിലും നേതൃത്വം നല്‍കിയ സുഭാഷിണി അലിക്ക്‌ ആ പദവിയിലെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള സുഭാഷിണി യു.പി.യിലെ കാണ്‍പുര്‍ നിയോജകമണ്ഡലത്തില്‍നിന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ലോക്‌സഭയിലേക്കു വിജയിച്ച സി.പി.എം. നേതാവാണെന്നോര്‍ക്കണം. അങ്ങനെനോക്കുമ്പോള്‍ ഏതു പാര്‍ട്ടിയിലാണ്‌ കുടുംബാധിപത്യം ഇല്ലാത്തതെന്ന കാര്യത്തില്‍ ഗവേഷണം നടത്തേണ്ടിവരും.

ഒരുപക്ഷേ, കുടുംബാധിപത്യം സ്‌ഥാപിക്കാത്ത മുഖ്യമന്ത്രിമാര്‍ ഉത്തര്‍പ്രദേശിലെ മായാവതിയും ബംഗാളിലെ മമതാ ബാനര്‍ജിയും തമിഴ്‌നാട്ടിലെ ജയലളിതയും മറ്റുമായിരിക്കും. അവര്‍ അവിവാഹിതരായതുകൊണ്ട്‌ ആ പഴി ഏതായാലും കേള്‍ക്കേണ്ടിവരില്ല.

ഒന്നു തീര്‍ച്ച, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യമെന്നത്‌ ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞതുകൊണ്ട്‌ ഇനി രാഹുല്‍ ഗാന്ധിയെ ഓര്‍ത്ത്‌ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നതിലും അര്‍ഥമില്ല.

Sunday, July 24, 2011

സച്ചാറിന്‌ ജയ്‌ പാടുന്നവരോട്‌

അഡ്വ. പി. എസ്‌. ശ്രീധരന്‍പിള്ള
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പരിരക്ഷിക്കാനുള്ള പ്രതിബദ്ധത ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്‌. നാടിനെ ശിഥിലമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുമായി സഹകരിച്ച്‌ നടത്തുന്ന ഏതുതരം പ്രവൃത്തിയും കുറ്റവും രാജ്യദ്രോഹവുമാകുന്നു. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യക്ഷവും പരോക്ഷവുമായ കര്‍മ്മപദ്ധതികള്‍ പരിശോധിച്ചാല്‍ എക്കാലത്തും മുഴച്ചുനില്‍ക്കുന്നത്‌ ഇന്ത്യയെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത ശ്രമങ്ങളാണ്‌. രാജ്യത്തിനകത്തും പുറത്തും നമ്മുടെ നാട്‌ നേരിടേണ്ടിവന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മിക്ക യുദ്ധങ്ങളും ദുരന്തങ്ങളും ഇക്കൂട്ടരുടെ മസ്തിഷ്കത്തില്‍ രൂപം കൊണ്ടവയാണ്‌. കാശ്മീരിന്റെ പേരിലുള്ള വിഘടനവാദ ശ്രമങ്ങളും ഇന്ത്യാവിരുദ്ധ കോലാഹലങ്ങളും പാക്കിസ്ഥാന്റെ സൃഷ്ടിയാണെന്നകാര്യം പരക്കെ അറിയാവുന്നതാണ്‌.

കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പരസ്യ നിലപാടുകളുമായി ഒരു പറ്റം ബുദ്ധിജീവികള്‍ മുന്നോട്ടുവന്നത്‌ അടുത്ത കാലത്താണ്‌. അവരെ നേരിടാന്‍ കപടമതേതരക്കാര്‍ക്കോ ഭരണകൂടത്തിനോ കഴിയുന്നുമില്ല. ബിജെപി ഭരണത്തിന്‍ കീഴില്‍ പാക്‌ അനുകൂല അട്ടിമറിക്കാരും അവരുടെ കുഴലൂത്തുകാരായ ബുദ്ധിജീവികളും പ്രായേണ ഉള്‍വലിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ഒന്നാം യുപിഎ അധികാരമേറ്റതിനേ തുടര്‍ന്ന്‌ ഭീകര വിരുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ഇന്ത്യയില്‍ പലപ്രദേശങ്ങളും ഭീകരവാദികള്‍ക്ക്‌ തഴച്ചുവളരാനും തണലേകാനും പാകമായ അന്തരീക്ഷം സംജാതമാകുകയും ചെയ്തു. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ രാജ്യദ്രോഹശക്തികള്‍ അരങ്ങും അണിയറയും തീര്‍ത്ത്‌ തിമിര്‍ത്താടുന്ന സ്ഥിതിയാണിപ്പോഴുള്ളത്‌. രാജ്യദ്രോഹികളെ തളയ്ക്കാന്‍ ആരുണ്ടിവിടെ എന്നതാണ്‌ പ്രസക്തമായ കാലിക ചോദ്യം!

അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ നാലുദിവസം മുമ്പ്‌ അറസ്റ്റുചെയ്ത ഗുലാം നബിഫൈയുടെ വെളിപ്പെടുത്തല്‍ മുഴുവന്‍ ഇന്ത്യാക്കാരുടെയും കണ്ണുതുറപ്പിക്കേണ്ട വാര്‍ത്തയാണ്‌. അമേരിക്കന്‍ പൗരനും കാശ്മീരി വംശജനുമായ ഗുലാം നബിയെ അറസ്റ്റുചെയ്തത്‌ ഐഎസ്‌ഐയുടെ പ്രതിഫലം കൈപ്പറ്റി കാശ്മീര്‍ കാര്യത്തില്‍ അമേരിക്കന്‍ സംവിധാനത്തെയും മറ്റും വശത്താക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ്‌. പാക്കിസ്ഥാനുവേണ്ടി കാശ്മീര്‍ പ്രശ്നത്തില്‍ പ്രമുഖരെ സ്വാധീനിക്കുക എന്ന കൃത്യമാണ്‌ ഗുലാം ചെയ്തു വന്നിരുന്നത്‌. കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്നത്‌ അമേരിക്കയില്‍ നിയമപ്രകാരം കുറ്റകരമല്ല. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പാക്‌ അനുകൂലമാക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്‌. വാഷിങ്ങ്ടണ്‍ ടൈംസ്‌ 2011 ജൂലൈ 19ന്‌ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയനുസരിച്ച്‌ ഗുലാം എന്ന പ്രതി പാക്കിസ്ഥാനിലെ മേലാളന്മാര്‍ക്കുവേണ്ടി അവരില്‍നിന്ന്‌ പണം വാങ്ങി ആ പണം ചെലവഴിച്ച്‌ ചാരപ്പണി ചെയ്തു എന്നാണ്‌ ആരോപിക്കപ്പെട്ടിട്ടുള്ളത്‌.

പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസ്‌ ഇന്റലിജന്‍സില്‍ നിന്നും പ്രതിവര്‍ഷം ഗുലാം നബി ഫായിക്ക്‌ കിട്ടിയിരുന്ന തുകയില്‍ 5 ലക്ഷം ഡോളര്‍ മുതല്‍ 7 ലക്ഷം ഡോളര്‍ വരെ ഇയാള്‍ ഉപയോഗിച്ചിരുന്നത്‌ കാശ്മീര്‍ ചര്‍ച്ചകള്‍ പാക്കിസ്ഥാന്‌ അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു. ഇതിനായി അയാള്‍ സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയെ കാശ്മീരില്‍ നിന്നും പുറത്താക്കുക എന്നതായിരുന്നു ഐഎസ്‌ഐയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഫായി നടത്തിവന്ന സെമിനാറുകളുടെയും പ്രചരണത്തിന്റെയും ലക്ഷ്യം അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി എല്ലാവിധ തെളിവുകളും ശേഖരിച്ച ശേഷമാണ്‌ ഈ വന്‍സ്രാവിനെ നിയമത്തിന്റെ വലയിലാക്കിയിട്ടുള്ളത്‌. ഇന്ത്യയിലെപ്പോലെ വന്‍ മീനുകള്‍ക്ക്‌ അമേരിക്കയില്‍ വലമുറിക്കാനാവില്ല. ഇയാള്‍ ചെയ്ത കുറ്റത്തിന്റെ ദോഷഫലം കൂടുതല്‍ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണെങ്കിലും നമുക്കിതൊന്നും ഒരു വന്‍ വാര്‍ത്തപോലുമാകുന്നില്ല എന്നതാണ്‌ ആശങ്കയുണര്‍ത്തുന്ന സത്യം.

പാക്‌ ചാര സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ നിന്നു പിടികൂടിയ വിഘടനവാദി ഗുലാം നബി ഫായിക്കൊപ്പം പ്രവര്‍ത്തിച്ചവരിലും വേദി പങ്കിട്ടവരിലും നിരവധി പ്രമുഖ ഇന്ത്യാക്കാര്‍ ഉള്‍പ്പെടുന്നു. കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ പേരില്‍ ഫായി സംഘടിപ്പിച്ച ചര്‍ച്ചകളും സെമിനാറുകളും ഇന്ത്യയില്‍ നിന്നും കാശ്മീരിനേ വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഫായിക്കൊപ്പം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ വേദി പങ്കിട്ട പ്രമുഖരില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍, മാധ്യമപ്രവര്‍ത്തകരായ കുല്‍ദീപ്‌ നയ്യാര്‍, പ്രഫുല്‍ ബിദ്വായ്‌, പ്രൊഫ.കമല്‍മിത്ര ഷിനോയ്‌, കാശ്മീര്‍ ചര്‍ച്ചയ്ക്ക്‌ ഭരണകൂടം നിയോഗിച്ച ദിലീപ്‌ പട്ഗോങ്കര്‍ തുടങ്ങിയവരുള്‍പ്പെടുന്നു. മാധ്യമങ്ങളെ വ്യാപകമായി ഈ ചാരന്‍ സ്വാധീനിച്ചിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. കുല്‍ദീപ്‌ നയ്യാര്‍ തനിക്ക്‌ ഫായിയുമായി കുറേ കൊല്ലത്തെ അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്‌. ജ.രജിന്ദര്‍ സച്ചാര്‍ കുറ്റകരമായ മൗനത്തിലാണുള്ളത്‌.

ജ.രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും മറ്റും പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും വേണമെന്ന മുറവിളി ഇന്ത്യയില്‍ വ്യാപകമായത്‌. ഇത്തരം കുത്സിത ശ്രമങ്ങളില്‍ സംതൃപ്തി ലഭിക്കുന്ന രാജ്യം പാക്കിസ്ഥാനാണ്‌. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ ഇന്ത്യന്‍ വ്യവസ്ഥയില്‍ മുസ്ലീങ്ങളുള്‍പ്പെടെ എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്താന്‍വേണ്ട സക്രിയ നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവിലൂടെ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത്‌ രാജ്യതാല്‍പര്യത്തിന്‌ ഹാനികരമാണ്‌. സച്ചാര്‍ റിപ്പോര്‍ട്ട്‌ ജനങ്ങളെ പലതട്ടുകളിലാക്കി ഹിന്ദു- മുസ്ലീം വേറിടലിനും നാടിന്റെ അഖണ്ഡത തകര്‍ക്കാനും ഇടയാക്കുമെന്ന്‌ ദേശസ്നേഹികള്‍ ഭയപ്പെടുന്നു. പാക്കിസ്ഥാന്‍ വാദത്തിലേക്ക്‌ അവിഭക്ത ഇന്ത്യയെ കൊണ്ടെത്തിച്ച വാദങ്ങളുടെ ആവര്‍ത്തനം സച്ചാര്‍ റിപ്പോര്‍ട്ടില്‍ പതിയിരിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ജ.സച്ചാര്‍ ഗുലാംനബിഫായിബന്ധം ആഴത്തിലുള്ള അന്വേഷണത്തിന്‌ വിധേയമാക്കുകയാണ്‌ വേണ്ടത്‌.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ഹരീഷ്ഖരേ, കാശ്മീര്‍ കാര്യത്തില്‍ സര്‍ക്കാര്‍ഭാഗം നിയോഗിച്ച മദ്ധ്യസ്ഥന്‍ ദിലീപ്‌ എന്നിവരും ഗുലാം നബിയുടെ വലയില്‍ കുടുങ്ങിയ പ്രമുഖരുടെ പട്ടികയില്‍പ്പെടുന്നു. അഭിമാനത്തോടെ നാം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യന്‍ ഇന്റലിജന്‍സിന്‌ ഗുലാമിന്റെ കുത്സിത ശ്രമങ്ങളും അയാളുടെ ബന്ധങ്ങളും അറിയാനോ അറിയിക്കോനോ തടയാനോ കഴിയാതെ പോയതില്‍ നിന്നുതന്നെ വര്‍ത്തമാന ഇന്ത്യന്‍ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും പ്രകടമാണ്‌. മതേതരത്വത്തിന്റെയും മനുഷ്യാവകാശപ്രശ്നങ്ങളുടെയും പേരില്‍ കാടിളക്കി കയ്യടി വാങ്ങുന്ന നമ്മുടെ ബുദ്ധിജീവി- മാധ്യമ ഉദരപൂരണക്കാരുടെ അപഹാസ്യതയും അപകടവും ഒരിക്കല്‍കൂടി ഗുലാംനബി സംഭവം വിളിച്ചോതുന്നു. ഈ പ്രശ്നത്തെ അടിസ്ഥാനമാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. നിയമം ചിലന്തിവലയല്ലെന്നും വന്‍ സ്രാവുകളെ കുടുക്കാന്‍ കെല്‍പുള്ളവയാണെന്നും തെളിയിക്കേണ്ട സന്ദര്‍ഭമാണിത്‌. രാജ്യസുരക്ഷയ്ക്ക്‌ വേണ്ടി ഇനിയെങ്കിലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

Monday, July 18, 2011

പുതുജീവനിലേക്ക് പല വഴികള്‍

അന്യജീവനുതകാന്‍ സ്വജീവിതം അവയവദാനം ഇന്ത്യക്കാര്‍ക്ക് ഇനിയും മനസ്സിലാകാത്ത കാര്യമാണെങ്കില്‍ മറ്റു പല രാജ്യങ്ങളിലും അങ്ങനെയേ അല്ല. ജീവദാനം അവര്‍ക്കൊരു ശീലമാണ്അമേരിക്കന്‍ ഗോള്‍ഫ് താരം എറിക് കോംപ്ടന്റെ സ്‌ട്രോക്കുകള്‍ ഹൃദയമിടിപ്പുപോലെ കണിശമാണ്. കാരണമുണ്ട്. കോംപ്ടന്റെ ആദ്യമത്സരം സ്വന്തം ഹൃദയത്തോടായിരുന്നു. 12-ാം വയസ്സില്‍ കൊച്ചുകോംപ്ടനെ കളിപ്പിക്കാന്‍ തുടങ്ങിയതാണത്. ഹൃദ്രോഗം അവനോട് ജീവിതത്തിന്റെ കളം വിടാന്‍ നിര്‍ദേശിച്ചു. ദാനംകിട്ടിയ ഒരു ഹൃദയം തന്റെ നെഞ്ചില്‍ പിടിപ്പിച്ച് കളിക്കളത്തിലിറങ്ങാനായിരുന്നു കോംപ്ടന്റെ തീരുമാനം. 1992- ലായിരുന്നു അത്. പുതിയ ഹൃദയം 2008 വരെ കോംപ്ടനെ ഒരു ഗോള്‍ഫ് പന്തുപോലെ സജീവമാക്കി നിര്‍ത്തി. ദേശീയ താരമായി അദ്ദേഹം ഉയര്‍ന്നു. എന്നാല്‍ 2008-ല്‍ അതിഥിഹൃദയംപണിമുടക്കി. കോംപ്ടണ്‍ തോറ്റില്ല. അമേരിക്കയെന്ന അവയവദാനരാജ്യം അദ്ദേഹത്തിന് വീണ്ടും ഹൃദയം നല്‍കി. മൂന്നു വര്‍ഷമായി കോംപ്ടന്‍ ഗോള്‍ഫ് പന്തുകള്‍ പായിച്ചുകൊണ്ടേയിരിക്കുന്നു, ജീവിതത്തിലേക്ക്.

അവയവദാനം ഇന്ത്യക്കാര്‍ക്ക് ഇനിയും മനസ്സിലാകാത്ത കാര്യമാണെങ്കില്‍ മറ്റു പല രാജ്യങ്ങളിലും അങ്ങനെയേ അല്ല. ജീവദാനം അവര്‍ക്കൊരു ശീലമാണ്. സ്‌പെയിനിന്റെ കാര്യമെടുക്കാം. കേരളത്തിലേതിനേക്കാള്‍ അല്പം കൂടുതല്‍ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാല്‍, ഇതിനകം ഇവിടെ 3000 ഹൃദയങ്ങള്‍ മരിച്ചവരില്‍നിന്ന് മറ്റുള്ളവരുടെ നെഞ്ചിലെത്തി. ഇന്ത്യയില്‍ രണ്ട് കോടിയില്‍ ഒരാള്‍ മസ്തിഷ്‌കമരണത്തിനുശേഷമുള്ള അവയവദാനത്തിന് തയ്യാറാവുമ്പോള്‍ സ്‌പെയിനില്‍ ഇത് 20,000 ല്‍ ഒരാളാണ്. ഇവിടെ ആന്തരാവയവങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളെ ആശ്രയിക്കേണ്ടതേ ഇല്ല.

ഇനി കേരളത്തിന്റെ കാര്യം നോക്കാം. ഇവിടെ ഓരോ വര്‍ഷവും വൃക്ക കിട്ടാതെ മരിക്കുന്നവര്‍ ഇരുപതിനായിരത്തോളം വരും. അറനൂറിനും എണ്ണൂറിനുമിടയ്ക്ക് വൃക്ക മാറ്റ ശസ്ത്രക്രിയകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഇതില്‍ വിരലിലെണ്ണാവുന്നവയൊഴിച്ചാല്‍ ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരില്‍നിന്ന് വൃക്ക സ്വീകരിച്ചുള്ളവയാണ്. മൂവായിരത്തിലേറെപ്പേര്‍ കേരളത്തില്‍ വാഹനാപകടങ്ങളില്‍ ഓരോ വര്‍ഷവും മരിക്കുന്നു. അതില്‍ വലിയൊരു പങ്കും മസ്തിഷ്‌കമരണം സംഭവിക്കുന്നവരാണ്. ഇവരില്‍നിന്നുള്ള അവയവങ്ങള്‍ ലഭ്യമായാല്‍ത്തന്നെ ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ അവയവമാറ്റ ശസ്ത്രക്രിയകളും ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കാതെത്തന്നെ നടത്താം. എന്നാല്‍, മരണാനന്തര അവയവ ദാനത്തെക്കുറിച്ച് ഇവിടെ എത്രപേര്‍ക്കറിയാം? അറിഞ്ഞാല്‍ത്തന്നെ അതിന് തയ്യാറുള്ളവര്‍ എത്രപേരുണ്ട്?

''മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കളോട് ആന്തരാവയവങ്ങള്‍ മറ്റൊരാള്‍ക്ക് കൊടുക്കാമോ എന്ന് ഞങ്ങള്‍ ചോദിക്കാറുണ്ട്. അവര്‍ ഇത്തരമൊരു കാര്യം ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്'' -അവയവദാനത്തിന് അവസരമൊരുക്കുന്നതിനായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഓര്‍ഗന്‍ പ്രൊക്യൂര്‍മെന്റ് എഡ്യൂക്കേഷന്‍ (ഹോപ്) ഡയറക്ടര്‍ ഡോ. പി. വിജയന്‍ പറയുന്നു. ''ഒരിക്കല്‍ ആസ്പത്രിയില്‍ ഒരു കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചു. കുട്ടിയുടെ കുടുംബത്തിന്റെ അയല്‍വാസിയായ ഒരാള്‍ അതേ ആസ്പത്രിയില്‍ വൃക്ക ആവശ്യമായി അതിഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. അടുത്ത ബന്ധുക്കളോട് നേരിട്ട് ചോദിക്കാനാവാത്തതിനാല്‍ ഡോക്ടര്‍മാരുടെ സംഘം കൂടെ വന്നവരോട് അഭിപ്രായം ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ആസ്പത്രിയില്‍ ഒരു വാര്‍ത്ത പരന്നു. കുട്ടിയുടെ അവയവങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരെ കൂട്ടുപിടിച്ച് അയല്‍വാസികള്‍ ശ്രമിക്കുന്നു എന്നായിരുന്നു അത്. അവയവദാനത്തെക്കുറിച്ച് ആളുകളുടെ അറിവില്ലായ്മയ്ക്ക് ഇരയാവുന്നത് പലപ്പോഴും ഡോക്ടര്‍മാരാണ്. എന്നാല്‍, സംസാരിച്ച് അവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചേ തീരൂ.-'' ഡോക്ടര്‍ വിജയന്‍ പറയുന്നു.

ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്കയില്‍ ഒരു വര്‍ഷം നടക്കുന്നത് മുപ്പതിനായിരത്തോളം അവയവം മാറ്റിവെക്കലാണ്. ഡ്രൈവിങ് ലൈസന്‍സ് എടുക്കുമ്പോള്‍ അവയവദാനസമ്മതപത്രം നല്‍കേണ്ട രാജ്യമാണ് അമേരിക്ക. യുദ്ധം തളര്‍ത്തിയ ഇറാനും പറയാനുണ്ട് അവയവ ദാനത്തിന്റെ കഥകള്‍. ഇവിടെ അവയവങ്ങള്‍ ആവശ്യമുള്ളവര്‍ കാത്തിരിക്കേണ്ടതില്ല. അവയവം നല്‍കാനുദ്ദേശിക്കുന്നത് ജീവിച്ചിരിക്കുമ്പോഴായാലും മരണശേഷമായാലും സര്‍ക്കാര്‍ നേരിട്ട് ഇതിന് സൗകര്യമുണ്ടാക്കിത്തരും. പല പാശ്ചാത്യ രാജ്യങ്ങളും അവയവലഭ്യത സാധ്യമാക്കിയത് നിയമം വഴിയാണ്. അവയവദാനസമ്മതപത്രം നല്‍കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന രീതിയാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി സ്വീകരിച്ചിരിക്കുന്നത്.

ഫലപ്രദമായ മറ്റൊരു വഴിയുണ്ട്. അതനുസരിച്ച് നിങ്ങള്‍ സ്വാഭാവികമായും ഒരു അവയവദാതാവാണ്. മസ്തിഷ്‌ക മരണമാണ് സംഭവിക്കുന്നതെങ്കില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും നിങ്ങളുടെ അവയവങ്ങള്‍ മറ്റൊരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായി മാറ്റിവെക്കപ്പെടും. ആ മഹത് കര്‍മത്തിന് തയ്യാറല്ലെങ്കില്‍ മാത്രമാണ് അറിയിക്കേണ്ടത്. എന്തുകൊണ്ട് തയ്യാറല്ലെന്ന് കാണിക്കുന്ന വിസമ്മതപത്രം നല്‍കണം. വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നത് തടയാന്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമില്ല. സ്‌പെയിനും സിംഗപ്പൂരും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ഭാഗ്യവാന്മാരായ രോഗികള്‍ക്കുവേണ്ട അവയവങ്ങള്‍ കണ്ടെത്തുന്നത് ഇങ്ങനെയാണ്. ഈ രീതി സ്വീകരിച്ചതോടെ അവയവദാനത്തിന്റെ എണ്ണം ഇരട്ടിവരെ ഉയര്‍ന്നു.
ഇനിയുള്ളത് പൂര്‍ണ നിര്‍ബന്ധിത അവയവ ദാനമാണ്. ഇതില്‍ വിസമ്മതപത്രം വെറുതേ നല്‍കിയാല്‍ പോര. അത് കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുക കൂടി വേണം. ഓസ്‌ട്രേലിയയും ബെല്‍ജിയവും സ്വീകരിച്ചിരിക്കുന്നത് ഈ രീതിയാണ്. അവയവങ്ങള്‍ കിട്ടാന്‍ പ്രയാസമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍ എപ്പോഴുമോര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നല്‍കാന്‍ തയ്യാറുള്ളവനുമാത്രമേ ഇവിടെ അവയവങ്ങള്‍ ലഭിക്കാനും അര്‍ഹതയുള്ളൂ. വിസമ്മതപത്രം നല്‍കിയ ഒരാള്‍ പിന്നീട് ആന്തരാവയവം ആവശ്യമുള്ള അവസ്ഥയിലായാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. കാത്തിരിപ്പ് പട്ടികയില്‍ ഏറ്റവും അവസാനസ്ഥാനം മാത്രമേ അയാള്‍ക്ക് നല്‍കൂ.

നിയമംകൊണ്ട് മാത്രമാണ് ഈ രാജ്യങ്ങള്‍ ഇതെല്ലാം നടത്തിയെടുക്കുന്നതെന്ന് കരുതേണ്ട. സുസജ്ജമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ് ഇതിന്റെ ആണിക്കല്ല്. സ്‌പെയിന്‍ തന്നെയാണ് ഇവിടെയും മാതൃക. ആസ്പത്രികളിലെ ഐ.സി.യു.കളില്‍ ദിനവും പരിശോധന നടത്തിയാണ് സ്‌പെയിന്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഫൗണ്ടേഷന്‍ അവയവദാതാക്കളെ കണ്ടെത്തുന്നത്.
ഇനി ഇന്ത്യയിലേക്ക് വരാം. ഇവിടെ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നത് മരണം മാത്രമാണ്. അയല്‍ രാജ്യമായ പാകിസ്താനിലും സ്ഥിതി മറിച്ചല്ല. എന്നാല്‍, എറ്റവും സങ്കടകരമായ വസ്തുത മറ്റൊന്നാണ്. മരണം കാത്തിരിക്കുന്നവര്‍ക്ക് അവയവങ്ങള്‍ കിട്ടാനില്ലെങ്കിലും ലോകത്തെ വൃക്കക്കച്ചവടക്കാരില്‍ മുന്‍നിരയിലാണ് ഇരു രാജ്യങ്ങളും.
എന്നാല്‍, നിര്‍ബന്ധിത അവയവ ദാനം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പെട്ടെന്നെടുക്കാവുന്ന തിരുമാനമല്ല. വിശ്വാസത്താലും വികാരത്താലും നിയന്ത്രിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നാണ് ഉചിതമായ തിരുമാനമുണ്ടാകേണ്ടത്. മസ്തിഷ്‌ക മരണം തീരുമാനിക്കുന്നതിനുള്ള കമ്മിറ്റിയുടെ ആധികാരികതയും വിശ്വാസ്യതയും ജനങ്ങള്‍ക്ക് ബോധ്യം വരികയും വേണം. എന്നാല്‍, ഇതൊന്നും അവയവദാനത്തില്‍നിന്ന് പുറം തിരിഞ്ഞുനില്‍ക്കാനുള്ള കാരണങ്ങളാവരുത്.


ഇന്ത്യയില്‍ ഇല്ലാത്ത കാത്തിരിപ്പ് പട്ടിക


അവയവങ്ങള്‍ ആവശ്യമുള്ളവരുടെ കാത്തിരിപ്പ് പട്ടികയാണ് ആദ്യം വേണ്ടത്. മരണം വിധിച്ച അവയവത്തിന് പകരം മറ്റൊന്ന് കാത്തിരിക്കുന്നവരുടെ പട്ടികയാണ് ഇത്. അവയവങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ആളുകള്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നു. അവയവങ്ങള്‍ കിട്ടുന്ന മുറയ്ക്ക് ഈ പട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കും.
പാശ്ചാത്യ രാജ്യങ്ങളിലെല്ലാം കാത്തിരിപ്പ് പട്ടിക നിലവിലുണ്ട്. ഇന്ത്യയില്‍ സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു സംവിധാനമുണ്ടാക്കിയിട്ടില്ല. ഇവിടെ അവയവങ്ങള്‍ കാത്തുകഴിയുന്നവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഒരു വഴിയുമില്ല. ആരോഗ്യവിദഗ്ധരുടെ സന്നദ്ധസംഘടനകള്‍ ചില ആസ്പത്രികള്‍ കേന്ദ്രീകരിച്ച് അവിടെയെത്തുന്ന രോഗികളില്‍നിന്ന് ഇങ്ങനെയൊരു പട്ടിക ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ ഇതിന് പ്രത്യേക സംവിധാനമുണ്ടാക്കിയാലേ അവയവം ആവശ്യമുള്ളവരെ മുഴുവന്‍ ഈ പട്ടികയില്‍ കൊണ്ടുവരാനാവൂ.
ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകള്‍ തയ്യാറാക്കുന്നത് ആനുപാതിക രീതി സ്വീകരിച്ചാണ്. വികസിത രാഷ്ട്രങ്ങളില്‍ അവയവം ആവശ്യമുള്ളവരുടെ കണക്കുകളുണ്ട്. അവിടത്തെ ജനസംഖ്യ, ആരോഗ്യനിലവാരം എന്നിവ നമ്മുടെ നാട്ടിലേതുമായി താരതമ്യം ചെയ്താണ് ഇവിടെ ഏകദേശ കണക്കുണ്ടാക്കുന്നത്. രോഗികളില്‍ വലിയൊരു പങ്കും ആസ്പത്രി സേവനങ്ങള്‍ കിട്ടാതെ മരിക്കുന്ന ഇന്ത്യയില്‍ ഈ കണക്കിലും ഭീകരമാണ് കാര്യങ്ങള്‍.

സമ്മതപത്രം, ജീവദാനപത്രം


മരണം ഏതുവഴി, എപ്പോള്‍ വരുമെന്നത് തീര്‍ത്തും അജ്ഞാതം. മസ്തിഷ്‌ക മരണമായിരിക്കുമോ സംഭവിക്കുക എന്നത് മുന്‍കൂട്ടി പ്രവചിക്കാനാവുന്ന കാര്യമല്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം; മരണാനന്തരം എത്രപേര്‍ക്ക് ജീവന്‍ പകരണമെന്ന്. സര്‍ക്കാര്‍ തലത്തില്‍ സമ്മതപത്രം സ്വീകരിക്കുന്നതിന് സംവിധാനമില്ലാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിച്ച് സമ്മതപത്രം നല്‍കാം.
അവയവ ദാതാവാകാന്‍ ആഗ്രഹിക്കുന്ന ആളുടെ എല്ലാ വിവരങ്ങളും ഏതെല്ലാം അവയവങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമ്മതപത്രമാണ് നല്‍കേണ്ടത്. ഇതിന് രണ്ടു സാക്ഷികള്‍ വേണം. അതില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കുകയും വേണം. സമ്മതപത്രം നല്‍കിക്കഴിഞ്ഞാല്‍ മരണശേഷം അയാളുടെ ആഗ്രഹം നടത്തിക്കൊടുക്കേണ്ടത് ബന്ധുക്കളുടെ ചുമതലയാണ്. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെടും മുമ്പ് രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് പറഞ്ഞിരിക്കണം. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ ഇത് എപ്പോഴും പ്രായോഗികമായിരിക്കണമെന്നില്ല. ഓര്‍ക്കുക, തെളിഞ്ഞ ബുദ്ധിയോടും ആരോഗ്യമുള്ള ശരീരത്തോടുമിരിക്കുന്ന കാലത്തുതന്നെ ചിന്തിച്ച് തീരുമാനിക്കുക. മരിച്ചു മണ്ണോട് ചേരേണമോ, പുതിയ ജീവനായി മാറേണമോ എന്ന്.

Saturday, July 16, 2011

പ്രധാനമന്ത്രി പരിധിക്ക് പുറത്താണ്‌

ഇന്ദ്രന്‍


അഴിമതിയുടെ കാര്യത്തിലുണ്ടായ വന്‍പുരോഗതി കണക്കിലെടുത്ത്, പുതിയൊരു ലോക്പാല്‍ നിയമമുണ്ടാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ആഘോഷമായി ചര്‍ച്ച ചെയ്തുവരികയാണല്ലോ. പല തലത്തിലും തട്ടിലും പൊരിഞ്ഞ ചര്‍ച്ചയാണ് നടക്കുന്നത്. ലോക്പാല്‍ എന്നൊരു സംവിധാനത്തിലൂടെ അഴിമതിയുടെ ആപ്പീസ് പൂട്ടിക്കാനാണ് പരിപാടി. ലോക്പാല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതാണ് ഒടുവിലത്തെ കീറാമുട്ടി. പ്രധാനമന്ത്രിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ എന്നാണ് കേട്ടാല്‍ തോന്നുക. എന്തായാലും ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാതെ പറ്റില്ല എന്ന നില എത്തിയിട്ടുണ്ട്. നിവൃത്തിയില്ല.
ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ തനിക്ക് ഒട്ടും വിരോധമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും മറ്റുള്ളവരുടെ വേവലാതി തീര്‍ന്നിട്ടില്ല. പ്രധാനമന്ത്രിയെ ഇങ്ങനെയൊരു നിയമത്തിന്റെ പരിധിയില്‍ പെടുത്തിയാല്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചൊരു വിവരവുമില്ലാത്ത ആളാണ് മന്‍മോഹന്‍സിങ് എന്ന് കരുതാന്‍ ന്യായമില്ല. എനിക്ക് വിരോധമില്ല, പക്ഷേ, മന്ത്രിസഭയില്‍ പലര്‍ക്കും വിരോധമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ആറേഴുവര്‍ഷമായി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന ആളേക്കാള്‍ ഇക്കാര്യത്തില്‍ അറിവുള്ള ആരാണ് മന്ത്രിസഭയിലുള്ളതെന്ന് പറഞ്ഞിട്ടില്ല അദ്ദേഹം.
ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെയോ മുമ്പ് പ്രധാനമന്ത്രിമാരായിരുന്ന ആളുകളുടെയോ അഭിപ്രായത്തേക്കാള്‍ വില മതിക്കേണ്ടത് നാളെ പ്രധാനമന്ത്രിയാകാനിടയുള്ളവരുടെ അഭിപ്രായത്തിനാണെന്ന ഒരു ചിന്ത ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ കാര്യമുണ്ട്. അവരാണല്ലോ ഇതിന്റെ കഷ്ടപ്പാട് അനുഭവിക്കേണ്ടിവരിക. ബഹു. രാഹുല്‍ജി ഇനി പ്രധാനമന്ത്രിയാകാനിടയുള്ളവരുടെ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണുള്ളത്. അതുകൊണ്ടുതന്നെ തര്‍ക്കത്തെക്കുറിച്ച് തന്റെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചുകഴിഞ്ഞു. മന്‍മോഹന്‍ജി എന്തുപറഞ്ഞാലും ശരി, പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തരുത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്താണ് കാര്യമെന്നോ ? കാര്യമുണ്ട്. പ്രധാനമന്ത്രിയുടെ നടപടികളില്‍ അഴിമതി ആരോപിക്കാനും ലോക്പാല്‍ ചെന്ന് അത് അന്വേഷിക്കാനും തുടങ്ങിയാല്‍ പ്രധാനമന്ത്രിക്ക് പിന്നെ ഇരിക്കപ്പൊറുതി കിട്ടില്ല. ഭരിക്കാന്‍ നേരമുണ്ടാകില്ല, അതാണ് പ്രശ്‌നം.
ഇത് കേട്ടപ്പോള്‍ രാഹുല്‍ജിയോളം രാജ്യകാര്യങ്ങളില്‍ അനുഭവജ്ഞാനമില്ലാത്ത സാദാപൗരന്മാര്‍ക്ക് പല സംശയങ്ങളും തികട്ടിവരികയുണ്ടായി. ലോക്പാല്‍ സംവിധാനമെന്ന ശല്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടാണോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എതിരെ പത്തുരൂപയുടെ അഴിമതിയാരോപണം പോലും ആരും ഉന്നയിക്കാതെ പോയത്? കേന്ദ്രമന്ത്രിസഭയില്‍ നല്ലൊരു പങ്ക് തിഹാര്‍ ജയിലിലെത്തിയിട്ടും മന്‍മോഹന്‍ജിയുടെ നേരെ ആരും വിരല്‍ചൂണ്ടിയിട്ടില്ല. ലോക്പാല്‍ വന്നാലും തനിക്കൊരു കുന്തവുമില്ലെന്ന് അദ്ദേഹം ധൈര്യമായി പറഞ്ഞത് അതുകൊണ്ടാവണം. നമ്മുടെ മുന്‍ പ്രധാനമന്ത്രിമാരില്‍ ബഹുഭൂരിപക്ഷം പേരുടെയും നില അതുതന്നെയാണ്; എല്ലാവരുടേയുമല്ല. ഒരു ലോക്പാലും ഇല്ലാഞ്ഞിട്ടും ചിലര്‍ക്ക് അഴിമതിയാരോപണം കൊണ്ട് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല, വാലിന് തീപിടിച്ചതുപോലെ അവര്‍ തെക്കോട്ടും വടക്കോട്ടും പാഞ്ഞിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. ലോക്പാല്‍ ഉണ്ടായിരുന്നെങ്കില്‍ രാജീവ് ഗാന്ധിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമായിരുന്നു എന്ന് കരുതുന്നവരും കാണും. ലോക്പാല്‍ സമിതിയിലുള്ള ഏഴെട്ട് സമുന്നത വ്യക്തികള്‍ക്ക് കേസ്സുണ്ടെന്ന് തോന്നിയാലേ പ്രധാനമന്ത്രിയുടെ മേല്‍ അന്വേഷണം ഏര്‍പ്പെടുത്താനാവൂ. പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഭരണഘടന അമാനുഷികരുടെ പട്ടികയിലൊന്നും പെടുത്തിയിട്ടില്ല. എല്ലാവരും തുല്യര്‍, ചിലര്‍ കുറച്ചുകൂടി തുല്യര്‍ എന്ന ഭാവമേ പ്രധാനമന്ത്രിക്കും വേണ്ടൂ എന്ന് ധ്വനിപ്പിച്ചിട്ടുമുണ്ട്.
പ്രധാനമന്ത്രി കേന്ദ്രത്തില്‍ വകുപ്പില്ലാ മന്ത്രിയൊന്നുമല്ല. കീഴില്‍ വകുപ്പുകള്‍ പലതുണ്ട്. അതിലെല്ലാം അവസാന തീരുമാനത്തില്‍ ഒപ്പുവെക്കുന്നത് അദ്ദേഹമാവും. പ്രധാനമന്ത്രിയെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുക എന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ ചുമതലയിലുള്ള വകുപ്പുകളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുക എന്നാവും അര്‍ഥം. അതെന്തൊരു അഴിമതിവിരുദ്ധ നിയമമാണ്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിക്ക് പുറത്തല്ല പ്രധാനമന്ത്രി. ഇപ്പോഴുള്ളതുപോലും ഇല്ലാതാക്കലാണോ ലോക്പാലിന്റെ ലക്ഷ്യം ? ഭരണഘടന രാഷ്ട്രപതിക്ക് കല്പിച്ചു നല്‍കിയ തൊപ്പിയില്‍ പ്രധാനമന്ത്രിയുടെ തല കൂടി കുത്തിക്കയറ്റിവെക്കുന്നതെങ്ങനെ?
പ്രധാനമന്ത്രി എന്ന് പറയുമ്പോള്‍ ആളുകളുടെ മനസ്സില്‍ വരുന്നത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെയും ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും മറ്റും മുഖങ്ങളാണ്. മന്‍മോഹനന്റേതും മോശമല്ല. എന്നുവെച്ച് ഇനിയുള്ള കാലത്തും അത്തരക്കാരാവും വരുന്നതെന്നതിന് എന്താണ് ഗാരണ്ടി ? കോണ്‍ഗ്രസ്സുകാര്‍ക്ക് അതിനെക്കുറിച്ച് വലിയ സങ്കല്പമൊന്നുമില്ലെങ്കിലും ജയലളിതമാഡത്തെപ്പോലുള്ളവര്‍ക്ക് പല സങ്കല്പങ്ങളുമുണ്ട്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ പെടുത്താനേ പാടില്ലെന്ന് മാഡം തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിനും ബി.ജെ.പി. ക്കും സീറ്റ് തീരെ മോശമായാല്‍ മൂന്നാം പക്ഷം അധികാരത്തില്‍ വരില്ലെന്നതിന് എന്താണുറപ്പ്? ജയലളിതയ്ക്കും മായാവതിക്കും മുലായത്തിനും ലാലുവിനും എല്ലാം ഉണ്ട് ചാന്‍സ്.
പ്രധാനമന്ത്രിയെ പരിധിക്ക് പുറത്താക്കുന്നത് ഒന്നുകൂടി ആലോചിച്ചുപോരേ?

** ** **

പ്രധാനമന്ത്രിയെ ലോക്പാലില്‍ നിന്നൊഴിവാക്കിക്കിട്ടാന്‍ പാടുപെടുന്ന കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍നിന്ന് പലതും പഠിക്കേണ്ടതുണ്ട്. സീനിയര്‍ സിറ്റിസണ്‍സിനെ സാമൂഹികനീതിയുടെ ഭാഗമായി ലോക്പാലില്‍ നിന്നൊഴിവാക്കും എന്നൊരുവാദം കൊണ്ടുവന്നാല്‍ പോരേ? അന്ന ഹസാരെ പോലും പിന്നെ മിണ്ടില്ല. സുപ്രീംകോടതി അഴിമതിക്കേസ്സില്‍ ശിക്ഷിച്ച ആര്‍. ബാലകൃഷ്ണണപ്പിള്ളയെ ജയിലില്‍ നിന്നിറക്കാന്‍ കേരളം ചെയ്യാന്‍ പോകുന്നത് അതാണ്. എഴുപത്തഞ്ച് പിന്നിട്ടവരെ ജയിലില്‍ അടയ്ക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടാക്കുന്നു. കേന്ദ്രത്തില്‍ വേണമെങ്കില്‍ പ്രായപരിധി അറുപതാക്കാം. എങ്കില്‍ പ്രധാനമന്ത്രി മാത്രമല്ല ഒരുവിധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കൊന്നും പിന്നെ ലോക്പാലിനെയും ഒരു പാലനെയും പേടിക്കേണ്ടിവരില്ല. പിന്നെ അവശേഷിക്കുന്നത് രാഹുല്‍ജിയുടെ കാര്യം മാത്രം. മുന്‍പ്രധാനമന്ത്രിയുടെ മകന് ലോക്പാല്‍ ബാധകമല്ലെന്നൊരു ഉപവകുപ്പോ മറ്റോ സംഘടിപ്പിച്ചാല്‍ ആ കേസ്സും ക്ലോസാകും.
കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, കരുണാനിധിമാരും കല്‍മാഡിമാരുമൊക്കെയും കേരളത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. വളരെ ചെറിയ ഒരു ജനറല്‍നോളജ് ചോദ്യം ചോദിക്കട്ടെ. കേന്ദ്രമന്ത്രിയായിരുന്ന എ. രാജയെ ഫിബ്രവരിയില്‍ ജയിലിലടച്ചത് ഏതെങ്കിലും കേസ്സില്‍ ശിക്ഷിക്കപ്പെട്ടിട്ടാണോ ? അല്ല എന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും അറിയാം. കല്‍മാഡിയെയും കനിമൊഴിയെയും പിടിച്ചകത്താക്കിയത് കുറ്റവാളികള്‍ എന്ന് തെളിഞ്ഞിട്ടാണോ ? അല്ലേയല്ല. റിമാന്‍ഡ് തടവുകാര്‍ മാത്രമാണവര്‍. കോടതിവിധി വരുംവരെ അവര്‍ നിരപരാധികളാണ്. കോടതിയില്‍ കുറ്റപത്രംതന്നെ എത്തിയിട്ടില്ല. അതേ ഫിബ്രവരിയില്‍ ആര്‍.ബാലകൃഷ്ണപ്പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചിട്ടാണ് ജയിലിലടച്ചത്. ഇനിയൊരു കോടതിയില്ല പിള്ളയുടെ അപ്പീല്‍ പരിശോധിക്കാന്‍. കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ആര്‍. ബാലകൃഷ്ണപ്പിള്ള എത്ര നാള്‍ ജയിലില്‍ കിടന്നു? രാജ-കനിമൊഴി-കല്‍മാഡിമാര്‍ കിടന്നതിന്റെ പാതിദിവസം പോലും കിടന്നിട്ടില്ല. ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധികളെന്ന് നിയമവ്യവസ്ഥ കരുതുന്ന രാജയ്ക്കും കല്‍മാഡിക്കും കനിമൊഴിക്കും ഒരൊറ്റ ദിവസമോ ഒരു മണിക്കൂറെങ്കിലുമോ പുറത്തിറങ്ങാനായിട്ടില്ല. പിള്ളച്ചേട്ടന്‍ പല വട്ടം പുറത്തിറങ്ങിക്കറങ്ങി നടന്നു. രാജകീയമായി ചാനലുകളില്‍ വിലസി.കോടതിക്കുതന്നെ നാണക്കേട് തോന്നിയിരിക്കണം.
അഴിമതിക്കെതിരായ പോരാട്ടമാണ് കേട്ടോ കേരളത്തില്‍ യു.ഡി.എഫും നടത്തുന്നത്. അതിലൊരു വിട്ടുവീഴ്ചക്കും നമ്മളില്ല.

'പൗരത്വ'മായി അഭിനയിക്കുന്ന രാജഭക്തി

ജെ. രഘു


രാജഭരണത്തിന്റെ ജനക്ഷേമതല്‍പരതയുടെ അളവുകോല്‍, ബഹുജന വിദ്യാഭ്യാസത്തിന് അത് നല്‍കുന്ന മുന്‍ഗണനയാണെങ്കില്‍ തിരുവിതാംകൂര്‍ രാജവംശം തികച്ചും ജനവിരുദ്ധമായ ഭരണ സമ്പ്രദായമാണ് അനുവര്‍ത്തിച്ചു പോന്നതെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. 1750ല്‍ തിരുവിതാംകൂര്‍ സ്ഥാപിതമായതു മുതല്‍ ആധുനികഘട്ടം വരെയും രാജ്യത്തിന്റെ ഏറ്റവും പ്രധാന ചെലവിനം ബ്രാഹ്മണ പ്രീതിക്കായി നടത്തിയിരുന്ന ചടങ്ങുകളായിരുന്നു. രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയും രാജാക്കന്മാര്‍ ശ്രീപത്മനാഭ ദാസന്മാരായി മാറുകയും ചെയ്തതിനു കാരണം ഒരു ശൂദ്ര രാജവംശത്തിന്റെ 'സാധൂകരണ പ്രതിസന്ധി'യായിരുന്നു. ഒറീസയിലെ രാജ്യം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു സമര്‍പ്പിക്കപ്പെട്ടിരുന്നു. 'ജഗന്നാഥന്റെ തൂപ്പുകാര്‍' എന്നാണ് രാജാക്കന്മാര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അയല്‍രാജ്യമായ കാഞ്ചി രാജാവ് തന്റെ മകളെ പുരുഷോത്തമദേവന് വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചത്, വരന്‍ ഒരു 'തൂപ്പുകാരനാ'യിരുന്നതുകൊണ്ടാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. യുദ്ധംതന്നെ വേണ്ടിവന്നു, കാഞ്ചിയെ തോല്‍പിച്ച് വധുവിനെ സ്വന്തമാക്കാന്‍.
വേണാട്ടിലെ ശൂദ്ര നാടുവാഴിയായിരുന്ന മാര്‍ത്താണ്ഡവര്‍മ സൈനികാക്രമണങ്ങളിലൂടെ കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളിലെ ശൂദ്രനാടുവാഴികളെ കീഴടക്കുകയും വേണാടിനെ തിരുവിതാംകൂറായി വികസിപ്പിക്കുകയുമായിരുന്നു. എന്നാല്‍, ശൂദ്ര രാജാവായ മാര്‍ത്താണ്ഡവര്‍മക്കും രാജ്യത്തിനും ബ്രാഹ്മണരുടെ ധര്‍മസാധൂകരണം ലഭിക്കുന്നതിനുള്ള ഉപായം രാജ്യത്തെ ശ്രീപത്മനാഭനു സമര്‍പ്പിക്കുക മാത്രമായിരുന്നു. നാടുവാഴിയില്‍ നിന്ന് രാജത്വത്തിലേക്കുള്ള ഉയര്‍ച്ചയെ സാധൂകരിക്കേണ്ട 'ജന്മസിദ്ധ ക്ഷത്രിയത്വ'ത്തിന്റെ അഭാവം തിരുവിതാംകൂര്‍ രാജാക്കന്മാരെ സ്വന്തം രാജകീയാസ്തിത്വത്തെ തന്നെ ഭയക്കുന്നവരാക്കി മാറ്റുകയാണുണ്ടായത്. അതിനാല്‍, ബ്രാഹ്മണ പ്രീതിയിലൂടെ 'പ്രതീകാത്മക ക്ഷത്രിയത്വ'മെങ്കിലും ആര്‍ജിക്കുകയും അതുവഴി രാജകീയാസ്തിത്വത്തെ സുസ്ഥിരമാക്കുകയുമെന്നത് രാജവംശത്തിന്റെ ഏകലക്ഷ്യമായി മാറി. അതുകൊണ്ടാണ്, ക്ഷത്രിയാവരോധച്ചടങ്ങുകള്‍ക്കു വേണ്ടി വമ്പിച്ച സമ്പത്ത് സംഭരിച്ചുവെക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളിലാരംഭിച്ച ഈ പ്രക്രിയയെ ബ്രാഹ്മണര്‍ ക്രമേണ 'ഷോഡശദാന'ങ്ങളായും ഊട്ടുപുരകളായും വികസിപ്പിച്ചു. ഹിരണ്യ ഗര്‍ഭദാനം, തുലാപുരുഷദാനം, ബ്രഹ്മാണ്ഡദാനം, കല്‍പപാദദാനം, ഗോ സഹസ്രദാനം, ഹിരണ്യ കാമധേനു ദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തി രഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയാണ് ബ്രാഹ്മണര്‍ക്കുള്ള പതിനാറുതരം ദാനങ്ങള്‍. കൂടാതെ, സ്ഥിരം ഊട്ടുപുരകളിലൂടെ സൗജന്യഭക്ഷണവും. 'നിത്യവുമിങ്ങനെ ഭോജനദാന'മെന്നാണ് ഈ ഊട്ടുപുര സംസ്‌കാരത്തെ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്. ചുരുക്കത്തില്‍, തിരുവിതാംകൂര്‍ രാജ്യം ഒരു 'ബ്രാഹ്മണ ദാന രാജ്യ'മായി മാറുകയാണുണ്ടായത്. പുതിയ ദാനങ്ങള്‍ ആവശ്യപ്പെടാവുന്നതുകൊണ്ട്, അതിനുള്ള സമ്പത്ത് സംഭരിച്ചുവെക്കുകയെന്നത് രാജാക്കന്മാരുടെ ബാധ്യതയായിരുന്നു. ബ്രാഹ്മണ ദാനത്തെ ഏറ്റവും വലിയ പുണ്യധര്‍മമായിട്ടാണ് വ്യാഖ്യാനിച്ചത്. ഒരു നാടിന്റെ സമ്പത്ത് മുഴുവന്‍ തങ്ങള്‍ക്കായി വീതിച്ചു നല്‍കിയ തിരുവിതാംകൂര്‍ രാജാക്കന്മാരെ ബ്രാഹ്മണര്‍ 'ധര്‍മരാജാവ്' എന്ന പദവി നല്‍കി പ്രകീര്‍ത്തിക്കുകയും ചെയ്തു. ധര്‍മരാജ്യമായതോടെ, ബ്രാഹ്മണദാനത്തിന് മേല്‍നോട്ടം വഹിക്കുന്നവരായി രാജാക്കന്മാര്‍ മാറി. 'ചെറിയ രാജ്യമായ തിരുവിതാംകൂര്‍ ഇത്തരം ചടങ്ങുകള്‍ക്ക് ഇത്ര ഭീമമായ പണം ചെലവഴിക്കുന്നതിനു പകരം പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ആയിക്കൂടേയെന്ന് ഔദ്യോഗിക ചരിത്രകാരനായ പി. ശങ്കുണ്ണി മേനോനുപോലും ചോദിക്കേണ്ടിവന്നു. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ചെലവഴിച്ചത് ബ്രാഹ്മണപരിപാലനത്തിനായിരുന്നുവെന്ന് എ. ശ്രീധരമേനോന്‍ തിരുവനന്തപുരം ജില്ലാ ഗസറ്റിയറില്‍ (പുറം: 202-03) വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ രാജകീയാധികാരത്തിന് ബ്രാഹ്മണ സാധൂകരണവും ധര്‍മശാസ്ത്ര പരിരക്ഷയും ഉറപ്പാക്കുകയായിരുന്നു രാജാക്കന്മാര്‍ ലക്ഷ്യമാക്കിയത്. ഇത് തിരുവിതാംകൂറിനെ ഇതര നാട്ടുരാജ്യങ്ങളില്‍ നിന്നും ശ്രീപത്മനാഭ ക്ഷേത്രത്തെ ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഒരു വശത്ത്, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ 'ഭൗതിക മണ്ഡല'മായി മാറുകയും മറുവശത്ത്, പത്മനാഭ ക്ഷേത്രം രാജ്യത്തിന്റെ 'ആധ്യാത്മികമണ്ഡല'മായി മാറുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭൗതികമായ നിലനില്‍പ് രാജഭരണത്തിന് നിബന്ധിതമാവുകയും രാജഭരണം മതാധിഷ്ഠിതമാവുകയും ചെയ്തു. തിരുവിതാംകൂര്‍ രാജഭരണം, ഫലത്തില്‍ ക്ഷേത്രത്തിനുവേണ്ടി, ക്ഷേത്രത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു 'പത്മനാഭധര്‍മ'മായി പരിണമിച്ചു എന്നര്‍ഥം. രാജ്യം ക്ഷേത്രത്തിലും ക്ഷേത്രം രാജ്യത്തിലും ആമഗ്‌നമായ ഒരുതരം യൗഗിക ബന്ധമാണിത് പ്രതിനിധാനം ചെയ്തത്.
രാജ്യത്തിനുമേല്‍ ക്ഷേത്രത്തിന് അധികാരമുള്ളതുപോലെ, ക്ഷേത്രത്തിനുമേല്‍ രാജ്യത്തിനും അധികാരാവകാശങ്ങള്‍ ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
1758ല്‍ മാര്‍ത്താണ്ഡവര്‍മ തന്റെ അന്ത്യദിനങ്ങളില്‍ നല്‍കിയ ഒരു കല്‍പനയെക്കുറിച്ച് പി. ശങ്കുണ്ണി മേനോന്‍ പറയുന്നു: 'യാതൊരു കാരണവശാലും ശ്രീപത്മനാഭ സ്വാമിക്ക് അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്. മേലാല്‍ കീഴടക്കപ്പെടുന്ന സ്ഥലവും ഈ ദേവനു സമര്‍പ്പിക്കണം. തലനാരിഴക്കുപോലും വ്യത്യാസം വരുത്താതെ ഈ ദേവസ്വത്തോടനുബന്ധിച്ചുള്ള ധര്‍മസ്ഥാപനങ്ങള്‍ക്കും മറ്റുള്ളവക്കും നല്‍കിക്കൊണ്ടിരിക്കുന്ന സകല ആനുകൂല്യങ്ങളും തുടര്‍ന്നും നല്‍കണം' (പി. ശങ്കുണ്ണി മേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 136). തുടര്‍ന്നുള്ള നാളുകളില്‍, രാജ്യവും സകലവിധം സ്വത്തുക്കളും ഭണ്ഡാര വകയാക്കി. രാജ്യഭരണവും ക്ഷേത്രഭരണവും ഒന്നായിത്തീരുകയും ചെയ്തു. അതുകൊണ്ടാണ്, രാജഭരണം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍, ശ്രീപണ്ടാര കാര്യം ചെയ്‌വര്‍കള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. മാത്രവുമല്ല, രാജഭരണ മേഖലകളെ ക്ഷേത്രസന്നിധാനം എന്ന അര്‍ഥത്തില്‍ 'മണ്ഡപത്തും വാതുക്കല്‍' എന്നും പുനര്‍നാമകരണം ചെയ്തു. മതാധികാരവും രാഷ്ട്രീയാധികാരവും തമ്മില്‍ വേര്‍പെടുത്താനാവാത്തവിധം ക്ഷേത്രവും ഭരണകൂടവും തമ്മില്‍ ഇടകലര്‍ന്നുനില്‍ക്കുന്ന തിരുവിതാംകൂര്‍ രാജ്യം പഴയ ക്ഷേത്ര സങ്കേതങ്ങളുടെ പുതിയ രൂപമായി മാറുകയായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകൂടം സ്വയംനിര്‍വചിക്കുകയും സാധൂകരിക്കുകയും ചെയ്തത് രാജകീയാധികാരത്തിന്റെ പേരിലായിരുന്നില്ല. മറിച്ച്, ശ്രീ പത്മനാഭന്റെ പേരിലായിരുന്നു. 'ഞാന്‍ രാജാവല്ല, ജഗന്നാഥന്റെ തൂപ്പുകാരന്‍ മാത്രം' എന്ന് ഒറീസ രാജാക്കന്മാര്‍ പറഞ്ഞതുപോലെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭന്റെ ലൗകിക പ്രതിനിധികളും നിര്‍വാഹകരുമായി സ്വയം പുനര്‍നിര്‍വചിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ യഥാര്‍ഥത്തില്‍, 'മുക്ത്യാര്‍ അഥവാ പകരം രാജാക്കന്മാര്‍' (surrogate kings) മാത്രമായിരുന്നു. അതിനാല്‍, ഈ   മുക്ത്യാര്‍ രാജ്യം ആരിലേക്ക് കൈമാറിയോ അവരിലേക്കു തന്നെയാണ് 'യഥാര്‍ഥരാജ്യ'വും സ്വത്തുക്കളും കൈമാറേണ്ടത്.
ശൂദ്രാധികാരത്തെ ബ്രാഹ്മണധര്‍മശാസ്ത്ര സാധൂകരണത്തിന് യോഗ്യമാക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച, 'ശ്രീ പത്മനാഭ ദാസ്യ'ത്തിന് തിരുവിതാംകൂറില്‍ ജനങ്ങള്‍ക്കു നല്‍കേണ്ടിവന്ന വില വലുതാണ്. ശൂദ്രനായ മാര്‍ത്താണ്ഡവര്‍മ നേടിയെടുത്ത രാഷ്ട്രീയാധികാരത്തിന്, ബ്രാഹ്മണ പിന്തുണയുടെ അഭാവത്തില്‍ ക്ഷത്രിയാധികാരമായി സാധൂകരിക്കപ്പെടാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, ഹിരണ്യഗര്‍ഭം, മുറജപം തുടങ്ങിയ പാഴനുഷ്ഠാനങ്ങള്‍ക്കു വേണ്ടി സമ്പത്ത് സമാഹരിക്കുക മാത്രമായിരുന്നു, ഈ രാജാക്കന്മാരുടെ മുഖ്യജോലി. ബ്രാഹ്മണര്‍ കൂട്ടത്തോടെ വേദശബ്ദങ്ങള്‍ വിളിച്ചുപറയുന്ന മുറജപം എന്ന ചടങ്ങുമാത്രം 56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു. 'യഥാര്‍ഥ' ശൂദ്രത്വത്തിനും 'മോഹിത' ക്ഷത്രിയത്വത്തിനുമിടയിലൂടെ സഞ്ചരിക്കേണ്ടി വന്ന ഓരോ തിരുവിതാംകൂര്‍ രാജാവിനും ആത്മന്യായീകരണത്തിനായി ബ്രാഹ്മണരെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. 'ശ്രീപത്മനാഭദാസ്യം' എന്ന ആധ്യാത്മിക ദാസ്യം, സാമൂഹികതലത്തില്‍, 'ബ്രാഹ്മണദാസ്യ'മായി പരിണമിക്കുകയാണുണ്ടായത്. ബ്രാഹ്മണനോടും അവരുടെ സംസ്‌കൃത ധര്‍മശാസനകളോടുമുള്ള കേവല വിധേയത്വമാണ്, തിരുവിതാംകൂറിന് 'ധര്‍മരാജ്യ'പദവി നല്‍കാന്‍ ബ്രാഹ്മണരെ പ്രേരിപ്പിച്ചത്. വിശാഖം തിരുനാള്‍ രാജാവിന്റെ വാക്കുകള്‍ തന്നെയാണ് ഇതിനു തെളിവ്. 'ഇന്ത്യയില്‍ ഏറ്റവുമധികം പുരോഹിത ഭരിതമായ രാജ്യം തിരുവിതാംകൂറാണ്. രാജാവിനു പോലും അവരെ ആശ്രയിക്കേണ്ടിവരുന്നു' (Vishakham Tirunal, `A Native Statesman, Calcutta Review LV, 1872, P. 251)
ധര്‍മരാജ്യത്തിന്റെ അധാര്‍മികത ആദ്യം തുറന്നുകാട്ടപ്പെട്ടത് ടിപ്പുസുല്‍ത്താന്റെ അധിനിവേശ സമയത്തായിരുന്നു. തിരുവിതാംകൂറില്‍ പൊതുനിരത്തുകള്‍ ഇല്ലാതിരുന്നതിനാല്‍, സൈനിക നീക്കങ്ങള്‍ക്കുവേണ്ടി ടിപ്പുവിന് പുതിയ റോഡുകള്‍ തന്നെ നിര്‍മിക്കേണ്ടിവന്നു. ജാതി ഗ്രാമ ജീവിതത്തിന്റെ സുരക്ഷിതത്വത്തില്‍ ആമഗ്‌നരായിരുന്ന ജനങ്ങള്‍ക്കും റോഡുകളുടെ ആവശ്യമുണ്ടായിരുന്നില്ല. പിന്നീട്, റോഡുകളും സ്‌കൂളുകളും ആശുപത്രികളും പോലെയുള്ള അടിസ്ഥാന ജീവിതോപാധികള്‍ തിരുവിതാംകൂറിലെത്തുന്നത് ബ്രിട്ടീഷുകാരുടെ പരോക്ഷഭരണത്തിലാണ്. 1817ല്‍ വെര്‍ണാക്കുലര്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് പ്രേരണയില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ തയാറായെങ്കിലും ദീര്‍ഘകാലത്തേക്ക് അവയൊന്നും കാര്യക്ഷമമായി നടപ്പാക്കിയില്ല. എന്നാല്‍, 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, തിരുവിതാംകൂറിന്റെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ ഭരണ രീതിയില്‍ ശക്തമായി ഇടപെടാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മാധവ റാവുവിനെ ദിവാനായി കൊണ്ടുവന്നത് അതിനുവേണ്ടിയായിരുന്നു. ബ്രിട്ടീഷ് മാതൃകയില്‍ പൊതുമരാമത്തും ആശുപത്രികളും ആധുനിക വിദ്യാലയങ്ങളും സ്ഥാപിതമാവുന്നത് മാധവറാവുവിന്റെ കാലത്താണ്. ഈ കാലയളവില്‍ തന്നെയാണ് ധര്‍മരാജ്യം അത്രയൊന്നും ധാര്‍മികമല്ലെന്ന വിമര്‍ശങ്ങള്‍ ഉന്നയിക്കപ്പെടാന്‍ തുടങ്ങിയത്. ശ്രീ പത്മനാഭന്റെ പേരില്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരുന്ന രാജഭരണം ഒരു 'ധൂര്‍ത്ത്' മാത്രമാണെന്ന് തിരിച്ചറിയുന്നതിന് ബ്രിട്ടീഷ് പരിഷ്‌കാരങ്ങള്‍ വരെ തിരുവിതാംകൂറിന് കാത്തിരിക്കേണ്ടിവന്നു. രാജഭരണത്തെ വിമര്‍ശാത്മകമായി വിലയിരുത്താനാവശ്യമായ 'ആശയമൂല്യമണ്ഡലം' തിരുവിതാംകൂര്‍ പാരമ്പര്യത്തിന് തികച്ചും അന്യമായിരുന്നു എന്നാണ് വിവക്ഷ. അതിനാല്‍, ഈ സ്വര്‍ണശേഖരം 'സഹജശൂദ്രത്വ'ത്തിന്റെ നിസ്സഹായതാപകര്‍ഷതകളുടെ തെളിവ് മാത്രമാണ്.

താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന് ഇത്ര വലിയ സമ്പത്ത് ശേഖരം എങ്ങനെയുണ്ടായി? ചരിത്ര രേഖകളുടെ അഭാവത്തില്‍ ചില അനുമാനങ്ങള്‍ മാത്രമേ സാധ്യമാകൂ. ഒന്ന്, മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടകാലത്ത് മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടത്തെ ക്ഷേത്രങ്ങളില്‍നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം. രണ്ട്, തിരുവിതാംകൂറില്‍ നിന്ന് കയറ്റിയയക്കുന്ന ചരക്കുകളുടെ വിലയായി സ്വര്‍ണം സ്വീകരിക്കുകയും അത് സംഭരിക്കുകയും ചെയ്തിരിക്കാം.
മൂന്ന്, നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക് മുതല്‍കൂട്ടിയിരിക്കാം. ഇങ്ങനെ സമാഹരിച്ച വമ്പിച്ച സമ്പത്ത് തിരുവിതാംകൂറിന്റെ ഭൗതിക പുരോഗതിക്കോ പ്രജകളുടെ ക്ഷേമത്തിനോ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇത്ര വലിയ ശേഖരം അവശേഷിക്കുമായിരുന്നില്ല.
ഒന്നാം ലോക യുദ്ധ സമയത്തും മറ്റുമുണ്ടായ വലിയ വറുതികളുടെ നാളുകളില്‍ പോലും കലവറകളിലെ സ്വര്‍ണ-വെള്ളി കൂമ്പാരങ്ങള്‍ പ്രജകളുടെ പട്ടിണിമാറ്റാന്‍ ഉപയോഗിച്ചില്ല എന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ 'പ്രതിബദ്ധത'യുടെ തനിനിറം വ്യക്തമാക്കുന്നു.
മഹാഭൂരിപക്ഷം വരുന്ന അവര്‍ണ ജനവിഭാഗങ്ങളെക്കൊണ്ട് അടിമസമാനമായ 'ഊഴിയംവേല'യെടുപ്പിച്ചും 'തലക്കരം', 'മുലക്കരം' പോലുള്ള അധാര്‍മിക നികുതികള്‍ പിരിച്ചുമാണ് 'ധര്‍മരാജ്യ'ത്തെ പരിപാലിച്ചിരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നികുതികള്‍ക്കും അടിമത്തത്തിനുമെതിരായ അവര്‍ണ പ്രതിരോധങ്ങള്‍ ആധുനിക കേരള സൃഷ്ടിയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
ബ്രാഹ്മണസേവയിലൂടെ മാത്രം ക്ഷത്രിയത്വം അനുഭവിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പ്രജാവിരുദ്ധതയുടെ -ബഹുജനവിരുദ്ധതയുടെ ചരിത്രം കൂടിയാണ്. പത്മനാഭക്ഷേത്രത്തിന്റെ ഇരുളടഞ്ഞ കല്ലറകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന സ്വര്‍ണശേഖരം വാസ്തവത്തില്‍, ഒരു രാജവാഴ്ചക്ക് എത്രത്തോളം അധാര്‍മികമാവാമെന്നതിന്റെ ഹിരണ്യസ്മാരകങ്ങളാണ്. ഈ ശേഖരത്തിന്റെ ഏറ്റവും വലിയ ചരിത്ര പൈതൃകവും ഇതുതന്നെയാണ്. ഈ സ്വര്‍ണശേഖരം കടത്തിക്കൊണ്ടുപോകാതിരുന്നത് രാജവംശത്തിന്റെ വലിയ 'സത്യസന്ധത'യാണെന്നാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ശ്രീ പത്മനാഭദാസ്യത്തെയും ബ്രാഹ്മണപൂജയേയും സ്വന്തം അസ്തിത്വമായി കരുതിയ ഒരു രാജപരമ്പരക്ക് എങ്ങനെയാണ് അപഹരണം നടത്താന്‍ കഴിയുക? കാരണം, 'ദാസ'നാകുന്ന വ്യക്തി സാമൂഹികമായ അര്‍ഥത്തില്‍ 'മരിക്കുക'യാണ് ചെയ്യുന്നത്. 'യജമാനന്‍' മാത്രമാണ് സത്യം. 'യജമാന'ന്റെ സാമൂഹികാസ്തിത്വത്തില്‍ മുങ്ങിപ്പോയ ഈ രാജപരമ്പരക്ക് സ്വതന്ത്രമായി നിലനില്‍പു പോലുമില്ല.
സ്വര്‍ണം അപഹരിക്കാന്‍ കഴിയുന്നത് യജമാനന് മാത്രമാണ്. 'യജമാനദാസ്യ'ത്തിലൂടെ അത്തരമൊരു കര്‍തൃത്വം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വയം നിഷേധിക്കുകയാണുണ്ടായത്. ബ്രാഹ്മണ യജമാനര്‍ക്ക് അപ്രീതിയുണ്ടാക്കാവുന്ന എന്തും 'ക്ഷത്രിയത്വ'ത്തിന്റെ ഔദാര്യം സ്വയം പിന്‍വലിക്കുന്നതിന് തുല്യമാണ്. 'ജന്മസിദ്ധ' ശൂദ്രത്വം സമ്മാനിച്ച 'അധമബോധ'ത്തിന്റെ നിതാന്തമായ വേട്ടയാടലില്‍നിന്ന് ഈ രാജപരമ്പരക്ക് 'സാന്ത്വനം' നല്‍കിയത് ക്ഷേത്രത്തിലെ സ്വര്‍ണക്കൂമ്പാരങ്ങളായിരുന്നു. സ്വന്തം 'സാന്ത്വനകേന്ദ്രങ്ങ'ളെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുക?
ഈ പ്രതിരോധങ്ങളെ നവോത്ഥാനത്തിലേക്കുയര്‍ത്തിയ നാരായണഗുരുവിന്റെ നാമം പേറുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍പോലും 'ബ്രാഹ്മണദാനരാജ്യ'ത്തിന്റെ ആധ്യാത്മിക പ്രതീകമായിരുന്ന ഒരു ക്ഷേത്രത്തിന്റെ വക്താക്കളായി രംഗത്തുവരുന്നത് ആ സംഘടനയും സമുദായവും എത്രമാത്രം ജീര്‍ണമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൊതുനിരത്തുകളും സ്‌കൂളുകളും ക്ഷേ്രതങ്ങളുമൊക്കെ ഇവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നതും തീണ്ടപ്പാടകലെ നിര്‍ത്തി ഇവരെ അപമാനിച്ചിരുന്നതും ഇന്ന് ഇവര്‍ ആവേശം കൊള്ളുന്ന 'പത്മനാഭ'ന്റെ പേരിലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ വന്നാല്‍ ഈ ജീര്‍ണത പെരുകിക്കൊണ്ടിരിക്കും.
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്റെയും ഭൂപ്രദേശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, തത്ത്വത്തിലെങ്കിലും, എല്ലാ പ്രജകളുടെയും രാജാക്കന്മാരായിരുന്നുവല്ലോ! അവര്‍ സ്വന്തം രാജ്യത്തെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയെന്നതിനര്‍ഥം ജനങ്ങളെയും അവരുടെ സമ്പത്തിനെയും സമര്‍പ്പിക്കുകയെന്നുതന്നെയാണ്.
പത്മനാഭദാസന്റെ പ്രജകള്‍, പത്മനാഭന്റെയും പ്രജകളാണ്. അതിനാല്‍, ശ്രീ പത്മനാഭക്ഷേത്രത്തിന്റെ സ്ഥാനം തിരുവിതാംകൂറിന്റെ -കേരളത്തിന്റെ-പൊതുമണ്ഡലത്തിലാണ്. പൊതുമണ്ഡലത്തിലെ ഒരു സ്ഥാപനത്തിന്റെ സ്വത്ത് പൊതുസ്വത്താണ്.
ചരിത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യമുള്ളവ സംരക്ഷിക്കുകയും അവശേഷിക്കുന്നത് കേരളത്തിന്റെ ഭൗതിക സമ്പത്താക്കിമാറ്റുകയും ചെയ്യേണ്ടതാണ്. 'പൗരജനങ്ങളായി അഭിനയിക്കുന്ന' രാജഭക്തരുടെ ക്ഷുദ്രവാദങ്ങളെ പ്രബുദ്ധകേരളം പരാജയപ്പെടുത്തുകതന്നെ വേണം.

Monday, July 11, 2011

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌ ‍

ഡോ. എം.എസ്‌. ജയപ്രകാശ്‌

ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌.

ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

'തിരുവിതാംകൂര്‍' (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ''ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌''. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364) ഡോ. ടി.കെ. രവീന്ദ്രന്‍ പറയുന്നത്‌ ഇങ്ങനെ: ``of all the territorial divisions in india, kerala, particularly travancore took the sin of pride in the matter of extending the limits of social inequality'' (വൈക്കം സത്യഗ്രഹ ആന്‍ഡ്‌ ഗാന്ധി എന്ന കൃതി, അവതാരിക) ഇതാണ്‌ പത്മനാഭസ്വാമി രക്ഷകനായിരുന്ന തിരുവിതാംകൂറിന്റെ തിരുമുഖം.

ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം. Tavancore economt was a kind of breast tax economy- എന്നു പറയുന്നതാവും ശരി.

സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം 'മുലച്ചിപറമ്പ്‌' എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച 'ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍' എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

''ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു'' എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.

ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ 'പെരുമാള്‍' സ്‌ഥാനം ഉപേക്ഷിച്ച്‌ 'വര്‍മ' എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. 'പള്ളികൊള്ളുന്ന പത്മനാഭന്‍' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്‍' ബുദ്ധന്റെ പര്യായമാണ്‌. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.

വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ''വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.'' അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ''കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു'' എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത്‌ ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്‌. അതിങ്ങനെ: ''സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ 'നായര്‍' എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം.... നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ 'മാമൂല്‍' പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്‌. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ''ധര്‍മാജ്യസ്‌തഥാഗതം'' എന്നുള്ള അമരവാക്യം ''ധര്‍മ്മോമല്‍ കുലദൈവം'' എന്നാണ്‌. (തഥാഗതന്‍ ബുദ്ധനാണ്‌). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്‌. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്‌. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു..... കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.'' (1923 മാര്‍ച്ച്‌ 31-നു പാലക്കാട്‌ കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്‌. വാല്യം 24, ലക്കം-15, മെയ്‌ 2002).

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ 'മലൈനാട്ടു തിരുപ്പതികള്‍' എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്‌. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ്‌ രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്‌. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്‌. കൊല്ലത്തെ തിരുമുല്ലവാരമാണു 'തിരുമൂല പാദത്തിന്റെ' കേന്ദ്രമെന്ന്‌ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത്‌ 11, 12 നൂറ്റാണ്ടുകളിലാണ്‌. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്‌, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത്‌ എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്‌.

എ.ഡി. 9-ാം നൂറ്റാണ്ടു വരെയും 'പത്മനാഭന്‍' ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്‌. ക്ഷേത്രത്തിനു ചുറ്റും തമിഴ്‌ ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്‌. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. രാജ്യത്ത്‌ സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത്‌ ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്‌ മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്‌. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്‌. ബാക്കി വന്നവരെയാണ്‌ ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്‌. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്‌. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്‌-മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്‌.

'മതിലകം രേഖകള്‍' പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദുക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്‌. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്‌. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്‌. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ''വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ്‌ ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട്‌ ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി''.

രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത്‌ ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ്‌ അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത്‌ അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്‌.

തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട്‌ നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്‌.

അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്‌. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.

നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ 'ബി' എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്‌.

ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്‌. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന 'പത്മനാഭന്‍' എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.

പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ 'അനന്തപുരത്തു' വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.

Saturday, July 9, 2011

ജിലേബിയിലും സാമ്പാര്‍

പുനത്തില്‍ കുഞബ്ദുള്ള .
 
തിരുവനന്തപുരത്ത് ചായകുടിക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍ സൂക്ഷിക്കണം. ജിലേബി വാങ്ങരുത്. ജിലേബിയിലും അവര്‍ സാമ്പാര്‍ ഒഴിച്ചുതരും.
ലോകത്ത് ഏറ്റവും മോശപ്പെട്ട രീതിയില്‍ ഭക്ഷണം കഴിക്കുന്നത് മലയാളികളാണ്. ഭൂമിശാസ്ത്രത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത ഭക്ഷണമാണ് മലയാളി എപ്പോഴും കഴിക്കുക. പച്ചക്കറിയായാലും മത്സ്യമാംസമായാലും വേണ്ടാത്ത നൂറുതരം മസാലകളും വേണ്ടതിലധികം ഉപ്പും എണ്ണയും ചേര്‍ത്ത് ഭക്ഷണത്തിന്റെ ആത്മാവിനെ നശിപ്പിച്ചുകൊണ്ടാണ് മലയാളി പാകം ചെയ്യുന്നത്.
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ആറേഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് സിങ്കപ്പൂര്‍, മലേഷ്യ സന്ദര്‍ശിക്കാന്‍ പോയിരുന്നു. കോലാലമ്പൂരിലേക്കുള്ള ഹൈവേ യാത്രയില്‍ രാവിലെ ഒമ്പതു മണിയായപ്പോള്‍ ഞങ്ങള്‍ പ്രാതല്‍ കഴിക്കാനായി ഒരു ഹോട്ടലിലേക്ക് കയറി. മലയാളി ഹോട്ടലാണ്. എല്ലാവര്‍ക്കും സന്തോഷമായി. പുട്ട്, അപ്പം, പൊറോട്ട, കടലക്കറി, ബീഫ്, മീന്‍കറി എല്ലാം റെഡി. എന്തുമാത്രം ഉല്ലാസത്തോടെയാണ് ഓരോരുത്തരും ഓര്‍ഡര്‍ ചെയ്യുന്നത്. കാരണം വീട്ടിലെപ്പോലെതന്നെ ഇവിടെനിന്നും പ്രാതല്‍ കഴിക്കാം.

പരിചാരകന്‍ നല്ല പ്രായമുള്ള ഒരു വടക്കേ മലബാറുകാരനാണ്. കാസര്‍കോട്ടുകാരനായ സുലൈമാനിക്ക. ഞാന്‍ ചോദിച്ചു:
''ഇവിടുത്തുകാര്‍ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റാണ് എനിക്ക് വേണ്ടത്. അത് കൊണ്ടുവരൂ.''
ഒരു ക്ഷമാപണത്തോടെ വൃദ്ധനായ പരിചാരകന്‍ പറയുകയാണ് ''വേണ്ട. വേണ്ട. ഞമ്മക്കത് പറ്റൂല.''
''അതെന്താ അങ്ങനെ പറയുന്നത്.'' ഞാന്‍ ചോദിച്ചു.
''ഒരു ചൂരും മണോം ഉണ്ടാവൂല. ബെറും പുയിങ്ങീത്. ങ്ങക്ക് ഞാന്‍ നല്ല ആവോലിക്കറിയും പത്തിരിയും എടുക്കാം.'' മന്ദഹാസത്തോടെ അയാള്‍ പറഞ്ഞു.
തൊട്ടടുത്ത ടേബിളുകളില്‍ ഇരുന്ന് പ്രാതല്‍ കഴിക്കുന്ന ചൈനക്കാരേയും മലേഷ്യക്കാരേയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
''അതാ, അവരൊക്കെത്തിന്നുന്നില്ലേ. അതെനിക്കും കൊണ്ടുവരൂ.''
വീണ്ടും സുസ്‌മേരവദനനായി അയാള്‍ കിച്ചണിലേക്ക് പോയി.
ഒരു വലിയ ബൗള്‍ നിറയെ സൂപ്പുപോലുള്ള സാധനം. മീതെ ധാരാളം തേങ്ങാപ്പീര വിതറിയിരിക്കുന്നു. മൂന്നുനാല്തരം സോസിന്റെ കുപ്പികള്‍ അരികെ നിരത്തിവെച്ചുതന്നു. സ്​പൂണും ഫോര്‍ക്കും കൂടാതെ ചോപ്സ്റ്റിക്കും.

''ബടിക്കണ്ടം കൊണ്ട് കുത്തിത്തിന്നാന്‍ ങ്ങ്ക്കാകൂല. ഇങ്ങഴ് സ്​പൂണും ഫോര്‍ക്കും എടുത്തോളീന്‍'' എന്നെ സഹായിക്കാനായി അയാള്‍ പറഞ്ഞു.
കഴിച്ചുതുടങ്ങിയപ്പോഴാണ് സംഭവം മനസ്സിലായത്. മീതെ തേങ്ങാപ്പീരപോലെ കണ്ടത് മുളപ്പിച്ച ചെറുപയറാണ്. മുള ഒന്ന് ഒന്നര ഇഞ്ചോളം വളര്‍ന്നിരിക്കുന്നു. രണ്ട് ദിവസത്തെ മൂപ്പ് കാണും. സൂപ്പുപോലുള്ള വെള്ളം പരിപ്പ് വേവിച്ച വെള്ളമാണ്. അതിനടിയില്‍ അരിമാവുകൊണ്ട് ആവിയില്‍ വേവിച്ചെടുത്ത ക്യൂബാകൃതിയിലുള്ള കൊഴുക്കട്ടകള്‍. ഇതിന്റെകൂടെ വിവിധ സോസ് ചേരുമ്പോഴാണ് സ്വാദ് വന്നുചേരുക.
എത്ര നല്ല ആരോഗ്യകരമായ പ്രാതല്‍. ചുറ്റുമിരുന്ന സുഹൃത്തുക്കള്‍ ബീഫും പൊറോട്ടയും കടിച്ചുപറിക്കുകയാണ്.
നമ്മള്‍ എവിടെയായാലും എന്തുചെയ്തുകൊണ്ടിരുന്നാലും ദിവസം രണ്ടു നേരമെങ്കിലും നമ്മുടെ നോട്ടം ആഹാരത്തിന്റെ മുന്നിലായിരിക്കും. നമ്മള്‍ ജോലിചെയ്യുന്നതും പണമുണ്ടാക്കുന്നതും പ്രധാനമായും അന്നത്തിനുവേണ്ടിയാണ്. പക്ഷേ, ഈ അന്നം നമ്മുടെ രാജ്യത്തെ മുക്കാല്‍ഭാഗം ജനങ്ങള്‍ക്കും കഴിഞ്ഞ നൂറ്റാണ്ടില്‍ തിന, കൂവരക്, തുടങ്ങിയ ധാന്യങ്ങളോ ചില കിഴങ്ങുവര്‍ഗങ്ങളോ ആയിരുന്നുവെന്നതാണ് പരമാര്‍ത്ഥം. ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിശാസ്ത്രമറിയണമെന്നില്ല. എന്നാല്‍ മലയാളിയുടെ കൃഷിശാസ്ത്ര പരിജ്ഞാനം പുരാതനകാലംമുതല്‍ എത്രയോ കുറ്റമറ്റതായിരുന്നുവെന്നും എന്തു കൃത്യമായിരുന്നുവെന്നും അത് നവീനമായ ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ക്കു ശേഷവും അനുകരണീയമാണെന്നറിയുമ്പോള്‍ നമുക്ക് അത്ഭുതപ്പെടാതെ തരമില്ല.

പഴയകാലത്ത് അനുഗൃഹീത ഭക്ഷണങ്ങള്‍ സുലഭമായി ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരിനമായിരുന്നു പുത്തരിയൂണ്. തകര, പയറ്, വഴുതിന, കുമ്പളം ഇവയുടെ ഇലകള്‍ ചേര്‍ത്താണ് അതുണ്ടാക്കുക. കര്‍ക്കടകമാസത്തില്‍ ആദ്യം വരുന്ന ചൊവ്വയും വെള്ളിയും, മറ്റൊരു സദ്യ, നമ്പൂതിരിമാരായ ജന്മിമാരുടെ ഇല്ലങ്ങളില്‍ പതിവുണ്ടായിരുന്നു. അന്നവിടെയും ഒരു ഇലക്കറി സദ്യയുണ്ടാവും. താള്, തകര, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, മുരിങ്ങ ഈ എട്ടു സസ്യങ്ങളുടെ ഇലകൊണ്ടാണ് അക്കാലത്തെ ഇലക്കറികള്‍. ഒപ്പം തവിടുകൊണ്ടുണ്ടാക്കിയ അപ്പവുമുണ്ടാകും. ഈ തവിടിന് കനകപ്പൊടി എന്നാണ് പേര് പറഞ്ഞുപോന്നിരുന്നത്. പഞ്ഞമാസങ്ങള്‍ ഇത്തരം ഭക്ഷണംകൊണ്ട് പരിഹരിക്കപ്പെടുകയാണ് പതിവ്.

അക്കാലത്തെ കഞ്ഞിക്കുള്ള നിര്‍ദേശം ഇങ്ങനെയായിരുന്നു. നല്ല പഴയരിയായിട്ട് കുത്തിച്ചുവരുത്തി, നല്ലവണ്ണം ശോധന ചെയ്ത്, അര ഇടങ്ങഴി ചെറുപയറിന്‍പരിപ്പും ചുക്കും കൂടി ഇട്ട് കഞ്ഞി കൊഴുത്തുപോകാതെയും ചീത്തയായിപ്പോകാതെയും ഉണ്ടാക്കണം. ഒരു ദിവസം മുതിരകൊണ്ട് പുഴുക്ക്, അടുത്ത ദിവസം വെളുത്ത ചേമ്പും കുമ്പളങ്ങയും വാഴയ്ക്കയും കൊണ്ടൊരു കാളന്‍, പിന്നെ നന്നാല് തേങ്ങാപ്പൂള്, നന്നാല് പപ്പടം, നെല്ലിക്കയും മാങ്ങയുംകൊണ്ട് രണ്ടുകൂട്ടം ഉപ്പിലിട്ടത് തുടങ്ങിയവ.

എന്തെങ്കിലും പാകപ്പിഴ പറ്റിയാല്‍ വെപ്പുകാര്‍ക്ക് ശിക്ഷാവിധികള്‍ ഉണ്ടായിരിക്കും. ഊട്ടുപുരയില്‍ ഉണ്ടാക്കുന്ന അരിനുറുക്കും, തവിടും, അരിക്കാടിയും കഞ്ഞിയും പുറത്ത് കൊടുക്കാന്‍ പാടില്ല. എല്ലാം സൂക്ഷിച്ചു പശുവിന് ഭക്ഷണമായി കൊടുക്കണം. തെറ്റിച്ചാല്‍ ശമ്പളത്തില്‍നിന്ന് പിഴ ഈടാക്കിയെടുക്കും.

വര്‍ണവിവേചനം പലഹാരത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നു. ഓരോ ജാതിക്കും മതസ്ഥര്‍ക്കും അവരവരുടേതായ പലഹാരങ്ങള്‍ ഉണ്ടായിരുന്നു. ഒരു ജാതിയുടെ പലഹാരം മറ്റൊരു ജാതിക്കാരന്‍ ഉണ്ടാക്കി കഴിച്ചിരുന്നില്ല. ഉദാഹരണം പുട്ട്. അത് പൂര്‍ണമായും ഈഴവന്റെ കണ്ടുപിടിത്തമാണോ അതോ ഇവിടെ വന്ന മുസ്‌ലിമിന്റേയോ പോര്‍ട്ടുഗീസുകാരന്റേയോ എന്നതില്‍ സംശയമുണ്ട്. ഈ പുട്ടിനു നമ്പൂതിരി കൊടുത്ത പേര് അവര്‍ക്ക് എന്തുമാത്രം അവജ്ഞ അതിനോടുണ്ട് എന്നു കാണാന്‍ കഴിയും. പുട്ടിന് നമ്പൂതിരി കൊടുത്ത പേര് കണ്ട്യപ്പം അല്ലെങ്കില്‍ കമ്പംതൂറി എന്നാണ്. നമ്പൂതിരിയുടെ ഓട്ടടയും ചുട്ടടയും, മാടമ്പിപ്പലഹാരമെന്നു പേരുള്ള കൊഴക്കട്ടയും, നായരും തീയരും ഒരുപോലെ തെരണ്ടുകല്യാണത്തിനും മറ്റും വലിയ കുട്ടകളിലാക്കി കൊണ്ടുപോയിരുന്ന നെയ്യപ്പവും എല്ലാം സ്വാദുള്ള ഇനങ്ങളായിരുന്നു. ദോശയും ഇഡ്ഡലിയും ചട്ടിയപ്പവും വെള്ളയപ്പവും ഹല്‍വയും അല്‍ബൂരിയും ഇടിയപ്പവുമെല്ലാം ഇവിടെ ഓരോ കാലത്തായി വിദേശികളില്‍ നിന്ന് വന്നുചേര്‍ന്നതാണ്.

ഭക്ഷണം കഴിക്കുന്നതിലും മതസംബന്ധമായ ചില ആചാരങ്ങള്‍, മര്യാദകള്‍, ശുദ്ധികള്‍ മുതലായവ അക്കാലത്ത് പാലിക്കേണ്ടതുണ്ടായിരുന്നു. നമ്പൂതിരിമാരും മറ്റാഢ്യന്മാരും ഉള്ളി വര്‍ജിച്ചപ്പോള്‍ കദളിപ്പഴം നമ്പൂതിരിമാര്‍ക്കുമാത്രം ഭക്ഷിക്കാവുന്നതായിരുന്നു. അക്കാലത്ത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പാപമായിരുന്നു. ബ്രാഹ്മണര്‍ കുളി കഴിഞ്ഞുവന്നാല്‍ വിജാതീയ ഭാര്യമാരേയോ അതിലുള്ള സന്താനങ്ങളേയോ തൊടുന്നതിനുമുമ്പേ ഭക്ഷണം കഴിക്കണം. തൊട്ടുപോയാല്‍ വീണ്ടും കുളിച്ച് ശുദ്ധി വരുത്തണം. ഭര്‍ത്താവിന്റെ ഉച്ഛിഷ്ടമാണ് ഭാര്യ കഴിക്കേണ്ടിയിരുന്നത്. ഭാര്യയ്ക്കു കൊടുക്കുന്ന ഉച്ഛിഷ്ടം പാതിവ്രത്യനിഷ്ഠയുടെ അടയാളമായി കരുതിയിരുന്നു. കുടുംബത്തിന്റെ നിലയും വിലയും അനുസരിച്ച് വിഭവങ്ങളുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കും. മഹാരാജാക്കന്മാരുടേയും പ്രഭുക്കളുടേയും ഊണിനു ചുരുങ്ങിയത് പതിനഞ്ചു വിഭവങ്ങളെങ്കിലുമുണ്ടായിരിക്കും.

കദളിവാഴയിലയില്‍ തുമ്പപ്പൂപോലുള്ള ചോറ് വിളമ്പി മഴവെള്ളംപോലെ നെയ്യൊഴിച്ച് പതിനഞ്ചുകൂട്ടം കറികളുമൊഴിച്ച് സുഖമായി അവര്‍ ഭക്ഷണം അകത്താക്കി ആസ്വദിച്ചു. വെള്ളോട് കിണ്ടിയില്‍നിന്നും വെള്ളമൊഴിച്ച് അവര്‍ കൈകഴുകി. അതിനുശേഷം ഭേഷായി നാലുംകൂട്ടി മുറുക്കിത്തുപ്പി. ദാഹത്തിനു ചുക്കുവെള്ളം കുടിച്ചു. അല്ലാത്തപ്പോള്‍ പാല് കുടിച്ചു. ഇളനീര്‍ അവര്‍ക്കിഷ്ടപ്പെട്ട പാനീയമായിരുന്നു. വെറും വെള്ളത്തിലരിയിട്ട് തിളപ്പിച്ചു വേവിച്ച കഞ്ഞി സാധാരണക്കാര്‍ കുടിച്ചു. അരി വെള്ളത്തിലും പിന്നെ പാലിലും കഴുകി പതവും ഗുണവും വരുത്തിയിട്ടാണ് കഞ്ഞിയുണ്ടാക്കിയിരുന്നത്. അത് പശുവിന്‍പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് പാല്‍ക്കഞ്ഞിയായി അവര്‍ കഴിച്ചു. ചിലര്‍ നെയ്യ് പകര്‍ന്നും കഞ്ഞി കഴിച്ചു. കഞ്ഞിക്ക് പുഴുക്ക്, പപ്പടം, ചമ്മന്തി, അവില്‍ നനച്ചത്, വത്സന്‍, നേന്ത്രപ്പഴംകൊണ്ടുള്ള ചെണ്ടമുറിയന്‍ തുടങ്ങി പലവക കറികളുമുണ്ടാകും.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭക്ഷണത്തിന്റെ ഗുണവും മേന്മയും നമുക്ക് നഷ്ടപ്പെട്ടു. വയലിനും തീന്‍മേശയ്ക്കുമിടയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിവരണാതീതമായ ക്ഷയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികളും പഴങ്ങളും ദൂരദിക്കുകളില്‍ നിന്നും വരുന്നതുകാരണം പഴുത്തു മൂക്കുന്നതിനുമുമ്പേ അവ പറിച്ചെടുക്കുകയും ചീഞ്ഞുപോകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടിയും വരുന്നു. ഇതോടെ പോഷണമൂല്യവും രുചിയും നഷ്ടപ്പെടുന്നു. സംസ്‌കരിച്ചെടുത്ത പഴച്ചാറുകളും ചിപ്‌സുകളും അതിന്റെ യഥാര്‍ത്ഥ പോഷണമൂല്യവുമായി വിദൂരബന്ധം പോലുമില്ലാതായിത്തീരുന്നു.

തിക്കിലും തിരക്കിലും സമയക്കുറവിലും പരമ്പരാഗത ഭക്ഷണസാധനങ്ങള്‍ നമ്മുടെ മെനുവില്‍നിന്നും അകന്നുപോവുകയാണ്. ദൃശ്യമാധ്യമങ്ങളിലെ നിറപ്പകിട്ടാര്‍ന്ന പരസ്യങ്ങള്‍ നമ്മുടെ പോക്കറ്റടിക്കുകയും ആരോഗ്യത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. ഇതൊക്കെ കാണുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടാണ് ഓര്‍മ വരുന്നത്.
പച്ചമാംസംതന്നെ തിന്നുവളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?
പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു
വച്ചു ചമച്ചൊരു ചക്കപ്രഥമനും
പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും
പഞ്ചാമൃതം നല്ല ശര്‍ക്കരപ്പായസം
ഇഞ്ചി നാരങ്ങക്കറികളുമെന്നിവ
കിഞ്ചില്‍ കൊതിക്കുമോ മാംസം ഭുജിപ്പവന്‍
മാസത്തിലെത്തി പ്രഥമന്‍ കുടിക്കുന്ന
ഭൂസുരന്മാരെജ്ജയിക്കുമൊരുവക
മാംസത്തിലാഗ്രഹമുള്ള പരിഷയ്ക്കു
മാസത്തിലന്നമില്ലെങ്കിലും കിം ഫലം?-കല്യാണസൗഗന്ധികം

ഗുണത്തെ ആസ്​പദമാക്കി ഭക്ഷണത്തെ മൂന്നായി തരംതിരിക്കാം. ശ്രീ വ്യാസന്‍ നിര്‍ദേശിച്ച ഭക്ഷണ വിഭജനംകൂടിയാണിത്.
ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സന്തോഷം, സംതൃപ്തി ഇവയെ വര്‍ധിപ്പിക്കുന്നവയും രസത്തോടുകൂടിയവയും മെഴുക്കുമയമുള്ളവയും പുഷ്ടി ഉണ്ടാക്കുന്നവയും മനസ്സിനു പിടിക്കുന്നവയുമായ ആഹാരങ്ങള്‍ സാത്വികന്മാര്‍ക്കു പ്രിയപ്പെട്ടതാകുന്നു.
കയ്പ്, പുളിപ്പ്, ഉപ്പ്, അതിയായ ചൂട്, എരിവ്, മെഴുക്കുമയമില്ലാത്തത്, ദാഹമുണ്ടാക്കുന്നത് ഇങ്ങനെയുള്ളവയും ദുഃഖം, ശോകം, രോഗം ഇവയെ ഉണ്ടാക്കുന്നവയുമായ ആഹാരങ്ങള്‍ രാജസഗുണക്കാര്‍ക്ക് ഇഷ്ടമാകുന്നു.
പാകം ചെയ്തിട്ട് ഒരു യാമം കഴിഞ്ഞതും രസമെല്ലാം പോയതും ദുര്‍ഗന്ധമുള്ളതും, തലേദിവസം പാകം ചെയ്തതും, അന്യന്‍ ഭക്ഷിച്ച് ശേഷിച്ചതും വൃത്തികെട്ടതുമായ യാതൊരാഹാരമാണോ ഉള്ളത് അത് താമസസ്വഭാവികള്‍ക്കു പ്രിയമാകുന്നു.

ഭക്ഷണം കഴിക്കുന്നതിനും ചില ചിട്ടകളുണ്ട്.

അശുചിയായിട്ടുള്ള ഏതാഹാരവും ആരും ഭക്ഷിക്കരുത്.
ഗ്രഹണത്തിനു രണ്ടു യാമംമുമ്പ് തുടങ്ങി ഭക്ഷണം വര്‍ജിക്കണം.
അര്‍ധരാത്രിക്കും മദ്ധ്യാഹ്നത്തിലും മുമ്പ് ഭക്ഷിച്ചതു ദഹിക്കാതിരിക്കുമ്പോഴും ഭക്ഷണം കഴിക്കരുത്.
കുളിച്ചു ശരിക്കു തോര്‍ത്താതെയും നഗ്നനായിട്ടും, കിളിവാതില്‍ക്കലും നിലംതൊടാത്ത സ്ഥലത്തും കുന്തിച്ചിരുന്നും, ആരുടെയെങ്കിലും മടിയിലിരുന്നും കിടന്നും, പൊട്ടിയ പാത്രത്തിലും, കൈയില്‍ വെച്ചും വെറും നിലത്ത് വിളമ്പിയും ഭക്ഷിക്കരുത്.
ഉണ്ണുന്ന സമയം കുട്ടികളെ ശകാരിക്കരുത്.
രാത്രി തൈര് കഴിക്കരുത്.
പ്രവൃത്തി ബാക്കിയായി കിടക്കുമ്പോള്‍ ഭക്ഷണം കഴിക്കരുത്.
ആദരവില്ലാതെ ഭാര്യ വിളമ്പിയ ഭക്ഷണം കഴിക്കരുത്.
ഒരേ സ്ഥലത്ത് തിങ്ങിയിരുന്നുണ്ണരുത്.
വയര്‍ വീര്‍ക്കത്തക്കവണ്ണം ഉണ്ണരുത്.
കുളിക്കുംമുമ്പ് അന്നം പാകം ചെയ്യരുത്.
രാത്രി വെച്ച വെള്ളം കളയണം.
കുട്ടികള്‍ ഉണ്ടതിന്റെ ബാക്കി കളയണം.
കൈ കൊണ്ട് ചോറ് വിളമ്പരുത്.
(കര്‍ണാടകത്തില്‍ പതിവാണ്)

എസ്സന്‍സ്

നാടുവാഴിത്തകാലത്തെ സദ്യകളെ ഓര്‍മിപ്പിക്കുന്ന ശാപ്പാട്. മോരൊഴിച്ച ഒന്നാംതരം കൂട്ടാന്‍. ഇളം മഞ്ഞ നിറമായ അസ്സല്‍ അവിയല്‍. കറിവേപ്പിലയും വാഴയ്ക്കയും മുരിങ്ങയ്ക്കയും പച്ചമുളകും തലങ്ങും വിലങ്ങും പച്ചനിറത്തില്‍ കിടക്കുന്ന ഉഗ്രന്‍ ഉപദംശം. കേമന്‍ മെഴുക്കുപുരട്ടി. പച്ചമാങ്ങ ചെറുതായി ചതുരത്തില്‍ മുറിച്ച് മുളകും ഉപ്പും കായവും തിരുമ്പി അന്നു നിര്‍മിച്ച ഉപ്പിലിട്ടത്. പൊള്ളം നിറഞ്ഞു പപ്പടം. മുഷിയാത്ത മോര്...
-വി.കെ.എന്‍. (ലഞ്ച് എന്ന കഥ)

കുഞ്ഞുങ്ങളെ തടയാതിരിക്കുവിന്‍

കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്ക് എന്നും ഒരാവലാതിയുണ്ട്. കുട്ടി ഒരുതരം ഭക്ഷണവും കഴിക്കുന്നില്ല. എന്തുകൊടുത്താലും കുട്ടിക്ക് വേണ്ട. പാല് കുടിക്കുന്നില്ല. ഹോര്‍ലിക്‌സോ ബോണ്‍വിറ്റയോ കൊടുത്താല്‍ തല തിരിച്ചുകളയും. മുട്ട കാണുമ്പോള്‍ കണ്ണു ചിമ്മിക്കളയും. വേണ്ടാത്തതാണ് എപ്പോഴും തിന്നുക. മിക്ച്ചര്‍, മിഠായി മുതലായവ എത്രയും തിന്നും.
കുട്ടിയുടെ ഭക്ഷണരീതി കണ്ട് ഉത്കണ്ഠപ്പെടേണ്ടതില്ല. കുട്ടി തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യട്ടെ. ഒരു കാര്യംമാത്രം ശ്രദ്ധിച്ചാല്‍ മതി. കുട്ടി ഉന്മേഷഭരിതനാണോ? ഇതൊന്നുമല്ലാതെ ഒരു മൂലയില്‍ തൂങ്ങിയിരിക്കുകയാണോ? മുഖത്ത് മ്ലാനതയാണോ?

കുട്ടി ചുറുചുറുക്കോടെ സമയം നീക്കുകയാണെങ്കില്‍ ഒന്നും ഭയപ്പെടേണ്ടതില്ല. വിശക്കുമ്പോള്‍ അവന്‍ വേണ്ടത് ഭക്ഷിച്ചുകൊള്ളും. ഭക്ഷണം കഴിക്കാന്‍വേണ്ടി പോലീസ്, കുറുക്കന്‍ എന്നൊക്കെപ്പറഞ്ഞ് അവനെ പേടിപ്പിക്കരുത്, കഴിക്കൂ കഴിക്കൂ എന്നു പറഞ്ഞ് പുറകെ നടന്ന് അവനെ ഭീഷണിപ്പെടുത്തിയാല്‍ കുട്ടിക്ക് ഭക്ഷണത്തോട്തന്നെ വിരക്തി തോന്നും. ഡോക്ടറെ വിളിക്കും, സൂചി വെക്കും, മാഷോട് പറയും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ തീറ്റാറ്. മാഷെയും ഡോക്ടറേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാള്‍ പ്രധാനം ഭക്ഷണസമയമടുക്കുമ്പോള്‍ത്തന്നെ കുട്ടിക്ക് പേടിതുടങ്ങും എന്നതാണ്. അപ്പോള്‍ത്തന്നെ വിശപ്പ് കെട്ടുപോകും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാന്‍ അവന്‍ ശ്രമിക്കും.

വീട്ടിലുണ്ടാക്കുന്ന ആഹാരംതന്നെയാണ് കുട്ടികള്‍ക്ക് നല്ലത്. പ്രത്യേകിച്ചും നാടന്‍ ആഹാരങ്ങള്‍. ബിസ്‌ക്കറ്റിന്റേയും കേക്കിന്റേയും മറ്റും സ്വാദ്‌കൊണ്ട് അവ ധാരാളം കഴിക്കും. വയര്‍ നിറയും. പക്ഷേ, അതില്‍ പോഷകമൂല്യമില്ല. ആ ഭക്ഷണം വെറും ചവറാണ്. മീനും മുട്ടയും കൊടുക്കുക. മീന്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ മടിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും.

ഹോര്‍ലിക്‌സും ബോണ്‍വിറ്റയും ബേക്കറിസാധനങ്ങളും കുട്ടികള്‍ക്ക് കൊടുക്കരുത്. വീട്ടില്‍ ഈ അഴുക്കുകളൊന്നും കയറ്റുകയും ചെയ്യരുത്. 75 കയും 100 കയും വിലയുള്ള ഈ കുപ്പികളില്‍ കടലപ്പൊടിയും പഞ്ചസാരയും അല്പം പാല്‍പ്പൊടിയും മാത്രമാണുള്ളത്. പരസ്യങ്ങള്‍വഴി കമ്പനികള്‍ നമ്മുടെ പോക്കറ്റടിക്കുകയാണ്. ഇല്ലാത്ത പണം ദുര്‍വ്യയം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്.
പഴങ്ങളും ധാന്യങ്ങളും മത്സ്യവും പാലുമൊക്കെയാണ് കുട്ടികള്‍ക്ക് ഉത്തമമായിട്ടുള്ളത്. ഓറഞ്ച്, മുന്തിരി, സപ്പോട്ട, ഉറുമാമ്പഴം, വാഴപ്പഴം, സബര്‍ജില്ലി, മാങ്ങ, കറമൂസ തുടങ്ങിയ പഴങ്ങള്‍ കുട്ടികള്‍ സ്വാദോടെ തിന്നുകൊള്ളും. ഉറുമാമ്പഴം തോട് പൊട്ടിച്ച് വെളുത്ത പ്ലേറ്റില്‍ ഇട്ടാല്‍ മെറൂണ്‍ നിറത്തിലുള്ള അതിന്റെ കുരുക്കള്‍ കാണുമ്പോള്‍ സന്തോഷത്തോടെ കുട്ടികള്‍ ചവച്ചു തിന്നുകൊള്ളും. തേങ്ങാപ്പീരയും ശര്‍ക്കരയും ചേര്‍ത്തുകുഴച്ച അവിലും ചെറുപയറും തേങ്ങയരച്ചുവെച്ച മത്സ്യക്കറിയും ഏതു കുട്ടിയും കഴിച്ചുകൊള്ളും. അഞ്ചു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്ന ഒരാളുടെ ഒന്നരയിരട്ടി ഭക്ഷണം ആവശ്യമുണ്ടെന്ന കാര്യവും മറക്കരുത്.

മുലപ്പാല്‍ തൊട്ടാണ് കുട്ടി ഭക്ഷണം കഴിച്ചുതുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും മുന്തിയ ആഹാരം
മുലപ്പാല്‍ തന്നെയാണ്. ജനിച്ചു വീണ ഉടനെ മുലപ്പാലൂട്ടിത്തുടങ്ങുന്നു. മുലയില്‍നിന്ന് ആദ്യം പുറത്തുവരുന്ന മഞ്ഞദ്രാവകം അഴുക്കാണെന്നു കരുതി ഊറ്റിക്കളയുകയാണ് പതിവ്. ഇത് തെറ്റായ വിശ്വാസമാണ്. മഞ്ഞനിറത്തിലുള്ള കൊളസ്ട്രം എന്ന ഈ ദ്രാവകം ഏറ്റവും ആവശ്യമുള്ളതാണ്. കുഞ്ഞിനുള്ള ആദ്യത്തെ പ്രതിരോധ മരുന്നാണിത്. കുഞ്ഞിനുവേണ്ട പോഷകങ്ങളും പ്രതിരോധശക്തിയാര്‍ജിക്കാന്‍വേണ്ട ആന്റി ബോഡികളും ഇതില്‍ അടങ്ങിയിരിക്കുന്നു.

മുലയൂട്ടുന്നതിനെക്കുറിച്ച് പല തെറ്റായ ധാരണകളുമുണ്ട്. എത്രകാലം കുഞ്ഞ് മുലകുടിക്കും, അത്രയും കാലം മുലയൂട്ടാം. സ്‌കൂളില്‍ പോകുംവരെ ഞാന്‍ മുലകുടിച്ചിരുന്നുവെന്ന് മുത്തശ്ശി പറയാറുണ്ട്. എന്റെ ആരോഗ്യത്തിന്റെ രഹസ്യവും ഒരുപക്ഷേ ഇതായിരിക്കാം.

ബേക്കറിസാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. പലഹാരങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും വേറേയും കുഴപ്പങ്ങളുണ്ടാക്കും. ആസ്ത്മ, കരപ്പന്‍, ചുമ, ചുവന്ന അലര്‍ജി പാടുകള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളായി കാണാറുണ്ട്.

സാധാരണ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മേല്‍പ്പറഞ്ഞതിന്റെയൊന്നും ആവശ്യമില്ല. ആവശ്യത്തിനു തൂക്കമുണ്ടാകുക, ക്ഷീണമൊന്നുമില്ലാതെ ഓടിക്കളിക്കുക ഇതൊക്കെയുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതില്ല.

കുട്ടികള്‍ ഭക്ഷണത്തിലെ എല്ലാ രസങ്ങളും ശീലിക്കട്ടെ. ഒരു പ്രത്യേക രസം മാത്രം ശീലിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. എല്ലാ രസങ്ങളും ആസ്വദിച്ചു ശീലിക്കുമ്പോള്‍ പുഷ്ടിയും പ്രതിരോധശക്തിയും വര്‍ധിക്കും.

എസ്സന്‍സ്
അംബികേ, വാത്സല്യംകൊണ്ട് നിന്‍ ചെന്നിണം
വെണ്ണ കലര്‍ന്ന മുലപ്പാലായി;
ആയതിലൂടെ നീയൂറ്റിക്കൊടുക്കുന്നി-
തായിരമായിരം ദിവ്യ വീര്യം.
നല്ലിളം പുഞ്ചിരി തൂകുവാന്‍ കുട്ടനു
പല്ലു മുളപ്പിക്കും പുഷ്ടിസാരം.
ഭംഗിയായ് കുഞ്ഞിനെക്കൊഞ്ചുമാറാക്കുന്ന
സംഗീത സാഹിത്യ സന്മാധുര്യം.
ജീവിതകമ്പിയിലൂടെ നടക്കുവാന്‍
ഭാവിയില്‍ വേണ്ടുന്ന ചിത്തധൈര്യം
ശോകത്താല്‍ സന്തപ്തം
സ്‌നേഹത്താല്‍ ശീതളം
ത്യാഗത്താല്‍ നിര്‍മലം,
നിന്മുലപ്പാല്‍.
അമ്മേ, നിന്‍ സുസ്തന്യ ചൈതന്യധാരയില്‍
സമ്മേളിച്ചിപ്പോള്‍ കിടപ്പതുണ്ടാം
വാനവര്‍ നാടിനെ സ്വപ്നത്തില്‍ കാണുന്ന
മാനവവര്‍ഗത്തിന്‍ ഭാവനകള്‍,
പൊന്തിവരുന്ന തലമുറയേതിലും
പിന്തുടര്‍ന്നെത്തേണ്ടും വാസനകള്‍.
-വൈലോപ്പിള്ളി, 'മുലകുടി'

Followers