സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, July 9, 2011

ജിലേബിയിലും സാമ്പാര്‍

പുനത്തില്‍ കുഞബ്ദുള്ള .
 
തിരുവനന്തപുരത്ത് ചായകുടിക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍ സൂക്ഷിക്കണം. ജിലേബി വാങ്ങരുത്. ജിലേബിയിലും അവര്‍ സാമ്പാര്‍ ഒഴിച്ചുതരും.
ലോകത്ത് ഏറ്റവും മോശപ്പെട്ട രീതിയില്‍ ഭക്ഷണം കഴിക്കുന്നത് മലയാളികളാണ്. ഭൂമിശാസ്ത്രത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത ഭക്ഷണമാണ് മലയാളി എപ്പോഴും കഴിക്കുക. പച്ചക്കറിയായാലും മത്സ്യമാംസമായാലും വേണ്ടാത്ത നൂറുതരം മസാലകളും വേണ്ടതിലധികം ഉപ്പും എണ്ണയും ചേര്‍ത്ത് ഭക്ഷണത്തിന്റെ ആത്മാവിനെ നശിപ്പിച്ചുകൊണ്ടാണ് മലയാളി പാകം ചെയ്യുന്നത്.
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ആറേഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് സിങ്കപ്പൂര്‍, മലേഷ്യ സന്ദര്‍ശിക്കാന്‍ പോയിരുന്നു. കോലാലമ്പൂരിലേക്കുള്ള ഹൈവേ യാത്രയില്‍ രാവിലെ ഒമ്പതു മണിയായപ്പോള്‍ ഞങ്ങള്‍ പ്രാതല്‍ കഴിക്കാനായി ഒരു ഹോട്ടലിലേക്ക് കയറി. മലയാളി ഹോട്ടലാണ്. എല്ലാവര്‍ക്കും സന്തോഷമായി. പുട്ട്, അപ്പം, പൊറോട്ട, കടലക്കറി, ബീഫ്, മീന്‍കറി എല്ലാം റെഡി. എന്തുമാത്രം ഉല്ലാസത്തോടെയാണ് ഓരോരുത്തരും ഓര്‍ഡര്‍ ചെയ്യുന്നത്. കാരണം വീട്ടിലെപ്പോലെതന്നെ ഇവിടെനിന്നും പ്രാതല്‍ കഴിക്കാം.

പരിചാരകന്‍ നല്ല പ്രായമുള്ള ഒരു വടക്കേ മലബാറുകാരനാണ്. കാസര്‍കോട്ടുകാരനായ സുലൈമാനിക്ക. ഞാന്‍ ചോദിച്ചു:
''ഇവിടുത്തുകാര്‍ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റാണ് എനിക്ക് വേണ്ടത്. അത് കൊണ്ടുവരൂ.''
ഒരു ക്ഷമാപണത്തോടെ വൃദ്ധനായ പരിചാരകന്‍ പറയുകയാണ് ''വേണ്ട. വേണ്ട. ഞമ്മക്കത് പറ്റൂല.''
''അതെന്താ അങ്ങനെ പറയുന്നത്.'' ഞാന്‍ ചോദിച്ചു.
''ഒരു ചൂരും മണോം ഉണ്ടാവൂല. ബെറും പുയിങ്ങീത്. ങ്ങക്ക് ഞാന്‍ നല്ല ആവോലിക്കറിയും പത്തിരിയും എടുക്കാം.'' മന്ദഹാസത്തോടെ അയാള്‍ പറഞ്ഞു.
തൊട്ടടുത്ത ടേബിളുകളില്‍ ഇരുന്ന് പ്രാതല്‍ കഴിക്കുന്ന ചൈനക്കാരേയും മലേഷ്യക്കാരേയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
''അതാ, അവരൊക്കെത്തിന്നുന്നില്ലേ. അതെനിക്കും കൊണ്ടുവരൂ.''
വീണ്ടും സുസ്‌മേരവദനനായി അയാള്‍ കിച്ചണിലേക്ക് പോയി.
ഒരു വലിയ ബൗള്‍ നിറയെ സൂപ്പുപോലുള്ള സാധനം. മീതെ ധാരാളം തേങ്ങാപ്പീര വിതറിയിരിക്കുന്നു. മൂന്നുനാല്തരം സോസിന്റെ കുപ്പികള്‍ അരികെ നിരത്തിവെച്ചുതന്നു. സ്​പൂണും ഫോര്‍ക്കും കൂടാതെ ചോപ്സ്റ്റിക്കും.

''ബടിക്കണ്ടം കൊണ്ട് കുത്തിത്തിന്നാന്‍ ങ്ങ്ക്കാകൂല. ഇങ്ങഴ് സ്​പൂണും ഫോര്‍ക്കും എടുത്തോളീന്‍'' എന്നെ സഹായിക്കാനായി അയാള്‍ പറഞ്ഞു.
കഴിച്ചുതുടങ്ങിയപ്പോഴാണ് സംഭവം മനസ്സിലായത്. മീതെ തേങ്ങാപ്പീരപോലെ കണ്ടത് മുളപ്പിച്ച ചെറുപയറാണ്. മുള ഒന്ന് ഒന്നര ഇഞ്ചോളം വളര്‍ന്നിരിക്കുന്നു. രണ്ട് ദിവസത്തെ മൂപ്പ് കാണും. സൂപ്പുപോലുള്ള വെള്ളം പരിപ്പ് വേവിച്ച വെള്ളമാണ്. അതിനടിയില്‍ അരിമാവുകൊണ്ട് ആവിയില്‍ വേവിച്ചെടുത്ത ക്യൂബാകൃതിയിലുള്ള കൊഴുക്കട്ടകള്‍. ഇതിന്റെകൂടെ വിവിധ സോസ് ചേരുമ്പോഴാണ് സ്വാദ് വന്നുചേരുക.
എത്ര നല്ല ആരോഗ്യകരമായ പ്രാതല്‍. ചുറ്റുമിരുന്ന സുഹൃത്തുക്കള്‍ ബീഫും പൊറോട്ടയും കടിച്ചുപറിക്കുകയാണ്.
നമ്മള്‍ എവിടെയായാലും എന്തുചെയ്തുകൊണ്ടിരുന്നാലും ദിവസം രണ്ടു നേരമെങ്കിലും നമ്മുടെ നോട്ടം ആഹാരത്തിന്റെ മുന്നിലായിരിക്കും. നമ്മള്‍ ജോലിചെയ്യുന്നതും പണമുണ്ടാക്കുന്നതും പ്രധാനമായും അന്നത്തിനുവേണ്ടിയാണ്. പക്ഷേ, ഈ അന്നം നമ്മുടെ രാജ്യത്തെ മുക്കാല്‍ഭാഗം ജനങ്ങള്‍ക്കും കഴിഞ്ഞ നൂറ്റാണ്ടില്‍ തിന, കൂവരക്, തുടങ്ങിയ ധാന്യങ്ങളോ ചില കിഴങ്ങുവര്‍ഗങ്ങളോ ആയിരുന്നുവെന്നതാണ് പരമാര്‍ത്ഥം. ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിശാസ്ത്രമറിയണമെന്നില്ല. എന്നാല്‍ മലയാളിയുടെ കൃഷിശാസ്ത്ര പരിജ്ഞാനം പുരാതനകാലംമുതല്‍ എത്രയോ കുറ്റമറ്റതായിരുന്നുവെന്നും എന്തു കൃത്യമായിരുന്നുവെന്നും അത് നവീനമായ ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ക്കു ശേഷവും അനുകരണീയമാണെന്നറിയുമ്പോള്‍ നമുക്ക് അത്ഭുതപ്പെടാതെ തരമില്ല.

പഴയകാലത്ത് അനുഗൃഹീത ഭക്ഷണങ്ങള്‍ സുലഭമായി ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരിനമായിരുന്നു പുത്തരിയൂണ്. തകര, പയറ്, വഴുതിന, കുമ്പളം ഇവയുടെ ഇലകള്‍ ചേര്‍ത്താണ് അതുണ്ടാക്കുക. കര്‍ക്കടകമാസത്തില്‍ ആദ്യം വരുന്ന ചൊവ്വയും വെള്ളിയും, മറ്റൊരു സദ്യ, നമ്പൂതിരിമാരായ ജന്മിമാരുടെ ഇല്ലങ്ങളില്‍ പതിവുണ്ടായിരുന്നു. അന്നവിടെയും ഒരു ഇലക്കറി സദ്യയുണ്ടാവും. താള്, തകര, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, മുരിങ്ങ ഈ എട്ടു സസ്യങ്ങളുടെ ഇലകൊണ്ടാണ് അക്കാലത്തെ ഇലക്കറികള്‍. ഒപ്പം തവിടുകൊണ്ടുണ്ടാക്കിയ അപ്പവുമുണ്ടാകും. ഈ തവിടിന് കനകപ്പൊടി എന്നാണ് പേര് പറഞ്ഞുപോന്നിരുന്നത്. പഞ്ഞമാസങ്ങള്‍ ഇത്തരം ഭക്ഷണംകൊണ്ട് പരിഹരിക്കപ്പെടുകയാണ് പതിവ്.

അക്കാലത്തെ കഞ്ഞിക്കുള്ള നിര്‍ദേശം ഇങ്ങനെയായിരുന്നു. നല്ല പഴയരിയായിട്ട് കുത്തിച്ചുവരുത്തി, നല്ലവണ്ണം ശോധന ചെയ്ത്, അര ഇടങ്ങഴി ചെറുപയറിന്‍പരിപ്പും ചുക്കും കൂടി ഇട്ട് കഞ്ഞി കൊഴുത്തുപോകാതെയും ചീത്തയായിപ്പോകാതെയും ഉണ്ടാക്കണം. ഒരു ദിവസം മുതിരകൊണ്ട് പുഴുക്ക്, അടുത്ത ദിവസം വെളുത്ത ചേമ്പും കുമ്പളങ്ങയും വാഴയ്ക്കയും കൊണ്ടൊരു കാളന്‍, പിന്നെ നന്നാല് തേങ്ങാപ്പൂള്, നന്നാല് പപ്പടം, നെല്ലിക്കയും മാങ്ങയുംകൊണ്ട് രണ്ടുകൂട്ടം ഉപ്പിലിട്ടത് തുടങ്ങിയവ.

എന്തെങ്കിലും പാകപ്പിഴ പറ്റിയാല്‍ വെപ്പുകാര്‍ക്ക് ശിക്ഷാവിധികള്‍ ഉണ്ടായിരിക്കും. ഊട്ടുപുരയില്‍ ഉണ്ടാക്കുന്ന അരിനുറുക്കും, തവിടും, അരിക്കാടിയും കഞ്ഞിയും പുറത്ത് കൊടുക്കാന്‍ പാടില്ല. എല്ലാം സൂക്ഷിച്ചു പശുവിന് ഭക്ഷണമായി കൊടുക്കണം. തെറ്റിച്ചാല്‍ ശമ്പളത്തില്‍നിന്ന് പിഴ ഈടാക്കിയെടുക്കും.

വര്‍ണവിവേചനം പലഹാരത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നു. ഓരോ ജാതിക്കും മതസ്ഥര്‍ക്കും അവരവരുടേതായ പലഹാരങ്ങള്‍ ഉണ്ടായിരുന്നു. ഒരു ജാതിയുടെ പലഹാരം മറ്റൊരു ജാതിക്കാരന്‍ ഉണ്ടാക്കി കഴിച്ചിരുന്നില്ല. ഉദാഹരണം പുട്ട്. അത് പൂര്‍ണമായും ഈഴവന്റെ കണ്ടുപിടിത്തമാണോ അതോ ഇവിടെ വന്ന മുസ്‌ലിമിന്റേയോ പോര്‍ട്ടുഗീസുകാരന്റേയോ എന്നതില്‍ സംശയമുണ്ട്. ഈ പുട്ടിനു നമ്പൂതിരി കൊടുത്ത പേര് അവര്‍ക്ക് എന്തുമാത്രം അവജ്ഞ അതിനോടുണ്ട് എന്നു കാണാന്‍ കഴിയും. പുട്ടിന് നമ്പൂതിരി കൊടുത്ത പേര് കണ്ട്യപ്പം അല്ലെങ്കില്‍ കമ്പംതൂറി എന്നാണ്. നമ്പൂതിരിയുടെ ഓട്ടടയും ചുട്ടടയും, മാടമ്പിപ്പലഹാരമെന്നു പേരുള്ള കൊഴക്കട്ടയും, നായരും തീയരും ഒരുപോലെ തെരണ്ടുകല്യാണത്തിനും മറ്റും വലിയ കുട്ടകളിലാക്കി കൊണ്ടുപോയിരുന്ന നെയ്യപ്പവും എല്ലാം സ്വാദുള്ള ഇനങ്ങളായിരുന്നു. ദോശയും ഇഡ്ഡലിയും ചട്ടിയപ്പവും വെള്ളയപ്പവും ഹല്‍വയും അല്‍ബൂരിയും ഇടിയപ്പവുമെല്ലാം ഇവിടെ ഓരോ കാലത്തായി വിദേശികളില്‍ നിന്ന് വന്നുചേര്‍ന്നതാണ്.

ഭക്ഷണം കഴിക്കുന്നതിലും മതസംബന്ധമായ ചില ആചാരങ്ങള്‍, മര്യാദകള്‍, ശുദ്ധികള്‍ മുതലായവ അക്കാലത്ത് പാലിക്കേണ്ടതുണ്ടായിരുന്നു. നമ്പൂതിരിമാരും മറ്റാഢ്യന്മാരും ഉള്ളി വര്‍ജിച്ചപ്പോള്‍ കദളിപ്പഴം നമ്പൂതിരിമാര്‍ക്കുമാത്രം ഭക്ഷിക്കാവുന്നതായിരുന്നു. അക്കാലത്ത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പാപമായിരുന്നു. ബ്രാഹ്മണര്‍ കുളി കഴിഞ്ഞുവന്നാല്‍ വിജാതീയ ഭാര്യമാരേയോ അതിലുള്ള സന്താനങ്ങളേയോ തൊടുന്നതിനുമുമ്പേ ഭക്ഷണം കഴിക്കണം. തൊട്ടുപോയാല്‍ വീണ്ടും കുളിച്ച് ശുദ്ധി വരുത്തണം. ഭര്‍ത്താവിന്റെ ഉച്ഛിഷ്ടമാണ് ഭാര്യ കഴിക്കേണ്ടിയിരുന്നത്. ഭാര്യയ്ക്കു കൊടുക്കുന്ന ഉച്ഛിഷ്ടം പാതിവ്രത്യനിഷ്ഠയുടെ അടയാളമായി കരുതിയിരുന്നു. കുടുംബത്തിന്റെ നിലയും വിലയും അനുസരിച്ച് വിഭവങ്ങളുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കും. മഹാരാജാക്കന്മാരുടേയും പ്രഭുക്കളുടേയും ഊണിനു ചുരുങ്ങിയത് പതിനഞ്ചു വിഭവങ്ങളെങ്കിലുമുണ്ടായിരിക്കും.

കദളിവാഴയിലയില്‍ തുമ്പപ്പൂപോലുള്ള ചോറ് വിളമ്പി മഴവെള്ളംപോലെ നെയ്യൊഴിച്ച് പതിനഞ്ചുകൂട്ടം കറികളുമൊഴിച്ച് സുഖമായി അവര്‍ ഭക്ഷണം അകത്താക്കി ആസ്വദിച്ചു. വെള്ളോട് കിണ്ടിയില്‍നിന്നും വെള്ളമൊഴിച്ച് അവര്‍ കൈകഴുകി. അതിനുശേഷം ഭേഷായി നാലുംകൂട്ടി മുറുക്കിത്തുപ്പി. ദാഹത്തിനു ചുക്കുവെള്ളം കുടിച്ചു. അല്ലാത്തപ്പോള്‍ പാല് കുടിച്ചു. ഇളനീര്‍ അവര്‍ക്കിഷ്ടപ്പെട്ട പാനീയമായിരുന്നു. വെറും വെള്ളത്തിലരിയിട്ട് തിളപ്പിച്ചു വേവിച്ച കഞ്ഞി സാധാരണക്കാര്‍ കുടിച്ചു. അരി വെള്ളത്തിലും പിന്നെ പാലിലും കഴുകി പതവും ഗുണവും വരുത്തിയിട്ടാണ് കഞ്ഞിയുണ്ടാക്കിയിരുന്നത്. അത് പശുവിന്‍പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് പാല്‍ക്കഞ്ഞിയായി അവര്‍ കഴിച്ചു. ചിലര്‍ നെയ്യ് പകര്‍ന്നും കഞ്ഞി കഴിച്ചു. കഞ്ഞിക്ക് പുഴുക്ക്, പപ്പടം, ചമ്മന്തി, അവില്‍ നനച്ചത്, വത്സന്‍, നേന്ത്രപ്പഴംകൊണ്ടുള്ള ചെണ്ടമുറിയന്‍ തുടങ്ങി പലവക കറികളുമുണ്ടാകും.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭക്ഷണത്തിന്റെ ഗുണവും മേന്മയും നമുക്ക് നഷ്ടപ്പെട്ടു. വയലിനും തീന്‍മേശയ്ക്കുമിടയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിവരണാതീതമായ ക്ഷയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികളും പഴങ്ങളും ദൂരദിക്കുകളില്‍ നിന്നും വരുന്നതുകാരണം പഴുത്തു മൂക്കുന്നതിനുമുമ്പേ അവ പറിച്ചെടുക്കുകയും ചീഞ്ഞുപോകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടിയും വരുന്നു. ഇതോടെ പോഷണമൂല്യവും രുചിയും നഷ്ടപ്പെടുന്നു. സംസ്‌കരിച്ചെടുത്ത പഴച്ചാറുകളും ചിപ്‌സുകളും അതിന്റെ യഥാര്‍ത്ഥ പോഷണമൂല്യവുമായി വിദൂരബന്ധം പോലുമില്ലാതായിത്തീരുന്നു.

തിക്കിലും തിരക്കിലും സമയക്കുറവിലും പരമ്പരാഗത ഭക്ഷണസാധനങ്ങള്‍ നമ്മുടെ മെനുവില്‍നിന്നും അകന്നുപോവുകയാണ്. ദൃശ്യമാധ്യമങ്ങളിലെ നിറപ്പകിട്ടാര്‍ന്ന പരസ്യങ്ങള്‍ നമ്മുടെ പോക്കറ്റടിക്കുകയും ആരോഗ്യത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. ഇതൊക്കെ കാണുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടാണ് ഓര്‍മ വരുന്നത്.
പച്ചമാംസംതന്നെ തിന്നുവളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?
പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു
വച്ചു ചമച്ചൊരു ചക്കപ്രഥമനും
പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും
പഞ്ചാമൃതം നല്ല ശര്‍ക്കരപ്പായസം
ഇഞ്ചി നാരങ്ങക്കറികളുമെന്നിവ
കിഞ്ചില്‍ കൊതിക്കുമോ മാംസം ഭുജിപ്പവന്‍
മാസത്തിലെത്തി പ്രഥമന്‍ കുടിക്കുന്ന
ഭൂസുരന്മാരെജ്ജയിക്കുമൊരുവക
മാംസത്തിലാഗ്രഹമുള്ള പരിഷയ്ക്കു
മാസത്തിലന്നമില്ലെങ്കിലും കിം ഫലം?-കല്യാണസൗഗന്ധികം

ഗുണത്തെ ആസ്​പദമാക്കി ഭക്ഷണത്തെ മൂന്നായി തരംതിരിക്കാം. ശ്രീ വ്യാസന്‍ നിര്‍ദേശിച്ച ഭക്ഷണ വിഭജനംകൂടിയാണിത്.
ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സന്തോഷം, സംതൃപ്തി ഇവയെ വര്‍ധിപ്പിക്കുന്നവയും രസത്തോടുകൂടിയവയും മെഴുക്കുമയമുള്ളവയും പുഷ്ടി ഉണ്ടാക്കുന്നവയും മനസ്സിനു പിടിക്കുന്നവയുമായ ആഹാരങ്ങള്‍ സാത്വികന്മാര്‍ക്കു പ്രിയപ്പെട്ടതാകുന്നു.
കയ്പ്, പുളിപ്പ്, ഉപ്പ്, അതിയായ ചൂട്, എരിവ്, മെഴുക്കുമയമില്ലാത്തത്, ദാഹമുണ്ടാക്കുന്നത് ഇങ്ങനെയുള്ളവയും ദുഃഖം, ശോകം, രോഗം ഇവയെ ഉണ്ടാക്കുന്നവയുമായ ആഹാരങ്ങള്‍ രാജസഗുണക്കാര്‍ക്ക് ഇഷ്ടമാകുന്നു.
പാകം ചെയ്തിട്ട് ഒരു യാമം കഴിഞ്ഞതും രസമെല്ലാം പോയതും ദുര്‍ഗന്ധമുള്ളതും, തലേദിവസം പാകം ചെയ്തതും, അന്യന്‍ ഭക്ഷിച്ച് ശേഷിച്ചതും വൃത്തികെട്ടതുമായ യാതൊരാഹാരമാണോ ഉള്ളത് അത് താമസസ്വഭാവികള്‍ക്കു പ്രിയമാകുന്നു.

ഭക്ഷണം കഴിക്കുന്നതിനും ചില ചിട്ടകളുണ്ട്.

അശുചിയായിട്ടുള്ള ഏതാഹാരവും ആരും ഭക്ഷിക്കരുത്.
ഗ്രഹണത്തിനു രണ്ടു യാമംമുമ്പ് തുടങ്ങി ഭക്ഷണം വര്‍ജിക്കണം.
അര്‍ധരാത്രിക്കും മദ്ധ്യാഹ്നത്തിലും മുമ്പ് ഭക്ഷിച്ചതു ദഹിക്കാതിരിക്കുമ്പോഴും ഭക്ഷണം കഴിക്കരുത്.
കുളിച്ചു ശരിക്കു തോര്‍ത്താതെയും നഗ്നനായിട്ടും, കിളിവാതില്‍ക്കലും നിലംതൊടാത്ത സ്ഥലത്തും കുന്തിച്ചിരുന്നും, ആരുടെയെങ്കിലും മടിയിലിരുന്നും കിടന്നും, പൊട്ടിയ പാത്രത്തിലും, കൈയില്‍ വെച്ചും വെറും നിലത്ത് വിളമ്പിയും ഭക്ഷിക്കരുത്.
ഉണ്ണുന്ന സമയം കുട്ടികളെ ശകാരിക്കരുത്.
രാത്രി തൈര് കഴിക്കരുത്.
പ്രവൃത്തി ബാക്കിയായി കിടക്കുമ്പോള്‍ ഭക്ഷണം കഴിക്കരുത്.
ആദരവില്ലാതെ ഭാര്യ വിളമ്പിയ ഭക്ഷണം കഴിക്കരുത്.
ഒരേ സ്ഥലത്ത് തിങ്ങിയിരുന്നുണ്ണരുത്.
വയര്‍ വീര്‍ക്കത്തക്കവണ്ണം ഉണ്ണരുത്.
കുളിക്കുംമുമ്പ് അന്നം പാകം ചെയ്യരുത്.
രാത്രി വെച്ച വെള്ളം കളയണം.
കുട്ടികള്‍ ഉണ്ടതിന്റെ ബാക്കി കളയണം.
കൈ കൊണ്ട് ചോറ് വിളമ്പരുത്.
(കര്‍ണാടകത്തില്‍ പതിവാണ്)

എസ്സന്‍സ്

നാടുവാഴിത്തകാലത്തെ സദ്യകളെ ഓര്‍മിപ്പിക്കുന്ന ശാപ്പാട്. മോരൊഴിച്ച ഒന്നാംതരം കൂട്ടാന്‍. ഇളം മഞ്ഞ നിറമായ അസ്സല്‍ അവിയല്‍. കറിവേപ്പിലയും വാഴയ്ക്കയും മുരിങ്ങയ്ക്കയും പച്ചമുളകും തലങ്ങും വിലങ്ങും പച്ചനിറത്തില്‍ കിടക്കുന്ന ഉഗ്രന്‍ ഉപദംശം. കേമന്‍ മെഴുക്കുപുരട്ടി. പച്ചമാങ്ങ ചെറുതായി ചതുരത്തില്‍ മുറിച്ച് മുളകും ഉപ്പും കായവും തിരുമ്പി അന്നു നിര്‍മിച്ച ഉപ്പിലിട്ടത്. പൊള്ളം നിറഞ്ഞു പപ്പടം. മുഷിയാത്ത മോര്...
-വി.കെ.എന്‍. (ലഞ്ച് എന്ന കഥ)

കുഞ്ഞുങ്ങളെ തടയാതിരിക്കുവിന്‍

കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്ക് എന്നും ഒരാവലാതിയുണ്ട്. കുട്ടി ഒരുതരം ഭക്ഷണവും കഴിക്കുന്നില്ല. എന്തുകൊടുത്താലും കുട്ടിക്ക് വേണ്ട. പാല് കുടിക്കുന്നില്ല. ഹോര്‍ലിക്‌സോ ബോണ്‍വിറ്റയോ കൊടുത്താല്‍ തല തിരിച്ചുകളയും. മുട്ട കാണുമ്പോള്‍ കണ്ണു ചിമ്മിക്കളയും. വേണ്ടാത്തതാണ് എപ്പോഴും തിന്നുക. മിക്ച്ചര്‍, മിഠായി മുതലായവ എത്രയും തിന്നും.
കുട്ടിയുടെ ഭക്ഷണരീതി കണ്ട് ഉത്കണ്ഠപ്പെടേണ്ടതില്ല. കുട്ടി തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യട്ടെ. ഒരു കാര്യംമാത്രം ശ്രദ്ധിച്ചാല്‍ മതി. കുട്ടി ഉന്മേഷഭരിതനാണോ? ഇതൊന്നുമല്ലാതെ ഒരു മൂലയില്‍ തൂങ്ങിയിരിക്കുകയാണോ? മുഖത്ത് മ്ലാനതയാണോ?

കുട്ടി ചുറുചുറുക്കോടെ സമയം നീക്കുകയാണെങ്കില്‍ ഒന്നും ഭയപ്പെടേണ്ടതില്ല. വിശക്കുമ്പോള്‍ അവന്‍ വേണ്ടത് ഭക്ഷിച്ചുകൊള്ളും. ഭക്ഷണം കഴിക്കാന്‍വേണ്ടി പോലീസ്, കുറുക്കന്‍ എന്നൊക്കെപ്പറഞ്ഞ് അവനെ പേടിപ്പിക്കരുത്, കഴിക്കൂ കഴിക്കൂ എന്നു പറഞ്ഞ് പുറകെ നടന്ന് അവനെ ഭീഷണിപ്പെടുത്തിയാല്‍ കുട്ടിക്ക് ഭക്ഷണത്തോട്തന്നെ വിരക്തി തോന്നും. ഡോക്ടറെ വിളിക്കും, സൂചി വെക്കും, മാഷോട് പറയും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ തീറ്റാറ്. മാഷെയും ഡോക്ടറേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാള്‍ പ്രധാനം ഭക്ഷണസമയമടുക്കുമ്പോള്‍ത്തന്നെ കുട്ടിക്ക് പേടിതുടങ്ങും എന്നതാണ്. അപ്പോള്‍ത്തന്നെ വിശപ്പ് കെട്ടുപോകും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാന്‍ അവന്‍ ശ്രമിക്കും.

വീട്ടിലുണ്ടാക്കുന്ന ആഹാരംതന്നെയാണ് കുട്ടികള്‍ക്ക് നല്ലത്. പ്രത്യേകിച്ചും നാടന്‍ ആഹാരങ്ങള്‍. ബിസ്‌ക്കറ്റിന്റേയും കേക്കിന്റേയും മറ്റും സ്വാദ്‌കൊണ്ട് അവ ധാരാളം കഴിക്കും. വയര്‍ നിറയും. പക്ഷേ, അതില്‍ പോഷകമൂല്യമില്ല. ആ ഭക്ഷണം വെറും ചവറാണ്. മീനും മുട്ടയും കൊടുക്കുക. മീന്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ മടിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും.

ഹോര്‍ലിക്‌സും ബോണ്‍വിറ്റയും ബേക്കറിസാധനങ്ങളും കുട്ടികള്‍ക്ക് കൊടുക്കരുത്. വീട്ടില്‍ ഈ അഴുക്കുകളൊന്നും കയറ്റുകയും ചെയ്യരുത്. 75 കയും 100 കയും വിലയുള്ള ഈ കുപ്പികളില്‍ കടലപ്പൊടിയും പഞ്ചസാരയും അല്പം പാല്‍പ്പൊടിയും മാത്രമാണുള്ളത്. പരസ്യങ്ങള്‍വഴി കമ്പനികള്‍ നമ്മുടെ പോക്കറ്റടിക്കുകയാണ്. ഇല്ലാത്ത പണം ദുര്‍വ്യയം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്.
പഴങ്ങളും ധാന്യങ്ങളും മത്സ്യവും പാലുമൊക്കെയാണ് കുട്ടികള്‍ക്ക് ഉത്തമമായിട്ടുള്ളത്. ഓറഞ്ച്, മുന്തിരി, സപ്പോട്ട, ഉറുമാമ്പഴം, വാഴപ്പഴം, സബര്‍ജില്ലി, മാങ്ങ, കറമൂസ തുടങ്ങിയ പഴങ്ങള്‍ കുട്ടികള്‍ സ്വാദോടെ തിന്നുകൊള്ളും. ഉറുമാമ്പഴം തോട് പൊട്ടിച്ച് വെളുത്ത പ്ലേറ്റില്‍ ഇട്ടാല്‍ മെറൂണ്‍ നിറത്തിലുള്ള അതിന്റെ കുരുക്കള്‍ കാണുമ്പോള്‍ സന്തോഷത്തോടെ കുട്ടികള്‍ ചവച്ചു തിന്നുകൊള്ളും. തേങ്ങാപ്പീരയും ശര്‍ക്കരയും ചേര്‍ത്തുകുഴച്ച അവിലും ചെറുപയറും തേങ്ങയരച്ചുവെച്ച മത്സ്യക്കറിയും ഏതു കുട്ടിയും കഴിച്ചുകൊള്ളും. അഞ്ചു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്ന ഒരാളുടെ ഒന്നരയിരട്ടി ഭക്ഷണം ആവശ്യമുണ്ടെന്ന കാര്യവും മറക്കരുത്.

മുലപ്പാല്‍ തൊട്ടാണ് കുട്ടി ഭക്ഷണം കഴിച്ചുതുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും മുന്തിയ ആഹാരം
മുലപ്പാല്‍ തന്നെയാണ്. ജനിച്ചു വീണ ഉടനെ മുലപ്പാലൂട്ടിത്തുടങ്ങുന്നു. മുലയില്‍നിന്ന് ആദ്യം പുറത്തുവരുന്ന മഞ്ഞദ്രാവകം അഴുക്കാണെന്നു കരുതി ഊറ്റിക്കളയുകയാണ് പതിവ്. ഇത് തെറ്റായ വിശ്വാസമാണ്. മഞ്ഞനിറത്തിലുള്ള കൊളസ്ട്രം എന്ന ഈ ദ്രാവകം ഏറ്റവും ആവശ്യമുള്ളതാണ്. കുഞ്ഞിനുള്ള ആദ്യത്തെ പ്രതിരോധ മരുന്നാണിത്. കുഞ്ഞിനുവേണ്ട പോഷകങ്ങളും പ്രതിരോധശക്തിയാര്‍ജിക്കാന്‍വേണ്ട ആന്റി ബോഡികളും ഇതില്‍ അടങ്ങിയിരിക്കുന്നു.

മുലയൂട്ടുന്നതിനെക്കുറിച്ച് പല തെറ്റായ ധാരണകളുമുണ്ട്. എത്രകാലം കുഞ്ഞ് മുലകുടിക്കും, അത്രയും കാലം മുലയൂട്ടാം. സ്‌കൂളില്‍ പോകുംവരെ ഞാന്‍ മുലകുടിച്ചിരുന്നുവെന്ന് മുത്തശ്ശി പറയാറുണ്ട്. എന്റെ ആരോഗ്യത്തിന്റെ രഹസ്യവും ഒരുപക്ഷേ ഇതായിരിക്കാം.

ബേക്കറിസാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. പലഹാരങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും വേറേയും കുഴപ്പങ്ങളുണ്ടാക്കും. ആസ്ത്മ, കരപ്പന്‍, ചുമ, ചുവന്ന അലര്‍ജി പാടുകള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളായി കാണാറുണ്ട്.

സാധാരണ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മേല്‍പ്പറഞ്ഞതിന്റെയൊന്നും ആവശ്യമില്ല. ആവശ്യത്തിനു തൂക്കമുണ്ടാകുക, ക്ഷീണമൊന്നുമില്ലാതെ ഓടിക്കളിക്കുക ഇതൊക്കെയുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതില്ല.

കുട്ടികള്‍ ഭക്ഷണത്തിലെ എല്ലാ രസങ്ങളും ശീലിക്കട്ടെ. ഒരു പ്രത്യേക രസം മാത്രം ശീലിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. എല്ലാ രസങ്ങളും ആസ്വദിച്ചു ശീലിക്കുമ്പോള്‍ പുഷ്ടിയും പ്രതിരോധശക്തിയും വര്‍ധിക്കും.

എസ്സന്‍സ്
അംബികേ, വാത്സല്യംകൊണ്ട് നിന്‍ ചെന്നിണം
വെണ്ണ കലര്‍ന്ന മുലപ്പാലായി;
ആയതിലൂടെ നീയൂറ്റിക്കൊടുക്കുന്നി-
തായിരമായിരം ദിവ്യ വീര്യം.
നല്ലിളം പുഞ്ചിരി തൂകുവാന്‍ കുട്ടനു
പല്ലു മുളപ്പിക്കും പുഷ്ടിസാരം.
ഭംഗിയായ് കുഞ്ഞിനെക്കൊഞ്ചുമാറാക്കുന്ന
സംഗീത സാഹിത്യ സന്മാധുര്യം.
ജീവിതകമ്പിയിലൂടെ നടക്കുവാന്‍
ഭാവിയില്‍ വേണ്ടുന്ന ചിത്തധൈര്യം
ശോകത്താല്‍ സന്തപ്തം
സ്‌നേഹത്താല്‍ ശീതളം
ത്യാഗത്താല്‍ നിര്‍മലം,
നിന്മുലപ്പാല്‍.
അമ്മേ, നിന്‍ സുസ്തന്യ ചൈതന്യധാരയില്‍
സമ്മേളിച്ചിപ്പോള്‍ കിടപ്പതുണ്ടാം
വാനവര്‍ നാടിനെ സ്വപ്നത്തില്‍ കാണുന്ന
മാനവവര്‍ഗത്തിന്‍ ഭാവനകള്‍,
പൊന്തിവരുന്ന തലമുറയേതിലും
പിന്തുടര്‍ന്നെത്തേണ്ടും വാസനകള്‍.
-വൈലോപ്പിള്ളി, 'മുലകുടി'

No comments:

Followers