സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, March 15, 2009

അര സീറ്റ്‌ ഒരു യുദ്ധം





ചി ല മുന്നണിക്കാര്‍ അവരുടെ ഐക്യം കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കാറുണ്ട്‌. അതുപണ്ട്‌, കണ്ണുള്ള കാലത്ത്‌. അധികാരം തലയില്‍ കയറിയാല്‍ ചിലപ്പോള്‍ കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. പിന്നെയെന്ത്‌ കൃഷ്‌ണമണി!പൊന്നാനി സീറ്റ്‌ ഇടതുമുന്നണിക്ക്‌ ഒരു മുഴുവന്‍ സീറ്റല്ല. അര സീറ്റാണ്‌. പഴയ കണക്കനുസരിച്ചാണെങ്കില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്‌ തോല്‍ക്കുന്ന സീറ്റ്‌. ഇതാണ്‌ പോക്കെങ്കില്‍ ഇത്തവണ അത്‌ കൂടാനേ തരമുള്ളൂ. ചെറിയൊരു നപ്രതീക്ഷ വരാന്‍ കാരണം മനന്ത്രി ഇ.അഹമദ്‌ ഈ സീറ്റ്‌ ഉപേക്ഷിച്ച്‌ മലപ്പുറത്തേക്ക്‌ കടന്നതുകൊണ്ടാണ്‌. ഭൂകമ്പം വരുന്നത്‌ മുന്‍കൂട്ടിയറിയാന്‍ കഴിയുന്ന ചില ജീവികളുള്ളതായി കേട്ടിട്ടുണ്ട്‌. അത്തരം രാഷ്‌ണട്രീയക്കാരുമുണ്ട്‌. കഴിഞ്ഞ തവണ അഹമദ്‌ മഞ്ചേരി വിട്ട്‌ പൊന്നാനിക്ക്‌ പറന്നത്‌ അങ്ങനെയാണ്‌. ഇത്തവണ തിരിച്ചുപറക്കുന്നത്‌ കണ്ടപ്പോഴാവണം ഇടതുപക്ഷത്ത്‌ പൂതിയുണര്‍ന്നത്‌. അഹ്‌മദ്‌ പോകാന്‍ വേറെ വല്ല കാരണവും കാണും.
അങ്ങനെയാണ്‌ സ്വതനന്ത്രസ്ഥാനാര്‍ഥി വേണമെന്ന്‌ ഇടതുമുന്നണി തീരുമാനിച്ചത്‌. വോട്ടെടുപ്പുവരെ ഒരു സ്വാതനന്ത്ര്യവുമില്ലാത്ത സ്ഥാനാര്‍ഥിയെയാണ്‌ സ്വതനന്ത്രസ്ഥാനാര്‍ഥി എന്നുവിളിക്കുക. ജയിക്കുന്നതുവരെ ഏതുസ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ അടിമയായിരിക്കും. ആടാന്‍ പറഞ്ഞാല്‍ ആടും, ചാടാന്‍ പറഞ്ഞാല്‍ ചാടും. എന്നാല്‍ യു.ഡി.എഫുകാര്‍ വടകര, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മുമ്പ്‌ മത്സരിപ്പിച്ച തരം 'കോലീബി' സ്വതനന്ത്രനല്ല ഇടതുസ്വതനന്ത്രന്‍. ഭൂരിപക്ഷമതക്കാരുടെ വോട്ട്‌ ലക്ഷ്യംവെച്ചുള്ള ഒരു അവസരവാദ തട്ടിപ്പാണ്‌ യു.ഡി.എഫുകാരുടേത്‌. നമ്മുടേത്‌ ന്യൂനപക്ഷക്കാരുടെ വോട്ടുമാനത്രം ലക്ഷ്യംവെച്ചുള്ള ഒരു മതേതര മൂല്യാധിഷ്‌ഠിത അടവുതനന്ത്രമാണ്‌.
രണ്ടത്താണിയെ താന്‍ കണ്ടിട്ടേ ഇല്ലെന്നാണ്‌ പിണറായി പറഞ്ഞത്‌. ഇടതു മതേതര നപ്രസ്ഥാനങ്ങളുടെ നാലയലത്ത്‌ വല്ലപ്പോഴുമെങ്കിലും വന്ന ഒരാളെ പിണറായി കാണാതിരിക്കില്ല. രണ്ടത്താണി ഏഴയലത്തും വന്നിട്ടില്ല എന്നുറപ്പ്‌. ജയിക്കാന്‍ പാര്‍ട്ടിതന്നെ വേണമെന്നില്ല ഇക്കാലത്ത്‌. അതുകൊണ്ടാണ്‌ കഴിഞ്ഞതവണ പുന്നനപ്ര വയലാറിന്റെ നാട്ടിലെന്ന പോലെ ഇത്തവണ പൊന്നാനിയില്‍ മതനപ്രഭാഷകനെ സ്ഥാനാര്‍ഥിയാക്കിയത്‌. സ്ഥാനാര്‍ഥിയേതായാലും വോട്ടുള്ള മതമായാല്‍ മതി എന്നതാണ്‌ പുതിയ തത്ത്വം. എന്തുകാര്യം, എന്തെല്ലാം ചെയ്‌താലും സി.പി.ഐ.ക്ക്‌ സംശയം തീരില്ല. സ്ഥാനാര്‍ഥിയെകാണാന്‍ അവര്‍ ഇസ്‌മയിലിനെ അയച്ചു. പയ്യന്‍ പെണ്ണുകണ്ട്‌ തൃപ്‌തിപ്പെട്ടാല്‍ അവന്റെ സഹോദരിമാര്‍ പോയി നോക്കിവേണമല്ലോ മഹിളയ്‌ക്ക്‌ കോങ്കണ്ണും മുടന്തുമൊന്നുമില്ല എന്നുറപ്പിക്കാന്‍. അതിനാണ്‌ ഇസ്‌മയില്‍ പോയത്‌. രണ്ടത്താണിയുടെ സ്‌മൈല്‍ ഇസ്‌മയിലിന്‌ ഇഷ്‌ടപ്പെട്ടില്ല. വിവാഹാനന്തരം മതിലുചാടാന്‍ സാധ്യതയുണ്ടെന്ന സൂചനയും ലഭിച്ചു. അങ്ങനെയാണ്‌ വേറെ ആളെ തിരയാന്‍ തീരുമാനിച്ചത്‌.
സി.പി.ഐ.ക്കാരുടെ ആശങ്ക അസ്ഥാനത്താണെന്ന്‌ പറഞ്ഞുകൂടാ. കഷ്‌ടപ്പെട്ട്‌ വോട്ടുപിടിച്ച്‌ ഒരു സര്‍വതനന്ത്രസ്വതനന്ത്രനെ പാര്‍ലമെന്റിലെത്തിച്ചിട്ട്‌ എന്തുകാര്യം? സ്ഥാനാര്‍ഥി നപ്രചാരണത്തിന്‌ നാലുകാശ്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തുചെലവാക്കില്ല. മുഴുവന്‍ നമ്മള്‍ പിരിച്ചുകൊടുക്കണം. പാര്‍ട്ടിചിഹ്നത്തിലല്ല മത്സരിക്കുന്നതെങ്കില്‍ ജയിച്ചാല്‍ ആള്‍ സര്‍വതനന്ത്രസ്വതനന്ത്രനാവും. ഏത്‌ കക്ഷിയിലേക്കും ചാടാം. രണ്ടത്താണി സ്വതനന്ത്ര എം.പി.യായാല്‍ പത്തുരൂപ ലെവി തരില്ല, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ല. പാര്‍ലമെന്റില്‍ വോട്ടുചെയ്യാന്‍ പാര്‍ട്ടി വിപ്പ്‌ കൊടുത്താല്‍ തുപ്പിക്കളയും. റോഡില്‍കണ്ടാല്‍ കൊഞ്ഞനം കാട്ടിയെന്നുമിരിക്കും. പണ്ട്‌ എം.എസ്‌.എഫ്‌. ആയിരുന്ന ആള്‍ ഇനിയും മുസ്‌ലിം ലീഗ്‌ ആകില്ല എന്നുറപ്പുമില്ല.
ഇന്ത്യയില്‍ ദേശീയജനാധിപത്യമാണോ ജനകീയജനാധിപത്യമാണോ വേണ്ടത്‌ എന്ന ചോദ്യംപോലെ, ശരിയായ വിപ്ലവപാത മെയ്‌ഡ്‌ ഇന്‍ ചൈനയോ അതോ മെയ്‌ഡ്‌ ഇന്‍ സോവിയറ്റ്‌ യൂണിയനോ എന്ന ചോദ്യം പോലെ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പുനരേകീകരണം ഉടനെ വേണമോ ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ മതിയോ എന്ന ചോദ്യം പോലെ..... അല്ലെങ്കില്‍ അതിനേക്കാളെല്ലാം ഗൗരവംകൂടിയ ഭൂഗോളനപ്രശ്‌നമാണ്‌ പൊന്നാനിയില്‍ രണ്ടത്താണി വേണമോ എ.പി.കുഞ്ഞാമു വേണമോ എന്നത്‌. സീറ്റ്‌ അരയായാലും ഫുള്ളായാലും അതില്‍ വിട്ടുവീഴ്‌ചയില്ല. വരുന്നേടത്തുകാണാം.
ആകപ്പാടെ ഒരു നപ്രശ്‌നമേ ഉള്ളൂ. പൊന്നാനി, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്‌ നപ്രദേശങ്ങളില്‍ മാന്യന്മാരൊന്നും റോഡിലിറങ്ങുന്നില്ല. സി.പി.ഐ.ക്കാരെ പേടിച്ചാരും വഴിനടപ്പീല. കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി സ്ഥാനാര്‍ഥിയാക്കിക്കളയും. ഒടുവില്‍ വെളിയംതന്നെ സ്വതനന്ത്രനാകേണ്ടിവരുമോ എന്തോ...

Sunday, March 1, 2009

വെറുതെ കൊതിപ്പിച്ചു

രോ തവണ പിണങ്ങുമ്പോഴും ഞാനെങ്ങോട്ടെങ്കിലും പോയിക്കളയും എന്ന്‌ ഭീഷണിപ്പെടുത്തിപ്പോന്ന ഭാര്യയോട്‌, വെറുതെ കൊതിപ്പിക്കരുതേ എന്ന്‌ ഒരു ഭര്‍ത്താവ്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. പാര്‍ട്ടിയുടെ നവകേരളമാര്‍ച്ചില്‍ പങ്കെടുക്കില്ല ഇല്ല ഇല്ല എന്ന്‌ പറഞ്ഞ മുഖ്യമന്ത്രിയും ഒരുമാസക്കാലം ചെയ്‌തത്‌ ഇതുതന്നെയാണ്‌. പാര്‍ട്ടിയിലെ കുലംകുത്തികളെ മാത്രമാണ്‌ കൊതിപ്പിച്ചതെങ്കില്‍ സാരമില്ലായിരുന്നു. പാര്‍ട്ടിനേതൃത്വത്തെയും കൊതിപ്പിച്ചു, പാര്‍ട്ടിവിരുദ്ധരെയും കൊതിപ്പിച്ചു, മാധ്യമസിന്‍ഡിക്കേറ്റിനെയും കൊതിപ്പിച്ചു.
മുന്തിയ വിമാനം പറത്തിക്കൊണ്ടിരിക്കുന്ന പൈലറ്റിന്‌ ജോലി നഷ്‌ടപ്പെട്ടാല്‍ പറപ്പിക്കാന്‍ കുതിരവണ്ടി സജ്ജമാക്കുന്നതു പോലെ കുലംകുത്തികള്‍ വി.എസ്സിന്‌ നയിക്കാന്‍ പുതിയ പാര്‍ട്ടിയുടെ ഒരു കരടുരൂപം വരെ ഉണ്ടാക്കിവെച്ചതാണ്‌. ശംഖുംമുഖത്തെ സമാപനത്തില്‍കൂടി പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ അത്‌ വി.എസ്‌. എന്ന മുഖ്യമന്ത്രിയുടെ സമാപനമാകുമായിരുന്നു. പിന്നെ വി.എസ്സിന്‌ ആശ്രയം കരടുരൂപം മാത്രവും. വി.എസ്‌്‌. പാര്‍ട്ടിക്ക്‌ പുറത്താകണേ എന്ന്‌ പ്രാര്‍ഥിച്ച്‌ പുന്നപ്ര വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ 101 മെഴുകുതിരി കത്തിച്ചുകാത്തിരിക്കുകയായിരുന്നു അവര്‍.
വെറുതെ കൊതിപ്പിച്ചു.
പഴയ കഥയിലെ കടല്‍ക്കിഴവനെ പേറിയ ആളുടെ അവസ്ഥയിലാണ്‌ രണ്ടര വര്‍ഷമായി പിണറായി ആന്‍ഡ്‌ കോ. ശംഖുംമുഖത്തോടെ തീരും ശല്യമെന്നും ഭാരംതാഴെയിറക്കാമെന്നും അവരും കൊതിച്ചു. മാധ്യമസിന്‍ഡിക്കേറ്റുകാരെയും എസ്‌.എം.എസ്‌. അയയ്‌ക്കുന്ന അരാഷ്ട്രീയക്കാരെയും വിശ്വസിച്ച്‌ കടല്‍ക്കിഴവനെ കയറ്റിയിരുത്തിയ പ്രകാശ്‌ കാരാട്ടന്മാര്‍ക്കുള്ള നല്ല പാഠമാകുമായിരുന്നു അത്‌. അല്ല, അങ്ങനെയൊരു പാഠത്തിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല എന്നതുശരി. പ്രകാശ്‌ കാരാട്ടും പി.ബി.യും ഫിബ്രവരി 14ന്‌ ഔപചാരികമായിത്തന്നെ പിണറായിഗ്രൂപ്പില്‍ ചേര്‍ന്നത്‌ പാഠംപഠിച്ച ശേഷമായിരുന്നല്ലോ. എന്നാലും ഒരാളെ മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ വെറുതെ ഇറക്കിവിടാന്‍ ഇത്‌ കോണ്‍ഗ്രസ്സല്ലല്ലോ. പറയാന്‍ കനമുള്ള ഒരു കാരണം കണ്ടെത്താതെ പറ്റില്ല. മുഴുനീള സസ്‌പെന്‍സ്‌ പടത്തില്‍ അവസാനത്തെ ക്ലൈമാക്‌സ്‌ സീനില്‍ കുതിരപ്പുറത്തുവന്ന്‌ ഇറങ്ങുന്ന നായകനെപ്പോലെയുള്ള വി.എസ്സിന്റെ വരവ്‌ കണ്ടാല്‍ ആര്‍ക്കാണ്‌ ചോര തിളയ്‌ക്കാതിരിക്കുക. കോട്ടയം സമ്മേളനത്തില്‍ 'കുടിച്ചത്‌ വയറ്റില്‍ കിടക്കാത്ത'വരോട്‌ ലൈവ്‌ ആയി കാച്ചിയതുപോലുള്ള നാല്‌ ഡയലോഗ്‌ പിണറായി കാച്ചാതിരുന്നത്‌ വി.എസ്സിന്റെ ഭാഗ്യമെന്ന്‌ കരുതിയാല്‍ മതി.
കാലഹരണപ്പെട്ട പുണ്യവാളന്‍ പോയിക്കിട്ടിയിരുന്നെങ്കില്‍ അടുത്ത രണ്ടര വര്‍ഷമെങ്കിലും ശരിക്കുമൊന്നു ഭരിക്കാമായിരുന്നു. അതിനിപ്പോള്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകണമെന്നൊന്നുമില്ല. കോടിയേരിയുണ്ട്‌. അതുമല്ലെങ്കില്‍ എസ്‌.ആര്‍.പി. നല്ല മൊഞ്ചന്‍ ഷര്‍ട്ടൊക്കെ തയ്‌ച്ച്‌ റെഡിയായി നില്‍ക്കുന്നുണ്ട്‌. എന്താണ്‌ സഖാവിന്റെ യോഗ്യത എന്ന്‌ സംശയിക്കുന്നവരുണ്ട്‌. അറിയാഞ്ഞിട്ടാണ്‌. പണ്ട്‌ തലശ്ശേരിയില്‍ എന്‍.ജി.. യൂണിയന്‍ സഖാവായി പ്രവര്‍ത്തനം തുടങ്ങിയതാണ്‌. തലശ്ശേരിച്ചിട്ടയൊക്കെ അന്നേ നേരില്‍കണ്ടുകാണും, ബാക്കി പറഞ്ഞുകൊടുത്താല്‍ മനസ്സിലാകും. പേരിന്റെ കൂടെ കോടിയേരി, പിണറായി, വയലളം എന്നൊന്നും ചേര്‍ക്കേണ്ട കാര്യമില്ല. ഇനി എസ്‌.ആര്‍.പി. വേണ്ടെങ്കില്‍ ജാഥാ വൈസ്‌ ക്യാപ്‌ടന്‍ .പി. ജയരാജന്‍ ഉണ്ടല്ലോ. എന്തിനും പോരും. സഖാവിനെ മുഖ്യമന്ത്രിയാക്കിയാല്‍ കേരളത്തിലെ സര്‍വപ്രശ്‌നങ്ങളും തീരും. ഭക്ഷണത്തിന്റെ ഭാഗമായി പരിപ്പുവടയ്‌ക്ക്‌ പകരം മൂന്നുനേരം മറ്റേ ദ്രാവകം കൊടുക്കും. റേഷന്‍കട വഴിയായിരിക്കും വിതരണം. ആദ്യമേ ഭക്ഷണത്തോടൊപ്പം വേണ്ടിവരൂ. കുറച്ചുകഴിഞ്ഞാല്‍ ഭക്ഷണം വേണ്ടിവരില്ല. ദ്രാവകം മതിയാകും. സമത്വസുന്ദരസ്വര്‍ഗാവസ്ഥയായിരിക്കും പിന്നീടുള്ള കാലം.
ഒന്നും നടന്നില്ല, വെറുതെ കൊതിപ്പിച്ചു
വി.എസ്‌. പുറത്തായിക്കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ക്കും നല്ല പണിയായേനെ. എം.വി.രാഘവന്‍, കെ.ആര്‍.ഗൗരിയമ്മ തുടങ്ങിയ മുന്‍ മാര്‍ക്‌സിസ്റ്റുകാര്‍ പാര്‍ട്ടിയില്‍നിന്നിറങ്ങി വഴിയാധാരമാകുന്ന വി.എസ്സിനെ സംരക്ഷിക്കാന്‍ സജ്ജരായി നില്‍ക്കുകയായിരുന്നല്ലോ. ഭയങ്കരശക്തികാരണം രണ്ടുപാര്‍ട്ടികള്‍ക്കും പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാന്‍ കഴിയുകയില്ലെന്ന ഒരു പ്രശ്‌നമേ ഉള്ളൂ. എന്നാലും തങ്ങളെ കോലത്തിലാക്കുന്നതില്‍ നല്ല പങ്കുവഹിച്ച ഒരാള്‍ അതിനേക്കാള്‍ മോശം കോലത്തിലാകുന്നത്‌ കാണുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെയാണ്‌. വി.എസ്സിന്‌ ചനമ്രം പടിഞ്ഞിരിക്കാന്‍ ഒരു പഴയ ദേശാഭിമാനിയും മുന്നില്‍ വിരിക്കാന്‍ ഒരു തോര്‍ത്തും സംഘടിപ്പിച്ച്‌ തെരുവോരത്ത്‌ അവര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ പത്തുമണ്ഡലങ്ങളിലെങ്കിലും ഷൊറണൂര്‍മോഡല്‍ തരപ്പെടുത്താന്‍ കഴിഞ്ഞാല്‍ ചില്ലറ നേട്ടമൊന്നുമല്ലല്ലോ. അടുത്ത തിരഞ്ഞെടുപ്പിന്‌ രണ്ടര വര്‍ഷമുണ്ടെന്നതാണ്‌ ഒരു ആശങ്ക. അത്രയും നില്‍ക്കാനുള്ള പെട്രോള്‍ വണ്ടിയില്‍ കാണുമോ എന്ന്‌ സംശയമുണ്ട്‌. നോക്കാം.
എന്നാലും അദ്ദേഹം വന്നില്ല. വെറുതെ കൊതിപ്പിച്ചു.
എന്തായാലും, ഒരു പൊളിറ്റ്‌ ബ്യൂറോ മെമ്പര്‍ പാര്‍ട്ടി നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്തുവെന്നത്‌ വാഷിങ്‌ടണില്‍ ആറ്റംബോംബിട്ടാലെന്നപോലെ സര്‍വമലയാളപത്രങ്ങളും എട്ടുകോളം ചക്കമുഴുപ്പില്‍ കൊടുത്തത്‌ ഗ്രൂപ്പിസത്തിന്റെ ചരിത്രത്തിലെ ലോകറെക്കോഡ്‌ ആണ്‌. പിണറായിയും വി.എസ്സും തലകുത്തി മാര്‍ച്ച്‌ നടത്തിയാലും അത്രയും വലിയ ഹെഡിങ്‌ കിട്ടില്ല. കരുണാകരന്‍ ആന്റണിയെ കണ്ടു...ചിരിച്ചു എന്നൊക്കെ പണ്ട്‌ പത്രത്തില്‍ ഒറ്റക്കോളം വാര്‍ത്തയാണ്‌ വന്നിരുന്നത്‌. എത്ര ഗ്രൂപ്പ്‌ റാലിയും ജാഥയും മാര്‍ച്ചും നടത്തിയിരിക്കുന്നു. എന്തുപ്രയോജനം. ഗ്രൂപ്പ്‌ കളിക്കുന്നതെങ്ങനെയെന്ന്‌ ഇനിയെങ്കിലും കണ്ടുപഠിക്കട്ടെ.
രമേശ്‌ ചെന്നിത്തലയെ ചില റോഡുകളിലെല്ലാം കണ്ടതായി റിപ്പോര്‍ട്ടുണ്ട്‌്‌. അതും മാര്‍ച്ചാണത്രെ. ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ പങ്കെടുക്കുമോ എന്നൊന്നും ചോദിക്കാന്‍ ഒരു പത്രക്കാരന്‍പോലുമില്ല. കേരളരക്ഷായാത്രയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല, സോണിയാഗാന്ധി ഉടന്‍ ഇടപെടും എന്നോ മറ്റോ ഒരു എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്ത ആര്‍ക്കെങ്കിലും ചോര്‍ത്തിക്കൊടുത്ത്‌ ഒരു കൈ നോക്കാമായിരുന്നു. അതുകൊടുക്കാനും വീക്ഷണം തന്നെ വേണ്ടിവരും, വേറെയാര്‍ക്കുണ്ട്‌ താത്‌പര്യം?
എന്തായാലും പൊതുതിരഞ്ഞെടുപ്പുകഴിയുംവരെ സി.പി.എമ്മില്‍ ഓടുന്നത്‌ ആര്‍ട്ട്‌ പടമായിരിക്കും. ഇന്നത്തെ പിണറായി ഡയലോഗിന്‌ ഒരാഴ്‌ച കഴിഞ്ഞാവും വി.എസ്സിന്റെ മറുപടി ഡയലോഗ്‌. പാര്‍ട്ടി ഭരണഘടന നോക്കിവേണം ഓരോന്നും പറയാന്‍. പ്രകാശ്‌ കാരാട്ടിന്‌ മലയാളത്തിലെ പത്തുപതിനഞ്ച്‌ വാക്കുകളേ അറിയൂ. ഒരുവിധപ്പെട്ട അധിക്ഷേപമൊന്നും മനസ്സിലാകില്ല. ഉറുദുകവിത മലയാളത്തില്‍പറഞ്ഞാല്‍ അത്രയും മനസ്സിലാകില്ല. അതുകൊണ്ട്‌ അച്ചടക്കനടപടിയൊന്നും വരില്ല. തിരഞ്ഞെടുപ്പിന്‌ ശേഷം വി.എസ്‌. പൂര്‍വാധികം ശക്തിയോടെ വീണ്ടും വരും. ഇല്ല, ഇല്ല, ഇല്ല എന്ന്‌ പറഞ്ഞ്‌ നാട്ടുകാരെ വെറുതെ കൊതിപ്പിക്കാന്‍.

Followers