സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, July 18, 2011

പുതുജീവനിലേക്ക് പല വഴികള്‍

അന്യജീവനുതകാന്‍ സ്വജീവിതം അവയവദാനം ഇന്ത്യക്കാര്‍ക്ക് ഇനിയും മനസ്സിലാകാത്ത കാര്യമാണെങ്കില്‍ മറ്റു പല രാജ്യങ്ങളിലും അങ്ങനെയേ അല്ല. ജീവദാനം അവര്‍ക്കൊരു ശീലമാണ്



അമേരിക്കന്‍ ഗോള്‍ഫ് താരം എറിക് കോംപ്ടന്റെ സ്‌ട്രോക്കുകള്‍ ഹൃദയമിടിപ്പുപോലെ കണിശമാണ്. കാരണമുണ്ട്. കോംപ്ടന്റെ ആദ്യമത്സരം സ്വന്തം ഹൃദയത്തോടായിരുന്നു. 12-ാം വയസ്സില്‍ കൊച്ചുകോംപ്ടനെ കളിപ്പിക്കാന്‍ തുടങ്ങിയതാണത്. ഹൃദ്രോഗം അവനോട് ജീവിതത്തിന്റെ കളം വിടാന്‍ നിര്‍ദേശിച്ചു. ദാനംകിട്ടിയ ഒരു ഹൃദയം തന്റെ നെഞ്ചില്‍ പിടിപ്പിച്ച് കളിക്കളത്തിലിറങ്ങാനായിരുന്നു കോംപ്ടന്റെ തീരുമാനം. 1992- ലായിരുന്നു അത്. പുതിയ ഹൃദയം 2008 വരെ കോംപ്ടനെ ഒരു ഗോള്‍ഫ് പന്തുപോലെ സജീവമാക്കി നിര്‍ത്തി. ദേശീയ താരമായി അദ്ദേഹം ഉയര്‍ന്നു. എന്നാല്‍ 2008-ല്‍ അതിഥിഹൃദയംപണിമുടക്കി. കോംപ്ടണ്‍ തോറ്റില്ല. അമേരിക്കയെന്ന അവയവദാനരാജ്യം അദ്ദേഹത്തിന് വീണ്ടും ഹൃദയം നല്‍കി. മൂന്നു വര്‍ഷമായി കോംപ്ടന്‍ ഗോള്‍ഫ് പന്തുകള്‍ പായിച്ചുകൊണ്ടേയിരിക്കുന്നു, ജീവിതത്തിലേക്ക്.

അവയവദാനം ഇന്ത്യക്കാര്‍ക്ക് ഇനിയും മനസ്സിലാകാത്ത കാര്യമാണെങ്കില്‍ മറ്റു പല രാജ്യങ്ങളിലും അങ്ങനെയേ അല്ല. ജീവദാനം അവര്‍ക്കൊരു ശീലമാണ്. സ്‌പെയിനിന്റെ കാര്യമെടുക്കാം. കേരളത്തിലേതിനേക്കാള്‍ അല്പം കൂടുതല്‍ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാല്‍, ഇതിനകം ഇവിടെ 3000 ഹൃദയങ്ങള്‍ മരിച്ചവരില്‍നിന്ന് മറ്റുള്ളവരുടെ നെഞ്ചിലെത്തി. ഇന്ത്യയില്‍ രണ്ട് കോടിയില്‍ ഒരാള്‍ മസ്തിഷ്‌കമരണത്തിനുശേഷമുള്ള അവയവദാനത്തിന് തയ്യാറാവുമ്പോള്‍ സ്‌പെയിനില്‍ ഇത് 20,000 ല്‍ ഒരാളാണ്. ഇവിടെ ആന്തരാവയവങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളെ ആശ്രയിക്കേണ്ടതേ ഇല്ല.

ഇനി കേരളത്തിന്റെ കാര്യം നോക്കാം. ഇവിടെ ഓരോ വര്‍ഷവും വൃക്ക കിട്ടാതെ മരിക്കുന്നവര്‍ ഇരുപതിനായിരത്തോളം വരും. അറനൂറിനും എണ്ണൂറിനുമിടയ്ക്ക് വൃക്ക മാറ്റ ശസ്ത്രക്രിയകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഇതില്‍ വിരലിലെണ്ണാവുന്നവയൊഴിച്ചാല്‍ ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരില്‍നിന്ന് വൃക്ക സ്വീകരിച്ചുള്ളവയാണ്. മൂവായിരത്തിലേറെപ്പേര്‍ കേരളത്തില്‍ വാഹനാപകടങ്ങളില്‍ ഓരോ വര്‍ഷവും മരിക്കുന്നു. അതില്‍ വലിയൊരു പങ്കും മസ്തിഷ്‌കമരണം സംഭവിക്കുന്നവരാണ്. ഇവരില്‍നിന്നുള്ള അവയവങ്ങള്‍ ലഭ്യമായാല്‍ത്തന്നെ ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ അവയവമാറ്റ ശസ്ത്രക്രിയകളും ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കാതെത്തന്നെ നടത്താം. എന്നാല്‍, മരണാനന്തര അവയവ ദാനത്തെക്കുറിച്ച് ഇവിടെ എത്രപേര്‍ക്കറിയാം? അറിഞ്ഞാല്‍ത്തന്നെ അതിന് തയ്യാറുള്ളവര്‍ എത്രപേരുണ്ട്?

''മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കളോട് ആന്തരാവയവങ്ങള്‍ മറ്റൊരാള്‍ക്ക് കൊടുക്കാമോ എന്ന് ഞങ്ങള്‍ ചോദിക്കാറുണ്ട്. അവര്‍ ഇത്തരമൊരു കാര്യം ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്'' -അവയവദാനത്തിന് അവസരമൊരുക്കുന്നതിനായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഓര്‍ഗന്‍ പ്രൊക്യൂര്‍മെന്റ് എഡ്യൂക്കേഷന്‍ (ഹോപ്) ഡയറക്ടര്‍ ഡോ. പി. വിജയന്‍ പറയുന്നു. ''ഒരിക്കല്‍ ആസ്പത്രിയില്‍ ഒരു കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചു. കുട്ടിയുടെ കുടുംബത്തിന്റെ അയല്‍വാസിയായ ഒരാള്‍ അതേ ആസ്പത്രിയില്‍ വൃക്ക ആവശ്യമായി അതിഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. അടുത്ത ബന്ധുക്കളോട് നേരിട്ട് ചോദിക്കാനാവാത്തതിനാല്‍ ഡോക്ടര്‍മാരുടെ സംഘം കൂടെ വന്നവരോട് അഭിപ്രായം ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ആസ്പത്രിയില്‍ ഒരു വാര്‍ത്ത പരന്നു. കുട്ടിയുടെ അവയവങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരെ കൂട്ടുപിടിച്ച് അയല്‍വാസികള്‍ ശ്രമിക്കുന്നു എന്നായിരുന്നു അത്. അവയവദാനത്തെക്കുറിച്ച് ആളുകളുടെ അറിവില്ലായ്മയ്ക്ക് ഇരയാവുന്നത് പലപ്പോഴും ഡോക്ടര്‍മാരാണ്. എന്നാല്‍, സംസാരിച്ച് അവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചേ തീരൂ.-'' ഡോക്ടര്‍ വിജയന്‍ പറയുന്നു.

ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്കയില്‍ ഒരു വര്‍ഷം നടക്കുന്നത് മുപ്പതിനായിരത്തോളം അവയവം മാറ്റിവെക്കലാണ്. ഡ്രൈവിങ് ലൈസന്‍സ് എടുക്കുമ്പോള്‍ അവയവദാനസമ്മതപത്രം നല്‍കേണ്ട രാജ്യമാണ് അമേരിക്ക. യുദ്ധം തളര്‍ത്തിയ ഇറാനും പറയാനുണ്ട് അവയവ ദാനത്തിന്റെ കഥകള്‍. ഇവിടെ അവയവങ്ങള്‍ ആവശ്യമുള്ളവര്‍ കാത്തിരിക്കേണ്ടതില്ല. അവയവം നല്‍കാനുദ്ദേശിക്കുന്നത് ജീവിച്ചിരിക്കുമ്പോഴായാലും മരണശേഷമായാലും സര്‍ക്കാര്‍ നേരിട്ട് ഇതിന് സൗകര്യമുണ്ടാക്കിത്തരും. പല പാശ്ചാത്യ രാജ്യങ്ങളും അവയവലഭ്യത സാധ്യമാക്കിയത് നിയമം വഴിയാണ്. അവയവദാനസമ്മതപത്രം നല്‍കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന രീതിയാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി സ്വീകരിച്ചിരിക്കുന്നത്.

ഫലപ്രദമായ മറ്റൊരു വഴിയുണ്ട്. അതനുസരിച്ച് നിങ്ങള്‍ സ്വാഭാവികമായും ഒരു അവയവദാതാവാണ്. മസ്തിഷ്‌ക മരണമാണ് സംഭവിക്കുന്നതെങ്കില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും നിങ്ങളുടെ അവയവങ്ങള്‍ മറ്റൊരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായി മാറ്റിവെക്കപ്പെടും. ആ മഹത് കര്‍മത്തിന് തയ്യാറല്ലെങ്കില്‍ മാത്രമാണ് അറിയിക്കേണ്ടത്. എന്തുകൊണ്ട് തയ്യാറല്ലെന്ന് കാണിക്കുന്ന വിസമ്മതപത്രം നല്‍കണം. വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നത് തടയാന്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമില്ല. സ്‌പെയിനും സിംഗപ്പൂരും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ഭാഗ്യവാന്മാരായ രോഗികള്‍ക്കുവേണ്ട അവയവങ്ങള്‍ കണ്ടെത്തുന്നത് ഇങ്ങനെയാണ്. ഈ രീതി സ്വീകരിച്ചതോടെ അവയവദാനത്തിന്റെ എണ്ണം ഇരട്ടിവരെ ഉയര്‍ന്നു.
ഇനിയുള്ളത് പൂര്‍ണ നിര്‍ബന്ധിത അവയവ ദാനമാണ്. ഇതില്‍ വിസമ്മതപത്രം വെറുതേ നല്‍കിയാല്‍ പോര. അത് കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുക കൂടി വേണം. ഓസ്‌ട്രേലിയയും ബെല്‍ജിയവും സ്വീകരിച്ചിരിക്കുന്നത് ഈ രീതിയാണ്. അവയവങ്ങള്‍ കിട്ടാന്‍ പ്രയാസമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍ എപ്പോഴുമോര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നല്‍കാന്‍ തയ്യാറുള്ളവനുമാത്രമേ ഇവിടെ അവയവങ്ങള്‍ ലഭിക്കാനും അര്‍ഹതയുള്ളൂ. വിസമ്മതപത്രം നല്‍കിയ ഒരാള്‍ പിന്നീട് ആന്തരാവയവം ആവശ്യമുള്ള അവസ്ഥയിലായാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. കാത്തിരിപ്പ് പട്ടികയില്‍ ഏറ്റവും അവസാനസ്ഥാനം മാത്രമേ അയാള്‍ക്ക് നല്‍കൂ.

നിയമംകൊണ്ട് മാത്രമാണ് ഈ രാജ്യങ്ങള്‍ ഇതെല്ലാം നടത്തിയെടുക്കുന്നതെന്ന് കരുതേണ്ട. സുസജ്ജമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ് ഇതിന്റെ ആണിക്കല്ല്. സ്‌പെയിന്‍ തന്നെയാണ് ഇവിടെയും മാതൃക. ആസ്പത്രികളിലെ ഐ.സി.യു.കളില്‍ ദിനവും പരിശോധന നടത്തിയാണ് സ്‌പെയിന്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഫൗണ്ടേഷന്‍ അവയവദാതാക്കളെ കണ്ടെത്തുന്നത്.
ഇനി ഇന്ത്യയിലേക്ക് വരാം. ഇവിടെ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നത് മരണം മാത്രമാണ്. അയല്‍ രാജ്യമായ പാകിസ്താനിലും സ്ഥിതി മറിച്ചല്ല. എന്നാല്‍, എറ്റവും സങ്കടകരമായ വസ്തുത മറ്റൊന്നാണ്. മരണം കാത്തിരിക്കുന്നവര്‍ക്ക് അവയവങ്ങള്‍ കിട്ടാനില്ലെങ്കിലും ലോകത്തെ വൃക്കക്കച്ചവടക്കാരില്‍ മുന്‍നിരയിലാണ് ഇരു രാജ്യങ്ങളും.
എന്നാല്‍, നിര്‍ബന്ധിത അവയവ ദാനം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പെട്ടെന്നെടുക്കാവുന്ന തിരുമാനമല്ല. വിശ്വാസത്താലും വികാരത്താലും നിയന്ത്രിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നാണ് ഉചിതമായ തിരുമാനമുണ്ടാകേണ്ടത്. മസ്തിഷ്‌ക മരണം തീരുമാനിക്കുന്നതിനുള്ള കമ്മിറ്റിയുടെ ആധികാരികതയും വിശ്വാസ്യതയും ജനങ്ങള്‍ക്ക് ബോധ്യം വരികയും വേണം. എന്നാല്‍, ഇതൊന്നും അവയവദാനത്തില്‍നിന്ന് പുറം തിരിഞ്ഞുനില്‍ക്കാനുള്ള കാരണങ്ങളാവരുത്.


ഇന്ത്യയില്‍ ഇല്ലാത്ത കാത്തിരിപ്പ് പട്ടിക


അവയവങ്ങള്‍ ആവശ്യമുള്ളവരുടെ കാത്തിരിപ്പ് പട്ടികയാണ് ആദ്യം വേണ്ടത്. മരണം വിധിച്ച അവയവത്തിന് പകരം മറ്റൊന്ന് കാത്തിരിക്കുന്നവരുടെ പട്ടികയാണ് ഇത്. അവയവങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ആളുകള്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നു. അവയവങ്ങള്‍ കിട്ടുന്ന മുറയ്ക്ക് ഈ പട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കും.
പാശ്ചാത്യ രാജ്യങ്ങളിലെല്ലാം കാത്തിരിപ്പ് പട്ടിക നിലവിലുണ്ട്. ഇന്ത്യയില്‍ സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു സംവിധാനമുണ്ടാക്കിയിട്ടില്ല. ഇവിടെ അവയവങ്ങള്‍ കാത്തുകഴിയുന്നവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഒരു വഴിയുമില്ല. ആരോഗ്യവിദഗ്ധരുടെ സന്നദ്ധസംഘടനകള്‍ ചില ആസ്പത്രികള്‍ കേന്ദ്രീകരിച്ച് അവിടെയെത്തുന്ന രോഗികളില്‍നിന്ന് ഇങ്ങനെയൊരു പട്ടിക ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ ഇതിന് പ്രത്യേക സംവിധാനമുണ്ടാക്കിയാലേ അവയവം ആവശ്യമുള്ളവരെ മുഴുവന്‍ ഈ പട്ടികയില്‍ കൊണ്ടുവരാനാവൂ.
ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകള്‍ തയ്യാറാക്കുന്നത് ആനുപാതിക രീതി സ്വീകരിച്ചാണ്. വികസിത രാഷ്ട്രങ്ങളില്‍ അവയവം ആവശ്യമുള്ളവരുടെ കണക്കുകളുണ്ട്. അവിടത്തെ ജനസംഖ്യ, ആരോഗ്യനിലവാരം എന്നിവ നമ്മുടെ നാട്ടിലേതുമായി താരതമ്യം ചെയ്താണ് ഇവിടെ ഏകദേശ കണക്കുണ്ടാക്കുന്നത്. രോഗികളില്‍ വലിയൊരു പങ്കും ആസ്പത്രി സേവനങ്ങള്‍ കിട്ടാതെ മരിക്കുന്ന ഇന്ത്യയില്‍ ഈ കണക്കിലും ഭീകരമാണ് കാര്യങ്ങള്‍.

സമ്മതപത്രം, ജീവദാനപത്രം


മരണം ഏതുവഴി, എപ്പോള്‍ വരുമെന്നത് തീര്‍ത്തും അജ്ഞാതം. മസ്തിഷ്‌ക മരണമായിരിക്കുമോ സംഭവിക്കുക എന്നത് മുന്‍കൂട്ടി പ്രവചിക്കാനാവുന്ന കാര്യമല്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം; മരണാനന്തരം എത്രപേര്‍ക്ക് ജീവന്‍ പകരണമെന്ന്. സര്‍ക്കാര്‍ തലത്തില്‍ സമ്മതപത്രം സ്വീകരിക്കുന്നതിന് സംവിധാനമില്ലാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിച്ച് സമ്മതപത്രം നല്‍കാം.
അവയവ ദാതാവാകാന്‍ ആഗ്രഹിക്കുന്ന ആളുടെ എല്ലാ വിവരങ്ങളും ഏതെല്ലാം അവയവങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമ്മതപത്രമാണ് നല്‍കേണ്ടത്. ഇതിന് രണ്ടു സാക്ഷികള്‍ വേണം. അതില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കുകയും വേണം. സമ്മതപത്രം നല്‍കിക്കഴിഞ്ഞാല്‍ മരണശേഷം അയാളുടെ ആഗ്രഹം നടത്തിക്കൊടുക്കേണ്ടത് ബന്ധുക്കളുടെ ചുമതലയാണ്. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെടും മുമ്പ് രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് പറഞ്ഞിരിക്കണം. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ ഇത് എപ്പോഴും പ്രായോഗികമായിരിക്കണമെന്നില്ല. ഓര്‍ക്കുക, തെളിഞ്ഞ ബുദ്ധിയോടും ആരോഗ്യമുള്ള ശരീരത്തോടുമിരിക്കുന്ന കാലത്തുതന്നെ ചിന്തിച്ച് തീരുമാനിക്കുക. മരിച്ചു മണ്ണോട് ചേരേണമോ, പുതിയ ജീവനായി മാറേണമോ എന്ന്.

No comments:

Followers