സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, August 10, 2010

ജോലിക്കിടയിലെ അപകടങ്ങളില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം?

മുരളി തുമ്മാരുകുടി

സുരക്ഷയെക്കുറിച്ചുള്ള ലേഖനത്തിന്റെ അവസാന മിനുക്ക് പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആലപ്പുഴയില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായുള്ള വാര്‍ത്ത വരുന്നത്. ആളുകളുടെ മരണത്തേക്കാള്‍ വലിയ ദുരന്തമുണ്ടെങ്കില്‍ അത്, ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നിട്ടും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഒരുതരത്തില്‍, സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ മരണം നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല കേരളത്തില്‍ എല്ലാ വര്‍ഷവും മരിച്ചുകൊണ്ടിരിക്കുന്നത്. പുല്ല് വെട്ടുന്നത് പോലുള്ള സാധാരണ ജോലികളിലേര്‍പ്പെടുമ്പോഴും മരണമുണ്ടാകുന്നു(പാമ്പ് കടിച്ചും മറ്റും). ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലൈന്‍മാന്‍മാര്‍, താല്കാലികമായി ഉണ്ടാക്കിയ മുളക്കെട്ടുകളില്‍ നിന്ന് പണിയെടുക്കുമ്പോള്‍ വീണ് മരിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ കെട്ടിടം ഒന്നായി ഇടിഞ്ഞുവീണ് മരിക്കുന്ന തൊഴിലാളികള്‍, പഴയ കിണറുകള്‍ വൃത്തിയാക്കുമ്പോള്‍ ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് മരിക്കുന്ന തൊഴിലാളികള്‍, സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടത്തില്‍ മരിക്കുന്നവര്‍, പെട്രോള്‍ ടാങ്കുകള്‍ സ്ഥാപിക്കുമ്പോള്‍ മരിക്കുന്ന വെല്‍ഡര്‍മാര്‍ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങള്‍ തൊഴിലിനിടയില്‍ അപകട സാധ്യത കൂടുതലുള്ളവരാണ്.
തങ്ങള്‍ അറിയാതെത്തന്നെ മരണത്തിനിടയാക്കുന്ന അപകടങ്ങളും ജോലിയ്ക്കിടയിലുണ്ടാകാറുണ്ട്. ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കം അര്‍ബുദ രോഗത്തിന് കാരണമാകാം. പെട്രോള്‍ പമ്പില്‍ ഹൈഡ്രോ കാര്‍ബണിന്റെ ചെറിയ ഡോസുകള്‍ ഏല്ക്കുന്ന തൊഴിലാളികള്‍ക്ക് അര്‍ബുദമോ മറ്റ് രോഗങ്ങളോ വരാം. ലെഡ് ആസിഡ് ബാറ്ററികളുമായി ബന്ധപ്പെട്ട തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ലെഡിന്റെ വിഷാംശമേല്‍ക്കാനിടയുണ്ട്. രാസപദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ഭാവിയില്‍ ചെറിയ അളവിലെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. നിര്‍ഭാഗ്യവശാല്‍ ആന പാപ്പാനെ കുത്തിക്കൊല്ലുന്നത് പോലെ പ്രത്യക്ഷത്തില്‍ത്തന്നെ ജോലിയിലെ അപകടവും മരണവും തമ്മിലുള്ള ബന്ധം ഇത്തരം സാഹചര്യങ്ങളില്‍ കാണാനാകില്ല. ഇതിന്റെ ഫലമായി പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങളോ പ്രതികരണങ്ങളോ ഉണ്ടാകാറില്ല. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയുമില്ല. (കാരണം മിക്കപ്പോഴും മരണം സംഭവിക്കുന്നത് തൊഴിലാളി വിരമിച്ചതിന് ശേഷമാകും. അഥവാ ജോലിയിലിരിക്കുമ്പോള്‍ത്തന്നെ മരണം സംഭവിച്ചാലും അതിന് ജോലിയുമായുള്ള ബന്ധം തെളിയിക്കാനുമാകില്ല). ഇൗ അനുഭവങ്ങളില്‍ നിന്ന് ആരും ഒന്നും പഠിക്കുകയുമില്ല. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഈ തൊഴില്‍മേഖലയില്‍ അപകട സാധ്യത കാരണമുള്ള വേതനവര്‍ദ്ധന തൊഴിലാളികള്‍ക്ക് ലഭിക്കുന്നുമില്ല.ഒരു ജോലിയുടെ ഏറ്റവും ദുരന്തപൂര്‍ണമായ വേതനം തീര്‍ച്ചയായും മരണം തന്നെയാണ്. എന്നാല്‍ ഇതില്‍ കുറഞ്ഞ ചില അപകടങ്ങളും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകാറുണ്ട്. ഐ.ടി. മേഖലയിലെപ്പോലെ ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവര്‍ക്കും ദീര്‍ഘനേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ക്കും കൈകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും(ഉദാ: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍) എല്ലാം ജോലിയുമായി ബന്ധപ്പെട്ട് രോഗങ്ങളുണ്ടാകാം. സത്യം പറഞ്ഞാല്‍, ഓരോ ജോലിയും കൃത്യമായ വിശകലനത്തിന് വിധേയമാക്കിയാല്‍ എല്ലാത്തിനും അതിന്റേതായ അപകടങ്ങളുണ്ടെന്ന് മനസ്സിലാക്കാനാവും. ചിലത് പെട്ടന്ന് സംഭവിക്കുന്നതും ഗുരുതരവുമായിരിക്കും. മറ്റ് ചിലത് ദീര്‍ഘകാലത്തിന് ശേഷവും അത്രതന്നെ ഗുരുതരമല്ലാത്തതുമായിരിക്കുമെന്ന് മാത്രം.ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്നുമുള്ള രക്ഷാമാര്‍ഗങ്ങളെക്കുറിച്ച് നമ്മുക്കുള്ള അറിവ് മികച്ചതല്ല. ജോലിയുടെ അപകടങ്ങളെക്കുറിച്ചുള്ള ധാരണയുള്ളപ്പോള്‍ത്തന്നെ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നു(ഉദാഹരണത്തിന് ഇലക്ട്രീഷ്യന്‍മാര്‍). നിങ്ങള്‍ക്ക് ചീഞ്ഞ തക്കാളിയെ പേടിയാണെങ്കില്‍ മിമിക്രി കലാകാരനാകാതിരിക്കുക എന്ന സമീപനമാണ് ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനോടുള്ള നമ്മുടെ സമീപനവുമെന്ന് തോന്നുന്നു.ഇതായിരിക്കരുത് നമ്മുടെ സമീപനം. ജോലിയ്ക്കിടയിലെ അപകടം പൂര്‍ണമായും ഒഴിവാക്കാനാകാത്തതാണെങ്കിലും ജോലിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളെ ഒരു പരിധിവരെ കൈകാര്യം ചെയ്യാനാകും. വികസിത രാജ്യങ്ങളില്‍ അത്തരം അപകട സാധ്യതകളെ ജോലിയുടെ രൂപകല്പനയിലൂടെയും പരിശീലനത്തിലൂടെയും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെയും ഇല്ലാതാക്കാന്‍ കാര്യമായ ശ്രമം നടക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രീഷ്യന്‍മാര്‍ റിപ്പയര്‍ ജോലി ചെയ്യുന്ന സെക്ഷനിലേയ്ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് വൈദ്യുതിയുമായി ബന്ധപ്പെട്ട 99 ശതമാനം അപകടങ്ങളും ഇല്ലാതാക്കാം. താല്കാലിക മുളക്കെട്ട് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളികളുടെ ശരീരത്തില്‍ ഒരു കയര്‍ കെട്ടി തെന്നി വീഴുന്നതില്‍ നിന്നും മുളക്കെട്ട് തകര്‍ന്ന വീഴുമ്പോഴുണ്ടാകുന്ന അപകടത്തില്‍ നിന്നും അവരെ രക്ഷിക്കാം.ജോലിസ്ഥലത്തെ അപകടങ്ങളെ എങ്ങിനെ തിരിച്ചറിയാമെന്നും തൊഴിലുടമ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കിലും അവ എങ്ങിനെ തരണം ചെയ്യാമെന്നും പരിശോധിക്കാം. ചില സമയത്ത് ചില രക്ഷാമാര്‍ഗങ്ങള്‍ ഒരുക്കണമെന്ന് നിങ്ങള്‍ക്ക് തൊഴിലുടമയോട് ആവശ്യപ്പെടാനാകും. സ്വന്തം സുരക്ഷ സ്വന്തം കൈകളില്‍ എന്ന തത്വത്തിന്റെ ഭാഗമാണ് അതും.1997ല്‍ എന്റെ അച്ഛന് 'മെസോതെലിയോമ' എന്ന രോഗമാണെന്ന് കണ്ടെത്തിയത് ജോലി സ്ഥലത്തെ അപകടങ്ങളെക്കുറിച്ചുള്ള എന്റെ അ നുഭവമാണ്. ആസ്ബറ്റോസുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുണ്ടാകുന്ന ഒരുതരം അര്‍ബുദമാണ് 'മെസോതെലിയോമ'. ഇത് ഏറെ ഗുരുതരവും പെട്ടെന്ന് വ്യാപിക്കുന്നതും അസഹ്യമായ വേദനയുളവാക്കുന്നതുമാണ്. ചികിത്സയോട് ഒരു തരത്തിലും പ്രതികരിക്കുകയില്ല എന്നതും ഈ രോഗത്തിന്റെ ദുരന്തമാണ്. രോഗമിതാണെന്ന് അറിഞ്ഞ് ഒരു മാസത്തിനുള്ളില്‍ത്തന്നെ എന്റെ അച്ഛന്‍ മരിച്ചതുകൊണ്ട് അധികം വേദന അനുഭവിക്കേണ്ടിവന്നില്ല.വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ 'മെസോതെലിയോമ'യെക്കുറിച്ച് കൂടുതല്‍ വായിച്ചപ്പോഴാണ് അച്ഛന്‍ ഏതോ സന്ദര്‍ഭത്തില്‍ ആസ്ബറ്റോസുമായി അടുത്ത് ഇടപഴകിയിട്ടുണ്ടാകുമെന്ന് മനസ്സിലായത്. ഒരു ശാസ്ത്രജ്ഞന്റെ പ്രകൃതമുള്ള ഞാന്‍ എവിടെയാണ് അപകടമുണ്ടായതെന്ന് മനസ്സിലാക്കാനായി അദ്ദേഹത്തിന്റെ ജീവിതചക്രം പൂര്‍ണമായും പഠിച്ചു. വൈക്കോല്‍ കൊണ്ടുള്ള മേല്‍ക്കൂരയുള്ള ഒരു വീട്ടിലാണ് ജനിച്ചതെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം പഠിച്ച സ്‌കൂളിന്റെ മേല്‍ക്കൂര ഓടിട്ടതായിരുന്നു. തൊഴില്‍ ജീവിതത്തില്‍ അദ്ദേഹം ഒരിക്കലും ആസ്ബറ്റോസുമായി ബന്ധപ്പെട്ടിട്ടില്ല. അച്ഛന്റെ കമ്പനി ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍ക്കൂരയോ ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരയോ ആസ്ബറ്റോസ് കൊണ്ടുള്ളതായിരുന്നില്ല. ഇതൊക്കെയാണെങ്കിലും 'മെസോതെലിയോമ'യും ആസ്ബറ്റോസുമായുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും തര്‍ക്കരഹിതവുമാണ്. അമേരിക്കയില്‍ നിങ്ങള്‍ക്ക് 'മെസോതെലിയോമ' ആണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അഭിഭാഷകര്‍ നിങ്ങളുടെ കേസ് ഏറ്റെടുക്കുകയും ജീവിതത്തില്‍ ഏത് ഘട്ടത്തിലാണ് ആസ്ബറ്റോസുമായി ഇടപഴകേണ്ടി വന്നതെന്ന് മനസ്സിലാക്കി നഷ്ടപരിഹാരം വാങ്ങിത്തരുകയും ചെയ്യും. ആസ്ബറ്റോസുമായി ബന്ധപ്പെട്ട ബാധ്യതകള്‍ മൂലം വലിയ കമ്പനികള്‍ പാപ്പരായിട്ടുണ്ട്! നൂറ്റാണ്ടോളം പഴക്കമുള്ള എ.ബി.ബി കമ്പനി ഒരു ആസ്ബറ്റോസ് കേസുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതാണ്.അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കുറ്റക്കാരനാക്കുകയോ നഷ്ടപരിഹാരം നേടിയെടുക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. എന്നാല്‍ ജോലിസംബന്ധമായ കൗതകം അച്ഛനും ആസ്ബറ്റോസുമായുള്ള ബന്ധത്തിന് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചു.മിക്ക വികസിത രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുള്ള ആസ്ബറ്റോസ് കേരളത്തില്‍ നിരോധിച്ചിട്ടില്ലെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ആസ്ബറ്റോസിന്റെ അപകടത്തെക്കുറിച്ചറിയില്ല എന്നത് ദുരന്തം പൂര്‍ണമാക്കുന്നു. മേല്‍ക്കൂര പണിയുന്നത് തൊട്ട് താപകവചത്തിന് വരെ നൂറ് കണക്കിന് ആവശ്യങ്ങള്‍ക്കാണ് ഇവിടെ ആസ്ബറ്റോസ് ഉപയോഗിക്കുന്നത്. ശ്വസത്തിലൂടെ ആസ്ബറ്റോസ് നാരുകള്‍ ശ്വാസകോശത്തിലെത്തുകയും ദീര്‍ഘകാലം അവിടെ പറ്റിപ്പിടിക്കുകയും ചെയ്യും. ഒരൊറ്റ തവണ ആസ്ബറ്റോസ് നാരുകളുമായി ഇടപെട്ടാല്‍ തന്നെ 'മെസോതെലിയോമ' ഉണ്ടാകാം. അതും മുപ്പതോ നാല്പതോ വര്‍ഷത്തിന് ശേഷം. അപ്പോള്‍ ഇതുമായി കൂടുതല്‍ ബന്ധം പുലര്‍ത്തും തോറും അപകടം കൂടുന്നു. അതുകൊണ്ട് ഒരിക്കല്‍ ആസ്ബറ്റോസുമായി ബന്ധപ്പെട്ട ഒരാളെക്കാള്‍ നിരന്തരം ആസ്ബറ്റോസുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആള്‍ക്ക് അപകടം കൂടും. ഷീറ്റുകളിലും പൈപ്പുകളിലുമുള്ള സിമന്റ് കൊണ്ട് പൊതിഞ്ഞിട്ടുള്ള ആസ്ബറ്റോസ് നാരുകളാണ് അപകടകാരികള്‍. ഈ പൈപ്പുകള്‍ മുറിക്കുകയോ തുളക്കുകയോ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് അദൃശ്യമായ ആസ്ബറ്റോസ് നാരുകളാണ് പുറത്തുവിടുന്നത്. ഇതാണ് അപകടം ചെയ്യുന്നത്. ഞാന്‍ ജോലി ചെയ്തിട്ടുള്ള പല രാജ്യങ്ങളിലും ആസ്ബറ്റോസ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ആസ്ബറ്റോസിനെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ വളരെ ലളിതമായ ഒരു പരീക്ഷണമാണ് ഞാന്‍ നടത്താറുള്ളത്. ഏതെങ്കിലും കടയില്‍ക്കയറി പകുതി ആസ്ബറ്റോസ് ഷീറ്റ് ലഭിക്കുമോയെന്ന് ഞാന്‍ തിരക്കും. ഒരു ആസ്ബറ്റോസ് ഷീറ്റ് രണ്ടാക്കി തരാന്‍ തയ്യാറുള്ള ആരും ഇതിന്റെ അപകടത്തെക്കുറിച്ച് ബോധവാന്‍മാരല്ലെന്ന് എനിക്ക് മനസ്സിലാകും. അടുത്ത തവണ നിങ്ങളുടെ അടുത്തുള്ള കടയില്‍ ചെന്ന് ഇത് പരീക്ഷിച്ചുനോക്കുക.ജോലിക്കിടയിലെ അപകടങ്ങളില്‍ പ്രധാനിയായാണ് ഇപ്പോള്‍ ആസ്ബറ്റോസിനെ കണക്കാക്കുന്നത്. ഇതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് കൃത്യമായ നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. യു.കെയില്‍ ആസ്ബറ്റോസ് ഉള്‍പ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്പോള്‍ ഒരു ആസ്ബറ്റോസ് വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിച്ച് പൊളിക്കാനുള്ള കെട്ടിടം മറ്റുള്ളവയില്‍ നിന്ന് മറച്ചുകെട്ടുന്നു. അയല്‍ക്കാര്‍ക്ക് കെട്ടിടം പൊളിക്കുന്നതിനെക്കുറിച്ച് മുന്‍കൂട്ടി നോട്ടീസ് നല്‍കും. കെട്ടിടത്തിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ വെള്ളം തളിച്ച് നനക്കും. കെട്ടിടം പൊളിക്കുന്ന തൊഴിലാളികള്‍ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കവറുകളും മുഖം മൂടികളും ധരിച്ചാണ് പണിയെടുക്കുക. കെട്ടിടത്തില്‍ നിന്ന് പൊളിച്ചെടുക്കുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ബാഗില്‍ നിക്ഷേപിക്കുന്നു. ഈ ബാഗ് മറ്റൊരു ബാഗില്‍ നിറയ്ക്കുന്നു. ഈ ആസ്ബറ്റോസ് ഷീറ്റുകള്‍ പിന്നീട് ഇത് കളയാനായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു. അവസാനമായി നിങ്ങള്‍ക്ക് ആസ്ബറ്റോസുമായി ബന്ധപ്പെടേണ്ടി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന ഇപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.കേരളത്തിലുള്ള എല്ലാ ജോലികളുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ അപകടങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പരാമര്‍ശിക്കുക അസാധ്യമാണ്. നിങ്ങളുടെ ജോലിയെ പൊതുവായി നിങ്ങള്‍ എങ്ങിനെയാണ് സമീപിക്കേണ്ടത്, എന്തൊക്കെയാണ് അപകടങ്ങളെന്ന് എങ്ങിനെയാണ് തിരിച്ചറിയേണ്ടത്, ഇതിന് ഏതെല്ലാം തരത്തിലുള്ള മുന്‍കുതലുകളാണെടുക്കേണ്ടത്(ഇന്‍ഷൂറന്‍സ് അടക്കമുള്ളവ), തൊഴിലുടമയോട് ജോലി സുരക്ഷിതമാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

പ്രധാനമായും കൈക്കൊള്ളേണ്ട നടപടികള്‍1. അപകടം തിരിച്ചറിയുക

2. സുരക്ഷിതമായ ജോലി പരിശീലനം

3. വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍

4. നേരിടേണ്ടതിനെക്കുറിച്ചുള്ള ആസൂത്രണം

5. അപകടത്തെക്കുറിച്ചുള്ള വിനിമയം

അപകടം തിരിച്ചറിയല്‍ഒരാളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രത്യേക അപകടങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാല്‍ പാതി ജയിച്ചു. ഇത് എല്ലായ്‌പ്പോഴും പ്രകടമായിരിക്കില്ല. നേരത്തെ പറഞ്ഞതുപോലെ, ചില സാഹചര്യങ്ങളില്‍ (ആനപാപ്പാന്റേതു പോലെ) അപകടം എപ്പോഴും കൂടെയുള്ളതായിരിക്കും. എന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ സൂക്ഷിച്ചിരുന്ന മുറിയില്‍ത്തന്നെയാണ് റേഷന്‍ കട ഉടമസ്ഥനും ഇരുന്നിരുന്നത്. ഇരിപ്പിടത്തിന് പിറകിലുള്ള മണ്ണെണ്ണ വീപ്പകളില്‍ നിന്ന് ഉയരുന്ന ധൂപം ഒരു ദിവസം തന്റെ ജീവനെടുക്കുമെന്ന് അയാള്‍ ഒരിക്കലും മനസ്സിലാക്കിയില്ല. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? അപകടം തിരിച്ചറിയാന്‍ വളരെ ലളിതമായ ഒരു സമീപനമാണ് താഴെ വിവരിക്കുന്നത്.1. നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കുക: മിക്ക സാഹചര്യങ്ങളിലും നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്നതുതന്നെ ഒരു അപകടമാണ്. ഉദാഹരണത്തിന് ഒരു കള്ള് ചെത്തുകാരന് ഉയരമാണ് ഏറ്റവും വലിയ അപകടം. നിങ്ങളുടെ ജോലി സ്ഥലത്തെ ഘടനാപരമായി ശ്രദ്ധിച്ചാല്‍ അതുമായി ചേര്‍ന്നുതന്നെ നിരവധി അപകടങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.2. നിങ്ങളുടെ ജോലി സ്ഥലത്തിന് ചുറ്റും എന്താണുള്ളതെന്ന് ശ്രദ്ധിക്കുക: ചില സമയത്ത് നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലമല്ല, മറിച്ച് അതിന് ചുറ്റുമുള്ള കാര്യങ്ങളാണ് നിങ്ങളെ അപകടത്തിലാക്കുന്നത്. കിണര്‍ നന്നാക്കുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും കാലങ്ങളായി കിണറിനുള്ളില്‍ കെട്ടിക്കിടക്കുന്ന വിഷവാതകം അപകടമാണ്. പുല്ല് വെട്ടാന്‍ പോകുന്നവര്‍ക്ക് അപകടം പാമ്പുകളായിരിക്കും. മിക്ക സാഹചര്യങ്ങളിലും ഇത് മുന്‍കൂട്ടി കാണാന്‍ കഴിയുന്നവയാണ്.3. നിങ്ങളുടെ ജോലി ഉപകരണങ്ങള്‍ ശ്രദ്ധിക്കുക: പലപ്പോഴും ഉപകരണങ്ങള്‍ അപകടമുണ്ടാക്കാം. കശാപ്പുകരാന് കത്തിയും ആധുനിക ആശാരിയ്ക്ക് ഇലക്ട്രിക്ക് ഡ്രില്ലും ഇതിന് ഉദാഹരണമാണ്.4. എന്തുമായാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക: വൈദ്യതി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഒരു വയറിന്റെ ഇന്‍സുലേഷന്‍ ഒരു പ്ലേയര്‍ ഉപയോഗിച്ച് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും വൈദ്യതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഒരു വയറിന്റെ ഇന്‍സുലേഷന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും വ്യത്യസ്തമാണ്. എണ്ണ വിതരണം ചെയ്യുന്ന പൈപ്പ് ലൈനില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ എത്രയോ സുരക്ഷിതമാണ് വെള്ളത്തിനായുള്ള പൈപ്പ് ലൈനില്‍ ജോലി ചെയ്യുന്നത്.5. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക: എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്നതും അപകടമുണ്ടാക്കാം. ചുമട്ടുതൊഴിലാളി എങ്ങിനെയാണ് ചുമട് എടുക്കുന്നതെന്നും ഇറക്കുന്നതെന്നും വലിയ അപകടം പതിയിരിക്കുന്ന കാര്യമാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളിനെ സംബന്ധിച്ചിടത്തോളം ദീര്‍ഘനേരം നില്‍ക്കുന്നതും ഇരിക്കുന്നതും വലിയ വെല്ലുവിളിയാണ്.6. നിങ്ങളോടൊപ്പം ആരാണ് ജോലി ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക: കഴിവില്ലാത്തവരും അനുഭവജ്ഞാനമില്ലാത്തവരുമായ സഹപ്രവര്‍ത്തകര്‍ എപ്പോഴും അപകടത്തിന് കാരണമാകും. മരം മുറിക്കുന്ന ഒരാള്‍ പണി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ എപ്പോഴാണ് മരം മുറിഞ്ഞുവീഴുക എന്നത് ശ്രദ്ധിക്കാന്‍ അത് പരിചയമില്ലാത്ത ഒരാളെ ഏല്പിച്ചാലുണ്ടാകുന്ന ഫലം ഇതിന് ഉദാഹരണമാണ്. നിങ്ങള്‍ സ്വയം വലിയൊരു അപകടത്തിലകപ്പെടുകയാണ് ചെയ്യുന്നത്.ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയും എന്നാല്‍ സാധാരണമായതുമായ ജോലികളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ സംഘടിതമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്കരണം നടത്തിയിട്ടുണ്ടാകുമെന്ന് കരുതാമോ ? ഇല്ലെന്നാണ് എന്റെ അനുമാനം. (ഉദാഹരണത്തിന് വളരെക്കുറച്ച് ഐ.ടി പ്രൊഫഷണലുകള്‍ക്ക് മാത്രമെ ദീര്‍ഘനേരം നില്ക്കുന്നതും മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്നതും അപകടമാണെന്നത് അറിയൂ. ഇവരില്‍ പലര്‍ക്കും ജോലിസമയത്തിന്റെ അവ്യക്തതയെക്കുറിച്ചും അറിയില്ല). എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും അതറിയാനുള്ള സാഹചര്യം ഉണ്ടല്ലോ.

സുരക്ഷിതമായ ജോലി സാധ്യതകള്‍ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കികഴിഞ്ഞാല്‍ താഴെ പറയുന്ന ചിന്താപ്രക്രിയയിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടതുണ്ട്.1. കൂടുതല്‍ ആസൂത്രണം, പിന്തുണ, കൃത്യമായ സുരക്ഷാ ഉപകരണം എന്നിവയുടെ സഹായത്തോടെ ഒരേ ജോലി തന്നെ കുറച്ചുകൂടി സുരക്ഷിതമായ രീതിയില്‍ ചെയ്യാനാകുമോ?2. അപകടം കുറയ്ക്കാന്‍ ആവശ്യമായ നടപടികളെടുത്തിട്ടും അവഗണിക്കാനാകാത്ത അപകടങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നെങ്കില്‍ വേതനം ആകര്‍ഷകമാണോ? തൊഴിലുടമ ആവശ്യമായ ഇന്‍ഷൂറന്‍ പരിരക്ഷ നല്‍കുന്നുണ്ടോ?3. ജോലി സുരക്ഷിതമായി ചെയ്യാനാവുന്നില്ലെങ്കില്‍, ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഈ ജോലി ഏറ്റെടുക്കേണ്ടതുണ്ടോ?ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം എപ്പോഴും പോസിറ്റീവ് ആണ്. കേരളത്തിലുള്ള ഏതൊരു ജോലിയും സുരക്ഷിതമായി ചെയ്യണമെങ്കില്‍ അതിനെക്കുറിച്ച് ശ്രദ്ധയോടെ ചിന്തിക്കണമെന്ന് ഞാന്‍ കരുതുന്നു. റേഷന്‍കടയില്‍ മണ്ണെണ്ണ വീപ്പ എപ്പോഴും കുറച്ചുകൂടി വായു ലഭിക്കുന്ന, തുറസ്സായ ഒരിടത്തേയ്ക്ക് മാറ്റാവുന്നതാണ്. ഇടുങ്ങിയ ഒരു സ്ഥലത്തേയ്ക്ക് കടക്കുന്നതിന് മുമ്പ് അവിടുത്തെ ഓക്‌സിജന്‍ എത്രയുണ്ടെന്ന് കണക്കാക്കാനുള്ള സംവിധാനമുണ്ട്. അപ്പോള്‍ അവിടെ വേണ്ടത്ര ഓക്‌സിജനില്ലെങ്കില്‍ അങ്ങോട്ട് കടക്കേണ്ടെന്ന് തീരുമാനിക്കാം. സെപ്റ്റിക് ടാങ്കില്‍ ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പ് അത് തുറന്ന് വെച്ചാല്‍ അതില്‍ കെട്ടിക്കിടക്കുന്ന വിഷവാതകം പുറത്തുപോകാന്‍ സഹായകമാകും. അപകടങ്ങളെക്കുറിച്ച് ബോധമുണ്ടാവുക എന്നതാണ് പ്രധാനം. ഒരിക്കല്‍ അപകടത്തെക്കുറിച്ച് മനസ്സിലായാല്‍, നമ്മുടെ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ ആവശ്യമായ നടപടികളെടുക്കാനുള്ള സാമാന്യബുദ്ധിയുണ്ട്. ആളുകള്‍ നിത്യേന ചെയ്യുന്ന ജോലിയായതിനാല്‍ അപകടങ്ങളെക്കുറിച്ച് അവര്‍ കൂടുതലൊന്നും ചിന്തിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. മിക്കപ്പോഴും റിസ്‌ക് എടുത്ത് ജോലി ചെയ്യുന്നതിനാല്‍ ആളുകള്‍ ഇങ്ങിനെയല്ലാതെ ജോലി ചെയ്യാനാകില്ല എന്ന തീരുമാനത്തിലെത്തുന്നു.വലിയ ചെലവുമില്ലാത്ത ഒരു രക്ഷാമാര്‍ഗത്തെക്കുറിച്ച് ഞാന്‍ പറയാം. 'ജോലി നടക്കുന്ന പ്രദേശത്തെ ഒറ്റപ്പെടുത്തുക' എന്നതാണ് ഈ മാര്‍ഗം. ഒരു പ്രദേശത്ത് ജോലി നടക്കുമ്പോള്‍ യാതൊരു ആവശ്യവുമില്ലാതെ ജനങ്ങള്‍ അതിനുചുറ്റും കൂടിനില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. പുതുമയുള്ള കാര്യമാണെങ്കില്‍ പറയാനുമില്ല, കൂടിനില്‍ക്കുന്നവരുടെ എണ്ണം കൂടും. പാതയോരത്തുള്ള മരം മുറിക്കുന്നത് ഉദാഹരണമാണ്. മരം മുറിക്കുന്നത് രണ്ട് പേരും അത് നോക്കിനില്‍ക്കുന്നത് 20 പേരുമായിരിക്കും. മരം മുറിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും പെട്ടെന്ന് മരം മുറിഞ്ഞുവീഴുകയും ചെയ്താല്‍ സാധാരണനിലയില്‍ അത് മുറിക്കുന്ന രണ്ട് പേര്‍ക്ക് മാത്രമെ പരിക്കേല്‍ക്കുകയുള്ളൂ. എന്നാല്‍ ഇവിടുത്തെ സാഹചര്യത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വളരെ കൂടും.തിരുവനന്തപുരത്തെ ഒരു ലോഡ്ജ് പൊളിഞ്ഞുവീണപ്പോഴുണ്ടായ അപകടം മറ്റൊരു ഉദാഹരണമാണ്. നിരവധി ആളുകള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ അടിയിലായി. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാമെന്ന് അവരോട് ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല. കാരണം ആര്‍ക്കുമത് അറിയില്ലായിരുന്നു. കെട്ടിടം പൊളിക്കുന്ന പണിയിലേര്‍പ്പെട്ടവര്‍ എത്രയെന്ന് തീര്‍ച്ചയായും അവര്‍ക്ക് അറിയുമായിരിക്കും. എന്നാല്‍ പണി കണ്ടുനിന്ന എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്ന കാര്യമാണ് ആര്‍ക്കും അറിയാത്തത്. ഇതിനെത്തുടര്‍ന്ന്, ആവശ്യമില്ലാതെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തില്‍പ്പെടാത്തവര്‍ക്ക് വേണ്ടി കൂടി തിരച്ചില്‍ നടത്തി ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സമയം നഷ്ടപ്പെടുത്തുകയും ചെയ്തു.ജോലിസ്ഥലം അരക്ഷിതമാണ്. അതുകൊണ്ടുതന്നെ അവിടെ യാതൊരു പ്രസക്തിയുമില്ലാത്ത ആളുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വ്യവസായ പ്രദേശങ്ങളില്‍ വലിയ സുരക്ഷാ ഗേറ്റുകളും മതിലുകളുമുണ്ടാകും. എന്നാല്‍ അകത്ത് കടന്നാല്‍ കാര്യമായ നിയന്ത്രണമൊന്നും കാണില്ല. നമ്മുടെ നിര്‍മാണമേഖല സ്വയമേ തന്നെ ദുരന്തം വരുത്തിവയ്ക്കുന്നവയാണ്. സന്ദര്‍ശകരുടെ പേര് രജിസ്റ്റര്‍ ചെയ്യാറില്ല, പ്രദേശത്തെ ഒറ്റപ്പെടുത്തുകയുമില്ല. അപകടം വിളിച്ചുവരുത്തലാണിത്. ഇവിടെ പുറത്തുള്ളവരാരെങ്കിലും അപകടത്തില്‍പെട്ടാല്‍ കോണ്‍ട്രാക്ടറോ ഇന്‍ഷൂറന്‍സ് കമ്പനിയോ ഇയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകില്ല. ഇതിനെക്കുറിച്ച് ആലോചിക്കുക.ഓരോ തരം ജോലിരീതികള്‍ക്കും സുരക്ഷിതത്വമാര്‍ഗങ്ങള്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാവില്ല. എന്നാല്‍ നിങ്ങള്‍, യുവ ഓഫീസ് ജോലിക്കാര്‍ (ഇവരില്‍ ഭൂരിഭാഗവും ഈ ലേഖനം വായിക്കുന്ന ഓണ്‍ലൈന്‍ വായനക്കാരാകും) ജോലിയില്‍ സ്ഥിരം ഇടവേളകളെടുക്കാന്‍ ശ്രദ്ധിക്കുക. ചുരുങ്ങിയത് രണ്ട് മണിക്കൂറിലൊരിക്കലെങ്കിലും ചെറിയൊരു നടത്തത്തിന് പോവുക.വ്യക്തിപരമായ സുരക്ഷാ ഉപകരണം

പ്രത്യേകമായ അപകടങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന, ധരിക്കാന്‍ കഴിയുന്ന ഉപകരണങ്ങമാണ് വ്യക്തിപരമായ സുരക്ഷാ ഉപകരണം(Personal Protective Equipment) എന്നറിയപ്പെടുന്നത്. ഹെല്‍മറ്റുകള്‍, മുഖംമൂടികള്‍, കയ്യുറകള്‍ എന്നിവ ഉദാഹരണങ്ങളാണ്. കൂടുതല്‍ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ആധുനികമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണ്. വെല്‍ഡര്‍മാര്‍ക്കുള്ള കണ്ണടകള്‍, ഫയര്‍മാന്‍മാര്‍ക്കുള്ള അലുമിനിയം ഉടുപ്പുകള്‍, ആസ്ബറ്റോസ് ജോലിക്കാര്‍ക്ക് ശരീരം മൊത്തം മൂടുന്ന, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ഉടുപ്പുകള്‍ തുടങ്ങിയവ. ഇവ കേരളത്തിന് അത്ര സാധാരണമല്ല.വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. താരതമ്യേന ലളിതമായ ജോലികള്‍ക്ക് പോലും വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണ്. ഉദാഹരണത്തിന്, കശാപ്പുകാര്‍ക്കും പാചകക്കാര്‍ക്കും നിത്യോപയോഗത്തിന് പ്രത്യേക ലോഹ കയ്യുറകള്‍ ലഭ്യമാണ്. മാംസം മുറിക്കുമ്പോള്‍ കത്തി കയ്യില്‍ നിന്ന് വഴുതി കൈ മുറിഞ്ഞാലും വലിയ പരിക്കുണ്ടാകില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു. ഈ ഉപകരണമില്ലെങ്കിലും ഒരാള്‍ മരിക്കില്ലായിരിക്കാം. പക്ഷേ അയാളുടെ വിരല്‍ മുറിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ ജീവന്‍ സംരക്ഷിക്കുക മാത്രമല്ല, ജോലി കൂടുതല്‍ സുരക്ഷിതമായി ചെയ്ത് തീര്‍ക്കാനും സഹായിക്കുന്നു. ഓരോ ജോലിയ്ക്കും ആവശ്യമുള്ള തരം വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് മുഴുവന്‍ വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ കഴിയില്ല. ഇവ ഓരോന്നിനെക്കുറിച്ചുള്ള മുഴുവന്‍ വിവരവും പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.രണ്ടാമതായി, വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ സുരക്ഷിതമായ ജോലിരീതികള്‍ക്ക് പകരം വയ്ക്കാനുള്ളതല്ല. പ്രതിരോധത്തിന്റെ അവസാന മാര്‍ഗമായിട്ടാണ് വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെ കാണേണ്ടത്. സുരക്ഷിതമായ ജോലി ചെയ്യുന്നതിന് ആവശ്യമായ മറ്റ് മുന്‍കരുതലുകളെല്ലാം പരാജയപ്പെടുകയാണെങ്കില്‍, അപകടത്തില്‍ ജീവന്‍ രക്ഷിക്കാനോ പരിക്കുകള്‍ കുറയ്ക്കാനോ സുരക്ഷാ ഉപകരണം നിങ്ങള്‍ക്കൊരു അവസരം തരുന്നു എന്ന് മാത്രം. ഈ ഉപകരണങ്ങള്‍ ധരിക്കുന്നതുകൊണ്ട് അനാവശ്യമായ റിസ്‌കുകളെടുക്കാനോ ജോലി തീരെ അരക്ഷിതമായ രീതിയില്‍ ചെയ്തുതീര്‍ക്കാനോ പാടില്ലെന്ന കാര്യം മറക്കരുത്.മൂന്നാമതായി, ധരിക്കുന്നത് ശരിയായ സുരക്ഷാ ഉപകരണങ്ങളാവണം ധരിക്കുന്നത്. ടാര്‍ ഉരുക്കുന്ന തൊഴിലാളികള്‍ മഞ്ഞ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത് ജോലിസ്ഥലത്തുള്ളവര്‍ക്ക് ഒരു സുരക്ഷാ ബോധം നല്‍കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഹെല്‍മറ്റ് അല്ല വേണ്ടത്. ടാര്‍ ഉരുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന അപകടം ടാര്‍ അവരുടെ ദേഹത്ത് വീഴുമെന്നതും ടാറില്‍ നിന്നുയരുന്ന പുകയുമാണ്. മുഖംമൂടികള്‍, ദേഹം മുഴുവന്‍ മറയ്ക്കുന്ന കോട്ടുകള്‍, കയ്യുറകള്‍, സുരക്ഷാ ഷൂകള്‍ എന്നിവയാണ്് പ്രയോജനപ്പെടുക. എന്നാല്‍ മിക്കപ്പോഴും ഈ തൊഴിലാളികളെ കാണുക ലുങ്കികളുടുത്ത്, കയ്യുറകളില്ലാതെ, ഹെല്‍മറ്റ് മാത്രം ധരിച്ചാണ്. സുരക്ഷാ ഉപകരണങ്ങള്‍തന്നെ ഓരോ വിഭാഗത്തിനും വ്യത്യസ്തങ്ങളാവും. ആസ്ബറ്റോസ് കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട മുഖംമൂടിയല്ല ബെന്‍സെന്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത്. ഇവ ഓരോന്നും വെവ്വേറെ ലേഖനത്തിനുള്ള വിഷയങ്ങളാണെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.അവസാനമായി, ലോകത്താകമാനം ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായിട്ടുണ്ട്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്.് ഉപകരണങ്ങള്‍ ധരിച്ച് ജോലി ചെയ്യുന്നത് തുടക്കത്തിലെങ്കിലും ജോലി ചെയ്യുന്നതില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, സുരക്ഷാ ഉപകരണം ധരിക്കുന്നത് എന്തോ ദൗര്‍ബല്യലക്ഷണമാണെന്ന തെറ്റായ ധാരണയാണ്. 'ക്രിക്കറ്റില്‍ വൃക്ഷണങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത് 1874ലാണ്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാന്‍ തുടങ്ങിയത് 1974ലും. തലച്ചോറും പ്രധാനപ്പെട്ടതാണെന്ന് മനുഷ്യന് മനസ്സിലാകാന്‍ 100 വര്‍ഷമെടുത്തു!' എന്ന ഒരു ഈമെയില്‍ ഇന്‍ര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെല്‍മറ്റിനെക്കുറിച്ച് അന്നുണ്ടായിരുന്ന ചര്‍ച്ചകള്‍ ഇപ്പോഴും എനിക്കോര്‍മയുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ വളരെക്കാലം ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല.

മുന്‍കൂട്ടി മനസ്സിലാക്കുകഅപകടം എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞതിനും കൂടുതല്‍ സുരക്ഷിതമായ ജോലി രീതികള്‍ നടപ്പിലാക്കിയതിനും ശരിയായ സുരക്ഷാ ഉ പകരണങ്ങള്‍ ഉപയോഗിച്ചതിനും ശേഷവും പല കാരണങ്ങള്‍ കൊണ്ട് അപകടമുണ്ടാകാമെന്ന് നാം പ്രതീക്ഷിക്കണം. ഇതിനുള്ള അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന് മനുഷ്യന്‍ തെറ്റുകള്‍ വരുത്തുമെന്നതാണ്. രണ്ടാമതായി, ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കാം. മൂന്നാമതായി, ഉപകരണങ്ങള്‍ മുറിഞ്ഞുപോകാം. നാലാമതായി, പുറത്തുള്ള സംഭവങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം(ഉദാ: ഒരു ടവറിന്റെ മുകളില്‍ ഒരാള്‍ ജോലി ചെയ്യുമ്പോള്‍ ഇടിമിന്നല്‍ ഉണ്ടാകാം). ഇത്തരമസവസരത്തില്‍ വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളുണ്ടെങ്കിലും പരിക്കേല്‍ക്കാം. അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി പരിഹാരം ആസൂത്രണം ചെയ്യണം. പ്രാഥിമിക ചികിത്സാ കിറ്റ് ലഭ്യമാക്കുക, പ്രാഥമിക ചികിത്സയില്‍ പരിശീലനം നല്‍കുക, ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുക, തീപ്പിടുത്തം നേരിടാനുള്ള പ്രാഥമിക പരിശീലനമെങ്കിലും നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടും. തൊഴില്‍ സുരക്ഷിതത്വത്തിന് പൂര്‍ണ ഉത്തരവാദിത്തമുള്ള ആള്‍ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരവും ഉണ്ടാകണം. ഒരു അപകടമുണ്ടായതിനുശേഷവും നിര്‍ണായകതീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇത് വൈദഗ്ദ്ധ്യം ആവശ്യമുള്ള കാര്യമാണ്. ദുരന്തം നടന്ന സ്ഥലത്ത് പത്ത് പേര്‍ കൂടിനിന്ന് കടകവിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലേറെ മോശം ഏര്‍പ്പാടില്ല. എടുക്കുന്ന തീരുമാനത്തിന് ഒരാള്‍ ഉത്തരവാദിയാകണം.വലിയ കമ്പനികള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്യാനുള്ള ബൃഹത്തായ പദ്ധതികളുണ്ട്. വിദഗ്ധര്‍ തയ്യാറാക്കിയതും ഓരോ ഘട്ടത്തിലും പരീക്ഷിക്കുന്നതുമായിരിക്കും ഇത്. എന്നാല്‍ ചെറിയ ജോലികളിലും ഇതിന് പ്രാധാന്യം ഉണ്ട്. ഒരു കുന്നിന്റെ വശത്തുനിന്ന് കുഴിയെടുക്കുന്ന ഒരാള്‍, മണ്ണിടിഞ്ഞ് ആളുകള്‍ അതിനടിയില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കാണണം. ഓരോ വര്‍ഷവും കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അപകടമുണ്ടായാല്‍ മരിക്കുന്നവരുടെ എണ്ണം എങ്ങിനെ കുറയ്ക്കാനാകുമെന്നതിനെക്കുറിച്ച് ഖനനം തുടങ്ങുന്നതിന് മുമ്പ് ചിന്തിക്കണം. എവിടെയാണ് ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതെന്ന് കണ്ടെത്തുകയാണ് അത്തരമൊരു സാഹചര്യത്തിലെ പ്രധാന വെല്ലുവിളി. എത്രയും പെട്ടെന്ന് സ്ഥലം കണ്ടെത്തിയാലേ ആളുകളെ രക്ഷിക്കാനാവു. സ്വകയര്‍ മീറ്റര്‍ വെച്ച് മാത്രമെ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനാകൂ. മിക്ക സാഹചര്യങ്ങളിലും അവരിലേയ്‌ക്കെത്തുമ്പോഴേയ്ക്കും സമയം വൈകിയിരിക്കും.ഇതിന് ഒരു എളുപ്പ വഴിയുണ്ട്. യൂറോപ്പില്‍ അപകടകരമായ പ്രദേശങ്ങളില്‍ സ്‌കീയിങ്ങിന് പോകുന്നവര്‍ക്ക് 'അവാലഞ്ച് ബീക്കണ്‍' എന്ന പേരില്‍ ചെറിയൊരു ഉപകരണം വാങ്ങാന്‍ കിട്ടും. ഇതിന് അയ്യായിരം രൂപയോളം വില വരും. മഞ്ഞിനടിയില്‍പ്പെട്ടാല്‍ ഈ ഉപകരണം സിഗ്നലുകള്‍ അയയ്ക്കും. ഈ സിഗ്നലുകള്‍ തിരച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനാവും. കേരളത്തില്‍ ഭൂമി കുഴിക്കുന്നവര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അയ്യായിരം രൂപ എന്നത് മൂന്ന് ലോഡ് മണ്ണ് വില്‍ക്കുമ്പോള്‍ കിട്ടുന്ന പണം മാത്രമെ ആകുന്നുള്ളൂ.

അപകടത്തെക്കുറിച്ചുള്ള ആശയവിനിമയംഅപകടസാധ്യതയെക്കുറിച്ച് അറിയാമെങ്കിലും കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പോലും അതിന്റെ ഗൗരവത്തെകുറിച്ച് വേണ്ട ധാരണയോടെ ആസൂത്രണം ചെയ്ത് വേണ്ട നടപടികള്‍ നടപ്പാക്കാറില്ലെന്ന് പ്രശ്‌നമുണ്ട്. അതുകൊണ്ട് ജോലിസ്ഥലത്തെ അപകടങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. നിത്യേനയെന്നോണം അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധകം. ഏത് തരത്തിലുള്ള അപകടമാണ് ഉണ്ടാകാനിടയുള്ളതെന്ന് എല്ലാവരെയും അറിയിക്കണം. ഇത് അവരെ ജാഗരൂകരാക്കാനും ഉത്തരവാദിത്തത്തോടെ പെരുമാറാനും സജ്ജരാക്കും. ചിലപ്പോള്‍ ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റൊരു ഭാഗത്തുള്ളവര്‍ക്ക് എന്തൊക്കെ അപകടമാണ് സംഭവിക്കാന്‍ സാധ്യതയെന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. ഒരു പെട്രോള്‍ സ്‌റ്റേഷനടുത്തുള്ള ഒരു വെല്‍ഡിങ് പണി ഇതിന് ഉദാഹരണമാണ്. പെട്രോള്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് തീ പിടിക്കുന്ന വാതകങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചറിയാം. എന്നാല്‍ ഒരു പുതിയ ടാങ്ക് നിര്‍മിക്കാനായോ, പഴയ ഒന്നിനെ നന്നാക്കാനായോ അവിടെയെത്തുന്ന വെല്‍ഡിങ് ജോലിക്കാര്‍് അതിന്റെ അപകടങ്ങളെക്കുറിച്ച് അറിയാതെ സാധാരണപോലെ വെല്‍ഡിങ് ജോലി ചെയ്‌തെന്നിരിക്കും. ഇത് സ്‌ഫോടനത്തിനും കൂട്ടമരണത്തിനുമിടയാക്കുന്നു. രാസവസ്തുക്കളുമായി വണ്ടികളോടിക്കുന്ന ഡ്രൈവര്‍മാര്‍ മറ്റൊരു ഉദാഹരണമാണ്.ചിലപ്പോള്‍ ജോലിസ്ഥലത്തെ അപകടം മതിലിനപ്പുറത്തേയ്ക്കും വ്യാപിക്കുന്നു. ഭോപ്പാല്‍ ദുരന്തം പോലെയുള്ളവയായിരിക്കും ഇതിന്റെ ഫലം. അത്തരമൊരു അപകടമുണ്ടായാല്‍ ഫാക്ടറിയ്ക്ക് ചുറ്റുമുള്ളവര്‍ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങളാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പല രാജ്യങ്ങളിലും ഇപ്പോള്‍ നിയമങ്ങളുണ്ട്. ഇത് കേവലം ആ പ്രദേശത്തെ ജനങ്ങളെ മാത്രം അറിയിച്ചാല്‍ പോര. പ്രാദേശിക ആസ്​പത്രികളെ അപകടമുണ്ടാക്കാനിടയുള്ള രാസപദാര്‍ത്ഥത്തെക്കുറിച്ച് അറിയിക്കണം. അങ്ങിനെയാണെങ്കില്‍ അവര്‍ക്ക് ഇതിനെ നേരിടാന്‍ ആവശ്യമായ മരുന്നുകള്‍ കരുതിവയ്ക്കാനാകും.വലിയ കമ്പനികള്‍ നിന്ന് മാത്രമല്ല അപകടം മതിലിനപ്പുറത്തേയ്ക്കും വ്യാപിക്കുന്നത്. ഒരു സായാഹ്നത്തില്‍ ഞാന്‍ കോതമംഗലത്തുള്ള ഒരു അമ്മായിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് പുറത്ത് വലിയൊരു സ്‌ഫോടനശബ്ദം കേള്‍ക്കുകയും പാറക്കല്ലുകള്‍ ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ വീഴാന്‍ തുടങ്ങുകയും ചെയ്തു(യാദൃശ്ചികമായി ആസ്ബറ്റോസ് കൊണ്ടായിരുന്നു മേല്‍ക്കൂര! ). ഇത് ദീര്‍ഘനേരം നീണ്ടുനിന്നു. ഇതെല്ലാം അവസാനിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. ഞങ്ങളുടെ അയല്‍ക്കാരനായ കേശപ്പന്‍ നായര്‍ ഒരു പുതിയ കിണര്‍ കുഴിക്കുന്നതിന്റെ ഭാഗമായി പാറകള്‍ പൊട്ടിക്കുകയായിരുന്നു. എന്നാല്‍ ഇത് പാളിയതിന്റെ ഫലമായാണ്(ഒരുപക്ഷേ ആവശ്യമുള്ളതിനേക്കാള്‍ വെടിമരുന്ന് ഉപയോഗിക്കുകയോ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവോ ആയിരിക്കാം കാരണം) കല്ലുമഴ ഉണ്ടായത്. ഭാഗ്യം, ഇതിലും നിസ്സാരമായ അപകടങ്ങളില്‍പ്പോലും ആളുകള്‍ മരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി ആസ്ബറ്റോസ് എനിക്ക് അപകടമുണ്ടാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

തീവണ്ടിയില്‍ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം

മുരളി തുമ്മാരുകുടി


എവിടെയും റോഡ് ഗതാഗതത്തെക്കാള്‍ സുരക്ഷിതമാണ് തീവണ്ടി ഗതാഗതം. ഇതിന് നിരവധി കാരണങ്ങളുണ്ട്. കൃത്യമായിട്ടുള്ള ട്രാക്കുകളിലൂടെയാണ് തീവണ്ടികള്‍ ഓടിക്കുന്നത്. ഈ ട്രാക്കുകളിലേയ്ക്ക് മറ്റെന്തെങ്കിലും കയറിവരുന്നതിനുള്ള സാധ്യത കുറവാണ്. തീവണ്ടികള്‍ ഓടിക്കുന്നത് പരിശീലനം സിദ്ധിച്ചവരും ആ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരുമാണ്. പരിശീലനമില്ലാത്തവരോ വല്ലപ്പോള്‍ ഓടിക്കുന്നവരോ തങ്ങളുടെ സ്വകാര്യ വാഹനങ്ങളുമായി റെയില്‍വെ ട്രാക്കുകളിലെത്തില്ല (റോഡ്, ജലം, വായു മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതത്തില്‍ ഇത് സംഭവിക്കം). സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ താല്പര്യമുള്ള സംഘടിത സ്ഥാപനങ്ങളാണ് റെയില്‍വെ ട്രാക്കുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഫലമായി ഈ സ്ഥാപനങ്ങള്‍ സ്ഥിരമായി ട്രാക്കുകളുടെ അവസ്ഥയും മറ്റും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഫലമോ, റെയില്‍ ഗതാഗതം കൂടുതല്‍ സുരക്ഷിതമാകുന്നു.
പതിനായിരക്കണക്കിന് കിലോമീറ്റര്‍ ട്രാക്കും ലക്ഷക്കണക്കിന് കമ്പാര്‍ട്ട്‌മെന്റുകളും പത്ത് ലക്ഷത്തിലേറെ ജീവനക്കാരും ദിവസേന കോടിക്കണക്കിന് യാത്രക്കാരുമുള്ള ഇന്ത്യന്‍ റെയില്‍വെയാണ് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ എന്ന് എവിടെയോ വായിച്ചു. ദീര്‍ഘയാത്രക്ക് ഇതിലേറെ ലാഭകരമായ മറ്റൊരു മാര്‍ഗമില്ലെന്ന് എനിക്ക് നേരിട്ടറിയാം. പത്ത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ കൊല്ലം തീവണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു- സമയനിഷ്ഠ, വേഗത, യാത്രാസൗകര്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും റെയില്‍വെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എപ്പോഴും നമുക്ക് ഇതിലപ്പുറം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, ഇത്രയും വലിയ സ്ഥാപനം ഇത്രയും കാര്യക്ഷമമായി നടത്തുകയും കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വെയുടെ നടത്തിപ്പുകാരോട് ആദരവ് തോന്നുന്നു.ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ എന്റെ കൈവശമില്ല (ഈ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റിലും റെയില്‍വെ ടൈംടേബിളുകളിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്). എന്തായാലും ഇന്റര്‍നെറ്റില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ഇന്ത്യയില്‍ റെയില്‍ അപകടങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്നാണ്. എന്നാല്‍ ലോകത്തിലെ മറ്റ് റെയില്‍ സംവിധാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്രത്തോളമുണ്ടെന്ന് അറിയില്ല. അടുത്ത കാലത്ത്, ഇന്ത്യന്‍ റെയില്‍വെ ഗതാഗതം സുരക്ഷിതമാക്കാനായി കൂടുതല്‍ പണം ചിലവാക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് തീര്‍ച്ചയായും നല്ല വാര്‍ത്തയാണ്.എങ്കിലും റെയില്‍വെയുമായി ബന്ധപ്പെട്ട എന്തെങ്കിലും അപകടവാര്‍ത്തകളില്ലാതെ ഒരാഴ്ച പോലും കടന്നുപോകുന്നില്ല. അത് ഒരുപക്ഷേ കഴിഞ്ഞ ആഴ്ച തൃശ്ശൂരില്‍ സംഭവിച്ചതുപോലെ ഒരു യുവതി തീവണ്ടിയില്‍ നിന്ന് വീണതാകാം, അതല്ലെങ്കില്‍ ഒരു മാസം മുമ്പ് റെയില്‍വെ ട്രാക്കിലുള്ള പശുവിനെ ആട്ടാന്‍ ശ്രമിച്ച ആള്‍ അപകടത്തില്‍പ്പെട്ടതുപോലുള്ള സംഭവമോ ആകാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേള്‍ക്കുന്നതുപോലുള്ള ഭയാനക തീവണ്ടി അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നത് വലിയ ആശ്വാസമാണ്. എന്നാല്‍, തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴും സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തിലും സ്വയം സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. റെയില്‍വെ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കാതെ ചില സുരക്ഷാ മുന്‍കരുതലുകള്‍ നമ്മുക്ക് തന്നെ എടുക്കാവുന്നതാണ്. റെയില്‍വേയ്ക്ക് ഒരുപാട് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാം എന്നത് ശരിയാണെങ്കിലും അതിനര്‍ത്ഥം സ്വന്തം സുരക്ഷയ്ക്കായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല എന്നതല്ല.

ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ഓരോ വര്‍ഷവും കേരളത്തില്‍ റെയില്‍വെ സ്‌റ്റേഷനിലും മറ്റും ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ മരിക്കുന്നുവരുടെ കൃത്യം കണക്ക് എന്റെ കയ്യി ലില്ല. എന്തായാലും അത്തരം സംഭവങ്ങള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. ഈ മരണങ്ങളെല്ലാം തന്നെ സുരക്ഷിതത്വത്തെക്കുറിച്ച് കുറച്ചുകൂടെ ബോധവാന്‍മാരായിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു. ഞാന്‍ വായിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യന്‍ റെയില്‍വേക്ക് മൊത്തം 60,000 കിലോമീറ്റര്‍ നീളത്തില്‍ ട്രാക്കുണ്ടെന്നാണ്. ഈ ട്രാക്കിലൂടെ ആളുകള്‍ മുറിച്ചുകടക്കുന്നത് തടയുന്നതിന് മൊത്തമായി വേലി പണിയുക എന്നത് (ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകളിലുള്ളതുപോലെ) തത്ത്വത്തില്‍ സാധ്യമാണെങ്കിലും അത് പണച്ചെലവുള്ളതും ട്രാക്കുകള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. അതുകൊണ്ട് ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ ജനങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. താഴെ പറയുന്ന ചില ലളിതമായ മുന്‍കരുതലുകള്‍ കുറെ ജീവനുകള്‍ രക്ഷിക്കാന്‍ ഉപകരിക്കും.1. ഒരിക്കലും റെയില്‍വെ ട്രാക്കിലൂടെ നടക്കാതിരിക്കുക. നിങ്ങള്‍ റെയില്‍വെ ലൈനിനടുത്ത് ജീവിക്കുന്നവരും മുഴുവന്‍ തീവണ്ടികളുടെ സമയവും അറിയുന്നവരുമാണെങ്കില്‍പ്പോലും. കാരണം കേടുപാടുകള്‍ തീര്‍ക്കുന്ന വണ്ടിയോ ചരക്ക് വണ്ടിയോ പെട്ടെന്ന് പ്രത്യക്ഷപ്പെടാനും ഒഴിഞ്ഞുമാറാന്‍ കഴിയുന്നതിനുമുമ്പ് നിങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്.2. സ്റ്റേഷനിലായാലും മറ്റ് സ്ഥലങ്ങളിലായാലും മേല്‍പ്പാലമുണ്ടെങ്കില്‍ അതുവഴി മാത്രം യാത്ര ചെയ്യുക, റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കാനുള്ള പ്രലോഭനം എത്ര വലുതാണെങ്കിലും. എത്ര പേര്‍ ട്രാക്ക് മുറിച്ചുകടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ ആ വഴി സ്വീകരിക്കാതിരിക്കുക.3. മേല്‍പ്പാലമില്ലാത്ത പ്രദേശങ്ങളിലാണെങ്കില്‍ ഇരുവശത്തുനിന്നും സുരക്ഷിതമെന്ന് കരുതുന്ന ദൂരത്തുനിന്ന് ട്രാക്കുകള്‍ കാണുന്നവിധമുള്ള സ്ഥലത്തുവെച്ച് മാത്രം ട്രാക്ക് മുറിച്ചുകടക്കുക. നിന്ന്, ഇരുവശവും നിരീക്ഷിച്ച് പെട്ടെന്ന് ട്രാക്ക് മുറിച്ചുകടക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ക്ക് സുരക്ഷിതമെന്ന് തോന്നുമ്പോള്‍ മാത്രം ട്രാക്ക് മുറിച്ചുകടക്കുക.4. നിങ്ങള്‍ ട്രാക്കിനടുത്തും തീവണ്ടി വളരെ ദൂരെയുമാണെങ്കിലും തീവണ്ടി കടന്നുപോയതിന് ശേഷം മാത്രം ട്രാക്ക് മുറിച്ചുകടക്കുക. കാരണം തീവണ്ടിയുടെ നില, വേഗത, സ്ഥാനം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ തെറ്റാന്‍ സാധ്യതയുണ്ട്.

കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസുകളില്‍ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ റിപ്പോര്‍ട്ടനുസരിച്ച് 20,000ത്തോളം കാവല്‍ക്കാരുള്ള ലെവല്‍ ക്രോസുകളും 16,000ത്തോളം കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളുമുണ്ട്. അപകടങ്ങളില്‍ 16 ശതമാനം സംഭവിക്കുന്നത് കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളിലാണെന്ന് റി പ്പോര്‍ട്ടില്‍ പറയുന്നു. ഇത് മനസ്സിലാക്കാവുന്നതാണ്, പ്രത്യേകിച്ചും റോഡിനും റെയില്‍വേ ലൈനിനുമിടയില്‍ കാവലില്ലാത്ത അവസ്ഥയില്‍. എന്നാല്‍, നാല് ശതമാനം വരുന്ന അപകടങ്ങള്‍ സംഭവിക്കുന്നത് കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസുകളിലാണെന്നത് അത്ഭുതകരമാണ്.കേരളീയരായ നമ്മളെ ഇത് അത്ഭുതപ്പെടുത്തേണ്ടതില്ല. അമൃത ആസ്​പത്രിയ്ക്കടുത്തുള്ള ഇടപ്പള്ളി റെയില്‍വെ ക്രോസില്‍(ചിലപ്പോഴൊക്കെ ഞാന്‍ ഇത് മുറിച്ചുകടക്കാറുണ്ട്) മണിക്കൂറുകളോളം ഗതാഗതം വൈകിച്ച് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വാഹനങ്ങളുടെ നിരയുണ്ടാകാറുണ്ട്. അതുകൊണ്ട് ചിലരെങ്കിലും വരി തെറ്റിച്ച് മുന്നില്‍ കടന്ന്് നേരെ റെയില്‍വെ ലൈനിന് മുന്നിലെത്തും. തീവണ്ടിയെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് റെയില്‍വെ ക്രോസ് അടച്ചിടുമ്പോള്‍ ചിലര്‍ ബൈക്കടക്കം ബാറിന് കീഴിലൂടെ നൂണ് പെട്ടെന്ന് ഇരുവശവും നോക്കി ക്രോസ് ചെയ്യുന്നു, സമയം ലാഭിക്കാന്‍. തീര്‍ച്ചയായും ഗേറ്റ് തുറക്കുന്നത് കാത്ത് ക്യൂവില്‍ കിടക്കുന്ന നൂറുകണക്കിന് ആളുകളെ വിഡ്ഡികളാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരും. എന്നാല്‍ ഒരു ദിവസം ഇവരുടെ പ്രജ്ഞ ഇവരെ വഞ്ചിക്കും, അതോടെ ഇവര്‍ സ്വര്‍ഗത്തിലേയ്ക്കുള്ള വഴിയില്‍ ലക്ഷക്കണക്കിന് ആളുകളെ പിറകിലാക്കും (ഇടപ്പള്ളിയില്‍ പകുതി മാത്രം പണി കഴിഞ്ഞ മേല്‍പ്പാലം നിങ്ങള്‍ക്ക് കാണാനാകും. വര്‍ഷങ്ങളായി ഇത് ഇങ്ങിനെ തന്നെ കിടക്കുകയാണ്. എന്തുകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കത്തതെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. എന്തായാലും അതിന് കൃത്യമായ കാരണമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്).റെയില്‍വെ നെറ്റ്‌വര്‍ക്ക് വ്യാപകമായുള്ള സ്വിറ്റ്‌സര്‍ലന്റില്‍ കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസ് എന്ന സങ്കല്പം നിലവിലില്ല. പകരം തീവണ്ടികള്‍ വരുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ഗതാഗതം തടയാന്‍ ഒരു ക്രോസ് ബാര്‍ താഴ്ന്നുവരികയും തീവണ്ടി പോയിക്കഴിഞ്ഞ് മിനിട്ടുകള്‍ക്കകം ഗതാഗതം പുന:സ്ഥാപിക്കാനായി ഈ ക്രോസ് ബാര്‍ ഉയര്‍ന്നുപോവുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ ഈ ദണ്ഡുകള്‍ റോഡിന്റെ ഒരു വശത്തേയ്ക്ക് മാത്രമെ നീളുകയുള്ളൂ എന്നതാണ്(അതായത് ഇരുദിശയിലേയ്ക്കും ഗതാഗതമുള്ള ഒരു റോഡില്‍ ക്രോസ് ബാര്‍ ഏത് ദിശയിലേയ്ക്കാണോ ഗതാഗതമുള്ളത് ആ ദിശയില്‍ മാത്രമാണ് ഗതാഗതം തടയുന്നത്). കേരളത്തില്‍ ഈ സംവിധാനം കൊണ്ടുവന്നാല്‍ ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, ഓട്ടോകള്‍ എന്നിവ മാത്രമല്ല കാറുകളും ടിപ്പറുകളും വരെ ഈ ബാറുകള്‍ക്ക് കുറുകെ പാഞ്ഞേനേ! എന്നാല്‍ അതുപോലൊന്നും സ്വിറ്റസര്‍ലന്റില്‍ നടക്കുന്നില്ല.സുരക്ഷാസംബന്ധമായ ലേഖനങ്ങളില്‍ നിയമങ്ങള്‍ അനുസരിക്കേണ്ടതിനെക്കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല, കാരണം അത് സ്വാഭാവികമായി ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് കാവല്‍ക്കാരനുള്ള ലെവല്‍ക്രോസില്‍ ക്രോസ് ബാറുകള്‍ നൂണുകടക്കരുതെന്ന് ജനങ്ങളെ ഉപദേശിക്കാന്‍ ഞാനാളല്ല. അതിവേഗതയില്‍ വണ്ടിയോടിക്കുക, മദ്യപിച്ച് വണ്ടിയോടിക്കുക, വണ്ടിയോടിക്കുമ്പോള്‍ സെല്‍ ഫോണില്‍ സംസാരിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ബോധപൂര്‍വം നടത്തുന്നവര്‍ ഉടനെയോ പിന്നീടോ ജീവന്‍ വിലയായി നല്‍കേണ്ടിവരും. ഞാന്‍ ശ്രദ്ധ ചെലുത്തുന്നത് നിയമവിരുദ്ധമല്ലാത്തതും ചിലപ്പോഴൊക്കെ ബോധപൂര്‍വമല്ലാത്തതും എന്നാല്‍ സ്വന്തം സുരക്ഷ അപകടത്തിലാക്കുന്നതുമൊയ ചെയ്തികളിലാണ്. അതുകൊണ്ട് ലെവല്‍ഡ ക്രോസുകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദേശങ്ങളാണ് എനിക്ക് നല്‍കാനുള്ളത്.1. കാവല്‍ക്കാരനുള്ള ഒരു ലെവല്‍ ക്രോസ് നിങ്ങള്‍ക്ക് സ്ഥിരമായി കടക്കാനുണ്ടെങ്കില്‍, കുറച്ച് കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരുമെങ്കില്‍ കൂടി, പകരം ഒരു റൂട്ട് നോക്കുന്നതാണ് നല്ലത്. ക്യൂവിലാകുമ്പോള്‍ ഷോര്‍ട്ട് കട്ട് ഉപയോഗപ്പെടുത്താനുള്ള പ്രലോഭനം കൂടുമെന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.2. നിങ്ങള്‍ വല്ലപ്പോഴും ചെയ്യുന്ന യാത്രയാണെങ്കില്‍ ഇങ്ങിനെ നഷ്ടപ്പെടുന്ന സമയം നിങ്ങളുടെ യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അല്ലാതെ റിസ്‌കെടുത്ത് ഷോര്‍ട്ട് കട്ട് ഉപയോഗിക്കാന്‍ ശ്രമിക്കരുത്.3. കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ നിങ്ങളുടെ നിരീക്ഷണത്തിലും പ്രജ്ഞയിലും മാത്രം വിശ്വാസമര്‍പ്പിക്കുക. മുന്നിലുള്ള ആള്‍ വണ്ടിയോടിച്ചതുപോയതുകൊണ്ടും പിന്നിലുള്ള ആള്‍ അക്ഷമനായി ഹോണടിക്കുന്നതുകൊണ്ടും മാത്രം ട്രാക്കിലേയ്ക്ക് വണ്ടി ഓടിച്ചുകയറ്റാതിരിക്കുക. നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം നിങ്ങളുടേതുമാത്രമാണ്. നിങ്ങളുടെ പിറകിലുള്ള ആള്‍ തിരക്കിലാണെങ്കില്‍ അയാള്‍ക്ക് നിര്‍ഭാഗ്യമാണെന്ന് കരുതുക. നിങ്ങള്‍ നിങ്ങളുടേതുമാത്രമായ നിരീക്ഷണങ്ങള്‍ നടത്തുകയും സുരക്ഷിതമായി ക്രോസ് ചെയ്യാമെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രം വണ്ടി മുന്നോട്ടെടുക്കുക.

മരണവാതിലുകള്‍ഞാന്‍ പോകുന്ന രാജ്യങ്ങളിലെല്ലാം സാധ്യമാണെങ്കില്‍ ഞാന്‍ തീവണ്ടിയിലാണ് യാത്ര ചെയ്യാറുള്ളത്. ഇതിന് പല കാരണങ്ങളുമുണ്ട്. തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആ രാജ്യത്തെ കൂടുതലായി കാണാന്‍ കഴിയുമെന്നതാണ് പ്രധാന കാരണം. ആ രാജ്യത്തെ കൂടുതല്‍ ജനങ്ങളെയും അവരുടെ ജീവിതത്തെയും അതിന്റെ വൈവിധ്യത്തെയും നിങ്ങള്‍ക്ക് അടുത്ത് കാണാന്‍ കഴിയുക തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴാണ്. അതെനിക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും തരുന്നു(തീവണ്ടിയില്‍ അടിയന്തിരമായ നിര്‍ത്താനുള്ള ഒരു ബട്ടണ്‍ ഉണ്ട്. എന്നാലിത് വിമാനത്തിലില്ല!). റോഡ് യാത്രയെക്കാളും വിമാന യാത്രയെക്കാളും പരിസ്ഥിതിയുമായി ഇണങ്ങി നമ്മുക്ക് യാത്ര ചെയ്യാനാവുക തീവണ്ടികളിലാണ്.ചുരുങ്ങിയത് 25 രാജ്യങ്ങളിലെങ്കിലും ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ തീവണ്ടികളിലുള്ള തരം വാതിലുകള്‍ വേറെ എവിടെയും കണ്ടിട്ടില്ല. മൂന്ന് സവിശേഷതകളാണ് ഈ വാതിലുകളെ സമാനതകളില്ലാത്തതാക്കുന്നത്. ഒന്നാമതായി, ഈ വാതിലുകള്‍ തീവണ്ടി പുറപ്പെടും മുമ്പ് ഓട്ടോമാറ്റിക്കായി അടയുന്നില്ല. രണ്ടാമതായി, തീവണ്ടികള്‍ ഓടുമ്പോഴും ഈ വാതിലുകള്‍ തുറക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളില്‍ ഇത് നടക്കില്ല. മൂന്നാമതായി ഈ വാതിലുകള്‍ അസാധാരണമായി കനമുള്ളതാണ്. അതായത് നിങ്ങള്‍ വാതിലിനടുത്ത് നില്‍ക്കുമ്പോള്‍ വാതില്‍ ശക്തിയോടെ അടയുകയാണെങ്കില്‍ നിങ്ങള്‍ തെറിച്ചുവീഴാം, മരണംവരെ സംഭവിക്കാം. തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ കൂടി ഇത് സംഭവിക്കാം. ഇന്ത്യന്‍ റെയില്‍വേയുടെ യാത്രാ കമ്പാര്‍ട്ട്‌മെന്റുകളുടെ വാതിലുകള്‍ ഒരു ആക്രികച്ചവടക്കാരന്റെ സ്വപ്‌നവും രക്ഷാപ്രവര്‍ത്തകന്റെ പേടിസ്വപ്‌നവുമാണ്.തീവണ്ടി പുറപ്പെടും മുമ്പ് അടയ്ക്കാത്തതും ഓടിക്കൊണ്ടിരിക്കുമ്പോള്‍ തുറക്കാന്‍ കഴിയുന്നതുമായ വാതിലുകള്‍ ദുരന്തമാണ്. നാം കേട്ടിട്ടുള്ള പല മരണങ്ങളും ഈ രീതിയില്‍ വാതിലുകള്‍ നിര്‍മിച്ചതിന്റെ ഫലമാണ്. ഇത്തരമൊരു വാതില്‍ നിര്‍മാണത്തിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ ഇത് തന്നെ ഇപ്പോഴും നിലനിര്‍ത്തുന്നതിന് വളരെ കുറച്ച് നല്ല കാരണങ്ങളെ കാണൂ. എന്തായാലും ഇത്തരത്തിലുള്ള വാതിലുകള്‍ തെറ്റായ ചില ശീലങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ അപകടങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു. ഇതില്‍ ചിലതാണ് താഴെ പറയുന്നത്.1. വേണ്ടപ്പെട്ടവരെ യാത്രയാക്കാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കമ്പാര്‍ട്ട്‌മെന്റിനുള്ളിലേയ്ക്ക് കയറുന്നത് റെയില്‍വെ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്. അതുപോലെത്തന്നെ യാത്ര പോകുന്നവര്‍ തീവണ്ടി പുറപ്പെടും മുമ്പ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്. എല്ലാ ദിവസവും എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷനില്‍ തീവണ്ടി പുറപ്പെട്ടയുടന്‍ ഡസന്‍ കണക്കിന് ആളുകള്‍ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് ചാടാനും അകത്തേക്ക് ചാടിക്കയറാനും ശ്രമിക്കുന്നത് കാണാം. ഈ ഭ്രാന്തന്‍ ശീലത്തിനിടയ്ക്കാണ് പലരും മരിച്ചിട്ടുള്ളത്. ആധുനിക തീവണ്ടികളിലെ വാതിലുകള്‍ വണ്ടി പുറപ്പെട്ടയുടന്‍ അടയുന്നവയാണ്. ഇത് ആര്‍ക്കെങ്കിലും ചാടിയിറങ്ങാനോ ചാടിക്കയറാനോ ഉള്ള സാധ്യത ഇല്ലാതാക്കുകയും അതുവഴി ദുരന്തങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നു.2. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലെ വാതില്‍ തുറക്കാമെന്നത് ആളുകള്‍ക്ക് പുറത്തുനിന്ന്് ചാടിക്കയറാനും(ഉദാഹരണത്തിന് സ്റ്റേഷനില്‍ വൈകിയെത്തുന്നവര്‍) സ്റ്റോപ്പുകളില്ലാത്ത സ്റ്റേഷനുകളില്‍ ചാടിയിറങ്ങാനും(എക്‌സ്​പ്രസ് തീവണ്ടികള്‍ക്ക് സ്റ്റോപ്പില്ലാത്ത ആലുവ സ്റ്റേഷനില്‍ ഇത് പതിവായി സംഭവിക്കാറുണ്ട്) ഉള്ള സാധ്യതയൊരുക്കിക്കൊടുക്കുന്നു.3. കൊച്ചിയില്‍ നിന്ന് കാണ്‍പൂര്‍ വരെ സ്ഥിരമായി 52 മണിക്കൂര്‍ നീണ്ട യാതകള്‍ ചെയ്തപ്പോഴെല്ലാം ഓടുന്ന വണ്ടിയുടെ വാതില്‍പടികളില്‍ ആളുകള്‍ ഇരിക്കുന്നത് സ്ഥിരം കണ്ടിട്ടുണ്ട്. ഏതെങ്കിലും വളവ് തിരിയുകയോ മറ്റോ ചെയ്യുമ്പോള്‍ വണ്ടിക്കുണ്ടാകുന്ന ഇളക്കം മാത്രം മതി വാതില്‍ വലിച്ചടയാനും അതുവഴി പടികളിലിരിക്കുന്നവര്‍ പുറത്തേയ്ക്ക് വീഴാനും. അത് അവരുടെ മരണത്തിലായിരിക്കും അവസാനിക്കുക. ആധുനിക തീവണ്ടികളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതിലുകള്‍ തുറക്കാന്‍ കഴിയില്ല!
4. വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ വാഷ് ബേസിനടുത്ത് നില്‍ക്കുമ്പോഴോ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകുമ്പോഴോ വരെ പുറത്തേയ്ക്ക് വലിച്ചെറിയപ്പെടാം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയാണെങ്കില്‍ ഇത് സംഭവിക്കില്ല...ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്ന വാതിലുകള്‍ ഒഴിവാക്കാമെന്നും ആധുനിക തീവണ്ടികളിലേതുപോലെ സുരക്ഷിതമായ വാതിലുകള്‍ നിര്‍മിക്കണമെന്നും ഒരാള്‍ക്ക് വാദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഓര്‍ക്കുക, നാല് ലക്ഷം യാത്രാ കോച്ചുകള്‍ ഉള്ള ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചാണ് നാം പറയുന്നതെന്ന്! വാതിലുകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം സ്വീകരിച്ചാല്‍ തന്നെ ഇന്ത്യയിലൊട്ടാകെ അത് നടപ്പിലായിവരാന്‍ പത്ത് വര്‍ഷമെങ്കിലുമെടുക്കും. അതുകൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഈ തീവണ്ടികളിലെ അവസാനത്തെ വാതില്‍ വാങ്ങേണ്ട ആക്രികച്ചവടക്കാരന്‍ ഇനിയും ജനിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും!

എന്തെല്ലാം ശ്രദ്ധിക്കണം?വാതിലുകളുമായി ബന്ധപ്പെട്ട് നമ്മളെന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.മുകളില്‍ പറഞ്ഞ നിരീക്ഷണങ്ങളില്‍ നിന്ന് അത് വ്യക്തമാണെങ്കിലും അവ ഞാന്‍ വിശദീകരിക്കാം.1. നിങ്ങള്‍ ആരെയെങ്കിലും യാത്രയാക്കാന്‍ റെയില്‍വെസ്റ്റേഷനിലേയ്ക്ക് പോവുകയാണെങ്കില്‍ ഒരിക്കലും തീവണ്ടിയില്‍ കയറാതിരിക്കുക. യാത്ര ചെയ്യുന്നവരുടെ കയ്യില്‍ ഭാരമേറിയ സാധനങ്ങളുണ്ടെങ്കില്‍, അവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ റെയില്‍വെ പോര്‍ട്ടര്‍മാരെ സമീപിക്കുക. നമ്മുടെ റെയില്‍വേ പോര്‍ട്ടര്‍മാരില്‍ 99 ശതമാനവും സത്യസന്ധരും ചുരുങ്ങിയ കൂലി മാത്രം വാങ്ങുന്നവരുമാണ്. സ്‌റ്റേഷന് പുറത്തുള്ള നമ്മുടെ അനുഭവങ്ങള്‍ കാരണമാണ് പലപ്പോഴും നാം പോര്‍ട്ടര്‍മാരുടെ സേവനം തേടുന്നതിന് മടിക്കുന്നത്.2. നിങ്ങളെ യാത്രയാക്കാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സ്‌റ്റേഷന് പുറത്തുവെച്ച് അവരോട് യാത്ര പറഞ്ഞ് പിരിയാന്‍ ശ്രമിക്കുക. പ്ലാറ്റ്‌ഫോമില്‍ അവരോടൊപ്പം ചെന്ന് യാത്ര ചോദിക്കരുത്. ഇനി അങ്ങനെ ആവശ്യമായാല്‍തന്നെ തീവണ്ടി വന്നയുടന്‍ അതിനുള്ളില്‍ കയറുകയും ജനലിലൂടെ യാത്ര പറയുകയും ചെയ്യുക, അല്ലാതെ പ്ലാറ്റ്‌ഫോമില്‍തന്നെ നിന്ന് യാത്രപറയാന്‍ ശ്രമിക്കരുത്.3. തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ഒരിക്കലും വാതില്‍പ്പടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്.4. വാഷ് ബേസിന്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. എന്തിലെങ്കിലും, ആവശ്യമെങ്കില്‍ ടാപ്പില്‍ പിടിക്കുക. വാഷ് ബേസിനില്‍ കൈ കഴുകുമ്പോഴോ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോഴോ നിങ്ങളുടെ കുട്ടികളെ അശ്രദ്ധമായി വിടരുത്.5. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ തുറന്നുകിടക്കുന്ന വാതിലിനരികിലൂടെ പോകുന്നത് ഒഴിവാക്കുക.6. ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനോ ചാടിയിറങ്ങാനോ ശ്രമിക്കരുത്. ഏതെങ്കിലും തീവണ്ടിയോ സ്‌റ്റേഷനോ വിട്ടുപോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. ഏറിയാല്‍ കുറച്ച് മണിക്കൂറുകളോ പണമോ നഷ്ടപ്പെട്ടേക്കാമെന്നുമാത്രം. നിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതോ ആയുസ്സ കുറക്കുന്നതോ ആയ അപകടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതൊന്നുമല്ല. പ്രത്യേകിച്ചും എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഉള്ള ഈ കാലത്ത് അത്തരത്തിലുള്ള ഒരു വിഡ്ഡിത്തവും ചെയ്യേണ്ടതില്ല.

സ്‌റ്റേഷനുകളിലെ വെള്ളം സുരക്ഷിതമാണ്!റെയില്‍വെ സ്റ്റേഷനുകളിലെ പൈപ്പുകളിലുള്ള വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്നാണ് നമ്മളില്‍ ഭൂരിഭാഗവും കരുതുന്നത്. ഇതിന് പകരം വെള്ളക്കുപ്പികളോ കോളകളോ നാം വാങ്ങുന്നു. ഞാനും അങ്ങിനെ തന്നെയാണ് കരുതിയിരുന്നത്. ഞാന്‍ യാത്ര ചെയ്തിരുന്ന കാലത്ത് വെള്ളക്കുപ്പികള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ലാത്തതുകൊണ്ട് വലിയ കുപ്പികളില്‍ വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോവുകയായിരുന്നു പതിവ്. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ പി.എച്ച.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഡോ.എം.ജി.ഗ്രേഷ്യസ്(ഇപ്പോള്‍ വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍) 1992ല്‍ ഒരു പരീക്ഷണം നടത്തി. അദ്ദേഹം കാണ്‍പൂരില്‍ നിന്ന് എറണാകുളം വരെയുള്ള എല്ലാ സ്റ്റേഷനുകളില്‍ നിന്നും വെള്ളമെടുത്ത് പരിശോധന നടത്തി. ഞങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളം കുടിക്കാന്‍ യോഗ്യമായവയായിരുന്നു(ഇതിന് ഒരപവാദം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെ വെള്ളം മാത്രമായിരുന്നു!).എന്തായാലും ഈ വിശ്വാസം ഇപ്പോഴും മാറിയിട്ടില്ല. ഇന്ന് എല്ലാവരും വെള്ളക്കുപ്പികള്‍ വാങ്ങുന്നു. എന്നാല്‍ ഈ കുപ്പികളിലെ വെള്ളത്തേക്കാള്‍ എത്രയോ സുരക്ഷിതമാണ് പൊതുടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമെന്ന് ലോകത്താകമാനം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് വെള്ളക്കുപ്പികള്‍ വില്‍ക്കുന്നവര്‍ നിങ്ങളുടെ ഭയം, വിവരമില്ലായ്മ എന്നിവ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റെല്ലാ സേവനങ്ങളും മെച്ചപ്പെട്ടതോടൊപ്പം ടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളവും മെച്ചപ്പെട്ടിട്ടുണ്ടാകുമെന്ന് എനിക്ക് അനുമാനിക്കാവുന്നുണ്ട്. അതുകൊണ്ട് വീണ്ടുമെനിക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കേണ്ടിവന്നാല്‍ വാങ്ങുന്ന വെള്ളക്കുപ്പിയ്ക്ക് പകരം സ്റ്റേഷനുകളിലെ ടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമോ അതല്ലെങ്കില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളമോ മാത്രമെ ഞാന്‍ ഉപയോഗിക്കുകയുള്ളൂ.

തീവണ്ടിയില്‍ വെച്ച് രോഗബാധിതനായാല്‍തീവണ്ടിയില്‍ വെച്ച് രോഗബാധിതനാകുന്നത് ഒരു സുരക്ഷാ പ്രശ്‌നമല്ല. എങ്കിലും പലപ്പോഴും പലരും വണ്ടിയില്‍ രോഗബാധിതരാകുന്നു. ചികിത്സ ലഭിക്കാത്തതിന്റെയും ചിലപ്പോഴൊക്കെ മരിച്ചതിന്റെയും മൃതദേഹം കേരളത്തിലെത്തിക്കാന്‍ സഹായം ലഭിക്കാതെ വിഷമിച്ചതിന്റെയും ദുരന്തകഥകള്‍ നാം കേള്‍ക്കാറുണ്ട്. വ്യക്തികളെന്ന നിലയില്‍ ഇവയെങ്ങിനെ തടയാമെന്നും എങ്ങിനെ കൈകാര്യം ചെയ്യാമെന്നും നമ്മുക്ക് പരിശോധിക്കാം.മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇതുപോലുള്ള നിരവധി പ്രശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളതിനാല്‍ ഓരോ സാഹചര്യവും കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. ദീര്‍ഘദൂര തീവണ്ടികളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് ഇത്തവണത്തെ റെയില്‍ ബജറ്റില്‍ പറയുന്നുണ്ട്. അതുപോലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ദീര്‍ഘദൂര തീവണ്ടികൡലേതുള്‍പ്പടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ട ഡോക്ടര്‍മാര്‍ക്കാണോ ഇവിടെ പരിശീലനം നല്‍കുക എന്നറിയില്ല. എന്തായാലും ഇന്നത്തെ അവസ്ഥയില്‍ ഇതെല്ലാം നടപ്പില്‍ വരാന്‍ സമയമെടുക്കും. അതുവരെ നിങ്ങളുടെയും നിങ്ങളെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുടെയും ആരോഗ്യം നിങ്ങള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും യാത്ര ചെയ്യേണ്ട ദൂരത്തെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം എന്നാണ്.തീവണ്ടിയില്‍ വെച്ചുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഞാന്‍ രണ്ടായി തിരിക്കാം. ആദ്യത്തേത് തീവണ്ടി യാത്രയ്ക്കിടയില്‍ സംഭവിക്കുന്നത്(അപകടങ്ങള്‍, അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കുന്നത്, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ)ആണ്. രണ്ടാമത്തേത് നേരത്തെത്തന്നെയുള്ള രോഗങ്ങളുടെ ആക്രമണമാണ്(രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ). മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നിവ വഷളാകുന്നതിനെക്കുറിച്ച് ഞാന്‍ എഴുതുന്നില്ല. കാരണം ഈ രോഗങ്ങളുള്ളവര്‍ യാത്ര ചെയ്യാന്‍ പാടില്ല എന്നതുതന്നെ കാരണം. അതുപോലെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടുന്ന കുടുംബാംഗത്തെയും കൂട്ടിയുള്ള യാത്ര(ഉദാ: കൊച്ചിയില്‍ നിന്ന് വെല്ലൂരിലേയ്ക്ക്). കാരണം അത്തരം സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിങ്ങളോട് വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. മറ്റ് സാഹചര്യങ്ങളില്‍ നാം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.1. നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ പനി, വയര്‍ സംബന്ധമായ രോഗങ്ങള്‍, ചെറിയ തീപ്പൊള്ളല്‍, മുറിവുകള്‍ എന്നിവയ്ക്കാവശ്യമായ മരുന്നുകള്‍ അടങ്ങുന്ന മെഡിക്കല്‍ കിറ്റ് കൈവശം കരുതേണ്ടതാണ്. ഇത് എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.2. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചരണത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ നേരത്തെത്തന്നെ ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ യാത്രയക്ക് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. യാത്രയുടെ ദൂരം, എടുക്കുന്ന സമയം എന്നിവയെല്ലാം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് മാത്രം യാത്ര ചെയ്യേണ്ടതുമാണ്. വല്ല മുന്‍കരുതലുകളുമെടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ അത് അനുസരിക്കുക. പ്രത്യേകതരം മരുന്നുകള്‍, പ്രത്യേകതരം ഭക്ഷണം, രണ്ട് ഘട്ടങ്ങളായി യാത്ര ചെയ്യുക എന്നിവയെല്ലാം ഡോക്ടറുടെ ഉപദേശത്തില്‍പ്പെടാം. ദീര്‍ഘയാത്രകള്‍ വളരെ നേരത്തെ തീരുമാനിച്ചതാണെങ്കില്‍, സാധ്യമാവുമെങ്കില്‍ വിമാനത്തെ ആശ്രയിക്കുന്നതാണ് നല്ലത്. വേഗം ചികിത്സ ലഭ്യമാക്കാം എന്നതുതന്നെ കാരണം.3. നിങ്ങളുടെ മുന്‍കരുതലുകള്‍ക്ക് ശേഷവും രോഗിയുടെ നില വഷളാവുകയാണെങ്കില്‍ തീവണ്ടിയിലുള്ള അധികൃതരുമായി സംസാരിക്കുക. മിക്കവാറും വണ്ടിയില്‍ യാത്ര ചെയ്യുന്നവരില്‍ തന്നെ ഡോക്ടര്‍മാരുണ്ടാവും. ടി.ടി.ഇയ്‌ക്കോ മറ്റ് യാത്രക്കാര്‍ക്കോ ഇത് കണ്ടെത്താനാകും(ചാര്‍ട്ടിലെ പേരിനൊപ്പമുള്ള ഡോക്ടര്‍ വിശേഷണത്തിലൂടെയാണിത്. ഞാന്‍ എന്റെ പേരിന്റെ കൂടെ 'ഡോ.' എന്ന് ഉപയോഗിക്കാത്തതിനുള്ള കാരണങ്ങളിലൊന്ന് ഞാനൊരു വൈദ്യ ഡോക്ടറാണെന്നും സഹായം ലഭിക്കുമെന്നും ആരെങ്കിലും ഒരു നിമിഷത്തേയ്‌ക്കെങ്കിലും പ്രതീക്ഷിക്കരുതെന്ന് കരുതിയാണ്). യാത്രയില്‍ ആവശ്യമുള്ള പക്ഷം ഒരു ഡോക്ടറുടെ സഹായം ലഭിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.4. തീവണ്ടിയില്‍ വെച്ച് ഡോക്ടര്‍മാരുടെ സഹായം ലഭിച്ചില്ലെങ്കിലോ, ഏതെങ്കിലും സ്‌റ്റേഷനില്‍ നിന്ന് വൈദ്യസഹായം തേടാന്‍ ടി.ടി.ഇ ഉപദേശിക്കുകയോ അഥവാ ടി.ടി.ഇയുടെ സഹായമൊന്നും ലഭിക്കാതിരിക്കുകയോ ആണെങ്കില്‍ യാത്ര മുറിക്കാന്‍ മടിക്കേണ്ട. ദീര്‍ഘദൂരയാത്രയില്‍ ശരിയായ തീരുമാനമെടുക്കാത്തതിന്റെ ദുരന്തഫലം അനുഭവിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് യാത്ര മുറിച്ചുണ്ടാകുന്ന അസൗകര്യം സഹിക്കുന്നതാണ്.5. ഇന്ന് മിക്കവാറും പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷന്‍ നിലകൊള്ളുന്ന നഗരങ്ങളിലെല്ലാം എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള ആസ്​പത്രികളുണ്ട്. എവിടെയും എ.ടി.എം കൗണ്ടറുകളുമുള്ളതിനാല്‍ വൈദ്യസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. യാത്ര മുറിച്ചാലുണ്ടാകുന്ന അസൗകര്യം കണക്കാക്കിയും വണ്ടിയില്‍ വൈദ്യസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലും വെറുതെ സമയം കളയുമ്പോഴാണ് ദുരന്തങ്ങളുണ്ടാകുന്നത്. ഓര്‍ക്കുക ജീവന്‍ നിങ്ങളുടേതാണ്! വേണ്ടവിധത്തിലുള്ള വൈദ്യസഹായം ലഭ്യമായില്ലെന്ന നിങ്ങളുടെ ആരോപണം ശരിയാണെങ്കില്‍ കൂടി കാര്യമില്ല. കാരണം അപ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ശരിയായ വൈദ്യസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തേടുകയാണ്, അല്ലാതെ ആരെയെങ്കിലും ചുമതലാബോധം പഠിപ്പിക്കുകയല്ല.6. നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയും എല്ലാ തീരുമാനങ്ങളും സ്വയമെടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് മറ്റൊന്ന്. ഇന്ന് ഇതൊന്നുമൊരു പ്രശ്‌നമല്ല. നിങ്ങളുടെ സഹായത്തിനെത്തുമെന്ന് ഉറപ്പുള്ളവരെ ബന്ധപ്പെടാന്‍ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത് ബുദ്ധിമുട്ടുണ്ടാകില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണോ എന്ന ധര്‍മസങ്കടം നിങ്ങളിലുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും മുന്‍കരുതലിന് പ്രാധാന്യം കൊടുക്കുക. നേരത്തെത്തന്നെ രോഗമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചും രോഗത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും കൈവശം തന്നെയുണ്ടാകണം. (മദ്യപിച്ച് വണ്ടിയോടിച്ചെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്ത രോഗിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണം ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു).7. നിങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ യാത്ര ചെയ്യുമ്പോള്‍ തീവണ്ടി എന്തെങ്കിലും അപകടത്തില്‍പ്പെടുകയാണെങ്കില്‍ (സൈന്തിയയിലുണ്ടായത് പോലെ) എങ്ങിനെയാണ് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവുക? നിങ്ങള്‍ ഒരു സൈക്കിളില്‍ വീടിനടുത്തുള്ള ഒരു കടയിലേയ്ക്കാണ് പോകുന്നതെങ്കിലും അതല്ല വിമാനത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേയ്ക്കാണ് പോകുന്നതെങ്കിലും യാത്രയുടെ കൃത്യമായ വിവരം വീട്ടിലുള്ളവരെ അറിയിച്ചിരിക്കണം. മൊബൈല്‍ ഫോണിന്റെ ഈ കാലത്ത് നിങ്ങളുടെ ഭാര്യയ്‌ക്കോ, അച്ഛനോ സഹോദരനോ യാത്രയുടെ വിവരം കാണിച്ച് ഒരു എസ്.എം.എസ് അയയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അങ്ങിനെയാണെങ്കില്‍ അപകടമുണ്ടായിട്ടുണ്ടെന്ന ബ്രേക്കിങ് ന്യൂസ് ടി.വിയില്‍ നിന്ന അറിയുന്നയുടന്‍ തന്നെ നിങ്ങള്‍ യാത്ര ചെയ്യുന്ന വണ്ടിയാണോ അപകടത്തില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ക്ക് അറിയാന്‍ കഴിയും. അഥവാ നിങ്ങള്‍ അപകടത്തില്‍പ്പെട്ട തീവണ്ടിയിലുണ്ടെങ്കില്‍, നിങ്ങള്‍ സുരക്ഷിതനാണെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും എന്താണ് സംഭവിച്ചതെന്നും അപ്പോഴത്തെ നിങ്ങളുടെ അവസ്ഥയെക്കുറിച്ചും അവരെ അറിയിക്കുക. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്തുള്ള കോണ്‍ടാക്ട് പോയിന്റിലെങ്കിലും അറിയിക്കുക. അങ്ങിനെ ചെയ്താല്‍ നിങ്ങളെ കണ്ടെത്താനും നിങ്ങള്‍ക്ക് വേണ്ട സഹായമെത്തിക്കാനും കഴിയും. നിങ്ങള്‍ ഈ സാഹചര്യത്തിലാണുള്ളതെങ്കില്‍ ഏറെ ആശ്വസിക്കാനും സഹായമെത്തുമെന്ന പ്രതീക്ഷയില്‍ സമാധാനിക്കാനും കഴിയും.

ആരെങ്കിലും മരിച്ചാല്‍8. ഇനി ഏറ്റവും ദു:ഖകരമായ അവസ്ഥ വിവരിക്കാം. നിങ്ങള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയും അപകടത്തില്‍പ്പെട്ട് കൂട്ടത്തിലുള്ള ആരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യം. ഏറെ വൈകാരികവും തളര്‍ത്തുന്നതുമായ ഇത്തരം അവസ്ഥ നേരിടാന്‍ നിങ്ങള്‍ സജ്ജരായിരിക്കുകയില്ല. ഇവിടെയാണ് നിങ്ങള്‍ക്ക് എളുപ്പം അംഗീകരിക്കാന്‍ കഴിയാത്ത ഒരു നിര്‍ദേശം എനിക്ക് തരാനുള്ളത്. മരിച്ച ആള്‍ ഏറ്റവും വേണ്ടപ്പെട്ട ആളാണ്, ഇത് ജീവിതത്തിലൊരിക്കല്‍ മാത്രം നടക്കാനിടയുള്ള സംഭവമാണ്. എല്ലാം ശരിതന്നെ, പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളൊഴികെയുള്ള മറ്റെല്ലാവര്‍ക്കും (റെയില്‍വെ-ആസ്​പത്രി അധികൃതര്‍, പോലീസ് എന്നിവര്‍ക്കെല്ലാം) മരിച്ച ആള്‍ മറ്റൊരു മൃതദേഹം മാത്രമാണ്. അതുകൊണ്ട് അവര്‍ അതിനെ കൈകാര്യം ചെയ്യുക ചട്ടപ്രകാരം മാത്രമായിരിക്കും. നിങ്ങള്‍ കാണിക്കുന്ന അതേ ബഹുമാനവും അടിയന്തിരശ്രദ്ധയുമൊന്നും മറ്റുള്ളവര്‍ കാണിച്ചെന്നുവരില്ല.9. 99 ശതമാനം സാഹചര്യത്തിലും മൃതദേഹം നിങ്ങള്‍ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകാനാണ് ആഗ്രഹിക്കുക. എന്തായാലും ആള്‍ മരിച്ചതോടെ എല്ലാത്തിനും അവസാനമായിരിക്കുകയാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യത്തിലേറെ ധൃതി കാണിക്കേണ്ടതില്ല. മതാചാരങ്ങളനുസരിച്ച് മൃതദേഹം വേഗം സംസ്‌കരിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ രാജ്യാന്തരതലത്തിലുള്ള യാത്രകള്‍ വര്‍ദ്ധിച്ചിട്ടുള്ള ഇക്കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാം. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം നടപടിക്രമങ്ങള്‍ കഴിഞ്ഞ് വിട്ടുകിട്ടാന്‍ മാസങ്ങളെടുക്കാറുണ്ട്. ഇത്തരം അവസ്ഥകളുമായി പൊരുത്തപ്പെടാന്‍ നമ്മുടെ സമൂഹവും ശീലിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ കേസില്‍ ഒന്നോ രണ്ടോ ദിവസത്തെ കാലതാമസമുണ്ടായാലും ബഹളം വെക്കേണ്ടതില്ല.10. ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രായോഗികമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ എനിക്കറിയാം. പ്രത്യേകിച്ചും നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ കണ്‍മുന്നില്‍ വെച്ച് മരിക്കുമ്പോള്‍ ദു:ഖം നിങ്ങളെ കീഴ്‌പ്പെടുത്തുകയും കുറ്റബോധത്താല്‍ (യാത്ര ചെയ്യരുതായിരുന്നു, നേരത്തെത്തന്നെ വൈദ്യസഹായം നല്‍കേണ്ടതായിരുന്നു, ഏറ്റവും നല്ല വൈദ്യസഹായം നല്‍കാന്‍ കഴിഞ്ഞില്ല തുടങ്ങിയ ചിന്തകള്‍) നിങ്ങള്‍ നീറുകയും ചെയ്യുമ്പോള്‍. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്കൊറ്റയ്ക്ക് മൃതദേഹം നാട്ടിലേയ്ക്കയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിങ്ങള്‍ തളരുകയും നിരാശനാവുകയും ചെയ്തിട്ടുള്ളതിനാല്‍ പ്രജ്ഞ നശിക്കുകയും ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്യും. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഒരു ഡോക്ടറെയോ, അറ്റന്‍ഡറെയോ, റെയില്‍വെ ഉദ്യോഗസ്ഥനെയോ ആക്രമിച്ചതിന് നിങ്ങള്‍ക്കൊട്ടും പരിചയമില്ലാത്ത നഗരത്തില്‍ ഒരു പോലീസ് കേസ്സിലകപ്പെട്ടാല്‍ അത് ദുരന്തമാകും. നിങ്ങള്‍ ഏത് മൃതദേഹത്തിന് വേണ്ടിയാണോ ബഹളം വയ്ക്കുന്നത് അത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാകാം, എന്നാല്‍ മറ്റാര്‍ക്കും അത്തരം വികാരങ്ങളുണ്ടാകേണ്ടതില്ലെന്ന കാര്യം മറക്കരുത്.11. അതുകൊണ്ട് ആള്‍ മരിച്ചെന്ന് ഉറപ്പായാല്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളുമായി മരിച്ചയാളുടെ ഉറ്റ ബന്ധുക്കള്‍ മുന്നോട്ട് പോകുന്നത് ഉചിതമായിരിക്കുകയില്ല. അതിനുപകരം നിങ്ങളുടെ സുഹൃത്തുക്കളെയോ മലയാളി സന്നദ്ധസംഘടനകളെയോ സമീപിക്കുക. ഇവരാരുമില്ലെങ്കില്‍ ഇതിനായി നാട്ടില്‍ നിന്ന് ആരെയെങ്കിലും വരുത്തുക. ഇതിന് രണ്ട് ദിവസത്തെ സമയം വേണ്ടിവന്നാല്‍ കൂടിയും അത് കാര്യമാക്കേണ്ടതില്ല. മരിച്ചയാള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുക. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാതിരിക്കുക.

തീവണ്ടിയിലെ കൊള്ളകള്‍തീവണ്ടിയില്‍ ലഹരി ഉപയോഗിച്ച് ബോധം കെടുത്തുന്നത് ഒരു സുരക്ഷാപ്രശ്‌നമല്ല: കേരളത്തില്‍ ഇപ്പോള്‍ സഹയാത്രക്കാരന്‍ നല്‍കുന്ന ഭക്ഷണമോ പാനീയമോ കഴിച്ച് ബോധം കെട്ട് മോഷണത്തിന് ഇരയാകുന്ന വാര്‍ത്ത കേള്‍ക്കാതെ ഒരു മാസം പോലും കടന്നുപോകുന്നില്ല. എന്നിട്ടും ഇരകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് 'വിസ തട്ടിപ്പ്' പോലെയാണ്. നമ്മള്‍ ഇപ്പോഴും ഇത്തരം കഥകള്‍ കേട്ടിട്ടും ഇതില്‍ നിന്നൊന്നും പഠിക്കുന്നില്ല !ആളുകള്‍ക്ക് ലഹരിമരുന്ന് നല്‍കി മോഷണം നടത്തുന്നതുപോലുള്ള കുറ്റകൃത്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പെടുന്നില്ല. എങ്കിലും അതിനെക്കുറിച്ചും ചിലതുപറയാനുണ്ട്. യാത്രക്കാര്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടിയേക്കാള്‍ കൂടുതലായി അധികൃതരും സംവിധാനവും ഒരുക്കേണ്ട സുരക്ഷാ നടപടിയിലുള്ള വീഴ്ച കൊണ്ടാണിത് സംഭവിക്കുന്നത് എന്നതുകൊണ്ടാണ് ഇതിനെക്കുറിച്ചും പരാമര്‍ശിക്കേണ്ടിവരുന്നത്. നമ്മള്‍ സ്വയം സ്വീകരിക്കേണ്ട സുരക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രശ്‌നവുമെന്ന് ജനങ്ങള്‍ കരുതുന്നു. എനിക്കാണെങ്കില്‍ നിങ്ങളോട് പങ്ക് വയ്ക്കാന്‍ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ട് താനും.


ലഹരി ഉപയോഗിച്ച് ആളുകളെ മയക്കുന്നത് കേരളത്തിന് പുതിയ അനുഭവമാണെങ്കിലും ഇന്ത്യന്‍ റെയില്‍വേയ്ക്കിത് പുത്തരിയല്ല. 1988ല്‍ കാണ്‍പൂര്‍ റെയില്‍വെസ്റ്റഷനില്‍ വെച്ച് ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ സ്വീകരിക്കുന്നതിനിടയില്‍ മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ബലിഷ്ഠനായ ഒരു കരസേനാ ഉദ്യോഗസ്ഥനെ ഉന്തി പുറത്താക്കുന്നത് കാണാനിടയായി. അദ്ദേഹം നടക്കാന്‍ കഴിയാതെ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. പട്ടാള യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈവശം മറ്റ് സാധനങ്ങളോ പെട്ടികളോ ഒന്നുമുണ്ടായിരുന്നില്ല. അയാളെ തീവണ്ടിയില്‍ നിന്ന ഇറക്കാന്‍ ശ്രമിക്കുകയായിരുന്ന കൂടെയുള്ള യാത്രക്കാര്‍ അയാള്‍ക്ക് ലഹരി നല്‍കി കൊള്ളയടിക്കപ്പെട്ടു എന്ന് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
ഇതാദ്യമായിട്ടായിരുന്നു ഞാന്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ ഏതെങ്കിലും തീവണ്ടിയില്‍ വെച്ച് നിങ്ങള്‍ ലഹരിയ്ക്ക് അടിപ്പെട്ടാല്‍ മരിക്കാന്‍ എളുപ്പമാണ്. കാരണം നിങ്ങളെ ശ്രദ്ധിക്കാനോ മറ്റോ യാതൊരു സംവിധാനവുമില്ല. നിങ്ങള്‍ക്കൊപ്പം ആരുമില്ലെങ്കില്‍ കൂടി, യാത്രക്കാരില്‍ ഏറെപ്പേരൊന്നും അവരുടെ യാത്ര മുടക്കി നിങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കില്ല.എന്നാല്‍ ഞാന്‍ സാക്ഷിയായ സംഭവത്തില്‍ പട്ടാളക്കാരന്റേത് ശുഭപര്യവസാനമായിരുന്നു. വടക്കേ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലും MOC (Movement Control Office) എന്ന പേരില്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന പട്ടാളക്കാരെ സഹായിക്കാനായി ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ ആ പട്ടാളക്കാരനെ എം.ഒ.സിയില്‍ എത്തിക്കുകയും അവിടെയുള്ളവര്‍ അയാളുടെ യൂണിഫോമിലുള്ള ബാഡ്ജ് കണ്ടയുടന്‍ ഏത് സേനയിലുള്ളയാളാണെന്ന് ഉടന്‍ തിരിച്ചറിഞ്ഞ് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ആ പട്ടാളക്കാരന്‍ ഭാഗ്യവാനായിരുന്നു.എന്നാല്‍ എല്ലാവരും ഇതുപോലെ ഭാഗ്യവാന്‍മാരല്ല. മിക്കവാറും പേര്‍ക്ക് കയ്യിലുള്ള വിലപ്പെട്ടതെല്ലാം നഷ്ടപ്പെടും എന്നുമാത്രമല്ല അവര്‍ ലഹരിയ്ക്ക് അടിപ്പെടുകയും ചെയ്യും. അവരുടെ സിരാ സംവിധാനം തകരുകയും ചിലപ്പോഴെങ്കിലും തീവണ്ടിയില്‍ നിന്ന് വീണ് മരിക്കുകയും ചെയ്യും.വടക്കേ ഇന്ത്യയിലെ മോഷണങ്ങളുടെ ചരിത്രത്തില്‍ ഒരിക്കല്‍ എനിക്ക് താല്പര്യം ജനിച്ചു(വില്യം ഡാര്‍ലിംപിളിന്റെ 'ദ ലാസ്റ്റ് മുഗള്‍' എന്ന പുസ്തകം വായിച്ചതിന് ശേഷം). മോഷ്ടാക്കളുടെ വ്യത്യസ്തമായ വഴികള്‍ ഞാന്‍ കേട്ടറിഞ്ഞു. ഇത് അമ്പരപ്പിക്കുന്ന വിഷയമാണ്. യഥാര്‍ത്ഥത്തില്‍ മോഷണത്തിനും കാട്ടുകൊള്ളയ്ക്കും നൂറ് കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ റെയില്‍വെ ഉണ്ടാകുന്നതിനും മുമ്പ് തന്നെ ആളുകളെ ലഹരി കൊടുത്ത് മയക്കി മോഷണം നടത്തുന്ന പതിവുണ്ടായിരുന്നു. ബനാറസിലേയ്ക്കും ഹരിദ്വാറിലേയ്ക്കും പോകുന്ന തീര്‍ത്ഥാടകരായിരുന്നു ഇവരുടെ ഇരകള്‍. മോഷ്ടാക്കള്‍ കുടുംബമായി ഈ തീര്‍ത്ഥാടകരോടൊപ്പം യാത്ര ചെയ്യുകയും പതിയെ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. ആ കാലത്ത് ബനാറസിലെത്താന്‍ ആഴ്ചകളോളം നടക്കേണ്ടിയിരുന്നതിനാല്‍ അവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. അങ്ങിനെ മോഷ്ടാക്കള്‍ കുട്ടികളടക്കമുള്ള കുടുംബത്തോടൊപ്പം ഇരകളെ ദിവസങ്ങളോളം വേട്ടയാടുന്നു. ഈ പ്രക്രിയയ്ക്കിടെ മോഷ്ടാക്കള്‍ തീര്‍ത്ഥാടകരുടെ വിശ്വാസം സമ്പാദിക്കുന്നു. അതിനുശേഷം കിട്ടുന്ന തക്കത്തിന് ഇവര്‍ തീര്‍ത്ഥാടകരുടെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുകയും അവരുടെ കൈവശമുള്ള എല്ലാം തട്ടിയെടുത്ത് അപ്രത്യക്ഷരാവുകയും ചെയ്യും. ആ കാലത്ത് ഇലകളും കായകളും ഉപയോഗിച്ചുണ്ടാക്കിയ ലഹരിമരുന്നുകളാണ് ഉപയോഗിച്ചിരുന്നത്. മാരകമായ ഒന്നും ഇതിലുണ്ടായിരുന്നില്ല.ഞാന്‍ പറഞ്ഞുവന്നത് മയക്കിയുള്ള മോഷണം വടക്കേ ഇന്ത്യന്‍ റെയില്‍വെയെ സംബന്ധിച്ച് പുതിയ കാര്യമല്ല എന്നാണ്. എന്തായാലും കേരളത്തെ സംബന്ധിച്ച് ഇത് പുതിയ അനുഭവമാണെന്ന് തോന്നുന്നു. മിക്കപ്പോഴും മോഷ്ടാക്കള്‍ അലോപ്പതി മരുന്നാണ് ലഹരിയായി ഉപയോഗിക്കുന്നതെന്ന് ആശങ്കയുളവാക്കുന്നു. എത്രയും പെട്ടെന്ന് ഇരയെ ബോധം കെടുത്തുകയാണ് ലക്ഷ്യമെന്നതിനാല്‍ ഇവര്‍ മരുന്നിന്റെ കൂടുതല്‍ ഡോസ് ഉപയോഗിക്കുന്നു. ഇതാണ് പലപ്പോഴും ദുരന്തമാകുന്നത്. അതുകൊണ്ട് അപകടം കൂടുതലാണ്.എപ്പോഴും ഒരു ഇരയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകളെടുക്കുക എന്നതല്ലാതെ വേറെ പ്രത്യേകിച്ച് പരിഹാരമൊന്നും ഇതിനില്ല. ഇത് ദീര്‍ഘദൂര തീവണ്ടി യാത്രയുടെ സ്വാഭാവിക രസം നഷ്ടപ്പെടുത്തുന്നു. പുതിയ ആളുകളെ പരിചയപ്പെടുന്നതും അവരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും ഭക്ഷണം പങ്കിടുന്നതുമൊക്കെയാണ് തീവണ്ടി യാത്രയുടെ സാംസ്‌കാരിക അനുഭവമെന്നിരിക്കെ പുതിയ സാഹചര്യം ആളുകളെ ഇതില്‍ നിന്ന് വിലക്കുന്നു. ഏതായാലും പരസ്​പരം സംസാരിക്കുന്നതിനപ്പുറം ഭക്ഷണമോ പാനീയങ്ങളോ പങ്കുവയ്ക്കാതിരിക്കുന്നതാണ് നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഉത്തമം. നിങ്ങള്‍ക്കുവേണ്ടി മറ്റുള്ളവര്‍ ഭക്ഷണം വാങ്ങുന്നതിനും അനുവദിക്കരുത്.താഹിര്‍ ഷായുടെ 'A sorcerers Apprentice' എന്ന പ്രസിദ്ധമായ പുസ്തത്തില്‍ മോഷണത്തെക്കുറിച്ച പറയുന്ന കൗതുകമായ ഒരു കഥ പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം.അഫ്ഗാന്‍ രാജാവിന്റെ പേരക്കുട്ടിയായ ഇതിലെ നായകന്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് വടക്കേ ഇന്ത്യയില്‍ തീവണ്ടിയില്‍ മോഷണം നടത്തുന്നവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വായിച്ചയാളാണ്. അയാള്‍ അലിഗഡില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് പാസ്‌പോര്‍ട്ട് അടക്കം തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി തീവണ്ടിയിലെ സീറ്റിനോട് ചേര്‍ത്ത് ബന്ധിപ്പിച്ചു. താനൊരു സമ്പന്നനാണെന്ന് കരുതാതിരിക്കാന്‍ അയാള്‍ സാധാരണ ഇന്ത്യന്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. അന്ന് വൈകീട്ട് നവ ദമ്പതികളായ രണ്ട് പേര്‍ അയാളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കയറുകയും അയാളുടെ സീറ്റിന് മറുവശത്തായി ഇരിക്കുകയും ചെയ്തു. പെണ്‍കുട്ടി സര്‍വാഭരണ വിഭൂഷിതനായിരുന്നു. ചെറുപ്പക്കാരനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കനാണെന്ന് തോന്നും. അപ്പോള്‍ കഥയിലെ നായകന്‍ അവരോട് മോഷണത്തിന്റെ സാധ്യതകളെക്കുരിച്ച് വശിദീകരിച്ചു. ഇത് കേട്ട് അവര്‍ പരിഭ്രാന്തരായി. ഈ കാര്യങ്ങളെല്ലാം തങ്ങളെ ധരിപ്പിച്ച നായകനോട് അവര്‍ നന്ദി പറഞ്ഞു. പെണ്‍കുട്ടി തന്റെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത് കയ്യിലുള്ള ബാഗല്‍ സൂക്ഷിക്കുകയും നായകനൊപ്പം അവരും ജാഗരൂകരായി ഇരിക്കുകയും ചെയ്തു.സമയം സന്ധ്യയായി. ചെറുപ്പക്കാരന്‍ നായകനോട് തങ്ങള്‍ അല്പം മയങ്ങുകയാണെന്നും ആഭരണങ്ങളടങ്ങുന്ന ബാഗടക്കമുള്ള തങ്ങളുടെ സാധനങ്ങള്‍ ഒന്ന് ശ്രദ്ധിക്കാമൊയെന്ന് ചോദിച്ചു. കള്ളന്‍മാരെ ഒഴിവാക്കാന്‍ ഉറക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ച നായകന്‍ അവരോട് സമ്മതം മൂളി. ആഭരണങ്ങളുള്ള ബാഗ് അവര്‍ നായകനെ ഏല്പിച്ച് ദമ്പതികള്‍ ഉറങ്ങാന്‍ പോയി. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ ഉണരുകയും ഇനി കുറച്ച് നായകനോട് വിശ്രമിച്ചോളാന്‍ പറയുകയും സാധനങ്ങള്‍ക്ക് അയാള്‍ കാവലിരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് സമ്മതം മൂളിയ നായകന്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആ ദമ്പതികളെയോ അയാളുടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങുന്ന ബാഗുകളോ പാസ്‌പോര്‍ട്ടോ കാണാനായില്ല. അവ ആ ദമ്പതികള്‍ മോഷ്ടിച്ചിരുന്നു!സൂത്രശാലിയായ ഒരാള്‍ എപ്പോഴാണ് എങ്ങനെയാണ് നിങ്ങളുടെ വിശ്വാസം നേടുകയെന്ന് ഒരിക്കലും പറയാനാകില്ല. യു.എന്നില്‍ ജോലി ചെയ്യുന്ന ഒരു രക്ഷാപ്രവര്‍ത്തകന്‍ പോലും നല്ലൊരു മോഷ്ടാവിനൊപ്പം വരില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു ! സദാ ജാഗരൂകരാവുക എന്നത് മാത്രമാണ് നിങ്ങളുടെ രക്ഷയ്ക്കുള്ള ഏക പോംവഴി.സുരക്ഷിതരായിരിക്കുക.

(അടിയന്തര രക്ഷാപ്രവര്‍ത്തന വിദഗ്ദ്ധനാണ് മുരളി തുമ്മാരുകുടി. പതിനഞ്ചുവര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെയും വ്യവസായ രംഗത്തെയും രക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അപകടനിവാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ മറ്റുലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം. www.muraleethummarukudy.com)

ആറ്റിലേക്ക് എടുത്തുചാടും മുമ്പ്.....

മുരളി തുമ്മാരുകുടി.

ഞാന്‍ ബ്രൂണെയില്‍ ജോലി ചെയ്യുമ്പോള്‍ എല്ലാ ഓഫീസിലും വലിയൊരു പുസ്തകമുണ്ടാകും. 'നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വമുള്ള ആള്‍ ആരെന്ന് അറിയാന്‍ ഇത് തുറന്ന് നോക്കുക' എന്ന് ആ പുസ്തകത്തിന് പുറത്ത് എഴുതിയിട്ടുണ്ടാകും. പുസ്തകം തുറക്കുമ്പോള്‍ കാണുക ഒരു കണ്ണാടിയാണ്! അതില്‍ നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ആളുടെ മുഖം നിങ്ങള്‍ക്ക് കാണാം. വേറാരുമല്ല നിങ്ങള്‍ തന്നെ! ആത്യന്തികമായി നമ്മുടെ സുരക്ഷിതത്വം നമ്മുടെ കയ്യില്‍ത്തന്നെയാണ്. വ്യക്തികളെന്ന നിലയില്‍ നമ്മുക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി വഴികളുണ്ട്.
ഇതിന്റെ അര്‍ത്ഥം സാഹചര്യങ്ങളില്‍ പുരോഗതി വേണ്ടെന്നോ സര്‍ക്കാര്‍ ഇടപെടേണ്ടെന്നോ അല്ല. അതെല്ലാം ഒരു വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ബോട്ട് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം കൂടുതല്‍ മെച്ചപ്പെടുകയോ ബോട്ട് നിര്‍മിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്‌തേയ്ക്കാം. എന്നാല്‍ അടുത്തയാഴ്ച ഒരു ബോട്ട് സവാരിയ്ക്ക് പോകുമ്പോഴേയ്ക്കും അതൊന്നും നടപ്പിലാകില്ല. എന്റെ നിര്‍ദേശങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരാത്തവയാണ്. മെച്ചപ്പെട്ട സാഹചര്യങ്ങളിലും ഈ നിര്‍ദേശങ്ങള്‍ ആരെയും ഉപദ്രവിക്കാത്തവയുമാണ്.ഈ ലേഖനത്തില്‍ ഞാന്‍ പറയാനുദ്ദേശിക്കുന്നത് ജലാശയങ്ങളിലെ സുരക്ഷയെക്കുറിച്ചാണ്. ഓരോ വര്‍ഷവും എത്ര പേര്‍ കേരളത്തില്‍ മുങ്ങിമരിക്കുന്നു എന്നതിന്റെ സംഖ്യയൊന്നും എന്റെ കയ്യിലില്ല. എന്നാല്‍ ഓരോ ദിവസവും മുങ്ങിമരിക്കുന്ന ചെറുപ്പക്കാരും വൃദ്ധരുമായ ആളുകളെക്കുറിച്ച് പത്രത്തില്‍ വായിക്കാറുണ്ടെന്ന് മാത്രം. തേക്കടിയില്‍ 45 പേര്‍ മുങ്ങിമരിച്ചതുപോലെയോ ഒരു കുട്ടി സ്വന്തം വീട്ടിലെ ബക്കറ്റില്‍ മുങ്ങിമരിക്കുന്നതുപോലെയോത്തന്നെ നാടകീയമായിരിക്കും ഇതും. മുങ്ങിമരണങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകാറുണ്ടെങ്കിലും മഴക്കാലത്ത് അത്തരം മരണങ്ങള്‍ കൂടുതലായാണ് കണ്ടുവരുന്നത്. ഇതിന് പ്രത്യേക ചില കാരണങ്ങളുണ്ട്.മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ജലം പൊതുവെ വളരെ സുരക്ഷിതമായ മാധ്യമമാണ്. ജലം സുരക്ഷിതമാണെന്ന് പറയാന്‍ കാരണം, എത്ര നേരം നിങ്ങള്‍ പൊന്തിക്കിടക്കുന്നുവോ അത്രയും നേരം നിങ്ങള്‍ മരിക്കില്ല എന്നതുകൊണ്ടാണ് (തീയുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി!). ജലത്തില്‍ നിര്‍വചിക്കപ്പെട്ട ദേശീയപാതകളില്ലാത്തത് ഇവിടം സുരക്ഷിതമാക്കുന്നു. രണ്ട് ബോട്ടുകള്‍തമ്മില്‍ കൂട്ടിയിടിച്ചു എന്ന് കേള്‍ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും. എന്നാലും റോഡപകടങ്ങളുടെ ഏഴയലത്തുപോലും ഇത് വരില്ല.എന്നിട്ടും വര്‍ഷം തോറും നൂറ് കണക്കിന് ആളുകളാണ് വെള്ളത്തില്‍പ്പെട്ട് മരിക്കുന്നത്. കടലില്‍, പുഴകളില്‍, കനാലുകളില്‍, കുളത്തില്‍, കിണറ്റില്‍, അരുവികളില്‍, നീന്തല്‍ക്കുളത്തില്‍... പിന്നെ വളരെ അപൂര്‍വമായി വീട്ടിലെ ബക്കറ്റുകളിലുമാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നത്. നമ്മള്‍ തെല്ലൊന്ന് ശ്രദ്ധിച്ചാല്‍ മാത്രം ഈ മരണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാവുന്നവയാണ്.കഴിഞ്ഞ മാസം പുനലൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം, വിദ്യാര്‍ത്ഥികള്‍ കുളിക്കുമ്പോള്‍ അതിലൊരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇത് കണ്ട് ചില സുഹൃത്തുക്കള്‍ അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും നാല് പേര്‍ മരിക്കുകയുമാണുണ്ടായത്. ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയാകട്ടെ ഒരു മരക്കൊമ്പില്‍ പിടിച്ചുതൂങ്ങി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം ഒരു ചോദ്യം ഉയര്‍ത്തുന്നു 'മുങ്ങിക്കൊണ്ടിരിക്കുന്ന സുഹൃത്തിനെ നിങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കാമോ?' ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യത്തിനുത്തരം എളുപ്പമാണ്. തീര്‍ച്ചയായും നിങ്ങള്‍ ശ്രമിക്കണം എന്നതാണത്. എന്നാല്‍ സുരക്ഷാ വിദഗ്ധരുടെ കണ്ണുകളിലൂടെ നോക്കിയാല്‍ ഇതിന് നേരിയ വ്യത്യാസമുള്ള ഒരുത്തരമാണ് ലഭിക്കുക. ഈ ഉത്തരം വ്യക്തമാക്കാം.1996 ല്‍ എന്റെ സുഹൃത്ത് ബാബു ബ്രൂണെയില്‍ എന്നെ കാണാനെത്തി. ഞങ്ങളൊരുമിച്ച് 'ലാബി' എന്ന വിനോദസഞ്ചാരകേന്ദ്രത്തിലേയ്ക്ക് യാത്ര പോയി. ഇവിടെയുള്ള പ്രകൃതിമനോഹരമായ ഒരു സ്ഥലത്തെത്താന്‍ ഞങ്ങള്‍ക്ക് ഒരു അരുവി മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. നിരവധി പേര്‍ അവിടെ അവധിക്കാലം ചെലവഴിക്കാനെത്തിയിരുന്നു. ഈ അരുവി മുറിച്ചുകടന്ന് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നടുക്കുകയായിരുന്നു. അപ്പോള്‍ അപ്രതീക്ഷിതമായി ഒരു വെള്ളപ്പൊക്കമുണ്ടായി.അപ്പോള്‍ കുറച്ച് ഇന്ത്യക്കാര്‍ അരുവി മുറിച്ചുകടക്കുകയായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്നു കുറച്ച് പേര്‍ അരുവിയുടെ ഒരറ്റത്തും മറ്റ് ചിലര്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തുമെത്തിയിരുന്നു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയന്ന് ഇരുകൂട്ടരും നിലവിളിച്ചു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ബാബു അപ്പോള്‍ അരുവി നീന്തിക്കടന്ന് അവരെ രക്ഷിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ ഞാന്‍ അയാളെ അതില്‍ നിന്ന് വിലക്കി. ഇതില്‍ ബാബു വല്ലാതെ ദേഷ്യപ്പെട്ടു.'അതെല്ലാം ഇന്ത്യക്കാരാണ്, സ്ത്രീകളെല്ലാം നിലവിളിക്കുന്നു' ബാബു പറഞ്ഞു. 'അവരിലാരും അപകടത്തിലല്ല' ഞാന്‍ പറഞ്ഞു. 'അവര്‍ക്ക് ഒരു പക്ഷേ ഒരു മണിക്കൂറോ ചിലപ്പോള്‍ ഒരു ദിവസമോ കാത്തിരിക്കേണ്ടിവന്നേയ്ക്കാം. അപ്പോഴേയ്ക്കും വെള്ളം താഴുകതന്നെ ചെയ്യും. വേണമെങ്കില്‍ നമ്മുക്ക് വിദ്ഗധരെ സമീപിക്കുകയും ചെയ്യാം. ആരുടെയും ജീവന്‍ അപകടത്തിലല്ലെന്നിരിക്കെ നിങ്ങള്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നത് മണ്ടത്തരമാണ്'. ബാബു പൂര്‍ണമായും സംതൃപതനായില്ലെങ്കിലും അയാള്‍ എന്നെ അനുസരിക്കാന്‍ തയ്യാറായി. ഞങ്ങള്‍ തിരിച്ചുപോരവെ ഫയര്‍ സര്‍വീസിനെ അറിയിച്ചു. ആര്‍ക്കും ഒരു പോറലുപോലുമുണ്ടായില്ല. എല്ലാവരും രക്ഷപ്പെട്ടു. ഈ സംഭവത്തില്‍ കാര്യം വളരെ വ്യക്തമായിരുന്നു. ആരും അപകടത്തിലായിരുന്നില്ലെന്ന് മാത്രമല്ല, ഞങ്ങള്‍ക്ക് വേണ്ടുവോളം സമയവുമുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും ഇതുപോലെയായിരിക്കില്ല സംഭവിക്കുക.നമുക്ക് പുനലൂര്‍ സംഭവത്തിലേയ്ക്ക് തിരിച്ചുവരാം. ഇവിടെ ഒരാള്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി സുഹൃത്തിനെ രക്ഷിക്കുകയാണോ വേണ്ടത്? അതോ നിങ്ങള്‍ അനങ്ങാതെ സുഹൃത്ത് മുങ്ങുന്നത് നോക്കിനില്‍ക്കുകയും അയാളെ മരണത്തിന് വിട്ടുകൊടുക്കയുമാണോ വേണ്ടത്? ഇത്തരം അവസരങ്ങളില്‍ മിക്കപ്പോഴും വിദഗ്ധ സഹായത്തിന് കാത്തിരിക്കാനുള്ള സമയമുണ്ടാകാറില്ല (ലൈഫ് ഗാര്‍ഡുകളുള്ള ബീച്ചുകളോ നീന്തല്‍ക്കുളങ്ങളിലോ അല്ലെങ്കില്‍).ഈ സാഹചര്യത്തില്‍ ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധു എന്ന നിലയില്‍ തീര്‍ച്ചയായും നിങ്ങളുടെ മനോധര്‍മതത്തിനനുസരിച്ച് പെരുമാറേണ്ടിവരും. ഒരുപക്ഷേ സുഹൃത്തിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്താല്‍ ബാക്കി ജീവിതം ജീവിച്ചുതീര്‍ക്കുന്നതിനേക്കാള്‍ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുങ്ങിമരിക്കാന്‍ നിങ്ങള്‍ തയ്യാറായേക്കും. എന്തായാലും ഒരു സുരക്ഷാ വിദഗ്ധനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് നിങ്ങള്‍ രക്ഷപ്പെടുമെന്ന് ഉറപ്പുവരുത്താതെ നിങ്ങളുടെ സുഹൃത്തിനെയോ, സഹോദരനെയോ, ബന്ധുവിനെയോ രക്ഷിക്കാനായി എടുത്തുചാടരുത് എന്നാണ്.രക്ഷപ്പെടുമെന്ന് ഉറപ്പ് വരുത്തണമെന്ന് ഞാന്‍ ഉദ്ദേശിച്ചത് മറ്റൊരാളുടെ സഹായം ഉദ്ദേശിച്ചല്ല. അതായത് നിങ്ങള്‍ അപകടത്തിലാകുമ്പോള്‍ അയാള്‍ നിങ്ങളെ രക്ഷിക്കാന്‍ ചാടുകയും, വീണ്ടും അയാള്‍ അപകടത്തിലാകുമ്പോള്‍ രക്ഷിക്കാനായി മറെറാരാള്‍... ഇതല്ല ഞാന്‍ ഉദ്ദേശിച്ചത്. നിങ്ങളെ തീരവുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലുമൊന്നോ, ഒരു ലൈഫ് ജാക്കറ്റോ, പൊങ്ങിക്കിടക്കുന്ന ട്യൂബ് പോലെയുള്ളതോ അല്ലെങ്കില്‍ ഒരു ബോട്ടോ ആണ് നിങ്ങള്‍ക്ക് സഹായമായി ഉണ്ടാകേണ്ടത്.ഇതൊന്നുമില്ലാതെ ഒരാളെ രക്ഷിക്കാന്‍ നിങ്ങള്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ മറ്റ് ഉപയോഗമൊന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് നീന്താനറിയാം എന്ന യാഥാര്‍ത്ഥ്യം തീര്‍ച്ചയായും നിങ്ങളുടെയും സുഹൃത്തിന്റെയും രക്ഷപ്പെടാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരു കാര്യം ഓര്‍ക്കുക. നിങ്ങളും നിങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആളും ഭയാനകമായ ഒരു അന്തരീക്ഷത്തില്‍ വ്യത്യസ്തമായാണ് പ്രതികരിക്കുക.ഒരു പന്തയത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് ഒരാളെ പുറത്തേറ്റി മണിമലയാര്‍ നീന്തികടക്കാമെങ്കിലും അതേ മനുഷ്യനെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആറിന്റെ ഒത്ത നടുക്കില്‍ നിന്ന് രക്ഷപ്പെടുത്താമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇതെല്ലാം മനസ്സിലാക്കുന്ന ഒരു ഭേദപ്പെട്ട സുഹൃത്ത് ആണ് നിങ്ങളെങ്കില്‍ ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുവരുത്തും. കാറ്റ് നിറച്ച് ഒരു ടയറുമായി ബന്ധിച്ച ഒരു നീളന്‍ കയറില്‍ നിങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞാല്‍ ഈ കേരളത്തിലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയും.നിര്‍ഭാഗ്യവശാല്‍ ഇതല്ല നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. സത്യത്തില്‍ ഇതിന് വിപരീതമാണ് നാം ചെയ്യുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ ധീരരായ കുട്ടികളെ നാം ആദരിക്കുകയും പുരസ്‌കാരം നല്‍കാറുമുണ്ട്. അസാധാരണമായ ധൈര്യത്തോടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച കുട്ടികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരുന്നു! അവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും. അതിന് ശേഷം അവരെ ആനപ്പുറത്തേറ്റി റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി ഡല്‍ഹിയിലെ തെരുവുകളിലൂടെ പരേഡ് നടത്തും. സ്വാഭാവികമായും ഇത് ആ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ബഹുമതിയാണ്.ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഇതിനായി അഞ്ച് കുട്ടികളെ തിരഞ്ഞെടുത്തിരുന്നു. ഇവരെല്ലാവരും തന്നെ വെള്ളത്തില്‍ മുങ്ങിയവരെ രക്ഷപ്പെടുത്തിയവരാണ്. ഈ കുട്ടികള്‍ക്ക് അവരെ രക്ഷപ്പെടുത്താനായി എന്തെങ്കിലും പ്രത്യേക സഹായങ്ങള്‍ ലഭിച്ചിരുന്നോ? അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. കാരണം അങ്ങിനെ വല്ല സഹായവുമുണ്ടായിരുന്നെങ്കില്‍ ഇത് അത്തരമൊരു ധീരകൃത്യമാകുമായിരുന്നില്ല. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്ലാഘനീയമാണെങ്കിലും ഈ കുട്ടികളെ ഹീറോകളാക്കുന്നത് തെറ്റായ ഒരു സന്ദേശമാണ് നല്‍കുന്നത്.ഡല്‍ഹിയിലെ ആനപ്പുറത്തിരിക്കാന്‍ അവസരം ലഭിച്ച കേരളത്തിലെ ഓരോ കുട്ടിയ്ക്കും ബദലായി ചുരുങ്ങിയത് രണ്ട് പേരെങ്കിലും മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച് മരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്ന കാര്യം എനിക്കുറപ്പാണ്. ഇതിന്റെ കൃത്യം കണക്കുകളൊന്നും എന്റെ കയ്യിലില്ലെങ്കിലും. ഡല്‍ഹിയില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം വാങ്ങുന്ന തങ്ങളുടെ കുട്ടികളെ കണ്ട് ചില കുടുംബങ്ങള്‍ അഭിമാനപൂരിതരാകുമ്പോള്‍ അതിലും കൂടുതല്‍ കുടുംബങ്ങള്‍ മറ്റുള്ളവരെ രക്ഷിക്കാനായി ശ്രമിച്ച മരിച്ച ഉറ്റവരെയോര്‍ത്ത് ദു:ഖിക്കുന്നുണ്ടാകും. നാം ഒരിക്കലും അവരുടെ കഥകള്‍ക്ക് ചെവി കൊടുക്കാറില്ല.മറ്റ് സഹായങ്ങളൊന്നുമില്ലാതെ വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല എന്ന ഉപദേശം മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാനുള്ളത്. അങ്ങിനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പകരം രണ്ട് പേരുടെ ജീവനാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്. ഈ ഉപദേശം പിന്തുടരുകയാണെങ്കില്‍, വ്യക്തിപരമായി ചിലരെയൊക്കെ രക്ഷിക്കാമായിരുന്ന സാഹചര്യങ്ങളുണ്ടാകാമെങ്കിലും കൂടുതല്‍ പേരെ ജീവനോടെ നിലനിര്‍ത്താന്‍ കഴിയും.നിങ്ങളുടെ കുട്ടികള്‍ക്ക് രക്ഷാകവചമാവുക: മരിക്കുകയോ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നവരോ ആയ കുട്ടികളെക്കുറിച്ചല്ലാതെ കൂടുതല്‍ വാര്‍ത്തകള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സംഭവങ്ങള്‍ പെട്ടെന്ന് മനസ്സിലേയ്ക്ക് വരുന്നു. എറണാകുളത്ത് അറുപത് വയസ്സിലധികം പ്രായമുള്ള ഒരു സ്ത്രീയ്ക്ക് ജനിച്ച കുട്ടി വീട്ടിലെ ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ മുങ്ങിമരിച്ച സംഭവമാണ് ഇതിലൊന്ന്. മുത്തച്ഛന്‍ ഇരട്ടക്കുട്ടികളായ പേരക്കുട്ടികള്‍ക്കൊപ്പം സായാഹ്നയാത്രയ്ക്കിറങ്ങിയപ്പോള്‍ പരിചയമുള്ളവരെ കണ്ട് സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ കുട്ടികള്‍ അടുത്തുള്ള കനാലില്‍ കളിക്കാനിറങ്ങുകയും ഒലിച്ചുപോവുകയും ചെയ്ത് സംഭവമാണ് മറ്റൊന്ന്(കൃത്യമായ വാര്‍ത്തകള്‍ ഇങ്ങിനെതന്നെയാകണമെന്നില്ല, എന്റെ ഓര്‍മയില്‍ നിന്ന് എഴുതിയത് മാത്രമാണ്).കുട്ടികളെ സംബന്ധിച്ചിടത്തോളം വെള്ളം വളരെ അപകടരമായ ഒന്നാണ്. തീ പോലെ കുറച്ച് ദൂരെ നിന്ന് തന്നെ അപകടസൂചനകളൊന്നും വെള്ളം തരുന്നില്ല. വെള്ളത്തില്‍ കളിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്നതും(ഉദാഹരണത്തിന് കുട്ടികള്‍ക്ക് മരത്തില്‍ കയറുക എളുപ്പമല്ല) കൂടുതല്‍ ആസ്വാദ്യകരമാണെന്നതും(മണ്ണില്‍ കളിക്കുന്നതിനെക്കാള്‍) ഇതിന്റെ ദുരന്തം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യാതൊരു ഭയവുമില്ലാതെ കുട്ടികള്‍ വെള്ളത്തിലിറങ്ങുകയും ദുരന്തത്തിലകപ്പെടുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ കുട്ടികളെ വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയും അവയെ നേരിടാന്‍ നീന്തല്‍ പോലുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുകയും വേണം. വെള്ളത്തില്‍ വീണ് കുട്ടികള്‍ വീണ് മരിക്കുന്നതിന് പ്രധാനകാരണം രക്ഷിതാക്കളുടെ അശ്രദ്ധയാണ്.ഇത് ക്ഷമയര്‍ഹിക്കാത്ത കുറ്റമാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇപ്പോള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത് ഏറെ പ്രയോജനകരമായ ഒന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി നീന്തല്‍ പരിശീലിക്കുമ്പോള്‍ അതോടൊപ്പം ശരിയായ സുരക്ഷാനിയമങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. 'ഹീറോകള്‍ ചെറുപ്പത്തില്‍ മരിക്കുന്നു' എന്ന് യു.കെയില്‍ സുരക്ഷാ വിദഗ്ധരെ ബോധ്യപ്പെടുത്താറുണ്ട്.എണ്ണത്തില്‍ കാര്യമില്ല: ഒരുപറ്റം കൂട്ടുകാര്‍ ഒരുമിച്ച് വെള്ളത്തിറങ്ങിയ സാഹചര്യങ്ങളിലാണ് ചില മുങ്ങല്‍മരണങ്ങളുണ്ടായിട്ടുള്ളത്. വെള്ളത്തിലിറങ്ങിയും നീന്തിയും പരിചയമുള്ളവര്‍ അത് ആസ്വദിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ അപകടങ്ങള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. കൂടുതല്‍ പേരുണ്ടാകുമ്പോള്‍ നമ്മുക്ക് തെറ്റായ ഒരു സുരക്ഷാ ബോധമുണ്ടാവുകയും വ്യക്തിപരമായ അതിര്‍ത്തികള്‍ ലംഘിക്കാനിട വരികയും ചെയ്യും. ഇതാണ് ദുരന്തങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നത്. ചില നിസാര പൊടിക്കൈകള്‍ ചെയ്താല്‍ ഇത് തടയാന്‍ എളുപ്പമാണ്.1. എപ്പോഴും വെള്ളത്തിലിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂട്ടായി ഒരാള്‍ കൂടിയുണ്ടാവണം. ഒരു ഗ്രൂപ്പ് ആയാണ് എത്തുന്നതെങ്കില്‍ ഈരണ്ട് പേരുടെ സംഘങ്ങളായി തിരിയുകയും ഒരാള്‍ മറ്റൊരാള്‍ക്ക് രക്ഷാകവചമായി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ആഴത്തിലുള്ള ജലാശയമാണെങ്കിലും അല്ലെങ്കിലും, ഒഴുക്കുള്ള വെള്ളമാണെങ്കിലും അല്ലെങ്കിലും ഇത് പാലിക്കാന്‍ തയ്യാറാകണം. ഇതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആരെങ്കിലും നിങ്ങളെ രക്ഷിക്കാനോ അല്ലെങ്കില്‍ നിങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ചുരുങ്ങിയത് സഹായത്തിനായി നിലവിളിക്കാനെങ്കിലും ഒരാളുണ്ടാകുമെന്ന് ഉറപ്പാക്കാം. പലപ്പോഴും ഒരു ഗ്രൂപ്പ് ആയി വെള്ളത്തിലിറങ്ങി തിരിച്ചുവരുമ്പോഴാണ് മനസ്സിലാക്കുക അവരിലൊരാളെ കാണാനില്ലെന്ന്. അതേസമയം രണ്ട് പേര്‍ ചേര്‍ന്നുള്ള സംഘമാകുമ്പോള്‍ ഈ അപകടം ഒഴിവാക്കാനാകും.2. വെള്ളം നിങ്ങളുടെ മൂക്കിന് മുകളിലുണ്ടെങ്കില്‍ മാത്രമെ നിങ്ങള്‍ മുങ്ങുകയുള്ളൂ. ഒഴുക്കില്ലാത്ത വെള്ളത്തില്‍ (കുളമോ മറ്റ് ജലയാശയങ്ങളോ) ഈ പരിധിക്കുള്ളിലാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സുരക്ഷിതരാണ്. (എന്നാല്‍ നിങ്ങള്‍ അപസ്മാരമുള്ളവരായിരിക്കുകയോ, നിങ്ങളുടെ സ്വന്തം താല്പര്യപ്രകാരമല്ലാതെ വെള്ളത്തിലിറങ്ങുകയോ ചയ്തവരാണെങ്കില്‍ ഇത് ബാധകമല്ല). എന്റെ നാടായ വെങ്ങോലയില്‍ എന്റെ കുടുംബവീട്ടിലെ കുളം (കുട്ടിക്കാലത്ത് ഞാനെത്ര നീന്തിയിരിക്കുന്നു!) ആഴമില്ലാത്തതും എന്നും കുട്ടികളോട് ദയയുള്ളതായിരുന്നു. പെരുമ്പാവൂരില്‍ എന്റെ വീട്ടിലുണ്ടാക്കിയിരിക്കുന്ന(ഞാനും എന്റെ കുട്ടികളും നീന്തുന്ന) കുളവും ആഴമില്ലാത്തതാണ്. ഒരാള്‍ തലകുത്തിമറിഞ്ഞാല്‍ മാതമെ അതില്‍ മുങ്ങാന്‍ കഴിയുകയുള്ളൂ.3. ആഴമുള്ളതോ നിങ്ങളുടെ മൂക്കിന് മുകളില്‍ വെള്ളമുള്ളതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുന്നെങ്കില്‍ വാട്ടര്‍ ട്യൂബുകളോ ലൈഫ് ജാക്കറ്റുകളോ ഉപയോഗിക്കണം. കാറ്റുനിറച്ച ടയറുകള്‍, പ്ലാസ്റ്റിക് ബോളുകള്‍, പൊങ്ങിക്കിടക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയൊന്നും പൂര്‍ണായും ആശ്രയിക്കാവുന്നവയല്ലെന്ന് ഓര്‍ക്കണം. ഇവയൊന്നും പൂര്‍ണമായും ഒരു സുരക്ഷാവസ്തുവായി കണക്കാനാവില്ല. എന്റെ ഒരു സുഹൃത്ത് വീട്ടിലെ കുളത്തില്‍ ഒരു പ്ലാസ്റ്റിക്ക് നാര് കൊണ്ട് ബന്ധിപ്പിച്ച തേങ്ങകള്‍ക്ക് മീതെ കിടന്ന് നീന്തുമ്പോള്‍ മുങ്ങിമരിച്ചത് ഈ സന്ദര്‍ഭത്തില്‍ ഓനോര്‍ക്കുന്നു.അത്തരം വസ്തുക്കള്‍ നിങ്ങള്‍ക്ക് അനാവശ്യമായ ഒരു സുരക്ഷാബോധം നല്‍കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാം കൃത്യമായി സംഭവിച്ചാല്‍, പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും ഒരു വസ്തുവുമായി ബന്ധിപ്പിക്കപ്പെട്ട ഒരു കയര്‍ കൈയില്‍ക്കിട്ടുകയാണെങ്കില്‍ നിരവധി ജീവന്‍ രക്ഷാക്കാനാകും. ഇത് ചുരുങ്ങിയ ചിലവില്‍ സംഘടിപ്പിക്കാവുന്നതും എളുപ്പം കൈയില്‍കൊണ്ട് നടക്കാവുന്നതുമാണ്.(ഉദാഹരണത്തിന് എറണാകുളത്തുനിന്ന് പാനിയേലി വരെ ജലകേളികള്‍ക്കായി പോകുന്നവര്‍ക്ക് ഒപ്പം ഒരു കയറും കാറ്റ് നിറച്ച് ടയറും കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടാണ്ടികില്ല).4. ലൈഫ് ജാക്കറ്റ് പോലെ സുരക്ഷാകവചമായി മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ പോലും പൂര്‍ണമായും പിഴവില്ലാത്തവയല്ല. ഇവ ഒരുപാട് ചെറുതാണെങ്കില്‍ നിങ്ങള്‍ക്ക് പൊങ്ങിക്കിടക്കാന്‍ കഴിയില്ല. അതേസമയം ഇത് വളരെ വലുതാണെങ്കില്‍ കുട്ടികള്‍ അതില്‍ നിന്ന് ഊര്‍ന്നുപോവുകയും ചെയ്യും. അതുകൊണ്ട് ഏത് സുരക്ഷാകവചമാണോ നിങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് അത് നന്നായി പരിശോധിക്കുക.5. മദ്യപിച്ച് ഒരിക്കലും വെള്ളത്തിലിറങ്ങാതിരിക്കുക. മദ്യം നിങ്ങളുടെ നിരീക്ഷണപാടവം ദുര്‍ബലപ്പെടുത്തുകയും സാധാരണനിലയില്‍ ചെയ്യാത്ത മണ്ടത്തരങ്ങള്‍ ചെയ്യാന്‍ പ്രേരണയാവുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവങ്ങളില്‍ മിക്കതും മദ്യപിച്ചത് മൂലമാണ്.6. നല്ല വെളിച്ചമുള്ള നീന്തല്‍ക്കുളങ്ങളിലൊഴികെ മറ്റൊരു ജലാശയത്തിലും രാത്രിനേരത്ത് ഇറങ്ങാതിരിക്കുക. ഇരുട്ട് നിങ്ങളുടെ സ്വാഭാവിക ചലനങ്ങളെ പരിമിതപ്പെടുത്തുകയും രക്ഷപ്പെടുത്തല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും എന്നതിനാലാണിത്. മധുവിധുകാലത്ത് ദമ്പതികള്‍ രാത്രിനേരത്ത് ഹോട്ടലുകളിലെ നീന്തല്‍ക്കുളങ്ങളില്‍ നീന്താന്‍ പോയത് അപകടമുണ്ടാക്കിയതായി അറിയാം. പ്രണയാതുരരായ ദമ്പതികള്‍ പൂര്‍ണനഗ്നരായി നീന്തല്‍ക്കുളത്തിലേയ്ക്ക് എടുത്തുചാടിയ ഒരു സംഭവവും ഓര്‍ക്കുന്നു. നീന്തല്‍ക്കുളം റിപ്പയര്‍ ചെയ്യുന്നതിനാല്‍ വെള്ളമുണ്ടായിരുന്നില്ല. അവര്‍ നേരെ വീണത് ടൈലുകളൊട്ടിച്ച നിലത്താണ്.7. ഒരിക്കലും നിങ്ങള്‍ക്ക് കഴിയാത്ത റിസ്‌ക്കുകളെടുക്കാതിരിക്കുക. ഒരു ഗ്രൂപ്പിലാണെന്നതോ, നിങ്ങളോടൊപ്പം ഒരു ഒളിമ്പിക് നീന്തല്‍ ചാമ്പ്യനുണ്ടെന്നതോ നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല.കടല്‍ വെറും ജലം മാത്രമല്ല!: കടലിലെ സുരക്ഷയെ രണ്ട് വിഭാഗങ്ങളിലായി തിരിക്കാം. (1)കടലിലെ കുളി (2)ബോട്ട് യാത്ര. ബീച്ചില്‍ കുളിക്കുമ്പോള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യമെന്തെന്നാല്‍ ആഴം അല്ല കടലിനെ നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. തിരകള്‍ പ്രവചനാതീതമാണ്. നിങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ ഒരു മിനുട്ട് മതി. തിര നിങ്ങളുടെ തലയ്ക്കുംമീതെ ആര്‍ത്തലച്ചുപോകും. തിരിച്ചുവരുന്ന തിരകള്‍ നിങ്ങളെയും വലിച്ച് കൊണ്ടുപോകും.കാറ്റില്‍ നിങ്ങള്‍ പാറക്കെട്ടിലിടിക്കുകയോ ഒഴുകുന്ന വസ്തുക്കളിലിടിക്കുകയോ ചെയ്യാം. ഇതെല്ലാം പരിക്കിനോ മരണത്തിനോ വരെ കാരണമായേക്കാം. എന്നാല്‍ ബീച്ചിലെ നീന്തല്‍ ആസ്വാദ്യകരമാണ്. അതുകൊണ്ടുതന്നെ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലതാനും. നിങ്ങള്‍ പ്രത്യേകശ്രദ്ധ ചെലുത്തിയാല്‍ മതി. താഴെ പറയുന്ന ചെറിയ പൊടിക്കൈകള്‍ ഇതിന് നിങ്ങളെ സഹായിക്കും.1. ലൈഫ് ഗാര്‍ഡുകളുള്ള ബീച്ചുകളില്‍ പോകാന്‍ പരമാവധി ശ്രദ്ധിക്കുക. ബീച്ചിലെത്തിയ ഉടന്‍ നിങ്ങള്‍ ലൈഫ് ഗാര്‍ഡിന്റെ കാബിനിലെത്തി അയാള്‍ ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പ് വരുത്തുകയും അയാളുടെ കൈവശം ലൈഫ് ലൈന്‍ പോലുള്ള സുരക്ഷാകവചങ്ങളുണ്ടെന്ന് പരിശോധിക്കുകയും വേണം. എപ്പോഴും ഇത് സാധ്യമാകണമെന്നില്ല.2. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശങ്ങള്‍, അതായത് എവിടെ നീന്തണം, എങ്ങിനെ നീന്തണം എന്നിവയെല്ലാം പൂര്‍ണമായും പാലിക്കുക. നിങ്ങള്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് ബീച്ചിലെത്തിയതെന്നോ ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് നിങ്ങള്‍ ബീച്ചിലെത്തിയതെന്നുമുള്ള കാര്യങ്ങളൊന്നും ഇതിന് തടസ്സമാകരുത്. കാരണം ലൈഫ് ഗാര്‍ഡുകള്‍ക്കാണ് സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുക.3. കടലില്‍ ആളുകളുടെ ശ്രദ്ധയെത്താത്ത, ഒറ്റപ്പെട്ടയിടങ്ങളില്‍ നീന്താതിരിക്കുക. ബീച്ചിലെ ഏതെങ്കിലും ഭാഗം ഒറ്റപ്പെട്ടതാണെങ്കില്‍ അതിന് കൃത്യമായ കാരണങ്ങളുണ്ടാകും.4. കടലിലിറങ്ങുമ്പോള്‍ കൂടെ ഒരാള്‍ കൂടി നിര്‍ബന്ധമായും ഉണ്ടാകണം. അതുപോലെത്തന്നെ എല്ലാവരും കടലിലിറങ്ങുമ്പോള്‍ കരയില്‍ ഒരാളെങ്കിലും എല്ലാം കാണുംവിധം ഉണ്ടായിരിക്കണം. എന്തെങ്കിലും അപകടമുണ്ടെങ്കില്‍ എത്രയും നേരത്തെ വിവരമറിയിക്കാന്‍ ഇത് സഹായകമാകും(ഉദാ:ഉയര്‍ന്ന തിരമാലകള്‍, ബോട്ടുകള്‍ ലരേ.).5. മദ്യപിച്ചോ രാത്രകാലങ്ങളിലോ കടലിലിറങ്ങാതിരിക്കുക. അങ്ങിനെ ചെയ്യുന്നതിലൂടെ അപകടസാധ്യത ഇരട്ടിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.6. നിങ്ങള്‍ കുട്ടികളുമായാണ് ബീച്ചിലെത്തുന്നതെങ്കില്‍ മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് വെള്ളത്തിലിറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.7. നിങ്ങള്‍ ക്ഷീണിക്കുകയോ വല്ലായ്മ തോന്നുകയോ ചെയ്താല്‍ ഉടല്‍ വെള്ളത്തില്‍ നിന്ന് കയറുക. ലൈഫ് ഗാര്‍ഡുകള്‍ ആവശ്യപ്പെട്ടാലും ഉടന്‍തന്നെ വെള്ളത്തില്‍ നിന്ന് കയറുക.ടൈറ്റാനിക്കിനും നൂറ് വര്‍ഷത്തിന് ശേഷം: കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ ബോട്ടപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഓരോ ബോട്ടപകടങ്ങളിലും കൂട്ടമായാണ് ആളുകള്‍ മരിക്കുന്നത്(ഉദാഹരണത്തിന് തേക്കടി ദുരന്തത്തില്‍ 45 പേരാണ് ഒറ്റയടിയ്ക്ക് മരിച്ചത്). ചില സമയങ്ങളില്‍ മീന്‍പിടുത്തക്കാരാണെങ്കില്‍ മറ്റുചിലപ്പോള്‍ ബോട്ടില്‍ സഞ്ചരിക്കുന്ന കുട്ടികളാകാം.ഒരു സുരക്ഷാ വിദഗ്ധനെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ടൈറ്റാനിക്ക് ദുരന്തമുണ്ടായി നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ബോട്ടപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നു എന്നത് വേദനാജനകമാണ്. അന്ന് കൂടുതല്‍ ലൈഫ് ബോട്ടുകളും മറ്റ് സുരക്ഷാ വസ്തുക്കളുമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പേരെ രക്ഷിക്കാമായിരുന്നുവെന്ന് അന്നേ തെളിഞ്ഞതാണ്. മരിച്ചവരില്‍ ഭൂരിഭാഗത്തിനും(വെള്ളത്തിനടിയില്‍ കുടുങ്ങിയവരൊഴികെ) ലൈഫ് ജാക്കറ്റുകളുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്നു. ടൈറ്റാനിക്ക് സംഭവത്തില്‍ ലൈഫ് ജാക്കറ്റുകള്‍ മാത്രം ആളുകള്‍ക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല.കാരണം വെള്ളത്തിന്റെ തണുപ്പ് കാരണം ഹൈപ്പോതെര്‍മിയ എന്ന രോഗമുണ്ടാകാനും വെള്ളത്തില്‍ പൊങ്ങിക്കിടന്നാലും ഉടനടി രക്ഷപ്പെടുത്തിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാകേണ്ടതുണ്ട്. എന്നാല്‍ കേരളത്തിലെ കടലുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവിടങ്ങളില്‍ ഒരു രക്ഷാകവചമുണ്ടെങ്കില്‍ രണ്ട് ദിവസമോ അതില്‍ കൂടുതലോ നിങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാം. ആയതിനാല്‍ അപകടമുണ്ടാകുന്നത് രാത്രിയാണെങ്കിലും പിറ്റേന്ന് പകല്‍ നിങ്ങളെ രക്ഷപ്പെടുത്താനാകും.എന്നിട്ടും കേരളത്തില്‍ പ്രൊഫഷണല്‍ ലൈഫ് ജാക്കറ്റുകള്‍ കാണുന്നത് അപൂര്‍വമാണ്. ആലുവാപ്പുഴയില്‍ ദിവസവും യാത്ര നടത്തുന്ന തോണികളിലോ കടലില്‍ ദിവസവും മീന്‍പ്പിടുത്തത്തിന് പോകുന്നവരിലോ ലൈഫ് ജാക്കറ്റുകളുണ്ടാകാറില്ല. 1980കളില്‍ ഞാന്‍ നാഷണല്‍ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യവേ ഒരു സര്‍വേയുടെ ഭാഗമായി പുഴകളില്‍ പോകേണ്ടിവന്നു. അന്ന് ഒരു ലൈഫ് ജാക്കറ്റ് വാങ്ങാനായി ഇന്ത്യ മുഴുവന്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.ഇന്ത്യയിലെ ഏതാണ്ട് മുഴുവന്‍ പുഴകളിലും ലൈഫ് ജാക്കറ്റുകളില്ലാതെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു. ഗവേഷകര്‍ ഇപ്പോഴും കേരളത്തിലെ പുഴകളില്‍ യാത്ര ചെയ്യുന്നത് അവര്‍ക്ക് ലഭ്യമായ രക്ഷാകവചങ്ങള്‍ പോലും ഉപയോഗിക്കാതെയാണ്. സുരക്ഷിതമായി തങ്ങളുടെ ജോലി ചെയ്യാമെന്ന യാഥാര്‍ത്ഥ്യങ്ങള്‍ പോലും മനസ്സിലാക്കാതെ മനുഷ്യര്‍ ദിവസേന അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു.നിങ്ങള്‍ ജീവിതത്തെ വിലമതിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാകമായ ഒരു ലൈഫ് ജാക്കറ്റില്ലാതെ ഒരിക്കലും പുഴകള്‍, തടാകങ്ങള്‍, കടല്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. ഡ്രവറുടെ കാബിനില്‍ പൂട്ടിവെച്ചിരിക്കുന്നതോ തീരത്ത് സുരക്ഷിതമായി വിശ്രമിക്കുന്നതോ ആയ ലൈഫ് ജാക്കറ്റുകള്‍ നിങ്ങളുടെ ജീവന്‍ ഉറപ്പുവരുത്തില്ല. അത് ഉപയോഗിക്കുക തന്നെ വേണം. നിങ്ങള്‍ വല്ലപ്പോഴുമുള്ള ഒരു യാത്രക്കാരനാണെങ്കില്‍(അതായത് മണപ്പുറത്തെത്തുന്ന ഒരു സന്ദര്‍ശകനോ സഞ്ചാരിയോ ആണെങ്കില്‍), നിങ്ങളുടെ ശരീരത്തിന് പാകമാകുന്ന ഒരു ലൈഫ് ജാക്കറ്റ് ലഭ്യമല്ലെങ്കില്‍ ഭേദം ബോട്ട് യാത്ര ഒഴിവാക്കുകയാണ്.നിങ്ങള്‍ സ്ഥിരം ഒരു ജലഗാതഗതത്തിലൂടെ യാത്ര ചെയ്യുന്നവനാണെങ്കില്‍(അതായത് കുട്ടനാട് വാസിയോ അല്ലെങ്കില്‍ മീന്‍പ്പിടുത്തക്കാരനോ) സ്വന്തമായി ഒരു ലൈഫ് ജാക്കറ്റ് വാങ്ങുകയാണ് നല്ലത്. ഒരു നല്ല ലൈഫ് ജാക്കറ്റിന് ഒരു കുടയുടെ ഇരട്ടി വില മാത്രമെ വരികയുള്ളൂ. ഒരു കുട അപൂര്‍വമായി മാത്രമെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുകയുള്ളൂ. എന്നാല്‍ ഒരു മോശം ദിവസം ഒരു ലൈഫ് ജാക്കറ്റിന് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. തീര്‍ച്ചയായും ഒരു ലൈഫ് ജാക്കറ്റിന് നിങ്ങളുടെ ജീവനേക്കാള്‍ വില കുറവാണ്.ജലദുരന്തങ്ങളുണ്ടാകുമ്പോള്‍ ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. പ്രൊഫഷണലായി റെസ്‌ക്യു, റിലീഫ്, റിക്കവറി എന്നീ മൂന്ന് ഘട്ടങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിക്കോ മരണമോ വരെ സംഭവിക്കാം.

ബോട്ടുകളോ മോട്ടാര്‍ വാഹനങ്ങളോ(കാര്‍, ബസ്, ട്രെയിന്‍) ജലത്തില്‍ മറിയുമ്പോഴുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് ഞാന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം അപകടമുണ്ടാകുമ്പോള്‍ തീരത്തുള്ള ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് കേരളത്തില്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഡസന്‍ കണക്കിന് ആളുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുകയും നൂറുകണക്കിന് ആളുകള്‍ തീരത്തെത്തിക്കുന്നവരെ ആസ്​പത്രിയിലാക്കാനും മറ്റും സഹായിക്കും. നൂറ് കണക്കിന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ശേഷം മാത്രമാണ് ഫയര്‍ സര്‍വീസുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്താറുള്ളത്. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേവിയിലെ പ്രൊഫണല്‍ മുങ്ങല്‍ വിദഗ്ധരെ വിളിച്ചുവരുത്താറുണ്ട്.നിരവധി അപകടങ്ങള്‍ കണ്ടിട്ടുള്ളതിനാല്‍, പലപ്പോഴും അപകടത്തില്‍പ്പെട്ടവരോട് സംസാരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഈ സാമൂഹിക പ്രവര്‍ത്തനം സമ്മിശ്ര ഗുണമാണുണ്ടാക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം സാമൂഹികമായ രക്ഷാപ്രവര്‍ത്തനം മാത്രമാണ് വേഗത്തിലും ആശ്രയിക്കാവുന്നതുമായ രക്ഷാപ്രവര്‍ത്തനം. പ്രത്യേകിച്ചും ബോട്ടും മറ്റും മുങ്ങുമ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ പെട്ടെന്ന് മരിക്കുമെന്നതിനാല്‍ കൊച്ചിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തുന്നതുവരെയോ ഹെലികോപ്ടര്‍ എത്തുന്നതുവരെയോ കാത്തിരിക്കാനാവില്ല. തീരത്തുള്ള, നീന്തല്‍ അറിയുകയും രക്ഷപ്പെടുത്താന്‍ മനസ്സുള്ളതുമായ ഒരാളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ജീവന്‍.ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാന്‍ പറഞ്ഞിരുന്നു, ആവശ്യമായ സജ്ജീകരണങ്ങളില്ലാതെ ഒരിക്കലും വെള്ളത്തിലേയ്ക്ക് എടുത്തുചാടരുതെന്ന്. ഇപ്പോള്‍ ഞാന്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ടി.വി ചാനലുകള്‍, പ്രദേശിക ചാനലുകള്‍ ഉള്‍പ്പടെയുള്ളവ വ്യാപകമായതോടെ ബോട്ടോ, ബസ്സോ മറിഞ്ഞ് മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ വന്നുതുടങ്ങി. പരിശീലനം ലഭിക്കാത്ത, വൈദഗ്ധ്യമില്ലാത്തവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേയ്ക്ക് എടുത്തുചാടുന്നത് നിങ്ങള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നു. നാട്ടുകാരുടെ ധീരകൃത്യങ്ങള്‍ വാര്‍ത്തകളായി വരുന്നു. കോട്ടയത്ത് ബസ്സ് ആറ്റിലേയ്ക്ക് മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ മരിച്ചതായുപോലും വാര്‍ത്തയുണ്ടായിരുന്നു.തീരത്തുള്ള ഫയര്‍മാന്‍മാര്‍ വെള്ളത്തിലിറങ്ങാത്തതിനെക്കുറിച്ചും ഇതില്‍ നാട്ടുകാര്‍ രോഷാകുലരായതിനെക്കുറിച്ചും വാര്‍ത്തകളുണ്ടാകുന്നു. വെള്ളത്തില്‍ വീണ വണ്ടികള്‍ പൊക്കിയെടുക്കാന്‍ ജെ.സി.ബികള്‍ ഉപയോഗിക്കുന്നത് കാണാം. അപകടം നടന്നിടത്തേയ്ക്ക് രാത്രിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫ്‌ളഡ്‌ലൈറ്റുകള്‍ കൊണ്ടുവരുന്നതും നമ്മള്‍ കാണാറുണ്ട്. കോട്ടയം അപകടമുണ്ടായപ്പോള്‍ ഹെലികോപ്ടറിന് നിലത്തിറക്കാന്‍ കഴിയാഞ്ഞതും വിവാദമായി. അതിന്റെ തലേദിവസം നടന്ന ഒരു രാഷ്ട്രീയ യോഗത്തിനെത്തുടര്‍ന്നുണ്ടായ അസൗകര്യമായിരുന്നു കാരണം.അപകടത്തില്‍ ആളുകള്‍ മുങ്ങുമ്പോള്‍ അവരെ രക്ഷിക്കാനുള്ള സമയം വളരെ കുറച്ച് മാത്രമെയുള്ളൂ. ഭൂചലനങ്ങളിലെയോ റോഡ് അപകടങ്ങളിലെയോ പോലെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ഒരാള്‍ മുങ്ങുമ്പോള്‍ അയാളെ മിനുട്ടുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ രക്ഷയില്ല. സാധാരണ നിലയില്‍ പത്ത് മിനുട്ടില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതയില്ല. തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ അപൂര്‍വമായി ഇത് 66 മിനുട്ട് വരെ നീണ്ടുനിന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനം അത് ബോട്ടോ, ബസ്സോ ട്രെയിനോ ആണെങ്കില്‍ പകുതി മാത്രമെ വെള്ളത്തില്‍ മുങ്ങിയിട്ടുള്ളൂവെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സാധ്യത കൂടുതലാണ്.വാഹനങ്ങല്‍ മുങ്ങുമ്പോള്‍ ഒരു മണിക്കൂറിന്റെ രക്ഷാപ്രവര്‍ത്തന സാധ്യതകള്‍ മാത്രമാണ് നമ്മുക്ക് മുന്നിലുള്ളത്. അതുകൊണ്ട് ഈ സമയവും കഴിഞ്ഞ് (സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ്) ഏതെങ്കിലും സാമൂഹ്യ രക്ഷാപ്രവര്‍ത്തകരോ നാട്ടുകാരോ, ഫയര്‍ സര്‍വീസുകാരോ അവരുടെ ജീവന്‍ അപകടത്തിലാക്കി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടേണ്ടതില്ല. കാരണം അതിനുശേഷം ആരുടെയും ജീവന്‍ ബാക്കിയുണ്ടാകില്ല.പിന്നീട് ബാക്കിയുള്ളത് റിലീഫ്, റിക്കവറി എന്നിങ്ങനെയുള്ള രണ്ട് ഘട്ടങ്ങളാണ്. ആദ്യം ദുരിതാശ്വാസ(റിലീഫ്)പ്രവര്‍ത്തനമാണ്. ആദ്യം വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കണം. ഇവരെ തിരിച്ചറിയാന്‍ കുടുംബത്തിനെ സഹായിക്കണം. കുടുംബങ്ങളുമായി ബന്ധപ്പെടുകയും ഈ ദുരന്ത സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കുകയും വേണം. പരിക്കേറ്റവരെ ആസ്​പത്രിയിലേയ്ക്ക് മാറ്റണം. മുകളില്‍ പറഞ്ഞതെല്ലാം ചെയ്തുതീര്‍ക്കണം. ഇതെല്ലാം തീരത്ത് നടക്കേണ്ട കാര്യങ്ങളാണ്. ഇതിന് ആരും ജീവന്‍ കളയേണ്ടതില്ല.പിന്നീട് വീണ്ടെടുക്കല്‍(റിക്കവറി) പ്രവര്‍ത്തനങ്ങളാണ്. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കണം. രണ്ടാമതായി വാഹനത്തിലോ ബോട്ടിലോ ഉണ്ടായിരുന്നവരുടെ കയ്യിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കണ്ടെടുക്കണം. അവസാനമായി അപകടത്തില്‍പ്പെട്ട വാഹനം കണ്ടെടുക്കണം. മുകളില്‍ പറഞ്ഞ ഒന്നുപോലും സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടതോ ആരെങ്കിലും ജീവന്‍ കളയേണ്ടതോ അല്ല. അതുകൊണ്ട് ഒട്ടും പരിശീലനമില്ലാത്ത ഡ്രൈവര്‍ ഓടിക്കുന്ന ജെ.സി.ബിയോ, തീരെ ദുര്‍ബലമായ കയര്‍ ഉപയോഗിക്കുകയോ മറ്റോ ബസ്സ് പൊക്കിയെടുക്കുന്നതിനായി ഉപയോഗിക്കേണ്ടതില്ല.രാത്രി തന്നെ വാഹനം പൊക്കിയെടുക്കുന്നതിനുള്ള വെളിച്ചത്തിനായി അടുത്തുള്ള വീടുകളില്‍ നിന്നോ മറ്റ് അരക്ഷിതമായ വൈദ്യുതിത്തൂണുകളില്‍ നിന്നോ വൈദ്യുതി കണക്ഷനെടുത്ത് അപകടം വിളിച്ചുവരുത്തേണ്ടതില്ല. ഇതിനായി പൊട്ടിയ വയറുകളും മറ്റും ഉപയോഗിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. ഇതിന്റെ അര്‍ത്ഥം രാത്രിനേരത്ത് ഫയര്‍മാന്‍മാരെ വെള്ളത്തിലിറക്കേണ്ടതില്ല എന്നാണ്.നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ രണ്ട് (റെസ്‌ക്യു, റിലീഫ്) ഘട്ടങ്ങളിലെ ജനപങ്കാളിത്തം ഒഴിവാക്കാനാകില്ല. അതുകൊണ്ട് നമ്മള്‍ ചെയ്യേണ്ടത് അവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുകയാണ്. ഇതിനെക്കുറിച്ച് ഞാന്‍ പിന്നീട് എഴുതാം. എന്തായാലും വീണ്ടെടുക്കല്‍(റിക്കവറി) പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെ ഒഴിവാക്കുന്നതാണ് നല്ലത്. പ്രൊഫഷണലുകള്‍ രംഗത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി ആസൂത്രണം ചെയ്യുകയും വേണം. ഇതിന് എന്തെല്ലാം ആവശ്യമാണ്, എങ്ങിനെയൊക്കെ രക്ഷാപ്രവര്‍ത്തനം നടത്തണം, അപകടസാധ്യതകള്‍ എന്തെല്ലാം എന്നിവയെല്ലാം പരിശോധിച്ച് എല്ലാം ഒത്തുവന്നെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാവൂ. 48 മണിക്കൂറിന് ശേഷം പകല്‍ വെളിച്ചത്തിലാണെങ്കില്‍ അത് ഗുണം ചെയ്യും.എന്നാല്‍ ഇത് ദുരന്തത്തിലകപ്പെട്ട കുടുംബങ്ങളെ കൂടുതല്‍ വേദനിപ്പിക്കും എന്നത് സത്യമാണ്. കാരണം കാണാതായവരെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് നീറേണ്ടിവരും. പക്ഷേ അനാവശ്യമായ മരണങ്ങള്‍ ഒഴിവാക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അനാവശ്യമായ അപകടങ്ങളില്‍ ചെന്ന് ചാടാതിരിക്കുകയാണ് ഉചിതം.


(അടിയന്തര രക്ഷാപ്രവര്‍ത്തന വിദഗ്ദ്ധനാണ് മുരളി തുമ്മാരുകുടി. പതിനഞ്ചുവര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെയും വ്യവസായ രംഗത്തെയും രക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അപകടനിവാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ മറ്റുലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം.


www.muraleethummarukudy.com)

കേരളത്തിലെ റോഡുകളില്‍ മരിക്കാതിരിക്കുന്നതെങ്ങനെ ?

മുരളി തുമ്മാരുകുടി.


റോഡ് അപകട മരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയെന്നാണ് ഈയിടെ ഇന്റര്‍നാഷനല്‍ ഹെറാല്‍ഡ് ട്രിബ്യൂണില്‍ വായിച്ചത് . വര്‍ഷം തോറും ഇന്ത്യയില്‍ റോഡപകടത്തില്‍ മരിക്കുന്നത് 1,20,000 പേരാണ്. നമ്മളേക്കാള്‍ വാഹനങ്ങളും ജനസംഖ്യയും ചൈനയില്‍ കൂടുതലുള്ളപ്പോഴാണ് ഈ നില. ചൈനയെ ഇക്കാര്യത്തില്‍ തോല്‍പ്പിക്കാന്‍ നമ്മളാഗ്രഹിച്ചിരുന്നില്ലെങ്കിലും അതാണ് സംഭവിച്ചത്്.


കേരളാ പോലീസ് വെബ് സൈറ്റിലെ (www.keralapolice.org ) കണക്കുകളനുസരിച്ച് കേരളത്തില്‍ 2009 ല്‍ 36,433 അപകടങ്ങളില്‍ 3773 പേര്‍ മരിക്കുകയും 41455 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസവും പത്ത് പേര്‍ ശരാശരി മരിക്കുന്നുവെന്നര്‍ത്ഥം. മരണനിരക്ക് ലക്ഷം പേര്‍ക്ക് 11. കേരളത്തേക്കാള്‍ വാഹനങ്ങളും ജനങ്ങളുമുള്ള ബ്രിട്ടനില്‍ ലക്ഷം പേര്‍ക്ക് 5.5 മാത്രമാണ് മരണനിരക്ക്. ആവശ്യത്തിലേറെപ്പേര്‍ നമ്മുടെ തെരുവുകളില്‍ മരിച്ചുവീഴുന്നു എന്ന് സാരം.പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടാന്‍ കേരളത്തിലാര്‍ക്കും അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളൊന്നും ആവശ്യമില്ല. അപകടമരണവാര്‍ത്തയില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. മരണവാര്‍ത്തകളെല്ലാം ദു: ഖകരമാണ്. ചിലതൊക്കെ ഹൃദയഭേദകമാണ്. വിദേശത്തേക്ക് പോകുന്ന അമ്മയെ യാത്രയയച്ച് മടങ്ങുന്ന കൊച്ചുമക്കള്‍ കാര്‍ പുഴയില്‍വീണ് മരണമടഞ്ഞതുപോലുള്ള എത്രയെത്ര സംഭവങ്ങള്‍! വാര്‍ത്തകളൊന്നും വായിക്കാതെ തന്നെ ആളുകള്‍ക്ക് അവസ്ഥയുടെ ഗൗരവം അറിയാം. എന്റെ രണ്ട് ബന്ധുക്കള്‍ പത്ത് വര്‍ഷത്തിനിടയില്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അപകടത്തില്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലും കേരളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല.അപകടത്തിലെ മരണങ്ങളാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ അതൊരു വശം മാത്രമേ ആകുന്നുള്ളൂ. മരിക്കുന്ന ഓരോ ആള്‍ക്കുമൊപ്പം രണ്ടുപേര്‍ ജീവിതകാലം മുഴുവന്‍ നീളുന്ന യാതനകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നുണ്ട്. പത്ത് പേര്‍ ആസ്​പത്രിയില്‍ കിടന്ന് കഷ്ടപ്പെടേണ്ടിവരാറുണ്ട്. അതിന്റെയെല്ലാം നിയമ-വൈദ്യച്ചെലവുകള്‍ എത്രവരും എന്നാലോചിച്ചുനോക്കൂ. കാര്യത്തിന്റെ ഗൗരവം മനസ്സിലാകും.അപകടങ്ങളുടെ കാരണത്തെക്കുറിച്ച് അവബോധമില്ലാത്ത ഒരു പ്രദേശമൊന്നുമല്ല കേരളം. കാരണമുമറിയാം പരിഹാരവുമറിയാം. ചായക്കടയിലെ ചര്‍ച്ച കേട്ടാലുമത് എല്ലാവര്‍ക്കും മനസ്സിലാകും. നിയമലംഘനങ്ങള്‍, മോശം റോഡുകള്‍, ശ്രദ്ധയില്ലായ്കള്‍, മത്സരങ്ങള്‍... നിയമപാലനം കര്‍ശനമാക്കുകയും സര്‍ക്കാര്‍ ശരിയായ നയങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ പ്രശ്‌നം പകുതി തീരുമെന്ന് ആര്‍ക്കാണറിയാത്തത് !ഈ പരിഹാരങ്ങളധികവും നമ്മുടെ പരിധിയിലല്ല. അതുകൊണ്ടുതന്നെ നമ്മുടെ പരിധിക്കകത്ത് നിന്ന് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചാണ് ഞാനിവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും- അതിനര്‍ഥം ഗവണ്മെന്റും പോലീസും ഒന്നും ചെയ്യേണ്ടതില്ല എന്നല്ല. അതല്ല ഈ ലേഖനത്തിന്റെ വിഷയം എന്നേ പറയുന്നുള്ളൂ. നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുമാത്രം ഇപ്പോള്‍ നോക്കാം.

മരണത്തില്‍ നിന്നുതുടങ്ങാംമുമ്പ് വായിച്ച ഒരു പുസ്തകത്തിലെ രംഗം ഓര്‍മവരുന്നു. നായിക അര്‍ബുദത്താല്‍ മരിക്കാന്‍ പോകുന്നു. അവളുടെ കാമുകന്‍ എന്തെങ്കിലും സംസാരിക്കാന്‍പോലും പറ്റാതെ ദു:ഖിതനായിരിക്കുന്നു. അവളപ്പോള്‍ നിശ്ശബ്ദത ഭഞ്ജിക്കാന്‍ പറയുന്നതെന്തെന്നോ ? ശവസംസ്‌കാരം എവിടെ നടത്താം എന്ന് നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം. അങ്ങനെയാകുമ്പോള്‍ പിന്നീട് പറയുന്നതെല്ലാം അതിനെക്കാള്‍ ഭേദപ്പെട്ടതായി തോന്നിക്കോളും !
അത് കൊണ്ട് ഈ ലേഖനത്തില്‍, ഏറ്റവും മോശമായതിനെകുറിച്ചാദ്യം പറയാം. പിന്നീട് വായിക്കുന്നതെല്ലാം ഭേദപ്പെട്ടതായിത്തോന്നും.


സ്ഥിതിവിവരക്കണക്ക് അനുസരിച്ച് നിങ്ങള്‍ ഒരപടമുണ്ടാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് റോഡിലിറങ്ങുംമുമ്പ് ഏറ്റവും മോശമായതിനെ മുന്നില്‍കാണുക. ഇങ്ങനെ പറയുന്നതുതന്നെ മോശവും ഒട്ടും രസിക്കാത്തതുമാണെന്നറിയായ്കയല്ല. നമ്മള്‍ ഓരോദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങളില്‍ മരിച്ചവരെല്ലാം നമ്മളെപ്പോലെയാണ് വീട്ടില്‍ നിന്നിറങ്ങിയിട്ടുണ്ടാവുക. മരണത്തെക്കുറിച്ചൊരു വിദൂരമായ ചിന്ത പോലും അവരുടെ മനസ്സിലുണ്ടായിക്കാണില്ല. അത്യന്തം അപ്രതീക്ഷിതമായ മരണമാകുമ്പോള്‍ ഒരു തയ്യാറെടുപ്പും നടത്തിക്കാണില്ലെന്ന് ഉറപ്പ്. അത് കുടുംബത്തെ എത്രമാത്രം തകര്‍ക്കുമെന്നൊന്നും ആരും ചിന്തിച്ചെന്ന് വരില്ല. ഇതെന്റെ അവസാനദിവസമാണ് എന്ന ബോധത്തോടെ റോഡിലിറങ്ങിയിരിക്കുമോ മരിച്ച ആരെങ്കിലും ! മരണം ആരെയും പിടികൂടാം എപ്പോഴും പിടികൂടാം. അതില്‍നിന്ന് ആര്‍ക്കും ഓടിരക്ഷപ്പെടാന്‍ കഴിയില്ല.വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരാള്‍ എപ്പോഴും ചില കാര്യങ്ങള്‍ തയ്യാറാക്കിയിരിക്കണമെന്നാണ് എനിക്ക് തോന്നാറുള്ളത്. ഒരു വില്‍പത്രം തയ്യാറാക്കുക എന്നതാണ് അതില്‍ പ്രധാനം. എണ്‍പത് വയസ്സായവര്‍ പോലും സ്വമേധയാ അത് ചെയ്യാറില്ലെന്നത് നമ്മുടെ മാത്രം പ്രത്യേകതയാണ് എന്ന് തോന്നുന്നു. മരിച്ച ആളുടെ സ്വത്തുക്കള്‍ എന്തെല്ലാമാണ്, എവിടെയെല്ലാമാണ് നിക്ഷേപങ്ങളുള്ളത് തുടങ്ങിയ കാര്യങ്ങളൊന്നും ഭാര്യയോ മക്കളോ അറിയാതിരിക്കുക, അവര്‍ സ്വത്തിനുവേണ്ടി കലഹിക്കുക- എന്തൊരു ദുരന്തമാണത്! ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെങ്കിലും എടുത്തില്ലെങ്കില്‍ പൂര്‍ണമായി നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചിന്ത ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം ഉണ്ടാവേണ്ടതുണ്ട്. പോര, ഒരു ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. ഇന്ത്യയിലിപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. മറ്റ് രാജ്യങ്ങളിലെ സ്ഥിതി അതല്ല. കുറച്ച് കൂടി പണം ഉണ്ടായിരുന്നെങ്കില്‍ നല്ല ചികിത്സ നല്‍കി ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു എന്ന ദു:ഖം മരണശേഷം ഉണ്ടാവാതിരിക്കാന്‍ ഇതാവശ്യമാണ്.

കിട്ടുന്നത് ലൈസന്‍സ് മാത്രം

ഇത്രയും സജ്ജമാണെങ്കില്‍ നമുക്ക് ഡ്രൈവിങ്ങിലേക്ക് മടങ്ങാം. ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്ത എല്ലാവര്‍ക്കും അറിയാം ലൈസന്‍സ് കിട്ടിയ ദിവസം വണ്ടിയോടിച്ച് വീട്ടില്‍ വരാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല എന്ന്്. എങ്ങനെ വണ്ടിയോടിക്കണം എന്ന് പഠിപ്പിക്കുകയല്ല, നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വാങ്ങിച്ചുതരലാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന് കരുതുന്നവരാണ് നമ്മുടെ എല്ലാ ഡ്രൈവിങ് സ്‌കൂളുകാരും. അവര്‍ ഇത് മാറ്റാനൊന്നും പോകുന്നില്ല. കഷ്ടിച്ച് കടന്നുകൂടാനുള്ള വിദ്യകള്‍ അവര്‍ നിങ്ങളെ പഠിപ്പിക്കും. നഗരത്തിരക്കില്‍ ഓടിക്കാനോ രാത്രി ഓടിക്കാനോ മഴയില്‍ ഓടിക്കാനോ അറിയാത്ത ഒരാള്‍ സ്‌റ്റേഡിയത്തില്‍ ഓടിച്ച് ലൈസന്‍സ് എടുക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച വിവരിക്കേണ്ട കാര്യമേയില്ല. ലൈസന്‍സ് കിട്ടിയ ശേഷമായാലും ശരി പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് ഡ്രൈവിങ്ങിന്റെ എല്ലാ വശങ്ങളും സ്വായത്തമാക്കിയേ തീരൂ.കാറിനെ പഠിക്കാതെയാണ് നമ്മുടെ ഡ്രൈവിങ് പഠനം. ബോണറ്റ് തുറന്നാല്‍ എന്താണുള്ളത്, എങ്ങനെയാണ് അതിലെ വിവിധ ഡയലുകള്‍ വായിക്കേണ്ടത്, എന്താണ് യന്ത്രത്തില്‍ നിന്നുള്ള ശബ്ദങ്ങളുടെ അര്‍ഥങ്ങള്‍...ഇതൊന്നും ഡ്രൈവിങ് സ്‌കൂളുകാര്‍ പഠിപ്പിച്ചുതരണമെന്നില്ല. നല്ലൊരു മെക്കാനിക്കില്‍ നിന്ന് കുറെയെല്ലാം പഠിച്ചെടുക്കാനാകും. മെക്കാനിക്കിന്റെ പണി നമ്മള്‍ ചെയ്യാനല്ല, പക്ഷേ അതിനപ്പുറം ചിലതെല്ലാം മനസ്സിലാക്കുന്നത് നന്നായിരിക്കും.റോഡില്‍ വാഹനങ്ങളുടേതായ ഒരു പരിസ്ഥിതിവ്യവസ്ഥയുണ്ട്. വലിയ മൃഗങ്ങള്‍ക്കിടയില്‍ ചെറിയവയുടെ നിലനില്‍പ്പ് പ്രയാസത്തിലാകുന്നതുപോലെ, വലിയ വാഹനങ്ങള്‍ ചെറിയവയെ വല്ലാതെ അവഗണിക്കുന്നത് കൊണ്ട് എല്ലായ്‌പ്പോഴും ഏറ്റവും ചെറിയ വാഹനമായ സ്‌കൂട്ടര്‍-ബൈക്ക് യാത്രക്കാരാണ് ഏറെ അപകടത്തില്‍ ചെന്ന് പെടുന്നത്. കഴിയുന്നതും ടൂ വീലര്‍ യാത്ര വാഹനങ്ങള്‍ കുറഞ്ഞ റോഡുകളിലേക്ക് പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ചെറിയ ദൂരം മാത്രം അതിനെ ആശ്രയിക്കുക. ഈയിടെ ഒരു യുവതി വീട്ടില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ സക്ൂട്ടര്‍ ഓടിച്ചുപോയി അപകടത്തില്‍പെട്ട് മരിച്ചതായി പത്രത്തില്‍വായിച്ചു. സങ്കടമാണിത്. ഇത്രയും ദൂരം വണ്ടിയോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തല്‍തന്നെയാണ്.

വാഹനങ്ങളിലെ സുരക്ഷാവ്യവസ്ഥകള്‍വാഹനത്തിന്റെ സുരക്ഷാ വ്യവസ്ഥകളില്‍ വാഹനം വാങ്ങുമ്പോള്‍തന്നെയൊരു കണ്ണ് വേണം. സീറ്റ് ബെല്‍ട്ടുകള്‍ ഉണ്ടോ എന്ന് ആര് നോക്കാറുണ്ട് ? പിന്‍സീറ്റില്‍ ബെല്‍ട് ഉണ്ടോ എന്ന് നോക്കണമെന്ന് പറഞ്ഞാല്‍ അതിനെ പരിഹസിക്കുകയേ ഉള്ളൂ ആളുകള്‍. പിന്നിലും സീറ്റ് ബല്‍ട്ട് ഉപയോഗിക്കേണ്ടതാവശ്യമാണ്. എയര്‍ബാഗ്‌സ്, വശങ്ങളില്‍ ശരീരം ചെന്നിടിക്കാതിരിക്കാനുള്ള സംവിധാനം, പൂട്ട് തകര്‍ക്കുന്നതിനെതിരെയുള്ള മുന്‍കരുതല്‍ തുടങ്ങിയവകള്‍ക്കെല്ലാം മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങളില്‍ നിര്‍ണായക സ്ഥാനമാണുള്ളത്.വാഹനം പുതിയതാകട്ടെ പഴയതാകട്ടെ, വാഹനത്തിന്റെ മെയിന്റനന്‍സ് സംബന്ധിച്ച ചരിത്രം നോക്കിയേ പറ്റൂ. കാറിന്റെ യന്ത്രം കണ്ടീഷനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിന്റെ ടയര്‍ തേഞ്ഞ് മിനുസമായിട്ടുണ്ടെങ്കില്‍. ബ്രെയ്ക് ഓയില്‍ കുറഞ്ഞ കാറില്‍ അപകടം ഒപ്പമുണ്ടാകും. എല്ലം ശരി പക്ഷേ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നെങ്കില്‍, റജിസ്റ്റ്രേഷന്‍ രേഖകള്‍ ശരിയല്ലെങ്കില്‍ അപകടത്തിന്റെ കുഴപ്പങ്ങള്‍ക്കും കേസ്സും കൂട്ടവും വേറെയും ഉണ്ടാകും. രണ്ടും ഒപ്പം ഉണ്ടാവുക അത്ര സുഖമുള്ള കാര്യമല്ല.കേരളത്തില്‍ ഇത് പറയാന്‍ സമയമായോ എന്നറിയില്ല. പല രാജ്യങ്ങളിലും റോഡ് യാത്രക്ക് മുമ്പ് ആ യാത്ര വേണോ എന്ന ചിന്ത ഒരു സ്വാഭാവിക കാര്യമായിട്ടുണ്ട്. സഞ്ചരിക്കാനല്ലെങ്കില്‍ കാറെന്തിനാണ് എന്ന് ചിന്തിക്കുന്നവരാണ് നാം. ഒരു യാത്ര പുറപ്പെട്ടില്ലെങ്കില്‍ ആ യാത്രയില്‍ അപകടമുണ്ടാകില്ല എന്ന് ചില നാടുകളില്‍ പറയാറുണ്ട്. നമ്മുടെ എത്ര യാത്രകള്‍ അത്യാവശ്യങ്ങളായിരുന്നു എന്നാലോചിക്കേണ്ട കാലമായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ആളുകളെ സ്വീകരിക്കാനും യാത്രയയക്കാനും ഇത്രയധികമാളുകള്‍ തടിച്ചുകൂടുന്ന കാഴ്ച മറ്റുരാജ്യങ്ങളില്‍ പൊതുവെ കാണാറില്ല. ഒന്നോ രണ്ടാ പേരേ ആരെയും കൂട്ടാന്‍ വരികയുള്ളൂ. ഒട്ടനവധി അപകടവാര്‍ത്തകളില്‍ വിമാനത്താവളത്തിലേക്കുള്ള പോക്കുവരവുകള്‍ക്കിടയിലായിരുന്നു സംഭവമെന്ന വിശദീകരണം വായിക്കേണ്ടിവരുന്നു. യാത്രയയപ്പുകളുടെയും സ്വീകരണങ്ങളുടെയും പിന്നിലെ സ്‌നേഹവായ്പിനെ അവഗണിക്കാനാവില്ല, യാത്രയയപ്പും സ്വീകരണവും വീട്ടില്‍തന്നെയാക്കുന്നത് അനേകജീവനുകള്‍ രക്ഷിക്കാന്‍ പ്രയോജനപ്പെടുമെന്നതാണ് സത്യം.കേരളത്തില്‍ കാണാറുപോലുമില്ലാത്തതും വികസിതരാജ്യങ്ങളില്‍ സാര്‍വത്രികവുമായ ഒരു രക്ഷാസംവിധാനത്തെക്കുറിച്ച് പറയാം. വാഹനങ്ങളിലെ കുട്ടിസീറ്റ് ആണത്. മുന്‍സീറ്റില്‍ കുഞ്ഞിനെ മടിയിരുത്തി ഇരിക്കുന്ന ഭാര്യയും വണ്ടിയോടിക്കുന്ന ഭര്‍ത്താവും ഒരു സാധാരണ കാഴ്ചതന്നെ. കുഞ്ഞുതെറിച്ച് പോകാന്‍ ഒരു സഡന്‍ബ്രേക്കോ വശത്തേക്ക് പെട്ടന്നൊരു തിരിവോ മതി. 12 വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് തെറിച്ചുപോകാതെ ഇരിക്കാന്‍ പ്രത്യേകസീറ്റ് വേണമെന്നത് വികസിത രാജ്യങ്ങളിലെല്ലാം നിര്‍ബന്ധമായ കാര്യമാണ്. ഇതില്ലാതെ അപകടത്തില്‍ കുഞ്ഞിന് പരിക്കേറ്റാല്‍ അവിടെ മാതാപിതാക്കളാണ് കേസ്സില്‍ പ്രതികളാകുക. നിങ്ങള്‍ക്ക് കുഞ്ഞിന്റെ ജീവന്‍കൊണ്ട് കളിക്കാന്‍ അവകാശമില്ല.

ലഹരിയും ക്ഷോഭവുംസീറ്റ് ബെല്‍ട്ടുകള്‍ക്കെതിരായ പരാതികളും പരിഭവങ്ങളും കേരളത്തില്‍ പതുക്കെ അവസാനിച്ചതുപോലുണ്ട്. ഇപ്പോഴും പക്ഷേ ഡ്രൈവര്‍ക്ക് മതി സീറ്റ് ബെല്‍റ്റ് എന്ന് പലരും ധരിച്ചത് പോലുണ്ട്. പിന്‍സീറ്റിലുള്ളവര്‍ക്കും അതാവശ്യമാണെന്നതാണ് യാഥാര്‍ഥ്യം. അതിനെക്കുറിച്ചാലോചിക്കാന്‍ സമയമായി. ഡയാനാ രാജകുമാരി പിന്‍സീറ്റില്‍ ബെല്‍ട് കെട്ടാതെയിരുന്നതാണ് മരണകാരണമെന്ന് പറയാറുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഒരു കാര്യമേ ഓര്‍ക്കേണ്ടതുള്ളു. നിയമം പാലിക്കാനല്ല നാമിതൊന്നും സ്വീകരിക്കുന്നത്. നമ്മുടെ കുടുംബത്തെ രക്ഷിക്കാനാണ്. സര്‍ക്കാറിനോടും പോലീസിനോടുമല്ല തന്നോടും തന്റെ കുടുംബത്തോടുംതന്നെയാണ് നമ്മുടെ പ്രാഥമിക ബാധ്യത.കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരാണ് എന്നുവരാം. അപ്പോള്‍ ആരാണ് വണ്ടിയോടിക്കുക ? നല്ല പരിചയസമ്പത്തും നല്ല മാനസികാവസ്ഥയുള്ള ആള്‍വേണം വണ്ടിയോടിക്കാനെന്ന് ഞാന്‍ പറയും. എല്ലായ്‌പ്പോഴും ഓടിക്കാറുള്ളത് അച്ഛനാകാം. എന്നാല്‍ അല്പം വല്ലായ്കയോ അല്പം ലഹരിയോ ഉള്ള ദിവസം മാറിക്കൊടുത്തേ പറ്റൂ. നിയമത്തില്‍ അനുവദനീയമായ മദ്യത്തിന്റെ തോതിനെക്കുറിച്ച് വ്യവസ്ഥകളുണ്ടാകാം. പക്ഷേ മദ്യം ലവലേശമുണ്ടെങ്കില്‍പോലും ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് അവനവനും കുടുംബത്തിനും നല്ലത്. ലഹരിക്കങ്ങനെ സുരക്ഷിതമായ പരിധിയൊന്നുമില്ല. അപകടസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ലഹരി നന്നെക്കുറച്ച് മതി.ഞാന്‍ വണ്ടി ഓടിക്കാമോ എന്ന് സ്വയം ചോദിക്കേണ്ട അനേകം സന്ദര്‍ഭങ്ങളുണ്ട്. ലഹരി മാത്രമല്ല പ്രശ്‌നം. എന്തെങ്കിലും കാരണത്താല്‍ ക്ഷുഭിതമായ മനസ്സോടെ ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തലാണ്. ഭാര്യാഭര്‍ത്താക്കന്മാരാണ് മിക്കപ്പോഴും ക്ഷോഭത്തോടെ യാത്ര നടത്താറുള്ളത്. യാത്ര പുറപ്പെടുംമുമ്പേ എന്തിനെയെങ്കിലും ചൊല്ലി അവര്‍ കലഹിച്ചേക്കാം. യാത്രക്കിടയിലും അത് സംഭവിച്ചേക്കാം. ഇത് ഒഴിവാക്കിയേ തീരൂ. ഒന്നുകില്‍ യാത്രക്കിടയിലോ അതിന് മുമ്പോ കലഹിക്കാതിരിക്കുക അല്ലെങ്കില്‍ വണ്ടിയോടിക്കാന്‍ വേറെ ആളെ ഏല്‍പ്പിക്കുക. എന്ത് പ്രകോപനമുണ്ടായാലും വണ്ടിയോടിക്കുന്ന ആളുമായി തര്‍ക്കമോ കലഹമോ ഉണ്ടാക്കരുത്. അത് ഭാര്യയായാലും ടാക്‌സിഡ്രൈവറായാലും ഫലം ഒന്നുതന്നെയാണ്. അസ്വാസ്ഥ്യമുണ്ടാക്കുന്ന വാര്‍ത്ത കേട്ട്് കാറെടുത്തുപറക്കുമ്പോഴും സംഭവിക്കുന്നത് ഒന്ന് തന്നെ.

ലോഡ്ജ് വേണ്ട, കാറിലുറങ്ങാം

ആഹ്ലാദദായകമായ യാത്രകളും ദുരന്തങ്ങളിലവസാനിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്നു. വൈകീട്ട് പുറപ്പെടുന്നതില്‍ ഒരു ഉദ്ദേശ്യം വേറെയുണ്ട്. വണ്ടിയില്‍ ഉറങ്ങാം ലോഡ്ജ് വേണ്ട. പുലര്‍ച്ചെ എത്തുന്നു. പകല്‍ നമ്മള്‍ ക്യു നിന്നും പ്രാര്‍ഥിച്ചും കഴിച്ചുകൂട്ടുന്നു. ഡ്രൈവര്‍ നമ്മളോടൊപ്പം തന്നെയുണ്ട് പകല്‍ മുഴുവന്‍. വൈകീട്ട് നമ്മള്‍ മടങ്ങുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യ്ാത്രയില്‍ നമ്മള്‍ ചാരിയും ചെരിഞ്ഞും കാറില്‍ മയങ്ങുന്നു. ഡ്രൈവറോ ? പലരും അക്കാര്യമന്വേഷിക്കാറുപോലുമില്ല. ഡ്രൈവര്‍ നമ്മളിലൊരാള്‍ ആണെങ്കില്‍ അപകടസാധ്യത കൂടുകയാണ് ചെയ്യുന്നത്. ഏത് നിമിഷവും ഒന്ന് മയങ്ങിപ്പോകാം. കാറിലുള്ളവര്‍ മുഴുവന്‍ മരിച്ച പല പുലര്‍കാല അപകടങ്ങളും ഇങ്ങനെ സംഭവിച്ചതായിരിക്കും.ടാക്‌സിയില്‍ ഡ്രൈവര്‍ പലപ്പോഴും ഒട്ടും പരിചിതനാവില്ല. കാര്‍ പറപ്പിക്കുകയും ട്രാഫിക് ജാമുകളില്‍ സ്മാര്‍ട് ആയി പലരേയും വെട്ടിച്ച് കുതിക്കുകയും ചെയ്യുന്ന ആളെയാണ് നമുക്കിഷ്ടം. പക്ഷേ നമ്മള്‍ അപകടത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വരുമ്പോഴെല്ലാം പത്തുവര്‍ഷമായി ഞാന്‍ വിളിക്കുന്ന കാറിന്റെ ഡ്രൈവര്‍ ബേബിച്ചേട്ടനാണ്. വേഗപരിധി ലംഘിക്കാത്ത, നിയമമൊന്നും ലംഘിക്കാത്ത, വാഹനത്തിന്റെ ക്യൂ മറികടക്കാത്ത ബേബിച്ചേട്ടന്‍. അത്യാവശ്യത്തിന് എങ്ങോട്ടെങ്കിലും പോവുകയാണെങ്കില്‍ നമുക്ക് ഭ്രാന്ത് പിടിച്ചേക്കും. പെരുമ്പാവൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂറെടുത്താല്‍ ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാതിരിക്കുക ! എങ്കിലും ഞാന്‍ അദ്ദേഹത്തെയേ വിളിക്കാറുള്ളൂ. അദ്ദേഹമൊരിക്കലെങ്കിലും സഡന്‍ബ്രേക്കടിച്ചതായി ഓര്‍മയില്ല.പലപ്പോഴും രാത്രികാലത്ത് ഡ്രൈവര്‍മാര്‍ക്ക് വണ്ടിയില്‍തന്നെ കിടന്നുറങ്ങേണ്ടിവരാറുണ്ട്്. എവിടെ ഉറങ്ങുന്നു എന്ന് അധികംപേരും ഡ്രൈവറോട് ചോദിക്കാറുമില്ല. കാറില്‍ കൊതുകുകടിയേറ്റ്, എ.സി ഓണ്‍ ചെയ്ത് ഉറങ്ങുമ്പോള്‍ ചെലവാകുന്നത് പെട്രോളാണ്. ഡ്രൈവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ പറ്റാറുമില്ല. ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല, യാത്രക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് റൂം എടുക്കാറുമില്ല. ഫലമോ നേരാംവണ്ണം ഉറങ്ങാന്‍ കഴിയാത്ത ഡ്രൈവര്‍ നിങ്ങളുമായി പിറ്റേന്ന് പകല്‍ വണ്ടിയോടിക്കുന്നു. ഡ്രൈവര്‍ ഇതുമൂലം കുപിതനുമാകുന്നെങ്കില്‍ സ്ഥിതി ഒന്നുകൂടി മോശമാകുന്നു.

ഡ്രൈവര്‍ ഉറങ്ങാതിരിക്കുമ്പോള്‍പുലര്‍കാല റോഡ് ദുരന്തങ്ങള്‍ മിക്കവയും ഡ്രൈവ് ചെയ്യുന്ന ആളുടെ ഉറക്കവുമായി ബന്ധപ്പെട്ടതാണെന്ന് പറയേണ്ടതില്ല. വിനോദസഞ്ചാരമോ തീര്‍ത്ഥാടനമോ വിമാനത്താവളത്തില്‍ യാത്രയയപ്പോ സ്വീകരണമോ കഴിഞ്ഞാവും മിക്കവരും രാത്രി മുഴുക്കെ വണ്ടിയോടിച്ച് വരുന്നത്. യാത്രയുടെ ദൈര്‍ഘ്യവും ഡ്രൈവര്‍ക്ക് എത്ര വിശ്രമം കിട്ടി എന്നതും ഇവിടെ നിര്‍ണായകമാകുന്നു. തിരുവല്ലയില്‍ നിന്ന് കൊച്ചിക്ക് രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടുന്നു എന്നിരിക്കട്ടെ. പകല്‍മുഴുവന്‍ ജോലി ചെയ്ത ശേഷമാണോ ഡ്രൈവര്‍ നമ്മോടൊപ്പം വരുന്നത് എന്നാരും അന്വേഷിക്കാറില്ല. തലേരാത്രി അദ്ദേഹം ഉറങ്ങിയോ എന്നും നോക്കാറില്ല. പകല്‍മുഴുവന്‍ ജോലി ചെയ്ത ഈ ഡ്രൈവര്‍ രാത്രി എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചെത്തുന്ന സമയം രാവിലെ അഞ്ചോ ആറോ മണിയായിരിക്കും. 20 മണിക്കൂറായി ജോലിചെയ്യുന്ന ഡ്രൈവറില്‍നിന്ന് എന്ത് സുരക്ഷിതത്വമാണ് നമുക്ക് പ്രതീക്ഷിക്കാനാവുക ? ഇത്രയും നീണ്ട സമയം സമ്പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശാരീരികക്ഷമത മനുഷ്യസഹജമല്ല. രാത്രി മുഴുവന്‍ ഡ്രൈവ് ചെയ്യുന്ന ആള്‍ തലേന്ന് പകല്‍ വിശ്രമിച്ചിരിക്കണം. ടാക്‌സി വിളിക്കുമ്പോഴാണ് ഇക്കാര്യം ഏറ്റവും ശ്രദ്ധിക്കേണ്ടത്.കാറില്‍ രാത്രി സഞ്ചരിച്ച് ഹോട്ടലില്‍ മുറിയെടുക്കുന്നത് ഒഴിവാക്കുന്നതാണ് കൂടുതല്‍ അപകടകരമായ സ്ഥിതി ഉണ്ടാക്കുന്നത്. ഊട്ടിയിലേക്കും പളനിയിലേക്കും വേളാങ്കണ്ണിയിലേക്കും കാറില്‍ ആളെകുത്തിനിറച്ച് രാത്രിമുഴുവന്‍ സഞ്ചരിക്കുന്നവര്‍ കഴിയും പോലെ ഉറങ്ങും. പക്ഷേ ഡ്രൈവര്‍ക്കും ഉറങ്ങേണ്ടേ എന്നവര്‍ ചിന്തിക്കാറേയില്ല. അല്പം വിശ്രമിക്കണമോ എന്നും പോലും ചോദിക്കാറില്ല പലരും. എത്തേണ്ടയിടത്തെത്തി റൂമെടുക്കുമ്പോഴും ഡ്രൈവര്‍ക്ക് റൂമുണ്ടോ അദ്ദേഹം കുറച്ചുസമയമെങ്കിലും ഉറങ്ങുന്നുണ്ടോ എന്നന്വേഷിക്കാറില്ല. പകല്‍വീണ്ടും ഡ്രൈവര്‍ വണ്ടിയോടിക്കുക തന്നെയാണ്. രാത്രിയും ഇതുതന്നെ നില. ഇതൊന്നും പോരാത്തതിന് ചിലപ്പോള്‍ പോകുന്ന വഴിക്ക് ഡ്രൈവര്‍ക്ക് ' വല്ലതും' കുടിക്കാന്‍ വാങ്ങിക്കൊടുത്ത് സന്തോഷം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു സന്തോഷപ്രകടനമില്ല. ഇത്തരം യാത്രകളാണ് പലപ്പോഴും പുലര്‍ച്ചെ ഒരു കൂടുംബത്തിലെ നാലും അഞ്ചും അംഗങ്ങള്‍ കൂട്ടത്തോടെ മരിക്കുന്ന മഹാ ദുരന്തങ്ങളായി മാറുന്നത്.മൂന്നുമണിക്കൂറിലേറെ സമയം തുടര്‍ച്ചയായി വണ്ടിയോടിക്കാന്‍ ഒരു ഡ്രൈവറെയും അനുവദിച്ചുകൂടാ-പകല്‍ ആകെ 12 മണിക്കൂറിലേറെ സമയം ജോലി ചെയ്യാനും. ഹോട്ടല്‍റൂമിന്റെ കാശ് ലാഭിക്കാന്‍ ഡ്രൈവറെക്കൊണ്ട് കാറോടിപ്പിക്കുന്നത് ക്രൂരതയാണ്, ആത്മഹത്യാപരമാണ്. ഡ്രൈവര്‍ക്ക് മദ്യം വാങ്ങിച്ചുകൊടുക്കുകയോ സ്വയം കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍പാടില്ല. എല്ലാവരും ഉറങ്ങുമ്പോഴും ഒരാളെങ്കിലും ഡ്രൈവറോടൊപ്പം സംസാരിച്ചോ ശ്രദ്ധിച്ചോ ഉറങ്ങാതെ ഇരിക്കണം. മൂന്നുമണിക്കൂറില്‍ പതിനഞ്ച് മിനിട്ടെങ്കിലും ഡ്രൈവര്‍ക്ക് വിശ്രമം നല്‍കണം. ഇതെല്ലാം അല്പം പണച്ചെലവുണ്ടാക്കാം. പക്ഷേ മനുഷ്യജീവന്‍ അതിനേക്കാളെല്ലാം വില കൂടിയതല്ലേ ?വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കേരളത്തിലും കുറ്റകരമാണ്. ആയിരം രൂപ പിഴയടക്കേണ്ടിവരാം. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടുമോ എന്നറിയില്ല. എന്നാല്‍ വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ലേയല്ല. ചിലര്‍ അല്പം ശ്രദ്ധാലുക്കളാണ്. കൈ ഉപയോഗിക്കാതെ ഫോണില്‍ സംസാരിക്കാനുള്ള വിദ്യ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും. അതൊരു തെറ്റിദ്ധാരണയാണ്. കൈയില്‍ മൊബൈല്‍ ഫോണുള്ളതല്ല അപകടത്തിന് കാരണമാകുന്നത് എന്നാണ് ആഗോളതലത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശ്രദ്ധ മാറുന്നതാണ് അപകടകാരണമാകാറുള്ളത്. ഫോണ്‍ കോള്‍ എടുക്കാതിരിക്കുക, അല്ലെങ്കില്‍ വാഹനത്തിലുള്ള മറ്റാരെയെങ്കിലും ആ പണി ഏല്പ്പിക്കുക- അതേ പരിഹാരമുള്ളൂ. തൊണ്ണൂറു ശതമാനം കോളുകളും അത്യാവശ്യങ്ങളല്ല എന്ന് പറയേണ്ടതില്ല. ഏത് കോളും തിരിച്ചുവിളിക്കാവുന്നതേ ഉള്ളൂ. ജീവന്‍ പണയപ്പെടുത്തി മറുപടി നല്‍കേണ്ട ഒരു കോളും കാണില്ല എന്ന് തീര്‍ച്ച.സി.ഡി. മാറ്റുക, ഡാഷ് ബോര്‍ഡില്‍ വല്ലതും തിരയുക, വാതില്‍ അടഞ്ഞോ എന്ന് പരിശോധിക്കുക തുടങ്ങിയവയും ഡ്രൈവിങ്ങിനിടയില്‍ ഒഴിവാക്കേണ്ട കാര്യങ്ങളാണ്. ഒരു സെക്കന്റല്ലേ വേണ്ടൂ എന്ന് സ്വയം ന്യായീകരിക്കുന്നവര്‍ ഓര്‍ക്കുക- അപകടത്തില്‍പെട്ട് മരിക്കാനും ഒരു സെക്കന്റ് മതി.സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച് ഇനിയും കുറെ കാര്യങ്ങള്‍ പറയാം, മറ്റൊരിക്കല്‍.

അത് വരെ സുരക്ഷിതമായി ഡ്രൈവ് ചെയ്യുക

Followers