സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Sunday, July 31, 2011

ഘട്ടം ഘട്ടമായി...

ഇന്ദ്രന്‍

വര്‍ഷാവര്‍ഷം നടക്കുന്ന ആഘോഷമാണ് മദ്യനയപ്രഖ്യാപനം. പോലീസ് വകുപ്പിലോ വിദ്യാഭ്യാസ വകുപ്പിലോ ഒന്നുമില്ലാത്ത ഈ പ്രഖ്യാപനം എന്തിനാണ് മദ്യവകുപ്പില്‍ മാത്രം എന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ പിടിപാടൊന്നുമില്ല. അഞ്ചാറുപേജേ നയരേഖ കാണൂ. ഷാപ്പിന്റെ എണ്ണം കുറയ്ക്കും അല്ലെങ്കില്‍ കൂട്ടും, കിസ്ത് കൂട്ടും എന്നുതുടങ്ങിയ ചില അല്ലറചില്ലറ കാര്യങ്ങളേ അതിലുണ്ടാവാറുള്ളൂ. നയത്തിന് മീതെ പറക്കുന്ന അബ്കാരി പരുന്തുകളുടെ ആവശ്യാര്‍ഥം നിയമത്തില്‍ മാറ്റംവരുത്താന്‍ എകൈ്‌സസ് മന്ത്രിക്ക് കിട്ടുന്ന ചാന്‍സാണ് മദ്യനയപ്രഖ്യാപനം.

മദ്യനയം പ്രഖ്യാപിച്ചാല്‍ ഉടനെ മാധ്യമങ്ങള്‍, മതമേധാവികള്‍, സാമൂഹികസംഘടനകള്‍, മദ്യവര്‍ജനസംഘടനക്കാര്‍, വി.എം. സുധീരന്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും അതില്‍ ഇടപെടണമെന്നാണ് വ്യവസ്ഥ. വിവാദങ്ങളുടെ പുകിലാവും കുറച്ചുനാള്‍. പ്രമേയങ്ങള്‍, ഉപവാസങ്ങള്‍, ചില്ലറ ജാഥകള്‍ തുടങ്ങിയവയുമുണ്ടാകും. ഹര്‍ത്താലൊന്നും ഉണ്ടാകില്ല. അബ്കാരികളുടെ ജനസേവനത്തിന് തടസ്സമാകുന്ന വ്യവസ്ഥകള്‍ വല്ലതും നയരേഖയില്‍ അബദ്ധത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അവ മാറ്റും. കുറച്ച് പണച്ചെലവുള്ള സംഗതിയാണത്. എന്തായാലും കോലാഹലം അധികനാള്‍ തുടരില്ല. വികലാംഗനായ ഭിക്ഷക്കാരന്‍ വടിയും കുത്തി നടന്നുപോകുമ്പോള്‍ ബഹളംവെച്ച് തെരുവുനായ്ക്കള്‍ പിറകെ പോകുമല്ലോ. ഭിക്ഷക്കാരന്‍ അവറ്റകളെ മൈന്‍ഡ് ചെയ്യില്ല. ഇങ്ങനെ എത്ര നായ്ക്കളെ കണ്ടിരിക്കുന്നു എന്ന ഭാവം. കുറച്ചുദൂരം ചെന്ന് നായ്ക്കള്‍ നിശ്ശബ്ദം മടങ്ങും. അടുത്ത ഭിക്ഷക്കാരന്‍ വരുംവരെ മിണ്ടാതിരിക്കും. വാര്‍ത്താബഹളങ്ങളും അത്തരമാണ്. ഒന്നുമടുത്താല്‍ അടുത്തത് വരാന്‍ കാത്തുനില്‍ക്കും. ഒന്നിനെയും അത് കടിക്കില്ല.

ഒടുവില്‍ കേട്ട പുകിലേറിയ മദ്യനയവിവാദം എ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ വക്കം പുരുഷോത്തമന്‍ എകൈ്‌സസ് മന്ത്രിയായപ്പോഴായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണേ എന്ന് ഒരുപാടുപേര്‍ അലറിവിളിക്കുകയും നെഞ്ചത്തടിക്കുകയുമെല്ലാം ചെയ്‌തെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മദ്യലഭ്യത വര്‍ധിച്ചാല്‍ മദ്യപാനം വര്‍ധിക്കും എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു ഉത്തമപുരുഷന്റെ ഉദ്ദേശ്യം. മദ്യവില്പന പതിവുപോലെ ഇരട്ടിച്ചു. എങ്കിലും ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന മഹനീയാദര്‍ശത്തില്‍ അവര്‍ ലവലേശം വെള്ളം ചേര്‍ക്കുകയുണ്ടായില്ല.സ്വാശ്രയ വിദ്യാഭ്യാസത്തിലെ ഫിഫ്റ്റി ഫിഫ്റ്റി പോലെയാണ് മദ്യനയത്തിലെ ഘട്ടം ഘട്ടം. ഇതും എ.കെ. ആന്റണിയുടെ സംഭാവനയാണ്. 2001-ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ''സമ്പൂര്‍ണ മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കും'' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ ശൈലി ലേശമൊന്നുമാറ്റി, പടി പടിയായി എന്നു ലഘുവാക്കും. അത്രമാത്രം. എന്താണ് പ്രായോഗിക ബുദ്ധിമുട്ടെന്നോ? വ്യാജന്‍ കൊഴുക്കും, അതന്നെ പ്രശ്‌നം. വ്യാജന്‍ തടയാന്‍ എകൈ്‌സസ് വകുപ്പുണ്ടല്ലോ എന്ന് ചോദിച്ചേക്കും. നടപ്പില്ല. നമ്മുടെ എകൈ്‌സസിന്റെ ഏട്ടന്‍ എകൈ്‌സസുകാരാണ് അമേരിക്കയിലേത്. അവര്‍ക്ക് കഴിഞ്ഞിട്ടില്ല ഇത് സാധിച്ചെടുക്കാന്‍. 1920 കാലത്ത് അമേരിക്ക പരീക്ഷിച്ചതാണ് സമ്പൂര്‍ണ മദ്യനിരോധനം. വൈനും ബിയറും പോലും അനുവദനീയമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകാതെ അതിനുള്ള പ്രതിവിധി കണ്ടെത്തി. മുന്തിരിച്ചാറുകുപ്പികളില്‍ മുന്നറിയിപ്പായി എഴുതിവെച്ചു - ഇന്നയിന്ന കാര്യങ്ങളൊന്നും അബദ്ധത്തില്‍ ചെയ്തുപോകരുത് - ചെയ്താല്‍ സംഗതി ലഹരിയാകും, കേസ്സാകും. ജനം അത് കൃത്യമായി ചെയ്യുകയും കാല് കുഴയുംവരെ കുടിക്കുകയും ചെയ്തുപോന്നു. വൈന്‍കുടി പഴയതിന്റെ മൂന്നിരട്ടിയായി. കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവിസ്തൃതി ഒരു ലക്ഷം ഏക്കര്‍ ആയിരുന്നത് ഏഴുലക്ഷമായി. നിരോധനത്തിന് മുമ്പ് ന്യൂയോര്‍ക്കില്‍ 15,000 മദ്യവില്പന ശാലകള്‍ ഉണ്ടായിരുന്നത് അതിനുശേഷം ഇരട്ടിയായി - അനധികൃതമദ്യശാലകളായിരുന്നു എന്ന വ്യത്യാസമേ ഉള്ളൂ. വിഷവാറ്റല്ല വിറ്റത് എന്നുമാത്രം. ആരും മരിച്ചില്ല. എന്നിട്ടും സംഗതി അവര്‍ വൈകാതെ ഉപേക്ഷിച്ചു. നിരോധിച്ച കാലത്ത് ഉണ്ടായിരുന്നത്ര മദ്യാസക്തിയൊന്നും ഇപ്പോള്‍ ആ രാജ്യത്തില്ലത്രെ. നമ്മുടെ ചാരായനിരോധനവും ഇതുപോലൊരു പരീക്ഷണമായിരുന്നു. നിരോധനം കൊണ്ട് മദ്യവില്പനയും വരുമാനവും കൂടി. ചാരായത്തില്‍ ഒരു വിഷമേ ഉള്ളൂ. വില കുറഞ്ഞ വിദേശമദ്യത്തില്‍ ലഹരി, നിറം, മണം എന്നിവയ്ക്ക് വേണ്ടി വേറെ വേറെ വിഷങ്ങള്‍ ചേര്‍ക്കണം.

ഘട്ടം ഘട്ടം എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കലാണ് നമുക്ക് സൗകര്യപ്രദം. എത്ര ഘട്ടമെന്ന് ഇപ്പോള്‍ പറയേണ്ടതില്ല. നൂറുഘട്ടമാകാം, ആയിരമാകാം, ലക്ഷം ലക്ഷമാകാം. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന താളത്തില്‍ ശാസ്ത്രീയമായാണ് സംഗതി പോകുന്നത്. അതുകൊണ്ട് ലക്ഷണമനുസരിച്ച് പതിനായിരം കൊല്ലം കൊണ്ടെങ്കിലും സമ്പൂര്‍ണമദ്യനിരോധനം നേടിയെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. വ്യാജനെ എന്തുചെയ്യും? എന്തായാലും അതിന് ഇനി കാലം കുറെ പോവണമല്ലോ. ദൈവം എന്തെങ്കിലും വഴികാട്ടുമായിരിക്കും. ജനാധിപത്യമായതുകൊണ്ട് വേറൊരു സാധ്യതയുണ്ട്. മദ്യ ഉപഭോക്താക്കളുടെ എണ്ണം നാല്പത് അമ്പത് ശതമാനമെത്തിയാല്‍ അവര്‍ക്ക് ഭൂരിപക്ഷമാകും. വല്ല ഹിതപരിശോധനയോ മറ്റോ നടത്തി ഈ ഘട്ടം ഘട്ടത്തിന്റെയും മദ്യനിരോധനത്തിന്റെയും ഏര്‍പ്പാട് എന്നെന്നേക്കുമായി അവസാനിപ്പിക്കാം.

പുതിയ സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ വെടിക്കെട്ടുകളൊന്നും കാര്യമായി ഉണ്ടായില്ല. പ്രസ്താവനകള്‍ക്ക് കുറവുണ്ടായില്ലെന്നത് ശരി. എകൈ്‌സസ് മന്ത്രിമാരുടെ പതിവ് ടെക്‌നിക്കുകള്‍ പുറത്തെടുക്കാനുള്ള സാമര്‍ഥ്യവും സാവകാശവുമൊന്നും മന്ത്രി ബാബു ആര്‍ജിച്ചുകഴിഞ്ഞിരിക്കില്ല. അല്പം കടുത്ത പ്രയോഗം അദ്ദേഹത്തിന്റെ വകയായി മദ്യനയത്തിലുണ്ട്. വര്‍ധിച്ചുവരുന്ന മദ്യാസക്തി എന്ന ഗുരുതരമായ സാമൂഹിക വിപത്തിനെതിരെ ശക്തമായ വികാരം പൊതുസമൂഹത്തിലുണ്ടെന്നാണ് നയരേഖയിലെ ആദ്യവാചകം തന്നെ. ആ വികാരം ഉള്‍ക്കൊണ്ട് കര്‍ക്കശമായ മദ്യനയം രൂപവത്കരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ ഈ കാര്യത്തില്‍ നയം പ്രഖ്യാപിക്കേണ്ടത് എകൈ്‌സസ് മന്ത്രി തനിച്ചല്ല. മദ്യാസക്തി മൂലമുള്ള രോഗങ്ങളെ നേരിടാന്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെക്കാളേറെ തുക ചികിത്സയ്ക്കായി കേരളം ചെലവഴിക്കുന്നുണ്ട്. എങ്കില്‍ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ എകൈ്‌സസ് മന്ത്രിയുടെ അടുത്ത് ആരോഗ്യമന്ത്രിയും വേണം. ആളുകള്‍ പായസം പോലെ വല്ലപ്പോഴും അരഗ്ലാസ് മദ്യം കഴിക്കുന്നു എന്നതല്ല കേരളത്തിന്റെ പ്രശ്‌നം. ആളുകള്‍ രാവും പകലും കഴിക്കുന്നു എന്നതാണ്. മദ്യത്തിന്റെ ഉപയോഗമല്ല ദുരുപയോഗമാണ് പ്രശ്‌നം. കേരളത്തില്‍ മാത്രം എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് പറയാന്‍ ആരോഗ്യമന്ത്രി മനഃശാസ്ത്രജ്ഞരെക്കൂടി വിളിക്കണം. വര്‍ഷത്തില്‍ ട്രാഫിക് അപകടങ്ങളില്‍ മരിക്കുന്നത് 3300- 3800 പേരാണെങ്കില്‍, അതില്‍ നല്ലൊരുപങ്ക് മദ്യപിച്ചുള്ള ഡ്രൈവിങ് കൊണ്ടാണെങ്കില്‍ മദ്യനയപ്രഖ്യാപനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ മിക്കതും മദ്യപാനത്തില്‍നിന്നുള്ളതാണെന്നുമിരിക്കെ നയപ്രഖ്യാപനത്തിന് നിര്‍ബന്ധമായും ആഭ്യന്തരമന്ത്രി ഉണ്ടായിരിക്കണം. മദ്യാസക്തിയുടെ ദുരന്തവശങ്ങള്‍ വരുംതലമുറയെ എങ്കിലും ബോധവത്കരിച്ചേ തീരൂ എങ്കില്‍, നയപ്രഖ്യാപനത്തില്‍ വിദ്യാഭ്യാസമന്ത്രിയും ഉണ്ടായല്ലേ പറ്റൂ. കുടുംബജീവിതം അപ്പടി തകിടം മറിക്കുന്നത് മദ്യാസക്തിയാണെങ്കില്‍ സാമൂഹികക്ഷേമ മന്ത്രിയും അത് നേരിടുന്നതിനുള്ള പദ്ധതികളുമായി നയപ്രഖ്യാപനത്തിനെത്തണം. ഏതാണ്ടെല്ലാ മന്ത്രിമാര്‍ക്കും ബാധ്യതയുള്ള പ്രശ്‌നം പറയാനാണ് എല്ലാവരും ചേര്‍ന്ന് ഒരു പാവപ്പെട്ട ബാബുമന്ത്രിയെ പറഞ്ഞയച്ചിരിക്കുന്നത്. മഹാപാപം.
 
മദ്യവിരുദ്ധ ബോധവത്കരണത്തിന് രണ്ട് കോടിയാണ് മന്ത്രി വകയിരുത്തിയിരിക്കുന്നത്. നേരത്തേ ഇത് 20 ലക്ഷം മാത്രമായിരുന്നു എന്നത് നേര്. രണ്ട് കോടി രൂപകൊണ്ട് ബോധവത്കരണവും മദ്യനിരോധനം പോലെ ഘട്ടം ഘട്ടമായങ്ങനെ അനന്ത കോടി കാലത്തേക്ക് ഇഴഞ്ഞുപോകുകയേ ഉള്ളൂ. മൂവായിരം കോടി രൂപ കുടിയന്മാരില്‍ നിന്ന് പിരിച്ചിട്ട് ബോധവത്കരണത്തിന് ചെലവാക്കുന്നത് അതിന്റെ 0.067 ശതമാനം മാത്രം !

No comments:

Followers