സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, July 27, 2010

അരുത്‌, ഈ നറുംപാലില്‍ വിഷത്തുള്ളി വീഴ്‌ത്തരുത്‌

പാതിരാവില്‍ ഇരുചെവിയറിയാതെ, പട്ടാപ്പകല്‍ കണ്ടുനില്‍ക്കുന്നവരുടെ 'കണ്ണുകെട്ടി'... മതതീവ്രവാദികള്‍ നടത്തുന്ന അരുംകൊലകള്‍ക്കു മിക്കപ്പോഴും തെളിവുണ്ടാകാറില്ല. ഇരകള്‍ ചെറുപ്പത്തിലേക്കു കാലൂന്നിയവരാകാം, ജീവിതസായന്തനത്തിലെത്തിയ വൃദ്ധരാകാം. കോടതിയില്‍ സാക്ഷികളും തെളിവുകളുമാണു പ്രധാനമെന്നതിനാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ പലപ്പോഴും നിസാരമായി വിട്ടയയ്‌ക്കപ്പെടാറുമുണ്ട്‌.

തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയ്‌ക്കു സമീപം കാട്ടുകുളത്ത്‌ ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്‌ക്കു കൊലക്കത്തിക്കിരയായ മുസ്ലിം സിദ്ധന്റെ ദുര്‍വിധി അതിനുദാഹരണമാണ്‌. ഫക്കീര്‍ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെട്ട കുന്നത്ത്‌ ബംഗ്ലാവില്‍ കെ. മുഹമ്മദി(65)നെ കൊലപ്പെടുത്തിയ മതാന്ധര്‍ അദ്ദേഹത്തിന്റെ മകനെപ്പോലും മറുകണ്ടം ചാടിച്ചാണ്‌ ഈ കേസില്‍നിന്നു തലയൂരി ഇപ്പോഴും സമൂഹത്തില്‍ മാന്യരായി വിലസുന്നത്‌.

1998 നവംബര്‍ 16-ന്‌ ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണു നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കേ ജീപ്പിലെത്തിയ ഒരുസംഘം ഫക്കീര്‍ ഉപ്പാപ്പയെ വെട്ടിവീഴ്‌ത്തിയത്‌. ഇസ്ലാം അനുശാസിക്കുന്ന ജീവിതശൈലിയില്‍നിന്നു വ്യതിചലിക്കുന്നവരെ വകവരുത്തുന്നതും 'ജിഹാദി'യായി കാണണമെന്ന എന്‍.ഡി.എഫ്‌. നേതൃത്വത്തിന്റെ തിട്ടൂരമാണു കൊലയാളികള്‍ ഈ വൃദ്ധനുമേല്‍ നടപ്പാക്കിയത്‌. മലപ്പുറം മാറഞ്ചേരി സ്വദേശിയായ മുഹമ്മദ്‌ എന്ന മുസ്ലിം സിദ്ധന്‍ ചികിത്സാവിധിയുടെ ഭാഗമായി വെള്ളം ഓതിക്കൊടുക്കുന്നതിലൂടെയാണു ശ്രദ്ധേയനായത്‌. ഇതിനെതിരേ മലപ്പുറത്തു ഭീഷണി മുറുകിയപ്പോള്‍ 1977-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടുകുളത്ത്‌ ഓടിട്ട ബംഗ്ലാവ്‌ വാങ്ങി താമസവും ചികിത്സയും തുടങ്ങി. ഫക്കീര്‍ ഉപ്പാപ്പ എന്ന പേരില്‍ പ്രസിദ്ധനായി. വിവിധ ജില്ലകളില്‍നിന്ന്‌ നാനാജാതി മതസ്‌ഥര്‍ രോഗശാന്തി ലഭിക്കുമെന്നു വിശ്വസിച്ച്‌ അദ്ദേഹത്തെ തേടിയെത്തി. ഫക്കീറിനു തിരക്കേറിയപ്പോള്‍ പ്രദേശത്തു ചായക്കട മുതല്‍ നിരവധി കടകളുയര്‍ന്നു.

ഓതിക്കൊടുക്കുന്ന വെള്ളം കൊണ്ടുപോകാനുള്ള കാനുകള്‍വരെ കടകളില്‍ ലഭിച്ചിരുന്നത്രേ. ഫക്കീറിന്റെ പ്രവര്‍ത്തനം ഇസ്ലാംവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമുദായാംഗങ്ങളില്‍ ചിലര്‍ രംഗത്തെത്തി. ഭീഷണി അവഗണിച്ച ഫക്കീറിനെ വകവരുത്താനുള്ള നിയോഗം എന്‍.ഡി.എഫിനായിരുന്നു. വീടും മുറ്റവും നിറഞ്ഞ വിശ്വാസികള്‍ ഫക്കീറിനെ കാണാന്‍ കാത്തിരിക്കുമ്പോഴാണ്‌ ജീപ്പിലെത്തിയ ഒരുസംഘം പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം അദ്ദേഹത്തെ വെട്ടിവീഴ്‌ത്തിയത്‌. ദിവസങ്ങള്‍ക്കുള്ളില്‍ 26 പ്രതികള്‍ക്കെതിരേ പോലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട്‌ ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഉന്നതപദവിയിലുള്ളയാള്‍, ഷോര്‍ണൂരിലെ ഗ്യാസ്‌ ഏജന്‍സി ഉടമ, പ്രമുഖ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിന്റെ മാനേജിംഗ്‌ കമ്മിറ്റിയംഗം തുടങ്ങിയ വമ്പന്‍മാര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഫക്കീറിന്റെ മകനടക്കം ഏതാനും ദൃക്‌സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. വിചാരണ തുടങ്ങിയപ്പോഴാണു കൊലയാളികള്‍ക്കു പിന്നിലെ സംഘടിതശക്‌തികളുടെ പണവും സ്വാധീനവും വെളിപ്പെട്ടത്‌. ഭീഷണിക്കു മുന്നില്‍ മകന്‍പോലും മറുഭാഗം ചേര്‍ന്നു. തെളിവുകളില്ലാത്തതിനാല്‍ 2004 ഓഗസ്‌റ്റ് 18-നു കോടതി പ്രതികളെ മുഴുവന്‍ വെറുതേവിട്ടു.

കാശ്‌മീരില്‍ നാലു മലയാളി യുവാക്കള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണു തീവ്രവാദത്തിന്റെ വേരുകള്‍ കണ്ണൂരില്‍ എത്ര ആഴത്തിലാണുള്ളതെന്നു കേരളം തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ ഉത്തരം കിട്ടാത്ത പല കൊലപാതകങ്ങളുടെയും പിന്നിലെ തീവ്രവാദബന്ധം ചുരുളഴിഞ്ഞു. പി.ഡി.പിയില്‍നിന്ന്‌ അകന്ന ആസാദെന്ന യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കടപ്പുറത്തിട്ടു ക്രൂരമായി കൊലപ്പെടുത്തിയതായിരുന്നു അതിലൊന്ന്‌. സംഘടനയുടെ രഹസ്യങ്ങള്‍ ചോരാതിരിക്കാനായിരുന്നു കൊലപാതകമെന്ന്‌ ആസാദിന്റെ കുടുംബം ആരോപിക്കുന്നു.

കണ്ണൂരില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പതിവായിരുന്നെങ്കിലും അതില്‍ വര്‍ഗീയനിറം കലര്‍ന്നത്‌ എന്‍.ഡി.എഫിന്റെ വരവോടെയാണ്‌. ഹിന്ദു ഐക്യവേദി നേതാവ്‌ അശ്വനികുമാറിന്റെ കൊലപാതകത്തില്‍ എന്‍.ഡി.എഫായിരുന്നു പ്രതിസ്‌ഥാനത്ത്‌. ന്യൂമാഹിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ യു.കെ. സലീമിന്റെ മരണകാരണം വൃക്കയുടെ ഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു. ഒറ്റവെട്ടിനു സലീം കൊല്ലപ്പെട്ടെന്നാണു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. വിദഗ്‌ധപരിശീലനം ലഭിച്ച കൊലയാളിക്കേ ഈ കൃത്യം നടത്താനാകൂ എന്നു പോലീസ്‌ വിലയിരുത്തി. ഈ കേസിലും പ്രതികള്‍ എന്‍.ഡി.എഫുകാരായിരുന്നു. മുസ്ലിം ചെറുപ്പക്കാരെ സംഘടനയില്‍നിന്ന്‌ അകറ്റുന്നു എന്നാരോപിച്ചാണു സലീമിനെ വെട്ടിക്കൊന്നത്‌. ഒരു മുസ്ലിം സ്‌ത്രീക്കും കുട്ടികള്‍ക്കും ഒപ്പം കഴിഞ്ഞതിനാണു കണ്ണൂര്‍ തയ്യിലിലെ വിനോദിനു 'മരണശിക്ഷ' വിധിച്ചത്‌. മഴു പോലുള്ള ആയുധം കൊണ്ട്‌ ആഴത്തില്‍ വെട്ടേറ്റാണു വിനോദ്‌ മരിച്ചത്‌.

മുസ്ലീം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന വിനോദിനോടു മതം മാറണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെന്നും അതിനു തയാറാകാത്തതിനാലാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നും കേസിലെ പ്രതിയായ തടിയന്റവിട നസീര്‍ മൊഴി നല്‍കിയിരുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന ആരോപണമാണ്‌ ആദിവാസിയായ വിനീഷിന്റെ മരണത്തില്‍ കലാശിച്ചത്‌. അഴീക്കോട്ടെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയതെങ്കിലും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നുള്ള മാനസികവിഷമത്തില്‍ വിനീഷ്‌ ആത്മഹത്യ ചെയ്‌തെന്നാണു പോലീസ്‌ ഭാഷ്യം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ ഏതാനും എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ അറസ്‌റ്റിലുമായി.

അച്ചടക്കം പരമപ്രധാനമായ പോലീസിലും മതതീവ്രവാദശക്‌തികള്‍ പിടിമുറുക്കിയിട്ടുണ്ടെന്നതിന്‌ ഉദാഹരണമാണ്‌ അടുത്തിടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടു നടത്തിയ റെയ്‌ഡിന്റെ വിവരങ്ങള്‍ ചോര്‍ന്നത്‌. പോലീസിലെ തീവ്രവാദസാന്നിധ്യത്തെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നേരത്തേ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടെങ്കിലും ഭരണനേതൃത്വങ്ങള്‍ അവഗണിക്കുകയായിരുന്നു. പാനായിക്കുളം സിമി ക്യാമ്പ്‌ സംഭവം ഉദാഹരണം.

പോപ്പുലര്‍ ഫ്രണ്ടായി മാറിയ എന്‍.ഡി.എഫിന്റെ ശക്‌തികേന്ദ്രങ്ങളിലൊന്നാണു വയനാട്‌. സ്‌ക്വാഡില്‍പ്പെട്ട പോലീസുകാര്‍ ശേഖരിക്കുന്ന രഹസ്യവിവരങ്ങള്‍ കല്‍പ്പറ്റ കണ്‍ട്രോള്‍ റൂമിലെ രണ്ടു പോലീസുകാര്‍ മതസംഘടനക്കാര്‍ക്കു ചോര്‍ത്തിക്കൊടുത്തിരുന്നു. ഇതു കേന്ദ്ര-സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ഇരുവരെയും സ്‌ഥലംമാറ്റി. യു.ഡി.എഫ്‌. ഭരണകാലത്ത്‌ ഇവര്‍ പഴയ തട്ടകത്തില്‍ തിരിച്ചെത്തുകയും ചെയ്‌തു. വയനാട്ടില്‍ ഒരു ഡിവൈ.എസ്‌.പിയെ സുവിശേഷ പ്രചാരണത്തിനിടെ ആദിവാസികോളനിയില്‍ തടഞ്ഞുവച്ചതു നാലുമാസം മുമ്പാണ്‌. ഔദ്യോഗിക വാഹനത്തില്‍ കോളനിയിലെത്തിയ ഡിവൈ.എസ്‌.പിക്കൊപ്പം പെന്തക്കോസ്‌ത് പാസ്‌റ്റര്‍മാരുമുണ്ടായിരുന്നു. സംഭവം രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും കണ്ണൂര്‍ റേഞ്ച്‌ ആസ്‌ഥാനത്തു ഫയല്‍ മുങ്ങി. പ്രത്യേക ദിവസങ്ങളില്‍ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാതെ ഡ്യൂട്ടിക്കു തയാറാകാത്ത പോലീസുകാരുടെ എണ്ണം കൂടിവരുകയാണ്‌.

സഹ്യനിപ്പുറം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുടിലശക്‌തികള്‍ക്കു തീര്‍ച്ചയായും ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയില്ല. വിരലിലെണ്ണാവുന്ന ചിലരുടെ മാത്രം ദുഷ്‌പ്രവൃത്തികള്‍ മൂലം ഒരു സമുദായമാകെ ഒറ്റപ്പെടലിന്റെ ആശങ്കയിലാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ മലബാറിലെ ചില ക്ഷേത്രങ്ങള്‍ക്കു കാവല്‍നിന്ന, പേട്ടതുള്ളിയെത്തുന്ന ശബരിമല തീര്‍ഥാടകരെ പള്ളിയങ്കണത്തില്‍ മാലയിട്ടു സ്വീകരിക്കുന്ന ന്യൂനപക്ഷങ്ങളുടെയും നാടാണിത്‌.

ശാന്തിയും സാഹോദര്യവും മാത്രം ഉദ്‌ഘോഷിക്കുന്ന മതദര്‍ശനങ്ങളുടെ നറുംപാലില്‍ വിഷത്തുള്ളികള്‍ വീഴ്‌ത്താന്‍ തുനിയുന്നവരെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തുമ്പോഴാണു കേരളം എല്ലാ അര്‍ഥത്തിലും 'ദൈവത്തിന്റെ സ്വന്തം നാട്‌' ആയിത്തീരുക.

Followers