സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, July 26, 2010

കൊല്ലാന്‍ ഒരു കൂട്ടര്‍; അഴിയെണ്ണാന്‍ നിരപരാധി

കൊല്ലപ്പെട്ടത്‌ ആര്‍.എസ്‌.എസുകാരനെങ്കില്‍ സി.പി.എമ്മുകാരല്ലാത്ത വേറേ പ്രതികളെ തെരഞ്ഞു നമ്മുടെ പോലീസ്‌ സമയം കളയാറില്ല. ഇര സി.പി.എമ്മുകാരനെങ്കില്‍ മറിച്ചും. 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന ഈ പോലീസ്‌ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായിരുന്ന എന്‍.ഡി.എഫാണ്‌.

തെളിവിന്റെ ലാഞ്‌ഛനപോലുമില്ലാതെ വിദഗ്‌ധമായി കൊലപാതകം നടത്തുന്ന മതതീവ്രവാദികള്‍ക്കു പ്രദേശത്തെ രാഷ്‌ട്രീയ ഏറ്റുമുട്ടലുകളുടെ പശ്‌ചാത്തലം കൂടുതല്‍ സൗകര്യപ്രദമാകുന്നു. യഥാര്‍ഥ പ്രതികള്‍ പുറത്തു വിലസുമ്പോള്‍ ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിച്ചവരുടെ ഉദാഹരണം ഏറെയുണ്ട്‌.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ മതതീവ്രവാദികള്‍ ഒരു നിര്‍ഭാഗ്യവാനെ വയറുകീറി കൊലപ്പെടുത്തിയത്‌ ഓണത്തലേന്നായിരുന്നെങ്കില്‍ തൃശൂരിലെ ചാവക്കാട്‌, ഇരട്ടപ്പുഴ നിവാസികള്‍ എട്ടുവര്‍ഷം മുമ്പ്‌ ഒരു വിഷുനാളില്‍ കണികണ്ടത്‌ രാത്രിയെപ്പോഴോ ദാരുണമായി കൊല്ലപ്പെട്ട പ്രസാദ്‌ (23) എന്ന യുവാവിന്റെ മൃതദേഹമാണ്‌. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ പ്രസാദ്‌ 2002 ഏപ്രില്‍ 14 വിഷുദിനത്തിലാണു കൊല്ലപ്പെട്ടത്‌. പുലര്‍ച്ചെ മൂന്നരയ്‌ക്ക് ഇരട്ടപ്പുഴ സെന്ററിന്റെ കിഴക്കുഭാഗത്തുള്ള 'മരണാനന്തര സഹായസമിതി' ഓഫീസിന്റെ വരാന്തയിലാണു മൃതദേഹം കാണപ്പെട്ടത്‌.

ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായി. പ്രദേശത്തു സി.പി.എം.-ആര്‍.എസ്‌.എസ്‌. സംഘര്‍ഷം പതിവ്‌. പോലീസിനു പിന്നെ എന്താലോചിക്കാന്‍! ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഏഴുപേരെ പ്രതിചേര്‍ത്തു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പ്രസാദിന്റെ അയല്‍വാസികളായ വിനോദ്‌, രാജേഷ്‌, ആനന്ദന്‍, ബാബു, ബിജു, പ്രദീപ്‌, സുരേഷ്‌ എന്നിവരായിരുന്നു പ്രതികള്‍. തൃശൂര്‍ അതിവേഗകോടതി 2007 സെപ്‌റ്റംബര്‍ 15-ന്‌ ഒന്നാംപ്രതി വിനോദിനെ ജീവപര്യന്തം കഠിനതടവിനും മറ്റു പ്രതികളെ അഞ്ചുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

പ്രസാദും കൂട്ടരുമായി മുമ്പു സി.പി.എം. പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പരസ്‌പരം ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. പ്രസാദിന്റെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്‌ത ഫോറന്‍സിക്‌ സംഘം കേസിലെ തീവ്രവാദബന്ധത്തെക്കുറിച്ചു ചില സൂചനകള്‍ നല്‍കിയെങ്കിലും മേല്‍പ്പറഞ്ഞ വാക്കുതര്‍ക്കത്തെ മാത്രം ചുറ്റിപ്പറ്റി പോലീസ്‌ അന്വേഷണം പുരോഗമിച്ചു. മൃതദേഹം പരിശോധിച്ചപ്പോള്‍ ഇടതുചെവിക്കു താഴെ ഒരു ദ്വാരം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ദ്വാരത്തിലൂടെ വീതി കുറഞ്ഞ ഏതോ മാരകായുധം ഉപയോഗിച്ചതായും കണ്ടെത്തി.

മരണകാരണമായ മുറിവ്‌ ചെവിക്കു താഴെയുള്ള ദ്വാരത്തിലൂടെ കടന്നു ഹൃദയവും മറ്റ്‌ ആന്തരാവയവങ്ങളും തകര്‍ത്തിരുന്നു. പരിശീലനം സിദ്ധിച്ച പ്രൊഫഷണല്‍ കൊലയാളികള്‍ക്കേ ഇത്തരം കൊലപാതകം ആസൂത്രണം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന വിദഗ്‌ധനിരീക്ഷണം പോലീസ്‌ അവഗണിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്‌ ഊറ്റംകൊള്ളുമ്പോള്‍ത്തന്നെ മലപ്പുറത്തെ ഒരു കേന്ദ്രത്തില്‍ വിഷു പുലര്‍ന്നതു മധുരം വിതരണം ചെയ്‌തുള്ള ആഹ്ലാദപ്രകടനത്തോടെയാണ്‌. വിഷുവിനു മധുരം വിതരണം ചെയ്യുന്നതിന്റെ യുക്‌തി മതതീവ്രവാദ സംഘടനയിലെ ചില അംഗങ്ങള്‍ക്ക്‌ ആദ്യം പിടികിട്ടിയില്ലെങ്കിലും ആജന്മശത്രുക്കളിലൊരാളെ 'തീര്‍ത്ത' വിവരം അറിഞ്ഞപ്പോള്‍ അമ്പരപ്പ്‌ ആഹ്‌ളാദത്തിനു വഴിമാറി.

കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ഇരട്ടപ്പുഴയില്‍ ചുറ്റിക്കറങ്ങിയെന്ന നാട്ടുകാരില്‍ ചിലരുടെ മൊഴി പോലീസിന്റെ 'ചോദ്യംചെയ്യലി'നുശേഷം നിലനിന്നില്ല. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഏഴു യുവാക്കള്‍ക്കു ജയിലില്‍ നരകജീവിതവും.

ഇതേരീതിയില്‍ 2002 ജൂലൈയില്‍ മുസ്‌്ലിം ലീഗ്‌ നേതാവ്‌ സി.കെ. അബൂട്ടിയെ വധിക്കാന്‍ ശ്രമിച്ചെങ്കിലും ആയുസിന്റെ ബലത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു. തന്നെ വെട്ടിക്കൊന്നു കുറ്റം സി.പി.എമ്മിനുമേല്‍ കെട്ടിവയ്‌ക്കാനായിരുന്നു എന്‍.ഡി.എഫിന്റെ ശ്രമമെന്ന്‌ അബൂട്ടി പറയുന്നു.

എതിരാളികളെ മാത്രമല്ല സ്വന്തം പാളയം വിട്ടുപോകുന്നവരെയും മതതീവ്രവാദ സംഘടനകള്‍ വെറുതേ വിടാറില്ല. വയനാട്‌ ജില്ലയിലെ കല്‍പ്പറ്റ കമ്പളക്കാട്‌ ടൗണിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫി(ബാവ)ന്റെയും സുഹൃത്ത്‌ നെയിമിന്റെയും അനുഭവം ഉദാഹരണം. 2008 ഒക്‌ടോബറിലാണു സംഭവം. പാതിരാത്രി ഓട്ടം പോയി മടങ്ങുന്ന വഴി റോഡിനു കുറുകെ മരത്തടി. അപകടം മണത്തപ്പോഴേക്കു പിടിച്ചിറക്കി വടിവാള്‍കൊണ്ടു വെട്ടി.

മാരകമായി മുറിവേറ്റെങ്കിലും പ്രാണന്‍ തിരിച്ചുകിട്ടി. അഷ്‌റഫ്‌ എന്‍.ഡി.എഫ്‌. വിട്ടതിന്റെ 'ശിക്ഷാവിധി'യാണു രായ്‌ക്കുരാമാനം നടപ്പാക്കിയത്‌. സാധാരണയായി, രാത്രി അപരിചിതര്‍ ഓട്ടം വിളിക്കുമ്പോള്‍ സ്‌റ്റാന്‍ഡിലുള്ള മറ്റു ഡ്രൈവര്‍മാരെ ഒപ്പം കൂട്ടാറുണ്ട്‌. അങ്ങനെയാണു നെയിം അഷ്‌റഫിനൊപ്പം പോയത്‌. വെട്ടേറ്റു നെയിമിന്റെ വലതുകൈ മുറിഞ്ഞു. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്‌. സംഘടനയുടെ തീവ്രവാദമുഖം കമ്പളക്കാട്‌ ടൗണില്‍ വീണ്ടും ദൃശ്യമായി. 2008-ല്‍ നോമ്പുകാലത്ത്‌ വി.എച്ച്‌.പിയുടെ പ്രചാരണജാഥ കമ്പളക്കാടെത്തി.

ഉച്ചയ്‌ക്കു പള്ളിസമയത്തു പ്രസംഗം നിര്‍ത്തിയില്ലെന്നാരോപിച്ച്‌ ഒരു യുവാവ്‌ മൈക്ക്‌ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന്‌ ഇരുവിഭാഗവും സംഘടിച്ചതോടെ പ്രദേശത്തു സംഘര്‍ഷാവസ്‌ഥയായി. വൈകിട്ടു സംഘടനയുടെ ശക്‌തികേന്ദ്രമായ നാലാംമൈലില്‍നിന്നു വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ ഇരമ്പിയെത്തി. നാട്ടുകാര്‍ രംഗത്തിറങ്ങിയാണു കമ്പളക്കാട്‌ ടൗണില്‍നിന്ന്‌ ഇവരെ തുരത്തിയത്‌.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രങ്ങളിലൊന്നു പാലക്കാട്‌ ജില്ലയിലെ ചെറുകുടങ്ങാടാണ്‌. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തീവ്രവാദികള്‍ ഇവിടെ സമ്മേളിക്കാറുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഇവിടെ റെയ്‌ഡ് നടത്താന്‍പോലും പോലീസിനു കഴിയാറില്ല. ആയുധപരിശീലനവും ആക്രമണങ്ങളുടെ ആസൂത്രണവുമൊക്കെയാണ്‌ ഇവിടെ നടക്കുന്നത്‌. ഇരകളുടെ ഔദ്യോഗിക ജീവിതം, താല്‍പര്യങ്ങള്‍, ദൗര്‍ബല്യങ്ങള്‍ ഒക്കെ നിരീക്ഷിച്ചു വിലയിരുത്തിയാണു വീട്ടില്‍നിന്നു വിളിച്ചിറക്കുന്നതു മുതല്‍ കൃത്യം നടപ്പാക്കുന്നതുവരെയുള്ള നീക്കങ്ങള്‍.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പുസ്‌തകത്തിന്‌ ആമുഖമെഴുതിക്കാന്‍ എന്ന വ്യാജേന കൊലയാളിസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. മലയാളം അധ്യാപകനും സാഹിത്യതല്‍പരനുമായ പ്രഫ. ടി.ജെ. ജോസഫിനെ വീഴ്‌ത്താന്‍ അതിലും നല്ല തന്ത്രമില്ലെന്ന്‌ അവര്‍ക്കറിയാമായിരുന്നു. വീട്ടില്‍ ഇല്ലാതിരുന്നതിനാലാണു ജോസഫ്‌ അന്നു രക്ഷപ്പെട്ടത്‌. പാലക്കാട്‌ ജില്ലയിലെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാരന്‍ മുതലമട മണിയനെ വെട്ടിക്കൊല്ലാന്‍ വീട്ടില്‍നിന്നു വിളിച്ചിറക്കിയതു വസ്‌തു വാങ്ങാന്‍ എത്തിയവരെന്ന വ്യാജേനയാണ്‌.

ദുരൂഹസാഹചര്യത്തില്‍ 'അപ്രത്യക്ഷനായ' ചേകന്നൂര്‍ മൗലവിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയതു ഖുര്‍ആന്‍ പ്രഭാഷണം നടത്താനെന്നു പറഞ്ഞാണ്‌. പി.കെ.എം. അബ്‌ദുഹസന്‍ എന്ന ചേകന്നൂര്‍ മൗലവിയുടെ തിരോധാനം 1993 ജൂലൈ 29-ന്‌ ആയിരുന്നു. മൗലവിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന യാഥാര്‍ഥ്യം കുടുംബം പിന്നീട്‌ ഉള്‍ക്കൊണ്ടു. മതപരിഷ്‌കരണവാദിയായ മൗലവിയുടെ പ്രഭാഷണങ്ങളും നിലപാടുകളുമാണ്‌ അദ്ദേഹത്തെ മതതീവ്രവാദികളുടെ കണ്ണിലെ കരടാക്കിയത്‌. അഞ്ചുനേരം നമസ്‌കാരം വേണ്ട, മൂന്നുനേരം മതിയെന്നതടക്കം ചേകന്നൂര്‍ മുന്നോട്ടുവച്ച പരിഷ്‌കരണവാദം സമുദായത്തിലെ യാഥാസ്‌ഥിതികരെ പ്രകാപിപ്പിച്ചിരുന്നു.

ചേകന്നൂരിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനോ യഥാര്‍ഥ പ്രതികളെ പിടികൂടാനോ ഇനിയുമായിട്ടില്ല. മൗലവിയെ കൊലപ്പെടുത്തി കൊണ്ടോട്ടി ചുവന്നകുന്നില്‍ കുഴിച്ചിട്ടെന്നു പ്രതികള്‍ സി.ബി.ഐയോടു സമ്മതിച്ചിരുന്നു. ഇതുപ്രകാരമാണു 2000 നവംബര്‍ 28 മുതല്‍ രണ്ടാഴ്‌ച എസ്‌കവേറ്റര്‍ ഉപയോഗിച്ചു ചുവന്നകുന്ന്‌ ഇളക്കിമറിച്ചത്‌. കിട്ടിയത്‌ എല്ലിന്‍ കഷണം, രണ്ടുജോഡി ചെരുപ്പ്‌, മണ്‍ചട്ടി കഷണം എന്നിവ മാത്രം. ചെരുപ്പുകള്‍ പരിശോധനയ്‌ക്കയച്ചു.

2002 നവംബര്‍ ഏഴിനു സി.ബി.ഐ. വീണ്ടും ചുവന്നകുന്നില്‍ തെരച്ചില്‍ നടത്തി. ആധുനിക സൗകര്യങ്ങളോടെ മെറ്റല്‍ ഡിറ്റക്‌ടര്‍, സാറ്റലൈറ്റ്‌ സ്‌കാനിംഗ്‌ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ തെരച്ചില്‍. ഇതിനിടെ അന്വേഷണച്ചുമതലയുള്ള സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ അഞ്ചുപ്രാവശ്യമായി മാറി. സംഭവത്തില്‍ 'സുന്നി ടൈഗര്‍ ഫോഴ്‌സി'നും മറ്റും പങ്കുണ്ടെന്നായിരുന്നു അഭ്യൂഹം. ചേകന്നൂരിനെ വീട്ടില്‍നിന്നു വിളിച്ചിറക്കിയത്‌ ഒരു കൂട്ടരാണെങ്കില്‍, വാഹനത്തില്‍ കൊണ്ടുപോയതു മറ്റൊരു സംഘമായിരുന്നു. കൊന്നുവെന്നു പറയുന്നവര്‍ വേറൊരു സംഘവും- അതാണു മതതീവ്രവാദികളുടെ 'ആസൂത്രണമികവ്‌'.

ഹൈന്ദവരെ കരാട്ടെ പഠിപ്പിച്ചെന്നും കാവിത്തുണി ഉടുത്തെന്നുമുള്ള കുറ്റത്തിനാണ്‌ ഇടതുപാര്‍ട്ടിക്കാരനായ മുസ്‌തഫയെ മഞ്ചേരിയില്‍ സംഘം ചേര്‍ന്നു വെട്ടിയത്‌. 2008-ല്‍ ആയിരുന്നു സംഭവം. പലവട്ടം ഭീഷണിയുണ്ടായെങ്കിലും ഗൗനിക്കാതിരുന്ന മുസ്‌തഫയെ രാത്രി വീടിനടുത്തു നില്‍ക്കുമ്പോഴാണു മതതീവ്രവാദികള്‍ ആക്രമിച്ചത്‌.

മുസ്‌്ലിംകളെ മാത്രം കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്നു മുസ്‌തഫയ്‌ക്കു പലവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നതാണത്രേ! ചികിത്സയിലിരിക്കേ മുസ്‌തഫയെ ആശുപത്രിയില്‍ കയറി കുത്താനും ശ്രമമുണ്ടായി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടിയിട്ടില്ല. മഞ്ചേരിയില്‍ത്തന്നെ പള്ളിയില്‍ കയറി പ്രശ്‌നമുണ്ടാക്കി എന്നതിന്റെ പേരില്‍ ഒരാളെ 38 തവണയാണു വെട്ടിയത്‌.

Followers