സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, July 26, 2010

താലിച്ചരട്‌ അറുക്കുന്ന താലിബാനിസം

മൂവാറ്റുപുഴയില്‍ ഒരുകൂട്ടം നരാധമന്‍മാര്‍ പട്ടാപ്പകല്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ വാര്‍ത്ത കേട്ടു കേരളമാകെ നടുങ്ങിത്തരിച്ചപ്പോഴും കണ്ണൂര്‍ സ്വദേശിയായ സൗമ്യയെന്ന യുവതിയുടെ മരവിച്ച മനസില്‍ തികഞ്ഞ നിര്‍വികാരതയായിരുന്നു. കഠിനഹൃദയയായതുകൊണ്ടല്ല, സൗമ്യയെന്ന നവവധു വിധവയായത്‌ കല്യാണം കഴിഞ്ഞ്‌ ആറുമാസം പിന്നിടും മുമ്പായിരുന്നു. അധ്യാപകന്റെ കൈവെട്ടിയ അതേ ദുഷ്‌ടശക്‌തികളാണ്‌ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 23-ന്‌ സൗമ്യയുടെ ഭര്‍ത്താവ്‌ ബിജേഷിനെ കൊത്തിനുറുക്കിയത്‌. പ്രണയിച്ചു വിവാഹം കഴിച്ച്‌ ജീവിതം തുടങ്ങും മുമ്പേ വിധവയാകാനായിരുന്നു നിര്‍ഭാഗ്യവതിയായ ഈ യുവതിയുടെ വിധി.

ഡി.വൈ.എഫ്‌.ഐ. നേതാവായ ബിജേഷിനെ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന്‌ ആരോപിക്കപ്പെടുന്ന ഏഴംഗസംഘമാണു വെട്ടിനുറുക്കിയത്‌. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ നവംബര്‍ രണ്ടിനു ബിജേഷ്‌ മരിച്ചു. കുന്നംകുളം കരിക്കാട്‌ ആത്രപ്പുള്ളി ഭാസ്‌കരന്റെയും ഭാര്‍ഗവിയുടെയും മകന്‍ എ.ബി. ബിജേഷ്‌ ജില്ലാ സഹകരണ ബാങ്കിന്റെ പഴഞ്ഞി ശാഖയില്‍ താല്‍കാലിക ജീവനക്കാരനായിരുന്നു. രാവിലെ വീട്ടില്‍നിന്നു ബൈക്കില്‍ ജോലിക്കു വരുമ്പോള്‍ പഴഞ്ഞിയില്‍ റോഡരികില്‍ മറഞ്ഞിരുന്ന അക്രമിസംഘം ബിജേഷിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.

ആക്രമണത്തിനു രണ്ടാഴ്‌ചമുമ്പ്‌ പെരുമ്പിലാവ്‌-അക്കിക്കാവ്‌ മേഖലയില്‍ ഡി.വൈ.എഫ്‌.ഐ-എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ചുവരെഴുത്തിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി തവണ പോലീസ്‌ സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പുചര്‍ച്ച നടന്നിരുന്നു. ഇതിനിടെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കരിക്കാടുള്ള ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു. ഈ സംഭവത്തില്‍ രണ്ടുകൂട്ടര്‍ക്കുമെതിരേ പോലീസ്‌ കേസെടുത്തു. സ്‌ഥിതിഗതികള്‍ ശാന്തമായി വരുന്ന സമയത്താണു ബിജേഷിന്റെ അരുംകൊല. കേസില്‍ ഏഴുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആഴ്‌ചയിലൊരിക്കല്‍ സി.ഐ. ഓഫീസില്‍വന്ന്‌ ഒപ്പിട്ടുപോകണമെന്ന വ്യവസ്‌ഥയില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി. തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണു സൗമ്യയെ ബിജേഷ്‌ പ്രണയിച്ചു വിവാഹം കഴിച്ചത്‌. നാട്ടില്‍ പൊതുഅംഗീകാരമുള്ളവരെയും സംഘാടനശേഷിയുള്ളവരെയും വകവരുത്തുക എന്ന കുടിലതന്ത്രമാണു പൊതുവേ ശാന്തനായ ബിജേഷിനെ 'ഇര'യായി തെരഞ്ഞെടുക്കാന്‍ കാരണം. സംസ്‌ഥാനത്തു ബിജേഷ്‌ ഉള്‍പ്പെടെ എന്‍.ഡി.എഫ്‌/പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ഏഴുപേരുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ദുര്‍വിധി സാംസ്‌കാരിക തലസ്‌ഥാനമെന്ന്‌ അറിയപ്പെടുന്ന തൃശൂര്‍ ജില്ലയ്‌ക്കായിരുന്നു.

ഒമ്പതുവര്‍ഷം മുമ്പ്‌ ആലുവയ്‌ക്കടുത്തു മുപ്പത്തടം ഏലൂക്കരയില്‍ കലാധരനെന്ന യുവാവിനെ കൊലപ്പെടുത്തിയ രീതിയെ പൈശാചികം എന്ന വാക്കുകൊണ്ടുപോലും വിശേഷിപ്പിക്കാനാവില്ല. എടയാര്‍ സുഡ്‌ കെമിക്കല്‍സിലെ ജീവനക്കാരനായ ഏലൂക്കര സ്വദേശി കലാധര(27)നെ മര്‍ദിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു കൈകാലുകള്‍ വെട്ടിമുറിച്ചു കൊലപ്പെടുത്തിയ നിലയിലാണു കാണപ്പെട്ടത്‌.

2001-ലായിരുന്നു സംഭവം. പാതിരാത്രി ഷിഫ്‌റ്റ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ മുപ്പത്തടം കവലയ്‌ക്കടുത്ത്‌ ഏലൂക്കരയില്‍ ഒരു സംഘം തടയുകയായിരുന്നു. പിന്നെ മരത്തില്‍ കെട്ടിയിട്ട്‌ കൈയും കാലും വെട്ടിമുറിച്ചു കൊലപ്പെടുത്തി. സംഭവത്തിനു പിന്നില്‍ ഒരു നിരോധിത മതതീവ്രവാദ സംഘടനയാണെന്ന്‌ ആരോപണമുയര്‍ന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടു. സുഹൃത്തിന്റെ തട്ടുകടയില്‍ കലാധരനുമായി ഏതാനുംപേര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. വസ്‌തു സംബന്ധമായി അയല്‍ക്കാരനുമായുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌. സി.പി.എം. അനുഭാവിയായ കലാധരനെ വകവരുത്താന്‍ ലക്ഷ്യമിട്ട്‌ ആലുവ മണപ്പുറത്തു സമ്മേളിച്ചതായി പ്രതികള്‍തന്നെ കോടതിയില്‍ സമ്മതിച്ചിരുന്നു.എന്നാല്‍ പ്രതികളുടെ നേരിട്ടുള്ള പങ്കാളിത്തം തെളിയിക്കാനായില്ല. മൂവാറ്റുപുഴയിലേതുപോലെ പത്തോളം പേരടങ്ങിയ സംഘമാണു കലാധരന്റെ 'ശിക്ഷ' നടപ്പാക്കിയത്‌. ആദ്യം മര്‍ദിച്ച്‌ അവശനാക്കി മരത്തില്‍ ബന്ധിച്ചു. പിന്നീട്‌ വലതുകൈ വെട്ടിമാറ്റിയും ദേഹമാസകലം വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ ബിനു, പുനലൂരിലെ അഷ്‌റഫ്‌, ന്യൂമാഹിയിലെ യു.കെ. സലിം, മട്ടന്നൂരിലെ കെ.പി. സജീവന്‍, ചിറയ്‌ക്കലില്‍ ഒ.ടി. റനീഷ്‌ എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ എന്‍.ഡി.എഫും സിമിയുമായിരുന്നു. കാസര്‍ഗോഡ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബാലകൃഷ്‌ണനെ കൊലപ്പെടുത്താന്‍ മതതീവ്രവാദികളെ പ്രേരിപ്പിച്ചത്‌ മുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്ന 'കുറ്റ'മാണ്‌. ചേകന്നൂര്‍ മൗലവിക്കു പുറമേ മലപ്പുറം ജില്ലയിലെ ഫക്കീര്‍ ഉപ്പാപ്പയും തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ മുസ്ലിം സിദ്ധനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നിലും മതതീവ്രവാദികളുടെ അസഹിഷ്‌ണുതയായിരുന്നു.

അനിസ്ലാമികമായ കാര്യങ്ങള്‍ ചെയ്‌തു എന്നതായിരുന്നു ഈ മതപണ്ഡിതര്‍ക്കുനേരേ മതാന്ധതയുടെ കൊലവാള്‍ ഉയരാന്‍ കാരണം. ആലപ്പുഴ കടുവിനാല്‍ പള്ളിയില്‍ അഷ്‌റഫിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്‌.എസിന്റെ പങ്കിനെക്കുറിച്ചു സംശയമുയര്‍ന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌ തിരിച്ചടിച്ചതു വിനോദ്‌ എന്ന ആര്‍.എസ്‌.എസ്‌. മണ്ഡലം കാര്യവാഹിനെ അരുംകൊല ചെയ്‌താണ്‌.

ജയില്‍ മോചിതനായ ശേഷം, തീവ്രനിലപാടുകള്‍ ഉപേക്ഷിച്ചെന്നു പരസ്യമായി പലവട്ടം പ്രഖ്യാപിച്ച പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്ക്‌ സി.പി.എം. ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ വന്‍വരവേല്‍പ്പാണു നല്‍കിയത്‌. സഖ്യകക്ഷികളുടെപോലും എതിര്‍പ്പവഗണിച്ച്‌ സി.പി.എം, മഅ്‌ദനിയുമായി തെരഞ്ഞെടുപ്പു സഖ്യത്തിലുമേര്‍പ്പെട്ടു. എന്നാല്‍, ബംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ മഅ്‌ദനിയുടെ പേര്‌ വീണ്ടും പ്രതിനായകസ്‌ഥാനത്തായതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. 'പൂര്‍വാശ്രമ'ത്തില്‍ മഅ്‌ദനി വേരുപടര്‍ത്തിയ ഐ.എസ്‌.ഐയില്‍നിന്നാണു പോപ്പുലര്‍ ഫ്രണ്ടും എസ്‌.ഡി.പി.ഐയുമൊക്കെ പൊട്ടിമുളച്ച്‌ ഇപ്പോള്‍ ആര്‍ത്തുവളരുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹത്തിനുപോലും നിഷേധിക്കാനാവില്ല. അതേ പാടങ്ങളിലാണ്‌ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌ പോലെയുള്ള സംഘടനകള്‍ മതതീവ്രവാദത്തിന്റെ 'അന്തകവിത്ത്‌' ഇറക്കുന്നത്‌.

കേരളം പാക്‌ ചാരശൃംഖലയില്‍ കണ്ണിയായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. സിമി, മുസ്ലിം പ്രതികരണവേദി, ജിഹാദ്‌ കമ്മിറ്റി, ജിഹാദ്‌ മൂവ്‌മെന്റ്‌, മുസ്ലിം യുവജനവേദി, ഇസ്ലാമിക്‌ ദാവാമിഷന്‍, ഹിസ്‌ബുള്‍ മുജാഹിദ്‌, അല്‍ഉമ്മ, ആദംസേന, എന്‍.ഡി.എഫ്‌, ജിഹാദ്‌ കോണ്‍ഫറന്‍സ്‌ എന്നീ സംഘടനകള്‍ക്കു പാക്‌ ചാരശൃംഖലയില്‍നിന്നു പണം ലഭിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. മതപ്രചാരണത്തിനെന്ന പേരില്‍ പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന പണമാണു വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.

കോയമ്പത്തൂരില്‍ ട്രാഫിക്‌ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ശെല്‍വരാജ്‌ കൊല ചെയ്യപ്പെട്ടതിനേത്തുടര്‍ന്നു നടന്ന വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ മൃതദേഹങ്ങളുടെ വീഡിയോയും ഫോട്ടോയുമെടുത്തു വിദേശത്ത്‌ വ്യാപകപണപ്പിരിവു നടത്തിയതായി ദേശീയ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കോയമ്പത്തൂര്‍ കേസ്‌ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ എടുത്തുപറയുന്നു. ഭീകരത തോന്നിക്കാന്‍ മൃതദേഹത്തിലെ പോസ്‌റ്റ്മോര്‍ട്ടത്തിന്റെ തുന്നലുകള്‍ കാണത്തക്കരീതിയിലായിരുന്നു ചിത്രീകരണം.

മയക്കുമരുന്ന്‌, സ്വര്‍ണം കള്ളക്കടത്തും മലപ്പുറം, മംഗലാപുരം വഴിയെത്തുന്ന കള്ളനോട്ടും തീവ്രവാദശൃംഖലയുടെ ഭാഗമാണ്‌. മലപ്പുറം ജില്ലയുടെ കടല്‍ത്തീര സാമീപ്യം, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാസൗകര്യം, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ സംസ്‌ഥാനങ്ങളിലേക്കുള്ള സുഗമപാതയായ മലപ്പുറം-നിലമ്പൂര്‍-ഊട്ടി റോഡ്‌ എന്നീ ഘടകങ്ങളൊക്കെ തീവ്രവാദത്തിന്റെ പറുദീസയായി കേരളത്തെ മാറ്റുമെന്ന്‌ ഐ.ബി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Followers