സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, July 24, 2010

തലയ്‌ക്കുമീതേ തൂങ്ങുന്ന താലിബാന്‍ മോഡല്‍

മലപ്പുറം ജില്ലയിലെ മഞ്ചേരി ടൗണില്‍ സി.ഐ.ടി.യു. നേതാവായിരുന്ന പുന്നയ്‌ക്കല്‍ ഷംസുവിന്റെ വലതു കൈയ്‌ക്കും ഒരു കാലിനും 20 ശതമാനം സ്വാധീനമേയുള്ളൂ. ഒന്‍പതുവര്‍ഷം മുമ്പ്‌ ഷംസുവിന്റെ അവസ്‌ഥ ഇതായിരുന്നില്ല...അക്രമികള്‍ പട്ടാപ്പകല്‍ വലതു കൈ വെട്ടിമാറ്റുന്നതുവരെ.

കോയമ്പത്തൂര്‍ സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ നാലുമാസത്തെ ചികിത്സയ്‌ക്കും പത്തു ശസ്‌ത്രക്രിയയ്‌ക്കും വിധേയനായ ശേഷമാണ്‌ ഷംസു ഇപ്പോഴും ജീവച്‌ഛവമായെങ്കിലും അവശേഷിക്കുന്നത്‌. 2001 ജനുവരി 16-നു പട്ടാപ്പകല്‍ മഞ്ചേരിയില്‍ സഹോദരീഭര്‍ത്താവിന്റെ സൂപ്പര്‍മാര്‍ക്കറ്റിനരികെ നില്‍ക്കുമ്പോഴാണ്‌ ഷംസു ആക്രമിക്കപ്പെട്ടത്‌. എല്ലാം കഴിഞ്ഞു മാസങ്ങള്‍ക്കുശേഷം 'നാം ഒരേ സമുദായക്കാരാണെന്ന' ന്യായം നിരത്തി സമവായത്തിനെത്തിയ നാട്ടുപ്രമാണിമാരോട്‌ ഷംസുവിന്‌ ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ- എന്നെ ഈ അവസ്‌ഥയിലാക്കിയത്‌ എന്തിനെന്ന്‌.

മഞ്ചേരി യത്തിംഖാന ഹൈസ്‌കൂളില്‍ ജില്ലാ ശാസ്‌ത്രമേളയോടനുബന്ധിച്ചു തീവ്രവാദനിലപാടുള്ള ചിലര്‍ നടത്തിയ അക്രമങ്ങളാണ്‌ സി.ഐ.ടിയുക്കാരനായ ഷംസുവിന്റെ കൈ അരിയുന്ന സംഭവത്തിലേക്കു നയിച്ചത്‌. ഹൈന്ദവ സമുദായത്തില്‍പ്പെട്ട സ്‌ത്രീയെയാണ്‌ ഷംസു വിവാഹം ചെയ്‌തത്‌ എന്ന 'കുറ്റ'വും അക്രമത്തിനു പ്രേരണയായിരിക്കാം എന്നാണു പോലീസ്‌ നിഗമനം.

ഒന്‍പതുവര്‍ഷങ്ങള്‍ക്കിപ്പുറം, മതതീവ്രവാദികള്‍ വെട്ടി മാറ്റിയ കൈ പേരിനെങ്കിലും യഥാസ്‌ഥാനത്തു ശേഷിക്കുമോ എന്നറിയാതെ ഒരു കോളജ്‌ അധ്യാപകന്‍ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. കാരണം വ്യത്യസ്‌തമാകാമെങ്കിലും ഷംസുവിന്റെ വിധിയും തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വിധിയും നിര്‍ണയിച്ചത്‌ ഒരേ ശക്‌തികളാണ്‌. വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഒട്ടേറെ കൊലപാതകങ്ങള്‍ക്കും കൊല്ലാക്കൊലകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച അതേ മതതീവ്രവാദഭൂതം.

കേരളത്തില്‍ മതതീവ്രവാദശക്‌തികള്‍ പിടിമുറുക്കുന്ന സംഭവങ്ങള്‍ പലപ്പോഴായി മാധ്യമവാര്‍ത്തകളായപ്പോള്‍ അതൊക്കെ അതിശയോക്‌തിയായി തള്ളിക്കളഞ്ഞ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഒടുവില്‍ ഇന്നലെ സമ്മതിച്ചു: കേരളത്തില്‍ താലിബാന്‍ മോഡല്‍ ഭരണത്തിനു ശ്രമം. (കേരളത്തില്‍ 14 താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായും അതിലൊന്നിന്റെ 'തീര്‍പ്പു' പ്രകാരമാണ്‌ അധ്യാപകന്റെ കൈ വെട്ടി 'ശിക്ഷ' നടപ്പാക്കിയതെന്നും മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു) 1993 മുതല്‍ നടന്ന 22 കൊലപാതകങ്ങള്‍ മതതീവ്രവാദികള്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്നു 'വെളിപ്പെടുത്താന്‍' കാര്യങ്ങളിത്രയും വഷളാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു നമ്മുടെ സര്‍ക്കാരിന്‌.

കേരളത്തില്‍ മതതീവ്രവാദം പിടിമുറുക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മലയാളിയുടെ വന്യമായ സ്വപ്‌നങ്ങള്‍ക്കും അപ്പുറമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പരീക്ഷാചോദ്യം തയാറാക്കിയതിന്റെ പേരില്‍ ഒരു കോളജ്‌ അധ്യാപകന്റെ കൈ ഉറ്റവരുടെ മുന്നിലിട്ട്‌ നടുറോഡില്‍ വെട്ടിയെറിഞ്ഞു. 'കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌' എന്ന താലിബാന്‍ മാതൃകയിലുള്ള ക്രൂരതയ്‌ക്ക് ആദ്യത്തെ ഉദാഹരണമല്ല മൂവാറ്റുപുഴ സംഭവം.

ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപോലെ 93-നു ശേഷം നടന്ന ഒട്ടേറെ കൊലപാതകങ്ങള്‍ പോലീസ്‌, രാഷ്‌ട്രീയ പകപോക്കലിന്റെ അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടു. കുറ്റവാളികള്‍ കാണാമറയത്തു വിഹരിച്ചു. മറ്റനേകം കൊലപാതകങ്ങള്‍ തെളിവുകളോ സാക്ഷികളോ ഇല്ലാത്തവിധം വിദഗ്‌ധമായി നടപ്പാക്കിയ 'ശിക്ഷാവിധി'കളായിരുന്നു.

മതതീവ്രവാദത്തിന്റെ മൂവാറ്റുപുഴ മോഡല്‍ കൊലവാള്‍ ആദ്യം ഉയര്‍ന്നതു മഞ്ചേരിയിലാണ്‌. 1999-ല്‍ മഞ്ചേരി യത്തീംഖാന ഹൈസ്‌കൂളില്‍ നടന്ന ജില്ലാശാസ്‌ത്രമേളയിലായിരുന്നു ചോരക്കളിയുടെ തുടക്കം. ശാസ്‌ത്രമേള കാണാനെത്തിയ സഹോദരന്മാരായ രണ്ടു വിദ്യാര്‍ഥികളെ 'പൂര്‍വവിദ്യാര്‍ഥി'കളെന്ന പേരില്‍ ബാഡ്‌ജ് ധരിച്ച ഏതാനും പേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ സനൂപ്‌, സിദ്ദിഖ്‌ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്‌. മഞ്ചേരി ജില്ലാആശുപത്രിയിലും പിന്നീടു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ച ഇവര്‍ക്കു ദിവസങ്ങള്‍ കഴിഞ്ഞാണു ബോധം വീണ്ടുകിട്ടിയത്‌.

വിദ്യാര്‍ഥികളെ മര്‍ദിച്ച തീവ്രവാദഗ്രൂപ്പിലെ വളണ്ടിയര്‍മാരെ നേരിടാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സ്‌ഥലത്തു തടിച്ചുകൂടി. ഇവരെക്കണ്ടു ഭയന്ന്‌ പരിസരത്തെ സ്വന്തം വീട്ടിലേക്ക്‌ ഓടിക്കയറിയ വളണ്ടിയറെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയാളുടെ വൃദ്ധമാതാവിന്റെ കൈ കതകുകള്‍ക്കിടയില്‍ കുരുങ്ങി മുറിവേറ്റു.

മഹല്ല്‌ ഖത്തീബിന്റെ വൃദ്ധഭാര്യയെ സി.പി.എമ്മുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി എന്നായി പിന്നീടു പ്രചാരണം. ശാസ്‌ത്രമേളയോട്‌ അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പോലീസ്‌ നടപടിയിലും നാട്ടുമധ്യസ്‌ഥതയിലും ഒത്തുതീര്‍ന്നെങ്കിലും ഒരു വിഭാഗം അതില്‍ മതതീവ്രവാദത്തിന്റെ നിഗൂഢ അജന്‍ഡ ഒളിപ്പിച്ചത്‌ ആരുമറിഞ്ഞില്ല.

സുരക്ഷിതതാവളമായി മാത്രം കണ്ടിരുന്ന കേരളത്തിലും കനത്ത ആക്രമണപരമ്പരകള്‍ക്കാണു ഭീകരസംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കാശ്‌മീരില്‍ മലയാളി യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവവും വാഗമണിലെ തീവ്രവാദ പരിശീലനക്യാമ്പും പാനായിക്കുളത്തെ രഹസ്യയോഗവും കളമശേരി ബസ്‌ കത്തിക്കലുമൊക്കെ പരസ്യമായ സാഹചര്യത്തിലാണിത്‌. മാറാട്‌ കലാപങ്ങള്‍ക്കു മുമ്പുതന്നെ തീവ്രവാദബന്ധമുള്ള ഒട്ടേറെ കൊലപാതകങ്ങളും വധശ്രമങ്ങളും സംസ്‌ഥാനത്തു നടന്നിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തുന്നതില്‍ പോലീസ്‌ പരാജയപ്പെട്ടു.

പാലക്കാട്‌ കൊല്ലങ്കോട്‌ മണി കൊലക്കേസ്‌, മലപ്പുറം വളാഞ്ചേരി താമി കൊലക്കേസ്‌, തൃശൂര്‍ വാടാനപ്പിള്ളി രാജീവന്‍ കൊലക്കേസ്‌, മലപ്പുറം കൊള്ളന്നൂര്‍ മോഹനചന്ദ്രന്‍ കൊലക്കേസ്‌, തൃശൂര്‍ തൊഴിയൂര്‍ സുനില്‍ കൊലക്കേസ്‌, മതിലകം ചളിങ്ങാട്‌ സന്തോഷ്‌ കൊലക്കേസ്‌ തുടങ്ങിയ കേസുകളില്‍ പലതിലും തിവ്രവാദബന്ധം പകല്‍പോലെ വ്യക്‌തം. ശിക്ഷിക്കപ്പെട്ടതു നിരപരാധികളെന്നു പിന്നീട്‌ ഉന്നത ന്യായപീഠം കണ്ടെത്തിയ, തൊഴിയൂരിലെ സുനില്‍കുമാര്‍ വധത്തിനു പിന്നില്‍ തീവ്രവാദികളായിരുന്നു.

1994 ഡിസംബര്‍ നാലിനാണു ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ സുനില്‍കുമാറിനെ ഒരു സംഘം വീടുകയറി ആക്രമിച്ചു വധിച്ചത്‌. കേസില്‍ സി.പി.എം, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ ഒമ്പതുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. 1997 മാര്‍ച്ചില്‍ തൃശൂര്‍ ഫസ്‌റ്റ് അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇവരില്‍ നാലുപേര്‍ക്കു ജീവപര്യന്തം തടവു വിധിച്ചു. ശിക്ഷിക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന്‌ 1997 ജൂണില്‍ മറ്റു ചില കേസുകളുടെ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി.

ക്രൈംബ്രാഞ്ച്‌ ഡി.ഐ.ജിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്‌ അക്കാലത്തു സംസ്‌ഥാനത്തു നടന്ന വിവിധ കൊലക്കേസുകളില്‍ പങ്കാളികളായ 'ജംഇയ്യത്തുല്‍ ഇഹ്‌സാനിയ' എന്ന തീവ്രവാദസംഘടനയാണു സുനില്‍കുമാര്‍ വധത്തിനു പിന്നിലെന്നു കണ്ടെത്തിയത്‌. സുനില്‍കുമാര്‍ വധക്കേസില്‍ ചെയ്യാത്ത കുറ്റത്തിന്‌ നാലു വര്‍ഷത്തോളം ജയില്‍ശിക്ഷയനുഭവിച്ചവരെ പിന്നീട്‌ ഹൈക്കോടതി വെറുതേവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ തീവ്രവാദി നേതാവായ ഡോ. പി. സുബൈറിനെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട്‌ അന്വേഷണമെല്ലാം മരവിപ്പിക്കപ്പെട്ടു. പ്രതികളില്‍ പലരും വിദേശത്തേക്കു കടന്നു.

സുന്നി വിഭാഗത്തില്‍ ഇ.കെ. ഗ്രൂപ്പും എ.പി. ഗ്രൂപ്പും ഭിന്നിച്ചപ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ സംരക്ഷണാര്‍ഥം 1990-ല്‍ രൂപീകരിച്ച ക്രസന്റ്‌ വോളന്റിയര്‍ കോറാണു പിന്നീടു തീവ്രവാദസംഘടനയായി മാറിയത്‌. കാന്തപുരം ഗ്രൂപ്പിനു 'തീവ്രത' പോരെന്ന വാദം ഉണ്ടായപ്പോള്‍ പുറത്താക്കപ്പെട്ടവരാണു ജംഇയ്യത്തുല്‍ ഇഹ്‌സാമിയ രൂപീകരിച്ചത്‌. ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിനു ശേഷം ആര്‍.എസ്‌.എസ്‌. ഉന്മൂലനം ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. രാത്രി ആയുധപരിശീലനം. ആദ്യം പണത്തിനുവേണ്ടി ഗുണ്ടായിസവും ആളെ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയവയും നടത്തി. തുടര്‍ന്നാണു തീയറ്റര്‍ തീവയ്‌പ്പുകള്‍ ആരംഭിച്ചത്‌. തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ നൂറുകണക്കിനു തീയറ്ററുകള്‍ തീവച്ചിട്ടും ഒരാളും പിടിക്കപ്പെട്ടില്ല. മദ്യഷാപ്പുകളും നോമ്പുനാളില്‍ തുറന്നുവയ്‌ക്കുന്ന മുസ്ലിംകളുടെ കടകളും തീയിട്ടു.

അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്‌ അന്‍വര്‍ എന്നയാളായിരുന്നു. സംഘടനയുടെ ബുദ്ധികേന്ദ്രം ഡോ. സുബൈറും. ഓരോ കൊലപാതകവും മാസങ്ങള്‍ക്കുമുമ്പ്‌ ആസൂത്രണം ചെയ്‌തു. ഇരുചക്രവാഹന യാത്രികരായ ഇരകളെയാണു കൂടുതലും കൊലപ്പെടുത്തിയത്‌. സാക്ഷികളോ തെളിവോ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വിജനമായ സ്‌ഥലത്തു കാറില്‍ വന്ന്‌ ഇരുചക്ര വാഹനക്കാരെ ഇടിച്ചുവീഴ്‌ത്തുകയും പിന്നീടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു രീതി.

തൃശൂര്‍ ജില്ലയിലെ മതിലകം ചളിങ്ങാട്‌ ബസാറില്‍ ഫാന്‍സി സ്‌റ്റോര്‍ ഉടമയായ സന്തോഷ്‌ (32) കട പൂട്ടി സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണു കൊല്ലപ്പെട്ടത്‌. കലുങ്കില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നു പോസ്‌റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണു കൊലപാതകമാണെന്നു വ്യക്‌തമായത്‌.

ചളിങ്ങാട്‌ മുസ്ലിം പള്ളിയുടെ ഷോപ്പിംഗ്‌ കോംപ്ലക്‌സിലാണു സന്തോഷിന്റെ കട പ്രവര്‍ത്തിച്ചിരുന്നത്‌. ബി.ജെ.പിക്കുവേണ്ടി ചാരപ്പണി നടത്തുകയാണെന്ന്‌ ആരോപിച്ചാണത്രേ സന്തോഷിനെ കൊലപ്പെടുത്തിയത്‌.

വെള്ളിയാഴ്‌ച നമസ്‌കാര സമയത്തു കടയടയ്‌ക്കണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതും മറ്റൊരു കാരണമായി. രാത്രി കടയടച്ചു വീട്ടിലേക്കു പോകുമ്പോള്‍ കലുങ്കിനടുത്തു പ്രതികള്‍ കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു.

പരിചയക്കാരായതിനാല്‍ ലിഫ്‌റ്റിനു വേണ്ടിയായിരിക്കുമെന്നു കരുതിയാണു സ്‌കൂട്ടര്‍ നിര്‍ത്തിയത്‌. ആരെങ്കിലും സ്‌കൂട്ടറില്‍ വരുന്നുണ്ടോയെന്നു സന്തോഷ്‌ ചോദിച്ചു. ഇതിനിടെ പിന്നില്‍നിന്നു തലയ്‌ക്കടിക്കുകയും താഴെവീണ സന്തോഷിനെ മഴുകൊണ്ട്‌ വെട്ടുകയുമായിരുന്നു. തൃശൂര്‍ തൊട്ടുള്ള വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണു തീവ്രവാദസംഘടനകള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്‌.

ഈ ജില്ലകളില്‍ നൂറുകണക്കിനു സിനിമാ തീയറ്റര്‍ തീവയ്‌പ്പ്, മദ്യഷാപ്പ്‌ തീവയ്‌പ്പുകള്‍, തലയ്‌ക്കടിച്ചുകൊന്ന്‌ വാഹനാപകടമാക്കി മാറ്റിയ കൊലപാതകങ്ങള്‍, കൊല്ലങ്കോട്‌, വളാഞ്ചേരി, മലപ്പുറം, ചളിങ്ങാട്‌, വാടാനപ്പിള്ളി, തൊഴിയൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍, അക്രമങ്ങള്‍ തുടങ്ങി അനേകം കുറ്റകൃത്യങ്ങള്‍ തെളിഞ്ഞെങ്കിലും പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ഒരുകാലത്ത്‌ പഞ്ചാബിലും കാശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലുമൊക്കെ നിത്യേനയെന്നോണം ഭീകരന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങള്‍ മലയാളിക്കു വിരസമായ പത്രവാര്‍ത്തകള്‍ മാത്രമായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരവാദം ലോകമാകെ പടര്‍ന്നപ്പോള്‍ താലിബാനും അല്‍-ക്വയ്‌ദയുമൊക്കെ നടപ്പാക്കുന്ന നിഷ്‌ഠുരതകള്‍ വായിച്ചറിഞ്ഞ്‌ 'ഹോ! എത്ര ക്രൂരം' എന്നു നാം നെടുവീര്‍പ്പിട്ടു...! കാണ്ഡഹാര്‍ വിമാനറാഞ്ചലും പാര്‍ലമെന്റ്‌ ആക്രമണവും രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമൊക്കെ ചൂടുചായയ്‌ക്കൊപ്പം ചര്‍ച്ച ചെയ്യുമ്പോഴും നാം ഊറ്റംകൊണ്ടു- നമ്മളെത്ര ഭാഗ്യവാന്‍മാര്‍, കേരളം എത്ര സുരക്ഷിതം!

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ജീവന്‍ പിടഞ്ഞുവീണ മുംബൈ ഭീകരാക്രമണം, ബംഗളുരു സ്‌ഫോടനം...തീവ്രവാദം മെല്ലെ ദക്ഷിണേന്ത്യയിലും തലപൊക്കുന്നതു തിരിച്ചറിഞ്ഞപ്പോഴും സഹ്യനിപ്പുറം എല്ലാം ഭദ്രമെന്നു നാം കരുതി. പിന്നെ ഒരുനാള്‍, ലോകത്തിന്റെ ഏതൊരു കോണിലുമെന്നപോലെ, രാജ്യത്തു നടന്ന മിക്ക തീവ്രവാദക്കേസുകളിലും ഒരു മലയാളി സാന്നിധ്യമുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടി.

'മലയാളി തീവ്രവാദികള്‍' കാശ്‌മീരില്‍ വെടിയേറ്റു മരിച്ച സംഭവംകൂടിയായപ്പോള്‍, കേരളത്തിലും ഇതൊക്കെ നടക്കുമെന്ന യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാതെ വയ്യെന്നായി. തുടര്‍ന്ന്‌ മതതീവ്രവാദ ശക്‌തികള്‍ കേരളത്തില്‍ വേരാഴ്‌ത്തിയതിന്റെ കഥകള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞു. തീവ്രവാദത്തിന്റെ കേരളത്തിലെ 'സ്ലീപ്പിംഗ്‌ സെല്ലുകള്‍' ഉണര്‍ന്നു തുടങ്ങി.

Followers