സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, July 24, 2010

അണുവിട തെറ്റാത്ത ആക്രമണങ്ങള്‍; ഞെട്ടിച്ച അരുംകൊലകള്‍

പത്തു പതിനൊന്നു വര്‍ഷം മുമ്പുളള കഥയാണ്‌. നാദാപുരത്തേയും കുറ്റ്യാടിയിലേയും കല്ലാച്ചിയിലേയും വഴിയോരങ്ങളില്‍ നാട്ടുകാര്‍ എന്നും കണികാണുന്നതു ജീവനില്ലാത്ത തലയറ്റ, അംഗഭംഗം വന്ന തെരുവുനായ്‌ക്കളെയായിരുന്നു. രാത്രിയുടെ മറവില്‍ തെരുവു നായ്‌ക്കളെ അരിഞ്ഞു വീഴ്‌ത്തുന്നത്‌ ആരെന്നത്‌ അജ്‌ഞാതം. പോലീസും സംഭവങ്ങളെ കണ്ടില്ലെന്നു നടിച്ചു. ഒടുവില്‍ ഒരു തീവ്രവാദ സംഘടന ആയുധ പരിശീലനത്തിന്റെ ഭാഗമായിട്ടാണു മിണ്ടാപ്രാണികളെ വെട്ടിനുറുക്കുന്നതെന്നു പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്കു റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും അധികൃതര്‍ ഉറക്കം നടിച്ചു. തെരുവ്‌ നായ്‌ക്കളെ അരിഞ്ഞുവീഴ്‌ത്തി അന്നു പരിശീലനം നേടിയവരാണു പിന്നീട്‌ നാടെമ്പാടും മനുഷ്യജീവനുകളെ അതിക്രൂരമായി അരിഞ്ഞുവീഴ്‌ത്തുന്ന രീതിയിലേക്കു വളര്‍ന്നത്‌.

കേരളത്തിലെ മുസ്ലിം തീവ്രവാദ സംഘടനകളില്‍ ഏറ്റവും അപകടകരമായ പ്രസ്‌ഥാനം എന്നു കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ള എന്‍.ഡി.എഫ്‌. മഞ്ചേരി ആസ്‌ഥാനമായി 88-89 ല്‍ ചെറിയൊരു സംഘടനയായാണു പ്രവര്‍ത്തനം ആരംഭിച്ചത്‌. മഅ്‌ദനി കേരളത്തില്‍ വേരുപടര്‍ത്തിയ ഐ.എസ്‌.ഐ.-പി.ഡി.പി. പ്രസ്‌ഥാനത്തിനു മുകളിലാണ്‌ എന്‍.ഡി.എഫും പോപ്പുലര്‍ഫ്രണ്ടും എസ്‌.ഡി.പി.ഐയും വളര്‍ന്നത്‌. ഇക്കാര്യം അദ്ദേഹത്തിനുപോലും നിഷേധിക്കാനാവില്ല.

രാജ്യത്തെ മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്‌ രൂപംകൊള്ളുന്നത്‌ 2006 ലാണ്‌. അഖിലേന്ത്യാ സംഘടനയായി വളര്‍ന്ന പോപ്പുലര്‍ ഫ്രണ്ടില്‍ കേരളത്തിലെ എന്‍.ഡി.എഫ്‌, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസറായി, ലീലോംഗ്‌ സോഷ്യല്‍ ഫോറം, ആന്ധ്രപ്രദേശ്‌ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്‌റ്റിസ്‌, കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ്‌ എഡ്യുക്കേഷന്‍ സൊസൈറ്റി, നാഗരിക്‌ അധികാര്‍ സുരക്ഷാ സമിതി, ഗോവ സിറ്റിസണ്‍ ഫോറം എന്നീ സംഘടനകള്‍ ചേര്‍ന്നാണു രൂപംകൊണ്ടത്‌.

സംസ്‌ഥാനത്ത്‌ തൊണ്ണൂറുകള്‍ തൊട്ടു നടന്ന കൊലപാതക കേസുകളില്‍ തങ്ങളുടെ പങ്കു നിഷേധിക്കാന്‍ 2006-ല്‍ രൂപംകൊണ്ട പോപ്പുലര്‍ ഫ്രണ്ടിന്‌ എളുപ്പത്തില്‍ കഴിയും. എന്നാല്‍ എന്‍.ഡി.എഫ്‌. നടത്തിയ അരുംകൊലകള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ തെളിയുന്നതു താലിബാന്‍ മോഡല്‍ കൊലപാതകങ്ങളിലും ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലുമുള്ള സംഘടനയുടെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ്‌.

1993 നവംബര്‍ 14നാണ്‌ എന്‍.ഡി.എഫ്‌. കോഴിക്കോട്‌ ഔദ്യോഗികമായി രൂപീകരിക്കപ്പെടുന്നത്‌. 94 ഓഗസ്‌റ്റില്‍ കോഴിക്കോട്‌ നടന്ന സംവരണ സെമിനാറായിരുന്നു ആദ്യ പൊതുപരിപാടി. അതിനുശേഷം ഇന്നുവരെ മതവികാരം ആളിക്കത്തിക്കുന്ന തരത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി 1998 ല്‍ അരുണ്‍കുമാര്‍ സിന്‍ഹ മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ടായിരിക്കെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്‌ പോലീസിന്റെ ചുവന്ന ഫയലില്‍ ഇന്നും ഉറങ്ങുകയാണ്‌.

''കഴിഞ്ഞ 10 വര്‍ഷമായി വളരെ ശക്‌തമായ മതപ്രവര്‍ത്തനങ്ങള്‍ മലബാര്‍ മേഖലയില്‍ നടക്കുന്നുണ്ട്‌. ഉത്തരേന്ത്യയില്‍ പോലും നടക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ്‌ ഇവിടത്തേത്‌. സ്‌കൂളുകളും പരീക്ഷകളും ഉപേക്ഷിച്ചപ്പോഴും വിദ്യാര്‍ഥികള്‍ ചില സ്‌ഥലങ്ങളില്‍ മദ്രസകളില്‍ പോകുന്നു. രാത്രി വളരെ വൈകും വരെ മദ്രസ ക്ലാസുകള്‍ നടക്കുന്നു. സിനിമ തീയേറ്ററുകള്‍, കള്ളുഷാപ്പുകള്‍, ചാരായ ഷാപ്പുകള്‍ എന്നിവ തീവച്ചു നശിപ്പിക്കുന്നു. ഇതിനായി സിഗരറ്റ്‌ ബോംബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇടക്കാലത്ത്‌ അപ്രത്യക്ഷമായിരുന്ന പര്‍ദയും ബുര്‍ക്കയും മടങ്ങിവരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെയാക്കുന്നു. ദേശീയഗാനത്തെ എതിര്‍ക്കുന്നു. ഇവയെല്ലാം പ്രകടമായ മതവികാരം വളര്‍ത്തുന്നതും ദേശദ്രോഹവുമാണ്‌.....'' സിന്‍ഹയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണിവ.

ഈ റിപ്പോര്‍ട്ട്‌ തയാറാക്കി ഒരു ദശകം പിന്നിടുമ്പോഴേക്കും ഒരു രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഒരു ഭീകരസംഘടനയുടെ എല്ലാ സ്വഭാവങ്ങളും എന്‍.ഡി.എഫ്‌. സ്വന്തമാക്കിക്കഴിഞ്ഞുവെന്നു പോലീസിലെ ഉന്നതര്‍ തന്നെ വെളിപ്പെടുത്തുന്നു. അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട റെയ്‌ഡുകളില്‍ പിടിച്ചെടുത്ത സി ഡികളും ലഘുലേഖകളുമെല്ലാം ഇതിനുള്ള വ്യക്‌തമായ തെളിവുകളാണ്‌.

എന്‍.ഡി.എഫിന്റെ വളര്‍ച്ചയ്‌ക്കു വേഗം കൂട്ടിയതു കോഴിക്കോട്‌ ജില്ലയിലെ നാദാപുരമായിരുന്നു. പോരടിക്കുന്ന സി.പി.എം-മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ക്കിടയിലേക്കു വര്‍ഗീയതയുടെ വിഷം കുത്തിവയ്‌ക്കാന്‍ എന്‍.ഡി.എഫിനായി.

ഒരു മുസ്ലിം സ്‌ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കഥ പ്രചരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു നാദാപുരത്തു സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്‌. കേസിലെ ഒന്നാം പ്രതിയായ ഈന്തുള്ളതില്‍ ബിനുവായിരുന്നു ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഈ കേസ്‌ കെട്ടിച്ചമച്ചതാണെന്നു പിന്നീട്‌ കോടതി കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ബിനു കൊലക്കേസിലെ പ്രതികളെ അപ്പീല്‍ കോടതിയും വെറുതേവിട്ടപ്പോള്‍ ബാക്കിയാക്കിയത്‌ എന്‍.ഡി.എഫ്‌. എന്ന മൂന്നക്ഷരമായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു കൊലക്കേസില്‍ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരെ പ്രതികളായി ചേര്‍ത്ത കേസായിരുന്നു ഇത്‌.

നാദാപുരം മേഖലയില്‍ സി.പി.എം-മുസ്ലിം ലീഗ്‌ സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു ബിനുവിന്റെ കൊലപാതകം. ആരോപണത്തിന്റെ മുന മുസ്ലീം ലീഗിനെതിരേ തിരിഞ്ഞപ്പോള്‍ ലീഗ്‌ നിഷേധക്കുറിപ്പുമായി രംഗത്തെത്തി. സര്‍ക്കാര്‍ അന്വേഷണത്തിനായി സ്‌പെഷല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. അന്വേഷണം ഒരു പ്രത്യക സംഘടനയിലേക്കു നീണ്ടു. ഈ അന്വേഷണത്തിലൊടുവിലാണു നാദാപുരം ഡിഫെന്‍സ്‌ ഫോഴ്‌സെന്ന(എന്‍.ഡി.എഫ്‌.) പേരു മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്‌. പിന്നീട്‌ നാഷണല്‍ ഡെവലപ്‌മെന്റ്‌ ഫ്രണ്ടെന്ന പേരിനൊപ്പം ചേര്‍ന്ന നാദാപുരം ഡിഫന്‍സ്‌ ഫോഴ്‌സ് നടത്തിയ ആദ്യ പൈശാചികമായ കൊലപാതകമായിരുന്നു ബിനുവിന്റെത്‌. കേസിലെ പ്രതികള്‍ക്കു ജില്ലാ കോടതി തടവുശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. ഇതുവരെ കാണാത്ത ആസൂത്രണത്തോടെയായിരുന്നു ബിനുവിനെ കൊലപ്പെടുത്തയതെന്നു കേസന്വേഷിച്ചിരുന്ന അന്നത്തെ ഡിവൈ.എസ്‌.പി. സുഭാഷ്‌ ബാബു വ്യക്‌തമാക്കിയിട്ടുണ്ട്‌.

കൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഓരോ ചുമതലയായിരുന്നു. ഒരാള്‍ക്കു ബിനുവിനെ കാട്ടികൊടുക്കല്‍. മറ്റൊരാള്‍ക്കു പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തല്‍, ഒരു സംഘം കൃത്യം ചെയ്യാന്‍... അങ്ങനെ മുന്നൊരുക്കങ്ങള്‍ നടത്തി പിഴവുകളില്ലതെ തന്നെ ആദ്യകൊല വിജയകരമായി നടത്താന്‍ സംഘടനയ്‌ക്കായി.

ഇതേരീതിയില്‍ തന്നെയായിരുന്നു അധ്യാപകനെതിരേ തൊടുപുഴയില്‍ നടന്ന അക്രമണവും. പിഴവുകളില്ലാത്ത ആസൂത്രണവും തെളിവുകളില്ലാതെ കൃത്യമായ നടപ്പാക്കലും എന്‍.ഡി.എഫ്‌. നടത്തുന്ന അരുംകൊലകളുടെ പ്രത്യേകതകളാണ്‌. കൃത്യമായ പരിശീലനവും ഇക്കാര്യത്തില്‍ ഇവര്‍ക്കു കിട്ടുന്നുണ്ടെന്നു കൊലപാതകങ്ങളുടേയും ആക്രമണങ്ങളുടേയും രീതികള്‍ കാട്ടിത്തരുന്നു.

2008 വിഷുവിനോടനുബന്ധിച്ചു കാസര്‍ഗോഡ്‌ നഗരത്തില്‍ നാലു പേരാണ്‌ കൊലചെയ്യപ്പെട്ടത്‌. ഏപ്രില്‍ 16ന്‌ ആരംഭിച്ച കൊലപാതക പരമ്പര 20നാണ്‌ അവസാനിച്ചത്‌. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഡ്വ. സുഹാസ്‌ ആണ്‌ ആദ്യ ദിവസം കൊല്ലപ്പെട്ടത്‌. പ്രതികള്‍ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരായിരുന്നു. പെട്ടെന്ന്‌ ഒരുനാള്‍ ആരംഭിച്ച കൊലയ്‌ക്കു മറ്റൊരു കാരണവും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. 2004 ല്‍ ഒരു സ്വകാര്യ കൊറിയര്‍ സ്‌ഥാപന ഉടമയായിരുന്ന ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയതിനു പിന്നിലും ആരോപണം എന്‍.ഡി.എഫിനു നേരേയായിരുന്നു നീണ്ടത്‌. ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതായിരുന്നു കാസര്‍കോട്‌ അണങ്കൂറിലെ ബാലകൃഷ്‌ണന്‍ കൊലചെയ്യപ്പെട്ടതെന്നായിരുന്നു ആരോപണം. ഈ കേസില്‍ ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല.

ആര്‍.എസ്‌.എസ്‌.-സി.പി.എം. സംഘര്‍ഷം കൊലപാതകപരമ്പരകളിലേക്കു വളര്‍ന്ന കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എഫ്‌. പാര്‍ട്ടിയിലേക്കു പരകായപ്രവേശം നടത്തിയതായി സി.പി.എം. ജില്ലാ കമ്മിറ്റി പോലും സമ്മതിക്കുന്നു. കൊടുങ്ങല്ലൂരിലെ ആര്‍.എസ്‌.എസ്‌-സി.പി.എം. സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ എന്‍.ഡി.എഫായിരുന്നുവെന്നും പാര്‍ട്ടി ഇപ്പോള്‍ തുറന്നുസമ്മതിക്കുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരെ ഇല്ലാതാക്കാനായി സമര്‍ഥമായി എന്‍.ഡി.എഫ്‌. നടപ്പാക്കിയിരുന്നവയായിരുന്നുവത്രേ ഇതില്‍ പല കൊലപാതകങ്ങളും. കേഡര്‍ സ്വഭാവമുള്ള സി.പി.എമ്മിന്റെ സ്‌ഥിതി ഇതാണെങ്കില്‍ മറ്റു പാര്‍ട്ടികളുടേത്‌ ഊഹിക്കാവുന്നതേയുള്ളൂ.

Followers