സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Friday, July 9, 2010

ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലെ

ഹരി എസ്‌. കര്‍ത്താ
"മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങളും പൈശാചികമെന്ന്‌ വിശേഷിപ്പിച്ചാല്‍ പിശാചുക്കളും പ്രതിഷേധിക്കുന്നത്‌" എന്നത്‌ ഒരു പഴയ ശൈലിയാണ്‌. കഴിഞ്ഞ ഞായറാഴ്ച, മൂവാറ്റുപുഴയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കോളേജദ്ധ്യാപകന്റെ കൈപ്പത്തി വൃദ്ധയായ അമ്മയും കന്യാസ്ത്രീയായ സഹോദരിയും നോക്കിനില്‍ക്കെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച്‌ കൈക്കോടാലികൊണ്ട്‌ വിറക്‌ വെട്ടുന്നതുപോലെ വെട്ടിമാറ്റിയെറിഞ്ഞ കൃത്യത്തെ മൃഗീയമെന്നോ പൈശാചികമെന്നോ കിരാതമെന്നോ വിശേഷിപ്പിച്ചാല്‍ മതിയാവില്ല. ഹൃദയമുള്ളവര്‍ക്ക്‌ ചെയ്യാനാവുന്നതല്ല ആ ക്രൂരകൃത്യം. മനുഷ്യത്വവും മനഃസാക്ഷിയും ഉള്ളവര്‍ക്ക്‌, അവരുടെ മതമേതായാലും അംഗീകരിക്കാനാവുന്നതല്ല ആ നടപടി. അതിലേറെ ആശങ്കയുളവാക്കുന്നത്‌ ഓര്‍ക്കാനിഷ്ടപ്പെടാത്തതും മറക്കാനാവാത്തതുമായ ആ സംഭവത്തെ അതിലാഘവത്തോടെ കാണുവാന്‍ മാത്രമല്ല സാധൂകരിക്കാനും 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ആളുകളുണ്ടെന്നതാണ്‌. ആസൂത്രിതമായ ആക്രമണത്തിനിരയായി കൈപ്പത്തി നഷ്ടപ്പെട്ട അദ്ധ്യാപകന്റെ അതിദാരുണമായ അവസ്ഥ, അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട മതനിന്ദയെ അപേക്ഷിച്ച്‌ അത്ര ഗുരുതരമല്ലെന്നാണ്‌ ഇപ്പോഴത്തെ അവകാശവാദം. അക്രമത്തെ അപലപിക്കുകയോ അക്രമികളെ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതിനും അവരെ തിരയുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ നേരെ വധഭീഷണി പുറപ്പെടുവിക്കുന്നതിനും പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുന്നതിനുമാണ്‌ സംഘടിത ശ്രമം. കേരളത്തിന്റെയോ ഭാരതത്തിന്റെയോ എന്നല്ല ലോകചരിത്രത്തില്‍പ്പോലും കേട്ടിട്ടില്ലാത്തതാണ്‌ ഈ അരക്ഷിതാവസ്ഥ. "അമ്മമാരില്ലെ സഹോദരിമാരില്ലെ ഇമ്മൂര്‍ഖര്‍ക്ക്‌ ഈശ്വരചിന്തയില്ലെ" എന്ന 'ദുരവസ്ഥ'യിലെ ആശാന്റെ വരികളാണ്‌ ഇവിടെ ആവര്‍ത്തിക്കാന്‍ തോന്നുന്നത്‌.

മതനിന്ദയ്ക്കുള്ള ശിക്ഷയാണത്രേ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ പ്രൊഫ. ടി.ജെ.ജോസഫിന്‌ മൂവാറ്റുപുഴ പള്ളിയില്‍ പോയിവരുമ്പോള്‍ നല്‍കിയത്‌. പ്രൊഫ. തയ്യാറാക്കിയ ചോദ്യക്കടലാസ്സില്‍ പറ്റിയ പിഴവിന്‌ അദ്ദേഹത്തിന്‌ കോളേജ്‌ മാനേജ്മെന്റും സര്‍വകലാശാലാധികൃതരും വിദ്യാഭ്യാസ വകുപ്പും മന്ത്രിയുമൊക്കെ പരമാവധി ശിക്ഷ നല്‍കിക്കഴിഞ്ഞിരുന്നു. പോലീസാകട്ടെ പ്രൊഫസറെ മാത്രമല്ല, അദ്ദേഹത്തിന്റെ നിരപരാധിയായ മകനെവരെ പീഡിപ്പിച്ചിരുന്നു. പണി നഷ്ടപ്പെട്ട്‌ പേടിച്ച്‌ പുറത്തിറങ്ങാതെ പതുങ്ങി ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രൊഫസര്‍ കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി വരുമ്പോഴാണ്‌ മതനിന്ദ കാട്ടിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വലതുകൈ വെട്ടിയെറിഞ്ഞത്‌. മതനിന്ദയ്ക്ക്‌ ഇതാണ്‌ മാതൃകാപരമായ ശിക്ഷയെങ്കില്‍ ഇന്ത്യാചരിത്രത്തില്‍ എത്രായിരം കയ്യുകളും കാലുകളും വെട്ടിയെറിയപ്പെടുമായിരുന്നു. ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനകാലത്തുപോലും ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ വരച്ച്‌ ലൈംഗികവൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ കയ്യും കാലും മാത്രമല്ല മേറ്റ്ന്തെല്ലാമോ വെട്ടിയെറിയേണ്ടതായിരുന്നു.

ന്യൂനപക്ഷ വര്‍ഗീയത വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്പെടുന്നതായി അവകാശപ്പെടുന്അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വാണരുളുന്ന സംസ്ഥാനത്താണിതൊക്കെ നടക്കുന്നത്‌. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ നടമാടുന്ന ഈ ഭീകരത കണ്ടില്ലെന്ന്‌ നടിക്കുന്ന ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ്‌ അച്യുതാന്ദന്റെ ഇടത്തും വലത്തും. കൈപ്പത്തിയറ്റ്‌ പിടയുന്ന കോളേജധ്യാപകനെ 'മഠയന്‍' എന്ന്‌ വിളിച്ചാക്ഷേപിക്കാന്‍ മടിക്കാത്ത എം.എ.ബേബിയും ഭീകരരെ പിടിക്കാന്‍ ധൈര്യപ്പെടാതെ പതറിനില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണനും ആരെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നുവെന്നത്‌ വ്യക്തം. അദ്ധ്യാപകന്‌ നേരെയുണ്ടായ അക്രമം അപ്രതീക്ഷിതമല്ല. അദ്ദേഹത്തിന്റെ ജീവന്‌ ഭീഷണി ഉള്ളതായി മുന്‍കൂട്ടി അറിയാമായിരുന്നു. ഇന്റലിജന്‍സിനും സ്പെഷ്യല്‍ ബ്രാഞ്ചിനുമൊക്കെ ആ വിവരം ലഭിച്ചിരുന്നു. അക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നിട്ടുമെന്തേ അത്‌ സംഭവിച്ചു എന്നാലോചിക്കുമ്പോഴാണ്‌ എവിടെയൊക്കെയോ എന്തൊക്കെയോ ഗുരുതരമായ പന്തികേടുണ്ടെന്ന്‌ ബോധ്യപ്പെടുന്നത്‌. അദ്ദേഹത്തെ ആക്രമിച്ച സംഘത്തിലെ ഒരാളിനെപ്പോലും ഒരാഴ്ചയായിട്ടും നമ്മുടെ പോലീസിന്‌ ഇനിയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ കഷ്ടമാണ്‌. പിടിക്കാന്‍ കൂട്ടാക്കാത്തതാണ്‌ എന്നുവന്നാല്‍ അതിലേറെ കഷ്ടം. അന്വേഷണത്തിനെത്തിയ ഐജിയും എസ്പിയും ഉള്‍പ്പെട്ട ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരെ അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ഉപരോധസമരത്തോടെയാണ്‌ മൂവാറ്റുപുഴയില്‍ സ്വീകരിച്ചത്‌. തൊട്ടടുത്ത്‌ പെരുമ്പാവൂരില്‍ സിഐയേയും ഡിവൈഎസ്പിയേയും മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. കിനാലൂരിലും മറ്റും നിരപരാധികളെ തല്ലിച്ചതച്ച പോലീസുകാരുടെ കൈകളെന്തേ മൂവാറ്റുപുഴയിലും പെരുമ്പാവൂരും നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന ഈ നരാധമന്മാരെ നേരിടാന്‍ വിറയ്ക്കുന്നു? ആരുടെ ആജ്ഞ പ്രകാരമാണിത്‌? ആഭ്യന്തരവകുപ്പില്‍നിന്ന്‌ അത്തരം ആജ്ഞകള്‍ ആരെ ഭയന്നിട്ടാണ്‌? സംസ്ഥാനത്തെ പോലീസ്‌ സേനയുടെയാകെ ആത്മവീര്യം കെടുത്തുന്നതാണ്‌ ഈ ഏര്‍പ്പാട്‌. നാട്ടിലാകെ ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ അരക്ഷിതബോധമാണ്‌ അത്‌ ഉളവാക്കുക. അക്രമികള്‍ക്ക്‌ അഴിഞ്ഞാടാന്‍ ആവേശം പകരുന്നതാണത്‌. സമുദായസൗഹാര്‍ദ്ദവും സമാധാനവും ആഗ്രഹിക്കുന്ന കേരളത്തിലെ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതാണ്‌ ഈ ശൈലി. അവരുടെ ക്ഷമയാണ്‌ ഇവിടെ പരീക്ഷിക്കപ്പെടുന്നത്‌. ഇനി അധികകാലം ജനം അത്‌ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുമെന്ന്‌ വെറുതെ വ്യാമോഹിക്കരുത്‌.

Followers