സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, March 27, 2011

എന്തു സംഭവിച്ചാലും ഒന്നുമില്ല എന്ന ജനങ്ങളുടെ മനോഭാവം

K.M.Roy

കഠിനമായ രാഷ്‌ട്രീയമുള്ളവര്‍ക്ക്‌ തീര്‍ച്ചയായും അഭിപ്രായവ്യത്യാസമുണ്ടാകാം. അല്ലെങ്കില്‍ രാഷ്‌ട്രീയതിമിരം ബാധിച്ചവര്‍ക്കും. പക്ഷേ, ഒരുകാര്യം ധൈര്യമായി കുറിച്ചിടാന്‍ എനിക്ക്‌ കഴിയും. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഒരുതരം നിര്‍വികാരതയോടെ കാണുന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ്‌ ഏപ്രില്‍ രണ്ടാംവാരത്തില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്നത്‌.

ഏത്‌ മുന്നണി ജയിച്ചാലും കേരളത്തില്‍ സാരമായ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല എന്നു കരുതുന്നവരായി സംസ്‌ഥാനത്തെ ജനങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഭരണമാറ്റം സംഭവിച്ചു എന്നത്‌ മാത്രമായിരിക്കും ഏക മാറ്റം. ലോകത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്റെ ഭാഗമായി കേരളത്തിലും കാതലായ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‌ ജനങ്ങള്‍ കരുതുന്നു. അതില്‍ പങ്കാളിയായി മുന്നോട്ടുപോവുക എന്നതാണ്‌ ഇന്നത്തെ കേരളീയന്റെ ചിന്ത.

അതുകൊണ്ടാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഐക്യജനാധിപത്യമുന്നണിയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നുമുള്ള വാര്‍ത്തകളെ കേരളീയര്‍ തികച്ചും നിര്‍വികാരമായി കണ്ടത്‌.

അച്യുതാനന്ദന്‍ മത്സരരംഗത്തില്ല എന്നത്‌ മുന്‍കൂട്ടി തയാറാക്കിയ ഒരു നാടകമായാണ്‌ അധികംപേരും കണ്ടത്‌. അതുകൊണ്ട്‌ അണികളുടെ പിന്തുണയില്ലെങ്കിലും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഉടമസ്‌ഥന്‍ എന്നു പറയാവുന്ന പോളിറ്റ്‌ ബ്യൂറോ അംഗങ്ങളില്‍ പ്രമുഖനായ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും എസ്‌. രാമചന്ദ്രന്‍പിള്ളയും സന്നിഹിതരായിരുന്ന സി.പി.എം. സംസ്‌ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടറിയേറ്റ്‌ യോഗത്തിലും അച്യുതാനന്ദനെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടതായി വാര്‍ത്ത പുറത്തുവന്നപ്പോള്‍ അത്‌ അന്തിമ തീരുമാനമായിരിക്കുകയില്ലെന്ന്‌ ചില രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടി.

അതുപോലെതന്നെ സംഭവിച്ചു. മുഖ്യമന്ത്രി അച്യുതാനന്ദനെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ മൂന്നുദിവസത്തിനുശേഷം തീരുമാനിക്കുകയും ചെയ്‌തു.

മറിച്ച്‌ തങ്ങളുടെ അംഗീകാരത്തോടുകൂടി സംസ്‌ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും കൈക്കൊണ്ട തീരുമാനമായിരുന്നു അച്യുതാനന്ദന്‍ മത്സരിക്കേണ്ടതില്ല എന്നതെന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും എസ്‌. രാമചന്ദ്രന്‍പിള്ളയും തുറന്നു സമ്മതിക്കുകയാണെങ്കില്‍ പിന്നെ അവര്‍ ആ പദവിയിലിരിക്കാന്‍ അര്‍ഹതയില്ലാത്തവരായിത്തീരുന്നു. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, പോളിറ്റ്‌ബ്യൂറോ എന്നീ പദവികളിലിരിക്കാന്‍ കാരാട്ടിനും രാമചന്ദ്രന്‍പിള്ളയ്‌ക്കും എന്തര്‍ഹതയാണുള്ളതെന്നത്‌ മറ്റൊരു ന്യായമായ ചോദ്യം. രാഷ്‌ട്രീയത്തിലെ ഒരു ആകസ്‌മികതയെന്നവണ്ണം അവര്‍ ആ പദവികളിലെത്തിയെന്നേയുള്ളു. അതിന്റെ ദുരിതവും അല്ലെങ്കില്‍ത്തന്നെ പ്രസക്‌തി നഷ്‌ടപ്പെട്ട കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം അനുഭവിക്കുന്നു എന്നുമാത്രം. തേക്കിന്‍കാട്‌ മൈതാനത്ത്‌ തേക്കേയില്ലെന്നു പറയുന്നതുപോലെയല്ലേ ഇന്നവശേഷിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടികളിലെ കമ്യൂണിസവും.

ആസന്നമായ തെരഞ്ഞെടുപ്പിലൂടെ എന്തെങ്കിലും അത്ഭുതം നമ്മുടെ സംസ്‌ഥാനത്ത്‌ ഭരണരംഗത്ത്‌ സംഭവിക്കുമെന്ന്‌ തോന്നുന്നില്ല. രണ്ടു മുന്നണികള്‍ക്കും അങ്ങനെയൊരു കാര്യത്തില്‍ ലേശംപോലും താല്‍പര്യമില്ലെന്ന്‌ നമുക്ക്‌ ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ഭരണമാറ്റം സംഭവിച്ചാല്‍തന്നെ ഭരണകാര്യങ്ങളില്‍, നയപരമായ കാര്യങ്ങളില്‍ എന്തെങ്കിലും അടിസ്‌ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ രാഷ്‌ട്രീയ നീക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ കേരളത്തില്‍ ഒരു ഭരണമാറ്റം സംഭവിക്കുമെന്നും ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ കയറുമെന്നും കണക്കുകൂട്ടുന്നവരാണ്‌ അധികവും.

അതിനു മുഖ്യകാരണം പ്രത്യേകിച്ച്‌ എന്തെങ്കിലും ഭരണനേട്ടം ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അഞ്ചുകൊല്ലം ഭരിച്ച ഇടതുപക്ഷമുന്നണി സര്‍ക്കാരിനില്ല എന്നതാണ്‌. സംസ്‌ഥാനത്തിന്‌ വലിയ കോട്ടങ്ങളൊന്നുമില്ലാതെ, അല്ലെങ്കില്‍ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാനാവാതെ അഞ്ചുകൊല്ലം സംസ്‌ഥാനം ഭരിച്ചു എന്നതു മാത്രമാണ്‌ ഇവിടെ സംഭവിച്ചത്‌.

എന്നുവച്ചാല്‍ കാതലായ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കാതെയും അല്ലെങ്കില്‍ കാതലായ എന്തെങ്കിലും കോട്ടങ്ങളുണ്ടാക്കാതെയും ഭരണം മുന്നോട്ടു കൊണ്ടുപോയി എന്ന നേട്ടം. ഒടുവില്‍ നീണ്ട ഏഴുവര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കൊച്ചിയുടെ സ്‌മാര്‍ട്ട്‌സിറ്റിയുടെ കാര്യത്തില്‍ ഒരുകരാറില്‍ ഒപ്പുവയ്‌ക്കാന്‍ കഴിഞ്ഞു എന്നത്‌ ഒരുപക്ഷേ വലിയ നേട്ടമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന്‌ കഴിയുകയും ചെയ്യുന്നുണ്ട്‌. കരാറിലെ വ്യവസ്‌ഥകളുടെ മുടിനാരിഴ കീറി പരിശോധിച്ച്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി കേരളത്തിന്‌ നേട്ടമാണോ എന്ന്‌ വിലയിരുത്തുന്നതില്‍ ഇനി ഒരര്‍ത്ഥവുമില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ ആലോചിക്കേണ്ട ഒരുകാര്യം ഇങ്ങനെ ഒരു പദ്ധതി വിദേശസഹായത്തോടെ, അല്ലെങ്കില്‍ വിദേശികളുടെ മുതല്‍മുടക്കിനെ ആധാരമാക്കി നടത്തേണ്ടിയിരുന്നോ എന്നത്‌ മാത്രമാണ്‌. അത്രയേറെ സൗജന്യങ്ങളും സൗകര്യങ്ങളുമാണ്‌ ഈ സ്‌മാര്‍ട്ട്‌സിറ്റിയുടെ കാര്യത്തില്‍ ഗള്‍ഫിലെ സ്‌ഥാപനത്തിന്‌ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌. അത്‌ ആവശ്യമായിരുന്നില്ലെന്ന്‌ കേരളത്തിന്‌ ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവരില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌.

കേരളം വാസ്‌തവത്തില്‍ വളരെ ശോഭനമായ ഒരു ഭാവിയുടെ പാതയിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. അതിന്‌ ഏറെ കാരണങ്ങളുണ്ട്‌. ലോകംതന്നെ വലിയ മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത്‌ സംഭവിക്കുന്ന വിപ്ലവമാണതിനു കാരണം. അതു നേട്ടമാക്കി മാറ്റാന്‍ കേരളത്തിനു കഴിയുന്നുണ്ട്‌്. അതിലൊന്നും രാഷ്‌ട്രീയ ഭരണമാറ്റങ്ങള്‍ ഘടകമാകുന്നില്ല. അതിനെ ആധാരമാക്കിയാണ്‌ സംസ്‌ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച.

സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിലുള്ള നിക്ഷേപം കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നരലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്‌. കൃത്യമായി പറഞ്ഞാല്‍ 1,58,306 കോടി രൂപ. ഇതില്‍ വിദേശമലയാളികളുടെ മാത്രം നിക്ഷേപം 37065 കോടി രൂപയാണ്‌. അതേസമയം ബാങ്ക്‌ നിക്ഷേപവും വായ്‌പയും മുതല്‍മുടക്കും ചേര്‍ന്ന തുകയും തമ്മിലുള്ള അനുപാതം കണക്കാക്കിയാല്‍ 75.59 ശതമാനം മാത്രമാണ്‌.

ബാക്കിയുള്ള ഏതാണ്ട്‌ നാല്‌പതിനായിരം കോടി രൂപ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ സാമ്പത്തികവളര്‍ച്ചയുടെ ഒരു കുതിപ്പിനായിരിക്കും കേരളത്തിലെ ഭരണകൂടത്തിനു നേതൃത്വം നല്‍കാന്‍ കഴിയുക. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മാര്‍ഗമാണെന്ന്‌ കേരളം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം. സര്‍ക്കാരിന്റേയും ജനങ്ങളുടേയും സംയുക്‌ത സംരംഭമായ ആ വിമാനത്താവളം ഇന്ന്‌ ലോകത്തിനുതന്നെ ഏറ്റവും വലിയ മാതൃകയായിരിക്കുകയാണ്‌. നെടുമ്പാശേരി വിമാനത്താവള സംരംഭം ഇന്ന്‌ ലോകത്തിന്‌ മാതൃകയായി മാറിയെന്നു മാത്രമല്ല വിശ്വോത്തരമായ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെപോലും പഠനവിഷയമായി മാറിയിരിക്കുന്നു ആ സംഭവം.

സര്‍ക്കാര്‍ പൊതുജന സഹകരണ സംരംഭമായ ആ വിമാനത്താവളക്കമ്പനി മുടിഞ്ഞു നാറാണക്കല്ലു പിടിക്കുമെന്നു വിധിയെഴുതിയ സാമ്പത്തികവിദഗ്‌ദ്ധരൊക്കെ ഇന്നു മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്‌. കാരണം കഴിഞ്ഞ വര്‍ഷംതന്നെ ഇരുനൂറു കോടിയിലധികം നികുതി കൊടുത്തശേഷം കൊച്ചി വിമാനത്താവളക്കമ്പനി ലാഭമുണ്ടാക്കിയത്‌ 70 കോടിയില്‍പ്പരം രൂപയാണ്‌. അതുകൊണ്ടുതന്നെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ മാതൃകയില്‍ ഒരു സര്‍ക്കാര്‍ ബഹുജന സഹകരണ സംരംഭമായി കണ്ണൂരില്‍ ഇപ്പോള്‍ അന്തര്‍ദേശീയ വിമാനത്താവളമുയരാന്‍ തുടങ്ങിയിരിക്കുകയാണ്‌.

ഈ പശ്‌ചാത്തലത്തില്‍ നോക്കിയാല്‍ ഒരു സ്‌മാര്‍ട്ട്‌ സിറ്റിയല്ല അഞ്ച്‌ സ്‌മാര്‍ട്ട്‌സിറ്റികള്‍ സര്‍ക്കാര്‍ പൊതുജന സഹകരണ മേഖലയില്‍ ആരംഭിക്കാന്‍ കേരളത്തിനു കഴിയും. കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലെന്നതാണ്‌ വസ്‌തുത.

കാരണം അങ്ങനെയുള്ള സംരംഭങ്ങളില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും കിക്ക്‌് ബാക്കും കമ്മീഷനും ലഭിക്കുന്നതിന്‌ ഒരു സാധ്യതയുമില്ലെന്ന്‌ നേതാക്കള്‍ക്കറിയാം. ഇന്ന്‌ ഏത്‌ മുന്നണിക്കും ഏതു പാര്‍ട്ടിക്കും ഏതു നേതാവിനും താല്‍പ്പര്യം വിദേശസ്‌ഥാപനങ്ങളും വിദേശ കമ്പനികളുമായി കരാറുണ്ടാക്കുമ്പോള്‍ ലഭിക്കുന്ന കിക്ക്‌ബാക്കിന്റെ കാര്യത്തിലാണ്‌.

ജനങ്ങള്‍ കക്ഷിഭേദമന്യേ ഈവക കാര്യങ്ങളില്‍ പൂര്‍ണ ബോധവാന്മാരാകുമ്പോഴാണ്‌ കേരളത്തിന്റെ യഥാര്‍ഥ വളര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കുക.

No comments:

Followers