സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, April 4, 2011

സത്യത്തിനു വേണ്ടി ഒരു ബലി

സ്വന്തം സ്ഥാപനത്തിലെ അഴിമതിക്കെതിരെ പോരാടിയതുകൊണ്ടു മാത്രം മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും പിഞ്ചുമക്കള്‍ക്കും മരണം വിധിച്ചതാരാണ്? വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍, പ്രിയഭര്‍ത്താവും ഓമനമക്കളും മരിച്ചുകിടക്കുന്നതു കാണേണ്ടിവന്ന ടീനയുടെ അനുഭവം നിറകണ്ണുകളോടെയല്ലാതെ വായിക്കാനാവില്ല...
 
പാലക്കാട്ടെ ഉള്‍ഗ്രാമമായ നെന്മാറ. കൊയ്ത്ത് കാത്ത് കിടക്കുന്ന പാടങ്ങള്‍ക്ക് നടുവില്‍ ഓട് മേഞ്ഞ വീടുകള്‍. അവയിലൊന്നാണ് ശശീന്ദ്രന്റെ തറവാടായ ശിവാലയം. മരണവീടിന്റെ നിശ്ശബ്ദത. മുറ്റത്തെ പന്തലില്‍ നാട്ടുകാരും ബന്ധുക്കളും. അവര്‍ക്കിടയിലൂടെ ഒരു വൃദ്ധന്‍ സാവധാനം കടന്നുവന്നു. ശശീന്ദ്രന്റെ അച്ഛനാണ്, നെന്മാറയുടെ തലമുറകള്‍ക്ക് ഗുരുനാഥനായ വേലായുധന്‍ മാഷ്. 'ഇനി പറഞ്ഞിട്ടെന്താ...എല്ലാം കൈവിട്ട് പോയില്ലേ...', മാഷുടെ ക്ഷീണിച്ച ശബ്ദം. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്ക് മീതെ പുത്രവിയോഗം കൂടിയായപ്പോള്‍ അദ്ദേഹം ഒന്നുകൂടി തളര്‍ന്നിരിക്കുന്നു. 'പെന്‍ഷനുണ്ട്.മക്കള്‍ നന്നായി കഴിയുന്നു.സ്വല്‍പ്പം കൃഷിയുണ്ട്.ഇത്രയും കാലം സമാധാനമായി ജീവിക്കുകയായിരുന്നു ഞാനും ഭാര്യയും. അപ്പോഴാ ഈ വയസ്സുകാലത്ത് ഇങ്ങനെ...'. അപ്പുറത്ത് ശശീന്ദ്രന്റെ അമ്മ വേലമ്മ എല്ലാം മറന്നെന്നപോലെ ഒരേ ഇരിപ്പാണ്.മാഷുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തോളിലെ തോര്‍ത്തുകൊണ്ട് കണ്ണൊപ്പി, 'എന്റെ മോന്‍ സത്യസന്ധനാണ്. അവന്‍ പണത്തിന് കൂട്ട് നിന്നില്ല. അതോര്‍ത്ത് എനിക്ക് അവനെപ്പറ്റി അഭിമാനമാണ്. പക്ഷെ എന്റെ മോന്‍ സത്യത്തിന് വേണ്ടി ബലിയാടാവേണ്ടി വന്നു.' അകത്തെ മുറിയിലെവിടെയോ ഉണ്ട്, ജീവന് തുല്ല്യം സ്‌നേഹിച്ച ഭര്‍ത്താവും പിഞ്ചുകുഞ്ഞുങ്ങളും അകാലത്തില്‍ നഷ്ടപ്പെട്ട സങ്കടത്തില്‍ വിങ്ങുന്ന ഹൃദയവുമായി ഒരു യുവതി. ടീനയോട് എന്ത് പറയും,എന്ത് ചോദിക്കും എന്നറിയില്ല.

വീട്ടിനകത്ത് ടീനയുടെ മാതാപിതാക്കളെ കണ്ടു. സ്വന്തം ദുഖങ്ങള്‍ മാറ്റിവെച്ച് മകളെക്കുറിച്ചുള്ള ഉത്കണ്ഠയിലാണവര്‍. കസേരയില്‍ ഒരു നിഴല്‍ പോലെ ടീന ഇരിക്കുന്നു.സംസാരത്തിന്നിടയില്‍, ഓരോ ഓര്‍മ്മ പങ്കുവെക്കുമ്പോഴും തീരാവേദനയുടെ കൂര്‍ത്ത മുള്ളുകളേറ്റ് അവര്‍ പിടഞ്ഞു. പെറ്റുവളര്‍ത്തിയ പൊന്നോമനകളുടെ വേര്‍പാടില്‍ നീറിപ്പുകഞ്ഞു. കുഞ്ഞുങ്ങളെപ്പറ്റി എത്രപറഞ്ഞിട്ടും മതിവരാത്തപോലെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ശബ്ദമിടറി. വാക്കുകള്‍ മുഴുമിക്കാനാവാതെ തേങ്ങി. അതൊക്കെ കാണുന്നതും കേള്‍ക്കുന്നതും ദുസ്സഹമായിരുന്നു. അവര്‍ സ്വയം വിലാപമായും സമൂഹത്തോടുള്ള ചോദ്യചിഹ്നമായും മാറി... . സംസാരത്തിന്നിടെ ഒരു തവണ ടീന പറഞ്ഞു, 'അവര്‍ക്കുവേണ്ടി മറുപടി പറയാന്‍ മാത്രം ഞാന്‍ ജീവിച്ചിരിക്കുന്നു,' ആ ഒരൊറ്റ ചിന്തയില്‍ അവര്‍ തന്റെ ജീവനെ കൊളുത്തിയിട്ടിരിക്കയാവണം...

നാട്ടില്‍ത്തന്നെ ജോലി കിട്ടുക എന്നത് എന്റെ ഭര്‍ത്താവിന്റെ ആഗ്രഹമായിരുന്നു. ജന്മനാട്ടിനോടുള്ള അടുപ്പം മാത്രമല്ല,വയസ്സായ അച്ഛനമ്മമാരെ നോക്കുക എന്നുകൂടിയുണ്ടായിരുന്നു മനസ്സില്‍. എംകോം ഫസ്റ്റ്ക്ലാസോടെ ജയിച്ച ് കമ്പനി സെക്രട്ടറി കോഴ്‌സ് പഠിച്ചു. ശേഷം ഐ.സി.ഡബഌു.എ.ഐ ചെയ്തു. 1992-ല്‍ ബാംബു കോര്‍പ്പറേഷന്റെ കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ ആയി ജോലി കിട്ടി. അവിടെനിന്നാണ് മലബാര്‍ സിമന്റ്‌സിലേക്ക് മാറിയത്.1997-ല്‍ കമ്പനി സെക്രട്ടറി ട്രെയിനി ആയി മലബാര്‍ സിമന്റില്‍ ജോലിയില്‍ പ്രവേശിച്ചു. ആരുടേയും റെക്കമന്റേഷനില്ലാതെ, പഠിത്തത്തിന്റെ ബേസില്‍ മാത്രം നേടിയ ജോലിയാണ്.

ആദ്യവര്‍ഷങ്ങളില്‍ മലബാര്‍ സിമന്റ്‌സില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. 2002-03 കാലത്താണ് അഴിമതികള്‍ തുടങ്ങുന്നത്.2005 ആവുമ്പോഴേക്കും അക്രമങ്ങള്‍ തന്നെ നടക്കുന്ന നിലയായി. തുടര്‍ന്ന് മന്ത്രിസഭ മാറി, അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നു. ശ്രീനിവാസന്‍ ഐഎഎസ്സും ചന്ദ്രഭാനു ഐപിഎസ്സും വന്നപ്പോള്‍ ഒരു കണ്‍ട്രോള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കമ്പനിയില്‍ നടന്ന പഴയ അഴിമതികളൊക്കെ അന്വേഷിക്കണമെന്ന് പറഞ്ഞ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ പെറ്റീഷന്‍ നല്‍കി. കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് കേസ് എടുത്തു. അന്വേഷണം ശക്തമായി നീങ്ങി. സാക്ഷികള്‍ പലരുമുണ്ടെങ്കിലും കമ്പനി സെക്രട്ടറി എന്ന നിലയില്‍ കേസുകളില്‍ അദ്ദേഹത്തിന്റെ മൊഴിക്ക് അതീവ പ്രാധാന്യമുണ്ടായിരുന്നു.

എല്ലാം എന്നോട് പറഞ്ഞു

ആള്‍ വളരെ പാവാണ്. ഭയങ്കര പാവാണ്. പക്ഷെ വേറെ നിവൃത്തിയില്ലല്ലോ, ആ പോസ്റ്റിലിരിക്കുമ്പോള്‍ ഡ്യൂട്ടി ചെയ്യേണ്ടെ...അദ്ദേഹത്തിന് പ്രശ്‌നക്കാരുടെ ബാക്കി ചരിത്രമൊന്നും അത്ര അറിയില്ലായിരുന്നു. നേരെ വാ നേരെ പോ എന്ന ചിന്തയല്ലേ ഉള്ളൂ. കുഴപ്പമുണ്ടാക്കിയവരെ പിന്നീട് കാണേണ്ടിവരുമെന്ന് അറിയാം. പക്ഷെ ഇങ്ങനെയുള്ള കുഴപ്പക്കാരാണ് അവരെന്ന് അറിഞ്ഞിരുന്നില്ല.

എന്റടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട്. കാരണം എന്തെങ്കിലും സംഭവം നടന്ന ദിവസമാണെങ്കില്‍ വീട്ടില്‍ വന്നാല്‍ മൗനമായിരിക്കും. അപ്പൊ നമ്മളോട് എന്തെങ്കിലും ദേഷ്യായിരിക്കും എന്ന് വിചാരിച്ച് പോയി ചോദിക്കും. ആദ്യമൊന്നും പറയില്ല.പക്ഷെ പിന്നീട്, ഇങ്ങനെ ഉണ്ടായി, ഞാനിങ്ങനെ എഴുതിവെച്ചു എന്നൊക്കെ പറയും. ഞാനും ന്യായത്തിന്റെ ഭാഗത്തേ നില്‍ക്കാറുള്ളൂ.കാരണം ഞങ്ങള്‍ രണ്ടുപേരും പ്രൊഫഷണല്‍സല്ലേ. പ്രൊഫഷണല്‍സ് ഒരിക്കലും മാല്‍പ്രാക്ടീസ് ചെയ്യാന്‍ കൂട്ട് നില്‍ക്കാന്‍ പാടില്ലല്ലോ. മാല്‍പ്രാക്ടീസ് ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫഷണലി നമ്മള്‍ മിസ്‌ക്വാളിഫൈഡ് ആണ്. നമ്മള്‍ ആ തസ്തികയ്ക്ക് യോജിച്ചതല്ല. പക്ഷേ ഇങ്ങനെയൊക്കെ വരുമെന്ന് വിചാരിച്ചതല്ല. കോര്‍ട്ടില്‍ നേരിടേണ്ടിവരുമെന്നേ ആലോചിച്ചുള്ളൂ.

മലബാര്‍ സിമന്റ്‌സില്‍ ടെന്‍ഡര്‍ വിളിക്കാതെ ചില കരാറുകള്‍ കൊടുക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചു. അങ്ങനെ വന്നാലും ആ ഓര്‍ഡറിലും ഒപ്പിടേണ്ടത് അദ്ദേഹമാണ്. അദ്ദേഹം സൂക്ഷിച്ച ഫയലുകള്‍ കാണാതായി. ഒടുവില്‍ ഫയലുകള്‍ കാണാതാവുന്നതിന്റെ പേരില്‍ ടെര്‍മിനേറ്റ് ചെയ്യപ്പെടുമെന്ന സ്ഥിതി വന്നു. ടെര്‍മിനേറ്റ് ചെയ്യപ്പെട്ടാല്‍ മറ്റൊരു കമ്പനിയില്‍ ജോലി കിട്ടുക പ്രയാസമാണല്ലോ. അങ്ങനെ സെപ്റ്റംബര്‍ ആറിന് അദ്ദേഹം ജോലി രാജിവെച്ചു.

കഴിഞ്ഞ ഡിസംബറില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമായി. രാജി വെച്ച അദ്ദേഹത്തെ പ്രതിയാക്കാനായി നീക്കമുണ്ടായി.മുകളിലേക്ക് പോയ റിപ്പോര്‍ട്ട്്്, ഇന്റേണല്‍ ഓഡിറ്റ് നടന്നിട്ടില്ല എന്നു കാണിച്ച് വീണ്ടും താഴത്തേക്ക് തന്നെ തിരിച്ച് കൊണ്ടുവന്നു. കമ്പനി ഇടപാടുകളുമായി ബന്ധപ്പെട്ട്, വിജിലന്‍സ്, നാല് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങി. അപ്പോള്‍ അദ്ദേഹം കുറ്റം ചെയ്തവര്‍ക്കെതിരെ വിജിലന്‍സിന് ശക്തമായ മൊഴികള്‍ നല്‍കി. അതുവരെ ആരെയെങ്കിലും പ്രതിയാക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ വിജിലന്‍സ്, ബാക്കിയുള്ള കാര്യങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു.

1999-ലാണ് ഞങ്ങളുടെ വിവാഹം. വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ അദ്ദേഹം എന്നോട് സിഎക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു.ബുക്‌സൊക്കെ വീട്ടില് കൊണ്ടത്തന്ന് പഠിക്കാന്‍ പറഞ്ഞു. സിഎ പരീക്ഷ ജയിച്ചെങ്കിലും മൂത്ത മകന്‍ വലുതാവും വരെ ഞാന്‍ ജോലിക്ക് പോയില്ല. പിന്നീടാണ് ഞാന്‍ ഷോര്‍ണൂരിലെ മെറ്റല്‍സ്റ്റീല്‍ കമ്പനിയില്‍ ഫിനാന്‍സ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്. മലബാര്‍ സിമന്റ്‌സിന്റെ ക്വാട്ടേഴ്‌സിലായിരുന്നു കുറേക്കാലം ഞങ്ങള്‍ താമസിച്ചിരുന്നത്. 2003-ല്‍ പുതുശ്ശേരിയില്‍ വീട് വെച്ച് താമസം മാറ്റി.
ഇത്രയും കാലം, ഓഫീസ് വിട്ടാല്‍ മക്കള്‍ ,വീട് എന്നത് മാത്രമേ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ.മറ്റൊന്നും ചിന്തിച്ചിട്ടില്ല. എന്നാലും ഇത്രയും ക്രൂരമാകുമെന്ന് കരുതിയില്ല.ആ സമയങ്ങളില്‍ ഓരോ കോണ്‍ടാക്ട് വരുമ്പോഴും ഒരു ഭയമുണ്ടാകും.വിജിലന്‍സില്‍ പോവുമ്പോഴൊക്കെ ടെന്‍ഷനുണ്ടാവും. അതൊക്കെ ഒരു സമയം വരുമ്പോള്‍ മാറുമെന്ന് ഞങ്ങള്‍ വിചാരിച്ചു. എപ്പോഴും ബിസിയായിരുന്നുവല്ലോ.ഒരു ലീവ് കിട്ടിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം അവരെ കളിപ്പിച്ച് വീട്ടില്‍ തന്നെ ഇരുന്നു. രാവിലെ എട്ട് വരെയുള്ള സമയം ഭക്ഷണം ഉണ്ടാക്കുന്ന തിരക്കും മറ്റുമായി പോവും. വൈകീട്ടാണെങ്കില്‍ ഒരു മണിക്കൂര്‍. അത്രയല്ലേ ഉള്ളൂ. അപ്പൊ ഉള്ള സമയത്തിന് പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു ഞങ്ങള്‍.
ഭീഷണികള്‍ ഫോണില്‍ വന്നു

കമ്പനിയിലെ പ്രധാന കരാറുകാരന്‍ വി.എം.രാധാകൃഷ്ണന്‍ പല പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. വിജിലന്‍സില്‍ മൊഴി നല്‍കിയത് എന്തെന്ന് അറിയാനാണ് വന്നിരുന്നത്. ഡിസംബര്‍ ഒന്നാം തീയ്യതിക്ക് മുന്‍പും ഒന്നാം തീയ്യതിക്ക് ശേഷവും ഫോണില്‍ ഭീഷണികള്‍ വന്നു. ഭര്‍ത്താവു തന്നെയാണ് ഫോണ്‍ എടുത്തത്. 'നിന്നെക്കൊണ്ട് കുടുംബത്തോടെ ആത്മഹത്യ ചെയ്യിക്കും' എന്ന് രാധാകൃഷ്ണന്‍ പറഞ്ഞതായി് എന്നോട് പറഞ്ഞു. ഫിനാന്‍ഷ്യലി ബുദ്ധിമുട്ടിക്കും,അപ്പോഴാണല്ലൊ ആത്മഹത്യ ചെയ്യുക...നമുക്ക് അത്യാവശ്യം കുറച്ച് സ്വത്തും മറ്റുമുണ്ട്.ബാങ്കില് കുറച്ച് സമ്പാദ്യം ഉണ്ട്.എനിക്ക് ജോലിയുണ്ട്. അതോണ്ട് അത്യാവശ്യമൊക്കെ പിടിച്ച് നില്‍ക്കാലോ. അപ്പൊഴേക്കും നിങ്ങള്‍ക്ക് വേറെ എവിടെങ്കിലും ജോലിയും കിട്ടും.പുറത്ത് ഇഷ്ടം പോലെ അവസരങ്ങളുണ്ട്. ധാരാളം ഓഫറുകള്‍ വന്നിട്ടുമുണ്ട്, ഞാന്‍ പറഞ്ഞു.
കമ്പനിയില്‍ നിന്ന് മാറാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടതില്‍ വിഷമമുണ്ടായിരുന്നു. പക്ഷെ ഭയപ്പെട്ടിരുന്നില്ല. സത്യസന്ധനായ ഒരാള്‍ ഒരിക്കലും ഭയപ്പെടില്ലല്ലോ. മാത്രമല്ല ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള അദ്ദേഹത്തിന് പുറമെ ജോലി കിട്ടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എങ്കിലും, പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ മലബാര്‍ സിമന്റ്‌സില്‍ത്തന്നെ തിരിച്ചെത്തണം എന്നായിരുന്നു ആഗ്രഹം. അത്രയേറെ സ്വന്തം കമ്പനിയെ സ്‌നേഹിച്ചിരുന്നു അദ്ദേഹം.

ഭീഷണിയെ കുറിച്ച് ഞാന്‍ എന്റെ കമ്പനിയുടെ എംഡിയുമായി സംസാരിച്ചിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ എംഡി പറഞ്ഞു.പോലീസ് ഏതുനേരവും നമ്മുടെ ചുറ്റും ഉണ്ടാവുന്നത് സുഖമല്ലല്ലോ എന്നാണ് ഞങ്ങളോര്‍ത്തത്.ഞാന്‍ വിചാരിച്ചത് റോട്ടിലങ്ങാന്‍ വെച്ച് ആക്‌സിഡന്റാക്കിക്കളയുമെന്നാണ്.അപ്പൊ കൃത്യമായ സമയങ്ങളില്‍ പുറത്ത് പോവുന്നത് ഒഴിവാക്കി. കൊല്ലും കൊലയുമുള്ള ലോകം നമുക്ക് പരിചയമില്ലല്ലോ.

ഒരു നിമിഷം പോലും പിരിഞ്ഞിട്ടില്ല

വീട്ടിലിരിക്കുമ്പോള്‍ മറ്റു ജോലികള്‍ക്ക് അപേക്ഷ തയ്യാറാക്കി അയയ്ക്കും. മൂന്നരയ്ക്ക് മക്കള്‍ സ്‌കൂള്‍ വിട്ട് വരും. മൂപ്പര് നന്നായി കുക്ക് ചെയ്യും. ആദ്യമേ ഇഷ്ടമാണത്. രാവിലെ അടുക്കളയില്‍ എന്നെ സഹായിക്കാന്‍ കൂടും. പിന്നെ ഞങ്ങള്‍ ഒന്നിച്ച് അമ്പലത്തില്‍ പോവും. അതൊക്കെ പതിവാണ്. നല്ല ദൈവവിശ്വാസിയാണ്. രണ്ടുമക്കളും നല്ലോണം പഠിക്കുന്ന സാമര്‍ത്ഥ്യമുള്ള പിള്ളേരായിരുന്നു.മൂത്തമോന്‍ ഹോളിട്രിനിറ്റി സ്‌കൂളിലായിരുന്നു. മോന് നാഷണല്‍്് ലെവലില്‍ സ്‌കോളര്‍ഷിപ്പ് ഇക്‌സാമിന് രണ്ടാം റാങ്ക് കിട്ടിയിരുന്നു.സ്‌കൂളില്‍് എല്ലാറ്റിനും ഫസ്റ്റായിരുന്നു. അതൊരു പ്രത്യേകതയുളള കുട്ടിയായിരുന്നു.ചെറുപ്പത്തില്‍്, കുചേലവൃത്തത്തിലെ വരികള്‍ പാടിയാണ് ഞാന്‍ അവനെ ഉറക്കുക. നൂറ്റന്‍പത് വരിയൊക്കെ ഉണ്ടാവും. ഞാന്‍ പാടിത്തീരും വരെ അവന്‍ ഉറങ്ങാറില്ല. കേട്ടങ്ങനെ കിടക്കും. ഒരു ആറേഴ് പ്രാവശ്യം ഞാനവനെ ഇങ്ങനെ പാടി കേള്‍പ്പിച്ചിട്ടുണ്ടാവും. ഞാനൊരു പത്ത് ലൈന്‍ പഠിച്ചു. പക്ഷെ മോന്‍ ആ കുഞ്ഞുവയസ്സില്‍ നൂറ്റന്‍പത് ലൈനും കാണാപ്പാഠമാക്കി. അപ്പൊ, നമുക്കൊരു പേടി ഉണ്ടായിരുന്നു, ഇത്് നമുക്കുള്ളതല്ലാന്ന്...

അവനെ എപ്പൊ കാണുമ്പോഴും നമുക്കൊരു പേടി തോന്നീരുന്നു. അത്ര ബുദ്ധിയുള്ള കുട്ടി... ഇന്നാള് ഇതൊക്കെ കഴിഞ്ഞിട്ട് പോലീസ് സെര്‍ച്ച് ചെയ്യുകയായിരുന്നു. കംപ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെ എടുത്ത് നോക്കി. അപ്പൊ അതിലുണ്ട്, അച്ഛന്റെ അപഌക്കേഷനൊക്കെ അടിച്ച് കയറ്റി, അച്ഛന്റെ ബ്ഌക്കെന്‍ഡ് വൈറ്റ് ഫോട്ടോ കളറാക്കി ഇട്ട്, അതില്‍ എംബഌസ് ഒക്കെ വെച്ച് ഭംഗിയാക്കിയിരിക്കുന്നു. ഞാനെന്റെ ഓട്ടത്തിന്നിടയില്‍ ഇതൊന്നും കണ്ടിട്ട് തന്നെയില്ല. കൈയ്യില്‍ എന്ത് കിട്ടിയാലും അതുകൊണ്ട് എന്തെങ്കിലുമൊരു സൂത്രമുണ്ടാക്കും. ഒരു ദിവസം കോള്‍ഗേറ്റിന്റെ കവര്‍ കട്ട് ചെയ്ത് അഞ്ച് മിനുട്ട് കൊണ്ട് ഒരു റോബോട്ടിനെ ഉണ്ടാക്കി. ഞാന്‍ പറയും, എടാ നീ പഠിക്കുന്ന നേരം മൊത്തം കളിച്ച് സമയം കളയുകയാണോ എന്ന്.

നാലാം കഌസില്‍ ഇക്‌സാമിന് ഒരു ക്വസ്റ്റിയനുണ്ടായിരുന്നു, ടിവിയെ പറ്റി ഒരു എസ്സെ എഴുതാന്‍. അവന്‍ നല്ല ഭംഗിയില്‍ എഴുതി. നിറയെ വിവരങ്ങളോടെ. ഞങ്ങള്‍ വീട്ടില്‍ ടിവി വെച്ചിട്ടില്ല, പഠിക്കട്ടെ എന്ന ഉദ്ദേശത്തില്. എന്നിട്ടും ടിവി ഉള്ള വീടുകളിലെ കുട്ടികളേക്കാള്‍ നന്നായി എഴുതിയത് മോനാണെന്ന് ടീച്ചര്‍ പറഞ്ഞു.ചെറുത് പാവായിരുന്നു. അത് ഇതിനെ നോക്കി ഇങ്ങനെ നടക്കും. മറ്റൊരിക്കല്‍ സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍, അവസാനത്തെ പേരഗ്രാഫില്‍ അവനെഴുതി, ഐ വാണ്‍ടു ബികം ആന്‍ ഏറോനോട്ടിക്കല്‍ എഞ്ചിനീയര്‍ എന്ന്. സ്‌കൂള്‍ വിട്ട് വന്ന് മോന്‍ എന്നോട് പറയുകയാണ്, ബാക്കിലിരുന്ന കുട്ടി അവനെഴുതിയത് കോപ്പി അടിച്ച്, ഏറോനോട്ടിക്കല്‍ ചപ്പാത്തി എന്നെഴുതിയെന്ന്്. അന്ന് തമാശയില്‍ ഞാനും മോനും കുറേ ചിരിച്ചു. രാവിലെ എണീക്കുമ്പൊ മടിയിലേക്ക് ഇങ്ങനെ കേറി വരും...ഞാന്‍ പാത്രം കഴുകുമ്പോള്‍ പറയും, അമ്മേ ഞാന്‍ ചെയ്യ്ാ, എന്ന്. ചായ വെച്ച് തരുമെനിക്ക്. നമ്മളൊക്കെ വെള്ളം തിളക്കുമ്പോഴല്ലേ ചായപ്പൊടി ഇടുക...ഇന്നാളൊക്കെ വെള്ളവും ചായപ്പൊടിയും പഞ്ചസാരയും എല്ലാം കൂടി ഇട്ട്...

എനിക്ക് ഒന്നുമൊന്നും മതിയായില്ല

ഞങ്ങളുടെ ടെന്‍ഷന്‍ അവരെ അധികം ബാധിച്ചിട്ടില്ല. അവരുടെ കുഞ്ഞുലോകമല്ലെ...എന്നാലും അച്ഛന്‍ ജോലി റിസൈന്‍ ചെയ്തിരിക്കുകയാണെന്നൊക്കെ അറിയും. മറ്റൊന്നും അറിയില്ല. എന്നോട് പറയും, അമ്മ അവധി ഇല്ലാന്ന് പറഞ്ഞ് അധികം ജോലി ചെയ്യണ്ടാന്ന്.... എനിക്ക് ഒന്നുമൊന്നും മതിയായില്ല...അവന്‍ ജനിച്ച അന്ന് മുതല്‍ വലുതാവും വരെ അവന് വേണ്ടി ഞാന്‍ ജോലിക്ക് പോവാതിരുന്നു. അവന്റെ കാര്യങ്ങള്‍ മാത്രം നോക്കി...പനിയൊക്കെ വരുമ്പൊ രാവും പകലും ഉറങ്ങാതെ കാത്തിരുന്നിട്ട്...ഇപ്പൊ...എന്നെ മാത്രം വിട്ടിട്ട് അച്ഛനും മക്കളും...ഒരു സ്ഥലത്തും ഞങ്ങള്‍ ഒന്നിച്ചല്ലാതെ പോയിട്ടില്ല. തൈര് വാങ്ങിക്കാന്‍, പച്ചക്കറി വാങ്ങിക്കാന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന് ഔദ്യോഗികമായി തിരുവനന്തപുരം പോവാനുണ്ടാകുമ്പോള്‍, ഞങ്ങള്‍ നാലുപേരും ഒന്നിച്ചാ പോവുക. അടുത്ത കടയിലേക്കാണെങ്കില്‍പ്പോലും എന്നേയും കൂട്ടി പോവുന്നതാണ് ശീലം.

ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണല്ലോ. അതുകൊണ്ട് വീട്ടിലെ മൂന്നാണുങ്ങള്‍ക്കിടയില്‍ ഞാനൊരു പെണ്ണാണല്ലോ. അവര്‍ക്കത് ഒരു അതിശയം പോലെയാണ്. എപ്പോഴും എന്റെ പിന്നാലെ നടക്കും. അമ്മ വാ, ഇവിടെ വന്നിരിക്ക,് എന്നൊക്കെ പറയും. അവസാന ദിവസങ്ങളിലൊന്നില്‍, രണ്ടാമത്തെയാള്‍ അവന്റെ കയ്യിലുണ്ടായിരുന്ന എണ്ണ എന്റെ കാലിലിങ്ങനെ പതുക്കെ മൃദുവായി തേച്ചു. അതവന് എന്ത് തോന്നിയിട്ടാണെന്ന് എനിക്കറിയില്ല...സാധാരണ ഓഫീസിലേക്കിറങ്ങുമ്പോള്‍ പോയിട്ട് വരാന്ന് ഞാന്‍ പറയും. അന്നൊന്നും പറഞ്ഞില്ല. ഞാനിങ്ങനെ ഇറങ്ങിവര്ാണ്, അപ്പൊ, അമ്മാ അമ്മാ ബൈ എന്ന് മോനാ പറഞ്ഞത്. അദ്ദേഹത്തിനും അങ്ങനെയൊന്നും എന്നെ പിരിഞ്ഞിരിക്കാന്‍ വയ്യ. ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ പോവുമ്പോള്‍, പോയി വരൂന്ന് പറയും. പക്ഷെ ഭക്ഷണമൊന്നും ശരിക്ക് കഴിക്കില്ല. ഞാന്‍ തീരുമാനിച്ചപോലെ നില്‍ക്കാതെ വേഗം തിരിച്ച് പോരും.

അന്നും ഭക്ഷണം വെച്ചിട്ടാപോയത്. തലേ ദിവസം ഞങ്ങള്‍ ചന്തയ്ക്ക് പോയിരുന്നു. ഒരാഴ്ചയ്ക്ക്ള്ള വെജിറ്റബിള്‍സൊക്കെ വാങ്ങീട്ട് വന്നു. ചക്ക വാങ്ങീരുന്നു. ചക്ക അവര്‍്ക്ക് ഇഷ്ടമാണ്. ചെറുതായി നുറുക്കി തോരന്‍ വെക്കുന്നതാ ഇഷ്ടം. കോളീഫ്ലാവറും വാങ്ങി കുറേ. അതും ഇഷ്ടാണ്.രാവിലെ ചക്കയും ചോറുമെല്ലാം വെച്ചിട്ടാ ഞാന്‍ പോയത്. മൂന്ന് മണിക്ക് പിള്ളാര് വരുമ്പോഴേക്കും അദ്ദേഹം തന്നെ ഭക്ഷണം ഉണ്ടാക്കിയിരുന്നു... രാത്രി നാലുപേര്‍ക്ക് കഴിക്കാനുള്ള ചോറും കറിയും അദ്ദേഹം തന്നെ ഉണ്ടാക്കിവെച്ചിരുന്നു... ഞങ്ങളുടെ വീട്ടിലാരും ഇറച്ചി കഴിക്കാറില്ല. നീയും കുട്ടികളും മുട്ട കഴിക്കണമെന്ന് പറയും. മുട്ട ഒന്നിച്ച് വാങ്ങി സൂക്ഷിക്കും. എന്റെ വീട്ടില് എന്റമ്മയുടെയോ അച്ഛന്റെയോ അടുത്ത് എനിക്കിത്ര സ്‌നേഹം കിട്ടീട്ടില്ല. എന്നിട്ടാ...

ഇത് ആത്മഹത്യയല്ല

എന്നോട് എഫ് ഐ ആറില്‍ ആത്മഹത്യ ആണെന്ന് എഴുതാന്‍ പോലീസ് നിര്‍ബ്ബന്ധിച്ചു. ഞാന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടത് അച്ഛനും മക്കളും തൂങ്ങിനില്‍ക്കുന്നതാണ്. അത് ആത്മഹത്യയാണെന്ന് എങ്ങിനെ പറയാന്‍ പറ്റും? എന്നോട് എന്നെങ്കിലും ഒരു വാക്ക് ആത്മഹത്യയെപറ്റി പറഞ്ഞിട്ടുള്ള ആളാണെങ്കില്‍ അതേക്കുറിച്ച് ആലോചിക്കയെങ്കിലും ചെയ്യാമായിരുന്നു. കുഞ്ഞുങ്ങളെ ഒന്ന് അടിക്കുക കൂടി ചെയ്തിട്ടില്ല ഇതുവരെ...എന്നിട്ടാണ്...മരണം എന്ന് പറയുന്നത് തന്നെ ഇഷ്ടപ്പെടാത്ത ആളാണ്. മരണവീടുകളിലൊന്നും പോവുന്നത് ഇഷ്ടമല്ല.മക്കളെ ഇതുവരെ ഒരു മരണം കാണിച്ചിട്ടില്ല. മരണം ആദ്യായിട്ട് അവര്‍ അവരുടേത് തന്നെ അനുഭവിച്ചു. അന്ന് ഇടയ്ക്ക് ഉച്ചക്ക് അദ്ദേഹം എന്നെയൊന്ന് വിളിച്ചിരുന്നു, ഗടഋആയിലൊരു ആപഌക്കേഷന്‍ കൊടുത്തിരുന്നത് എന്തായി എന്ന് അന്വേഷിക്കാന്‍ പറഞ്ഞ്. പിന്നെ ഒരു അഞ്ചേ നാല്‍പ്പത് ആവുമ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു, ഒരു ലെറ്റര്‍ ഡിക്‌റ്റേറ്റ് ചെയ്തിട്ട് ഡ്രാഫ്റ്റാക്കിത്തരാന്‍ സഹായം ചോദിച്ച്. നന്നായി ലെറ്റര്‍ ഡ്രാഫ്ട് ചെയ്യും. പത്ത് പതിനഞ്ച് മിനുട്ട് കൊണ്ട് മൂന്ന് പേജുള്ള അജണ്ട തയ്യാറാക്കി എനിക്ക് തന്നു. എന്നിട്ടാണ് പിന്നെ ലാന്‍ഡ്‌ഫോണില്‍ വിളിക്കുമ്പോള്‍ ആരും എടുക്കാതിരുന്നത്.

അദ്ദേഹം ഇത്രേം കഷ്ടപ്പെട്ടുണ്ടാക്കിയ സല്‍പ്പേരാണ്. അതിങ്ങനെ ഒറ്റ ദിവസം അടിഞ്ഞ് പോവ്ാണ്. അപ്പൊ ഞാന്‍ സംസാരിച്ചിട്ടില്ലെങ്കില്‍...വിജിലന്‍സ് കേസ് റെഡിയായി നില്‍ക്കുകയാണ്. ന്യായം കിട്ടേണ്ടെ...എന്താണ് നടന്നത് എന്നത് ആരേയെങ്കിലും ബോധിപ്പിക്കണ്ടേ...മറ്റുള്ളവരൊക്കെ എല്ലാം മനസ്സിലടക്കി മിണ്ടാപ്രാണികളായി ഇരിക്കുകയാണ്.

ഞാനെപ്പോഴും വീട്ടിലെത്തുന്നത് വൈകീട്ട് ആറരയ്ക്ക്ാണ്. അന്ന് വൈകിയതാണ്. എട്ടരയ്ക്കാണ് എത്തിയത്. മന്ത്രി എളമരം കരീം ഞങ്ങളുടെ കമ്പനിയില്‍ ഒരു ഉദ്ഘാടനത്തിന് വരുന്നുണ്ടായിരുന്നു. അതിന്റെ തിരക്കായിരുന്നു ഓഫീസില്‍. അഞ്ചേ നാല്‍പ്പതിന് ഞാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചിരുന്നു, 'അപ്പൊ നീ വൈകുമല്ലോ' എന്ന്. കൊല ചെയ്്തവര്‍ എന്നെക്കൂടി കണക്കാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആറേ നാല്‍പ്പത്തഞ്ചിനാണ് വന്നുകൊണ്ടിരുന്നത്. ഈ തിങ്കളാഴ്ച ഇങ്ങനെ ലേറ്റാവുമെന്ന് എനിക്കുപോലുമറിയില്ലായിരുന്നു. ഞാന്‍ ലേറ്റായിപ്പോയി... ഇല്ലേല് ഞാന്‍ ഭാഗ്യവതിയായേനെ...

വീട്ടിലെത്തിയ ഞാന്‍ എല്ലാം കണ്ട് പേടിച്ചരണ്ട് പോയി. എല്ലാരും പോയി എന്നറിഞ്ഞ സമയമാണ്.അതേക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. ഓര്‍മ്മിക്കാന്‍ പറ്റില്ല. നമ്മളാര്‍ക്കുവേണ്ടി ജീവിച്ചുവോ, ആര്‍ക്കുവേണ്ടി എന്നും രാവിലെ എഴുന്നേറ്റ് ഓടിയോ, വൈകീട്ട് ആരുടെ അടുത്തെത്താന്‍ മനസ്സ് പിടഞ്ഞുവോ, അവരെല്ലാം... എന്നെ അവര് അധികം ദിവസമൊന്നും ഇവിടെ വെച്ചേക്കില്ല. എനിക്കുറപ്പാണത്. അവര്‍ മൂന്ന് പേരും എന്റെ കൂടെത്തന്നെയുണ്ട്. അതാണ് തോന്നല്‍.

Followers