സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, March 8, 2011

ഭരണത്തിലെ കറുത്ത കുതിരകള്‍

ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി കുറ്റമേറ്റു. കേന്ദ്ര വിജിലന്‍സ് കമീഷണറായി പി.ജെ. തോമസിനെ നിയമിക്കുന്നതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. വിശദമായ കുറ്റസമ്മതം അടുത്ത ദിവസം പാര്‍ലമെന്റില്‍ കേള്‍ക്കാം. പ്രധാനമന്ത്രിയുടെ വിശ്വാസ്യതക്കെന്നപോലെ, കുറ്റസമ്മതത്തിനും വിലയിടിഞ്ഞിട്ട് കുറച്ചായി. രണ്ടാഴ്ച മുമ്പ് ടി.വി ചാനല്‍ എഡിറ്റര്‍മാരുമായി ദുഃഖഭാരം പങ്കുവെക്കുമ്പോള്‍, നേരെചൊവ്വേ ഭരിക്കാന്‍ താന്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. സഖ്യകക്ഷി സമ്മര്‍ദം പലതിനും സമ്മതിക്കുന്നില്ല. അതുകൊണ്ട് രാജയെ മന്ത്രിയാക്കേണ്ടി വന്നു. അഴിമതി നടക്കുന്നത് നിസ്സഹായനായി കണ്ടിരിക്കേണ്ടി വന്നുവെന്നും പറയാതെ പറഞ്ഞുവെച്ചു. കേള്‍ക്കുന്നവര്‍ക്കും കരുണ തോന്നുന്ന സങ്കടങ്ങള്‍. പക്ഷേ, നേരെചൊവ്വേ ഭരിക്കാന്‍ മന്‍മോഹന്‍സിങ്ങിന് അറിയില്ലെന്ന യാഥാര്‍ഥ്യമാണ് വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ പലരും കബളിപ്പിക്കുകയോ, അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്നു. കബളിപ്പിക്കാന്‍ പറ്റിയ ഉരുവായി സിങ് മാറി. അത് ചെയ്യുന്നത് സ്വന്തം പാര്‍ട്ടിയിലുള്ളവരും മുന്നണിക്കാരും കുശാഗ്രബുദ്ധികളായ ഉദ്യോഗസ്ഥരുമാണ്. ഓരോ പിഴവിനു പിന്നിലും ഒരേയാളുകള്‍ തന്നെയാകണമെന്നില്ല എന്നു മാത്രം. അത്തരം തന്ത്രങ്ങള്‍ യഥാസമയം  തിരിച്ചറിയാതെ, രാഷ്ട്രീയക്കാരനല്ലാത്തതിന്റെ കെടുതികള്‍ ഏറ്റുവാങ്ങുകയാണ് മന്‍മോഹന്‍സിങ്. ഗാന്ധി കുടുംബത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രണ്ടാമൂഴത്തില്‍ അബദ്ധപഞ്ചാംഗമായി മാറിയിരിക്കുന്നുവെന്ന് തുറന്നു പറയാന്‍ പലരും മടിക്കുന്നുവെന്നു മാത്രം.
ഒന്നാം യു.പി.എ സര്‍ക്കാറിനെ നയിക്കുമ്പോള്‍ സ്വന്തം അജണ്ടയും പാര്‍ട്ടി അജണ്ടയും ഒട്ടൊക്കെ ഭേദപ്പെട്ട നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞ മന്‍മോഹന്‍സിങ്ങിന് എങ്ങനെയാണ് രണ്ടാമൂഴത്തില്‍ പൊടുന്നനെ തന്ത്രജ്ഞത നഷ്ടമായത്? സുബോധം നിലനില്‍ക്കുവോളം ഒരാള്‍ക്ക് അങ്ങനെ സംഭവിക്കില്ല. അതല്ലെങ്കില്‍, ആദ്യഘട്ടത്തില്‍ തന്ത്രം പറഞ്ഞു കൊടുത്തവര്‍ പാലം വലിക്കണം. രണ്ടാമത്തെ സംഗതി തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. പ്രതിച്ഛായാ നഷ്ടമുണ്ടാക്കാതെ മന്‍മോഹനെ ഇത്രകാലം മുന്നോട്ടു നടത്തിയത് തന്ത്രവിശാരദന്മാരുടെ സമര്‍ഥമായ നയതന്ത്രമായിരുന്നുവെന്നു കൂടിയാണ് ഇക്കൂട്ടത്തില്‍ തെളിയുന്നത്. തന്നെ ഈ പദവിയില്‍ എത്തിച്ചവരോടുള്ള തീരാത്ത കടപ്പാടിനു മുന്നില്‍, പ്രധാനമന്ത്രി നിസ്സഹായനും നിശ്ശബ്ദനുമാവുന്നു. നേതൃപദവിയിലേക്ക് സ്വാഭാവികമായി വരുന്ന ഒരാളുടെ രാഷ്ട്രീയചാതുരിയില്ലാതെ പോയ അദ്ദേഹം, പടിയിറങ്ങും മുമ്പ് കൂടുതല്‍ അപമാനിതനാവാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാറിന് ബാക്കിയുള്ള കാലയളവ് ചെറുതല്ല. അതത്രയും ഇന്നത്തെ നിലയില്‍ ഉന്തിയുരുട്ടി മുന്നോട്ടു കൊണ്ടുപോകുന്നത് ആപത്കരമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതൃത്വം. പക്ഷേ, വിശ്വസ്തനായൊരു പകരക്കാരനില്ല. യുവരാജാവിനെ വാഴിക്കാന്‍ സമയവുമായില്ല. രണ്ടിനുമിടയില്‍, പാരകള്‍ക്ക് നടുവില്‍ മുള്‍ക്കിരീടവുമായി മുന്നോട്ടു നീങ്ങാന്‍ മന്‍മോഹന്‍സിങ് നിര്‍ബന്ധിതനായിരിക്കുന്നു. ആ ദുഃസ്ഥിതി മനസ്സിലാക്കിയവര്‍ അവസരം മുതലാക്കുകയോ, അദ്ദേഹത്തെ പൂര്‍വാധികം ഭംഗിയായി അവഗണിക്കുകയോ ചെയ്യുന്നു. അത് രാഹുല്‍ഗാന്ധിക്ക് നേട്ടം കൂടിയാണ്. തകര്‍ന്നടിഞ്ഞ ഒരു പ്രതിച്ഛായയില്‍ നിന്ന് ഭരണത്തെ എടുത്തുയര്‍ത്താനുള്ള വരവ് പ്രതിച്ഛായക്ക് മാറ്റുകൂട്ടും.
ഹൈകമാന്‍ഡ് എടുത്തുയര്‍ത്തിയ മന്‍മോഹന്‍സിങ്ങിനെ അത്ര മഹാനാകാന്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചവര്‍ ആരൊക്കെയായിരിക്കാം? അത് അവസരം കിട്ടാതെ പോയവരായിരിക്കാം. പുതിയ അവസരം തേടുന്നവരുമാകാം. തിരിമറികള്‍ പ്രോത്സാഹിപ്പിക്കാത്ത കൊള്ളരുതാത്തവനായി അദ്ദേഹത്തെ വിലയിരുത്തിയവരാകാം. അങ്ങനെ പലരുടെയും റോള്‍ കൂട്ടത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മേക്കപ്പ് ഒലിച്ചുപോയ പാവം ദുര്‍ബലനായി തീരാതിരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അതല്ലെങ്കില്‍ രാഷ്ട്രീയക്കളരി വശമുണ്ടാകണം. ഓരോ വീഴ്ചയും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കറുത്ത കുതിരകളുടെ അവ്യക്തമുഖം തെളിഞ്ഞുവരുന്നു. മന്‍മോഹന്‍സിങ്ങിന്റെയും ഭരണത്തിന്റെയും പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതില്‍ സഖ്യകക്ഷിയായി ഇപ്പോള്‍ പിടിവിടാന്‍ നോക്കുന്ന ഡി.എം.കെയും അതിന്റെ മന്ത്രിയായിരുന്ന സ്‌പെക്ട്രം രാജയും വഹിച്ച പങ്ക് എടുത്തുപറയേണ്ടതില്ല. പക്ഷേ, ആ വീഴ്ചയില്‍നിന്ന് കരകയറുകയല്ല, വീണ്ടും പടുകുഴിയിലേക്ക് വീഴുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. ജെ.പി.സി അന്വേഷണം തന്നെ ഉദാഹരണം. ജെ.പി.സി വന്നാല്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. ചെറുത്തു നിന്നതിനൊടുവില്‍ പ്രതിപക്ഷാവശ്യത്തിനു വഴങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇത് നേരത്തെ ചെയ്താല്‍ പോരായിരുന്നോ? ജെ.പി.സി പറ്റില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നതിനിടയില്‍ അകത്തളങ്ങളിലും പുറത്തും രൂപപ്പെട്ട സംശയങ്ങളത്രയും മന്‍മോഹനെതിരായിരുന്നു. പ്രധാനമന്ത്രിയെ ജെ.പി.സിക്ക് വിളിച്ചുവരുത്താം, അത് അദ്ദേഹം പേടിക്കുന്നു എന്നായിരുന്നു അടക്കിപ്പിടിച്ച സംസാരം. സര്‍വകക്ഷി യോഗം പലതു നടന്നു. പി.എ.സിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നുവരെ പ്രധാനമന്ത്രി വളഞ്ഞുനിന്നു. അതിനെല്ലാമിടയില്‍ പക്ഷേ, മന്‍മോഹന്റെ ആത്മാര്‍ഥതക്കും വിശ്വാസ്യതക്കും മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീണുകഴിഞ്ഞിരുന്നു. ജെ.പി.സി പറ്റില്ലെന്ന നിലപാട്, പ്രതിപക്ഷവുമായി ആവര്‍ത്തിച്ചു ചര്‍ച്ച നടത്താന്‍ നിയോഗിക്കപ്പെട്ട പ്രണബ് മുഖര്‍ജിയുടേതായിരുന്നുവെന്ന പതംപറച്ചില്‍ ഇന്ന് കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ഉറക്കെ മുഴങ്ങുന്നു.
പ്രണബ് പണ്ട് ധനമന്ത്രിയായിരിക്കുമ്പോള്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ 'സര്‍' വിളി ഇപ്പോഴും ഒഴിവാക്കിയിട്ടില്ലെന്ന് അടുത്തകാലത്ത് മേനി പറഞ്ഞത് പ്രണബ്മുഖര്‍ജി തന്നെ. അറിവും അതിന്റെ അഹന്തയും ഒരുപോലെ കൊണ്ടുനടക്കുന്ന മുഖര്‍ജിയെ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് വിശ്വാസമില്ല. അങ്ങനെയാണ് ബലവാന്‍ ഭീമന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും വിശ്വസ്ത യുധിഷ്ഠിരന്‍ പ്രധാനമന്ത്രിയാവുകയും ചെയ്തത്. പക്ഷേ, രാഷ്ട്രീയമര്‍മം അറിയാത്ത മന്‍മോഹന്‍, പ്രശ്‌നസങ്കീര്‍ണമായ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിതല സമിതികളുണ്ടാക്കി തലപ്പത്ത് മുഖര്‍ജിയെ പ്രതിഷ്ഠിച്ചു. അങ്ങനെയുണ്ടാക്കിയ മന്ത്രിതല സമിതികള്‍ മൂന്നു ഡസന്‍ വരും. തന്റെ പ്രാമാണ്യം ഉറപ്പിക്കാന്‍ സ്വന്തം നിലക്ക് ബാധ്യതപ്പെട്ട അദ്ദേഹം അധിക ബാധ്യതകളത്രയും ഏറ്റെടുത്ത് കഴിയുന്നത്ര ഭംഗിയാക്കിയപ്പോള്‍, അതിന്റെ ഇമേജത്രയും പ്രധാനമന്ത്രിക്കായി. യു.പി.എ സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍, തനിക്ക് ചവിട്ടാന്‍ മുകളിലേക്ക് ഇനിയൊരു പടി ബാക്കിയില്ലെന്നാണ് മുഖര്‍ജിക്ക് മുമ്പിലെ പരമാര്‍ഥം. അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ നേരത്ത് എണ്‍പതിലേക്ക് കാലൂന്നുന്ന തനിക്ക് ഭരണത്തില്‍ അവസാനത്തെ ഊഴമാണിതെന്ന് മുഖര്‍ജിതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. എന്തിനുമേതിനും മുഖര്‍ജി; പക്ഷേ, പ്രധാനമന്ത്രിയാകാന്‍ കൊള്ളില്ല. അങ്ങനെയുള്ള മുഖര്‍ജി എന്തിന് സ്വന്തം വിയര്‍പ്പില്‍ മന്‍മോഹനോ സര്‍ക്കാറിന് തന്നെയോ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കണം? സ്‌പെക്ട്രം രാജയോ പ്രധാനമന്ത്രി തന്നെയോ എല്ലാം അനുഭവിച്ചു തീര്‍ക്കട്ടെ. ജെ.പി.സിക്കു മുന്നില്‍ പാര്‍ലമെന്റ്‌സമ്മേളനം ഒലിച്ചു പോകട്ടെ. വില ഇനിയും മേലോട്ട് കയറട്ടെ. അതേക്കുറിച്ചൊന്നും അദ്ദേഹം വല്ലാതെ വേവലാതിപ്പെടേണ്ട കാര്യമില്ല. പറ്റുമെങ്കില്‍, പോകുന്ന പോക്കിനൊരു ഉന്ത് എന്ന നയമാണ് സ്വീകരിക്കേണ്ടത്.
ചാനല്‍ എഡിറ്റര്‍മാരെ നെഞ്ചു പൊളിച്ച് കാട്ടുന്നതിനിടയില്‍ മന്‍മോഹന്‍സിങ് സ്‌പെക്ട്രത്തില്‍ തന്നെ എല്ലാവരും ചതിച്ചു എന്നു മാത്രം തെളിച്ചു പറഞ്ഞില്ല. പക്ഷേ, അതാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ തക്കത്തിലെല്ലാം പറഞ്ഞിരുന്നു. സഖ്യകക്ഷി സമ്മര്‍ദത്തെക്കുറിച്ച് മാത്രമല്ല പ്രധാനമന്ത്രി പറഞ്ഞത്. സ്‌പെക്ട്രം ലേലം ചെയ്യണമെന്ന കാഴ്ചപ്പാട് താന്‍ മുന്നോട്ടുവെച്ചപ്പോള്‍ രാജ അനുകൂലിച്ചില്ല. എന്നിട്ടും തൃപ്തി വരാതെ വിഷയം ധനമന്ത്രിയുടെ കൂടി പരിഗണനക്ക് വിടുകയാണ് താന്‍ ചെയ്തത്. ലേലത്തിന് അനുകൂലമായാണ് അന്നത്തെ ധനമന്ത്രി പി. ചിദംബരം സംസാരിച്ചതെന്നും പിന്നീട് രാജയും ചിദംബരവും നടത്തിയ പലവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ ആ തമിഴന്മാര്‍ തര്‍ക്കം അവസാനിപ്പിച്ച് ഒന്നിക്കുകയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചെങ്കില്‍, അദ്ദേഹം രാജക്കൊപ്പം വിരല്‍ ചൂണ്ടിയത് ആരുടെ നേര്‍ക്കാണ്? അവര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു. പി.ജെ. തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി പി. ചിദംബരവും പ്രതിപക്ഷനേതാവ് സുഷമാസ്വരാജും ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ്. സുഷമാസ്വരാജിന്റെ എതിര്‍പ്പ് മാറ്റി നിര്‍ത്തി നിയമനവുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി സ്വന്തമായി തീരുമാനിച്ചെന്നോ? സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ചിദംബരം, തോമസിന്റെ ഫയലിലെ പാകപ്പിഴ തിരിച്ചറിഞ്ഞില്ലെന്നോ? തോമസിന്റെ കുറ്റവിചാരണക്ക് അനുമതി തേടുന്ന പാമോയില്‍ ഫയല്‍ ഉറങ്ങിക്കിടന്നത് പ്രധാനമന്ത്രിയുടെ കീഴിലെ പേഴ്‌സനല്‍ മന്ത്രാലയത്തിലാണെന്നിരിക്കേ, പ്രധാനമന്ത്രിക്ക് കുറ്റമേല്‍ക്കാതെ വയ്യ. അറിവിന്റെ കാര്യത്തില്‍ തന്നെ കീഴടക്കാന്‍ ആരുമില്ലെന്ന അഹങ്കാരത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലാത്ത ചിദംബരം കൂളായി തടിയൂരി. കാര്യങ്ങള്‍ കുഴങ്ങിയപ്പോള്‍ തോമസ് രാജിവെക്കണമെന്ന കാഴ്ചപ്പാടിലേക്ക് സ്വകാര്യമായി ചിദംബരം കൂറുമാറി. തങ്ങള്‍ക്കാണ് നിയമത്തിന്റെ തലനാരിഴ കീറാന്‍ കൂടുതല്‍ വശമെന്ന് കണ്ട് സുപ്രീംകോടതി നിരങ്ങാന്‍ തീരുമാനിച്ചവര്‍ തോല്‍ക്കുകയും ചെയ്തു.
കറുത്ത കുതിരകളുടെ എണ്ണം അവിടെ തീരുന്നില്ല. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തി രാജ്യത്തിന് പെരുമയുണ്ടാക്കേണ്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ഇത്രത്തോളം കുളമാക്കാന്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മക്ക് മുന്നില്‍ പലര്‍ക്കും അത്യധ്വാനം തന്നെ നടത്തേണ്ടി വന്നു. സ്‌പെക്ട്രം മുതല്‍ സി.വി.സി വരെയുള്ള സുപ്രീംകോടതിയിലെ പല കേസുകളിലും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമമന്ത്രാലയത്തിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും തീവ്രശ്രമം നടത്തേണ്ടി വരുന്നു. പ്രധാനമന്ത്രിക്ക് കീഴിലെ പേഴ്‌സനല്‍ മന്ത്രാലയം കൊണ്ടുനടക്കുന്ന സി.ബി.ഐ ഇപ്പോള്‍ സ്‌പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമൊക്കെ അന്വേഷിക്കുന്നത് സ്വാധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അടിപ്പെട്ട പൂര്‍വകാലം മാറ്റിവെച്ച്, സുപ്രീംകോടതിയില്‍ നിന്ന് വെടികൊണ്ട പുലിയെപ്പോലെയാണ്. ബഹിരാകാശ ഗവേഷണസ്ഥാപനം സ്വകാര്യ കമ്പനിക്ക് വേണ്ടി ഉപഗ്രഹം വിക്ഷേപിക്കാന്‍ വിവാദ എസ്-ബാന്‍ഡ് കരാര്‍ ഒപ്പിട്ടത്, വകുപ്പിന്റെ തലപ്പത്ത് പ്രധാനമന്ത്രിയെത്തന്നെ വെച്ചുകൊണ്ടാണ്. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍ കൊണ്ട് മാത്രം ദുര്‍ബലനും നിസ്സഹായനുമായി പോകുന്ന ഒരു പ്രധാനമന്ത്രിക്ക് ഇത്രയധികം ചെയ്തുകൂട്ടാന്‍ കഴിയില്ല. രാഷ്ട്രീയവും അഴിമതിയുമൊക്കെ നിരന്തരം തിരിച്ചറിയാതിരിക്കാന്‍ വേണ്ടതിലേറെ വിവരക്കേടു വേണം! അതിനെല്ലാം നിസ്സഹായന്‍ നടത്തുന്ന ഏറ്റുപറച്ചില്‍ കേട്ടിരിക്കാന്‍ അതിലേറെ വിവരക്കേടു വേണം!

Followers