സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, March 16, 2011

സ്‌ഥാനാര്‍ഥികളെ ജനങ്ങള്‍ കൂടി തീരുമാനിക്കട്ടെ

പി.സുരേന്ദ്രന്‍


ഒരു യു.ഡി.എഫ്‌. നേതാവ്‌ ഒരു പത്രസ്‌ഥാപനത്തിന്റെ ഓഫീസില്‍ ചെന്നു സംസാരിച്ച കാര്യം ഒരു പത്രപ്രവര്‍ത്തകന്‍ ഞാനുമായി പങ്കുവെച്ചു. യു.ഡി.എഫ്‌. പ്രതീക്ഷകള്‍ പൊടുന്നനെ അട്ടിമറിഞ്ഞതിനെപ്പറ്റിയാണു നേതാവ്‌ സംസാരിച്ചത്‌. ഏകപക്ഷീയമായി വിജയിച്ചു കയറുമെന്ന്‌ അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. വിജയിച്ചാല്‍ തന്നെ നന്നേ പ്രയാസപ്പെട്ട്‌, സീറ്റു പെറുക്കിയെടുത്തു വിജയിക്കുന്നതായിരിക്കും.

ഇതു ജനാധിപത്യത്തിന്റെ ഒരു സാധ്യതയാണ്‌. ഏതു ചരിത്രമുഹൂര്‍ത്തത്തിലും ഒരു അട്ടിമറി പ്രതീക്ഷിക്കാവുന്നവിധം ജനതയുടെ മനോഭാവം മാറിക്കൊണ്ടിരിക്കും. വോട്ടുകള്‍ മാറിമറിയാന്‍ അത്ര സമയമൊന്നും വേണ്ട. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനു വല്ലാത്ത ആത്മവിശ്വാസമായിരുന്നു. യു.ഡി.എഫ്‌. നേതാക്കളുടെ ശരീരഭാഷ ആകെ മാറിപ്പോയി. ജനങ്ങള്‍ കാണിക്കുന്ന ഉദാരതയാണു രാഷ്‌ട്രീയ നേതാക്കളുടെ ഭാവി രൂപപ്പെടുത്തുന്നത്‌. തെരഞ്ഞെടുപ്പു കഴിയുന്നതോടെ അവര്‍ ജനങ്ങളെ മറക്കുകയും ചെയ്യും. സമരോത്സുകതയിലൂടെയായിരിക്കണം രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അവരുടെ പരാജയത്തില്‍നിന്നു കര കയറേണ്ടത്‌. യു.ഡി.എഫിന്‌ അതു കഴിഞ്ഞിട്ടുമില്ല.

ജാതി/ഗോത്ര/സമുദായ പിന്തുണയോടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നു. അഴിമതിയിലും പെണ്‍വിഷയത്തിലും ഒക്കെ അകപ്പെട്ടവര്‍ക്കുവേണ്ടി സിന്ദാബാദ്‌ വിളിക്കുന്ന വിധം സമുദായ രാഷ്‌ട്രീയം ജീര്‍ണിച്ചു.

ബാലകൃഷ്‌ണപിള്ളയ്‌ക്കുവേണ്ടി നടന്ന റാലി ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ പിന്തുണയുള്ള ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ അഹങ്കാരവും ജീര്‍ണതയുമാണു വെളിപ്പെടുത്തുന്നത്‌. ഇത്രയ്‌ക്കു പാടില്ല. നായര്‍ രാഷ്‌ട്രീയം അത്രയ്‌ക്കു ജീര്‍ണിച്ചുകഴിഞ്ഞോ കേരളത്തില്‍? ഞങ്ങളും ഇക്കാര്യത്തില്‍ അത്ര മോശമല്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു മാപ്പിള രാഷ്‌ട്രീയവും പിന്നില്‍ തന്നെ ഉണ്ടല്ലോ. മലയാളിയെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. അബ്‌ദുള്‍ നാസര്‍ മഅദനിയെ പിന്തുണയ്‌ക്കുന്നതില്‍ പോലും ഒരന്തസുണ്ട്‌. മദനി ജയിലില്‍ കിടക്കുന്നത്‌ എന്തായാലും ഒരു രാഷ്‌ട്രീയ നിലപാടാണ്‌. ആ രാഷ്‌ട്രീയത്തെ നമുക്ക്‌ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

മാവോയിസ്‌റ്റ് നിലപാടുകളിലുമുണ്ട്‌ ഒരു രാഷ്‌ട്രീയം. തീര്‍ച്ചയായും ഭാരതത്തിലെ ഭരണകൂടത്തെയും നിയമവ്യവസ്‌ഥയേയും അംഗീകരിക്കില്ലെന്ന്‌ ഒരു വ്യക്‌തിക്കു വേണമെങ്കില്‍ പറയാം. പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യാം. അതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നതിലോ എന്തിനു തൂക്കിലേറ്റപ്പെടുന്നതില്‍ പോലുമോ ഒരന്തസുണ്ട്‌. പക്ഷേ, അഴിമതിയുടെ പേരിലും പെണ്‍വിഷയത്തിന്റെ പേരിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ ഒരന്തസുമില്ല. അത്തരക്കാര്‍ക്കുവേണ്ടി അണികള്‍ തെരുവിലിറങ്ങുന്നത്‌ അശ്ലീലം തന്നെയാണ്‌. സമുദായത്തിലെ സദാചാരം നിലനില്‍ക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള സമുദായമാണു മുസല്‍മാന്റേത്‌. എന്നിട്ടും ഇപ്പോള്‍ ആ സമുദായം മുസ്ലിം രാഷ്‌ട്രീയത്തിന്റെ പേരില്‍ പെരുമാറുന്ന രീതികള്‍ പടച്ചോന്‍ പൊറുക്കുന്നതാണോ? തന്റെ സവര്‍ണ പശ്‌ചാത്തലമാണു ബാലകൃഷ്‌ണപിള്ളയ്‌ക്കു സഹായകമായത്‌.

സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്കുവേണ്ടി മുസല്‍മാന്‍മാരോ ദളിതരോ ആണു ജാഥ നടത്തിയതെങ്കിലോ? എന്തായിരിക്കും മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ഹാലിളക്കം. മാവോയിസ്‌റ്റ് ഭീഷണി, മുസ്ലിം തീവ്രവാദ ഭീഷണി എന്നൊക്കെ പറഞ്ഞ്‌ എന്തെല്ലാം കഥകള്‍ മെനഞ്ഞിരിക്കും? സത്യത്തില്‍ യു.ഡി.എഫ്‌. ഒരങ്കലാപ്പിലെത്തിയിട്ടുണ്ട്‌. അതിന്റെ പ്രകടനമാണു ബാലകൃഷ്‌ണപിള്ള വിഷയത്തില്‍ സംഭവിച്ചത്‌. കേരളത്തില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കും തീര്‍ത്തും സുരക്ഷിതമെന്നു പറയാവുന്ന ഒരു സീറ്റുമില്ല. ഇനി മുതല്‍ പ്രശ്‌നാധിഷ്‌ഠിത പിന്തുണയേ ജനങ്ങള്‍ നല്‍കൂ. സുരക്ഷിത സീറ്റിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നതു ലീഗായിരുന്നു. ആ അഹങ്കാരത്തെയാണു കുറ്റിപ്പുറത്ത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താത്തമാരെല്ലാം ചേര്‍ന്നു കുഴിച്ചുമൂടിയത്‌.

കഷ്‌ടിച്ച്‌ ആ പരുക്കില്‍നിന്നു ലീഗ്‌ കരകേറിയതേയുള്ളൂ. അതില്‍ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിനു വലിയ പങ്കുണ്ട്‌. പരമ്പരാഗത ലീഗ്‌ രാഷ്‌ട്രീയത്തിന്‌ അപരിചിതമായ ചുവടുകള്‍ വെച്ചാണു യൂത്ത്‌ലീഗ്‌ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധ നേടിയത്‌. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്‌ കേരളീയ സാമൂഹിക ജീവിതത്തില്‍ കേവല സമുദായ ചിന്തയുടെ അതിരു ഭേദിച്ചു സക്രിയമായി ഇടപെട്ടു യൂത്ത്‌ലീഗ്‌. ഒരു ധൈഷണിക നേതൃത്വത്തിന്റെ സാന്നിധ്യവും അത്‌ അടയാളപ്പെടുത്തി. ലീഗ്‌ തോല്‍ക്കാന്‍ പാടില്ല എന്നു കരുതുന്ന ഒരാളാണു ഞാന്‍. മുസ്ലിം രാഷ്‌ട്രീയത്തെ ജനാധിപത്യത്തിന്റെ സര്‍ഗാത്മകതയില്‍ നിലനിര്‍ത്തുന്നതില്‍ ലീഗിന്റെ പങ്ക്‌ വളരെ വലുതാണ്‌. തീര്‍ച്ചയായും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ സദാചാരപരമായ ജാഗ്രത കൊണ്ടു ലീഗിന്‌ ഈ പ്രതിസന്ധിയെ മറികടക്കാം. ഹരിതപതാക നെഞ്ചിലേറ്റി നടക്കുന്ന പാവപ്പെട്ട മാപ്പിള മക്കളോടു സ്വകാര്യമായി ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും ലീഗിനു പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍. ലീഗിനെ നിയന്ത്രിക്കുന്ന ആത്മീയ നേതൃത്വത്തിനും ജാഗ്രത ഇല്ലാതായി. പാണക്കാട്ടുനിന്നു കേരളം പ്രതീക്ഷിക്കുന്ന ഉദാത്തമായ ചില നിലപാടുകളുണ്ട്‌.

സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണ്‌. പല മണ്ഡലങ്ങളിലും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്ന സ്‌ഥാനാര്‍ഥികളുണ്ട്‌. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ അതിരിനപ്പുറത്തേക്കു വളര്‍ന്ന ജനനേതാക്കള്‍. അവരില്‍ സ്‌ത്രീകളും പുരുഷന്മാരുമുണ്ട്‌. കോട്ടയം മണ്ഡലത്തിന്റെയൊക്കെ ചില പുതിയ വിശേഷങ്ങള്‍ പത്രങ്ങളില്‍ കണ്ടു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഭൂപടത്തിലൊന്നുമില്ലാത്ത ഏതോ ഒരു ചക്കിക്കുവേണ്ടി പിതാവായ കേന്ദ്രമന്ത്രി കരുനീക്കം നടത്തുന്ന വാര്‍ത്ത. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലൊക്കെ ഇതിലപ്പുറവും നടക്കും. ആ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വെല്ലുവിളിയാവുന്ന സ്‌ഥാനാര്‍ഥിയുടെ പേരു കോട്ടയത്തെ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ മാത്രമല്ലല്ലോ അറിയാവുന്നത്‌? ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും അറിയാം.

പ്രസ്‌ഥാനത്തിനുവേണ്ടി ജീവിതം തന്നെ കളഞ്ഞവരെ ക്രൂരമായി തഴഞ്ഞ്‌ ഇറക്കുമതികള്‍ക്കുവേണ്ടി ജയ്‌ വിളിക്കാന്‍ പോയി പാപം ഏറ്റുവാങ്ങുന്നത്‌ എന്തിനാണെന്ന്‌ ഉമ്മന്‍ചാണ്ടിയും രമേശും സുധീരനുമൊക്കെ ആലോചിക്കട്ടെ. പക്ഷേ, പാര്‍ട്ടികള്‍ക്കു പുറത്താണു ജയിക്കാനുള്ള വോട്ട്‌ എന്ന്‌ അവരറിയണം.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പരാധീനത ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യമാണ്‌. ജയിച്ചില്ലേലും എതിര്‍ ഗ്രൂപ്പുകാരനു പാര പണിതാല്‍ മതി എന്ന തോന്നല്‍ മനോരോഗം പോലെ കോണ്‍ഗ്രസിനെ ഗ്രസിക്കുകയാണോ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിയെ വീഴ്‌ത്തിയത്‌ ഈ മനോരോഗമാണ്‌. പട്ടാമ്പിയില്‍ പോയി അന്വേഷിച്ചാല്‍ അതറിയാം. ആരാധ്യനായ ഒരു കോണ്‍ഗ്രസ്‌ നേതാവിനെതിരേ പ്രാദേശിക നേതൃത്വത്തില്‍ നടന്ന നീക്കം ഫലത്തില്‍ രാജേഷിനു ഗുണമായി. പാച്ചേനി ഇരയുമായി. ഇത്തരം ചതികളാണു കോണ്‍ഗ്രസിന്റെ ശാപം.

കേരളത്തില്‍ അരാഷ്‌ട്രീയ മനസുള്ള മധ്യവര്‍ഗം പെരുകുന്നു. അവരാണു തെരഞ്ഞെടുപ്പിലെ സമവാക്യങ്ങളെ തെറ്റിക്കുന്നത്‌. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാക്കുന്നതും അവരാണ്‌. അരാഷ്‌ട്രീയത മറ്റൊരു പ്രശ്‌നമാണെങ്കിലും ഈ മധ്യവര്‍ഗമനസ്‌ ജനാധിപത്യത്തില്‍ ഒരനുഗ്രഹമാണ്‌. അധികാര ഭ്രമം കൊണ്ടു രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കു നില തെറ്റാതിരിക്കാന്‍ അതു നല്ലതാണ്‌.

അച്യുതാനന്ദനെ മാത്രം മുന്നില്‍വച്ചുകൊണ്ടാണ്‌ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ അത്‌ അവരുടെ രാഷ്‌ട്രീയമായ പരാധീനതയാണ്‌. കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ വ്യക്‌തികളെ ആശ്രയിച്ചുകൂടാ. വി.എസ്‌. എന്ന വ്യക്‌തിയെ ആരാധിക്കേണ്ടതില്ല. ഒരിക്കല്‍ വി.എസ്‌. ഉയര്‍ത്തിയ രാഷ്‌ട്രീയത്തെ അദ്ദേഹം തന്നെ ഇപ്പോള്‍ പിന്തുണയ്‌ക്കുമോ? ഇല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ജനപക്ഷ രാഷ്‌ട്രീയം ഇല്ലാത്ത വി.എസിനെക്കൊണ്ടു മലയാളിക്ക്‌ ഒരു പ്രയോജനവുമില്ല. ആര്‍ക്കും അനുകൂല തരംഗമില്ലാത്ത ഒരു തെരഞ്ഞെടുപ്പാണിത്‌. അതിനാല്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ ജാഗ്രത വേണ്ടിവരും.

ചെറു പാര്‍ട്ടികള്‍ക്കു വിലപേശല്‍ അവസരം നല്‍കാത്ത ഭൂരിപക്ഷം മുഖ്യധാരാ പാര്‍ട്ടികള്‍ക്കു ലഭിക്കണം. അതിനുള്ള സാധ്യത നന്നേ കുറഞ്ഞ അന്തരീക്ഷണമാണുള്ളത്‌. ഈ തെരഞ്ഞെടുപ്പിനു ശേഷം തൂക്കു നിയമസഭ വന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. ഗൗരിയമ്മയുടെ ഭീഷണിക്കുപോലും വഴങ്ങേണ്ട വിധത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ദുര്‍ബലമാവുകയാണ്‌. ഒരു പഞ്ചായത്തു പോലും ഒറ്റയ്‌ക്കു പിടിക്കാന്‍ കെല്‍പ്പില്ലാത്ത ഇത്തരം പാര്‍ട്ടികളെ ഏറ്റി നടക്കേണ്ടിവരുന്നതാണു കോണ്‍ഗ്രസിന്റെ ശാപം. വീരേന്ദ്രകുമാറും ജനതാദളുമാണു യു.ഡി.എഫിന്റെ പുതിയ സാധ്യത. യു.ഡി.എഫിന്‌ ഒരു ഇടത്‌/സോഷ്യലിസ്‌റ്റ് മനസു നല്‍കാന്‍ ആ പാര്‍ട്ടിക്കു സാധിക്കും. ചെറുതെങ്കിലും സുശക്‌തമായ അടിത്തറയും നിലപാടുകളും ആ പാര്‍ട്ടിക്കുണ്ട്‌. യു.ഡി.എഫില്‍ അതു തിരിച്ചറിയപ്പെടുന്നുണ്ടോ എന്നു സംശയമാണ്‌.

മലബാറിനെ സംബന്ധിച്ച്‌ എല്‍.ഡി.എഫിനുണ്ടായ വലിയ നഷ്‌ടമാണു വീരനിലൂടെ സംഭവിച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫിന്‌ അതു ലാഭമായി മാറേണ്ടതുമാണ്‌. എത്ര വലിയ ജനനേതാവാണെങ്കിലും ഗൗരിയമ്മയ്‌ക്കിനി കേരള രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്‌തിയുമില്ല. ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ കേരളമറിയുന്ന ഒരു നേതാവും അവര്‍ക്കില്ല. എന്നിട്ടും ഈ ഈര്‍ക്കില്‍ പാര്‍ട്ടി ഇത്രയ്‌ക്ക് അഹങ്കരിക്കുന്നത്‌ എന്തിനാണാവോ?

No comments:

Followers