സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, March 7, 2011

പാക്കിസ്ഥാന്‍ ഒരു പരാജയം

എല്‍.കെ. അദ്വാനി
കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളില്‍ ഞാന്‍ അസംഖ്യം പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇവയില്‍ അവിസ്മരണീയമായ ഒന്ന്‌ എം.ജെ. അക്ബറിന്റെ 'ടിന്‍ഡര്‍ ബോക്സ്‌: പാക്കിസ്ഥാന്റെ ഭൂതവും ഭാവിയും' എന്ന ഗ്രന്ഥം വൈസ്‌ പ്രസിഡന്റ്‌ ശ്രീഹമീദ്‌ അന്‍സാരി പുറത്തിറക്കിയ ചടങ്ങാണ്‌. ആദരണീയനായ അന്‍സാരി എം.ജെ.അക്ബറിന്റെ ഏറ്റവും മികച്ച കൃതി എന്ന്‌ ഗ്രന്ഥത്തെ വിശേഷിപ്പിച്ചു.

പാക്കിസ്ഥാന്‍ എന്ന പ്രകൃതിവിരുദ്ധരാജ്യ സൃഷ്ടിക്ക്‌ പ്രേരകമായ കാര്യങ്ങളെ മാത്രമല്ല അതിന്റെ ഉന്നത രോഗാതുരതക്ക്‌ ഹേതുവായ വിഷയങ്ങളേയും സമര്‍ത്ഥമായി അക്ബര്‍ അപഗ്രഥിക്കുന്നു.

അക്ബര്‍ പറയുന്നു: "................അത്‌ സ്ഥിരത കൈവരിക്കുകയുമില്ല വിഘടിച്ചു പോകയുമില്ല. അതിന്റെ ആണവായുധപ്പുര പാക്കിസ്ഥാനെ ഒരു അഗ്നിപര്‍വതമാക്കുന്നു. അത്ര സുഖപ്രദമായ ഒരു ചിന്തയല്ലിത്‌." ഹയാറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അതിവിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. അക്ബറിന്റെ പുസ്തകം പ്രകാശനം ചെയ്ത ദിവസം ബീഭത്സമായ ഒരു ദുരന്തം പാക്കിസ്ഥാനില്‍ സംഭവിച്ചു. പാക്കിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ പഞ്ചാബിലെ ഗവര്‍ണര്‍ സാല്‍മാന്‍ തസീര്‍, മാലിക്‌ മുംതാസ്‌ കാദ്രി എന്ന അംഗരക്ഷകനാല്‍ വെടിവച്ചു കൊല്ലപ്പെട്ടു. ദൈവദൂഷണം ആരോപിക്കപ്പെട്ട്‌ വധശിക്ഷ നേരിടാനിരിക്കുന്ന ആസിയാ ബീവി എന്ന ക്രിസ്ത്യന്‍ വനിതയെ വെട്ടിത്തുറന്ന്‌ പിന്തുണച്ചതിനെത്തുടര്‍ന്നാണ്‌ മതഭ്രാന്തന്മാരുടെ ക്രോധത്തിന്‌ സല്‍മാന്‍ ഇരയായത്‌. മതനിന്ദാ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ അദ്ദേഹം സുധീരം ആവശ്യപ്പെട്ടിരുന്നു.

തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ അക്ബര്‍ ഇങ്ങനെ എഴുതുന്നു. "മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും സഹവര്‍ത്തിച്ചു കഴിയാവുന്ന ഒരു മതേതര രാഷ്ട്രത്തിന്റെ സാധ്യതയെ ഭഞ്ജിച്ചുകൊണ്ടും പാക്കിസ്ഥാന്‍ എന്ന ഒരു പുത്തന്‍ രാഷ്ട്രത്തില്‍ മുസ്ലീങ്ങള്‍ ഭൗതികമായി സുരക്ഷിതരായിരിക്കുമെന്നും അവരുടെ മതം ഭദ്രമായിരിക്കുമെന്നും വിശ്വസിച്ചുകൊണ്ടും ബ്രിട്ടീഷ്‌ ഇന്ത്യയിലെ മുസ്ലീങ്ങള്‍ 1947 ല്‍ ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്തു. ഈ പ്രത്യാശക്കു വിപരീതമായി, ആറു ദശാബ്ദങ്ങള്‍ക്കുള്ളില്‍, ഭൂമിയിലെ ഏറ്റവും അക്രമബഹുലമായ രാജ്യമായി പാക്കിസ്ഥാന്‍ പരിണമിച്ചു. അങ്ങനെ സംഭവിച്ചത്‌ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കിയതുകൊണ്ടല്ല, മറിച്ച്‌ മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കിയതുകൊണ്ടാണ്‌".

മേല്‍പ്പറഞ്ഞ ദൃഢവിശ്വാസം മൂലം എം.ജെ.അക്ബര്‍ പുസ്തകപ്രകാശനവേളയില്‍ നടത്തിയ ലഘുപ്രസംഗത്തില്‍ പറഞ്ഞു: "സല്‍മാന്‍ തസീര്‍ ഇന്ത്യയിലായിരുന്നുവെങ്കില്‍, അദ്ദേഹം കൊല്ലപ്പെടുകയില്ലായിരുന്നു." പ്രസ്തുത ചടങ്ങില്‍ സംബന്ധിച്ച ഹമീദ്‌ അന്‍സാരി മാത്രമല്ല ഹാര്‍പര്‍ കോളിന്‍സ്‌ ചെയര്‍മാന്‍ അരുണ്‍പുരി, ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി തുടങ്ങിയവരൊക്കെ പുസ്തകത്തിന്റെ ഉള്ളടക്കത്താല്‍ പ്രചോദിതരായി ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഇന്നത്തെ അവസ്ഥകളേയും വിജയപരാജയങ്ങളേയും കുറിച്ച്‌ സംസാരിച്ചു.

കുറച്ചു വാക്കുകള്‍ പറയാന്‍ ക്ഷണിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഞാന്‍ 2005 ലെ എന്റെ പാക്‌ സന്ദര്‍ശനത്തില്‍ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പാക്കിസ്ഥാനിലെ അന്നത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കിയ സ്വീകരണത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികളും മൂന്നോ നാലോ മന്ത്രിമാരും പങ്കെടുത്തിരുന്നു. പല രാഷ്ട്രീയക്കാരും എന്റെ നേരെ തൊടുത്ത ഒരു ചോദ്യമിതായിരുന്നു: മിസ്റ്റര്‍ അദ്വാനി അങ്ങ്‌ സിന്ധിവംശജനാണ്‌. അങ്ങയുടെ ജീവിതത്തിലെ ആദ്യ 20 വര്‍ഷങ്ങള്‍ കറാച്ചിയിലായിരുന്നു. ഇന്ന്‌ അങ്ങ്‌ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന്‌ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരിക്കുന്നു. അങ്ങയുടെ ജന്മസ്ഥലം, വംശം എന്നിവ രാഷ്ട്രീയ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചില്ലേ? എന്റെ ഉത്തരം: ഒരിക്കലുമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിന്ധ്‌, വടക്ക്‌ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്‌, കിഴക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന്‌ രാജസ്ഥാന്‍, യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേക്ക്‌ കുടിയേറി കോണ്‍ഗ്രസ്‌, ജനസംഘം, സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്നിവയില്‍ ചേര്‍ന്ന്‌ രാഷ്ട്രീയത്തില്‍ സജീവമായവര്‍ രാഷ്ട്രീയമുഖ്യധാരയുടെ അവിഭാജ്യഘടകങ്ങളായി മാറുകയാണുണ്ടായത്‌. എന്നാല്‍ യുപി, രാജസ്ഥാന്‍, ഗുജറാത്ത്‌, ബീഹാര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന്‌ പാക്കിസ്ഥാനിലേക്ക്‌ വന്ന മുസ്ലീങ്ങള്‍ 50 കൊല്ലം കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ മുജാഹിദുകള്‍ (അഭയാര്‍ത്ഥികള്‍) ആയിത്തന്നെ തുടരുന്നതും അവര്‍ക്ക്‌ എംക്യുഎം എന്ന പ്രത്യേക പാര്‍ട്ടി രൂപീകരിക്കേണ്ടിവന്നതും നിങ്ങള്‍ പരിചിന്തനത്തിന്‌ വിധേയമാക്കണം.

സകലതിനേയും 'സാത്മീകരിക്കുക' എന്നതാണ്‌ ഇന്ത്യയുടെ പ്രകൃതിയും മനോഭാവ വിശേഷവും. പാക്കിസ്ഥാന്റേതാകട്ടെ വര്‍ജ്ജനവും. പ്രമുഖ സുന്നി ദൈവശാസ്ത്രജ്ഞനും ബുദ്ധിജീവിയുമായിരുന്ന ഷാ വലിയുള്ള 'അകലം പാലിക്കാനും ഇസ്ലാമിക പരിശുദ്ധിയെ സംരക്ഷിക്കാനും' ആഹ്വാനം നല്‍കിയിരുന്നു. അമുസ്ലീങ്ങളായ അവിശ്വാസികളുടെ സൈനികശൗര്യത്താലും സാംസ്കാരിക വീര്യത്താലും ഭീഷണി നേരിടുന്ന സമൂഹത്തിന്‌ അത്‌ മാത്രമാണ്‌ രക്ഷ എന്നു വലിയുളള നിര്‍ദ്ദേശിച്ചു.

ഈ പുസ്തകം താഴെ പറയുന്ന അനുഭവ പ്രത്യക്ഷമായ നിരീക്ഷണം നടത്തുന്നു. "ജിന്ന ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്റെ ഭരണക്രമത്തിലെ ഇസ്ലാമിന്റെ പങ്ക്‌ ചര്‍ച്ചാവിഷയമായിരുന്നു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ ജിന്നയ്ക്ക്‌ പാക്കിസ്ഥാന്റെ ഗോഡ്ഫാദര്‍ മൗലാനാ മൗദൂദി വെല്ലുവിളി ഉയര്‍ത്തി. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി തെക്കേ ഏഷ്യയിലെ ഇസ്ലാമിക മൗലിക വാദത്തിന്റെ ആശാനും കൂടി ആയിരുന്നു. ലോകമെമ്പാടും പടര്‍ന്നു പിടിച്ച ഇസ്ലാമിക മതമൗലിക വാദത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ഇയാളാണ്‌. തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഇസ്ലാമിസത്തിന്‌ പാക്കിസ്ഥാനില്‍ ജനപിന്തുണ കാര്യമായി ഇല്ല എന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. എങ്കിലും നിയമനിര്‍മാണത്തിലും രാഷ്ട്രീയതലത്തിലും അതിന്റെ സ്വാധീനം വളരെ വലുതാണ്‌.

മൗദൂദിയുടെ അരുമശിഷ്യന്‍, 1976 മുതല്‍ ഒരു ദശാബ്ദം ഉരുക്കുമുഷ്ടിയില്‍ പാക്കിസ്ഥാന്‍ ഭരിച്ച, ജനറല്‍ സിയാ ഉള്‍ ഹക്ക്‌ മിതവാദികളെ ഒരൊറ്റ ഉശിരന്‍ ചോദ്യംകൊണ്ട്‌ ഇരുത്തിക്കളഞ്ഞു. "ഇസ്ലാമിന്‌ വേണ്ടിയല്ല പാക്കിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍, പിന്നെന്തിനായിരുന്നു, ഒരു രണ്ടാംകിട ഇന്ത്യയാകാനോ?" ആമുഖം അക്ബര്‍ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെ: "ഗോഡ്ഫാദര്‍ മൗദൂദിയുടെ പ്രത്യയശാസ്ത്ര സന്തതികളെ ഒതുക്കാന്‍ പാക്കിസ്ഥാന്റെ പിതാവ്‌ ജിന്നയുടെ പിന്‍ഗാമികള്‍ക്ക്‌ കഴിഞ്ഞാല്‍ മാത്രമെ സുസ്ഥിരമായ ആധുനിക പാക്കിസ്ഥാന്‍ നിലവില്‍ വരൂ".

No comments:

Followers