സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, March 13, 2011

സീറ്റ് ഭിക്ഷാടനം-ഇന്ദ്രന്‍

സീറ്റ് വിഭജന- സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ കെ.പി.സി.സി. ഓഫീസിലെ ബഹളം കണ്ട് പരിഹസിക്കേണ്ട. കോണ്‍ഗ്രസ് പ്രതിഭാസമ്പന്നമായ പാര്‍ട്ടിയാണ്. എം. എല്‍.എ. ആകാന്‍ ഏറ്റവും യോഗ്യന്‍ താന്‍തന്നെ എന്നുവിശ്വസിക്കുന്ന 101 കോണ്‍ഗ്രസ്സുകാര്‍ ഓരോ മണ്ഡലത്തിലും കാണും. അവര്‍ക്കും അനുയായികള്‍ക്കും ഇന്ദിരാഭവനിലേക്ക് പോയല്ലേ പറ്റൂ. ജയിക്കണമെങ്കില്‍ ഇന്നയാളെത്തന്നെ സ്ഥാനാര്‍ഥിയാക്കണം എന്നുപറയാനൊരു സംഘം, ആരെ സ്ഥാനാര്‍ഥിയാക്കിയാലും മറ്റവനെ ആക്കരുതെന്ന് പറയാനൊരു സംഘം...അങ്ങനെയാണ് തിരുവനന്തപുരത്തെ ട്രാഫിക് ബ്ലോക്കാവുന്നത്. ഇ.അഹമ്മദ് റെയില്‍വേ വകുപ്പില്‍ത്തന്നെയായിരുന്നെങ്കില്‍ ഓരോ സ്‌പെഷല്‍ തീവണ്ടി സീസണ്‍ തീരുംവരെ ഏര്‍പ്പെടുത്താമായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക എന്നത് ഏത് പാര്‍ട്ടിയുടെയും മോഹമാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും. യു.ഡി.എഫിനെ അക്കാര്യത്തില്‍ തോല്പിക്കാനാവില്ല. സീറ്റിന് വേണ്ടിയുള്ള കടിപിടി കണ്ട് വോട്ടര്‍മാര്‍ മുന്നണിയെ കൈവെടിയുമെന്നൊന്നും ഭയപ്പെടേണ്ട. വെടിയുമായിരുന്നെങ്കില്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെടിയേണ്ടതായിരുന്നു. സീറ്റ് വിതരണ കടിപിടിയില്‍ സര്‍വകാല റെക്കോഡ് ആയിരുന്നു അന്നത്തേത്. ഹൈക്കമാന്‍ഡിലേക്കുള്ള പാച്ചിലും ടിക്കറ്റ് വാങ്ങാനുള്ള ക്യൂവിലെ കാലുവാരലും സ്ഥാനാര്‍ഥികളെ മാറ്റിമറിക്കലും നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിവസത്തിന് ശേഷവും തുടരുന്നുണ്ടായിരുന്നു. ലീഡറുടെ അവസാനത്തെ വലിയ അങ്കം ആയിരുന്നു അത്. എന്നിട്ടെന്താണ് സംഭവിച്ചത്? യു.ഡി.എഫിന് സീറ്റ് നുറാണ് കിട്ടിയത്. 2006 ല്‍ പൂരം സി.പി.എം. കോലായയിലേക്ക് നീങ്ങി. വി.എസ്സിന്റെ പേര് വെട്ടുന്നതിന്റെയും ചേര്‍ക്കുന്നതിന്റെയും കോലാഹലം കാരണം ചാനലുകാര്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയുമൊന്നും കണ്ടാല്‍ വകവെക്കാതായിരുന്നു. ജയിച്ചത് സി.പി.എം-നൂറുസീറ്റ്.

ഇത്തവണത്തെ യു.ഡി.എഫ്. സീറ്റ് വിഭജനം മെഗാ ഷോ ആയിരിക്കുമെന്ന് രണ്ടുവര്‍ഷംമുമ്പേ ഉറപ്പായിരുന്നു. 140 സീറ്റ് രണ്ട് മുന്നണിയിലെയും ഏതെങ്കിലും ഒരു കക്ഷിയുടെ സിറ്റിങ് സീറ്റ് ആയതുകൊണ്ട് മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ വലിയ കോലാഹലം ഉണ്ടാകാറില്ല. സിറ്റിങ് സീറ്റ് എന്നുപറഞ്ഞാല്‍ ഒരു കക്ഷിക്ക് ലോകാവസാനം വരെ ചാര്‍ത്തിക്കൊടുത്ത സീറ്റ് എന്നാണ് അര്‍ഥം. സീറ്റ് വിഭജനത്തില്‍ ചില്ലറ കൊടുക്കല്‍വാങ്ങല്‍ മാറ്റങ്ങളേ ഉണ്ടാകാറുള്ളൂ. സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് വലിയ വെടിക്കെട്ടുകള്‍ ഉണ്ടാകാറുള്ളത്. മുന്നണിക്കകത്ത് ഊക്കന്‍ അടിപിടി ഉണ്ടാക്കണമെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. സിറ്റിങ് സീറ്റ് കുറെ കൈവശമുള്ള ഒരു പാര്‍ട്ടിയെ അങ്ങോട്ടുകയറ്റിവിടുക. ബാക്കി അവരായിക്കൊള്ളും.

എത്ര കക്ഷികളാണ് ഇത്തവണ അങ്ങനെ യു.ഡി.എഫില്‍ എത്തിയത് എന്ന് ഉമ്മന്‍ചാണ്ടിക്കോ പി.പി.തങ്കച്ചനോ നിശ്ചയമുണ്ടാകണമെന്നില്ല. ഇരുപത്തഞ്ച്-മുപ്പത് കൊല്ലത്തിനിടയില്‍ ജയിച്ചതും തോറ്റതുമെല്ലാം സിറ്റിങ് സീറ്റ് എന്ന നിര്‍വചനത്തില്‍ പെടും. അങ്ങനെ പരിഗണിച്ചാല്‍ യു.ഡി.എഫിന് മത്സരിക്കാന്‍ 300 സീറ്റുകളെങ്കിലും കിട്ടിയാലേ എല്ലാ സിറ്റിങ്ങുകാര്‍ക്കും കസേര കൊടുക്കാന്‍ പറ്റൂ. സോഷ്യലിസ്റ്റ് ജനത, ജോസഫ് കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. എന്നിവയ്ക്കുപുറമെ കണ്ടാലറിയുന്ന അസംഖ്യം പ്രതികള്‍ വേറെയും ഉണ്ട് കെ.പി.സി.സി.യുടെ കോലായയില്‍.

ഓരോ പത്തുകൊല്ലം കൂടുമ്പോഴും യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കുണ്ടാകുന്ന മസിലുവീങ്ങും. യു.ഡി.എഫിന് ജയസാധ്യത കൂടുക പത്താം വര്‍ഷത്തിലാണല്ലോ. പത്താം മാസത്തിലെന്ന പോലെ ഘടകകക്ഷികള്‍ വീങ്ങിവരും. ശക്തി വര്‍ധിച്ചതായി ഓരോ ഘടകകക്ഷിക്കും തോന്നും. ഉടനെ അതിനൊത്ത സീറ്റ് ചോദിക്കുകയായി. മക്കള്‍ അച്ഛനോട് കാശ് ചോദിക്കുന്ന ലാഘവത്തിലാണ് ഘടകകക്ഷികള്‍ മുന്നണിയിലെ വലിയേട്ടനോട് സീറ്റ് ചോദിക്കുക. എവിടെ നിന്നാണ് എടുത്തുകൊടുക്കുക എന്നറിയേണ്ട കാര്യമില്ല. അച്ഛന് ആരോടെങ്കിലും കടം വാങ്ങിയെങ്കിലും കൊടുക്കാം. വലിയേട്ടന് അതും പറ്റില്ല. ഇക്കുറി യു.ഡി.എഫിലെ ഏറ്റവും വലിയ മസിലുവീക്കം കെ.എം.മാണിക്കാണ്. 22 സീറ്റാണ് ചോദിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലോ മറ്റോ അത്രയും സീറ്റ് പാര്‍ട്ടിക്ക് അനുവദിച്ചിരുന്നുവത്രെ. ഏത് കക്ഷിക്കാണ് ശക്തി വര്‍ധിക്കാതിരുന്നത്? എഴുന്നേറ്റ് നടക്കാന്‍ ശേഷിയില്ലാത്ത ജെ.എസ്.എസ്, സി.എം.പി, ഏതോ ഒരിനം ആര്‍.എസ്.പി. എന്നിവയ്ക്കുപോലും ശേഷി വര്‍ധിച്ചിട്ടുണ്ട്. എന്താണ് അതിന് കഴിച്ച ഉത്തേജക മരുന്ന് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഘടകകക്ഷികളുടെ ശക്തി കൂടിയതിന് ആനുപാതികമായി കോണ്‍ഗ്രസ്സിന്റെ ശക്തി കുറഞ്ഞെങ്കിലേ ഓരോരുത്തര്‍ക്കും ആവശ്യമുള്ളത്ര സീറ്റ് വിട്ടുകൊടുക്കാന്‍ പറ്റൂ. അതൊട്ടുസംഭവിക്കുകയുമില്ല, സംഭവിച്ചാലൊട്ട് സമ്മതിക്കുകയുമില്ല.

യാചകനല്ല ഭിക്ഷയുടെ വലിപ്പം നിര്‍ണയിക്കുക. വലിയേട്ടനാണ് കക്ഷിക്ക് എത്ര കൊടുക്കണം എന്ന് തീരുമാനിക്കുക. രണ്ട് മുന്നണിയിലും അതുതന്നെ സ്ഥിതി. പക്ഷേ, രണ്ടിടത്തെയും നടപടിക്രമത്തില്‍ വലിയ വ്യത്യാസമുണ്ട്. യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയാല്‍ പിന്നെ കൊടും ചര്‍ച്ചയാണ്; രാവും പകലും. ഊണും ഉറക്കവും ഇല്ല. ഉമ്മന്‍ചാണ്ടിയുടെ ചങ്കിന് കുത്താം, ചെന്നിത്തലയുടെ തലയ്ക്ക് മേടാം, തങ്കച്ചന്റെ മുണ്ടൂരാം. ഉടന്‍ മുന്നണി വിടുമെന്ന് പത്രസമ്മേളനം വിളിച്ച് ഭീഷണിപ്പെടുത്താം. ഉമ്മന്‍ ചാണ്ടിയും കൂട്ടാളികളും കരയുകയും പറയുകയുമൊക്കെ ചെയ്‌തേക്കും. പക്ഷേ, ഓരോരുത്തര്‍ക്കും എത്ര കൊടുക്കണമെന്ന് വലിയേട്ടന്‍തന്നെയാണ് തീരുമാനിക്കാറുള്ളത്. തൃപ്തിയില്ലാത്തവര്‍ക്ക് പോകാം..എങ്ങോട്ട് പോകാനാണ്! എല്‍.ഡി.എഫില്‍ അധികം ഡയലോഗിനൊന്നും ചാന്‍സില്ല. കുട്ടികള്‍ ക്ലാസില്‍ മാര്‍ക്ക് ചോദിക്കുന്നതുപോലെയാണ് ഘടകകക്ഷികള്‍ സീറ്റ് ചോദിക്കുക. ഒന്ന് കിണുങ്ങുകയൊക്കെ ചെയ്യാം. മാഷ് കണ്ണുരുട്ടുന്നതുവരെയേ അതും നടക്കൂ. പിന്നെ കിട്ടിയതും വാങ്ങി അവനവന്റെ സീറ്റില്‍ പോയിരുന്നേ പറ്റൂ. സീറ്റ് കൊടുത്താല്‍ പരീക്ഷ ജയിപ്പിക്കുന്ന കാര്യം മാഷ് നോക്കിക്കൊള്ളും. എല്‍.ഡി.എഫില്‍ വലിയേട്ടന്റെ വക പാരകള്‍ വോട്ടിങ്ങില്‍ പതിവില്ല. പണ്ട് ഒട്ടുമില്ല, ഈയിടെയായി കുറച്ചൊക്കെയുണ്ട്. യു.ഡി.എഫില്‍ സീറ്റ് കിട്ടിയതുകൊണ്ടുമാത്രം കാര്യമില്ല. കടമ്പ കടന്നാലേ കടന്നൂ എന്നുപറയാനാവൂ. ഏത് സമയത്തും കാലുവാരി വീഴ്ത്താം.

സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ തലക്കെട്ടുകളും എക്‌സ്‌ക്ലൂസീവുകളും ഉണ്ടാക്കാന്‍ അവസരം കൊടുത്തില്ല എന്ന പരിഭവം മാധ്യമ സിന്‍ഡിക്കേറ്റിന് ഉണ്ടാവരുതെന്ന് സി.പി.എമ്മിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വി.എസ്.അച്യുതാനന്ദന്റെ കാര്യം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് കേന്ദ്രകമ്മിറ്റി, സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, സ്റ്റേറ്റ് കമ്മിറ്റി, ജില്ലാകമ്മിറ്റി, ഏരിയാ കമ്മിറ്റി എന്നിങ്ങനെ താഴോട്ടും പിന്നെ മേലോട്ടും രണ്ടുവട്ടം തട്ടിക്കളിക്കാന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ അത് നോമിനേഷന്‍ തീയതി വരെ തുടരാം. അച്യുതാനന്ദന്‍ മത്സരിച്ചാല്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയേക്കുമോ എന്ന പേടി യു.ഡി.എഫുകാര്‍ക്കല്ല സി.പി.എമ്മുകാര്‍ക്കാണ് കൂടുതലുള്ളത് എന്നുവേണം കരുതാന്‍. അല്ലെങ്കിലെന്തിന് അവരിത്രയും പരിഭ്രമിക്കണം? സീറ്റ് നിഷേധിച്ചാലേ ജനത്തിന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നും മറ്റും പേടിക്കേണ്ടൂ. മത്സരിക്കട്ടെ. ഭൂരിപക്ഷം കിട്ടിയെന്നുമിരിക്കട്ടെ. ആരെ മുഖ്യമന്ത്രിയാക്കിയാലും ജനത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല. ''....കെ.ആര്‍.ഗൗരി നാടുഭരിക്കും'' എന്ന് പാടിപ്പാടി വോട്ട് പിടിച്ച ശേഷം എം.എല്‍.എ. പോലുമല്ലാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. അതൊന്നും പ്രശ്‌നമേയല്ല. അച്യുതാനന്ദനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഒരു പ്രശ്‌നമേ ഉള്ളൂ. അദ്ദേഹം നല്ല പ്രതിപക്ഷനേതാവായിരുന്നു, ഇനിയും അതായാല്‍ മതി എന്ന് ജനം തീരുമാനിച്ചാല്‍ ബുദ്ധിമുട്ടാകും. വേറെ പ്രശ്‌നമൊന്നുമില്ല.

No comments:

Followers