സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Thursday, February 24, 2011

നിയമസഭയുടെ പ്രമേയം ലജ്‌ജാകരം, അപമാനകരം

കേരളത്തെ പല കാര്യങ്ങളിലും കേന്ദ്രം അവഗണിക്കുന്നുണ്ടെന്നത്‌ യാഥാര്‍ഥ്യമാണ്‌. പക്ഷേ, ആ അവഗണനയ്‌ക്കെതിരേ കേരള നിയമസഭ പ്രമേയത്തിലൂടെ പ്രതിഷേധിച്ചിട്ടില്ല. പക്ഷേ, ഇക്കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ചു സംസ്‌ഥാന നിയമസഭ പ്രമേയം പാസാക്കി. സത്യസന്ധമായി പറഞ്ഞാല്‍ ആ നിയമസഭാ പ്രമേയം അജ്‌ഞതയുടേയും മന്ത്രിമാരുടെ അല്‍പത്തത്തിന്റേയും പരസ്യ വിളംബരമായിരുന്നു.

എന്തെല്ലാമായിരുന്നു കേന്ദ്ര അവഹേളനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോടൊപ്പം മുഖ്യമന്ത്രി അച്യുതാനന്ദനെ വെല്ലിംഗ്‌ഡണ്‍ ഐലന്‍ഡിലെ ടാറ്റയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചില്ല, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്‌ഘാടനച്ചടങ്ങിനോട്‌ അനുബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കൊടുത്തില്ല, ചടങ്ങില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ എസ്‌. ശര്‍മയേയും ജോസ്‌ തെറ്റയിലിനേയും സ്‌റ്റേജില്‍ കയറ്റിയിരുത്തിയില്ല, തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ ബ്രഹ്‌മോസ്‌ മിസൈല്‍ അസംബ്ലി കോംപ്ലക്‌സ് പ്രധാനമന്ത്രി സന്ദര്‍ശിച്ച അവസരത്തില്‍ മന്ത്രിമാരായ എളമരം കരീം, എം. വിജയകുമാര്‍, സി. ദിവാകരന്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരെ കൂടെ കൊണ്ടുപോയില്ല എന്നിവയാണത്രേ കേരളത്തോടു കേന്ദ്രം നടത്തിയ അവഹേളനം. ഇതേച്ചൊല്ലി ഒരു പ്രമേയം നിയമസഭയേക്കൊണ്ടു പാസാക്കിക്കാന്‍ ഇടനല്‍കിയ കാര്യത്തില്‍ സംസ്‌ഥാനത്തെ പോലീസ്‌ മേധാവികളും ഉയര്‍ന്ന ഗവണ്‍മെന്റ്‌ സെക്രട്ടറിമാരും നിരുത്തരവാദിത്തം കാണിച്ചുവെന്നാണ്‌ എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയേയും മറ്റും വേണ്ട സമയത്ത്‌ ഉദ്യോഗസ്‌ഥ മേധാവികള്‍ ഉപദേശിക്കാതിരുന്നതു മന്ത്രിമാരെ അവഹേളിക്കാനായിരുന്നോ എന്നു ഞാന്‍ സംശയിക്കാതിരിക്കുന്നില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു ബോധവാന്മാരല്ല എന്നാണു നമുക്കു മനസിലാക്കേണ്ടി വരുന്നത്‌. വിധ്വംസക പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്‌ട്രപതിയുടേയും സുരക്ഷയ്‌ക്ക് ഏറ്റവും വലിയ പ്രാധാന്യമാണുള്ളത്‌. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടേയും മറ്റും യാത്രയും ചടങ്ങുകളും ദിവസങ്ങള്‍ക്കു മുമ്പുതന്നെ രഹസ്യാന്വേഷണ വിഭാഗവും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ മേധാവികളും മറ്റും ചേര്‍ന്നു ഡല്‍ഹിയിലാണു തീരുമാനിക്കുന്നത്‌.

വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരിലും നേതാക്കളിലും ആര്‍ക്കെല്ലാം സമീപത്തു ചെല്ലാം, ആര്‍ക്കെല്ലാം പൂച്ചെണ്ടുകള്‍ കൊടുക്കാം, ആര്‍ക്കെല്ലാം സ്‌റ്റേജില്‍ കയറാം തുടങ്ങിയ കാര്യങ്ങള്‍. ആ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ 'ബ്ലൂബുക്ക്‌' പ്രധാനമന്ത്രി ചെല്ലുന്ന സംസ്‌ഥാനത്തെ പോലീസ്‌ മേധാവിക്കു ലഭിക്കും. ആ നിര്‍ദേശങ്ങളില്‍നിന്ന്‌ അണുവിട മാറാന്‍ സംസ്‌ഥാന മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പറഞ്ഞാല്‍ പോലും പോലീസ്‌ മേധാവികള്‍ സമ്മതിക്കുകയില്ല. കാരണം, പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചുമതലപ്പെട്ട പോലീസ്‌ മേധാവികള്‍ക്കു മാത്രമായിരിക്കും. ആ സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചു മുഖ്യമന്ത്രിമാര്‍ പരാജയപ്പെട്ടിട്ടുള്ള എത്രയോ സംഭവമുണ്ടായിട്ടുണ്ട്‌.

ഒരു ഉദാഹരണം. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1987-ല്‍ കൊച്ചി സന്ദര്‍ശിച്ചു. ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ്‌ കെ. കരുണാകരന്‍, കെ.പി.സി.സി. പ്രസിഡന്റ്‌ എ.കെ. ആന്റണി തുടങ്ങിയവര്‍ക്കും മാത്രമാണു പ്രധാനമന്ത്രി ഇറങ്ങിവരുന്ന വിമാന ഗോവണിയുടെ സമീപത്തു പോകാന്‍ അന്നു പോലീസ്‌ അനുവാദം നല്‍കിയത്‌. പത്രലേഖകരേയും പ്രസ്‌ ഫോട്ടോഗ്രാഫര്‍മാരേയും അനുവദിച്ചില്ല. കേന്ദ്ര ചാരസംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗി(റോ)ല്‍ വരെ സേവനമനുഷ്‌ഠിച്ചിട്ടുള്ള സീനിയര്‍ പോലീസ്‌ സൂപ്രണ്ട്‌ എം.സി. ഗീവര്‍ഗീസിനായിരുന്നു സുരക്ഷയുടെ ചുമതല. പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ക്കെല്ലാം വിമാനത്തിനു സമീപത്തേക്കു പോകാന്‍ അനുമതി നല്‍കണമെന്നു കെ. കരുണാകരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുവാദം വേണം എന്നതായിരുന്നു കരുണാകരന്റെ നിലപാട്‌. അതേ സമീപനമായിരുന്നു പത്രലേഖക സംഘത്തിനും. പക്ഷേ, ഗീവര്‍ഗീസ്‌ അനുമതി നല്‍കിയില്ല.

പ്രധാനമന്ത്രിയുടെ വിമാനം വന്നിറങ്ങിയപ്പോള്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളോടും തന്നോടൊപ്പം വരാന്‍ കരുണാകരന്‍ ആംഗ്യം കാണിച്ചു. അവരോടൊപ്പം പത്രലേഖക സംഘവും കൂടി. ഉടനെ പ്ലാസ്‌റ്റിക്‌ ചരടു വലിച്ചുകെട്ടി പോലീസ്‌ അവരെയെല്ലാം തടഞ്ഞുനിര്‍ത്തി. സ്വീകരണച്ചടങ്ങു കഴിഞ്ഞപ്പോള്‍ പത്രക്കാരുടേയും കോണ്‍ഗ്രസ്‌ നേതാക്കളുടേയും വലിയ പ്രതിഷേധമുയര്‍ന്നു. നേതാക്കളേയും പത്രക്കാരേയും പ്ലാസ്‌റ്റിക്‌ ചരടിട്ടു പിടിച്ച ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥന്റെ പേരില്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി നായനാര്‍ തിരുവനന്തപുരത്തു ചെന്നപ്പോള്‍ പ്രസ്‌താവിച്ചു.

ഇതേത്തുടര്‍ന്ന്‌ ഉടനടി തിരുവനന്തപുരത്തു ചെല്ലാന്‍ പോലീസ്‌ സൂപ്രണ്ട്‌ ഗീവര്‍ഗീസിനോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെത്തിയ ഗീവര്‍ഗീസ്‌ ബ്ലൂബുക്കും മറ്റു രേഖകളും കൂടാതെ ഒരു ഫോട്ടോയും കൂടെ കൊണ്ടുപോയിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുന്നവരെ പ്ലാസ്‌റ്റിക്‌ ചരടിട്ടു തടയണമെന്നും മറ്റുമുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും നിര്‍ദേശങ്ങളെല്ലാം വിവരിച്ച ശേഷം തന്റെ കൈവശമുള്ള ഫോട്ടോഗ്രാഫ്‌ മുഖ്യമന്ത്രിയെ ഗീവര്‍ഗീസ്‌ കാണിച്ചു.ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിക്കുന്നതായിരുന്നു ചിത്രം.

ഇന്ദിരാഗാന്ധി മാത്രം വിമാനത്തിനരികില്‍. മറ്റുള്ളവരെയെല്ലാം വളരെ ദൂരെ പ്ലാസ്‌റ്റിക്‌ ചരടിട്ടു തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. തടഞ്ഞുനിര്‍ത്തപ്പെട്ട കേന്ദ്രമന്ത്രിമാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സ്വരണ്‍സിംഗുമുണ്ടായിരുന്നു എന്നതാണു സവിശേഷത. കൊച്ചിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമായിരിക്കും ഉത്തരം പറയേണ്ടി വരികയെന്നു ഗീവര്‍ഗീസ്‌ വിശദീകരിച്ചു കൊടുത്തു.

പത്രങ്ങളായ പത്രങ്ങളെല്ലാം സംസ്‌ഥാന സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അപ്പാടെ പാളിപ്പോയി എന്ന ആരോപണം ഉന്നയിക്കുമെന്ന കാര്യം എസ്‌.പി. ചൂണ്ടിക്കാട്ടി. ഉടനെ പത്രക്കാരെ വിളിച്ചുവരുത്താനാണു മുഖ്യമന്ത്രി പറഞ്ഞത്‌. പത്രക്കാര്‍ വന്നപ്പോള്‍ നായനാര്‍ പറഞ്ഞു. ''വേണ്ടിവന്നാല്‍ ഇനിയും പത്രക്കാരേയും നേതാക്കളേയും പ്ലാസ്‌റ്റിക്‌ ചരടിട്ടു പിടിക്കും. പോലീസ്‌ വരയ്‌ക്കുന്ന വരയ്‌ക്കു പുറത്തു പോകാന്‍ ആരും ശ്രമിക്കേണ്ട.'' നായനാരുടെ വാക്കുകള്‍ കേട്ടു പത്രക്കാര്‍ക്കു തല കുനിക്കേണ്ടിവന്നു.

രാജ്യത്താകെ വലിയ പ്രത്യാഘാതമുണ്ടാക്കുമായിരുന്ന ഒരു ദുരന്തം 1991 മേയ്‌ മാസം കൊച്ചിയില്‍ വച്ച്‌ ഒഴിവാക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാജീവ്‌ഗാന്ധി അന്ന്‌ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തിന്റെ വേദിയിലേക്കു കടക്കാന്‍ കെ. കരുണാകരനേയും മറ്റുചില നേതാക്കളേയും മാത്രമേ പോലീസ്‌ അനുവദിച്ചുള്ളൂ.

അന്നും ഇ.കെ. നായനാര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. തങ്ങള്‍ അനുവദിക്കുന്ന നേതാക്കളെ മാത്രമേ രാജീവ്‌്ഗാന്ധിയെ ഹാരമണിയിക്കാന്‍ അനുവദിക്കൂ എന്നു ബന്ധപ്പെട്ട പോലീസ്‌ മേധാവി കര്‍ശന നിര്‍ദേശം നല്‍കി. ഞങ്ങളുടെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവരെയൊന്നും പോലീസ്‌ നിയന്ത്രിക്കാന്‍ നോക്കേണ്ട എന്നു പറഞ്ഞു കരുണാകരന്‍ ക്ഷുഭിതനായി. പക്ഷേ, പോലീസ്‌ മേധാവി കുലുങ്ങിയില്ല. രാജീവ്‌ഗാന്ധിക്ക്‌ എല്‍.ടി.ടി.ഇയില്‍നിന്നു വധഭീഷണിയുണ്ട്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കേണ്ടതു ഞങ്ങളുടെ കടമയാണ്‌, വ്യക്‌തമായ ബ്ലൂബുക്ക്‌ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്കുണ്ട്‌. പോലീസ്‌ മേധാവി വിശദീകരിച്ചു. പോലീസ്‌ കര്‍ശനമായി നിര്‍ദേശിച്ചതു കരുണാകരനും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

അതുകഴിഞ്ഞ്‌ നവംബര്‍ 21-നു ശ്രീപെരുമ്പത്തൂരില്‍ വച്ചു പൂച്ചെണ്ടു സ്വീകരിക്കുമ്പോള്‍ എല്‍.ടി.ടി.ഇയുടെ ബോംബു സ്‌ഫോടനത്തില്‍ രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടു. അതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ കൂടുതല്‍ വിവരം പുറത്തു വന്നപ്പോള്‍ കേരളാ പോലീസ്‌ ഞെട്ടി. കൊച്ചിയില്‍ വച്ചു രാജീവ്‌ഗാന്ധിയെ വധിക്കാനായിരുന്നു എല്‍.ടി.ടി.ഇയുടെ പരിപാടി. രാജീവ്‌ കൊച്ചിയിലെത്തുമ്പോള്‍ ശുഭയടക്കമുള്ള എല്‍.ടി.ടി.ഇ. നേതാക്കള്‍ എറണാകുളത്ത്‌ ചിറ്റൂര്‍ റോഡിലെ ലോഡ്‌ജില്‍ പത്തുദിവസമായി ഇതിനുവേണ്ടി തങ്ങുകയായിരുന്നു.

ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പോലീസിന്റെ സുരക്ഷാസംവിധാനം കാരണം അതു നടപ്പാക്കാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ വച്ചായിരുന്നു രാജീവിന്റെ വധമെങ്കില്‍ എന്താകുമായിരുന്നു കരുണാകരന്റേയും മറ്റും ആക്രോശം? ഇന്നത്തെ ഗുരുതരമായ സ്‌ഥിതിയില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഏതു കര്‍ശന നിയന്ത്രണത്തിനും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നേതാക്കളുമെല്ലാം വഴങ്ങിയേ മതിയാകൂ.

മുഖ്യമന്ത്രി അച്യുതാനന്ദനു ടാജ്‌ നക്ഷത്ര ഹോട്ടലില്‍ മന്‍മോഹന്‍ സിംഗുമൊത്തു താമസിക്കാനുള്ള മോഹത്തിനു ഭംഗം വരുത്തിയതും ഈ ബ്ലൂബുക്ക്‌ നിര്‍ദേശങ്ങള്‍തന്നെയാണ്‌. പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറിയുടെ രണ്ടു ഭാഗത്തുമുള്ള മുറികള്‍ ഒഴിച്ചിടണം. ആ മുറിയുടെ മുകള്‍ നിലയിലും താഴത്തെ നിലയിലുമുള്ള മുറികള്‍ ഒഴിച്ചിടണം. മറ്റു മുറികളില്‍ എസ്‌.പി.ജി. ഭടന്മാരാണു താമസിക്കുക. അവരുടെ ശ്രദ്ധ പ്രധാനമന്ത്രിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മാത്രമാണ്‌. അല്ലെങ്കില്‍തന്നെ ഇന്ത്യയിലെ നക്ഷത്രസൗകര്യങ്ങളുള്ള മികച്ച സര്‍ക്കാര്‍ ഗസ്‌റ്റ് ഹൗസ്‌ സമുച്ചയം കൊച്ചിയിലുള്ളപ്പോള്‍ മുതലാളിത്ത ബൂര്‍ഷ്വയും തന്റെ പ്രഖ്യാപിത ശത്രുവുമായ ടാറ്റായുടെ നക്ഷത്രഹോട്ടലില്‍ പോകണമെന്നു തൊഴിലാളിവര്‍ഗ നേതാവായ അച്യുതാനന്ദന്‍ ആഗ്രഹിക്കുന്നതു ശരിയല്ലല്ലോ?

വല്ലാര്‍പാടത്തെ ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി ശര്‍മയ്‌ക്കും ജോസ്‌ തെറ്റയിലിനും സ്‌റ്റേജില്‍ ഇടം കിട്ടാതിരുന്നതിന്റെ രഹസ്യവും ഡല്‍ഹിയില്‍ വച്ചു നേരത്തെ തീരുമാനിക്കപ്പെട്ട രക്ഷാസംവിധാനത്തിന്റെ ഭാഗമാണെന്ന്‌ അവര്‍ക്കു മനസിലാക്കാന്‍ കഴിയാതെപോയി. പിന്നെ ബ്രഹ്‌മോസ്‌ മിസൈല്‍ കേന്ദ്രത്തില്‍ നാലു മന്ത്രിമാരെ തടഞ്ഞ കാര്യം. ഈ നാലു മന്ത്രിമാരും അന്നു നേരത്തേ അവിടെയെത്തി ആ കേന്ദ്രമെല്ലാം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയോടൊപ്പം വീണ്ടും കയറണമെന്ന്‌ അവര്‍ക്കു മോഹമുണ്ടായി.

പക്ഷേ, എസ്‌.പി.ജി. അനുവദിച്ചില്ല. പ്രധാനമന്ത്രിയോടൊപ്പംവീണ്ടും കയറുമ്പോള്‍ ടെലിവിഷനിലും പത്രങ്ങളിലുംമന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുമല്ലോ? പത്രത്തിലും ടെലിവിഷനിലും മുഖം കാണിക്കാനുള്ള കേരളത്തിലെ മന്ത്രിമാരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ആര്‍ത്തി അസഹനീയമായി മാറുകയാണ്‌.

അതുതന്നെ കേന്ദ്രസര്‍ക്കാരിന്റെ പത്രപരസ്യത്തില്‍ ഫോട്ടോ വരാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും. അതിന്റെ പേരില്‍ നിയമസഭ പ്രമേയം പാസാക്കുന്നതിനു പകരം കേന്ദ്രത്തിനു മുഖ്യമന്ത്രി പ്രതിഷേധക്കത്തയയ്‌ക്കുകയാണു ചെയ്യേണ്ടിയിരുന്നത്‌. അല്ലെങ്കില്‍ത്തന്നെ കുറേ നാളായി തുടര്‍ച്ചയായി എല്ലാ ദിവസവും സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മുഖം കണ്ടുകണ്ടു കേരളീയരുടെ കണ്ണു പുളിക്കുകയാണെന്നുള്ളതാണു ലജ്‌ജാകരമായ സത്യം. സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിസഭ ഇത്രയധികം പത്രപ്പരസ്യം നല്‍കിയ കാലഘട്ടമുണ്ടയിട്ടുണ്ടോ?

പലപ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിലയിടിക്കുന്നതിനു മനഃപൂര്‍വം ചില ഉന്നത ഉദ്യോഗസ്‌ഥ മേധാവികള്‍ വഴിയൊരുക്കുകയാണെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. കഴിഞ്ഞ പഞ്ചായത്ത്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്തു മന്ത്രിസഭ ഒരു തീരുമാനമെടുത്തു. അതു മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. ആ ദിവസങ്ങളില്‍ വലിയ വെള്ളപ്പൊക്കക്കെടുതികളെ നേരിട്ടുകൊണ്ടിരുന്ന പാകിസ്‌താന്‌ അഞ്ചുകോടി രൂപ ദുരിതാശ്വാസം നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനമായിരുന്നു അത്‌. സംസ്‌ഥാനത്തെ മുസ്ലിംകളുടെ വോട്ട്‌ ഇടതുമുന്നണിക്ക്‌ അനുകൂലമാക്കി തിരിക്കാന്‍ കഴിയുമെന്ന തെറ്റായ കണക്കുകൂട്ടലായിരുന്നു അതിന്റെ പിന്നില്‍. സംസ്‌ഥാനത്തെ മുസ്ലിംകള്‍ പാകിസ്‌താനോട്‌ അത്ര കൂറു കാണിക്കുന്നവരാണെന്നാണോ ഇടതുമുന്നണി കണക്കുകൂട്ടിയിരിക്കുന്നത്‌?

അങ്ങനെയൊരു തീരുമാനമെടുക്കരുതെന്നു കാര്യവിവരമുള്ള ചീഫ്‌ സെക്രട്ടറി തീര്‍ച്ചയായും മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നു. അതിനു രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്‌ പാകിസ്‌താന്‌ അന്‍പതു കോടി രൂപയുടെ ദുരിതാശ്വാസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നു. ഇന്ത്യയുടെ സഹായം നിരസിക്കുകയാണു പാകിസ്‌താന്‍ ചെയ്‌തത്‌.

അതു മനസിലാക്കിക്കൊണ്ടുതന്നെ പാകിസ്‌താനു സംഭാവന നല്‍കുന്നതിനു കേരള മന്ത്രിസഭ തീരുമാനിക്കാന്‍ പാടില്ലായിരുന്നു. ഒരു സംസ്‌ഥാന സര്‍ക്കാരിനു നേരിട്ട്‌ ഒരു വിദേശരാജ്യത്തിനു സംഭാവന നല്‍കാന്‍ കഴിയില്ല. അതിനു കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ്‌ ബാങ്കിന്റേയും മറ്റും അനുമതി കൂടിയേ തീരൂയെന്നു മന്ത്രിമാര്‍ക്കറിയില്ലെങ്കിലും ഐ.എ.എസ്‌ ഉദ്യോഗസ്‌ഥര്‍ക്കറിയാം. അതുകൊണ്ടു മന്ത്രിസഭയുടെ തീരുമാനത്തിലെ വിഡ്‌ഢിത്തരം അവര്‍ക്കറിയാമായിരുന്നു. പക്ഷേ, അവര്‍ മനഃപൂര്‍വം കണ്ണടച്ചതാവണം.

എന്തായാലും അഞ്ചുകോടി രൂപ പാകിസ്‌താനു നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ആ ലജ്‌ജാകരമായ അധ്യായം ജനങ്ങളായ നമുക്കു മനഃപൂര്‍വം മറന്നുകളയാം.

കെ.എം. റോയ്‌

No comments:

Followers