സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, February 1, 2011

അഴിമതി കൊടികുത്തും നേരം ആര്‍ക്കുവേണം ദേശീയക്കൊടി?

K.M Roy


രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിക്ക്‌ എന്തുപറ്റി? രാജ്യമാണു പരമപ്രധാനമെന്നു കരുതുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടി തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ധിയാണിത്‌. വലിയ അഴിമതിയാരോപണങ്ങളില്‍ മുങ്ങിയിരിക്കുകയാണ്‌ ഇന്ത്യാ രാജ്യം. അഴിമതിയുടെ കരാളഹസ്‌തങ്ങളില്‍ രാജ്യം അമരാന്‍ തുടങ്ങിയിരിക്കുന്നെന്ന ഭീതി ജനങ്ങളില്‍ വളരുകയാണ്‌.

സാധാരണ ജനങ്ങളുടെ അവസാന ആശ്രയമായ ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസം പോലും നഷ്‌ടപ്പെട്ടുപോകുന്ന സ്‌ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതിയിലെ ചീഫ്‌ ജസ്‌റ്റിസുമാരേയും ജഡ്‌ജിമാരേയും അഴിമതിയുടെ പ്രതിക്കൂട്ടിലേക്കു കയറ്റിനിര്‍ത്തേണ്ട ആരോപണങ്ങള്‍ കൂടി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ താങ്ങാനാവാത്ത വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്‌. എണ്ണവില വീണ്ടും വീണ്ടും കൂടുന്നു. സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായിത്തീരുകയാണ്‌. എല്ലാത്തിനും പിന്നില്‍ അഴിമതിയാണെന്ന ധാരണയാണു ജനങ്ങളില്‍ പൊതുവേ വളര്‍ന്നിരിക്കുന്നത്‌. അഴിമതിക്കു കടിഞ്ഞാണിടണമെങ്കില്‍ നിയമത്തിന്റെ ഉരുക്കുചക്രങ്ങള്‍ നിര്‍ദാക്ഷിണ്യം അഴിമതിക്കാരുടെമേല്‍ ഉരുണ്ടുകയറിയേ മതിയാകൂ. അതിനു കരുത്തുള്ള ഭരണാധികാരി ഇന്നു രാജ്യത്തുണ്ടോ? പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അഴിമതിക്കാരനല്ലെന്നു ബി.ജെ.പിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ സമ്മതിക്കുന്നു. പക്ഷേ, അഴിമതിക്കെതിരായി കര്‍ശന നടപടികളെടുക്കാന്‍ പ്രധാനമന്ത്രിക്കു ധൈര്യമില്ലെന്നു ചില പ്രതിപക്ഷ നേതാക്കള്‍ പറയുമ്പോള്‍ മറ്റുചില നേതാക്കള്‍ പറയുന്നതു ശക്‌തമായ നടപടികള്‍ കൈക്കൊള്ളാന്‍ നട്ടെല്ലില്ലായ്‌മകൊണ്ട്‌ അദ്ദേഹത്തിനു കഴിയുന്നില്ല എന്നാണ്‌.

ഇത്തരമൊരു നിര്‍ണായക ഘട്ടത്തിലാണു പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി. ഏറ്റവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഈ കഴിവുകേടിനെതിരേ ജനങ്ങളില്‍ അഭിപ്രായം വളര്‍ത്തിക്കൊണ്ട്‌ അവരെ ദേശവ്യാപകമായി അണിനിരത്തുക എന്ന ഉത്തരവാദിത്തമാണു പ്രതിപക്ഷപാര്‍ട്ടി ഈ ഘട്ടത്തില്‍ പ്രകടിപ്പിക്കേണ്ടത്‌. പക്ഷേ, ബി.ജെ.പി. എന്താണു ചെയ്യുന്നത്‌?

ബി.ജെ.പി. അതിന്റെ പരമപ്രധാനമായ ലക്ഷ്യമായി കണ്ടത്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ എന്തു ബലികഴിച്ചും റിപ്പബ്ലിക്‌ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുക എന്നതാണ്‌. അതിനുവേണ്ടി കൊട്ടിഘോഷങ്ങളോടെ ദിവസങ്ങള്‍ കൊണ്ടു ബി.ജെ.പി. നേതാക്കള്‍ നടത്തിയ ശ്രമം അലസിപ്പോയതോടെ അവരുടെ പാര്‍ട്ടിയും നേതാക്കളും ഇന്ത്യന്‍ ജനസമൂഹത്തില്‍ അപഹാസ്യ പാത്രങ്ങളായി. ഈവര്‍ഷത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ ഹാസ്യനാടകമായി ചരിത്രത്തില്‍ ഈ പതാകയുയര്‍ത്തല്‍ സംഭവം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ജനങ്ങളില്‍ ദേശാഭിമാനം വളര്‍ത്തുന്നതിനു വേണ്ടിയാണ്‌ ഈ പതാകയുയര്‍ത്തല്‍ പ്രയാണം സംഘടിപ്പിച്ചതെന്നാണു ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടത്‌. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനത്തിനുവേണ്ടി പ്രകടിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളിലോ ദേശാഭിമാന വിളംബരങ്ങളിലോ അല്ല താല്‍പര്യം. മറിച്ച്‌, രാജ്യത്തെത്തന്നെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന അഴിമതിയില്‍നിന്നു രാജ്യത്തെ രക്ഷിക്കുകയെന്ന കാര്യത്തിലാണ്‌. ലാല്‍ചൗക്കില്‍ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ചെന്ന്‌ ഒരു ദേശീയപതാകയുയര്‍ത്തിയാല്‍ ഉടനെ വിജൃംഭിതമാകുന്നതല്ലല്ലോ ഇന്ത്യക്കാരന്റെ ദേശാഭിമാനം?

റിപ്പബ്ലിക്‌ ദിനത്തില്‍ സ്വന്തം വീടിനു മുന്നിലോ സ്വകാര്യ ഭൂമിയിലോ ദേശീയപതാക ഉയര്‍ത്താന്‍ ഏത്‌ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്‌. അതുകൊണ്ട്‌ കാശ്‌മീരിലോ ശ്രീനഗറിലോ എവിടേയും സ്വകാര്യ ഭൂമിയില്‍ ബി.ജെ.പി. നേതാക്കള്‍ക്കു പതാക ഉയര്‍ത്തുകയും ചെയ്യാമായിരുന്നു. പക്ഷേ, കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള പതാകയുയര്‍ത്തുന്ന ബക്ഷി ഗുലാം സ്‌റ്റേഡിയത്തിനു മീറ്ററുകള്‍ മാത്രം അകലെയുള്ള ലാല്‍ചൗക്ക്‌ എന്ന സര്‍ക്കാര്‍ മൈതാനത്തുതന്നെ പതാക ഉയര്‍ത്തണമെന്ന വാശിയായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്ക്‌. അവിടെ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ പതാകയുയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങുമുണ്ടായിരുന്നു.

പക്ഷേ, തങ്ങള്‍ക്കവിടെ പതാകയുയര്‍ത്തണമെന്ന നിര്‍ബന്ധമായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്ക്‌. കഴിഞ്ഞവര്‍ഷം ഏതോ ഭീകരവാദികള്‍ അവിടെ പാകിസ്‌താനി പതാക ഉയര്‍ത്തിയത്രേ! കാശ്‌മീരില്‍ വ്യാപകമായി യാത്ര ചെയ്‌തിട്ടുള്ളയാളാണു ഞാന്‍. അവിടെ പാകിസ്‌താന്‍ പതാക പിടിച്ചു പ്രകടനം നടത്തുന്നവരെപ്പോലും ചിലപ്പോള്‍ കണ്ടെന്നുവരാം. വീടിനു മുകളില്‍ പാകിസ്‌താനി പതാക ഉയര്‍ത്തപ്പെടുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്‌. അതൊക്കെ കാശ്‌മീരിന്റെ ആപല്‍ക്കരമായ ചില പ്രത്യേകതകളായാണു രാജ്യം കാണുന്നത്‌. അതിനുള്ള പരിഹാരം കൂടുതല്‍ സംഘര്‍ഷത്തിന്‌ ഇടവരുത്തിക്കൊണ്ടു ലാല്‍ചൗക്കില്‍ ബി.ജെ.പിക്കാര്‍ പതാക ഉയര്‍ത്തുന്നതല്ല.

ബക്ഷി സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഒമര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങിലേക്ക്‌ അദ്ദേഹം തന്നെ ബി.ജെ.പി. നേതാക്കളെ ക്ഷണിച്ചതാണ്‌. കഴിഞ്ഞ കുറേ നാളായി കലാപകലുഷമായ ശ്രീനഗറില്‍ സമാധാനം സ്‌ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഒമര്‍ അബ്‌ദുള്ളയുടെ ഭരണകൂടവും ഇന്ത്യന്‍ സേനാവിഭാഗവും. ലാല്‍ചൗക്കിലെ ബി.ജെ.പി.യുടെ പതാകയുയര്‍ത്തല്‍ നാടകം കാശ്‌മീരിനെ കൂടുതല്‍ കലാപകലുഷമാക്കുമായിരുന്നു എന്നതാണു യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുടെ ക്ഷണം സ്വീകരിച്ച്‌ ബക്ഷി ഗുലാം സ്‌റ്റേഡിയത്തില്‍ ഔദ്യോഗിക പാതകയുയര്‍ത്തല്‍ ചടങ്ങില്‍ ബി.ജെ.പി. പങ്കെടുത്തിരുന്നുവെങ്കില്‍ അതു പാര്‍ട്ടിക്ക്‌ ഏറെ അഭിമാനം നല്‍കുമായിരുന്നു. ഒമര്‍ അബ്‌ദുള്ളയുടെ ദേശാഭിമാനത്തെ അങ്ങനെ നിഷ്‌പ്രയാസം ചോദ്യംചെയ്യാന്‍ ബി.ജെ.പി. നേതാക്കള്‍ക്കു കഴിയുമോ? അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കേന്ദ്ര സര്‍ക്കാരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ജമ്മു കാശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്നും ആ മന്ത്രിസഭയില്‍ ഒമര്‍ അബ്‌ദുള്ള അംഗമായിരുന്നു എന്നുമുള്ള വസ്‌തുത ബി.ജെ.പി. നേതൃത്വത്തിനു വിസ്‌മരിക്കാനാവുമോ?

ഹിന്ദുത്വാവേശം പ്രകടിപ്പിക്കാന്‍ ജയ്‌ ശ്രീറാം വിളികള്‍ക്കിടയില്‍ ലാല്‍ചൗക്കില്‍ ബി.ജെ.പി. നേതാക്കള്‍ ബലപ്രയോഗത്തിലൂടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നുവെങ്കില്‍ തീവ്രവാദികള്‍ നൂറുകണക്കിനു ത്രിവര്‍ണ പതാകകള്‍ ശ്രീനഗറില്‍ ഉടനീളം കത്തിക്കുമായിരുന്നു എന്ന്‌ അവിടെനിന്നുള്ള ചില പത്രറിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഒരു ത്രിവര്‍ണപതാക ലാല്‍ചൗക്കില്‍ ഉയര്‍ത്തുമ്പോള്‍ നൂറുകണക്കിനു ദേശീയപതാകകള്‍ ശ്രീനഗറില്‍ കത്തിച്ചാമ്പലായാല്‍ ഇന്ത്യയ്‌ക്കത്‌ എത്രയോ അപമാനമുണ്ടാക്കുമായിരുന്നു എന്ന്‌ ആലോചിക്കാമല്ലോ?

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ദിവസങ്ങളോളം പതാകയുയര്‍ത്തല്‍ നാടകത്തിലേക്കു ബി.ജെ.പി. നേതൃത്വം കേന്ദ്രീകരിച്ചതു മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിനും കോണ്‍ഗ്രസിനും ആശ്വാസം നല്‍കാന്‍ മാത്രമേ സഹായകമായുള്ളൂ എന്നതാണു യാഥാര്‍ഥ്യം. ലാല്‍ചൗക്ക്‌ പതാകയുയര്‍ത്തല്‍ നാടകം അനാവശ്യമായിരുന്നു എന്നു ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംയുക്‌ത ജനതാദളിന്റെ ബിഹാറിലെ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പരസ്യമായി പറഞ്ഞത്‌ ആ നേതാക്കള്‍ക്കു വലിയ അപമാനവുമായിപ്പോയി.

കോടിക്കണക്കിനു രൂപയുടെ ഭൂമി തട്ടിപ്പു കേസുകളില്‍ മുങ്ങിനില്‍ക്കുന്ന കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ അഴിമതികളില്‍നിന്നു രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയായിരുന്നോ ബി.ജെ.പിയുടെ പതാക നാടകമെന്ന ഈ പാതകം? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തില്‍ അഭിമാനിക്കാം. ഇതേപോലെ മുംബൈയിലെ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കാര്യത്തില്‍ തട്ടിപ്പുണ്ടായെന്ന്‌ ആരോപണമുണ്ടായപ്പോള്‍ പാര്‍ട്ടിയുടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പിക്കാനുള്ള അന്തസ്‌ കോണ്‍ഗ്രസ്‌ നേതൃത്വം കാണിച്ചു. ഓരോ ദിവസവും നൂറുകണക്കിനു കോടി രൂപയുടെ ഭൂമി തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളുയരുമ്പോഴും യെദിയൂരപ്പയെ ഒരു പോറലുമേല്‍പ്പിക്കാതെ നിലനിര്‍ത്താന്‍ ബി.ജെ.പി. വ്യഗ്രത കാണിക്കുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

അല്ലെങ്കില്‍ത്തന്നെ 2ജി സ്‌പെക്‌ട്രം ഇടപാടില്‍ കമ്യൂണിക്കേഷന്‍ മന്ത്രി കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നതു ബി.ജെ.പി. നേതൃത്വം രാജ്യസഭാംഗമാക്കിയ പാര്‍ട്ടി സഹയാത്രികന്‍ ചന്ദന്‍ മിത്രയുടെ 'ദി പയനീര്‍' എന്ന പത്രമാണ്‌. ആ പത്രം ഏതാണ്ടു രണ്ടുവര്‍ഷം തുടര്‍ച്ചയായി സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടും അതു റിപ്പോര്‍ട്ട്‌ ചെയ്‌ത ജെ. ഗോപീകൃഷ്‌ണന്‍ എന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ഇതുസംബന്ധിച്ചു ബി.ജെ.പി. നേതാക്കളെ സമീപിച്ചിട്ടും ഇക്കാര്യം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ ഒരു ബി.ജെ.പി. നേതാവും തയാറായില്ല. ഒടുവില്‍ ഇതുസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ ഗതികേടുകൊണ്ടാണു മറ്റു പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ബി.ജെ.പിയും ശബ്‌ദമുയര്‍ത്താന്‍ നിര്‍ബന്ധിതമായത്‌. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്‌. അതാണു ജനങ്ങള്‍ക്കു മനസിലാകാത്തത്‌.

Followers