സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, February 19, 2011

എന്തൊരു തലവിധി

ഇന്ദ്രന്‍


അഴിമതിക്കേസ്സില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ മന്ത്രി എന്ന പേരിലാവില്ല ആര്‍. ബാലകൃഷ്ണപ്പിള്ള ഗിന്നസ് ബുക്കില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ സ്വീകരണം ലഭിച്ച ആദ്യത്തെ മന്ത്രി എന്ന പേരിലാവും. അത് വലിയ യോഗ്യത തന്നെയാണ്. കഷ്ടകാലത്തിന് അദ്ദേഹത്തെ കോടതി വെറുതെ വിടുകയാണ് ചെയ്തിരുന്നതെങ്കില്‍ യു.ഡി.എഫുകാര്‍ കൊട്ടാരക്കരയില്‍ സ്വീകരണമൊന്നും സംഘടിപ്പിക്കുമായിരുന്നില്ല. ബാലകൃഷ്ണപ്പിള്ള കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് കോടതി പറഞ്ഞിരുന്നതെങ്കില്‍ അതിലെന്താണ് ആവേശം കൊള്ളാനും വികാരം കൊള്ളാനുമുള്ളത്? ഒന്നുമില്ല. ശല്യമായി, ഇനി ഈ പിള്ളയ്ക്ക് സീറ്റും കൊടുക്കണം ജയിച്ചാല്‍ മന്ത്രിസ്ഥാനവും കൊടുക്കണം... എന്ന് തമ്മില്‍ പറയുകയേ ചെയ്യുമായിരുന്നുള്ളൂ യു.ഡി.എഫുകാര്‍.



അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട നേതാവിന്റെ കഴുത്തില്‍ ഖദര്‍മാലയും ഖാദിത്തോര്‍ത്തും തന്നെയാവും കോണ്‍ഗ്രസ് നേതാക്കള്‍ അണിയിച്ചിരിക്കുക. സ്വര്‍ഗത്തിലുള്ള ഗാന്ധിജിക്ക് രോമാഞ്ചമുണ്ടാകാന്‍ ഖദര്‍തോര്‍ത്തുതന്നെ വേണം. സ്വീകരണം കിട്ടിയ ആള്‍ക്കും അതുകൊണ്ട് പ്രയോജനമുണ്ടാകും. റോഡിലിറങ്ങുമ്പോള്‍ തലയിലൂടെ ഇട്ടാല്‍ ആളറിയാതങ്ങ് പോവുകയും ചെയ്യാം. പണ്ടൊക്കെ നാട്ടുകാര്‍ക്കുവേണ്ടി സമരം ചെയ്തതിനും ജയിലില്‍ പോയതിനുമെല്ലാമാണ് സ്വീകരണം നല്‍കാറുള്ളത്. ഇപ്പോള്‍ അതൊന്നും വയ്യെന്നേ..... കൊലക്കേസ്സില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കാണ് സി.പി.എമ്മുകാര്‍ സ്വീകരണം നല്‍കാറുള്ളത്. പക്ഷേ, കൊലക്കേസ്സില്‍ ശിക്ഷിച്ചതിന്റെ പേരിലൊന്നും അവര്‍, പണ്ടൊരു സഹൃദയന്‍ പറഞ്ഞതുപോലെ, പൊതുയോഗം വിളിച്ച് ജഡ്ജിയുടെ പിതാവിനെ അനുസ്മരിക്കാറില്ല. അഴിമതിക്കാര്‍ക്ക് അതിനുള്ള ചാന്‍സ് അധികം കിട്ടാറില്ല. പത്ത് കൊലയുണ്ടായാല്‍ പത്ത് കൊലക്കേസ് എന്തായാലും ഉണ്ടാകും, രണ്ടിലെങ്കിലും ശിക്ഷയും ഉണ്ടാകും. അഴിമതി അങ്ങനെയല്ല. നൂറ് അഴിമതിയുണ്ടായാല്‍ അഞ്ച് അഴിമതിക്കേസ്സേ ഉണ്ടാകാറുള്ളൂ. അതിലൊന്നിലും ശിക്ഷയുണ്ടാകാറുമില്ല. അഴിമതി നടത്താത്തതുകൊണ്ടാണോ നേതാക്കന്മാരൊന്നും ജയിലില്‍ പോകാത്തത്. അല്ല, അതുകൊണ്ടാണ് കിട്ടിയ ആദ്യത്തെ ചാന്‍സ് ഉപയോഗപ്പെടുത്തിയത്. പേടിക്കാനില്ല. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ഒരു യു.ഡി.എഫ്. മന്ത്രിയും കേന്ദ്രത്തിലെയൊരു യു.പി.എ.മന്ത്രിയും ജയിലിലായിക്കഴിഞ്ഞു. അവരുടെ പരമ്പര പെരുകുന്ന എല്ലാ ലക്ഷണവും കാണാനുണ്ട്. സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നാടുനീളെ തുടങ്ങാം.

സി.പി.എമ്മിന്റെ നേതാക്കന്മാര്‍ മാത്രമേ കണ്ണൂരുകാര്‍ക്ക് അഭിമാനിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നുള്ളൂ എന്നൊരു പരാതി നേരത്തേ ഉണ്ടായിരുന്നതാണ്. അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് കയറിവന്നതാണ് കെ. സുധാകരന്‍. അടിപിടി, കുത്തുകൊല, ബോംബേറ്, വെടിവെപ്പ് തുടങ്ങിയവയില്‍ ജയരാജത്രയത്തെ വെല്ലുവിളിച്ച നേതാവാണ് സുധാകരന്‍. അപ്പോഴും നാലാളുകള്‍ കേട്ടാല്‍ അയ്യയ്യേ എന്നുപറയിപ്പിക്കുന്ന ഡയലോഗുകള്‍ വെച്ചുകാച്ചുന്നതില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നില്ല. കൊട്ടാരക്കര പ്രസംഗത്തോടെ അക്കാര്യത്തിലും സി.പി.എം. തോറ്റിരിക്കുന്നു. കോടതിവിധിയില്‍ ശുംഭത്തരം ആരോപിച്ച കണ്ണൂരുകാരനെ വീഴ്ത്തിയിരിക്കുകയാണ് ഈ കണ്ണൂരുകാരന്‍. കുത്തും കൊലയും കൊണ്ട് കണ്ണൂരില്‍ നേതാവാകാന്‍ പറ്റുമായിരിക്കാം. എക്കാലത്തും കണ്ണൂരിലെ പൊട്ടക്കിണറ്റില്‍ കഴിഞ്ഞുകൂടിയാല്‍ പോരല്ലേ. സംസ്ഥാനം മുഴുക്കെ ശ്രദ്ധിക്കപ്പെടുന്ന നേതാവാകണമെങ്കില്‍വേറെ വഴിയില്ല. ഇന്നലെ വന്ന എ.പി.അബ്ദുള്ളക്കുട്ടി പോലും വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയെന്നതും പരിഗണിക്കേണ്ടതുണ്ട്.

ഏതെല്ലാം കോടതികളില്‍ നിന്ന് എന്തെല്ലാം വിധികള്‍ വന്നിരിക്കുന്നു. ജുഡീഷ്യറിയുടെ മേല്‍ തങ്കത്തൂവലുകള്‍ ചാര്‍ത്തുന്നവയല്ല എല്ലാമൊന്നും. വിധി അസ്വീകാര്യമായാല്‍ മേല്‍ക്കോടതിയില്‍ പോകും. അവസാന കോടതി വരെ പോയിട്ടും നീതി കിട്ടിയില്ലെന്ന് വരാം. ബാലകൃഷ്ണപ്പിള്ള പറഞ്ഞേടത്തോളം പരിഭവം ആര്‍ക്കും പറയാം. ഇതെന്റെ തലവിധിയാണ് എന്ന് സമാശ്വസിക്കാം. ദൈവത്തെ വിളിച്ചുകേഴാം. ദൈവത്തിനുപോലും തെറ്റുപറ്റുന്നു, പിന്നെയല്ലേ കോടതിയിലെ മനുഷ്യര്‍ക്ക് തെറ്റാതിരിക്കുന്നത് എന്നോര്‍ത്ത് സമാധാനിക്കാം. ബാലകൃഷ്ണപ്പിള്ള തങ്കപ്പെട്ട മനുഷ്യനാണ്, കാല്‍ക്കാശ് കൈക്കൂലി വാങ്ങുകയോ കള്ളം പറയുകയോ ആരെയെങ്കിലും ചതിക്കുകയോ കാലുവാരുകപോലുമോ ചെയ്യാറില്ല എന്നുവേണമെങ്കില്‍ ഗണേഷ്‌കുമാര്‍ പറയുന്നതുപോലെ പറയാം. എതിരഭിപ്രായമുള്ളവരും എതിര്‍ക്കാനൊന്നും പോകില്ല. എഴുപത്താറാം വയസ്സില്‍ ഒരാള്‍ ജയിലില്‍ പോകേണ്ടിവരുന്നതില്‍ സങ്കടപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ജഡ്ജിക്ക് നിയമമറിയില്ലെന്നുപോലും അറ്റകൈക്ക് പറയാം. ഇതിനൊക്കെ പുറമെ അടുത്ത കാലത്ത് പാര്‍ലമെന്റ് തന്നെ പുതിയൊരു സാധ്യത ഉണ്ടാക്കിയിട്ടുണ്ട്. സത്യമാണെന്ന് തെളിയിക്കാനാകുമെങ്കില്‍ ജഡ്ജിക്കെതിരെ എന്ത് ആക്ഷേപവും ഉന്നയിക്കാം, കോടതിയലക്ഷ്യമാവില്ല. വി.എസ്. അച്യുതാനന്ദനില്‍ നിന്ന് കോഴ വാങ്ങിയിട്ടാണ് ജഡ്ജിമാര്‍ ബാലകൃഷ്ണപ്പിള്ളക്കെതിരായ വിധി പറഞ്ഞതെന്ന് തെളിയിക്കാനാവുമെങ്കില്‍ കെ. സുധാകരന് അങ്ങനെ പ്രസംഗിക്കാം.

അതത്ര എളുപ്പമല്ല. ബാര്‍ ഉടമകള്‍ കോഴ കൊടുക്കുമ്പോള്‍ സുധാകരനെ സാക്ഷിയായി നിറുത്തുമ്പോലെ അച്യുതാനന്ദന്‍ സുധാകരനെ വിളിക്കില്ലല്ലോ. അതുകൊണ്ട് സാക്ഷിപറയാനൊന്നും ആവില്ല. അപ്പോള്‍ പിന്നെ സാധിക്കുന്നത് ഒരു കാര്യം മാത്രം. പണ്ടൊരു കേസ്സില്‍ കോഴ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതുകൊണ്ട് ഈ കേസ്സിലും കോഴ കൊടുത്തിട്ടുണ്ട് എന്ന് തട്ടിയേക്കുക. കൈയടി കേമമായി കിട്ടും. കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ റൗഫില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന് പറഞ്ഞതും ഇത്തരമൊരു ദൃക്‌സാക്ഷി തന്നെയായിരുന്നു. ആ സാക്ഷി താന്‍തന്നെയാണ് കോഴ കൊടുത്തതെന്ന് തെളിച്ചുപറഞ്ഞു. നമ്മള്‍ ഗാന്ധിയനായതുകൊണ്ട് കോഴ കൊടുക്കാന്‍ ഏര്‍പ്പാടുചെയ്തു എന്നു പറയാന്‍ പറ്റില്ല. കോഴ കൊടുക്കുന്നതിന് സാക്ഷിയായി എന്നേ പറയാനാവൂ. കോഴ കിട്ടിയില്ലെന്നോ മറ്റോ നാളെ ജഡ്ജി പറയാതിരിക്കാനാവും സത്യമുള്ള ഒരു സാക്ഷിയെ കൊണ്ടുപോയത്. മുദ്രക്കടലാസ്സില്‍ ഒപ്പുവെച്ചിരുന്നോ എന്തോ.

ജുഡീഷ്യറിയെ താന്‍ ആക്ഷേപിച്ചിട്ടില്ല, ജഡ്ജിയെ മാത്രമേ ആക്ഷേപിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം സമാധാനിക്കുന്നത്. ജഡ്ജിയും ജുഡീഷ്യറിയും രണ്ടാണെന്ന തിയറിയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ജഡ്ജിയല്ലത്രെ ജുഡീഷ്യറി. ജുഡീഷ്യറിയെ നന്നാക്കാന്‍ വേണ്ടിയാവണം അദ്ദേഹം ഇത്ര ബുദ്ധിമുട്ടി പണ്ടത്തെ കോഴക്കാര്യം ഇപ്പോഴെടുത്തു പുറത്തിട്ടത്. അന്ന് കോഴ വാങ്ങുന്നതുകണ്ടപ്പോഴുണ്ടായ ധാര്‍മികരോഷം പതിനെട്ടുകൊല്ലം കഴിഞ്ഞ് ഇപ്പോള്‍ പിള്ളയെ ശിക്ഷിച്ചപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് പുറത്തുചാടിയത്.

ഏതാണ് അഴിമതിയുള്ള ജഡ്ജി, ഏതാണ് അഴിമതിയില്ലാത്ത ജഡ്ജി എന്നറിയുക എളുപ്പമാണ്. പിള്ളയെ ജയിലിലയച്ച ജഡ്ജി അഴിമതിക്കാരനാണ്. കെ. സുധാകരനെയും അനേകം കോണ്‍ഗ്രസ് നേതാക്കളെയും അനേകം അഴിമതി-അടിപിടി-കുത്തുകൊല കേസ്സുകളില്‍ വിട്ടയച്ച ജഡ്ജിമാരെല്ലാം സത്യസന്ധരാണ്. സി.പി.എമ്മുകാരെ വെറുതെ വിടുന്ന ജഡ്ജിമാര്‍ അഴിമതിക്കാര്‍, യു.ഡി.എഫ്. നേതാക്കളെ ശിക്ഷിച്ച ജഡ്ജിമാരും അഴിമതിക്കാര്‍. വേറൊരു തെളിവും വേണ്ട. എല്ലാം ക്ലിയര്‍.

No comments:

Followers