സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, January 25, 2011

നിയമം കൈയിലെടുക്കുകയല്ലാതെ മറ്റെന്തു മാര്‍ഗമാണ്‌ ഉള്ളത്‌?

മനുഷ്യന്‍ നിയമം കൈയിലെടുക്കുന്നതു നിയമവ്യവസ്‌ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്തും അനുവദിക്കപ്പെടാന്‍ പാടില്ലാത്ത കാര്യമാണ്‌. ആ നടപടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുപോലും തെറ്റാണ്‌. നിയമം നടപ്പാക്കേണ്ടതു നിയമപാലകരായ പോലീസുകാരാണ്‌. അല്ലെങ്കില്‍ അതിനു നിര്‍ദേശം നല്‍കേണ്ടതു നീതിന്യായപീഠമാണ്‌. അവര്‍ക്കെല്ലാം മുകളില്‍ പൗരന്മാരുടെ മാനത്തിനും സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ആവശ്യമായ ഏതു നിയമവും നിര്‍മിക്കാന്‍ അധികാരമുള്ള ജനപ്രതിനിധികളുമുണ്ട്‌.

പക്ഷേ, ഈ നിയമസംരക്ഷകരിലൊന്നില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ഒരു പൗരന്‌ എന്താണു ചെയ്യാന്‍ കഴിയുക? ഒന്നുകില്‍ ആത്മഹത്യ ചെയ്‌തു ജീവിതം ഒടുക്കുക, അല്ലെങ്കില്‍ നീതി നേടിയെടുക്കാന്‍ നിയമം സ്വയം കൈയിലെടുക്കുക. അതാണിന്നു രാജ്യത്തിന്റെ പലേ ഭാഗത്തും നടക്കുന്നത്‌. നീതിനിഷേധകരും ചൂഷകരുമായ പോലീസുകാര്‍ക്കും ഉദ്യോഗസ്‌ഥവര്‍ഗത്തിനുമെതിരേ നൂറുകണക്കിനാളുകളാണ്‌ ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയമവും ആയുധവും കൈയിലെടുത്തുകൊണ്ടിരിക്കുന്നത്‌. ചൂഷകരാല്‍ ചവിട്ടിയരയ്‌ക്കപ്പെട്ട്‌ പുഴുക്കളെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിച്ചുവീഴേണ്ടി വന്നാല്‍പോലും ആയുധം കൊണ്ട്‌ അവരെ നേരിട്ട്‌ രക്‌തസാക്ഷിത്വം വരിക്കുക എന്ന തത്വശാസ്‌ത്രം രാജ്യത്തു വളരെ ശക്‌തിയായി തലയുയര്‍ത്തിയിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണു വളര്‍ന്നുകൊണ്ടിരിക്കുന്ന മാവോയിസ്‌റ്റ്-നക്‌സലൈറ്റ്‌ പ്രസ്‌ഥാനങ്ങള്‍.

ആ വിധ്വംസക പ്രസ്‌ഥാനത്തെ ഒരു സാമൂഹികപ്രശ്‌നമായി കണ്ട്‌ അതിനു പരിഹാരം കാണുക മാത്രമാണ്‌ ഈ പ്രവണത ഇല്ലായ്‌മ ചെയ്യുന്നതിന്‌ ഏക മാര്‍ഗമെന്ന ദൃഢമായ നിലപാടില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എത്തിച്ചേരാനുള്ള കാരണവും അതാണ്‌. ചൂഷകരുടേയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥവര്‍ഗത്തിന്റേയും രാഷ്‌ട്രീയനേതാക്കളുടേയും സംരക്ഷകരായി ഭരണകൂടം മാറിയാല്‍ അന്തിമമായി ജനാധിപത്യം നശിക്കുകയും അരാജകത്വത്തിലേക്കു രാജ്യം ചെന്നുവീഴുകയും ചെയ്യുമെന്ന ദൃഢമായ കാഴ്‌ചപ്പാടു ഭരണകൂടത്തിനുണ്ടായിരിക്കുന്നു. സാമൂഹികനീതി നടപ്പാക്കലിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഈ വിപത്തിനു പരിഹാരം കാണാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്‌ ഇതിന്റെ ഫലമാണ്‌. പട്ടാളത്തിന്റെയോ പോലീസിന്റെയോ ഉരുക്കുമുഷ്‌ടികൊണ്ട്‌ സായുധ വിപ്ലവപ്രസ്‌ഥാനത്തെ അടിച്ചമര്‍ത്താനാവില്ലെന്നു ചിന്താശക്‌തിയുള്ള നേതാക്കള്‍ക്കു മനസിലായിക്കഴിഞ്ഞു.

പക്ഷേ, ഇതൊന്നും മനസിലാക്കാത്തവരായ പലേ രാഷ്‌ട്രീയ നേതാക്കളും നിയമപാലകരും നമ്മുടെ രാജ്യത്തുണ്ട്‌. അവര്‍ക്കെല്ലാമുള്ള അതിശക്‌തമായ താക്കീതാണു ബിഹാറിലെ ഭാരതീയ ജനതാപാര്‍ട്ടി എം.എല്‍.എ. രാജ്‌കിശോര്‍ കേസരിയുടെ കൊലപാതകം. ബിഹാറിലെ ഭരണകക്ഷിയാണു ബി.ജെ.പി. സംയുക്‌ത ജനതാദള്‍ നേതാവ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ മന്ത്രിസഭയിലെ ഘടകകക്ഷി.

പൂര്‍ണിയ നിയമസഭാ മണ്ഡലത്തില്‍നിന്നു രണ്ടുതവണ വിജയിച്ചിട്ടുള്ള എം.എല്‍.എ.യാണു രാജ്‌കിശോര്‍. കഴിഞ്ഞ ജനുവരി നാലിന്‌ അദ്ദേഹം തന്റെ വസതിയില്‍ സന്ദര്‍ശകരെ സ്വീകരിച്ചുകൊണ്ടിരിക്കെ സന്ദര്‍ശകരുടെ ക്യൂവില്‍ നിന്നിരുന്ന രൂപ പഥക്‌ എന്ന അധ്യാപിക തന്റെ ഊഴം വന്നപ്പോള്‍ ഷാളില്‍ ഒളിച്ചുവച്ചിരുന്ന കഠാരി പുറത്തെടുത്ത്‌ എം.എല്‍.എ.യുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തി അവിടെത്തന്നെ കൊന്നുവീഴ്‌ത്തി. പകല്‍വെളിച്ചത്തില്‍ നടന്ന സംഭവമായിരുന്നു അത്‌. നിരവധി കാഴ്‌ചക്കാരെ ഞെട്ടിച്ച സംഭവം.

ഈ കൊലപാതകത്തെത്തുടര്‍ന്നു കസ്‌റ്റഡിയില്‍ കഴിയുന്ന രൂപയുടെ പരാതി ഈ എം.എല്‍.എ. കഴിഞ്ഞ കുറേ മാസങ്ങളായി അംഗരക്ഷകന്റെ സഹായത്തോടെ തന്നെ ബലാല്‍സംഗം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നെന്നും ഈ പീഡനത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ നീതിന്യായപീഠത്തേയും എല്ലാ അധികാരികളേയും സമീപിച്ചിട്ടും ഒരു പരിഹാരമാര്‍ഗവും കാണാതെവന്നുവെന്നുമാണ്‌. അതുകൊണ്ട്‌ എം.എല്‍.എ.യ്‌ക്കു വധശിക്ഷ നല്‍കിക്കൊണ്ടു താന്‍ നീതി നടപ്പാക്കിയെന്നാണു രൂപ പറയുന്നത്‌.

രാജ്‌കിശോറിന്റെ പീഡനങ്ങളെപ്പറ്റി താന്‍ പോലീസില്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല ഒടുവില്‍ എം.എല്‍.എ. പോലീസുകാരെക്കൊണ്ടു ഭീഷണിപ്പെടുത്തി തന്റെ പരാതി പോലും പിന്‍വലിപ്പിക്കുകയാണുണ്ടായതെന്നും രൂപ പഥക്‌ പറയുന്നു. ബിഹാറിലെ നിരവധി വനിതാ സംഘടനകള്‍ രൂപയ്‌ക്കു പിന്തുണ നല്‍കിക്കൊണ്ടു രംഗത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു. പട്‌ന നഗരത്തിലും മറ്റും രൂപയെ പിന്താങ്ങിക്കൊണ്ടുള്ള വലിയ പ്രകടനങ്ങള്‍തന്നെ വനിതാസംഘടനകള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം ബി.ജെ.പി. നേതൃത്വം പറയുന്നതു രാജ്‌കിശോറിനെ സ്വഭാവഹത്യ ചെയ്യുന്നതിന്‌ എതിരാളികള്‍ നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി രൂപ പഥക്‌ കൊലപാതകം നടത്തുകയായിരുന്നു എന്നാണ്‌. വധശിക്ഷ വരെ ലഭിക്കാവുന്ന ഒരു കൊലപാതകം ഒരു രാഷ്‌ട്രീയ ചട്ടുകമായി മാറി ഒരു അധ്യാപിക ചെയ്യുമെന്നു ബിഹാറിലെ വനിതാസംഘടനകളും ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നില്ല. ഒരു പ്രൈവറ്റ്‌ സ്‌കൂളിലെ പ്രിന്‍സിപ്പലാണു രൂപയെന്നോര്‍ക്കുക.

രൂപ സ്വഭാവദൂഷ്യമുള്ള ഒരു സ്‌ത്രീയാണെന്നു ബിഹാറിലെ ബി.ജെ.പി. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി പറഞ്ഞതു വളരെ കഠിനമായ പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഉപമുഖ്യമന്ത്രി തന്റെ കുടുംബത്തെ ഒന്നടങ്കം അധിക്ഷേപിച്ചതിനെതിരേ രൂപയുടെ അമ്മ കുമുദ്‌ മിശ്ര കോടതിയെ സമീപിച്ചുകഴിഞ്ഞു. ഇന്ത്യയിലെ പല ദേശീയ പത്രങ്ങളും ബിഹാര്‍ ഉപമുഖ്യമന്ത്രിയെ അപലപിച്ചുകൊണ്ടു മുഖപ്രസംഗങ്ങള്‍ വരെ എഴുതി.

പലേ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നും ഇത്തരം ഞെട്ടിപ്പിക്കുന്ന കഥകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബി.എസ്‌.പി.യിലെ എം.എല്‍.എ.യായ പി.എന്‍. ദ്വിവേദി ഇപ്പോള്‍ ഒരു ബാലികയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ജയിലിലാണ്‌. പ്രായപൂര്‍ത്തിയാകാത്ത ബാലികയെയാണ്‌ ഈ എം.എല്‍.എ. തന്റെ വീട്ടില്‍വച്ചു ബലാല്‍സംഗം ചെയ്‌തത്‌. പക്ഷേ, നിയമപാലകരാകേണ്ട പോലീസ്‌ ഈ ജനപ്രതിനിധിയുടെ രക്ഷയ്‌ക്കെത്തി. ബലാല്‍സംഗ വാര്‍ത്ത പുറത്തുവരുമെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയെ മോഷണക്കുറ്റം ചുമത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു ജയിലിലാക്കി.

ഈ കിരാത നടപടിക്കെതിരേ ജനങ്ങള്‍ പ്രതിഷേധം തുടങ്ങി. ഒടുവില്‍ തന്റെ പാര്‍ട്ടി എം.എല്‍.എ.യെ അറസ്‌റ്റ് ചെയ്യാന്‍ യു.പി.യിലെ ബി.എസ്‌.പി. മുഖ്യമന്ത്രി മായാവതി നിര്‍ബന്ധിതയായി. ജയിലില്‍ കിടന്നിരുന്ന ബാലികയെ മോചിപ്പിക്കാനും അവര്‍ ഉത്തരവിട്ടു. അതിനു കാരണം മോഷണക്കുറ്റത്തിനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പോലീസിനുണ്ടായിരുന്നില്ല എന്നതാണ്‌.

ഇതിനേക്കാളെല്ലാം ഹൃദയഭേദകമായ വാര്‍ത്തകളാണു ഹരിയാനയില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അവിടെ ബലാല്‍സംഗത്തിനു വിധേയരാകുന്ന പെണ്‍കുട്ടികള്‍ അതേപ്പറ്റി പരാതിപ്പെട്ടാല്‍ അന്വേഷണം പോലും നടക്കാത്ത സ്‌ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കാരണം ഈ ബലാല്‍സംഗ ക്രൂരതകളില്‍ പലതിലും പോലീസ്‌ ഒന്നുകില്‍ പ്രതികളോ അല്ലെങ്കില്‍ കൂട്ടാളികളോ ആണ്‌.

ബലാല്‍സംഗത്തിനു വിധേയരായ രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരന്വേഷണത്തിനും പോലീസ്‌ തയാറായില്ലെന്നു മാത്രമല്ല പോലീസ്‌ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയും ചെയ്‌തു. പോലീസ്‌ ഐ.ജിക്കു വരെ പരാതി നല്‍കിയിട്ടും അതേക്കുറിച്ചൊന്നും അന്വേഷണം പോലുമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇരുവരും സംസ്‌ഥാന പോലീസ്‌ ഐ.ജിയുടെ ഓഫീസിനു മുന്നില്‍ചെന്ന്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌. നിരാലംബരും നിസഹായരുമായ ആ സ്‌ത്രീകള്‍ക്കു തങ്ങളുടെ നഷ്‌ടപ്പെട്ട മാനം രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാന്‍ പറ്റുമോ? ഒരുകാര്യം വ്യക്‌തമായിക്കഴിഞ്ഞു. ഈ രാജ്യത്ത്‌, ഏറെ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ടെന്നു നാം ദുരഭിമാനിക്കുന്ന കേരളത്തില്‍ പോലും അതു സംഭവിക്കുകയാണ്‌. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന രണ്ടു വിഭാഗമായി മനുഷ്യര്‍ മാറുകയാണ്‌. ഏതു പാര്‍ട്ടി ഭരിച്ചാലും അതാണു സ്‌ഥിതിയെന്നതാണു യാഥാര്‍ഥ്യം. ഭരിക്കുന്നവര്‍, അതു രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്‌ഥ മേധാവികളും നീതിപാലകരുമടങ്ങിയ സംഘമാണ്‌, എല്ലാ നിയമങ്ങള്‍ക്കും അതീതരായി മാറിക്കൊണ്ടിരിക്കുന്നത്‌.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്‌. അച്യുതാനന്ദന്‍ ഏറ്റവും കൂടുതല്‍ ശബ്‌ദമുയര്‍ത്തിയതു ലൈംഗിക പീഡനങ്ങള്‍ക്കെതിരെയാണ്‌. അതില്‍ പ്രമുഖമായതു കിളിരൂര്‍-കവിയൂര്‍ ലൈംഗിക പീഡന സംഭവമാണ്‌. പീഡിപ്പിക്കപ്പെട്ട ശാരി എസ്‌. നായര്‍ എന്ന പെണ്‍കുട്ടി മരണമടയുകയും ചെയ്‌തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ശാരിയുടെ പീഡകരേയും ഘാതകരേയും കൈയാമംവച്ചു തെരുവിലൂടെ നടത്തുമെന്നാണ്‌ അച്യുതാനന്ദന്‍ ഗര്‍ജനസ്വരത്തില്‍ പ്രഖ്യാപിച്ചത്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഘാതകര്‍ക്കു കൈയാമം വയ്‌ക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിനു കഴിയാതെ വന്നപ്പോള്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ശാരിയുടെ മാതാപിതാക്കള്‍ സത്യഗ്രഹമിരുന്നു. ഉടനടി മാതാപിതാക്കളേയും സഹോദരിയേയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ശാരിയുടെ പീഡകരേയും ഘാതകരേയും അറസ്‌റ്റ് ചെയ്യാന്‍ കഴിയാതിരുന്ന അച്യുതാനന്ദന്റെ പോലീസ്‌ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌തു എന്ന വിരോധാഭാസത്തിനു കേരളം സാക്ഷ്യം വഹിച്ചു. ഇങ്ങനെ എന്തെല്ലാം നാം കാണണം?

ഒരു കാര്യം തീര്‍ച്ച. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിടവ്‌ അനുദിനം വര്‍ധിക്കുകയാണെന്ന യാഥാര്‍ഥ്യമാണത്‌.

Followers