സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 10, 2010

ജോലിക്കിടയിലെ അപകടങ്ങളില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം?

മുരളി തുമ്മാരുകുടി

സുരക്ഷയെക്കുറിച്ചുള്ള ലേഖനത്തിന്റെ അവസാന മിനുക്ക് പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആലപ്പുഴയില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായുള്ള വാര്‍ത്ത വരുന്നത്. ആളുകളുടെ മരണത്തേക്കാള്‍ വലിയ ദുരന്തമുണ്ടെങ്കില്‍ അത്, ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നിട്ടും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഒരുതരത്തില്‍, സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ മരണം നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല കേരളത്തില്‍ എല്ലാ വര്‍ഷവും മരിച്ചുകൊണ്ടിരിക്കുന്നത്. പുല്ല് വെട്ടുന്നത് പോലുള്ള സാധാരണ ജോലികളിലേര്‍പ്പെടുമ്പോഴും മരണമുണ്ടാകുന്നു(പാമ്പ് കടിച്ചും മറ്റും). ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലൈന്‍മാന്‍മാര്‍, താല്കാലികമായി ഉണ്ടാക്കിയ മുളക്കെട്ടുകളില്‍ നിന്ന് പണിയെടുക്കുമ്പോള്‍ വീണ് മരിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ കെട്ടിടം ഒന്നായി ഇടിഞ്ഞുവീണ് മരിക്കുന്ന തൊഴിലാളികള്‍, പഴയ കിണറുകള്‍ വൃത്തിയാക്കുമ്പോള്‍ ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് മരിക്കുന്ന തൊഴിലാളികള്‍, സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടത്തില്‍ മരിക്കുന്നവര്‍, പെട്രോള്‍ ടാങ്കുകള്‍ സ്ഥാപിക്കുമ്പോള്‍ മരിക്കുന്ന വെല്‍ഡര്‍മാര്‍ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങള്‍ തൊഴിലിനിടയില്‍ അപകട സാധ്യത കൂടുതലുള്ളവരാണ്.




തങ്ങള്‍ അറിയാതെത്തന്നെ മരണത്തിനിടയാക്കുന്ന അപകടങ്ങളും ജോലിയ്ക്കിടയിലുണ്ടാകാറുണ്ട്. ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കം അര്‍ബുദ രോഗത്തിന് കാരണമാകാം. പെട്രോള്‍ പമ്പില്‍ ഹൈഡ്രോ കാര്‍ബണിന്റെ ചെറിയ ഡോസുകള്‍ ഏല്ക്കുന്ന തൊഴിലാളികള്‍ക്ക് അര്‍ബുദമോ മറ്റ് രോഗങ്ങളോ വരാം. ലെഡ് ആസിഡ് ബാറ്ററികളുമായി ബന്ധപ്പെട്ട തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ലെഡിന്റെ വിഷാംശമേല്‍ക്കാനിടയുണ്ട്. രാസപദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ഭാവിയില്‍ ചെറിയ അളവിലെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. നിര്‍ഭാഗ്യവശാല്‍ ആന പാപ്പാനെ കുത്തിക്കൊല്ലുന്നത് പോലെ പ്രത്യക്ഷത്തില്‍ത്തന്നെ ജോലിയിലെ അപകടവും മരണവും തമ്മിലുള്ള ബന്ധം ഇത്തരം സാഹചര്യങ്ങളില്‍ കാണാനാകില്ല. ഇതിന്റെ ഫലമായി പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങളോ പ്രതികരണങ്ങളോ ഉണ്ടാകാറില്ല. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയുമില്ല. (കാരണം മിക്കപ്പോഴും മരണം സംഭവിക്കുന്നത് തൊഴിലാളി വിരമിച്ചതിന് ശേഷമാകും. അഥവാ ജോലിയിലിരിക്കുമ്പോള്‍ത്തന്നെ മരണം സംഭവിച്ചാലും അതിന് ജോലിയുമായുള്ള ബന്ധം തെളിയിക്കാനുമാകില്ല). ഇൗ അനുഭവങ്ങളില്‍ നിന്ന് ആരും ഒന്നും പഠിക്കുകയുമില്ല. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഈ തൊഴില്‍മേഖലയില്‍ അപകട സാധ്യത കാരണമുള്ള വേതനവര്‍ദ്ധന തൊഴിലാളികള്‍ക്ക് ലഭിക്കുന്നുമില്ല.



ഒരു ജോലിയുടെ ഏറ്റവും ദുരന്തപൂര്‍ണമായ വേതനം തീര്‍ച്ചയായും മരണം തന്നെയാണ്. എന്നാല്‍ ഇതില്‍ കുറഞ്ഞ ചില അപകടങ്ങളും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകാറുണ്ട്. ഐ.ടി. മേഖലയിലെപ്പോലെ ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവര്‍ക്കും ദീര്‍ഘനേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ക്കും കൈകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും(ഉദാ: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍) എല്ലാം ജോലിയുമായി ബന്ധപ്പെട്ട് രോഗങ്ങളുണ്ടാകാം. സത്യം പറഞ്ഞാല്‍, ഓരോ ജോലിയും കൃത്യമായ വിശകലനത്തിന് വിധേയമാക്കിയാല്‍ എല്ലാത്തിനും അതിന്റേതായ അപകടങ്ങളുണ്ടെന്ന് മനസ്സിലാക്കാനാവും. ചിലത് പെട്ടന്ന് സംഭവിക്കുന്നതും ഗുരുതരവുമായിരിക്കും. മറ്റ് ചിലത് ദീര്‍ഘകാലത്തിന് ശേഷവും അത്രതന്നെ ഗുരുതരമല്ലാത്തതുമായിരിക്കുമെന്ന് മാത്രം.



ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്നുമുള്ള രക്ഷാമാര്‍ഗങ്ങളെക്കുറിച്ച് നമ്മുക്കുള്ള അറിവ് മികച്ചതല്ല. ജോലിയുടെ അപകടങ്ങളെക്കുറിച്ചുള്ള ധാരണയുള്ളപ്പോള്‍ത്തന്നെ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നു(ഉദാഹരണത്തിന് ഇലക്ട്രീഷ്യന്‍മാര്‍). നിങ്ങള്‍ക്ക് ചീഞ്ഞ തക്കാളിയെ പേടിയാണെങ്കില്‍ മിമിക്രി കലാകാരനാകാതിരിക്കുക എന്ന സമീപനമാണ് ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനോടുള്ള നമ്മുടെ സമീപനവുമെന്ന് തോന്നുന്നു.



ഇതായിരിക്കരുത് നമ്മുടെ സമീപനം. ജോലിയ്ക്കിടയിലെ അപകടം പൂര്‍ണമായും ഒഴിവാക്കാനാകാത്തതാണെങ്കിലും ജോലിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളെ ഒരു പരിധിവരെ കൈകാര്യം ചെയ്യാനാകും. വികസിത രാജ്യങ്ങളില്‍ അത്തരം അപകട സാധ്യതകളെ ജോലിയുടെ രൂപകല്പനയിലൂടെയും പരിശീലനത്തിലൂടെയും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെയും ഇല്ലാതാക്കാന്‍ കാര്യമായ ശ്രമം നടക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രീഷ്യന്‍മാര്‍ റിപ്പയര്‍ ജോലി ചെയ്യുന്ന സെക്ഷനിലേയ്ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് വൈദ്യുതിയുമായി ബന്ധപ്പെട്ട 99 ശതമാനം അപകടങ്ങളും ഇല്ലാതാക്കാം. താല്കാലിക മുളക്കെട്ട് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളികളുടെ ശരീരത്തില്‍ ഒരു കയര്‍ കെട്ടി തെന്നി വീഴുന്നതില്‍ നിന്നും മുളക്കെട്ട് തകര്‍ന്ന വീഴുമ്പോഴുണ്ടാകുന്ന അപകടത്തില്‍ നിന്നും അവരെ രക്ഷിക്കാം.



ജോലിസ്ഥലത്തെ അപകടങ്ങളെ എങ്ങിനെ തിരിച്ചറിയാമെന്നും തൊഴിലുടമ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കിലും അവ എങ്ങിനെ തരണം ചെയ്യാമെന്നും പരിശോധിക്കാം. ചില സമയത്ത് ചില രക്ഷാമാര്‍ഗങ്ങള്‍ ഒരുക്കണമെന്ന് നിങ്ങള്‍ക്ക് തൊഴിലുടമയോട് ആവശ്യപ്പെടാനാകും. സ്വന്തം സുരക്ഷ സ്വന്തം കൈകളില്‍ എന്ന തത്വത്തിന്റെ ഭാഗമാണ് അതും.



1997ല്‍ എന്റെ അച്ഛന് 'മെസോതെലിയോമ' എന്ന രോഗമാണെന്ന് കണ്ടെത്തിയത് ജോലി സ്ഥലത്തെ അപകടങ്ങളെക്കുറിച്ചുള്ള എന്റെ അ നുഭവമാണ്. ആസ്ബറ്റോസുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുണ്ടാകുന്ന ഒരുതരം അര്‍ബുദമാണ് 'മെസോതെലിയോമ'. ഇത് ഏറെ ഗുരുതരവും പെട്ടെന്ന് വ്യാപിക്കുന്നതും അസഹ്യമായ വേദനയുളവാക്കുന്നതുമാണ്. ചികിത്സയോട് ഒരു തരത്തിലും പ്രതികരിക്കുകയില്ല എന്നതും ഈ രോഗത്തിന്റെ ദുരന്തമാണ്. രോഗമിതാണെന്ന് അറിഞ്ഞ് ഒരു മാസത്തിനുള്ളില്‍ത്തന്നെ എന്റെ അച്ഛന്‍ മരിച്ചതുകൊണ്ട് അധികം വേദന അനുഭവിക്കേണ്ടിവന്നില്ല.



വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ 'മെസോതെലിയോമ'യെക്കുറിച്ച് കൂടുതല്‍ വായിച്ചപ്പോഴാണ് അച്ഛന്‍ ഏതോ സന്ദര്‍ഭത്തില്‍ ആസ്ബറ്റോസുമായി അടുത്ത് ഇടപഴകിയിട്ടുണ്ടാകുമെന്ന് മനസ്സിലായത്. ഒരു ശാസ്ത്രജ്ഞന്റെ പ്രകൃതമുള്ള ഞാന്‍ എവിടെയാണ് അപകടമുണ്ടായതെന്ന് മനസ്സിലാക്കാനായി അദ്ദേഹത്തിന്റെ ജീവിതചക്രം പൂര്‍ണമായും പഠിച്ചു. വൈക്കോല്‍ കൊണ്ടുള്ള മേല്‍ക്കൂരയുള്ള ഒരു വീട്ടിലാണ് ജനിച്ചതെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം പഠിച്ച സ്‌കൂളിന്റെ മേല്‍ക്കൂര ഓടിട്ടതായിരുന്നു. തൊഴില്‍ ജീവിതത്തില്‍ അദ്ദേഹം ഒരിക്കലും ആസ്ബറ്റോസുമായി ബന്ധപ്പെട്ടിട്ടില്ല. അച്ഛന്റെ കമ്പനി ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍ക്കൂരയോ ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരയോ ആസ്ബറ്റോസ് കൊണ്ടുള്ളതായിരുന്നില്ല. ഇതൊക്കെയാണെങ്കിലും 'മെസോതെലിയോമ'യും ആസ്ബറ്റോസുമായുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും തര്‍ക്കരഹിതവുമാണ്. അമേരിക്കയില്‍ നിങ്ങള്‍ക്ക് 'മെസോതെലിയോമ' ആണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അഭിഭാഷകര്‍ നിങ്ങളുടെ കേസ് ഏറ്റെടുക്കുകയും ജീവിതത്തില്‍ ഏത് ഘട്ടത്തിലാണ് ആസ്ബറ്റോസുമായി ഇടപഴകേണ്ടി വന്നതെന്ന് മനസ്സിലാക്കി നഷ്ടപരിഹാരം വാങ്ങിത്തരുകയും ചെയ്യും. ആസ്ബറ്റോസുമായി ബന്ധപ്പെട്ട ബാധ്യതകള്‍ മൂലം വലിയ കമ്പനികള്‍ പാപ്പരായിട്ടുണ്ട്! നൂറ്റാണ്ടോളം പഴക്കമുള്ള എ.ബി.ബി കമ്പനി ഒരു ആസ്ബറ്റോസ് കേസുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതാണ്.



അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കുറ്റക്കാരനാക്കുകയോ നഷ്ടപരിഹാരം നേടിയെടുക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. എന്നാല്‍ ജോലിസംബന്ധമായ കൗതകം അച്ഛനും ആസ്ബറ്റോസുമായുള്ള ബന്ധത്തിന് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചു.



മിക്ക വികസിത രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുള്ള ആസ്ബറ്റോസ് കേരളത്തില്‍ നിരോധിച്ചിട്ടില്ലെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ആസ്ബറ്റോസിന്റെ അപകടത്തെക്കുറിച്ചറിയില്ല എന്നത് ദുരന്തം പൂര്‍ണമാക്കുന്നു. മേല്‍ക്കൂര പണിയുന്നത് തൊട്ട് താപകവചത്തിന് വരെ നൂറ് കണക്കിന് ആവശ്യങ്ങള്‍ക്കാണ് ഇവിടെ ആസ്ബറ്റോസ് ഉപയോഗിക്കുന്നത്. ശ്വസത്തിലൂടെ ആസ്ബറ്റോസ് നാരുകള്‍ ശ്വാസകോശത്തിലെത്തുകയും ദീര്‍ഘകാലം അവിടെ പറ്റിപ്പിടിക്കുകയും ചെയ്യും. ഒരൊറ്റ തവണ ആസ്ബറ്റോസ് നാരുകളുമായി ഇടപെട്ടാല്‍ തന്നെ 'മെസോതെലിയോമ' ഉണ്ടാകാം. അതും മുപ്പതോ നാല്പതോ വര്‍ഷത്തിന് ശേഷം. അപ്പോള്‍ ഇതുമായി കൂടുതല്‍ ബന്ധം പുലര്‍ത്തും തോറും അപകടം കൂടുന്നു. അതുകൊണ്ട് ഒരിക്കല്‍ ആസ്ബറ്റോസുമായി ബന്ധപ്പെട്ട ഒരാളെക്കാള്‍ നിരന്തരം ആസ്ബറ്റോസുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആള്‍ക്ക് അപകടം കൂടും. ഷീറ്റുകളിലും പൈപ്പുകളിലുമുള്ള സിമന്റ് കൊണ്ട് പൊതിഞ്ഞിട്ടുള്ള ആസ്ബറ്റോസ് നാരുകളാണ് അപകടകാരികള്‍. ഈ പൈപ്പുകള്‍ മുറിക്കുകയോ തുളക്കുകയോ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് അദൃശ്യമായ ആസ്ബറ്റോസ് നാരുകളാണ് പുറത്തുവിടുന്നത്. ഇതാണ് അപകടം ചെയ്യുന്നത്. ഞാന്‍ ജോലി ചെയ്തിട്ടുള്ള പല രാജ്യങ്ങളിലും ആസ്ബറ്റോസ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ആസ്ബറ്റോസിനെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ വളരെ ലളിതമായ ഒരു പരീക്ഷണമാണ് ഞാന്‍ നടത്താറുള്ളത്. ഏതെങ്കിലും കടയില്‍ക്കയറി പകുതി ആസ്ബറ്റോസ് ഷീറ്റ് ലഭിക്കുമോയെന്ന് ഞാന്‍ തിരക്കും. ഒരു ആസ്ബറ്റോസ് ഷീറ്റ് രണ്ടാക്കി തരാന്‍ തയ്യാറുള്ള ആരും ഇതിന്റെ അപകടത്തെക്കുറിച്ച് ബോധവാന്‍മാരല്ലെന്ന് എനിക്ക് മനസ്സിലാകും. അടുത്ത തവണ നിങ്ങളുടെ അടുത്തുള്ള കടയില്‍ ചെന്ന് ഇത് പരീക്ഷിച്ചുനോക്കുക.



ജോലിക്കിടയിലെ അപകടങ്ങളില്‍ പ്രധാനിയായാണ് ഇപ്പോള്‍ ആസ്ബറ്റോസിനെ കണക്കാക്കുന്നത്. ഇതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് കൃത്യമായ നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. യു.കെയില്‍ ആസ്ബറ്റോസ് ഉള്‍പ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്പോള്‍ ഒരു ആസ്ബറ്റോസ് വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിച്ച് പൊളിക്കാനുള്ള കെട്ടിടം മറ്റുള്ളവയില്‍ നിന്ന് മറച്ചുകെട്ടുന്നു. അയല്‍ക്കാര്‍ക്ക് കെട്ടിടം പൊളിക്കുന്നതിനെക്കുറിച്ച് മുന്‍കൂട്ടി നോട്ടീസ് നല്‍കും. കെട്ടിടത്തിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ വെള്ളം തളിച്ച് നനക്കും. കെട്ടിടം പൊളിക്കുന്ന തൊഴിലാളികള്‍ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കവറുകളും മുഖം മൂടികളും ധരിച്ചാണ് പണിയെടുക്കുക. കെട്ടിടത്തില്‍ നിന്ന് പൊളിച്ചെടുക്കുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ബാഗില്‍ നിക്ഷേപിക്കുന്നു. ഈ ബാഗ് മറ്റൊരു ബാഗില്‍ നിറയ്ക്കുന്നു. ഈ ആസ്ബറ്റോസ് ഷീറ്റുകള്‍ പിന്നീട് ഇത് കളയാനായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു. അവസാനമായി നിങ്ങള്‍ക്ക് ആസ്ബറ്റോസുമായി ബന്ധപ്പെടേണ്ടി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന ഇപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.



കേരളത്തിലുള്ള എല്ലാ ജോലികളുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ അപകടങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പരാമര്‍ശിക്കുക അസാധ്യമാണ്. നിങ്ങളുടെ ജോലിയെ പൊതുവായി നിങ്ങള്‍ എങ്ങിനെയാണ് സമീപിക്കേണ്ടത്, എന്തൊക്കെയാണ് അപകടങ്ങളെന്ന് എങ്ങിനെയാണ് തിരിച്ചറിയേണ്ടത്, ഇതിന് ഏതെല്ലാം തരത്തിലുള്ള മുന്‍കുതലുകളാണെടുക്കേണ്ടത്(ഇന്‍ഷൂറന്‍സ് അടക്കമുള്ളവ), തൊഴിലുടമയോട് ജോലി സുരക്ഷിതമാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.





പ്രധാനമായും കൈക്കൊള്ളേണ്ട നടപടികള്‍



1. അപകടം തിരിച്ചറിയുക

2. സുരക്ഷിതമായ ജോലി പരിശീലനം

3. വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍

4. നേരിടേണ്ടതിനെക്കുറിച്ചുള്ള ആസൂത്രണം

5. അപകടത്തെക്കുറിച്ചുള്ള വിനിമയം





അപകടം തിരിച്ചറിയല്‍



ഒരാളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രത്യേക അപകടങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാല്‍ പാതി ജയിച്ചു. ഇത് എല്ലായ്‌പ്പോഴും പ്രകടമായിരിക്കില്ല. നേരത്തെ പറഞ്ഞതുപോലെ, ചില സാഹചര്യങ്ങളില്‍ (ആനപാപ്പാന്റേതു പോലെ) അപകടം എപ്പോഴും കൂടെയുള്ളതായിരിക്കും. എന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ സൂക്ഷിച്ചിരുന്ന മുറിയില്‍ത്തന്നെയാണ് റേഷന്‍ കട ഉടമസ്ഥനും ഇരുന്നിരുന്നത്. ഇരിപ്പിടത്തിന് പിറകിലുള്ള മണ്ണെണ്ണ വീപ്പകളില്‍ നിന്ന് ഉയരുന്ന ധൂപം ഒരു ദിവസം തന്റെ ജീവനെടുക്കുമെന്ന് അയാള്‍ ഒരിക്കലും മനസ്സിലാക്കിയില്ല. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? അപകടം തിരിച്ചറിയാന്‍ വളരെ ലളിതമായ ഒരു സമീപനമാണ് താഴെ വിവരിക്കുന്നത്.



1. നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കുക: മിക്ക സാഹചര്യങ്ങളിലും നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്നതുതന്നെ ഒരു അപകടമാണ്. ഉദാഹരണത്തിന് ഒരു കള്ള് ചെത്തുകാരന് ഉയരമാണ് ഏറ്റവും വലിയ അപകടം. നിങ്ങളുടെ ജോലി സ്ഥലത്തെ ഘടനാപരമായി ശ്രദ്ധിച്ചാല്‍ അതുമായി ചേര്‍ന്നുതന്നെ നിരവധി അപകടങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.



2. നിങ്ങളുടെ ജോലി സ്ഥലത്തിന് ചുറ്റും എന്താണുള്ളതെന്ന് ശ്രദ്ധിക്കുക: ചില സമയത്ത് നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലമല്ല, മറിച്ച് അതിന് ചുറ്റുമുള്ള കാര്യങ്ങളാണ് നിങ്ങളെ അപകടത്തിലാക്കുന്നത്. കിണര്‍ നന്നാക്കുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും കാലങ്ങളായി കിണറിനുള്ളില്‍ കെട്ടിക്കിടക്കുന്ന വിഷവാതകം അപകടമാണ്. പുല്ല് വെട്ടാന്‍ പോകുന്നവര്‍ക്ക് അപകടം പാമ്പുകളായിരിക്കും. മിക്ക സാഹചര്യങ്ങളിലും ഇത് മുന്‍കൂട്ടി കാണാന്‍ കഴിയുന്നവയാണ്.



3. നിങ്ങളുടെ ജോലി ഉപകരണങ്ങള്‍ ശ്രദ്ധിക്കുക: പലപ്പോഴും ഉപകരണങ്ങള്‍ അപകടമുണ്ടാക്കാം. കശാപ്പുകരാന് കത്തിയും ആധുനിക ആശാരിയ്ക്ക് ഇലക്ട്രിക്ക് ഡ്രില്ലും ഇതിന് ഉദാഹരണമാണ്.



4. എന്തുമായാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക: വൈദ്യതി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഒരു വയറിന്റെ ഇന്‍സുലേഷന്‍ ഒരു പ്ലേയര്‍ ഉപയോഗിച്ച് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും വൈദ്യതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഒരു വയറിന്റെ ഇന്‍സുലേഷന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും വ്യത്യസ്തമാണ്. എണ്ണ വിതരണം ചെയ്യുന്ന പൈപ്പ് ലൈനില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ എത്രയോ സുരക്ഷിതമാണ് വെള്ളത്തിനായുള്ള പൈപ്പ് ലൈനില്‍ ജോലി ചെയ്യുന്നത്.



5. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക: എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്നതും അപകടമുണ്ടാക്കാം. ചുമട്ടുതൊഴിലാളി എങ്ങിനെയാണ് ചുമട് എടുക്കുന്നതെന്നും ഇറക്കുന്നതെന്നും വലിയ അപകടം പതിയിരിക്കുന്ന കാര്യമാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളിനെ സംബന്ധിച്ചിടത്തോളം ദീര്‍ഘനേരം നില്‍ക്കുന്നതും ഇരിക്കുന്നതും വലിയ വെല്ലുവിളിയാണ്.



6. നിങ്ങളോടൊപ്പം ആരാണ് ജോലി ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക: കഴിവില്ലാത്തവരും അനുഭവജ്ഞാനമില്ലാത്തവരുമായ സഹപ്രവര്‍ത്തകര്‍ എപ്പോഴും അപകടത്തിന് കാരണമാകും. മരം മുറിക്കുന്ന ഒരാള്‍ പണി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ എപ്പോഴാണ് മരം മുറിഞ്ഞുവീഴുക എന്നത് ശ്രദ്ധിക്കാന്‍ അത് പരിചയമില്ലാത്ത ഒരാളെ ഏല്പിച്ചാലുണ്ടാകുന്ന ഫലം ഇതിന് ഉദാഹരണമാണ്. നിങ്ങള്‍ സ്വയം വലിയൊരു അപകടത്തിലകപ്പെടുകയാണ് ചെയ്യുന്നത്.



ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയും എന്നാല്‍ സാധാരണമായതുമായ ജോലികളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ സംഘടിതമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്കരണം നടത്തിയിട്ടുണ്ടാകുമെന്ന് കരുതാമോ ? ഇല്ലെന്നാണ് എന്റെ അനുമാനം. (ഉദാഹരണത്തിന് വളരെക്കുറച്ച് ഐ.ടി പ്രൊഫഷണലുകള്‍ക്ക് മാത്രമെ ദീര്‍ഘനേരം നില്ക്കുന്നതും മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്നതും അപകടമാണെന്നത് അറിയൂ. ഇവരില്‍ പലര്‍ക്കും ജോലിസമയത്തിന്റെ അവ്യക്തതയെക്കുറിച്ചും അറിയില്ല). എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും അതറിയാനുള്ള സാഹചര്യം ഉണ്ടല്ലോ.





സുരക്ഷിതമായ ജോലി സാധ്യതകള്‍



ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കികഴിഞ്ഞാല്‍ താഴെ പറയുന്ന ചിന്താപ്രക്രിയയിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടതുണ്ട്.



1. കൂടുതല്‍ ആസൂത്രണം, പിന്തുണ, കൃത്യമായ സുരക്ഷാ ഉപകരണം എന്നിവയുടെ സഹായത്തോടെ ഒരേ ജോലി തന്നെ കുറച്ചുകൂടി സുരക്ഷിതമായ രീതിയില്‍ ചെയ്യാനാകുമോ?



2. അപകടം കുറയ്ക്കാന്‍ ആവശ്യമായ നടപടികളെടുത്തിട്ടും അവഗണിക്കാനാകാത്ത അപകടങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നെങ്കില്‍ വേതനം ആകര്‍ഷകമാണോ? തൊഴിലുടമ ആവശ്യമായ ഇന്‍ഷൂറന്‍ പരിരക്ഷ നല്‍കുന്നുണ്ടോ?



3. ജോലി സുരക്ഷിതമായി ചെയ്യാനാവുന്നില്ലെങ്കില്‍, ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഈ ജോലി ഏറ്റെടുക്കേണ്ടതുണ്ടോ?



ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം എപ്പോഴും പോസിറ്റീവ് ആണ്. കേരളത്തിലുള്ള ഏതൊരു ജോലിയും സുരക്ഷിതമായി ചെയ്യണമെങ്കില്‍ അതിനെക്കുറിച്ച് ശ്രദ്ധയോടെ ചിന്തിക്കണമെന്ന് ഞാന്‍ കരുതുന്നു. റേഷന്‍കടയില്‍ മണ്ണെണ്ണ വീപ്പ എപ്പോഴും കുറച്ചുകൂടി വായു ലഭിക്കുന്ന, തുറസ്സായ ഒരിടത്തേയ്ക്ക് മാറ്റാവുന്നതാണ്. ഇടുങ്ങിയ ഒരു സ്ഥലത്തേയ്ക്ക് കടക്കുന്നതിന് മുമ്പ് അവിടുത്തെ ഓക്‌സിജന്‍ എത്രയുണ്ടെന്ന് കണക്കാക്കാനുള്ള സംവിധാനമുണ്ട്. അപ്പോള്‍ അവിടെ വേണ്ടത്ര ഓക്‌സിജനില്ലെങ്കില്‍ അങ്ങോട്ട് കടക്കേണ്ടെന്ന് തീരുമാനിക്കാം. സെപ്റ്റിക് ടാങ്കില്‍ ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പ് അത് തുറന്ന് വെച്ചാല്‍ അതില്‍ കെട്ടിക്കിടക്കുന്ന വിഷവാതകം പുറത്തുപോകാന്‍ സഹായകമാകും. അപകടങ്ങളെക്കുറിച്ച് ബോധമുണ്ടാവുക എന്നതാണ് പ്രധാനം. ഒരിക്കല്‍ അപകടത്തെക്കുറിച്ച് മനസ്സിലായാല്‍, നമ്മുടെ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ ആവശ്യമായ നടപടികളെടുക്കാനുള്ള സാമാന്യബുദ്ധിയുണ്ട്. ആളുകള്‍ നിത്യേന ചെയ്യുന്ന ജോലിയായതിനാല്‍ അപകടങ്ങളെക്കുറിച്ച് അവര്‍ കൂടുതലൊന്നും ചിന്തിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. മിക്കപ്പോഴും റിസ്‌ക് എടുത്ത് ജോലി ചെയ്യുന്നതിനാല്‍ ആളുകള്‍ ഇങ്ങിനെയല്ലാതെ ജോലി ചെയ്യാനാകില്ല എന്ന തീരുമാനത്തിലെത്തുന്നു.



വലിയ ചെലവുമില്ലാത്ത ഒരു രക്ഷാമാര്‍ഗത്തെക്കുറിച്ച് ഞാന്‍ പറയാം. 'ജോലി നടക്കുന്ന പ്രദേശത്തെ ഒറ്റപ്പെടുത്തുക' എന്നതാണ് ഈ മാര്‍ഗം. ഒരു പ്രദേശത്ത് ജോലി നടക്കുമ്പോള്‍ യാതൊരു ആവശ്യവുമില്ലാതെ ജനങ്ങള്‍ അതിനുചുറ്റും കൂടിനില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. പുതുമയുള്ള കാര്യമാണെങ്കില്‍ പറയാനുമില്ല, കൂടിനില്‍ക്കുന്നവരുടെ എണ്ണം കൂടും. പാതയോരത്തുള്ള മരം മുറിക്കുന്നത് ഉദാഹരണമാണ്. മരം മുറിക്കുന്നത് രണ്ട് പേരും അത് നോക്കിനില്‍ക്കുന്നത് 20 പേരുമായിരിക്കും. മരം മുറിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും പെട്ടെന്ന് മരം മുറിഞ്ഞുവീഴുകയും ചെയ്താല്‍ സാധാരണനിലയില്‍ അത് മുറിക്കുന്ന രണ്ട് പേര്‍ക്ക് മാത്രമെ പരിക്കേല്‍ക്കുകയുള്ളൂ. എന്നാല്‍ ഇവിടുത്തെ സാഹചര്യത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വളരെ കൂടും.



തിരുവനന്തപുരത്തെ ഒരു ലോഡ്ജ് പൊളിഞ്ഞുവീണപ്പോഴുണ്ടായ അപകടം മറ്റൊരു ഉദാഹരണമാണ്. നിരവധി ആളുകള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ അടിയിലായി. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാമെന്ന് അവരോട് ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല. കാരണം ആര്‍ക്കുമത് അറിയില്ലായിരുന്നു. കെട്ടിടം പൊളിക്കുന്ന പണിയിലേര്‍പ്പെട്ടവര്‍ എത്രയെന്ന് തീര്‍ച്ചയായും അവര്‍ക്ക് അറിയുമായിരിക്കും. എന്നാല്‍ പണി കണ്ടുനിന്ന എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്ന കാര്യമാണ് ആര്‍ക്കും അറിയാത്തത്. ഇതിനെത്തുടര്‍ന്ന്, ആവശ്യമില്ലാതെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തില്‍പ്പെടാത്തവര്‍ക്ക് വേണ്ടി കൂടി തിരച്ചില്‍ നടത്തി ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സമയം നഷ്ടപ്പെടുത്തുകയും ചെയ്തു.



ജോലിസ്ഥലം അരക്ഷിതമാണ്. അതുകൊണ്ടുതന്നെ അവിടെ യാതൊരു പ്രസക്തിയുമില്ലാത്ത ആളുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വ്യവസായ പ്രദേശങ്ങളില്‍ വലിയ സുരക്ഷാ ഗേറ്റുകളും മതിലുകളുമുണ്ടാകും. എന്നാല്‍ അകത്ത് കടന്നാല്‍ കാര്യമായ നിയന്ത്രണമൊന്നും കാണില്ല. നമ്മുടെ നിര്‍മാണമേഖല സ്വയമേ തന്നെ ദുരന്തം വരുത്തിവയ്ക്കുന്നവയാണ്. സന്ദര്‍ശകരുടെ പേര് രജിസ്റ്റര്‍ ചെയ്യാറില്ല, പ്രദേശത്തെ ഒറ്റപ്പെടുത്തുകയുമില്ല. അപകടം വിളിച്ചുവരുത്തലാണിത്. ഇവിടെ പുറത്തുള്ളവരാരെങ്കിലും അപകടത്തില്‍പെട്ടാല്‍ കോണ്‍ട്രാക്ടറോ ഇന്‍ഷൂറന്‍സ് കമ്പനിയോ ഇയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകില്ല. ഇതിനെക്കുറിച്ച് ആലോചിക്കുക.



ഓരോ തരം ജോലിരീതികള്‍ക്കും സുരക്ഷിതത്വമാര്‍ഗങ്ങള്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാവില്ല. എന്നാല്‍ നിങ്ങള്‍, യുവ ഓഫീസ് ജോലിക്കാര്‍ (ഇവരില്‍ ഭൂരിഭാഗവും ഈ ലേഖനം വായിക്കുന്ന ഓണ്‍ലൈന്‍ വായനക്കാരാകും) ജോലിയില്‍ സ്ഥിരം ഇടവേളകളെടുക്കാന്‍ ശ്രദ്ധിക്കുക. ചുരുങ്ങിയത് രണ്ട് മണിക്കൂറിലൊരിക്കലെങ്കിലും ചെറിയൊരു നടത്തത്തിന് പോവുക.



വ്യക്തിപരമായ സുരക്ഷാ ഉപകരണം

പ്രത്യേകമായ അപകടങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന, ധരിക്കാന്‍ കഴിയുന്ന ഉപകരണങ്ങമാണ് വ്യക്തിപരമായ സുരക്ഷാ ഉപകരണം(Personal Protective Equipment) എന്നറിയപ്പെടുന്നത്. ഹെല്‍മറ്റുകള്‍, മുഖംമൂടികള്‍, കയ്യുറകള്‍ എന്നിവ ഉദാഹരണങ്ങളാണ്. കൂടുതല്‍ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ആധുനികമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണ്. വെല്‍ഡര്‍മാര്‍ക്കുള്ള കണ്ണടകള്‍, ഫയര്‍മാന്‍മാര്‍ക്കുള്ള അലുമിനിയം ഉടുപ്പുകള്‍, ആസ്ബറ്റോസ് ജോലിക്കാര്‍ക്ക് ശരീരം മൊത്തം മൂടുന്ന, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ഉടുപ്പുകള്‍ തുടങ്ങിയവ. ഇവ കേരളത്തിന് അത്ര സാധാരണമല്ല.



വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. താരതമ്യേന ലളിതമായ ജോലികള്‍ക്ക് പോലും വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണ്. ഉദാഹരണത്തിന്, കശാപ്പുകാര്‍ക്കും പാചകക്കാര്‍ക്കും നിത്യോപയോഗത്തിന് പ്രത്യേക ലോഹ കയ്യുറകള്‍ ലഭ്യമാണ്. മാംസം മുറിക്കുമ്പോള്‍ കത്തി കയ്യില്‍ നിന്ന് വഴുതി കൈ മുറിഞ്ഞാലും വലിയ പരിക്കുണ്ടാകില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു. ഈ ഉപകരണമില്ലെങ്കിലും ഒരാള്‍ മരിക്കില്ലായിരിക്കാം. പക്ഷേ അയാളുടെ വിരല്‍ മുറിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ ജീവന്‍ സംരക്ഷിക്കുക മാത്രമല്ല, ജോലി കൂടുതല്‍ സുരക്ഷിതമായി ചെയ്ത് തീര്‍ക്കാനും സഹായിക്കുന്നു. ഓരോ ജോലിയ്ക്കും ആവശ്യമുള്ള തരം വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് മുഴുവന്‍ വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ കഴിയില്ല. ഇവ ഓരോന്നിനെക്കുറിച്ചുള്ള മുഴുവന്‍ വിവരവും പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.



രണ്ടാമതായി, വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ സുരക്ഷിതമായ ജോലിരീതികള്‍ക്ക് പകരം വയ്ക്കാനുള്ളതല്ല. പ്രതിരോധത്തിന്റെ അവസാന മാര്‍ഗമായിട്ടാണ് വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളെ കാണേണ്ടത്. സുരക്ഷിതമായ ജോലി ചെയ്യുന്നതിന് ആവശ്യമായ മറ്റ് മുന്‍കരുതലുകളെല്ലാം പരാജയപ്പെടുകയാണെങ്കില്‍, അപകടത്തില്‍ ജീവന്‍ രക്ഷിക്കാനോ പരിക്കുകള്‍ കുറയ്ക്കാനോ സുരക്ഷാ ഉപകരണം നിങ്ങള്‍ക്കൊരു അവസരം തരുന്നു എന്ന് മാത്രം. ഈ ഉപകരണങ്ങള്‍ ധരിക്കുന്നതുകൊണ്ട് അനാവശ്യമായ റിസ്‌കുകളെടുക്കാനോ ജോലി തീരെ അരക്ഷിതമായ രീതിയില്‍ ചെയ്തുതീര്‍ക്കാനോ പാടില്ലെന്ന കാര്യം മറക്കരുത്.



മൂന്നാമതായി, ധരിക്കുന്നത് ശരിയായ സുരക്ഷാ ഉപകരണങ്ങളാവണം ധരിക്കുന്നത്. ടാര്‍ ഉരുക്കുന്ന തൊഴിലാളികള്‍ മഞ്ഞ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത് ജോലിസ്ഥലത്തുള്ളവര്‍ക്ക് ഒരു സുരക്ഷാ ബോധം നല്‍കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഹെല്‍മറ്റ് അല്ല വേണ്ടത്. ടാര്‍ ഉരുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന അപകടം ടാര്‍ അവരുടെ ദേഹത്ത് വീഴുമെന്നതും ടാറില്‍ നിന്നുയരുന്ന പുകയുമാണ്. മുഖംമൂടികള്‍, ദേഹം മുഴുവന്‍ മറയ്ക്കുന്ന കോട്ടുകള്‍, കയ്യുറകള്‍, സുരക്ഷാ ഷൂകള്‍ എന്നിവയാണ്് പ്രയോജനപ്പെടുക. എന്നാല്‍ മിക്കപ്പോഴും ഈ തൊഴിലാളികളെ കാണുക ലുങ്കികളുടുത്ത്, കയ്യുറകളില്ലാതെ, ഹെല്‍മറ്റ് മാത്രം ധരിച്ചാണ്. സുരക്ഷാ ഉപകരണങ്ങള്‍തന്നെ ഓരോ വിഭാഗത്തിനും വ്യത്യസ്തങ്ങളാവും. ആസ്ബറ്റോസ് കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട മുഖംമൂടിയല്ല ബെന്‍സെന്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത്. ഇവ ഓരോന്നും വെവ്വേറെ ലേഖനത്തിനുള്ള വിഷയങ്ങളാണെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.



അവസാനമായി, ലോകത്താകമാനം ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായിട്ടുണ്ട്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്.് ഉപകരണങ്ങള്‍ ധരിച്ച് ജോലി ചെയ്യുന്നത് തുടക്കത്തിലെങ്കിലും ജോലി ചെയ്യുന്നതില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, സുരക്ഷാ ഉപകരണം ധരിക്കുന്നത് എന്തോ ദൗര്‍ബല്യലക്ഷണമാണെന്ന തെറ്റായ ധാരണയാണ്. 'ക്രിക്കറ്റില്‍ വൃക്ഷണങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത് 1874ലാണ്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാന്‍ തുടങ്ങിയത് 1974ലും. തലച്ചോറും പ്രധാനപ്പെട്ടതാണെന്ന് മനുഷ്യന് മനസ്സിലാകാന്‍ 100 വര്‍ഷമെടുത്തു!' എന്ന ഒരു ഈമെയില്‍ ഇന്‍ര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെല്‍മറ്റിനെക്കുറിച്ച് അന്നുണ്ടായിരുന്ന ചര്‍ച്ചകള്‍ ഇപ്പോഴും എനിക്കോര്‍മയുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ വളരെക്കാലം ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല.





മുന്‍കൂട്ടി മനസ്സിലാക്കുക



അപകടം എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞതിനും കൂടുതല്‍ സുരക്ഷിതമായ ജോലി രീതികള്‍ നടപ്പിലാക്കിയതിനും ശരിയായ സുരക്ഷാ ഉ പകരണങ്ങള്‍ ഉപയോഗിച്ചതിനും ശേഷവും പല കാരണങ്ങള്‍ കൊണ്ട് അപകടമുണ്ടാകാമെന്ന് നാം പ്രതീക്ഷിക്കണം. ഇതിനുള്ള അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന് മനുഷ്യന്‍ തെറ്റുകള്‍ വരുത്തുമെന്നതാണ്. രണ്ടാമതായി, ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കാം. മൂന്നാമതായി, ഉപകരണങ്ങള്‍ മുറിഞ്ഞുപോകാം. നാലാമതായി, പുറത്തുള്ള സംഭവങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം(ഉദാ: ഒരു ടവറിന്റെ മുകളില്‍ ഒരാള്‍ ജോലി ചെയ്യുമ്പോള്‍ ഇടിമിന്നല്‍ ഉണ്ടാകാം). ഇത്തരമസവസരത്തില്‍ വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങളുണ്ടെങ്കിലും പരിക്കേല്‍ക്കാം. അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി പരിഹാരം ആസൂത്രണം ചെയ്യണം. പ്രാഥിമിക ചികിത്സാ കിറ്റ് ലഭ്യമാക്കുക, പ്രാഥമിക ചികിത്സയില്‍ പരിശീലനം നല്‍കുക, ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുക, തീപ്പിടുത്തം നേരിടാനുള്ള പ്രാഥമിക പരിശീലനമെങ്കിലും നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടും. തൊഴില്‍ സുരക്ഷിതത്വത്തിന് പൂര്‍ണ ഉത്തരവാദിത്തമുള്ള ആള്‍ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരവും ഉണ്ടാകണം. ഒരു അപകടമുണ്ടായതിനുശേഷവും നിര്‍ണായകതീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇത് വൈദഗ്ദ്ധ്യം ആവശ്യമുള്ള കാര്യമാണ്. ദുരന്തം നടന്ന സ്ഥലത്ത് പത്ത് പേര്‍ കൂടിനിന്ന് കടകവിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലേറെ മോശം ഏര്‍പ്പാടില്ല. എടുക്കുന്ന തീരുമാനത്തിന് ഒരാള്‍ ഉത്തരവാദിയാകണം.



വലിയ കമ്പനികള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്യാനുള്ള ബൃഹത്തായ പദ്ധതികളുണ്ട്. വിദഗ്ധര്‍ തയ്യാറാക്കിയതും ഓരോ ഘട്ടത്തിലും പരീക്ഷിക്കുന്നതുമായിരിക്കും ഇത്. എന്നാല്‍ ചെറിയ ജോലികളിലും ഇതിന് പ്രാധാന്യം ഉണ്ട്. ഒരു കുന്നിന്റെ വശത്തുനിന്ന് കുഴിയെടുക്കുന്ന ഒരാള്‍, മണ്ണിടിഞ്ഞ് ആളുകള്‍ അതിനടിയില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കാണണം. ഓരോ വര്‍ഷവും കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അപകടമുണ്ടായാല്‍ മരിക്കുന്നവരുടെ എണ്ണം എങ്ങിനെ കുറയ്ക്കാനാകുമെന്നതിനെക്കുറിച്ച് ഖനനം തുടങ്ങുന്നതിന് മുമ്പ് ചിന്തിക്കണം. എവിടെയാണ് ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതെന്ന് കണ്ടെത്തുകയാണ് അത്തരമൊരു സാഹചര്യത്തിലെ പ്രധാന വെല്ലുവിളി. എത്രയും പെട്ടെന്ന് സ്ഥലം കണ്ടെത്തിയാലേ ആളുകളെ രക്ഷിക്കാനാവു. സ്വകയര്‍ മീറ്റര്‍ വെച്ച് മാത്രമെ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനാകൂ. മിക്ക സാഹചര്യങ്ങളിലും അവരിലേയ്‌ക്കെത്തുമ്പോഴേയ്ക്കും സമയം വൈകിയിരിക്കും.



ഇതിന് ഒരു എളുപ്പ വഴിയുണ്ട്. യൂറോപ്പില്‍ അപകടകരമായ പ്രദേശങ്ങളില്‍ സ്‌കീയിങ്ങിന് പോകുന്നവര്‍ക്ക് 'അവാലഞ്ച് ബീക്കണ്‍' എന്ന പേരില്‍ ചെറിയൊരു ഉപകരണം വാങ്ങാന്‍ കിട്ടും. ഇതിന് അയ്യായിരം രൂപയോളം വില വരും. മഞ്ഞിനടിയില്‍പ്പെട്ടാല്‍ ഈ ഉപകരണം സിഗ്നലുകള്‍ അയയ്ക്കും. ഈ സിഗ്നലുകള്‍ തിരച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനാവും. കേരളത്തില്‍ ഭൂമി കുഴിക്കുന്നവര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അയ്യായിരം രൂപ എന്നത് മൂന്ന് ലോഡ് മണ്ണ് വില്‍ക്കുമ്പോള്‍ കിട്ടുന്ന പണം മാത്രമെ ആകുന്നുള്ളൂ.





അപകടത്തെക്കുറിച്ചുള്ള ആശയവിനിമയം



അപകടസാധ്യതയെക്കുറിച്ച് അറിയാമെങ്കിലും കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പോലും അതിന്റെ ഗൗരവത്തെകുറിച്ച് വേണ്ട ധാരണയോടെ ആസൂത്രണം ചെയ്ത് വേണ്ട നടപടികള്‍ നടപ്പാക്കാറില്ലെന്ന് പ്രശ്‌നമുണ്ട്. അതുകൊണ്ട് ജോലിസ്ഥലത്തെ അപകടങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. നിത്യേനയെന്നോണം അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധകം. ഏത് തരത്തിലുള്ള അപകടമാണ് ഉണ്ടാകാനിടയുള്ളതെന്ന് എല്ലാവരെയും അറിയിക്കണം. ഇത് അവരെ ജാഗരൂകരാക്കാനും ഉത്തരവാദിത്തത്തോടെ പെരുമാറാനും സജ്ജരാക്കും. ചിലപ്പോള്‍ ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റൊരു ഭാഗത്തുള്ളവര്‍ക്ക് എന്തൊക്കെ അപകടമാണ് സംഭവിക്കാന്‍ സാധ്യതയെന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. ഒരു പെട്രോള്‍ സ്‌റ്റേഷനടുത്തുള്ള ഒരു വെല്‍ഡിങ് പണി ഇതിന് ഉദാഹരണമാണ്. പെട്രോള്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് തീ പിടിക്കുന്ന വാതകങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചറിയാം. എന്നാല്‍ ഒരു പുതിയ ടാങ്ക് നിര്‍മിക്കാനായോ, പഴയ ഒന്നിനെ നന്നാക്കാനായോ അവിടെയെത്തുന്ന വെല്‍ഡിങ് ജോലിക്കാര്‍് അതിന്റെ അപകടങ്ങളെക്കുറിച്ച് അറിയാതെ സാധാരണപോലെ വെല്‍ഡിങ് ജോലി ചെയ്‌തെന്നിരിക്കും. ഇത് സ്‌ഫോടനത്തിനും കൂട്ടമരണത്തിനുമിടയാക്കുന്നു. രാസവസ്തുക്കളുമായി വണ്ടികളോടിക്കുന്ന ഡ്രൈവര്‍മാര്‍ മറ്റൊരു ഉദാഹരണമാണ്.



ചിലപ്പോള്‍ ജോലിസ്ഥലത്തെ അപകടം മതിലിനപ്പുറത്തേയ്ക്കും വ്യാപിക്കുന്നു. ഭോപ്പാല്‍ ദുരന്തം പോലെയുള്ളവയായിരിക്കും ഇതിന്റെ ഫലം. അത്തരമൊരു അപകടമുണ്ടായാല്‍ ഫാക്ടറിയ്ക്ക് ചുറ്റുമുള്ളവര്‍ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങളാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പല രാജ്യങ്ങളിലും ഇപ്പോള്‍ നിയമങ്ങളുണ്ട്. ഇത് കേവലം ആ പ്രദേശത്തെ ജനങ്ങളെ മാത്രം അറിയിച്ചാല്‍ പോര. പ്രാദേശിക ആസ്​പത്രികളെ അപകടമുണ്ടാക്കാനിടയുള്ള രാസപദാര്‍ത്ഥത്തെക്കുറിച്ച് അറിയിക്കണം. അങ്ങിനെയാണെങ്കില്‍ അവര്‍ക്ക് ഇതിനെ നേരിടാന്‍ ആവശ്യമായ മരുന്നുകള്‍ കരുതിവയ്ക്കാനാകും.



വലിയ കമ്പനികള്‍ നിന്ന് മാത്രമല്ല അപകടം മതിലിനപ്പുറത്തേയ്ക്കും വ്യാപിക്കുന്നത്. ഒരു സായാഹ്നത്തില്‍ ഞാന്‍ കോതമംഗലത്തുള്ള ഒരു അമ്മായിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് പുറത്ത് വലിയൊരു സ്‌ഫോടനശബ്ദം കേള്‍ക്കുകയും പാറക്കല്ലുകള്‍ ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ വീഴാന്‍ തുടങ്ങുകയും ചെയ്തു(യാദൃശ്ചികമായി ആസ്ബറ്റോസ് കൊണ്ടായിരുന്നു മേല്‍ക്കൂര! ). ഇത് ദീര്‍ഘനേരം നീണ്ടുനിന്നു. ഇതെല്ലാം അവസാനിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. ഞങ്ങളുടെ അയല്‍ക്കാരനായ കേശപ്പന്‍ നായര്‍ ഒരു പുതിയ കിണര്‍ കുഴിക്കുന്നതിന്റെ ഭാഗമായി പാറകള്‍ പൊട്ടിക്കുകയായിരുന്നു. എന്നാല്‍ ഇത് പാളിയതിന്റെ ഫലമായാണ്(ഒരുപക്ഷേ ആവശ്യമുള്ളതിനേക്കാള്‍ വെടിമരുന്ന് ഉപയോഗിക്കുകയോ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവോ ആയിരിക്കാം കാരണം) കല്ലുമഴ ഉണ്ടായത്. ഭാഗ്യം, ഇതിലും നിസ്സാരമായ അപകടങ്ങളില്‍പ്പോലും ആളുകള്‍ മരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി ആസ്ബറ്റോസ് എനിക്ക് അപകടമുണ്ടാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Followers