സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 10, 2010

കേരളത്തിലെ റോഡുകളില്‍ മരിക്കാതിരിക്കുന്നതെങ്ങനെ ?

മുരളി തുമ്മാരുകുടി.


റോഡ് അപകട മരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയെന്നാണ് ഈയിടെ ഇന്റര്‍നാഷനല്‍ ഹെറാല്‍ഡ് ട്രിബ്യൂണില്‍ വായിച്ചത് . വര്‍ഷം തോറും ഇന്ത്യയില്‍ റോഡപകടത്തില്‍ മരിക്കുന്നത് 1,20,000 പേരാണ്. നമ്മളേക്കാള്‍ വാഹനങ്ങളും ജനസംഖ്യയും ചൈനയില്‍ കൂടുതലുള്ളപ്പോഴാണ് ഈ നില. ചൈനയെ ഇക്കാര്യത്തില്‍ തോല്‍പ്പിക്കാന്‍ നമ്മളാഗ്രഹിച്ചിരുന്നില്ലെങ്കിലും അതാണ് സംഭവിച്ചത്്.


കേരളാ പോലീസ് വെബ് സൈറ്റിലെ (www.keralapolice.org ) കണക്കുകളനുസരിച്ച് കേരളത്തില്‍ 2009 ല്‍ 36,433 അപകടങ്ങളില്‍ 3773 പേര്‍ മരിക്കുകയും 41455 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസവും പത്ത് പേര്‍ ശരാശരി മരിക്കുന്നുവെന്നര്‍ത്ഥം. മരണനിരക്ക് ലക്ഷം പേര്‍ക്ക് 11. കേരളത്തേക്കാള്‍ വാഹനങ്ങളും ജനങ്ങളുമുള്ള ബ്രിട്ടനില്‍ ലക്ഷം പേര്‍ക്ക് 5.5 മാത്രമാണ് മരണനിരക്ക്. ആവശ്യത്തിലേറെപ്പേര്‍ നമ്മുടെ തെരുവുകളില്‍ മരിച്ചുവീഴുന്നു എന്ന് സാരം.



പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടാന്‍ കേരളത്തിലാര്‍ക്കും അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളൊന്നും ആവശ്യമില്ല. അപകടമരണവാര്‍ത്തയില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. മരണവാര്‍ത്തകളെല്ലാം ദു: ഖകരമാണ്. ചിലതൊക്കെ ഹൃദയഭേദകമാണ്. വിദേശത്തേക്ക് പോകുന്ന അമ്മയെ യാത്രയയച്ച് മടങ്ങുന്ന കൊച്ചുമക്കള്‍ കാര്‍ പുഴയില്‍വീണ് മരണമടഞ്ഞതുപോലുള്ള എത്രയെത്ര സംഭവങ്ങള്‍! വാര്‍ത്തകളൊന്നും വായിക്കാതെ തന്നെ ആളുകള്‍ക്ക് അവസ്ഥയുടെ ഗൗരവം അറിയാം. എന്റെ രണ്ട് ബന്ധുക്കള്‍ പത്ത് വര്‍ഷത്തിനിടയില്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അപകടത്തില്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലും കേരളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല.



അപകടത്തിലെ മരണങ്ങളാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ അതൊരു വശം മാത്രമേ ആകുന്നുള്ളൂ. മരിക്കുന്ന ഓരോ ആള്‍ക്കുമൊപ്പം രണ്ടുപേര്‍ ജീവിതകാലം മുഴുവന്‍ നീളുന്ന യാതനകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നുണ്ട്. പത്ത് പേര്‍ ആസ്​പത്രിയില്‍ കിടന്ന് കഷ്ടപ്പെടേണ്ടിവരാറുണ്ട്. അതിന്റെയെല്ലാം നിയമ-വൈദ്യച്ചെലവുകള്‍ എത്രവരും എന്നാലോചിച്ചുനോക്കൂ. കാര്യത്തിന്റെ ഗൗരവം മനസ്സിലാകും.



അപകടങ്ങളുടെ കാരണത്തെക്കുറിച്ച് അവബോധമില്ലാത്ത ഒരു പ്രദേശമൊന്നുമല്ല കേരളം. കാരണമുമറിയാം പരിഹാരവുമറിയാം. ചായക്കടയിലെ ചര്‍ച്ച കേട്ടാലുമത് എല്ലാവര്‍ക്കും മനസ്സിലാകും. നിയമലംഘനങ്ങള്‍, മോശം റോഡുകള്‍, ശ്രദ്ധയില്ലായ്കള്‍, മത്സരങ്ങള്‍... നിയമപാലനം കര്‍ശനമാക്കുകയും സര്‍ക്കാര്‍ ശരിയായ നയങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ പ്രശ്‌നം പകുതി തീരുമെന്ന് ആര്‍ക്കാണറിയാത്തത് !



ഈ പരിഹാരങ്ങളധികവും നമ്മുടെ പരിധിയിലല്ല. അതുകൊണ്ടുതന്നെ നമ്മുടെ പരിധിക്കകത്ത് നിന്ന് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചാണ് ഞാനിവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും- അതിനര്‍ഥം ഗവണ്മെന്റും പോലീസും ഒന്നും ചെയ്യേണ്ടതില്ല എന്നല്ല. അതല്ല ഈ ലേഖനത്തിന്റെ വിഷയം എന്നേ പറയുന്നുള്ളൂ. നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുമാത്രം ഇപ്പോള്‍ നോക്കാം.





മരണത്തില്‍ നിന്നുതുടങ്ങാം



മുമ്പ് വായിച്ച ഒരു പുസ്തകത്തിലെ രംഗം ഓര്‍മവരുന്നു. നായിക അര്‍ബുദത്താല്‍ മരിക്കാന്‍ പോകുന്നു. അവളുടെ കാമുകന്‍ എന്തെങ്കിലും സംസാരിക്കാന്‍പോലും പറ്റാതെ ദു:ഖിതനായിരിക്കുന്നു. അവളപ്പോള്‍ നിശ്ശബ്ദത ഭഞ്ജിക്കാന്‍ പറയുന്നതെന്തെന്നോ ? ശവസംസ്‌കാരം എവിടെ നടത്താം എന്ന് നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം. അങ്ങനെയാകുമ്പോള്‍ പിന്നീട് പറയുന്നതെല്ലാം അതിനെക്കാള്‍ ഭേദപ്പെട്ടതായി തോന്നിക്കോളും !
അത് കൊണ്ട് ഈ ലേഖനത്തില്‍, ഏറ്റവും മോശമായതിനെകുറിച്ചാദ്യം പറയാം. പിന്നീട് വായിക്കുന്നതെല്ലാം ഭേദപ്പെട്ടതായിത്തോന്നും.


സ്ഥിതിവിവരക്കണക്ക് അനുസരിച്ച് നിങ്ങള്‍ ഒരപടമുണ്ടാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് റോഡിലിറങ്ങുംമുമ്പ് ഏറ്റവും മോശമായതിനെ മുന്നില്‍കാണുക. ഇങ്ങനെ പറയുന്നതുതന്നെ മോശവും ഒട്ടും രസിക്കാത്തതുമാണെന്നറിയായ്കയല്ല. നമ്മള്‍ ഓരോദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങളില്‍ മരിച്ചവരെല്ലാം നമ്മളെപ്പോലെയാണ് വീട്ടില്‍ നിന്നിറങ്ങിയിട്ടുണ്ടാവുക. മരണത്തെക്കുറിച്ചൊരു വിദൂരമായ ചിന്ത പോലും അവരുടെ മനസ്സിലുണ്ടായിക്കാണില്ല. അത്യന്തം അപ്രതീക്ഷിതമായ മരണമാകുമ്പോള്‍ ഒരു തയ്യാറെടുപ്പും നടത്തിക്കാണില്ലെന്ന് ഉറപ്പ്. അത് കുടുംബത്തെ എത്രമാത്രം തകര്‍ക്കുമെന്നൊന്നും ആരും ചിന്തിച്ചെന്ന് വരില്ല. ഇതെന്റെ അവസാനദിവസമാണ് എന്ന ബോധത്തോടെ റോഡിലിറങ്ങിയിരിക്കുമോ മരിച്ച ആരെങ്കിലും ! മരണം ആരെയും പിടികൂടാം എപ്പോഴും പിടികൂടാം. അതില്‍നിന്ന് ആര്‍ക്കും ഓടിരക്ഷപ്പെടാന്‍ കഴിയില്ല.



വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരാള്‍ എപ്പോഴും ചില കാര്യങ്ങള്‍ തയ്യാറാക്കിയിരിക്കണമെന്നാണ് എനിക്ക് തോന്നാറുള്ളത്. ഒരു വില്‍പത്രം തയ്യാറാക്കുക എന്നതാണ് അതില്‍ പ്രധാനം. എണ്‍പത് വയസ്സായവര്‍ പോലും സ്വമേധയാ അത് ചെയ്യാറില്ലെന്നത് നമ്മുടെ മാത്രം പ്രത്യേകതയാണ് എന്ന് തോന്നുന്നു. മരിച്ച ആളുടെ സ്വത്തുക്കള്‍ എന്തെല്ലാമാണ്, എവിടെയെല്ലാമാണ് നിക്ഷേപങ്ങളുള്ളത് തുടങ്ങിയ കാര്യങ്ങളൊന്നും ഭാര്യയോ മക്കളോ അറിയാതിരിക്കുക, അവര്‍ സ്വത്തിനുവേണ്ടി കലഹിക്കുക- എന്തൊരു ദുരന്തമാണത്! ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെങ്കിലും എടുത്തില്ലെങ്കില്‍ പൂര്‍ണമായി നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചിന്ത ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം ഉണ്ടാവേണ്ടതുണ്ട്. പോര, ഒരു ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. ഇന്ത്യയിലിപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. മറ്റ് രാജ്യങ്ങളിലെ സ്ഥിതി അതല്ല. കുറച്ച് കൂടി പണം ഉണ്ടായിരുന്നെങ്കില്‍ നല്ല ചികിത്സ നല്‍കി ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു എന്ന ദു:ഖം മരണശേഷം ഉണ്ടാവാതിരിക്കാന്‍ ഇതാവശ്യമാണ്.

കിട്ടുന്നത് ലൈസന്‍സ് മാത്രം

ഇത്രയും സജ്ജമാണെങ്കില്‍ നമുക്ക് ഡ്രൈവിങ്ങിലേക്ക് മടങ്ങാം. ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്ത എല്ലാവര്‍ക്കും അറിയാം ലൈസന്‍സ് കിട്ടിയ ദിവസം വണ്ടിയോടിച്ച് വീട്ടില്‍ വരാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല എന്ന്്. എങ്ങനെ വണ്ടിയോടിക്കണം എന്ന് പഠിപ്പിക്കുകയല്ല, നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വാങ്ങിച്ചുതരലാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന് കരുതുന്നവരാണ് നമ്മുടെ എല്ലാ ഡ്രൈവിങ് സ്‌കൂളുകാരും. അവര്‍ ഇത് മാറ്റാനൊന്നും പോകുന്നില്ല. കഷ്ടിച്ച് കടന്നുകൂടാനുള്ള വിദ്യകള്‍ അവര്‍ നിങ്ങളെ പഠിപ്പിക്കും. നഗരത്തിരക്കില്‍ ഓടിക്കാനോ രാത്രി ഓടിക്കാനോ മഴയില്‍ ഓടിക്കാനോ അറിയാത്ത ഒരാള്‍ സ്‌റ്റേഡിയത്തില്‍ ഓടിച്ച് ലൈസന്‍സ് എടുക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച വിവരിക്കേണ്ട കാര്യമേയില്ല. ലൈസന്‍സ് കിട്ടിയ ശേഷമായാലും ശരി പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് ഡ്രൈവിങ്ങിന്റെ എല്ലാ വശങ്ങളും സ്വായത്തമാക്കിയേ തീരൂ.



കാറിനെ പഠിക്കാതെയാണ് നമ്മുടെ ഡ്രൈവിങ് പഠനം. ബോണറ്റ് തുറന്നാല്‍ എന്താണുള്ളത്, എങ്ങനെയാണ് അതിലെ വിവിധ ഡയലുകള്‍ വായിക്കേണ്ടത്, എന്താണ് യന്ത്രത്തില്‍ നിന്നുള്ള ശബ്ദങ്ങളുടെ അര്‍ഥങ്ങള്‍...ഇതൊന്നും ഡ്രൈവിങ് സ്‌കൂളുകാര്‍ പഠിപ്പിച്ചുതരണമെന്നില്ല. നല്ലൊരു മെക്കാനിക്കില്‍ നിന്ന് കുറെയെല്ലാം പഠിച്ചെടുക്കാനാകും. മെക്കാനിക്കിന്റെ പണി നമ്മള്‍ ചെയ്യാനല്ല, പക്ഷേ അതിനപ്പുറം ചിലതെല്ലാം മനസ്സിലാക്കുന്നത് നന്നായിരിക്കും.



റോഡില്‍ വാഹനങ്ങളുടേതായ ഒരു പരിസ്ഥിതിവ്യവസ്ഥയുണ്ട്. വലിയ മൃഗങ്ങള്‍ക്കിടയില്‍ ചെറിയവയുടെ നിലനില്‍പ്പ് പ്രയാസത്തിലാകുന്നതുപോലെ, വലിയ വാഹനങ്ങള്‍ ചെറിയവയെ വല്ലാതെ അവഗണിക്കുന്നത് കൊണ്ട് എല്ലായ്‌പ്പോഴും ഏറ്റവും ചെറിയ വാഹനമായ സ്‌കൂട്ടര്‍-ബൈക്ക് യാത്രക്കാരാണ് ഏറെ അപകടത്തില്‍ ചെന്ന് പെടുന്നത്. കഴിയുന്നതും ടൂ വീലര്‍ യാത്ര വാഹനങ്ങള്‍ കുറഞ്ഞ റോഡുകളിലേക്ക് പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ചെറിയ ദൂരം മാത്രം അതിനെ ആശ്രയിക്കുക. ഈയിടെ ഒരു യുവതി വീട്ടില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ സക്ൂട്ടര്‍ ഓടിച്ചുപോയി അപകടത്തില്‍പെട്ട് മരിച്ചതായി പത്രത്തില്‍വായിച്ചു. സങ്കടമാണിത്. ഇത്രയും ദൂരം വണ്ടിയോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തല്‍തന്നെയാണ്.





വാഹനങ്ങളിലെ സുരക്ഷാവ്യവസ്ഥകള്‍



വാഹനത്തിന്റെ സുരക്ഷാ വ്യവസ്ഥകളില്‍ വാഹനം വാങ്ങുമ്പോള്‍തന്നെയൊരു കണ്ണ് വേണം. സീറ്റ് ബെല്‍ട്ടുകള്‍ ഉണ്ടോ എന്ന് ആര് നോക്കാറുണ്ട് ? പിന്‍സീറ്റില്‍ ബെല്‍ട് ഉണ്ടോ എന്ന് നോക്കണമെന്ന് പറഞ്ഞാല്‍ അതിനെ പരിഹസിക്കുകയേ ഉള്ളൂ ആളുകള്‍. പിന്നിലും സീറ്റ് ബല്‍ട്ട് ഉപയോഗിക്കേണ്ടതാവശ്യമാണ്. എയര്‍ബാഗ്‌സ്, വശങ്ങളില്‍ ശരീരം ചെന്നിടിക്കാതിരിക്കാനുള്ള സംവിധാനം, പൂട്ട് തകര്‍ക്കുന്നതിനെതിരെയുള്ള മുന്‍കരുതല്‍ തുടങ്ങിയവകള്‍ക്കെല്ലാം മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങളില്‍ നിര്‍ണായക സ്ഥാനമാണുള്ളത്.



വാഹനം പുതിയതാകട്ടെ പഴയതാകട്ടെ, വാഹനത്തിന്റെ മെയിന്റനന്‍സ് സംബന്ധിച്ച ചരിത്രം നോക്കിയേ പറ്റൂ. കാറിന്റെ യന്ത്രം കണ്ടീഷനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിന്റെ ടയര്‍ തേഞ്ഞ് മിനുസമായിട്ടുണ്ടെങ്കില്‍. ബ്രെയ്ക് ഓയില്‍ കുറഞ്ഞ കാറില്‍ അപകടം ഒപ്പമുണ്ടാകും. എല്ലം ശരി പക്ഷേ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നെങ്കില്‍, റജിസ്റ്റ്രേഷന്‍ രേഖകള്‍ ശരിയല്ലെങ്കില്‍ അപകടത്തിന്റെ കുഴപ്പങ്ങള്‍ക്കും കേസ്സും കൂട്ടവും വേറെയും ഉണ്ടാകും. രണ്ടും ഒപ്പം ഉണ്ടാവുക അത്ര സുഖമുള്ള കാര്യമല്ല.







കേരളത്തില്‍ ഇത് പറയാന്‍ സമയമായോ എന്നറിയില്ല. പല രാജ്യങ്ങളിലും റോഡ് യാത്രക്ക് മുമ്പ് ആ യാത്ര വേണോ എന്ന ചിന്ത ഒരു സ്വാഭാവിക കാര്യമായിട്ടുണ്ട്. സഞ്ചരിക്കാനല്ലെങ്കില്‍ കാറെന്തിനാണ് എന്ന് ചിന്തിക്കുന്നവരാണ് നാം. ഒരു യാത്ര പുറപ്പെട്ടില്ലെങ്കില്‍ ആ യാത്രയില്‍ അപകടമുണ്ടാകില്ല എന്ന് ചില നാടുകളില്‍ പറയാറുണ്ട്. നമ്മുടെ എത്ര യാത്രകള്‍ അത്യാവശ്യങ്ങളായിരുന്നു എന്നാലോചിക്കേണ്ട കാലമായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ആളുകളെ സ്വീകരിക്കാനും യാത്രയയക്കാനും ഇത്രയധികമാളുകള്‍ തടിച്ചുകൂടുന്ന കാഴ്ച മറ്റുരാജ്യങ്ങളില്‍ പൊതുവെ കാണാറില്ല. ഒന്നോ രണ്ടാ പേരേ ആരെയും കൂട്ടാന്‍ വരികയുള്ളൂ. ഒട്ടനവധി അപകടവാര്‍ത്തകളില്‍ വിമാനത്താവളത്തിലേക്കുള്ള പോക്കുവരവുകള്‍ക്കിടയിലായിരുന്നു സംഭവമെന്ന വിശദീകരണം വായിക്കേണ്ടിവരുന്നു. യാത്രയയപ്പുകളുടെയും സ്വീകരണങ്ങളുടെയും പിന്നിലെ സ്‌നേഹവായ്പിനെ അവഗണിക്കാനാവില്ല, യാത്രയയപ്പും സ്വീകരണവും വീട്ടില്‍തന്നെയാക്കുന്നത് അനേകജീവനുകള്‍ രക്ഷിക്കാന്‍ പ്രയോജനപ്പെടുമെന്നതാണ് സത്യം.



കേരളത്തില്‍ കാണാറുപോലുമില്ലാത്തതും വികസിതരാജ്യങ്ങളില്‍ സാര്‍വത്രികവുമായ ഒരു രക്ഷാസംവിധാനത്തെക്കുറിച്ച് പറയാം. വാഹനങ്ങളിലെ കുട്ടിസീറ്റ് ആണത്. മുന്‍സീറ്റില്‍ കുഞ്ഞിനെ മടിയിരുത്തി ഇരിക്കുന്ന ഭാര്യയും വണ്ടിയോടിക്കുന്ന ഭര്‍ത്താവും ഒരു സാധാരണ കാഴ്ചതന്നെ. കുഞ്ഞുതെറിച്ച് പോകാന്‍ ഒരു സഡന്‍ബ്രേക്കോ വശത്തേക്ക് പെട്ടന്നൊരു തിരിവോ മതി. 12 വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് തെറിച്ചുപോകാതെ ഇരിക്കാന്‍ പ്രത്യേകസീറ്റ് വേണമെന്നത് വികസിത രാജ്യങ്ങളിലെല്ലാം നിര്‍ബന്ധമായ കാര്യമാണ്. ഇതില്ലാതെ അപകടത്തില്‍ കുഞ്ഞിന് പരിക്കേറ്റാല്‍ അവിടെ മാതാപിതാക്കളാണ് കേസ്സില്‍ പ്രതികളാകുക. നിങ്ങള്‍ക്ക് കുഞ്ഞിന്റെ ജീവന്‍കൊണ്ട് കളിക്കാന്‍ അവകാശമില്ല.





ലഹരിയും ക്ഷോഭവും







സീറ്റ് ബെല്‍ട്ടുകള്‍ക്കെതിരായ പരാതികളും പരിഭവങ്ങളും കേരളത്തില്‍ പതുക്കെ അവസാനിച്ചതുപോലുണ്ട്. ഇപ്പോഴും പക്ഷേ ഡ്രൈവര്‍ക്ക് മതി സീറ്റ് ബെല്‍റ്റ് എന്ന് പലരും ധരിച്ചത് പോലുണ്ട്. പിന്‍സീറ്റിലുള്ളവര്‍ക്കും അതാവശ്യമാണെന്നതാണ് യാഥാര്‍ഥ്യം. അതിനെക്കുറിച്ചാലോചിക്കാന്‍ സമയമായി. ഡയാനാ രാജകുമാരി പിന്‍സീറ്റില്‍ ബെല്‍ട് കെട്ടാതെയിരുന്നതാണ് മരണകാരണമെന്ന് പറയാറുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഒരു കാര്യമേ ഓര്‍ക്കേണ്ടതുള്ളു. നിയമം പാലിക്കാനല്ല നാമിതൊന്നും സ്വീകരിക്കുന്നത്. നമ്മുടെ കുടുംബത്തെ രക്ഷിക്കാനാണ്. സര്‍ക്കാറിനോടും പോലീസിനോടുമല്ല തന്നോടും തന്റെ കുടുംബത്തോടുംതന്നെയാണ് നമ്മുടെ പ്രാഥമിക ബാധ്യത.



കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരാണ് എന്നുവരാം. അപ്പോള്‍ ആരാണ് വണ്ടിയോടിക്കുക ? നല്ല പരിചയസമ്പത്തും നല്ല മാനസികാവസ്ഥയുള്ള ആള്‍വേണം വണ്ടിയോടിക്കാനെന്ന് ഞാന്‍ പറയും. എല്ലായ്‌പ്പോഴും ഓടിക്കാറുള്ളത് അച്ഛനാകാം. എന്നാല്‍ അല്പം വല്ലായ്കയോ അല്പം ലഹരിയോ ഉള്ള ദിവസം മാറിക്കൊടുത്തേ പറ്റൂ. നിയമത്തില്‍ അനുവദനീയമായ മദ്യത്തിന്റെ തോതിനെക്കുറിച്ച് വ്യവസ്ഥകളുണ്ടാകാം. പക്ഷേ മദ്യം ലവലേശമുണ്ടെങ്കില്‍പോലും ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് അവനവനും കുടുംബത്തിനും നല്ലത്. ലഹരിക്കങ്ങനെ സുരക്ഷിതമായ പരിധിയൊന്നുമില്ല. അപകടസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ലഹരി നന്നെക്കുറച്ച് മതി.



ഞാന്‍ വണ്ടി ഓടിക്കാമോ എന്ന് സ്വയം ചോദിക്കേണ്ട അനേകം സന്ദര്‍ഭങ്ങളുണ്ട്. ലഹരി മാത്രമല്ല പ്രശ്‌നം. എന്തെങ്കിലും കാരണത്താല്‍ ക്ഷുഭിതമായ മനസ്സോടെ ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തലാണ്. ഭാര്യാഭര്‍ത്താക്കന്മാരാണ് മിക്കപ്പോഴും ക്ഷോഭത്തോടെ യാത്ര നടത്താറുള്ളത്. യാത്ര പുറപ്പെടുംമുമ്പേ എന്തിനെയെങ്കിലും ചൊല്ലി അവര്‍ കലഹിച്ചേക്കാം. യാത്രക്കിടയിലും അത് സംഭവിച്ചേക്കാം. ഇത് ഒഴിവാക്കിയേ തീരൂ. ഒന്നുകില്‍ യാത്രക്കിടയിലോ അതിന് മുമ്പോ കലഹിക്കാതിരിക്കുക അല്ലെങ്കില്‍ വണ്ടിയോടിക്കാന്‍ വേറെ ആളെ ഏല്‍പ്പിക്കുക. എന്ത് പ്രകോപനമുണ്ടായാലും വണ്ടിയോടിക്കുന്ന ആളുമായി തര്‍ക്കമോ കലഹമോ ഉണ്ടാക്കരുത്. അത് ഭാര്യയായാലും ടാക്‌സിഡ്രൈവറായാലും ഫലം ഒന്നുതന്നെയാണ്. അസ്വാസ്ഥ്യമുണ്ടാക്കുന്ന വാര്‍ത്ത കേട്ട്് കാറെടുത്തുപറക്കുമ്പോഴും സംഭവിക്കുന്നത് ഒന്ന് തന്നെ.





ലോഡ്ജ് വേണ്ട, കാറിലുറങ്ങാം





ആഹ്ലാദദായകമായ യാത്രകളും ദുരന്തങ്ങളിലവസാനിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്നു. വൈകീട്ട് പുറപ്പെടുന്നതില്‍ ഒരു ഉദ്ദേശ്യം വേറെയുണ്ട്. വണ്ടിയില്‍ ഉറങ്ങാം ലോഡ്ജ് വേണ്ട. പുലര്‍ച്ചെ എത്തുന്നു. പകല്‍ നമ്മള്‍ ക്യു നിന്നും പ്രാര്‍ഥിച്ചും കഴിച്ചുകൂട്ടുന്നു. ഡ്രൈവര്‍ നമ്മളോടൊപ്പം തന്നെയുണ്ട് പകല്‍ മുഴുവന്‍. വൈകീട്ട് നമ്മള്‍ മടങ്ങുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യ്ാത്രയില്‍ നമ്മള്‍ ചാരിയും ചെരിഞ്ഞും കാറില്‍ മയങ്ങുന്നു. ഡ്രൈവറോ ? പലരും അക്കാര്യമന്വേഷിക്കാറുപോലുമില്ല. ഡ്രൈവര്‍ നമ്മളിലൊരാള്‍ ആണെങ്കില്‍ അപകടസാധ്യത കൂടുകയാണ് ചെയ്യുന്നത്. ഏത് നിമിഷവും ഒന്ന് മയങ്ങിപ്പോകാം. കാറിലുള്ളവര്‍ മുഴുവന്‍ മരിച്ച പല പുലര്‍കാല അപകടങ്ങളും ഇങ്ങനെ സംഭവിച്ചതായിരിക്കും.



ടാക്‌സിയില്‍ ഡ്രൈവര്‍ പലപ്പോഴും ഒട്ടും പരിചിതനാവില്ല. കാര്‍ പറപ്പിക്കുകയും ട്രാഫിക് ജാമുകളില്‍ സ്മാര്‍ട് ആയി പലരേയും വെട്ടിച്ച് കുതിക്കുകയും ചെയ്യുന്ന ആളെയാണ് നമുക്കിഷ്ടം. പക്ഷേ നമ്മള്‍ അപകടത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വരുമ്പോഴെല്ലാം പത്തുവര്‍ഷമായി ഞാന്‍ വിളിക്കുന്ന കാറിന്റെ ഡ്രൈവര്‍ ബേബിച്ചേട്ടനാണ്. വേഗപരിധി ലംഘിക്കാത്ത, നിയമമൊന്നും ലംഘിക്കാത്ത, വാഹനത്തിന്റെ ക്യൂ മറികടക്കാത്ത ബേബിച്ചേട്ടന്‍. അത്യാവശ്യത്തിന് എങ്ങോട്ടെങ്കിലും പോവുകയാണെങ്കില്‍ നമുക്ക് ഭ്രാന്ത് പിടിച്ചേക്കും. പെരുമ്പാവൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂറെടുത്താല്‍ ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാതിരിക്കുക ! എങ്കിലും ഞാന്‍ അദ്ദേഹത്തെയേ വിളിക്കാറുള്ളൂ. അദ്ദേഹമൊരിക്കലെങ്കിലും സഡന്‍ബ്രേക്കടിച്ചതായി ഓര്‍മയില്ല.



പലപ്പോഴും രാത്രികാലത്ത് ഡ്രൈവര്‍മാര്‍ക്ക് വണ്ടിയില്‍തന്നെ കിടന്നുറങ്ങേണ്ടിവരാറുണ്ട്്. എവിടെ ഉറങ്ങുന്നു എന്ന് അധികംപേരും ഡ്രൈവറോട് ചോദിക്കാറുമില്ല. കാറില്‍ കൊതുകുകടിയേറ്റ്, എ.സി ഓണ്‍ ചെയ്ത് ഉറങ്ങുമ്പോള്‍ ചെലവാകുന്നത് പെട്രോളാണ്. ഡ്രൈവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ പറ്റാറുമില്ല. ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല, യാത്രക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് റൂം എടുക്കാറുമില്ല. ഫലമോ നേരാംവണ്ണം ഉറങ്ങാന്‍ കഴിയാത്ത ഡ്രൈവര്‍ നിങ്ങളുമായി പിറ്റേന്ന് പകല്‍ വണ്ടിയോടിക്കുന്നു. ഡ്രൈവര്‍ ഇതുമൂലം കുപിതനുമാകുന്നെങ്കില്‍ സ്ഥിതി ഒന്നുകൂടി മോശമാകുന്നു.





ഡ്രൈവര്‍ ഉറങ്ങാതിരിക്കുമ്പോള്‍











പുലര്‍കാല റോഡ് ദുരന്തങ്ങള്‍ മിക്കവയും ഡ്രൈവ് ചെയ്യുന്ന ആളുടെ ഉറക്കവുമായി ബന്ധപ്പെട്ടതാണെന്ന് പറയേണ്ടതില്ല. വിനോദസഞ്ചാരമോ തീര്‍ത്ഥാടനമോ വിമാനത്താവളത്തില്‍ യാത്രയയപ്പോ സ്വീകരണമോ കഴിഞ്ഞാവും മിക്കവരും രാത്രി മുഴുക്കെ വണ്ടിയോടിച്ച് വരുന്നത്. യാത്രയുടെ ദൈര്‍ഘ്യവും ഡ്രൈവര്‍ക്ക് എത്ര വിശ്രമം കിട്ടി എന്നതും ഇവിടെ നിര്‍ണായകമാകുന്നു. തിരുവല്ലയില്‍ നിന്ന് കൊച്ചിക്ക് രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടുന്നു എന്നിരിക്കട്ടെ. പകല്‍മുഴുവന്‍ ജോലി ചെയ്ത ശേഷമാണോ ഡ്രൈവര്‍ നമ്മോടൊപ്പം വരുന്നത് എന്നാരും അന്വേഷിക്കാറില്ല. തലേരാത്രി അദ്ദേഹം ഉറങ്ങിയോ എന്നും നോക്കാറില്ല. പകല്‍മുഴുവന്‍ ജോലി ചെയ്ത ഈ ഡ്രൈവര്‍ രാത്രി എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചെത്തുന്ന സമയം രാവിലെ അഞ്ചോ ആറോ മണിയായിരിക്കും. 20 മണിക്കൂറായി ജോലിചെയ്യുന്ന ഡ്രൈവറില്‍നിന്ന് എന്ത് സുരക്ഷിതത്വമാണ് നമുക്ക് പ്രതീക്ഷിക്കാനാവുക ? ഇത്രയും നീണ്ട സമയം സമ്പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശാരീരികക്ഷമത മനുഷ്യസഹജമല്ല. രാത്രി മുഴുവന്‍ ഡ്രൈവ് ചെയ്യുന്ന ആള്‍ തലേന്ന് പകല്‍ വിശ്രമിച്ചിരിക്കണം. ടാക്‌സി വിളിക്കുമ്പോഴാണ് ഇക്കാര്യം ഏറ്റവും ശ്രദ്ധിക്കേണ്ടത്.



കാറില്‍ രാത്രി സഞ്ചരിച്ച് ഹോട്ടലില്‍ മുറിയെടുക്കുന്നത് ഒഴിവാക്കുന്നതാണ് കൂടുതല്‍ അപകടകരമായ സ്ഥിതി ഉണ്ടാക്കുന്നത്. ഊട്ടിയിലേക്കും പളനിയിലേക്കും വേളാങ്കണ്ണിയിലേക്കും കാറില്‍ ആളെകുത്തിനിറച്ച് രാത്രിമുഴുവന്‍ സഞ്ചരിക്കുന്നവര്‍ കഴിയും പോലെ ഉറങ്ങും. പക്ഷേ ഡ്രൈവര്‍ക്കും ഉറങ്ങേണ്ടേ എന്നവര്‍ ചിന്തിക്കാറേയില്ല. അല്പം വിശ്രമിക്കണമോ എന്നും പോലും ചോദിക്കാറില്ല പലരും. എത്തേണ്ടയിടത്തെത്തി റൂമെടുക്കുമ്പോഴും ഡ്രൈവര്‍ക്ക് റൂമുണ്ടോ അദ്ദേഹം കുറച്ചുസമയമെങ്കിലും ഉറങ്ങുന്നുണ്ടോ എന്നന്വേഷിക്കാറില്ല. പകല്‍വീണ്ടും ഡ്രൈവര്‍ വണ്ടിയോടിക്കുക തന്നെയാണ്. രാത്രിയും ഇതുതന്നെ നില. ഇതൊന്നും പോരാത്തതിന് ചിലപ്പോള്‍ പോകുന്ന വഴിക്ക് ഡ്രൈവര്‍ക്ക് ' വല്ലതും' കുടിക്കാന്‍ വാങ്ങിക്കൊടുത്ത് സന്തോഷം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു സന്തോഷപ്രകടനമില്ല. ഇത്തരം യാത്രകളാണ് പലപ്പോഴും പുലര്‍ച്ചെ ഒരു കൂടുംബത്തിലെ നാലും അഞ്ചും അംഗങ്ങള്‍ കൂട്ടത്തോടെ മരിക്കുന്ന മഹാ ദുരന്തങ്ങളായി മാറുന്നത്.



മൂന്നുമണിക്കൂറിലേറെ സമയം തുടര്‍ച്ചയായി വണ്ടിയോടിക്കാന്‍ ഒരു ഡ്രൈവറെയും അനുവദിച്ചുകൂടാ-പകല്‍ ആകെ 12 മണിക്കൂറിലേറെ സമയം ജോലി ചെയ്യാനും. ഹോട്ടല്‍റൂമിന്റെ കാശ് ലാഭിക്കാന്‍ ഡ്രൈവറെക്കൊണ്ട് കാറോടിപ്പിക്കുന്നത് ക്രൂരതയാണ്, ആത്മഹത്യാപരമാണ്. ഡ്രൈവര്‍ക്ക് മദ്യം വാങ്ങിച്ചുകൊടുക്കുകയോ സ്വയം കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍പാടില്ല. എല്ലാവരും ഉറങ്ങുമ്പോഴും ഒരാളെങ്കിലും ഡ്രൈവറോടൊപ്പം സംസാരിച്ചോ ശ്രദ്ധിച്ചോ ഉറങ്ങാതെ ഇരിക്കണം. മൂന്നുമണിക്കൂറില്‍ പതിനഞ്ച് മിനിട്ടെങ്കിലും ഡ്രൈവര്‍ക്ക് വിശ്രമം നല്‍കണം. ഇതെല്ലാം അല്പം പണച്ചെലവുണ്ടാക്കാം. പക്ഷേ മനുഷ്യജീവന്‍ അതിനേക്കാളെല്ലാം വില കൂടിയതല്ലേ ?



വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കേരളത്തിലും കുറ്റകരമാണ്. ആയിരം രൂപ പിഴയടക്കേണ്ടിവരാം. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടുമോ എന്നറിയില്ല. എന്നാല്‍ വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ലേയല്ല. ചിലര്‍ അല്പം ശ്രദ്ധാലുക്കളാണ്. കൈ ഉപയോഗിക്കാതെ ഫോണില്‍ സംസാരിക്കാനുള്ള വിദ്യ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും. അതൊരു തെറ്റിദ്ധാരണയാണ്. കൈയില്‍ മൊബൈല്‍ ഫോണുള്ളതല്ല അപകടത്തിന് കാരണമാകുന്നത് എന്നാണ് ആഗോളതലത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശ്രദ്ധ മാറുന്നതാണ് അപകടകാരണമാകാറുള്ളത്. ഫോണ്‍ കോള്‍ എടുക്കാതിരിക്കുക, അല്ലെങ്കില്‍ വാഹനത്തിലുള്ള മറ്റാരെയെങ്കിലും ആ പണി ഏല്പ്പിക്കുക- അതേ പരിഹാരമുള്ളൂ. തൊണ്ണൂറു ശതമാനം കോളുകളും അത്യാവശ്യങ്ങളല്ല എന്ന് പറയേണ്ടതില്ല. ഏത് കോളും തിരിച്ചുവിളിക്കാവുന്നതേ ഉള്ളൂ. ജീവന്‍ പണയപ്പെടുത്തി മറുപടി നല്‍കേണ്ട ഒരു കോളും കാണില്ല എന്ന് തീര്‍ച്ച.



സി.ഡി. മാറ്റുക, ഡാഷ് ബോര്‍ഡില്‍ വല്ലതും തിരയുക, വാതില്‍ അടഞ്ഞോ എന്ന് പരിശോധിക്കുക തുടങ്ങിയവയും ഡ്രൈവിങ്ങിനിടയില്‍ ഒഴിവാക്കേണ്ട കാര്യങ്ങളാണ്. ഒരു സെക്കന്റല്ലേ വേണ്ടൂ എന്ന് സ്വയം ന്യായീകരിക്കുന്നവര്‍ ഓര്‍ക്കുക- അപകടത്തില്‍പെട്ട് മരിക്കാനും ഒരു സെക്കന്റ് മതി.



സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച് ഇനിയും കുറെ കാര്യങ്ങള്‍ പറയാം, മറ്റൊരിക്കല്‍.

അത് വരെ സുരക്ഷിതമായി ഡ്രൈവ് ചെയ്യുക

Followers