സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 10, 2010

തീവണ്ടിയില്‍ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം

മുരളി തുമ്മാരുകുടി


എവിടെയും റോഡ് ഗതാഗതത്തെക്കാള്‍ സുരക്ഷിതമാണ് തീവണ്ടി ഗതാഗതം. ഇതിന് നിരവധി കാരണങ്ങളുണ്ട്. കൃത്യമായിട്ടുള്ള ട്രാക്കുകളിലൂടെയാണ് തീവണ്ടികള്‍ ഓടിക്കുന്നത്. ഈ ട്രാക്കുകളിലേയ്ക്ക് മറ്റെന്തെങ്കിലും കയറിവരുന്നതിനുള്ള സാധ്യത കുറവാണ്. തീവണ്ടികള്‍ ഓടിക്കുന്നത് പരിശീലനം സിദ്ധിച്ചവരും ആ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരുമാണ്. പരിശീലനമില്ലാത്തവരോ വല്ലപ്പോള്‍ ഓടിക്കുന്നവരോ തങ്ങളുടെ സ്വകാര്യ വാഹനങ്ങളുമായി റെയില്‍വെ ട്രാക്കുകളിലെത്തില്ല (റോഡ്, ജലം, വായു മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതത്തില്‍ ഇത് സംഭവിക്കം). സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ താല്പര്യമുള്ള സംഘടിത സ്ഥാപനങ്ങളാണ് റെയില്‍വെ ട്രാക്കുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഫലമായി ഈ സ്ഥാപനങ്ങള്‍ സ്ഥിരമായി ട്രാക്കുകളുടെ അവസ്ഥയും മറ്റും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഫലമോ, റെയില്‍ ഗതാഗതം കൂടുതല്‍ സുരക്ഷിതമാകുന്നു.




പതിനായിരക്കണക്കിന് കിലോമീറ്റര്‍ ട്രാക്കും ലക്ഷക്കണക്കിന് കമ്പാര്‍ട്ട്‌മെന്റുകളും പത്ത് ലക്ഷത്തിലേറെ ജീവനക്കാരും ദിവസേന കോടിക്കണക്കിന് യാത്രക്കാരുമുള്ള ഇന്ത്യന്‍ റെയില്‍വെയാണ് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ എന്ന് എവിടെയോ വായിച്ചു. ദീര്‍ഘയാത്രക്ക് ഇതിലേറെ ലാഭകരമായ മറ്റൊരു മാര്‍ഗമില്ലെന്ന് എനിക്ക് നേരിട്ടറിയാം. പത്ത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ കൊല്ലം തീവണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു- സമയനിഷ്ഠ, വേഗത, യാത്രാസൗകര്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും റെയില്‍വെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എപ്പോഴും നമുക്ക് ഇതിലപ്പുറം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, ഇത്രയും വലിയ സ്ഥാപനം ഇത്രയും കാര്യക്ഷമമായി നടത്തുകയും കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വെയുടെ നടത്തിപ്പുകാരോട് ആദരവ് തോന്നുന്നു.



ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ എന്റെ കൈവശമില്ല (ഈ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റിലും റെയില്‍വെ ടൈംടേബിളുകളിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്). എന്തായാലും ഇന്റര്‍നെറ്റില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ഇന്ത്യയില്‍ റെയില്‍ അപകടങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്നാണ്. എന്നാല്‍ ലോകത്തിലെ മറ്റ് റെയില്‍ സംവിധാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്രത്തോളമുണ്ടെന്ന് അറിയില്ല. അടുത്ത കാലത്ത്, ഇന്ത്യന്‍ റെയില്‍വെ ഗതാഗതം സുരക്ഷിതമാക്കാനായി കൂടുതല്‍ പണം ചിലവാക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് തീര്‍ച്ചയായും നല്ല വാര്‍ത്തയാണ്.



എങ്കിലും റെയില്‍വെയുമായി ബന്ധപ്പെട്ട എന്തെങ്കിലും അപകടവാര്‍ത്തകളില്ലാതെ ഒരാഴ്ച പോലും കടന്നുപോകുന്നില്ല. അത് ഒരുപക്ഷേ കഴിഞ്ഞ ആഴ്ച തൃശ്ശൂരില്‍ സംഭവിച്ചതുപോലെ ഒരു യുവതി തീവണ്ടിയില്‍ നിന്ന് വീണതാകാം, അതല്ലെങ്കില്‍ ഒരു മാസം മുമ്പ് റെയില്‍വെ ട്രാക്കിലുള്ള പശുവിനെ ആട്ടാന്‍ ശ്രമിച്ച ആള്‍ അപകടത്തില്‍പ്പെട്ടതുപോലുള്ള സംഭവമോ ആകാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേള്‍ക്കുന്നതുപോലുള്ള ഭയാനക തീവണ്ടി അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നത് വലിയ ആശ്വാസമാണ്. എന്നാല്‍, തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴും സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തിലും സ്വയം സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. റെയില്‍വെ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കാതെ ചില സുരക്ഷാ മുന്‍കരുതലുകള്‍ നമ്മുക്ക് തന്നെ എടുക്കാവുന്നതാണ്. റെയില്‍വേയ്ക്ക് ഒരുപാട് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാം എന്നത് ശരിയാണെങ്കിലും അതിനര്‍ത്ഥം സ്വന്തം സുരക്ഷയ്ക്കായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല എന്നതല്ല.





ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍



ഓരോ വര്‍ഷവും കേരളത്തില്‍ റെയില്‍വെ സ്‌റ്റേഷനിലും മറ്റും ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ മരിക്കുന്നുവരുടെ കൃത്യം കണക്ക് എന്റെ കയ്യി ലില്ല. എന്തായാലും അത്തരം സംഭവങ്ങള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. ഈ മരണങ്ങളെല്ലാം തന്നെ സുരക്ഷിതത്വത്തെക്കുറിച്ച് കുറച്ചുകൂടെ ബോധവാന്‍മാരായിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു. ഞാന്‍ വായിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യന്‍ റെയില്‍വേക്ക് മൊത്തം 60,000 കിലോമീറ്റര്‍ നീളത്തില്‍ ട്രാക്കുണ്ടെന്നാണ്. ഈ ട്രാക്കിലൂടെ ആളുകള്‍ മുറിച്ചുകടക്കുന്നത് തടയുന്നതിന് മൊത്തമായി വേലി പണിയുക എന്നത് (ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകളിലുള്ളതുപോലെ) തത്ത്വത്തില്‍ സാധ്യമാണെങ്കിലും അത് പണച്ചെലവുള്ളതും ട്രാക്കുകള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. അതുകൊണ്ട് ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ ജനങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. താഴെ പറയുന്ന ചില ലളിതമായ മുന്‍കരുതലുകള്‍ കുറെ ജീവനുകള്‍ രക്ഷിക്കാന്‍ ഉപകരിക്കും.



1. ഒരിക്കലും റെയില്‍വെ ട്രാക്കിലൂടെ നടക്കാതിരിക്കുക. നിങ്ങള്‍ റെയില്‍വെ ലൈനിനടുത്ത് ജീവിക്കുന്നവരും മുഴുവന്‍ തീവണ്ടികളുടെ സമയവും അറിയുന്നവരുമാണെങ്കില്‍പ്പോലും. കാരണം കേടുപാടുകള്‍ തീര്‍ക്കുന്ന വണ്ടിയോ ചരക്ക് വണ്ടിയോ പെട്ടെന്ന് പ്രത്യക്ഷപ്പെടാനും ഒഴിഞ്ഞുമാറാന്‍ കഴിയുന്നതിനുമുമ്പ് നിങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്.



2. സ്റ്റേഷനിലായാലും മറ്റ് സ്ഥലങ്ങളിലായാലും മേല്‍പ്പാലമുണ്ടെങ്കില്‍ അതുവഴി മാത്രം യാത്ര ചെയ്യുക, റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കാനുള്ള പ്രലോഭനം എത്ര വലുതാണെങ്കിലും. എത്ര പേര്‍ ട്രാക്ക് മുറിച്ചുകടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ ആ വഴി സ്വീകരിക്കാതിരിക്കുക.



3. മേല്‍പ്പാലമില്ലാത്ത പ്രദേശങ്ങളിലാണെങ്കില്‍ ഇരുവശത്തുനിന്നും സുരക്ഷിതമെന്ന് കരുതുന്ന ദൂരത്തുനിന്ന് ട്രാക്കുകള്‍ കാണുന്നവിധമുള്ള സ്ഥലത്തുവെച്ച് മാത്രം ട്രാക്ക് മുറിച്ചുകടക്കുക. നിന്ന്, ഇരുവശവും നിരീക്ഷിച്ച് പെട്ടെന്ന് ട്രാക്ക് മുറിച്ചുകടക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ക്ക് സുരക്ഷിതമെന്ന് തോന്നുമ്പോള്‍ മാത്രം ട്രാക്ക് മുറിച്ചുകടക്കുക.



4. നിങ്ങള്‍ ട്രാക്കിനടുത്തും തീവണ്ടി വളരെ ദൂരെയുമാണെങ്കിലും തീവണ്ടി കടന്നുപോയതിന് ശേഷം മാത്രം ട്രാക്ക് മുറിച്ചുകടക്കുക. കാരണം തീവണ്ടിയുടെ നില, വേഗത, സ്ഥാനം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ തെറ്റാന്‍ സാധ്യതയുണ്ട്.





കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസുകളില്‍



ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ റിപ്പോര്‍ട്ടനുസരിച്ച് 20,000ത്തോളം കാവല്‍ക്കാരുള്ള ലെവല്‍ ക്രോസുകളും 16,000ത്തോളം കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളുമുണ്ട്. അപകടങ്ങളില്‍ 16 ശതമാനം സംഭവിക്കുന്നത് കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളിലാണെന്ന് റി പ്പോര്‍ട്ടില്‍ പറയുന്നു. ഇത് മനസ്സിലാക്കാവുന്നതാണ്, പ്രത്യേകിച്ചും റോഡിനും റെയില്‍വേ ലൈനിനുമിടയില്‍ കാവലില്ലാത്ത അവസ്ഥയില്‍. എന്നാല്‍, നാല് ശതമാനം വരുന്ന അപകടങ്ങള്‍ സംഭവിക്കുന്നത് കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസുകളിലാണെന്നത് അത്ഭുതകരമാണ്.



കേരളീയരായ നമ്മളെ ഇത് അത്ഭുതപ്പെടുത്തേണ്ടതില്ല. അമൃത ആസ്​പത്രിയ്ക്കടുത്തുള്ള ഇടപ്പള്ളി റെയില്‍വെ ക്രോസില്‍(ചിലപ്പോഴൊക്കെ ഞാന്‍ ഇത് മുറിച്ചുകടക്കാറുണ്ട്) മണിക്കൂറുകളോളം ഗതാഗതം വൈകിച്ച് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വാഹനങ്ങളുടെ നിരയുണ്ടാകാറുണ്ട്. അതുകൊണ്ട് ചിലരെങ്കിലും വരി തെറ്റിച്ച് മുന്നില്‍ കടന്ന്് നേരെ റെയില്‍വെ ലൈനിന് മുന്നിലെത്തും. തീവണ്ടിയെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് റെയില്‍വെ ക്രോസ് അടച്ചിടുമ്പോള്‍ ചിലര്‍ ബൈക്കടക്കം ബാറിന് കീഴിലൂടെ നൂണ് പെട്ടെന്ന് ഇരുവശവും നോക്കി ക്രോസ് ചെയ്യുന്നു, സമയം ലാഭിക്കാന്‍. തീര്‍ച്ചയായും ഗേറ്റ് തുറക്കുന്നത് കാത്ത് ക്യൂവില്‍ കിടക്കുന്ന നൂറുകണക്കിന് ആളുകളെ വിഡ്ഡികളാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരും. എന്നാല്‍ ഒരു ദിവസം ഇവരുടെ പ്രജ്ഞ ഇവരെ വഞ്ചിക്കും, അതോടെ ഇവര്‍ സ്വര്‍ഗത്തിലേയ്ക്കുള്ള വഴിയില്‍ ലക്ഷക്കണക്കിന് ആളുകളെ പിറകിലാക്കും (ഇടപ്പള്ളിയില്‍ പകുതി മാത്രം പണി കഴിഞ്ഞ മേല്‍പ്പാലം നിങ്ങള്‍ക്ക് കാണാനാകും. വര്‍ഷങ്ങളായി ഇത് ഇങ്ങിനെ തന്നെ കിടക്കുകയാണ്. എന്തുകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കത്തതെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. എന്തായാലും അതിന് കൃത്യമായ കാരണമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്).



റെയില്‍വെ നെറ്റ്‌വര്‍ക്ക് വ്യാപകമായുള്ള സ്വിറ്റ്‌സര്‍ലന്റില്‍ കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസ് എന്ന സങ്കല്പം നിലവിലില്ല. പകരം തീവണ്ടികള്‍ വരുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ഗതാഗതം തടയാന്‍ ഒരു ക്രോസ് ബാര്‍ താഴ്ന്നുവരികയും തീവണ്ടി പോയിക്കഴിഞ്ഞ് മിനിട്ടുകള്‍ക്കകം ഗതാഗതം പുന:സ്ഥാപിക്കാനായി ഈ ക്രോസ് ബാര്‍ ഉയര്‍ന്നുപോവുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ ഈ ദണ്ഡുകള്‍ റോഡിന്റെ ഒരു വശത്തേയ്ക്ക് മാത്രമെ നീളുകയുള്ളൂ എന്നതാണ്(അതായത് ഇരുദിശയിലേയ്ക്കും ഗതാഗതമുള്ള ഒരു റോഡില്‍ ക്രോസ് ബാര്‍ ഏത് ദിശയിലേയ്ക്കാണോ ഗതാഗതമുള്ളത് ആ ദിശയില്‍ മാത്രമാണ് ഗതാഗതം തടയുന്നത്). കേരളത്തില്‍ ഈ സംവിധാനം കൊണ്ടുവന്നാല്‍ ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, ഓട്ടോകള്‍ എന്നിവ മാത്രമല്ല കാറുകളും ടിപ്പറുകളും വരെ ഈ ബാറുകള്‍ക്ക് കുറുകെ പാഞ്ഞേനേ! എന്നാല്‍ അതുപോലൊന്നും സ്വിറ്റസര്‍ലന്റില്‍ നടക്കുന്നില്ല.



സുരക്ഷാസംബന്ധമായ ലേഖനങ്ങളില്‍ നിയമങ്ങള്‍ അനുസരിക്കേണ്ടതിനെക്കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല, കാരണം അത് സ്വാഭാവികമായി ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് കാവല്‍ക്കാരനുള്ള ലെവല്‍ക്രോസില്‍ ക്രോസ് ബാറുകള്‍ നൂണുകടക്കരുതെന്ന് ജനങ്ങളെ ഉപദേശിക്കാന്‍ ഞാനാളല്ല. അതിവേഗതയില്‍ വണ്ടിയോടിക്കുക, മദ്യപിച്ച് വണ്ടിയോടിക്കുക, വണ്ടിയോടിക്കുമ്പോള്‍ സെല്‍ ഫോണില്‍ സംസാരിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ബോധപൂര്‍വം നടത്തുന്നവര്‍ ഉടനെയോ പിന്നീടോ ജീവന്‍ വിലയായി നല്‍കേണ്ടിവരും. ഞാന്‍ ശ്രദ്ധ ചെലുത്തുന്നത് നിയമവിരുദ്ധമല്ലാത്തതും ചിലപ്പോഴൊക്കെ ബോധപൂര്‍വമല്ലാത്തതും എന്നാല്‍ സ്വന്തം സുരക്ഷ അപകടത്തിലാക്കുന്നതുമൊയ ചെയ്തികളിലാണ്. അതുകൊണ്ട് ലെവല്‍ഡ ക്രോസുകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദേശങ്ങളാണ് എനിക്ക് നല്‍കാനുള്ളത്.



1. കാവല്‍ക്കാരനുള്ള ഒരു ലെവല്‍ ക്രോസ് നിങ്ങള്‍ക്ക് സ്ഥിരമായി കടക്കാനുണ്ടെങ്കില്‍, കുറച്ച് കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരുമെങ്കില്‍ കൂടി, പകരം ഒരു റൂട്ട് നോക്കുന്നതാണ് നല്ലത്. ക്യൂവിലാകുമ്പോള്‍ ഷോര്‍ട്ട് കട്ട് ഉപയോഗപ്പെടുത്താനുള്ള പ്രലോഭനം കൂടുമെന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.



2. നിങ്ങള്‍ വല്ലപ്പോഴും ചെയ്യുന്ന യാത്രയാണെങ്കില്‍ ഇങ്ങിനെ നഷ്ടപ്പെടുന്ന സമയം നിങ്ങളുടെ യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അല്ലാതെ റിസ്‌കെടുത്ത് ഷോര്‍ട്ട് കട്ട് ഉപയോഗിക്കാന്‍ ശ്രമിക്കരുത്.



3. കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ നിങ്ങളുടെ നിരീക്ഷണത്തിലും പ്രജ്ഞയിലും മാത്രം വിശ്വാസമര്‍പ്പിക്കുക. മുന്നിലുള്ള ആള്‍ വണ്ടിയോടിച്ചതുപോയതുകൊണ്ടും പിന്നിലുള്ള ആള്‍ അക്ഷമനായി ഹോണടിക്കുന്നതുകൊണ്ടും മാത്രം ട്രാക്കിലേയ്ക്ക് വണ്ടി ഓടിച്ചുകയറ്റാതിരിക്കുക. നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം നിങ്ങളുടേതുമാത്രമാണ്. നിങ്ങളുടെ പിറകിലുള്ള ആള്‍ തിരക്കിലാണെങ്കില്‍ അയാള്‍ക്ക് നിര്‍ഭാഗ്യമാണെന്ന് കരുതുക. നിങ്ങള്‍ നിങ്ങളുടേതുമാത്രമായ നിരീക്ഷണങ്ങള്‍ നടത്തുകയും സുരക്ഷിതമായി ക്രോസ് ചെയ്യാമെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രം വണ്ടി മുന്നോട്ടെടുക്കുക.





മരണവാതിലുകള്‍



ഞാന്‍ പോകുന്ന രാജ്യങ്ങളിലെല്ലാം സാധ്യമാണെങ്കില്‍ ഞാന്‍ തീവണ്ടിയിലാണ് യാത്ര ചെയ്യാറുള്ളത്. ഇതിന് പല കാരണങ്ങളുമുണ്ട്. തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആ രാജ്യത്തെ കൂടുതലായി കാണാന്‍ കഴിയുമെന്നതാണ് പ്രധാന കാരണം. ആ രാജ്യത്തെ കൂടുതല്‍ ജനങ്ങളെയും അവരുടെ ജീവിതത്തെയും അതിന്റെ വൈവിധ്യത്തെയും നിങ്ങള്‍ക്ക് അടുത്ത് കാണാന്‍ കഴിയുക തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴാണ്. അതെനിക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും തരുന്നു(തീവണ്ടിയില്‍ അടിയന്തിരമായ നിര്‍ത്താനുള്ള ഒരു ബട്ടണ്‍ ഉണ്ട്. എന്നാലിത് വിമാനത്തിലില്ല!). റോഡ് യാത്രയെക്കാളും വിമാന യാത്രയെക്കാളും പരിസ്ഥിതിയുമായി ഇണങ്ങി നമ്മുക്ക് യാത്ര ചെയ്യാനാവുക തീവണ്ടികളിലാണ്.



ചുരുങ്ങിയത് 25 രാജ്യങ്ങളിലെങ്കിലും ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ തീവണ്ടികളിലുള്ള തരം വാതിലുകള്‍ വേറെ എവിടെയും കണ്ടിട്ടില്ല. മൂന്ന് സവിശേഷതകളാണ് ഈ വാതിലുകളെ സമാനതകളില്ലാത്തതാക്കുന്നത്. ഒന്നാമതായി, ഈ വാതിലുകള്‍ തീവണ്ടി പുറപ്പെടും മുമ്പ് ഓട്ടോമാറ്റിക്കായി അടയുന്നില്ല. രണ്ടാമതായി, തീവണ്ടികള്‍ ഓടുമ്പോഴും ഈ വാതിലുകള്‍ തുറക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളില്‍ ഇത് നടക്കില്ല. മൂന്നാമതായി ഈ വാതിലുകള്‍ അസാധാരണമായി കനമുള്ളതാണ്. അതായത് നിങ്ങള്‍ വാതിലിനടുത്ത് നില്‍ക്കുമ്പോള്‍ വാതില്‍ ശക്തിയോടെ അടയുകയാണെങ്കില്‍ നിങ്ങള്‍ തെറിച്ചുവീഴാം, മരണംവരെ സംഭവിക്കാം. തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ കൂടി ഇത് സംഭവിക്കാം. ഇന്ത്യന്‍ റെയില്‍വേയുടെ യാത്രാ കമ്പാര്‍ട്ട്‌മെന്റുകളുടെ വാതിലുകള്‍ ഒരു ആക്രികച്ചവടക്കാരന്റെ സ്വപ്‌നവും രക്ഷാപ്രവര്‍ത്തകന്റെ പേടിസ്വപ്‌നവുമാണ്.



തീവണ്ടി പുറപ്പെടും മുമ്പ് അടയ്ക്കാത്തതും ഓടിക്കൊണ്ടിരിക്കുമ്പോള്‍ തുറക്കാന്‍ കഴിയുന്നതുമായ വാതിലുകള്‍ ദുരന്തമാണ്. നാം കേട്ടിട്ടുള്ള പല മരണങ്ങളും ഈ രീതിയില്‍ വാതിലുകള്‍ നിര്‍മിച്ചതിന്റെ ഫലമാണ്. ഇത്തരമൊരു വാതില്‍ നിര്‍മാണത്തിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ ഇത് തന്നെ ഇപ്പോഴും നിലനിര്‍ത്തുന്നതിന് വളരെ കുറച്ച് നല്ല കാരണങ്ങളെ കാണൂ. എന്തായാലും ഇത്തരത്തിലുള്ള വാതിലുകള്‍ തെറ്റായ ചില ശീലങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ അപകടങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു. ഇതില്‍ ചിലതാണ് താഴെ പറയുന്നത്.



1. വേണ്ടപ്പെട്ടവരെ യാത്രയാക്കാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കമ്പാര്‍ട്ട്‌മെന്റിനുള്ളിലേയ്ക്ക് കയറുന്നത് റെയില്‍വെ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്. അതുപോലെത്തന്നെ യാത്ര പോകുന്നവര്‍ തീവണ്ടി പുറപ്പെടും മുമ്പ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്. എല്ലാ ദിവസവും എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷനില്‍ തീവണ്ടി പുറപ്പെട്ടയുടന്‍ ഡസന്‍ കണക്കിന് ആളുകള്‍ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് ചാടാനും അകത്തേക്ക് ചാടിക്കയറാനും ശ്രമിക്കുന്നത് കാണാം. ഈ ഭ്രാന്തന്‍ ശീലത്തിനിടയ്ക്കാണ് പലരും മരിച്ചിട്ടുള്ളത്. ആധുനിക തീവണ്ടികളിലെ വാതിലുകള്‍ വണ്ടി പുറപ്പെട്ടയുടന്‍ അടയുന്നവയാണ്. ഇത് ആര്‍ക്കെങ്കിലും ചാടിയിറങ്ങാനോ ചാടിക്കയറാനോ ഉള്ള സാധ്യത ഇല്ലാതാക്കുകയും അതുവഴി ദുരന്തങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നു.



2. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലെ വാതില്‍ തുറക്കാമെന്നത് ആളുകള്‍ക്ക് പുറത്തുനിന്ന്് ചാടിക്കയറാനും(ഉദാഹരണത്തിന് സ്റ്റേഷനില്‍ വൈകിയെത്തുന്നവര്‍) സ്റ്റോപ്പുകളില്ലാത്ത സ്റ്റേഷനുകളില്‍ ചാടിയിറങ്ങാനും(എക്‌സ്​പ്രസ് തീവണ്ടികള്‍ക്ക് സ്റ്റോപ്പില്ലാത്ത ആലുവ സ്റ്റേഷനില്‍ ഇത് പതിവായി സംഭവിക്കാറുണ്ട്) ഉള്ള സാധ്യതയൊരുക്കിക്കൊടുക്കുന്നു.



3. കൊച്ചിയില്‍ നിന്ന് കാണ്‍പൂര്‍ വരെ സ്ഥിരമായി 52 മണിക്കൂര്‍ നീണ്ട യാതകള്‍ ചെയ്തപ്പോഴെല്ലാം ഓടുന്ന വണ്ടിയുടെ വാതില്‍പടികളില്‍ ആളുകള്‍ ഇരിക്കുന്നത് സ്ഥിരം കണ്ടിട്ടുണ്ട്. ഏതെങ്കിലും വളവ് തിരിയുകയോ മറ്റോ ചെയ്യുമ്പോള്‍ വണ്ടിക്കുണ്ടാകുന്ന ഇളക്കം മാത്രം മതി വാതില്‍ വലിച്ചടയാനും അതുവഴി പടികളിലിരിക്കുന്നവര്‍ പുറത്തേയ്ക്ക് വീഴാനും. അത് അവരുടെ മരണത്തിലായിരിക്കും അവസാനിക്കുക. ആധുനിക തീവണ്ടികളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതിലുകള്‍ തുറക്കാന്‍ കഴിയില്ല!




4. വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ വാഷ് ബേസിനടുത്ത് നില്‍ക്കുമ്പോഴോ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകുമ്പോഴോ വരെ പുറത്തേയ്ക്ക് വലിച്ചെറിയപ്പെടാം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയാണെങ്കില്‍ ഇത് സംഭവിക്കില്ല...



ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്ന വാതിലുകള്‍ ഒഴിവാക്കാമെന്നും ആധുനിക തീവണ്ടികളിലേതുപോലെ സുരക്ഷിതമായ വാതിലുകള്‍ നിര്‍മിക്കണമെന്നും ഒരാള്‍ക്ക് വാദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഓര്‍ക്കുക, നാല് ലക്ഷം യാത്രാ കോച്ചുകള്‍ ഉള്ള ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചാണ് നാം പറയുന്നതെന്ന്! വാതിലുകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം സ്വീകരിച്ചാല്‍ തന്നെ ഇന്ത്യയിലൊട്ടാകെ അത് നടപ്പിലായിവരാന്‍ പത്ത് വര്‍ഷമെങ്കിലുമെടുക്കും. അതുകൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഈ തീവണ്ടികളിലെ അവസാനത്തെ വാതില്‍ വാങ്ങേണ്ട ആക്രികച്ചവടക്കാരന്‍ ഇനിയും ജനിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും!





എന്തെല്ലാം ശ്രദ്ധിക്കണം?



വാതിലുകളുമായി ബന്ധപ്പെട്ട് നമ്മളെന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.മുകളില്‍ പറഞ്ഞ നിരീക്ഷണങ്ങളില്‍ നിന്ന് അത് വ്യക്തമാണെങ്കിലും അവ ഞാന്‍ വിശദീകരിക്കാം.



1. നിങ്ങള്‍ ആരെയെങ്കിലും യാത്രയാക്കാന്‍ റെയില്‍വെസ്റ്റേഷനിലേയ്ക്ക് പോവുകയാണെങ്കില്‍ ഒരിക്കലും തീവണ്ടിയില്‍ കയറാതിരിക്കുക. യാത്ര ചെയ്യുന്നവരുടെ കയ്യില്‍ ഭാരമേറിയ സാധനങ്ങളുണ്ടെങ്കില്‍, അവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ റെയില്‍വെ പോര്‍ട്ടര്‍മാരെ സമീപിക്കുക. നമ്മുടെ റെയില്‍വേ പോര്‍ട്ടര്‍മാരില്‍ 99 ശതമാനവും സത്യസന്ധരും ചുരുങ്ങിയ കൂലി മാത്രം വാങ്ങുന്നവരുമാണ്. സ്‌റ്റേഷന് പുറത്തുള്ള നമ്മുടെ അനുഭവങ്ങള്‍ കാരണമാണ് പലപ്പോഴും നാം പോര്‍ട്ടര്‍മാരുടെ സേവനം തേടുന്നതിന് മടിക്കുന്നത്.



2. നിങ്ങളെ യാത്രയാക്കാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സ്‌റ്റേഷന് പുറത്തുവെച്ച് അവരോട് യാത്ര പറഞ്ഞ് പിരിയാന്‍ ശ്രമിക്കുക. പ്ലാറ്റ്‌ഫോമില്‍ അവരോടൊപ്പം ചെന്ന് യാത്ര ചോദിക്കരുത്. ഇനി അങ്ങനെ ആവശ്യമായാല്‍തന്നെ തീവണ്ടി വന്നയുടന്‍ അതിനുള്ളില്‍ കയറുകയും ജനലിലൂടെ യാത്ര പറയുകയും ചെയ്യുക, അല്ലാതെ പ്ലാറ്റ്‌ഫോമില്‍തന്നെ നിന്ന് യാത്രപറയാന്‍ ശ്രമിക്കരുത്.



3. തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ഒരിക്കലും വാതില്‍പ്പടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്.



4. വാഷ് ബേസിന്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. എന്തിലെങ്കിലും, ആവശ്യമെങ്കില്‍ ടാപ്പില്‍ പിടിക്കുക. വാഷ് ബേസിനില്‍ കൈ കഴുകുമ്പോഴോ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോഴോ നിങ്ങളുടെ കുട്ടികളെ അശ്രദ്ധമായി വിടരുത്.



5. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ തുറന്നുകിടക്കുന്ന വാതിലിനരികിലൂടെ പോകുന്നത് ഒഴിവാക്കുക.



6. ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനോ ചാടിയിറങ്ങാനോ ശ്രമിക്കരുത്. ഏതെങ്കിലും തീവണ്ടിയോ സ്‌റ്റേഷനോ വിട്ടുപോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. ഏറിയാല്‍ കുറച്ച് മണിക്കൂറുകളോ പണമോ നഷ്ടപ്പെട്ടേക്കാമെന്നുമാത്രം. നിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതോ ആയുസ്സ കുറക്കുന്നതോ ആയ അപകടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതൊന്നുമല്ല. പ്രത്യേകിച്ചും എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഉള്ള ഈ കാലത്ത് അത്തരത്തിലുള്ള ഒരു വിഡ്ഡിത്തവും ചെയ്യേണ്ടതില്ല.





സ്‌റ്റേഷനുകളിലെ വെള്ളം സുരക്ഷിതമാണ്!



റെയില്‍വെ സ്റ്റേഷനുകളിലെ പൈപ്പുകളിലുള്ള വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്നാണ് നമ്മളില്‍ ഭൂരിഭാഗവും കരുതുന്നത്. ഇതിന് പകരം വെള്ളക്കുപ്പികളോ കോളകളോ നാം വാങ്ങുന്നു. ഞാനും അങ്ങിനെ തന്നെയാണ് കരുതിയിരുന്നത്. ഞാന്‍ യാത്ര ചെയ്തിരുന്ന കാലത്ത് വെള്ളക്കുപ്പികള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ലാത്തതുകൊണ്ട് വലിയ കുപ്പികളില്‍ വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോവുകയായിരുന്നു പതിവ്. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ പി.എച്ച.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഡോ.എം.ജി.ഗ്രേഷ്യസ്(ഇപ്പോള്‍ വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍) 1992ല്‍ ഒരു പരീക്ഷണം നടത്തി. അദ്ദേഹം കാണ്‍പൂരില്‍ നിന്ന് എറണാകുളം വരെയുള്ള എല്ലാ സ്റ്റേഷനുകളില്‍ നിന്നും വെള്ളമെടുത്ത് പരിശോധന നടത്തി. ഞങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളം കുടിക്കാന്‍ യോഗ്യമായവയായിരുന്നു(ഇതിന് ഒരപവാദം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെ വെള്ളം മാത്രമായിരുന്നു!).



എന്തായാലും ഈ വിശ്വാസം ഇപ്പോഴും മാറിയിട്ടില്ല. ഇന്ന് എല്ലാവരും വെള്ളക്കുപ്പികള്‍ വാങ്ങുന്നു. എന്നാല്‍ ഈ കുപ്പികളിലെ വെള്ളത്തേക്കാള്‍ എത്രയോ സുരക്ഷിതമാണ് പൊതുടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമെന്ന് ലോകത്താകമാനം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് വെള്ളക്കുപ്പികള്‍ വില്‍ക്കുന്നവര്‍ നിങ്ങളുടെ ഭയം, വിവരമില്ലായ്മ എന്നിവ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റെല്ലാ സേവനങ്ങളും മെച്ചപ്പെട്ടതോടൊപ്പം ടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളവും മെച്ചപ്പെട്ടിട്ടുണ്ടാകുമെന്ന് എനിക്ക് അനുമാനിക്കാവുന്നുണ്ട്. അതുകൊണ്ട് വീണ്ടുമെനിക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കേണ്ടിവന്നാല്‍ വാങ്ങുന്ന വെള്ളക്കുപ്പിയ്ക്ക് പകരം സ്റ്റേഷനുകളിലെ ടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമോ അതല്ലെങ്കില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളമോ മാത്രമെ ഞാന്‍ ഉപയോഗിക്കുകയുള്ളൂ.





തീവണ്ടിയില്‍ വെച്ച് രോഗബാധിതനായാല്‍



തീവണ്ടിയില്‍ വെച്ച് രോഗബാധിതനാകുന്നത് ഒരു സുരക്ഷാ പ്രശ്‌നമല്ല. എങ്കിലും പലപ്പോഴും പലരും വണ്ടിയില്‍ രോഗബാധിതരാകുന്നു. ചികിത്സ ലഭിക്കാത്തതിന്റെയും ചിലപ്പോഴൊക്കെ മരിച്ചതിന്റെയും മൃതദേഹം കേരളത്തിലെത്തിക്കാന്‍ സഹായം ലഭിക്കാതെ വിഷമിച്ചതിന്റെയും ദുരന്തകഥകള്‍ നാം കേള്‍ക്കാറുണ്ട്. വ്യക്തികളെന്ന നിലയില്‍ ഇവയെങ്ങിനെ തടയാമെന്നും എങ്ങിനെ കൈകാര്യം ചെയ്യാമെന്നും നമ്മുക്ക് പരിശോധിക്കാം.



മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇതുപോലുള്ള നിരവധി പ്രശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളതിനാല്‍ ഓരോ സാഹചര്യവും കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. ദീര്‍ഘദൂര തീവണ്ടികളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് ഇത്തവണത്തെ റെയില്‍ ബജറ്റില്‍ പറയുന്നുണ്ട്. അതുപോലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ദീര്‍ഘദൂര തീവണ്ടികൡലേതുള്‍പ്പടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ട ഡോക്ടര്‍മാര്‍ക്കാണോ ഇവിടെ പരിശീലനം നല്‍കുക എന്നറിയില്ല. എന്തായാലും ഇന്നത്തെ അവസ്ഥയില്‍ ഇതെല്ലാം നടപ്പില്‍ വരാന്‍ സമയമെടുക്കും. അതുവരെ നിങ്ങളുടെയും നിങ്ങളെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുടെയും ആരോഗ്യം നിങ്ങള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും യാത്ര ചെയ്യേണ്ട ദൂരത്തെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം എന്നാണ്.



തീവണ്ടിയില്‍ വെച്ചുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഞാന്‍ രണ്ടായി തിരിക്കാം. ആദ്യത്തേത് തീവണ്ടി യാത്രയ്ക്കിടയില്‍ സംഭവിക്കുന്നത്(അപകടങ്ങള്‍, അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കുന്നത്, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ)ആണ്. രണ്ടാമത്തേത് നേരത്തെത്തന്നെയുള്ള രോഗങ്ങളുടെ ആക്രമണമാണ്(രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ). മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നിവ വഷളാകുന്നതിനെക്കുറിച്ച് ഞാന്‍ എഴുതുന്നില്ല. കാരണം ഈ രോഗങ്ങളുള്ളവര്‍ യാത്ര ചെയ്യാന്‍ പാടില്ല എന്നതുതന്നെ കാരണം. അതുപോലെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടുന്ന കുടുംബാംഗത്തെയും കൂട്ടിയുള്ള യാത്ര(ഉദാ: കൊച്ചിയില്‍ നിന്ന് വെല്ലൂരിലേയ്ക്ക്). കാരണം അത്തരം സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിങ്ങളോട് വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. മറ്റ് സാഹചര്യങ്ങളില്‍ നാം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.



1. നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ പനി, വയര്‍ സംബന്ധമായ രോഗങ്ങള്‍, ചെറിയ തീപ്പൊള്ളല്‍, മുറിവുകള്‍ എന്നിവയ്ക്കാവശ്യമായ മരുന്നുകള്‍ അടങ്ങുന്ന മെഡിക്കല്‍ കിറ്റ് കൈവശം കരുതേണ്ടതാണ്. ഇത് എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.



2. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചരണത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ നേരത്തെത്തന്നെ ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ യാത്രയക്ക് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. യാത്രയുടെ ദൂരം, എടുക്കുന്ന സമയം എന്നിവയെല്ലാം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് മാത്രം യാത്ര ചെയ്യേണ്ടതുമാണ്. വല്ല മുന്‍കരുതലുകളുമെടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ അത് അനുസരിക്കുക. പ്രത്യേകതരം മരുന്നുകള്‍, പ്രത്യേകതരം ഭക്ഷണം, രണ്ട് ഘട്ടങ്ങളായി യാത്ര ചെയ്യുക എന്നിവയെല്ലാം ഡോക്ടറുടെ ഉപദേശത്തില്‍പ്പെടാം. ദീര്‍ഘയാത്രകള്‍ വളരെ നേരത്തെ തീരുമാനിച്ചതാണെങ്കില്‍, സാധ്യമാവുമെങ്കില്‍ വിമാനത്തെ ആശ്രയിക്കുന്നതാണ് നല്ലത്. വേഗം ചികിത്സ ലഭ്യമാക്കാം എന്നതുതന്നെ കാരണം.



3. നിങ്ങളുടെ മുന്‍കരുതലുകള്‍ക്ക് ശേഷവും രോഗിയുടെ നില വഷളാവുകയാണെങ്കില്‍ തീവണ്ടിയിലുള്ള അധികൃതരുമായി സംസാരിക്കുക. മിക്കവാറും വണ്ടിയില്‍ യാത്ര ചെയ്യുന്നവരില്‍ തന്നെ ഡോക്ടര്‍മാരുണ്ടാവും. ടി.ടി.ഇയ്‌ക്കോ മറ്റ് യാത്രക്കാര്‍ക്കോ ഇത് കണ്ടെത്താനാകും(ചാര്‍ട്ടിലെ പേരിനൊപ്പമുള്ള ഡോക്ടര്‍ വിശേഷണത്തിലൂടെയാണിത്. ഞാന്‍ എന്റെ പേരിന്റെ കൂടെ 'ഡോ.' എന്ന് ഉപയോഗിക്കാത്തതിനുള്ള കാരണങ്ങളിലൊന്ന് ഞാനൊരു വൈദ്യ ഡോക്ടറാണെന്നും സഹായം ലഭിക്കുമെന്നും ആരെങ്കിലും ഒരു നിമിഷത്തേയ്‌ക്കെങ്കിലും പ്രതീക്ഷിക്കരുതെന്ന് കരുതിയാണ്). യാത്രയില്‍ ആവശ്യമുള്ള പക്ഷം ഒരു ഡോക്ടറുടെ സഹായം ലഭിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.



4. തീവണ്ടിയില്‍ വെച്ച് ഡോക്ടര്‍മാരുടെ സഹായം ലഭിച്ചില്ലെങ്കിലോ, ഏതെങ്കിലും സ്‌റ്റേഷനില്‍ നിന്ന് വൈദ്യസഹായം തേടാന്‍ ടി.ടി.ഇ ഉപദേശിക്കുകയോ അഥവാ ടി.ടി.ഇയുടെ സഹായമൊന്നും ലഭിക്കാതിരിക്കുകയോ ആണെങ്കില്‍ യാത്ര മുറിക്കാന്‍ മടിക്കേണ്ട. ദീര്‍ഘദൂരയാത്രയില്‍ ശരിയായ തീരുമാനമെടുക്കാത്തതിന്റെ ദുരന്തഫലം അനുഭവിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് യാത്ര മുറിച്ചുണ്ടാകുന്ന അസൗകര്യം സഹിക്കുന്നതാണ്.



5. ഇന്ന് മിക്കവാറും പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷന്‍ നിലകൊള്ളുന്ന നഗരങ്ങളിലെല്ലാം എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള ആസ്​പത്രികളുണ്ട്. എവിടെയും എ.ടി.എം കൗണ്ടറുകളുമുള്ളതിനാല്‍ വൈദ്യസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. യാത്ര മുറിച്ചാലുണ്ടാകുന്ന അസൗകര്യം കണക്കാക്കിയും വണ്ടിയില്‍ വൈദ്യസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലും വെറുതെ സമയം കളയുമ്പോഴാണ് ദുരന്തങ്ങളുണ്ടാകുന്നത്. ഓര്‍ക്കുക ജീവന്‍ നിങ്ങളുടേതാണ്! വേണ്ടവിധത്തിലുള്ള വൈദ്യസഹായം ലഭ്യമായില്ലെന്ന നിങ്ങളുടെ ആരോപണം ശരിയാണെങ്കില്‍ കൂടി കാര്യമില്ല. കാരണം അപ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ശരിയായ വൈദ്യസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തേടുകയാണ്, അല്ലാതെ ആരെയെങ്കിലും ചുമതലാബോധം പഠിപ്പിക്കുകയല്ല.



6. നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയും എല്ലാ തീരുമാനങ്ങളും സ്വയമെടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് മറ്റൊന്ന്. ഇന്ന് ഇതൊന്നുമൊരു പ്രശ്‌നമല്ല. നിങ്ങളുടെ സഹായത്തിനെത്തുമെന്ന് ഉറപ്പുള്ളവരെ ബന്ധപ്പെടാന്‍ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത് ബുദ്ധിമുട്ടുണ്ടാകില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണോ എന്ന ധര്‍മസങ്കടം നിങ്ങളിലുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും മുന്‍കരുതലിന് പ്രാധാന്യം കൊടുക്കുക. നേരത്തെത്തന്നെ രോഗമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചും രോഗത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും കൈവശം തന്നെയുണ്ടാകണം. (മദ്യപിച്ച് വണ്ടിയോടിച്ചെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്ത രോഗിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണം ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു).



7. നിങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ യാത്ര ചെയ്യുമ്പോള്‍ തീവണ്ടി എന്തെങ്കിലും അപകടത്തില്‍പ്പെടുകയാണെങ്കില്‍ (സൈന്തിയയിലുണ്ടായത് പോലെ) എങ്ങിനെയാണ് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവുക? നിങ്ങള്‍ ഒരു സൈക്കിളില്‍ വീടിനടുത്തുള്ള ഒരു കടയിലേയ്ക്കാണ് പോകുന്നതെങ്കിലും അതല്ല വിമാനത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേയ്ക്കാണ് പോകുന്നതെങ്കിലും യാത്രയുടെ കൃത്യമായ വിവരം വീട്ടിലുള്ളവരെ അറിയിച്ചിരിക്കണം. മൊബൈല്‍ ഫോണിന്റെ ഈ കാലത്ത് നിങ്ങളുടെ ഭാര്യയ്‌ക്കോ, അച്ഛനോ സഹോദരനോ യാത്രയുടെ വിവരം കാണിച്ച് ഒരു എസ്.എം.എസ് അയയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അങ്ങിനെയാണെങ്കില്‍ അപകടമുണ്ടായിട്ടുണ്ടെന്ന ബ്രേക്കിങ് ന്യൂസ് ടി.വിയില്‍ നിന്ന അറിയുന്നയുടന്‍ തന്നെ നിങ്ങള്‍ യാത്ര ചെയ്യുന്ന വണ്ടിയാണോ അപകടത്തില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ക്ക് അറിയാന്‍ കഴിയും. അഥവാ നിങ്ങള്‍ അപകടത്തില്‍പ്പെട്ട തീവണ്ടിയിലുണ്ടെങ്കില്‍, നിങ്ങള്‍ സുരക്ഷിതനാണെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും എന്താണ് സംഭവിച്ചതെന്നും അപ്പോഴത്തെ നിങ്ങളുടെ അവസ്ഥയെക്കുറിച്ചും അവരെ അറിയിക്കുക. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്തുള്ള കോണ്‍ടാക്ട് പോയിന്റിലെങ്കിലും അറിയിക്കുക. അങ്ങിനെ ചെയ്താല്‍ നിങ്ങളെ കണ്ടെത്താനും നിങ്ങള്‍ക്ക് വേണ്ട സഹായമെത്തിക്കാനും കഴിയും. നിങ്ങള്‍ ഈ സാഹചര്യത്തിലാണുള്ളതെങ്കില്‍ ഏറെ ആശ്വസിക്കാനും സഹായമെത്തുമെന്ന പ്രതീക്ഷയില്‍ സമാധാനിക്കാനും കഴിയും.





ആരെങ്കിലും മരിച്ചാല്‍



8. ഇനി ഏറ്റവും ദു:ഖകരമായ അവസ്ഥ വിവരിക്കാം. നിങ്ങള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയും അപകടത്തില്‍പ്പെട്ട് കൂട്ടത്തിലുള്ള ആരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യം. ഏറെ വൈകാരികവും തളര്‍ത്തുന്നതുമായ ഇത്തരം അവസ്ഥ നേരിടാന്‍ നിങ്ങള്‍ സജ്ജരായിരിക്കുകയില്ല. ഇവിടെയാണ് നിങ്ങള്‍ക്ക് എളുപ്പം അംഗീകരിക്കാന്‍ കഴിയാത്ത ഒരു നിര്‍ദേശം എനിക്ക് തരാനുള്ളത്. മരിച്ച ആള്‍ ഏറ്റവും വേണ്ടപ്പെട്ട ആളാണ്, ഇത് ജീവിതത്തിലൊരിക്കല്‍ മാത്രം നടക്കാനിടയുള്ള സംഭവമാണ്. എല്ലാം ശരിതന്നെ, പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളൊഴികെയുള്ള മറ്റെല്ലാവര്‍ക്കും (റെയില്‍വെ-ആസ്​പത്രി അധികൃതര്‍, പോലീസ് എന്നിവര്‍ക്കെല്ലാം) മരിച്ച ആള്‍ മറ്റൊരു മൃതദേഹം മാത്രമാണ്. അതുകൊണ്ട് അവര്‍ അതിനെ കൈകാര്യം ചെയ്യുക ചട്ടപ്രകാരം മാത്രമായിരിക്കും. നിങ്ങള്‍ കാണിക്കുന്ന അതേ ബഹുമാനവും അടിയന്തിരശ്രദ്ധയുമൊന്നും മറ്റുള്ളവര്‍ കാണിച്ചെന്നുവരില്ല.



9. 99 ശതമാനം സാഹചര്യത്തിലും മൃതദേഹം നിങ്ങള്‍ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകാനാണ് ആഗ്രഹിക്കുക. എന്തായാലും ആള്‍ മരിച്ചതോടെ എല്ലാത്തിനും അവസാനമായിരിക്കുകയാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യത്തിലേറെ ധൃതി കാണിക്കേണ്ടതില്ല. മതാചാരങ്ങളനുസരിച്ച് മൃതദേഹം വേഗം സംസ്‌കരിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ രാജ്യാന്തരതലത്തിലുള്ള യാത്രകള്‍ വര്‍ദ്ധിച്ചിട്ടുള്ള ഇക്കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാം. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം നടപടിക്രമങ്ങള്‍ കഴിഞ്ഞ് വിട്ടുകിട്ടാന്‍ മാസങ്ങളെടുക്കാറുണ്ട്. ഇത്തരം അവസ്ഥകളുമായി പൊരുത്തപ്പെടാന്‍ നമ്മുടെ സമൂഹവും ശീലിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ കേസില്‍ ഒന്നോ രണ്ടോ ദിവസത്തെ കാലതാമസമുണ്ടായാലും ബഹളം വെക്കേണ്ടതില്ല.



10. ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രായോഗികമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ എനിക്കറിയാം. പ്രത്യേകിച്ചും നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ കണ്‍മുന്നില്‍ വെച്ച് മരിക്കുമ്പോള്‍ ദു:ഖം നിങ്ങളെ കീഴ്‌പ്പെടുത്തുകയും കുറ്റബോധത്താല്‍ (യാത്ര ചെയ്യരുതായിരുന്നു, നേരത്തെത്തന്നെ വൈദ്യസഹായം നല്‍കേണ്ടതായിരുന്നു, ഏറ്റവും നല്ല വൈദ്യസഹായം നല്‍കാന്‍ കഴിഞ്ഞില്ല തുടങ്ങിയ ചിന്തകള്‍) നിങ്ങള്‍ നീറുകയും ചെയ്യുമ്പോള്‍. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്കൊറ്റയ്ക്ക് മൃതദേഹം നാട്ടിലേയ്ക്കയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിങ്ങള്‍ തളരുകയും നിരാശനാവുകയും ചെയ്തിട്ടുള്ളതിനാല്‍ പ്രജ്ഞ നശിക്കുകയും ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്യും. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഒരു ഡോക്ടറെയോ, അറ്റന്‍ഡറെയോ, റെയില്‍വെ ഉദ്യോഗസ്ഥനെയോ ആക്രമിച്ചതിന് നിങ്ങള്‍ക്കൊട്ടും പരിചയമില്ലാത്ത നഗരത്തില്‍ ഒരു പോലീസ് കേസ്സിലകപ്പെട്ടാല്‍ അത് ദുരന്തമാകും. നിങ്ങള്‍ ഏത് മൃതദേഹത്തിന് വേണ്ടിയാണോ ബഹളം വയ്ക്കുന്നത് അത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാകാം, എന്നാല്‍ മറ്റാര്‍ക്കും അത്തരം വികാരങ്ങളുണ്ടാകേണ്ടതില്ലെന്ന കാര്യം മറക്കരുത്.



11. അതുകൊണ്ട് ആള്‍ മരിച്ചെന്ന് ഉറപ്പായാല്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളുമായി മരിച്ചയാളുടെ ഉറ്റ ബന്ധുക്കള്‍ മുന്നോട്ട് പോകുന്നത് ഉചിതമായിരിക്കുകയില്ല. അതിനുപകരം നിങ്ങളുടെ സുഹൃത്തുക്കളെയോ മലയാളി സന്നദ്ധസംഘടനകളെയോ സമീപിക്കുക. ഇവരാരുമില്ലെങ്കില്‍ ഇതിനായി നാട്ടില്‍ നിന്ന് ആരെയെങ്കിലും വരുത്തുക. ഇതിന് രണ്ട് ദിവസത്തെ സമയം വേണ്ടിവന്നാല്‍ കൂടിയും അത് കാര്യമാക്കേണ്ടതില്ല. മരിച്ചയാള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുക. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാതിരിക്കുക.





തീവണ്ടിയിലെ കൊള്ളകള്‍



തീവണ്ടിയില്‍ ലഹരി ഉപയോഗിച്ച് ബോധം കെടുത്തുന്നത് ഒരു സുരക്ഷാപ്രശ്‌നമല്ല: കേരളത്തില്‍ ഇപ്പോള്‍ സഹയാത്രക്കാരന്‍ നല്‍കുന്ന ഭക്ഷണമോ പാനീയമോ കഴിച്ച് ബോധം കെട്ട് മോഷണത്തിന് ഇരയാകുന്ന വാര്‍ത്ത കേള്‍ക്കാതെ ഒരു മാസം പോലും കടന്നുപോകുന്നില്ല. എന്നിട്ടും ഇരകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് 'വിസ തട്ടിപ്പ്' പോലെയാണ്. നമ്മള്‍ ഇപ്പോഴും ഇത്തരം കഥകള്‍ കേട്ടിട്ടും ഇതില്‍ നിന്നൊന്നും പഠിക്കുന്നില്ല !



ആളുകള്‍ക്ക് ലഹരിമരുന്ന് നല്‍കി മോഷണം നടത്തുന്നതുപോലുള്ള കുറ്റകൃത്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പെടുന്നില്ല. എങ്കിലും അതിനെക്കുറിച്ചും ചിലതുപറയാനുണ്ട്. യാത്രക്കാര്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടിയേക്കാള്‍ കൂടുതലായി അധികൃതരും സംവിധാനവും ഒരുക്കേണ്ട സുരക്ഷാ നടപടിയിലുള്ള വീഴ്ച കൊണ്ടാണിത് സംഭവിക്കുന്നത് എന്നതുകൊണ്ടാണ് ഇതിനെക്കുറിച്ചും പരാമര്‍ശിക്കേണ്ടിവരുന്നത്. നമ്മള്‍ സ്വയം സ്വീകരിക്കേണ്ട സുരക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രശ്‌നവുമെന്ന് ജനങ്ങള്‍ കരുതുന്നു. എനിക്കാണെങ്കില്‍ നിങ്ങളോട് പങ്ക് വയ്ക്കാന്‍ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ട് താനും.


ലഹരി ഉപയോഗിച്ച് ആളുകളെ മയക്കുന്നത് കേരളത്തിന് പുതിയ അനുഭവമാണെങ്കിലും ഇന്ത്യന്‍ റെയില്‍വേയ്ക്കിത് പുത്തരിയല്ല. 1988ല്‍ കാണ്‍പൂര്‍ റെയില്‍വെസ്റ്റഷനില്‍ വെച്ച് ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ സ്വീകരിക്കുന്നതിനിടയില്‍ മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ബലിഷ്ഠനായ ഒരു കരസേനാ ഉദ്യോഗസ്ഥനെ ഉന്തി പുറത്താക്കുന്നത് കാണാനിടയായി. അദ്ദേഹം നടക്കാന്‍ കഴിയാതെ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. പട്ടാള യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈവശം മറ്റ് സാധനങ്ങളോ പെട്ടികളോ ഒന്നുമുണ്ടായിരുന്നില്ല. അയാളെ തീവണ്ടിയില്‍ നിന്ന ഇറക്കാന്‍ ശ്രമിക്കുകയായിരുന്ന കൂടെയുള്ള യാത്രക്കാര്‍ അയാള്‍ക്ക് ലഹരി നല്‍കി കൊള്ളയടിക്കപ്പെട്ടു എന്ന് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.




ഇതാദ്യമായിട്ടായിരുന്നു ഞാന്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ ഏതെങ്കിലും തീവണ്ടിയില്‍ വെച്ച് നിങ്ങള്‍ ലഹരിയ്ക്ക് അടിപ്പെട്ടാല്‍ മരിക്കാന്‍ എളുപ്പമാണ്. കാരണം നിങ്ങളെ ശ്രദ്ധിക്കാനോ മറ്റോ യാതൊരു സംവിധാനവുമില്ല. നിങ്ങള്‍ക്കൊപ്പം ആരുമില്ലെങ്കില്‍ കൂടി, യാത്രക്കാരില്‍ ഏറെപ്പേരൊന്നും അവരുടെ യാത്ര മുടക്കി നിങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കില്ല.



എന്നാല്‍ ഞാന്‍ സാക്ഷിയായ സംഭവത്തില്‍ പട്ടാളക്കാരന്റേത് ശുഭപര്യവസാനമായിരുന്നു. വടക്കേ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലും MOC (Movement Control Office) എന്ന പേരില്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന പട്ടാളക്കാരെ സഹായിക്കാനായി ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ ആ പട്ടാളക്കാരനെ എം.ഒ.സിയില്‍ എത്തിക്കുകയും അവിടെയുള്ളവര്‍ അയാളുടെ യൂണിഫോമിലുള്ള ബാഡ്ജ് കണ്ടയുടന്‍ ഏത് സേനയിലുള്ളയാളാണെന്ന് ഉടന്‍ തിരിച്ചറിഞ്ഞ് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ആ പട്ടാളക്കാരന്‍ ഭാഗ്യവാനായിരുന്നു.



എന്നാല്‍ എല്ലാവരും ഇതുപോലെ ഭാഗ്യവാന്‍മാരല്ല. മിക്കവാറും പേര്‍ക്ക് കയ്യിലുള്ള വിലപ്പെട്ടതെല്ലാം നഷ്ടപ്പെടും എന്നുമാത്രമല്ല അവര്‍ ലഹരിയ്ക്ക് അടിപ്പെടുകയും ചെയ്യും. അവരുടെ സിരാ സംവിധാനം തകരുകയും ചിലപ്പോഴെങ്കിലും തീവണ്ടിയില്‍ നിന്ന് വീണ് മരിക്കുകയും ചെയ്യും.



വടക്കേ ഇന്ത്യയിലെ മോഷണങ്ങളുടെ ചരിത്രത്തില്‍ ഒരിക്കല്‍ എനിക്ക് താല്പര്യം ജനിച്ചു(വില്യം ഡാര്‍ലിംപിളിന്റെ 'ദ ലാസ്റ്റ് മുഗള്‍' എന്ന പുസ്തകം വായിച്ചതിന് ശേഷം). മോഷ്ടാക്കളുടെ വ്യത്യസ്തമായ വഴികള്‍ ഞാന്‍ കേട്ടറിഞ്ഞു. ഇത് അമ്പരപ്പിക്കുന്ന വിഷയമാണ്. യഥാര്‍ത്ഥത്തില്‍ മോഷണത്തിനും കാട്ടുകൊള്ളയ്ക്കും നൂറ് കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ റെയില്‍വെ ഉണ്ടാകുന്നതിനും മുമ്പ് തന്നെ ആളുകളെ ലഹരി കൊടുത്ത് മയക്കി മോഷണം നടത്തുന്ന പതിവുണ്ടായിരുന്നു. ബനാറസിലേയ്ക്കും ഹരിദ്വാറിലേയ്ക്കും പോകുന്ന തീര്‍ത്ഥാടകരായിരുന്നു ഇവരുടെ ഇരകള്‍. മോഷ്ടാക്കള്‍ കുടുംബമായി ഈ തീര്‍ത്ഥാടകരോടൊപ്പം യാത്ര ചെയ്യുകയും പതിയെ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. ആ കാലത്ത് ബനാറസിലെത്താന്‍ ആഴ്ചകളോളം നടക്കേണ്ടിയിരുന്നതിനാല്‍ അവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. അങ്ങിനെ മോഷ്ടാക്കള്‍ കുട്ടികളടക്കമുള്ള കുടുംബത്തോടൊപ്പം ഇരകളെ ദിവസങ്ങളോളം വേട്ടയാടുന്നു. ഈ പ്രക്രിയയ്ക്കിടെ മോഷ്ടാക്കള്‍ തീര്‍ത്ഥാടകരുടെ വിശ്വാസം സമ്പാദിക്കുന്നു. അതിനുശേഷം കിട്ടുന്ന തക്കത്തിന് ഇവര്‍ തീര്‍ത്ഥാടകരുടെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുകയും അവരുടെ കൈവശമുള്ള എല്ലാം തട്ടിയെടുത്ത് അപ്രത്യക്ഷരാവുകയും ചെയ്യും. ആ കാലത്ത് ഇലകളും കായകളും ഉപയോഗിച്ചുണ്ടാക്കിയ ലഹരിമരുന്നുകളാണ് ഉപയോഗിച്ചിരുന്നത്. മാരകമായ ഒന്നും ഇതിലുണ്ടായിരുന്നില്ല.



ഞാന്‍ പറഞ്ഞുവന്നത് മയക്കിയുള്ള മോഷണം വടക്കേ ഇന്ത്യന്‍ റെയില്‍വെയെ സംബന്ധിച്ച് പുതിയ കാര്യമല്ല എന്നാണ്. എന്തായാലും കേരളത്തെ സംബന്ധിച്ച് ഇത് പുതിയ അനുഭവമാണെന്ന് തോന്നുന്നു. മിക്കപ്പോഴും മോഷ്ടാക്കള്‍ അലോപ്പതി മരുന്നാണ് ലഹരിയായി ഉപയോഗിക്കുന്നതെന്ന് ആശങ്കയുളവാക്കുന്നു. എത്രയും പെട്ടെന്ന് ഇരയെ ബോധം കെടുത്തുകയാണ് ലക്ഷ്യമെന്നതിനാല്‍ ഇവര്‍ മരുന്നിന്റെ കൂടുതല്‍ ഡോസ് ഉപയോഗിക്കുന്നു. ഇതാണ് പലപ്പോഴും ദുരന്തമാകുന്നത്. അതുകൊണ്ട് അപകടം കൂടുതലാണ്.



എപ്പോഴും ഒരു ഇരയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകളെടുക്കുക എന്നതല്ലാതെ വേറെ പ്രത്യേകിച്ച് പരിഹാരമൊന്നും ഇതിനില്ല. ഇത് ദീര്‍ഘദൂര തീവണ്ടി യാത്രയുടെ സ്വാഭാവിക രസം നഷ്ടപ്പെടുത്തുന്നു. പുതിയ ആളുകളെ പരിചയപ്പെടുന്നതും അവരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും ഭക്ഷണം പങ്കിടുന്നതുമൊക്കെയാണ് തീവണ്ടി യാത്രയുടെ സാംസ്‌കാരിക അനുഭവമെന്നിരിക്കെ പുതിയ സാഹചര്യം ആളുകളെ ഇതില്‍ നിന്ന് വിലക്കുന്നു. ഏതായാലും പരസ്​പരം സംസാരിക്കുന്നതിനപ്പുറം ഭക്ഷണമോ പാനീയങ്ങളോ പങ്കുവയ്ക്കാതിരിക്കുന്നതാണ് നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഉത്തമം. നിങ്ങള്‍ക്കുവേണ്ടി മറ്റുള്ളവര്‍ ഭക്ഷണം വാങ്ങുന്നതിനും അനുവദിക്കരുത്.



താഹിര്‍ ഷായുടെ 'A sorcerers Apprentice' എന്ന പ്രസിദ്ധമായ പുസ്തത്തില്‍ മോഷണത്തെക്കുറിച്ച പറയുന്ന കൗതുകമായ ഒരു കഥ പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം.



അഫ്ഗാന്‍ രാജാവിന്റെ പേരക്കുട്ടിയായ ഇതിലെ നായകന്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് വടക്കേ ഇന്ത്യയില്‍ തീവണ്ടിയില്‍ മോഷണം നടത്തുന്നവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വായിച്ചയാളാണ്. അയാള്‍ അലിഗഡില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് പാസ്‌പോര്‍ട്ട് അടക്കം തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി തീവണ്ടിയിലെ സീറ്റിനോട് ചേര്‍ത്ത് ബന്ധിപ്പിച്ചു. താനൊരു സമ്പന്നനാണെന്ന് കരുതാതിരിക്കാന്‍ അയാള്‍ സാധാരണ ഇന്ത്യന്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. അന്ന് വൈകീട്ട് നവ ദമ്പതികളായ രണ്ട് പേര്‍ അയാളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കയറുകയും അയാളുടെ സീറ്റിന് മറുവശത്തായി ഇരിക്കുകയും ചെയ്തു. പെണ്‍കുട്ടി സര്‍വാഭരണ വിഭൂഷിതനായിരുന്നു. ചെറുപ്പക്കാരനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കനാണെന്ന് തോന്നും. അപ്പോള്‍ കഥയിലെ നായകന്‍ അവരോട് മോഷണത്തിന്റെ സാധ്യതകളെക്കുരിച്ച് വശിദീകരിച്ചു. ഇത് കേട്ട് അവര്‍ പരിഭ്രാന്തരായി. ഈ കാര്യങ്ങളെല്ലാം തങ്ങളെ ധരിപ്പിച്ച നായകനോട് അവര്‍ നന്ദി പറഞ്ഞു. പെണ്‍കുട്ടി തന്റെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത് കയ്യിലുള്ള ബാഗല്‍ സൂക്ഷിക്കുകയും നായകനൊപ്പം അവരും ജാഗരൂകരായി ഇരിക്കുകയും ചെയ്തു.



സമയം സന്ധ്യയായി. ചെറുപ്പക്കാരന്‍ നായകനോട് തങ്ങള്‍ അല്പം മയങ്ങുകയാണെന്നും ആഭരണങ്ങളടങ്ങുന്ന ബാഗടക്കമുള്ള തങ്ങളുടെ സാധനങ്ങള്‍ ഒന്ന് ശ്രദ്ധിക്കാമൊയെന്ന് ചോദിച്ചു. കള്ളന്‍മാരെ ഒഴിവാക്കാന്‍ ഉറക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ച നായകന്‍ അവരോട് സമ്മതം മൂളി. ആഭരണങ്ങളുള്ള ബാഗ് അവര്‍ നായകനെ ഏല്പിച്ച് ദമ്പതികള്‍ ഉറങ്ങാന്‍ പോയി. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ ഉണരുകയും ഇനി കുറച്ച് നായകനോട് വിശ്രമിച്ചോളാന്‍ പറയുകയും സാധനങ്ങള്‍ക്ക് അയാള്‍ കാവലിരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് സമ്മതം മൂളിയ നായകന്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആ ദമ്പതികളെയോ അയാളുടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങുന്ന ബാഗുകളോ പാസ്‌പോര്‍ട്ടോ കാണാനായില്ല. അവ ആ ദമ്പതികള്‍ മോഷ്ടിച്ചിരുന്നു!



സൂത്രശാലിയായ ഒരാള്‍ എപ്പോഴാണ് എങ്ങനെയാണ് നിങ്ങളുടെ വിശ്വാസം നേടുകയെന്ന് ഒരിക്കലും പറയാനാകില്ല. യു.എന്നില്‍ ജോലി ചെയ്യുന്ന ഒരു രക്ഷാപ്രവര്‍ത്തകന്‍ പോലും നല്ലൊരു മോഷ്ടാവിനൊപ്പം വരില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു ! സദാ ജാഗരൂകരാവുക എന്നത് മാത്രമാണ് നിങ്ങളുടെ രക്ഷയ്ക്കുള്ള ഏക പോംവഴി.



സുരക്ഷിതരായിരിക്കുക.





(അടിയന്തര രക്ഷാപ്രവര്‍ത്തന വിദഗ്ദ്ധനാണ് മുരളി തുമ്മാരുകുടി. പതിനഞ്ചുവര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെയും വ്യവസായ രംഗത്തെയും രക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അപകടനിവാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ മറ്റുലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം. www.muraleethummarukudy.com)

Followers