സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 10, 2010

ആറ്റിലേക്ക് എടുത്തുചാടും മുമ്പ്.....

മുരളി തുമ്മാരുകുടി.

ഞാന്‍ ബ്രൂണെയില്‍ ജോലി ചെയ്യുമ്പോള്‍ എല്ലാ ഓഫീസിലും വലിയൊരു പുസ്തകമുണ്ടാകും. 'നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വമുള്ള ആള്‍ ആരെന്ന് അറിയാന്‍ ഇത് തുറന്ന് നോക്കുക' എന്ന് ആ പുസ്തകത്തിന് പുറത്ത് എഴുതിയിട്ടുണ്ടാകും. പുസ്തകം തുറക്കുമ്പോള്‍ കാണുക ഒരു കണ്ണാടിയാണ്! അതില്‍ നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ആളുടെ മുഖം നിങ്ങള്‍ക്ക് കാണാം. വേറാരുമല്ല നിങ്ങള്‍ തന്നെ! ആത്യന്തികമായി നമ്മുടെ സുരക്ഷിതത്വം നമ്മുടെ കയ്യില്‍ത്തന്നെയാണ്. വ്യക്തികളെന്ന നിലയില്‍ നമ്മുക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി വഴികളുണ്ട്.




ഇതിന്റെ അര്‍ത്ഥം സാഹചര്യങ്ങളില്‍ പുരോഗതി വേണ്ടെന്നോ സര്‍ക്കാര്‍ ഇടപെടേണ്ടെന്നോ അല്ല. അതെല്ലാം ഒരു വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ബോട്ട് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം കൂടുതല്‍ മെച്ചപ്പെടുകയോ ബോട്ട് നിര്‍മിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്‌തേയ്ക്കാം. എന്നാല്‍ അടുത്തയാഴ്ച ഒരു ബോട്ട് സവാരിയ്ക്ക് പോകുമ്പോഴേയ്ക്കും അതൊന്നും നടപ്പിലാകില്ല. എന്റെ നിര്‍ദേശങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരാത്തവയാണ്. മെച്ചപ്പെട്ട സാഹചര്യങ്ങളിലും ഈ നിര്‍ദേശങ്ങള്‍ ആരെയും ഉപദ്രവിക്കാത്തവയുമാണ്.



ഈ ലേഖനത്തില്‍ ഞാന്‍ പറയാനുദ്ദേശിക്കുന്നത് ജലാശയങ്ങളിലെ സുരക്ഷയെക്കുറിച്ചാണ്. ഓരോ വര്‍ഷവും എത്ര പേര്‍ കേരളത്തില്‍ മുങ്ങിമരിക്കുന്നു എന്നതിന്റെ സംഖ്യയൊന്നും എന്റെ കയ്യിലില്ല. എന്നാല്‍ ഓരോ ദിവസവും മുങ്ങിമരിക്കുന്ന ചെറുപ്പക്കാരും വൃദ്ധരുമായ ആളുകളെക്കുറിച്ച് പത്രത്തില്‍ വായിക്കാറുണ്ടെന്ന് മാത്രം. തേക്കടിയില്‍ 45 പേര്‍ മുങ്ങിമരിച്ചതുപോലെയോ ഒരു കുട്ടി സ്വന്തം വീട്ടിലെ ബക്കറ്റില്‍ മുങ്ങിമരിക്കുന്നതുപോലെയോത്തന്നെ നാടകീയമായിരിക്കും ഇതും. മുങ്ങിമരണങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകാറുണ്ടെങ്കിലും മഴക്കാലത്ത് അത്തരം മരണങ്ങള്‍ കൂടുതലായാണ് കണ്ടുവരുന്നത്. ഇതിന് പ്രത്യേക ചില കാരണങ്ങളുണ്ട്.



മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ജലം പൊതുവെ വളരെ സുരക്ഷിതമായ മാധ്യമമാണ്. ജലം സുരക്ഷിതമാണെന്ന് പറയാന്‍ കാരണം, എത്ര നേരം നിങ്ങള്‍ പൊന്തിക്കിടക്കുന്നുവോ അത്രയും നേരം നിങ്ങള്‍ മരിക്കില്ല എന്നതുകൊണ്ടാണ് (തീയുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി!). ജലത്തില്‍ നിര്‍വചിക്കപ്പെട്ട ദേശീയപാതകളില്ലാത്തത് ഇവിടം സുരക്ഷിതമാക്കുന്നു. രണ്ട് ബോട്ടുകള്‍തമ്മില്‍ കൂട്ടിയിടിച്ചു എന്ന് കേള്‍ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും. എന്നാലും റോഡപകടങ്ങളുടെ ഏഴയലത്തുപോലും ഇത് വരില്ല.



എന്നിട്ടും വര്‍ഷം തോറും നൂറ് കണക്കിന് ആളുകളാണ് വെള്ളത്തില്‍പ്പെട്ട് മരിക്കുന്നത്. കടലില്‍, പുഴകളില്‍, കനാലുകളില്‍, കുളത്തില്‍, കിണറ്റില്‍, അരുവികളില്‍, നീന്തല്‍ക്കുളത്തില്‍... പിന്നെ വളരെ അപൂര്‍വമായി വീട്ടിലെ ബക്കറ്റുകളിലുമാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നത്. നമ്മള്‍ തെല്ലൊന്ന് ശ്രദ്ധിച്ചാല്‍ മാത്രം ഈ മരണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാവുന്നവയാണ്.



കഴിഞ്ഞ മാസം പുനലൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം, വിദ്യാര്‍ത്ഥികള്‍ കുളിക്കുമ്പോള്‍ അതിലൊരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇത് കണ്ട് ചില സുഹൃത്തുക്കള്‍ അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും നാല് പേര്‍ മരിക്കുകയുമാണുണ്ടായത്. ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയാകട്ടെ ഒരു മരക്കൊമ്പില്‍ പിടിച്ചുതൂങ്ങി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം ഒരു ചോദ്യം ഉയര്‍ത്തുന്നു 'മുങ്ങിക്കൊണ്ടിരിക്കുന്ന സുഹൃത്തിനെ നിങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കാമോ?' ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യത്തിനുത്തരം എളുപ്പമാണ്. തീര്‍ച്ചയായും നിങ്ങള്‍ ശ്രമിക്കണം എന്നതാണത്. എന്നാല്‍ സുരക്ഷാ വിദഗ്ധരുടെ കണ്ണുകളിലൂടെ നോക്കിയാല്‍ ഇതിന് നേരിയ വ്യത്യാസമുള്ള ഒരുത്തരമാണ് ലഭിക്കുക. ഈ ഉത്തരം വ്യക്തമാക്കാം.



1996 ല്‍ എന്റെ സുഹൃത്ത് ബാബു ബ്രൂണെയില്‍ എന്നെ കാണാനെത്തി. ഞങ്ങളൊരുമിച്ച് 'ലാബി' എന്ന വിനോദസഞ്ചാരകേന്ദ്രത്തിലേയ്ക്ക് യാത്ര പോയി. ഇവിടെയുള്ള പ്രകൃതിമനോഹരമായ ഒരു സ്ഥലത്തെത്താന്‍ ഞങ്ങള്‍ക്ക് ഒരു അരുവി മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. നിരവധി പേര്‍ അവിടെ അവധിക്കാലം ചെലവഴിക്കാനെത്തിയിരുന്നു. ഈ അരുവി മുറിച്ചുകടന്ന് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നടുക്കുകയായിരുന്നു. അപ്പോള്‍ അപ്രതീക്ഷിതമായി ഒരു വെള്ളപ്പൊക്കമുണ്ടായി.



അപ്പോള്‍ കുറച്ച് ഇന്ത്യക്കാര്‍ അരുവി മുറിച്ചുകടക്കുകയായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്നു കുറച്ച് പേര്‍ അരുവിയുടെ ഒരറ്റത്തും മറ്റ് ചിലര്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തുമെത്തിയിരുന്നു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയന്ന് ഇരുകൂട്ടരും നിലവിളിച്ചു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ബാബു അപ്പോള്‍ അരുവി നീന്തിക്കടന്ന് അവരെ രക്ഷിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ ഞാന്‍ അയാളെ അതില്‍ നിന്ന് വിലക്കി. ഇതില്‍ ബാബു വല്ലാതെ ദേഷ്യപ്പെട്ടു.



'അതെല്ലാം ഇന്ത്യക്കാരാണ്, സ്ത്രീകളെല്ലാം നിലവിളിക്കുന്നു' ബാബു പറഞ്ഞു. 'അവരിലാരും അപകടത്തിലല്ല' ഞാന്‍ പറഞ്ഞു. 'അവര്‍ക്ക് ഒരു പക്ഷേ ഒരു മണിക്കൂറോ ചിലപ്പോള്‍ ഒരു ദിവസമോ കാത്തിരിക്കേണ്ടിവന്നേയ്ക്കാം. അപ്പോഴേയ്ക്കും വെള്ളം താഴുകതന്നെ ചെയ്യും. വേണമെങ്കില്‍ നമ്മുക്ക് വിദ്ഗധരെ സമീപിക്കുകയും ചെയ്യാം. ആരുടെയും ജീവന്‍ അപകടത്തിലല്ലെന്നിരിക്കെ നിങ്ങള്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നത് മണ്ടത്തരമാണ്'. ബാബു പൂര്‍ണമായും സംതൃപതനായില്ലെങ്കിലും അയാള്‍ എന്നെ അനുസരിക്കാന്‍ തയ്യാറായി. ഞങ്ങള്‍ തിരിച്ചുപോരവെ ഫയര്‍ സര്‍വീസിനെ അറിയിച്ചു. ആര്‍ക്കും ഒരു പോറലുപോലുമുണ്ടായില്ല. എല്ലാവരും രക്ഷപ്പെട്ടു. ഈ സംഭവത്തില്‍ കാര്യം വളരെ വ്യക്തമായിരുന്നു. ആരും അപകടത്തിലായിരുന്നില്ലെന്ന് മാത്രമല്ല, ഞങ്ങള്‍ക്ക് വേണ്ടുവോളം സമയവുമുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും ഇതുപോലെയായിരിക്കില്ല സംഭവിക്കുക.



നമുക്ക് പുനലൂര്‍ സംഭവത്തിലേയ്ക്ക് തിരിച്ചുവരാം. ഇവിടെ ഒരാള്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി സുഹൃത്തിനെ രക്ഷിക്കുകയാണോ വേണ്ടത്? അതോ നിങ്ങള്‍ അനങ്ങാതെ സുഹൃത്ത് മുങ്ങുന്നത് നോക്കിനില്‍ക്കുകയും അയാളെ മരണത്തിന് വിട്ടുകൊടുക്കയുമാണോ വേണ്ടത്? ഇത്തരം അവസരങ്ങളില്‍ മിക്കപ്പോഴും വിദഗ്ധ സഹായത്തിന് കാത്തിരിക്കാനുള്ള സമയമുണ്ടാകാറില്ല (ലൈഫ് ഗാര്‍ഡുകളുള്ള ബീച്ചുകളോ നീന്തല്‍ക്കുളങ്ങളിലോ അല്ലെങ്കില്‍).



ഈ സാഹചര്യത്തില്‍ ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധു എന്ന നിലയില്‍ തീര്‍ച്ചയായും നിങ്ങളുടെ മനോധര്‍മതത്തിനനുസരിച്ച് പെരുമാറേണ്ടിവരും. ഒരുപക്ഷേ സുഹൃത്തിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്താല്‍ ബാക്കി ജീവിതം ജീവിച്ചുതീര്‍ക്കുന്നതിനേക്കാള്‍ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുങ്ങിമരിക്കാന്‍ നിങ്ങള്‍ തയ്യാറായേക്കും. എന്തായാലും ഒരു സുരക്ഷാ വിദഗ്ധനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് നിങ്ങള്‍ രക്ഷപ്പെടുമെന്ന് ഉറപ്പുവരുത്താതെ നിങ്ങളുടെ സുഹൃത്തിനെയോ, സഹോദരനെയോ, ബന്ധുവിനെയോ രക്ഷിക്കാനായി എടുത്തുചാടരുത് എന്നാണ്.



രക്ഷപ്പെടുമെന്ന് ഉറപ്പ് വരുത്തണമെന്ന് ഞാന്‍ ഉദ്ദേശിച്ചത് മറ്റൊരാളുടെ സഹായം ഉദ്ദേശിച്ചല്ല. അതായത് നിങ്ങള്‍ അപകടത്തിലാകുമ്പോള്‍ അയാള്‍ നിങ്ങളെ രക്ഷിക്കാന്‍ ചാടുകയും, വീണ്ടും അയാള്‍ അപകടത്തിലാകുമ്പോള്‍ രക്ഷിക്കാനായി മറെറാരാള്‍... ഇതല്ല ഞാന്‍ ഉദ്ദേശിച്ചത്. നിങ്ങളെ തീരവുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലുമൊന്നോ, ഒരു ലൈഫ് ജാക്കറ്റോ, പൊങ്ങിക്കിടക്കുന്ന ട്യൂബ് പോലെയുള്ളതോ അല്ലെങ്കില്‍ ഒരു ബോട്ടോ ആണ് നിങ്ങള്‍ക്ക് സഹായമായി ഉണ്ടാകേണ്ടത്.



ഇതൊന്നുമില്ലാതെ ഒരാളെ രക്ഷിക്കാന്‍ നിങ്ങള്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ മറ്റ് ഉപയോഗമൊന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് നീന്താനറിയാം എന്ന യാഥാര്‍ത്ഥ്യം തീര്‍ച്ചയായും നിങ്ങളുടെയും സുഹൃത്തിന്റെയും രക്ഷപ്പെടാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരു കാര്യം ഓര്‍ക്കുക. നിങ്ങളും നിങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആളും ഭയാനകമായ ഒരു അന്തരീക്ഷത്തില്‍ വ്യത്യസ്തമായാണ് പ്രതികരിക്കുക.



ഒരു പന്തയത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് ഒരാളെ പുറത്തേറ്റി മണിമലയാര്‍ നീന്തികടക്കാമെങ്കിലും അതേ മനുഷ്യനെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആറിന്റെ ഒത്ത നടുക്കില്‍ നിന്ന് രക്ഷപ്പെടുത്താമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇതെല്ലാം മനസ്സിലാക്കുന്ന ഒരു ഭേദപ്പെട്ട സുഹൃത്ത് ആണ് നിങ്ങളെങ്കില്‍ ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുവരുത്തും. കാറ്റ് നിറച്ച് ഒരു ടയറുമായി ബന്ധിച്ച ഒരു നീളന്‍ കയറില്‍ നിങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞാല്‍ ഈ കേരളത്തിലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയും.



നിര്‍ഭാഗ്യവശാല്‍ ഇതല്ല നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. സത്യത്തില്‍ ഇതിന് വിപരീതമാണ് നാം ചെയ്യുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ ധീരരായ കുട്ടികളെ നാം ആദരിക്കുകയും പുരസ്‌കാരം നല്‍കാറുമുണ്ട്. അസാധാരണമായ ധൈര്യത്തോടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച കുട്ടികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരുന്നു! അവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും. അതിന് ശേഷം അവരെ ആനപ്പുറത്തേറ്റി റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി ഡല്‍ഹിയിലെ തെരുവുകളിലൂടെ പരേഡ് നടത്തും. സ്വാഭാവികമായും ഇത് ആ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ബഹുമതിയാണ്.



ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഇതിനായി അഞ്ച് കുട്ടികളെ തിരഞ്ഞെടുത്തിരുന്നു. ഇവരെല്ലാവരും തന്നെ വെള്ളത്തില്‍ മുങ്ങിയവരെ രക്ഷപ്പെടുത്തിയവരാണ്. ഈ കുട്ടികള്‍ക്ക് അവരെ രക്ഷപ്പെടുത്താനായി എന്തെങ്കിലും പ്രത്യേക സഹായങ്ങള്‍ ലഭിച്ചിരുന്നോ? അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. കാരണം അങ്ങിനെ വല്ല സഹായവുമുണ്ടായിരുന്നെങ്കില്‍ ഇത് അത്തരമൊരു ധീരകൃത്യമാകുമായിരുന്നില്ല. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്ലാഘനീയമാണെങ്കിലും ഈ കുട്ടികളെ ഹീറോകളാക്കുന്നത് തെറ്റായ ഒരു സന്ദേശമാണ് നല്‍കുന്നത്.



ഡല്‍ഹിയിലെ ആനപ്പുറത്തിരിക്കാന്‍ അവസരം ലഭിച്ച കേരളത്തിലെ ഓരോ കുട്ടിയ്ക്കും ബദലായി ചുരുങ്ങിയത് രണ്ട് പേരെങ്കിലും മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച് മരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്ന കാര്യം എനിക്കുറപ്പാണ്. ഇതിന്റെ കൃത്യം കണക്കുകളൊന്നും എന്റെ കയ്യിലില്ലെങ്കിലും. ഡല്‍ഹിയില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം വാങ്ങുന്ന തങ്ങളുടെ കുട്ടികളെ കണ്ട് ചില കുടുംബങ്ങള്‍ അഭിമാനപൂരിതരാകുമ്പോള്‍ അതിലും കൂടുതല്‍ കുടുംബങ്ങള്‍ മറ്റുള്ളവരെ രക്ഷിക്കാനായി ശ്രമിച്ച മരിച്ച ഉറ്റവരെയോര്‍ത്ത് ദു:ഖിക്കുന്നുണ്ടാകും. നാം ഒരിക്കലും അവരുടെ കഥകള്‍ക്ക് ചെവി കൊടുക്കാറില്ല.



മറ്റ് സഹായങ്ങളൊന്നുമില്ലാതെ വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല എന്ന ഉപദേശം മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാനുള്ളത്. അങ്ങിനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പകരം രണ്ട് പേരുടെ ജീവനാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്. ഈ ഉപദേശം പിന്തുടരുകയാണെങ്കില്‍, വ്യക്തിപരമായി ചിലരെയൊക്കെ രക്ഷിക്കാമായിരുന്ന സാഹചര്യങ്ങളുണ്ടാകാമെങ്കിലും കൂടുതല്‍ പേരെ ജീവനോടെ നിലനിര്‍ത്താന്‍ കഴിയും.



നിങ്ങളുടെ കുട്ടികള്‍ക്ക് രക്ഷാകവചമാവുക: മരിക്കുകയോ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നവരോ ആയ കുട്ടികളെക്കുറിച്ചല്ലാതെ കൂടുതല്‍ വാര്‍ത്തകള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സംഭവങ്ങള്‍ പെട്ടെന്ന് മനസ്സിലേയ്ക്ക് വരുന്നു. എറണാകുളത്ത് അറുപത് വയസ്സിലധികം പ്രായമുള്ള ഒരു സ്ത്രീയ്ക്ക് ജനിച്ച കുട്ടി വീട്ടിലെ ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ മുങ്ങിമരിച്ച സംഭവമാണ് ഇതിലൊന്ന്. മുത്തച്ഛന്‍ ഇരട്ടക്കുട്ടികളായ പേരക്കുട്ടികള്‍ക്കൊപ്പം സായാഹ്നയാത്രയ്ക്കിറങ്ങിയപ്പോള്‍ പരിചയമുള്ളവരെ കണ്ട് സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ കുട്ടികള്‍ അടുത്തുള്ള കനാലില്‍ കളിക്കാനിറങ്ങുകയും ഒലിച്ചുപോവുകയും ചെയ്ത് സംഭവമാണ് മറ്റൊന്ന്(കൃത്യമായ വാര്‍ത്തകള്‍ ഇങ്ങിനെതന്നെയാകണമെന്നില്ല, എന്റെ ഓര്‍മയില്‍ നിന്ന് എഴുതിയത് മാത്രമാണ്).



കുട്ടികളെ സംബന്ധിച്ചിടത്തോളം വെള്ളം വളരെ അപകടരമായ ഒന്നാണ്. തീ പോലെ കുറച്ച് ദൂരെ നിന്ന് തന്നെ അപകടസൂചനകളൊന്നും വെള്ളം തരുന്നില്ല. വെള്ളത്തില്‍ കളിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്നതും(ഉദാഹരണത്തിന് കുട്ടികള്‍ക്ക് മരത്തില്‍ കയറുക എളുപ്പമല്ല) കൂടുതല്‍ ആസ്വാദ്യകരമാണെന്നതും(മണ്ണില്‍ കളിക്കുന്നതിനെക്കാള്‍) ഇതിന്റെ ദുരന്തം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യാതൊരു ഭയവുമില്ലാതെ കുട്ടികള്‍ വെള്ളത്തിലിറങ്ങുകയും ദുരന്തത്തിലകപ്പെടുകയും ചെയ്യുന്നു.



അതുകൊണ്ടുതന്നെ കുട്ടികളെ വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയും അവയെ നേരിടാന്‍ നീന്തല്‍ പോലുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുകയും വേണം. വെള്ളത്തില്‍ വീണ് കുട്ടികള്‍ വീണ് മരിക്കുന്നതിന് പ്രധാനകാരണം രക്ഷിതാക്കളുടെ അശ്രദ്ധയാണ്.



ഇത് ക്ഷമയര്‍ഹിക്കാത്ത കുറ്റമാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇപ്പോള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത് ഏറെ പ്രയോജനകരമായ ഒന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി നീന്തല്‍ പരിശീലിക്കുമ്പോള്‍ അതോടൊപ്പം ശരിയായ സുരക്ഷാനിയമങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. 'ഹീറോകള്‍ ചെറുപ്പത്തില്‍ മരിക്കുന്നു' എന്ന് യു.കെയില്‍ സുരക്ഷാ വിദഗ്ധരെ ബോധ്യപ്പെടുത്താറുണ്ട്.



എണ്ണത്തില്‍ കാര്യമില്ല: ഒരുപറ്റം കൂട്ടുകാര്‍ ഒരുമിച്ച് വെള്ളത്തിറങ്ങിയ സാഹചര്യങ്ങളിലാണ് ചില മുങ്ങല്‍മരണങ്ങളുണ്ടായിട്ടുള്ളത്. വെള്ളത്തിലിറങ്ങിയും നീന്തിയും പരിചയമുള്ളവര്‍ അത് ആസ്വദിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ അപകടങ്ങള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. കൂടുതല്‍ പേരുണ്ടാകുമ്പോള്‍ നമ്മുക്ക് തെറ്റായ ഒരു സുരക്ഷാ ബോധമുണ്ടാവുകയും വ്യക്തിപരമായ അതിര്‍ത്തികള്‍ ലംഘിക്കാനിട വരികയും ചെയ്യും. ഇതാണ് ദുരന്തങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നത്. ചില നിസാര പൊടിക്കൈകള്‍ ചെയ്താല്‍ ഇത് തടയാന്‍ എളുപ്പമാണ്.



1. എപ്പോഴും വെള്ളത്തിലിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂട്ടായി ഒരാള്‍ കൂടിയുണ്ടാവണം. ഒരു ഗ്രൂപ്പ് ആയാണ് എത്തുന്നതെങ്കില്‍ ഈരണ്ട് പേരുടെ സംഘങ്ങളായി തിരിയുകയും ഒരാള്‍ മറ്റൊരാള്‍ക്ക് രക്ഷാകവചമായി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ആഴത്തിലുള്ള ജലാശയമാണെങ്കിലും അല്ലെങ്കിലും, ഒഴുക്കുള്ള വെള്ളമാണെങ്കിലും അല്ലെങ്കിലും ഇത് പാലിക്കാന്‍ തയ്യാറാകണം. ഇതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആരെങ്കിലും നിങ്ങളെ രക്ഷിക്കാനോ അല്ലെങ്കില്‍ നിങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ചുരുങ്ങിയത് സഹായത്തിനായി നിലവിളിക്കാനെങ്കിലും ഒരാളുണ്ടാകുമെന്ന് ഉറപ്പാക്കാം. പലപ്പോഴും ഒരു ഗ്രൂപ്പ് ആയി വെള്ളത്തിലിറങ്ങി തിരിച്ചുവരുമ്പോഴാണ് മനസ്സിലാക്കുക അവരിലൊരാളെ കാണാനില്ലെന്ന്. അതേസമയം രണ്ട് പേര്‍ ചേര്‍ന്നുള്ള സംഘമാകുമ്പോള്‍ ഈ അപകടം ഒഴിവാക്കാനാകും.



2. വെള്ളം നിങ്ങളുടെ മൂക്കിന് മുകളിലുണ്ടെങ്കില്‍ മാത്രമെ നിങ്ങള്‍ മുങ്ങുകയുള്ളൂ. ഒഴുക്കില്ലാത്ത വെള്ളത്തില്‍ (കുളമോ മറ്റ് ജലയാശയങ്ങളോ) ഈ പരിധിക്കുള്ളിലാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സുരക്ഷിതരാണ്. (എന്നാല്‍ നിങ്ങള്‍ അപസ്മാരമുള്ളവരായിരിക്കുകയോ, നിങ്ങളുടെ സ്വന്തം താല്പര്യപ്രകാരമല്ലാതെ വെള്ളത്തിലിറങ്ങുകയോ ചയ്തവരാണെങ്കില്‍ ഇത് ബാധകമല്ല). എന്റെ നാടായ വെങ്ങോലയില്‍ എന്റെ കുടുംബവീട്ടിലെ കുളം (കുട്ടിക്കാലത്ത് ഞാനെത്ര നീന്തിയിരിക്കുന്നു!) ആഴമില്ലാത്തതും എന്നും കുട്ടികളോട് ദയയുള്ളതായിരുന്നു. പെരുമ്പാവൂരില്‍ എന്റെ വീട്ടിലുണ്ടാക്കിയിരിക്കുന്ന(ഞാനും എന്റെ കുട്ടികളും നീന്തുന്ന) കുളവും ആഴമില്ലാത്തതാണ്. ഒരാള്‍ തലകുത്തിമറിഞ്ഞാല്‍ മാതമെ അതില്‍ മുങ്ങാന്‍ കഴിയുകയുള്ളൂ.



3. ആഴമുള്ളതോ നിങ്ങളുടെ മൂക്കിന് മുകളില്‍ വെള്ളമുള്ളതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുന്നെങ്കില്‍ വാട്ടര്‍ ട്യൂബുകളോ ലൈഫ് ജാക്കറ്റുകളോ ഉപയോഗിക്കണം. കാറ്റുനിറച്ച ടയറുകള്‍, പ്ലാസ്റ്റിക് ബോളുകള്‍, പൊങ്ങിക്കിടക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയൊന്നും പൂര്‍ണായും ആശ്രയിക്കാവുന്നവയല്ലെന്ന് ഓര്‍ക്കണം. ഇവയൊന്നും പൂര്‍ണമായും ഒരു സുരക്ഷാവസ്തുവായി കണക്കാനാവില്ല. എന്റെ ഒരു സുഹൃത്ത് വീട്ടിലെ കുളത്തില്‍ ഒരു പ്ലാസ്റ്റിക്ക് നാര് കൊണ്ട് ബന്ധിപ്പിച്ച തേങ്ങകള്‍ക്ക് മീതെ കിടന്ന് നീന്തുമ്പോള്‍ മുങ്ങിമരിച്ചത് ഈ സന്ദര്‍ഭത്തില്‍ ഓനോര്‍ക്കുന്നു.



അത്തരം വസ്തുക്കള്‍ നിങ്ങള്‍ക്ക് അനാവശ്യമായ ഒരു സുരക്ഷാബോധം നല്‍കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാം കൃത്യമായി സംഭവിച്ചാല്‍, പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും ഒരു വസ്തുവുമായി ബന്ധിപ്പിക്കപ്പെട്ട ഒരു കയര്‍ കൈയില്‍ക്കിട്ടുകയാണെങ്കില്‍ നിരവധി ജീവന്‍ രക്ഷാക്കാനാകും. ഇത് ചുരുങ്ങിയ ചിലവില്‍ സംഘടിപ്പിക്കാവുന്നതും എളുപ്പം കൈയില്‍കൊണ്ട് നടക്കാവുന്നതുമാണ്.(ഉദാഹരണത്തിന് എറണാകുളത്തുനിന്ന് പാനിയേലി വരെ ജലകേളികള്‍ക്കായി പോകുന്നവര്‍ക്ക് ഒപ്പം ഒരു കയറും കാറ്റ് നിറച്ച് ടയറും കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടാണ്ടികില്ല).



4. ലൈഫ് ജാക്കറ്റ് പോലെ സുരക്ഷാകവചമായി മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ പോലും പൂര്‍ണമായും പിഴവില്ലാത്തവയല്ല. ഇവ ഒരുപാട് ചെറുതാണെങ്കില്‍ നിങ്ങള്‍ക്ക് പൊങ്ങിക്കിടക്കാന്‍ കഴിയില്ല. അതേസമയം ഇത് വളരെ വലുതാണെങ്കില്‍ കുട്ടികള്‍ അതില്‍ നിന്ന് ഊര്‍ന്നുപോവുകയും ചെയ്യും. അതുകൊണ്ട് ഏത് സുരക്ഷാകവചമാണോ നിങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് അത് നന്നായി പരിശോധിക്കുക.



5. മദ്യപിച്ച് ഒരിക്കലും വെള്ളത്തിലിറങ്ങാതിരിക്കുക. മദ്യം നിങ്ങളുടെ നിരീക്ഷണപാടവം ദുര്‍ബലപ്പെടുത്തുകയും സാധാരണനിലയില്‍ ചെയ്യാത്ത മണ്ടത്തരങ്ങള്‍ ചെയ്യാന്‍ പ്രേരണയാവുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവങ്ങളില്‍ മിക്കതും മദ്യപിച്ചത് മൂലമാണ്.



6. നല്ല വെളിച്ചമുള്ള നീന്തല്‍ക്കുളങ്ങളിലൊഴികെ മറ്റൊരു ജലാശയത്തിലും രാത്രിനേരത്ത് ഇറങ്ങാതിരിക്കുക. ഇരുട്ട് നിങ്ങളുടെ സ്വാഭാവിക ചലനങ്ങളെ പരിമിതപ്പെടുത്തുകയും രക്ഷപ്പെടുത്തല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും എന്നതിനാലാണിത്. മധുവിധുകാലത്ത് ദമ്പതികള്‍ രാത്രിനേരത്ത് ഹോട്ടലുകളിലെ നീന്തല്‍ക്കുളങ്ങളില്‍ നീന്താന്‍ പോയത് അപകടമുണ്ടാക്കിയതായി അറിയാം. പ്രണയാതുരരായ ദമ്പതികള്‍ പൂര്‍ണനഗ്നരായി നീന്തല്‍ക്കുളത്തിലേയ്ക്ക് എടുത്തുചാടിയ ഒരു സംഭവവും ഓര്‍ക്കുന്നു. നീന്തല്‍ക്കുളം റിപ്പയര്‍ ചെയ്യുന്നതിനാല്‍ വെള്ളമുണ്ടായിരുന്നില്ല. അവര്‍ നേരെ വീണത് ടൈലുകളൊട്ടിച്ച നിലത്താണ്.



7. ഒരിക്കലും നിങ്ങള്‍ക്ക് കഴിയാത്ത റിസ്‌ക്കുകളെടുക്കാതിരിക്കുക. ഒരു ഗ്രൂപ്പിലാണെന്നതോ, നിങ്ങളോടൊപ്പം ഒരു ഒളിമ്പിക് നീന്തല്‍ ചാമ്പ്യനുണ്ടെന്നതോ നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല.



കടല്‍ വെറും ജലം മാത്രമല്ല!: കടലിലെ സുരക്ഷയെ രണ്ട് വിഭാഗങ്ങളിലായി തിരിക്കാം. (1)കടലിലെ കുളി (2)ബോട്ട് യാത്ര. ബീച്ചില്‍ കുളിക്കുമ്പോള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യമെന്തെന്നാല്‍ ആഴം അല്ല കടലിനെ നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. തിരകള്‍ പ്രവചനാതീതമാണ്. നിങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ ഒരു മിനുട്ട് മതി. തിര നിങ്ങളുടെ തലയ്ക്കുംമീതെ ആര്‍ത്തലച്ചുപോകും. തിരിച്ചുവരുന്ന തിരകള്‍ നിങ്ങളെയും വലിച്ച് കൊണ്ടുപോകും.



കാറ്റില്‍ നിങ്ങള്‍ പാറക്കെട്ടിലിടിക്കുകയോ ഒഴുകുന്ന വസ്തുക്കളിലിടിക്കുകയോ ചെയ്യാം. ഇതെല്ലാം പരിക്കിനോ മരണത്തിനോ വരെ കാരണമായേക്കാം. എന്നാല്‍ ബീച്ചിലെ നീന്തല്‍ ആസ്വാദ്യകരമാണ്. അതുകൊണ്ടുതന്നെ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലതാനും. നിങ്ങള്‍ പ്രത്യേകശ്രദ്ധ ചെലുത്തിയാല്‍ മതി. താഴെ പറയുന്ന ചെറിയ പൊടിക്കൈകള്‍ ഇതിന് നിങ്ങളെ സഹായിക്കും.



1. ലൈഫ് ഗാര്‍ഡുകളുള്ള ബീച്ചുകളില്‍ പോകാന്‍ പരമാവധി ശ്രദ്ധിക്കുക. ബീച്ചിലെത്തിയ ഉടന്‍ നിങ്ങള്‍ ലൈഫ് ഗാര്‍ഡിന്റെ കാബിനിലെത്തി അയാള്‍ ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പ് വരുത്തുകയും അയാളുടെ കൈവശം ലൈഫ് ലൈന്‍ പോലുള്ള സുരക്ഷാകവചങ്ങളുണ്ടെന്ന് പരിശോധിക്കുകയും വേണം. എപ്പോഴും ഇത് സാധ്യമാകണമെന്നില്ല.



2. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശങ്ങള്‍, അതായത് എവിടെ നീന്തണം, എങ്ങിനെ നീന്തണം എന്നിവയെല്ലാം പൂര്‍ണമായും പാലിക്കുക. നിങ്ങള്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് ബീച്ചിലെത്തിയതെന്നോ ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് നിങ്ങള്‍ ബീച്ചിലെത്തിയതെന്നുമുള്ള കാര്യങ്ങളൊന്നും ഇതിന് തടസ്സമാകരുത്. കാരണം ലൈഫ് ഗാര്‍ഡുകള്‍ക്കാണ് സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുക.



3. കടലില്‍ ആളുകളുടെ ശ്രദ്ധയെത്താത്ത, ഒറ്റപ്പെട്ടയിടങ്ങളില്‍ നീന്താതിരിക്കുക. ബീച്ചിലെ ഏതെങ്കിലും ഭാഗം ഒറ്റപ്പെട്ടതാണെങ്കില്‍ അതിന് കൃത്യമായ കാരണങ്ങളുണ്ടാകും.



4. കടലിലിറങ്ങുമ്പോള്‍ കൂടെ ഒരാള്‍ കൂടി നിര്‍ബന്ധമായും ഉണ്ടാകണം. അതുപോലെത്തന്നെ എല്ലാവരും കടലിലിറങ്ങുമ്പോള്‍ കരയില്‍ ഒരാളെങ്കിലും എല്ലാം കാണുംവിധം ഉണ്ടായിരിക്കണം. എന്തെങ്കിലും അപകടമുണ്ടെങ്കില്‍ എത്രയും നേരത്തെ വിവരമറിയിക്കാന്‍ ഇത് സഹായകമാകും(ഉദാ:ഉയര്‍ന്ന തിരമാലകള്‍, ബോട്ടുകള്‍ ലരേ.).



5. മദ്യപിച്ചോ രാത്രകാലങ്ങളിലോ കടലിലിറങ്ങാതിരിക്കുക. അങ്ങിനെ ചെയ്യുന്നതിലൂടെ അപകടസാധ്യത ഇരട്ടിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.



6. നിങ്ങള്‍ കുട്ടികളുമായാണ് ബീച്ചിലെത്തുന്നതെങ്കില്‍ മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് വെള്ളത്തിലിറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.



7. നിങ്ങള്‍ ക്ഷീണിക്കുകയോ വല്ലായ്മ തോന്നുകയോ ചെയ്താല്‍ ഉടല്‍ വെള്ളത്തില്‍ നിന്ന് കയറുക. ലൈഫ് ഗാര്‍ഡുകള്‍ ആവശ്യപ്പെട്ടാലും ഉടന്‍തന്നെ വെള്ളത്തില്‍ നിന്ന് കയറുക.



ടൈറ്റാനിക്കിനും നൂറ് വര്‍ഷത്തിന് ശേഷം: കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ ബോട്ടപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഓരോ ബോട്ടപകടങ്ങളിലും കൂട്ടമായാണ് ആളുകള്‍ മരിക്കുന്നത്(ഉദാഹരണത്തിന് തേക്കടി ദുരന്തത്തില്‍ 45 പേരാണ് ഒറ്റയടിയ്ക്ക് മരിച്ചത്). ചില സമയങ്ങളില്‍ മീന്‍പിടുത്തക്കാരാണെങ്കില്‍ മറ്റുചിലപ്പോള്‍ ബോട്ടില്‍ സഞ്ചരിക്കുന്ന കുട്ടികളാകാം.



ഒരു സുരക്ഷാ വിദഗ്ധനെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ടൈറ്റാനിക്ക് ദുരന്തമുണ്ടായി നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ബോട്ടപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നു എന്നത് വേദനാജനകമാണ്. അന്ന് കൂടുതല്‍ ലൈഫ് ബോട്ടുകളും മറ്റ് സുരക്ഷാ വസ്തുക്കളുമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പേരെ രക്ഷിക്കാമായിരുന്നുവെന്ന് അന്നേ തെളിഞ്ഞതാണ്. മരിച്ചവരില്‍ ഭൂരിഭാഗത്തിനും(വെള്ളത്തിനടിയില്‍ കുടുങ്ങിയവരൊഴികെ) ലൈഫ് ജാക്കറ്റുകളുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്നു. ടൈറ്റാനിക്ക് സംഭവത്തില്‍ ലൈഫ് ജാക്കറ്റുകള്‍ മാത്രം ആളുകള്‍ക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല.



കാരണം വെള്ളത്തിന്റെ തണുപ്പ് കാരണം ഹൈപ്പോതെര്‍മിയ എന്ന രോഗമുണ്ടാകാനും വെള്ളത്തില്‍ പൊങ്ങിക്കിടന്നാലും ഉടനടി രക്ഷപ്പെടുത്തിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാകേണ്ടതുണ്ട്. എന്നാല്‍ കേരളത്തിലെ കടലുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവിടങ്ങളില്‍ ഒരു രക്ഷാകവചമുണ്ടെങ്കില്‍ രണ്ട് ദിവസമോ അതില്‍ കൂടുതലോ നിങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാം. ആയതിനാല്‍ അപകടമുണ്ടാകുന്നത് രാത്രിയാണെങ്കിലും പിറ്റേന്ന് പകല്‍ നിങ്ങളെ രക്ഷപ്പെടുത്താനാകും.



എന്നിട്ടും കേരളത്തില്‍ പ്രൊഫഷണല്‍ ലൈഫ് ജാക്കറ്റുകള്‍ കാണുന്നത് അപൂര്‍വമാണ്. ആലുവാപ്പുഴയില്‍ ദിവസവും യാത്ര നടത്തുന്ന തോണികളിലോ കടലില്‍ ദിവസവും മീന്‍പ്പിടുത്തത്തിന് പോകുന്നവരിലോ ലൈഫ് ജാക്കറ്റുകളുണ്ടാകാറില്ല. 1980കളില്‍ ഞാന്‍ നാഷണല്‍ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യവേ ഒരു സര്‍വേയുടെ ഭാഗമായി പുഴകളില്‍ പോകേണ്ടിവന്നു. അന്ന് ഒരു ലൈഫ് ജാക്കറ്റ് വാങ്ങാനായി ഇന്ത്യ മുഴുവന്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.



ഇന്ത്യയിലെ ഏതാണ്ട് മുഴുവന്‍ പുഴകളിലും ലൈഫ് ജാക്കറ്റുകളില്ലാതെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു. ഗവേഷകര്‍ ഇപ്പോഴും കേരളത്തിലെ പുഴകളില്‍ യാത്ര ചെയ്യുന്നത് അവര്‍ക്ക് ലഭ്യമായ രക്ഷാകവചങ്ങള്‍ പോലും ഉപയോഗിക്കാതെയാണ്. സുരക്ഷിതമായി തങ്ങളുടെ ജോലി ചെയ്യാമെന്ന യാഥാര്‍ത്ഥ്യങ്ങള്‍ പോലും മനസ്സിലാക്കാതെ മനുഷ്യര്‍ ദിവസേന അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു.



നിങ്ങള്‍ ജീവിതത്തെ വിലമതിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാകമായ ഒരു ലൈഫ് ജാക്കറ്റില്ലാതെ ഒരിക്കലും പുഴകള്‍, തടാകങ്ങള്‍, കടല്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. ഡ്രവറുടെ കാബിനില്‍ പൂട്ടിവെച്ചിരിക്കുന്നതോ തീരത്ത് സുരക്ഷിതമായി വിശ്രമിക്കുന്നതോ ആയ ലൈഫ് ജാക്കറ്റുകള്‍ നിങ്ങളുടെ ജീവന്‍ ഉറപ്പുവരുത്തില്ല. അത് ഉപയോഗിക്കുക തന്നെ വേണം. നിങ്ങള്‍ വല്ലപ്പോഴുമുള്ള ഒരു യാത്രക്കാരനാണെങ്കില്‍(അതായത് മണപ്പുറത്തെത്തുന്ന ഒരു സന്ദര്‍ശകനോ സഞ്ചാരിയോ ആണെങ്കില്‍), നിങ്ങളുടെ ശരീരത്തിന് പാകമാകുന്ന ഒരു ലൈഫ് ജാക്കറ്റ് ലഭ്യമല്ലെങ്കില്‍ ഭേദം ബോട്ട് യാത്ര ഒഴിവാക്കുകയാണ്.



നിങ്ങള്‍ സ്ഥിരം ഒരു ജലഗാതഗതത്തിലൂടെ യാത്ര ചെയ്യുന്നവനാണെങ്കില്‍(അതായത് കുട്ടനാട് വാസിയോ അല്ലെങ്കില്‍ മീന്‍പ്പിടുത്തക്കാരനോ) സ്വന്തമായി ഒരു ലൈഫ് ജാക്കറ്റ് വാങ്ങുകയാണ് നല്ലത്. ഒരു നല്ല ലൈഫ് ജാക്കറ്റിന് ഒരു കുടയുടെ ഇരട്ടി വില മാത്രമെ വരികയുള്ളൂ. ഒരു കുട അപൂര്‍വമായി മാത്രമെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുകയുള്ളൂ. എന്നാല്‍ ഒരു മോശം ദിവസം ഒരു ലൈഫ് ജാക്കറ്റിന് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. തീര്‍ച്ചയായും ഒരു ലൈഫ് ജാക്കറ്റിന് നിങ്ങളുടെ ജീവനേക്കാള്‍ വില കുറവാണ്.



ജലദുരന്തങ്ങളുണ്ടാകുമ്പോള്‍ ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. പ്രൊഫഷണലായി റെസ്‌ക്യു, റിലീഫ്, റിക്കവറി എന്നീ മൂന്ന് ഘട്ടങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിക്കോ മരണമോ വരെ സംഭവിക്കാം.





ബോട്ടുകളോ മോട്ടാര്‍ വാഹനങ്ങളോ(കാര്‍, ബസ്, ട്രെയിന്‍) ജലത്തില്‍ മറിയുമ്പോഴുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് ഞാന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം അപകടമുണ്ടാകുമ്പോള്‍ തീരത്തുള്ള ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് കേരളത്തില്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഡസന്‍ കണക്കിന് ആളുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുകയും നൂറുകണക്കിന് ആളുകള്‍ തീരത്തെത്തിക്കുന്നവരെ ആസ്​പത്രിയിലാക്കാനും മറ്റും സഹായിക്കും. നൂറ് കണക്കിന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ശേഷം മാത്രമാണ് ഫയര്‍ സര്‍വീസുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്താറുള്ളത്. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേവിയിലെ പ്രൊഫണല്‍ മുങ്ങല്‍ വിദഗ്ധരെ വിളിച്ചുവരുത്താറുണ്ട്.



നിരവധി അപകടങ്ങള്‍ കണ്ടിട്ടുള്ളതിനാല്‍, പലപ്പോഴും അപകടത്തില്‍പ്പെട്ടവരോട് സംസാരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഈ സാമൂഹിക പ്രവര്‍ത്തനം സമ്മിശ്ര ഗുണമാണുണ്ടാക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം സാമൂഹികമായ രക്ഷാപ്രവര്‍ത്തനം മാത്രമാണ് വേഗത്തിലും ആശ്രയിക്കാവുന്നതുമായ രക്ഷാപ്രവര്‍ത്തനം. പ്രത്യേകിച്ചും ബോട്ടും മറ്റും മുങ്ങുമ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ പെട്ടെന്ന് മരിക്കുമെന്നതിനാല്‍ കൊച്ചിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തുന്നതുവരെയോ ഹെലികോപ്ടര്‍ എത്തുന്നതുവരെയോ കാത്തിരിക്കാനാവില്ല. തീരത്തുള്ള, നീന്തല്‍ അറിയുകയും രക്ഷപ്പെടുത്താന്‍ മനസ്സുള്ളതുമായ ഒരാളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ജീവന്‍.



ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാന്‍ പറഞ്ഞിരുന്നു, ആവശ്യമായ സജ്ജീകരണങ്ങളില്ലാതെ ഒരിക്കലും വെള്ളത്തിലേയ്ക്ക് എടുത്തുചാടരുതെന്ന്. ഇപ്പോള്‍ ഞാന്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ടി.വി ചാനലുകള്‍, പ്രദേശിക ചാനലുകള്‍ ഉള്‍പ്പടെയുള്ളവ വ്യാപകമായതോടെ ബോട്ടോ, ബസ്സോ മറിഞ്ഞ് മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ വന്നുതുടങ്ങി. പരിശീലനം ലഭിക്കാത്ത, വൈദഗ്ധ്യമില്ലാത്തവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേയ്ക്ക് എടുത്തുചാടുന്നത് നിങ്ങള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നു. നാട്ടുകാരുടെ ധീരകൃത്യങ്ങള്‍ വാര്‍ത്തകളായി വരുന്നു. കോട്ടയത്ത് ബസ്സ് ആറ്റിലേയ്ക്ക് മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ മരിച്ചതായുപോലും വാര്‍ത്തയുണ്ടായിരുന്നു.



തീരത്തുള്ള ഫയര്‍മാന്‍മാര്‍ വെള്ളത്തിലിറങ്ങാത്തതിനെക്കുറിച്ചും ഇതില്‍ നാട്ടുകാര്‍ രോഷാകുലരായതിനെക്കുറിച്ചും വാര്‍ത്തകളുണ്ടാകുന്നു. വെള്ളത്തില്‍ വീണ വണ്ടികള്‍ പൊക്കിയെടുക്കാന്‍ ജെ.സി.ബികള്‍ ഉപയോഗിക്കുന്നത് കാണാം. അപകടം നടന്നിടത്തേയ്ക്ക് രാത്രിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫ്‌ളഡ്‌ലൈറ്റുകള്‍ കൊണ്ടുവരുന്നതും നമ്മള്‍ കാണാറുണ്ട്. കോട്ടയം അപകടമുണ്ടായപ്പോള്‍ ഹെലികോപ്ടറിന് നിലത്തിറക്കാന്‍ കഴിയാഞ്ഞതും വിവാദമായി. അതിന്റെ തലേദിവസം നടന്ന ഒരു രാഷ്ട്രീയ യോഗത്തിനെത്തുടര്‍ന്നുണ്ടായ അസൗകര്യമായിരുന്നു കാരണം.



അപകടത്തില്‍ ആളുകള്‍ മുങ്ങുമ്പോള്‍ അവരെ രക്ഷിക്കാനുള്ള സമയം വളരെ കുറച്ച് മാത്രമെയുള്ളൂ. ഭൂചലനങ്ങളിലെയോ റോഡ് അപകടങ്ങളിലെയോ പോലെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ഒരാള്‍ മുങ്ങുമ്പോള്‍ അയാളെ മിനുട്ടുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ രക്ഷയില്ല. സാധാരണ നിലയില്‍ പത്ത് മിനുട്ടില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതയില്ല. തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ അപൂര്‍വമായി ഇത് 66 മിനുട്ട് വരെ നീണ്ടുനിന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനം അത് ബോട്ടോ, ബസ്സോ ട്രെയിനോ ആണെങ്കില്‍ പകുതി മാത്രമെ വെള്ളത്തില്‍ മുങ്ങിയിട്ടുള്ളൂവെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സാധ്യത കൂടുതലാണ്.



വാഹനങ്ങല്‍ മുങ്ങുമ്പോള്‍ ഒരു മണിക്കൂറിന്റെ രക്ഷാപ്രവര്‍ത്തന സാധ്യതകള്‍ മാത്രമാണ് നമ്മുക്ക് മുന്നിലുള്ളത്. അതുകൊണ്ട് ഈ സമയവും കഴിഞ്ഞ് (സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ്) ഏതെങ്കിലും സാമൂഹ്യ രക്ഷാപ്രവര്‍ത്തകരോ നാട്ടുകാരോ, ഫയര്‍ സര്‍വീസുകാരോ അവരുടെ ജീവന്‍ അപകടത്തിലാക്കി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടേണ്ടതില്ല. കാരണം അതിനുശേഷം ആരുടെയും ജീവന്‍ ബാക്കിയുണ്ടാകില്ല.



പിന്നീട് ബാക്കിയുള്ളത് റിലീഫ്, റിക്കവറി എന്നിങ്ങനെയുള്ള രണ്ട് ഘട്ടങ്ങളാണ്. ആദ്യം ദുരിതാശ്വാസ(റിലീഫ്)പ്രവര്‍ത്തനമാണ്. ആദ്യം വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കണം. ഇവരെ തിരിച്ചറിയാന്‍ കുടുംബത്തിനെ സഹായിക്കണം. കുടുംബങ്ങളുമായി ബന്ധപ്പെടുകയും ഈ ദുരന്ത സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കുകയും വേണം. പരിക്കേറ്റവരെ ആസ്​പത്രിയിലേയ്ക്ക് മാറ്റണം. മുകളില്‍ പറഞ്ഞതെല്ലാം ചെയ്തുതീര്‍ക്കണം. ഇതെല്ലാം തീരത്ത് നടക്കേണ്ട കാര്യങ്ങളാണ്. ഇതിന് ആരും ജീവന്‍ കളയേണ്ടതില്ല.



പിന്നീട് വീണ്ടെടുക്കല്‍(റിക്കവറി) പ്രവര്‍ത്തനങ്ങളാണ്. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കണം. രണ്ടാമതായി വാഹനത്തിലോ ബോട്ടിലോ ഉണ്ടായിരുന്നവരുടെ കയ്യിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കണ്ടെടുക്കണം. അവസാനമായി അപകടത്തില്‍പ്പെട്ട വാഹനം കണ്ടെടുക്കണം. മുകളില്‍ പറഞ്ഞ ഒന്നുപോലും സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടതോ ആരെങ്കിലും ജീവന്‍ കളയേണ്ടതോ അല്ല. അതുകൊണ്ട് ഒട്ടും പരിശീലനമില്ലാത്ത ഡ്രൈവര്‍ ഓടിക്കുന്ന ജെ.സി.ബിയോ, തീരെ ദുര്‍ബലമായ കയര്‍ ഉപയോഗിക്കുകയോ മറ്റോ ബസ്സ് പൊക്കിയെടുക്കുന്നതിനായി ഉപയോഗിക്കേണ്ടതില്ല.



രാത്രി തന്നെ വാഹനം പൊക്കിയെടുക്കുന്നതിനുള്ള വെളിച്ചത്തിനായി അടുത്തുള്ള വീടുകളില്‍ നിന്നോ മറ്റ് അരക്ഷിതമായ വൈദ്യുതിത്തൂണുകളില്‍ നിന്നോ വൈദ്യുതി കണക്ഷനെടുത്ത് അപകടം വിളിച്ചുവരുത്തേണ്ടതില്ല. ഇതിനായി പൊട്ടിയ വയറുകളും മറ്റും ഉപയോഗിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. ഇതിന്റെ അര്‍ത്ഥം രാത്രിനേരത്ത് ഫയര്‍മാന്‍മാരെ വെള്ളത്തിലിറക്കേണ്ടതില്ല എന്നാണ്.



നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ രണ്ട് (റെസ്‌ക്യു, റിലീഫ്) ഘട്ടങ്ങളിലെ ജനപങ്കാളിത്തം ഒഴിവാക്കാനാകില്ല. അതുകൊണ്ട് നമ്മള്‍ ചെയ്യേണ്ടത് അവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുകയാണ്. ഇതിനെക്കുറിച്ച് ഞാന്‍ പിന്നീട് എഴുതാം. എന്തായാലും വീണ്ടെടുക്കല്‍(റിക്കവറി) പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെ ഒഴിവാക്കുന്നതാണ് നല്ലത്. പ്രൊഫഷണലുകള്‍ രംഗത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി ആസൂത്രണം ചെയ്യുകയും വേണം. ഇതിന് എന്തെല്ലാം ആവശ്യമാണ്, എങ്ങിനെയൊക്കെ രക്ഷാപ്രവര്‍ത്തനം നടത്തണം, അപകടസാധ്യതകള്‍ എന്തെല്ലാം എന്നിവയെല്ലാം പരിശോധിച്ച് എല്ലാം ഒത്തുവന്നെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാവൂ. 48 മണിക്കൂറിന് ശേഷം പകല്‍ വെളിച്ചത്തിലാണെങ്കില്‍ അത് ഗുണം ചെയ്യും.



എന്നാല്‍ ഇത് ദുരന്തത്തിലകപ്പെട്ട കുടുംബങ്ങളെ കൂടുതല്‍ വേദനിപ്പിക്കും എന്നത് സത്യമാണ്. കാരണം കാണാതായവരെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് നീറേണ്ടിവരും. പക്ഷേ അനാവശ്യമായ മരണങ്ങള്‍ ഒഴിവാക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അനാവശ്യമായ അപകടങ്ങളില്‍ ചെന്ന് ചാടാതിരിക്കുകയാണ് ഉചിതം.


(അടിയന്തര രക്ഷാപ്രവര്‍ത്തന വിദഗ്ദ്ധനാണ് മുരളി തുമ്മാരുകുടി. പതിനഞ്ചുവര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെയും വ്യവസായ രംഗത്തെയും രക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അപകടനിവാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ മറ്റുലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം.


www.muraleethummarukudy.com)

Followers