സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, November 24, 2008

ലോഹ്‌ പുരുഷ്‌

ഇത്രയും കാലം ഇസ്‌ലാമികതീവ്രവാദികളെക്കുറിച്ച്‌ മാധ്യമങ്ങള്‍ എഴുതിപ്പോന്ന കാര്യങ്ങളില്‍ എന്തെങ്കിലും പിശകുള്ളതായി എല്‍.കെ.അഡ്വാണിജിക്കും മറ്റുഹിന്ദുത്വസംരക്ഷകര്‍ക്കും ഒരിക്കലും തോന്നിയിരുന്നില്ല. ലോഹ്‌ പുരുഷ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും അതായിരുന്നു സ്ഥിതി. എന്തെല്ലാം കാര്യങ്ങളാണ്‌ രഹസ്യാന്വേഷണക്കാരും അവരുടെ വക്താക്കളും മാധ്യമങ്ങള്‍ക്ക്‌ നല്‍കിപ്പോന്നിരുന്നത്‌. അതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ, നേരില്‍ കണ്ടതുപോലെ അവര്‍ അച്ചടിച്ചും അല്ലാതെയും ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്‌. പാര്‍ലമെന്റ്‌ ആക്രമണത്തിനിടയില്‍ പോലീസിന്റെ വെടിയേറ്റുമരിച്ചവര്‍ പാകിസ്‌താനിലെ ഇന്നയിന്ന പ്രദേശക്കാരാണെന്ന്‌ പോലീസ്‌ പറഞ്ഞപ്പോള്‍ ഒരു ചോദ്യംപോലും ചോദിക്കാതെ മാധ്യമങ്ങള്‍ വെള്ളം കൂട്ടാതെ വിഴുങ്ങിയിട്ടുണ്ട്‌. ചില മനുഷ്യാവകാശക്കാരും ബുദ്ധിജീവികളും പതിവുമട്ടില്‍ സംശയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ആളുകള്‍ അത്‌ ചിരിച്ചുതള്ളുകയാണ്‌ ചെയ്‌തത്‌.
മാലേഗാവിലെ സാധ്വിയെയും സംഘത്തെയും പിടിച്ചപ്പോളാണ്‌ ലോഹ്‌ പുരുഷ്‌ വെണ്ണ പോലെ ഉരുകിയത്‌. പോലീസ്‌ പറയിക്കുകയും മാധ്യമങ്ങള്‍ പറയുകയും ചെയ്യുന്നതെല്ലാം സത്യമാവണമെന്നില്ലെന്ന ബോധോദയം ഉണ്ടാവുകയും ചെയ്‌തു. എന്തെല്ലാം കള്ളങ്ങളാണ്‌ അവര്‍ നിര്‍മലയും പവിത്രയും എല്ലാമായ സംന്യാസിനിയെക്കുറിച്ച്‌ പ്രചരിപ്പിക്കുന്നത്‌. ഇതള്‍ പോലെ മൃദുവായ സംന്യാസിനി രാജ്യസ്‌നേഹത്തിന്റെ പര്യായമായ സൈനികരുമായി കൂട്ടുചേര്‍ന്ന്‌ ബോംബ്‌ വെച്ചത്രെ. ആരുവിശ്വസിക്കുമത്‌. ആരുവിശ്വസിച്ചാലും സംഘപരിവാറുകാര്‍ വിശ്വസിക്കില്ല.
പോലീസ്‌ പീഡിപ്പിച്ചതായി സംന്യാസിനി പറഞ്ഞതിനെക്കുറിച്ച്‌്‌ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ അദ്വാനിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംന്യാസിനി കള്ളംപറയാനിടയില്ല. അതുപോലെയല്ല ജാമിയ മില്ലിയ കേസ്‌. ബട്‌ലാഹൗസില്‍ രണ്ടുകോളേജ്‌ കുട്ടികളെ പോലീസുകാര്‍ വെറുതെ വെടിവെച്ചുകൊന്നതാണെന്ന്‌ ആ നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞത്‌ ശരിയാവാനിടയില്ല. നാട്ടുകാര്‍ സംന്യാസിനിമാരല്ലല്ലോ. അവര്‍ ഒന്നടങ്കം തീവ്രവാദികളുടെ പക്ഷം ചേര്‍ന്നതാകാനേ തരമുള്ളൂ. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യംതന്നെ രാജ്യദ്രോഹമാണെന്ന്‌ നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്‌.
മാലേഗാവിലെ പോലീസ്‌ പറഞ്ഞത്‌ മുഴുവന്‍ സത്യവും ജാമിയ മില്ലിയയിലെയും കശ്‌മീരിലെയും അസംഗഢിലെയും ഹൈദരാബാദിലെയും കണ്ണൂരിലെയുമെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞത്‌ പച്ചക്കള്ളവും ആണെന്ന്‌ ന്യൂനപക്ഷസംരക്ഷകര്‍ക്ക്‌ പൊതുവെ ബോധ്യപ്പെട്ടിട്ടുണ്ട്‌. മാലേഗാവിലൊഴികെ മറ്റെല്ലായിടത്തെയും പോലീസ്‌ കഥകള്‍, മറിച്ച്‌ തെളിയിക്കപ്പെടുന്നതുവരെ, സംഘപരിവാര്‍-പോലീസ്‌-മാധ്യമ മാഫിയ കൂട്ടുകെട്ടിന്റെ സൃഷ്‌ടികളാണ്‌. മറിച്ചുതെളിയിക്കപ്പെടുന്നതുവരെ മാലേഗാവിലെ പോലീസ്‌ പറഞ്ഞതുമാത്രം സത്യമാണെന്നും എല്ലാവരും വിശ്വസിക്കേണ്ടതാണ്‌.
വല്ലാത്ത ലോകംതന്നെയിത്‌. പോലീസ്‌ രഹസ്യമായും അല്ലാതെയും നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ്‌ പത്രക്കാരെല്ലാം പൊലിപ്പിച്ചും അല്ലാതെയും കൊടുക്കുന്നത്‌. കശ്‌മീരായാലും കേരളമായാലും അക്കാര്യത്തില്‍ വ്യത്യാസമില്ല. അങ്ങനെ കൊടുക്കുന്നതേറെയും അസംബന്ധങ്ങളാണെന്നാണ്‌ കേരളത്തിന്റെ പോലീസ്‌ മന്ത്രി പറഞ്ഞിരിക്കുന്നത്‌. സംബന്ധങ്ങളും അസംബന്ധങ്ങളും തിരിച്ചറിയാന്‍ മന്ത്രിക്ക്‌ സംവിധാനം കാണും. അതുപക്ഷേ പത്രക്കാരുടെ കൈവശവുമില്ല, നാട്ടുകാരുടെ കൈവശവുമില്ല. സ്ഥിതി ഇനി കാര്യമായി മെച്ചപ്പെടാനിടയുണ്ട്‌. കേസന്വേഷണം തീരും മുമ്പ്‌ മാധ്യമങ്ങളോട്‌ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്‌ കേന്ദ്രആഭ്യന്തരന്‍ പോലീസിന്‌ കല്‌പന കൊടുത്തുകഴിഞ്ഞു. തത്തുല്യ കല്‌പന കേരള ആഭ്യന്തരനും ഇറക്കുമെന്ന്‌ തീര്‍ച്ച. ഒരാഴ്‌ച മുമ്പ്‌ ഈ ബുദ്ധിതോന്നിയിരുന്നെങ്കില്‍ കോട്ടയത്ത്‌ അഭയക്കേസില്‍ അകത്തായ അച്ചന്മാര്‍ക്കുകൂടി പ്രയോജനപ്പെടുമായിരുന്നു. ഭാഗ്യം വേണം അച്ചനായാലും മനുഷ്യരായാലും.

No comments:

Followers