സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, December 6, 2008

ലഷ്കര്‍ പറയുന്നു, കൊല്ലുക നീ ദൈവഭക്താ...

Killing is a pious man's obligation. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. പറയുന്നത് ഹാഫിസ് മൊഹമ്മദ് സയീദ്. മരണമെന്നാണ് ഈ പേരിന് ഇന്ത്യയില്‍ അര്‍ത്ഥം. കാരണം ഇയാളാകുന്നു, ലോകം ഭയക്കുന്ന ലഷ്കര്‍ ഇ തോയിബ എന്ന ഭീകര സംഘടനയുടെ അധിപന്‍.

തിന്മയും അവിശ്വാസവും ലോകത്തു നിന്ന് തുടച്ചു നീക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ കടമയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ മനുഷ്യനാണ്, ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരില്‍ ഒന്നാം സ്ഥാനക്കാരന്‍.

കുഞ്ഞുന്നാളില്‍ അമ്മയില്‍ നിന്ന് കേട്ടു പഠിച്ച ഖുര്‍ആന്‍ മുഴുവന്‍ ഹാഫീസിന് മനപ്പാഠം. ഏറ്റവും പ്രിയപ്പെട്ട ആയത്ത് (സൂക്തം) വജാഹിതു ഫി സബിലളളാഹ്... അര്‍ത്ഥം, സര്‍വശക്തനു വേണ്ടി വിശുദ്ധ യുദ്ധത്തിന് സജ്ജരാകുക..

2000 ഡിസംബര്‍ 22ന് ചെങ്കോട്ട ആക്രമിച്ചത്, 2001 ഡിസംബര്‍ 13ന് ഇന്ത്യയിലെ പാര്‍ലമെന്റ് ആക്രമിക്കാന്‍ ആത്മഹത്യാ സ്ക്വാഡിനെ ഒരുക്കി അയച്ചത്‍, 2003 ആഗസ്റ്റ് 25ന് മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തിയത്, 2002 സെപ്തംബര്‍ 24ന് അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചത്, 2005 ഒക്ടോബര്‍ 29ന് ദില്ലിയിലെ ദീപാവലി ആഘോഷങ്ങളില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്... സ്വന്തം കടമ നിറവേറ്റാന്‍ വേണ്ടി ഹാഫിസ് നിയോഗിച്ച ദൈവഭക്തര്‍ വിതച്ച ഭീതിയുടെ മുഹൂര്‍ത്തങ്ങള്‍ അങ്ങനെയെത്രയെത്ര? ഏറ്റവും ഒടുവില്‍ മുംബെയില്‍ നടന്ന നരമേധത്തിലും പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്ന ഏറ്റവും പ്രസക്തമായ പേര് ലഷ്കര്‍ ഇ തോയിബയുടേത്.

പാഴ്‍ശ്രമങ്ങള്‍ക്ക് തലച്ചോറു പുകയ്ക്കുന്നവനല്ല ഹാഫിസ്. ആവര്‍ത്തിച്ചു വായിച്ച് പുളകം കൊളളാന്‍ കൊളളാവുന്നൊരു കണക്കു പുസ്തകം അവശേഷിപ്പിച്ചാണ് ഓരോ നിയോഗവുമേല്‍ക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുന്നത്. ചെറിയൊരു സാമ്പിള്‍ വായിക്കുക.

തുടരുന്ന ജിഹാദ്, പെരുകുന്ന ശവങ്ങള്‍


കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കശ്മീരില്‍ തുടരുന്ന ജിഹാദില്‍ ലഷ്കര്‍ ഇ തോയിബക്കാര്‍ കൊന്നു തളളിയത് 14,369 പട്ടാളക്കാരെ. ലഷ്കറിന് നഷ്ടപ്പെട്ടതോ വെറും 1016 പേരെ.

1999 ല്‍ മാത്രം 11 ചാവേറാക്രമണങ്ങള്‍. ഫിദായേം എന്ന് പേരിട്ട് വാഴ്ത്തുന്ന കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത് ഓഫീസര്‍മാരുള്‍പ്പെടെ 258 പട്ടാളക്കാര്‍.

തൊട്ടടുത്ത വര്‍ഷമായപ്പോഴേയ്ക്കും കശ്മീരിലെ ഫിദായേം എന്ന പേരില്‍ നടത്തപ്പെട്ടത് 98 ആക്രമണങ്ങള്‍. കൊല്ലപ്പെട്ടത് 891 പട്ടാളക്കാര്‍. അവരില്‍ മൂന്നു കേണലുകള്‍, 10 മേജര്‍മാര്‍, ഒരു കമാന്‍ഡന്റ്, ഒരു കാപ്റ്റന്‍. മൂന്ന് എഞ്ചിനീയര്‍മാര്‍.

ഓരോ ജിഹാദ് കഴിയുമ്പോഴും തെരുവില്‍ വീഴുന്ന ശവങ്ങളെണ്ണി ഹാഫിസ് പതിയെ പറയും.. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. വജാഹിതു ഫി സബിലളളാഹ്... ചാവേര്‍ മുജാഹിദ്ദീനുകള്‍ സര്‍വശക്തന്റെ സംവരണാവകാശങ്ങള്‍ അനുഭവിച്ച് സ്വര്‍ഗരാജ്യത്ത് സസുഖം വാഴും.

ലോകത്തിലെ ഏറ്റവും ശക്തമായ ഭീകര സംഘമായാണ് ലഷ്കര്‍ ഇ തോയിബ അറിയപ്പെടുന്നത്. ഏറ്റവും അപകടകാരികള്‍. പ്രഹര ശേഷി മാരകം.

ഖലീഫാ സാമ്രാജ്യത്തിന് എ കെ 47

എണ്‍പതുകളിലാണ് ലഷ്കര്‍ ഇ തോയിബയുടെ ജനനം. ലക്ഷ്യം ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ പട്ടാളത്തെ തുരത്തി ഖലീഫയുടെ അധീശത്വം സ്ഥാപിക്കുക. ചാവേറാക്രമണത്തിലും പരമ്പരാഗതമായ ആക്രമണ തന്ത്രങ്ങളിലും ലഷ്കറിനെ വെല്ലാന്‍ ഇനിയൊരു ഭീകര സംഘം ജനിക്കേണ്ടിയിരിക്കുന്നു. 2002ല്‍ ഈ സംഘടനയെ പാകിസ്താന്‍ നിരോധിച്ചതോടെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കുന്ന പതിവ് ലഷ്കര്‍ അവസാനിപ്പിച്ചു. പേര് ജമാ ഉദ് ദവാ എന്ന് മാറ്റി. മുംബൈ ആക്രമണത്തിനിറങ്ങിയവര്‍ ഈ പേരില്‍ ഫേസ് ബുക്ക്‍ എന്ന ഇന്റര്‍നെറ്റ് സൗഹൃദ സൈറ്റില്‍ പ്രൊഫൈല്‍ തുറന്ന് പ്രചരണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന ഇസ്ലാമിക ക്ഷേമ സംഘടനയുടെ സേനയായിട്ടാണ് ലഷ്കറിന്റെ പിറവി. ഒസാമ ബിന്‍ ലാദന്റെ അല്‍ക്വായിദയുമായും നല്ല ബന്ധം. നിരോധനത്തിനു ശേഷം ലഷ്കര്‍ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്നത് അല്‍ക്വായിദയുടെ ക്യാമ്പുകളിലാണത്രേ.

2005 ജൂലൈ ഏഴിന് ലണ്ടനിലെ ചാവേറാക്രമണത്തില്‍ പങ്കെടുത്ത ഷാഹ്സാദ് തന്‍വീറിനടക്കം അല്‍ക്വായിദയുടെ പരിശീലനം കിട്ടിയിരുന്നുവെന്ന് ബ്രിട്ടീഷ് അന്വേഷകര്‍ വിശ്വസിക്കുന്നു. അബു സുബൈദയെപ്പോലുളള അല്‍ ക്വായിദ നേതാക്കള്‍ അറസ്റ്റിലായതും ലഷ്കര്‍ ഇ തോയിബ കേന്ദ്രങ്ങളില്‍ നിന്നു തന്നെ.

തുറന്നു പിടിച്ചിരിക്കുന്ന പച്ചനിറത്തിലെ ഖുര്‍ആന്‍ ഗ്രന്ഥത്തില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന കറുത്ത എകെ 47 റൈഫിള്‍. പശ്ചാത്തലത്തില്‍ മഞ്ഞ സൂര്യന്‍. ഖുര്‍ ആന്‍ എട്ടാം സൂറത്തിലെ മുപ്പത്തിയൊമ്പതാം ആയത്ത് അര്‍ദ്ധവൃത്താകൃതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

അതിങ്ങനെ. "കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌".

മതബോധനത്തിനും അനുശാസനത്തിനുമുളള കേന്ദ്രം എന്നര്‍ത്ഥമുളള മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന പദം ചുവന്ന പശ്ചാത്തലത്തില്‍.

ലാഹോറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ മുറിഡ്ക് എന്ന സ്ഥലത്താണ് ലഷ്കര്‍ ഇ തോയിബയുടെ കേന്ദ്രം. സംഘടനയെ നിരോധിച്ചപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നൊരു പ്രഹസനം പാകിസ്താന്‍ സര്‍ക്കാര്‍ നടത്തി. മതപാഠശാലയ്ക്ക് ഇന്നും ഒരു പോറലുമില്ല. നേതാക്കള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നില്ല. വിഷം വമിക്കുന്ന പ്രസംഗങ്ങളും ലേഖനങ്ങളുമായി ലഷ്കര്‍ നേതാക്കള് പാകിസ്താനില്‍ സസുഖം വാഴുന്നു.

ഹാഫീസിന്റെ ബുദ്ധി, ഒസാമയുടെ പണം

സൗദി ഭീകരന്‍ ഒസാമാ ബിന്‍ലാദന്റെ സാമ്പത്തിക സഹായത്തോടെ പടുത്തുയര്‍ത്തിയ വമ്പന്‍ സാമ്രാജ്യത്തിലാണ് മര്‍ക്കസ് അല്‍ ഇര്‍ഷാദ് പ്രവര്‍ത്തിക്കുന്നത്. മുറിഡ്കില്‍ ഏതാണ്ട് 200 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന വിശാലമായ സാമ്രാജ്യം. താമസിക്കാനും പഠിക്കാനും ആധുനിക സൗകര്യങ്ങളുളള കെട്ടിടങ്ങള്‍. വിശാലമായ പാടങ്ങള്‍, പളളികള്‍, മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍, കുതിരലായങ്ങള്‍. അതിവിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനാണ് ഹാഫിസ്.

ഇരുപതു വയസുവരെ പ്രായമുളള രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് മര്‍ക്കസ്. പഠിതാക്കള്‍ പാകിസ്താനികളായിരിക്കണമെന്ന് നിഷ്കര്‍ഷയുണ്ട്. എല്ലാ അത്യന്താധുനിക സൗകര്യങ്ങളുമുളള ഈ കമ്പ്യൂട്ടറൈസ്ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക മതപ്രചരണമാണ് പഠിതാക്കളുടെ ജീവിത ലക്ഷ്യമായി നിര്‍വചിച്ചിരിക്കുന്നത്.

എട്ടു മുതല്‍ ഇരുപതു വയസുവരെ കുട്ടികള്‍ക്ക് കുതിരസവാരിയിലും വെടിവെപ്പിലും കടുത്ത പരിശീലനമുണ്ട്. അണിയേണ്ടത് പട്ടാള യൂണിഫോം.

പ്രായപൂര്‍ത്തിയായാല്‍ അതിര്‍ത്തി കടന്നുളള ജിഹാദിന് അനുമതിയും ലഭിക്കും. അതിര്‍ത്തിയില്‍ വലിച്ചു കെട്ടിയ കമ്പി വേലി കടക്കുക. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു വീഴ്ത്തുക. ആ വഴി നേരെ സ്വര്‍ഗരാജ്യത്തേയ്ക്ക് പോയി സ്വസ്ഥമായി ജീവിക്കുക. ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്.

ഭാര്യയും മക്കളും പേരക്കുട്ടികളുമൊക്കെയായി മര്‍ക്കസു വാഴാനുളള ദൈവനിയോഗം ഹാഫിസിനും കുടുംബത്തിനുമാണ്. ദൈവത്തിനു വേണ്ടി ഭൂമിയിലെ വാസം എന്ന ത്യാഗം ഏറ്റെടുക്കുകയാണ് അവര്‍. ശഹീദുകളാകുന്നവര്‍ ഭാഗ്യവാന്മാര്‍. ജനിച്ച് മുപ്പതു തികയുന്നതിനു മുമ്പ് സര്‍വശക്തന്റെ അടുത്തെത്താമല്ലോ!!

പാട്ടു കേള്‍ക്കരുത് ഫോട്ടോയെടുക്കരുത്...

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായും കാമ്പസില്‍ നിരോധിച്ചിട്ടുണ്ട്. കാമറയും ടെലിവിഷന്‍ സെറ്റും സിനിമയും പാട്ടും അനിസ്ലാമികമാണെന്ന് പഠിപ്പിക്കുക മാത്രമല്ല, ഇവ നശിപ്പിക്കേണ്ടതിന്റെ അനിവാര്യത പ്രചരിപ്പിക്കാന്‍ ആഴ്ച തോറും ഹാഫിസിന്റെ കുട്ടികള്‍ പ്രചരണത്തിനും ഇറങ്ങുന്നുണ്ട്.

ലാഹോറിനും ഗുജ്റന്‍വാലയ്ക്കും ഇടയ്ക്കുളള പ്രദേശം ടെലിവിഷനും സംഗീതവും പുകവലിയുമൊക്കെ നിരോധിച്ച് പത്തരമാറ്റുളള ഇസ്ലാമിക സമൂഹം മര്‍ക്കസിനു ചുറ്റിലുമായി വികസിപ്പിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ പോലും സംഗീതം നിഷിദ്ധം. കാരണം അതൊന്നും ഇസ്ലാമിന് ഇഷ്ടമല്ലെന്ന് ഹാഫിസ് കല്‍പ്പിച്ചിട്ടുണ്ട്. ഹാഫിസിന്റെ ഇഷ്ടമാകുന്നു, ഇവിടെ ഇസ്ലാമിന്റെ ഇഷ്ടം.

ലാഹോറിലെ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് പഠന വിഭാഗം പ്രൊഫസറായിരുന്ന ഹാഫിസ്, ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷമാണ് ലഷ്കര്‍ ഇ തോയിബയ്ക്ക് ജന്മം നല്‍കിയത്. പത്തു വര്‍ഷങ്ങള്‍ക്കകം ആറു സ്വകാര്യ സൈനിക പരിശീലന ക്യാമ്പുകള്‍ പാകിസ്താനിലും പാക് അധിനിവേശ കാശ്മീരിലുമായി പ്രൊഫസര്‍ സ്ഥാപിച്ചു. പാകിസ്താനില്‍ ആകെ 2500 ഓഫീസുകളുണ്ടത്രേ സംഘടനയ്ക്ക്. അധിനിവേശ കശ്മീരിലെ നിയന്ത്രണ രേഖയില്‍ രണ്ടു ഡസനിലധികം യുദ്ധസജ്ജമായ ക്യാമ്പുകളുമുണ്ട്.

ലോകത്തിലെ ഏറ്റവും വലുതും ശക്തവും സ്വതന്ത്രവുമായ ജിഹാദി പ്രസ്ഥാനമാണ് ലഷ്കര്‍ ഇ തോയിബ. മുസ്ലിം മതമേധാവികളായ ഇമാമുമാരെ അംഗീകരിക്കുന്നില്ലെന്നൊരു പ്രത്യേകതയും ലഷ്കറിനുണ്ട്. മറ്റ് തീവ്രവാദി സംഘടനകളായ ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയിഷെ മുഹമ്മദ് എന്നിവയൊക്കെ ഇമാമുകളുടെ അധികാരം അംഗീകരിക്കുന്നവരാണ്.

ഓര്‍മ്മകളില്‍ തിളയ്ക്കുന്നത് പ്രതികാരം

കശ്മീര്‍ മോചിപ്പിക്കാനും അചിരേണ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും തുനിഞ്ഞിറങ്ങിയ ഹാഫീസ് മൊഹമ്മദ് സയീദിന്റെ മനസില്‍ പഴയൊരു പ്രതികാരം കിടപ്പുണ്ടോയെന്ന കാര്യം നിശ്ചയമില്ല. വിഭജനകാലത്തെ ചോര ചൊരിഞ്ഞ ഒരു ഭൂതകാലം ഹഫീസിന്റെ അബോധമനസില്‍ കിടന്നു തിളയ്ക്കുന്നുണ്ടോയെന്ന് മനശാസ്ത്ര വിദഗ്ധര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അന്നത്തെ കലാപങ്ങളില്‍ ഹഫീസിന്റെ കുടുംബത്തിലെ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപത്തെ അതിജീവിച്ച ഹാഫീസിന്റെ പിതാവ് കമാലുദ്ദിനും കുടുംബവും പാകിസ്താനിലേയ്ക്ക് പലായനം ചെയ്യുകയും പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ താമസമാരംഭിക്കുകയും ചെയ്തു. പിന്നീട് മിയാന്‍വാലി ജില്ലയിലെ ജനുബി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ലഭിക്കുകയും കഠിനാധ്വാനത്തിലൂടെ സമ്പല്‍ സമൃദ്ധിയുടെ പ്രൗഢിയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.

സര്‍ഗോധയിലെ സര്‍ക്കാര്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഹാഫീസ് സൗദി അറേബ്യയിലാണ് ഉപരിപഠനം നടത്തിയത്. റിയാദിലെ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക പഠനത്തില്‍ മാസ്റ്റര്‍ ബിരുദം. അറേബ്യയിലെ മതപണ്ഡിതരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവോളം സ്വീകരിച്ച് പാകിസ്താനില്‍ മടങ്ങിയെത്തി ഇസ്ലാമിക് ഐഡിയോളജിക്കല്‍ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

ഒരു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബമേയുളളൂ ഹാഫിസിന്. ഭാര്യമാരുടെ എണ്ണത്തെ സംബന്ധിച്ച കാന്തപുരം ശാഠ്യങ്ങളൊന്നും പ്രൊഫസര്‍ക്കില്ല. കുടുംബാംഗങ്ങളെല്ലാം ലഷ്കര്‍ ഇ തോയിബയുടെയും മര്‍ക്കസിന്റെയും താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. മുപ്പത്തിയേഴ് വയസ് പ്രായമുളള മകന്‍ തല്‍ഹയ്ക്കാണ് മുസഫറാബാദിലെ ലഷ്കര്‍ ബേസ് ക്യാമ്പിന്റെ ചുമതല. മകളുടെ ഭര്‍ത്താവ് ഖലീദ് വലീദ് ലാഹോറില്‍ ലഷ്കറിന്റെ സംഘടനാ ചുമതല വഹിക്കുന്നു. ആരും ജിഹാദികളല്ല. കൊലപാതകം ദൈവഭക്തന്റെ കടമയാണെന്ന് മറ്റുളളവരെ പഠിപ്പിക്കുക എന്നതാണ് ദൈവം ഇവരെ ഏല്പ്പിച്ചിരിക്കുന്ന കടമ. ഹാഫിസിന്റെ മകനോ, മകളുടെ ഭര്‍ത്താവോ പേരക്കുട്ടികളോ ഏതെങ്കിലും കാലത്ത് ജിഹാദിനിറങ്ങുമോയെന്ന സംശയം പഠിതാക്കളാരെങ്കിലും ചോദിച്ചിട്ടുണ്ടോയെന്നതിന് രേഖകളൊന്നും ലഭ്യമല്ല.

രണ്ടു സഹോദരന്മാര്‍ അമേരിക്കയിലുണ്ട്. ഒരാള്‍ അവിടെ ഇസ്ലാമിക് സെന്റര്‍ നടത്തുന്നു. മറ്റെയാള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. എകെ 47 അല്ല ഇവരുടെയും ആയുധം. ദൈവഭക്തന്റെ കടമ അമേരിക്കയില്‍ നിര്‍വഹിക്കാനും കഴിയുന്നിടത്തോളം കൊലപാതകം നടത്താനും സഹോദരന്‍ അവരെ ചട്ടം കെട്ടിയിട്ടുണ്ടോയെന്നും അറിയില്ല . രണ്ടുപേര്‍ക്കും ഹഫീസുമായി നിരന്തര ബന്ധമുണ്ടെങ്കിലും പ്രൊഫസര്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എന്നല്ല, ഒരു പാശ്ചാത്യ രാജ്യങ്ങളിലും കാലു കുത്തിയിട്ടുമില്ല. എന്നാല്‍ മറ്റു മതശാഠ്യക്കാരെപ്പോലെ പടിഞ്ഞാറിനോട് കഠിനമായ വെറുപ്പു തുപ്പുന്ന ശൈലിയുമില്ല

ലഷ്കര്‍ പോരാളികള്‍ തീര്‍ക്കുന്ന കനത്ത സുരക്ഷാ സംവിധാനത്തിനുളളില്‍ നിന്നാണ് ഹാഫീസ് ലളിതജീവിതം ഉദ്ബോധിപ്പിക്കുന്നത്. സഞ്ചരിക്കുന്നത് പജേറോയില്‍. ചുറുചുറുക്കുളള പത്തു യുവാക്കളടങ്ങിയ സംഘത്തിനാണ് ലഷ്കര്‍ അമീറിന്റെ സുരക്ഷാ ചുമതല. അതിസമ്പന്ന കുടുംബങ്ങളില്‍ നിന്ന് മര്‍ക്കസില്‍ പഠിക്കാനെത്തിയവരാണ് ഇവര്‍.

നേതാവിന് കുട്ടികള്‍ രണ്ടേയുളളൂവെങ്കിലും അംഗസംഖ്യ കൂടിയ കുടുംബങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹവും ഉത്ബോധിപ്പിക്കുന്നു. ലക്ഷ്യം സുവ്യക്തം. മറ്റു കുടുംബങ്ങളില്‍ എണ്ണം കൂടിയാല്‍ ജിഹാദ് പോരാളികളുടെയും എണ്ണം കൂടും. അവിശ്വാസികളുടെ കാര്യം കഷ്ടത്തിലാകും. സംഘടനയിലെ അംഗങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ പ്രൊഫസര്‍ സദാജാഗരൂകനാണ്.

പാകിസ്താനിലെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന്റെ നാവും ഊര്‍ജവുമാണ് ഹാഫിസ്. കശ്മീരില്‍ നടക്കുന്ന ഓരോ സംഭവവും ഇന്ത്യയോടുളള വെറുപ്പിന്റെ ഇന്ധനമാക്കി മാറ്റുന്നതില്‍ അപാര വൈദഗ്ധ്യമുണ്ട് പ്രൊഫസര്‍ക്ക്. ഇക്കഴിഞ്ഞ ജൂലൈ 20ന് കശ്മീരില്‍ ഒരു പതിനാലുകാരിയെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊന്നതിനെ തുടര്‍ന്ന് ഹഫീസ് ഇങ്ങനെ എഴുതി..

"ഇന്ത്യന്‍ സൈന്യം ഇസ്ലാമിന്റെ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയാണ്. നമുക്കെങ്ങനെ ഇത് സഹിക്കാന്‍ കഴിയും? ഇന്ത്യന്‍ പട്ടാളത്തിലെ ഓരോ അംഗത്തെയും നാം കൊന്നു തളളും. നമ്മുടെ സഹോദരിമാര്‍ക്കു വേണ്ടി നാം പ്രതികാരം ചെയ്യും. കശ്മീരില്‍ ഇന്ത്യ കൂടുതല്‍ പട്ടാളക്കാരെ നിയോഗിക്കട്ടെ. അപ്പോള്‍ നമ്മുടെ മുജാഹിദ്ദീനുകള്‍ക്ക് വേട്ടയാടാന്‍ കൂടുതല്‍ പന്നികളെ കിട്ടും.. "..ഹാഫിസിന്റെ ഉദ്ബോധനം കേട്ട് ദൈവഭക്തര്‍ അതിര്‍ത്തി കടക്കുന്നു. പരമാവധി അവിശ്വാസികളെ കൊല്ലുന്നു. അവരും മരിക്കുന്നു. ഹാഫിസ് ജോലി തുടരുന്നു.

ഇന്ത്യയ്ക്കെതിരെ നുരയുന്ന വെറുപ്പ്

ഹാഫിസ് മാത്രമല്ല, ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. 2007 ആഗസ്റ്റ് 27ന് ഹൈദരാബാദിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പേ തന്നെ പാകിസ്താനിലെ ഇസ്ലാമിക മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം മുഴക്കിയിരുന്നു. ജമായത്തെ ഇസ്ലാമിയുടെ പത്രമായ ഡെയിലി ജെസാറത്ത് ആഗസ്റ്റ് 19ന് പുറത്തിറക്കിയ സപ്ലിമെന്റിലെ ആഹ്വാനം ഇങ്ങനെയായിരുന്നു..

"പാകിസ്താന്റെ ഓരോ മൂലയിലും ജിഹാദ് മുദ്രാവാക്യങ്ങള്‍ അലയടിക്കട്ടെ. ജിഹാദികളെ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പാകിസ്താന്‍ അനുവദിച്ചാല്‍ കശ്മീര്‍ വെറും ആറുമാസം കൊണ്ട് സ്വതന്ത്രമാകും.."

പാക് ഭരണകൂടങ്ങളും ഇവര്‍ക്ക് അത്ര പഥ്യമല്ല. ഹഫീസ് മുഹമ്മദിന്റെ സ്യാലനും ലഷ്കര്‍ നേതൃത്വത്തിലെ രണ്ടാമനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി ഇതേ പത്രത്തിലെഴുതിയ ലേഖനം ജനറല്‍ മുഷാറഫിന്റെ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. ജിഹാദ് നയത്തില്‍ വെളളം ചേര്‍ത്ത ഭരണമാണ് ജനറലിന്റേതെന്ന് മക്കി കുറ്റപ്പെടുത്തുന്നു. "പാകിസ്താന്റെ കശ്മീര്‍ നയത്തെ ദുര്‍ബലപ്പെടുത്തിയത് അമേരിക്കാനുകൂല നയങ്ങളാണ്. ജിഹാദിന് അനുകൂലമായ നയങ്ങള്‍ അംഗീകരിക്കേണ്ട സമയം കഴിഞ്ഞു.. ആറു മാസം ഞങ്ങള്‍ക്കു നല്‍കൂ. കശ്മീര്‍ ഞങ്ങള്‍ മോചിപ്പിച്ചു കാണിക്കാം. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കക്കാരെയും ‍ഞങ്ങള്‍ പായിക്കും".

പാക് ഭരണകൂടത്തെക്കുറിച്ച് ഹാഫീസ് എഴുതിയതിങ്ങനെ. "മുസ്ലിം ഭരണാധികാരികള്‍ ലോകമെങ്ങുമുളള മുസ്ലിം സമുദായത്തെ നിരാശരാക്കുന്നു. അവര്‍ക്കെതിരെയും ജിഹാദ് മുഴക്കണം. അവര്‍ മുസ്ലിങ്ങളല്ല, ജൂതന്മാരുടെ ഏജന്റുമാരാണ് അവര്‍"‍.

ജനാധിപത്യം തീരെയും ദഹിക്കുന്ന പ്രകൃതമല്ല ഹാഫിസിന്. ജനാധിപത്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവരെ പ്രൊഫസര്‍ സ്നേഹബുദ്ധ്യാ ഇങ്ങനെ ഉപദേശിച്ചു. "നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ജനാധിപത്യം പരിഹാരമേയല്ല. ഖലീഫയുടെ സാമ്രാജ്യമാണ് പരമമായ ഉത്തരം". പാകിസ്താനിലെ പട്ടാളഭരണകൂടത്തോട് പ്രൊഫസര്‍ പറഞ്ഞത്, വിഡ്ഢികളേ, അമേരിക്കയല്ല, ജിഹാദികളാണ് നിങ്ങളുടെ എന്നത്തെയും മിത്രങ്ങള്‍ എന്നത്രേ!

സ്ക്കൂളില്‍ പഠിപ്പിക്കേണ്ടത് ജിഹാദ്


ജിഹാദും രക്തസാക്ഷിത്വവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അബ്ദുള്‍ റഹ്മാന്‍ മക്കി ആവശ്യപ്പെടുന്നു. സ്ക്കൂളിലും കോളെജിലും സര്‍വകലാശാലകളിലും ജിഹാദും രക്തസാക്ഷിത്വവും പഠനവിഷയമാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അഹമ്മദികള്‍ കയറിപ്പറ്റിയതാണ് പാകിസ്താന്റെ സകല ദുരിതങ്ങള്‍ക്കും കാരണമെന്നും മക്കി ആക്രോശിക്കുന്നു.

(പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് വഴിമാറി നടന്നവരാണ് അഹമ്മദീയക്കാര്‍. മിര്‍സാ ഗുലാം അഹമ്മദിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായവരാണ് അഹമ്മദികള്‍. പ്രവാചകന്‍ മുഹമ്മദിന്റെ യഥാര്‍ത്ഥ അനുയായികള്‍ തങ്ങളാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ പാകിസ്താനില്‍ അഹമ്മദീയരെ അമുസ്ലിമുകളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇതര മുസ്ലിം വിഭാഗക്കാരുടെ രൂക്ഷമായ വെറുപ്പിന് ഇരയാകുന്നവരാണ് അവിടെ അഹമ്മദീയര്‍)

കശ്മീരിനു പുറമെ ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രദേശങ്ങളും ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലഷ്കര്‍ ഇ തോയിബയുടെ ലക്ഷ്യം. ഒരുകാലത്ത് മുസ്ലിം അധീനപ്രദേശങ്ങളായിരുന്ന ഇവ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കയ്യടക്കിയതാണെന്ന് സംഘടന ആരോപിക്കുന്നു.

ലഘുലേഖകളും പോസ്റ്ററുകളും വഴി പാകിസ്താനില്‍ ലഷ്കര്‍ എത്രയോ കാലമായി പ്രചരിപ്പിക്കുന്ന വാദമാണിത്. ഈ പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ മരണം വരെ പോരാടാന്‍ സംഘടന ആഹ്വാനം ചെയ്യുന്നു.

മുറിഡ്ക്കില്‍ 2000 ഫെബ്രുവരിയില്‍ നടന്ന ലഷ്കര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്, ജുനഗഡും ഹൈദരാബാദും മോചിപ്പിക്കുക എന്നത് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയമാണെന്നു ഹാഫിസ് മൊഹമ്മദ് സയീദ് പ്രഖ്യാപിച്ചു.

വിശുദ്ധ വെറുപ്പിന്റെ തലച്ചോറുകള്‍


അതിനു തലേ വര്‍ഷമെഴുതിയ ലേഖനത്തില്‍ തന്റെ ഉളളിലിരുപ്പ് പ്രൊഫസര്‍ തെളിച്ചു പറഞ്ഞിരുന്നു. "അവിശ്വാസികളുടെ ഭരണവും പ്രദേശങ്ങളും ആക്രമിച്ച് കീഴടക്കുകയും ജസിയ നല്‍കുന്നതിന് അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതു വരെ പോരാട്ടം തുടരും".

മുഴുവന്‍ ഇന്ത്യയും പാകിസ്താനില്‍ ലയിക്കുന്നതു വരെ ലഷ്കര്‍ പോരാട്ടം തുടരുമെന്ന് പ്രൊഫസര്‍ ആക്രോശിച്ചത് 1999 നവംബറിലാണ്.

സെപ്തംബര്‍ 11നെ തുടര്‍ന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ ലഷ്കര്‍ ഇ തോയിബ എന്ന സംഘടനയെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും ഹഫീസ് മൊഹമ്മദ് സയീദ് എന്ന നേതാവും അദ്ദേഹത്തിന്റെ 200 ഏക്കര്‍ വിസ്തൃതിയുളള സര്‍വകലാശാലയും ഇപ്പോഴും രാജ്യത്ത് നിര്‍ബാധം നിര്‍ഭയം പ്രവര്‍ത്തിക്കുന്നു. അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍, അല്‍ ക്വായിദയുടെ പരിശീലനം ഇവ തുടരുന്നു. കൂടുതല്‍ മാരകമായ പ്രഹര ശേഷിയോടെ ലഷ്കര്‍ ഇ തോയിബക്കാര്‍ ഇന്ത്യയില്‍ മരണം വിതയ്ക്കാനെത്തുന്നു.

വിശുദ്ധ വെറുപ്പിന്റെ വെടിമരുന്നു നിറച്ച തലച്ചോറുകള്‍. അത്യന്താധുനിക തോക്കുകള്‍, ബോംബുകള്‍. കൊല്ലുന്നതിനും ചാവുന്നതിനും വേദപുസ്തകത്തിലെ സൂക്തങ്ങള്‍ ന്യായങ്ങളാകുന്നു. ജാതിമതവര്‍ഗ വര്‍ണ ഭേദമെന്യേ കോടിക്കണക്കിന് മനസുകളില്‍ ഭീതിയുടെ നെരിപ്പോടുകളെരിച്ച് ഹാഫീസ് മൊഹമ്മദ് സയീദ് ചിരിക്കുന്നു. പതിഞ്ഞ ശബ്ദത്തില്‍ പറയുന്നു... Killing is the pious man's obligation..Wajahmu Fi Sabilillah.......

ജീവിച്ചിരിക്കാനുളള അവകാശം നമുക്കുമുണ്ടെന്ന് ആര്‍ക്ക് പറ‍ഞ്ഞു കൊടുക്കാനാവും ഇവരോട് ....

No comments:

Followers