സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, November 23, 2008

കൊടും ഭീകരതയും മൃദു ഭീകരതയും

എല്ലാ ഭീകരപ്രവര്‍ത്തനവും ഒരുപോലെയാണ്‌ എന്ന്‌ ധരിക്കരുത്‌. ചിലവ കൊടും ഭീകരതയാണ്‌, ചിലവ മൃദു ഭീകരതയാണ്‌. രണ്ടിലും ആളെക്കൊല്ലുന്നതൊക്ക ബോംബ്‌ പൊട്ടിച്ചാണെന്ന്‌ വെച്ച്‌ രണ്ടും തുല്യനിലയിലുള്ള ഭീകരതകളല്ല. കൊടും ഭീ.യെയും മുദു ഭീ. യെയും എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യം വന്നേക്കും. എളുപ്പം നിര്‍വചിക്കാന്‍ പറ്റില്ലെങ്കിലും അനുഭവവും പരിചയവും സഹായിക്കും. പോലീസിന്‌ രണ്ടിനെയും കിലോമീറ്റര്‍ ദൂരെനിന്ന്‌ തിരിച്ചറിയാനാകും. കൊടും ഭീ. ആണ്‌ രംഗത്തുള്ളതെന്ന്‌ അറിഞ്ഞാല്‍ നടപ്പ്‌ ഓട്ടമാകും. ലാത്തി തോക്കാകും. അടി വെടിയാകും. ജീവനോടെ പിടിക്കാമെന്നുണ്ടെങ്കിലും പിടിക്കില്ല, ജീവനെടുക്കും. മറ്റതാണെങ്കില്‍ ക്രോധം പുഞ്ചിരിയാകും. ആവേശമങ്ങ്‌ തണുക്കും. ചില്ലറക്കേസ്സിലൊതുങ്ങും സംഗതി. ഏറ്റുമുട്ടലും എ. കെ. 47 നും ഒന്നുമുണ്ടാകുകയേ ഇല്ല. ആര്‍ ഡി എക്‌സ്‌ നാടന്‍ ബോംബാകുകയും ചെയ്യും. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ പേര്‌ കേട്ടാല്‍ തന്നെയറിയാം ഏത്‌ ജനുസ്സ്‌ ഭീകരനാണ്‌ കക്ഷിയെന്ന്‌. മറിച്ച്‌ തെളിയിക്കപ്പെടുന്നതുവരെ എല്ലാ ബോംബ്‌ സ്‌ഫോടനങ്ങളും കൊടും ഭീ. സംഘടനകളുടെ കൈക്രിയകളാണ്‌ എന്നതാണ്‌ ഒരു പൊതുതത്ത്വം. അവറ്റകള്‍ക്ക്‌ ഒരു ഗുണമുണ്ട്‌. സംഭവം കഴിഞ്ഞ്‌ അധികസമയത്തിന്‌ മുമ്പ്‌ തങ്ങളാരാണെന്നൊക്കെ സ്ഥലം പോലീസ്‌ സ്റ്റേഷനിലോ പത്രം - ചാനല്‍ ഓഫീസിലോ അറിയിക്കും. മറ്റവരുടെ രീതിയതല്ല. ഒരക്ഷരം മിണ്ടില്ല. മിണ്ടുന്നതാകട്ടെ തങ്ങള്‍ക്ക്‌ സംഗതിയില്‍ ഒരു പങ്കുമില്ലെന്ന്‌ പറയാനായിരിക്കും. ഇ മെയില്‍, എസ്‌. എം.എസ്‌ തുടങ്ങിയ അത്യന്താധുനിക രീതിയൊന്നും അവര്‍ക്കറിയില്ല. പത്രസമ്മേളനം പോലുള്ള പ്രാകൃത ആശയവിനിമയമേ വശമുള്ളൂ. രണ്ടുകൂട്ടരും തമ്മില്‍ വലിയ ശത്രുതയൊക്കെയാണെങ്കിലും നിലനില്‌പിന്‌ ഇവര്‍ പരസ്‌പരം ആശ്രയിക്കുന്നുണ്ടെന്നതാണ്‌ സത്യം. ഒന്നില്ലെങ്കില്‍ മറ്റതില്ല. മറ്റതിനെ ചൂണ്ടിയാണ്‌ ഓരോന്നും ആളെക്കൂട്ടുന്നത്‌. പ്രവര്‍ത്തനരീതിയും ഒന്നുതന്നെ. പക്ഷേ, ഒരു പ്രധാനവ്യത്യാസമുണ്ട്‌. മൃദു ഭീ. തീര്‍ത്തും ദേശീയപക്ഷത്താണ്‌, ഭാരതീയത മുറ്റിനില്‍ക്കും. മറ്റേത്‌ അറബ്‌ - പാക്‌ ചുവയുള്ളതായിരിക്കും. ഇല്ലെങ്കില്‍ അതുണ്ടാക്കിയെടുക്കാന്‍ പോലീസിനറിയാം. ഡല്‍ഹിയില്‍ ജാമിയ മില്ലിയ സംഭവത്തിന്‌ ശേഷം അറസ്‌റ്റിലായ മൂന്നുകൊടും ഭീ.കളെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹാജരാക്കിയപ്പോള്‍ മൂന്നുപേരും ഒരേ തരം തുണി കൊണ്ട്‌ മുഖം മറച്ചിരുന്നു. അറബികള്‍ തല മറയ്‌ക്കാനുപയോഗിക്കുന്ന തുണിയാണ്‌ എന്ന്‌ ആര്‍ക്കും മനസ്സിലാകും. കൊടുംഭീ.കള്‍ ശരിയായ ഭീകരന്മാര്‍തന്നെയാണല്ലോ, അറസ്റ്റ്‌ ചെയ്യപ്പെടുമെന്നറിഞ്ഞപ്പോള്‍ മൂന്നുപേരും പോയി വാങ്ങിയത്‌ അറബികളുടെ തുണിയാണല്ലോ എന്നേ തോന്നൂ. സാധനം പോലീസ്‌ വാങ്ങിച്ചുകൊടുത്തതാണെന്ന്‌ പോലീസ്‌ തന്നെ പറഞ്ഞപ്പോഴാണ്‌ രസച്ചരട്‌ പൊട്ടിപ്പോയത്‌. അതാണ്‌ പോലീസ്‌ ബുദ്ധി. മൃദു ഭീ.യെ ആണ്‌ അറസ്റ്റ്‌ ചെയ്യുന്നതെന്ന്‌ വിചാരിക്കിന്‍- ഈ വിധം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹാജരാക്കുകയൊന്നുമില്ല. ഇനി ഹാജരാക്കിയെന്നുവെക്കുക മുഖംമൂടിയേ ഉണ്ടാകില്ല, ഇനി മുഖം മൂടിയുണ്ടായെന്നുവെക്കുക അതൊരിക്കലും കാവിത്തുണിയാവുകയുമില്ല. കൊടുംഭീകരരെ കൈകാര്യം ചെയ്യാന്‍ പോട്ട പോലുള്ള കൊടുംനിയമങ്ങള്‍ വീണ്ടും കൊണ്ടുവരണമെന്ന അഭിപ്രായം മൃദു ഭീകരര്‍ക്കുതന്നെയുണ്ട്‌. ഈ നിയമങ്ങളൊന്നും മൃദു ഭീ.ക്കളുടെ നാലയലത്തുവരില്ല എന്നതുതന്നെ കാരണം. ഗോധ്രയില്‍ തീവണ്ടികത്തിച്ച്‌ അറുപതുപേരെക്കൊന്നത്‌ കൊടുംഭീകരപ്രവര്‍ത്തനം. നിരവധി പേരെ പോട്ടയില്‍ ഓടിച്ചിട്ടു പിടിച്ചു. ഗോധ്രയുടെ പ്രതികാരമായി മൂവായിരംപേരെ കുത്തിയും കത്തിച്ചും കൊന്നു. അതു വെറും മൃദു ഭീകരത. പോട്ടയുമില്ല,അറസ്റ്റുമില്ല. കൊടും ഭീ.കളുടെ ഓപ്പറേഷന്‍ നടന്നാലും കാര്യമായി ആരെയും പോലീസിന്‌ പിടികിട്ടാറില്ല. കിട്ടിയില്ലെങ്കില്‍ പോലീസ്‌ നിരാശരാകാറുമില്ല. കിട്ടിയവനെ തപ്പും, ചിലതിനെത്തട്ടും. ഏറ്റുമുട്ടല്‍ നിര്‍ബന്ധമാണ്‌്‌. കുറെയെണ്ണത്തിനെ ജയിലിലിട്ട്‌ നടുവൊടിക്കും. നാട്ടില്‍ ഒരു ഭീകരസംഘടാനുഭാവി പോലുമില്ലെങ്കിലും ഒരു റൗണ്ട്‌ പോലീസ്‌ ഇടപെടല്‍ കഴിയുമ്പോഴേക്ക്‌ പത്തുപേരെങ്കിലും ഭീകരരായിട്ടുണ്ടാകും. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്നായിരുന്നു പണ്ടത്തെ നാടകം, ഇപ്പോഴത്തേത്‌ നിങ്ങള്‍ ഞങ്ങളെ ഭീകരരാക്കി എന്നാണ്‌. കുറച്ചുകാലം മുമ്പാണ്‌ സിമി എന്നൊരു കൂട്ടരെ നിരോധിച്ചത്‌. കൊടുംഭീ.കളാണ്‌ എന്നായിരുന്നു കണ്ടെത്തല്‍. അക്കാലത്ത്‌ ആര്‍.എസ്‌.എസ്‌., മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ക്കെതിരെ കേരളത്തിലുള്ളത്ര കേസ്‌ അഖിലേന്ത്യാടിസ്ഥാനത്തില്‍ പോലും ഇക്കൂട്ടര്‍ക്കെതിരെ ഉണ്ടായിരുന്നില്ല. ബുദ്ധി കുറച്ചുകുറവായതുകൊണ്ട്‌ കേട്ടാല്‍ തെറ്റില്ലാത്ത മുദ്രാവാക്യങ്ങള്‍ ഇറക്കുമായിരുന്നു. കൊന്നശേഷമാണ്‌ പാമ്പിന്റെ വിഷം കൂടിയതെന്ന്‌ പറയും പോലെ നിരോധിച്ച ശേഷമാണ്‌ സിമിക്ക്‌ ജീവന്‍ വെച്ചത.്‌ ഭരണകൂടമെന്ന പുലിക്ക്‌ മുന്നില്‍ വെറും പൂച്ചയായിരുന്നു സിമി. പക്ഷേ, ഇപ്പോള്‍ നാടുമുഴുക്കെ ബോംബ്‌ വെക്കുന്നത്‌ സിമിയാണ്‌. നിരോധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ ചുമരെഴുതി മടുത്ത്‌ ദുബായിലേക്കോ മറ്റോ പോകുമായിരുന്നു. സിമിയെ നിരോധിക്കാന്‍ മതിയായ കാരണമൊന്നുമില്ലെന്ന ട്രിബ്യൂണല്‍ പറഞ്ഞ ശേഷമാണ്‌ സിമിക്കെതിരായ കേസുകളുടെ എണ്ണം കൂടിയത്‌. ഇതിന്റെയെല്ലാം ഗുട്ടന്‍സ്‌ സര്‍ക്കാറിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കേ അറിയൂ. മൃദു ഭീ.കളുടെ പാതയും മറ്റേ പാതതന്നെയാണ്‌. ഈയിടെ പലേടത്തും ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക്‌ ബോംബ്‌ വെച്ചതും ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച്‌ മരിച്ചതും നല്ല അസ്സല്‍ ആര്‍ഷസംസ്‌കാര ഭീകരരാണ്‌. തികഞ്ഞ അഹിംസാവാദിയായിരുന്ന ഹനുമാന്റെ പേരിലുള്ള സംഘടനയാണ്‌ ഇതെല്ലാം ചെയ്‌തുകൂട്ടിയത്‌. കൊടുംഭീ.കളാണോ കോണ്‍ട്രാക്‌റ്റ്‌ അടിസ്ഥാനത്തില്‍ ഇവരെയും പരിശീലിപ്പിക്കുന്നത്‌ എന്ന്‌ സംശയിക്കണം. രണ്ടും തമ്മില്‍ ദുര്‍ന്നടപ്പില്‍ അത്രയും യോജിപ്പാണുള്ളത്‌. ഭീകരപ്രവര്‍ത്തനം ഒരു പ്രൊഫഷന്‍ ആയിക്കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും പരിശീലിപ്പിക്കാമല്ലോ. പള്ളീലച്ചന്മാരെ കൊല്ലുക, കൊടും ക്രിസ്‌ത്യാനികളുടെ വീടുകത്തിക്കുക, കാട്ടിലേക്കോടിക്കുക തുടങ്ങിയവ സംസ്ഥാനങ്ങള്‍ തോറും നടത്താനായിട്ടുണ്ട്‌. എന്നിട്ടും വേണ്ട പരിഗണന മാധ്യമങ്ങള്‍ നല്‌കുന്നില്ലെന്ന പരിഭവം മൃദു ഭീ.കള്‍ക്കുണ്ട്‌. ഇപ്പോഴും കൊടും ഭീ.കള്‍ ഒരു ബോംബ്‌ പൊട്ടിച്ച്‌ രണ്ടുപേരെക്കൊന്നാലും എട്ടുകോളം ഹെഡ്‌ഢിങ്ങിലാണ്‌ വാര്‍ത്ത കൊടുക്കുന്നത്‌. ടി വി ക്കാരുടെ പറ്റം വന്നുനിറഞ്ഞാല്‍ പോലീസിന്‌ നി'ാന്‍ സ്ഥലമില്ലാതെ പോകുന്നു. മൃദു ഭീ.കള്‍ എന്തുചെയ്‌താലും ലവലേശം പബ്‌്‌ളിസിറ്റി കൊടുക്കുന്നില്ല. അത്‌ കഷ്‌ടമാണ്‌. ഇതൊക്കെയാണെങ്കിലും കൊടും ഭീ.കളുടെ അയലത്തൊന്നും എത്താന്‍ ഇതുവരെ മൃദു ഭീ.കള്‍ക്കായിട്ടില്ല എന്നത്‌ മറന്നുകൂടാ. സാരമില്ല, അധികം കഴിയുംമുമ്പ്‌ തുല്യമാകും ബലം. സാധാരണ ജനത്തിന്‌ പിന്നെ അറബിക്കടലിലോ കൊടുംകാട്ടിലോ പോയൊളിക്കാവുന്നതേ ഉള്ളൂ.
*****
ചിലരുടെ നെറ്റി ചുളിഞ്ഞത്‌ കാണാനുണ്ട്‌. കുറച്ച്‌ പള്ളി കത്തിക്കുകയോ ചിലരെ കത്തിച്ചുകൊല്ലുയോ വേറെ ചിലരെ കൊന്നുകത്തിക്കുകയോ കുറച്ചുബോംബ്‌ പൊട്ടിക്കുകയോ ചെയ്‌തതുകൊണ്ടുമാത്രം ഒരു സംഘടന ഭീകര സംഘടനയാകുമോ ?കറയറ്റ രാജ്യസ്‌നേഹികളെ ഭീകരരെന്ന്‌ വിളിക്കുന്നതല്ലേ തെറ്റ്‌ ? ലോകത്തെ ഒരു നിയമവും ഭീകരന്‍ രാജ്യസ്‌നേഹിയാണോ എന്ന്‌ അന്വേഷിക്കുന്നില്ല. രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആശയപരമോ ആയ ലക്ഷ്യംനേടുന്നതിന്‌ വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങളിലൂടെ പൊതുസമൂഹത്തില്‍ ഭീകരത സൃഷ്‌ടിക്കുന്നവരാണ്‌ ഭീകരര്‍ എന്ന്‌ ബ്രിട്ടീഷ്‌ അമേരിക്കന്‍ നിയമങ്ങള്‍ പറയുന്നുണ്ട്‌. ഇന്ത്യന്‍ സൂപ്രീംകോടതി ഒരടി കൂടിക്കടന്ന്‌, വ്യക്തികളില്‍ ഉണ്ടാക്കുന്ന മുറിവുകളേക്കാളേറെ സമൂഹമനസ്സില്‍ ഉണ്ടാക്കുന്ന ഭീതിയാണ്‌ പ്രധാനമെന്ന്‌ പറയുന്നുണ്ട്‌. അതാണ്‌ പ്രധാനം. ഒരു ജനവിഭാഗത്തെ ഭീതിയിലേക്ക്‌ തള്ളിയിട്ട്‌ ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കലാണ്‌ ഭീകരപ്രവര്‍ത്തനമെങ്കില്‍ ഭീകരവാദി രാജ്യസ്‌നേഹിയും ഈശ്വരഭക്തനും ആയതുകൊണ്ടൊന്നും ഭീകരനല്ലാതാവുന്നില്ല.
*****
ജാമിയ മില്ലിയ വൈസ്‌ ചാന്‍സലറോട്‌ ഒരു കാര്യത്തില്‍ കടുത്ത ഭിന്നതയുണ്ട്‌. കുട്ടികള്‍ ഇന്നതരം കേസുകളിലേ ചെന്നുപെടാവൂ എന്ന്‌ നിര്‍ബന്ധിക്കുന്നതുശരിയല്ല. ഓരോരുത്തരും അവരുടെ അഭിരുചിക്കൊത്ത കേസുകളിലാണ്‌ ചെന്നുപെടുക. അതില്‍ സ്‌ഫോടനം, തീവ്രവാദിയാക്രമണം തുടങ്ങിയ അപ്പര്‍ക്ലാസ്‌ കേസുകള്‍ക്ക്‌ മാത്രം യൂണിവേഴ്‌സിറ്റി ചെലവുസഹായം നല്‌കുന്നത്‌ നീതിയല്ല.നിര്‍ഭാഗ്യംകൊണ്ട്‌ കുട്ടികള്‍ ഏതുതരം കേസിലും ചെന്നുപെടാം. നിരപരാധികളാണ്‌ കുട്ടികളെന്ന്‌ ഉറപ്പുണ്ടെങ്കില്‍ വൈസ്‌ ചാന്‍സലര്‍ക്ക്‌ അവരെ ജാമ്യത്തിലിറക്കാം, കേസ്‌ നടത്താന്‍ സംഭാവനയും നല്‌കാം. പക്ഷേ, കൊടും ഭീകര കേസിലേ യൂണി. ഫണ്ടില്‍ നിന്നെടുത്ത്‌ സഹായം നല്‍കൂ എന്നുപറയുന്നത്‌ വിവേചനപരമാണ്‌. തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ്‌ യൂണിവേഴ്‌സിറ്റിയുടെ സഹായം ആവശ്യമില്ലാത്തത്‌. അവര്‍ നിരപരാധികളാണെങ്കില്‍ സഹവിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം സഹായിക്കും. തീവ്രവാദികളാണെങ്കില്‍ പറയാനുമില്ല, പണമൊഴുകിവരും. കാര്‍മോഷണക്കേസ്സിലോ സ്‌ത്രീപീഡനക്കേസ്സിലോ ചെന്നുപെടുന്നവരെയും സഹായിച്ചൂകൂടേ ബഹുമാനപ്പെട്ട വൈസ്‌ ചാന്‍സലര്‍ക്ക്‌... ?


N.P.Rajendran

No comments:

Followers