സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, November 22, 2008

മാലേഗാവ്‌ ഉയര്ത്തു ന്ന ചോദ്യങ്ങള്‍

മാലേഗാവ്‌ തീവ്രവാദി ആക്രമണക്കേസ്‌ സംബന്ധിച്ച്‌ അറസ്റ്റിലായ സ്വാധി പ്രജ്ഞാസിങ്‌ ഠാക്കൂറിന്റെ പരാതി പരിശോധിച്ച്‌ നടപടിയെടുക്കണമെന്ന്‌ പ്രധാനമന്ത്രിയോട്‌ പ്രതിപക്ഷ നേതാവ്‌ എല്‍.കെ. അദ്വാനി. ഒരു തീവ്രവാദി കേസില്‍ പ്രതിയായ പ്രജ്ഞാസിങ്ങിനെ പിന്തുണയ്‌ക്കരുത്‌ എന്ന്‌ പ്രതിപക്ഷ നേതാവിനോട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌. പ്രജ്ഞാസിങ്‌ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ തന്നെ പോലീസ്‌ പീഡിപ്പിക്കുന്നു എന്ന്‌ പരാതിപ്പെട്ടത്‌. ഒരു സംന്യാസിനിയെ ഇങ്ങനെ പീഡിപ്പിക്കാമോ എന്നാണ്‌ അദ്വാനി ചോദിച്ചത്‌.

ഒരു തീവ്രവാദിയെ പ്രതിപക്ഷ നേതാവ്‌ എന്തിനു പിന്താങ്ങുന്നു എന്നാണ്‌ പ്രധാനമന്ത്രിയുടെ ചോദ്യം. പ്രജ്ഞാസിങ്ങിന്റെ സത്യവാങ്‌മൂലം പരിശോധിക്കാന്‍ അദ്വാനി മന്‍മോഹന്‍സിങ്ങിനോട്‌ ആവശ്യപ്പെട്ടു. ഈ കേസ്‌ സംബന്ധിച്ച്‌ ഗവണ്‍മെന്റിന്റെ കൈയിലുള്ള വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ കാണിക്കാന്‍ തയ്യാറാണ്‌ എന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. വിവരങ്ങളുമായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ. നാരായണന്‍ പ്രതിപക്ഷ നേതാവിനെ കാണുകയും ചെയ്‌തു. ഇനിയെന്ത്‌ എന്നത്‌ സ്വാഭാവികമായ ചോദ്യം. മാലേഗാവ്‌ സ്‌ഫോടനക്കേസ്‌ ഒരു രാഷ്ട്രീയപ്രശ്‌നമായി മാറുന്ന പശ്ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പ്രതിപക്ഷ നേതാവ്‌ അദ്വാനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടത്‌. മാലേഗാവ്‌ സ്‌ഫോടനവും അതിലുള്‍പ്പെട്ട ലെഫ്‌. കേണല്‍ പ്രസാദ്‌ പുരോഹിതില്‍ ആരോപിക്കപ്പെട്ട പഴയ സംഝോതാ എക്‌സ്‌പ്രസ്‌ ദുരന്തവും കേവലം ക്രിമിനല്‍ കുറ്റങ്ങള്‍ക്കുപരി വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്ന അവസ്ഥയിലാണ്‌. മാലേഗാവ്‌ സ്‌ഫോടനവും ഗുജറാത്തിലെ സംഝോതാ എക്‌സ്‌പ്രസ്‌ ദുരന്തവും സംബന്ധിച്ച ആരോപണങ്ങളെ ബി.ജെ.പി. സ്വന്തം ശരീരത്തിലേറ്റ മുറിവായെടുക്കുന്നതാണ്‌ പ്രശ്‌നം.

പ്രജ്ഞാസിങ്ങിനെയും കേണല്‍ പുരോഹിതിനെയും പ്രതികളാക്കിയത്‌ സംന്യാസികളെയും പട്ടാളത്തെയും കരിതേക്കുന്ന സംഭവമാണ്‌ എന്നാണ്‌ അദ്വാനി കുറ്റപ്പെടുത്തിയത്‌. സംന്യാസി ലോകത്തും പട്ടാളത്തിലും ചില മോശം വ്യക്തികളെ മുമ്പും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ പട്ടാളമാകെയും സംന്യാസി ലോകമാകെയും മോശം എന്ന്‌ പറയാനാവില്ല. മാലേഗാവ്‌ കേസില്‍ ബി.ജെ.പി. പ്രസിഡന്റ്‌ രാജ്‌നാഥ്‌സിങ്ങാണ്‌ പോലീസിനും സര്‍ക്കാറിനും കോണ്‍ഗ്രസ്സിനുമെതിരെ കടുത്ത ആക്രമണത്തിന്‌ ഒരുമ്പെട്ടത്‌. 'ഇസ്‌ലാമിക തീവ്രവാദ'ത്തിനെതിരെ കോണ്‍ഗ്രസ്‌ 'ഹിന്ദു തീവ്രവാദം' കെട്ടിച്ചമയ്‌ക്കുകയാണെന്നും ഇത്‌ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നയിക്കുമെന്നുമൊക്കെയാണ്‌ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞത്‌. തീവ്രവാദി ആക്രമണങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്‌ ഗവണ്മെന്റ്‌ 'ഹിന്ദു തീവ്രവാദം' കെട്ടിച്ചമച്ച്‌ രക്ഷപ്പെടാന്‍ നോക്കുകയാണ്‌ എന്നാണ്‌ കഴിഞ്ഞദിവസം ലഖ്‌നൗവില്‍ കച്ചവടക്കാരുടെ ഒരു റാലിയില്‍ കുറ്റപ്പെടുത്തിയത്‌. ഇസ്‌ലാമിക തീവ്രവാദം, ഹിന്ദുതീവ്രവാദം എന്നൊക്കെ പ്രചരിപ്പിക്കുന്നത്‌ രാജ്യദ്രോഹമാണ്‌ എന്ന്‌ പറയേണ്ടതില്ല. ഏതെങ്കിലും ഒരു ഹിന്ദു, അത്‌ സംന്യാസിയായാല്‍പ്പോലും ചെയ്യുന്ന അക്രമത്തിനു മുഴുവന്‍ ഹിന്ദുക്കളെയും അപമാനിക്കുന്നതു ശരിയല്ല. മുസ്‌ലിങ്ങളുടെ കാര്യത്തിലും ഇതുപോലെ തന്നെ. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കെത്തുമെന്നൊക്കെ പറയുന്നത്‌ അപകടകരമാണെന്ന്‌ രാജ്‌നാഥ്‌ സിങ്‌ ആണ്‌ ഓര്‍ക്കേണ്ടത്‌. അതും വളരെ വികാരപരമായ ഒരുപ്രശ്‌നത്തില്‍ ഊന്നിയാണ്‌ ഇതു പറയുന്നത്‌. സാധ്വിയും കേണല്‍ പുരോഹിതും കുറ്റക്കാരാണോ എന്നു വിധിക്കാറായിട്ടില്ല. അത്‌ ഇനിയങ്ങോട്ടുള്ള അന്വേഷണങ്ങളും കോടതിയും തീരുമാനിക്കും. അതിനു മുമ്പുതന്നെ അവരെ കുറ്റക്കാരായി പ്രഖ്യാപിക്കുന്നതു പോലെത്തന്നെ കുറ്റകരമാണ്‌ അവരെ നിരപരാധികളായി ചിത്രീകരിക്കുന്നതും.

ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജാമിയാനഗറില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണ്‌ എന്നു പറഞ്ഞ സ്യൂഡോ സെക്യുലറിസ്റ്റുകളേക്കാള്‍ ഒട്ടും പിന്നിലല്ല സാധ്വിയെയും കേണല്‍ പുരോഹിതിനെയും പിന്തുണയ്‌ക്കാനുള്ള തിടുക്കം. അഭിമാനത്തോടെ രാജ്യം ഭരിച്ച ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ബി.ജെ.പി. ജനങ്ങള്‍ക്കു വിശ്വാസമുള്ള പാര്‍ട്ടി. ഇക്കാലമത്രയും ആ പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖം രാജ്യസ്‌നേഹത്തിന്‍േറതാണ്‌. ജാമിയാനഗറില്‍ തീവ്രവാദികളെ വെള്ളപൂശുന്ന ഫാഷന്‍ സെക്യുലറിസ്റ്റുകളുടെ നിലയിലേക്ക്‌ അധഃപതിക്കാന്‍ അദ്വാനിയെപ്പോലുള്ള ദേശീയ നേതാക്കള്‍ക്കു കഴിയുകയില്ല. തീവ്രവാദികള്‍, അവര്‍ ഹിന്ദുക്കളായാലും സംന്യാസികളായാലും ബി.ജെ.പി. എന്തിനു വ്യാകുലപ്പെടണം? അവരെ നിയമത്തിന്റെ വഴിക്കുവിടുക. ആവശ്യമെങ്കില്‍ നിയമസഹായം നല്‌കുക. കുറ്റവാളിയായ ഒരു ഹിന്ദുവിനെ സംരക്ഷിക്കുന്നത്‌ ഹിന്ദുത്വവും ഹിന്ദുസംരക്ഷണവുമാവില്ല. ഇനി അതല്ല രാജ്‌നാഥ്‌ സിങ്‌ കുറ്റപ്പെടുത്തിയതുപോലെ 'ഇസ്‌ലാമിക തീവ്രവാദത്തി'നെതിരെ 'ഹിന്ദുതീവ്രവാദവും' കോണ്‍ഗ്രസ്‌ കെട്ടിച്ചമയ്‌ക്കുന്നതാണെങ്കില്‍ ബി.ജെ.പി. എന്തിന്‌ ആ ചതിക്കുഴിയില്‍ വീഴണം? രാഷ്ട്ര സ്‌നേഹത്തിന്റെ മുഖം നഷ്‌ടപ്പെടുത്തുന്നത്‌ ബി.ജെ.പി.ക്ക്‌ വലിയ നഷ്‌ടം തന്നെയാകും.

No comments:

Followers