സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, November 3, 2008

വോട്ട്‌ തീവ്രവാദം

എന്‍.ഡി.എഫിന്റെ വോട്ട്‌ സ്വീകരിക്കണമോ വേണ്ടയോ എന്നത്‌ സംബന്ധിച്ച്‌ മുസ്‌ലിം ലീഗിന്റെ നേതൃതലത്തില്‍ കാര്യമായ ചര്‍ച്ച നടക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.ഡി.എഫുകാര്‍ വോട്ടുകള്‍ ചാക്കുകളിലാക്കി ചുമന്നുകൊണ്ടുവന്ന്‌ ലീഗ്‌ ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്നത്‌ സംഗതി സുരക്ഷിത ഹസ്‌തങ്ങളിലേക്ക്‌ വേഗം കൈമാറാനാണ്‌. ഉടനെ തീരുമാനമെടുത്തേ പറ്റൂ. എത്ര നേരമാണ്‌ പാവങ്ങളെ വെറുതെ പുറത്തുനിര്‍ത്തുക. സാധാരണനിലയിലാണെങ്കില്‍ യുക്തമായ സമയത്ത്‌ യുക്തമായ തീരുമാനം പാണക്കാട്‌ തങ്ങള്‍ എടുത്താല്‍ മതി. ഇതങ്ങനെപോരാ. നാഷണല്‍ ഡമോക്രാറ്റിക്‌ ഫ്രണ്ട്‌ എന്ന മൊഞ്ചന്‍ പേരുള്ള സംഘടനയുടെ പ്രവര്‍ത്തകര്‍ വോട്ടുതരാം വോട്ടുതരാം എന്ന്‌ പറഞ്ഞ്‌ പിറകെ നടക്കുമ്പോള്‍ വേണ്ട എന്നുപറയുന്നത്‌ മറ്റൊരുതരം തീവ്രവാദംതന്നെയാണ്‌. നാഷണലിനോടും നമുക്ക്‌ എതിര്‍പ്പില്ല, ഡമോക്രാറ്റിക്കിനോടും ഇല്ല. പിന്നെയെന്തിന്‌ ആ ഫ്രണ്ടിന്റെ വോട്ട്‌ വേണ്ട എന്ന്‌ പറയണം! മുസ്‌ലിം ലീഗില്‍ മുസ്‌ലിം എന്നുള്ളതുകൊണ്ടാണ്‌ അത്‌ വര്‍ഗീയമാണെന്ന്‌ സി.പി.എമ്മുകാരും മറ്റും പറയുന്നത്‌. ശുദ്ധമതേതര സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കിയ പി.ഡി.പി., ഐ.എന്‍.എല്‍. പാര്‍ട്ടികളെപ്പോലെ എന്‍.ഡി.എഫിന്റെയും നെയിംബോര്‍ഡ്‌ തീര്‍ത്തും മതേതരമാണ്‌. ദേശീയ ജനാധിപത്യ മുന്നണിയെന്ന്‌ പച്ചമലയാളം. വെള്ളം ചേര്‍ക്കാത്തത്‌, തികച്ചും സുതാര്യം. പുറത്തൊന്നും അകത്ത്‌ മറ്റൊന്നും കൊണ്ടുനടക്കുന്ന ഏര്‍പ്പാട്‌ അവര്‍ക്കില്ല. മതവുമായോ മൗലികവാദവുമായോ തീവ്രവാദവുമായോ ഒരു ബന്ധവുമില്ല. താടിയും തലേക്കെട്ടുംപോലുമില്ല. ഇടത്തുകൈയിലെ പിച്ചാത്തി പിറകില്‍ ഒളിപ്പിച്ച്‌ വലതുകൈ കൊണ്ട്‌ ഷെയ്‌ക്ക്‌ഹാന്‍ഡ്‌ കൊടുക്കുന്ന പരിപാടിയും അവര്‍ക്കില്ല. സാധനം വലതുകൈയില്‍ നാലാളുകാണെത്തന്നെ പിടിച്ചിട്ടുണ്ട്‌. എം.കെ.മുനീറിനെപ്പോലെ ചില മതേതര തീവ്രവാദികളാണ്‌ എന്‍.ഡി.എഫിന്റെ വോട്ട്‌ വേണ്ടാ എന്ന്‌ പറയുന്നത്‌. എന്തൊരവിവേകം, അക്രമം. ഒരാള്‍ മനസ്സറിഞ്ഞ്‌ തരുന്നത്‌ നോട്ടായാലും വോട്ടായാലും രണ്ടുകൈയും നീട്ടിവാങ്ങണം. ദാനംകിട്ടുന്ന പയ്യിന്റെ പല്ലെണ്ണിക്കൂടാ. വോട്ട്‌ തരണം എന്നാവശ്യപ്പെടാനല്ലാതെ വോട്ട്‌ തരേണ്ട എന്നാവശ്യപ്പെടാന്‍ തിരഞ്ഞെടുപ്പു നിയമത്തില്‍ വകുപ്പില്ല. ഇലക്‌ട്രോണിക്‌ പെട്ടിയില്‍ കുത്തിയ വോട്ടിന്റെ ഡി.എന്‍.എ. ടെസ്റ്റ്‌ നടത്തി അവിഹിതം കണ്ടെത്തി ഡിലീറ്റ്‌ ചെയ്‌തുകളയാന്‍ റിട്ടേണിങ്‌ ഓഫീസര്‍ക്കോ സ്ഥാനാര്‍ഥിക്കുപോലുമോ കഴിയുകയില്ല. കേരളത്തില്‍ ഏതെങ്കിലും പാര്‍ട്ടി ആരുടെയെങ്കിലും വോട്ട്‌ എന്നെങ്കിലും തോട്ടിലെറിഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. സംഘപരിവാറുകാരുടെ വോട്ടുപോലും നമ്മള്‌ വാങ്ങി സാക്ഷാല്‍ മുനീറിന്റെ പെട്ടിയിലും ഇട്ടിട്ടുണ്ട്‌. പിന്നെയാണോ എന്‍.ഡി.എഫ്‌.? ഒരു ശല്യവും ചെയ്യാത്ത സംഘടനയാണ്‌ എന്‍.ഡി.എഫ്‌. എന്ന്‌ കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ തെളിഞ്ഞതാണ്‌. അവര്‍ മത്സരിക്കാന്‍ പൊന്നാനി സീറ്റൊന്നും ചോദിക്കില്ല. സ്വാശ്രയ മെഡിക്കല്‍കോളേജോ എന്‍ജി. കോളേജോ വഖഫ്‌ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനമോ ചോദിച്ചുവരില്ല. ഓരോരുത്തരെ വെട്ടിക്കൊല്ലും, ബോംബുവെക്കും. അത്രയേ ഉള്ളൂ. അപ്പോള്‍ കേസിലൊന്നു സഹായിച്ചുകൊടുത്താല്‍ മതിയാകും. എത്ര കേസുകളാണ്‌ നമ്മുടെ ഭരണകാലത്ത്‌ പിന്‍വലിച്ചുകൊടുത്തത്‌. പക്ഷേ, നമുക്ക്‌ ചെയ്‌തുതന്നിട്ടില്ലാത്ത സഹായമാണ്‌ അവരിപ്പോള്‍ ഇടതുഭരണത്തിന്‌ ചെയ്‌തുകൊടുക്കുന്നത്‌. അതത്ര പന്തിയായി തോന്നുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിമിനല്‍ കുറ്റവാളികളെ ചെല്ലും ചെലവും കൊടുത്ത്‌ കശ്‌മീരിലേക്ക്‌ കടത്തുകയാണ്‌ അവര്‍. സംസ്ഥാനത്തോട്‌ ചെയ്യുന്ന വലിയ സേവനംതന്നെ. കുടുംബത്തിനും നാട്ടുകാര്‍ക്കും പോലീസിനും അവരെക്കൊണ്ടുള്ള ശല്യം അതോടെ തീരും. ഇതിനേക്കാള്‍ വിഷമുള്ള സ്വദേശികളും വിദേശികളും അവിടെ മുമ്പേ തമ്പടിച്ചതുകൊണ്ട്‌ വലിയ പ്രശ്‌നമൊന്നും കശ്‌മീരുകാര്‍ക്കും ഉണ്ടാകുന്നില്ല. സംസ്‌കരിക്കാനുള്ള ചെലവ്‌ കശ്‌മീര്‍ സര്‍ക്കാര്‍ വഹിച്ചുകൊള്ളും. നമ്മളൊന്നും അറിയേണ്ട.

മുണ്ടുടുത്താല്‍ ബി.ജെ.പി. മുണ്ടഴിച്ചാല്‍ ആര്‍.എസ്‌.എസ്‌. എന്ന്‌ സംഘപരിവാറുകാരെക്കുറിച്ച്‌ പണ്ട്‌ പറയാറുണ്ടായിരുന്നു. മുണ്ടഴിക്കേണ്ട ബുദ്ധിമുട്ടുപോലും എന്‍.ഡി.എഫുകാര്‍ക്കില്ല. പകല്‍ ഏതുപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. രാത്രിയിലേ കത്തികൊണ്ടും തോക്കുകൊണ്ടും ബോംബുകൊണ്ടുമുള്ള കളിയുള്ളൂ. അത്യാവശ്യം കടുംകൈക്രിയകള്‍ നമുക്കുവേണ്ടിയും ചെയ്‌തുതരും. കൊട്ടേഷന്‍കാരെപ്പോലെയല്ല, കാശൊന്നും കൊടുക്കേണ്ട. എല്ലാറ്റിനും പുറമെ തനി ദേശീയ ജനാധിപത്യവാദികളായി നമുക്കു വോട്ടുപിടിച്ചുതരികയും ചെയ്യും. വോട്ട്‌ വേണ്ടെന്നുപറയുന്നവര്‍ എന്‍.ഡി.എഫുകാരുടെ മനഃപ്രയാസം തീരെ കാണുന്നില്ല. എന്‍.ഡി.എഫും എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെല്ലാം നെയിംബോര്‍ഡില്‍ ഓരോ അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും മൂന്നിന്റെയും ഉള്ളിലിരിപ്പ്‌ വ്യത്യസ്‌തങ്ങളാണ്‌. എന്‍.ഡി.എഫിനെ ജീവനോടെ പൊരിക്കാന്‍ നടക്കുന്നവരാണ്‌ സംഘപരിവാറുകാര്‍. ഈയിടെയായി അവരേക്കാള്‍ കഠിനമാണ്‌ സി.പി.എം. സഖാക്കളുടെ നിലപാട്‌. ഇവരെയും മാറ്റിനിര്‍ത്തിയാല്‍ പിന്നെ എന്‍.ഡി.എഫുകാര്‍ എവിടെയാണ്‌ വോട്ടുകുത്തുക? ഇക്കാലത്ത്‌ വോട്ട്‌ അസാധുവാക്കാന്‍ പറ്റില്ല, കൊടിയ ദേശീയ ജനാധിപത്യവാദികളായതുകൊണ്ട്‌ വോട്ടുചെയ്യാതിരിക്കാനും മനഃസാക്ഷി സമ്മതിക്കില്ല. എന്തൊരു ധര്‍മസങ്കടക്കടലിലാണ്‌ ദേശീയജനാധിപത്യതീവ്രവാദികളെ നിങ്ങള്‍ തള്ളിയിട്ടിരിക്കുന്നത്‌. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും വ്യവസായമന്ത്രി എളമരം കരീം വ്യവസായനിക്ഷേപകരെ ആകര്‍ഷിക്കാനുമാണ്‌ വിദേശത്തേക്ക്‌ പോയത്‌. നല്ല ആശയം തന്നെ. പുതിയൊരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തുകഴിഞ്ഞാല്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍പാടില്ലാത്ത കീഴ്‌വഴക്കങ്ങളിലൊന്നാണ്‌ ഈ യാത്ര. എത്ര മന്ത്രിമാര്‍ ഇതിന്‌ മുമ്പ്‌ പോയിരിക്കുന്നു, ഇനിയെത്രപേര്‍ പോകാനിരിക്കുന്നു. ഒരു ഗുണവും ഇല്ലെങ്കിലും കേരളത്തിന്‌ ഒരു ദോഷവും ഇല്ലാത്തതുതന്നെയാണ്‌ ആ യാത്രകള്‍. അര നൂറ്റാണ്ടിനിടയില്‍ വ്യവസായ-വിനോദസഞ്ചാരമന്ത്രിമാര്‍ക്ക്‌ ലഭിച്ച നിക്ഷേപവാഗ്‌ദാനങ്ങള്‍ ആകെ കൂട്ടിനോക്കിയാല്‍ കേരളം അമേരിക്കയായി മാറേണ്ട സമയം എന്നേ കഴിഞ്ഞു. അമേരിക്ക നശിച്ച്‌ നാറാണക്കല്ലാകേണ്ട സമയവും കഴിഞ്ഞു. അതൊന്നും നമ്മുടെ യാത്ര വേണ്ടെന്നുവെക്കാന്‍ മതിയായ കാരണമല്ലതന്നെ. കോടിയേരിയും കരീമും യാത്രപോയ സമയം ജ്യോതിഷവശാല്‍ ഉത്തമമാകാമെങ്കിലും സാമ്പത്തികശാസ്‌ത്രവശാല്‍ ഇത്തിരി മധ്യമമായിപ്പോയോ എന്ന സംശയം ചിലര്‍ക്കുണ്ട്‌. പാശ്‌്‌ചാത്യ സഞ്ചാരികള്‍ വിനോദയാത്രകള്‍ റദ്ദാക്കി ടിക്കറ്റിന്റെ കാശുകൊണ്ട്‌ കുറച്ചുനാളെങ്കിലും കഴിഞ്ഞുകൂടാനാകുമോ എന്നുനോക്കുകയാണല്ലോ. വിദേശമലയാളികള്‍ പലരും നാട്ടിലേക്ക്‌ മടങ്ങാന്‍ ടിക്കറ്റ്‌ അന്വേഷിക്കുമ്പോഴാണ്‌ മൂലധനം ചോദിച്ച്‌ നമ്മള്‍ ചെല്ലുന്നത്‌. സാമ്പത്തികത്തകര്‍ച്ചയേ അമേരിക്കയിലുള്ളൂ. കേരളീയര്‍ക്ക്‌ അതിനുപുറമെ ബുദ്ധിഭ്രമവും ഉണ്ടായോ എന്നവര്‍ക്ക്‌ സംശയം ഉണ്ടാകാനിടയുണ്ടെന്നതും നേരുതന്നെ. പക്ഷേ, മന്ത്രിമാര്‍ ഇപ്പോള്‍ പോയതുതന്നെയാണ്‌ ബുദ്ധി. ഓഹരിവില നന്നെ ഇടിയുമ്പോഴാണ്‌ ഓഹരി വാങ്ങേണ്ടതെന്ന്‌ പറയുന്നതുപോലെ ഒരു ഗതിയുമില്ലാതെ വിദേശികള്‍ വീട്ടില്‍ അടച്ചുകിടക്കുമ്പോളാണ്‌ നമ്മള്‍ അവനെത്തേടിച്ചെല്ലേണ്ടത്‌്‌. ലോകം അവനെ തിരിഞ്ഞുനോക്കാത്ത കാലത്ത്‌ അവിടെച്ചെന്ന്‌ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ രണ്ടു ഡോളര്‍ തരുമോ എന്നുചോദിച്ചവരോട്‌ അവര്‍ക്കെന്തായാലും കഠിനസ്‌നേഹം തോന്നാതിരിക്കില്ല. രണ്ടുകൊല്ലം കഴിഞ്ഞാലെങ്കിലും, അവന്‍ വീണേടത്ത്‌ നിന്നെഴുനേറ്റാല്‍ ആദ്യംവരുന്നത്‌ കേരളത്തിലേക്കായിരിക്കും. വന്ന്‌ കോടിയേരിയെ കെട്ടിപ്പിടിച്ചുമ്മ വെക്കുകയും ചെയ്യും തീര്‍ച്ച. തീവ്രവാദിപ്രശ്‌നം ചൂടായിനി'ുമ്പോള്‍ മന്ത്രി പോകരുതായിരുന്നു എന്നു പറയുന്നവരുടെ, മന്ത്രിപദവിയെക്കുറിച്ചുള്ള ധാരണകള്‍ കുറച്ചേറെ അതിശയോക്തിപരമാണ്‌. മന്ത്രിയാരായാലും എവിടെയായാലും വല്ല വ്യത്യാസവുമുണ്ടോ കൂട്ടരേ?

ബദ്ധവൈരികളെങ്കിലും ഹിന്ദു മുസ്‌ലിം മിതവാദികള്‍ക്കും തീവ്രവാദികള്‍ക്കുമെല്ലാം ഒരു കാര്യത്തില്‍ യോജിപ്പാണ്‌. ഭീകരന്മാരെ മതത്തിന്റെ പേരുചേര്‍ത്ത്‌ വിളിക്കരുത്‌. അതിനൊരു പുതിയ തിയറിയും ഉണ്ടാക്കിയിട്ടുണ്ട്‌. ഭീകരര്‍ക്ക്‌ മതമില്ല. അസ്സല്‌ തിയറി. കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരപ്രവര്‍ത്തനപരമ്പരയെ സിഖ്‌ ഭീകരവാദം എന്നുവിളിക്കുന്നതില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും ഉണ്ടായിരുന്നില്ല. അതുമുഴുവന്‍ സിഖുകാര്‍ക്കും പേരുദോഷമുണ്ടാക്കുമെന്നൊരു ചിന്ത ഇപ്പോള്‍ മുസ്‌ലിം, ഹിന്ദു മതങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്കുണ്ടായിരുന്നില്ല. സിഖ്‌ തീവ്രവാദത്തെ അടിച്ചമര്‍ത്തിയ, സിഖുകാരന്‍ തന്നെയായ പോലീസ്‌ മേധാവി കെ.പി.എസ്‌ . ഗില്ലും ആ ഭീകരവാദത്തെ സിഖ്‌ ഭീകരവാദം എന്നുതന്നെയാണ്‌ വിളിച്ചിരുന്നത്‌. മതത്തിന്റെ കൊടിയുയര്‍ത്തി, അതുമാത്രമുയര്‍ത്തി ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ആ മതത്തിന്റെ പേരില്‍ത്തന്നെയാണ്‌ അറിയപ്പെടേണ്ടത്‌- ഹിന്ദുവായാലും മുസ്‌ലിമായാലും സിഖായാലും ബിന്‍ലാദനെ സൗദി അറേബ്യന്‍ ഭീകരന്‍ എന്നാണോ വിളിക്കേണ്ടത്‌? മിശ്രവിവാഹം നടത്തിയവര്‍ക്കുപോലും മതഭ്രഷ്‌ടും ഊരുവിലക്കും പ്രഖ്യാപിക്കുന്നവരാരും ഭീകരപ്രവര്‍ത്തനം നടത്തിയവരെ മതത്തിനു പുറത്താക്കിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല, അവര്‍ക്കെതിരെ ഒരു മതശാസന പോലും ഇറക്കിയിട്ടില്ല. അതാദ്യം നടക്കട്ടെ, എന്നിട്ടാകാം ഭീകരര്‍ക്കു മേലുള്ള ലേബല്‍ പറിച്ചുമാറ്റുന്നത്‌.

No comments:

Followers