സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, June 28, 2011

ആശങ്കാകുലം ഇന്ദ്രപ്രസ്‌ഥം : കെ.എം. റോയി

പ്രഥമദര്‍ശനത്തില്‍ കാണികള്‍ക്കെല്ലാം സ്‌ഥലജലവിഭ്രാന്തിയുണ്ടാക്കുംവിധം സ്‌ഫടിക സോപാനങ്ങളും മറ്റുംകൊണ്ടു പഞ്ചപാണ്ഡവര്‍ക്കായി നിര്‍മിച്ച മനോഹര നഗരമായിരുന്നു ഇന്ദ്രപ്രസ്‌ഥം. ആ പാണ്ഡവരുടെ രാജധാനി നഗരമാണിന്ന്‌ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്‌ഥാനമായ ഡല്‍ഹി. പാണ്ഡവരുടെ കാലത്ത്‌ ഇന്ദ്രപ്രസ്‌ഥത്തില്‍ നടന്ന കരുനീക്കങ്ങളെയെല്ലാം വെല്ലുന്ന രാഷ്‌ട്രീയ നീക്കങ്ങളുടെ സങ്കേതമായി ഇപ്പോള്‍ ഡല്‍ഹി മാറിക്കഴിഞ്ഞു.

ആ ഡല്‍ഹിയിലെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണെന്നു മനസിലാക്കാന്‍ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമല്ല രാഷ്‌ട്രീയ നേതാക്കള്‍ക്കും കഴിയാത്ത സ്‌ഥിതിയാണ്‌ ഇന്നുള്ളത്‌. രാഷ്‌ട്രീയ ഭാവിയെക്കുറിച്ച്‌ ഇത്രയധികം ആശങ്കയും ഉത്‌കണ്‌ഠയും സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള കാലഘട്ടം ഡല്‍ഹിയില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.

ഡല്‍ഹിയില്‍ ഈയിടെ മൂന്നുനാലു ദിവസം ചെലവഴിച്ചപ്പോള്‍ എന്റെ മനസില്‍ വരയ്‌ക്കപ്പെട്ട രാഷ്‌ട്രീയചിത്രം അങ്ങനെയുള്ള ഒരുതരം അവിശ്വസനീയതയുടേതാണ്‌. മാധ്യമപ്രവര്‍ത്തകരോടും ഭരണകക്ഷിയായ കോണ്‍ഗ്രസിലെ നേതാക്കളോടും സംസാരിച്ചപ്പോള്‍ അവര്‍ക്കൊന്നുംതന്നെ ഭാവിയെക്കുറിച്ചു വ്യക്‌തമായ രൂപമില്ല. ഓരോരുത്തരും ഓരോരോ നിഗമനത്തിലെത്തിച്ചേരുന്നു എന്നുമാത്രം.

മൂന്നു സംഭവവികാസങ്ങളിലേക്കാണു ഡല്‍ഹി രാഷ്‌ട്രീയത്തിന്റെ ശ്രദ്ധയിപ്പോള്‍ തിരിഞ്ഞിരിക്കുന്നത്‌. അതിലാദ്യത്തേതു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭയുടെയും കോണ്‍ഗ്രസിന്റെയും പുനഃസംഘടനയാണ്‌. മറ്റൊന്ന്‌, ധനമന്ത്രിയും കേന്ദ്രഭരണത്തിന്റെയും പാര്‍ട്ടിയുടെയും അഞ്ചു സൂത്രധാരന്മാരിലൊരാളുമായ പ്രണബ്‌ മുഖര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചാരവൃത്തിയാണ്‌. മൂന്നാമത്തേത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ അവതാരമായി വന്നിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ഭാവി കരുനീക്കങ്ങളും.

കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധികളെ തരണംചെയ്യുന്നതിനു കേന്ദ്രമന്ത്രിസഭയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാനാണു പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏറ്റവും വേഗം ആ മന്ത്രിസഭാ പുനഃസംഘടന നടക്കും.

ആ അഴിച്ചുവാര്‍ക്കലില്‍ ആരെല്ലാം തെറിക്കും ആര്‍ക്കെല്ലാം അധികാരാവരോഹണം ഉണ്ടാകും എന്നതിനേപ്പറ്റിയാണ്‌ ഊഹാപോഹങ്ങള്‍. ഈ അഴിച്ചുവാര്‍ക്കലില്‍ കേരളത്തില്‍നിന്നുള്ള അഞ്ചു കോണ്‍ഗ്രസ്‌ മന്ത്രിമാരില്‍ ഒരാള്‍ക്കു സ്‌ഥാനം നഷ്‌ടപ്പെടുമെന്നാണ്‌ ഇപ്പോഴുള്ള സൂചനകള്‍. അതൊരുപക്ഷേ രണ്ടായിരിക്കാനുമിടയുണ്ടത്രേ.

അങ്ങനെ സ്‌ഥാനം നഷ്‌ടപ്പെടുന്ന മന്ത്രിമാരെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുമെന്നാണു കരുതുന്നത്‌. മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുശേഷം രാജസ്‌ഥാനിലെ മൗണ്ട്‌ അബുവില്‍ നടക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വ സമ്മേളനത്തിലെ സംഘടനാ അഴിച്ചുവാര്‍ക്കലില്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിക്കപ്പെടും.

എന്നു മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാരെ അവരുടെ സംസ്‌ഥാനങ്ങളിലെ സംഘടനാ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ്‌ അവര്‍ക്കു കേന്ദ്രത്തില്‍ അധികാരം ഒഴിയേണ്ടിവരിക. അല്ലാതെതന്നെ കേന്ദ്രമന്ത്രിപദം നഷ്‌ടപ്പെടേണ്ടിവരുന്നവരില്‍ സീനിയര്‍ നേതാക്കളായ കമ്പനികാര്യ മന്ത്രി മുരളി ദേവ്‌റ, പരിപാടി നടപ്പാക്കല്‍ മന്ത്രി എം.എസ്‌. ഗില്‍, ചെറുകിട വ്യവസായമന്ത്രി വീരഭദ്രസിംഗ്‌ എന്നിവര്‍ ഉള്‍പ്പെടുമത്രേ.

ഒന്നുകില്‍ ഒഴിവാക്കപ്പെടുകയോ വകുപ്പുമാറ്റത്തിന്‌ വിധേയമാകുകയോ ചെയ്യുന്ന പ്രമാണിമാരില്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ, നിയമമന്ത്രി വീരപ്പമൊയ്‌ലി, നഗരവികസന മന്ത്രി കമല്‍നാഥ്‌, ഗ്രാമവികസനമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖ്‌, തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുള്‍പ്പെടുമെന്നാണു സൂചനകള്‍. കമല്‍നാഥിനു വിനയായി വന്നിരിക്കുന്നത്‌ അദ്ദേഹം വിവാദവിധേയനായ ബാബ രാംദേവിന്റെ ശിഷ്യനാണെന്നതാണ്‌. രാംദേവിന്റെ യോഗാശിഷ്യനായ കമല്‍നാഥിനെ നീക്കംചെയ്യണമെന്നു ചില കോണ്‍ഗ്രസ്‌ എം.പിമാര്‍തന്നെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ എഴുതിയിട്ടുണ്ട്‌.

കപില്‍ സിബല്‍, ഗുലാം നബി ആസാദ്‌, ജയറാം രമേശ്‌, സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നീ സീനിയര്‍ മന്ത്രിമാര്‍ക്കു വലിയ വകുപ്പുമാറ്റങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. പക്ഷേ, ഈ രാഷ്‌ട്രീയനീക്കങ്ങള്‍ക്കിടയിലാണു കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍നിന്നു രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമം നടത്തിയെന്ന ആരോപണം വാര്‍ത്തയായി വന്നത്‌. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നു മുഖര്‍ജി പ്രധാനമന്ത്രിയോട്‌ കത്തില്‍ ആവശ്യപ്പെടുകയാണു ചെയ്‌തത്‌. ധനമന്ത്രിയുടെ ഓഫീസിലെ മേശയ്‌ക്കിടയില്‍ പശപോലെ ഒട്ടിച്ചുവയ്‌ക്കുന്ന വസ്‌തുക്കളാണു കണ്ടെത്തിയത്‌. അതു സംഭാഷണങ്ങള്‍ ടേപ്പ്‌ ചെയ്യാനുള്ള സംവിധാനമായിരുന്നത്രേ. ആഭ്യന്തരമന്ത്രി പി. ചിദംബരമാണു ശ്രമത്തിന്റെ പിന്നിലെന്ന വാര്‍ത്തയും ഇതോടെ പുറത്തുവന്നു.

പക്ഷേ, കേന്ദ്ര രഹസ്യാന്വേഷണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ ഓഫീസിലെ കാര്യങ്ങള്‍ ടേപ്പ്‌ ചെയ്‌ത് ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ല അതെന്നും മറിച്ച്‌ ആരോ ചവച്ചുകൊണ്ടിരുന്ന ച്യൂയിംഗത്തിന്റെ ഭാഗങ്ങള്‍ മേശയ്‌ക്കുതാഴെ തേച്ചുവച്ചതായിരുന്നു അവയെന്നുമാണു വിശദീകരിക്കപ്പെട്ടത്‌. അതേത്തുടര്‍ന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാസോണി വിശദീകരിച്ചതു ധനമന്ത്രിയുടെ ഓഫീസില്‍ അങ്ങനെ ഒരുവിധത്തിലുള്ള ചാരവൃത്തിയും നടന്നിട്ടില്ലെന്നാണ്‌. എന്നുമാത്രമല്ല, ഇത്തരം വാര്‍ത്തകളില്‍നിന്നു മാധ്യമങ്ങള്‍ പിന്തിരിയണമെന്നും അംബികാസോണി അഭ്യര്‍ഥിച്ചു. സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ ഓഫീസുകളിലെ മേശയ്‌ക്കടിയില്‍ ചെറിയ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഒട്ടിച്ചുവയ്‌ക്കുന്നതു പഴയ സമ്പ്രദായമാണ്‌. ഇന്ന്‌ ആ സ്‌ഥാനത്ത്‌ അത്യന്താധുനിക ഉപകരണങ്ങള്‍ വന്നുകഴിഞ്ഞു എന്നതു മറ്റൊരു കാര്യം. പക്ഷേ, പഴയ സമ്പ്രദായമാണോ പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍ സംഭവിച്ചതെന്ന സംശയമാണിപ്പോള്‍ വളര്‍ന്നിരിക്കുന്നത്‌. ഇതേക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ്‌ സിംഗ്‌ ആവശ്യപ്പെട്ടതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.

ച്യൂയിംഗ്‌ ഗം തിന്നുന്ന ഏതെങ്കിലും കേന്ദ്ര മന്ത്രിമാരാണോ ധനമന്ത്രിയുടെ മേശയ്‌ക്കടിയില്‍ അതിന്റെ അവശിഷ്‌ടം ഒട്ടിച്ചുവച്ചതെന്ന സംശയം ഇതോടെ വളര്‍ന്നു. മുഖര്‍ജിയുടെ ഓഫീസില്‍ കയറാന്‍ അത്ര സ്വാതന്ത്ര്യമുള്ള ഏതെങ്കിലും കേന്ദ്രമന്ത്രിമാരായിരിക്കുമല്ലോ അങ്ങനെ ചെയ്‌തിരിക്കുക? കാബിനറ്റ്‌ അംഗങ്ങളില്‍ കമല്‍നാഥും സാമൂഹ്യനീതി വകുപ്പു മന്ത്രി മുകുള്‍ വാസ്‌നിക്കുമാണു പതിവായി ച്യൂയിംഗ്‌ ഗം ഉപയോഗിക്കുന്നവര്‍. പുകവലി നിയന്ത്രിക്കാന്‍ വേണ്ടിയാണു കമല്‍നാഥ്‌ ഏറെക്കാലമായി ച്യൂയിംഗ്‌ ഗം കഴിക്കുന്നത്‌. പക്ഷേ, വാസ്‌നിക്ക്‌ രണ്ടുവര്‍ഷം മുമ്പു പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്‌ പുകവലി നിര്‍ത്തി ച്യൂയിംഗം ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഇവര്‍ പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍ പോയിട്ട്‌ കുറഞ്ഞത്‌ അഞ്ചുമാസമെങ്കിലും ആയിട്ടുണ്ടത്രേ.

എന്തായാലും മുഖര്‍ജിയും പി. ചിദംബരവും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ കാര്യങ്ങളാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്‌. അല്ലെങ്കില്‍തന്നെ ചിദംബരം ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭാംഗങ്ങളില്‍ വിവാദ പുരുഷനാണ്‌. തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന്‌ ചിദംബരവുമായുള്ള അവരുടെ വഷളായ ബന്ധം പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും തലവേദനയായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്വാധീനം ഉപയോഗിച്ച്‌ ഉദ്യോഗസ്‌ഥര്‍ക്കു കൈക്കൂലി നല്‍കി ഇലക്‌ട്രോണിക്‌ യന്ത്രത്തില്‍ വന്‍ കൃത്രിമം നടത്തിയാണു ചിദംബരം ജയിച്ചതെന്നാണു ജയലളിതയുടെ പരസ്യ ആരോപണം.

ഇന്നത്തെ കലങ്ങിമറിഞ്ഞ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ യു.പി.എയില്‍നിന്നു കരുണാനിധിയുടെ ഡി.എം.കെ. തെറ്റിപ്പിരിഞ്ഞാല്‍ പകരം ജയലളിതയുടെ പാര്‍ട്ടിയെ കൂടെച്ചേര്‍ക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം.

ഇപ്പോള്‍ ലോക്‌സഭയില്‍ ജയലളിതയ്‌ക്ക് ഒന്‍പത്‌ അംഗങ്ങളേ ഉള്ളുവെങ്കിലും പുതിയ നിയമസഭാംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ രാജ്യസഭയില്‍ ഇപ്പോള്‍ നാലംഗങ്ങളുള്ള എ.ഐ.ഡി.എം.കെയുടെ നില വളരെ മെച്ചപ്പെടും. എന്തെങ്കിലും നിയമനിര്‍മാണം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിനു നടത്തണമെങ്കില്‍ രാജ്യസഭയില്‍ അവരുടെ പിന്തുണ ആവശ്യമായി വരും. അതാണു കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്ന പ്രശ്‌നം.

ആ നിലയില്‍ ആസന്നമായ മന്ത്രിസഭാ അഴിച്ചുവാര്‍ക്കലില്‍ ആഭ്യന്തരവകുപ്പില്‍നിന്നു ചിദംബരത്തെ മാറ്റി മറ്റൊരു വകുപ്പു നല്‍കാന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും നിര്‍ബന്ധിതമായാലും അത്ഭുതമില്ല.

അതേപോലെ ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ അണ്ണാ ഹസാരെ കൈക്കൊള്ളുന്ന കര്‍ക്കശ നിലപാടും കോണ്‍ഗ്രസ്‌ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുകയാണ്‌. കയ്‌ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന നിലയിലാണു കേന്ദ്രം. അഴിമതിക്കെതിരേ ശബ്‌ദിക്കുന്നവരെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ വീണ്ടും ഉപവാസസമരം നടത്തുമെന്നാണു ഹസാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലയില്‍ കേന്ദ്രം ഇപ്പോള്‍ നടത്തിയിരിക്കുന്ന വര്‍ധന സര്‍ക്കാരിനെതിരേ കൂടുതല്‍ ജനരോഷം വളര്‍ത്തിയിരിക്കുന്ന പശ്‌ചാത്തലത്തില്‍ ഹസാരെയുടെ ജനപിന്തുണ അസാമാന്യമായി വര്‍ധിക്കുമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെടുന്നു. എന്തെന്തു വീഴ്‌ചകളുണ്ടെങ്കിലും ഹസാരെ വീണ്ടും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുന്ന ഈ ഘടകവും കോണ്‍ഗ്രസ്‌ നേതൃത്വത്തിനു വലിയ പ്രശ്‌നമായി വളരുകയാണ്‌.

No comments:

Followers