സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, June 6, 2011

പരിസ്ഥിതിയുടെ വര്‍ത്തമാനം-ജി.നിര്‍മ്മല

ഏതാണ്ട് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുന്ദര്‍ലാല്‍ ബഹുഗുണ വീണ്ടും കേരളത്തിലെത്തിയത്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിന്റെ കോഴിക്കോട്ടു നടന്ന ജനകീയ രജതജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ അദ്ദേഹം വന്നത്. ഒപ്പം ഭാര്യ വിമല നൗതിയാലും മകന്‍ രാജീവും ഉണ്ടായിരുന്നു. തെഹ്‌രി അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഗംഗയുടെ മരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അതുകൊണ്ടുതന്നെ ഏറെ ദുഖിതനും ക്ഷീണിതനുമായിരുന്നു. പക്ഷേ, താന്‍ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ആരോഗ്യവാനാണ് അദ്ദേഹമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പി.കെ. ഉത്തമന്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. കാരണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ എല്ലാവരും ആശങ്കാകുലരായിരുന്നു.


പ്രകൃതിമാതാവ് ക്ഷീണിതയാണെന്നും ഓരോരുത്തരും വളരെക്കുറച്ചു മാത്രമേ അവിടെനിന്ന് എടുക്കാവൂ എന്നും വിശ്വസിക്കുന്ന അദ്ദേഹത്തിനുവേണ്ടി ഹോട്ടല്‍മുറികള്‍ ബുക്കു ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ കോഴിക്കോട്ടെ എടക്കാട് സി.വി.എന്‍ കളരിയിലായിരുന്നു താമസം ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉത്തമന്‍സാര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. പക്ഷേ, ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ 'ലളിതജീവിത'ത്തെക്കുറിച്ച് അറിവുള്ളതിനാല്‍ അദ്ദേഹത്തിന്റെ ശീലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അക്കാര്യം അനിതേച്ചിയും (സുധാകരന്‍ ഗുരുക്കളുടെ ഭാര്യ) ഞാനും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്നു പറഞ്ഞ ഗാന്ധിജിയെപ്പോലെ അദ്ദേഹവും പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുത്തുകൊണ്ട് എങ്ങനെ ജീവിക്കാമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണിച്ചുതന്നു.

കുറച്ചു ഭക്ഷണം രണ്ടുനേരം. അതാണ് പതിവ്. ചിലപ്പോള്‍ ഭക്ഷണം ഒരു നേരമാകും. ബഹുഗുണാജി അരിയാഹാരം കഴിക്കാറില്ലെന്ന് വിമലാജി പറഞ്ഞപ്പോള്‍തന്നെ അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ടായി. 'ഇനി വരാനിരിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമാണ്. അമൂല്യമായ ജലസ്രോതസ്സുകള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ വന്‍നഗരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുംവേണ്ടി തീറെഴുതിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഡംബരജീവിതമാണ് കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പ്രധാന കാരണം. നിങ്ങള്‍ക്കറിയുമോ, തെഹ്‌രി അണക്കെട്ട് നിറഞ്ഞുകിടക്കുമ്പോഴും ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ കാതങ്ങള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. തെഹ്‌രിയിലെ വെള്ളം ഡല്‍ഹിക്ക് അവകാശപ്പെട്ടതാണ്. ദേശീയസമ്പത്തായ ഇത്തരം പ്രകൃതിവിഭവങ്ങള്‍ സമ്പന്നരുടെ ആഡംബരത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വെള്ളം അത്രയേറെ ദുര്‍ലഭവും അന്യവുമായിക്കൊണ്ടിരിക്കുന്നു. വെള്ളം ധാരാളമായി വേണ്ടിവരുന്നതാണ് നെല്‍കൃഷി. അതുകൊണ്ടാണ് ഞാന്‍ അരിയാഹാരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.' മുപ്പതു വര്‍ഷത്തിലേറെയായി ബഹുഗുണാജി അരിയാഹാരം കഴിച്ചിട്ട്.

തെഹ്‌രി ജലസംഭരണി നിറഞ്ഞുകിടക്കുമ്പോഴും തങ്ങളുടെ വീടിനു പിന്നിലെ ചെറിയൊരു നീരുറവയില്‍നിന്നും വെള്ളമെടുക്കാനായി രാപകല്‍ ഭേദമില്ലാതെ കാതങ്ങള്‍ താണ്ടിയെത്തുന്ന ഗഢ്‌വാളി സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് ക്ഷുഭിതയായാണ് വിമലാജി വിശദീകരിച്ചത്. 'ഒരു കുടം വെള്ളം നിറയാന്‍ പതിനഞ്ചു മിനിറ്റെങ്കിലും കാത്തിരിക്കണം. പുലര്‍ച്ചെ മുതല്‍ സ്ത്രീകളും കുട്ടികളും കുടങ്ങളുമായി ഒരു ചെറിയ നീരുറവയ്ക്കു ചുറ്റും കാവലിക്കുകയാണ്. അതേസമയം തൊട്ടപ്പുറത്ത്, ജലസംഭരണി നിറഞ്ഞുകിടക്കുന്നു; സമ്പന്നര്‍ക്കുവേണ്ടി. ഈ അനീതി ആരും കാണുന്നില്ല.''

തന്റെ തോറ്റുപോയ യുദ്ധത്തെക്കുറിച്ച് (തെഹ്‌രി അണക്കെട്ടിനെതിരെ) അസാധാരണമായ നിസ്സംഗതയോടെയാണ് ബഹുഗുണാജി സംസാരിച്ചത്. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ ഓരോ സമരമുഖത്തിലും അദ്ദേഹത്തോടൊപ്പമോ ഒരുപടി മുന്നിലോ നിന്ന വിമലാജി പലപ്പോഴും പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. എഴുപത്തിയെട്ടാം വയസ്സിലും മങ്ങാത്ത സമരവീര്യമാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ലജ്ജിപ്പിക്കുന്ന യാതനകളും പീഡനങ്ങളുമാണ് സ്വതന്ത്ര ഇന്ത്യയിലും ഈ ദമ്പതികള്‍ക്കു നേരിടേണ്ടിവന്നത്. അതുകൊണ്ടാണ് മുന്‍പ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സമൂഹം ഇനി പ്രകൃതിക്കുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഗംഗയുടെ തീരത്തെ ഒരു ഗ്രാമമായ മോറോമായില്‍ 1927 ജനവരി ഒന്‍പതിനു ജനിച്ച സുന്ദര്‍ലാല്‍ ബഹുഗുണ പതിമൂന്നാമത്തെ വയസ്സിലാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേരുന്നത്. പതിനേഴാം വയസ്സില്‍ ജയിലിലുമായി. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടര്‍ന്ന് ജയിലില്‍ മരിച്ച സ്വാതന്ത്ര്യസമരപ്പോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. ജയിലിലായിരുന്ന ദേവ് സുമന് പുറത്തുനിന്നുള്ള വിവരങ്ങള്‍ എത്തിച്ചുകൊണ്ടാണ് കുട്ടിയായിരുന്ന സുന്ദര്‍ലാല്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. ഇതിനിടയിലാണ് അദ്ദേഹം പിടിയിലാകുന്നതും പിന്നെ ജയിലില്‍നിന്ന് പുറത്തുചാടി ഒരു വര്‍ഷത്തോളം പഞ്ചാബില്‍ ഒളിവില്‍ കഴിഞ്ഞതും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയന്‍ ഗ്രാമങ്ങളില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ദളിതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് അക്കാലത്ത് അദ്ദേഹം മുഴുകിയിരുന്നത്. ഗാന്ധിജിയുടെ രണ്ടു ശിഷ്യരായ മീരാബെന്നും സരളാബെന്നും ഉത്തരാഖണ്ഡില്‍ സ്ഥിരതാമസമാക്കുന്നതും ശക്തമായൊരു സര്‍വോദയാപ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതും ഇക്കാലത്താണ്. പ്രത്യേക പരിശീലനം നല്കി വനിതകളുടെ ഒരു സേനയെയും അവര്‍ രൂപീകരിച്ചു. ഇതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്.

1956- ല്‍ പാര്‍ട്ടി രാഷ്ട്രീയം ഉപേക്ഷിച്ച സുന്ദര്‍ലാല്‍ സരളാബെന്നിന്റെ ശിഷ്യയും സര്‍വോദയസംഘത്തിന്റെ സജീവപ്രവര്‍ത്തകയുമായ വിമല നൗതിയാലിനെ വിവാഹം കഴിച്ചു. പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവര്‍ ഒരുമിച്ചാണ് നടത്തിയത്. തങ്ങളുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന്റെ പ്രധാന കാരണം മദ്യമാണെന്നു മനസ്സിലാക്കി ഇരുവരും സര്‍വോദയ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിനുവേണ്ടി ബൃഹത്തായൊരു സമരമാരംഭിച്ചു. ഒടുവില്‍, 1971-ല്‍ ഉത്തര്‍പ്രദേശിലെ നാലഞ്ചു ജില്ലകളിലെ നാടന്‍ മദ്യശാലകള്‍ പൂട്ടാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടി വന്നു.

'ജനങ്ങളുടെ ശക്തിക്കു മുന്നില്‍ ഒരു സര്‍ക്കാരിനും പിടിച്ചുനില്ക്കാനാവില്ല. ആ ശക്തിയുപയോഗിച്ച് ഇന്നു നമ്മള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണത്തിനും പിടിച്ചുപറിക്കുമെതിരെ പോരാടണം. ഭൂമി ക്ഷീണിതയാണ്, മരിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മാറില്‍ കിടന്ന് മുല കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണിന്ന് മനുഷ്യന്‍. പ്രകൃതിവിഭവങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല. അതു പൂക്കള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും പൂമ്പാറ്റകള്‍ക്കും എല്ലാം വേണ്ടിയുള്ളതാണ്. അവിടെനിന്ന് നമ്മള്‍ നമുക്കാവശ്യമായതു മാത്രം, വളരെ കുറച്ചുമാത്രം എടുക്കുക'-ബഹുഗുണാജി പറയുന്നു.

'പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയിലെ ചെറിയൊരു ശതമാനം അധികാരവും ഭൂമിയിലെ സകല സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നു. വെള്ളം, മരങ്ങള്‍, മണ്ണ്, ധാതുക്കള്‍ എന്തിന് പ്രകൃതിയുടെ അനന്യമായ സൗന്ദര്യമടക്കം എല്ലാം പണമാക്കി പരിവര്‍ത്തനം ചെയ്യുകയും അതിനെ വികസനമെന്നു പറയുകയും ചെയ്യുന്നു. അവരുടെ ഇത്തരം വികസനപദ്ധതികളുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അവര്‍ നിരന്തരം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും വന്‍കിട വികസനപദ്ധതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നവരെ ദേശദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തില്‍ എതിര്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നു. എണ്ണത്തില്‍ എത്ര കുറവാണെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഇതിനെതിരെ കരുതിയിരിക്കണം' ബഹുഗുണാജിയുടെ മുന്നറിയിപ്പ് ലോകത്തിനു മുഴുവനുമുള്ളതാണ്. നമ്മെ വിഴുങ്ങാനെത്തുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

വന്‍കിട പദ്ധതികള്‍ ആര്‍ക്കുവേണ്ടിയെന്ന സമകാലിക പ്രസക്തമായ ചോദ്യം തനിക്കു ചുറ്റുമുള്ളവരോട് അദ്ദേഹം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. 260.5 മീറ്റര്‍ ഉയരമുള്ള തെഹ്‌രി അണക്കെട്ടിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹംതന്നെ ഈ ചോദ്യത്തിന് മറുപടിയും തരും. 'ഹിമാലയത്തിന്റെ മടിത്തട്ടില്‍ പുണ്യനദിയായ ഗംഗയുടെ കുറുകെ അണക്കെട്ടുയര്‍ന്നപ്പോള്‍ ഒരു ലക്ഷത്തിലധികം ജനതയാണ് പിഴുതെറിയപ്പെട്ടത്. ഞങ്ങളുടെ പ്രകൃതിയെയും സംസ്‌കാരത്തെയുമാണ് ഈ അണക്കെട്ട് മുക്കിക്കളഞ്ഞത്. അണക്കെട്ടുകള്‍ ഒരിക്കലും പുരോഗതിയുടെ ലക്ഷണമല്ല, വിനാശത്തിന്റെ സന്തതിയാണത്. സ്വയം ഒരു ആവാസവ്യവസ്ഥയായ നദികളെ കൊല്ലുന്നതിനൊപ്പം സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലായ പരിസ്ഥിതിയെയും അതു തകര്‍ക്കുന്നു. സ്ഥിരമായ ഒരു പ്രശ്‌നത്തിനുള്ള താല്ക്കാലിക പരിഹാരമാണ് അണക്കെട്ടുകള്‍. ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി-അതു നമ്മള്‍ മറന്നു.'

'എണ്ണായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച തെഹ്‌രി അണക്കെട്ട് ഉത്തര്‍പ്രദേശിലെ 270 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനും ഡല്‍ഹി നഗരത്തിനാവശ്യമായ വെള്ളത്തിനും, 2,400 വാട്ട് വൈദ്യുതിയും ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. എന്നാല്‍, ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍പ്പോലും തെഹ്‌രിക്ക് ഈ ലക്ഷ്യം നേടാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ ഭൂകമ്പമേഖലകളിലൊന്നാണ് ഹിമാലയം. റിക്ടര്‍ സ്‌കെയിലില്‍ ഏഴു പോയിന്റ് വരെയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ തെഹ്‌രിക്കാവുമെന്നാണ് തെഹ്‌രി ജലവികസന കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍, അതിനു മുകളില്‍ ശക്തിയുള്ള ഒരു ഭൂകമ്പം ഉണ്ടായാലോ? ദുരന്തം ഭീകരമായിരിക്കും. ഋഷികേശും ഹരിദ്വാറും ദേവപ്രയാഗും നാമവശേഷമാകും. ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കും. മീററ്റും ബുലന്ദ്ഷറും കൂടാതെ ഉത്തര്‍പ്രദേശിലെ റോഡ്-റെയില്‍ സംവിധാനങ്ങളും തകര്‍ന്നു തരിപ്പണമാകും.'
ആര്‍ക്ക് ഉറപ്പുനല്കാനാനും, അങ്ങനൊന്ന് സംഭവിക്കില്ലെന്ന്? അതുകൊണ്ടാണ് പ്രകൃതിയെ അറിയുന്ന ഹിമാലയത്തെ അറിയുന്ന ബഹുഗുണാജിയെപ്പോലെയുള്ളവര്‍ പറയുന്നത് 'തെഹ്‌രി ദുരന്തങ്ങളുടെ അണക്കെട്ടാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുന്നു.'

ഋഷിതുല്യനായ ഈ പ്രകൃതിസ്‌നേഹിയുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം. തുച്ഛമായ നേട്ടങ്ങളുടെ പേരില്‍ അതിരപ്പള്ളിയെന്നും പൂയംകുട്ടിയെന്നും വളന്തക്കാടെന്നും പറഞ്ഞ് നടക്കുന്നവര്‍ പ്രകൃതിക്കു വരുത്തുന്ന ദുരന്തം എത്രയോ വലുതാണ്. ഇപ്പോള്‍ത്തന്നെ മലിനീകരണംകൊണ്ട് പൊറുതിമുട്ടിയ കൊച്ചി നഗരത്തെ അതിന്റെ ശ്വാസകോശമായ വളന്തക്കാട്ടെ കണ്ടല്‍ക്കാടുകള്‍ വെട്ടിനീക്കി കൊല്ലാന്‍ ശ്രമിക്കുന്നവരും അതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് സത്യം മറച്ചുവെക്കുന്നു. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞ് അതിവേഗം ഉരുകിത്തീരുകയാണ്; ഒപ്പം ഗംഗയുടെ ആയുസ്സും. 'വെള്ളവും പച്ചപ്പും'കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ സ്ഥിതിയെന്തെന്ന് ഇതിനിടയില്‍ വിമലാജി ആകാംക്ഷയോടെ തിരക്കി. ഒട്ടും ആശാവഹമല്ലെന്ന് പറഞ്ഞപ്പോള്‍, 'കണ്‍സ്യൂമറിസം മനുഷ്യനെ പ്രകൃതിയുടെ കൊള്ളക്കാരനാക്കുന്നു' വെന്ന് അവര്‍ മറുപടി നല്കി.

പ്രകൃതിയെ കൊല ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കാനുള്ള ശ്രമമാണ് ഈ ദമ്പതികള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. വലിയ ജനക്കൂട്ടങ്ങളിലോ വലിയ വേദികളിലോ അല്ല; കൊച്ചു കൊച്ചു സംഘങ്ങളോടും കൂട്ടികളോടും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബഹുഗുണാജി ക്ഷീണം മറന്ന് ആഹ്ലാദവാനാകും. കോഴിക്കോട്ടെ അഞ്ചു ദിവസത്തെ താമസത്തിനിടയ്ക്ക് കളരിയില്‍ പഠിക്കാനെത്തുന്ന കുട്ടികളോടാണ് അദ്ദേഹം അധികവും സംവദിച്ചത്. തങ്ങളുടെ പാഠപുസ്തകത്തില്‍ ചിപ്‌കോ പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം അദ്ദേഹത്തിനു കാണിച്ചുകൊടുത്തുകൊണ്ടാണ് കുട്ടികള്‍ സൗഹൃദം തുടങ്ങിയത്. കുട്ടികളോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. 'എല്ലാവരും മരങ്ങളെ സ്‌നേഹിക്കണം. മരങ്ങളെ കെട്ടിപ്പിടിക്കണം.' മരങ്ങളെ എന്തിനു കെട്ടിപ്പിടിക്കണം എന്ന് അത്ഭുതപ്പെട്ടെങ്കിലും കുട്ടികളെല്ലാം അതിനു സമ്മതിച്ചു. മരങ്ങള്‍ക്ക് ജീവനുണ്ടെന്നും അവര്‍ക്ക് നമ്മള്‍ സ്‌നേഹം കൊടുക്കണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. തങ്ങള്‍ക്ക് വായുവും വെള്ളവും തണലും തരുന്ന മരങ്ങള്‍ മുറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുട്ടികള്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു.

തുടര്‍ന്ന് ലോകത്തെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവായ, 'കെട്ടിപ്പിടിക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കൊ പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയായ ചിപ്‌കൊ ഹിമാലയത്തിലെ മരംമുറിക്ക് അന്ത്യം കുറിച്ചതെങ്ങനെയെന്ന് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.

തുടക്കത്തില്‍ അശാസ്ത്രീയവും വികസനവിരുദ്ധവുമായ ഒരു പരിപാടിയായാണ് അധികാരിവര്‍ഗം ചിപ്‌കൊ പ്രസ്ഥാനത്തെ കണ്ടത്. 1974- ലും പിന്നീട് '79- ലും വ്യാവസായികാവശ്യത്തിനോ അല്ലാതെയോ മരംമുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാരമാരംഭിച്ചു. ചിപ്‌കോയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ഗിരിവര്‍ഗ ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തി. പിന്നീട് 1981- ല്‍ ശ്രീനഗര്‍ മുതല്‍ കശ്മീര്‍ വരെയും കൊഹിമ മുതല്‍ നാഗാലാന്റ് വരെയും 14870 കിലോമീറ്റര്‍ അദ്ദേഹം പദയാത്ര നടത്തി. ഇന്ത്യ മുഴുവന്‍ ഈ സന്ദേശം പ്രചരിപ്പിച്ചു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയില്‍ നിരവധി പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനം, കര്‍ണാടകയില്‍ പാണ്ഡുരംഗ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട അപ്പിക്കൊ പ്രസ്ഥാനമാണ്. ഇങ്ങനെ രാജ്യത്താകമാനം സഞ്ചരിച്ച് പരിസ്ഥിതി സന്ദേശം നല്കിയ ചിപ്‌കൊ ഭൗതികതയിലൂന്നിയ ആധുനിക സംസ്‌കാരത്തിനെതിരായ യുദ്ധമായിരുന്നു. മരം മുറിക്കാനെത്തുന്നവരെ, ഓരോ മരത്തെയും കെട്ടിപ്പിടിച്ചുകൊണ്ട് തടഞ്ഞ ചിപ്‌കൊ പ്രവര്‍ത്തകര്‍ ഒടുവില്‍ വിജയം വരിച്ചു. ഹിമാലയത്തിലെ മരംമുറി തടഞ്ഞുകൊണ്ട് നാടാകെ പരിസ്ഥിതി സംബന്ധിച്ച അവബോധം ഉണര്‍ത്തിക്കൊണ്ടും.

പക്ഷേ, അണക്കെട്ടുലോബിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തെഹ്‌രിയില്‍ തങ്ങള്‍ തോറ്റുപോയെന്ന് വിമലാജി ഖേദത്തോടെ പറയുന്നു. ഓരോ വികസന പദ്ധതികള്‍ക്കുംവേണ്ടി പിഴുതെറിയപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ വേദനയെക്കുറിച്ചും അവര്‍ പറഞ്ഞു: 'തെഹ്‌രിയില്‍ വെള്ളത്തിനടിയിലായത് ഞങ്ങളുടെ ബാല്യവും കൗമാരവും സംസ്‌കാരവും ഒക്കെയാണ്. പുനരധിവാസം ഒന്നിനും പരിഹാരമല്ല. പ്രകൃതിയോട് അനുരഞ്ജനപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ മറന്നുപോയിരിക്കുന്നു.'
കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ മാത്രമാണ് ഇന്ന് നമ്മള്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് ബഹുഗുണാജി നിര്‍ദേശിക്കുന്നു. 'ജലദൗര്‍ലഭ്യത്തിനുള്ള ഏക പരിഹാരം മരങ്ങള്‍ നടുകയാണ്. വായുവും വെള്ളവും ഭക്ഷണവും വളവും ഇന്ധനവും എല്ലാം നല്കുന്ന മരങ്ങള്‍ സുസ്ഥിര വികസനത്തിന്റെ അടിത്തറയാണ്.' ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങള്‍ മുഴുവന്‍ മരങ്ങള്‍ നിറയട്ടെ. അങ്ങനെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷണവും വെള്ളവും ലഭ്യമാകട്ടെ. ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമ്പോള്‍ നമ്മുടെ ജീവിതവും പച്ചപ്പുള്ളതാകും.

സൈലന്റ്‌വാലി ദേശീയ പാര്‍ക്കിന്റെ 25-ാം വാര്‍ഷികം പ്രകൃതിക്കുനേരെയുള്ള കൈയേറ്റങ്ങളെക്കുറിച്ച് നാം കൂടുതല്‍ ജാഗ്രത കാണിക്കാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി നിങ്ങള്‍ സംസാരിക്കണം. പുഴകള്‍ക്കുവേണ്ടി, നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടിയെല്ലാം.' എംഎസ്.സി. ബോട്ടണി പഠിച്ച തന്റെ രണ്ട് ആണ്‍മക്കളും മാധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കടമകളെക്കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. 'ഭരണകൂടം ജനങ്ങളില്‍നിന്നും മറച്ചുവെക്കുന്ന സത്യങ്ങള്‍ അവരോടു തുറന്നുപറയാനുള്ള ഈ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്.'
ജീവന്‍ പണയപ്പെടുത്തിക്കൊണ്ട്, താന്‍ നടത്തിയ തെഹ്‌രി പോരാട്ടം തോറ്റുപോയതിലും പൊതുസമൂഹം ആ യുദ്ധത്തെ വേണ്ടവിധത്തില്‍ ഏറ്റെടുക്കാത്തതിലും ബഹുഗുണാജി ദുഃഖിതനാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം തയ്യാറല്ല. 'സത്യം പറയുന്നവര്‍ ഇല്ലാതാക്കപ്പെട്ടേക്കാം. പക്ഷേ, അവര്‍ പകര്‍ന്ന സന്ദേശം എന്നും നിലനില്ക്കും. സൈലന്റ്‌വാലി വാര്‍ഷികം ഇത്തരം ചില ഉത്തരവാദപ്പെടുത്തലും ഓര്‍മപ്പെടുത്തലുമാണ് നമുക്ക് നല്കുന്നത്.' ബഹുഗുണാജിയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ജനകീയാഘോഷവേദിയില്‍ പി.കെ. ഉത്തമന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍. 'മുന്‍പെന്നത്തേക്കാളുമേറെ നമ്മുടെ കാടുകള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വനാവകാശ നിയമത്തിന്റെ തലതിരിഞ്ഞ നടത്തിപ്പ്, അണക്കെട്ടുപദ്ധതികള്‍, പുത്തന്‍ കൈയേറ്റങ്ങള്‍ അങ്ങനെ പലതും നമ്മുടെ കാടുകളെ കൊന്നുകൊണ്ടിരിക്കുന്നു. സൈലന്റ്‌വാലി വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ക്കാര്‍ ആഘോഷത്തില്‍ പട്ടും വളയും വാങ്ങിയവര്‍ ഒന്ന് ഓര്‍ക്കണം. അതു നിങ്ങള്‍ക്ക് തന്നവരുടെ കൈകളില്‍ കാട് ഭദ്രമല്ല എന്ന കാര്യം. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.'

കോഴിക്കോട്ടെ പരിപാടികള്‍ക്കുശേഷം, അദ്ദേഹം ഒരിക്കല്‍ക്കൂടി സൈലന്റ്‌വാലിയില്‍ എത്തി. നാലഞ്ചു ദിവസത്തിനുള്ളില്‍ പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുക്കുക എന്ന മഹത്തായ സന്ദേശം തനിക്കു ചുറ്റുമുള്ളവര്‍ക്ക് നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത്രയും ദിവസത്തെ പരിചയത്തിനുള്ളില്‍ ഒരു കാര്യം കൂടി ബോധ്യമായി. ബഹുഗുണാജി പരിസ്ഥിതിയെക്കുറിച്ചു മാത്രമേ പറയാറുള്ളൂ. മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയില്‍ വരാറില്ല. അത് സത്യമായിരുന്നു. പലപ്പോഴായി അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരവും കോഴിക്കോട് പ്രസിദ്ധീകരിച്ചു. മടങ്ങാന്‍നേരം ആ പുസ്തകത്തിന്റെ ഒരു കോപ്പിയില്‍ തന്റെ പ്രിയപ്പെട്ട വാചകങ്ങള്‍ കുറിച്ചുതരാന്‍ അദ്ദേഹം മറന്നില്ല, 'Yes to life, No to death'.

No comments:

Followers