സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, June 13, 2011

ജനാധിപത്യത്തില്‍ രാഷ്‌ട്രീയക്കാര്‍ കഴിഞ്ഞിട്ടേ മറ്റാര്‍ക്കും സ്‌ഥാനമുള്ളൂ

കെ.എം. റോയ്‌
ഒരുകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രകടനത്തെ നയിക്കേണ്ടതു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തന്നെയാണ്‌. അത്‌ ഏതു രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ ആയാലും ശരി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വിധികര്‍ത്താക്കള്‍ അവര്‍ തന്നെയാണ്‌. അവരുടെ ഭാഗത്തുനിന്നു തെറ്റ്‌ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ ഭരണം നയിക്കുന്ന ജനപ്രതിനിധികളെ മാറ്റാനും പുതിയ പ്രതിനിധികളെ തെരഞ്ഞെടുക്കാനും ജനങ്ങള്‍ക്കു പൂര്‍ണ അധികാരമുണ്ട്‌. ആത്യന്തികമായി ഈ രാജ്യത്തിന്റെ ഉടമസ്‌ഥന്മാര്‍ ജനങ്ങളാണെന്നുള്ളതാണു കാരണം. ആ ജനങ്ങളുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തെരഞ്ഞെടുപ്പു സമയത്ത്‌ അവരുടെ കൈയില്‍ കിട്ടുന്ന ബാലറ്റ്‌ പേപ്പറാണ്‌. ജനങ്ങള്‍ക്ക്‌ ആരെയും അധികാരത്തില്‍ നിന്നിറക്കാനും ആരെയും അധികാരത്തില്‍ കയറ്റാനും കൈയില്‍ കിട്ടുന്ന ആയുധം.

പക്ഷേ, സമീപദിനങ്ങളില്‍ ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങള്‍ അപഹാസ്യമായ ചിത്രങ്ങളാണ്‌ വരച്ചുകാട്ടിയിരിക്കുന്നത്‌. പ്രകൃത്യതീതമായ പരമാത്മജ്‌ഞാനമുണ്ടെന്നവകാശപ്പെടുന്ന ചിലര്‍ രാജ്യഭരണം തങ്ങളുടെ കര്‍ത്തവ്യമാണെന്ന ധാരണയില്‍ രംഗത്തിറങ്ങിയിരിക്കുന്നു. ബാബാ രാംദേവ്‌ എന്ന യോഗാചാര്യസ്വാമി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരത്തിലെ അതിനാടകീയ രംഗങ്ങള്‍ വരച്ചുകാട്ടിയ ചിത്രം അതാണ്‌. അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ നിരാഹാരവും ആ സമരവേദിയും തികച്ചും അസാധാരണമായ ഒന്നായിരുന്നു.

അഴിമതിക്ക്‌ ഒരുപരിധിവരെയെങ്കിലും കടിഞ്ഞാണിടാന്‍ സഹായിക്കുന്ന ലോക്‌പാല്‍ സംവിധാനം കൊണ്ടുവരുന്നതിനുവേണ്ടി ലോക്‌പാല്‍ ബില്‍ ഉടനടി പാര്‍ലമെന്റില്‍ എത്തിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെയും രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികളുടെയും മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രഖ്യാത ഗാന്ധിയന്‍ നേതാവ്‌ അണ്ണാ ഹസാരെ ആരംഭിച്ച പ്രക്ഷോഭം വിജയിച്ചതാണ്‌ രാംദേവിന്റെ രംഗപ്രവേശത്തിനു കാരണം.

അണ്ണാ ഹസാരെയുടെയും അനുയായികളുടെയും നിര്‍ദേശത്തിനു വഴങ്ങി ലോക്‌പാല്‍ബില്ല്‌ പഠിച്ച്‌ അതിന്‌ അവസാനരൂപം നല്‍കുന്നതിനുവേണ്ടി അണ്ണാ നിര്‍ദേശിച്ച പ്രമുഖരും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന്‌ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയാറായി. അതിനു കാരണം അഴിമതിക്കെതിരായ ജനവികാരം മറ്റെന്നത്തേക്കാള്‍ രാജ്യത്ത്‌ അലയടിക്കുകയാണെന്നു കേന്ദ്രസര്‍ക്കാരിനു പൂര്‍ണമായും ബോധ്യപ്പെട്ടെന്നതാണ്‌. ഏതായാലും ഓഗസ്‌റ്റ് പതിനഞ്ചിനു മുന്‍പ്‌ ബില്ല്‌ ലോക്‌സഭയില്‍ പാസാക്കാനുള്ള തകൃതിയായ ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഭരണതലത്തിലും ഉദ്യോഗസ്‌ഥതലത്തിലുമുള്ള അഴിമതികൊണ്ട്‌ പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന ഒരു സംഭവവികാസമാണ്‌ അത്‌.

ഇതു കണ്ടപ്പോള്‍ ബാബ രാംദേവ്‌ എന്ന യോഗാഭ്യാസ വിദഗ്‌ധനും രാജ്യഭരണകാര്യത്തിലും മറ്റും കൈകടത്തണമെന്ന്‌ ആഗ്രഹം തോന്നിയിരിക്കണം. അതിനുവേണ്ടിയാണ്‌ ഡല്‍ഹിയില്‍ അദ്ദേഹം വലിയ ഉപവാസസമരം പ്രഖ്യാപിച്ചത്‌. ലക്ഷക്കണക്കിനു രൂപ ചെലവിട്ട്‌ എയര്‍കണ്ടീഷന്‍ ചെയ്‌ത പടുകൂറ്റന്‍ പന്തലാണു സമരവേദിയാക്കിമാറ്റിയത്‌. ആര്‍.എസ്‌.എസ്‌. നയിക്കുന്ന സംഘപരിവാരത്തിന്റെ പ്രതിനിധിയാണ്‌ ബാബാ രാംദേവ്‌ എങ്കിലും രാജ്യത്തു യോഗാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള ആയിരക്കണക്കിനാളുകളുടെ ഗുരുവാണ്‌ അദ്ദേഹമെന്നതുകൊണ്ട്‌ ആ സമരം ഒഴിവാക്കുന്നതിന്‌ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. ഉജ്‌ജയിനിയില്‍നിന്നു വാടകവിമാനത്തില്‍ വരികയായിരുന്ന ബാബയെ കാണുന്നതിനു കേന്ദ്രമന്ത്രിമാരായ പ്രണബ്‌ മുഖര്‍ജിയടക്കമുള്ള നാലു മന്ത്രിമാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്നു കെട്ടിക്കിടക്കുകയും ചെയ്‌തു.

അഴിമതിക്കെതിരായ അടിയന്തര നടപടികള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു വിമാനത്താവളത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാര്‍ സമ്മതിച്ചതിനെത്തുടര്‍ന്നു സമരം പിന്‍വലിക്കുന്നതായി ബാബാ രാംദേവ്‌ സമ്മതിക്കുകയും ചെയ്‌തു. പക്ഷേ, പെട്ടെന്നു തീരുമാനം മാറ്റി പന്തലില്‍ ബാബ ഉപവാസം ആരംഭിക്കുകയാണുണ്ടായത്‌. ഏറ്റവും ലജ്‌ജാകരമായ കാര്യം സമരത്തിന്‌ അദ്ദേഹം ഉയര്‍ത്തിയ ചില ആവശ്യങ്ങളാണ്‌. അഴിമതി നടത്തുന്നവര്‍ക്കു വധശിക്ഷ നല്‍കുക, ആയിരം രൂപയുടെയും അഞ്ഞൂറു രൂപയുടെയും കറന്‍സി നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുക, അഴിമതിക്കേസുകളില്‍ ഒരു മാസത്തിനകം വിധി പ്രസ്‌താവിക്കുക തുടങ്ങിയ അപ്രായോഗികമായ ആവശ്യങ്ങള്‍. ഒരു സ്‌കൂള്‍ വാദപ്രതിവാദത്തില്‍ വിദ്യാര്‍ഥികളുടെ കൈയടി വാങ്ങാന്‍ കൊള്ളാവുന്ന കാര്യങ്ങളാണ്‌ അതെല്ലാം.

എന്തായാലും രാംദേവിന്റെ സത്യഗ്രഹം ഗുരുതരമായ പ്രശ്‌നങ്ങളാണു സര്‍ക്കാരിന്റെ മുമ്പിലുയര്‍ത്തിയത്‌. മൂവായിരം പേര്‍ പങ്കെടുക്കുമെന്നു പറഞ്ഞിരുന്ന സമരപ്പന്തലില്‍ മുപ്പതിനായിരം പേരാണെത്തിയത്‌. അതിനിടയിലാണ്‌ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഭീകരപ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചത്‌. അതിര്‍ത്തികടന്നുവരുന്ന ഭീകരവാദികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്‌ഥലമാണു ഡല്‍ഹി. ഭീകരവാദികളിലെ ചാവേര്‍ പടയില്‍പ്പെട്ടവര്‍ സമരപ്പന്തലില്‍ ആക്രമണം നടത്തുകയും ബാബാ രാംദേവിനും അനുയായികള്‍ക്കും അപമൃത്യു സംഭവിക്കുകയും ചെയ്‌താല്‍ എന്താകുമായിരുന്നു സ്‌ഥിതി? ഡല്‍ഹിയിലെ ക്രമസമാധാനനിലയുടെ ചുമതല വഹിച്ചിരുന്ന സ്‌പെഷല്‍ പോലീസ്‌ കമ്മിഷണര്‍ ധര്‍മ്മേന്ദ്രകുമാര്‍ പിന്നീടു വെളിപ്പെടുത്തിയത്‌ ഉടനടി രാംദേവിനേയും മറ്റും അറസ്‌റ്റ് ചെയ്‌തു നീക്കുകയും സമരപ്പന്തലിലുള്ളവരെ ഒഴിവാക്കുകയുമായിരുന്നു ഏക മാര്‍ഗമെന്നാണ്‌. അതാണ്‌ അടിയന്തരാവസ്‌ഥക്കാലത്തെ അറസ്‌റ്റ് നടപടികളെപ്പോലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമായി പിന്നീടു ബി.ജെ.പി.യും മറ്റും വിമര്‍ശിച്ചത്‌.

രാംദേവിനെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ്‌ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ എന്തെല്ലാം അപഹാസ്യ സംഭവങ്ങളാണു നടന്നത്‌! ബാബാ രാംദേവ്‌ സ്‌ത്രീവേഷം കെട്ടി ഒളിവില്‍ രക്ഷപ്പെടാന്‍വരെ ശ്രമം നടത്തി. ഈ സംഭവവികാസത്തെത്തുടര്‍ന്നു രാംദേവും സംഘവുമായി ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നു പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവിഹിത സ്വത്തുക്കളെക്കുറിച്ചു വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്‌തു. അതോടെ ചിത്രമാകെ മാറി.

രാംദേവിനു രണ്ടായിരം കോടി രൂപയുടെ സ്വത്തുണ്ടെന്ന വിവരമാണ്‌ ആദ്യം പുറത്തുവന്നത്‌. പക്ഷേ, യഥാര്‍ഥ സ്വത്ത്‌ അതിന്റെ എത്രയോ ഇരട്ടിവരുമെന്നാണ്‌ പ്രതിയോഗികള്‍ പറയുന്നത്‌. ഇതു വലിയ വിവാദമായപ്പോള്‍ തനിക്ക്‌ 1,100 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്‌ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. അതിനുപുറമേ വിവിധ ട്രസ്‌റ്റുകളിലായുള്ള സമ്പാദ്യത്തെക്കുറിച്ചു പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവയ്‌ക്കൊന്നും മറുപടി പറയാന്‍ കൂട്ടാക്കാതെ ബാബാ രാംദേവ്‌ സ്‌ഥലംവിടുകയാണുണ്ടായത്‌. വിദേശരാജ്യങ്ങളിലുള്ള സമ്പാദ്യമടക്കം ഇത്രയധികം സമ്പാദ്യം എവിടെനിന്നാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌?

ഹരിയാനയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച രാംദേവ്‌ എട്ടാംക്ലാസില്‍ പഠനം നിര്‍ത്തി സ്‌കൂള്‍ വിട്ടിറങ്ങിയതാണ്‌. പിന്നീടു സൈക്കിളില്‍ സഞ്ചരിച്ചിരുന്ന രാംദേവിനെപ്പറ്റി എട്ടുകൊല്ലം മുമ്പുവരെ അധികമാരും അറിഞ്ഞിരുന്നില്ല. അവിടംതൊട്ട്‌ അദ്ദേഹത്തിനു വച്ചടി കയറ്റമായിരുന്നു. യോഗാ പരിശീലനത്തില്‍ അദ്ദേഹം ആചാര്യനായതോടെ ബാബാ രാംദേവ്‌ എന്നായി പേര്‌. വിമാനംവരെ സ്വന്തമായുള്ള ഒരു യോഗാചാര്യന്‍. അതോടെ രാഷ്‌ട്രീയ സ്വയംസേവക്‌ സംഘത്തിന്റെ ഭാഗമായി. വലിയ കള്ളപ്പണക്കാരനെന്നു കോണ്‍ഗ്രസ്‌ നേതൃത്വം ആക്ഷേപിച്ച രാംദേവിന്റെ രാഷ്‌ട്രീയം അലസിപ്പോയ ഈ സമരത്തോടെ മറനീക്കി പുറത്തുവരികയും ചെയ്‌തു.

ബാബയോടൊപ്പം സമരവേദിയിലെത്തിയത്‌ ബി.ജെ.പി. നേതാവ്‌ ഉമാഭാരതിയും സ്വാധ്വി ഋതംബരെയെപ്പോലുള്ള സംഘപരിവാര നേതാക്കളുമാണ്‌. രാംദേവിനെ അറസ്‌റ്റ് ചെയ്യുകയും ഡല്‍ഹിയിലെ സമരം പരാജയപ്പെടുകയും ചെയ്‌തപ്പോള്‍ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തിറങ്ങി. ലോക്‌പാല്‍ ബില്ലിന്റെ പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ ഉപവാസമാരംഭിച്ചപ്പോള്‍ ഓംപ്രകാശ്‌ ചൗതാല, ഉമാഭാരതി തുടങ്ങിയവര്‍ ആ സമരവേദിയിലേക്ക്‌ ഓടിക്കയറിയതാണ്‌. ഈ സമരം രാഷ്‌ട്രീയ മുതലെടുപ്പിന്‌ അവസരം നല്‍കില്ലെന്നു പറഞ്ഞ്‌ ഉമാഭാരതിയേയും ചൗതാലയേയും മറ്റും അണ്ണാ ഇറക്കിവിടുകയാണുണ്ടായത്‌. അഴിമതിക്കെതിരായ സമരത്തിനാണു ജനങ്ങളുടെ പിന്തുണയെന്നു മനസിലായാല്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ സുരേഷ്‌ കല്‍മാഡിയും എ. രാജയും കനിമൊഴിയുമെല്ലാം മുന്നോട്ടുവരുമായിരുന്നു എന്ന്‌ ആര്‍ക്കാണറിയാത്തത്‌.

ഇന്ത്യന്‍ ജനതയ്‌ക്കു ചിന്തിക്കാനാവാത്തത്ര വലിയ സമ്പത്തിന്റെ ഉടമയായ ബാബാ രാംദേവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ അണ്ണാ ഹസാരെ രംഗത്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ വില ഇടിയാനും കാരണമായി. തന്റെ സമരത്തിന്റെ ഭാഗമായി ലോക്‌പാല്‍ ബില്ലിനു രൂപം നല്‍കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായപ്പോള്‍ ആ കമ്മിറ്റിയിലേക്കു പ്രഖ്യാത അഭിഭാഷകനായ ശാന്തിഭൂഷണേയും പുത്രന്‍ പ്രശാന്ത്‌ ഭൂഷണേയും അണ്ണാ ഹസാരെ നാമനിര്‍ദേശം ചെയ്‌തത്‌ വിലകുറഞ്ഞ നടപടിയായിപ്പോയിയെന്നാണു ജനങ്ങള്‍ അധികവും വിശ്വസിക്കുന്നത്‌. ഏതു രംഗത്തേയും കുടുംബാധിപത്യത്തെ നീതിബോധമുള്ളവര്‍ എതിര്‍ക്കുന്നിടത്താണ്‌ അച്‌ഛനേയും മകനേയും ഒരേ കമ്മിറ്റിയിലേക്ക്‌ അണ്ണാ ഹസാരെ നിര്‍ദേശിച്ചത്‌.

ഒരു കാര്യം വ്യക്‌തമാണ്‌. അഴിമതിക്കെതിരായ ശക്‌തമായ പോരാട്ടം രാജ്യത്ത്‌ അനിവാര്യമാണ്‌. അതു നടത്തേണ്ടതു ജനാധിപത്യത്തിന്റെ പടത്തലവന്മാരായ രാഷ്‌ട്രീയനേതാക്കള്‍ തന്നെയാണ്‌. അല്ലാതെ പരമാത്മജ്‌ഞാനമുണ്ടെന്ന്‌ അവകാശപ്പെടുന്ന തിരുമ്മല്‍ വിദഗ്‌ധന്മാരൊന്നുമല്ല. രാഷ്‌ട്രീയക്കാരന്‍ പരാജയപ്പെടുന്നിടത്താണു മതം കടന്നുവരുന്നത്‌.

അതിന്‌ ഇടനല്‍കുന്നത്‌ അന്തിമമായി ജനാധിപത്യ വ്യവസ്‌ഥയെ ദുഷിപ്പിക്കുക മാത്രമല്ല, തകര്‍ക്കുകയും ചെയ്യും. ഒരിക്കലും രോഗത്തിന്റെ നിവാരണത്തിനുള്ള ഔഷധം രോഗത്തെക്കാള്‍ മാരകമായിത്തീരാന്‍ അനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ ഇന്നു രാജ്യത്താകെ ആഞ്ഞടിക്കുന്ന ജനരോഷത്തിന്റെ ആഴം മനസിലാക്കാന്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടതു ജനാധിപത്യ വ്യവസ്‌ഥിതി തന്നെയായിരിക്കും.

No comments:

Followers