സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Monday, November 8, 2010

സ്വാത്‌ താഴ്‌വരയിലെ ആ പെണ്‍കുട്ടി

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കോലാഹലങ്ങള്‍ക്കിടയില്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. മാര്‍ച്ച്‌ മാസത്തില്‍ പാകിസ്‌താനിലെ സ്വാത്‌ മേഖലയിലെ ഒരു ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. അവിടെ ചാന്ദ്‌ബീവി എന്ന പതിനേഴുകാരിയെ താലിബാന്‍ കിങ്കരന്മാര്‍ കൈയും കാലും കെട്ടി ജനമദ്ധ്യത്തില്‍ ചാട്ടവാറടിയ്‌ക്ക്‌ വിധേയയാക്കി. യുവതിയുടെ പിടച്ചിലും കരച്ചിലുമൊന്നും മതപോലീസുകാരായ താലിബാന്‍ മുല്ലമാരെ പിന്തിരിപ്പിച്ചില്ല. ബന്ധുവല്ലാത്ത ഒരു പുരുഷന്റെ കൂടെ തെരുവിലൂടെ നടന്നു എന്നതായിരുന്നു ചാന്ദ്‌ബീവിയില്‍ ആരോപിക്കപ്പെട്ട കുറ്റം. ഭര്‍ത്താവോ ഏറ്റവും അടുത്ത ബന്ധുക്കളോ അല്ലാത്തവരോടൊപ്പം സ്‌ത്രീകള്‍ പുറത്തിറങ്ങുന്നത്‌ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്തിന്‌ വിരുദ്ധമാണ്‌ എന്നതായിരുന്നു സ്വാത്‌ താഴ്‌വരയില്‍ ഇസ്ലാമിക കോടതി സ്ഥാപിച്ച താലിബാന്‍ പ്രതിനിധിയുടെ വാദം. ഏതായാലും നടുറോഡിലിട്ട്‌ അവര്‍ `കുറ്റവാളി’യെ പൊതിരെ തല്ലി.


`സദാചാരലംഘനം’ ആരോപിച്ച്‌ ശിക്ഷിക്കപ്പെട്ടത്‌ പെണ്‍വര്‍ഗത്തില്‍ പെട്ട വ്യക്തിയാണ്‌ എന്നതാണ്‌ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ചാന്ദ്‌ബീവിയോടൊപ്പം തെരുവിലൂടെ നടന്ന പുരുഷനെ ആരും പിടിച്ചുകെട്ടുകയോ മര്‍ദ്ദിക്കുകയോ ചെയ്‌തില്ല. സദാചാരം ഉറപ്പാക്കേണ്ടത്‌ സ്‌ത്രീകളാണ്‌ എന്നതത്രേ മതാന്ധരായ താലിബാന്‍ പ്രഭൃതികളുടെ കാഴ്‌ചപ്പാട്‌. അതുകൊണ്ടാണല്ലോ അവര്‍ സ്‌ത്രീകള്‍ക്ക്‌ കണ്ണൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുക്കെ ആവൃതമാക്കുന്ന പര്‍ദ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. സ്‌ത്രീയെ മൂടിവെച്ചാല്‍ സദാചാരം കെങ്കേമമാകുമെന്ന്‌ അവര്‍ കരുതുന്നു. ലൈംഗിക അപഭ്രംശങ്ങളില്‍ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യപങ്കാണുള്ളതെന്ന വസ്‌തുത അവരുടെ വിചാരങ്ങളിലേയ്‌ക്ക്‌ കടന്നുവരുന്നതേയില്ല. പുരുഷമേധാവിത്വപരമായ മൂല്യവ്യവസ്ഥയുടെ തടവുകാരായ ഇത്തരക്കാരാണ്‌ പാകിസ്‌താനും അഫ്‌ഗാനിസ്‌താനുമുള്‍പ്പെടെയുള്ള പല മുസ്ലിം ഭൂരിപക്ഷദേശങ്ങളിലും ശരീഅത്തിന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുന്നത്‌. അവരുടെ വീക്ഷണത്തില്‍ സ്‌ത്രീകളുടെ സമ്പൂര്‍ണമായ അടിമത്തത്തിന്റെ ദൈവികരേഖയാണ്‌ ശരീഅത്ത്‌.

സ്വാത്‌ മേഖല പുകയാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. പാകിസ്‌താനിലെ സുഖവാസ കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശം കുറച്ചുകാലമായി താലിബാന്റെ പിടിയിലാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിന്റെ പേരില്‍ അവിടത്തെ സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു. സ്‌ത്രീകള്‍ ജോലിക്കു പോകുന്നതിനെതിരെയും മതാന്ധര്‍ അവിടെ രംഗത്ത്‌ വരികയുണ്ടായി. ഒടുവില്‍ പാക്‌ ഭരണകൂടം താലിബാനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. രാജ്യത്തെ ഇതരപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്‌തമായി സ്വാതില്‍ ശരീഅത്ത്‌ നിയമവ്യവസ്ഥ നടപ്പാക്കാന്‍ ഭരണകൂടം മതാന്ധര്‍ക്ക്‌ അനുമതി നല്‍കി.

തൊണ്ണൂറുകളില്‍ അഫ്‌ഗാനിസ്‌താനില്‍ ശക്തിപ്രാപിച്ച താലിബാന്‍ പാകിസ്‌താനിലേക്കു കൂടി നുഴഞ്ഞുകയറിയിരിക്കുന്നു എന്നാണ്‌ സ്വാത്‌ താഴ്‌ വരയിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ഇസ്ലാമാബാദാണ്‌ തങ്ങളുടെ അടുത്ത ലക്ഷ്യമെന്നു പാക്‌ താലിബാന്‍ നേതാവ്‌ ഒബയ്‌ത്തുല്ല മഹ്‌സൂദ്‌ വ്യക്തമാക്കുകയും ചെയ്‌തിരിക്കുന്നു. അതായത്‌, അഫ്‌ഗാനിസ്‌താനില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുല്ല ഉമറിന്റെയും മറ്റും കാര്‍മികത്വത്തില്‍ അരങ്ങേറിയ കിരാതത്വം പാകിസ്‌താനിലും ആവര്‍ത്തിക്കാനാണ്‌ താലിബാന്‍ പദ്ധതിയിടുന്നത്‌.

ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ രാജ്യത്തെ കൊണ്ടെത്തിച്ചതില്‍ പാക്‌ ഭരണകൂടം വഹിച്ച പങ്ക്‌ ചെറുതല്ല. എണ്‍പതുകളില്‍ അഫ്‌ഗാനിസ്‌താനില്‍ മതതീവ്രവാദികളെ വളര്‍ത്തുന്നതില്‍ അമേരിക്കയുടെ സി ഐ എ എന്ന പോലെ പാകിസ്‌താനിലെ ഐ എസ്‌ ഐയും മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ്ലാമിന്റെ പേരില്‍ എന്ത്‌ ക്രൂരതകള്‍ നടത്തുന്നതിനെയും അക്കാലത്ത്‌ പാക്‌ അധികൃതര്‍ പിന്താങ്ങി. പാക്‌ – അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന മതപാഠശാലകളിലൂടെ അധ്യേതാക്കളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ മതാന്ധതയാണെന്നറിഞ്ഞിട്ടും ഭരണാധികാരികള്‍ അനങ്ങിയില്ല. താലിബാന്റെ സ്വാധീനം അഫ്‌ഗാനിസ്‌താനില്‍ ഒതുങ്ങിക്കൊള്ളും എന്നാണ്‌ ഒരുപക്ഷേ അവര്‍ കണക്ക്‌ കൂട്ടിയത്‌.


ആ കണക്കുകളാണ്‌ ഇപ്പോള്‍ തെറ്റിയിരിക്കുന്നത്‌. തൊണ്ണൂറുകളുടെ മധ്യത്തില്‍ അഫ്‌ഗാനിസ്‌താനില്‍ ആഞ്ഞടിച്ച താലിബാന്‍ പ്രത്യയശാസ്‌ത്രം ഒരു ദശകത്തിനുശേഷം പാകിസ്‌താന്റെ പല മേഖലകളെയും കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. തത്‌കാലം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ഏതാനും ജില്ലകളിലാണ്‌ മതാന്ധര്‍ സ്വാധീനം നേടിയിരിക്കുന്നത്‌ എന്നത്‌ ശരിയാണെങ്കിലും മറ്റു പ്രദേശങ്ങള്‍ അവരുടെ ഭീഷണിയില്‍ നിന്നു മുക്തമാണെന്നു കരുതാന്‍ ന്യായമില്ല. പാക്‌ സൈന്യത്തില്‍ തന്നെ താലിബാനോട്‌ മൃദുസമീപനം സ്വീകരിക്കുന്നവര്‍ ഉണ്ടെന്നിരിക്കെ രാജ്യത്ത്‌ അവരുടെ സ്വാധീനമേഖല വിപലുപ്പെടാനുള്ള സാധ്യത ഏറെയാണ്‌.

രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ മതതീവ്രവാദികളെ ഒളിഞ്ഞോ തെളിഞ്ഞോ പ്രോത്സാഹിപ്പിക്കുന്നത്‌ പില്‍ക്കാലത്ത്‌ വന്‍വിപത്തിനിടവരുത്തുമെന്നതാണ്‌ സ്വാത്‌ മേഖലയിലെ അനുഭവങ്ങള്‍ നല്‍കുന്ന പാഠം. എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തില്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ ശരീഅത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ നടന്ന പ്രചാരണം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. സ്‌ത്രീകള്‍ക്കു നീതിനിഷേധിക്കുന്ന മതാന്ധര്‍ക്കെതിരെയായിരുന്നു അന്ന്‌ സി പി ഐ എം രംഗത്തിറങ്ങിയിരുന്നത്‌. അത്‌ ഏറെ ഗുണം ചെയ്‌തു. മതവികാരമിളക്കി ലിംഗനീതി തടയുന്നവരെ തുറന്നുകാണിക്കാന്‍ ആ പ്രചാരണം സഹായിച്ചു. മതവിഷയങ്ങളില്‍ ഉദാരസമീപനം സ്വീകരിക്കുന്നവരാണ്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന സന്ദേശം അത്‌ നല്‍കുകയും ചെയ്‌തു.

എണ്‍പതുകളുടെ മധ്യത്തില്‍ നിന്ന്‌ 2009 ല്‍ എത്തുമ്പോള്‍ കേരളത്തില്‍ സി പി ഐ എമ്മിന്റെ മുഖം ഏറെ വ്യത്യസ്‌തമാണ്‌. പണ്ട്‌ മതയാഥാസ്ഥിതികതയെയും മതതീവ്രവാദത്തെയും എതിര്‍ത്ത ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ മതതീവ്രവാദികളെ തോളിലേറ്റി നടക്കുന്നു. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനുകളില്‍ ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത പി ഡി പിയുടെ അമരക്കാരെ പങ്കെടുപ്പിക്കുകയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അവരോട്‌ വേദി പങ്കിടുകയും ചെയ്‌തത്‌ കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.


മതതീവ്രവാദികളില്‍ കുരുത്ത പാര്‍ട്ടിക്കും അതിന്റെ ചെയര്‍മാനും സി പി ഐ എം നല്‍കുന്ന അംഗീകാരം പണ്ട്‌ പാക്‌ ഭരണാധികാരികള്‍ അഫ്‌ഗാനിലെ താലിബാന്‍ മുല്ലമാര്‍ക്കു നല്‍കിയ അംഗീകാരവുമായി വേണം തുലനം ചെയ്യാന്‍. പാകിസ്‌താന്‍ നല്‍കിയ പിന്തുണമൂലം താലിബാന്‍ വളര്‍ന്നു. അത്‌ പാകിസ്‌താനിലേയ്‌ക്ക്‌ കൂടി അതിന്റെ വേരുകള്‍ പടര്‍ത്തി. ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന്‌ ഭീഷണി മുഴക്കാന്‍ മാത്രം അവിടെ താലിബാന്‍ ശക്തി പ്രാപിച്ചിരിക്കുന്നു. കേരളത്തില്‍ പി ഡി പിക്ക്‌ മതേതര സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അവര്‍ക്ക്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിന്റെ നടുത്തളങ്ങളിലേക്ക്‌ പ്രവേശനം നല്‍കിയവരുടെ ചെയ്‌തികളുടെ ഫലവും മറ്റൊന്നാവില്ല. സി പി ഐ എമ്മിന്റെ തണലില്‍ ഹിംസാത്മക വര്‍ഗീയത ഇവിടെ വേരുകളാഴ്‌ത്തും. മതനിരപേക്ഷതയുടെ ഭാഗം ചേരേണ്ട മുസ്ലിംയുവാക്കളില്‍ ഗണ്യമായ ഒരു വിഭാഗത്തെ തീവ്രവാദത്തിന്റെ പന്ഥാവില്‍ അതെത്തിക്കും. ന്യൂനപക്ഷസമുദായത്തില്‍ മതാന്ധതയും വര്‍ഗീയതയും വര്‍ധിക്കുന്ന തോതില്‍ ഭൂരിപക്ഷസമുദായത്തിലും അതിന്റെ അനുരണനങ്ങളുണ്ടാവും. സ്വാത്‌ താഴ്‌വരയിലെ ചാന്ദ്‌ബീവിയുടെ രോദനം കേള്‍ക്കാനെങ്കിലും സി പി ഐ എം നേതൃത്വത്തിന്‌ സാധിക്കേണ്ടതുണ്ട്‌.

Followers