സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, November 8, 2010

അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക്‌ വിലയില്ലേ?

ഇക്കഴിഞ്ഞ മെയ്‌ 28ന്‌ പാകിസ്‌താനിലെ ലാഹോറില്‍ അഹമ്മദിയ്യാ മുസ്‌ലീങ്ങളുടെ രണ്ടു പള്ളികളില്‍ പാക്‌ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. അഹമ്മദിയ്യാ വിഭാഗത്തിനു നേരെ പാകിസ്‌താനില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്‌. 1953ല്‍ ഒരു വന്‍കലാപം തന്നെ അവര്‍ക്കെതിരെ നടന്നു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഖ്യധാരാ മുസ്‌ലീം സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തിയ ആ ലഹളയില്‍ രണ്ടായിരത്തിലേറെ അഹമ്മദി മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്‌.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഞ്ചാബിലെ ഖാദിയാനില്‍ മിര്‍സാ ഗുലാം അഹമ്മദാണ്‌ പ്രവാചക പരമ്പര അവസാനിച്ചിട്ടില്ലെന്ന ആശയം അവതരിപ്പിച്ചുകൊണ്ട്‌ പുതിയ മുസ്‌ലീം വിഭാഗത്തിനു രൂപം നല്‍കിയത്‌. മുഹമ്മദ്‌ അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്ന മുഖ്യധാരാ മുസ്‌ലീങ്ങള്‍ അന്നു തൊട്ടേ അഹമ്മദിയ മുസ്‌ലീങ്ങളെ ശത്രുക്കളായാണ്‌ വീക്ഷിച്ചുപോന്നത്‌. പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ പഞ്ചാബിലെ അഹമ്മദി മുസ്‌ലീങ്ങളിലെ ഭൂരിപക്ഷം നവരാഷ്‌ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. പാകിസ്‌താന്റെ പ്രഥമവിദേശകാര്യമന്ത്രി ചൗധരി സഫറുള്ളാഖാന്‍ അഹമ്മദി മുസ്‌ലീമായിരുന്നു. അദ്ദേഹത്തെപ്പോലെ വേറെ ചില അഹമ്മദികളും ആദ്യകാലത്ത്‌ പാകിസ്‌താനില്‍ ഉന്നതസ്ഥാനങ്ങളിലുണ്ടായിരുന്നു. അവരെയെല്ലാം നീക്കം ചെയ്യണമെന്നും അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു 1953ല്‍ മുഖ്യധാരക്കാരുടെ പ്രക്ഷോഭം.



തങ്ങളുടെ ലക്ഷ്യം നേടാന്‍ പ്രക്ഷോഭകര്‍ക്ക്‌ തത്‌കാലം സാധിച്ചില്ലെങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. മറ്റുള്ളവരുടെ മതവിശ്വാസ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന അവര്‍ അഹമ്മദിമുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആക്രാമകപ്രചാരണങ്ങള്‍ തുടര്‍ന്നു. മതഫാഷിസത്തില്‍ അഭിരമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി അഹമ്മദികള്‍ മൂര്‍ത്തദ്ദൂകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി. രണ്ടുദശാബ്‌ദത്തിലേറെക്കാലം തുടര്‍ന്ന ഈ യക്ഷിവേട്ട 1974ല്‍ ചെന്നെത്തിയത്‌ ഭരണഘടനാ ഭേദഗതിയിലാണ്‌. മൗദൂദിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണയുദ്ധത്തിനു മുന്‍പില്‍ മുട്ടുമടക്കി സുല്‍ഫിക്കര്‍ അലിഭൂട്ടോയുടെ സര്‍ക്കാര്‍ അഹമ്മദികളെ ഇസ്‌ലാം മതത്തില്‍നിന്നു പുറന്തള്ളാന്‍ പാകത്തിലുള്ള ഭേദഗതി ഭരണഘടനയില്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്നവരെ മാത്രമെ മുസ്‌ലീങ്ങളായി പരിഗണിക്കൂ എന്നതായിരുന്നു ഭേദഗതിയുടെ പൊരുള്‍. അതനുസരിച്ച്‌ അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കുകയും ചെയ്‌തു.

അതുകൊണ്ടും തൃപ്‌തരായിരുന്നില്ല മൗദൂദിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരക്കാര്‍. കൂടുതല്‍ കടുത്ത നിയമങ്ങള്‍ വഴി അഹമ്മദികളെ സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ അവര്‍ നടത്തി. മതമൗലികവാദികളെ വഴിവിട്ട്‌ പ്രീണിപ്പിക്കുന്ന ജനറല്‍ സിയാവുല്‍ ഹഖ്‌ പ്രസിഡന്റായപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 1984 ഏപ്രിലില്‍ ഓര്‍ഡിനന്‍സ്‌ മുഖേന ജനറല്‍ഹഖ്‌ അഹമ്മദികളെ അക്ഷരാര്‍ത്ഥത്തില്‍ ഗളച്ഛേദം നടത്തി. മുസ്‌ലീങ്ങള്‍ എന്നവകാശപ്പെടാനോ തങ്ങളുടെ മതാശയങ്ങള്‍ പ്രചരിപ്പിക്കാനോ തങ്ങളുടെ മസ്‌ജിദുകളെ മസ്‌ജിദുകള്‍ എന്നു വിശേഷിപ്പിക്കാനോ ബാങ്ക്‌ വിളിക്കാനോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാനോ ഉള്ള അവകാശംപോലും അഹമ്മദികള്‍ക്കു നിഷേധിക്കപ്പെട്ടു.


ഇന്നു പാകിസ്‌താനില്‍ നാല്‌പതുലക്ഷം അഹമ്മദി മുസ്‌ലീങ്ങളുണ്ട്‌. പക്ഷേ മുസ്‌ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്‌ടിക്കപ്പെട്ട രാഷ്‌ട്രത്തില്‍ അവര്‍ അമുസ്‌ലീം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനപോലും അവര്‍ക്ക്‌ `പവിത്രതയുടെ നാട്‌’ എന്നര്‍ത്ഥമുള്ള പാകിസ്‌താനില്‍ ലഭിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കാരും ലശ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്‌, ലശ്‌കറെ ജംഗ്‌വി, സിപാഹെ സഹാബ, പാക്‌ താലിബാന്‍ തുടങ്ങിയ ഭീകരവാദസംഘങ്ങളും അവരെ വീക്ഷിക്കുന്നത്‌ വധിക്കപ്പെടേണ്ടവര്‍ എന്ന നിലയ്‌ക്കാണ്‌. മതവിശ്വാസികളുടെ പേരില്‍ ഒരു ജാതിവിഭാഗത്തെ ഉന്‍മൂലനം ചെയ്യേണ്ടതുണ്ടെന്നു പ്രചരിപ്പിക്കുകയും അവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ പാക്‌ ഭരണകൂടം മുന്നോട്ടുവരുന്നില്ല എന്നത്‌ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇന്നു ലോകത്തിലെ ഏറ്റവും അരക്ഷിതരായ ജനവിഭാഗമാണ്‌ പാകിസ്‌താനിലെ അഹമ്മദിയാ മുസ്‌ലീങ്ങള്‍. മനുഷ്യാവകാശങ്ങള്‍ ഇത്രത്തോളം നിഷേധിക്കപ്പെട്ട മറ്റൊരു ജനവിഭാഗത്തെ കണ്ടെത്തുക പ്രയാസം.

വിചിത്രമായ കാര്യം, അഹമ്മദിയ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവയര്‍ഹിക്കുന്ന വിധം തുറന്നുകാട്ടാന്‍ നമ്മുടെ നാട്ടില്‍ പലരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌. പലസ്‌തീന്‍ മേഖലയിലെയും ചെച്‌നിയയിലെയും സിംഗിയാങ്കിലെയും കാശ്‌മീരിലെയും ബോസ്‌നിയയിലെയും ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും ഗ്വാണ്ടനാമോയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തികച്ചും ന്യായമായി ഇവിടെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. അവയ്‌ക്കെതിരെ ഉച്ചത്തില്‍ ശബ്‌ദിക്കാന്‍ നമ്മുടെ സംസ്ഥാനത്തും പുറത്തും പല കൂട്ടായ്‌മകളും മുന്നോട്ടു വന്നിട്ടുമുണ്ട്‌. തീര്‍ച്ചയായും അത്‌ വേണ്ടത്‌ തന്നെ. പക്ഷേ അത്രതന്നെ ഗൗരവത്തില്‍ വീക്ഷിക്കപ്പെടേണ്ടതാണ്‌ പാകിസ്‌താനില്‍ ദശാബ്‌ദങ്ങളായി അഹമ്മദികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യാവകാശലംഘനങ്ങളും. ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

Followers