സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Monday, November 8, 2010

മനുഷ്യാവകാശ നിഷേധം: കാണുന്നതും കാണാത്തതും

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ചില മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുകയും വേറെ ചിലത്‌ കാണാതിരിക്കുകയും ചെയ്യുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല. അമേരിക്ക ഇറാഖ്‌ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനം ഇവിടെ നിശിതമായി വിമര്‍ശിക്കപ്പെടുകയുണ്ടായി. മുന്‍സോവിയറ്റ്‌ യൂനിയന്‍, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും നമ്മുടെ മാധ്യമങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും വിമര്‍ശനത്തിന്‌ പാത്രീഭവിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ജമ്മു – കാശ്‌മീരിലും ഗുജറാത്തിലും മറ്റുമുണ്ടായ മനുഷ്യാവകാശ ലംഘനപരമായ ചെയ്‌തികള്‍ തുറന്നു കാട്ടുന്നതിലും നമ്മുടെ പല രാഷ്‌ട്രീയ പാര്‍ട്ടികളും അച്ചടി – ഇലക്ട്രോണിക്‌ മാധ്യമങ്ങളും മുന്‍പന്തിയില്‍ നിന്നു. അക്കാര്യത്തില്‍ തീര്‍ച്ചയായും അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.


എന്നാല്‍ മനുഷ്യാവകാശധ്വംസനം എവിടെയുണ്ടായാലും അത്‌ ജനശ്രദ്ധയില്‍ കൊണ്ടുവരികയും വിമര്‍ശനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്ന തത്ത്വം മലയാളക്കരയിലെ മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. ഉദാഹരണത്തിന്‌, നിലവിലുള്ള ശിക്ഷാനിയമം ഭേദഗതി ചെയ്യാനുള്ള ഒരു ബില്‍ ഇറാനിയന്‍ പാര്‍ലമെന്റിന്‌ മുമ്പാകെയുണ്ട്‌. മുസ്‌ലിം പിതാവിനോ മാതാവിനോ ജനിച്ച ഒരാള്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചാല്‍ അയാളെ വധിക്കണമെന്ന്‌ അനുശാസിക്കുന്നതാണ്‌ നിര്‍ദിഷ്‌ട നിയമഭേദഗതി. ഒരു മുസ്‌ലിം മറ്റൊരു മതത്തിലേയ്‌ക്ക്‌ മാറുകയോ മതമേ വേണ്ടെന്നു വെക്കുകയോ ചെയ്‌താല്‍ അയാള്‍ വധിക്കപ്പെടും. ഇതിനേക്കാള്‍ ക്രൂരമായ മറ്റെന്ത്‌ മനുഷ്യാവകാശലംഘനമാണുള്ളത്‌? മതവിഷയത്തില്‍ പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യവും വിയോജനാവകാശവുമാണ്‌ ഇവിടെ ഗളഹസ്‌തം ചെയ്യപ്പെടുന്നത്‌. താന്‍ ഏത്‌ മതത്തിന്‍റെ ഭാഗമാകണം / ഭാഗമാകാതിരിക്കണം എന്നു തീരുമനിക്കേണ്ടത്‌ വ്യക്തിയാണ്‌, ഭരണകൂടമല്ല. രാഷ്‌ട്രത്തിന്‍റെ ഔദ്യോഗികമതമായ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോകുന്നവനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറയുന്ന പ്രാകൃത നിയമവുമായി ഇറാന്‍ ഭരണകൂടം മുന്നോട്ടുപോകുമ്പോഴും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളോ രാഷ്‌ട്രീയ പാര്‍ട്ടികളോ അതിനെതിരില്‍ ചെറുവിരല്‍ പോലുമനക്കിക്കാണുന്നില്ല.

നിര്‍ദിഷ്‌ട ഇറാനിയന്‍ നിയമം ഇറാനിലെ ഒരു പ്രത്യേക മതവിഭാഗമായ ബഹായികളെയാണ്‌ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. പതിനെട്ടാം നൂറ്റാണ്ടിലാണ്‌ ബഹായിമതം നിലവില്‍ വന്നത്‌. പ്രധാനമായും ഇസ്‌ലാമില്‍ നിന്ന്‌ പോയവരാണ്‌ ബഹായികള്‍. പില്‍ക്കാലത്ത്‌ അവര്‍ ഇറാനില്‍ പലമട്ടില്‍ പീഡിപ്പിക്കപ്പെട്ടു. മുമ്പ്‌ പാര്‍സികള്‍ (സൊരാഷ്‌ട്രീയര്‍) എന്ന പോലെ അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടി. ഇപ്പോഴും മൂന്നുലക്ഷത്തോളം ബഹായികള്‍ ഇറാനില്‍ അവശേഷിക്കുന്നു. അവരെ ഇസ്‌ലാംമതം ത്യജിച്ചവരും അതിനാല്‍ തന്നെ വധാര്‍ഹരുമായാണ്‌ ഇറാനിലെ യാഥാസ്ഥിതിക മുസ്‌ലിം പൗരോഹിത്യം കാണുന്നത്‌. പുതിയ നിയമഭേദഗതി പാസ്സാക്കുന്നതോടെ ബഹായികളെ വധിക്കാനുള്ള ലൈസന്‍സാണ്‌ ഇറാനിയന്‍ ഭരണകൂടത്തിന്‌ കൈവരാന്‍ പോകുന്നത്‌. എന്നിട്ടും ഉദ്‌ബുദ്ധം എന്നു അവകാശപ്പെടുന്ന മലയാള മണ്ണിലെ മാധ്യമ – രാഷ്‌ട്രീയ വിശാരദര്‍ ആരും അതിനിന്ദ്യമായ ഈ നീക്കം കണ്ട ഭാവമേയില്ല.

ആയത്തുല്ലാ ഖൊമെയ്‌നിയുടെ കാര്‍മികത്വത്തില്‍ 1979ല്‍ നടന്ന `ഇസ്‌ലാമിക വിപ്ലവ’ത്തിനു ശേഷം പലപ്പോഴായി ഇരുനൂറിലേറെ ബഹായി പുരോഹിതര്‍ ഇറാനില്‍ ഭരണകൂടത്താല്‍ വധിക്കപ്പെട്ടിട്ടുണ്ട്‌. ബഹായികള്‍ക്കു ആത്മീയ നേതൃത്വം നല്‍കുന്നു എന്നത്‌ മാത്രമായിരുന്നു അവര്‍ ചെയ്‌ത `അപരാധം?’ നികൃഷ്‌ടമായ ഈ ഭരണകൂട ഹിംസയും കേരളത്തില്‍ ചര്‍ച്ചാ വിഷയമായില്ല. മനുഷ്യാവകാശങ്ങളുടെ പേരില്‍ ബഹളം വെക്കുന്ന സംഘങ്ങളോ വ്യക്തികളോ ഒന്നും ഇറാനിലെ ബഹായി ഉന്മൂലനം തുറന്നു കാട്ടാന്‍ സമയം കണ്ടെത്തിയില്ല.

ഇന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നത്‌ ഇവിടെ ന്യായമായി വിമര്‍ശിക്കപ്പെട്ടു. മതപരിവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം പൗരന്മാരുടെ മൗലികാവകാശത്തില്‍ പെടുന്നതാണ്‌ എന്നു ചൂണ്ടിക്കാട്ടാനും നമ്മുടെ നാട്ടില്‍ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മുന്നോട്ടുവന്നു. അത്രയും നല്ല കാര്യം. എന്നാല്‍, ഇറാനില്‍ ഇപ്പോള്‍ മതപരിവര്‍ത്തനം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച്‌ തടയാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. മതംമാറ്റ സ്വാതന്ത്ര്യം മുസ്‌ലീങ്ങള്‍ക്കു മാത്രമാണ്‌ അവിടെ നിഷേധിക്കപ്പെടുന്നത്‌ എന്നതും ശ്രദ്ധിക്കണം. അമുസ്‌ലിം ഇസ്‌ലാമിലേയ്‌ക്ക്‌ മാറിയാല്‍ അത്‌ സ്വാഗതം ചെയ്യുന്ന ഭരണകൂടം മുസ്‌ലിം ഇസ്‌ലാം വിട്ടാല്‍ അയാളെ കൊല്ലുമെന്നാണ്‌ വെളിപ്പെടുത്തുന്നത്‌. ഇസ്‌ലാമിനെ മാത്രം വളരാന്‍ അനുവദിക്കുകയും മറ്റുമതങ്ങളെ തകര്‍ക്കുകയും ചെയ്യുക എന്ന ഹീനലക്ഷ്യമാണ്‌ ഇറാനിയന്‍ പൗരോഹിത്യത്തിനുള്ളത്‌.

മതപരവും വിശ്വാസപരവുമായ വൈവിധ്യം ഭരണഘടനാതലത്തില്‍ ഉറപ്പുവരുത്തിയ രാജ്യമാണ്‌ ഇന്ത്യ. എല്ലാമതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യം ഇവിടെയുണ്ട്‌. അത്‌ കൂടുതല്‍ ബലപ്പെടുത്തണമെന്നാണ്‌ പലപ്പോഴും ഇവിടെ ന്യൂനപക്ഷമതക്കാര്‍ ആവശ്യപ്പെട്ടുപോന്നത്‌. മുസ്‌ലിം മത – സാമുദായിക – രാഷ്‌ട്രീയ സംഘടനകള്‍ ഈ ആവശ്യം നിരന്തരം ഉന്നയിച്ചുപോന്നിട്ടുണ്ട്‌. ഇവിടെ മതപരവും സാംസ്‌കാരികവുമായ ബഹുസ്വരത ഒട്ടും ഉടവുതട്ടാതെ നിലനിര്‍ത്തണമെന്ന്‌ ആവശ്യപ്പെടുന്ന മുസ്‌ലിം സംഘടനകളൊന്നും ഇറാനില്‍ മതബഹുസ്വരത തല്ലിത്തകര്‍ക്കപ്പെടുന്നതില്‍ ഉല്‍ക്കണ്‌ഠപ്പെടുന്നില്ലെന്നത്‌ വിസ്‌മയകരമാണ്‌. മുസ്‌ലീങ്ങള്‍ ഭൂരിപക്ഷമായിടത്ത്‌ ബഹുസ്വരത അനുവദിക്കേണ്ടതില്ലെന്നും മുസ്‌ലീങ്ങള്‍ ന്യൂനപക്ഷമായിടത്ത്‌ മാത്രം മതി ബഹുസ്വരത എന്നുമാണോ അവരുടെ നിലപാട്‌? ജനസംഖ്യാതലത്തില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ന്യൂനപക്ഷങ്ങളുടെ മത-സാംസ്‌കാരിക സ്വാതന്ത്ര്യം തങ്ങളുടെ അജണ്ടയിലുണ്ടാവില്ല എന്നല്ലേ ഇറാന്‍ വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ പുലര്‍ത്തുന്ന മൗനം നല്‍കുന്ന സൂചന?

കേരളത്തിലെ മതേതര രാഷ്‌ട്രീയക്കാരും സെക്യുലര്‍ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പും ഭര്‍ത്സിക്കപ്പെടേണ്ടതാണ്‌. ഇന്ത്യയില്‍ ബഹുസ്വരതയുടെ ശക്തരായ വക്താക്കളാണവര്‍. ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ ഇറാന്‍ പോലുള്ള മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ ബഹുസ്വരതയ്‌ക്കും മനുഷ്യാവകാശങ്ങള്‍ക്കും നേരെ ഭരണകൂടം വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ `ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന ഭാവമാണവര്‍ക്ക്‌. അവര്‍ ഭയക്കുന്നത്‌ ആരെയെന്ന്‌ വ്യക്തം. രാഷ്‌ട്രീയക്കാര്‍ `വോട്ടുബേങ്കു’കളെ ഭയക്കുമ്പോള്‍ പത്രമുതലാളിമാര്‍ `സര്‍ക്കുലേഷന്‍ ബേങ്കു’കളെ പേടിക്കുന്നു. ഇറാനിലോ മറ്റെവിടെയെങ്കിലുമോ മതംമാറ്റുന്നവരെ കൊന്നാലെന്ത്‌, നമുക്ക്‌ വോട്ടും കാശും തന്നെ മുഖ്യം!

Followers