സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, December 30, 2008

രണ്ടാം പരാക്രമം





ആറുവര്‍ഷം മുമ്പ്‌ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക്‌ ഇരമ്പിച്ചെല്ലുകയുണ്ടായി. പതിനായിരക്കണക്കിന്‌ സൈനികരാണ്‌ സര്‍വസജ്ജീകരണവുമായി പത്ത്‌ മാസത്തോളം അഭ്യാസങ്ങളിലേര്‍പ്പെട്ടത്‌. ഇപ്പംപൊട്ടും യുദ്ധം എന്ന്‌ ലോകം ഭയന്നു. പൊട്ടിയില്ല. ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ നേരെ നടത്തിയ ആക്രമണമായിരുന്നു പ്രകോപനം. വേറെ കാര്യമായൊന്നും ചെയ്യാനില്ലെന്ന്‌ ബോധ്യപ്പെട്ട രാഷ്ട്രീയനേതൃത്വമാണ്‌ തീരുമാനമെടുത്തത്‌. ചാവേര്‍ ആക്രമണം നടത്തിയവര്‍ പാര്‍ലമെന്റിന്‌ മുന്നില്‍ത്തന്നെ ചത്തുമലച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്‌തവര്‍ സുരക്ഷിത താവളങ്ങളിലിരുന്ന്‌ സൈനികനീക്കം കണ്ട്‌ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം. അവര്‍ക്കൊരു നഷ്‌ടവും ഉണ്ടായില്ല. പത്തുമാസം കഴിഞ്ഞപ്പോള്‍ സൈനികരെയെല്ലാം ബാരക്കുകളിലേക്ക്‌ തിരിച്ചുവിളിച്ചു. ഭീകരന്മാര്‍ അവരുടെ പണി മുറപോലെ തുടര്‍ന്നു.
നര്‍മബോധവുമുള്ളവരായിരുന്നു അന്നത്തെ സൈനിക മേധാവികളെന്ന്‌ സമ്മതിച്ചേ പറ്റൂ. സൈനിക നീക്കത്തിന്‌ അവരിട്ട പേര്‌ ഓപ്പറേഷന്‍ പരാക്രമം എന്നായിരുന്നു. മലയാളത്തില്‍ പരാക്രമം അത്ര നല്ല വാക്കല്ല; ഹിന്ദുസ്ഥാനിയില്‍ പരാക്രമത്തിന്‌ വേറെ അര്‍ഥം കാണുമായിരിക്കും. സൈന്യം പരാക്രമം നടത്തി എന്ന്‌ എഴുതിയാല്‍ സൈന്യം എന്തോ തോന്ന്യാസം ചെയ്‌തു എന്നേ തോന്നൂ. പരനോട്‌ അക്രമം കാട്ടലാണ്‌ പരാക്രമം. അതിലിത്തിരി പരിഹാസവുമുണ്ട്‌. ശൗര്യത്തിന്റെ വൃഥാപ്രകടനം എന്നും പറയാം.
ഇത്തരം സൈനികനീക്കങ്ങളുടെ പണച്ചെലവിനെക്കുറിച്ച്‌ പറയുന്നത്‌ രണ്ടാംതരംവര്‍ത്തമാനമാവാം. അയ്യായിരംകോടി രൂപ പരാക്രമപരിപാടിക്ക്‌ ചെലവായി എന്നാണ്‌ പറഞ്ഞുകേട്ടത്‌. മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പരാക്രമത്തിനിടയിലെ അപകടങ്ങളില്‍ മരിക്കുകയുണ്ടായി, ഒരു വെടിപോലും പൊട്ടിയില്ലെങ്കിലും. മരിച്ചവരില്‍ ഏറെയും നമ്മുടെ വീരസൈനികര്‍. ഒരുപാകിസ്‌താന്‍കാരന്‍പോലും പരാക്രമത്തില്‍ മരിച്ചിട്ടില്ല. യുദ്ധത്തിലോ ഏറ്റുമുട്ടലിലോ മരിക്കുക സൈനികന്‌ അഭിമാനമാണ്‌. തയ്യാറെടുപ്പിനിടയില്‍ അപകടങ്ങളില്‍ മരിക്കുന്നത്‌ നിര്‍ഭാഗ്യമാണ്‌. അവര്‍ക്ക്‌ ധീരരക്തസാക്ഷിപദവി കിട്ടില്ല. കടലാസില്‍ എഴുതിവെച്ചതിന്‌ അപ്പുറം ഒരാനുകൂല്യവും കിട്ടില്ല. ജനം അവരെ ഓര്‍ക്കുകയുമില്ല. പരാക്രമം മതി, യുദ്ധം വേണ്ട എന്ന്‌ ഭരണാധികാരികള്‍ തീരുമാനിച്ചാല്‍ സൈന്യത്തിനൊന്നും ചെയ്യാനാവില്ല.

പോയതുപോയി, അന്നത്തെ പരാക്രമം കൊണ്ട്‌ രാജ്യമെന്ത്‌ നേടി എന്ന്‌ വാജ്‌പേയിയോ അദ്വാനിയോ ഒന്നും പറയുകയുണ്ടായില്ല. പാകിസ്‌താന്റെ പ്രസിഡന്റ്‌ മുഷറഫ്‌ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. പരാക്രമത്തിന്റെ ആദ്യത്തെ കുറെ രാത്രികളില്‍ തനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്ന്‌. അതു വലിയ കാര്യം തന്നെ. ഇന്ത്യയെ തകര്‍ക്കാന്‍ ആകാവുന്നതെല്ലാം ചെയ്‌ത മുഷ്‌കരനായിരുന്നല്ലോ മുഷ്‌. എങ്കിലും, അയാളുടെ കുറച്ചുരാത്രിയിലെ ഉറക്കം നഷ്‌ടപ്പെടുത്താന്‍ 5000 കോടി രൂപ ചെലവിട്ടത്‌ കുറച്ചധികമായിപ്പോയില്ലേ എന്നാരും ചോദിച്ചുപോകും. രാജ്യത്തിന്റെ പാര്‍ലമെന്റ്‌ ആക്രമിച്ചിട്ട്‌ നിങ്ങളെന്തുചെയ്‌തു എന്നാരെങ്കിലും ചോദിച്ചാല്‍ അയ്യായിരം കോടി പൊട്ടിച്ചെന്നെങ്കിലും പറയാനായി വാജ്‌പേയി-അദ്വാനി നേതൃത്വത്തിന്‌. അത്രയും സമാധാനം.
ഇപ്പോഴിതാ, രണ്ടാം പരാക്രമം എന്നുവിളിക്കാവുന്ന ചിലതെല്ലാം നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. മന്‍മോഹന്‍-പ്രണബ്‌- ആന്റണി നേതൃത്വത്തിന്റെ പരാക്രമം രാജ്യത്തെ യുദ്ധത്തിലേക്ക്‌ നയിക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്‌. അന്നത്തെപ്പോലത്തെ കടുത്തസൈനികനീക്കമൊന്നുമില്ല. അതുകൊണ്ട്‌ അന്നത്തെ അത്ര പണച്ചെലവ്‌ കാണില്ലായിരിക്കും. യുദ്ധം അധികവും നടത്തുന്നത്‌ പ്രണബ്‌ മുഖര്‍ജിയുടെ നാക്കുകൊണ്ടാണ്‌. മന്‍മോഹന്‍ജിയും ആന്റണിജിയും അത്രയ്‌ക്ക്‌ പോര. പ്രണബിന്റെ വാചകം കേട്ട്‌ സര്‍ദാരിക്കെങ്കിലും ഉറക്കം നഷ്‌ടപ്പെടുവാനുള്ള സാധ്യത കുറവാണ്‌.
മുഷറഫും സര്‍ദാരിയും തമ്മിലുള്ള വലിയ വ്യത്യാസം പ്രണബ്‌-മന്‍മോഹന്‍മാര്‍ക്ക്‌അറിയാത്തതല്ല. മുഷറഫിന്റെ കൈയില്‍ത്തന്നെയായിരുന്നു ഭീകരന്മാരെ പോറ്റുന്ന.എസ്‌..യുടെയും കടിഞ്ഞാണ്‍. സര്‍ദാരി പ്രസിഡന്റായി എന്നത്‌ ശരിതന്നെ. രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങള്‍ പത്രം വായിച്ചറിയാറുണ്ട്‌ സര്‍ദാരിയും. വേറെ ഒരുപിടിയുമില്ല. അദ്ദേഹത്തിന്റെ ഉറക്കം നഷ്‌ടപ്പെടുന്നത്‌ .എസ്‌.. എന്ത്‌ അക്രമമാണ്‌ ചെയ്യാന്‍ പോകുന്നത്‌ എന്നോര്‍ത്താണ്‌. സ്വന്തം ഭാര്യയെക്കൊന്ന ഭീകരരെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ദാരി എങ്ങനെയാണ്‌ മുംബൈ താജ്‌ ആക്രമിച്ച ഭീകരരെ പിടിക്കാന്‍ പോകുന്നത്‌?
മുംബൈയില്‍ നടന്നതുപോലുള്ള അനേകം ആക്രമണങ്ങള്‍ ഭീകരന്മാര്‍ പാകിസ്‌താനില്‍ നടത്തിയിട്ടുണ്ട്‌. അതൊന്നും നിയന്ത്രിക്കാന്‍ കഴിയാതെ ശ്വാസംമുട്ടുന്ന സര്‍ദാരിയോട്‌ ഇന്ത്യയില്‍ നടക്കുന്ന ആക്രമണവും തടയണമെന്ന്‌ ആവശ്യപ്പെടുന്നത്‌ കുറച്ച്‌ കടന്ന കൈയാണ്‌. പക്ഷേ മന്‍മോഹന്‍- പ്രണബുമാരും നിസ്സഹായരാണ്‌. പൊതുതിരഞ്ഞെടുപ്പിന്‌ മാസം മൂന്നേ മുന്നിലുള്ളൂ. ഭീകരര്‍ക്കെതിരെ ചിലതെല്ലാം ചെയ്‌തെന്നുവരുത്തുകയെങ്കിലും വേണം. ചില്ലറ വെടിയും പുകയുമെങ്കിലും ഉണ്ടാക്കാഞ്ഞാല്‍ ജനം പുച്ഛിക്കും. ഹോ, ഒരു തിരഞ്ഞെടുപ്പുകടമ്പ കടക്കാന്‍ എന്തെല്ലാം പരാക്രമം കാട്ടണം മനുഷ്യന്‌.
ചെയ്യുന്നതെന്ത്‌ എന്നതിനെക്കുറിച്ചുള്ള വ്യക്തതയാണ്‌ സൈന്യത്തിന്‌ ഏറ്റവും പ്രധാനമെന്ന്‌ സൈനികമേധാവികള്‍ പറയാറുണ്ട്‌. ഇപ്പോള്‍ സൈന്യം ആശയക്കുഴപ്പത്തിലാണ്‌. എന്നാല്‍ ഭരണാധികാരികളിലുള്ളിടത്തോളം ആശയക്കുഴപ്പം സൈന്യത്തിനില്ലെന്നതുകൊണ്ട്‌ അത്ര ഭയപ്പെടാനില്ല.


No comments:

Followers