സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, December 20, 2008

കാഴ്‌ചയ്‌ക്കപ്പുറം......

കാഴ്‌ചയ്‌ക്കപ്പുറം......
ടി.വി.ആര്‍. ഷേണായ്‌

ഡല്‍ഹിയിലെ ദുര്‍ബല സര്‍ക്കാറിനു ജനങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനാവില്ലെന്നും പാക്‌ അധീന കശ്‌മീരിലും അല്ലെങ്കില്‍
പാകിസ്‌താനില്‍ത്തന്നെയുമുള്ള തീവ്രവാദി ക്യാമ്പുകള്‍ ആക്രമിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നും അതോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അല്‍ഖ്വെയ്‌ദയും താലിബാനും കണക്കുകൂട്ടിയിട്ടുണ്ടാവാം

മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ രാജ്യസഭയില്‍ സീതാറാം യെച്ചൂരി പറഞ്ഞത്‌ നിങ്ങള്‍ കേട്ടില്ലേ?
''ആണവക്കരാറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായ തന്ത്രപരമായ പങ്കാളിത്തം കാരണം താലിബാന്റെയും അല്‍ഖ്വെയ്‌ദയുടെയും പുതിയ ഭീകരാക്രമണ ഭീഷണിയുണ്ടായിരിക്കുന്നു. ഇവയെ നേരിടാന്‍ നമ്മള്‍ തയ്യാറായിട്ടുണ്ടോ? ഈ കരാറോടെ നമ്മള്‍ ഇതുവരെയില്ലാത്ത പുതിയതരം ഭീകരാക്രമണഭീഷണിക്ക്‌ വിധേയരാണെന്നത്‌ നമ്മുടെ ചിന്തയുടെ റഡാറില്‍പെട്ടിട്ടുണ്ടോ? ഇന്ത്യയെ ഇപ്പോള്‍ അമേരിക്കയുടെ പങ്കാളിയായി കണക്കാക്കുന്നതുകൊണ്ടാണ്‌ ഇത്തരം ഭീഷണികള്‍.''
എനിക്ക്‌ ആദ്യം തോന്നുന്നത്‌ യെച്ചൂരി തന്റെ സ്ഥിരം അമേരിക്കന്‍ വിരോധം പറഞ്ഞുതീര്‍ത്തുവെന്നാണ്‌. അതല്ല, ആത്മാര്‍ഥമായാണ്‌ ഇതു പറഞ്ഞതെങ്കില്‍ ഇന്ത്യന്‍ വിദേശനയത്തിനുമേല്‍ താലിബാനെപ്പോലുള്ളവര്‍ക്ക്‌ വീറ്റോ അധികാരം വെച്ചുകൊടുക്കുകയല്ലേ അദ്ദേഹം ചെയ്യുന്നത്‌.
മുഖ്യമന്ത്രി അച്യുതാനന്ദന്‍ മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ഉടന്‍ തന്നെ തള്ളിപ്പറയാന്‍ സഖാവ്‌ കാരാട്ട്‌ തയ്യാറാവുകയുണ്ടായി. യെച്ചൂരി പറഞ്ഞത്‌ സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ? അതോ, നമുക്കൊരു വിശദീകരണം പ്രതീക്ഷിക്കാമോ?
ഇക്കാര്യത്തില്‍ യെച്ചൂരി പറയുന്നത്‌ തെറ്റാണ്‌. താലിബാന്റെയും അല്‍ഖ്വെയ്‌ദയുടെയും ഹിറ്റ്‌ലിസ്റ്റില്‍ ഇന്ത്യ വരുന്നത്‌ ഇത്‌ ആദ്യമല്ല.
2001 ഒക്ടോബര്‍ 26ന്‌ താലിബാന്‍ നേതാവായ മുല്ല ഒമറിന്റെ പ്രസ്‌താവന അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്‌തു. അതിന്റെ പ്രസക്ത ഭാഗം ഇതാണ്‌. ''വളരെനാളായി ലോകം പ്രശ്‌നങ്ങളിലും യുദ്ധങ്ങളിലുമാണ്‌..... ഈ പ്രശ്‌നങ്ങള്‍ തുടരും. ഈ യുദ്ധങ്ങള്‍ രൂക്ഷമാവും. അമേരിക്ക, ഇന്ത്യ, റഷ്യ, ഇസ്രായേല്‍ എന്നീ നാലുരാജ്യങ്ങളാണ്‌ ഇതിനുകാരണം. അല്ലാതെ തീവ്രവാദമല്ല. ഈ നാലുരാജ്യങ്ങള്‍ക്കാണ്‌ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം. അതുകൊണ്ടാണ്‌ മുസ്‌ലിങ്ങള്‍ ഈ രാജ്യങ്ങളെ വെറുക്കുന്നതും പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നതും.''
അമേരിക്കന്‍ സെനറ്റ്‌ ആണവക്കരാര്‍ അംഗീകരിക്കുന്നതിന്‌ ഏഴു വര്‍ഷം മുമ്പാണ്‌ മുല്ല ഒമര്‍ ഇത്‌ പറഞ്ഞത്‌. ഇന്ത്യ മുസ്‌ലിം ഭരണത്തിലേക്ക്‌ തിരിച്ചുപോകേണ്ടതാണെന്ന ഒമറിന്റെ വിശ്വാസമാണ്‌ ഈ അനിഷ്‌ടത്തിന്‌ കാരണം. ഇത്‌ ഒറ്റപ്പെട്ട വീക്ഷണമല്ല. മുംബൈ ഭീകരാക്രമണത്തിനുശേഷം അറിന്‍ ബേക്കറുടെ പേരില്‍ ടൈം മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ ഇസ്‌ലാമാബാദ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോളിസി സ്റ്റഡീസിലെ മാന്യപണ്ഡിതന്‍ താരിക്‌ ജാനിന്‍േറതായി ഇങ്ങനെ ഒരു ഉദ്ധരണി ചേര്‍ത്തിട്ടുണ്ട്‌: ''ഞങ്ങള്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയുടെ യഥാര്‍ഥ ഭരണാധികാരികളാണ്‌. 1857-ല്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളില്‍നിന്ന്‌ അധികാരം തട്ടിയെടുത്തു. 1947-ല്‍ ഈ അധികാരം അവര്‍ മുസ്‌ലിങ്ങള്‍ക്ക്‌ തിരിച്ചേല്‌പിക്കേണ്ടതായിരുന്നു.'' ഇങ്ങനെയാണ്‌ പാകിസ്‌താനിലെ മാന്യന്മാരായ പണ്ഡിതന്‍മാര്‍ ചിന്തിക്കുന്നതെങ്കില്‍ തീവ്രവാദികളുടെ കാര്യം പറയേണ്ടതുണ്ടോ?
ഇത്തരം ആളുകളെ സംബന്ധിച്ച്‌ യുക്തിക്കൊന്നും സ്ഥാനമില്ല. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മില്‍ ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ആശയത്തിനൊന്നും മുല്ല ഒമറിനെപ്പോലുള്ളവരെ പിന്തിരിപ്പിക്കാനാവില്ല. ഇപ്പോഴത്തെ അഫ്‌ഗാനിസ്‌താനില്‍ മുമ്പുണ്ടായിരുന്ന മുഹമ്മദ്‌ ഗസ്‌നിയുടെയും മുഹമ്മദ്‌ ഗോറിയുടെയും മറ്റും പാത പിന്തുടരുകയാണ്‌ താനെന്ന്‌ മുല്ല ഒമര്‍ ധരിക്കുന്നുണ്ടാവും.
സംഭവങ്ങളുടെ ഗൗരവം കണക്കാക്കുന്നതിലെ അങ്ങേയറ്റത്തെ ധാരണയില്ലായ്‌മയെപ്പറ്റി യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ മനഃപൂര്‍വവും അല്ലാതുള്ളതുമായ അന്ധത ഇടതിനാണുള്ളത്‌. മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ പറഞ്ഞതില്‍ ഒരു കാര്യത്തോട്‌ ഞാന്‍ യോജിക്കുന്നു. മുംബൈ ദുരന്തത്തിനു പിന്നില്‍ വലിയൊരു തന്ത്രപരമായ ലക്ഷ്യമുണ്ട്‌. മുംബൈയെ നിശ്ചലമാക്കാന്‍ പറ്റില്ലെന്ന്‌ മുമ്പുള്ള ആക്രമണങ്ങള്‍ തെളിയിച്ചതാണ്‌. ഔദ്യോഗിക കണക്കുകള്‍ ശരിയാണെന്ന്‌ ധരിച്ചാല്‍ 2008 നവംബറിലെ ആക്രമണത്തില്‍ മരിച്ചത്‌ 173 പേരാണ്‌. 209 പേര്‍ മരിച്ച 2006 ജൂലായ്‌ 11ന്‌ തീവണ്ടികളിലുണ്ടായ സ്‌ഫോടനങ്ങളേക്കാള്‍ മരണസംഖ്യ കുറവ്‌. അപ്പോള്‍ എന്തായിരുന്നു ഈ ആക്രമണത്തിന്റെ ഉദ്ദേശ്യം?
തന്റെ ഇന്ത്യാവിരോധം മുല്ല ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏഷ്യയുടെ ഭൂപടം നോക്കുക. അഫ്‌ഗാന്‍ യുദ്ധപ്രഭുക്കള്‍ക്കും ഇന്ത്യയ്‌ക്കുമിടയില്‍ വലിയൊരു ഭൂപ്രദേശമുണ്ട്‌. പാകിസ്‌താനെന്നാണ്‌ അതിന്റെ പേര്‌. പാകിസ്‌താനുമായി യുദ്ധം പ്രഖ്യാപിക്കാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നതായിരുന്നോ മുംബൈയിലുണ്ടായ കൂട്ടക്കൊലയ്‌ക്കു പിന്നിലെ ലക്ഷ്യം? ഡല്‍ഹിയില്‍ പലരും അങ്ങനെ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ, താലിബാനും അല്‍ഖ്വെയ്‌ദയും എന്തിനിങ്ങനെ ചെയ്യണം? ഇതിന്റെ ഉത്തരം ബരാക്‌ ഒബാമയുടെ സ്ഥാനാരോഹണത്തിലുണ്ട്‌. ഇറാഖിലെ യുദ്ധത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ്‌ പ്രശസ്‌തമാണ്‌. എന്നാല്‍ അഫ്‌ഗാനിസ്‌താനിലെ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്ന അദ്ദേഹത്തിന്റെ താത്‌പര്യം അത്ര പരസ്യമല്ല. അഫ്‌ഗാനിസ്‌താനില്‍ 20,000 സൈനികരെക്കൂടി അയയ്‌ക്കണമെന്ന ആവശ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുമ്പും ശേഷവും അദ്ദേഹം പിന്തുണയ്‌ക്കുന്നു. സൈനികരുടെ എണ്ണത്തിലും സൈനിക ഇടപെടലിന്റെ കാലാവധിയിലും പരിധി ഏര്‍പ്പെടുത്തുന്നതിനെയും അദ്ദേഹം അനുകൂലിക്കുന്നില്ല.
ഭൂബന്ധിതമായ അഫ്‌ഗാനിസ്‌താനില്‍ ഞെരുക്കപ്പെട്ടാല്‍ താലിബാനും അല്‍ഖ്വെയ്‌ദയും എവിടെ താവളം തേടും? മധ്യേഷ്യയിലെ റഷ്യന്‍ പ്രാമുഖ്യപ്രദേശങ്ങളില്‍നിന്ന്‌ സഹായം കിട്ടില്ല. (മുല്ലാഒമര്‍ കണ്ടെത്തിയ നാലു ശത്രുക്കളിലൊന്നാണ്‌ റഷ്യയെന്ന്‌ ഓര്‍ക്കുക.) ഇറാനിലെ ഷിയ ഭരണാധികാരികള്‍ക്കാകട്ടെ മുല്ലാഒമറും ബിന്‍ലാദനും നയിക്കുന്ന സുന്നി മൗലികവാദികളോട്‌ ഒരു സ്‌നേഹവും ഇല്ല. അപ്പോള്‍ അവശേഷിക്കുന്നത്‌ പാകിസ്‌താന്‍ മാത്രമാണ്‌. അല്‍ഖ്വെയ്‌ദയെയും താലിബാനെയും പിന്തുണയ്‌ക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക്‌ പാകിസ്‌താനില്‍ ഒരു ക്ഷാമവുമില്ല. പക്ഷേ, പാക്‌സൈന്യവും പാക്‌ ജനതയുടെ ഒരു ഭാഗവും അമേരിക്കയുടെ കോപം നേരിടാന്‍ തയ്യാറായെന്നുവരില്ല.
എന്നാല്‍ , 'ഹൈന്ദവ' ഇന്ത്യയുടെ ഭീഷണിപോലെ, പാകിസ്‌താനെ അത്ര വേഗത്തിലും ശക്തിയിലും ഒരുമിച്ചു നിര്‍ത്തുന്ന മറ്റൊന്നില്ല. യുദ്ധത്തിന്റെ മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ താലിബാനും അല്‍ഖ്വെയ്‌ദയും മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളും പാകിസ്‌താനില്‍ നായകപരിവേഷം നേടും. ഹൈന്ദവ ഇന്ത്യക്കെതിരെ വാളോങ്ങിനില്‍ക്കുന്ന സായുധ ഇസ്‌ലാം പോരാളികളായി അവര്‍ വാഴ്‌ത്തപ്പെടും. ഈ പ്രതിച്ഛായയാണ്‌ അവര്‍ ഇഷ്‌ടപ്പെടുന്നതും. സിവിലിയന്‍ ഭരണത്തെ അട്ടിമറിച്ച്‌ മൗലികവാദ സര്‍ക്കാറിനെ വാഴിക്കാന്‍ ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം പാകിസ്‌താന്‍ സൈന്യത്തിലുണ്ടെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇന്ത്യയുമായുള്ള യുദ്ധമോ യുദ്ധഭീഷണിയോ പോലും ഈ നീക്കത്തിനു നല്ലൊരു മറ സൃഷ്‌ടിക്കും. ഇസ്‌ലാമാബാദിന്റെ നിയന്ത്രണം കിട്ടുന്നതോടെ അല്‍ഖ്വെയ്‌ദയ്‌ക്കും താലിബാനും ആത്യന്തികമായ ഒരു സമ്മാനം കൂടി ലഭ്യമാകും-പാകിസ്‌താന്റെ അണുവായുധ ശേഖരമാണിത്‌.
പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ ഇന്ത്യ പാകിസ്‌താനുമായി യുദ്ധത്തിനു തയ്യാറാവണം. ഇവിടെയാണ്‌ മുംബൈ ആക്രമണവും അതിനുശേഷമുണ്ടായ ജനരോഷവും കടന്നുവരുന്നത്‌. ഡല്‍ഹിയിലെ ദുര്‍ബല സര്‍ക്കാറിനു ജനങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനാവില്ലെന്നും പാക്‌ അധീന കശ്‌മീരിലും അല്ലെങ്കില്‍ പാകിസ്‌താനില്‍ത്തന്നെയുമുള്ള തീവ്രവാദി ക്യാമ്പുകള്‍ ആക്രമിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നും അതോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അല്‍ഖ്വെയ്‌ദയും താലിബാനും കണക്കുകൂട്ടിയിട്ടുണ്ടാവാം. ഇന്ത്യയില്‍ മുഹമ്മദ്‌ ഗസ്‌നി ഓര്‍മിക്കപ്പെടുന്നത്‌ സോമനാഥ്‌ ആക്രമിച്ചതിനാണ്‌. പക്ഷേ, ഗസ്‌നിയില്‍നിന്ന്‌ ഗുജറാത്തിലെത്താന്‍ പല വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം അദ്ദേഹത്തിനുവേണ്ടിവന്നു. ഇന്ത്യയില്‍ എത്തും മുമ്പ്‌ ആദ്യം ലാഹോറിലും പിന്നെ മുള്‍ട്ടാനിലും താവളങ്ങള്‍ ഉറപ്പിക്കേണ്ടിവന്നു. മുല്ലാ ഒമര്‍ ചരിത്രം മറക്കില്ലെന്ന്‌ എനിക്ക്‌ തീര്‍ച്ചയുണ്ട്‌.
താലിബാന്റെ നേതാവായാണ്‌ മുല്ലാ ഒമര്‍ പരാമര്‍ശിക്കപ്പെടാറ്‌. ഒമറിന്റെ വിശാലമായ വീക്ഷണത്തെ ആദരിച്ചുകൊണ്ട്‌ 'വിശ്വാസികളുടെ നേതാവ്‌' എന്നാണ്‌ ബിന്‍ലാദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഖലീഫമാര്‍ക്ക്‌ കിട്ടിയിരുന്ന പദവിയാണിത്‌. വെറുമൊരു സുല്‍ത്താനായിരുന്ന മുഹമ്മദ്‌ ഗസ്‌നിയെക്കാള്‍ വളരെ ഉയരെയാണ്‌ ഒമര്‍. ഇത്രയും അഹങ്കാരം നിറഞ്ഞ അതിമോഹമുള്ള ഒരു മനുഷ്യനെ സംബന്ധിച്ച്‌ മുംബൈയിലെ ആക്രമണം ഒരു ചൂതാട്ടത്തിനു പോന്നതല്ലേ?


No comments:

Followers