സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, January 20, 2009

ശ്രീധരന്‍ തിരിച്ചറിഞ്ഞ സത്യങ്ങള്‍

7000 കോടിയുടെ 'സത്യം' ക്രമക്കേട്‌ അന്വേഷിക്കുന്നുണ്ടെങ്കില്‍ 12,132 കോടിയുടെ ഹൈദരാബാദ്‌ മെട്രോ പദ്ധതിയും പരിശോധിക്കേണ്ടതുതന്നെയാണ്‌.എഫ്‌.ബി.ഐ.യുടെ അന്നത്തെ അസോസിയേറ്റ്‌ ഡയറക്ടര്‍ മാര്‍ക്‌ ഫെല്‍ട്ട്‌ 'ഡീപ്‌ ത്രോട്ട്‌' എന്ന അപരനാമത്തില്‍ രഹസ്യമായാണ്‌ വിവരങ്ങള്‍ ചോര്‍ത്തിനല്‌കിയത്‌; ഇ. ശ്രീധരന്‍ കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറായിട്ടും ആരും ശ്രദ്ധിക്കാനില്ലായിരുന്നു

കാഴ്‌ചയ്‌ക്കപ്പുറം......
ടി.വി.ആര്‍. ഷേണായ്‌

'പണത്തെ പിന്തുടരുക'-ഓസ്‌കര്‍ ബഹുമതി സ്വന്തമാക്കിയ 'ഓള്‍ ദ പ്രസിഡന്റ്‌സ്‌ മെന്‍' എന്ന ഹോളിവുഡ്‌ ചലച്ചിത്രത്തിലെ ക്ലാസിക്‌ ഉദ്ധരണിയാണിത്‌. രണ്ടു പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ യു.എസ്‌. പ്രസിഡന്റ്‌സ്ഥാനത്തുനിന്ന്‌ റിച്ചാര്‍ഡ്‌ നിക്‌സനെ താഴെയിറക്കിയതിന്റെ കഥയാണ്‌ ആ വിഖ്യാത ചലച്ചിത്രം പറയുന്നത്‌.
സിനിമയില്‍ 'ഡീപ്‌ ത്രോട്ട്‌' എന്ന പേരില്‍ മാത്രമറിയപ്പെടുന്ന രഹസ്യവിവരക്കാരന്റെ വാക്കുകളാണത്‌. അദ്ദേഹത്തില്‍നിന്നു കിട്ടിയ വിവരങ്ങളാണ്‌ കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ്‌ അഴിമതി പുറത്തുകൊണ്ടുവരാന്‍ റിപ്പോര്‍ട്ടര്‍മാരായ ബോബ്‌ വുഡ്‌വേഡിനെയും കാള്‍ ബേണ്‍സ്റ്റൈനെയും സഹായിച്ചത്‌. 'പണത്തെ പിന്തുടരുക', അന്നും ഇന്നും ഏത്‌ അന്വേഷകനും നല്‌കാനുള്ള മികച്ച ഉപദേശമാണത്‌. ഇപ്പോള്‍ വന്‍വിവാദമായ 'സത്യം' ക്രമക്കേടിലും അതുതന്നെ നല്ല നിര്‍ദേശം.
പക്ഷേ, ഏതാണ്‌ പണം? 'സത്യം' മുന്‍മേധാവി രാമലിംഗരാജു തന്റെ പ്രശസ്‌തമായ രാജിക്കത്തില്‍ പരാമര്‍ശിച്ച, നിലവിലില്ലാത്ത കോടികളാണ്‌ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം. തുകയുടെ വലിപ്പത്തെക്കുറിച്ച്‌ അഭ്യൂഹങ്ങളേറെയാണ്‌, 5000 കോടി മുതല്‍ 7000 കോടി രൂപ വരെ. മറ്റൊരു വമ്പന്‍ ഇടപാടിലും രാമലിംഗരാജുവിന്റെ കുടുംബത്തിനു പങ്കുണ്ടെന്നാണ്‌ വ്യക്തമാകുന്നത്‌. 12,132 കോടിയുടെ കരാര്‍ വിവാദമാണത്‌.
കഴിഞ്ഞ സപ്‌തംബര്‍ മധ്യത്തിലാണ്‌ ആ കഥ തുടങ്ങുന്നത്‌. മലയാളിയായ എളാട്ടുവളപ്പില്‍ ശ്രീധരന്‍ ഹൈദരാബാദ്‌ മെട്രോ പ്രോജക്ടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആസൂത്രണക്കമ്മീഷന്‌ ഒരു കത്തെഴുതി. ഇ. ശ്രീധരന്‍ അപ്രശസ്‌ത വ്യക്തിത്വമല്ല. കൊങ്കണ്‍ റെയില്‍വേ, ഡല്‍ഹി മെട്രോ തുടങ്ങിയ എന്‍ജിനീയറിങ്‌ പദ്ധതികള്‍ ഏറ്റെടുത്ത്‌ സമയബന്ധിതമായി സാക്ഷാത്‌കരിച്ച സാങ്കേതികമേധാവിയാണ്‌ അദ്ദേഹം. ഇന്ത്യയിലും വിദേശത്തും ശ്രീധരന്റെ പ്രവര്‍ത്തനമികവ്‌ വാഴ്‌ത്തപ്പെട്ടതാണ്‌.
ആസൂത്രണക്കമ്മീഷനിലേക്കുള്ള മാര്‍ഗമധ്യേ ശ്രീധരന്റെ കത്തിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. (ഹൈദരാബാദ്‌ മെട്രോ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ ശ്രീധരനോട്‌ നേരത്തേ അഭ്യര്‍ഥിച്ചിരുന്നതാണ്‌.) അദ്ദേഹത്തിന്റെ കത്തില്‍നിന്ന്‌: ''വാണിജ്യചൂഷണത്തിന്‌ ഒരു ബി.ഒ.ടി. കമ്പനിയെ സഹായിക്കുന്നവിധത്തില്‍ കണ്ണായ സ്ഥലത്തെ 296 ഏക്കര്‍ ഭൂമി കൈമാറുന്നത്‌ കുടുംബസ്വത്ത്‌ കുളംതോണ്ടുന്നതിന്‌ തുല്യമാണ്‌.'' അത്‌ ഭാവിയില്‍ വന്‍രാഷ്ട്രീയവിവാദത്തിന്‌ വഴിയൊരുക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ''ബി.ഒ.ടി. കമ്പനിക്ക്‌ രഹസ്യ അജന്‍ഡ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണ്‌. മെട്രോശൃംഖലയെ തങ്ങളുടെ കൈവശമുള്ള ഭൂമിയിലേക്ക്‌ നീട്ടി സ്ഥലത്തിന്‌ നാലും അഞ്ചും മടങ്ങ്‌ ലാഭം കൊയ്യുക എന്നതാവാം ആ തന്ത്രം.''
ഇതും 'സത്യ'വുമായി എന്തു ബന്ധം? ഇ. ശ്രീധരന്റെ കത്തില്‍ പറയുന്ന ബി.ഒ.ടി. കമ്പനി മെയ്‌റ്റാസ്‌ ഇന്‍ഫ്രയാണ്‌. അപമാനവഴിയിലായ 'സത്യ'ത്തിന്റെ മേധാവികളായിരുന്ന രാജുകുടുംബംതന്നെയാണ്‌ ആ കമ്പനിയുടെയും ഉടമകള്‍. രാമലിംഗരാജുവിന്റെ മകന്‍ തേജയ്‌ക്കാണ്‌ നിയന്ത്രണച്ചുമതല. കഴിഞ്ഞ ഡിസംബറില്‍ മെയ്‌റ്റാസ്‌ ഇന്‍ഫ്രയും മെയ്‌റ്റാസ്‌ പ്രോപ്പര്‍ട്ടീസും ഏറ്റെടുക്കാന്‍ രാമലിംഗരാജു നടത്തിയ വിഫലശ്രമം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഒരു മാസത്തിനുശേഷം അത്‌ അയാളുടെ പതനത്തിനു വഴിയൊരുക്കുകയും ചെയ്‌തു.
തടസ്സവാദമുന്നയിച്ചുകൊണ്ടുള്ള തന്റെ കത്ത്‌ പുനരാലോചനയ്‌ക്കു വഴിയൊരുക്കുമെന്ന്‌ ഇ. ശ്രീധരന്‌ ശുഭാപ്‌തിവിശ്വാസമുണ്ടായിരുന്നോ? പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സ്വന്തം പ്രതിനിധി മൊണ്ടേക്‌സിങ്‌ അലുവാലിയയുടെ കീഴിലുള്ള ആസൂത്രണക്കമ്മീഷന്‍ ശ്രീധരനെതിരെ വിമര്‍ശനം ഉയര്‍ത്തിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. വസ്‌തുതകളുടെ പിന്‍ബലമില്ലാത്ത ആരോപണങ്ങളെന്നായിരുന്നത്രെ അവരുടെ കണ്ടെത്തല്‍. അതു ശരിയോ തെറ്റോ എന്തുമാകട്ടെ, ഹൈദരാബാദ്‌ മെട്രോ പ്രോജക്ട്‌ രണ്ടാമതൊന്ന്‌ പരിശോധിക്കാന്‍ ആസൂത്രണക്കമ്മീഷന്‍ ഉത്തരവിട്ടില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. സത്യം കണ്ടെത്താന്‍ ആസൂത്രണക്കമ്മീഷന്റെ രേഖകള്‍ പരിശോധിക്കുന്നത്‌ രസകരമായിരിക്കും.
ശ്രീധരന്റെ കത്തിനുള്ള ആന്ധ്രപ്രദേശ്‌ സര്‍ക്കാറിന്റെ പ്രതികരണം രേഖയിലുണ്ട്‌. ധനമന്ത്രി കെ. റോസയ്യ, നഗരഭരണകാര്യമന്ത്രി കൊനേരു രംഗറാവു, ഹൈദരാബാദ്‌ മെട്രോ റെയില്‍ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്ടര്‍ എന്‍.വി.എസ്‌. റെഡ്‌ഡി എന്നിവര്‍ സംയുക്ത പത്രസമ്മേളനം വിളിച്ചു. തന്റെ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിക്കാന്‍ ശ്രീധരന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ കോടതി കയറ്റുമെന്ന ഭീഷണിയും മുഴക്കി. പക്ഷേ, ആ മനുഷ്യനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടല്‍ പിഴച്ചു. നിയമനടപടിയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാന്‍ ശ്രീധരന്‍ തയ്യാറായില്ല. രണ്ടുമാസം മാത്രമേ പിന്നിട്ടുള്ളൂ-ശ്രീധരനെ കോടതികയറ്റുന്നതിനെക്കുറിച്ച്‌ വാതുറക്കാന്‍ അവരിപ്പോള്‍ തയ്യാറാവുന്നില്ല.
'സത്യം' ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍, ശ്രീധരന്റെ ആരോപണങ്ങള്‍ ഗൗരവത്തോടെ എടുത്തുകൂടായിരുന്നോ എന്ന ചോദ്യം അധികപ്പറ്റാകുമോ? മെയ്‌റ്റാസ്‌ ഇന്‍ഫ്ര ഏറ്റെടുത്ത മറ്റു ബി.ഒ.ടി. പദ്ധതികളെക്കുറിച്ച്‌ പരിശോധിക്കേണ്ടത്‌ ഈ വേളയില്‍ ആവശ്യമല്ലേ?
മച്ചിലിപ്പട്ടണം ഊര്‍ജനിലയത്തിന്റെ 9900 കോടിയുടെ കരാര്‍ ആന്ധ്ര സര്‍ക്കാര്‍ മെയ്‌റ്റാസ്‌ ഇന്‍ഫ്രയെയാണ്‌ ഏല്‌പിച്ചത്‌. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗൗതമി ഊര്‍ജപദ്ധതി മറ്റൊന്ന്‌. 1590 കോടിയുടെ മച്ചിലിപ്പട്ടണം തുറമുഖപദ്ധതി, 415 കോടിയുടെ സൈബരാബാദ്‌ എക്‌സ്‌പ്രസ്‌ വേ, 365 കോടിയുടെ ഹൈദരാബാദ്‌ എക്‌സ്‌പ്രസ്‌ വേ തുടങ്ങിയവ മറ്റു പദ്ധതികള്‍.
പ്രകടമായ സംശയങ്ങള്‍ക്കൊന്നും ഇടനല്‌കാതെയാണ്‌ ഈ പദ്ധതികളെല്ലാം കരാറായത്‌. തികച്ചും സത്യസന്ധമെന്ന നിലയില്‍ ഓരോന്നും കൈക്കലാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, ഹൈദരാബാദ്‌ മെട്രോയെക്കുറിച്ച്‌ വിശുദ്ധ പ്രതിച്ഛായയുള്ള ഇ. ശ്രീധരന്‍ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചു. ഈ സാഹചര്യത്തില്‍ മറ്റു പദ്ധതികളെക്കുറിച്ചും പരിശോധന നടത്തുന്നതാണ്‌ വിവേകം.
ഏതു സംഭവത്തിലും അത്‌ അനിവാര്യംതന്നെയാണ്‌. സത്യം ക്രമക്കേടിന്റെ ചുരുളുകളഴിയുമ്പോള്‍ അത്‌ മെയ്‌റ്റാസ്‌ ഇന്‍ഫ്രയിലും പ്രത്യാഘാതം സൃഷ്‌ടിക്കും. അതിന്റെ ഓഹരികള്‍ക്ക്‌ കനത്ത തിരിച്ചടി നേരിടുന്നു. ഒരുവര്‍ഷം മുമ്പ്‌ ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ 840 രൂപയായിരുന്നു മെയ്‌റ്റാസ്‌ ഇന്‍ഫ്ര ഓഹരിയുടെ വില. ഇതെഴുതുമ്പോള്‍ വില 117 രൂപയായി ചുരുങ്ങി. ഹൈദരാബാദ്‌ മെട്രോ പ്രോജക്ടിനായി ഗ്യാരന്‍ഡി ഇനത്തില്‍ മെയ്‌റ്റാസ്‌ ഇന്‍ഫ്ര ആന്ധ്രസര്‍ക്കാറിന്‌ അടുത്ത മാര്‍ച്ചില്‍ 180 കോടി രൂപ നലേ്‌കണ്ടതാണ്‌. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ മുങ്ങുന്ന കപ്പല്‍പോലെയായ കമ്പനിക്ക്‌ ധനസമാഹരണം നടത്താന്‍ എങ്ങനെ കഴിയും? ഏതെങ്കിലും ബാങ്ക്‌ അവര്‍ക്ക്‌ വായ്‌പ നല്‌കാന്‍ തയ്യാറാകുമോ? പണം ലഭിച്ചില്ലെങ്കില്‍ മറ്റു പദ്ധതികള്‍ അവരെങ്ങനെ തുടങ്ങും?
ഹൈദരാബാദ്‌ മെട്രോ പദ്ധതിയുമായുള്ള മെയ്‌റ്റാസ്‌ ഇന്‍ഫ്രയുടെ ബന്ധം പഴയ കാര്യമായിരിക്കാം. എന്നാല്‍, ആ പദ്ധതി നേടിയെടുക്കാനുള്ള മത്സരത്തില്‍ ഒന്നാമതാകാനുള്ള ശക്തി അവരെങ്ങനെ കൈവരിച്ചു? ശ്രീധരന്റെ കത്തില്‍നിന്ന്‌ ചോര്‍ന്ന ചില ഭാഗങ്ങള്‍ ഭൂമിയിടപാടിനെ അടിസ്ഥാനമാക്കി ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയവിവാദത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അദ്ദേഹത്തിന്റെ വ്യാകുലതകള്‍ ഗൗരവത്തോടെ എടുക്കാന്‍ കാലമായി. അതിനെക്കുറിച്ച്‌ സമ്പൂര്‍ണ അന്വേഷണം നടക്കേണ്ടതുണ്ട്‌. 7000 കോടിയുടെ 'സത്യം' ക്രമക്കേട്‌ അന്വേഷിക്കുന്നുണ്ടെങ്കില്‍ 12,132 കോടിയുടെ ഹൈദരാബാദ്‌ മെട്രോ പദ്ധതിയും പരിശോധിക്കേണ്ടതുതന്നെയാണ്‌.
ഇ. ശ്രീധരനെപ്പോലെ ഒരു പ്രതിഭാശാലിയുടെ അനുഭവസമ്പത്ത്‌ ഡല്‍ഹിയിലെ ആസൂത്രണക്കമ്മീഷനോ ആന്ധ്രസര്‍ക്കാറോ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കില്‍ എന്ന ചിന്ത വീണ്ടും തികട്ടിവരുന്നു. എഫ്‌.ബി.ഐ.യുടെ അന്നത്തെ അസോസിയേറ്റ്‌ ഡയറക്ടര്‍ മാര്‍ക്‌ ഫെല്‍ട്ട്‌ 'ഡീപ്‌ ത്രോട്ട്‌' എന്ന അപരനാമത്തില്‍ രഹസ്യമായാണ്‌ വിവരങ്ങള്‍ ചോര്‍ത്തിനല്‌കിയത്‌; ഇ. ശ്രീധരന്‍ കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറായിട്ടും ആരും ശ്രദ്ധിക്കാനില്ലായിരുന്നു.
വൈരുധ്യമെന്നു പറയട്ടെ, നമ്മുടെ പ്രിയപ്പെട്ട അയല്‍ക്കാരായ പാകിസ്‌താന്‍ ശ്രീധരന്റെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്‌. ലാഹോര്‍ മെട്രോയുടെ സാധ്യത പരിശോധിക്കാന്‍ അദ്ദേഹത്തെ അങ്ങോട്ടു ക്ഷണിച്ചു. നിര്‍മാണമായാലും നശീകരണമായാലും നമ്മള്‍ ഇന്ത്യക്കാര്‍ അവരേക്കാള്‍ എത്രയോ മികച്ചവരാണെന്ന്‌ ഒരുപക്ഷേ, പാകിസ്‌താന്‍കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. പത്തു പാക്‌ സാങ്കേതികവിദഗ്‌ധരേക്കാള്‍ മികവ്‌ ഒരൊറ്റ ശ്രീധരന്‍ പ്രകടമാക്കിയേക്കാം. മുംബൈയില്‍ തേര്‍വാഴ്‌ച നടത്തിയ പത്തു പാക്‌ ഭീകരര്‍ക്ക്‌ രാമലിംഗരാജു എന്ന ഒരൊറ്റ ഇന്ത്യക്കാരന്‍ വരുത്തിവെച്ച സാമ്പത്തികനാശത്തിന്‌ അടുത്തെങ്ങും എത്താനാവുകയില്ല.

No comments:

Followers