സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, December 21, 2008

ആശകള്‍ ആശങ്കകള്‍

വിശേഷാല്‍പ്രതി
ഇന്ദ്രന്‍


അന്ത്യമായെന്ന്‌ ഡോക്‌ടര്‍ സര്‍ട്ടിഫൈ ചെയ്‌ത്‌ മോര്‍ച്ചറിയിലേക്ക്‌ അയച്ച ആള്‍ സ്‌ട്രച്ചറില്‍ എഴുന്നേറ്റിരുന്ന്‌ വെളുക്കെ ചിരിച്ചാല്‍ ആരാണ്‌ ഞെട്ടാതിരിക്കുക? ഏതാണ്ട്‌ ആ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സുകാര്‍. മന്‍മോഹന്‍സിങ്‌-ചിദംബരം ഭരണത്തിന്റെ ഇപ്പോഴത്തെ ഗ്രഹനിലയനുസരിച്ച്‌ കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും കെട്ടിവെച്ച തുക കാര്യമായൊന്നും തിരിച്ചുകിട്ടില്ലെന്ന്‌ പാര്‍ട്ടി ഏകകണ്‌ഠമായി ഉറപ്പിച്ചതായിരുന്നു. നേരിയ പ്രതീക്ഷ ഷീല ദീക്ഷിതിനും ഡല്‍ഹി കോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ടായിരുന്നു. അവിടെ വോട്ടുകുത്തിത്തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ മുംബൈ താജില്‍ ഭീകരാക്രമണമുണ്ടായത്‌. കോണ്‍ഗ്രസ്സിന്റെ നാലണമെമ്പര്‍ഷിപ്പുള്ള ആള്‍പോലും ആ നാളുകളില്‍ കൈപ്പത്തിച്ചിഹ്നത്തില്‍ വോട്ടുകുത്താനിടയില്ലെന്നാണ്‌ നിരീക്ഷകന്മാര്‍ കരുതിയിരുന്നത്‌.

ദുരന്തങ്ങള്‍ മാത്രമല്ല ചില വിജയങ്ങളും ഓര്‍ക്കാപ്പുറത്താണ്‌ വന്നുവീഴുക. പാര്‍ട്ടിയുടെ വിജയം പാര്‍ട്ടി പ്രസിഡന്റിനെപ്പോലും ഞെട്ടിച്ചുകാണണം. പാര്‍ട്ടിനേതാക്കന്മാര്‍ വിചാരിച്ചാലും പാര്‍ട്ടിയെ ചിലപ്പോള്‍ തോല്‌പിക്കാന്‍ കഴിയില്ലെന്ന്‌ തെളിയിക്കപ്പെട്ടത്‌ ആദ്യമായല്ല. വാജ്‌പേയിയുടെ എന്‍.ഡി.എ. ഭരണം തിരിച്ചുവരുമെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്നത്‌ എന്‍.ഡി.എ.ക്കാര്‍ മാത്രമായിരുന്നില്ലല്ലോ. ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പുവിജയവും അത്തരത്തില്‍പ്പെട്ടതായിരുന്നു.
തീര്‍ച്ചയായും അതിന്റെ ലഹരി മുഴുവന്‍ കൊച്ചിയിലെ സമ്മേളനത്തിനെത്തിയ കോണ്‍ഗ്രസ്സുകാരില്‍ പ്രകടമായിരുന്നു. ആളുകൂടിയിട്ട്‌ ജാഥ വേണ്ടെന്നുവെച്ച ചരിത്രം കോണ്‍ഗ്രസ്സിനില്ല.

ആളില്ലാഞ്ഞിട്ട്‌ ജാഥ വേണ്ടെന്ന്‌ വെച്ചാലോ എന്നാലോചിച്ച അനുഭവംപോലും കണ്ടേക്കാം.. ഇനി ജാഥ നടന്നാല്‍ത്തന്നെ പിറ്റേന്നും കുത്തിയിരുന്നു പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്യാനൊന്നും അധികം കോണ്‍ഗ്രസ്സുകാരെ കിട്ടാറില്ല. ഇക്കുറി ചര്‍ച്ചയും പ്രമേയം പാസ്സാക്കലുമെല്ലാം നടന്നത്രെ. തല്ലും മുണ്ടുരിയലും ഇല്ലാതെ സമ്മേളനം പിരിഞ്ഞത്രെ. തിരഞ്ഞെടുപ്പുജയവും ഭരണവും കൈയെത്തുന്ന അകലത്തില്‍ എത്തിയെന്ന്‌്‌്‌ കണ്ടാല്‍പ്പോലും നന്നാകാന്‍ കൂട്ടാക്കാത്ത പാര്‍ട്ടിയിലാണല്ലോ ഈ മാറ്റം എന്നോര്‍ത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായ രോമാഞ്ചം നാട്ടില്‍തിരിച്ചെത്തിയിട്ടും അടങ്ങിയില്ലത്രെ. ഈ നിലയ്‌ക്ക്‌ പോയാല്‍ പാര്‍ലമെന്റിലേക്ക്‌ കുറച്ചുമാസങ്ങള്‍ക്കകം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളില്‍ ജയിച്ചുകളയാമെന്നുപോലും കോണ്‍ഗ്രസ്സുകാര്‍ വിശ്വസിച്ചുകളയും. അതുകൊണ്ടാണ്‌ ഒരാള്‍ക്ക്‌ ഒരു സ്ഥാനം എല്ലാവര്‍ക്കും സ്ഥാനം, രണ്ടുതവണ തോറ്റവര്‍ക്കും രണ്ടുതവണ ജയിച്ചവര്‍ക്കും സീറ്റില്ല തുടങ്ങിയ വിചിത്രാശയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ചിലര്‍ക്ക്‌ ധൈര്യമുണ്ടായത്‌.

അതിനിടെയാണ്‌, ഇപ്പോഴും മരുന്നുതീര്‍ന്നിട്ടില്ലാത്ത പഴയ വന്‍തോക്കായ വി.എം. സുധീരന്‍ സമ്മേളനത്തിലൊരു വെടിപൊട്ടിച്ചത്‌. പാര്‍ട്ടിയില്‍ പണാധിപത്യം വളരുകയാണുപോലും. അതിനെ ചെറുക്കാന്‍ അദ്ദേഹം ആഹ്വാനിക്കുകയും ചെയ്‌തു.പണമില്ലാത്തവര്‍ക്ക്‌ എന്താണ്‌ പറഞ്ഞുകൂടാത്തത്‌. കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സംഗതിയുടെ കിടപ്പ്‌ പിടികിട്ടിയിട്ടില്ല. ലോക്‌സഭയിലെ വിശ്വാസവോട്ടെടുപ്പിനെക്കുറിച്ചല്ല സുധീരന്‍ പറഞ്ഞതെന്നുറപ്പ്‌. ബില്‍ ക്ലിന്റന്‌ കോടികള്‍ സംഭാവന നല്‍കാന്‍ ശേഷിയുള്ള അമര്‍സിങ്ങുമാര്‍ സോഷ്യലിസം നടപ്പാക്കാന്‍ രാഷ്ട്രീയം കളിക്കുന്ന രാജ്യത്ത്‌ പണത്തിന്റെ സ്വാധീനത്തെക്കുറിച്ചെന്തുപറയാന്‍. മന്‍മോഹന്‍സിങ്ങും ചിദംബരവും പോലും സോഷ്യലിസം പറയുമ്പോള്‍ സുധീരന്‌ മാവോയിസവും പറയാം. കോണ്‍ഗ്രസ്സുകാര്‍ ഞെട്ടുകയില്ല. പക്ഷേ, സംഗതി അതല്ല.

തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക്‌ മുകളില്‍ ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്ന്‌ വരുന്ന തടിയന്‍ സീറ്റുറാഞ്ചിപ്പക്ഷികള്‍ ചുറ്റിക്കറങ്ങുന്ന സമ്പ്രദായം പണ്ടേ ഉള്ളതാണ്‌ പാര്‍ട്ടിയില്‍. സ്ഥാനാര്‍ഥിത്വം ഉറപ്പായെന്ന്‌ ധരിച്ച്‌ സ്ഥാനാര്‍ഥി ചുമരെഴുതിത്തുടങ്ങിയ ഘട്ടത്തില്‍ പാരച്യൂട്ടില്‍ പുതിയ സ്ഥാനാര്‍ഥി വന്നിറങ്ങിയ ചരിത്രമുള്ള പാര്‍ട്ടിയാണത്‌. അത്തരക്കാര്‍ ലാന്‍ഡിങ്‌ പരിശീലനം നേരത്തേ തുടങ്ങിയെന്നാണ്‌ കേള്‍ക്കുന്നത്‌.പണ്ടെല്ലാം ഹൈക്കമാന്‍ഡ്‌ സ്വാധീനം കൊണ്ടുമാത്രമാണ്‌ സീറ്റ്‌ റാഞ്ചാറുള്ളത്‌. ഇപ്പോള്‍ ആവശ്യത്തിന്‌ നോട്ടുകെട്ടുകള്‍ മതിയെന്ന നിലയായിട്ടുണ്ട്‌ എന്നാണ്‌ കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നത്‌. തൃശ്ശൂര്‍, തിരുവനന്തപുരം, കാസര്‍കോട്‌, ഇടുക്കി മണ്ഡലങ്ങള്‍ക്കു മുകളില്‍ ഏതാനും മാസം മുമ്പുതന്നെ അജ്ഞാതപക്ഷികള്‍ സംശയകരമായ നിലയില്‍ പറന്നുതുടങ്ങിയിരുന്നു.

പാവപ്പെട്ട വിദേശകോടീശ്വരന്മാര്‍ക്ക്‌ പ്രത്യേകപരിഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന്‌ കേട്ടറിഞ്ഞ്‌ പലേടത്തുനിന്നും ആ ജനുസ്സില്‍പ്പെട്ടവരും കാലേക്കൂട്ടി പറന്നിറങ്ങിയിട്ടുണ്ട്‌. കെ.പി.സി.സി. ഓഫീസിനകത്തും ഇവര്‍ ചിരകാലപരിചിതരെപ്പോലെ ഖദര്‍ വേഷത്തില്‍ ഉപവിഷ്‌ടരായെന്നാണ്‌ കേള്‍ക്കുന്നത്‌. ജാഥയും സോണിയാസ്‌തുതിയുമെല്ലാം ജോറായി നടക്കും. അതിനിടയില്‍ മണ്ണുംചാരിനിന്ന്‌ കോടീശ്വരന്മാര്‍ സീറ്റും കൊണ്ടുപോകും. പാര്‍ട്ടി സീറ്റുകള്‍ മുഴുവന്‍ കോടീശ്വരന്മാര്‍ക്ക്‌ സംവരണ പെയ്‌മെന്റ്‌ സീറ്റുകളാക്കുന്നതിന്‌ എതിരെ പ്രക്ഷോഭം നയിക്കണമോ അതല്ല കോടികള്‍ ഇല്ലാത്തവരെ ബി.പി.എല്‍. ലിസ്റ്റില്‍പെടുത്തി പ്രത്യേക സംവരണം ആവശ്യപ്പെടണമോ എന്ന ആശയക്കുഴപ്പത്തിലാണ്‌ കോണ്‍ഗ്രസ്സുകാര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‌ മുമ്പ്‌ പ്രശ്‌നം തീര്‍ത്തല്ലേ പറ്റൂ.

സിസ്റ്റര്‍ അഭയ മരിച്ചതെങ്ങനെയെന്നറിയാതെ പതിനാറുവര്‍ഷമായി നട്ടംതിരിയുകയായിരുന്നു മലയാളികള്‍. സാധാരണക്കാരുടെ കാര്യമാണ്‌ പറഞ്ഞത്‌. ദിവ്യദൃഷ്‌ടിയുള്ള വിശുദ്ധാത്മാക്കള്‍ സംഭവത്തിന്റെ ഉള്ളുകള്ളികള്‍ അന്നേ അറിഞ്ഞിട്ടുണ്ട്‌. ആരുകൊന്നു എങ്ങനെ കൊന്നു എന്നെല്ലാം അവര്‍ക്കറിയാം. പക്ഷേ, മിണ്ടില്ല. കൊലക്കേസ്‌ അന്വേഷണത്തില്‍ മതം ഇടപെടാന്‍ പാടില്ലല്ലോ. ക്രിസ്‌തുദേവനെ കാല്‍വരിയിലേക്ക്‌ കൊണ്ടുപോകുന്നതുപോലെ ജയിലിലേക്ക്‌ കൊണ്ടുപോകപ്പെട്ട വിശുദ്ധപിതാക്കളല്ല അഭയയെ കൊന്നത്‌ എന്നുമാത്രമേ ഇപ്പോള്‍ പറഞ്ഞിട്ടുള്ളൂ. ദിവ്യദൃഷ്‌ടിയില്‍ സംഭവം മുഴുവന്‍ കാണുകയുണ്ടായി. അതില്‍ ആവശ്യമുള്ളവ മാത്രം വെളിപാടുകള്‍ പോലെ അപ്പോഴപ്പോള്‍ വെളിപ്പെടുത്തുകയാണ്‌ അംഗീകൃതരീതി.

നമുക്കു വേണ്ടപ്പെട്ട ദിവ്യന്മാരാരെങ്കിലും പിടിയിലാകുമ്പോഴേ വെളിപാടുണ്ടാകാവൂ. ഇപ്പോള്‍ നടന്ന സംഭവം നോക്കുക. സിസ്റ്റര്‍ അഭയ മരിക്കുകയും അവരെ പോറ്റിവളര്‍ത്തി കര്‍ത്താവിന്റെ ദാസിയാക്കിയ അപ്പനമ്മമാരും ബന്ധുക്കളുമെല്ലാം അലമുറയിടുകയും വിശ്വാസികള്‍ ദുഃഖസാഗരത്തില്‍ വീഴുകയും ചെയ്‌തപ്പോള്‍ അഭയയെ കൊന്നതാണോ അല്ലയോ എന്നുപറയാന്‍ ദിവ്യദൃഷ്‌ടികള്‍ക്കായില്ല. ആദ്യം സാദാ പോലീസും പിന്നെ അതിന്റെ വീര്യം കൂടിയ ക്രൈംബ്രാഞ്ചും എത്രകാലമാണ്‌ തെളിവുണ്ടാക്കാനും തെളിവില്ലാതാക്കാനും നടന്നത്‌. മാനസികപ്രശ്‌നമുള്ളതുകൊണ്ട്‌ സിസ്റ്റര്‍ കിണറ്റില്‍ചാടിയതാണെന്ന്‌ പോലീസ്‌ അന്നു കണ്ടെത്തുകയുണ്ടായി. അഭയയുടെ മാതാപിതാക്കള്‍ക്കുപോലുമറിയാത്ത രോഗം കണ്ടുപിടിച്ചതിന്‌്‌ ആരും പോലീസിനെ അഭിനന്ദിച്ചുകണ്ടില്ല. സത്യമാര്‍ഗത്തില്‍ ചരിച്ച കുഞ്ഞാടിനെ ചില മഹാപാപികള്‍ കൊന്നതാണ്‌ പോലീസേ എന്നെങ്കിലും, ഇന്നുമുറവിളികൂട്ടുന്നവര്‍ക്ക്‌ അന്ന്‌ വിളിച്ചുപറയാമായിരുന്നു, പറഞ്ഞില്ല. ഒരു പ്രാര്‍ഥനാശുശ്രൂഷയും വിശ്വാസിക്കൂട്ടായ്‌മയുമെങ്കിലും നടത്താമായിരുന്നു, അതുമുണ്ടായില്ല.

പിന്നെ സി.ബി.ഐ.യും കുറെ മെനക്കെട്ടു. കേസുണ്ടാക്കാന്‍ കുറെപ്പേര്‍, കേസില്ലാതാക്കാന്‍ കുറെപ്പേര്‍. തെളിവുണ്ടാക്കാന്‍ ചിലര്‍, തെളിവില്ലാതാക്കാന്‍ പലര്‍. അവസാനം അഭയ എന്നൊരാള്‍ ജീവിച്ചിരുന്നിട്ടേ ഇല്ലെന്ന്‌ സി.ബി.ഐ.കണ്ടെത്തിയേക്കുമോ എന്ന ഭയമുണ്ടായിരുന്നു നാട്ടുകാര്‍ക്ക്‌. മൃതദേഹമൊന്നുകണ്ടാല്‍ത്തന്നെ ഒരുവിധപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിളിനുപോലും സംഗതി ആത്മഹത്യയോ കൊലപാതകമോ എന്ന്‌ തിരിയും. സി.ബി.ഐ.ക്ക്‌ അതറിയാന്‍ വര്‍ഷംകുറെ വേണ്ടിവന്നു. അഭയയെ കൊന്നതുതന്നെ, പക്ഷേ, ആരെന്ന്‌ അറിയില്ല. മനുഷ്യരൊന്നും ആകാന്‍ ഇടയില്ല, നരകത്തില്‍നിന്ന്‌ ചെകുത്താന്റെ മക്കളായിരിക്കാം വന്ന്‌ കൃത്യം നിര്‍ഹിച്ചതെന്നുപോലും സി.ബി.ഐ.ക്ക്‌ തോന്നിയ ഘട്ടമുണ്ടായിരുന്നു. പക്ഷേ, അങ്ങനെ കോടതിയില്‍ ബോധിപ്പിച്ചില്ല. ചെകുത്താന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടാലും വലയുക സി.ബി.ഐ. തന്നെയാണല്ലോ.

കൊന്നത്‌ ആരെന്നുമാത്രം പിടികിട്ടുന്നില്ല എന്ന സി.ബി.ഐ. കുമ്പസാരം കോടതി സ്വീകരിക്കുകയുണ്ടായില്ല. അപ്പോഴെങ്കിലും നമ്മുടെ ദിവ്യജ്ഞാനികള്‍ക്ക്‌ കൊലയാളികളെ കാട്ടിക്കൊടുക്കാമായിരുന്നു. കുറ്റവാളികളെ പിടിക്കല്‍ സഭയുടെ ചുമതലയല്ല എന്നാരും സമ്മതിക്കും. കുറ്റവാളികളെ പിടിച്ചില്ലെങ്കില്‍ സഭ മിണ്ടേണ്ട കാര്യവുമില്ല. നിരപരാധികളെന്ന്‌ സഭയ്‌ക്ക്‌ ഉറപ്പുള്ളവരെ പിടിച്ചാല്‍ മാത്രമേ സഭ ഇടപെടേണ്ടതുള്ളൂ. അപരാധികളെയും നിരപരാധികളെയും അറിയാന്‍ അന്വേഷണവും സാക്ഷിമൊഴിയും വിസ്‌താരവും ഒന്നും വേണ്ട. ആളെക്കണ്ടാലറിയാം കൊല്ലുമോ എന്ന്‌, കൈത്തണ്ട കണ്ടാലറിയാം മഴു പൊങ്ങുമോ എന്ന്‌. അതിനാണ്‌ ദിവ്യദൃഷ്‌ടി എന്നുപറയുന്നത്‌. സി.ബി.ഐ.ക്ക്‌ അതില്ല.

തങ്ങളുടെ സ്വന്തക്കാര്‍ ജയിലഴി എണ്ണേണ്ടിവരുമ്പോള്‍ മാത്രമേ കോടതിക്ക്‌ പുറത്ത്‌ വിചാരണ നടത്തി പ്രതിയെ നിരപരാധിയായി പ്രഖ്യാപിക്കാന്‍ മതക്കാരും മറ്റും തുനിയാറുള്ളൂ. മാധ്യമങ്ങള്‍ക്ക്‌ പക്ഷേ, അത്തരം വിവേചനങ്ങളൊന്നുമില്ല. കൊലക്കേസില്‍ ആരെയെങ്കിലും ചോദ്യംചെയ്യാന്‍ വിളിച്ചാല്‍ത്തന്നെ അവന്റെ മുതുമുത്തച്ഛന്‍ മുതലെല്ലാവരും ക്രിമിനലുകളായിരുന്നെന്ന്‌ കണ്ടെത്തിക്കളയും. സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ പോലീസിനേക്കാള്‍ കുറ്റാന്വേഷണചാതുര്യം തങ്ങള്‍ക്കുണ്ടെന്ന്‌ ഭാവിക്കും. എഫ്‌.ഐ.ആര്‍. എഴുതുംമുമ്പ്‌ കേസില്‍ വിധിപറയും. കോടതിയില്‍ വിചാരണതുടങ്ങുംമുമ്പെ പ്രതിയെ തൂക്കിക്കൊല്ലുന്ന തീയതി നിശ്ചയിച്ചുകളയും. മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങളോട്‌ ഇക്കാര്യത്തില്‍ കടുത്ത വിരോധമുണ്ട്‌. തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നതിലേ അവര്‍ക്ക്‌ വിരോധമുള്ളൂ. വേറെ വല്ലവരുമാണെങ്കില്‍ അതാസ്വദിക്കും. പോലീസുപിടിക്കുന്നതിന്‌ മുമ്പെ പത്രങ്ങളില്‍ പ്രതിയുടെ ഫോട്ടോ വരാത്തതിലാകും അവരുടെ പരിഭവം. മാധ്യമക്കാര്‍ക്ക്‌ അങ്ങനെ വിവേചനം വല്ലതുമുണ്ടോ. പള്ളിയായാലും ശരി, പട്ടക്കാരനായാലും ശരി പാര്‍ട്ടിക്കാരനായാലും ശരി - വഴിയേ പോകുന്ന ആരുടെ തലയിലും ചെളി കോരിയൊഴിക്കും.

അധികാരശക്തിയും രാഷ്ട്രീയസ്വാധീനവും ഉള്ളതാണ്‌ ഒരു വിധത്തില്‍ ദോഷമായത്‌. അതൊന്നുമില്ലായിരുന്നെങ്കില്‍ പതിനാറുകൊല്ലംമുമ്പ്‌ അറസ്റ്റിലാകാമായിരുന്നു. കേസ്സും വിചാരണയുമെല്ലാം കഴിഞ്ഞ്‌, ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കാമായിരുന്നു. ജീവപര്യന്തം തടവുപോലും പത്തുപതിന്നാലു വര്‍ഷമേ നില്‍ക്കൂ. ഇത്രയും കാലം പോലീസിന്റെ കാലൊച്ച ഭയന്ന്‌ പ്രതികളൊന്നും നേരാംവണ്ണം ഉറങ്ങിയിട്ടുണ്ടാവില്ല, ഇനിയും ഉറങ്ങാന്‍ കഴിയില്ല. കാലം കുറെ കഴിഞ്ഞ്‌ കേസില്‍വെറുതെ വിട്ടാലും ജയിലായിരുന്നു ഭേദമെന്ന്‌ തോന്നുന്ന നിലയിലെത്തും. ദൈവത്തിന്റെ വികൃതികള്‍ തന്നെയിതെല്ലാം.

സി.ബി.ഐ. ഇങ്ങനെയും ചെയ്യും എന്ന്‌ ആന്തമാന്‍ കൊലക്കേസില്‍ സുരേഷ്‌ കുമാറിനെ പ്രതിയാക്കിയ സംഭവം മുന്‍നിര്‍ത്തി ചില മാധ്യമങ്ങള്‍ എടുത്തുപറയുന്നുണ്ട്‌. സി.ബി.ഐ. എന്തെല്ലാം ചെയ്യുമെന്ന്‌ കണ്ടെത്താന്‍ ആന്തമാനിലോ അന്തര്‍സിന്ധിലോ ഒന്നും പോകേണ്ടതില്ല. അഭയ കേസില്‍ അര ഡസന്‍ സി.ബി.ഐ. സംഘങ്ങള്‍ എന്തെല്ലാം ചെയ്‌തു എന്നുനോക്കിയാല്‍മതി. സി.ബി.ഐ. യുടെ കൈയില്‍പ്പെട്ട്‌ ജീവച്ഛവമായ എത്രയോപേര്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. സി.ബി.ഐ. കുറ്റവാളിയാക്കിയ എത്രയോ പേരെ സുപ്രീംകോടതിവരെ വെറുതെവിട്ടിട്ടുണ്ട്‌. സി.ബി.ഐ. പിടിച്ചവരെല്ലാം കുറ്റവാളികളാകണമെന്നില്ല, കോടതി വിട്ടവരെല്ലാം നിരപരാധികളാകണമെന്നുമില്ല. അതെല്ലാം ദൈവത്തിന്റെ വികൃതികള്‍ തന്നെ. ദൈവം പാപികളെ പന പോലെയാണത്രേ വളര്‍ത്തുക. പിന്നെയെന്തിന്‌ സി.ബി.ഐ.യെയും കോടതിയെയും കുറ്റം പറയുന്നു

No comments:

Followers